പുസ്തകത്തിന്റെ കവർ, ഇ. സന്തോഷ്‌കുമാർ
ഒരു ദശകത്തിനുമുമ്പ് കേരളത്തില്‍ വന്ന ലോക ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയ്ക്കുവേണ്ടി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിവെച്ചിരുന്ന, ചെ ഗുവേരയും ഫിഡല്‍ കാസ്‌ട്രോയുമുള്‍പ്പെടെ മറഡോണയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകള്‍ പകര്‍ത്തിവെച്ചിട്ടുള്ള ഏഴു പന്തുകളിലൊന്നില്‍ ഒരു രഹസ്യമുണ്ടെന്ന സംശയത്തെ അടിസ്ഥാനമാക്കി ഇ. സന്തോഷ്‌കുമാര്‍ രചിച്ച നോവലാണ് 'ഏഴാമത്തെ പന്ത്: മറഡോണ കേരളത്തില്‍ വന്നപ്പോഴുണ്ടായ ഒരു രഹസ്യസംഭവം' . ഐ. എം. വിജയനും ഷറഫ് അലിയും ആസിഫ് സാഹിറും ജോ പോള്‍ അഞ്ചേരിയും ധനേഷുമൊക്കെയടങ്ങുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രതിഭകളുടെ നിരയും, പുലര്‍ച്ചെ തൊട്ടേ വന്നെത്തിത്തുടങ്ങിയ ആരാധകവൃന്ദവും കാത്തിരിക്കുന്ന സ്റ്റേഡിയത്തിലേക്കെത്താന്‍ പത്തരമണിയോടെ ഹോട്ടലില്‍നിന്നിറങ്ങുന്ന മറഡോണയോടൊപ്പം പതിയെപ്പതിയെ വളര്‍ന്നുതുടങ്ങുന്ന സംശയങ്ങളും ഉദ്വേഗവും നിഗൂഢതകളും... കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും സങ്കല്പവും യാഥാര്‍ത്ഥ്യവുമെല്ലാം കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന നോവലിന് എഴുത്തുകാരന്റെ അനുബന്ധക്കുറിപ്പ് വായിക്കാം.
സ്പോര്‍ട്സ് ഇപ്പോള്‍ വെറും സ്പോര്‍ട്സല്ല. കായികശേഷി അളക്കാനുള്ള ആരോഗ്യകരമായ മത്സരങ്ങളോ നേരമ്പോക്കോ ഒക്കെയായി സ്പോര്‍ട്സിനെ വീക്ഷിച്ചിരുന്ന കാലം എപ്പോഴോ അവസാനിച്ചു. ഒളിമ്പിക്സാവട്ടെ, സോക്കര്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവയുടെ ലീഗുകളാവട്ടെ, ഏതിനു പിറകിലും വിപണിയുടെയും രാഷ്ട്രീയത്തിന്റെയുമെല്ലാം ദൃശ്യവും അദൃശ്യവുമായ സാന്നിദ്ധ്യമുണ്ട്. ഓരോ മത്സരത്തിനുപിന്നിലും കോര്‍പറേറ്റുകളും അവരുടെ സാമ്പത്തിക താല്പര്യങ്ങളും കൊമ്പുകോര്‍ക്കുന്നു. ഇന്നിപ്പോള്‍ കായികമത്സരങ്ങള്‍ മൈതാനങ്ങളില്‍ മാത്രമല്ല നടക്കുന്നത്. അവയ്ക്കു മുന്നോടിയായി നൂറുകണക്കിനു ഡാറ്റ അനലിസ്റ്റുകള്‍ അഹോരാത്രം പണിയെടുക്കുന്നു. ആധുനിക കോച്ചിംഗ് ഇത്തരം ഡാറ്റകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. എതിരാളിയുടെ ശക്തികള്‍ എന്തൊക്കെയാണ്, അയാള്‍ ഏതെല്ലാം പിഴവുകള്‍ എപ്പോഴെല്ലാം വരുത്തുന്നു എന്ന് കൃത്യമായി പ്രവചിക്കുന്ന നിര്‍മ്മിതബുദ്ധി (artificial intelligence) ഇവയ്ക്കു പിന്നില്‍ പണിയെടുക്കുന്നു. കളിക്കാരുടെ വില നിശ്ചയിക്കുന്നതും ക്ലബ്ബുകള്‍ അവരെ സ്വന്തമാക്കുന്നതും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു പറയാം.
ഈ ഡാറ്റ മറ്റൊരു വിധത്തിലും ഉപയോഗിക്കപ്പെടുന്നുണ്ട്. മൈതാനങ്ങളിലേക്കു നീളുന്ന, രാജ്യരാജ്യാന്തരങ്ങളോളം വ്യാപിച്ചുകിടക്കുന്ന ചൂതാട്ടത്തിന്റെ നീരാളിക്കൈകളിലൂടെയാണത്. മത്സരഫലങ്ങള്‍ മാത്രമല്ല പന്തയം വയ്ക്കപ്പെടുന്നത്. കളികളിലെ ഓരോ സെക്കന്റിനും കളിക്കാരുടെ ഓരോരോ ചലനങ്ങള്‍ക്കും വന്‍വിപണിമൂല്യമാണുള്ളത്. മദ്യം, മയക്കുമരുന്ന്, ആയുധക്കമ്പോളം ഇവയില്‍ നിന്നെല്ലാം പണം കായികവേദികളിലേക്കൊഴുകുന്നു. അതുകൊണ്ടാണ് ചില മത്സരങ്ങള്‍ക്കുശേഷം മത്സരഫലങ്ങളെ നിര്‍ണയിച്ച തികച്ചും മാനുഷികമായ പിഴവുകളെന്നു നമുക്കു തോന്നുന്ന ചില സംഗതികളുടെ പുറത്ത് കളിക്കാര്‍ കൊല്ലപ്പെടുന്നത്. മത്സരഫലങ്ങളോ അവയ്ക്കു നിമിത്തമായ നിസ്സാരമായ പിഴവുകളോ അല്ല, അവയിലൂടെ കൈമാറിപ്പോയ ദശലക്ഷക്കണക്കിനു ഡോളറുകളായിരുന്നു പുറത്തുനിന്നുള്ളവരുടെ താല്പര്യം. രാജ്യങ്ങളുടെ പേരില്‍ മത്സരങ്ങള്‍ വരുമ്പോള്‍ അവയെല്ലാം ആധുനികകാലത്ത് യുദ്ധങ്ങളുടെ നിലയാണ് കൈവരിക്കുന്നത്. ആണവായുധങ്ങള്‍ തണുത്ത നിലവറകളില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള രാഷ്ട്രങ്ങള്‍ ഫുട്ബാളിന്റെയോ ക്രിക്കറ്റ് ബോളിന്റെയോ രൂപകം ഉപയോഗിച്ച് മൈതാനത്ത് അപരയുദ്ധം (proxy war) ചെയ്യുകയാണ്. കാണികള്‍ കായികമത്സരത്തിന്റെ സൗന്ദര്യത്തെയല്ല, പകരം ചേരികളായി പിരിഞ്ഞിരിക്കുന്ന മത, വംശീയ, രാഷ്ട്രീയ ആശയങ്ങളേയാണ് കളിക്കളങ്ങളില്‍ അന്വേഷിക്കുന്നത്. അതിനുവേണ്ടിയാണ് ആര്‍പ്പുവിളിക്കുന്നത്. ഇങ്ങനെ ആക്രോശിക്കുന്ന കാണി, വിപണിയെ സംബന്ധിച്ച് ഒരു മാര്‍ക്കറ്റിംഗ് പ്രതിനിധിയാണ്. കാരണം രാഷ്ട്രങ്ങളുടെ പേരിലാണ് അണിനിരക്കുന്നതെങ്കിലും കളിക്കാരുടെ ഉടുപ്പുകളും അവ മറയ്ക്കുന്നതിനപ്പുറമുള്ള ഉടലുകളും വിപണിയുടെ അധീനതയിലാണ്. ഉടുപ്പും ഉടലുകളുടെയുമൊന്നും യഥാര്‍ത്ഥ അവകാശികള്‍ കളിക്കാരല്ല. പരസ്യങ്ങള്‍ പതിക്കാനുള്ള പലകകള്‍ പോലെ, അല്ലെങ്കില്‍ പരസ്യങ്ങള്‍ക്കു പ്രത്യക്ഷപ്പെടാനുള്ള സ്‌ക്രീനുകള്‍ പോലെ ശരീരങ്ങള്‍ മാറുന്നു. കൗതര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത The man who sold his skin എന്ന 2020-ലെ ചലച്ചിത്രം ഒരു ചിത്രകാരനെ സ്വന്തം ശരീരത്തില്‍ ഷെങ്ഗന്‍ വീസ (യൂറോപ്പിലെ വിവിധരാജ്യങ്ങളിലേക്ക് അനുവദിക്കുന്ന സംയുക്ത വീസ) പച്ച കുത്താനനുവദിച്ച് സ്വയം വില്ക്കുന്ന ഒരു സിറിയന്‍ അഭയാര്‍ത്ഥിയുടെ കഥയാണ്. ഒന്നോര്‍ത്താല്‍ ഇത്തരം വിപണിയില്‍ നേരത്തേത്തന്നെ എത്തിയവരാണ് കായികതാരങ്ങള്‍. സിറിയയിലേതുപോലുള്ള ഒരു യുദ്ധം പ്രത്യക്ഷത്തില്‍ കാണാനില്ലെങ്കിലും അവരുടെ ചുറ്റും യുദ്ധം തന്നെയാണുള്ളത്. കളിക്കളത്തിനുള്ളിലും പുറത്തും അതിനു തുടര്‍ച്ചയുണ്ട്.
ഫുട്ബാളിലെയും ക്രിക്കറ്റിലെയുമൊക്കെ ജയപരാജയങ്ങള്‍ ഉപയോഗിച്ച് സ്വന്തം ദുര്‍ഭരണങ്ങളെ സാധൂകരിക്കുന്ന സ്വേച്ഛാധിപതികള്‍, അവയിലൂടെ അവര്‍ നേടുന്ന തെരഞ്ഞെടുപ്പുവിജയങ്ങള്‍, മായ്ച്ചുകളയുന്ന ക്ഷാമം, പട്ടിണി, രോഗം, ദുരിതങ്ങള്‍. പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്ത് അരങ്ങേറുന്ന മഹാധൂര്‍ത്തുകള്‍, കുറ്റകൃത്യങ്ങള്‍: സ്പോര്‍ട്സ് വെറുമൊരു മാധ്യമം മാത്രമാവുകയും അതിലൂടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു. കളിയൊഴിഞ്ഞ മൈതാനങ്ങളില്‍, ഒരു മത്സരത്തിനുവേണ്ടുന്ന കാണികളെ ഒരുക്കിനിര്‍ത്തി, അവരുടെ ആര്‍പ്പുവിളികളുടെയും ആവേശത്തിന്റെയും പശ്ചാത്തലത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ എതിരാളികളുടെ വധശിക്ഷകള്‍ ഒരു കാലത്ത് തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ അത്രയും സാധാരണമായിരുന്നു. ഈ പ്രതിഭാസത്തെ ഏറ്റവും കലാത്മകമായി അവതരിപ്പിച്ചിട്ടുള്ള മഹാനായ പത്രലേഖകനായിരുന്നു റിസ്സാര്‍ദ് കാപുചിന്‍സ്‌ക്കി (Ryszard Kapuscinski).
1932-ല്‍ പോളണ്ടില്‍ ജനിച്ച കാപുചിന്‍സ്‌കി അനേകം യുദ്ധങ്ങളും ഒളിപ്പോരാട്ടങ്ങളും നേരിട്ടു റിപ്പോര്‍ട്ടു ചെയ്ത മഹാനായ ലേഖകനാണ്. ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ അത്ഭുതകരമായ മാതൃകയാണ് അദ്ദേഹം. നോവലില്‍ മാര്‍ക്കേസിനും ഹെമിംഗ്വേക്കുമുള്ളസ്ഥാനം പത്രറിപോര്‍ട്ടിംഗില്‍ കാപുചിന്‍സ്‌ക്കിക്കുണ്ടെന്നു പറയപ്പെടുന്നു. 1989 മുതല്‍ 1991 വരെയുള്ള രണ്ടു വര്‍ഷക്കാലം അദ്ദേഹം തകര്‍ന്നുകൊണ്ടിരിക്കുന്ന സോവിയറ്റ് യൂണിയനിലൂടെ 40000 നാഴിക യാത്ര ചെയ്തു. എഴുപതുവര്‍ഷം കൊണ്ട് കെട്ടിയുയര്‍ത്തപ്പെട്ട ഒരു സാമ്രാജ്യത്തിന്റെയും അതിലെ ജനതയുടെയും പതനം 'ഇംപീരിയം' എന്ന മഹത്തായരചനയിലൂടെ അദ്ദേഹം വരച്ചു കാട്ടിയിട്ടുണ്ട്. എത്യോപ്യയിലെ ഹെയില്‍ സെലീസിയെക്കുറിച്ചെഴുതിയ ദി എംപറര്‍, 'ജീവിതത്തിന്റെ മറ്റൊരു ദിനം', 'സോക്കര്‍ വാര്‍', 'ഷാ ഓഫ് ഷാസ്' തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ഇവയില്‍ മിക്കവയും ക്ലാസ്സിക്കുകളുടെ നിലവാരം കൈവരിക്കുന്നു.
ഫുട്ബാളിന്റെ രണ്ടുമത്സരങ്ങള്‍ മധ്യഅമേരിക്കയിലെ രണ്ടു ദരിദ്രരാജ്യങ്ങളെ യുദ്ധത്തിലേക്കു നയിച്ചതിന്റെ കഥയാണ് അദ്ദേഹം സോക്കര്‍ വാര്‍
(Soccer War) എന്ന പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്. ഒരു ദശകം മുമ്പ് ഞാനതിന്റെ കുറേ ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്തിരുന്നു. കാപുചിന്‍സ്‌ക്കിയുടെ ആ ലേഖനമായിരിക്കാം ഒരു പക്ഷേ, ഫുട്ബാള്‍ എന്ന ആധുനിക വെടിമരുന്നിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. അതിലൂടെ ലോകസാമ്പത്തിക ശക്തികളുടെ ഇരകളായിത്തീര്‍ന്ന രണ്ടു രാജ്യങ്ങളുടെ ജീവിതാവസ്ഥയും അദ്ദേഹം ചിത്രീകരിച്ചു. ഈ രാഷ്ട്രങ്ങള്‍ അക്കാലത്തെ മറ്റനേകം രാഷ്ട്രങ്ങളെക്കൂടി പ്രതിനിധീകരിക്കുന്നുണ്ട് എന്നു പറയാം.
ഹോണ്ടുറാസും എല്‍ സാല്‍വദോറും തമ്മില്‍ 1969 ജൂലെ 14 ാം തിയ്യതി ആരംഭിച്ച് ആറു ദിവസത്തോളം നീണ്ടു നിന്ന ഒരു നൂറുമണിക്കൂര്‍ യുദ്ധമാണ് സോക്കര്‍ വാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970-ലെ മെക്സിക്കോ ലോകക്കപ്പിനു വേണ്ടിയുള്ള യോഗ്യതാ നിര്‍ണ്ണയ മത്സരങ്ങളില്‍ പങ്കെടുക്കുകയായിരുന്ന പരമദരിദ്രരായ ലാറ്റിന്‍ അമേരിക്കയിലെ ഈ കൊച്ചു രാജ്യങ്ങള്‍ ആദ്യത്തെ രണ്ടു കളികള്‍ കഴിഞ്ഞപ്പോഴേക്കും ഒരു യുദ്ധത്തിലേക്കു തിരിയുന്ന ദാരുണമായ കാഴ്ചയായിരുന്നു ലോകം കണ്ടത്. ഇരു രാജ്യങ്ങള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിഞ്ഞില്ല. ആറായിരം പേര്‍ മരിക്കുകയും അതിന്റെ ഇരട്ടിയോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകളും കടകമ്പോളങ്ങളും നശിപ്പിക്കപ്പെട്ടു. എല്ലാ യുദ്ധങ്ങളിലുമെന്നതു പോലെ അഭയാര്‍ത്ഥി പ്രവാഹമുണ്ടായി.
യുദ്ധത്തിന്റെ തുടക്കം ഈ ഫുട്ബാള്‍ മത്സരങ്ങളിലായിരുന്നുവെങ്കിലും അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വേറെയായിരുന്നു. കുറച്ചു ജന്മിമാരുടെ കൈയ്യില്‍ മാത്രമുണ്ടായിരുന്ന ഭൂമിയില്‍ പണി ചെയ്തിരുന്ന കുടിയാന്മാരുടേയും ചെറു കര്‍ഷകരുടേയും അവസ്ഥ ഏറെ പരിതാപകരമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ പൊതു സ്വഭാവമനുസരിച്ച് യുദ്ധപ്രഭുക്കളും അധോലോകവും നാടു വാണു. അരക്ഷിതമായിരുന്നു ഭരണകൂടത്തിന്റെ നിലനില്പു തന്നെ. ഉള്ളവരില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആര്‍ക്കുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കലാപങ്ങള്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ടു. ഹോണ്ടുറാസിലേക്ക് തലമുറകളായി കുടിയേറിയ സാല്‍വദോറിലെ കര്‍ഷകര്‍ക്ക് കുറച്ചു ഭൂമി സ്വന്തമായി അവിടെയുണ്ടായിരുന്നു. ഹോണ്ടുറാസിലെ കുടിയാന്മാര്‍ ഭൂമിക്കു വേണ്ടി സമരമാരംഭിച്ചപ്പോള്‍, കുത്തക ഭീമന്മാരില്‍ നിന്നും ഭൂമി പിടിച്ചെടുക്കാതെ ഈ കുടിയേറ്റക്കാരെ പഴി ചാരുകയാണ് സര്‍ക്കാര്‍ ചെയ്തത്. അമേരിക്കന്‍ സര്‍ക്കാരിന്റെ പാവകളായിരുന്നു പല ഭരണകൂടങ്ങളും. മാര്‍ക്കേസിന്റെ നോവലുകളില്‍ പരാമര്‍ശിക്കപ്പെടുന്ന അമേരിക്കന്‍ ഉടമയിലുള്ള യുനൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ സാന്നിദ്ധ്യം ഇവിടേയും കാണാം. ഈ സാഹചര്യത്തില്‍ വനത്തെ കാണാതെ മരത്തെ കാണുന്ന രീതിയില്‍ ജനം എളുപ്പം കാണുന്ന ദുര്‍ബ്ബലനായ ശത്രുവിനു നേരെ തിരിഞ്ഞു എന്നതാവാം. അതല്ലെങ്കില്‍ അത്തരം തിരിച്ചുവിടലിന് രാഷ്ട്രീയമായ അജണ്ടകള്‍ ഉണ്ടായിരിക്കാം.
ഏതായാലും ഫുട്ബാള്‍ മത്സരത്തോടെ തുടങ്ങിയ ഈ യുദ്ധം 'സോക്കര്‍ വാര്‍' എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ആ ദിവസങ്ങളില്‍ യുദ്ധമുന്നണിയില്‍ ചെന്ന് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കാപുചിന്‍സ്‌ക്കിക്ക് കഴിഞ്ഞു.
മറ്റൊരു ലേഖനം, 'വിറ്റോറിയാനോ ഗോമസ് ടെലിവിഷനില്‍', ഒരു മൈതാനം കൊലക്കളമായിത്തീരുന്നതിന്റെ ചിത്രീകരണമാണ്. ഒരു ഫുട്ബാള്‍ കളിക്കളത്തില്‍ സ്വന്തം മാതാവിന്റെ മുന്നില്‍ വച്ച് വിറ്റോറിയാനോ ഗോമസ് എന്ന വിമതനെ ഭരണകൂടം വധശിക്ഷയ്ക്കു വിധേയനാക്കുന്നതിന്റെ തണുത്ത, നിസ്സംഗമായ വിവരണം. ഫുട്ബാള്‍ ഇവിടേയും ഒരു മറ മാത്രമാണ്. എല്ലാ വിമതവെളിച്ചങ്ങളെയും മായ്ച്ചുനിര്‍ത്താനുള്ള കാറ്റുനിറച്ച ഒരു തുകല്‍മറ.
ലാറ്റിന്‍ അമേരിക്കന്‍ കൃതികളില്‍ വരുന്ന മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് പരിചിതമാണ്. മാര്‍ക്കേസും യോസയും ബോര്‍ഹേസും റൂള്‍ഫോയും കോര്‍ത്തസാറും ഫ്യുവന്‍ദസുമൊക്കെ നമുക്കു വളരെ അടുപ്പമുള്ള എഴുത്തുകാരാണല്ലോ. അവിടുത്തെ നിത്യജീവിതം ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തോട് കൂടുതല്‍ അടുത്തു നില്ക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനുമപ്പുറം ഭൂവുടമകളും കുടിയാന്മാരും യുദ്ധവും അഭയാര്‍ത്ഥികളും പട്ടിണിയും ദുരിതവും ക്ലേശകരമായ ജീവിത സാഹചര്യങ്ങളുമെല്ലാം നിറഞ്ഞു നില്ക്കുന്ന ഒരു അമേരിക്കന്‍ അവസ്ഥയുടെ നൃശംസമായ മൂന്നാം ലോകരാഷ്ട്രീയത്തിന് ഫുട്ബാള്‍ മാപ്പുസാക്ഷിയാവുന്നു. മനുഷ്യരുടെ ജീവിതം നിരന്തരം തോറ്റുപോവുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..