'അംബാനിക്ക് പണം ഉണ്ടെന്നേയുള്ളൂ, ആള്‍ക്കാരോട് പെരുമാറാന്‍ അറിയില്ല':പിഷാരടിക്ക് കിട്ടിയ മറുപടി!


അയാള്‍ കാടുകയറിയിട്ടും എന്നെ രക്ഷിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥരാരും വന്നില്ല. 'താന്‍ ഫ്‌ളൈറ്റിലെ ഫുഡ് കഴിക്കുമോ? അതിനെത്ര ദിവസത്തെ പഴക്കം കാണും എന്നറിയാമോ?' എനിക്കു നല്ല വിശപ്പുണ്ടായിരുന്നു. അയാള്‍ക്കു വിശക്കില്ല. കാരണം, അയാള്‍ എന്റെ ഇടത്തേ ചെവി തിന്നുകയായിരുന്നു.

രമേഷ് പിഷാരടി/ ഫോട്ടോ: എൻ.എം പ്രദീപ്‌

രമേഷ് പിഷാരടി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചിരിപുരണ്ട ജീവിതങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ലോകത്തു നമ്മള്‍ ഒന്നും വാങ്ങാതെതന്നെ ഫ്രീയായി കിട്ടുന്ന ഒരു കാര്യമാണ് ഉപദേശം. സ്വന്തമായി എന്തുചെയ്യണം, എങ്ങനെ ജീവിക്കണം എന്ന് അറിയില്ലെങ്കിലും മറ്റുള്ളവര്‍ എങ്ങനെ ആയിരിക്കണം എന്ന് വ്യക്തമായ ധാരണ, തീരുമാനങ്ങള്‍ ഉള്ളവര്‍. നമ്മുടെ ജീവിതത്തെക്കുറിച്ച് നമ്മളെക്കാള്‍ ആശങ്കയുള്ളവര്‍.

ബോംബെ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോളാണ് അയാള്‍ എന്നിലേക്ക് 'ഇടിച്ചുകയറിയത്.' ഇടിച്ചുകയറുക എന്നത് എന്റെ ജീവിതത്തില്‍ ഇല്ലാത്തതാണ്. ദാ, ഇപ്പോ പരിചയപ്പെട്ട ആളില്‍നിന്നും അത് വൈറസുപോലെ എന്നിലേക്കു പകര്‍ന്നു. കോട്ടും സ്യൂട്ടും ഇട്ട അയാളുടെ ഷൂസില്‍ പ്രകൃതി മുഴുവന്‍, സോറി ബോംബെ എയര്‍പോര്‍ട്ട് മുഴുവന്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. അജ്ജാതി മാന്യന്‍. 'ഉറക്കക്ഷീണമുണ്ടല്ലോ, കണ്ണിനു താഴെ കറുത്തിരിക്കുന്നു.' ഇതായിരുന്നു അദ്ദേഹം എന്റെ നേരേ വെച്ച ഫസ്റ്റ് വെടി. പിന്നെ അയാള്‍ മിഷ്യന്‍ഗണ്‍ എടുത്തു.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

കോടീശ്വരന്‍ പരിപാടിയിലെ പൈസ സുരേഷ് ഗോപി കൊടുക്കുമോ അതോ ചാനല്‍ കൊടുക്കുമോ? റിമി ടോമിക്ക് ഞാന്‍ ഒരു 70 മാര്‍ക്കു കൊടുക്കും. അവിടത്തെ മന്ത്രിമാരോട് ബോംബെയിലെ റോഡൊക്കെ ഒന്ന് വന്നുകാണാന്‍ പറ... ഇങ്ങനെ ഏതൊക്കെയോ വിഷയങ്ങള്‍ സംസാരിച്ച് അയാള്‍ കാടുകയറി. അയാള്‍ കാടുകയറിയിട്ടും എന്നെ രക്ഷിക്കാന്‍ വനംവകുപ്പുദ്യോഗസ്ഥരാരും വന്നില്ല. 'താന്‍ ഫ്‌ളൈറ്റിലെ ഫുഡ് കഴിക്കുമോ? അതിനെത്ര ദിവസത്തെ പഴക്കം കാണും എന്നറിയാമോ?' എനിക്കു നല്ല വിശപ്പുണ്ടായിരുന്നു. അയാള്‍ക്കു വിശക്കില്ല. കാരണം, അയാള്‍ എന്റെ ഇടത്തേ ചെവി തിന്നുകയായിരുന്നു. 'പിഷാരോടി എന്താ സിനിമയില്‍ കയറാത്തത്?' ആഹാ, നല്ല ഫ്രഷ് ചോദ്യം. ഞാന്‍ അതിന് എന്തെങ്കിലും ഉത്തരം പറയും മുന്‍പേ അയാള്‍ പറഞ്ഞു: 'ഇടിച്ചുകയറണം.'

പെട്ടെന്നയാളുടെ ഫോണ്‍ റിങ് ചെയ്തു. ഒരു ഭക്തിഗാനമായിരുന്നു. റിങ് ടോണ്‍ ദൈവം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ആ ഫോണെടുത്ത് എന്റെ അടുത്തുനിന്നും അയാള്‍ എണീറ്റുനടന്നു. ആ സംസാരം കുറെ നേരം നീണ്ടുനില്ക്കും എന്നു ഞാന്‍ കരുതിയെങ്കിലും പെട്ടെന്നുതന്നെ ഫോണ്‍ കട്ടായി. മൂന്നാലഞ്ചു തവണ ഹലോ എന്നു പറഞ്ഞശേഷം തിരിച്ച് എന്റെ അടുത്തു വന്നിരുന്ന് അയാള്‍ പറഞ്ഞു: 'നെറ്റ്‌വര്‍ക്ക് പ്രോബ്ലം.' സംഗതി അതൊന്നുമല്ല. വിളിച്ച ആള്‍ക്ക് ഇയാളെ നേരത്തേ അറിയാം. അയാള്‍ കാര്യം പറഞ്ഞു, കിട്ടിയ ജീവനുംകൊണ്ട് ഓടിയതാവും.
എന്റെ പരിപാടികള്‍ അധികമൊന്നും അദ്ദേഹം കാണാറില്ലെന്നും ഭാര്യയാണ് കാണാറ് എന്നും പറഞ്ഞു. ഫോണ്‍ പോക്കറ്റിലേക്ക് ഇടുംമുന്‍പ് അയാള്‍ ഫോണ്‍ സ്‌ക്രീനില്‍ ഭാര്യയുടെ ഫോട്ടോ എനിക്കു കാണിച്ചുതന്നു.

എനിക്കും അയാളുടെ ഭാര്യയ്ക്കും ഒരേ മുഖഭാവമായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, പ്രത്യാശയുടെ ഒരു വല്ലാത്ത ഭാവം.
'സൂരജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് കിട്ടി, പിഷാരടിക്ക് എന്തുകൊണ്ട് കിട്ടിയില്ല? ഇടിച്ചുകയറണം. ജയറാമിന് പത്മശ്രീ കിട്ടി, തനിക്ക് എന്തുകൊണ്ട് കിട്ടിയില്ല... ഇടിച്ചുകയറാതെ ഒന്നും നടക്കില്ല. ഷാരൂക് ഖാന്‍ ടെലിവിഷനില്‍നിന്നും വന്നതല്ലേ. താനിങ്ങനെ നടന്നോ. You have to hard work you have that talent.' വാച്ചിന് ഇന്ന് ഹര്‍ത്താലാണോ. സമയം നീങ്ങാത്തതുപോലെ എനിക്കു തോന്നി.

കിട്ടിയ സൗഭാഗ്യങ്ങളില്‍ തൃപ്തനാണ് ഞാന്‍. അതുകൊണ്ട് ദൈവത്തിന്റെ മുന്നില്‍ വലിയ ലിസ്റ്റുകളുമായി പോകാറില്ല. എന്നാലും അന്ന് ഞാന്‍ പ്രാര്‍ഥിച്ചു: ദൈവമേ, ഫ്‌ളൈറ്റില്‍ ഇയാളുടെ സീറ്റ് എന്റെ അടുത്തായിരിക്കരുതേ. 'കൊച്ചിയിലേക്കുള്ള യാത്രക്കാര്‍...' മാലാഖയുടെ അനൗണ്‍സ്‌മെന്റ് കേട്ട് ഞാന്‍ ചാടിയെഴുന്നേറ്റു. ആദ്യമായി ഞാന്‍ അയാളോട് ഒരു ചോദ്യം ചോദിച്ചു: 'സാറിന് എന്താണ് പണി?' ബോംബെയിലെ ഏതോ ഊടുവഴിയില്‍ ഒരു സ്‌റ്റെയര്‍കേസിനടിയില്‍ 50 സ്‌ക്വയര്‍ ഫീറ്റില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുകയാണ് എന്നയാള്‍ പറഞ്ഞു...അത് ഒരിക്കലും ഒരു മോശം ബിസിനസ് അല്ല. പക്ഷേ, അയാളുടെ സ്വഭാവം വളരെ മോശമായിരുന്നതുകൊണ്ട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച് അര്‍ഥംവെച്ച് ഞാന്‍ അയാളോടു പറഞ്ഞു: 'സാര്‍ ഇങ്ങനെ ചെറിയ ബിസിനസ്സുമായി ഇരുന്നാല്‍ പോരാ. ഇടിച്ചുകയറണം അംബാനിയെപ്പോലെ ആകണം. You have to hard work you have that talent.' ഈ ഒരു വരി മതി, അയാള്‍ക്ക് എല്ലാം മനസ്സിലാവാന്‍. പക്ഷേ, അയാള്‍ പറഞ്ഞ മറുപടി എന്നെ ഇതികര്‍ത്തവ്യതാമൂഢനാക്കി:
'അംബാനിക്ക് കുറെ പണം ഉണ്ടെന്നേയുള്ളൂ. ആള്‍ക്കാരോട് പെരുമാറാന്‍ അറിയില്ല...' എന്നൊരു കാച്ചുംകാച്ചി പെരുമാറാനുള്ള അടുത്ത ഇരയെ പിടിക്കാന്‍ അയാള്‍ ഫ്‌ളൈറ്റിനകത്തേക്ക് ഓടി.

Content Highlights: Ramesh Pisharody, Ambani, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented