മലയാളത്തിന്റെ രമണന്‍ ജീവിച്ചുകൊതിതീരാതെ വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് എഴുപത്തിരണ്ട് വര്‍ഷം തികഞ്ഞിരിക്കുന്നു. കാല്പനികമലയാളത്തില്‍ രാവും പകലുമില്ലാതെ ആബാലവൃദ്ധം പാടിപ്പാടിയനശ്വരമാക്കിയ രമണന്‍, കാവ്യനര്‍ത്തകി, ദേവത, ഉദ്യാനലക്ഷ്മി, മഞ്ഞക്കിളി തുടങ്ങി അനേകമനേകം കവിതകള്‍...കീറ്റ്‌സും ഷെല്ലിയും വേഡ്‌സ്‌വര്‍ത്തും ഒന്നിച്ചൊരു ചങ്ങമ്പുഴയായി മലയാളസാഹിത്യത്തിലവതരിപ്പിക്കപ്പെട്ട കാലം... എം. പി വീരേന്ദ്രകുമാര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ചങ്ങമ്പുഴ; വിധിയുടെ വേട്ടമൃഗം' എന്ന പുസ്തകത്തില്‍ കവിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും സാഹിത്യലോകത്തിലെ ജയപരാജയങ്ങളെക്കുറിച്ചും വിവരിച്ചിരിക്കുന്നു. പുസ്തകത്തിലെ 'ചങ്ങമ്പുഴ: സ്വകാര്യദുഃഖങ്ങളുടെ ഗായകന്‍' എന്ന അധ്യായം വായിക്കാം.

ത്മാര്‍ഥതയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കിടയിലാണ് ചങ്ങമ്പുഴയ്ക്കു ജീവിക്കേണ്ടിവന്നത്. വേണ്ടത് വേണ്ട സമയത്ത് ചെയ്തുകൊടുക്കാനോ, ഉപദേശിക്കാനോ, നേര്‍വഴി കാട്ടിക്കൊടുക്കാനോ പലരും തുനിഞ്ഞില്ല. എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ നേര്‍ക്ക് പരിഹാസശരങ്ങള്‍ എറിയാനാണ് ഒരു വിഭാഗം മുതിര്‍ന്നത്. അതിന്റെയൊക്കെ അനന്തരഫലമായി ചങ്ങമ്പുഴ ജീവിതത്തില്‍ കൈവരിച്ച എണ്ണമറ്റ ദുരന്തങ്ങള്‍ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കുടുംബത്തേയും മരണം വരെ വേട്ടയാടി. വിധിയുടെ ഒരു വേട്ടമൃഗമായി കഴിയേണ്ടിവന്ന ചങ്ങമ്പുഴയുടെ സ്വകാര്യദുഃഖങ്ങള്‍ അദ്ദേഹത്തിന്റെ കവിതയില്‍ ലഹരിയായി പടര്‍ന്നു കയറി.

'We can come to look up on the deaths of our enemies with as much regret as we fell for those of our friends, namely, when we miss their existence as witnesses to our success.'

ഷോപ്പന്‍ ഹോവറുടെ വാക്കുകള്‍ എത്ര അര്‍ഥവത്താണ്. 'ഒരാളുടെ വിജയം നേരിട്ട് കാണണമെന്നുണ്ടെങ്കില്‍ എതിരാളികളായ ശത്രുക്കള്‍ ജീവിച്ചിരിക്കണം. ഇല്ലെങ്കില്‍ ആ ശത്രുക്കളുടെ മരണം ഉറ്റസുഹൃത്തുക്കളുടെ അഭാവമെന്നപോലെ നമ്മെ വേദനിപ്പിച്ചുകൊണ്ടായിരിക്കും.' ഒരുത്തന്റെ വിജയം കാണുമ്പോള്‍ അസഹിഷ്ണുക്കളാകുന്ന ഈ സമൂഹത്തിന്റെ ക്രൗര്യവും കാലുഷ്യവും എത്ര വലുതായിരിക്കുമെന്ന് ചങ്ങമ്പുഴയുടെ കവിതയിലെ ന്യൂനതകള്‍ വിശദീകരിക്കുന്നവരുടെ മനസ്സിന്റെ കാപട്യം വിളിച്ചോതുന്നു. പുതിയ ചുറ്റുപാടുകളില്‍, മാറുന്ന കാലത്തിനൊത്ത് കവിതകളിലും കഥകളിലുമൊക്കെ നൂതനങ്ങളായ ആവിഷ്‌കാരശൈലികളില്‍ അഭിരമിക്കുന്നവര്‍ക്ക് പലപ്പോഴും പരുഷ വിമര്‍ശനത്തിന്റെ കല്ലേറാവും ലഭിക്കുക. അക്കാരണം കൊണ്ട് പല കലാകാരന്മാരും പിറകോട്ടു പോകുന്നു. ചിലര്‍ മുന്നേറുന്നു. രണ്ടാമത്തെ ഗണത്തില്‍പ്പെടുന്ന കവിയായിരുന്നു ചങ്ങമ്പുഴ.

We live in our desires, rather than our achievements.
'നാം ജീവിക്കുന്നത് നമ്മുടെ ആഗ്രഹങ്ങളിലൂടെയാണ്. കൈവരിച്ച നേട്ടങ്ങളിലൂടെയല്ല' എന്നൊരിക്കല്‍ ജോര്‍ജ്മൂര്‍ പ്രസ്താവിച്ചത് ചങ്ങമ്പുഴയ്ക്കും അദ്ദേഹത്തിന്റെ കവിതയ്ക്കും ബാധകമാണ്. നൂറ് നൂറ് പരാജയങ്ങളിലൂടെ ഒരിക്കല്‍ വിജയം കൊയ്തവനെന്ന് തെളിയിക്കപ്പെടുന്നത് കാലത്തിന്റെ അനിവാര്യതയത്രെ. പരാജയവും വിജയവും ജീവിതത്തിന്റെ ഇരുളും വെളിച്ചവുമാണ്. വെളിച്ചത്തിന്റെ മഹത്വം അറിയണമെങ്കില്‍ ഇരുട്ടുണ്ടായിരിക്കണമല്ലോ. ഇരുളിന്റെ നിഴല്‍പ്പാടിലെ വെളിച്ചത്തിന് പല പ്രത്യേകതകളുണ്ട്. അതാണ് ചങ്ങമ്പുഴ പാടിയത്; ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും, മറുപകുതി പ്രജ്ഞയില്‍ കരി പൂശിയ വാവും.

Dark errors' other side is truth  ഇരുണ്ട തെറ്റിന്റെ നേരെ എതിര്‍വശമാണ് സത്യം എന്ന് വിക്ടര്‍ ഹ്യൂഗോ വിശ്വസിച്ചിരുന്നു. ചങ്ങമ്പുഴയും ഇരുണ്ട തെറ്റുകളിലൂടെ സത്യത്തിലേക്കു പ്രയാണം ചെയ്ത കവിയാണ്. കവിയും കവിതയും ഒന്നായി വിലയം കൊള്ളുന്നിടത്തുവെച്ചാണല്ലോ അനശ്വരതയിലേക്കുള്ള പ്രയാണം.

വിശ്വസാഹിത്യകാരന്മാരുടെ ഒട്ടേറെ വിചിത്രമായ സങ്കല്പങ്ങളും, സ്വഭാവവൈരുദ്ധ്യങ്ങളുമുള്ള കവിയായിരുന്നു ചങ്ങമ്പുഴ. ലോക പ്രശസ്തരായ നിരവധി കവികളുടെയും, നോവലിസ്റ്റുകളുടെയും വിചാരധാരയുമായി ബന്ധപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍. കീറ്റ്‌സ്, ബൈറണ്‍, ഷെല്ലി, ബോദ്‌ലെയര്‍, മല്ലാര്‍മേ, ഷോപ്പന്‍ ഹോവര്‍, റിംബോ, വാള്‍ട്ട്‌വിറ്റ്മാന്‍ തുടങ്ങിയ വിശ്വപ്രസിദ്ധകവികളുടെ കവിതകള്‍ അദ്ദേഹം തന്റെ ഒട്ടേറെ പദ്യകൃതികളുടെ പ്രഥമ പേജില്‍ തന്നെ ആലേഖനം ചെയ്തിട്ടുള്ളതായി കാണാം. ഓരോ കൃതിയുടെയും ആസ്തി (Asset) ഏറെക്കുറെ അതില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയുമായിരുന്നു. ലിയോവിഡ്‌ലിയാനോവ്, റോമനോവ്, നാകിയോ അരിഷിമ തുടങ്ങിയവരുടെ സൃഷ്ടികളിലൂടെ ചങ്ങമ്പുഴ സഞ്ചരിച്ചിട്ടുണ്ട്. ലോകഭാഷകളിലെ മികച്ച കൃതികളിലെ (ജപ്പാനീസ്, സ്പാനിഷ്, റഷ്യന്‍, ജര്‍മന്‍, ഇന്ത്യന്‍, ചൈനീസ് കൃതികളുടെ) ലഹരിയും, ഉന്മത്തതയും, ദര്‍ശനവും ചങ്ങമ്പുഴയുടെ സിരകളിലൂടെ പ്രവഹിച്ചിരുന്നു. താന്‍ സ്വാംശീകരിച്ച ലോകത്തിന്റെ മധുരവേദനകള്‍ സ്വതന്ത്രമായി തനത് കവിതകളില്‍ ആവിഷ്‌കരിച്ച ഏറെ കവികള്‍ നമുക്കില്ല. വിശ്വസാഹിത്യത്തിലെ അനശ്വരനായ വാനമ്പാടിയാകാന്‍ അര്‍ഹതയുള്ള മലയാളത്തിന്റെ ഒരേ ഒരു കവിയും ചങ്ങമ്പുഴയാണ്. വേറെയും ചില കവികളെ ചൂണ്ടി കാണിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ചങ്ങമ്പുഴയുടെ വൈപുല്യമുള്ള കവിതകള്‍ ഇനിയും ജനിക്കേണ്ടതായിട്ടാണിരിക്കുന്നത്.

വേണ്ടത് വേണ്ട നേരത്ത് തോന്നിപ്പിക്കാത്തതും, ചെയ്യാന്‍ സാധിക്കാതെ വരുന്നതും ഒരു ശാപമാണെന്നദ്ദേഹം വിശ്വസിച്ചിരുന്നു. തന്നില്‍ കുടികയറിയ അധമവികാരങ്ങളെയോര്‍ത്ത് ഏറെ പശ്ചാത്തപിച്ചിരുന്നുവെന്നുള്ളതിന് തെളിവായി ഒട്ടേറെ വരികള്‍ അദ്ദേഹത്തിന്റെ തന്നെ കവിതകളില്‍ നിന്നും എടുത്തു ഉദ്ധരിക്കുവാന്‍ കഴിയും. സ്വന്തം ആത്മവേദനകള്‍ക്ക് രൂപം നല്കിയ കവിതകള്‍ നമ്മില്‍ മധുരമായ വേദന സൃഷ്ടിക്കുന്നു.
പ്രണയമധുരമായ ചങ്ങമ്പുഴക്കവിതകള്‍ക്ക് ടിപ്പണി ആവശ്യമില്ല. അത് ആത്മാവില്‍ നിന്നും ഊര്‍ന്നു വീഴുന്നവയാണ്.
പല പല രമണികള്‍ വന്നൂ, വന്നവര്‍-
പണമെന്നോതി നടുങ്ങീ ഞാന്‍...
പണത്തിനുവേണ്ടി പ്രണയം വില്ക്കുന്ന നാരികള്‍ അദ്ദേഹത്തെ കണക്കിലേറെ വേദനിപ്പിച്ചിട്ടുണ്ടായിരിക്കണം.
Woman is always fickle, foolish is he who trust her (സ്ത്രീ സദാ ചഞ്ചലയാണ്, ഒരു വിഡ്ഢിക്കേ അവളെ പൂര്‍ണമായി വിശ്വസിക്കാനാവൂ.)
പല പല സ്ത്രീകളേയും വിശ്വസിക്കാനിടവന്ന ചങ്ങമ്പുഴയ്ക്ക് അതുകൊണ്ടു തന്നെ പലപ്പോഴും ഒരു വിഡ്ഢിയാകേണ്ടിവന്നിട്ടുണ്ടാവണം. റില്‍കേ എന്ന മറ്റൊരു ചിന്തകനും സ്ത്രീയെ ഇങ്ങനെ വിലയിരുത്തിയിട്ടുള്ളതായി കാണുന്നു.
Where there no woman, men right live like gods.
(എവിടെ സ്ത്രീകള്‍ ഇല്ലാതിരിക്കുന്നുവോ, അവിടെ പുരുഷന്മാര്‍ ദേവതുല്യരായി ജീവിക്കും.)
ഇത് ഒരു സ്ത്രീവിദ്വേഷിയെഴുതിയതായിരിക്കാം. എങ്കിലും ഇതില്‍ കുറെ സത്യങ്ങളുണ്ട്.

ചങ്ങമ്പുഴ എന്ന് പറഞ്ഞാല്‍ തുടിയ്ക്കുന്ന ഒരു ഹൃദയത്തിന്റെ പര്യായമാണെന്ന് പ്രസിദ്ധ നിരൂപകനും ചിന്തകനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. 'അദ്ദേഹത്തെ പലരും പുകഴ്ത്തുന്നുണ്ട്. ആ ജീവിതത്തെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. വാസ്തവത്തില്‍ വൈരുധ്യങ്ങളുടെ ഒരു സമാഹാരമായിരുന്നു അദ്ദേഹം. ചങ്ങമ്പുഴ അങ്ങിനെ അല്ലായിരുന്നുവെങ്കിലാണ് അദ്ഭുതപ്പെടുക.' കുറ്റിപ്പുഴ ഈ അവസരത്തില്‍, ലോക പ്രശസ്തനായ ഓസ്‌കാര്‍ വൈല്‍ഡിന്റെ കാര്യം ഓര്‍മിപ്പിച്ചു. 'ഓസ്‌കാര്‍ വൈല്‍ഡിന്റെ പുസ്തകങ്ങള്‍ ഇല്ലാത്ത ഒരു ഗ്രന്ഥശാലയെ ഇന്ന് ഒരു ഗ്രന്ഥശാലയായി പരിഗണിക്കുമോ എന്ന് സംശയമാണ്. പക്ഷേ ഓസ്‌കാര്‍ വൈല്‍ഡ് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പെണ്‍കുട്ടികളുടെ അടുത്തെന്നല്ല, ആണ്‍കുട്ടികളുടെ അടുത്തുപോലും അടുപ്പിക്കുവാന്‍ ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എഴുത്തച്ഛന്‍ കുടിച്ചിരുന്നു എന്ന് പറയുമ്പോള്‍, അത് ആദ്ധ്യാത്മിക മദ്യമായിരുന്നുവെന്നും മറ്റും പറയാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമില്ലേ? അതുപോലെ ചങ്ങമ്പുഴയെപ്പറ്റിയും അദ്ദേഹത്തിന്റെ എന്തിലും ഒരെതിര്‍പ്പു കാണാം. ശരിയാണ്, ഇന്നത്തെ ജീര്‍ണിച്ച സാമൂഹ്യഘടനയാണ് ആ മനോഭാവം അദ്ദേഹത്തില്‍ ഉളവാക്കിയത്. അത്തരം സാമൂഹ്യ ജീര്‍ണതയുടെ കഴുത്തില്‍ കത്തിവെക്കാതെ നമുക്കുണ്ടോ ജീവിക്കാന്‍ സാധിക്കുന്നു?''

കുറ്റിപ്പുഴയെപ്പോലുള്ള ഒരു സാത്വികാത്മാവിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. ചങ്ങമ്പുഴക്കെതിരായി രൂക്ഷ വിമര്‍ശനങ്ങള്‍ ചീറിപ്പായുന്ന ഘട്ടത്തിലാണ് കുറ്റിപ്പുഴയ്ക്ക് ഹൃദയം തുറന്ന് പ്രതികരിക്കേണ്ടിവന്നത്. പലരും ചങ്ങമ്പുഴക്കവിതയിലെ ദൂഷ്യവശങ്ങളെപ്പറ്റി പ്രചാരണം നടത്തുകയും കവിയുടെ ദൗര്‍ബല്യങ്ങളെ പര്‍വതീകരിക്കുകയും ചെയ്തു. ചങ്ങമ്പുഴയുടെ വിദ്യാഭ്യാസ കാലഘട്ടം പലതുകൊണ്ടും വിവാദച്ചുഴിയിലകപ്പെട്ടിരുന്നു. സ്വഭാവരൂപവത്കരണത്തിന്‍േറതായ കാലമാണ് വിദ്യാഭ്യാസമെന്ന് കരുതിയിരുന്ന ഒരു വിഭാഗം. അധ്യാപികാധ്യാപകന്മാരും സതീര്‍ഥ്യരും സന്തതസഹചാരികളായി അഭിനയിച്ച് നടന്നിരുന്നവരും വേണ്ടുന്നതിലേറെ ചങ്ങമ്പുഴയെ അപവദിച്ചുകൊണ്ടിരുന്നു. കള്ളും കഞ്ചാവും കാമിനിയും കൂടി ചങ്ങമ്പുഴയെ വഴിതെറ്റിച്ചുവെന്ന് സമര്‍ഥിക്കാനുള്ള പരക്കം പാച്ചിലായിരുന്നു. എറണാകുളത്തെ വിദ്യാഭ്യാസകാലത്തെ അപവാദത്തീപ്പൊരികള്‍, ഇടപ്പള്ളിയിലും ആലുവായിലും വന്നു വീണു. ചങ്ങമ്പുഴക്കവിതകളെ പ്രത്യാശയോടെ എന്നും നോക്കിക്കണ്ടിരുന്ന കുറ്റിപ്പുഴയ്ക്ക് തന്റെ ശിഷ്യനെ തള്ളിപ്പറയുന്നത് കേള്‍ക്കാനൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല.

Chamgampuzha Vidhiyude Vettamrigam
പുസ്തകം വാങ്ങാം

'ചങ്ങമ്പുഴ എന്തിനെയൊക്കെ എതിര്‍ത്തുവോ, അതിനെയൊക്കെ എതിര്‍ത്ത് നശിപ്പിച്ചാല്‍ മാത്രമേ നമുക്ക് സുഖമായി ജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഞാന്‍ പറയും. ചങ്ങമ്പുഴമാരാകേണ്ട എത്രയോ അധികമാളുകള്‍ ഇനിയും ഇന്നാട്ടിലുണ്ട്. അവര്‍ക്കൊക്കെ ജീവിക്കണം. വളരണം, അതിന് തടസ്സമായതൊന്നും അവശേഷിക്കരുത്. കരിഞ്ചന്ത നടത്തി കോടീശ്വരനായ ഒരാള്‍ വന്നാല്‍ നാം തന്നെ അയാള്‍ക്ക് മുന്‍വരിയില്‍ സീറ്റ് നല്‍കുകയില്ലേ? ഇന്ന് നമ്മെ ഞെരിച്ചുകൊണ്ടിരിക്കുന്ന എല്ലാറ്റിനേയും ചങ്ങമ്പുഴ എതിര്‍ത്തു.'
ആത്മരോഷത്താല്‍ ജ്വലിച്ചുനില്‍ക്കുന്ന കുറ്റിപ്പുഴ ചങ്ങമ്പുഴയുടെ നിലനില്പിനുവേണ്ടി എന്നും എവിടെയും പോരടിച്ച വ്യക്തിയായിരുന്നുവെന്ന് സൂചിപ്പിക്കുവാനാണ് ഇത്രയും വരികളെഴുതിയത്. ഇത്തരത്തിലുള്ള നിരൂപകന്മാരുടെ അനുഗ്രഹാശിസ്സും പിന്‍തുണയും ഇല്ലായിരുന്നുവെങ്കില്‍ ചങ്ങമ്പുഴയും, ഒരുവേള ഇടപ്പള്ളിയുടെ മാര്‍ഗം സ്വീകരിച്ചേനെ. കുറ്റിപ്പുഴയെ ചങ്ങമ്പുഴക്കെന്നപോലെ മലയാള സാഹിത്യത്തിനും മറക്കാന്‍ പറ്റില്ല.

ചങ്ങമ്പുഴ ആദ്യമായി കണ്ട് പരിചയിച്ച ഒരു സന്ദര്‍ഭം കുറ്റിപ്പുഴ ആലേഖനം ചെയ്യുന്നത് ശ്രദ്ധിച്ചാലും: 'ഇടപ്പള്ളിയില്‍ വെച്ച് സാഹിത്യപരിഷത്തിന്റെ സമ്മേളനം കൂടിയപ്പോഴത്തെ ഒരു സംഭവമാണ് ഓര്‍ക്കുന്നത്. ഞാന്‍ അന്ന് ആ സമ്മേളനത്തില്‍ ടാഗോറിനെപ്പറ്റി ഒരു ഉപന്യാസം വായിച്ചു. അത് കഴിഞ്ഞപ്പോള്‍ ഒരു ബാലന്‍ എന്റെ അടുത്ത് വന്ന് ആ ഉപന്യാസം വാങ്ങിനോക്കി. അന്ന് സെക്കന്റ് ഫാറത്തില്‍ പഠിച്ചിരുന്ന ആ കുട്ടിയോട് താരതമ്യപ്പെടുത്തുമ്പോള്‍ വലിയൊരു സാഹിത്യകാരനായ ഞാന്‍ അല്പം പുച്ഛത്തോടുകൂടിയാണ് അത് വീക്ഷിച്ചത്. പക്ഷേ പിന്നീട് ആലുവായില്‍ വെച്ച് പലപ്പോഴും ആ കുട്ടി എന്റെ അടുത്ത് വരികയും പല പദങ്ങളുടെയും പര്യായങ്ങളും മറ്റും ചോദിക്കുകയും പതിവായിരുന്നു. അന്നത്തെ ആ കുട്ടിയാണ് പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളില്‍ വിഖ്യാതമായ രമണന്റെ കര്‍ത്താവായി മാറിയതും ചങ്ങമ്പുഴയെന്ന നാമത്തില്‍ കീര്‍ത്തിയുടെ ഉന്നതങ്ങളിലെത്തിയതും.' 25-ാമത്തെ വയസ്സിലാണ് ചങ്ങമ്പുഴ രമണന്‍ എഴുതിയതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

കളിക്കൊഞ്ചലോടെ കമിഴ്ന്നു നീന്തിയിരുന്ന എന്റെ
കലാകൗതുകത്തെ വാത്സല്യപൂര്‍വം കൈപിടിച്ച് സാഹിത്യ
ലോകത്തില്‍ പിച്ചപിച്ച നടത്തിയതാരോ.
അപ്രതിമമായ യുക്തി, അതിതീക്ഷ്ണമായ ബുദ്ധി, സമ്പു
ഷ്ടമായ നിര്‍മാണ ശക്തി, സംസ്‌കാര സമ്പന്നമായ വിജ്ഞാന
ലബ്ധി ഇവയുടെ സംഘടിതമായ ചൈതന്യം 
മൂര്‍ത്തിമത്തായി പരിലസിക്കുന്നതാരോ,
ഇന്നത്തെ കേരളീയ പുരോഗമന ചിന്തകന്മാരില്‍
അദ്വിതീയനായ ആ ഉത്തമവിമര്‍ശകന്റെ
ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ
ജ്വലിക്കുന്ന പ്രതിഭയുടെ മുന്‍പില്‍
എന്റെ സ്‌നേഹം, ബഹുമാനം, കൃതജ്ഞത, ഭക്തി-
ഇവയുടെ അപൂര്‍ണമെങ്കിലും ഏറ്റവും ആത്മാര്‍ഥമായ
ഒരു ഉപഹാരമെന്ന നിലയില്‍ ഞാന്‍ ഈ കാവ്യം സാഭിമാനം
സമര്‍പ്പണം ചെയ്യുന്നു.''

ചങ്ങമ്പുഴ തന്റെ പ്രസിദ്ധകൃതിയായ 'യവനിക' ഗുരുതുല്യനായി കരുതിയിരുന്ന കുറ്റിപ്പുഴയ്ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചങ്ങമ്പുഴയ്ക്ക് കുറ്റിപ്പുഴയോടുണ്ടായിരുന്ന സ്‌നേഹ ബഹുമാനങ്ങള്‍ എത്ര വലുതായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. കുറ്റിപ്പുഴയും ചങ്ങമ്പുഴയും തമ്മിലുള്ള ബന്ധം ഈടുറ്റതും പരസ്പര വിശ്വാസത്തിന്റെ ഊഷ്മളത നിറഞ്ഞതുമായിരുന്നു.
ചങ്ങമ്പുഴയും കുറ്റിപ്പുഴയും, ഈ രണ്ടു പുഴകളും കൂടി ചേര്‍ന്നപ്പോള്‍ കാലത്തിനുപോലും തടുക്കാന്‍ കഴിയാത്ത ഒരു മഹാപ്രവാഹമായ് രൂപാന്തരപ്പെട്ടു. സുദീര്‍ഘവും പഠനാര്‍ഹവുമായ അവതാരികകൊണ്ട് യവനികയേയും ചങ്ങമ്പുഴയേയും വിലയിരുത്തിക്കൊണ്ടുള്ള കെ.സി.സഖറിയായുടെ കണ്ടെത്തലുകള്‍ വിചാരരമണീയമാണ്. ഈ മഹാനുഭാവന്റെ നിരീക്ഷണങ്ങള്‍ ചങ്ങമ്പുഴക്കവിതയെ സ്‌നേഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ടതുമാണ്.
ഇ.വി. കൃഷ്ണപിള്ള പ്രഥമ കൃതിയായ ബാഷ്പാഞ്ജലി അവതരിപ്പിച്ചുകൊണ്ടെഴുതിയ പരാമര്‍ശങ്ങള്‍ ചങ്ങമ്പുഴ കവിതയെ നിത്യ മംഗളയാക്കിയെന്ന് തീര്‍ത്തുപറയാവുന്നതാണ്. ചങ്ങമ്പുഴയെ കയ്യും മെയ്യും മറന്ന് സഹായിച്ചവരുടെ മുന്‍നിരയില്‍ തന്നെയാണ് ഇ.വി.യ്ക്കുള്ള സ്ഥാനം.

'മലയാള സാഹിത്യത്തിന്റെ അഭിനവപരിവര്‍ത്തനത്തെക്കുറിച്ച് എനിക്കുള്ള സുദൃഢാഭിപ്രായങ്ങള്‍ പുരസ്‌കരിച്ച് ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ നിമിത്തം മിക്കപ്പോഴും നടക്കുന്ന സുഹൃദ്‌സംഭാഷണങ്ങളിലെല്ലാം കൃഷ്ണപ്പിള്ളയുടെ അനന്യസാധാരണമായ കാവ്യരചനാസൗകുമാര്യത്തെപ്പറ്റി പലരില്‍ നിന്നും നിഷ്പക്ഷങ്ങളായ അഭിപ്രായങ്ങള്‍ കേട്ടു തുടങ്ങിയിരുന്നു. ക്ഷണികങ്ങളായ ശാരീരികബന്ധങ്ങളിലേക്ക് ഒരിക്കലും താഴാതെ പ്രൗഢമധുരമായി നില്ക്കുന്ന പ്രണയപ്രതിപാദനങ്ങള്‍ - യാതൊരു ഹൃദയത്തിനും നോവു തട്ടാതെ ആരെയും ആകര്‍ഷിക്കുമാറുള്ള പ്രണയപ്രതിപാദനങ്ങള്‍. പതിതമെങ്കിലും നൈസര്‍ഗികബന്ധം കൊണ്ട് ദൈവികത്വത്തോട് സംഘടിതമായ മനുഷ്യത്വത്തിന്റെ അന്തര്‍ലീനമാഹാത്മ്യത്തെക്കുറിച്ചുള്ള പരിദേവനങ്ങള്‍, സകല കഷ്ടതകള്‍ക്കും പരമപരിഹാരം നല്കുന്ന സാക്ഷാല്‍ കാവ്യസ്വരൂപിണിയോടുള്ള ദയനീയാര്‍ഥനകള്‍, അപ്രമേയവും എന്നാല്‍ അതിമോഹനവും ആയ ചില്‍ പ്രകാശനത്തിന്റെ പരിപൂര്‍ണ അനുഗ്രഹത്തിനുവേണ്ടിയുള്ള ആക്രന്ദനങ്ങള്‍ ഇവയെല്ലാം രമണീയതരമാക്കുന്ന കോമള പദാവലികള്‍ ഇതാണ് ഇതുവരെ വെളിയില്‍ വന്നിട്ടുള്ള ചങ്ങമ്പുഴക്കൃതികളുടെ പ്രധാന സ്വഭാവങ്ങളെന്ന് കാവ്യനിര്‍മാണത്തില്‍ എന്നെപ്പോലെ വിദൂരമല്ലാത്ത പല സാഹിത്യപ്രണയികളും നിരന്തരം പറഞ്ഞുവരുന്നു.' 

18.10.1934ന് ചങ്ങമ്പുഴയുടെ പ്രഥമ കവിതാസമാഹാരമായ ബാഷ്പാഞ്ജലിയ്ക്ക് സുദീര്‍ഘമായ ഒരവതാരിക എഴുതിക്കൊടുത്ത് ആ കവിതയുടെ മാസ്മരികവൈഭവത്തെയും കവിയുടെ അന്നത്തെ ചുറ്റുപാടുകളെയും സവിസ്തരം ഇ.വി. കൃഷ്ണപിള്ള അനുവാചക ലോകത്തിന് അക്ഷരാര്‍ഥത്തില്‍ കാഴ്ചവെക്കുകയാണ് ഇവിടെ. ഇ.വി.യുടെ വാക്കുകള്‍ തന്നെ തുടരട്ടെ. 'ഈ കാവ്യഖണ്ഡങ്ങള്‍ അങ്ങിങ്ങായി ചിതറി കാലാന്തരീക്ഷത്തില്‍ നഷ്ടപ്പെട്ടുപോകാതെ, ഗ്രന്ഥരൂപത്തില്‍ പരിരക്ഷിക്കേണ്ടത്, ഭാഷാസാഹിത്യത്തോട് അല്പമെങ്കിലും ഭക്തിയുള്ള ആരുടെയും കടമയാണെന്നും, അപ്രകാരം ചെയ്യുന്നതിന് നിവൃത്തിയില്ലാത്ത കവിക്ക് ഈ പ്രസിദ്ധീകരണങ്ങളില്‍നിന്നും ഉണ്ടാകുന്ന സകല ആദായങ്ങളും നല്‌കേണ്ടതാണെന്നും ആയിരുന്നു പ്രസ്തുത മിത്രങ്ങളുടെ നിര്‍ദേശം.''

കേവലം ഇരുപത്തിമൂന്നു വയസ്സുമാത്രം പ്രായമായ ഒരു കവിയുടെ പുസ്തകത്തിന് ഒരവതാരിക എഴുതിക്കൊടുക്കുക മാത്രമല്ല ഇ.വി. ചെയ്തത്. കൈയില്‍ പുസ്തകമച്ചടിക്കാന്‍ കാശില്ലാത്ത കവിക്കുവേണ്ടി, കാശുള്ളവരും കവിയുടെ ആരാധകരുമായവരില്‍നിന്നും തുക പിരിച്ച് പുസ്തകം അച്ചടിപ്പിക്കുകയും, അതില്‍നിന്നും കിട്ടുന്ന ആദായം മുഴുവനും കവിക്ക് നിര്‍ലോഭമായി എടുത്തുകൊള്ളാന്‍ അനുവദിക്കുകയും ചെയ്ത ഇ.വി.യുടെ മഹാമനസ്‌കതയെ എത്ര വാഴ്ത്തിയാലും മതിയാവുകയില്ല. 63 കൊല്ലം മുന്‍പാണ് ഇത്രയും ചെയ്തതെന്നുള്ളത് അത്ര നിസ്സാരമല്ല. സാഹിത്യകാരന്മാര്‍ക്കിടയില്‍ വലിയ ഹൃദയത്തിനുടമകളായിട്ടുള്ളവര്‍ അക്കാലത്തുമുണ്ടായിരുന്നുവെന്നുള്ളതിന്റെ മികച്ച തെളിവാണ് ഇ.വി.യുടെ ചങ്ങമ്പുഴയ്ക്കുള്ള സഹായഹസ്തം.

ചങ്ങമ്പുഴയുടെ അക്കാലത്തെ മാനസികാവസ്ഥയെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബാഷ്പാഞ്ജലിക്ക് കവി എഴുതിയ പ്രസ്താവന ഒന്നു വായിച്ചാല്‍ മതി.
ഇനിയും വെളിച്ചം വരാത്ത മട്ടി-
ലിരുളില്‍ക്കിടന്നു ഞാന്‍ വീര്‍പ്പുമുട്ടി
എവിടേക്കു പോകും ഞാനെന്തു ചെയ്യും?
അവനിയിലാരെന്നെയുദ്ധരിക്കും?
ഇതുവിധമോരോരോ ചിന്തകളോ-
ടൊരുമിച്ചിരുന്നെന്‍വിജനതയില്‍,
അതികദനാകുലിതാത്മനായ് ഞാ-
നറിയാതെ പൊട്ടിക്കരഞ്ഞുപോയി
ഒരു യുവമാനസമെങ്കിലുമെന്‍
മിഴിനീരിലല്പമലിഞ്ഞുവെങ്കില്‍...
അതുമാത്രമാണെന്‍ പരമഭാഗ്യം
അതുമാത്രമാണെന്റെ ചാരിതാര്‍ത്ഥ്യം
മിഴിനീരില്‍ അലിഞ്ഞ ചാരിതാര്‍ത്ഥ്യാനുഗ്രഹത്തിനുവേണ്ടി അദ്ദേഹത്തിന് മരണംവരെ കാത്തിരിക്കേണ്ടി വന്നു. മരണത്തിനു മുന്‍പായി ചങ്ങമ്പുഴക്കവിതകളുടെ മഹത്വം മനസ്സിലാക്കിയവരെക്കുറിച്ചാണിനിയും പറയാനുള്ളത്. മരണാനന്തരം ആ കവിതയെ വിലയിരുത്തിയവരെയും, വിസ്മരിക്കുന്നില്ല. അവര്‍ ചെയ്ത സേവനവും തിരസ്‌കരിക്കത്തക്കതല്ലല്ലോ.

എം.പി വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Excerts from the book Chamgampuzha Vidhiyude Vettamrigam by MP Veerendrakumar