Karl Marx | Photo: AP
ലോകം കണ്ട ചിന്തകന്മാരില്‍ ഏറ്റവും പ്രധാനിയായിരുന്ന കാള്‍ മാര്‍ക്‌സിന്റെ ജന്മവാര്‍ഷിക ദിനമാണ് മെയ് 5. മാര്‍ക്‌സിന്റെ മരണദിവസം ശവകുടീരത്തിനരികില്‍ ഫ്രെഡറിക് എംഗല്‍സ് ചെയ്ത പ്രസംഗം വായിക്കാം.
മാര്‍ച്ച് 14ന് ഉച്ചതിരിഞ്ഞ് രണ്ടേമുക്കാല്‍ മണിക്ക് ഇന്നു ജീവിച്ചിരിപ്പുള്ളവരില്‍വെച്ചേറ്റവും മഹാനായ ചിന്തകന്‍ ചിന്തിക്കാതായി. കഷ്ടിച്ച് രണ്ടു മിനിട്ടു സമയത്തേക്കേ അദ്ദേഹം തനിച്ചായിരുന്നുള്ളൂ. ഞങ്ങള്‍ മടങ്ങിവന്നപ്പോള്‍ അദ്ദേഹം തന്റെ ചാരുകസേരയില്‍ ശാന്തനായി ഉറങ്ങിക്കിടക്കുന്നതു കണ്ടു. പക്ഷേ, അദ്ദേഹം എന്നന്നേക്കുമായി കണ്ണടച്ചുകഴിഞ്ഞിരുന്നു.
ആ മനുഷ്യന്റെ മരണംമൂലം യൂറോപ്പിലെയും അമേരിക്കയിലെയും ഉശിരന്‍തൊഴിലാളിവര്‍ഗ്ഗത്തിനെന്നപോലെത്തന്നെ ചരിത്രശാസ്ത്രത്തിന് അളക്കാനാവാത്തൊരു നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. ആ പ്രബലചൈതന്യത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് താമസിയാതെ അനുഭവവേദ്യമാകുന്നതാണ്.
ഡാര്‍വിന്‍ ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ചതു പോലെത്തന്നെ മാര്‍ക്‌സ് മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അതിപ്രസരംമൂലം ഇതേവരെ മറഞ്ഞുകിടന്നിരുന്ന ലളിതമായൊരു വസ്തുതയുണ്ട്. രാഷ്ട്രീയവും ശാസ്ത്രവും കലയും മതവും മറ്റും പിന്തുടരാന്‍ കഴിയുന്നതിനു മുമ്പ് മാനവരാശിക്കു ഭക്ഷണവും കിടപ്പാടവും ഉടുതുണിയും വേണം. അതുകൊണ്ട് നേരിട്ടുള്ള ഉപജീവനോപാധികളുടെ ഉത്പാദനവും തത്ഫലമായി അതാതു ജനതകള്‍, അല്ലെങ്കില്‍ അതാതു കാലത്ത്, കൈവരിച്ചിട്ടുള്ള സാമ്പത്തികവികാസനിലവാരവുമാണ് ആ ജനതകളുടെ ഭരണസ്ഥാപനങ്ങളും നിയമസങ്കല്‍പ്പങ്ങളും കലയുമെന്നു മാത്രമല്ല മതധാരണകള്‍പോലും രൂപംകൊള്ളുന്നതിനാധാരമായ അടിത്തറയായി വര്‍ത്തിക്കുന്നത്; അതുകൊണ്ട് ഇതേവരെ ചെയ്തുപോന്നതിനു നേരേ വിപരീതമായി ഈ അടിത്തറയുടെ വെളിച്ചത്തിലാണ് അവയെ വിശദീകരിക്കേണ്ടത്. ഇതാണ് ലളിതമായ ആ വസ്തുത.
എന്നാല്‍, ഇത്രയും പറഞ്ഞതുകൊണ്ടായില്ല. ഇന്നത്തെ മുതലാളിത്ത ഉത്പാദനരീതിയെയും ആ ഉത്പാദനരീതി സൃഷ്ടിച്ചിട്ടുള്ള ബൂര്‍ഷ്വാസമൂഹത്തെയും നിയന്ത്രിക്കുന്ന പ്രത്യേക ചലനനിയമവും മാര്‍ക്‌സ് കണ്ടുപിടിച്ചു. ബൂര്‍ഷ്വാധനശാസ്ത്രജ്ഞരുടെയെന്ന പോലെത്തന്നെ സോഷ്യലിസ്റ്റ് നിരൂപകന്മാരുടെയും മുന്‍കാലഗവേഷണങ്ങളെല്ലാം ഏതൊരു പ്രശ്‌നത്തിനു പരിഹാരം കാണാന്‍വേണ്ടിയാണോ ഇരുട്ടില്‍ തപ്പിത്തടഞ്ഞത്, ആ പ്രശ്‌നത്തിന്റെ മേല്‍ മിച്ചമൂല്യത്തിന്റെ കണ്ടുപിടിത്തം പെട്ടെന്നു വെളിച്ചംവീശി.

എന്തുകൊണ്ടെന്നാല്‍ മാര്‍ക്‌സ് സര്‍വ്വോപരി ഒരു വിപ്ലവകാരിയായിരുന്നു. മുതലാളിത്തസമൂഹത്തെയും അത് നിലവില്‍ കൊണ്ടുവന്ന ഭരണസ്ഥാപനങ്ങളെയും തകിടംമറിക്കുന്നതിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായിക്കുക, ആധുനികതൊഴിലാളിവര്‍ഗ്ഗത്തെ മോചിപ്പിക്കുന്നതിനു സഹായിക്കുക-ഇതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതദൗത്യം. സ്വന്തം സ്ഥിതിയെയും ആവശ്യങ്ങളെയും വിമോചനോപാധികളെയും കുറിച്ച് തൊഴിലാളിവര്‍ഗ്ഗത്തിന് ആദ്യമായി ബോധമുണ്ടാക്കിക്കൊടുത്തത് അദ്ദേഹമാണ്. സമരം അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായിരുന്നു. മറ്റധികംപേര്‍ക്ക് കിടപിടിക്കാനാവാത്തത്ര വാശിയോടെയും വീറോടെയും വിജയപ്രദമായും അദ്ദേഹം സമരം ചെയ്തു. ആദ്യകാലത്തെ റൈനിഷെ സെതുങ്ങിലെയും (1842) പാരീസില്‍നിന്നുള്ള ഫോര്‍വാര്‍ട്‌സിലെയും (1844) ദൊയ്‌ചെ ബ്രുസ്സെലെര്‍ സെതുങ്ങിലെയും (1847) നോയെ റൈനിഷെ സെതുങ്ങിലെയും (1848-49) ന്യൂയോര്‍ക്ക് ട്രിബ്യൂണിലെയും (1852-61) പ്രവര്‍ത്തനം. ഇതിനു പുറമേ നിരവധി ഉശിരന്‍ ലഘുലേഖകള്‍, പാരീസിലും ബ്രസല്‍സിലും ലണ്ടനിലുമുള്ള സംഘടനകളിലെ പ്രവര്‍ത്തനം, അവസാനമായി, എല്ലാറ്റിനും മകുടംചാര്‍ത്തുമാറ് മഹത്തായ ഇന്റര്‍നാഷണല്‍ വര്‍ക്കിങ്‌മെന്‍സ് അസോസിയേഷന്‍ രൂപീകരണം- മറ്റൊന്നും ചെയ്തില്ലെങ്കിലും ഇതുതന്നെ അതിന്റെ സ്ഥാപകന് അഭിമാനിക്കാന്‍ വകനല്‍കുന്ന ഒരു നേട്ടമായിരുന്നു.
അക്കാരണംകൊണ്ടുതന്നെ മാര്‍ക്‌സ് തന്റെ ജീവിതകാലത്ത് ഏറ്റവും കടുത്ത വിദ്വേഷത്തിനും അപവാദത്തിനും പാത്രമായിത്തീര്‍ന്നു. സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെന്നപോലെത്തന്നെ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റുകളും അദ്ദേഹത്തെ നാടുകടത്തി. അദ്ദേഹത്തിന്റെ മേല്‍ അപവാദങ്ങള്‍ ചൊരിയാന്‍ യാഥാസ്ഥിതികരും അതിജനാധിപത്യവാദികളുമായ ബൂര്‍ഷ്വാകളും പരസ്പരം മത്സരിച്ചു. അതെല്ലാം അദ്ദേഹം ഒരു ചിലന്തിവലയെന്നോണം തൂത്തുകളഞ്ഞു. അദ്ദേഹം അത് അവഗണിച്ചു. ഗത്യന്തരമില്ലാത്തപ്പോള്‍ മാത്രമേ അദ്ദേഹം മറുപടി പറഞ്ഞുള്ളൂ. സൈബീരിയയിലെ ഖനികള്‍തൊട്ട് കാലിഫോര്‍ണിയവരെ യൂറോപ്പിലെയും അമേരിക്കയിലെയും എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള വിപ്ലവകാരികളായ ലക്ഷോപലക്ഷം സഹോദരത്തൊഴിലാളികളുടെ സ്‌നേഹാദരങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ടാണ്, അവരെ ശോകാര്‍ത്തരാക്കിക്കൊണ്ടാണ് അദ്ദേഹം അന്തരിച്ചത്. എതിരാളികള്‍ പലതുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വ്യക്തിപരമായി ഒരൊറ്റ ശത്രുപോലുമുണ്ടായിരുന്നില്ലെന്ന് എനിക്കു ധൈര്യമായി പറയാന്‍ കഴിയും.
അദ്ദേഹത്തിന്റെ നാമവും കൃതികളും ചിരകാലം ജീവിക്കും!
1883 മാര്‍ച്ച് 17
മാര്‍ക്‌സിനെയും എംഗല്‍സിനെയും കുറിച്ചുള്ള അനുസ്മരണങ്ങള്‍,
പ്രോഗ്രസ് പബ്ലിഷേഴ്‌സ്, 1981
പരിഭാഷ: ഗോപാലകൃഷ്ണന്‍
ഫ്രെഡറിക് എംഗല്‍സ്: സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം എന്ന പുസ്തകത്തില്‍ നിന്നും
Content Highlights: Frederick Engels' Speech at the Grave of Karl Marx
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..