'വിശ്വാസത്തിന്റെയും മതത്തിന്റെയും ചിഹ്നങ്ങള്‍ അണിയാത്തവർ'; സബിൻ ഇഖ്ബാലിൻെറ നോവൽ 'സമുദ്രശേഷം'


'ആരെടാ അമ്പലക്കുളം അശുദ്ധമാക്കിയത്, ങ്‌ഹേ,' അവന്‍ തന്റെ നനഞ്ഞ നിക്കര്‍ കുളത്തിന്റെ കല്‍പ്പടവിലുപേക്ഷിച്ച് എഴുന്നേറ്റു, 'ആരെടാ കുളത്തില്‍?' അവന്‍ വീണ്ടും വിളിച്ചു ചോദിച്ചു.

സബിൻ ഇഖ്ബാൽ, നോവൽ കവർ

സബിന്‍ ഇഖ്ബാലിന്റെ പ്രശസ്തനോവലായ ക്ലിഫ്ഹാങ്ങേഴ്‌സ് ജോണി എം.എല്‍. പരിഭാഷപ്പെടുത്തി സമുദ്രശേഷം എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. നോവലില്‍നിന്നും ഒരു ഭാഗം വായിക്കാം.

പ്രദേശത്തെ മദ്രസയുടെ പിന്നിലുള്ള പൊന്തകള്‍ക്കും മുള്‍ച്ചെടികള്‍ക്കുമിടയിലാണ് ഞങ്ങളുടെ സൗഹൃദം വളര്‍ന്നത്. ഖുര്‍ആനിലെ സൂക്തങ്ങളെ കാണാപ്പാഠം പഠിക്കാന്‍ കഴിവുകുറഞ്ഞ കുരുത്തംകെട്ട വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍. വിരലില്‍, കറുത്ത കല്ലു തിളങ്ങുന്ന വെള്ളിമോതിരം ധരിച്ച, നിറയെ അത്തര്‍ മണക്കുന്ന കര്‍ക്കശക്കാരനായിരുന്നു നമ്മുടെ ഉസ്താദ്. ഒരു ദിവസം അയാള്‍ നമ്മുടെ നിക്കറുകള്‍ വലിച്ചു താഴ്ത്തി ക്ലാസിനു മുന്നില്‍ നിര്‍ത്തി അടിച്ചു തൊലി പൊട്ടിച്ചു. മദ്രസയ്ക്കു പിന്നിലെ പൊന്തയ്ക്കിടയിലിരുന്ന് നമ്മള്‍ തുടകളിലെയും ചന്തിയിലെയും തിണര്‍പ്പുകള്‍ പരിശോധിച്ചു. വരഞ്ഞ കരിമീന്‍പോലിരുന്നു അവ. വേദനയുടെയും നോവിന്റെയും അപമാനത്തിന്റെയും ആ നിമിഷത്തിലാണ് ഒരു മതവുമായും സന്ധിയില്ലെന്ന് നമ്മള്‍ തീരുമാനിച്ചത്.

ക്ലിഫിനെയും കടല്‍ത്തീരത്തെയും തഴുകിവരുന്ന കാറ്റിനാല്‍ താങ്ങപ്പെട്ട് നമ്മളിക്കാലമത്രയും ആ പ്രതിജ്ഞയില്‍ ഉറച്ചുനിന്നു. നമ്മുടെ ചന്തികളിലേക്ക് ഉസ്താദിന്റെ ചൂരല്‍ ആഞ്ഞുപതിച്ചപ്പോള്‍ നമ്മളില്‍നിന്നുയര്‍ന്ന അടക്കിപ്പിടിച്ച കരച്ചിലിന്റെ വിദൂരസ്ഥമായ പ്രതിദ്ധ്വനികള്‍ നമ്മള്‍ മനസ്സില്‍ എപ്പോഴും കൊണ്ടുനടന്നു. അത്തറിന്റെ സുഗന്ധവും വെള്ളിമോതിരങ്ങളുടെ തിളക്കവും ഇപ്പോഴും നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. ഉള്ളിലെവിടെയോ അഗാധമായി ദേഷ്യം പതഞ്ഞുയുരുന്നത് ഞാനറിയുന്നുണ്ട്.

നമ്മളൊരു സന്ദിഗ്ദ്ധാവസ്ഥയിലാണ്. രണ്ടു തീവ്രവാദ വലതുപക്ഷ സംഘടനകള്‍ക്കിടയിലാണ് നമ്മുടെ ജീവിതം. കാവിക്കും പച്ചയ്ക്കും ഇടയില്‍, മുകളില്‍ പോലീസില്‍നിന്നുള്ള ഭീഷണി നിഴല്‍പോലെ പടര്‍ന്നുനില്‍ക്കുന്നു. നമുക്ക് ചെറുപ്പമാണ്. പോരെങ്കില്‍ മുസ്ലിം നാമധാരികളുമാണ്. അത് നമ്മളെ പോലീസിന്റെ എളുപ്പത്തിലുള്ള നോട്ടപ്പുള്ളികളാക്കുന്നു. ഹിന്ദുരാഷ്ട്രസംഘ (എച്ച്.ആര്‍.എസ്.)ത്തിന്റെ മുഖ്യശത്രുക്കളുമാണ് നമ്മള്‍. കാരണം, അവര്‍ കരുതുന്നത് ഇന്ത്യയെ നശിപ്പിക്കാന്‍ നടക്കുന്ന സംഘടനകളിലെ അംഗങ്ങളാണ് നമ്മള്‍ എന്നാണ്. കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിക്കൊണ്ട് നമ്മള്‍ ജമാഅത്തിന്റെ മാംസത്തില്‍ തറച്ചുകയറിയിരിക്കുന്ന മുള്ളുകളാണെന്നും കരുതപ്പെടുന്നു. അവര്‍ നമ്മളെ കാഫിറുകള്‍ എന്നു വിളിക്കുന്നു- കാരണമോ, നമ്മള്‍ വിദേശികളുമായി, പ്രത്യേകിച്ച് വിദേശവനിതകളുമായി, ചങ്ങാത്തത്തിലാണ്; ഇമാമുകളുടെ മണ്ടന്‍നിയമങ്ങളെ നമ്മള്‍ വെല്ലുവിളിക്കാറുണ്ട്, പിന്നെ ക്ലിഫില്‍ നടക്കുന്ന വിരുന്നുസത്കാരങ്ങളുടെയും അടികലശലുകളുടെയും ജീവനും ആത്മാവുമൊക്കെയാണ് നമ്മള്‍.

