ഫോട്ടോ: എ.പി.
വിദേശയാത്ര മിക്കവരുടെയും ജീവിതാഭിലാഷങ്ങളിലൊന്നാണ്. 'ലോകം കാണുക' എന്ന രണ്ടുവാക്കുകളിലൊതുങ്ങുന്ന ആ അഭിലാഷത്തിനു പക്ഷേ, കുറേ മാനങ്ങളുണ്ട്. കണ്ണും മനസ്സും തുറന്നുവെച്ചുകൊണ്ട് വിദേശയാത്ര ചെയ്താല്‍ വ്യക്തിത്വവികാസംപോലും സാധ്യമാകും. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, ജീവിതനിഷ്ഠകള്‍, പൗരബോധം, വര്‍ണക്കാഴ്ചകള്‍, ഗതാഗതശീലങ്ങള്‍, ചരിത്രം, കല... ഇങ്ങനെ യാത്രകള്‍ തുറന്നുതരുന്ന ലോകത്തിന് അതിരുകളില്ല.
നാലഞ്ചുവര്‍ഷം മുന്‍പുവരെ വിദേശയാത്ര വലിയ പണക്കാര്‍ക്കു മാത്രം കഴിയുന്ന കാര്യമായിരുന്നു. സാധാരണക്കാരന്റെ വിദേശയാത്ര- അതും കാലയാപനത്തിനായി- ഗള്‍ഫ് രാജ്യങ്ങളില്‍ ഒതുങ്ങുകയായിരുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗമാകട്ടെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കാനാവാതെ ഹൗസ് ലോണിലും വിവാഹ-വിദ്യാഭ്യാസച്ചെലവിലും ദിവസങ്ങളര്‍പ്പിച്ച് ജീവിതം ജീവിച്ചു തീര്‍ക്കുന്നു.
എന്നാല്‍ നാലുവര്‍ഷം മുന്‍പ് വിമാനനിരക്ക് കുത്തനെ ഇടിയുകയും വിദേശയാത്രയുടെ പുതുവ്യോമമാര്‍ഗം ഇവിടെ തുറക്കപ്പെടുകയും ചെയ്തു. എയര്‍ അറേബ്യപോലെയുള്ള വിദേശബജറ്റ് എയര്‍ലൈനുകള്‍ ഇന്ത്യയിലേക്ക് യാത്രതുടങ്ങിയപ്പോള്‍ കൊച്ചി- ദുബായ് മടക്കയാത്രാനിരക്ക് 7,000 രൂപ മുതല്‍ 13,000 രൂപവരെയായി കുറഞ്ഞു. എയര്‍ ഏഷ്യ, ടൈഗര്‍ എയര്‍വെയ്‌സ്, മലിന്‍ഡോ എയര്‍ തുടങ്ങിയ ബജറ്റ് എയര്‍ലൈനുകള്‍ സിംഗപ്പൂര്‍, മലേഷ്യ മടക്കയാത്രാടിക്കറ്റ് വെറും 2,000 മുതല്‍ 10,000 രൂപവരെയുള്ള നിരക്കില്‍ വിറ്റഴിച്ചു. അതോടെ വലിയ ചെലവില്ലാതെ ലക്ഷ്യത്തില്‍ എത്താമെന്നായി. പക്ഷേ, പിന്നെയും സംശയങ്ങള്‍ ബാക്കിയാകുന്നു, വിദേശരാജ്യത്തെ ചെലവുകള്‍? കാണേണ്ട കാഴ്ചകള്‍? ടൂറിസ്റ്റ് ഏജന്റ് പറ്റിക്കുമോ? കാലാവസ്ഥ എന്താണ്? എക്‌സ്‌ചേഞ്ച് നിരക്കുകള്‍? അവിടെ എ.ടി.എം. കാര്‍ഡ് ഉപയോഗിക്കാമോ? മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് ലഭ്യമാണോ? വലിയ ചെലവില്ലാതെ ഒരു വിദേശരാജ്യം കൂടി യാത്രാപദ്ധതിയില്‍ ഉള്‍പ്പെടുത്താമോ?
പ്രശ്‌നരഹിത വിദേശയാത്ര ഒരു ശീലത്തിന്റെ ഭാഗമാണ്. വിദേശയാത്രകള്‍ നിരന്തരമാകുമ്പോള്‍ ചെലവു കുറച്ച് എങ്ങനെ യാത്രചെയ്യാമെന്ന് സ്വയം മനസ്സിലാകും. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ വളരെ വേഗം 'എക്‌സ്‌പേര്‍ട്ട്' ആയി മാറും. എന്നാല്‍ എല്ലാത്തിനും ഈ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ കണ്ണും മനസ്സും തുറന്നുവെച്ച് യാത്ര ചെയ്യണം. ഒരു വിദേശയാത്രയുടെ പ്ലാനിങ് മുതല്‍ മടക്കയാത്രവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഏതു രാജ്യം?
ഏതു രാജ്യം കാണണം എന്നുള്ളതാണ് ആദ്യം തീരുമാനിക്കേണ്ടത്. മാത്രമല്ല, പലര്‍ക്കും പല രുചികളാണല്ലോ. പണത്തിന്റെ തോതനുസരിച്ചേ യാത്ര പ്ലാന്‍ ചെയ്യാന്‍ കഴിയൂ. ഉദാഹരണമായി, ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നിരിക്കട്ടെ. 50,000 രൂപയുടെ, നാലുദിവസത്തെ ട്രിപ്പ്. നമുക്ക് അങ്ങേയറ്റം തിരഞ്ഞെടുക്കാവുന്ന രാജ്യങ്ങള്‍ നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവയാണ്. 50,000 രൂപയുമായി യൂറോപ്പോ അമേരിക്കയോ കാണാനാവില്ല. അപ്പോള്‍ മേല്പറഞ്ഞ രാജ്യങ്ങള്‍ മാത്രമേ പരിഗണിക്കാനാവൂ.
ഇനി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ്. അതും മുഖ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മഹാനഗരമാണ് കാണേണ്ടതെങ്കില്‍ സിംഗപ്പൂര്‍ തിരഞ്ഞെടുക്കാം. കോലാലംപൂര്‍ എന്ന മഹാനഗരത്തോടൊപ്പം ജെന്റിങ് എന്ന അമ്യൂസ്‌മെന്റ് സിറ്റിയും ബീച്ചുകളും റബ്ബര്‍ത്തോട്ടങ്ങളും കാര്‍ഷികവൃദ്ധിയും കാണണമെങ്കില്‍ മലേഷ്യയാകാം. മനംകുളിര്‍പ്പിക്കുന്ന ബീച്ചുകളും ഹില്‍സ്റ്റേഷനുകളും കാടും വന്യഭംഗിയുള്ള പുഴകളും രാത്രി ജീവിതവും ആസ്വദിക്കാന്‍ തായ്‌ലാന്‍ഡ് തിരഞ്ഞെടുക്കാം. കേരളത്തിന്റെ നേര്‍ക്കാഴ്ചകള്‍ കടലിനപ്പുറത്തു കാണണമെങ്കില്‍ ശ്രീലങ്കയിലേക്കു പോകാം. ചരിത്രസ്മാരകങ്ങളാണെങ്കിലും ശ്രീലങ്കയോ തായ്‌ലാന്‍ഡോ തിരഞ്ഞെടുക്കാം. കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ചരിത്രത്തിന്റെ അമൃതകുംഭങ്ങളുമായി ഈജിപ്തും യൂറോപ്പും നമ്മെ മാടിവിളിക്കുന്നു.

നമ്മുടെ അഭിരുചിക്കിണങ്ങുന്ന കാഴ്ചകള്‍ നല്കുന്ന രാജ്യം തിരഞ്ഞെടുത്താല്‍ ഇനി അറിയേണ്ടത് ആ രാജ്യത്തെ രാഷ്ട്രീയ - പ്രകൃതി കാലാവസ്ഥകളെക്കുറിച്ചാണ്. പല രാജ്യങ്ങളിലും ആഭ്യന്തരപ്രശ്‌നങ്ങളുണ്ട്. അത് പുറംലോകം അറിയണമെന്നില്ല. അവിടെ ചെന്നിറങ്ങുമ്പോള്‍ പണിമുടക്കിന്റെയോ ബന്ദിന്റെയോ വെടിവെപ്പിന്റെയോ രൂപത്തില്‍ ദുരിതം നമ്മെ കാത്തിരിപ്പുണ്ടാവും. അതുകൊണ്ട് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ യാത്ര ചെയ്യുന്ന ദിവസംവരെ ഇന്റര്‍നെറ്റിലൂടെയും മറ്റും ആ രാജ്യത്തെ ആഭ്യന്തരസമാധാനസ്ഥിതിയെപ്പറ്റി അറിയാന്‍ ശ്രമിക്കണം.
ഇനി നോക്കേണ്ടത് പോകാന്‍ ഉദ്ദേശിക്കുന്ന സമയത്തെ കാലാവസ്ഥയാണ്. ശ്രീലങ്കയിലും തായ്‌ലാന്‍ഡിലും മറ്റും നമ്മുടെ അതേ കാലാവസ്ഥയാണ്. മഴക്കാലവും ചൂടുകാലവും ഇടകലര്‍ന്നുവരുന്ന ട്രോപ്പിക്കല്‍ കാലാവസ്ഥ. യൂറോപ്പിലേതുപോലെ വലിയ തണുപ്പ് ഒരിക്കലുമുണ്ടാവില്ല. എന്നാല്‍ ഭൂട്ടാനിലും നേപ്പാളിലും അതല്ല സ്ഥിതി. അവിടെ ജനുവരിമുതല്‍ കൊടുംതണുപ്പാണ്. തണുപ്പ് ഇഷ്ടമുള്ളവര്‍ക്ക് പറ്റിയ കാലമാണത്. എന്നാല്‍ മൂടല്‍മഞ്ഞ് പലപ്പോഴും കാഴ്ചകളെ മറയ്ക്കും.
നേപ്പാളില്‍ ജനുവരിയിലെത്തിയ എനിക്ക് ഹിമാലയമലനിരകള്‍ പ്രഭാതസൂര്യകിരണങ്ങളില്‍ തിളങ്ങിനില്ക്കുന്ന കാഴ്ച കാണാവുന്ന സാരങ്കോട്ട് മലയിലേക്കുള്ള യാത്ര നിരാശ മാത്രമാണ് സമ്മാനിച്ചത്. ഉയര്‍ന്നുവന്ന സൂര്യനും എനിക്കുമിടയില്‍ മൂടല്‍മഞ്ഞ് വലിയ കോട്ട തീര്‍ത്തു. പ്രകൃതിയുടെ വെള്ളപുതപ്പു മാത്രം കണ്ട് മലയിറങ്ങേണ്ടിവന്നു.
മഴ കാണാന്‍ ഭംഗിയാണെങ്കിലും മഴക്കാലത്തെ വിദേശയാത്ര ദുരിതം തരും. ഉദാഹരണമായി തായ്‌ലാന്‍ഡിലെ കടല്‍ദ്വീപുകളിലേക്ക് മഴക്കാലത്തെ ബോട്ടുയാത്ര ഭീകരാനുഭവം സമ്മാനിക്കും. അതുകൊണ്ട് മഴക്കാലവും വേനല്‍ക്കാലത്തിന്റെ കൊടുംചൂടും മാറിനില്ക്കുന്ന സമയമാണ് ട്രോപ്പിക്കല്‍ കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ പോകാന്‍ പറ്റിയ കാലം.
യാത്രയുടെ പ്ലാനിങ്
യാത്രയുടെ പ്ലാനിങ്ങിന്റെ കാര്യത്തിലാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. പ്ലാനിങ്ങിലെ പിഴവ് യാത്ര തീരുന്നതുവരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നോര്‍ക്കുക. യാത്രയ്ക്കു മുന്‍പ് ആ രാജ്യത്തെക്കുറിച്ച് നന്നായി അറിയണം. അതിനായി വെബ്‌സൈറ്റുകളും ലോണ്‍ലി പ്ലാനറ്റുപോലെയുള്ള യാത്രാഗൈഡുകളും നമ്മെ സഹായിക്കും. കാണാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ആദ്യമുണ്ടാക്കി ഈ ലിസ്റ്റുമായി വേണം, ട്രാവല്‍ ഏജന്റിനെ സമീപിക്കാന്‍.
ട്രാവല്‍ ഏജന്റും ടൂര്‍ പാക്കേജും
ട്രാവല്‍ ഏജന്റുമാര്‍ പലതരത്തിലുണ്ട്. പ്രാദേശിക ട്രാവല്‍- ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഒരു കൂട്ടര്‍. ഇവര്‍ ഏറെയും വിദേശത്തെ ട്രാവല്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, കേരളത്തിലെ 'നാളികേരം ട്രാവല്‍സി'ലാണ് ടൂര്‍ ബുക്ക് ചെയ്യുന്നതെന്നിരിക്കട്ടെ. തായ്‌ലാന്‍ഡില്‍ ചെന്നിറങ്ങുമ്പോള്‍ 'പട്ടയ ട്രാവല്‍സി'ന്റെ പ്രതിനിധിയായിരിക്കും കാര്യങ്ങള്‍ ചെയ്തു തരിക. എന്നാല്‍ 'കോക്‌സ് ആന്‍ഡ് കിങ്‌സ്,' 'കോസ്‌മോസ്' തുടങ്ങിയ ഇന്റര്‍നാഷണല്‍ ട്രാവല്‍ ഏജന്‍സികളുടെ ഇന്ത്യയിലെ ഓഫിസില്‍ ടൂര്‍ ബുക്ക് ചെയ്താല്‍ അതേ കമ്പനികളുടെ വിദേശ ഓഫിസുകളാവും അവിടെ നമ്മെ എതിരേല്ക്കുക.
പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി പാക്കേജ് ടൂര്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ മാത്രമേ സമീപിക്കാവൂ. ചിലര്‍ സ്ഥിരമായി ചില പ്രത്യേക സ്ഥലങ്ങളിലേക്കു മാത്രമായിരിക്കും പാക്കേജ് ടൂര്‍ നല്കുക. അവര്‍ മറ്റിടങ്ങളിലേക്കുള്ള ടൂര്‍പാക്കേജ് ഒരുക്കുന്നതില്‍ ഒട്ടും പ്രഗല്ഭരായിരിക്കില്ല. ഉദാഹരണമായി, സ്ഥിരമായി പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കു മാത്രം പാക്കേജ് നല്കുന്നവര്‍ യൂറോപ്പിലേക്കുള്ള യാത്ര നന്നായി സംഘടിപ്പിക്കണമെന്നില്ല.
മിക്ക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഒരു രാജ്യത്തേക്ക് സ്ഥിരമായ ടൂറിസ്റ്റ് യാത്രാപഥങ്ങളുണ്ടാവും. ഉദാഹരണമായി, തായ്‌ലാന്‍ഡ് സന്ദര്‍ശിക്കുന്നവര്‍ക്ക് ബാങ്കോക്ക്- പട്ടായ. അല്പംകൂടി പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ഫുക്കെട്ട് ദ്വീപുകള്‍കൂടി ഉള്‍പ്പെടുത്തും. എന്നാല്‍ തായ്‌ലാന്‍ഡിനെപ്പറ്റി പഠിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ താത്പര്യം തോന്നുക ഹില്‍സ്റ്റേഷനുകളായ ചിയാങ്മായ്, ചിയാങ്‌റായ് എന്നിവിടങ്ങളും ഡെത്ത് റെയില്‍വെ കടന്നുപോകുന്ന കാഞ്ചനബുരിയുമൊക്കെയായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ സന്ദര്‍ശിക്കാനിഷ്ടപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് ഏജന്റിനു നല്കണം. പിന്നീട് ആ ലിസ്റ്റ് ആസ്പദമാക്കി പാക്കേജ് തയ്യാറാക്കേണ്ട ചുമതല ട്രാവല്‍ ഏജന്റിനാണ്.
പാക്കേജ് തയ്യാറാക്കുന്നതിനു മുന്‍പ് ട്രാവല്‍ ഏജന്റിന് പണമൊന്നും നല്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പാക്കേജ് ലഭിച്ചതിനുശേഷം മറ്റൊരു ട്രാവല്‍ ഏജന്റുമായി അതു ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. ചിലപ്പോള്‍ ആ തുകയിലും കുറച്ച് പാക്കേജ് നല്കാന്‍ അയാള്‍ തയ്യാറായേക്കും. പാക്കേജ് വിവരങ്ങള്‍ ലഭിച്ചുകഴിയുമ്പോള്‍ yathra.com, makemtyrip, com,t rav--elguru.com എന്നിങ്ങനെയുള്ള യാത്രാ വെബ്‌സൈറ്റുകള്‍ നോക്കി, കുറഞ്ഞ വിമാനനിരക്ക് കണ്ടുപിടിച്ച് ഏജന്റിനെ അറിയിച്ചാല്‍ പാക്കേജ് തുക മൊത്തത്തില്‍ കുറഞ്ഞുകിട്ടാനുള്ള സാധ്യതയുണ്ട്.
വിദേശരാജ്യങ്ങളില്‍ ചെറുഗ്രൂപ്പുകളായി യാത്ര ചെയ്യുന്നതിലും ലാഭകരം വലിയ ഗ്രൂപ്പുകളില്‍ കയറിപ്പറ്റുന്നതാണ്. ഇത് ട്രാവല്‍ ഏജന്റിനോട് പറയാവുന്നതാണ്. പല രാജ്യങ്ങളില്‍നിന്നുള്ള പല യാത്രികരെ ഒരു ബസ്സിലോ മറ്റോ ഒരുമിച്ച് കൊണ്ടുനടന്ന് കാഴ്ചകള്‍ കാണിക്കുന്നതാണ് വലിയ ഗ്രൂപ്പുകളുടെ രീതി. അതാകുമ്പോള്‍ ചെലവ് നന്നേ കുറയും.
അതുപോലെ, പല ട്രാവല്‍ പാക്കേജുകളിലും ഫോര്‍സ്റ്റാര്‍ ഹോട്ടലുകളാവും ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. വൃത്തിയുള്ള ടു സ്റ്റാര്‍ ഹോട്ടലുകള്‍ മതിയെന്ന് ആവശ്യപ്പെടാം. അങ്ങനെയും പാക്കേജ് തുക കുറയ്ക്കാം. പാക്കേജ് തുകയുടെ കാര്യത്തില്‍ ധാരണയായെങ്കില്‍ ഇനി, തുകയില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. പലപ്പോഴും ഓപ്ഷണല്‍ ടൂറുകള്‍ പാക്കേജില്‍ ഉള്‍പ്പെടില്ല. എന്നാല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട പല സ്ഥലങ്ങളും ഓപ്ഷണല്‍ ടൂറിലായിരിക്കും ഉള്‍പ്പെടുത്തിയിരിക്കുക. ഉദാഹരണമായി, സിംഗപ്പൂരിലെ വിനോദകേന്ദ്രമായ സെന്റോസ ദ്വീപില്‍ എത്തിക്കുന്ന കാര്യം പാക്കേജിലുണ്ടാവും. എന്നാല്‍ അവിടുത്തെ പ്രവേശനഫീസ് സന്ദര്‍ശകനു നല്‌കേണ്ടിവരും. ഇത്തരത്തില്‍ പതിയിരിക്കുന്ന ചതികളും അതിനുവേണ്ടി, അധികം വരുന്ന ചെലവുകളും നാം മനസ്സിലാക്കിയിരിക്കണം.
വിസ
ഇനി അറിയേണ്ടത് വിസയെക്കുറിച്ചാണ്. മിക്ക രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് കാലുകുത്തണമെങ്കില്‍ ഇന്ത്യയിലെ ആ രാജ്യത്തിന്റെ എംബസിയില്‍നിന്നു നല്കുന്ന വിസ ഹാജരാക്കണം. ഇത് നേരത്തേ, നിശ്ചിതഫീസ് കെട്ടിവെച്ച്, ആവശ്യപ്പെടുന്ന യാത്രാരേഖകള്‍ നല്കി പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തി വാങ്ങണം. ഇതിനുള്ള ചെലവ് ഏജന്റ് നല്കിയ പാക്കേജിലുണ്ടോ എന്നു നോക്കുക.
സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ പല രാജ്യങ്ങളിലേക്കും വിസ ലഭിക്കാന്‍ ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും അപേക്ഷാഫീസിനൊപ്പം ഹാജരാക്കിയാല്‍ മതി. എന്നാല്‍ യൂറോപ്പ്, അമേരിക്ക, ചൈന എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വിസ കിട്ടണമെങ്കില്‍ കടമ്പകളേറെയാണ്. അവ കാലാനുസൃതമായി മാറാറുമുണ്ട്. എങ്കിലും രണ്ടുലക്ഷംരൂപയെങ്കിലും മിനിമം ബാങ്ക് ബാലന്‍സും മൂന്നുവര്‍ഷം വരുമാനനികുതി അടച്ചതിന്റെ രസീതുകളും യാത്രയുടെ രൂപരേഖകളും ഹോട്ടല്‍ ബുക്കിങ്ങിന്റെ വിശദാംശങ്ങളും വിമാനടിക്കറ്റുമൊക്കെ ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ അത്യാവശ്യമാണ്. ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ ശ്രമിക്കുന്ന യുവാക്കളെ കാര്യമായി നിരീക്ഷിച്ചിട്ടേ ഇവര്‍ വിസ തരൂ. അവിടെച്ചെന്ന് മുങ്ങാനാണ് പരിപാടിയെങ്കിലോ!
എന്നാല്‍ തായ്‌ലാന്‍ഡ്, ഇന്‍ഡോനേഷ്യ, ഹോങ്കോങ്, മക്കാവു തുടങ്ങിയ പല രാജ്യങ്ങളിലും പാസ്‌പോര്‍ട്ടുള്ള ഏത് ഇന്ത്യക്കാരനും ചെന്നിറങ്ങാം. ചെറിയ തുക നല്കിയാല്‍ വിസ അവിടെനിന്ന് ലഭിക്കും. 'വിസ ഓണ്‍ അറൈവല്‍' എന്നാണ് ഈ ഏര്‍പ്പാടിന്റെ പേര് (ഇന്‍ഡോനേഷ്യയിലും ഹോങ്കോങ്ങിലും വിസ ഫീ ഇല്ല. വിസ ഫ്രീ ആണ്). ഇത്തരത്തിലുള്ള ഏതു വിസയാണ് വേണ്ടിവരിക എന്ന് ഏജന്റിനോട് ചോദിക്കുക. അതനുസരിച്ചുള്ള വിസാരേഖകള്‍ കൃത്യമായി നേടിയെടുക്കുക.
(ബൈജു എന്‍. നായരുടെ 'ഉല്ലാസയാത്രകള്‍' എന്ന പുസ്തകത്തിലെ 'പുറപ്പെടും മുന്‍പ്' എന്ന ഭാഗത്തില്‍നിന്ന്)
Content Highlights: Baiju N. Nair, Ullasayathrakal, Book excerpt, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..