പുസ്തകത്തിന്റെ കവർ
വി. മുഹമ്മദ് കോയ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണവല' എന്ന നോവല്‍ കാലികപ്രസക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. കണ്ണടച്ചുതുറക്കും മുമ്പേ പണക്കാരായിത്തീരാനുള്ള യുവാക്കളുടെ കുറുക്കുവഴികളിലേക്ക് സ്വര്‍ണക്കടത്തും കുഴല്‍പ്പണവും വഹിക്കുന്ന പങ്കിനെക്കുറിച്ച് സംവദിക്കുന്ന നോവലിന്റെ ആദ്യഭാഗം വായിക്കാം.
കഥ നടക്കുന്ന സ്ഥലത്തിന്റെ പേരെന്താണ്. എം. പട്ടണം. ഏതുകാലത്താണ് കഥ നടക്കുന്നത്? ഈയിടെ, കഴിഞ്ഞ വര്‍ഷങ്ങളില്‍. ഒക്ടോബര്‍ മാസത്തിലെ ചൊരിഞ്ഞ മഴ. തലേന്ന് രാത്രിയില്‍ തുടങ്ങിയതാണ്. ശമനമില്ലെന്ന് ആകാശവും ഭൂമിയും വിളിച്ചുപറയുന്നു. എം. പട്ടണം ഉണരുന്നതേയുള്ളൂ. പ്രഭാതനമസ്കാരത്തിനു താമസിച്ചുവരുന്നവര്‍ വലിയ മഹല്ല് പള്ളിയില്‍നിന്നും ഇറങ്ങിവരുന്നു. അവരുടെയാക്കെ ചുണ്ടില്‍ ദൈവസ്തോത്രമുണ്ട്. പലരും തട്ടുകടയ്ക്ക് മുന്നില്‍നിന്നും കട്ടന്‍ചായ വാങ്ങിക്കുടിക്കുകയാണ്. പത്രവിതരണക്കാര്‍ എല്ലാം എണ്ണിക്കണക്കാക്കി ഭാഗം വീതിച്ചു കൊണ്ടുപോകുന്നു. കുറച്ചാളുകള്‍ പ്രഭാതനടത്തത്തിലാണ്. കൈകള്‍ വീശി മുമ്പോട്ടുമാത്രം നോക്കിയുള്ള നടത്തം. വാഹനപ്പെരുപ്പം അധികമില്ല. ബാംഗ്ലൂരില്‍നിന്നും വരുന്ന വലിയ ഹൈടെക് ബസ്സുകളാണധികവും കടന്നുപോകുന്നത്.
മഴയുടെ ചാറല്‍ വകവെക്കാതെ നവാസ് തിരക്കിട്ടുനടക്കുകയാണ് എം. പട്ടണത്തിലൂടെ. ഇവിടെ നമ്മുടെ കഥ തുടങ്ങുന്നു. തലേന്ന് രാത്രിയില്‍ത്തന്നെ ബാപ്പ പറഞ്ഞേല്‍പ്പിച്ചിരുന്നു; രാവിലെത്തന്നെ പൊയ്ക്കോ നവാസേ. സ്വര്‍ണ്ണക്കച്ചവടം ചെയ്യുന്ന മമ്മൂട്ടിഹാജിയുടെ വീട്ടില്‍ പോകണം. ബാപ്പ പറഞ്ഞയച്ചതാണെന്നു പറയണം. കടയില്‍ തരാനുള്ള പണത്തിന് ഒന്നുരണ്ടു മാസക്കാലത്തെ അവധി നീട്ടിത്തരാനും പറയണം. ഈ മാസം റിട്ടയര്‍ ചെയ്യും. പിന്നെ ട്രഷറിയിലെ താമസം മാത്രം.
ജീവിതത്തില്‍ ചില നിമിഷങ്ങളുണ്ടല്ലോ. എന്തുചെയ്യണമെന്ന് നിശ്ചയം വരാത്ത നിമിഷങ്ങള്‍. അതെയെന്നോ ഇല്ലെന്നോ പറയാന്‍ പറ്റാത്ത അവസ്ഥ. അത്തരമൊരു ധര്‍മ്മസങ്കടത്തിലായിരുന്നു നവാസ്. മമ്മൂട്ടിഹാജിയുടെ വീട്ടിലേക്കു പോകുകയെന്നു പറഞ്ഞാല്‍ കൊല്ലുന്നതിനു സമംതന്നെ. അവിടെ മുമ്പും പോയിട്ടുണ്ട്. പത്താംക്ലാസില്‍ ഒപ്പം പഠിച്ചിരുന്ന സിദ്ദീഖ് ആ വീട്ടില്‍നിന്നു വരുന്നവനാണ്. താഴെക്ലാസില് പഠിച്ചിരുന്ന റംല ആ വീട്ടിലെയാണ്. മകന്റെ സതീര്ത്ഥ്യനെ കാണുമ്പോള്‍ ഒന്നു ചിരിക്കാന്‍പോലും മമ്മൂട്ടിഹാജി മിനക്കെടാറില്ല. ആ വീട്ടില്‍ പോകുമ്പോഴൊക്കെ താന്‍ എത്രയോ ചെറുതായി പോകുന്നതുപോലെ നവാസിനു തോന്നാറുണ്ട്. ആബിദയുടെ കല്യാണത്തിന് സ്വര്‍ണ്ണമെടുക്കാന്‍ ബാപ്പ കണ്ടുവെച്ചത് ഹാജിയുടെ കടയില്‍നിന്നാണെന്ന് ഉമ്മ പറഞ്ഞപ്പോള്‍ത്തന്നെ പ്രതികരിച്ചതാണ്, 'അത് വേണ്ട ഉമ്മാ. അയാളൊരു കണിശക്കാരനാണ്. ബാപ്പയോട് വേറെ സ്വര്‍ണ്ണക്കട നോക്കാന്‍ പറയ്.'
'വേറെ നമ്മള്‍ക്ക് കടം തരുന്ന ജ്വല്ലറി ഇല്ല നവാസേ. ഹാജി എത്ര വേണേങ്കിലും കടം തരും. കൊഴപ്പമൊന്നും ആവൂല. ബാപ്പ സര്‍വീസിലിരുന്ന് പിരിഞ്ഞാല്‍ കിട്ടുന്ന പൈസ കൊടുക്കാലോ, തല്ക്കാലം ആബിദ ഒന്ന് ഇറങ്ങട്ടെ.'
സ്വര്‍ണ്ണക്കടകള്‍ നിരനിരയായി കാണപ്പെടുന്ന എം. പട്ടണത്തിലൂടെ നവാസ് മുമ്പോട്ടു നടന്നു. കടകള്‍ തീരുന്നേടത്ത് വയല്‍വരമ്പുകള്‍ തുടങ്ങുന്നു. അവിടെ വലിയൊരു കാര്‍ വര്‍ക്ക്ഷോപ്പും പെട്രോള്‍ പമ്പുമുണ്ട്. അതു കഴിഞ്ഞു വീണ്ടും മുമ്പോട്ടു നീങ്ങിയാല്‍ കാണുന്ന വീതി കുറഞ്ഞ ടാറിട്ട റോഡിലൂടെ നടന്നുചെന്നാല്‍ മമ്മൂട്ടിഹാജിയുടെ വീടു കാണാം. വീടു കാണുന്നതിനു മുമ്പ് ഗേറ്റ് കാണാം. ഗേറ്റിനടുത്തായി പശുക്കള്‍ നിറഞ്ഞ തൊഴുത്ത് കാണാം.
അപ്പോഴേക്കും ചാറ്റല്‍മഴ വീണു. ആകാശത്തിനു കറുത്ത നിറം. സൂര്യഗോളത്തെ അടുത്തൊന്നും പുറത്തേക്കു കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഉമ്മ പുറകില്‍നിന്ന് വിളിച്ചു പറഞ്ഞിരുന്നു, 'നവാസേ, കുടയെടുത്ത് പൊയ്ക്കോ. മഴ പെയ്യൂന്നാ തോന്നണത്.' ഉമ്മയോടുള്ള രോഷം നോട്ടത്തില്‍ ഒതുക്കി. ഇഷ്ടമില്ലാത്ത വീട്ടില്‍ ഇഷ്ടമില്ലാത്ത കാര്യം പറയാന്‍ പോകുമ്പോള്‍ ആര്‍ക്കുമുണ്ടാകും മടി.
മഴ തിമര്‍ത്തു. അടുത്ത് വീടുണ്ട് കയറിനില്ക്കാന്. പക്ഷേ അതിനൊരു മടി. മമ്മൂട്ടിഹാജിയുടെ വീട് ഇങ്ങെത്തിക്കഴിഞ്ഞു. അയാളുടെ പടിപ്പുരയില്‍ ആരും കാണില്ല. ഷര്‍ട്ടഴിച്ചു തല തുവര്‍ത്താം. എന്നിട്ട് മതി കോളിങ്ബെല്‍ അമര്‍ത്താന്‍.
നനഞ്ഞൊലിച്ചു പടിപ്പുരയില്‍ സ്തംഭിച്ചുനിന്നപ്പോഴാണ് അമളി മനസ്സിലായത്. മമ്മൂട്ടിഹാജി കുടയും ചൂടി മുറ്റത്ത് നില്ക്കുന്നു. തൊഴുത്തില്‍ നിറഞ്ഞുനില്ക്കുന്ന പശുക്കളെയും നോക്കി നില്‍പ്പാണ്. ഷാനവാസിനെ കണ്ടപ്പോള്‍ പടിപ്പുരയ്ക്കകത്തേക്കു വന്നു.
'മഴ നനയണ്ട കുട്ടീ. ഇങ്ങോട്ട് കയറിനിന്നോ.'
നവാസ് അക്ഷരംപ്രതി അനുസരിച്ചു. തല പിന്നെ തുവര്‍ത്താം. ഇനി തുവര്ത്തിയില്ലെങ്കിലും കുഴപ്പമില്ല. ഇയാളുടെ രണ്ടു മക്കളും കാണാതെ ഇവിടെവെച്ചുതന്നെ കാര്യം പറഞ്ഞുപിരിയാം. ചീത്ത പറയുകയാണെങ്കില്‍ ഇവിടെവെച്ചുതന്നെയാകട്ടെ. സഹപാഠികളും സമപ്രായക്കാരുമൊക്കെയായ ഇയാളുടെ മക്കള്‍ ഒന്നും കേള്‍ക്കരുത്, കാണരുത്.
'ഇനിക്ക് ആളെ മനസ്സിലായിട്ടില്ല. എവിടന്നാ വരുന്നത്?'
'ഞാന്‍ അസീസ്മാഷിന്റെ മോനാണ്,' നവാസ് ആമുഖം പറഞ്ഞുവെച്ചു. അതു പറഞ്ഞാല്‍ത്തന്നെ മമ്മൂട്ടിഹാജിക്ക് കാര്യം മനസ്സിലാകും. കിട്ടേണ്ട കള്ളന് പടിപ്പുരയ്ക്കലെത്തിയിരിക്കുന്നു. പറഞ്ഞത് അയാള്‍ കേട്ടില്ലെന്നു തോന്നി. 'ഇവിടെനിന്നോ. തല തോര്‍ത്താന്‍ മുണ്ടും എടുത്തു വരാം.'
അപ്പോഴും സമൃദ്ധമായി മഴപെയ്തുകൊണ്ടേയിരുന്നു. പടിപ്പുരയ്ക്കരികിലൂടെ മഴവെള്ളം കുത്തിയൊലിച്ചു വരുന്നു. മുറ്റവരമ്പ് കെട്ടിയ കല്ലിന്മേല് തട്ടി പല കൈവഴികളായി പതയൊലിപ്പിച്ചു ഓവിലേക്കു ചാടുന്നു.
അകത്തേക്കു കയറിപ്പോയ ഹാജിയെ നോക്കുകയായിരുന്നു നവാസ്. വീട്ടില്‍നിന്നാരെങ്കിലും പുറത്തേക്കു വരുന്നുണ്ടോ? തോര്‍ത്താന്‍ മുണ്ടൊന്നും വേണ്ടെന്നും, പറയാനുള്ളത് പറഞ്ഞിട്ട് പോയ്ക്കൊള്ളാമെന്നും എന്തുകൊണ്ട് പറഞ്ഞില്ല. തനിക്ക് പരിചയമുള്ള, ഒപ്പം പഠിച്ചിരുന്ന രണ്ടുപേര്‍ ഈ വീട്ടിലുണ്ടെന്ന് എന്തുകൊണ്ട് ഓര്‍ത്തില്ല. ഇവര്‍ ജീവിതത്തില്‍ വിജയിച്ചവരും താന്‍ പരാജയപ്പെട്ടവനുമാണ്.
പഴക്കമുള്ള വീടാണ് മമ്മൂട്ടിഹാജിയുടേത്. എം. പട്ടണത്തില്‍ പലരും പഴയവീടുകള്‍ ഇടിച്ചുനിരത്തി പുത്തന്‍ കോണ്‍ക്രീറ്റ് ഭവനങ്ങള്‍ ആകാശത്തേക്കുയര്ത്തിയെങ്കിലും ഈ വീടെന്തുകൊണ്ടോ പൊളിച്ചുപണിതിട്ടില്ല. നിറം മങ്ങിയ പഴക്കമുള്ള ഓടുകള്‍ പ്രതാപത്തിന്റെയും പ്രൗഢിയുടെയും പഴങ്കഥകള്‍ പറയുന്നു. ഉത്തരവും കഴുക്കോലുമൊക്കെ നാലുകോല് വണ്ണത്തിലല്ല, ആറുകോല്‍ വണ്ണത്തിലാണ്. കോലായില്‍ വലതുഭാഗത്തായി വിശാലമായ തിണ്ണ കാണാം. ആ തിണ്ണയില്വെച്ചൊരു ദിവസം ഹാജിയില്ലാത്ത നേരത്ത് സിദ്ദീഖിനോടൊപ്പം ഉച്ചയൂണു കഴിച്ചിട്ടുണ്ട്. സ്നേഹത്തിന്റെ പെരുത്ത പൂത്താലിയുമായി സിദ്ദീഖിന്റെ ഉമ്മയാണു ചോറുവിളമ്പിത്തന്നത്. തീരുംവരെ പെങ്ങള് റംലയും അരികത്തുണ്ടായിരുന്നു. എവിടെ അവര്‍ രണ്ടുപേരും. വരുന്നതിനു മുമ്പ് രക്ഷപ്പെടണം.
പുതിയ രീതിയിലുള്ള ഫര്‍ണിച്ചറുകളൊന്നും കോലായില്‍ ഇട്ടിട്ടില്ല. പൊളിഞ്ഞുവീഴാറായ ചാരുകസേരയും അതിലെന്നോ മാറ്റിയിടേണ്ട തുണിയും നവാസ് ഇവിടെ വരുമ്പോഴൊക്കെ കാണുന്നതാണ്. അതിനു പുറകില്‍ കരിവീട്ടിയില്‍ പണിതീര്‍ത്ത കൂറ്റന്‍ കൈക്കസേരകള്. കസേരയുടെ കാലുകള്‍ ഇരിക്കുന്നയാളുടെ തലയോളം ഉയരത്തില്‍ കടഞ്ഞെടുത്തിരിക്കുന്നു. ആധുനികമെന്ന് പറയാമെങ്കില്‍ ഇപ്പോള്‍ കാണുന്ന കസേരയിലിട്ടിരിക്കുന്ന കുഷ്യന് മാത്രമാണ്. മുറ്റത്ത് പല വീടുകളിലും കാണുന്ന ഇന്റര്‍ലോക്കിനു പകരം ചെങ്കല്ലു പാകി ചൊകപ്പനാക്കി മാറ്റിയിരിക്കുന്നു. നല്ല വെളുത്ത നിറത്തിലുള്ള മാരുതി സ്വിഫ്റ്റ്കാര്‍ ഷെഡ്ഡിലേക്ക് കയറ്റി നിര്‍ത്തിയിരിക്കുന്നു. കാറില്‍നിന്ന് വെള്ളമിറ്റ് വീഴാനുള്ള കാരണം ഇതുവരെ മുറ്റത്ത് നിര്‍ത്തി മഴകൊണ്ടതാകാം.
ഓടുമേഞ്ഞ തൊഴുത്തില്‍ മൂന്നോ നാലോ പശുക്കള്‍ കിടന്നു അയവെട്ടുന്നു. ഹാജി ഇതുവരെയും പശുക്കളുടെയരികെയായിരുന്നിരിക്കാം. കൂട്ടത്തിലൊരു പുള്ളിപ്പശു തൊഴുത്തിനൊരലങ്കാരമായിരിക്കുന്നു. പശുവിന് ഉയരം കുറവും നീളം കൂടുതലുമാണ്. അതിന്റെ കുട്ടിയായിരിക്കാം അരികെ കെട്ടിയിട്ടുണ്ട്. അമ്മയുടെ മുല കുടിക്കാന്‍ വേണ്ടി അത് കയറുപൊട്ടിക്കാനുള്ള ശ്രമത്തിലാണ്.
'ഇന്നാ ഇതുകൊണ്ട് തല തോര്‍ത്തിക്കോ.'
മുണ്ടു വാങ്ങി തല തുവര്‍ത്തി തിരികെ കൊടുക്കുമ്പോള്‍ കണ്ടതു തന്നെ നോക്കിനില്ക്കുന്ന ഹാജിയെയാണ്. അയാള്‍ക്കു തന്നെ മനസ്സിലായിരിക്കുന്നു. അസീസ് മാഷിന്റെ മോനാണെന്ന് താന്‍ പറഞ്ഞത് ഉള്‍ക്കൊണ്ടിരിക്കുന്നു.
'അസീസ് മാസ്റ്റെ മോനാണല്ലേ?'
'അതെ,' സങ്കോചത്തോടെ മറുപടി കൊടുത്തു. തുടര്വാചകത്തിനു തപ്പിത്തടയേണ്ടിയും വന്നു. 'ബാപ്പ പറഞ്ഞത് പൈസയ്ക്ക് കുറച്ചുംകൂടി അവധി വേണോന്നാണ്.'
'അതെനിക്ക് നിന്നെ കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി.' ശബ്ദമുയര്‍ത്താതെയും കയര്ക്കാതെയുമാണ് മമ്മൂട്ടിഹാജി പറഞ്ഞുതുടങ്ങിയത്, 'ഒരുദിവസം കൂടി അവധി ഞാന്‍ തരൂലാ. പറഞ്ഞത് മനസ്സിലായില്ലേ?'
വീണ്ടും അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കാന്‍ ഒട്ടും മനസ്സുണ്ടായിരുന്നില്ല. തൊഴുത്തിലെ പുള്ളിപ്പശുവിനെ നോക്കി. വീണ്ടും തള്ളപ്പശുവിന്റെ അകിട്ടിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. വിഫലം.
'പെങ്ങളെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ എത്ര മാസായി മോനേ, നിനക്കറിയോ?'
'മൂന്നുമാസം കഴിഞ്ഞു,' സുമാര്‍ പറഞ്ഞൊപ്പിച്ചതാണ്. അധികമാകാനേ വഴിയുള്ളൂ. കുറവ് വരില്ലെന്നു തീര്‍ച്ച.
'എന്നാല്‍ നീയതൊന്നു മനസ്സിലാക്കിക്കോ,'ഹാജി ശാന്തനായിത്തന്നെയാണ് പറയുന്നത്. രോഷമൊന്നുമില്ല. അയാള്‍ അയാളുടെ കാര്യം പറയുന്നു. താന്‍ തന്റെ കാര്യം പറയുന്നു.
'ഒരുമാസം കൊണ്ട് ഒറ്റപ്പൈസ ബാക്കിവെക്കൂലാന്ന് പറഞ്ഞാണ് ബാപ്പ സ്വര്‍ണ്ണം വാങ്ങിയത്. നിനക്കറിയോ.'
ഒന്നും മിണ്ടിയില്ല. തനിക്കതൊന്നുമറിയില്ല. അതൊക്കെ വലിയവര്‍ തമ്മിലുള്ള കാര്യം. ഇപ്പോള്‍ ബാപ്പയും ഉമ്മയും താനുമൊക്കെ നിസ്സഹായാവസ്ഥയിലാണ്. സ്വര്‍ണ്ണം വാങ്ങി പെങ്ങളുടെ കല്യാണം നടത്തിയിരിക്കുന്നു. ഒരു മാസംകൊണ്ട് കൊടുക്കാമെന്ന് പറഞ്ഞിട്ട് മൂന്നുമാസംകൊണ്ട് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ന് കൊടുക്കാന്‍ കഴിയുമെന്ന് ബാപ്പ പറഞ്ഞിട്ടുണ്ട്. അത് ഹാജിയോടു പറയണം. പറയാതെ പറ്റില്ല.
'ബാപ്പ ഈ മാസം സ്കൂളില്‍നിന്ന് പിരിയും. പിരിഞ്ഞുകിട്ടുന്ന തുക എന്തായാലും കൊണ്ടുതരും. അതാണ് ബാപ്പ പറഞ്ഞത്.'
'അത് നമ്മക്ക് പറ്റൂലാ,' ഇപ്പോള്‍ മമ്മൂട്ടിഹാജിയുടെ സ്വരത്തില്‍ ഒട്ടും മയമില്ല: 'ആ കരാറില്‍ ഞാന്‍ പൊന്നു തന്നിട്ടില്ല. ഞാന്‍ പറഞ്ഞ വാക്കനുസരിച്ചുള്ള അവധി കഴിഞ്ഞിട്ട് രണ്ടുമാസായി.'
നവാസ് ചകിതനായി നിന്നതേയുള്ളൂ. എന്തു പറയണം. എന്തു പറഞ്ഞു ഒഴിവാക്കണം. വലിയ ആളുകളോടു സംസാരിച്ച് പരിചയം കുറവ്. ചമ്മലും പേടിയുമൊക്കെയുണ്ട്. എല്ലാറ്റിനും പുറമെ തനിക്കരോചകമായ നാലുകണ്ണുകളില്‍ ഒന്നെങ്കിലും തന്നെ ഈ പരുവത്തില്‍ കാണുമോ എന്തോ?
'ഞങ്ങളെ ചിട്ട എന്താണെന്നറിയോ നിയ്യ്?'
'ഇനിക്ക് ഒന്നും അറിയൂലാ.'
'എന്നാല്‍ ഞാന്‍ പറഞ്ഞുതരാം. അവധി തെറ്റിയാല്‍ പെണ്ണിനെ കെട്ടിച്ച പുരയിലേക്കു പോകും. എന്നിട്ട് പൊന്നും കഴിച്ചു പോരും. മനസ്സിലായോ?'
നവാസിനു താന്‍ ചെറുതായിച്ചെറുതായി ഭൂമിക്കടിയിലേക്ക് പോകുന്നുണ്ടോയെന്നു തോന്നിപ്പോയി. ഇതില്‍പ്പരം എന്തപമാനമാണ് പടച്ചവനേ ഇനി വരാനിരിക്കുന്നത്. ആബിദയെ കെട്ടിച്ച വീട്ടിലേക്ക് സ്വര്ണ്ണക്കടയില്നിന്ന് ആള് പോവുക. എന്നിട്ട് സ്വര്‍ണ്ണം തങ്ങളുടേതാണെന്ന് പറയുക. അതെച്ചൊല്ലിയവിടെ വാക്തര്‍ക്കം ഉണ്ടാവുക. ഇതൊക്കെയറിഞ്ഞാല്‍ പിന്നെ ബാപ്പ ജീവിച്ചിരിക്കുമോ, ഉമ്മ ജീവിച്ചിരിക്കുമോ?
'അല്ല, അതുപോട്ടെ, നിനക്കെന്താണ് ജോലി?'
'ഞാനൊരു സ്വര്ണ്ണക്കടേല് നില്‍ക്കലാണ്.'
'എന്താ പണി, സേല്സ്മാനാ?'
'അതെ.'
'ഏത് സ്വര്ണ്ണക്കടേല്. ആരാണതിന്റെ മൊതലാളി.'
'മൊതലാളീന്ന് പറഞ്ഞാല്‍...'നവാസ് അല്‍പ്പം ശങ്കിച്ചുനിന്നു.
'അത് രണ്ടുമൂന്ന് ചെക്കന്മാര് തൊടങ്ങിയ ചെറിയ ജ്വല്ലറിയാ.'
'ശരി നിനക്കവിടെനിന്ന് വാങ്ങിയാപ്പോരായിരുന്നോ സ്വര്‍ണ്ണം, പെങ്ങക്ക് കൊടുക്കാന്‍.'
ആ അദ്ധ്യായം അവിടെ അവസാനിച്ചതുപോലെ തോന്നി. മമ്മൂട്ടി ഹാജി തൊഴുത്തിന്റെയരികിലേക്ക് നീങ്ങി. മഴ തുള്ളിവിട്ടു തോര്‍ന്നു. ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ ഹാജിയുടെ ശബ്ദം കേട്ടു:
'ശരി. നീ ബാപ്പയോട് ഒന്നെന്നെ കാണാന്‍ പറയ്.'
ആശ്വാസം. നവാസിന് പിന്നെയവിടെ നില്‍ക്കേണ്ടതില്ല. ഇറങ്ങുകയായിരുന്നു. അപ്പോള്‍ പുറകില്നിന്നൊരു വിളികേട്ടു. 'നവാസേ, നീയെപ്പോ വന്നു?'
സിദ്ദീഖ് അരികിലേക്കു വന്നു: 'നീ എപ്പോ വന്നെടാ. ഞാന്‍ അകത്തുണ്ടായിരുന്നു. എന്നാ നിനക്ക് എന്നെ ഒന്നു വിളിച്ചൂടായിരുന്നോ?'
അവനോട് ഒന്നും മിണ്ടാന്‍ തോന്നിയില്ല. ഇനി താഴാനും വഷളാകാനും ഒന്നും ബാക്കിയില്ല. മുതലാളിയുടെ മകനായ അവന് ഈ വലിയ വീട്ടില്‍. പ്രൈമറിസ്കൂള്മാഷിന്റെ മകനായ താന്‍ പ്രാരാബ്ധങ്ങളുടെ നടുവില്‍.
'നീ ബാപ്പയെ കാണാന്‍ വന്നതാണല്ലേ? അന്നത്തെ പൈസ ബാക്കിയുണ്ടാവും അല്ലേ?'
'അതേ സിദ്ദീഖേ,' നവാസ് തറപ്പിച്ചുപറഞ്ഞു.
'അത് തന്നാല്‍ തീരും. ബാപ്പ അടുത്തയാഴ്ച സര്‍വീസീന്ന് പിരിയുന്നുണ്ട്. പെന്‍ഷനായി. അത് കിട്ടിയാല്‍ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ.'
സിദ്ദീഖ് നിസ്സഹായനായി നിന്നതേയുള്ളൂ.
'അത് സാരമാക്കണ്ട. വാ. നമ്മക്ക് ചായ കഴിക്കാം.'
വേണ്ടെന്നു പറഞ്ഞു. മഴച്ചോര്‍ച്ചയ്ക്ക് ഇറങ്ങാം. ഹാജിക്ക് മയത്തില്‍ സംസാരിക്കാമായിരുന്നുവെന്ന് ഉള്ളില്‍ തോന്നി. കടത്തിന് അവധി പറയാന്‍ വന്ന മകന്റെ പ്രായമുള്ള പയ്യനോട് ഇങ്ങനെയായിരുന്നില്ല പെരുമാറേണ്ടത്.
പുറത്തേക്കിറങ്ങുന്നതിനു മുമ്പ് വീണ്ടുമൊരു മഴയ്ക്ക് ആകാശവും ഭൂമിയും ഒരുങ്ങിപ്പുറപ്പെടുന്നതിനിടയില് നവാസ് ചിന്തിച്ചുകൂട്ടിയത് ഉള്ളവനും ഇല്ലാത്തവനും തമ്മിലെ ജീവിതവൈരുദ്ധ്യങ്ങളെക്കുറിച്ചായിരുന്നു. പണമില്ലാത്തവന് ആരാണ് മുഖംകൊടുക്കുന്നത്, ഉള്ളവനെ ആരാണ് വണങ്ങാത്തത്. മുഴുവന്‍ അളവുകോലുകളും ഈയൊരന്തരത്തില് ചെന്നുമുട്ടിനില്ക്കുന്നു. എന്നാണ് തനിക്കൊരു ഭേദപ്പെട്ട ജീവിതം കിട്ടുന്നതെന്നും നവാസ് ചിന്തിച്ചു. ബാപ്പയ്ക്കും പൂര്വ്വികന്മാര്ക്കുമൊന്നും കിട്ടാത്ത പ്രമാണിത്തരവും പണവും മോഹിച്ചിട്ടെന്ത് കാര്യം. ഒരു ചെറിയ ജുവലറിജീവനക്കാരന് ഉയര്‍ന്നാല്‍ ഒരു വലിയ ജുവലറിയിലെ ജീവനക്കാരനായേക്കാം. ഇപ്പോള്‍ കിട്ടുന്ന വേതനത്തിന്റെ ഇരട്ടിയും ചിലപ്പോള്‍ കിട്ടിയേക്കാം. ഞെരുങ്ങിജീവിക്കാം. ഇനിയുമൊരു വേള ഗള്‍ഫിലെ എന്തെങ്കിലുമൊരു ജുവല്ലറി ഷോറൂമിലെത്തിയേക്കാം. വിവാഹം കഴിച്ചു തട്ടിമുട്ടി ജീവിക്കാം.
ജീവിതം അങ്ങനെയങ്ങ് തീരും. അങ്ങനെയാവരുത്. പണമുള്ളവനേ ജീവിതമുള്ളൂ. വലിയ വീട് വെക്കണം. മുന്തിയ വാഹനത്തില്‍ സഞ്ചരിക്കണം. റിയല്‍ എസ്റ്റേറ്റിന്റെയും ഷോപ്പിങ് മാളിന്റെയും ഉടമയാകണം. ആളുകള്‍ ബഹുമാനിക്കണം. വരുംതലമുറകള്‍ക്ക് ഉയര്‍ന്ന ജീവിതം നല്‍കണം. അതിനെന്താണു വഴി. ആര്‍ക്കൊക്കെയോ തുറന്നുകിട്ടുന്ന വഴികളുണ്ട്. ആരൊക്കെയോ പിടിച്ചു കയറുന്ന കയറുകളുണ്ട്. അത്തരം കോണിപ്പടികള്‍ സ്വയം ഉരുത്തിരിഞ്ഞുവരുമെന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്. മനസ്സും കണ്ണും തുറന്നുവെച്ചിരിക്കണം. പലതും ത്യജിക്കേണ്ടിവന്നേക്കാം. കടന്നുവന്ന വഴികളെ ചവിട്ടിമെതിച്ചേ മുമ്പോട്ടുപോകാന്‍ കഴിയുകയുള്ളൂവെങ്കില്‍ അങ്ങനെ.
മുറ്റത്തേക്ക് കാലെടുത്തുവെച്ചപ്പോള്‍ സിദ്ദീഖിനോട് ചോദിച്ചു: 'സിദ്ദീഖേ, റംലയെവിടെ?'
സിദ്ദീഖ് അകത്തേക്കു കയറി. 'അവളടുക്കളയിലായിരിക്കും. വിളിക്കണോ?'
'വേണ്ടാ, വേണ്ട,' പോരുമ്പോള്‍ മമ്മൂട്ടിഹാജി എവിടെയെന്നു നോക്കി. പുള്ളിപ്പശുവിന്ന് വൈക്കോലിട്ട് കൊടുക്കുന്നു. കണ്ണുകള്‍ പിന്‍വലിച്ചപ്പോള്‍ മനസ്സിന്റെ അകതാരിലെവിടെനിന്നോ ഒരു മര്മ്മരമുയരുന്നത് നവാസിനു കേള്‍ക്കാം. ഇനിയും വരും നവാസ് ഇവിടെ. അന്നു നിങ്ങളെനിക്ക് കസേരയിട്ടുതരും. ആദരവിന്റെ കണ്ണുകളോടെ നിങ്ങളെന്നോട് കുശലം പറയും. അതിനു കാരണം എന്റെ കൈയില്‍ പണമുള്ളതായിരിക്കും. അതെപ്പോഴെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
പടിപ്പുരയും കടന്നു റോഡിലേക്കിറങ്ങിയപ്പോള്‍ നവാസ് ഓര്‍ത്തത് തന്റെ മുഖം നനഞ്ഞതിനെക്കുറിച്ചായിരുന്നു. മഴ വീണത് കാരണമല്ല, കണ്ണീര് വീണ് നനഞ്ഞതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..