കടല്‍ക്കരയില്‍ ഓടിനടക്കുന്ന ചെറിയ ഞണ്ടുകളെപ്പോലെയാണ് നമ്മള്‍. മഴ വരുമ്പോള്‍ മണലിലെ കുഴികളില്‍ നമ്മള്‍ കയറിയൊളിക്കുന്നു. സൂര്യന്‍ തെളിയുമ്പോള്‍ ഉറുമ്പുകളെപ്പോലെ, വിനോദസഞ്ചാരികള്‍ എത്തുമ്പോള്‍ നമ്മളും പുറത്തുവരുന്നു. പുതുമഴയ്ക്കു ശേഷമുള്ള പുതുപൊടിപ്പുകളുടെ ഉന്മേഷത്തോടെ നമ്മുടെ വിരസജീവിതങ്ങളില്‍നിന്ന് നിറയെ ജീവിതോര്‍ജ്ജവുമായി നമ്മള്‍ പുറത്തുവരുന്നു. ക്ലിഫില്‍ നമ്മള്‍ ഒരുമിച്ചു വളര്‍ന്നു- കാറ്റിന്റെ വേഗത്തിലോടിയും, പരുക്കനായ ചുവന്ന കുന്നുകളില്‍ വലിഞ്ഞുകയറിയും, നനഞ്ഞുറച്ച കറുത്ത മണലില്‍ ഓട്ടമത്സരം നടത്തിയും, അടിച്ചു തകരുന്ന തിരകളുടെ മടക്കുകളിലേക്ക് കൂപ്പുകുത്തിയും ഞങ്ങള്‍ വളര്‍ന്നു. കടലും ക്ലിഫും ഋതുഭേദങ്ങള്‍ക്കൊത്തുവരുന്ന വിനോദസഞ്ചാരികളും നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണ്. ഈ കടല്‍ത്തീരം നമ്മളില്‍ ജീവിക്കുന്നു. നമ്മുടെ നെഞ്ചിനുമേല്‍ കാതമര്‍ത്തിയാല്‍ കടലിന്റെ ഇരമ്പം നിങ്ങള്‍ക്കു കേള്‍ക്കാം. ബീച്ചിലും പരിസരത്തും 'നമ്മള്‍ ഗ്യാങ്' എന്നാണ് അറിയപ്പെടുന്നത്, പക്ഷേ, നാമൊരു കുടുംബമാണ്, ക്ലിഫ് ഹാങ്ങേഴ്‌സ് എന്ന കുടുംബം- ഉസ്മാന്‍, താഹ, ജഹാംഗീര്‍, പിന്നെ മൂസ, അത് ഞാനാണ്.

നമ്മള്‍ മാലാഖമാരല്ല. വിദേശസഞ്ചാരികളെ മാനഭംഗപ്പെടുത്തിയതിന്റെ പേരിലും, കഞ്ചാവ് കൈവശം സൂക്ഷിച്ചതിനും, ബീച്ചില്‍ വെള്ളമടിച്ച് അലമ്പുണ്ടാക്കിയതിനും നമ്മള്‍ പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങിയിട്ടുണ്ട്. പ്രദേശത്തെ പോലീസ് രേഖകളില്‍, പ്രത്യേകിച്ചും, ദേവന്‍ എസ്.ഐയുടെ അഭിപ്രായത്തില്‍, ടൂറിസ്റ്റ് ഗൈഡുകളായി പണിയെടുക്കുകയും കഞ്ചാവു വില്‍പ്പനയിലും മാനഭംഗശ്രമങ്ങളിലും ഇടപെടുകയും ചെയ്യുന്ന ബീച്ച് ഗ്യാങ്ങിലെ പ്രധാനപ്പെട്ട നാല് അംഗങ്ങളാണ് നമ്മള്‍.

എന്റെ ഉള്ളിലെ ഒരു രഹസ്യാഭിലാഷത്തെക്കുറിച്ച് ഞാനിതുവരെ എന്റെ സഹ ക്ലിഫ് ഹാങ്ങേഴ്‌സിനോട് പറഞ്ഞിട്ടില്ല. കാരണം, അവരതറിഞ്ഞാല്‍, ഇനി അടുത്ത പ്രാവശ്യം അറ്റവും മൂലയും എത്താത്ത നീന്തല്‍വസ്ത്രമണിഞ്ഞ ഏതെങ്കിലുമൊരു തടിച്ച വിദേശിയോട് ഞാന്‍ സംസാരിക്കുന്നതു കണ്ടാല്‍ അവന്മാരെന്നെ കളിയാക്കിക്കൊല്ലും. ഏതെങ്കിലും ഒരു തടിച്ച വിദേശവൃദ്ധ എന്നെ ദത്തെടുക്കുന്നതായും, അവരെന്നെ ലില്ലിലുള്ള ഒരു മുന്തിരിത്തോപ്പിലേക്കു കൊണ്ടുപോകുന്നതായും ഞാന്‍ ഭാവനചെയ്യാറുണ്ടെന്ന കാര്യവും അവരോടു പറഞ്ഞിട്ടില്ല.
'സത്യ'മല്ലാത്ത വസ്തുതകള്‍ എന്നത് താരതമ്യത്തിലൂടെ സ്ഥാപിച്ചെടുക്കാവുന്ന സത്യങ്ങളാണ്. നമ്മള്‍ പോലീസ് ലോക്കപ്പുകളില്‍ ചെന്നുപെടാറുണ്ടെന്നുള്ളതും ജയിലില്‍ കിടക്കാറുണ്ട് എന്നുള്ളതും ഒക്കെ ശരിതന്നെ. പക്ഷേ, അതുകൊണ്ടു മാത്രം നമ്മള്‍ മനസ്സാക്ഷിയില്ലാത്ത കുറ്റവാളികളാണെന്നു കരുതരുത്. താഴ്‌വരയിൽ പൂക്കുന്ന നിഷ്‌കളങ്കമായ ലില്ലിപ്പൂക്കളല്ല നമ്മള്‍, അതേസമയം രക്തദാഹികളായ പയ്യന്മാരുമല്ല. പക്ഷേ, മിക്കവാറും എല്ലാ കഥകള്‍ക്കും ഒന്നിലധികം ആഖ്യാനപ്പകര്‍പ്പുകള്‍ ഉണ്ടാകുമല്ലോ.

ചിലപ്പോള്‍ നമ്മള്‍ മനസാ വാചാ കര്‍മണാ അറിയാതെ കുഴപ്പങ്ങളില്‍ ചെന്നു ചാടാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഗോവയില്‍നിന്നു വന്ന ഒരു ചില്ലറക്കച്ചവടക്കാരനെ കുത്തി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്, ഒരിഞ്ചു വ്യത്യാസത്തിലാണ് എന്റെ കത്തി അയാളുടെ കരളില്‍ കൊള്ളാതെ പോയതെന്നാണ്. നമ്മള്‍ വെറുതേ അടിയുണ്ടാക്കാറില്ല. എന്നാല്‍ ഒരു നല്ല കാര്യത്തിനാണ് അതെങ്കില്‍, ശങ്കിച്ചു പിന്മാറാറുമില്ല. നമ്മുടെ ക്ലിഫില്‍ ഒരു ഗോവക്കാരന്‍ അങ്ങനെ നേതാവു ചമയേണ്ട. നമ്മള്‍ ഗോവയില്‍ ചെല്ലുമ്പോള്‍ മര്യാദയ്ക്ക് പെരുമാറാറുണ്ട്. നമുക്ക് എന്ത് എവിടെ നിര്‍ത്തണമെന്നറിയാം. എന്നാല്‍ ഇയാള്‍ നമ്മുടെ മുറ്റത്തു വന്ന് അതിരുവിട്ട് കളിക്കാന്‍ തുടങ്ങി. നമ്മുടെ ധൈര്യം തെളിയിക്കാന്‍ അവന്‍ വെല്ലുവിളിച്ചു. ഞാനവനെ ഒന്നുരണ്ടു പ്രാവശ്യം പിടിച്ചുതള്ളി, അവന്‍ എന്നെയും തള്ളി. ഞാനെന്റെ മുതുകുസഞ്ചിയില്‍നിന്ന് കത്തിയെടുത്ത് അവനെ കുത്തി. മൂന്നു മാസം ഞാന്‍ ജയിലില്‍ കിടന്നു.

എന്നാല്‍ നമ്മുടെ ഗ്രാമത്തില്‍ത്തന്നെയുള്ള ചിലയാളുകള്‍ക്ക്, ആ ഗ്രാമത്തിന്റെ ആത്മാവിനെ അപകടപ്പെടുത്തുന്നവരല്ല നമ്മള്‍ എന്നറിയാമായിരുന്നു. നമ്മള്‍ സ്വന്തം ഗ്രാമത്തിലെ പയ്യന്മാര്‍ക്ക് കഞ്ചാവു വില്‍ക്കുകയോ, നമ്മുടെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ഇല്ല.
കടലോരഗ്രാമം എന്ന അര്‍ത്ഥം വരുന്ന കടലൂര്‍ ഗ്രാമം വര്‍ക്കല ടൗണിലുള്ള റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏതാണ്ട് ആറു കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് ഓട്ടോറിക്ഷയില്‍ കടലൂരില്‍ വരാം. ചിലപ്പോള്‍ വിനോദസഞ്ചാരത്തിന്റെ ഉച്ചസ്ഥായിയില്‍ അവര്‍ വലിയ ബസ്സുകളിലാണ് വരുന്നത്. ഗ്രാമത്തിനടുത്തുതന്നെ രണ്ടു വലിയ ക്ഷേത്രങ്ങളുണ്ടെങ്കിലും, വിനോദസഞ്ചാരികള്‍ കൂടുതല്‍ സമയവും ബീച്ചിലും ക്ലിഫിലും തന്നെയാണ് ചെലവഴിക്കുന്നത്. വിചിത്രമെന്നു പറയട്ടെ, നമ്മുടെ രാജ്യത്തിന്റെ തെക്കന്‍ തീരത്തിന്റെ പതിവുകളില്‍നിന്നു വിരുദ്ധമായി ഇവിടെ തീരത്തുടനീളം ഒരു ക്രിസ്ത്യന്‍ പള്ളിയും കാണാനില്ല.

മുമ്പ് കടലൂരില്‍നിന്ന് വിമാനത്താവളത്തിലെത്താന്‍ രണ്ടു മണിക്കൂര്‍ യാത്ര ചെയ്യണമായിരുന്നു. എന്നാലിപ്പോള്‍ നല്ല റോഡുകളും ബൈപാസുകളുമൊക്കെ വന്നതോടെ ഒരു മണിക്കൂറില്‍ താഴെ മതി അവിടെയെത്താന്‍. കഴിഞ്ഞ സീസണില്‍ ഒരു ജര്‍മന്‍ വിനോദസഞ്ചാരിയായ യുവതി വിമാനത്താവളത്തില്‍നിന്നും തിരക്കിട്ട് തിരികെ വന്നു. കാരണം, അവള്‍ താമസിച്ചിരുന്ന കോട്ടേജിലെ അലമാരയില്‍ തന്റെ പാസ്‌പോര്‍ട്ട് വെച്ച് മറന്നുപോയിരുന്നു. നമ്മുടെ കൂട്ടുകാരനായ ടാക്‌സി ഡ്രൈവര്‍ പറഞ്ഞത്, വിമാനത്താവളത്തിലെത്തുന്നതിനു തൊട്ടുമുമ്പ് അവള്‍ വലിയവായില്‍ നിലവിളിക്കുകയും ഭ്രാന്തുപിടിച്ചപോലെ തന്റെ ഹാന്‍ഡ്ബാഗ് പരിശോധിച്ചശേഷം ലഗേജെല്ലാം വാരിവലിച്ചു നോക്കുകയും ചെയ്തു എന്നാണ്. 'ബിനൂ, നമുക്ക് ഉടനടി തിരികെ പോകണം,' അവള്‍ പറഞ്ഞു. പുതിയ റോഡുകളെക്കുറിച്ച് ബിനുവിന് നല്ലതേ പറയാനുള്ളൂ. 'ഞാന്‍ എന്‍ജിന്‍ ഓണാക്കി ആക്‌സിലറേറ്ററില്‍ കയറിയങ്ങ് ഇരുന്നു.' എല്ലാം പെരുപ്പിച്ചു പറയുന്നത് നമ്മുടെ ഒരു ജീവിതശൈലിയാണ്. സമുദ്രത്തിനടുത്തു താമസിച്ചുകൊണ്ട് അതിന്റെ അപാരതയെ നിത്യവും ദര്‍ശിക്കുന്ന നമുക്ക് എല്ലാം അളവില്‍ക്കവിഞ്ഞ് സ്ഥൂലീകരിച്ച് അവതരിപ്പിക്കാനുള്ള ഒരു പ്രവണതയുണ്ട്. അതുപോലെതന്നെ നമ്മുടെ വികാരങ്ങളും മിക്കവാറും അയുക്തികമായി വീര്‍ക്കാറുണ്ട്.

വര്‍ക്കലയുടെ ഹൃദയഭാഗം എന്നത്, അതായത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ട്രാഫിക് സര്‍ക്കിള്‍ ആണ്- ഒരു ചുറ്റുവഴി- അതിന് ചുറ്റും കടകളാണ്. ക്ഷേത്രം റോഡ് പടിഞ്ഞാറേക്ക്, ബീച്ചിലേക്ക് നീളുന്നു. അത് ബീച്ച് ജങ്ഷനിലാണ് ചെന്നെത്തുന്നത്. അവിടെ പുരാതനമായ ഒരു അരയാലുണ്ട്. അത് ചുവട്ടിലുള്ള കടകളുടെ തകരമേല്‍ക്കൂരകള്‍ക്കു മേല്‍ ചെറിയ വിത്തുകള്‍ പൊഴിച്ചുകൊണ്ടു നില്‍ക്കുന്നു. ആ ജങ്ഷനില്‍ വെച്ച് റോഡ് രണ്ടായി പിരിയുന്നു- ഒന്ന് ഇടത്തേക്ക് തിരിഞ്ഞ് ബീച്ചിലേക്ക് പോകുന്നു. രണ്ടാമത്തേത് നേരേ പോയി വളഞ്ഞു തിരിഞ്ഞ് ക്ലിഫിലേക്ക് കയറുന്നു.

ബീച്ചിനെ മുകളില്‍നിന്ന് വീക്ഷിക്കുന്നതുപോലെ നില്‍ക്കുന്ന രണ്ടു ക്ലിഫുകളുണ്ട്. ബീച്ചിലേക്ക് പോകുന്ന റോഡിന്റെ ഇടതുഭാഗത്തുള്ളതാണ് തെക്കന്‍ ക്ലിഫ്, വലതു ഭാഗത്തുള്ളത് വടക്കന്‍ ക്ലിഫ്- ഇതാണ് ശരിക്കും ക്ലിഫ് എന്ന് അറിയപ്പെടുന്നത്.
നമ്മുടെ ഗ്രാമത്തില്‍ മതപരവും രാഷ്ട്രീയവുമായ രണ്ടു വിഭാഗങ്ങളുണ്ട്- പുറമേയ്ക്കുനിന്നു നോക്കിയാല്‍ അവയുടെ അതിരുകള്‍ മങ്ങിയതും അപകടമില്ലാത്തതുമാണെന്നു തോന്നുമെങ്കിലും, അവ ഇടത്, വലത് എന്നതുപോലെ കൃത്യമായി തിരിച്ചറിയാവുന്നതും, പരസ്പരം അപായപ്പെടുത്താന്‍ വേണ്ട ശേഷിയുള്ളവയുമാണ്.

വടക്കന്‍ ക്ലിഫിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്ന നമ്മള്‍ പ്രധാനമായും മുസ്ലിങ്ങളാണ്, നമ്മള്‍ ജീവിതച്ചെലവ് കണ്ടെത്തിയിരുന്നത് കടലില്‍നിന്നും കടലിനക്കരെ നിന്നുമായിരുന്നു. ഇതില്‍ ഞാനര്‍ത്ഥമാക്കുന്നത് ഒന്നുകില്‍ നമ്മള്‍ മത്സ്യത്തൊഴിലാളികളാണ്, അല്ലെങ്കില്‍ ഗള്‍ഫില്‍ പണിയെടുക്കുന്നവരാണ് എന്നാണ്. മറ്റേ മുഖ്യവിഭാഗം എന്നത് ഹിന്ദുക്കളാണ്. അവര്‍, ബീച്ചില്‍നിന്ന് നൂറു മീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിഷ്ണുക്ഷേത്രത്തിനു ചുറ്റുമായി കിടക്കുന്ന തെക്കന്‍ ക്ലിഫിലായിരുന്നു താമസം.

വര്‍ഷങ്ങള്‍ക്കു മുമ്പ്, നമ്മുടെ ഗ്രാമപ്രദേശത്തെ പുരുഷന്മാരില്‍ ഏറെപ്പേരും അവരുടെ മീന്‍വലകളും കട്ടമരങ്ങളും പിന്നിലുപേക്ഷിച്ച് മലേഷ്യയിലേക്കോ ഗള്‍ഫിലേക്കോ പോകുന്നതിനു മുമ്പ്, മനുഷ്യരെ തീവ്രമതവിഭാഗീയത രണ്ടായി പിളര്‍ത്തി, വിവിധ നിറങ്ങളുള്ള കൊടികള്‍ക്കു കീഴില്‍ കൊണ്ടുവരുന്നതിനും ഏറെക്കാലം മുമ്പ്, ഗ്രാമവാസികള്‍ ഒത്തൊരുമയോടെ സമാധാനപരമായി ജീവിച്ചിരുന്നു. അടുത്തിടെയായി തെക്കന്‍ ക്ലിഫിലുള്ള യുവാക്കള്‍ കൂടുതല്‍ക്കൂടുതല്‍ പാരമ്പര്യവാദികളായി മാറിക്കൊണ്ടിരിക്കുന്നു. കാവിക്കൈലിയൊക്കെ ഉടുത്ത്, നെറ്റിയില്‍ ചന്ദനവും കുങ്കുമവുമൊക്കെ അണിഞ്ഞ്, അങ്ങനെ. നിങ്ങള്‍ക്കറിയുമോ, എച്ച്.ആര്‍.എസ്സിലെ യുവപ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് പ്രധാനറോഡില്‍ നിന്നുകൊണ്ട് ചെറിയ ദേശീയപതാകകള്‍ വിതരണം ചെയ്യുന്നതു കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനാഘോഷവാരത്തില്‍ നമ്മള്‍ ബൈക്കുകളില്‍ ചെറിയ ദേശീയപതാകകള്‍ കെട്ടിവെക്കാറുണ്ട്. അങ്ങനെ ചെയ്യണമെന്നോ ചെയ്യരുതെന്നോ ആരും നമ്മളോടു പറഞ്ഞിട്ടില്ല. നമ്മള്‍ അങ്ങനെ ചെയ്യുന്നു, അത്രമാത്രം. ഈ എച്ച്.ആര്‍.എസ്. പ്രവര്‍ത്തകര്‍ ദേശീയപതാക വിതരണം ചെയ്യുന്ന കാഴ്ച എനിക്ക് സഹിക്കാനായില്ല. നമ്മള്‍ ഈ രാജ്യത്തിന്റെ ഭാഗമല്ല എന്നു തോന്നും അവരുടെ പ്രവൃത്തി കണ്ടാല്‍. ഇത് വല്ലാതെ വേദനിപ്പിക്കുന്നു. സ്വന്തം കുടുംബത്തില്‍ ഒരാളെ അന്യനായിക്കണ്ടാല്‍ ഉണ്ടാകുന്ന അത്രയും വേദന ഇതുളവാക്കുന്നു. അവിചാരിതമായിപ്പോലും കോണ്‍ഗ്രസ്സുകാരുടെ ത്രിവര്‍ണ്ണപതാകയില്‍ ചവിട്ടാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്, പിന്നെയാണ് ദേശീയപതാകയെ അനാദരിക്കുന്നത്... എന്നിട്ടും നമ്മളെ ദേശവിരുദ്ധര്‍ എന്നു വിളിക്കുന്നു.

വടക്കന്‍ ക്ലിഫിലെ ചെറുപ്പക്കാരും ഇപ്പോള്‍ ദീനിനു വേണ്ടി ജീവിക്കുക, പടവെട്ടുക, മരിക്കുക എന്ന ദൈവികവ്യവസ്ഥയില്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉസ്താദും ഇടയ്ക്കിടെ സന്ദര്‍ശിക്കാനെത്തുന്ന ചില തീവ്രവാദ ലൈന്‍ പുലര്‍ത്തുന്ന നേതാക്കന്മാരും, മതപുനരുദ്ധരണവാദികളും ആഗോള- ഇരകളാണ്-മുസ്ലിങ്ങള്‍ എന്ന വാദത്തിന്റെ വിഷം ചെറിയ ഡോസുകളായി ഈ ചെറുപ്പക്കാരുടെ മനസ്സില്‍ കുത്തിവെക്കുകയും, അവരുടെ മതത്തിനുവേണ്ടി മരിക്കലാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് അവരെക്കൊണ്ട് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ ക്രൂരത എന്നത് ഈ ആത്മഹത്യയ്ക്കിടെ കഴിയുന്നത്ര ആളുകളെ കൊല്ലുകകൂടി ചെയ്യുക എന്നതാണ്. ലോകത്തെമ്പാടും പടര്‍ന്നുകിടക്കുന്ന യുദ്ധമുന്നണികളില്‍പ്പോയി യുദ്ധം ചെയ്യാനാണ് ഈ ചെറുപ്പക്കാര്‍ക്ക് അവര്‍ പ്രചോദനം നല്‍കുന്നത്. നമ്മളെയൊക്കെ ഞെട്ടിച്ചുകൊണ്ട്, ഈ അടുത്തകാലംവരെ റബ്ബര്‍പ്പന്തുകൊണ്ട് ക്രിക്കറ്റ് കളിച്ചു രസിച്ചു നടന്നിരുന്ന പയ്യന്മാര്‍, പൊടുന്നനേ താടി വളര്‍ത്തി, നിസ്‌കാരത്തൊപ്പിയും വെച്ച് കണങ്കാലിനു മുകളില്‍ നില്‍ക്കുന്ന ട്രൗസറും ധരിച്ചു നടക്കുന്നത് നമ്മള്‍ കാണാന്‍ തുടങ്ങി. അവരുടെ മനസ്സുകളില്‍ ക്രമാനുഗതമായി വെറുപ്പും ക്രോധവും നിറയ്ക്കപ്പെടുകയാണ്. അവരുടെ കണ്ണുകള്‍ക്ക് എങ്ങനെയോ കിശോരസഹജമായ നിഷ്‌കളങ്കതയുടെ തിളക്കം നഷ്ടപ്പെട്ടതുപോലെ.

ക്ലിഫ് ഹാങ്ങേഴ്‌സ് ഒരു മദ്ധ്യേമാര്‍ഗ്ഗമാണ് സ്വീകരിച്ചത്. നമ്മള്‍ ഒരു വിശ്വാസത്തിന്റെയും മതത്തിന്റെയും ചിഹ്നങ്ങള്‍ അണിയാറില്ല. നമ്മള്‍ നമ്മുടെ മണിബന്ധത്തിലോ ഭുജങ്ങളിലോ ചരടുകള്‍ കെട്ടാറില്ല. നമ്മള്‍ ട്രെയിനറുകളും, സ്വെറ്റ്പാന്റ്‌സും ട്രാക് സൂട്ടും പോളോയുമൊക്കെയാണ് ധരിക്കുന്നത്. ഗള്‍ഫിലുള്ള ബന്ധുക്കള്‍ വാങ്ങിത്തരുന്നവയാണവ.

ഇതുവരെ നമ്മുടെ ഗ്രാമത്തിലെ ഇരുസമുദായങ്ങളും ശാന്തിയിലും ഒരുമയിലുമാണ് കഴിഞ്ഞുപോന്നത്. അതൊരു വളരെ മൃദുലമായ സമാധാനമാണ്, ഏതു നിമിഷവും പപ്പടംപോലെ പൊടിഞ്ഞുപോകാവുന്നത്. അടുത്തകാലത്ത് വളരെയധികം സംഘര്‍ഷങ്ങളുളവാക്കുന്ന ചില സംഭവങ്ങളുണ്ടായി. അതൊക്കെ വലിയ തോതിലുള്ള വര്‍ഗ്ഗീയകലാപമായി മാറാന്‍ സാദ്ധ്യതയുള്ളവയായിരുന്നു. ഒരിക്കല്‍ താഹയും ജഹാംഗീറും അമ്പലത്തിന്റെ അധികാരപരിധിക്കുള്ളിലെ, രാജ്യത്തുനിന്നുള്ള ഭക്തരൊക്കെയും കുളിക്കാനെത്തുന്ന പച്ചക്കുളത്തില്‍ ചാടിമറിഞ്ഞ് നീന്തി രസിച്ചു. ആവേശം മൂത്ത രണ്ടു തവളക്കുഞ്ഞുങ്ങളെപ്പോലെ അവരാ തണുത്ത പച്ചനിറമുള്ള വെള്ളത്തില്‍ അടിച്ചുതുടിച്ചു തിമിര്‍ത്തു. കുളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റംവരെയും തിരിച്ചും നീന്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ജഹാംഗീര്‍ ഉത്സാഹത്തോടെ വിളിച്ചുപറഞ്ഞു: 'എടാ താഹാ, താഹാ, ഞാന്‍ നിനക്ക് പിന്നോട്ടുള്ള കരണംമറിച്ചില്‍ കാണിച്ചുതരാം.'
'ജഹാംഗീറേ, നെഗളിപ്പ് കാട്ടാതെ!'
അതായിരുന്നു കാരണം. കുളക്കരയിലിരുന്ന് തന്റെ കാക്കി നിക്കര്‍ കഴുകുകയായിരുന്ന ഒരു എച്ച്.ആര്‍.എസ്. സേവകന്‍ ആരോ മുസ്ലിംപേരുകള്‍ വിളിച്ചുപറയുന്നതു കേട്ടു.

'ആരെടാ അമ്പലക്കുളം അശുദ്ധമാക്കിയത്, ങ്‌ഹേ,' അവന്‍ തന്റെ നനഞ്ഞ നിക്കര്‍ കുളത്തിന്റെ കല്‍പ്പടവിലുപേക്ഷിച്ച് എഴുന്നേറ്റു, 'ആരെടാ കുളത്തില്‍?' അവന്‍ വീണ്ടും വിളിച്ചു ചോദിച്ചു.
അപ്പോഴാണ് തങ്ങള്‍ നീന്തിക്കൊണ്ടിരുന്നത് അത്യാഹിതങ്ങളുടെ ഒരു കുളത്തിലാണെന്ന് താഹയും ജഹാംഗീറും തിരിച്ചറിഞ്ഞത്! അവന് ആളെ വിളിച്ചുകൂട്ടാന്‍ കഴിയുന്നതിനു മുമ്പ് താഹയും ജഹാംഗീറും തുണികളെല്ലാം കുളക്കരയില്‍ ഉപേക്ഷിച്ച്, കുളത്തില്‍നിന്ന് ഒളിച്ചു രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം രണ്ടു കടല്‍പ്പന്നികളെപ്പോലെ അവര്‍ നനഞ്ഞൊലിച്ച്, മറ്റൊരിടത്തു പൊങ്ങി.
എച്ച്.ആര്‍.എസ്. സേവകന്‍ ആളെയും കൂട്ടി വന്നപ്പോള്‍ അവര്‍ക്ക് കരയിലിരുന്ന വസ്ത്രങ്ങളും ഷൂസും മാത്രമേ കിട്ടിയുള്ളൂ. അവര്‍ അവയ്ക്കു തീയിട്ടു. കുറെ യോഗങ്ങള്‍ ചേര്‍ന്നശേഷം രണ്ടു വിവരംകെട്ട മുസ്ലിം പയ്യന്മാര്‍ ഇറങ്ങി അശുദ്ധമാക്കിയ അമ്പലക്കുളം ശുദ്ധിയാക്കാനും ശുദ്ധീകരണപൂജകള്‍ ചെയ്യാനും ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചു. പിന്നെ ഒരാഴ്ച നീണ്ടുനിന്ന ശ്രമങ്ങളിലാണ് കുളത്തിലെ വെള്ളം കോരിക്കളഞ്ഞു വറ്റിച്ചതും, തുടര്‍ന്ന് പൂജാരികള്‍ ശുദ്ധികലശം ചെയ്തതും.

കുളത്തിന്റെ ശുദ്ധി പൂര്‍വ്വസ്ഥിതിയിലാക്കിയശേഷം ക്ഷേത്രക്കമ്മിറ്റി പള്ളിക്കമ്മിറ്റിക്ക് ഒരു കത്തയച്ചു. രണ്ടു മുസ്ലിം പയ്യന്മാര്‍ ചെയ്ത പ്രവൃത്തിയില്‍ അഗാധമായ കാലുഷ്യം അറിയിച്ചുകൊണ്ടും, മേല്‍ അങ്ങനെയൊന്ന് ആവര്‍ത്തിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുന്നതുമായിരുന്നു ആ കത്ത്. പിന്നീടാണ് നമ്മളൊരു കാര്യം അറിയുന്നത്. പള്ളിയിലെ വെള്ളം ശേഖരിക്കുന്ന ടാങ്കില്‍ മൂത്രമൊഴിച്ച് പ്രതികാരം നിര്‍വ്വഹിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു എച്ച്.ആര്‍.എസ്. സേവകരെന്ന്. ബാലണ്ണന്റെ ഒറ്റ ഇടപെടലാണ് അതില്‍നിന്ന് പിന്തിരിപ്പിച്ചത്. അത് വളരെ ലളിതമായ പദ്ധതിയായിരുന്നു- ക്ഷേത്രപരിസരത്തു താമസിച്ചിരുന്ന ഹിന്ദുക്കളുടെ മൂത്രം ഒരു കാനില്‍ ശേഖരിക്കുക; ഉസ്താദും അനുയായികളും സുഖമായി ഉറങ്ങിക്കിടക്കുമ്പോള്‍, പള്ളിടാങ്കില്‍ അത് കൊണ്ടുചെന്ന് ഒഴിക്കുക. ഹിന്ദുക്കളുടെ മൂത്രം വീണ് അശുദ്ധമായ വെള്ളംകൊണ്ടാണ് നിസ്‌കാരത്തിനു മുമ്പുള്ള വുളു എല്ലാം ചെയ്തതെന്നു കണ്ടെത്തുമ്പോള്‍, അങ്ങനെയൊരു കാര്യമേ നിരൂപിക്കാതിരുന്ന മുസ്ലിം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന ദേഷ്യം ഒന്നാലോചിച്ചുനോക്കുക. കടല്‍ത്തീരത്തുടനീളം നൊടിയിടയില്‍ പ്രതിഷേധാഗ്നി ആളിപ്പടര്‍ന്നേനെ. ബൈബിളിലെ മുക്കുവനായ പീറ്ററിനെപ്പോലെ നമ്മളും പൊട്ടിത്തെറിക്കലിനു പേരുകേട്ടവരാണ്. നമ്മള്‍ ബാലണ്ണനോട് ഇക്കാര്യത്തില്‍ നന്ദി പ്രകാശിപ്പിക്കുകയും പ്രത്യുപകാരമായി എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍, നാരങ്ങ പിഴിയുന്നതു തുടര്‍ന്നുകൊണ്ട് ബാലണ്ണന്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു.

ഗ്രാമത്തിലെ ഏറ്റവും വലിയ ആ അരയാല്‍മരത്തിന്റെ ചോട്ടില്‍ ഒരു കട നടത്തുകയാണ് ബാലണ്ണന്‍. ഓടിട്ട കൂരയും നിരവു വാതിലുമുള്ള ആ കട ആളുകള്‍ വന്നിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരിടമായിരുന്നു. സോഡാനാരങ്ങാവെള്ളവും പാളയങ്കോടന്‍ പഴവും തിന്നാന്‍ നമ്മളവിടെ പോകുമായിരുന്നു. എച്ച്.ആര്‍.എസ്. ശാഖയിലെ ശാരീരിക് ശിക്ഷക് ആണ് ബാലണ്ണന്‍. കഷണ്ടികയറി കുറുകിയ ശരീരമുള്ള ബാലണ്ണന്‍ മിക്കവാറും നാരങ്ങാവെള്ളമുണ്ടാക്കിയും ഇടപാടുകാര്‍ക്ക് സാധനങ്ങളെടുത്തുകൊടുത്തും എപ്പോഴും തിരക്കിലായിരിക്കും. അയാള്‍ അധികം സംസാരിക്കാറില്ല. മുറുക്കുന്ന ശീലമുള്ളതിനാല്‍ വായ എപ്പോഴും ചുവന്നിരിക്കും. ചുണ്ടിന്റെ കോണുകളില്‍ ചുവന്നനിറമുള്ള തുപ്പല്‍ എപ്പോഴും നനവു പടര്‍ത്തി നില്‍ക്കും. വൈകുന്നേരങ്ങളില്‍, കാക്കി നിക്കറുമിട്ട് ബാലണ്ണന്‍ ശാഖയില്‍ അണികളുടെ യോഗത്തില്‍ പങ്കെടുക്കാനും, ഒരു മണിക്കൂര്‍ കളരിയഭ്യാസം നടത്താനും പോകുമ്പോള്‍ അയാളുടെ ഭാര്യയാണ് കടയിലെ കാര്യങ്ങള്‍ നോക്കുന്നത്.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ബ്രിട്ടനില്‍നിന്നു വന്ന അല്‍പ്പം മേദസ്സുള്ള സൂസന്‍ എന്ന യുവതിയെ പുതുവര്‍ഷാരംഭത്തിന്റെ തലേന്ന് ആരോ ബലാത്സംഗം ചെയ്ത സംഭവം നമ്മളെ സംബന്ധിച്ചിടത്തോളം ആ ടൂറിസ്റ്റ് സീസണിന്റെ അന്തിമമായിരുന്നു. ആ സംഭവം നമ്മുടെ ജീവിതങ്ങളെ വര്‍ഗ്ഗീയവും നിയമപരവുമായ അപകടങ്ങള്‍ വിതറിയ വഴിയിലേക്ക് പിടിച്ചിറക്കി. ഈ സംഭവം നമ്മളെപ്പിടിച്ച് അകത്തിടാന്‍ ദേവന്‍ എസ്.ഐക്ക് അവസരമുണ്ടാക്കിക്കൊടുത്തു. ആരെങ്കിലും മദ്യമോ കഞ്ചാവോ ഉപയോഗിച്ച് നിലവിട്ട് ഏതെങ്കിലും വിദേശവനിതകളെ തൊടുകയോ പിടിക്കുകയോ ചെയ്ത ചില സംഭവങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, നമ്മുടെ ബീച്ച് പരിസരങ്ങളില്‍, സൂസന്‍ ബലാത്സംഗസംഭവം നടക്കുന്നതുവരെ പ്രധാന പത്രങ്ങളില്‍ മുന്‍പേജ് വാര്‍ത്ത വരത്തക്ക ഒരു കാര്യവും നടന്നിട്ടില്ല. അതിനു മുമ്പുണ്ടായ സംഭവം എന്നത് കോവളം ബീച്ചില്‍ ലിന എന്നൊരു യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവമാണ്. വിഷയം ചില രാഷ്ട്രീയനേതാക്കളും ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരും അവരുടെ രാഷ്ട്രീയ അജന്‍ഡകളെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഏറ്റെടുത്തു. ഇക്കാര്യം സംസ്ഥാന നിയമസഭയില്‍ ചര്‍ച്ചയ്ക്കു വരികയും, കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്ന് മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.

ലിന എന്ന സ്‌കാന്‍ഡിനേവിയന്‍ വനിതയുടെ കാര്യത്തിലുണ്ടായത്, ബീച്ചില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ആള്‍പ്പെരുമാറ്റമില്ലാത്ത ഒരു ചതുപ്പിലേക്ക് പിടിച്ചു കൊണ്ടുപോയി അവളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയുമായിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായി സൂസനെ മാനഭംഗപ്പെടുത്തിയത് പുതുവത്സരത്തെ വരവേല്‍ക്കാനായി ബീച്ച് നിറയെ ആഘോഷത്തിമിര്‍പ്പിലേര്‍പ്പെട്ട ആളുകള്‍ ഉള്ളപ്പോഴാണ്. കുറ്റവാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് സ്ഥാനപതികാര്യാലയത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഭനിരന്തരം വിളികള്‍ വരുന്നുണ്ടായിരുന്നു.

നിങ്ങള്‍ക്കറിയാമല്ലോ, പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അനേകം യുദ്ധങ്ങള്‍ നടത്തി വിജയിച്ച പഴയൊരു പടക്കുതിരയാണ് നമ്മുടെ മുഖ്യമന്ത്രി. വിപ്ലവസ്വപ്നങ്ങളില്‍ അഭിരമിക്കുന്ന, ചുവന്ന കൊടിയുടെ കാല്‍പ്പനികതയെ നെഞ്ചോടു ചേര്‍ക്കുന്ന അനേകം യുവസഖാക്കളുടെ നായകനാണ് അദ്ദേഹമിപ്പോഴും. എന്നാല്‍ പാര്‍ട്ടിയിലെ പഴമക്കാര്‍ക്ക്, ഒരു കാലത്ത് തങ്ങളുടെ വര്‍ഗ്ഗശത്രുക്കളായിരുന്ന കോര്‍പ്പറേറ്റുകളോട് മുഖ്യമന്ത്രി എടുക്കുന്ന മൃദുസമീപനത്തില്‍ തീരേ തൃപ്തിയുണ്ടായിരുന്നില്ല.

പാര്‍ട്ടിപ്പോരുകള്‍ അദ്ദേഹത്തിനൊരു പുതുമയല്ല. സംസ്ഥാനത്തിന്റെ വടക്കു ഭാഗത്ത് കൊടികളുടെ തണലില്‍ നിന്നുകൊണ്ട് അവര്‍ പരസ്പരം കൊല്ലും. ഒരു യുവ കമ്യൂണിസ്റ്റ് നേതാവായിരിക്കുന്ന കാലത്ത് എച്ച്.ആര്‍.എസ്സുകാരുടെ വാള്‍ത്തലകളെ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം സഭയുടെ നടുത്തളത്തിലേക്ക് രക്തംപുരണ്ട ഷര്‍ട്ടും ഊരിപ്പിടിച്ച് ഓടിയിറങ്ങുകയും, താനൊരു കൊലപാതകശ്രമത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വിളിച്ചുപറയുകയും ചെയ്തു. എന്നാല്‍ തന്ത്രപരമായ നീക്കുപോക്കുകള്‍ മറ്റൊരു കളിരീതിയാണെന്ന് അദ്ദേഹം തിരിച്ചറിയാന്‍ ഏറെ താമസിച്ചില്ല. സംസ്ഥാനത്തെ നിക്ഷേപക-സൗഹൃദ ഇടമാക്കി മാറ്റണമെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം ബിസിനസ്സുകാരോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തി. അധികാരവ്യാപാരത്തിന്റെ സൂത്രപ്പണികള്‍ അദ്ദേഹം പഠിച്ചുവരികയാണ്. കോര്‍പ്പറേറ്റ് ലോകവുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മക്കളെ ചൂണ്ടി രാഷ്ട്രീയശത്രുക്കള്‍ അവകാശപ്പെടുന്നത് അത് മുഖ്യമന്ത്രി നടത്തിയ സമവായത്തിന് ഉദാഹരണമാണെന്നാണ്. ബിസിനസ് ലോകവുമായി മുഖ്യമന്ത്രിക്കുള്ള രഹസ്യബന്ധങ്ങളെക്കുറിച്ചു പ്രചരിക്കുന്ന കഥകള്‍ സത്യമാണോ എന്നെനിക്ക് ഉറപ്പില്ല. എന്നാല്‍ ഔദ്യോഗികസമ്മര്‍ദങ്ങള്‍ക്കുപരിയായി ഇപ്പോള്‍ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നത് തലസ്ഥാന നഗരിയില്‍ നടന്ന ഒരു വിദേശവനിതയുടെ ദുരൂഹമായ മരണവും തുടര്‍ന്ന് ക്ലിഫിലുണ്ടായ സൂസന്‍ ബലാത്സംഗക്കേസുമാണ്.

സൂസന്‍ സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സ്‌കാന്‍ഡിനേവിയന്‍ വിനോദസഞ്ചാരിയായ ലിനയെ രണ്ടാഴ്ചയോളം കാണാതാവുകയും, തുടര്‍ന്ന് അവളുടെ ചീര്‍ത്തു ജീര്‍ണ്ണിച്ച ശരീരം കോവളം ബീച്ചിനടുത്തുള്ള ഒരു ചതുപ്പിലെ തോട്ടത്തിനുള്ളില്‍ കണ്ടെത്തുകയും ചെയ്തത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ലിന അതിന്റെ ഭാഗമായി ബീച്ചിലുള്ള ആയുര്‍വ്വേദകേന്ദ്രത്തില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിക്കാനാണ് എത്തിയത്. ഒരു ദിവസം അവള്‍ ആ കേന്ദ്രത്തില്‍നിന്ന് പുറത്തുപോയി. രണ്ടാഴ്ചയോളം പോലീസ് ബീച്ചില്‍ ഉടനീളം അരിച്ചുപെറുക്കി. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ ഒരു ചതുപ്പില്‍ എന്തോ കാര്യത്തിനു കയറിയ രണ്ടു പയ്യന്മാരാണ് അവളുടെ ജീര്‍ണ്ണിച്ച ശരീരം കണ്ടെത്തിയത്.
കൊല്ലപ്പെടുന്നതിനു മുമ്പ് അവള്‍ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞു. ഒരു വിദേശസഞ്ചാരിയുടെ മരണം, പ്രത്യേകിച്ചും കൊലപാതകമാണെന്ന വാര്‍ത്ത, അതിവേഗം പടര്‍ന്നു. ഇക്കഥ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തു. സ്‌കാന്‍ഡിനേവിയന്‍ മാദ്ധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും, അതിനു വലിയ പ്രാധാന്യം നല്‍കി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് ഒറ്റപ്പെട്ട ഒരു സംഭവമായിക്കരുതി പരവതാനിക്കടിയില്‍ ഒളിപ്പിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ ശ്രമിച്ചത്.

നമ്മുടെ സംസ്ഥാനം അതിജീവിക്കുന്നത് മദ്യവില്‍പ്പന, ടൂറിസം എന്നിവയില്‍നിന്നുള്ള നികുതിപ്പണംകൊണ്ടായതിനാലും, ദശലക്ഷക്കണക്കിനു പണം വിദേശത്തുനിന്ന് വരുന്നതാകയാലും, മുഖ്യമന്ത്രിക്ക് ചൂടടിച്ചുതുടങ്ങി. അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ വരാതായാല്‍ ഇവിടെ നമ്മള്‍ പട്ടിണിയിലാകും. ശമ്പളമെല്ലാം താമസിക്കും. ബോണസുകളെല്ലാം നിര്‍ത്തലാക്കും. കരാറുകാര്‍ക്ക് പണം നല്‍കാതായാല്‍ പൊതുമരാമത്തു പണിയെല്ലാം നിശ്ചലമാകും. കടപ്പുറത്ത് ഉണക്കാന്‍ വെച്ചിരിക്കുന്ന കരുവാടിനെപ്പോലെ, വിദേശ ടൂറിസ്റ്റുകള്‍ വന്ന് ഇവിടെ സൂര്യസ്‌നാനം ചെയ്‌തേ പറ്റൂ. തെങ്ങിന്‍തോപ്പുകളില്‍ വലിച്ചുകെട്ടിയ വലിയ തുണിത്തൊട്ടിലുകളില്‍ ആടണം, കായലിലെ ഇളങ്കാറ്റ് ആസ്വദിക്കണം, കരിമീന്‍ പൊള്ളിച്ചത് മൂക്കറ്റം തിന്നണം, ആയുര്‍വ്വേദ മസാജ് ചെയ്യണം. നമ്മുടെ സമ്പദ്‌വ്യവസ്ഥ ചലിക്കണമെങ്കില്‍ നമുക്ക് അവരെ വേണം.

മുഖ്യമന്ത്രി, മുതിര്‍ന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പോലീസ് മേധാവികളെയും സവിശേഷയോഗത്തിനായി വിളിപ്പിച്ചു. വിനോദസഞ്ചാരവകുപ്പു മന്ത്രി, സംസ്ഥാനം നമ്മുടെ വീടുകള്‍പോലെ സുരക്ഷിതമാണെന്ന് പ്രസ്താവനയിറക്കാന്‍ പിന്നെ അമാന്തിച്ചില്ല. കൂടാതെ ഒറ്റപ്പെട്ട ഒരു സംഭവത്തെ വൈകാരികമായി ഊതിവീര്‍പ്പിക്കുന്ന മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. 'നിരുത്തരവാദപരമായ ഇത്തരം റിപ്പോര്‍ട്ടിങ് ശൈലി ടൂറിസം മേഖലയെ വല്ലാതെ ബാധിക്കും,' നന്നായി വെട്ടിയൊതുക്കി, ചായം പുരട്ടിക്കറുപ്പിച്ച താടിയില്‍ വിരല്‍കൊണ്ടു വലിച്ച് മ്ലാനമായ മുഖത്തോടെ മന്ത്രി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

ഏതെങ്കിലുമൊക്കെ വിദേശസഞ്ചാരികള്‍ ബലാത്സംഗം ചെയ്യപ്പെടുകയോ മാനഭംഗപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ ബീച്ചില്‍ ഡ്യൂട്ടിയില്‍ വരുന്ന പോലീസുകാര്‍ നമ്മളെ സംശയത്തോടെ നോക്കുന്നതെന്തിന് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദേവന്‍ എസ്.ഐ. വണ്ടിയോടിച്ചു വന്ന് അയാളുടെ വികൃതമായ മോന്ത വെളിയിലിട്ട് വിളിച്ചുപറയും: 'തന്തയില്ലാത്തവന്മാരേ, നീയൊക്കെ സൂക്ഷിച്ചോ.' എന്നിട്ട് വണ്ടിയോടിച്ചു പോകും.

കേസിന്റെ പുരോഗതി എന്തായെന്നറിയാന്‍ മേലുദ്യോഗസ്ഥരില്‍നിന്ന് ദേവന്‍ എസ്.ഐക്ക് നിരന്തരം വിളികള്‍ വരുന്നുണ്ട്. അയാളുടെ മേല്‍ ചൂടു കൂടുമ്പോള്‍, ജീപ്പുമെടുത്തിറങ്ങി അയാള്‍ ക്ലിഫില്‍ വന്ന് നമ്മളെ തിരയും. അയാളുടെ കൈയകലത്തില്‍ത്തന്നെ നമ്മള്‍ ഉണ്ടെന്ന് അയാള്‍ ഉറപ്പുവരുത്തും. നമ്മള്‍ എങ്ങോട്ടാണ് ഓടിപ്പോകുന്നത്? നമ്മുടെ പാദങ്ങള്‍ ഈ ബീച്ചിലെ മണലില്‍ വേരോടിയിരിക്കുകയാണ്. ഈ കടലിലെ വെള്ളത്തിലാണ് നമ്മുടെ ജീവിതങ്ങള്‍ നങ്കൂരമിട്ടിരിക്കുന്നത്. നമ്മള്‍ ഇവിടെയാണ് ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. നമ്മള്‍ അകത്തുള്ള ശത്രുക്കള്‍ ആണെന്ന് എച്ച്.ആര്‍.എസ്. സേവകര്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്ക് ആകപ്പാടെ തെറ്റിപ്പോയി. നമ്മളീ കടല്‍ക്കരയിലെ മണല്‍ത്തരികളെപ്പോലെ ബീച്ചിന്റെ ഭാഗമാണ്. ചില സായാഹ്നങ്ങളില്‍ കടല്‍ക്കരയില്‍ കിടന്നുകൊണ്ട് നമ്മള്‍ ക്ലിഫിനെയും ചെറിയ ഹോട്ടലുകളെയും കടകളെയും നോക്കും. ആ നിമിഷത്തില്‍ ആകാശത്തെയും വായുവിനെയും എനിക്ക് ആലിംഗനം ചെയ്യണമെന്നും, മണലില്‍ തൊടാമെന്നും തോന്നും. തിരകള്‍ എന്റെ കാല്‍വിരലുകളെ ഇക്കിളിയിടുന്നതും അവയെന്റെ കാലുകളിലേക്ക് ഇഴഞ്ഞുകയറുന്നതും എനിക്കിഷ്ടമാണ്. ഇതാണെന്റെ ഭൂമി. ഇതാണെന്റെ രാജ്യം. അതിനിടയില്‍ ആര്‍ക്കും കയറി നില്‍ക്കാനാവില്ല. കാവിക്കോ പച്ചയ്‌ക്കോ നമ്മുടെ വഴി തടയാനാവില്ല.
പക്ഷേ, അവര്‍ അതിനു ശ്രമിക്കുന്നു.

ഒരു വൈകുന്നേരം, നമ്മുടെ സ്വീകരണമുറിയില്‍ ഞാന്‍ വാപ്പയുടെ പിന്നില്‍ ഇരിക്കുകയായിരുന്നു. പരസ്പരം വഴക്കടിക്കുന്ന രണ്ടു സഹോദരഭാര്യമാരും, മുഖം വീര്‍പ്പിച്ചിരിക്കുന്ന ഉമ്മയും അവരവരുടെ ഇടങ്ങളിലിരുന്ന് ടെലിവിഷന്‍ കാണുമ്പോഴാണ്, സൂസനെ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത വന്നത്. വാര്‍ത്താ അവതാരകന്‍ വായിക്കുന്നതിനിടെ നമ്മുടെ ബീച്ചിന്റെയും ക്ലിഫിന്റെയും വിദേശ ടൂറിസ്റ്റുകളും നാട്ടുകാരും അവിടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കാണിച്ചു. 'അവിടെ,' റഷീദ ഉറക്കെ പറഞ്ഞു, 'അതാ മൂസ!' എല്ലാവരും കസേരയുടെ അറ്റത്തേക്ക് വലിഞ്ഞിരുന്നു ശ്രദ്ധിച്ചു നോക്കി. അത് ഞാനും ഇറ്റലിക്കാരിയായ ഫ്‌ളോറന്‍സുമായിരുന്നു. നമ്മള്‍ ബീച്ചിലൂടെ നടക്കുകയാണ്. എന്നെ അറിയാവുന്ന ആരാണെങ്കിലും അപ്പോള്‍ തിരിച്ചറിയുമായിരുന്നു. ആ ലോങ് ഷോട്ടിനെ പൊടുന്നനേ രണ്ട് ക്ലോസ് ഷോട്ടുകളായി കാണിച്ചു. ക്ലിഫില്‍നിന്ന് ആരോ നമ്മളെ ഷൂട്ട് ചെയ്യുകയായിരുന്നു എന്ന് എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. എവിടെനിന്ന് അല്‍പ്പം കഞ്ചാവു കിട്ടും എന്നാണ് അപ്പോള്‍ ഫ്‌ളോറന്‍സ് എന്നോടു ചോദിച്ചത്.
ഒരു മിനിട്ടുപോലുമില്ലാതിരുന്ന എന്റെ പ്രശസ്തിയുടെ രംഗം കഴിഞ്ഞ ഉടന്‍, വിദേശികളുമായുള്ള എന്റെ അഴിഞ്ഞാട്ടത്തെ പരാമര്‍ശിച്ചുകൊണ്ട്, ഉമ്മ തെറിയഭിഷേകം നടത്തി. 'എനിക്കെന്റെ സ്വന്തക്കാരുടെ മുന്നില്‍ തലപൊക്കി നില്‍ക്കാന്‍ വയ്യാതായി,' എഴുന്നേറ്റുകൊണ്ട് അവര്‍ പറഞ്ഞു.
വാപ്പ ടെലിവിഷന്‍ അണച്ചു. ഉമ്മ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മറ്റാര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. വെറുതേയിരുന്ന് കേട്ടുകൊടുക്കുക. അത്ര തന്നെ.

Content Highlights: Sabin Iqbal, Samudrasesham, mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented