'2018 പ്രളയം; ചരിത്രം മറക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലാണ് നാം കൈക്കൊള്ളേണ്ടത്'


By ബി. സന്ധ്യ

10 min read
Read later
Print
Share

"ദുരന്തം തുടര്‍ക്കഥയായാല്‍ അതു താങ്ങാനുള്ള കരുത്ത് ഒരു സമൂഹമെന്ന നിലയില്‍ നമുക്കു നഷ്ടപ്പെടും എന്നുള്ളതുതന്നെയാണു പാഠം."

2018ൽ കേരളത്തെ ബാധിച്ച പ്രളയത്തിന്റെ ആകാശക്കാഴ്ച. | ഫോട്ടോ: റോയിട്ടേഴ്‌സ്

2018ലെ മഹാപ്രളയത്തെ അതിജീവിച്ച് കേരളം സാധാരണനിലയില്‍ മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് പ്രളയത്തിന്റെ വാര്‍ഷികദിനത്തില്‍ മറ്റൊരു പ്രളയംകൂടി വന്നെത്തുന്നത്. 2018ലെ പ്രളയത്തെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി പോലീസ് നടത്തിയ അതിജീവനപ്രവര്‍ത്തനം മാതൃകാപരമായിരുന്നു. മുന്‍വര്‍ഷത്തെപ്പോലെ തന്നെ ജനമൈത്രി പോലീസിന്റെ അനിവാര്യതയെ ബോദ്ധ്യപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനമായിരുന്നു ഇത്തവണയും കേരളാ പോലീസ് കാഴ്ചവെച്ചത്. കഴിഞ്ഞ പ്രളയത്തില്‍നിന്നും വ്യത്യസ്തമായി വെള്ളപ്പൊക്കത്തിനുപരിയായി നൂറോളം പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ പ്രളയത്തിന്റെ ആഘാതത്തെ വര്‍ദ്ധിപ്പിച്ചു. ഇത്തവണ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് വടക്കന്‍ ജില്ലകളായ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഇതില്‍ തന്നെ വയനാട്, മലപ്പുറം ജില്ലകളില്‍ തുടര്‍ച്ചയായി ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ നിരവിധി ജീവനുകളും വീടുകളും കൃഷിയിടങ്ങളും ഇല്ലാതാക്കി. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസത്തിലും തുടര്‍ന്നുനടക്കുന്ന പുനരധിവാസപ്രവര്‍ത്തനത്തിലും ജനമൈത്രി പോലീസ് സജീവമായി ഇടപെട്ടു.

മുന്‍വര്‍ഷത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ലഭിച്ച പ്രായോഗിക പരിജ്ഞാനത്തിന്റെ അനുഭവം ലഭിച്ചതിനാല്‍ കൂടുതല്‍ കാര്യക്ഷമതയോടെ രക്ഷാപ്രവര്‍ത്തനം നടത്തി. കൂടാതെ ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങളുടെ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകരെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് രക്ഷാ-ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പോലീസ് വ്യാപൃതരായി. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും അറിയിപ്പുകള്‍ പോലീസ് നേരിട്ടും ജനമൈത്രി സമിതി അംഗങ്ങളിലൂടെയും യഥാസമയത്ത് നല്‍കി. 2018-ല്‍ നിന്ന് ഉള്‍ക്കൊണ്ട പാഠം മൂലമായിരിക്കാം പോലീസ് പറയുന്നതു കേള്‍ക്കാന്‍ പെട്ടെന്നുതന്നെ ജനങ്ങള്‍ തയ്യാറായി. ചരിത്രം മറക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലാണ് നാം കൈക്കൊള്ളേണ്ടത്.

ദുരിതാശ്വാസക്യാമ്പുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും യഥാസമയത്ത് എത്തിക്കുന്നതിലും ജനമൈത്രി പോലീസ് നേതൃത്വം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തദ്ദേശീയരായ ജനമൈത്രി സമിതി അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പൂര്‍ണ്ണപങ്കാളിത്തവും പോലീസ് ഉത്തരവാദിത്വത്തോടുകൂടി ഉറപ്പുവരുത്തി. ക്യാമ്പുകളില്‍നിന്ന് തിരികെ വീടുകളിലേക്കു പോകുമ്പോള്‍ ആ വീടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ആളില്ലാത്ത വീടുകള്‍ക്ക് സുരക്ഷ നല്‍കാന്‍ പട്രോളിങ് ശക്തിപ്പെടുത്തി. വീടുകള്‍, വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുചിയാക്കുന്നതില്‍ ജനമൈത്രി പോലീസ് സമിതി അംഗങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ പ്രവര്‍ത്തിച്ചു.

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാതിരിക്കാന്‍ ശുചീകരണത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സിന്റെയും ആശാവര്‍ക്കര്‍മാരുടെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും സഹായത്തോടെ പ്രവര്‍ത്തനം നടത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം 2018ലെ അപേക്ഷിച്ച് വേഗവും പൂര്‍ണ്ണതയും കൈവന്നു. എങ്കിലും കൂടുതല്‍ ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ ഉത്സാഹം കുറയുന്നതായും അനുഭവപ്പെട്ടു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളും പരിസ്ഥിതിസംരക്ഷണവും ദൈനംദിനജീവിതത്തിന്റെ ഭാഗമാകേണ്ടതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്നും നാം ഉള്‍ക്കൊള്ളേണ്ടത്. ദുരന്തം തുടര്‍ക്കഥയായാല്‍ അതു താങ്ങാനുള്ള കരുത്ത് ഒരു സമൂഹമെന്ന നിലയില്‍ നമുക്കു നഷ്ടപ്പെടും എന്നുള്ളതുതന്നെയാണു പാഠം.

കണ്ണീര്‍പ്പുഴയായി കവളപ്പാറ
മുത്തപ്പന്‍ കുന്നിലെ ഉരുള്‍പൊട്ടലിന്റെ ഭീകരത

മഴ പെയ്യും വേനലില്‍ കുളിരേകും മഴ കനക്കും രാത്രി മഴയില്‍ മഴയുടെ കുളിരില്‍ ഉറങ്ങും. മഴ നിര്‍ത്താതെ പെയ്യും. തോടും അരുവിയും നിറയും. പുഴകളിലേക്ക് വെള്ളം നീങ്ങും. വീടിന്റെ സമീപത്തെ കുഴികള്‍ നിറയെ വെള്ളമാണ്. നേരിയ വെയില്‍ ഇടയ്ക്ക് വെള്ളിപ്പുടവയാകും. ഒരാശ്വാസം. ചിലപ്പോള്‍ കരിങ്കാര്‍മുടി ചിന്നിച്ചിതറി മരങ്ങളെ പിളര്‍ത്തിയ കാറ്റിനോടൊപ്പം വീടിന്റെ ജാലകങ്ങള്‍ ഇളക്കി അകത്തേക്ക് തുള്ളികള്‍ അസ്ത്രസമാനമായി വരും. നോക്കി നോക്കി നില്‍ക്കെ വെള്ളമുയരും. ഇതൊരു ക്രമാനുഗതമായ മഴയുടെ വികാസപരിണാമമാണ്. മഴ വരണ്ട് ഉഷ്ണിച്ചുകിടന്ന ജീവിതത്തിന്റെ പാഴ്മണ്ണടരുകളിലേക്ക് പെയ്തിറങ്ങുമ്പോള്‍ അതില്‍നിന്നുയരുന്ന ചുടുനെടുവീര്‍പ്പുകളുടെ നിശ്വാസം സംഗീതരന്ത്രമായി മണ്ണിലേക്കിറങ്ങുന്ന കാര്‍മേഘത്തിനോടുള്ള കൃതജ്ഞതയാണ്. മഴ പ്രളയമാകാന്‍ പിന്നെയും നേരമെടുക്കും.

പുസ്തകത്തിന്റെ കവര്‍

മഴവെള്ളം ഒഴുകിപ്പോകാനുള്ള തുറസ്സുകളില്‍ തടസ്സമായി, അവയുടെ സഹജയാത്രയില്‍ പ്രതിബന്ധമായി നാം മനുഷ്യര്‍ നിലനില്‍ക്കുമ്പോള്‍ അതു പ്രളയമായി രൂപാന്തരപ്പെടും. ഉരുള്‍പൊട്ടല്‍ അങ്ങനെയല്ല. നോക്കിനില്‍ക്കെ ഒരു മല ഒന്നാകെ താഴ്ചയിലേക്കിറങ്ങി വരും. മലയുടെ ആയിരക്കണക്കിനു കൈകാലുകള്‍ക്കിടയില്‍ മനുഷ്യരും മൃഗങ്ങളും വീടുകളും മരങ്ങളും ഒരു നിമിഷംകൊണ്ട് അകപ്പെടും. ഹരിതാഭമായി പൂത്തുനിന്ന ഒരു പ്രദേശമൊന്നാകെ ഒരു മണ്‍കൂനയോ ചെളിക്കുണ്ടോ ആയിത്തീരും. അതിന്റെ ഭീകരഗഹ്വരത്തില്‍പ്പെട്ടവരെല്ലാം ഒരുനിമിഷംകൊണ്ട് മണ്ണിനടിയിലാകും. 2019-ല്‍ കവളപ്പാറയിലും പുത്തുമലയിലുമുണ്ടായിരുന്ന ഉരുള്‍പൊട്ടല്‍ ഇപ്രകാരമായിരുന്നു.

വൃഷ്ടിപ്രദേശത്ത് മഴ പെയ്താല്‍ ഓരോ തവണയും പുഴയില്‍ വെള്ളം ഉയരുമെന്നത് കൃത്യമായ ശാസ്ത്രം ആകുമ്പോള്‍ കുന്നിന്‍ മുകളില്‍ മഴ പെയ്താല്‍ കുന്നിടിഞ്ഞു വരുമെന്നത് അത്ര സ്വാഭാവികമല്ല. അതുകൊണ്ടുതന്നെ മുന്നറിയിപ്പുകള്‍ നല്‍കുക എളുപ്പവുമല്ല. ഇതാണ് ഉരുള്‍പൊട്ടലില്‍ ഏറെ ആളുകള്‍ മരിക്കാന്‍ കാരണം. തലമുറകളായി ഒരേ കുന്നിന്റെ താഴെ താമസിക്കുന്നവരായിരിക്കും, വര്‍ഷങ്ങളോളം മഴക്കാലത്ത് ഒരു കുഴപ്പവും ഇല്ലാതിരുന്ന മലയും ആയിരിക്കും. അതുകൊണ്ട് ഓരോ മഴക്കാലത്തും അവര്‍ അവിടെനിന്നും മാറി താമസിക്കില്ല. പക്ഷേ, ചില വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സാഹചര്യങ്ങള്‍ ഒരുമിച്ചുവരുമ്പോള്‍ കുന്നിടിഞ്ഞു താഴേക്കു വരും, ആളുകള്‍ അടിപ്പെടുകയും ചെയ്യും.

ഓഗസ്റ്റ് ആറാം തീയതിയോടെ ജില്ലയുടെ കിഴക്കുഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു തുടങ്ങിയിരുന്നു. ഏഴാം തീയതിയോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയരുകയും, പോലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുയും ചെയ്തു. ഇതോടനുബന്ധിച്ച് പശ്ചിമഘട്ടമലനിരകളില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടുകയും മണ്ണും, മരങ്ങളും ഒഴുകി വന്നു നിരവധി പാലങ്ങള്‍ അടയുകയും അതു മൂലം പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും വന്‍മരങ്ങള്‍ വന്നിടിച്ചു പാലങ്ങള്‍ തകരാന്‍ തുടങ്ങുകയും ചെയ്തിരുന്നു. കനത്ത മഴയും കാറ്റും തുടര്‍ന്നതോടെ നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. നിലമ്പൂര്‍മേഖല ഇരുട്ടിലായി.

ഓഗസ്റ്റ് ഏഴാം തീയതി മുതല്‍ തന്നെ മലയോരപ്രദേശമായ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം നിരവധി വീടുകള്‍ തകരുകയും വെള്ളം കയറുകയും ചെയ്തിരുന്നു. ഇവിടെയെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സമയത്താണ് കേരളക്കരയെ ആകമാനം കണ്ണീരണിയിച്ചുകൊണ്ട് കവളപ്പാറയില്‍ നിന്നുള്ള ദുഃഖവാര്‍ത്ത എത്തിയത്. ഓഗസ്റ്റ് എട്ടാം തീയതി രാത്രി എട്ടു മണിയോടെ മുത്തപ്പന്‍ കുന്ന് കവളപ്പാറയെ മൂടിയെങ്കിലും പ്രതികൂലമായ കാലാവസ്ഥയും കനത്ത മഴയും കാരണം ഒമ്പതാം തീയതി രാവിലെ മുതല്‍മാത്രമാണ് നാട്ടുകാര്‍ക്കുപോലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിച്ചത്. രണ്ടുദിവസമായി മുടങ്ങിക്കിടന്ന വൈദ്യുതിയും കനത്ത മഴയോടെ താറുമാറായ ടെലിഫോണ്‍ കണക്ഷനും കവളപ്പാറയെ പുറംലോകത്തുനിന്ന് ഒറ്റപ്പെടുത്തി. കൂടാതെ കവളപ്പാറയിലേക്കുള്ള പ്രധാന റോഡിലെ പനങ്കയം പാലം ഉരുള്‍പൊട്ടി ഒലിച്ചുവന്ന മരങ്ങളും ചെളിയും വന്നു അടഞ്ഞതോടെ പുറമേനിന്നുള്ള ഒരാള്‍ക്കും അവിടേക്ക് എത്തിപ്പെടാന്‍ സാധിച്ചിരുന്നില്ല.

ഓഗസ്റ്റ് എട്ടാം തീയതി രാത്രിയോടെ വിവരമറിഞ്ഞ മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവസ്ഥലത്തേക്കു പുറപ്പെട്ടെങ്കിലും നിലമ്പൂരിലും മറ്റും വെള്ളം കയറി റോഡ് ഗതാഗതം താറുമാറായ അവസ്ഥയില്‍ യാത്ര തുടരാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ ഒമ്പതാം തീയതി രാവിലെ പോത്തുകല്‍ പോലീസിന്റെ സഹായത്തോടെ പനങ്കയം പാലത്തിലെ തടസങ്ങള്‍ എല്ലാം നീക്കം ചെയ്തു ഉച്ചയോടെ സംഭവസ്ഥലത്ത് എത്തിയിരുന്നു. അവിടെ എത്തിയ ഉടനെത്തന്നെ പഞ്ചായത്ത്, റവന്യൂ അധികൃതര്‍, നാട്ടുകാര്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെ വിളിച്ചു എത്ര ആളുകള്‍ അപകടത്തിലായിട്ടുണ്ടെന്ന ഏകദേശ കണക്ക് ഉണ്ടാക്കുകയും അതുപ്രകാരം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നാട്ടുകാര്‍ നല്‍കിയ വിവരം അനുസരിച്ച് 63 ആളുകളാണ് മണ്ണിനടിയിലായെതെന്നായിരുന്നു ആദ്യദിവസങ്ങളിലെ കണക്ക്. എന്നാല്‍ നാലു പേര്‍ ബന്ധുവീട്ടില്‍ അഭയം തേടിയിട്ടുണ്ടെന്ന് പിന്നീട് വെളിപ്പെട്ടതോടെ 59 പേരാണ് അപകടത്തിലകപ്പെട്ടതെന്ന് അന്തിമകണക്ക് ലഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടങ്ങളില്‍ നിരവധി വെല്ലുവിളികളാണ് രക്ഷാപ്രവര്‍ത്തകര്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കും നേരിടേണ്ടി വന്നത്. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ച ജെ.സി.ബി. വെള്ളം പുതിര്‍ന്ന മണ്ണില്‍ ആഴ്ന്നുപോയതും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവിധം തകരാറായതും, കനത്ത മഴയും ഇടയ്ക്കിടെയുണ്ടായ മണ്ണിടിച്ചിലുകളും കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നീട് കൂടുതല്‍ ഹിറ്റാച്ചികള്‍ കൊണ്ടുവന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ഓഗസറ്റ് എട്ടിന് രാത്രി എട്ടുമണിയോടെയാണ് കവളപ്പാറയിലെ മുത്തപ്പന്‍ കുന്ന് വലിയൊരു ഇടിവെട്ടുന്ന ശബ്ദത്തോടെ മുപ്പതോളം വീടുകള്‍ക്കു മുകളിലേക്കായി ഇടിഞ്ഞുവീണത്. കനത്ത മഴ കാരണം മുത്തപ്പന്‍ കുന്നിന്റെ താഴ്വാരത്തിലൂടെ ഒഴുകിയിരുന്ന തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെ പലരും വീടുപേക്ഷിച്ചു അവിടെനിന്നും രക്ഷപ്പെട്ടിരുന്നെങ്കിലും വെള്ളം കയറാത്ത ഭാഗങ്ങളിലുള്ളവര്‍ സുരക്ഷിതരാണെന്ന വിശ്വാസത്തില്‍ വീടുകളില്‍ തന്നെ ഉണ്ടായിരുന്നു. ഇടിവെട്ടിയതാണെന്ന ധാരണയില്‍ പലരും പുറത്തിറങ്ങാതിരുന്നതും, പ്രദേശത്ത് രണ്ടുദിവസമായി വൈദ്യുതി മുടങ്ങിയതും സംഭവത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. മണ്ണിടിയുന്നത് ശ്രദ്ധയില്‍പ്പെട്ട പലരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ രക്ഷപ്പെടാന്‍ സാധിച്ചുള്ളു. മരങ്ങള്‍ക്ക് മറവിലും, മറ്റും ഭയചകിതരായി നേരം വെളുപ്പിച്ചവരുമുണ്ട്. പുറത്തുനിന്ന് ഒരാള്‍ക്ക് അങ്ങോട്ട് എത്തിപ്പെടാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും സമീപവാസികള്‍ നേരം പുലര്‍ന്നതോടെ അവര്‍ക്കാകുന്ന രീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ എട്ടാം തീയതി ഉച്ചയ്ക്ക് മൂന്നു മണിയോടു കൂടിതന്നെ കനത്തമഴയെ തുടര്‍ന്ന് കവളപ്പാറ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട് എന്ന് മുന്‍കൂട്ടികണ്ട് പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍നിന്നും ആറു പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് വാഹനത്തില്‍ അവിടേക്കു പോവുകയും ചെയ്തിരുന്നു. ആ സമയം കവളപ്പാറത്തോട് കരകവിഞ്ഞതിനെതുടര്‍ന്ന് ഈ പ്രദേശത്തേക്കുള്ള തുടിമുട്ടി-കവളപ്പാറ കോളനി റോഡില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കോളനിഭാഗത്തേക്ക് പോലീസിന് എത്തിപ്പെടാന്‍ കഴിയാതെ വന്നു. ഈ സമയം തന്നെ തുടിമുട്ടി ഭാഗത്ത് ചാലിയാറില്‍നിന്നും വെള്ളം കയറി. ആറു പോലീസുകാര്‍ നാട്ടുകാരുടെ സഹായത്തോടെ അവിടെയെത്തി 150 ഓളം ആളുകളെ രക്ഷപ്പെടുത്തുകയും 38 ആളുകളെ രണ്ടു നിലയുള്ള ബില്‍ഡിങ്ങിന്റെ മുകളിലേക്കു മാറ്റുകയും തുടര്‍ന്ന് വടം കെട്ടി ചെമ്പുകളില്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അപ്പോഴേക്കും വാര്‍ത്താവിനിമയസംവിധാനങ്ങള്‍ നിശ്ചലമാകുകയും, പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെവരികയും ചെയ്തു. പോലീസ് സംഘത്തിന് സംഭവസ്ഥലത്തുനിന്നും പുറത്തുകടക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. തുടര്‍ന്ന് അവര്‍ ആ പ്രദേശത്തെ ദുരിതാശ്വാസക്യാമ്പുകളിലെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങളും, വിവരങ്ങളും ശേഖരിക്കുകയും ചെയ്തതിനുശേഷം 09.08.19 തീയതി രാവിലെ 09.00 മണിയോടുകൂടി മാത്രമാണ് സംഭവസ്ഥലത്തുനിന്നും പുറത്തുകടക്കാന്‍ അവര്‍ക്കു സാധിച്ചത്.

നേരം പുലര്‍ന്നതോടെ സമീപപ്രദേശങ്ങളില്‍നിന്നെല്ലാം ആളുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രണ്ടുദിവസമായി വൈദ്യുതി മുടങ്ങിയതു കാരണം രാത്രി പല വീടുകളിലും വെളിച്ചമുണ്ടായിരുന്നില്ല. ഇത് ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നതിനു തടസ്സമായിരുന്നു. നേരം പുലര്‍ന്നതോടെ പനങ്കയം പാലത്തില്‍ അടിഞ്ഞുകൂടിയ മരത്തിന്റെ അവശിഷ്ടങ്ങളും റോഡുകളിലേക്ക് ഇടിഞ്ഞുവീണ മണ്ണും മാറ്റി പുറത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് എത്താന്‍ ആരംഭിച്ചിരുന്നു. പോലീസും, ഫയര്‍ ഫോഴ്സും, എന്‍.ഡി.ആര്‍.എഫും, സന്നദ്ധസംഘടനകളും ഉള്‍പ്പെടുന്ന കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ അത്യാധുനിക ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും കനത്തമഴയില്‍ രക്ഷാപ്രവര്‍ത്തനം സാദ്ധ്യമായിരുന്നില്ല. എങ്കിലും കഴിയുന്നരീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

വെള്ളത്തില്‍ കുതിര്‍ന്ന മണ്ണില്‍ തിരച്ചിലിനായി കൊണ്ടുവന്ന ജെ.സി.ബി. ആണ്ടുപോയതും കനത്തമഴയും ഇടയ്ക്കിടയ്ക്ക് മണ്ണിടിഞ്ഞതും കാരണം രക്ഷാപ്രവര്‍ത്തനം പലതവണ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും കൂടുതല്‍ ഹിറ്റാച്ചികള്‍ എത്തിച്ചുകൊണ്ട് തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതു കൊണ്ടുതന്നെ ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ പോലീസ്, ഫയര്‍ ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്. സേനാംഗങ്ങളെ വിന്യസിക്കാനും കഴിഞ്ഞു. പ്രതികൂലകാലാവസ്ഥ കാരണം വൈകുന്നേരം നേരത്തെ തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു.

തുടര്‍ച്ചയായി നാലാം ദിവസവും നിര്‍ത്താതെ പെയ്യുന്ന മഴ തിരച്ചിലിന് പ്രതികൂലമായി ബാധിച്ചതിനാല്‍ നാലു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ദിവസങ്ങള്‍ കഴിയുംതോറും തിരച്ചില്‍ ദുഷ്‌കരമായി മാറുന്ന കാഴ്ചയാണ് കവളപ്പാറയില്‍നിന്ന് കാണാന്‍ സാധിച്ചത്. വെള്ളത്തില്‍ കുതിര്‍ന്ന മണ്ണില്‍ ഹിറ്റാച്ചി ഇറക്കുന്നതും, രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നതും കൂടുതല്‍ അപകടകരമായി മാറുകയായിരുന്നു. തിരച്ചിലിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞത് ആളുകളില്‍ പരിഭ്രാന്തി പരത്തി. സംഭവത്തിന്റെ ആഴം പുറംലോകത്തേക്ക് അറിഞ്ഞു തുടങ്ങിയതിനാല്‍ കൂടുതല്‍ ആളുകള്‍ സംഭവസ്ഥലത്തേക്ക് എത്തിത്തുടങ്ങിയിരുന്നു. ഇത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് വീണ്ടും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ സംഭവസ്ഥലത്തിന്റെ അഞ്ചു കിലോമീറ്റര്‍ അകലെ വെച്ചു വാഹനങ്ങള്‍ തടയാന്‍ പോലീസ് ഏര്‍പ്പാടു ചെയ്തു.

ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് നേരിയ ശമനം ലഭിച്ചത് തിരച്ചിലിനു വേഗതകൂട്ടി. കൂടുതല്‍ സേനാംഗങ്ങളും, ഉപകരണങ്ങളും എത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും തിരച്ചിലിന് ബുദ്ധിമുട്ടേറിവരികയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാദ്ധ്യത കുറഞ്ഞുവരികയും ചെയ്തു. ലഭിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത്ര അഴുകിയ നിലയിലുമായിരുന്നു. മഴ പൂര്‍ണ്ണമായി മാറി നില്‍ക്കുന്നതിനാല്‍ തിരച്ചിലിനായി 10 വലിയ ഹിറ്റാച്ചികളും നാലു ജെ.സി.ബികളും എത്തിക്കാനും ഇരുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരെ വിവിധ ഡ്യൂട്ടികള്‍ക്കായി വിന്യസിക്കാനും സാധിച്ചു. എന്നാല്‍ 40 അടിയോളം ഉയരത്തില്‍ വന്നടിഞ്ഞ മണ്ണ് ഇളക്കിമറിച്ച് തിരച്ചില്‍ നടത്തിയപ്പേള്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളില്‍നിന്ന് 100 മീറ്ററോളം മാറിയാണ് പല വീടുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആകെ ലഭിച്ച നാലു മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. പല മൃതദേഹങ്ങളുടെയും പകുതിഭാഗം മാത്രമാണ് ലഭിച്ചത്. തിരച്ചില്‍ തുടങ്ങിയതിനു ശേഷം ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ (ഏഴ്) കണ്ടെടുക്കാന്‍ സാധിച്ചു. ഇതോടുകൂടി മൊത്തം കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 30 ആയി.

ഇനി കണ്ടെത്തേണ്ടത് 29 പേരുടെ മൃതദേഹങ്ങള്‍ കൂടിയാണ്. ലഭിക്കുന്ന മൃതദേഹങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ 45 കിലോമീറ്റര്‍ അകലത്തിലുള്ള നിലമ്പൂര്‍ താലൂക്ക് ഹോസ്പിറ്റലിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായതിനാല്‍ പോത്തുകല്ല് മുജാഹിദ് ജുമാമസ്ജിദില്‍ സൗകര്യം ഒരുക്കുകയായിരുന്നു. ഏഴു മൃതദേഹങ്ങള്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം നടത്തി. ഭാരതത്തിന്റെ 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ കവളപ്പാറയിലെ ദുരന്തഭൂമിയില്‍ ഭൂമിക്കടിയിലകപ്പെട്ടവരെ തിരയുന്ന തിരക്കിലായിരുന്നു ഒരുപറ്റം പോലീസ്, അഗ്‌നിശമന, എന്‍.ഡി.ആര്‍.എഫ്. സേനാംഗങ്ങള്‍. ദുരന്തം നടന്ന് എട്ടുദിവസം കഴിഞ്ഞതിനാല്‍ തിരച്ചില്‍ കൂടുതല്‍ ദുഷ്‌കരമാവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പോലീസ് നായയെ ഉപയോഗിച്ച് മണംപിടിപ്പിച്ചുള്ള തിരച്ചിലും മറ്റും നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടം മണ്ണിനടിയിലെ മനുഷ്യശരീരം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ഹൈദരാബാദില്‍നിന്ന് എത്തിക്കാനുളള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

അഞ്ചു മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഇവ സംഭവസ്ഥലത്തു വെച്ചുതന്നെ ഇന്‍ക്വസ്റ്റ് നടത്തി പോത്തുകല്ല് മസ്ജിദുല്‍ മുജാഹിദീനില്‍ വെച്ച് പോസ്റ്റുമോര്‍ട്ടവും നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചിലിന് ആര്‍മിയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും ഒരോ സംഘവും, നൂറിലധികം ഫയര്‍ ഫോഴ്സ് സേനാംഗങ്ങളും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയും നാലു പോലീസ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ ഇരുനൂറോളം വരുന്ന പോലീസ് ഉദ്യോഗസ്ഥരുമാണ് നേതൃത്വം നല്‍കുന്നത്.

മുമ്പ് വീടുകള്‍ നിന്നിരുന്ന സ്ഥലങ്ങളില്‍ നാട്ടുകാര്‍ കാണിച്ചുകൊടുക്കുന്ന സ്ഥലങ്ങളിലാണ് ഇതുവരേ തിരച്ചില്‍ നടത്തിയിരുന്നത്. എന്നാല്‍ പല വീടുകളുടെയും അവശിഷ്ടങ്ങള്‍ 200 മീറ്റര്‍ അപ്പുറത്ത് നിന്നൊക്കെയാണ് ലഭിച്ചത്. പല മൃതദേഹങ്ങളും മീറ്ററുകളോളം മാറിയാണ് കണ്ടെത്താന്‍ സാധിച്ചത്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും രണ്ടു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. കണ്ടെത്തിയവ തിരിച്ചറിയാനാവാത്ത വിധം അഴുകിയതുമായിരുന്നു. മണ്ണിനടിയില്‍ മനുഷ്യസാന്നിദ്ധ്യമുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ആധുനികയന്ത്രങ്ങളുടെ സഹായം അത്യാവശ്യമാണെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്നവരുടെ അഭ്യര്‍ത്ഥനയുടെ ഫലമായി മണ്ണിനടിയിലെ മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി ആനന്ദ് പാണ്ഡേ- പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ്- നേതൃത്വത്തില്‍ ആറംഗസംഘം ശനിയാഴ്ച വൈകുന്നേരത്തോടെ കവളപ്പാറയിലെത്തി.

നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആനന്ദ് പാണ്ഡേയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ എത്തിയ ആറംഗസംഘം തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ സംഭവം നടന്ന് 10 ദിവസം പിന്നിട്ടതും, ഭൂമിയിലെ ജലാംശവും മൂലം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറ് കൊണ്ടുള്ള തിരച്ചിലില്‍ വേണ്ടത്ര വിജയം കണ്ടെത്താനായില്ല. ഒരു മൃതദേഹവും കണ്ടെടുക്കാനാവാത്ത തിരച്ചിലാണ് ഓഗസ്റ്റ് 19ന് നടന്നത്. എന്നാല്‍ ഓഗസറ്റ് 20ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്താന്‍ സാധിച്ചു. സംഭവം നടന്ന് 12 ദിവസം കഴിഞ്ഞതോടെ ഇനിയും തിരച്ചില്‍ തുടരണമോ എന്ന് പല കോണുകളില്‍നിന്നും സംശയം പ്രകടിപ്പിച്ചെങ്കിലും കാണാതായവരുടെ ഉറ്റ ബന്ധുക്കളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ജില്ലാഭരണകൂടം തിരച്ചില്‍ തുടര്‍ന്നു. സംഭവസ്ഥലം മുഴുവനായി രണ്ടു പ്രാവശ്യമെങ്കിലും ഈ കാലയളവില്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഓഗസ്റ്റ് 26ന് ജില്ലാ ഭണകൂടവും തിരച്ചിലിന് നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ഫയര്‍ ഫോഴ്സ്, ആര്‍മി, എന്‍.ഡി.ആര്‍.എഫ.്, നാട്ടുകാര്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി 27-ാം തീയതിയോടുകൂടി തിരച്ചില്‍ നിര്‍ത്തിവെക്കുകയും ഇനിയും കണ്ടെത്താനുള്ള 11 ആളുകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ മണ്ണിടിച്ചിലിനിടയിലും അദ്ഭുതകരമായി നിലകൊണ്ട ഒരു തുരുത്തില്‍ 8 വീടുകളാണ് ഉണ്ടായിരുന്നത്. കവളപ്പാറ തോടിനു സമീപത്തായ മരങ്ങള്‍ തിങ്ങി നിറഞ്ഞ ഈ തുരുത്തിലേക്കാണ് വെള്ളപ്പൊക്കത്തിന്റെ ആദ്യസൂചനകള്‍ എത്തിയത്. എന്നാല്‍ 59 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലില്‍ ഈ ഭാഗം മരങ്ങളാല്‍ സംരക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ വെള്ളം കയറിത്തുടങ്ങിയപ്പോള്‍ ഇവിടെനിന്നും അടച്ചുറപ്പുള്ള അയല്‍വീട്ടിലേക്ക് മാറിയ ഒരു കുടുംബം അപകടത്തില്‍ പെടുകയും ചെയ്തു.

ഓഗസ്റ്റ് എട്ടാം തീയതി രാത്രി എട്ടു മണിയോടുകൂടി കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വാര്‍ത്ത പുറംലോകം അറിഞ്ഞതു മുതല്‍ തന്നെ സംഭവസ്ഥലത്ത് നിറസാന്നിദ്ധ്യമായിരുന്നു പോത്തുകല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ഐ. അബ്ബാസ.് ഓരോ ദിവസവും രാവിലെ തിരച്ചില്‍ ആരംഭിച്ച് രാത്രി തിരച്ചില്‍ അവസാനിപ്പിക്കുന്നതുവരേ അവിടത്തെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് അദ്ദേഹം അവിടെ കര്‍മ്മനിരതനായിരുന്നു. മൃതദേഹങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്‍ക്വസ്റ്റ് നടത്താനും, എസ്‌കോര്‍ട്ട് പോകാനുമെല്ലാമായി 27-ാം തീയതി തിരച്ചില്‍ അവസാനിപ്പിക്കുന്നതുവരെ പോത്തുകല്‍ പോലീസ് സ്റ്റേഷനിലെ മുഴുവന്‍ സേനാംഗങ്ങളും ഇദ്ദേഹത്തോടൊപ്പം കവളപ്പാറയില്‍ കര്‍മ്മനിരതരായിരുന്നു.
'ഞങ്ങള്‍ മടങ്ങുന്നു...
തീരാത്തവേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും കണ്ണീര്‍പ്രണാമം...'
മനുഷ്യപ്രയത്നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്കു മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായര്‍! അമ്പത്തൊമ്പതു പേരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഒരു നിമിഷംകൊണ്ട് പെയ്തിറങ്ങിയ അശനിപാതം. പതിനെട്ടു ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ.് ഹതഭാഗ്യരായ അമ്പത്തിഒമ്പതു പേരില്‍ നാല്‍പ്പത്തിയെട്ടു പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്കുതന്നെ തിരികെ നല്‍കി, മായാത്ത വേദനയായി ഇനിയും ആ പതിനൊന്നു പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു. ഇമ്പിപ്പാലന്‍, സുബ്രഹ്‌മണ്യന്‍, ജിഷ്ണ, സുനിത, ശ്രീലക്ഷ്മി, ശ്യാം, കാര്‍ത്തിക് ,കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍ മുത്തപ്പന്‍. കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്‍ക്കും. ഞങ്ങളുടെ പാഠപുസ്തകളില്‍നിന്നും പ്രകൃതി കീറിയെടുത്ത പാഠങ്ങളുടെ പ്രതീകമെന്നോണം! പതിനെട്ടു ദിവസങ്ങളായി കവളപ്പാറയില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ കണ്ണീര്‍ പ്രണാമം...

പുത്തുമല ദുരന്തം

2019 ഓഗസ്റ്റ് 8നും 9നും കനത്ത മഴയെത്തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കം വയനാട് ജില്ലയെ ബാധിച്ചു. കനത്ത മഴയുടെ സാഹചര്യത്തില്‍ സുരക്ഷാനടപടിയായി കേരള സര്‍ക്കാര്‍ റെഡ് അലര്‍ട്ട് നല്‍കി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്കും ദുരിതാശ്വാസക്യാമ്പുകളിലേക്കും മാറ്റി. പുത്തുമല പ്രദേശത്ത് ഒരു പ്രധാന ലാന്‍ഡ് സ്ലൈഡ് സംഭവിച്ചു. പുത്തുമല മണ്ണിടിച്ചിലില്‍ 17 പേര്‍ മരിച്ചു, ഇതില്‍ 5 മൃതദേഹങ്ങള്‍ ഇതുവരെയും കണ്ടെടുക്കാനായില്ല. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കോളനിയില്‍ മറ്റൊരു മണ്ണിടിച്ചില്‍ ഉണ്ടായി, ഇതില്‍ 2 പേര്‍ മരിക്കുകയും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നുവീഴുകയും ചെയ്തു. വയനാട് ജില്ലയില്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 19 പേര്‍ മരിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദേശപ്രകാരം; കേരള പോലീസ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, നേവി, റെഡ്ക്രോസ് വോളന്റിയര്‍മാര്‍, സിവിലിയന്‍മാര്‍ തുടങ്ങിയവര്‍ വെള്ളപ്പൊക്ക ദുരിതബാധിതപ്രദേശങ്ങളില്‍, പ്രത്യേകിച്ചും പുത്തുമല ലാന്‍ഡ് സ്ലൈഡ് പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.

വയനാടു ജില്ല, പരിസ്ഥിതിലോലമായ നീലഗിരി റിസര്‍വ്വിന്റെ ഭാഗമാണ്. കാടിന്റെ മക്കളുടെ ജില്ല കൂടിയാണു വയനാട്. പക്ഷിപാതാളത്തില്‍നിന്ന് നോക്കിയാല്‍ ഛേദിക്കപ്പെട്ട മലകളുടെ ചുവന്ന ചങ്കു കാണാം. നെഞ്ചുപിളര്‍ക്കുന്ന വേദനയാണ് ഈ കാഴ്ച നല്‍കുന്നത്. ക്വാറിയിങ്ങും വനനശീകരണവും റിസോര്‍ട്ടു നിര്‍മ്മാണവുമെല്ലാം ചേര്‍ന്ന് ഏതു നിമിഷവും ദുരന്തമുണ്ടായേക്കാവുന്ന പ്രദേശമായി വയനാടിനെ മാറ്റിയിട്ടുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളില്‍ നിസ്സഹായരാവാതെ സമഗ്രദുരന്തനിവാരണ പ്ലാന്‍ ഈ ജില്ലയ്ക്കായി ഒരുക്കേണ്ടതുണ്ട്. പരിസ്ഥിതിസംരക്ഷണമാണ് ദുരന്തനിവാരണമെന്ന നാണയത്തിന്റെ മറുവശം എന്നുള്‍ക്കൊണ്ടുതന്നെ പ്ലാന്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.

(ബി. സന്ധ്യയുടെ 'മഹാപ്രളയം' എന്ന പുസ്തകത്തിലെ 'പ്രളയം: തനിയാവര്‍ത്തനം പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍' എന്ന അധ്യായത്തില്‍നിന്ന്)

Content Highlights: Flood2018, Kerala, Book excerpt, B. Sandhya IPS, Mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
gandhinagar second street, sathyan anthikkad Mamukoya movies, sreenivasan

8 min

'ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്, അതു തെളിഞ്ഞിരിക്കയാണ്!'

Jun 4, 2023


Manu S Pillai, Book Cover

12 min

എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായാത്ത മുഗള്‍ചരിത്രം; മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍മാര്‍!

Jun 3, 2023


Madhavikkutti and Gandhi

11 min

മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും തമ്മിലെന്ത് ബന്ധം?

May 31, 2023

Most Commented