വശ്യത, അഭിനിവേശം, ശരീരം...ജീവിതം അടിമുടി നൃത്തമാക്കിയ 'നിശാനര്‍ത്തകി'


ദേവാസിസ് ചതോപാധ്യായ

ശരീരദാഹികളായ പതിവുകാര്‍ക്ക് കണ്ടുകൊതിച്ച് പണം വാരിവിതറാനുള്ള ഉപകരണമായിരുന്നു മാധുരിക്ക് പല്ലവി.

ചിത്രീകരണം: ബാലു

മുംബെയിലെ നിശാനര്‍ത്തനശാലകളുടെ മായികവും ദുരൂഹവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന നോവലാണ് ദേവാസിസ് ചതോപാധ്യായയുടെ നിശാനര്‍ത്തകി. ജിജ്ഞാസയും ഭാവനയും യാഥാര്‍ഥ്യവും കല്‍പ്പനയും അസാധാരണ മിഴിവോടെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത് വി. പ്രവീണയാണ്. നിശാനര്‍ത്തകിയില്‍ നിന്നും ഒരുഭാഗം വായിക്കാം.

കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മാധുരിക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. ആംബെ ഗ്രാമത്തില്‍നിന്ന് ബോംബെയില്‍ മടങ്ങിയെത്തിയതു മുതല്‍ മെഹ്ഫില്ലിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു മാധുരി. ആളുകളുടെ സങ്കല്‍പ്പത്തിന്റെ പരിധിക്കപ്പുറം മനോഹരമായിരിക്കണം അതിന്റെ തുടക്കം എന്നൊരു വാശി അവര്‍ക്കുണ്ടായിരുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന് മാധുരി സാധനങ്ങളെല്ലാം മുകള്‍നിലയിലെ മുറിയിലേക്കു മാറ്റി. മല്ലികയുടെ അമ്മ നേരത്തേ ഉപയോഗിച്ചിരുന്ന മുറിയായിരുന്നു അത്. ആ വിശാലമായ മുറിക്കുള്ളില്‍ അവര്‍ നാലു കട്ടിലുകള്‍ നിരത്തിയിട്ടു. മുറിയുടെ കോണില്‍ ചെറിയൊരു അടുക്കളയൊരുക്കി. മറുവശത്തായി ഒരു ശുചിമുറിയും. താഴത്തെ നിലയില്‍ ഒരു നൃത്തശാലയുടെ കെട്ടിനും മട്ടിനും യോജിച്ച നിലയില്‍ വിളക്കുകള്‍ പിടിപ്പിച്ചു. മ്യൂസിക് സിസ്റ്റമൊരുക്കി. അതേ മുറിയുടെ ഒരു മൂലയിലായി ചെറിയൊരു ബാറും സജ്ജീകരിച്ചു. മുറിയുടെ പിന്‍വശത്തായി ബാത്ത്‌റൂം. കെട്ടിടത്തിന്റെ രണ്ടു നിലകളെയും ബന്ധിപ്പിക്കാന്‍ പെട്ടെന്നു കണ്ണില്‍പ്പെടാത്ത വിധത്തില്‍ ഇടനാഴിയില്‍ ഒരു കോണിപ്പടിയുമുണ്ടായിരുന്നു. ആഡംബരത്തിന്റെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും അവര്‍ തയ്യാറായിരുന്നില്ല.ആ ശൈത്യകാലത്ത് ബോംബെ നഗരത്തില്‍ ലഹളകളും സാമുദായികസംഘര്‍ഷങ്ങളും അരങ്ങേറി. എങ്കിലും നൃത്തശാലയുടെ ഉദ്ഘാടനം നിശ്ചയിച്ച തീയതിയില്‍ത്തന്നെ നടത്താനായിരുന്നു മാധുരിയുടെ തീരുമാനം.
കടുത്ത മത്സരമാണ് ഈ മേഖലയില്‍ അവര്‍ക്ക് നേരിടേണ്ടിയിരുന്നത്. ആ പ്രദേശത്ത് നാലു മുജ്രാനൃത്തശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുനിയയെയും മല്ലികയെയും പോലുള്ള ചെറിയ പെണ്‍കുട്ടികള്‍ സംഘത്തില്‍ ഉണ്ടെന്നതാണ് മാധുരിയുടെ ഒരേയൊരു ആശ്വാസം. പോരാത്തതിന് നിലയും വിലയുമുള്ള പതിവുകാരെ വലവീശിപ്പിടിക്കാന്‍ മുക്തിക്കുള്ള കഴിവും പ്രയോജനപ്പെടും.

മറ്റു നൃത്തശാലകളെക്കാള്‍ കേമമാണ് തന്റേതെന്ന തോന്നല്‍ ഉദ്ഘാടന ദിവസം തന്നെ എല്ലാവരിലും ഉണ്ടാക്കാനുള്ള പെടാപ്പാടിലാണ് മാധുരി. പബ്ബുകളും ഡിസ്‌കോതെക്കുകളും നിശാക്ലബ്ബുകളും പോലെത്തന്നെ മുജ്രാനൃത്തശാലകളുടെയും ഭാവി ആളുകളുടെ കൈയിലാണുള്ളതെന്ന ബോദ്ധ്യം മാധുരിക്കുണ്ട്. ആളുകളെക്കൊണ്ട് നല്ലതുപറയിക്കാനായാല്‍ വിജയം ഉറപ്പ്. ഉദ്ഘാടനച്ചടങ്ങിലേക്ക് ആളുകളെ ക്ഷണിച്ചതും ആ ധാരണയുടെ പുറത്താണ്. പിമ്പുകള്‍ അവരുടെ കെട്ടിടത്തിനു ചുറ്റും വട്ടമിട്ടു നടക്കുന്നുണ്ട്. കമ്മീഷന്‍ കൈപ്പറ്റി ഉപഭോക്താക്കളെ എത്തിക്കാനുള്ള ശ്രമാണ് അവരുടേത്. മാധുരിക്ക് അത്തരക്കാരുടെ സഹായം ആവശ്യമില്ല.
ബാബുലാലിന്റെ സഹായത്തോടെ അവര്‍ ബൗണ്‍സറുകളെ ഏര്‍പ്പാടാക്കി. നൃത്തശാലയിലേക്കുള്ള ആളുകളുടെ വരവും പോക്കും നിയന്ത്രിക്കാനുള്ള ചുമതല അവര്‍ക്കാണ്. വര്‍ഷങ്ങളോളം ബന്ധം സൂക്ഷിച്ച പഴയ ചില പതിവുകാരെ മാധുരി മെഹ്ഫിലിലേക്ക് പ്രത്യേകം ക്ഷണിച്ചു. അതിസമ്പനായ വജ്രവ്യാപാരി സുകുമാര്‍ സിങ് ഷാ ആണ് അക്കൂട്ടത്തിലെ പ്രധാനി. സൂറത്തില്‍നിന്നുള്ള ആ മദ്ധ്യവയസ്‌കന്‍ ചെറുപ്പകാലത്ത് അച്ഛനൊപ്പം കച്ചവടയാവശ്യത്തിന് പതിവായി ബോംബെയില്‍ വരാറുണ്ടായിരുന്നു. ഇടയ്ക്കിടെ അയാള്‍ അവിടെയും വന്നുപോകും. അന്ന് മാധുരി ചെറുപ്പമാണ്. അവരുടെ അമ്മ സുശീലാ ഭായിയായിരുന്നു നൃത്തശാല നടത്തിയിരുന്നത്.

തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രശസ്തനായ സിനിമാനിര്‍മ്മാതാവ് അക്രം ഖാന്‍ ആയിരുന്നു അതിഥികളുടെ കൂട്ടത്തിലെ മറ്റൊരാള്‍. ബാബുലാല്‍ പറഞ്ഞപ്രകാരം ഭാരത് ലോഡ്ജിന്റെ ഉടമയായ ഭൂപീന്ദര്‍ സിങ്ങിനെയും മാധുരി ക്ഷണിച്ചു. മുക്തിയുടെ ആണ്‍സുഹൃത്തും പട്ടണത്തിലെ പ്രമുഖ ബില്‍ഡറുമായ പുഷ്‌കര്‍ ഗുപ്തയ്ക്കും ക്ഷണമുണ്ട്. ചങ്ങാതിമാര്‍ക്കൊപ്പമാകും പുഷ്‌കറിന്റെ വരവ്.
മകള്‍ നിയതിയുടെ ജനനത്തിനുശേഷം മുക്തിയുടെ ആരോഗ്യനില അത്ര നല്ലതായിരുന്നില്ല. എങ്കിലും മുനിയയുടെയും മല്ലികയുടെയും പരിചരണം അവള്‍ ഏറ്റെടുത്തു. പട്ടണത്തിലെ ഏറ്റവും നല്ല ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോയി അവരുടെ മുഖവും മേനിയും ഒന്നുകൂടി മിനുക്കിയെടുത്തു. അവര്‍ക്ക് അണിയാനുള്ള ഗാഗ്രാ ചോളിയും ലെഹംഗയുമൊക്കെ മാധുരിയുടെ വിശ്വസ്തനായ തുന്നല്‍ക്കാരന്‍ ഹനീഫ മിയാനാണ് തയ്യാറാക്കിയത്. അങ്ങനെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

മെഹ്ഫിലിന്റെ ഉദ്ഘാടനത്തിന്റെ തലേദിവസം മാധുരിക്ക് പ്രദേശത്തെ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജിനെ കാണാനുള്ള അറിയിപ്പു കിട്ടി. അങ്ങനെ ബാബുലിനെയും കൂട്ടി മാധുരി സ്റ്റേഷനിലെത്തി.
'നിങ്ങളുടെ വൃത്തികെട്ട തൊഴില്‍ ഉടന്‍ നിര്‍ത്തണം,' ഇന്‍സ്‌പെക്ടറിന്‍േത് ഒരു താക്കീതായിരുന്നു.
'സാബ്, ഞങ്ങള്‍ തലമുറകളായി മുജ്രാനര്‍ത്തകരാണ്. അതില്‍ അങ്ങു പറയുന്ന വൃത്തികേട് എന്താണെന്ന് മനസ്സിലാകുന്നില്ല,' വിനയത്തോടെ ബാബുലാല്‍ പറഞ്ഞു.
ആ സംസാരത്തില്‍ മാധുരി ഇടപെട്ടു: 'മുപ്പതു വര്‍ഷമായി ഞങ്ങളുടെ നൃത്തശാല ഇവിടെയുണ്ട്. മുമ്പത്തെ ഇന്‍സ്‌പെക്ടര്‍ ഖദ്യ സാബിന് എന്നെ നല്ല പരിചയമാണ്. എന്റ അമ്മയുടെ കാലംമുതല്‍ ഞങ്ങള്‍ ഇതാണ് ചെയ്യുന്നത്. ഇവിടുത്തെ പോലീസുകാര്‍ക്കൊക്കെ എന്റെ അമ്മ സുശീലാദേവിയെ അറിയാം. അവര്‍ ഒരു നര്‍ത്തകിയും ഗായികയുമായിരുന്നു. എന്റെ അര്‍ദ്ധസഹോദരിയും അക്കാലത്ത് ആളുകളുടെ ഹരമായിരുന്നു. ശരിയല്ലാത്ത കാര്യങ്ങളൊന്നും ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല. അങ്ങേയ്ക്ക് സംശയമുണ്ടെങ്കില്‍ എ.സി.പി. ഗോഡ്‌ബോലെ സാബിനോട് ഒന്ന് അന്വേഷിച്ചുനോക്കൂ.'
'കാര്യമൊക്കെ ശരിയായിരിക്കും പക്ഷേ, നിങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയാണ് ഇതിന് കരുവാക്കുന്നത്,' ഇന്‍സ്‌പെക്ടറുടെ സ്വരം കുറച്ചുകൂടി കടുത്തു.

'പ്രായപൂര്‍ത്തിയായില്ലെന്നോ? അങ്ങ് എന്താണ് പറയുന്നത് സാബ്. അവരെന്റെ സഹോദരിയുടെ മക്കളാണ്. അവരുടെ കാര്യത്തില്‍ ഞാന്‍ ഇങ്ങനൊരു അനീതി കാണിക്കുമെന്നാണോ അങ്ങ് കരുതുന്നത്? അവര്‍ പ്രായപൂര്‍ത്തിയായവരാണെന്നതിന്റെ തെളിവ് വേണോ? റേഷന്‍കാര്‍ഡിലും രേഖകളിലും അവരുടെ പേരുണ്ട്. ഗ്രാമത്തിലെ സ്‌കൂളില്‍ അവര്‍ പഠിച്ചതിന്റെ രേഖകളും എന്റെ പക്കലുണ്ട്,' മാധുരിയുടെ മറുപടിയില്‍ വിനയം നിറഞ്ഞിരുന്നു.
'നിങ്ങളുടെ നൃത്തശാലയില്‍ മദ്യം വിളമ്പാന്‍ വല്ല ഉദ്ദേശ്യവും നിങ്ങള്‍ക്കുണ്ടോ? കാര്യങ്ങള്‍ ആ നിലയ്ക്കാണെങ്കില്‍ അതിനുള്ള ലൈസന്‍സ് നിങ്ങള്‍ക്കില്ലെന്നുകൂടി ഓര്‍ത്താല്‍ നല്ലത്,' ഇന്‍സ്‌പെക്ടര്‍ വിടാനുള്ള മട്ടില്ല.
'സാബ്, ഒരു കാര്യം ചോദിക്കട്ടെ. അങ്ങയുടെ വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ അവര്‍ക്ക് അല്‍പ്പം മദ്യം കൊടുക്കുന്നതിന് ലൈസന്‍സിന്റെ ആവശ്യമുണ്ടോ? അവരെന്റെ അതിഥികളാണ്. മദ്യം വില്‍ക്കാന്‍ ഞാന്‍ മദ്യശാലയല്ല നടത്തുന്നത്. ഇനി ലൈസന്‍സ് എടുക്കണം എന്നതൊരു നിയപരമായ നിര്‍ബ്ബന്ധമാണെങ്കില്‍ ഞാനത് അനുസരിക്കാം.'

നൃത്തശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ക്ക് കടുംപിടിത്തമൊന്നുമില്ലെന്ന് മാധുരിക്ക് സംഭാഷണത്തിനിടെത്തന്നെ മനസ്സിലായി. ഈ മേഖലയിലെ മത്സരമാണ് അദ്ദേഹത്തിന്റെ പ്രശ്‌നം എന്നും അവര്‍ക്കു തോന്നി. കുട്ടികളുടെ പ്രായവും മദ്യം വിളമ്പലും പോലെയുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാകുമെന്നും അവര്‍ക്ക് ഉറപ്പായിരുന്നു.
'സാബ് ഞങ്ങളുടെ മെഹ്ഫില്ലിന്റെ ഉദ്ഘാടനം നാളെയാണ്. അങ്ങ് അവിടെവരെ വന്ന് അതില്‍ പങ്കെടുത്താല്‍ ഞങ്ങള്‍ക്കത് വലിയൊരു സന്തോഷമാകും,' ബാബുലാല്‍ ഇന്‍സ്‌പെക്ടറെ ചടങ്ങിലേക്ക് ക്ഷണിച്ചു.
'നിങ്ങളെന്നെ വിലയ്‌ക്കെടുക്കാനുള്ള ശ്രമത്തിലാണോ? ഇത്തരം വൃത്തികെട്ട ഏര്‍പ്പാടുകളില്‍ പങ്കെടുക്കാന്‍ ഒരു ഉത്തരവാദിത്വപ്പെട്ട പോലീസ് ഓഫീസറെ ക്ഷണിക്കാന്‍ എങ്ങനെ ധൈര്യം വന്നു. നിങ്ങളെ ജയിലിലടയ്ക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്.'
ഇന്‍സ്‌പെക്ടറുടെ അരിശത്തിനു മുന്നിലും ബാബുലാലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.
'നിങ്ങള്‍ പറയുന്ന കാര്യങ്ങളൊക്കെ ശരിയാണെന്നു തെളിയിക്കാന്‍ ആ കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ എനിക്കു കാണണം. രണ്ടു കോണ്‍സ്റ്റബിള്‍മാരെ നാളെ രാവിലെ ഞാന്‍ അങ്ങോട്ട് അയയ്ക്കാം.'
മാധുരിയെ തറപ്പിച്ചൊന്നു നോക്കി ഇന്‍സ്‌പെക്ടര്‍ ആ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

മാധുരി അത്യധികം സന്തോഷവതിയായിരുന്നു. പതിനേഴു വര്‍ഷത്തിനൊടുവില്‍ വലിയൊരു ആഗ്രഹം സഫലമാകുന്ന സന്തോഷം. ബാബുലാലുമായി ആലോചിച്ച് മൂന്നു നര്‍ത്തകിമാരെക്കൂടി മാധുരി അവിടെ എത്തിച്ചു. മറ്റു സമുദായത്തില്‍നിന്നും ചെറുപ്പത്തില്‍ത്തന്നെ വിലയ്ക്കു വാങ്ങിയതാണ് അവരെ. മൂന്നുപേരും മികച്ച പിന്നണിനര്‍ത്തകരാണ്. നൃത്തശാലയില്‍ എത്തുന്നവരെ ഏതറ്റംവരെയും സന്തോഷിപ്പിക്കാന്‍ അവരെ ഉപയോഗിക്കാം. അതിഥികളില്‍ ആര്‍ക്കെങ്കിലും മടുപ്പു തോന്നിയാല്‍ അതു മാറ്റിയെടുക്കാന്‍ അവര്‍ക്കു കഴിയും.
മുനിയയ്ക്കും മല്ലികയ്ക്കും നല്ല സാമ്പത്തികസ്ഥിതിയും വ്യക്തിത്വവുമുള്ള കക്ഷികളെ കിട്ടണം എന്നുതന്നെയായിരുന്നു മാധുരിയുടെ ആഗ്രഹം. തിടുക്കപ്പെട്ട് അവരുടെ കാര്യത്തില്‍ യാതൊരു തീരുമാനവുമെടുക്കാന്‍ അവര്‍ താത്പര്യപ്പെട്ടില്ല. നാത് ഉതാര്‍ന അല്‍പ്പം വൈകിയാല്‍ക്കൂടിയും പ്രശ്‌നമില്ല. പ്രതീക്ഷക്കയ്‌ക്കൊത്ത ആളുകള്‍ വരട്ടെ. അതുവരെ കാത്തിരിക്കുന്നതില്‍ തെറ്റില്ല.

സമുദായത്തിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ നാത് ഉതാര്‍ന, സര്‍ ധക്‌ന തുടങ്ങിയ ചടങ്ങുകള്‍ വളരെ പ്രധാനമായിരുന്നു. മൂക്കുത്തി അഴിച്ചുമാറ്റല്‍ എന്നാണ് നാത് ഉതാര്‍ന അര്‍ത്ഥമാക്കുന്നത്. ശിരോവസ്ത്രം അണിയലാണ് സര്‍ ധക്‌ന. പെണ്‍കുട്ടികള്‍ ലൈംഗികജീവിതം ആരംഭിക്കുന്നതിന്റെ സൂചനകളാണ് ഇവ രണ്ടും. അവയോടുകൂടി അവര്‍ ഒരു മുതിര്‍ന്ന സ്ത്രീയുടെ ജീവിതം തുടങ്ങുന്നു. അഭിസാരികകള്‍ക്ക് മൂക്കുത്തി അവരുടെ കന്യകാത്വത്തിന്റെ ചിഹ്നമാണ്. സമുദായത്തിലെ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് മാധുരിയെപ്പോലെ ചുമതലപ്പെട്ട സ്ത്രീകള്‍ക്കും തലമുതിര്‍ന്ന പുരുഷന്മാര്‍ക്കുമാണ്. പതിനേഴു വര്‍ഷം മുമ്പത്തെ ആ വലിയ പിഴവ് ആവര്‍ത്തിക്കാന്‍ മാധുരി ആഗ്രഹിച്ചിരുന്നില്ല.

അതിഥികളുടെ കൂട്ടത്തില്‍ ആദ്യമെത്തിയത് സുകുമാര്‍ ഷാ ആയിരുന്നു. നേരത്തേ പറഞ്ഞതുപ്രകാരം കൃത്യം ഒന്‍പതുമണിക്കുതന്നെ അയാളെത്തി. മാധുരി പെട്ടെന്നുതന്നെ ആളെ തിരിച്ചറിഞ്ഞു. കുറച്ച് തടി കൂടിയിട്ടുണ്ട്. നല്ല ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മമായിരുന്നു അയാളുടേത്. ഇരുണ്ട നീലനിറമുള്ള സ്യൂട്ടും ഇളം റോസ് നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. കറുത്ത ലെതര്‍ഷൂസ് വെട്ടിത്തിളങ്ങി. മുടി വെടിപ്പായി വെട്ടിയൊതുക്കിയിട്ടുണ്ട്. വിരലുകളിലെ നഖങ്ങളും വൃത്തിയുള്ളതുതന്നെ. മാധുരി അയാളെ നോക്കി ചിരിച്ചു; അയാള്‍ തിരിച്ചും. അയാളുടെ പല്ലുകളില്‍ വെറ്റിലക്കറ ഉണ്ടായിരുന്നില്ല. പാസ്മാര്‍ക്കിന് അതുതന്നെ ധാരാളം. ഇയാളുടെ കൈയില്‍ ധാരാളം പണമുണ്ട്. മാധുരി ഉറപ്പിച്ചു.
'ഷാ സാബ്, തിരക്കുകളൊക്കെ മാറ്റിവെച്ച് കൃത്യസമയത്തുതന്നെ എത്തിയതിനു വളരയധികം നന്ദി,' മാധുരി അയാളെ സ്വാഗതം ചെയ്തു.
'മാധുരീ ഭായ്, മുന്നിയുടെ മകള്‍ ആദ്യമായി അരങ്ങിലെത്തുകയല്ലേ. അങ്ങനെയിരിക്കെ എനിക്ക് വൈകാനാവില്ലല്ലോ. പതിനേഴു വര്‍ഷം മുമ്പ് ആ ദില്ലിക്കാരന്‍ കാരണം എനിക്കുണ്ടായ മാനക്കേടിനു പകരംവീട്ടാനുള്ള ദിവസമാണിത്. അവളുടെ മകളുടെ നൃത്തം എനിക്കു കാണണം.'
ഷായുടെ പെരുമാറ്റം മാധുരിയെ ഞെട്ടിച്ചു. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഷായെപ്പോലെ പതിഞ്ഞമട്ടിലുള്ള ഒരു മനുഷ്യന്റെ മനസ്സില്‍നിന്നും ഓര്‍മ്മകള്‍ മാഞ്ഞുപോയിട്ടില്ല. ഈ തോന്നലുകള്‍ മുളയിലേ നുള്ളേണ്ടതുതന്നെയെന്ന് മാധുരി ഉറപ്പിച്ചു. അയാളുടെ പകയും പ്രതികാരവും മുനിയയെ ബാധിക്കാതിരിക്കുകയാണ് പ്രധാനം.

നിലത്തുവിരിച്ച പരുത്തിമെത്തയില്‍ മാധുരി അയാള്‍ക്കൊപ്പം ഇരുന്നു. വളരെ തന്മയത്വത്തോടെ അവര്‍ കാര്യങ്ങള്‍ മയപ്പെടുത്താന്‍ തുടങ്ങി: 'മുനിയ ആളൊരു തൊട്ടാവാടിയാണ്. ഇന്ന് അവള്‍ ആദ്യമായി നൃത്തം ചെയ്യുകയല്ലേ. അതിന്റെ പരിഭ്രമമുണ്ട് അവള്‍ക്ക്. അവളുടെ അമ്മയുമായി മുനിയയെ ഒരിക്കലും താരതമ്യം ചെയ്യരുത്. അങ്ങനെയൊരു താരതമ്യം ചിലപ്പോള്‍ അവളെ വിഷമിപ്പിച്ചേക്കാം. മുനിയയുടെ അമ്മ മികച്ച നര്‍ത്തകിയായിരുന്നു. പക്ഷേ, അങ്ങ് അവളെ കാണുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ അവള്‍ അരങ്ങിലുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇപ്പോള്‍ എടുത്തിടുന്നത് മുനിയയ്ക്കു മാത്രമല്ല, താങ്കള്‍ക്കും ദോഷമാണ്. അവളുടെ അമ്മയെ ഇടയിലേക്ക് വലിച്ചിട്ടാല്‍ അത് അങ്ങയെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലേ. പോരാത്തതിന് അവളുടെ പ്രായത്തില്‍ ഒരു മകള്‍ അങ്ങേയ്ക്കും ഉണ്ടെന്നു ഞാന്‍ കരുതുന്നു,' അയാളെ നോക്കി കണ്ണുചിമ്മിയ ശേഷം മാധുരി തുടര്‍ന്നു, 'അങ്ങയെപ്പോലെ ഒരാള്‍ക്ക് മുനിയയെപ്പോലെ ഒരു ചെറിയ പെണ്‍കുട്ടിയോട് ഇത്തരം കാര്യങ്ങള്‍ വിളിച്ചുപറയാനാകില്ല എന്നെനിക്കു വിശ്വാസമുണ്ട്. അതുകൊണ്ട് ദയവായി ഒന്ന് ആലോചിക്കൂ. അവളുടെ അമ്മയില്‍ നിങ്ങള്‍ക്കുണ്ടായ താത്പര്യം മുനിയ മനസ്സിലാക്കിയാല്‍ അവള്‍ക്ക് നിങ്ങളോട് എന്താവും തോന്നുക. അതുകൊണ്ട് പഴയതൊക്കെ മറന്ന് ഈ നിമിഷത്തെ ആസ്വദിക്ക്. സാബ്, നേരത്തേ പറഞ്ഞ ആ തെമ്മാടിയുടെ കാര്യം മറന്നേക്ക്. അവളെ തിരുത്താന്‍ ഞങ്ങള്‍ ആവുന്നത്ര ശ്രമിച്ചു. കാര്യമില്ലെന്നു വന്നതോടെ എന്റെ അമ്മാവന്‍ ശങ്കര്‍ ബാബ അവളെ പ്രദേശത്തെ സെമീന്ദാറിന് സമ്മാനമായി കൊടുത്തു. പിന്നെ അധികം വൈകാതെ അവളങ്ങു മരിച്ചു. കാലക്കേട്, അല്ലാതെന്താ.' നന്നായി വിടര്‍ന്ന വലിയ കണ്ണുകൊണ്ട് മാധുരി അയാളെ ഉറ്റുനോക്കി. അയാളൊന്ന് അടങ്ങിയെന്ന് ഉറപ്പാക്കിയതോടെ മാധുരി ശബ്ദം കുറച്ചുകൂടി മയപ്പെടുത്തി: 'അല്ല, കുടിക്കാനെന്താ വേണ്ടത്? ബ്ലാക്ക് ലേബല്‍ ആയാലോ?'
'വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും എന്റെ ഇഷ്ടങ്ങളൊന്നും നീ മറന്നിട്ടില്ല, അല്ലേ മാധുരീ,' ഷാ ഉറക്കെ ചിരിച്ചു.

അക്രം ഖാനും ഭൂപീന്ദര്‍ സിങ്ങും ബാബുലാലും ഒരുമിച്ചാണ് എത്തിയത്. ഭൂപീന്ദര്‍ സിങ്ങിനെ ഹോട്ടലില്‍നിന്ന് കൂട്ടാന്‍ ടാക്‌സിയുമായി പോയതായിരുന്നു ബാബുലാല്‍. അയാളുമായി തിരികെയെത്തിയപ്പോള്‍ ഗേറ്റിനടുത്തുവെച്ചാണ് അക്രം ഖാനെ കണ്ടത്. ബി.എം. ഡബ്ല്യൂവില്‍നിന്ന് അയാള്‍ പുറത്തേക്കിറങ്ങുന്നു. അക്രം വയസ്സനായിട്ടുണ്ട്. അയാളുടെ നെറ്റിയിലെ വരകള്‍ തെളിഞ്ഞു. പക്ഷേ, അയാളുടെ ആറരയടി പൊക്കവും തിളങ്ങുന്ന സ്വര്‍ണ്ണനിറവും ആ പരിക്കുകളെല്ലാം പരിഹരിച്ചു. അയാളുടെ സ്വതസ്സിദ്ധമായ പഴയ ചിരിക്കും മാറ്റമില്ല. മാധുരിയെ കണ്ടതും അയാള്‍ ഏറെ ആഹ്ലാദവാനായി. 'മേരീ ജാന്‍...' ഉറക്കെ ചിരിച്ചുകൊണ്ട് അയാള്‍ അവരെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു.

ഭൂപീന്ദര്‍സിങ് ഒരു സാധാരണ ബിസിനസ്സുകാരന്‍ തന്നെയാണ്. എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണക്കാരന്‍. സഫാരിസ്യൂട്ടായിരുന്നു അയാളുടെ വേഷം. വലിയ ബഹളങ്ങളൊന്നുമില്ലാത്ത ശാന്തന്‍. മാധുരിക്ക് നമസ്‌തേ പറഞ്ഞശേഷം തൂവെള്ള വിരിപ്പു വിരിച്ച പഞ്ഞിത്തലയിണകള്‍ അടുക്കിയ സപ്രമഞ്ചത്തില്‍ അയാളിരുന്നു. അയാള്‍ അവിടെ ഇരിപ്പുറപ്പിച്ചതോടെ ഉത്തരവാദിത്വം ഒഴിഞ്ഞമട്ടില്‍ ബാബുലാല്‍ പുറത്തേക്കിറങ്ങി.
ഷായും അക്രവും പരിചയക്കാരാണ്. പഴയകഥകള്‍ പറയുന്ന തിരക്കിലായിരുന്നു അവര്‍. മുറിക്കുള്ളില്‍ പൂക്കളുടെയും ചന്ദനത്തിരികളുടെയും ഗന്ധം നിറഞ്ഞു. സാരംഗിയും തബലയും ഹാര്‍മോണിയവും ഒക്കെയായി വാദ്യസംഘം അതാതു സ്ഥലങ്ങളില്‍ ഇരുന്നു. വെള്ളിക്കിണ്ണങ്ങളിലും താലങ്ങളിലും മധുരപലഹാരങ്ങള്‍ നിറഞ്ഞു.

പിന്നണിനര്‍ത്തകിമാരാണ് ആദ്യം വന്നത്. അവര്‍ അതിഥികള്‍ക്കെതിരേ ഇരുന്നു. അതിമനോഹരമായി ഒരുങ്ങിയ മൂന്നു പെണ്‍കുട്ടികള്‍. മേക്കപ്പും മുടിക്കെട്ടും വസ്ത്രവും എല്ലാംകൊണ്ടും അവര്‍ ആരെയും ആകര്‍ഷിക്കും. പുരുഷന്മാരെ കൈയിലെടുക്കുന്നതില്‍ അവര്‍ക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. ചടങ്ങിലേക്ക് ഇവരെ തിരഞ്ഞെടുത്തതില്‍ മാധുരിക്ക് അഭിമാനം തോന്നി.
സമയം ഒന്‍പതരയായി. മറ്റ് അതിഥികള്‍ക്കായി കാത്തുനില്‍ക്കാതെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു മാധുരി. പെട്ടെന്ന് വാതില്‍ തുറന്ന്, തടിച്ചുകൊഴുത്ത പ്രൗഢിയുള്ള ഒരു ചെറുപ്പക്കാരനും സംഘവും അകത്തേക്കു കയറി. പുഷ്‌കര്‍ ഗുപ്തയും ചങ്ങാതിമാരുമായിരുന്നു അവര്‍. അയാള്‍ നേരേ ചെന്ന് മാധുരിയെ ആലിംഗനം ചെയ്തു. എന്നിട്ട് ചങ്ങാതിമാരെ അവര്‍ക്കു പരിചയപ്പെടുത്തി. മാധുരി അവര്‍ നാലുപേരുടെയും പേരുകള്‍ കൃത്യമായി ഓര്‍ത്തുവെച്ചു. രാജന്‍, മുസ്തഫ, വാള്‍ട്ടര്‍, ആദിത്യനാരായണ്‍. ആ നാലാമന്റെ പേര് മാധുരിയുടെ മനസ്സില്‍ തറഞ്ഞു. അതിസുന്ദരനും കാഴ്ചയില്‍ മാന്യനുമായ ഒരു ചെറുപ്പക്കാരനായിരുന്നു അയാള്‍.

പുഷ്‌കറും ചങ്ങാതിമാരും ഇരിപ്പിടത്തില്‍ ഇരുന്നു. അവര്‍ക്കായി മദ്യം വിളമ്പി. അതിനിടെ മാധുരി ആ ചെറുപ്പക്കാരനെ ഒന്നുകൂടി നോക്കി. വലിയ പൊക്കവും തടിയും ഒന്നുമില്ലാത്ത വെളുത്ത യുവാവ്. അയാളുടെ വിരലുകളാണ് മാധുരിയെ കൂടുതലാകര്‍ഷിച്ചത്. ഒരു ചിത്രകാരന്റേതുപോലെ നീണ്ട വിരലുകള്‍.
'മമ്മിജീ ഉദ്ഘാടനം എന്താ വൈകുന്നത്. ആരെയെങ്കിലും കാത്തിരിക്കുകയാണോ?' പുഷ്‌കര്‍ ചോദിച്ചു.
'ഏയ്, നിങ്ങളെത്താന്‍ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍,' അക്രം ഖാനാണ് മറുപടി പറഞ്ഞത്.
സമ്പന്നരായ ഈ ചെറുപ്പക്കാരുടെ സംഘത്തോട് അയാള്‍ക്ക് ഈര്‍ഷ്യ തോന്നി. അവരുടെ പെരുമാറ്റത്തിലെ മാന്യതയില്ലായ്മയും ബഹുമാനക്കുറവുമാണ് അയാളെ ചൊടിപ്പിച്ചത്. ഏറക്കുറെ എല്ലാ മേഖലകളിലും അറിയപ്പെടുന്ന പേരാണ് അക്രത്തിന്റേത്. പോരാത്തതിന് അയാളൊരു മുതിര്‍ന്ന മനുഷ്യനുമാണ്. പക്ഷേ, ആ ചെറുപ്പക്കാര്‍ അതിനൊന്നും ഒരു വിലയും കൊടുക്കാത്തതുപോലെ.
സന്ദര്‍ഭത്തിലെ സംഘര്‍ഷം മാധുരി മനസ്സിലാക്കി. പിന്നണിനര്‍ത്തകരോട് അവരവരുടെ സ്ഥാനങ്ങളില്‍ തയ്യാറായി നില്‍ക്കാന്‍ അവര്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി. വാദ്യസംഘം തയ്യാറായി. മുനിയയെയും മല്ലികയെയും കൂട്ടാന്‍ മാധുരി അകത്തേക്കു പോയി.

വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് മുറിയുടെ ഒരു കോണില്‍ ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു മുനിയ. സമുദായത്തിന്റെ പതിവുകളനുസരിച്ച് ഏതെങ്കിലുമൊരു സമ്പന്നന്‍ ഇന്നു രാത്രി അവളില്‍ ആകൃഷ്ടനായേക്കാം. അവളിലൂടെ സമുദായത്തിന് ധാരാളം പണം സമ്പാദിക്കാനുമാകും. ഏറ്റവും കൂടുതല്‍ പണം വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് ഒരു രാത്രിയിലേക്ക് അവളെ കൊണ്ടുപോകാം.
ജീവിതത്തിന്റെ ഈ പ്രധാനഘട്ടത്തില്‍ മുനിയ അവളുടെ അമ്മയുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പതിവുപോലെ ആ മുഖത്തിന്റെ ഒരു മങ്ങിയ ചിത്രംപോലും അവളുടെ മനസ്സില്‍ തെളിഞ്ഞില്ല. അവള്‍ക്ക് ദേഷ്യം തോന്നി. അമ്മയുടെ ഒരു ഫോട്ടോപോലും എവിടെയും കാണാന്‍ കിട്ടാത്തത് എന്തുകൊണ്ടാണെന്ന് അവള്‍ ആലോചിച്ചു. മാധുരി മായും ദാദുവും അമ്മയെപ്പറ്റി ഇന്നേവരെ അവളോട് യാതൊന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് അവളോര്‍ത്തു. മുനിയയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അമ്മയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു.

'മുനിയ മോളേ, വാ... മെഹ്ഫില്‍ തുടങ്ങാന്‍ സമയമായി. ഇത് ആഘോഷരാവാണെന്നു മറക്കരുത്.' മാധുരി മുനിയയുടെ കവിളില്‍ മെല്ലെ തൊട്ടു.
അരങ്ങിലെത്താനുള്ള സമയം പരമാവധി നീട്ടിവെക്കാന്‍ മുനിയ ആവുന്നത്ര ശ്രമിച്ചു. സമുദായത്തിന്റെ പതിവുകളെ വെല്ലുവിളിക്കാനുള്ള പണമോ ധൈര്യമോ തനിക്കില്ലാത്തതില്‍ അവള്‍ക്കു നിരാശ തോന്നി. അവള്‍ കണ്ണുകളടച്ച് അമ്മയെ മനസ്സില്‍ സങ്കല്‍പ്പിച്ചു. തിളങ്ങുന്ന കണ്ണുകളും ഉറച്ച കൈത്തലങ്ങളുമുള്ള ആ അപരിചിതനെയും അവളോര്‍ത്തു. ബനാറസിലെ ഇരുണ്ട തെരുവില്‍ തെമ്മാടികളില്‍നിന്ന് അവളെ രക്ഷിച്ച ആ മുഖം അവള്‍ക്കെങ്ങനെ മറക്കാനാകും? അയാള്‍ ആരാണെന്നോ, ഇനിയെന്നെങ്കിലും കണ്ടുമുട്ടാനാകുമോ എന്നും അവള്‍ക്ക് യാതൊരറിവുമുണ്ടായിരുന്നില്ല. എന്നെങ്കിലും കാണാനായാല്‍ അന്നു കാണിച്ച ധൈര്യത്തിന് തീര്‍ച്ചയായും നന്ദി പറയുമെന്നുതന്നെ അവള്‍ ഉറപ്പിച്ചു.
ഇപ്പോള്‍ നേരിടേണ്ട അനിവാര്യതയെ ഇനിയും വെച്ചുനീട്ടാനാകില്ലെന്ന് ഉറപ്പായതോടെ മുനിയ ഭാരിച്ച ചുവടുകളോടെ നൃത്തശാലയിലേക്ക് നടന്നു. ഒരുനാള്‍ സമുദായത്തിന്റെ ഈ നശിച്ച വെറിയെ കീഴ്‌പ്പെടുത്താനാവശ്യമായ പണവും ധൈര്യവും നേടിയെടുക്കുമെന്ന് അവള്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു. മുനിയ അരങ്ങിലെത്തി. സദസ്സില്‍ ആരവമുയര്‍ന്നു. യാന്ത്രികമെങ്കിലും വശ്യമായ ചിരിയോടെ അവള്‍ ഓരോരുത്തരുടെയും കണ്ണുകളിലേക്കു നോക്കി. നൃത്തപരിശീലകന്‍ ഖാല ഖാന്‍ ഇക്കാര്യം ഇടയ്ക്കിടെ അവളെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അരങ്ങിലെത്തുമ്പോള്‍ മുഴങ്ങിക്കേട്ട ഹര്‍ഷാരവങ്ങള്‍ക്കുള്ള നന്ദിപ്രകടനമാണ് അത്.

നര്‍ത്തകിമാര്‍ അവള്‍ക്കു ചുറ്റും അണിനിരന്നു. സംഗീതത്തിന്റെ അകമ്പടിക്കൊത്ത് ചുവടുകള്‍ വെച്ച് അവള്‍ സ്റ്റേജിന്റെ മദ്ധ്യത്തിലെത്തി. അരങ്ങുണര്‍ന്നു. തൊട്ടാവാടിയും അന്തര്‍മുഖിയും ഏകാകിയുമായ ഒരു കൗമാരക്കാരി, ബുദ്ധിമതിയും ആകര്‍ഷകയും ഐശ്വര്യവതിയുമായ ഒരു അഭിസാരികയായി പരിണമിച്ച നിമിഷങ്ങളായിരുന്നു അവ. അന്നുമുതല്‍ മുനിയ പല്ലവി സിങ് എന്ന പേരില്‍ അറിയപ്പെട്ടു.

ശരീരദാഹികളായ പതിവുകാര്‍ക്ക് കണ്ടുകൊതിച്ച് പണം വാരിവിതറാനുള്ള ഉപകരണമായിരുന്നു മാധുരിക്ക് പല്ലവി. സുകുമാര്‍ ഷായും അക്രവും ആദിത്യനാരായണനും ഉള്‍പ്പെടെയുള്ള വരേണ്യരായ അതിഥികള്‍ അവളുടെ ഓരോ അണുവിലും ആകൃഷ്ടരായി. അവളെ നേടിയെടുക്കാന്‍ ആവുന്നതെന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു അവരെല്ലാവരുംതന്നെ.
ചലനങ്ങളിലും ചുവടുകളിലും ലാസ്യതയേറ്റി ആണ്‍ലൈംഗികതയുടെ അടിവേരിളക്കാന്‍ മാധുരി അവളെ പ്രാപ്തയാക്കി. മാധുരിയുടെയും ബാബുലാലിന്റെയും അനുഭവപാഠങ്ങള്‍ ശരിയെന്നു തെളിയിച്ചുകൊണ്ട് സുകുമാറും അക്രവും ആദിത്യനാരായണനും ഓരോ ദിവസവും കൂടുതല്‍ പണവും വിലപിടിച്ച സമ്മാനങ്ങളും അവള്‍ക്കുള്ള പാരിതോഷികങ്ങളുമായി വേദിയിലേക്കൊഴുകാന്‍ തുടങ്ങി. അത്രമാത്രം അവരവളെ ആഗ്രഹിച്ചു.
കാലങ്ങള്‍ക്കു മുമ്പ് കണ്ടുമോഹിച്ച് സ്വന്തമാക്കാനാകാതെപോയ ആ പഴയ നര്‍ത്തകിയോടുള്ള അഭിനിവേശം അവളുടെ മകളിലൂടെ പൂര്‍ത്തീകരിക്കാനുള്ള വാശിയായിരുന്നു സുകുമാര്‍ ഷായുടേത്. അക്രത്തിന് അണഞ്ഞുപോയ അയാളുടെ യൗവനത്തെ ഒരിക്കല്‍ക്കൂടി ആളിക്കത്തിക്കാനുള്ള അവസാനത്തെ അവസരമായിരുന്നു അവള്‍. ആരും തൊടാത്ത അതിസുന്ദരിയായ കൗമാരക്കാരിയില്‍ തന്റെ യൗവനതൃഷ്ണകളെ പടര്‍ത്താന്‍ ആദിത്യനാരായണനും മോഹിച്ചു.
മെഹ്ഫിലിന്റെ ഉദ്ഘാടനദിവസംതന്നെ തങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചിട്ടില്ലന്ന കാര്യം മാധുരിക്കും ബാബുലാലിനും മനസ്സിലായി. പണം കൊയ്യാം എന്നുള്ള ഉറപ്പിന്മേലാണ് ഇത്രകാലവും ഈ പെണ്‍കുട്ടിക്കുവേണ്ടി അവര്‍ അവരുടെ പണവും സമയവും ശ്രദ്ധയും ചെലവിട്ടതുതന്നെ.

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ പല്ലവിയുടെ കീര്‍ത്തി വളര്‍ന്നു. അവള്‍ സുന്ദരിയായിരുന്നു. മികച്ച നര്‍ത്തകിയും. സംഭാഷണചാതുരിയും നര്‍മ്മബോധവുമായിരുന്നു അവളുടെ മറ്റു മേല്‍ക്കൈകള്‍. ആരെയും അവള്‍ തന്നിലേക്ക് ആകര്‍ഷിച്ചു. മറ്റ് നിശാശാലകളിലെ സ്ഥിരം അംഗങ്ങള്‍പോലും അവളെ മാത്രം കൊതിച്ചു മാധുരിയുടെ മെഹ്ഫില്ലിലെ പതിവുകാരായി. അവള്‍ക്കുവേണ്ടി വന്‍തുകകള്‍ വാഗ്ദാനം ചെയ്യപ്പെട്ടു. മാധുരിയുടെയും ബാബുലാലിന്റെയും വാക്കുകളനുസരിച്ച് സമ്പന്നരായ ശരീരദാഹികളുടെ തൃഷ്ണകളെ അവള്‍ വശ്യതയുടെ ഇന്ദ്രജാലംകൊണ്ട് കൂടുതല്‍ക്കൂടുതല്‍ ജ്വലിപ്പിച്ചു. വശീകരണകലയില്‍ അവളൊരു വിദഗ്ദ്ധയായി മാറി. പല്ലവി ബോംബെ നഗരത്തിലെ നിശാവിനോദകേന്ദ്രങ്ങളിലെ ഏറ്റവും മൂല്യമേറിയ പേരായി മാറി. മാധുരിയും ബാബുലാലും ഉന്മാദം എന്തെന്നറിഞ്ഞു. സ്വര്‍ണ്ണമുട്ടകളിടുന്ന അരയന്നത്തെ സ്വന്തമാക്കിയതിന്റെ ഉന്മാദം.
മദ്ധ്യവര്‍ഗ്ഗത്തിലെ താഴേക്കിടക്കാര്‍ തിങ്ങിപ്പാര്‍ത്ത പ്രദേശത്തുനിന്നും കുറച്ചു മാറി ബൈക്കുളയിലെ ഗുരുജിനഗറില്‍ അവര്‍ ഒരു കെട്ടിടവും വളപ്പും സ്വന്തമാക്കി താമസം അവിടേക്കു മാറ്റി. നിലവിലുള്ള പ്രദേശത്തുതന്നെ നൃത്തശാല തുടരുകയും ചെയ്തു.

ബോംബെ നഗരത്തിലെ പേരുകേട്ട പല നൃത്തശാലകളും പല്ലവിയെ തങ്ങളുടെ നര്‍ത്തകിയാക്കാന്‍ കൊതിച്ചു. വിദേശത്തും സ്വദേശത്തുമുള്ള അതിസമ്പന്നരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു അവയൊക്കെയും. പല്ലവിയെപ്പോലെ ഒരു നര്‍ത്തകിയുടെ ചലനങ്ങള്‍ അരങ്ങിലെത്തിയാല്‍ പണം താനേയൊഴുകും. വൈകാതെ ബോംബെയിലെ പേരുകേട്ട മാഗ്‌നെറ്റ് എന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ബാറില്‍ പല്ലവി നര്‍ത്തകിയായെത്തി.

Content Highlights: Nisanarthaki, Debasis Chathopadhyaya, V.Praveena, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented