കുറിയേടത്ത് താത്രി ഇപ്പോഴും കുപ്രസിദ്ധ; കുറ്റക്കാര്‍ വിസ്മൃതരായിട്ടും കാലം നൂറ്റാണ്ട് കടന്നിട്ടും


അക്കൂട്ടത്തില്‍ സ്വന്തം പിതാവും സഹോദരനും വരെയുണ്ട് എന്നതാണ് കത്തുന്ന താത്രിയുടെ കുറ്റമൊഴികളിലെ, കീറിമുറിക്കുന്ന കരച്ചില്‍.

കുറിയേടത്ത് താത്രി സ്മാർത്തവിചാരത്തിന് വിധേയമാക്കപ്പെട്ട മന| ഫോട്ടോ: രാജൻ ചുങ്കത്ത്‌

ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം'. രതികാമനകളുടെ പര്യായമായി ഒരു കാലഘട്ടം കൊണ്ടാടിയ ഒരു പെണ്‍പേരായി താത്രിക്കുട്ടി മാറിയതെങ്ങനെ, എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് തുടങ്ങിയ അന്വേഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തില്‍ നിന്നും കല്പകശ്ശേരിയിലെ പെണ്‍പിറവി എന്ന അധ്യായം വായിക്കാം.
റങ്ങോട്ടുകരയിലാണ് കല്പകശ്ശേരി ഇല്ലം.
കുറിയേടത്തു താത്രിയുടെ ജന്മഗൃഹം.
ദേശമംഗലത്തേക്ക് പോവുന്ന പ്രധാനപാതയില്‍നിന്ന് തളിയിലേക്ക് വലത്തു തിരിഞ്ഞുപോവുന്ന വഴിയിലൂടെ ഒന്നൊന്നര ഫര്‍ലോങ് നടന്നാല്‍, പഴയ കാര്‍ത്ത്യായനിക്ഷേത്രത്തിന്റെ എതിര്‍വശത്ത് പാഴടഞ്ഞു കിടക്കുന്ന ഇല്ലപ്പറമ്പുകാണാം.
കല്പകശ്ശേരി ഇല്ലം കുറ്റിയറ്റുപോയിട്ട് വര്‍ഷങ്ങളായി. ഇല്ലപ്പറമ്പും അന്യാധീനപ്പെട്ടു.
എങ്കിലും കല്പകശ്ശേരി അഷ്ടമൂര്‍ത്തി നമ്പൂതിരി മകള്‍ താത്രിക്കുട്ടി എന്ന ചരിത്രനായിക പിറന്നുവീണ സ്ഥലരാശി ഒരു നൂറ്റാണ്ടു പിന്നിട്ടു കഴിഞ്ഞതിനുശേഷവും തിരിച്ചറിയപ്പെടാന്‍ പാകത്തില്‍ ഇവിടെ ബാക്കി കിടക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിലെന്നോ ഒരു പ്രദോഷ സന്ധ്യയ്ക്കാണ്, ഊത്തുകുളിക്കാന്‍ തിരുമിറ്റക്കോട് കടവിലിറങ്ങിയ മഹാപണ്ഡിതനും ജ്യോതിഷിയുമായ കറുത്തേടത്ത് നമ്പൂതിരിയോട് അക്കരേക്ക് തോണി കാത്തുനിന്ന വഴിപോക്കന്‍ നമ്പൂതിരി നാട്ടുവിശേഷം പറഞ്ഞു.
'കല്പകശ്ശേരി പെറ്റു. പെണ്ണാണ്.'
ആ വാക്കുകള്‍ക്കൊപ്പം ഗൗളി ചിലയ്ക്കുന്ന ശബ്ദംകൂടി കേട്ട കറുത്തേടം, ഗായത്രി ജപിച്ച് ഊക്കാനെടുത്ത ജലം കൈക്കുമ്പിള്‍ പിളര്‍ത്തി ചോര്‍ത്തിക്കളഞ്ഞു. കുട്ടി ജനിച്ച സമയം സസൂക്ഷ്മം ചോദിച്ചറിഞ്ഞു.
പരഹിതഗണിതവും ദൃഗ്ഗണിതവും ഹോരയും ഹൃദിസ്ഥമായ മനസ്സില്‍ പാപഗ്രഹങ്ങള്‍ നീചരാശിയില്‍വന്നു നിരന്നു.
'പെണ്ണ് പേര് കേള്‍പ്പിക്കൂലോ, വംശം മുടിക്കൂലോ.'
പ്രവചനംപോലുള്ള ആ ആത്മഗതം കേട്ട് തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹങ്ങളില്‍ കുടികൊണ്ട കാലപൂരുഷ ശക്തികള്‍ അന്ധാളിച്ചു. കാലവാഹിനിയെപ്പോലെ പിടഞ്ഞൊഴുകിവന്ന നദി ബലിക്കല്‍പ്പുരയ്ക്കുതാഴെ നമസ്‌കരിച്ച് ഗതി തിരിഞ്ഞൊഴുകി.
കുറിയേടത്ത് താത്രിയെ അന്വേഷിച്ച് ആറങ്ങോട്ടുകരയിലെത്തുന്ന ഏതൊരാളും ഈ ജ്യോതിഷ പ്രവചനത്തിന്റെ കഥ കേള്‍ക്കുന്നു. ഒരുല്‍ക്കപോലെ പറന്നുവന്ന് ഈ മണ്ണിനെ പൊള്ളിച്ചു കടന്നുപോയ കാമ'ശക്തി'യുടെ ജനനാന്തര സ്മരണയില്‍ ചുട്ടുവിയര്‍ക്കുന്നു.
ഐതിഹ്യസമാനമായ ഈ കല്പിത പുരാവൃത്തത്തിനപ്പുറം ആറങ്ങോട്ടുകരക്കാര്‍ക്കറിയാവുന്നത് മുഴുവന്‍ കേട്ടു കേള്‍വികളാണ്. അതും പഴയ തലമുറ കേട്ടറിഞ്ഞ കഥകള്‍.
ശാഠ്യക്കാരിയായിരുന്നുവത്രെ കുട്ടിക്കാലത്ത് താത്രി. പഠിക്കണമെന്ന് മകള്‍ വാശിപിടിച്ചപ്പോഴാണ്, അക്കാലത്ത് പെണ്‍കിടാങ്ങള്‍ പഠിക്കുന്നത് നാട്ടുനടപ്പല്ലാതിരുന്നിട്ടും അടുത്തുള്ള ഓയ്ക്കില്ലത്തെ ഗുരുകുലത്തില്‍ അഷ്ടമൂര്‍ത്തി നമ്പൂതിരി മകളെ ചേര്‍ത്തത്.
തര്‍ക്കബുദ്ധിയായിരുന്നു താത്രിക്കുട്ടിക്ക്. ഒപ്പം ഉല്‍ക്കടമായ സ്വാതന്ത്രേ്യച്ഛയും. പ്രായത്തില്‍കവിഞ്ഞ അംഗലാവണ്യവും കൂടിയായപ്പോള്‍, തെങ്ങിന്‍പൂക്കുലപോലുള്ള ആ കുട്ടിക്കാവ്, സ്വതവേ ഭോഗലാലസരായിരുന്ന അക്കാലത്തെ ആണ്‍സമൂഹത്തിന്റെ മുഴുവന്‍ ഉറക്കം കെടുത്തിയിരിക്കണം.
'അഗ്നിജ്വാലപോലെ കത്തുന്ന പെണ്ണായിരുന്നു'വെന്ന് നേരില്‍ കണ്ടതുപോലെ ആറങ്ങോട്ടുകരക്കാരില്‍ ചില പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചിലരുടെ മുത്തച്ഛന്‍ കണ്ടിട്ടുണ്ട്. വേറെ ചിലരുടെ മുത്തച്ഛന്റെ അച്ഛന്‍ കണ്ടു മോഹിച്ചിട്ടുണ്ട്.
'ഭ്രഷ്ടി'ല്‍ പാപ്തിക്കുട്ടി എന്ന കഥാപാത്രത്തിന്റെ നിഴല്‍പ്പേരില്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ താത്രിക്കുട്ടിയുടെ ദശാപരിണാമ ചിത്രം ഇങ്ങനെ വരച്ചുവെച്ചിരിക്കുന്നു.
'ചുമരും നിലവും അണിഞ്ഞ മച്ചില്‍ പണ്ടങ്ങള്‍ ചാര്‍ത്തി അഴകേറ്റി, വരുംകാലത്തേക്ക് രൂപം മാറ്റാന്‍, സമാധിയില്‍, മൂന്നുദിവസം പാപ്തിക്കുട്ടി ഇരുന്നു. പാപ്തിക്കുട്ടിയുടെ വിടര്‍ന്ന നീള്‍മിഴിയില്‍ മദജലം പൊടിഞ്ഞു. ഇമകള്‍ കൂട്ടിത്തല്ലിയപ്പോള്‍ ഇല്ലങ്ങളുടെ തറക്കല്ലുകള്‍ കൂടിയിളകി. കാലം ദശാപരിണാമത്തിന് അവളെ മാറ്റിപ്പണിതു.'
ഇങ്ങനെ അവതാരസ്വരൂപമായി പില്‍ക്കാലത്ത് പലരും താത്രിയെ പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. പൂര്‍വനിശ്ചിതമായ ഒരു ജന്മനിയോഗം ഏറ്റെടുക്കുവാനായി ഭൂമിജീവിതം സ്വീകരിച്ചവള്‍.
ആരാധനയുടെ ആ തീവ്രവാദമുഖത്ത് അവള്‍ ഒരേ സമയം മഹാമായയും കാമസ്വരൂപിണിയുമായി. മണ്ണിനെ 'ഘട'മെന്നു മോഹിപ്പി ക്കുന്ന മായയുടെ മമത കൈവിട്ടവള്‍. യോഗമായയുടെ വിശുദ്ധ കാമങ്ങളില്‍ ജ്വലിച്ചുനില്ക്കുന്നവള്‍.
'പാപ്തിക്കുട്ടി അഷ്‌ടൈശ്വര്യങ്ങളും മേളിച്ച പുഞ്ചിരി പൊഴിച്ചു. താരമണ്ഡല സൗരയൂഥങ്ങളും യക്ഷകിന്നരാപ്‌സര ദേവയോനികളും ആ പുഞ്ചിരിയില്‍ പ്രത്യക്ഷപ്പെട്ടു. നടുവില്‍ ജീവശക്തി നല്‍കിയ പാപ്തിക്കുട്ടി. ജഗദംബിക.' (ഭ്രഷ്ട്)
അതിവാദത്തിന്റെ ഈ അങ്ങേ അറ്റത്താണ് താത്രിക്കുട്ടിക്ക് അമ്പലം പണിയണമെന്ന് ചിലരെങ്കിലും പിന്നീട് മോഹിച്ചത്. അവര്‍ പെണ്ണില്‍ മനുഷ്യസത്ത കണ്ടവരല്ല, ദൈവശക്തി ആരോപിച്ചവരാണ്.
എന്നാല്‍ മറ്റൊരു മഹാഭൂരിപക്ഷത്തിന്റെ ദൃഷ്ടിയില്‍ താത്രിക്കുട്ടി കുലടയായ സ്ത്രീപോലുമല്ല; വൈശികതന്ത്രം പഠിച്ചവളും കുത്സിതവൃത്തിക്കാരിയുമായ ഒരു നീചവേശ്യമാത്രം.
'അപരാധിയായ അന്തര്‍ജ്ജനം' എന്ന പേരില്‍ കുറിയേടത്ത് താത്രിയുടെ കഥയെ കേന്ദ്രീകരിച്ച് മലയാളത്തിലെ പ്രചുരപ്രചാരത്തിലുണ്ടായിരുന്ന ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ കാവ്യത്തിലെ ഏതാനും വരികള്‍ നോക്കുക:
'ഭൂരിപ്രമോദമൊടു കേള്‍ക്കുകയേ! വടക്കാ-
ഞ്ചേരിക്കടുത്തൊരു മഹീസുര മന്ദിരത്തില്‍
ചാരിത്ര്യദൂഷണമണഞ്ഞൊരു കേമിയായ
നാരിക്കെഴും കഥ കുറച്ചു കഥിച്ചിടാം ഞാന്‍
ഇന്നാട്ടിലെ ബഹുജനാവലിതന്‍ ഹൃദന്ത-
മൊന്നായ്ക്കുലുക്കിയൊരു ദോഷ വിചാരകാര്യം
നന്നായ് വിചാരണ കഴിച്ചു, കഴിഞ്ഞ മുപ്പ-
ത്തൊന്നായ തീയതി 'വിളിച്ചുപറഞ്ഞു' വത്രെ
അന്തസ്സുമേറ്റമറിവും പെടുമന്തണന്മാര്‍,
സ്വന്തം പിതാവു, ബത! സോദരനെന്നിവണ്ണം
അന്തര്‍ജ്ജനം പലരെയും തകരാറിലാക്കി;-
യെന്തക്രമം! തലതെറിച്ചിതു ധര്‍മ്മവൃക്ഷം.
ജന്മാന്തരേഷു കൃതദുഷ്‌ക്കൃത സദ്ഫലത്തെ-
ത്തിന്മാന്‍ തരത്തിലിതുപോലെ പിറന്നിടുന്നു
വന്മായതന്‍ പകിടിയാല്‍ പുരുഷാഢ്യര്‍കൂടി
സന്മാര്‍ഗമിങ്ങനെ വെടിഞ്ഞതിലാണു കഷ്ടം.'
ഇവിടെ നിലപാട് വ്യക്തമാണ്.'പുരുഷാഢ്യന്മാരുടെ ജന്മാന്തരകൃത സദ്ഫലത്തെ തകരാറിലാക്കാന്‍വേണ്ടി ഒരുമ്പെട്ടിറങ്ങിയ തലതെറിച്ചവള്‍' എന്ന ഈ ഉഗ്രശകാരം എക്കാലത്തെയും അധികാരിയായ അധീശപുരുഷന്റെതാണ്. എന്നാല്‍ ഈ ആഢ്യപുരുഷനാവട്ടെ അന്ന് ദേവദാസികളുടെ മാരലീലാപ്രാഗത്ഭ്യത്തിനനുസരിച്ച് അവര്‍ക്ക് പല ബിരുദങ്ങളും ബഹുമതിപ്പേരുകളും നല്‍കി ആദരിച്ചു പോന്നവനുമായിരുന്നു.
kuriyedatha thathri by artist namboothiri
ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച താത്രി

'ഉണ്ണുനീലിസന്ദേശ'ത്തിന്റെ വ്യാഖ്യാനത്തില്‍ ഇളംകുളം കുഞ്ഞന്‍ പിള്ള ഇപ്രകാരം പറയുന്നുണ്ട്:

'ശ്രീകണ്‌ഠോര്‍വീപതിബഹുമത'യായിരുന്ന ഉദയകൃതമായ 'മയൂരദൂത'ത്തിലെ നായികയെ 'മാരചേമന്തിക' എന്നു പറഞ്ഞിട്ടുള്ളത് തലപ്പള്ളിരാജാവിന് അടുപ്പമുള്ള ദേവദാസി എന്ന അര്‍ത്ഥത്തിലാണ്. അവള്‍ വേശ്യയാണെന്ന് 'ചന്ദ്രോത്സവ'ക്കാരന്‍ പറയുന്നു. തലപ്പള്ളി ഇട്ടിഉമ എന്നാണത്രേ വാസ്തവത്തിലുള്ള പേര്. 'മാരചേമന്തിക' കവികള്‍ കൊടുത്ത ആഢ്യപ്പേരാണ്. ഇങ്ങനെ 'ആഢ്യപ്പേരും കൂടി വരൈച്ചു' കൊടുത്ത് ദേവദാസികളെ പ്രീണിപ്പിക്കുവാന്‍ നമ്പൂതിരിക്കവികള്‍ അവരുടെ കോയിലുകള്‍ കയറിയിറങ്ങുന്നത് പതിവായിരുന്നു എന്ന് 'ഉണ്ണിച്ചിരുതേവി'യില്‍ പറയുന്നു.'
ഇരട്ടത്താപ്പിന്റെ ഈ വിദഗ്ധനയതന്ത്രത്താല്‍ കപടസദാചാരത്തിന്റെ 'സ്മൃതി' നിയമക്കോട്ട കാക്കുവാന്‍ വളരെ നൂറ്റാണ്ടുകളോളം ബ്രാഹ്‌മണപുരുഷന് സാധ്യമായി. തേവിടിച്ചി സമ്പര്‍ക്കം കഴിഞ്ഞുവരുന്ന ഭര്‍ത്താക്കന്മാരെ തൊട്ടുതൊഴുന്നത് ഏറ്റവും പുണ്യമാണെന്ന് സ്വന്തം സ്ത്രീകളെ വിശ്വസിപ്പിക്കാനും, സ്ത്രീകള്‍ അബദ്ധത്തിലെങ്ങാനും പരപുരുഷനെ കണ്ടുപോയാല്‍ സ്മാര്‍ത്തവിചാരം നടത്തി അവരെ എന്നെന്നേക്കുമായി കുലത്തില്‍നിന്ന് നിഷ്‌ക്കാസനം ചെയ്യാനും തങ്ങളുടെ വിചിത്രസ്മൃതിനിയമങ്ങള്‍ അവരെ പ്രാപ്തരാക്കി.
ഇതേ സ്മൃതിനിയമങ്ങളുടെ പഴുതുകളും വൈരുധ്യങ്ങളും കൊണ്ടാണ് താത്രിക്കുട്ടി അന്നത്തെ പുരുഷാധികാരകേന്ദ്രങ്ങളെ നേരിട്ടത്. താത്രി എല്ലാം പഠിച്ചറിഞ്ഞിരുന്നു. ചിലതൊക്കെ നിശ്ചയിച്ചുറപ്പിക്കുകയും ചെയ്തിരുന്നു.
സ്മാര്‍ത്തവിചാരത്താല്‍ ഭ്രഷ്ടരാക്കപ്പെട്ട പ്രാമാണികരായ പുരുഷന്മാരുടെ പക്ഷത്തുനിന്ന് താത്രിക്കെതിരെ ശക്തമായ ചില എതിര്‍വാദങ്ങളും അക്കാലത്തുണ്ടായി.
'കുലസ്ത്രീഗമനത്തിനാണ് ഭ്രഷ്ട്. ആദ്യം ആര് ഗമിച്ചുവോ അയാള്‍ക്കു മാത്രം. ഒരുത്തന്‍ പ്രാപിച്ചുകഴിഞ്ഞാല്‍പ്പിന്നെ അവള്‍ കുലാംഗനയല്ല; ദാസിയാണ്, ദാസീഗമനത്തിനും വേശ്യാഗമനത്തിനും ഭ്രഷ്ടില്ല.'
അവിടെ താത്രിതന്നെ സ്മാര്‍ത്തന്റെ രക്ഷയ്‌ക്കെത്തി എന്നാണ് കേള്‍വി.
'അത് മനുസ്മൃതിയാണ്. ഇവിടെ ശങ്കരസ്മൃതിയാണ് നടപ്പ്.'
തങ്ങള്‍ക്ക് പ്രത്യേകമായി അവകാശാധികാരങ്ങള്‍ നിര്‍ണയിച്ചുവെന്നതിന്റെ പേരില്‍ ശങ്കരന്റെ 'ജാതിനിര്‍ണയ'ത്തെച്ചൊല്ലി പേര്‍ത്തും പേര്‍ത്തും ആണയിടുന്ന നമ്പൂതിരിമാര്‍ക്ക് 'സ്മൃതി'കളും യാഥാര്‍ത്ഥ്യവും കൂടിക്കുഴഞ്ഞു, യുക്തി തിരിയാതെയായി.
അവിടെ, സ്മാര്‍ത്തസഭയില്‍ ജയിച്ചുനിന്നവള്‍ വിദുഷിയും തര്‍ക്കപ്രവീണയുമായ താത്രിയാണ്.
പക്ഷേ, ആറങ്ങോട്ടുകരയിലെ വിജനമായ കല്പകശ്ശേരി മനവളപ്പില്‍ ചുറ്റിനടന്ന ഒരേകാന്ത സന്ധ്യയില്‍ ഞാന്‍ സ്മൃതിയില്‍ക്കണ്ടത് മറ്റൊരു താത്രിക്കുട്ടിയെയാണ്.
നക്ഷത്രക്കണ്ണുകളില്‍ നിഷ്‌ക്കപടമായ കിനാവുകളുമായി ഈ മനവളപ്പില്‍ ഓടിനടന്നുകളിച്ച, കൂമ്പാളക്കോണകമുടുത്ത താത്രിക്കുട്ടി എന്ന കേവല മനുഷ്യ ബാലിക.
പഴുത്ത കൂമ്പാളയുടെ സ്വര്‍ണനിറമണിഞ്ഞ അവള്‍ ചെന്നുതൊട്ടപ്പോള്‍ ഭൂമിയിലെ പൂവുകള്‍ ആകാശത്തിലേക്ക് പറന്നുപോയി. മഴവില്ലിന്മേല്‍ ആകാശത്തിന്റെ സുഗന്ധം ഭൂമിയിലേക്കൊരൂഞ്ഞാലു കെട്ടി. വിലക്കപ്പെടാത്ത പ്രണയത്തിന്റെ കനികള്‍ കല്പകശ്ശേരിയുടെ കാവു കളില്‍ പൂത്തും കായ്ച്ചും നിറഞ്ഞു.
ആ ദൈവ നിമിഷങ്ങളില്‍ ആദ്യമായി ആദിപാപത്തിന്റെ സര്‍പദംശനമേല്പിച്ചതാരാണ്?
അതിനുത്തരം പലരും പലമാതിരി പറഞ്ഞിട്ടുണ്ട്.
ബാല്യകാലത്ത് താത്രിക്കുട്ടിയെ പാട്ട് പഠിപ്പിക്കാന്‍ വന്നിരുന്ന ഒരു പാലത്തോള്‍ നമ്പൂതിരിയാണെന്ന് കെ.പി.എസ്. മേനോന്‍, ആദ്യരാത്രിയില്‍, സ്വന്തം ഭര്‍ത്താവിന്റെ ജ്യേഷ്ഠനാണെന്ന് മാടമ്പു കുഞ്ഞുക്കുട്ടന്‍.
പിന്നെയും പേരറിയുന്നവരും പേരറിയാത്തവരുമായ, അനവധി കേട്ടുകേള്‍വികളുടെ വക്താക്കള്‍.
താത്രിക്കുട്ടിയെക്കുറിച്ച് ഒരു നോവലെഴുതുവാന്‍ വേണ്ടി, എറണാകുളത്തെ ആര്‍ക്കേവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള താത്രിയുടെ സ്മാര്‍ത്തവിചാരമൊഴികള്‍ വിശകലനം ചെയ്തു പഠിച്ച, ഈ ലേഖകന്റെ സുഹൃത്ത് നന്ദന്‍ പറയുന്നത്, ആദ്യത്തെ പുരുഷനെ കൃത്യമായി തിരിച്ചറിയാന്‍ വയ്യെന്നാണ്.
താത്രിക്കുട്ടി ആദ്യപ്രതിയെന്ന് ഏറ്റുപറയുന്നത് പില്‍ക്കാലത്ത് സ്വന്തം ഭര്‍ത്താവായിത്തീര്‍ന്ന കുറിയേടത്ത് രാമന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠന്‍ നമ്പ്യാത്തന്‍ നമ്പൂതിരിയെയാണ്. അതുപക്ഷേ വിവാഹത്തിനുമെത്രയോ മുന്‍പാണ്. എട്ടുംപൊട്ടും തിരിയാത്ത ബാല്യത്തില്‍, അമ്മാത്തു (മാതൃഭവനം) വഴിക്ക് ചാര്‍ച്ചയുണ്ടായിരുന്ന കുറിയേടത്തുമനയ്ക്കല്‍ കുട്ടിക്കാലത്തെന്നോ ചെന്നു താമസിച്ചകാലത്താണ്; എന്തെന്നോ എന്തിനെന്നോ അറിയാത്ത, ആദ്യത്തെ കളങ്കപ്പെടല്‍.
ബാല്യകാലത്തു തന്നെ പാട്ടുപഠിപ്പിക്കാന്‍ വന്നിരുന്ന നമ്പൂതിരിയെക്കുറിച്ചും സമപ്രാധാന്യത്തോടെത്തന്നെ താത്രി പറഞ്ഞിട്ടുണ്ട്.
പിന്നെയും ഋതുവാകുന്നതിനു മുമ്പും വിവാഹത്തിനു മുമ്പും തന്നെ, വളരെപേര്‍.
സ്വന്തക്കാര്‍, ചാര്‍ച്ചക്കാര്‍, അയല്‍ക്കാര്‍.
അക്കൂട്ടത്തില്‍ സ്വന്തം പിതാവും സഹോദരനും വരെയുണ്ട് എന്നതാണ് കത്തുന്ന താത്രിയുടെ കുറ്റമൊഴികളിലെ, കീറിമുറിക്കുന്ന കരച്ചില്‍.
ലൈംഗികവൈകൃതങ്ങള്‍ അലങ്കാരങ്ങളായി എഴുന്നള്ളിച്ചു നടന്നിരുന്ന ജീര്‍ണകാമങ്ങളുടെ കാലം.
'ണ്ടിണ്ണ്യായ്ക്കപ്പന്റെ പന്ത്രണ്ടാം മാസത്തിന് ഇട്ടിത്താത്രി മൂത്രദ്വാരത്തില്‍ താമരമൊട്ടു തിരുകി ഇട്ടിത്താത്രനായിപ്പോയ കഥ. കൂത്തമ്പലത്തില്‍, നിറഞ്ഞ വിശിഷ്ടസദസ്സില്‍ ചമല്‍ക്കാരപൂര്‍വം ചാക്യാര്‍ വിളമ്പി. സദസ്സ് കഥയുടെ സ്വാരസ്യമോര്‍ത്തു ചിരിച്ചു. മിഴിച്ചിരിക്കുന്ന ഉണ്ണികളും കാതുകുത്തി ഉടുത്തുതുടങ്ങിയിട്ടില്ലാത്ത പെണ്‍കിടാങ്ങളും എന്തിനോ ഇക്കിളിപ്പെട്ടു ചിരിച്ചു. ഓനിച്ചുണ്ണികള്‍ ചെമാര്‍ത്തത്തിനു മുമ്പുതന്നെ 'ഒളിസേവ' തരപ്പെടണേ എന്നു പ്രാര്‍ത്ഥിച്ചു.
അതാണ് താത്രിക്കുട്ടിയുടെ കാലം.
പ്രായത്തില്‍ കവിഞ്ഞ ശരീരവളര്‍ച്ചയുണ്ടായിരുന്ന താത്രിക്കുട്ടിയെ കുളപ്പുരയിലും അഗ്രശാലയിലും അമ്പലക്കെട്ടിലുമൊക്കെ സ്വകാമപൂര്‍ത്തിക്കായി ഉപയോഗപ്പെടുത്തിയവര്‍ക്കും ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ ജീവിതവീക്ഷണം.
പക്ഷേ, കൂട്ടത്തില്‍ സ്വന്തം പിതാവും സഹോദരനും കൂടിയായപ്പോള്‍....മനുഷ്യത്വത്തെ ആഴത്തില്‍ തുളച്ചുകയറിപ്പോവുന്ന പ്രാണവേദന താത്രി അനുഭവിച്ചു.
അതില്‍നിന്നുയര്‍ന്നുവന്നതാണ് പുരുഷവര്‍ഗത്തോട് മുഴുവനുള്ള താത്രിക്കുട്ടിയുടെ പക. ഒടുങ്ങാത്ത പ്രതികാരബുദ്ധി. ഓരോരുത്തരെയായി, പ്രമാണികളായ പുരുഷന്മാരെ, വലവീശിപ്പിടിച്ച് സമുദായമധ്യത്തില്‍വെച്ച് മാനം കെടുത്തുവാനുള്ള ഏകാഗ്രപരിശ്രമം.
പക്ഷേ, ആ പകയുടെ പിന്നില്‍ എപ്പോഴും ഒടുങ്ങാത്ത വേദനയുടെ നീറിനീറിപ്പഴുക്കുന്ന മുറിവുകളുണ്ടായിരുന്നു.
ഓരോ പേരും വിളിച്ചുപറയുമ്പോള്‍ ചോര വാരുന്ന സ്വന്തം പ്രാണനില്‍നിന്ന് വലിച്ചൂരിയെടുത്ത ആയുധങ്ങള്‍ തന്നെത്തന്നെ നശിപ്പിക്കുയാണെന്ന് താത്രി അറിഞ്ഞിരുന്നു.
പ്രതികാരത്തിന്റെ മൂര്‍ച്ചയില്‍ പിടഞ്ഞുനീറുന്ന സ്വന്തം ഹൃദയ വ്രണങ്ങള്‍.
'ശക്തിവാരും മുന്‍പ് പറയണം.'
'ഇത്ര തെളിഞ്ഞിരിക്കേണ്ട ചെമാരീ. സ്വന്തം അന്യേന്മാരു രണ്ടാളുടെ പേരെന്നെ എഴുതിക്കോളൂ.'
ഒറ്റ ശ്വാസത്തിലിത്രയും പറഞ്ഞു ഗുരുവിന്റെ ദെണ്ണളക്കം കാണാന്‍ പാപ്തിക്കുട്ടി കണ്ണു നീട്ടി. പുറക്കോയില്‍ വാതില്‍പ്പാളിയി ലൂടെ ദൃഷ്ടി പായിച്ചു.
യജമാനന്‍ യജ്ഞപീഠത്തിലിരുന്നു വിറച്ചു.
അഞ്ചാംപുര സ്തംഭിച്ചു.
ഓയ്ക്കില്ലത്തെ രണ്ടാളുകള്‍.
സാക്ഷാല്‍ ചേമാരി ഓയ്ക്കന്റെ രണ്ടനുജന്മാര്‍. മഹാപണ്ഡിതര്‍.
ചേമാരി ഓയ്ക്കന്റെ മുഖത്തും തികഞ്ഞ ശാന്തത. സ്‌തോഭവ്യത്യാസം ആ തപഃപ്രഭാവനെ ചൂഴ്ന്ന അന്തരീക്ഷത്തിനാണ്.
'കുട്ടീ ഞാനൂണ്ടോ. മടിക്കണ്ട. ണ്ട്ച്ചാല്‍ പറയാം.'
ഹമ്മേ!
ചെറിയേടത്തു പാപ്തിക്കുട്ടി എന്ന സാധനം ചുമരുചാരി കുഴഞ്ഞിരുന്നു. ഉയര്‍ന്നുപൊങ്ങുന്ന അവരുടെ നെഞ്ഞ് ഉള്ളിലുരുകുന്ന ജീവനെ ഒതുക്കിനിര്‍ത്താനാവാതെ വീണ്ടും പിളര്‍ന്നു
മൈലാഞ്ചിത്തുടുപ്പാര്‍ന്ന കൈകള്‍ കൂപ്പി പണിപ്പെട്ട് എണീറ്റുനിന്നു.
'ഈശ്വരാ! എനിക്കു പരലോകങ്ങളും നിഷേധിക്കരുത്. അത്രയ്ക്ക് പാപിയാക്കരുത്.' (ഭ്രഷ്ട്)
അച്ഛനും, സഹോദരനും, കൂട്ടുകാരനും ഭര്‍ത്താവിനും ഗുരുവിനുമെന്നല്ല, സ്ത്രീയായാല്‍ ഈശ്വരനുപോലും ലൈംഗികമായി ഇരയായിത്തീരണമെന്ന ക്രൂരദുരന്തബോധത്തില്‍നിന്നാണ് കുറിയേടത്ത് താത്രിയുടെ പ്രതികാരയജ്ഞം ആരംഭിക്കുന്നത്.
അതുകൊണ്ടുതന്നെ സ്മാര്‍ത്ത വിചാരത്തില്‍ ഭ്രഷ്ടാക്കപ്പെട്ടവരില്‍ ആദ്യത്തെ കുറേ പേര്‍ താത്രിയെ ഇരയാക്കിയവരും പിന്നീടുള്ളവര്‍ താത്രി ഇരയാക്കിയവരുമാണ്.
പെണ്ണിന്റെ ആത്മവിലാപത്തില്‍ നിന്നുയര്‍ന്ന കലാപംതന്നെയായിരുന്നു അത്. തന്റെ മനുഷ്യശരീരത്തിന് കേവലമാംസത്തിന്റെ വിലമാത്രം കല്പിച്ച മനുഷ്യസമൂഹത്തോട് മാംസത്തിന്റെ നിരാര്‍ദ്രഭാഷയില്‍ത്തന്നെ നടത്തിയ പ്രതിപ്രവര്‍ത്തനം. അതിനവള്‍ സമൂഹത്തില്‍ പ്രാമാണികരായിരുന്ന എല്ലാത്തരം പുരുഷന്മാരേയും ഇരകളാ ക്കി. ഒരിക്കല്‍ താന്‍ സമുദായത്തിന്റെ കപടസദാചാരവിചാരണയ്ക്കു മുന്നില്‍ നില്‌ക്കേണ്ടിവരുമ്പോള്‍ തന്നോടൊപ്പം പുറത്തുപോവാന്‍ ജീര്‍ണിച്ച സാമുദായിക വ്യവസ്ഥയുടെ കുറേ കാവലാളുകള്‍ കൂടി വേണമെന്നവള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.
Thathrikkallu
കല്പകശ്ശേരി ഇല്ലപ്പറമ്പിലെ താത്രിക്കല്ല്‌

'ഓലക്കുടവട്ടമാകാശം.
കാല്പാടു-
ഭൂമി, ഇല്ലം വിട്ടാലമ്പലത്തില്‍' എന്ന മട്ടില്‍ ഇത്തിരിവട്ടത്തു നട്ടുപടര്‍ത്തിയ ഒരന്തര്‍ജ്ജനം പിന്നീടാര്‍ജിച്ച മിടുക്കും സൂത്രവിദ്യകളും എം.ഗോവിന്ദന്‍ ഒരിക്കല്‍ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്:
'നാനാ ജാതിമതസ്ഥരായ പുരുഷന്മാരുമായി താത്രി ഇടപഴകിയതായി അറിയപ്പെടുന്നു. പലനിലയിലും വിലയിലുമുള്ളവര്‍. ഇതെല്ലാം ആനുഷംഗികമായി സംഭവിച്ചതാണെന്ന് കരുതാന്‍ പ്രയാസം. ഒരു താത്രീപദ്ധതിയും താത്രീസംഘവും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അത്ര അടുത്തല്ലാത്ത അമ്പലങ്ങളില്‍ തൊഴാന്‍ പോവുക, ബന്ധുത്വമില്ലെങ്കിലും, ഇല്ലങ്ങളില്‍ ചെന്ന് ദിവസങ്ങളോളം താമസിക്കുക; ഇതൊക്കെ ഒരന്തര്‍ജ്ജനത്തിന്റെ അവകാശങ്ങളില്‍പ്പെട്ടതാണ്. മറക്കുടയും കൂട്ടത്തില്‍ ദാസികളും വേണമെന്നേയുള്ളു. താത്രിയുടെ കൂടെത്തന്നെ ദാസിമാരെന്ന വ്യാജേന തോഴികളും സഞ്ചരിച്ചിരുന്നു. നാട്ടിലങ്ങുമിങ്ങും അനവധി നാളുകളോളം നീണ്ടുനിന്ന പദയാത്രകള്‍ ഇവര്‍ക്കാര്‍ക്കും പ്രയാസമായിരുന്നില്ല. അന്തിയുറങ്ങാന്‍ നേരത്തൊരു ഇല്ലത്ത് എത്തിപ്പെടണമെന്നേയുള്ളു. ചിലപ്പോള്‍ വേഷം മാറി അവര്‍ രാത്രിയും സഞ്ചരിച്ചിരുന്നു പോല്‍. ആരാണെന്ന് അറിയിക്കാന്‍വയ്യാത്തിടത്ത് മറ്റാരെങ്കിലുമാണെന്ന് പറയും. താനൊരു വാരസ്യാരാണെന്ന് ചില സ്ഥലങ്ങളില്‍ താത്രി പറഞ്ഞിരുന്നുവത്രെ. സൗകര്യവും സാഹചര്യവും ഒത്തുവന്ന സന്ദര്‍ഭങ്ങളിലും സ്ഥലങ്ങളിലും അങ്ങോട്ടു കയറിച്ചെന്ന് പുരുഷന്മാരെ പിടിച്ചടക്കാന്‍പോലും മുതിര്‍ന്നതായി കിംവദന്തിയുണ്ട്.'
ഗോവിന്ദന്റെ നിരീക്ഷണം ശരിയാവാം.
സമ്പന്നമായ ഒരില്ലത്തെ കായികാഭ്യാസിയായിരുന്ന രണ്ടാം തമ്പുരാനെ താത്രി വാരസ്യാരെന്ന പേരില്‍ സമീപിച്ചതും, കൈയിലെ ഓട്ടുവളയുടെ അടയാളം കണ്ടു തമ്പുരാന്‍ തിരിച്ചറിഞ്ഞതും ഭേദ്യം ചെയ്തു വിട്ടതുമായ ഒരു കഥ കേട്ടിട്ടുണ്ട്.
പേരശ്ശനൂരില്‍ ഒരു വാരത്തിനോ പെണ്‍കൊടയ്‌ക്കോ പങ്കെടുക്കാന്‍ വന്നുചേര്‍ന്ന, താന്‍ ലക്ഷ്യമിട്ടിരുന്ന ഒരു വൈദികപ്രമുഖനെ പിടികൂടാന്‍ വേണ്ടി താത്രി ഒറ്റയ്ക്ക് പാതിരാത്രിക്ക് പുഴ കടന്നുപോയ ഒരു കഥ നിളാതീരത്തെ തോണിക്കാര്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. പുഴ കടക്കാന്‍ വന്നത് മനുഷ്യരൂപം പൂണ്ട ഏതോ ഭഗവതിയാണെന്ന് ഭയന്ന് താത്രിയുടെ ആജ്ഞയെല്ലാം തോണിക്കാരന്‍ ശിരസാ വഹിച്ചു എന്നാണ് കഥ.
തന്നോടൊപ്പം സഹശയനം ചെയ്ത പുരുഷന്മാരുടെയെല്ലാം രഹസ്യഭാഗങ്ങളിലെ അടയാളങ്ങളും തെളിവുകളും സമര്‍ത്ഥമായി ശേഖരിച്ചുവെക്കാനും സ്മാര്‍ത്തന്റെയും മീമാംസകരുടെയും തൊലിയുരിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഒട്ടും ചഞ്ചലിപ്പും ലജ്ജയുമില്ലാതെ നിന്നു സംസാരിക്കാനും കഴിഞ്ഞതാണ് താത്രിയുടെ കലാപത്തിലെ സുപ്രധാന വിജയം.
'അപരാധിയായ അന്തര്‍ജ്ജന'ത്തിന്റെ കവി തന്നെ പറയുന്നു:
'നേരിട്ടു ചെന്നവരെയൊക്കെയുമോര്‍മവെച്ചു
പേരിട്ടു ലക്ഷണമുരച്ചതിയുക്തിപൂര്‍വം
കോരിച്ചൊരിഞ്ഞ മൊഴികള്‍ കേള്‍ക്കുകില്‍ 'നോര്‍ട്ട'നെന്ന
ബാരിസ്റ്ററും വിരല്‍കടിച്ചു സലാം കൊടുക്കും.'
പലതരം മുനയും മൂര്‍ച്ചയുമുള്ളതും പലപ്പോഴും സഭ്യതയുടെ സീമ ലംഘിക്കുന്നതുമായ സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ക്കെല്ലാം അതിനേക്കാള്‍ മൂര്‍ച്ചയിലും പച്ചയിലും താത്രി മറുപടികൊടുത്തു. ഓരോ സംയോഗത്തിന്റെയും വിശദാംശങ്ങള്‍ ലജ്ജയേതുമില്ലാതെ വിസ്തരിച്ചു.
സ്ത്രീയുടെ പക്ഷത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ കൂസലില്ലായ്മയും തന്റേടവും കണ്ടു ഭയപ്പെട്ടുപോയ സ്മാര്‍ത്തനും മീമാംസകരും താത്രി പറഞ്ഞതൊക്കെ വേദവാക്യമായെടുക്കുകയും അവള്‍ ചൂണ്ടിക്കാണിച്ചവരെയൊക്കെ ഭ്രഷ്ടരാക്കുകയും ചെയ്തു എന്നായിരുന്നു സ്മാര്‍ത്തവിചാരത്തെക്കുറിച്ച് പില്‍ക്കാലത്ത് പരക്കെയുണ്ടായ ആക്ഷേപം. അറുപത്തി അഞ്ചാമന്‍ കൊച്ചി മഹാരാജാവു തന്നെയാണെന്നും അതല്ല മഹാരാജാവിന്റെ ഏറ്റവുമടുത്ത ഒരു ചാര്‍ച്ചക്കാരനാണെന്നും ശ്രുതി പരന്നിരുന്നു. അക്കാര്യം പുറത്തുവരാതിരിക്കാനായി ബാക്കി താത്രി പറഞ്ഞ അറുപത്തിനാലു പേരേയും ഏകപക്ഷീയമായി ഭ്രഷ്ടരാക്കി സ്മാര്‍ത്തവിചാരം അവസാനിപ്പിക്കാന്‍ മഹാരാജാവു തിടുക്കംകൂട്ടി എന്നും ആക്ഷേപമുണ്ടായി.
എന്നാല്‍ പതിവു സ്മാര്‍ത്ത വിചാരങ്ങളില്‍ നിന്ന് വ്യത്യസ്തമായ 1905-ലെ സ്മാര്‍ത്ത വിചാരത്തില്‍ ജനാധിപത്യ നീതിവ്യവസ്ഥ കൂടി സ്വീകരിച്ച് പുരുഷവിചാരണയ്ക്കും അവസരമുണ്ടാക്കി എന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്.
സര്‍ക്കാറിന്റെ പുരാരേഖാ വകുപ്പിലെ (എറണാകുളം) സ്മാര്‍ത്ത വിചാരം ഫയലുകളില്‍ എക്‌സ്ടന്‍ഷന്‍ 86, നമ്പര്‍ 8 ആയി ചേര്‍ത്തിട്ടുള്ള, സ്മാര്‍ത്തന്‍ വട്ടചോമയാരത്ത് ജാതവേദന്‍ നമ്പൂതിരിയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണുന്നു.
book cover
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

'ചെമ്മന്തട്ടകുറിയെടത്തു ഇല്ലത്തു രണ്ടാമന്‍ രാമന്‍ നമ്പൂതിരി വെളികഴിച്ച കല്പകശ്ശെരി അഷ്ടമൂര്‍ത്തി നമ്പൂതിരി മഹള്‍ താത്രി കാര്യത്തില്‍ തിട്ടൂരം മൂലം ഉണ്ടായ കല്പന അനുസരിച്ച് കീഴ്‌നടപ്പു പ്രകാരം ചെമ്മന്തട്ട-പള്ളിമണ്ണ-ഇരിങ്ങാലക്കുട-ഈ സ്ഥലങ്ങളില്‍ വെച്ചു വിചാരം കഴിച്ചു. അതിന്റെ സ്വഭാവം തിരുമനസ്സെ അറിയിയ്ക്കാനായി തിരുമുമ്പില്‍ ചെന്നതില്‍ കാലാവസ്ഥകൊണ്ട് പുരുഷന്മാര്‍ക്ക് പറവാനുള്ളതു കൂടി കെള്‍ക്കുന്നത് യുക്തമായിരിക്കുമെന്ന് സജ്ജനങ്ങള്‍ സഭകൂടി അഭിപ്രായപ്പെടുകയും ആയതു ശരിയാണെന്ന് തിരുവുള്ളത്തിലും ഏറ്റുകയും ചെയ്തിരിക്കകൊണ്ട് ആയതുകൂടി കഴിക്കണമെന്ന് അരുളിച്ചെയ്തു. സാധനമുഖത്ത് നിന്നു കെട്ട പുരുഷന്മാര്‍ക്ക് തെളിവൊടു കൂടി ഹാജരാകുവാന്‍ പുറക്കൊയ്മ മുഖാന്തിരം അറിവു കൊടുപ്പിച്ചു. സാധനമുഖത്തുനിന്ന് കെള്‍ക്കുന്ന വിവരങ്ങള്‍ മുറകുറിച്ചെടുക്കുക കീഴ്‌നടപ്പില്ലാത്തതുകൊണ്ട് എഴുതിയിട്ടില്ലാതിരുന്നതിനാലും, പുരുഷന്മാരുടെ വാദം കെള്‍ക്കണമെന്നുവെച്ചപ്പോള്‍ ആയതു കൂടി കുറിച്ചെടുക്കുന്നത് ആവശ്യമാണെന്ന് കണ്ടതിനാലും, എല്ലാ പുരുഷന്മാരെയും സംബന്ധിച്ച് പൊതുവിലായി ചോദിച്ച സംഗതികള്‍ അക്കമിട്ട് രെഖപ്പെടുത്തി വെച്ചു. ഈ മൊഴി ഒരു ചുരുക്കംപോലെ എഴുതി എടുത്തതാണെങ്കിലും വാസ്തവത്തില്‍ സാധനം പറഞ്ഞ എല്ലാ സംഗതികളും അതില്‍ അടങ്ങിയിരിക്കുന്നതും മുഖ്യമായതൊന്നും വിട്ടിട്ടില്ലാത്തതുമാകുന്നു.

സാധനമുഖത്തു നിന്നു കെട്ട അറുപത്തിനാല് പുരുഷന്മാരില്‍ രണ്ടു പേരെ മുമ്പുതന്നെ മരിച്ചുനീക്കി. ബാക്കി അറുപത്തിരണ്ട് പേരെ പുറക്കൊയ്മ നോട്ടീസ് അയച്ചിരുന്നതില്‍ സാധനത്തിന്റെ മൊഴി രെഖപ്പെടുത്തിയ മാതിരിത്തന്നെ ടി പുരുഷന്മാരുടെയും അവരില്‍ ചിലര്‍ ഹാജരാക്കിയ സാക്ഷികളുടെയും മൊഴികള്‍ എടുത്തതു കൂടാതെ അവരില്‍ ചിലര്‍ ഹാജരാക്കിയ രെഖ തെളിവില്‍ സ്വീകരിക്കുകയും മുഖദാവില്‍ ബോധിപ്പിച്ചതൊക്കെയും കെള്‍ക്കുകയും ചെയ്തു. സാധനമുഖത്ത് നിന്നു കെള്‍ക്കുന്ന പല സംഗതികളെപ്പറ്റി സ്മാര്‍ത്തന്‍, മീമാംസകന്‍ മുതലായവരുടെ കൂടെ സൂക്ഷ്മവിചാരം നടത്തി ശങ്കയ്ക്ക് നല്ല അടിസ്ഥാനമുണ്ടായ ശേഷം അതില്‍പ്പെട്ട പുരുഷന്മാരെ അറിയിക്കുന്നത് കീഴ്‌നടപ്പായിരിക്കുകയും ഈ കാര്യത്തിലും അതുപോലെത്തന്നെ സാധനത്തില്‍ നടന്നെടത്തോളം വിചാരംകൊണ്ട സാധനമുഖത്തുനിന്ന് കെട്ട പുരുഷന്മാരെപ്പറ്റി നല്ല ശങ്കയ്ക്ക് അടിസ്ഥാനമുണ്ടാവുകയും ചെയ്കയാല്‍ പുരുഷന്മാരുടെ വാദവും കൂടി തെളിവുകൊണ്ട് ആശങ്കയ്ക്ക് ബലമില്ലാതെ അമുക്തി തീര്‍ന്നിട്ടുണ്ടൊ എന്നു മാത്രമെ മുഖ്യമായി ആലൊചിപ്പാനുള്ളു. അതിനാല്‍ സാധനത്തിന്റെ മൊഴി ശരിയാണോ എന്നതിലേയ്ക്ക് വീണ്ടും തെളിവുശെഖരം ആവശ്യമില്ലാത്തതാണ്. ഈ കാര്യത്തില്‍ പുരുഷന്മാരുടെ വാദം കെള്‍ക്കുകയും തെളിവു എടുക്കുകയും ചെയ്തതില്‍ സാധനമുഖത്തു നിന്ന് കെട്ടിട്ടുള്ളത് അടിസ്ഥാനമുണ്ടായിരുന്നില്ലെന്ന് വിചാരിപ്പാന്‍ തക്കതായ ഒരു സംഗതിയും അറിവായിട്ടില്ല.'
കുറിയേടത്ത് താത്രിയോടൊപ്പം കുറ്റക്കാരായ അറുപത്തിനാലു പുരുഷന്മാരുടെ പേരും വിശദാംശങ്ങളും സ്മാര്‍ത്തന്റെ റിപ്പോര്‍ട്ടിലുണ്ട്. അവരെല്ലാം പിന്നീട് സമുദായഭ്രഷ്ടരാവുകയും തല്‍ക്കാല സാഹചര്യത്തില്‍ സമൂഹത്തിന്റെ അവജ്ഞകളും നിന്ദകളും ഏറ്റുവാങ്ങുകയും ചെയ്തു. പലരും സ്വന്തം നാടും വീടും ഉപേക്ഷിച്ചുപോയി.
എന്നാല്‍ സ്മാര്‍ത്തവിചാരം കഴിഞ്ഞ് ഒരു നൂറ്റാണ്ടാവുന്നതിന് മുന്‍പുതന്നെ അവരില്‍ ഭൂരിപക്ഷവും വിസ്മൃതരോ, അജ്ഞാതരോ ആയി മാറിക്കഴിഞ്ഞു. അവരുടെ അപരാധങ്ങളും സമൂഹം മറന്നു.
കുറിയേടത്തു താത്രി മാത്രം പക്ഷേ, ഇപ്പോഴും കുപ്രസിദ്ധയാണ്. അവരുടെ അപരാധങ്ങള്‍ പൊറുത്തുകൊടുക്കുവാന്‍ സമൂഹം ഇന്നും തയ്യാറല്ലതാനും.
അപരാധിയായ ആ അന്തര്‍ജ്ജനം ജനിച്ച മനവളപ്പില്‍ നടന്നപ്പോള്‍ ഞാന്‍ നമ്മുടെ തന്നെ ഇത്തരം ഒരുപാടു കാപട്യങ്ങളും മൗഢ്യങ്ങളും തിരിച്ചറിഞ്ഞു.
കാലം കല്പകശ്ശേരി മനയുടെ അടിക്കല്ലുപോലും പിഴുതെറിഞ്ഞിരിക്കുന്നു. പാപസ്മൃതികളുടെ ഈ 'അക്കല്‍ദാമ'യില്‍ മുള്‍ച്ചെടികള്‍ വളര്‍ന്നു മൂടിയിരിക്കുന്നു.
എങ്കിലും പാഴടഞ്ഞ ഇല്ലപ്പറമ്പില്‍ പഴയ കുളവും കിണറും മാത്രം ഇപ്പോഴും വറ്റാതെ പൊന്ത മൂടിക്കിടപ്പുണ്ട്. വംശം മുടിപ്പിച്ച എരകപ്പുല്‍ക്കാടുകള്‍ ചരിത്രത്തെ വിഴുങ്ങുമ്പോഴും ഏതോ ആര്‍ദ്രതയുടെ വിദൂരസ്ഥമായ ഹൃദയസാന്നിധ്യംപോലെ.
Content Highlights :excerpts from the books thathrikkuttyyude smarthavicharm by alankode leelakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented