നിര്‍ബന്ധിത വന്ധ്യംകരണം,ചേരിനിര്‍മാര്‍ജനം,രാഷ്ടീയപക; ഭരിച്ചത് ഇന്ദിരയോ,സഞ്ജയ് ഗാന്ധിയോ?


എം.പി സൂര്യദാസ്‌

നാലിനപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ വരവ് സാധാരണക്കാരില്‍ സംശയമുളവാക്കി. പുരോഗമനപരമായിരുന്നു ഈ പരിപാടികളെങ്കിലും ഇതു നടപ്പിലാക്കുന്ന രീതിയിലായിരുന്നു അമര്‍ഷം.

വന്ധ്യംകരണം ചെയ്യപ്പെട്ട സ്ത്രീകൾ, ഇന്ദിരാഗാന്ധി/ ഫോട്ടോ: രാജൻ പൊതുവാൾ

ആറുപതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊണ്ട് ഇടിമുഴക്കംതീര്‍ത്ത സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി എന്ന പുസ്തകം. എം.പി സൂര്യദാസ് എഴുതിയ പുസ്തകം കെ.പി ഉണ്ണികൃഷ്ണന്റെ ജീവിതവും രാഷ്ട്രീയവും വിശദമാക്കുന്നതോടൊപ്പം സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉയര്‍ച്ചതാഴ്ചകളെയും വിലയിരുത്തുകകൂടി ചെയ്യുന്നുണ്ട്. പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.

സ്റ്റിസ് കൃഷ്ണയ്യരുമായി ഉണ്ണികൃഷ്ണന് കുടുംബപരമായ അടുപ്പമുണ്ട്. കൊയിലാണ്ടിക്കാരനായ കൃഷ്ണയ്യര്‍ ഉണ്ണികൃഷ്ണന്റെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ നായരുമായും സൗഹൃദത്തിലായിരുന്നു. കൃഷ്ണയ്യരുടെ സഹോദരി മീനാക്ഷി ടീച്ചര്‍ സ്‌കൂളില്‍ ഉണ്ണികൃഷ്ണന്റെ അദ്ധ്യാപികയായിരുന്നു. ഡല്‍ഹിയില്‍ സുപ്രീംകോടതി ജഡ്ജി ആയി വന്നതുമുതല്‍ കൃഷ്ണയ്യരെ ഇടയ്‌ക്കൊക്കെ ഉണ്ണികൃഷ്ണന്‍ വീട്ടില്‍ ചെന്ന് കാണാറുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കേസ് കൈകാര്യം ചെയ്യുന്ന സമയത്ത് ഒരു ദിവസം ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. ഡല്‍ഹിയില്‍ അഡ്വര്‍ടൈസിങ് ഏജന്‍സി നടത്തിവന്ന ആനന്ദ് എന്ന തലശ്ശേരിക്കാരനായ സുഹൃത്തിനൊപ്പമാണ് അന്നു പോയത്. ഇടതുപക്ഷ അനുഭാവിയായ ആനന്ദ്, കൃഷ്ണയ്യരുടെ അടുത്ത സുഹൃത്തായിരുന്നു. സാധാരണ വീട്ടില്‍ ചെന്നാല്‍ കൃഷ്ണയ്യര്‍ സംസാരിച്ചിരിക്കാറുണ്ടെങ്കിലും, ഇന്ദിരാഗാന്ധിക്കെതിരായ സുപ്രധാനമായ തിരഞ്ഞെടുപ്പുകേസ് കൈകാര്യം ചെയ്യുന്ന സമയത്ത് കോണ്‍ഗ്രസ്സിന്റെ നേതാവും പാര്‍ലമെന്റ് അംഗവുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയത് കൃഷ്ണയ്യര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നീരസം അദ്ദേഹം സംസാരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തു. അന്ന് സുപ്രീംകോടതി ജഡ്ജിയെ ചെന്നുകണ്ടത് ചില ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നെങ്കിലും അത് ശരിയല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.
ജൂണ്‍ 25ന് വൈകുന്നേരം പ്രതിപക്ഷകക്ഷികള്‍ രാംലീല മൈതാനിയില്‍ ലക്ഷങ്ങളെ അണിനിരത്തി വമ്പിച്ച പ്രതിഷേധറാലി നടത്തി. ഇന്ദിരാഗാന്ധി രാജിവെച്ചൊഴിയണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച ജയപ്രകാശ് നാരായണ്‍ ആവശ്യപ്പെട്ടു.

25ന് അര്‍ദ്ധരാത്രിയില്‍ കോളിങ്‌ബെല്‍ അടിക്കുന്നതു കേട്ട് കതകു തുറന്നപ്പോള്‍ അന്നത്തെ ആഭ്യന്തരസഹമന്ത്രി ഓംമേത്ത അക്ഷമനായി വീട്ടിനു മുന്നില്‍ നില്‍ക്കുന്നതാണ് കണ്ടതെന്ന് ഉണ്ണികൃഷ്ണന്റെ അന്നത്തെ അസിസ്റ്റന്റായിരുന്ന നാരായണന്‍കുട്ടി പറയുന്നു. 'ഉണ്ണികൃഷ്ണന്‍ ഉള്ളിലില്ലേ' എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം നേരേ അകത്തേക്കു കടന്നു. മുറിയില്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. കതകടച്ച് മുക്കാല്‍മണിക്കൂറോളം അദ്ദേഹം സംസാരിച്ചശേഷമാണ് മടങ്ങിയത്. രാവിലെ പതിവുപോലെ പത്രങ്ങള്‍ എടുക്കാനായി വാതില്‍ തുറന്നപ്പോള്‍ ഒരു പത്രവും കണ്ടില്ല. അന്ന് ആറ് ഇംഗ്ലീഷ് പത്രങ്ങള്‍ വീട്ടില്‍ വരുത്താറുണ്ട്. സമയം കഴിഞ്ഞിട്ടും പത്രങ്ങളൊന്നും കാണാതായപ്പോള്‍ മുറിയില്‍ ചെന്ന് ഉണ്ണികൃഷ്ണനോടു വിവരം പറഞ്ഞു. രാവിലെ ചായയും പത്രങ്ങളും ഉണ്ണികൃഷ്ണന് ഒരുമിച്ചു കിട്ടണം. ഇന്ന് പത്രങ്ങള്‍ കിട്ടാന്‍ സാദ്ധ്യത കുറവാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി. തലേദിവസം രാത്രി മുറിയില്‍ വന്ന കേന്ദ്രമന്ത്രി ഉണ്ണികൃഷ്ണനെ കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നുവെന്ന് അപ്പോഴാണ് സഹായിക്കു മനസ്സിലായത്.

ഒരു ദിവസം മുഴുവന്‍ നീണ്ട ദ്രുതഗതിയിലുള്ള രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ 25ന് രാത്രി പതിവുപോലെ ഡല്‍ഹി നഗരം ഉറക്കത്തിലേക്കു വഴുതിയപ്പോള്‍ രാജ്യം വിധിനിര്‍ണ്ണായകമായ മുഹൂര്‍ത്തത്തിലേക്ക് ചുവടുവെക്കുകയാണെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ബ്രഹ്‌മാനന്ദ റെഡ്ഡി ഉള്‍പ്പെടെ മന്ത്രിസഭയിലെ പ്രധാനികള്‍പോലും എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് കൃത്യമായി അറിഞ്ഞിരുന്നില്ല. തലേദിവസം അര്‍ദ്ധരാത്രിയില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞിരുന്നു. രാംലീല മൈതാനിയിലെ പ്രസംഗം കഴിഞ്ഞ് ജയപ്രകാശ് നാരായണ്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ കെട്ടിടത്തില്‍ കിടന്നുറങ്ങുമ്പോള്‍ കതകിനു മുട്ടി ചിലര്‍ അദ്ദേഹത്തെ ഉണര്‍ത്തി. പോലീസുകാര്‍ ആ രാത്രിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. മൊറാര്‍ജി ദേശായി, ചരണ്‍ സിങ്, രാജ്‌നാരായണന്‍, അശോക് മേത്ത തുടങ്ങിയവരെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി അറസ്റ്റ് ചെയ്തു.

ജയപ്രകാശ് നാരായണ്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാനി പാല്‍ക്കിവാല ഇന്ദിരാഗാന്ധിക്കുവേണ്ടി കേസ് വാദിക്കുന്നതില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.

തുടക്കത്തില്‍ ബറുവ അടിയന്തരാവസ്ഥയോടു യോജിച്ചു. ചില ആശങ്കകളുണ്ടായിരുന്നെങ്കിലും രജനി പട്ടേലും അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്നില്ല. പിന്നീട് 26ന് ബറുവാജിയുടെ വീട്ടില്‍ സംസാരിച്ചിരിക്കുമ്പോഴാണ് ഓള്‍ ഇന്ത്യ റേഡിയോയില്‍ റിബെല്ലോയുടെ ഘനഗംഭീരശബ്ദത്തില്‍ രാജ്യം അടിയന്തരാവസ്ഥയിലായ വിവരം ലോകം അറിയുന്നത്. അടിയന്തരാവസ്ഥയെക്കുറിച്ച് പിന്നീട് പലപ്പോഴും ബറുവാജിയോട് എതിര്‍ത്ത് സംസാരിച്ചപ്പോഴൊക്കെ അദ്ദേഹം നീരസം രേഖപ്പെടുത്തും: 'യൂ പീപ്പിള്‍ തിങ്ക് യു ഹാവ് മോര്‍ വിസ്ഡം ദാന്‍ പ്രൈംമിനിസ്റ്റര്‍' എന്ന് അദ്ദേഹം പറയും. പിന്നീട് അദ്ദേഹത്തിന് മനസ്സിലായി ഇത് അപകടത്തിലേക്കാണ് പോവുന്നതെന്ന്. ഇത്തരമൊരു നിയമം നടപ്പിലായാല്‍ പോലീസ് അതിരുവിട്ട് പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങളൊക്കെ സംശയിച്ചത്. ഡല്‍ഹിയില്‍ പോലീസ് നടത്തിയ നഗ്നമായ നിയമലംഘനമാണ് പിന്നീടു കാണാനിടയായത്.
അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിനു മുമ്പുതന്നെ ഡി.കെ. ബറുവയും രജനി പട്ടേലും എസ്.എസ്. റേയും ഇന്ദിരയുമായി അകന്നിരുന്നു എന്നതും വിചിത്രമാണ്. ഡി.കെ. ബറുവ എ.ഐ.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോള്‍ സിദ്ധാര്‍ത്ഥശങ്കര്‍ റേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. അന്ന് ഇന്ദിരാഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്രഹ്‌മാനന്ദ റെഡ്ഡിയാണ് വിജയിച്ചത്. ബറുവ പിന്നീട് ഇന്ദിരയുടെ എതിര്‍പക്ഷത്തായി. രജനി പട്ടേലും ഇന്ദിരയുമായി അകന്നു. അങ്ങനെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരയ്ക്ക് ഉപദേശം നല്‍കിയെന്ന് പറയപ്പെടുന്ന ഇവര്‍ മൂന്നുപേരും താമസിയാതെ ഇന്ദിരയുടെ വിരോധികളായി മാറി.

'അടിയന്തരാവസ്ഥയെ ഞാന്‍ പരസ്യമായി വിയോജിച്ച് സംസാരിക്കുന്നതായി അറിഞ്ഞിട്ടും ഇന്ദിരാഗാന്ധി തുടക്കത്തില്‍ നീരസമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. വാസ്തവത്തില്‍ അവര്‍ ജനാധിപത്യവാദിയായിരുന്നു. എന്നെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സിലെ ചിലര്‍ സംസാരിച്ചപ്പോള്‍ അതു ശരിയല്ലെന്നു പറഞ്ഞ് വിലക്കുകയാണ് ഇന്ദിര ചെയ്തത്. അദ്ദേഹത്തിന്റെ നിലപാടുകളായി മാത്രം അതിനെ കണ്ടാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ത്ത് സംസാരിച്ചപ്പോഴാണ് വിരോധം തുടങ്ങിയത്.

'അവധിക്കുശേഷം സുപ്രീംകോടതി ജൂലായ് 14ന് തുറന്നപ്പോള്‍ വീണ്ടും കേസ് പരിഗണനയ്ക്കു വന്നു. നാല് ആഴ്ചത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് രാജ്‌നാരായണന്റെ അഭിഭാഷകന്‍ ഭൂഷണ്‍ ആവശ്യപ്പെട്ടു. നാനി പാല്‍ക്കിവാല പിന്മാറിയതിനെ തുടര്‍ന്ന് നെഹ്രുമന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന അശോക് സെന്നാണ് പിന്നീട് ഇന്ദിരയ്ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

'കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ചന്ദ്രജിത് യാദവ്, കെ.വി. രഘുനാഥ് റെഡ്ഡി, കെ.ആര്‍. ഗണേഷ്, കേദാര്‍നാഥ് സിങ്, ആര്‍.എല്‍. ഭാട്ട്യ, സത്പാല്‍ കപൂര്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാരും എം.പിമാരുമായി മുപ്പതോളംപേര്‍ ആ യോഗത്തില്‍ പങ്കെടുത്തു. ഉണ്ണികൃഷ്ണനാണ് ആ യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചത്. അത് ഇന്ദിരാഗാന്ധിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. യോഗത്തിനുശേഷം ഇന്ദിരയെ കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരും എം.പിമാരുമടുങ്ങുന്ന സംഘം ഇന്ദിരയുടെ തീന്‍മൂര്‍ത്തിറോഡിലെ വീടിനോടു ചേര്‍ന്നുള്ള 1 അക്ബര്‍റോഡിലെ ഓഫീസില്‍വെച്ച് കണ്ടപ്പോള്‍ 'ഞാനാണ് യോഗതീരുമാനം അവരെ അറിയിച്ചത്. മന്ത്രിമാരായവര്‍ ഇക്കാര്യം അവരോട് സംസാരിക്കാന്‍ എന്തുകൊണ്ടോ തയ്യാറായില്ല. യോഗതീരുമാനം ഞാന്‍ ഇന്ദിരയോട് പറയണമെന്ന് അവരൊക്കെ ആദ്യമേ പറഞ്ഞുറപ്പിച്ചിരുന്നു. ചിരിച്ചുകൊണ്ട് സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സാധാരണരീതിയൊക്കെ മാറി അന്ന് അവര്‍ വ്യത്യസ്തമായ രീതിയിലാണ് പെരുമാറിയത്. അവരുടെ അടുത്ത വൃത്തങ്ങളില്‍നിന്ന് ഞാന്‍ അകന്നുപോയതില്‍ ഇന്ദിരാഗാന്ധിക്ക് വലിയ വിഷമമുണ്ടായിരുന്നു. എങ്കിലും ഞങ്ങളെടുത്ത നിലപാടിന്റെ ഭാഗമായി എനിക്ക് അവരോട് കാര്യങ്ങള്‍ തുറന്നുപറയേണ്ടിവന്നു.'

ഇന്ദിരാഗാന്ധിക്കെതിരേ കോടതിവിധി വന്നപ്പോള്‍ കുറച്ചുകാലത്തേക്ക് അവര്‍ മാറിനില്‍ക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ പലര്‍ക്കുമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരേ സമ്മര്‍ദ്ദഗ്രൂപ്പ് ഉയരുന്നുവെന്ന തോന്നല്‍ ഇന്ദിരയില്‍ സംശയം ജനിപ്പിച്ചു. അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതില്‍ ഇതും ഒരു കാരണമായിട്ടുണ്ട്.

സോഷ്യലിസ്റ്റ് ഫോറം സ്വതന്ത്രമായി അഭിപ്രായം പറഞ്ഞത് ഇന്ദിരാഗാന്ധിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സോഷ്യലിസ്റ്റ് ഫോറത്തെ തടയിടാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു നെഹ്രുഫോറം. സോഷ്യലിസ്റ്റ് ഫോറം ഉള്ളപ്പോള്‍ പിന്നെയെന്തിന് നെഹ്രുഫോറം എന്ന സംശയം പലരും ചോദിച്ചു. എ.പി. ശര്‍മ്മയായിരുന്നു നെഹ്രുഫോറത്തിന്റെ ചെയര്‍മാന്‍. ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ ഇങ്ങനെയൊരു ഫോറം ഉണ്ടാക്കിയതില്‍ നീരസം പ്രകടിപ്പിക്കുകയും ഇതിനു പിന്നില്‍ യശ്പാല്‍ കപൂര്‍ ആണെന്ന് സംശയിക്കുകയും ചെയ്തു. പക്ഷേ, കപൂര്‍ കേവലമൊരു ഉപകരണം മാത്രമായിരുന്നു എന്നവര്‍ വൈകാതെ മനസ്സിലാക്കി. ഇന്ദിരയുടെ ആഗ്രഹപ്രകാരമാണ് നെഹ്രുഫോറം സംഘടിപ്പിച്ചത്.

ഇന്ദിരാഗാന്ധിയുടെ ആദര്‍ശപരമല്ലാത്ത സമീപനങ്ങള്‍ക്ക് ആദര്‍ശപരമായ ന്യായീകരണം കണ്ടെത്താന്‍ ശ്രമിച്ച സോഷ്യലിസ്റ്റ് ഫോറത്തിലുള്ള വിശ്വാസം അപ്പോഴേക്കും അവര്‍ക്കു നഷ്ടപ്പെട്ടുകഴിഞ്ഞു. തന്റെ എല്ലാ നടപടികളെയും പിന്തുണയ്ക്കുന്ന പോക്കറ്റ് സംഘടനയായ ഫോറത്തെയാണ് അവര്‍ക്കു വേണ്ടിയിരുന്നത്.

ഇന്ദിരാഗാന്ധിയുടെ ഓഫീസിലെ സ്ഥിതിഗതികള്‍ വഷളാവുന്നുവെന്ന് കണ്ടപ്പോള്‍ പ്രസ് അഡൈ്വസറായിരുന്ന ബി.ജി. വര്‍ഗീസ് നേരത്തേതന്നെ രാജിവെച്ചൊഴിഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരുദിവസം പി.എന്‍. ഹക്‌സറിന്റെ അടുത്ത ബന്ധുവിന്റെ കൊണാട്ട്‌പ്ലേസിലുള്ള ബിസിനസ് സ്ഥാപനത്തില്‍ സി.ബി.ഐ. റെയ്ഡ് നടത്തി. പരിശോധനയില്‍ ഒന്നും ലഭിച്ചിരുന്നില്ല. ആര്‍.കെ. ധവാനാണ് ഈ റെയ്ഡിനു പിറകിലെന്ന് പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ഹക്‌സര്‍ വിഷമത്തോടെ പറഞ്ഞതായി ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു.

അക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ ഇടപെടല്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. കോണ്‍ഗ്രസ്സിലോ യൂത്ത് കോണ്‍ഗ്രസ്സിലോ പ്രാഥമികാംഗത്വം പോലുമില്ലാതിരുന്ന സഞ്ജയ് ഗാന്ധി പാര്‍ട്ടികാര്യത്തിലും ഭരണത്തിലും നേരിട്ട് ഇടപെട്ടുതുടങ്ങി. സഞ്ജയ് ഗാന്ധിയുടെ ഇടപെടലിനെ എതിര്‍ക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ശൈലിയെ വിമര്‍ശിക്കാനും ഉണ്ണികൃഷ്ണന്‍ മടികാണിച്ചിരുന്നില്ല. അതുവരെ ഇന്ദിരയുമായുള്ള അടുത്ത ബന്ധത്തിന് ഈ എതിര്‍പ്പ് വിള്ളല്‍വീഴ്ത്തിത്തുടങ്ങി.

അഹിംസയും സത്യാഗ്രഹസമരവും ആയുധമാക്കി ബ്രിട്ടീഷ് ഭരണകൂടത്തെ മുട്ടുകുത്തിച്ച, ദേശീയപ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് ജനാധിപത്യവിരുദ്ധശൈലി യോജിക്കില്ലെന്ന് കോണ്‍ഗ്രസ്സിലെ പുരോഗമനവാദികള്‍ തുടക്കംമുതല്‍ ചിന്തിച്ചിരുന്നു. എങ്കിലും അടിയന്തരാവസ്ഥയുടെ ആദ്യനാളുകളില്‍ ഇക്കാര്യം ആരും ഇന്ദിരാഗാന്ധിയോട് തുറന്നുപറയാന്‍ തയ്യാറായില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചതും തീവണ്ടികള്‍ സമയനിഷ്ഠപാലിച്ച് ഓടിയതും അടിയന്തരാവസ്ഥയുടെ നേട്ടങ്ങളായി വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പൗരാവകാശം നിഷേധിക്കുമ്പോള്‍ ഉണ്ടാവുന്ന നഷ്ടം എന്തെന്ന് ഗ്രാമീണജനത തിരിച്ചറിയാനും സമയമെടുത്തു.

അഭിപ്രായസ്വാതന്ത്ര്യത്തിനും രാഷ്ട്രീയസ്വാതന്ത്ര്യത്തിനുമുള്ള വിലക്ക് ബോദ്ധ്യപ്പെട്ടതോടെ സമൂഹമനസ്സില്‍ പ്രതിഷേധം കനത്തു. പ്രധാനമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ സഞ്ജയ് ഗാന്ധി ഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിയത് കോണ്‍ഗ്രസ്സിലും ഭിന്നസ്വരങ്ങള്‍ക്ക് വഴിവെച്ചു. സഞ്ജയ് ഗാന്ധിയെ യുവരാജാവായി വാഴിക്കാനാണ് ഇന്ദിരയുടെ നീക്കമെന്ന് വിമര്‍ശനം ശക്തമായി.

സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, മേനക ഗാന്ധി
​​​​​

നാലിനപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ വരവ് സാധാരണക്കാരില്‍ സംശയമുളവാക്കി. പുരോഗമനപരമായിരുന്നു ഈ പരിപാടികളെങ്കിലും ഇതു നടപ്പിലാക്കുന്ന രീതിയിലായിരുന്നു അമര്‍ഷം.

വിവാഹത്തിന് സ്ത്രീധനം സ്വീകരിക്കരുത്, ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ മതി. ഇതിനായി കുടുംബാസൂത്രണം കര്‍ശനമായി നടപ്പിലാക്കണം. നഗരങ്ങള്‍ മോടിപിടിപ്പിക്കണം, സാക്ഷരത വളര്‍ത്തണം എന്നിവയായിരുന്നു നാലിനപരിപാടികള്‍. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ കൈക്കൊണ്ട ശൈലി രാജ്യമാകെ ആക്ഷേപത്തിനു കാരണമായി. കുടുംബാസൂത്രണത്തിനുവേണ്ടി നിര്‍ബ്ബന്ധിതമായി വന്ധ്യംകരണം നടത്തിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗ്രാമീണരെ ലോറികളില്‍ കയറ്റി ആശുപത്രികളിലെത്തിച്ച് നിര്‍ബ്ബന്ധിച്ച് വന്ധ്യംകരണം നടത്തി. എതിര്‍പ്പ് ശക്തമായപ്പോള്‍ പലയിടത്തും ലാത്തിച്ചാര്‍ജും വെടിവെപ്പും നടന്നു. ഉത്തര്‍പ്രദേശില്‍ അന്‍പതോളംപേര്‍ പോലീസ് വെടിവെപ്പില്‍ മരിച്ചു. നഗരം ഭംഗി കൂട്ടാനായി നഗരപ്രദേശങ്ങളിലെ ചേരികള്‍ നിഷ്‌കരുണം ഒഴിപ്പിച്ചു. ഇവിടെ പതിറ്റാണ്ടുകളായി താമസിച്ചുവന്ന പാവങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അന്തിയുറങ്ങാന്‍ കൂരയില്ലാത്തവരായി മാറി. സഞ്ജയ് ഗാന്ധി നടത്തിയ ഈ പ്രവൃത്തിക്കെല്ലാം ഇന്ദിരയുടെ മൗനാനുവാദം ഉണ്ടെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു. എങ്കിലും അന്നു നടന്ന എല്ലാ സംഭവങ്ങളും അവര്‍ അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ഉണ്ണികൃഷ്ണന്റെ പക്ഷം. മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍, രാജ്യത്തു നടക്കുന്ന പല അതിക്രമങ്ങളും പുറംലോകം അറിഞ്ഞില്ല. ഇതോടെ ഉള്ളതും ഇല്ലാത്തതുമായ പലവിധ കെട്ടുകഥകള്‍ രാജ്യത്ത് പ്രചരിച്ചുതുടങ്ങി. സത്യസന്ധമായി വിവരങ്ങള്‍ അന്ന് ഇന്ദിരയെ അറിയിച്ചിരുന്നില്ലെന്നും ചിലര്‍ വിലയിരുത്തിയിട്ടുണ്ട്.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഒരു ദിവസം അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അംബികാസോണിയോടൊപ്പം സഞ്ജയ് ഗാന്ധിയെ ചെന്നുകണ്ടിരുന്നു. ആ കൂടിക്കാഴ്ചയില്‍ ഉണ്ണികൃഷ്ണനോടുള്ള നീരസം സഞ്ജയ് തുറന്നു പ്രകടിപ്പിച്ചു. കമ്യൂണിസ്റ്റുകാരെ ദേശദ്രോഹികളായാണ് സഞ്ജയ് കണ്ടത്. ഉണ്ണികൃഷ്ണന്റെ ഇടതുവീക്ഷണം സഞ്ജയ്ക്ക് നന്നായി അറിയാം. ഉണ്ണികൃഷ്ണനെപ്പോലുള്ള കോണ്‍ഗ്രസ്സിലെ ഇടതുകാഴ്ചപ്പാടുള്ളവര്‍ക്ക് അടിയന്തരാവസ്ഥയോടുള്ള അമര്‍ഷം അപ്പോഴേക്കും മറനീങ്ങി പ്രകടമായിത്തുടങ്ങിയിരുന്നു. സഞ്ജയ് ഗാന്ധിക്കുള്ള ആ വെറുപ്പ് ഉണ്ണികൃഷ്ണനോടുള്ള സംഭാഷണത്തില്‍ നിറഞ്ഞുനിന്നു. 'ആ കൂടിക്കാഴ്ചയുടെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് പിന്നീട് തോന്നി'യെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അംബികാസോണിയുടെ വരവുതന്നെ കോണ്‍ഗ്രസ്സിന്റെ സംഘടനാജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാപ്രസിഡന്റായിരുന്ന പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയോട് മൂന്നു സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ മാറ്റി പകരം തന്റെ ഇഷ്ടക്കാരായ മൂന്നുപേരെ നിയമിക്കാന്‍ സഞ്ജയ് ഗാന്ധി ആവശ്യപ്പെട്ടു. ആന്ധ്ര, ബിഹാര്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെയാണ് മാറ്റാന്‍ ആവശ്യപ്പെട്ടത്. ആദ്യം പ്രിയരഞ്ജന്‍ദാസ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. സഞ്ജയ് ഗാന്ധി പറഞ്ഞകാര്യം എന്തായി എന്ന് ആര്‍.കെ. ധവാന്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രണ്ടു പ്രസിഡന്റുമാരെ മാറ്റി. ആവശ്യപ്പെട്ടതുപ്രകാരം മൂന്നുപേരെയും മാറ്റാന്‍ തയ്യാറാവാതിരുന്നത് തന്റെ അധികാരത്തെ ചോദ്യംചെയ്യലാണെന്ന് സഞ്ജയ് സംശയിച്ചു. പാര്‍ട്ടിയില്‍ ആരുമല്ലാത്ത സഞ്ജയ് ഗാന്ധിയുടെ സമ്മര്‍ദ്ദത്തില്‍ പ്രിയരഞ്ജന്‍ദാസ് മുന്‍ഷിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കേണ്ടിവന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പി.വി. നരസിംഹറാവുവും പങ്കെടുത്ത യോഗത്തില്‍വെച്ചാണ് മുന്‍ഷി ഒഴിയണമെന്ന തീരുമാനം ഉണ്ടായതും പിന്നാലെ അംബികാസോണിയെ പ്രസിഡന്റായി നിയമിച്ചതും. സഞ്ജയ് ഗാന്ധി യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗമായി. സഞ്ജയ് ഗാന്ധി വഹിച്ച ആദ്യസംഘടനാപദവിയായിരുന്നു ഇത്.
ഐ.സി.എസ്. ഉദ്യോഗസ്ഥനായ നകുല്‍സെന്നിന്റെ മകളായ അംബികാസോണിക്ക് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാപ്രസിഡന്റ് ആവുന്നതിന് മുമ്പ് ഏതാനും വര്‍ഷം മാത്രമേ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച പരിചയമുള്ളൂ. ഐ.എഫ്.എസുകാരനായ ഭര്‍ത്താവ് ഉദയ് സോണിക്കൊപ്പം വിദേശത്തായിരുന്ന അംബിക 1970 മുതലാണ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. 'അംബികാസോണി ഡല്‍ഹിയിലെ മെര്‍ക്കുറി ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന കാലത്തുതന്നെ എനിക്ക് പരിചയമുണ്ട്. ഒരുദിവസം അവര്‍ ഫോണില്‍ വിളിച്ചിട്ട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു.

ട്രാവല്‍ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യമാണോ എന്ന് ചോദിച്ചപ്പോള്‍, അല്ല രാഷ്ട്രീയമാണ് സംസാരിക്കേണ്ടത് എന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ സജീവമാവാന്‍ തീരുമാനിച്ചപ്പോള്‍ രാഷ്ട്രീയം കൂടുതലായി മനസ്സിലാക്കാന്‍ കുറച്ചുപേരോട് സംസാരിക്കാന്‍ ഇന്ദിരാഗാന്ധി അംബികയോട് പറഞ്ഞിരുന്നു. അതില്‍ ഒരാളായിരുന്നു ഞാന്‍. പല ദിവസങ്ങളിലായി വന്ന് അവര്‍ ദേശീയരാഷ്ട്രീയത്തെക്കുറിച്ചും മറ്റു വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും കുറെയേറെ ചോദിച്ചറിഞ്ഞു. അങ്ങനെയാണ് അംബിക യൂത്ത് കോണ്‍ഗ്രസ്സിന്റെ തലപ്പത്തെത്തിയത്. സഞ്ജയ് ഗാന്ധിക്ക് കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമുള്ള ചെറുപ്പക്കാരെ ഇഷ്ടമല്ലെന്ന് അന്ന് അംബികാസോണി പലപ്പോഴും പറയാറുണ്ട്. കോണ്‍ഗ്രസ്സിന്റെ സംഘടനാസംവിധാനം എങ്ങനെ തകര്‍ക്കപ്പെടുന്നു, ദുര്‍ബ്ബലപ്പെടുത്തുന്നു എന്നതിന്റെ തെളിവായിരുന്നു പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയ സംഭവം.

അപ്പോഴേക്കും സഞ്ജയ് ഗാന്ധിയുടെ മാരുതി ചെറുകാര്‍ പദ്ധതി കുറെ മുന്നോട്ടുപോയിരുന്നു. ഇതിനുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും മറ്റു പ്രശ്‌നങ്ങളും പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടായി. ലോകസഭയില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം ശക്തമായി ബഹളംവെച്ചപ്പോള്‍ അതിനെ കാര്യക്ഷമമായി നേരിടാന്‍ ഉണ്ണികൃഷ്ണന്‍ തയ്യാറായില്ല എന്ന പരാതി ഇന്ദിര പറഞ്ഞതായി സത്പാല്‍ കപൂര്‍ എം.പി. ഉണ്ണിയോടു പറഞ്ഞിരുന്നു. വ്യക്തമായ രേഖകളില്ലാതെ പ്രതിപക്ഷത്തെ എങ്ങനെ പാര്‍ലമെന്റില്‍ നേരിടുമെന്നായിരുന്നു ഉണ്ണിയുടെ ചോദ്യം. ചെറുകാര്‍ പദ്ധതി എന്തോ വലിയ പ്രോജക്ട് ആണെന്ന് ഇന്ദിരയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും ഇടപെടാന്‍ തുടങ്ങിയ സഞ്ജയിനെ നിയന്ത്രിക്കാന്‍ ഇന്ദിരയ്ക്കു സാധിച്ചില്ലെന്നതാണ് സത്യം. അതേസമയം ഇന്ദിര തന്റെ കിരീടാവകാശിയായി സഞ്ജയനെ ഒരുക്കിക്കൊണ്ടുവരികയായിരുന്നുവെന്ന ഖുശ്വന്ത് സിങ്ങിനെപ്പോലുള്ളവരുടെ വിലയിരുത്തലുകള്‍ ശരിവെക്കാന്‍ ഉണ്ണി തയ്യാറല്ല. ഇക്കാര്യത്തില്‍ ഇന്ദിരയോടുള്ള അനുഭാവപൂര്‍വ്വമായ സമീപനമാണ് (സിംപതറ്റിക്ക് വ്യൂ) ഉണ്ണിയുടേതെന്ന് ഖുശ്വന്ത് സിങ് പറഞ്ഞിട്ടുണ്ട്.

അടിയന്തരാവസ്ഥ കോണ്‍ഗ്രസ്സിനെ ജനാധിപത്യവിരുദ്ധസംഘടനയെന്ന് വിലയിരുത്തപ്പെടാന്‍ കാരണമാവുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പലരും ഭയന്നു. പക്ഷേ, ഇത് എങ്ങനെ ഇന്ദിരയെ ധരിപ്പിക്കും, ആര് മുഖത്തുനോക്കി പറയും എന്നതായിരുന്നു വിഷയം. അധികാരവും പാര്‍ട്ടിസ്ഥാനവും നഷ്ടപ്പെടാന്‍ താത്പര്യമില്ലാത്ത ഉന്നതരെല്ലാം എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കാതെ മൗനം തുടര്‍ന്നു.

രാജ്യത്തെ അടിയന്തരാവസ്ഥയിലേക്കു നയിച്ച സംഭവവികാസങ്ങളോട് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരിക്കലും യോജിക്കാനായില്ല. സഞ്ജയ് ഗാന്ധി ഭരണത്തില്‍ നേരിട്ട് ഇടപെട്ടുതുടങ്ങി. കുടുംബാസൂത്രണത്തിന്റെ പേരില്‍ ഹരിയാനയില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നും ആളുകളെ കൂട്ടത്തോടെ ട്രക്കുകളിലാക്കി ഡല്‍ഹിയിലെ പഴയ വെല്ലിങ്ടണ്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് നിര്‍ബ്ബന്ധിതമായി വന്ധ്യംകരണം നടത്തി. എന്താണ് ചെയ്യുന്നതെന്ന് ആ പാവങ്ങള്‍ക്ക് അറിയുമായിരുന്നില്ല. നിര്‍ബ്ബന്ധിതമായി വന്ധ്യംകരണം നടത്തുന്നതായി പലരും പറഞ്ഞപ്പോള്‍ ആദ്യം അത് വിശ്വസിക്കാന്‍ ഉണ്ണികൃഷ്ണനു കഴിഞ്ഞില്ല. വെല്ലിങ്ടണ്‍ ആശുപത്രിയില്‍ അന്ന് ജോലി ചെയ്തിരുന്ന കൊയിലാണ്ടിക്കാരനും ബന്ധുവുമായ ഡോ. ടി. രാമചന്ദ്രന്‍ ഇക്കാര്യം വേദനയോടെ വിവരിച്ചപ്പോള്‍ അവിടെ നേരിട്ടു പോയി പരിശോധിക്കാന്‍ ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചു. ആശുപത്രിക്കു മുന്നില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ട്രക്കുകളിലായി ആളുകളെ കൊണ്ടിറക്കുന്നു. ഡല്‍ഹിയുടെ സമീപപ്രദേശങ്ങളില്‍നിന്ന് പാവങ്ങളെ ട്രക്കുകളില്‍ എത്തിച്ചത് കേന്ദ്രമന്ത്രിയായ ബന്‍സിലാലിന്റെ നേതൃത്വത്തിലാണെന്ന് മനസ്സിലായി. സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതൊക്കെ നടക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. അടുത്തദിവസം രാവിലെ കേന്ദ്രപ്രതിരോധമന്ത്രി ബന്‍സിലാലിനെ കണ്ട് ഇതേക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം സഞ്ജയ് ഗാന്ധിയെ ന്യായീകരിക്കുകയാണ് ചെയ്തത്. രാജ്യത്ത് ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതായി ഭയന്നു. ഇതു ശരിയല്ലെന്ന് ഇന്ദിരയെ കണ്ട് നേരിട്ടറിയിച്ചെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അന്നത്തെ രാഷ്ട്രീയസാഹചര്യത്തെ ഇത്തരം ജനാധിപത്യവിരുദ്ധസമീപനങ്ങളിലൂടെ നേരിടുന്നതിനു പകരം രാഷ്ട്രീയമായി നേരിടണമെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. അത് ഇന്ദിരയുടെ അപ്രീതി സമ്പാദിക്കാനേ സഹായിച്ചുള്ളൂ.

കെ.പി ഉണ്ണികൃഷ്ണന്‍

ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥയുടെ മറവില്‍ പുതിയ അധികാരകേന്ദ്രങ്ങള്‍ പിടിമുറുക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ളവരെ മറികടന്ന് സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന പുതിയ അവതാരങ്ങളും സ്ഥാപിതതാത്പര്യക്കാരും അധികാരത്തില്‍ നേരിട്ട് ഇടപെടുന്നതു തടയാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നു മാത്രമല്ല പലപ്പോഴും നിസ്സഹായമായി നോക്കിനില്‍ക്കേണ്ടിവന്നു. അതുവരെ കോണ്‍ഗ്രസ്സുമായോ, യൂത്ത് കോണ്‍ഗ്രസ്സുമായോ നേരിട്ട് ബന്ധമില്ലാത്ത ചിലര്‍ പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ ഇടപെടുന്നത് കോണ്‍ഗ്രസ്സിനുള്ളില്‍ ആരും പരസ്യമായി ചോദ്യംചെയ്യാന്‍ തയ്യാറായില്ല. ഡല്‍ഹിയില്‍ സഞ്ജയ് ഗാന്ധിയുടെ പ്രതിനിധിയെന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തുവന്ന രുഖ്‌സാന സുല്‍ത്താന ഇത്തരം കഥാപാത്രങ്ങളില്‍ ഒരാള്‍ മാത്രമാണ്. ജ്വല്ലറിനടത്തിപ്പുകാരിയായ ഇവര്‍ക്ക് അതുവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ടയാള്‍ എന്ന നിലയിലാണ് ഇവര്‍ അറിയപ്പെട്ടത്. സാമൂഹികപ്രവര്‍ത്തനം നടത്തിയോ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയോ പരിചയമില്ലാത്ത ഇവര്‍ കുടുംബാസൂത്രണപദ്ധതി നടപ്പാക്കാനുള്ള ചുമതലയേറ്റെടുത്തു. ഡല്‍ഹിയിലെ ജുമാമസ്ജിദില്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് ആളുകളെയാണ് ഇവരുടെ നേതൃത്വത്തില്‍ വന്ധ്യംകരണം നടത്തിയത്. എന്തെങ്കിലും ഔദ്യോഗികപദവിയോ അധികാരമോ ഇല്ലാതിരുന്ന ഇവര്‍ അക്കാലത്ത് പോലീസ് എസ്‌കോര്‍ട്ടോടെയാണ് സഞ്ചരിച്ചിരുന്നത്. ഒടുവില്‍ ജുമാമസ്ജിദ് മേഖലയിലെ പാവപ്പെട്ട ആളുകള്‍ എതിര്‍പ്പുമായി രംഗത്തുവന്നപ്പോള്‍ നടന്ന പോലീസ് വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. രുഖ്‌സാനയെപ്പോലുള്ള ഗ്ലാമര്‍താരങ്ങള്‍ സഞ്ജയ് ഗാന്ധിയുടെ ഫാന്‍സ് അസോസിയേഷനായി മാറി. അടിയന്തരാവസ്ഥ കഴിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തായതോടെ രുഖ്‌സാന ഉള്‍പ്പെടെയുള്ള ഇത്തരക്കാര്‍ പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

ഈ സമയത്താണ് 1976 ഏപ്രിലില്‍ ഡല്‍ഹിയിലെ രാംലീല മൈതാനിക്കു സമീപം മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ കൊണ്ടുവന്ന് വീടുകള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയത്. സഞ്ജയ് ഗാന്ധിയും ജഗ്മോഹനുമാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയത്. ഇവിടെ കഴിഞ്ഞിരുന്ന പാവപ്പെട്ട നാലായിരത്തോളം മുസ്ലിം കുടുംബങ്ങളോട് ഒഴിഞ്ഞുപോവാന്‍ ആദ്യം ആവശ്യപ്പെട്ടു. പോവാന്‍ മറ്റൊരിടമില്ലാതിരുന്ന പാവങ്ങള്‍ താമസിക്കുന്ന സ്ഥലം വിട്ടുപോവാന്‍ തയ്യാറായില്ല. അധികാരത്തിന്റെ അഹന്തയില്‍ ഈ പാവങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് എല്ലാം ഇടിച്ചുനിരത്തി. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അന്ന് മണ്ണിനടിയിലായി. രാജ്യഭരണകേന്ദ്രത്തിന്റെ മൂക്കിനു താഴേ നടന്ന അതിക്രമം അറിഞ്ഞിട്ടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൗനംപാലിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാനോ പ്രതികരിക്കാനോ ഇന്ദിര തയ്യാറായില്ല. ഈ സംഭവം ഇന്ദിരയുടെ അടുത്ത സുഹൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായ സുഭ്രദ ജോഷി എം.പിയെപ്പോലുള്ളവരെ ഏറെ വേദനിപ്പിച്ചു. ഇന്ദിരയെ നേരില്‍ കണ്ട് സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ സുഭ്രദ ജോഷിയും ഖുര്‍ഷിദ് ആലംഖാനും (ഡോ. സക്കീര്‍ഹുസൈന്റെ മകളുടെ ഭര്‍ത്താവും, സല്‍മാന്‍ ഖുര്‍ഷിദിന്റെ പിതാവുമാണ്) ഉണ്ണികൃഷ്ണനും ഇന്ദിരയുടെ വസതിയിലെത്തി. സാധാരണ എപ്പോള്‍ കാണാന്‍ ചെന്നാലും വലിയ സ്‌നേഹത്തോടെ പെരുമാറിയിരുന്ന ഇന്ദിര അന്ന് അല്‍പ്പം നീരസത്തോടെയാണ് സംസാരിച്ചത്.

'നിങ്ങള്‍ എന്തിനാണ് വന്നതെന്ന് എനിക്കറിയാം. സുഭദ്രാജീ, നിങ്ങളില്‍ ചിലര്‍ എല്ലാത്തിലും സഞ്ജയിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. ഉണ്ണികൃഷ്ണന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. സുഭദ്രാജീ, നിങ്ങള്‍ക്കെന്നെ നന്നായി അറിയാമല്ലോ. പ്രശ്‌നങ്ങളില്‍നിന്ന് ഒരിക്കലും ഞാന്‍ ഒളിച്ചോടില്ല.'

ഇടയ്ക്കുകയറി ഉണ്ണികൃഷ്ണന്‍ പറഞ്ഞു, 'ഇന്ദിരാജീ, താങ്കള്‍ തുര്‍ക്ക്മാന്‍ഗേറ്റ് ഒന്ന് സന്ദര്‍ശിക്കണം.'
ഈ ആവശ്യം ഇന്ദിരയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'അവിടെ എന്താണ് നടന്നതെന്ന് എനിക്ക് നന്നായി അറിയാം. അവിടെ പോയി പ്രത്യേകിച്ച് കാണാന്‍ ഒന്നുമില്ലെ'ന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
പതിറ്റാണ്ടുകളായി ഇന്ദിരയുമായി അടുത്ത സൗഹൃദമുള്ള സുഭദ്രാജിക്ക് ഈ മറുപടി ഒട്ടും ഇഷ്ടപ്പെട്ടില്ല. ഉപചാരങ്ങളോടെ യാത്രപറയാന്‍ നില്‍ക്കാതെ അവര്‍ എഴുന്നേറ്റു. ഒപ്പം മറ്റു രണ്ടുപേരും എഴുന്നേറ്റു. പുറത്തിറങ്ങിയശേഷം സുഭദ്രാജി ചോദിച്ചു, 'ഇന്ദിരക്കിത് എന്തു പറ്റി എന്നു മനസ്സിലാവുന്നില്ല.' ഇന്ദിരാഗാന്ധിയില്‍ അന്നു കണ്ട അസാധാരണമായ മാറ്റത്തിനു പിന്നില്‍ സഞ്ജയ് ഗാന്ധിയാണെന്ന് അന്ന് അവര്‍ പറഞ്ഞു. ക്വിറ്റ് ഇന്ത്യാസമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യസമരസേനാനിയായ സുഭദ്രാജി ഗാന്ധിജിയുടെയും നെഹ്രുവിന്റെയും അടുത്ത അനുയായിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ അന്നത്തെ പെരുമാറ്റം സുഭദ്രയെ ഏറെ വേദനിപ്പിച്ചതായി ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു.

അടിയന്തരാവസ്ഥയിലെ പല മുഖങ്ങളിലൊന്നായിരുന്നു തുര്‍ക്ക്മാന്‍ഗേറ്റ് സംഭവം. ഇന്ദിരയുടെയും കോണ്‍ഗ്രസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മുഖത്ത് മാറാക്ഷതങ്ങള്‍ ഏല്‍പ്പിച്ച ഈ സംഭവം ഇന്നും ഉണങ്ങാത്ത മുറിവായി തുടരുന്നു.

അന്ന് ഇന്ദിരയെ ചെന്നുകണ്ട് സംസാരിക്കുമ്പോള്‍ അവരെ തിരുത്താന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നോ എന്ന് ഉണ്ണികൃഷ്ണനോട് ചോദിച്ചിട്ടുണ്ട്. അവര്‍ കാര്യങ്ങള്‍ കൃത്യമായി അറിയാത്തതുകൊണ്ടാണ് മൗനംപാലിക്കുന്നതെങ്കില്‍ തുറന്നുസംസാരിക്കാമെന്ന് കരുതിയാണ് അന്ന് സംസാരിക്കാന്‍ ചെന്നത്. പക്ഷേ, അത് ഇന്ദിരയുമായി അകലാനുള്ള കാരണങ്ങളില്‍ ഒന്നായി മാറി. എന്തുകൊണ്ടോ അക്കാലത്ത് മുഖത്തുനോക്കി സത്യം പറയുന്നവരെ അവര്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിരുന്നു.

Content Highlights: Indraprasthathile Rashtreeyasanchari, Indiragandhi, K.P Unnikrishnan, Sanjaygandhi, M.P Sooryadas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented