പറഞ്ഞുറപ്പിച്ച അയ്യായിരത്തില്‍ നിന്നും ആയിരം രൂപ മാവേലിക്ക്, ബാക്കി നാലായിരം ധര്‍മജന്...


രമേഷ് പിഷാരടിനിങ്ങള്‍ അയാള്‍ക്ക് എത്ര രൂപ കൊടുക്കും?' ചോദ്യം ചോദിച്ച എന്നെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഉത്തരം വന്നത്, 'പതിനായിരം രൂപ.' ഒന്നാലോചിച്ചശേഷം ഞാന്‍ ധര്‍മജനെ വിളിച്ച്, ആവശ്യം പറഞ്ഞു.

ധർമജൻ ബോൾഗാട്ടി

രമേഷ് പിഷാരടി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചിരിപുരണ്ട ജീവിതങ്ങള്‍ എന്ന പുസ്തകത്തിലെ 'വേലിയിലിരുന്ന മാവേലി' എന്ന അധ്യായം വായിക്കാം.

'ഡിമാന്‍ഡ്' വല്ലാത്ത ഒരു വാക്കാണ്. കാലത്തിനനുസരിച്ച് പലതിനോടുമൊപ്പം ചേരുന്ന ഒന്ന്. ആറു മാസങ്ങള്‍ക്കു മുന്‍പുവരെ ആര്‍ക്കും വേണ്ടാതെ കിടന്ന സാനിറ്റൈസറിനും മാസ്‌കിനും ഇന്ന് വലിയ ഡിമാന്‍ഡായി. ക്രിസ്മസ് വന്നാല്‍ നക്ഷത്രങ്ങള്‍ക്കും കെയ്ക്കിനും, മണ്ഡലകാലത്ത് കറുത്ത മുണ്ട്, എന്നാല്‍ ഓണക്കാലത്ത് കായവറുത്തതിനും ശര്‍ക്കരവരട്ടിക്കുമൊക്കെയാണ് ഡിമാന്‍ഡ് എന്നു കരുതിയെങ്കില്‍ തെറ്റി. അത് കുടവയറിനാണ്. സിക്സ്പാക്കിന്റെ തള്ളിക്കയറ്റത്തില്‍ ഫീല്‍ഡ് ഔട്ട് ആയ കുടവയറിന് ഓണക്കാലമായാല്‍ വലിയ വിലയാണ്.ഘോഷയാത്രകള്‍ക്കും മറ്റു സാംസ്‌കാരികപരിപാടികള്‍ക്കുമെല്ലാം മാവേലിയായി വേഷം കെട്ടാന്‍ കുടവയറുള്ള ഒരാള്‍തന്നെ വേണം. പൊതുവേ സാമ്പത്തികഭദ്രതയുള്ള മുതലാളിമാര്‍ക്കാണ് ഇതുണ്ടാകാറ്. അല്ലെങ്കിലും കുടവയറുള്ള പട്ടിണിപ്പാവങ്ങള്‍ ലോകത്തെങ്ങും ജീവിച്ചിരിപ്പില്ല. പണമുള്ളവന് ഈ വേഷം കെട്ടി നടക്കേണ്ട ആവശ്യമില്ല. പണം ആവശ്യമുള്ളവന് കുടവയറുമില്ല. ഇതാണ് മാനുഷരെല്ലാരും ഒരുപോലെയല്ല എന്നു പറയാന്‍ കാരണം.
ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെയൊരു ഓണക്കാലം. സോറി, ഇതുപോലെയല്ല എനിക്കൊക്കെ. അത്തംമുതല്‍ ഓണംവരെയുള്ള പത്തു ദിവസങ്ങളില്‍ പകലും രാത്രിയുമായി പതിനഞ്ചിലധികം പരിപാടികളുള്ള കാലം. ഇന്ന് ഒരു പരിപാടിപോലുമില്ലാതെ വീട്ടിലിരുന്ന് ഇതെഴുതുമ്പോള്‍ ഞാനനുഭവിക്കുന്ന വിഷമത്തെക്കാളും വലിയ ഒരു വിഷമവുമായാണ് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി എന്നെ വിളിച്ചത്. അര്‍ജന്റായി വൈകുന്നേരത്തേക്ക് ഒരു മാവേലി വേണം. എറണാകുളത്തെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഏതോ വലിയ കമ്പനിയുടെ തലപ്പത്തുള്ളവര്‍ മാത്രം പങ്കെടുക്കുന്ന ഓണാഘോഷം. വരുന്ന അതിഥികളെ സ്വാഗതം ചെയ്യാന്‍ ഒരു മാവേലി വേണം. തൊപ്പിയും ഓലക്കുടയുമൊക്കെ റെഡിയാണ്. വേഷം കെട്ടാന്‍ ആളില്ല. എന്നെ വല്ലപ്പോഴുമെല്ലാം പരിപാടിക്കു വിളിക്കുന്ന കമ്പനിയാണ്. സഹായിക്കാന്‍ ഞാനും തീരുമാനിച്ചു.

'ആളെ സംഘടിപ്പിച്ചുതരാം. നിങ്ങള്‍ അയാള്‍ക്ക് എത്ര രൂപ കൊടുക്കും?' ചോദ്യം ചോദിച്ച എന്നെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഉത്തരം വന്നത്, 'പതിനായിരം രൂപ.'
ഒന്നാലോചിച്ചശേഷം ഞാന്‍ ധര്‍മജനെ വിളിച്ച്, ആവശ്യം പറഞ്ഞു. 'ആളെയൊക്കെ ഞാന്‍ ഒപ്പിച്ചുതരാം. നീ അയാള്‍ക്ക് എത്ര രൂപ കൊടുക്കും?' അവന്റെ ചോദ്യം. എന്റെ മനസ്സില്‍ ഒരു ബേക്കറി പൊട്ടി. മനസ്സില്‍ ഒരു മൂലയ്ക്ക് ഉറങ്ങിക്കിടന്നിരുന്ന ടാറ്റയും അംബാനിയും സടകുടഞ്ഞെഴുന്നേറ്റു. ബിസിനസ് ചെയ്യാന്‍ ഇതാണ് പറ്റിയ അവസരം. ഞാന്‍ പറഞ്ഞു, 'അയ്യായിരം രൂപ! എനിക്ക് വളരെ വേണ്ടപ്പെട്ട കമ്പനിയാണ്.' ധര്‍മജന്‍ അതു വിശ്വസിച്ചു. ഒരൊറ്റ ഫോണ്‍കോളില്‍ അയ്യായിരം രൂപയുണ്ടാക്കിയ ഞാന്‍ എന്നിലെ ബിസിനസ്സുകാരന് ഷെയ്ക്ക്ഹാന്‍ഡ് കൊടുത്തു.

ധര്‍മജന്റെ വീടിനടുത്ത് അപ്ഹോള്‍സ്റ്ററി വര്‍ക്ക് ചെയ്യുന്ന വിജയന്‍ചേട്ടന്‍ (90 കിലോ) വേഷം കെട്ടാന്‍ സമ്മതിച്ചു. ജീവിതത്തിലാദ്യമായി മാവേലിവേഷം കെട്ടാന്‍ കിട്ടിയ അവസരം, ബാല്യകാലസുഹൃത്തായ ധര്‍മജന്റെ അഭ്യര്‍ഥന, വിജയന്‍ചേട്ടന്‍ തയ്യാറായി. ആ ചേട്ടനോട് ധര്‍മജന്‍ പറഞ്ഞു, 'വെറുതെ വേണ്ട. എടുക്കുന്ന പണിക്ക് പിഷാരടി കൂലി തരും. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം, മദ്യം... സന്തോഷമായില്ലേ?' വിജയന്‍ചേട്ടന്‍ ഹാപ്പിയാണ്. അല്പസമയം കഴിഞ്ഞപ്പോള്‍ ധര്‍മജന്‍ എന്നെ വിളിച്ചു. 'ഡാ, മാവേലി റെഡി. നീ പറയുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആളെത്തും. പിന്നെ നീ പറഞ്ഞ അയ്യായിരം രൂപയില്‍നിന്നും ആയിരം രൂപ അയാള്‍ക്കു കൊടുക്കണം. ബാക്കി നാലായിരം ഞാന്‍ എടുക്കും.'

അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. അവന്റെയുള്ളില്‍ ഉറങ്ങിയിരുന്നത് സ്റ്റീവ് ജോബ്സും ബില്‍ ഗേറ്റ്സും തന്നെയാണെന്ന്. ഞാന്‍ അയ്യായിരം രൂപ മാന്തിയ കാര്യം മറച്ചുവെച്ച് അവനോടു ചോദിച്ചു. 'നീ ചെയ്യുന്നത് ശരിയാണോ?' അവന്‍ പറഞ്ഞു, 'ശരിയാകാം, വിജയന്‍ചേട്ടന് ഓണത്തലേന്ന് ഒരു മണിക്കൂര്‍ ഒന്ന് വേഷം കെട്ടുന്നതിന് ആയിരം രൂപ കിട്ടുക എന്നു പറയുന്നത് വലിയ സന്തോഷമാണ്. മാത്രവുമല്ല, നിന്നോട് അയ്യായിരം രൂപ പറഞ്ഞെങ്കില്‍ ആ ഇവന്റ് കമ്പനി ഒരു പതിനയ്യായിരം രൂപയെങ്കിലും അവിടന്ന് വാങ്ങുന്നുണ്ടാകും.'

പുസ്തകം വാങ്ങാം

എന്തായാലും സംഗതി വിജയിച്ചു. മാവേലിയെ അവര്‍ക്കിഷ്ടപ്പെട്ടു. പാതിരാത്രി 12 മണിക്ക് ഇവന്റ് കമ്പനിയില്‍നിന്നും എനിക്കു വീണ്ടും വിളി വന്നു. 'നാളെ രാവിലെ ആ ഹോട്ടല്‍വരെ ഞാന്‍ പോകണമത്രേ. റിസെപ്ഷനില്‍ ഒരു കവറില്‍ പതിനായിരം രൂപ ഏല്പിച്ചിട്ടുണ്ട്.'
പിറ്റേന്നു രാവിലെ ഹോട്ടലിലെത്തി കവറു കൈപ്പറ്റി. പതിനായിരം രൂപ, ഒപ്പം ഒരു ബില്ലും 14,000 രൂപ. എനിക്കൊന്നും മനസ്സിലായില്ല. പതിനാലായിരം രൂപ അടയ്ക്കാതെ മാവേലിയെ വിട്ടുതരില്ല എന്ന അവസ്ഥ.

ഫ്‌ളാഷ്ബാക്ക്: മാവേലിവേഷം കഴിഞ്ഞ് അവിടെ നടന്ന പാര്‍ട്ടിയില്‍ വിജയന്‍ചേട്ടന്‍ ശരിക്കാഘോഷിച്ചു. കുടിക്കാവുന്നത്രയും മദ്യം കുടിച്ചു. തിന്നാവുന്നത്രയും തിന്നു. എന്നിട്ട് വീണ്ടും കുടിച്ചു. ചടങ്ങു കഴിഞ്ഞ് വന്നവരെല്ലാം വീട്ടില്‍ പോയി. പൂന്തോട്ടത്തില്‍ മദ്യലഹരിയില്‍ ബോധരഹിതനായി കിടന്ന മാവേലിയെ ഏതോ ഹോട്ടല്‍ ജീവനക്കാരനാണ് കണ്ടത്. ചടങ്ങു നടത്തിയ കമ്പനിയിലെ മേലുദ്യോഗസ്ഥനാണ് അല്പം ഓവറായി കിടക്കുന്നത് എന്നു കരുതി അയാള്‍ വിജയന്‍ചേട്ടനെ സ്യൂട്ട് റൂമില്‍ എടുത്തുകൊണ്ടുപോയി കിടത്തി.

ആ റൂമിന്റെ വാടകയാണ് പന്ത്രണ്ടായിരം രൂപ. ഉറക്കം എഴുന്നേറ്റ് സ്യൂട്ട് റൂമിലെ തണുപ്പു സഹിക്കാന്‍ വയ്യാതെ നോണ്‍ സ്മോക്കിങ് റൂമിലിരുന്ന് വിജയന്‍ചേട്ടന്‍ ബീഡി വലിച്ചതിന്റെ ഫൈനാണ് രണ്ടായിരം രൂപ.
യാതൊരു കൂസലുമില്ലാതെ റിസെപ്ഷനില്‍ ഇരിക്കുകയാണ് വിജയന്‍ചേട്ടന്‍. 14,000 രൂപ മുറിവാടക ഞാന്‍ കൊടുത്തു. അയാളെയും കൂട്ടി ഹോട്ടലിനു പുറത്തെത്തി. അടങ്ങാത്ത അമര്‍ഷത്തോടെ വിജയന്‍ചേട്ടന്‍ എന്നെ നോക്കി. എന്നിട്ടൊരു ചോദ്യം, 'ധര്‍മജന്‍ പറഞ്ഞ ആയിരം രൂപ നീ തരണം.' ഞാന്‍ അതും കൊടുത്തു. അയ്യായിരം രൂപയുണ്ടാക്കാന്‍ നോക്കിയ എനിക്ക് അയ്യായിരം രൂപ ചെലവായി.
സങ്കടം സഹിക്കാനാവാതെ ഞാന്‍ ബൈക്കില്‍ കയറി. പെട്ടെന്ന് ധര്‍മജന്റെ കോള്‍ വന്നു, 'ഹാപ്പി ഓണം. മറ്റേ മൂവായിരം രൂപ ഇനി കാണുമ്പോള്‍ മറക്കാതെ തരണേ.'

Content Highlights: Ramesh Pisharody, Dharmajan Bolgatty, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented