മഹീന്ദ രാജ്പക്‌സെ: ഫോട്ടോ. എ.എഫ്.പി
*എവിടെയാണ് ഇന്ത്യ അവസാനിച്ചതെന്നും എവിടെവെച്ച് ശ്രീലങ്ക തുടങ്ങി എന്നുമറിയാതെ ഞാന്‍ കുഴങ്ങി *പട്ടാളക്കാരെ കണ്ടാല്‍ പ്രസിഡന്റ് ഉടനേ ഈ വഴി കടന്നുപോകും എന്നുറപ്പിക്കാം*കൊളംബോ എന്നാല്‍ പ്രണയക്കുടയാണ് എന്ന സത്യം ഈ കടപ്പുറം പറഞ്ഞുതന്നു- ശ്രീകാന്ത് കോട്ടക്കല്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സോര്‍ബയോടൊപ്പമുള്ള സഞ്ചാരങ്ങള്‍ എന്ന പുസ്തകം ശ്രീലങ്കയെ അടയാളപ്പെടുത്തിയത് ഇങ്ങനെയാണ്. ശ്രീലങ്കയില്‍ എന്തുസംഭവിക്കുന്നു എന്നതില്‍ ഇന്ത്യയ്ക്ക് എന്തിനിത്ര ഉത്കണ്ഠ എന്നതിന്റെ ഉത്തരം കൂടിയാണ് ഈ യാത്രാ വിവരണം. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
വിമാനത്താവളത്തില്‍ എമിഗ്രേഷന്റെ ലക്ഷ്മണരേഖ കടന്നാല്‍ത്തന്നെ എത്താന്‍ പോകുന്ന ദേശത്തെക്കുറിച്ചുള്ള ഏകദേശധാരണ കിട്ടാറുണ്ട്. ബോഡിങ്പാസും പലവിധ മാറാപ്പുകളുമായി അക്ഷമരായിരിക്കുന്ന അപരിചിതരായ മനുഷ്യര്‍ കാഴ്ചയിലൂടെ, ചേഷ്ടകളിലൂടെ, പെരുമാറ്റരീതികളിലൂടെ, പ്രസരിപ്പിക്കുന്ന ഗന്ധങ്ങളിലൂടെ ഒരുപാടു കാര്യങ്ങള്‍ ധ്വനിപ്പിച്ചുതരും. അവയെ പിന്നെ അന്വേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വിശാലമാക്കിയെടുത്താല്‍ മതി. എന്നാല്‍ മദിരാശി എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍, ഒന്നരമണിക്കൂര്‍ വൈകിയെത്തുന്ന വിമാനത്തെ കാത്തിരുന്നപ്പോള്‍ മറ്റൊരു രാജ്യത്തേക്ക് പോവുകയാണ് എന്ന് തോന്നിയതേയില്ല. കാഴ്ചകള്‍ പരിചിതം, പരിമളങ്ങള്‍ പരിചിതം, ചേഷ്ടകള്‍ പരിചിതം, ഇരുന്നുറങ്ങുന്ന രീതിയും സ്വന്തം ലഗേജിലേക്ക് ഇടയ്ക്കിടെ വെറുതേ ഇടംകണ്ണിട്ട് നോക്കുന്ന രീതിപോലും എത്രയോ പരിചിതം. എനിക്ക് പുറംതിരിഞ്ഞിരിക്കുന്ന യുവതിയുടെ മുടിയില്‍നിന്ന് കോയമ്പത്തൂര്‍മുല്ലയുടെ സുഗന്ധം, അവര്‍ക്കടുത്തിരുന്ന അമ്മൂമ്മയ്ക്ക് എന്റെ അമ്മൂമ്മയുടെ മണമായിരുന്നു, അവരുടെ നെറ്റിയില്‍ ചിദംബരേശ്വരന്റെ ഭസ്മക്കുറി, മൊഴികളില്‍ മധുരത്തമിഴ്; അരപ്പട്ടയും ലുങ്കിയും ബനിയനും ധരിച്ച, പൊടിപുരണ്ട പ്ലാസ്റ്റിക് ചെരിപ്പിട്ട, കണ്ണട വെച്ച, ഒരു തുടം കുടവയര്‍ ചാടിയ കാന്‍ഡി സ്വദേശിയായ അറുപതുകാരന് നാദാപുരത്തോ കുറ്റ്യാടിയിലോ കണ്ടുമറന്ന അന്ത്രുഹാജിയുടെ ഛായ; ഒപ്പമുള്ള കറുത്ത പര്‍ദ ധരിച്ച ഭാര്യയെ കോഴിക്കോട്ട് കുറ്റിച്ചിറയില്‍നിന്നും കൂട്ടിയതാണ് എന്നു തോന്നും. മിക്കവരുടെയും കാലുകളില്‍ നാടന്‍ ചെരിപ്പുകളാണ്. ഐപാഡുകളില്‍ കസര്‍ത്ത് കളിക്കുന്നവരില്ല, പകരം ഏതൊക്കെയോ മുഷിഞ്ഞ മാസികകള്‍ തിരിച്ചും മറിച്ചും വായിക്കുന്നവരാണ് ഏറെയും.
ഹാന്‍ഡ് ബാഗേജുകള്‍ തുറക്കുമ്പോള്‍ പാറ്റാഗുളികകളുടെയും അഗര്‍ബത്തിയുടെയും കോടിമുണ്ടിന്റെയും മണം. എല്ലാം ഇരുണ്ട നിറക്കാര്‍, കടുംനിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചവര്‍, തലമുടിയില്‍ എണ്ണമിനുപ്പുള്ളവര്‍. ആരും അപരിചിതരല്ല, അന്യദേശക്കാരല്ല എന്നൊരു തോന്നല്‍. ഒന്നേകാല്‍ മണിക്കൂറിനുശേഷം കടല്‍ത്തിര കസവുപതിച്ച കൊളംബോനഗരത്തിനു മുകളിലൂടെ വിമാനം താഴ്ന്നുപറക്കുമ്പോള്‍ കണ്ട ആകാശക്കാഴ്ചകളിലും അപരിചിതമായതൊന്നുമുണ്ടായിരുന്നില്ല: ഉരുമ്മിയുരുമ്മിനില്ക്കുന്ന തെങ്ങിന്‍ പച്ചക്കുടകള്‍, നീണ്ടുനീണ്ടുപോകുന്ന ചെമ്മണ്‍പാതകള്‍, ഓടുമേഞ്ഞ് അടുത്തടുത്ത് അടുക്കിയടുക്കിവെച്ച വീടുകള്‍, പുല്‍മേടുകള്‍, കല്ലില്‍ത്തീര്‍ത്ത കോവിലുകള്‍, ചെറുകവലകള്‍, കുരിശു തിളങ്ങുന്ന പള്ളിമേടകള്‍... വെണ്മയിലും സ്വര്‍ണവര്‍ണത്തിലും ശാന്തമന്ദഹാസം തൂകുന്ന ബുദ്ധപ്രതിമകള്‍ മാത്രമാണ് കൊളംബോയുടെ ആകാശദൃശ്യത്തെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ദൃശ്യങ്ങളില്‍നിന്ന് അല്പമെങ്കിലും വ്യത്യാസപ്പെടുത്തുന്നത്. വിമാനത്താവളത്തിനു പുറത്ത്, ദൂരെ നീണ്ടുപുളഞ്ഞ റോഡിലൂടെ ഒരു ഓട്ടോറിക്ഷ കൂനിക്കൂടി കടന്നുപോകുന്നതുകൂടി കണ്ടപ്പോള്‍ ഒരു വന്‍കടലിനുപോലും വകഞ്ഞുമാറ്റാന്‍ സാധിക്കാത്ത മണ്ണിന്റെയും മനുഷ്യജീവിതത്തിന്റെയും സമാനതകളിലേക്ക് ഞാന്‍ മുഖമടച്ചു വീണു. കപ്പലുകളുടെ കാഹളമൊഴുകുന്ന തുറമുഖനഗരത്തിന്റെ കുരുക്കുകളില്‍പ്പെടാതെ, ഏതൊക്കെയോ പുറംവരാന്തകളിലൂടെയാണ് കാന്‍ഡിയിലേക്കുള്ള വഴിയാത്ര തുടങ്ങിയത്. നൂറ്റിയിരുപതു കിലോമീറ്ററുണ്ട്.
ചുറ്റുമുള്ള കടലില്‍ നനഞ്ഞുവന്ന വിഷാദഭാവമുള്ള സന്ധ്യ കരയിലേക്ക് പരന്നുകഴിഞ്ഞിരുന്നു. ഇളംമഞ്ഞനിറമുള്ള വെയില്‍ മുറിഞ്ഞ ചില്ലുകഷണങ്ങള്‍പോലെ വഴിയിലെങ്ങും വീണുകിടക്കുന്നു. ആ വഴികളിലും കണ്ടതെല്ലാം മണിക്കൂറുകള്‍ക്കു മുന്‍പ് പുറപ്പെട്ടുപോന്ന ദേശത്തിന്റെ തുടര്‍ച്ചകളായിരുന്നു. മണല്‍ കലര്‍ന്ന മണ്ണുനിറഞ്ഞ വഴികള്‍, അതിരുകെട്ടിത്തിരിച്ച വീട്ടുതൊടികളില്‍ നിറയെ തെങ്ങും വാഴയും മുരിങ്ങയും ആളുയരത്തിലുള്ള പച്ചപ്പുല്‍ക്കാടുകളും കാറ്റില്‍ എരിവുള്ള മണം പരത്തി കുരുമുളകു കുലകളും പല വലിപ്പത്തിലുള്ള ബിലാത്തിച്ചക്കകളും വരിക്കച്ചക്കയും കറമൂസയും കൈതച്ചക്കയും; വഴിയോരത്ത് വന്നുമറയുന്ന കവലകളില്‍ കള്ളിമുണ്ടുടുത്ത് നടക്കുന്ന പുരുഷന്മാരും മിഡിയും ബനിയനുമിട്ട് തുടിച്ചുതുളുമ്പുന്ന മാറുലച്ച് നടക്കുന്ന സ്ത്രീകളും. പച്ചക്കറിപ്പീടികയ്ക്കു മുന്നിലും മത്സ്യച്ചന്തയ്ക്കു മുന്നിലും അവര്‍ കൂട്ടംകൂടിനിന്നു. ഹോട്ടലുകളില്‍നിന്നും ഏതൊക്കെയോ വീടുകളില്‍നിന്നും ഉയരുന്ന പാചകപ്പുകയില്‍ വറുത്തരച്ചതിന്റെയും അരി വേവുന്നതിന്റെയും പപ്പടം കാച്ചുന്നതിന്റെയും ചുടുകല്ലില്‍ പൊറോട്ട വേവുന്നതിന്റെയും മണം; സ്‌കൂട്ടറുകളും ഓട്ടോറിക്ഷകളും അശോക് ലെയ്‌ലാന്‍ഡിന്റെ ബസ്സുകളും; സ്‌കൂള്‍ വിട്ട് വഴികളില്‍ കലമ്പുകയും ബസ്സുകളില്‍ തിക്കിക്കയറിക്കൂടുകയും ചെയ്യുന്ന യൂണിഫോംധാരികളായ കുട്ടികള്‍, ഹാര്‍ഡ്‌വെയര്‍ ഷോപ്പുകള്‍, മുഷിഞ്ഞ വഴികള്‍, പൊളിഞ്ഞ ബസ്സ്റ്റാന്‍ഡുകള്‍, വന്നുമറയുന്ന നെല്‍വയലുകള്‍... എവിടെയാണ് ഇന്ത്യ അവസാനിച്ചതെന്നും എവിടെവെച്ച് ശ്രീലങ്ക തുടങ്ങി എന്നുമറിയാതെ ഞാന്‍ കുഴങ്ങി. വഴിയിലൊരിടത്ത് കാപ്പി കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഹോട്ടലിന്റെ പിറകിലായി വൃക്ഷനിബിഡമായ ഒരു വീട്ടുപറമ്പുണ്ട്. പെട്ടെന്ന് പെയ്തുപോയ മഴയില്‍ നനഞ്ഞ് അതാകെ കുതിര്‍ന്നുലഞ്ഞിരുന്നു. അതില്‍നിന്നു പൊന്തിയ ഗന്ധങ്ങളെല്ലാം മഴക്കാലത്ത് എന്റെ വീട്ടുതൊടിയില്‍നിന്ന് ഉയര്‍ന്നുപരക്കുന്നവ തന്നെയായിരുന്നു.
കിലോമീറ്ററുകള്‍ കുറച്ചേയുള്ളുവെങ്കിലും ഉയരമുള്ള പ്രദേശത്തേക്കുള്ള വളഞ്ഞുപുളഞ്ഞ വഴിയായതുകൊണ്ടും യുവാവായ ഡ്രൈവറുടെ തെറ്റായ ഡ്രൈവിങ് രീതി കാരണവും യാത്ര താരതമ്യേന പതുക്കെയായിരുന്നു. വണ്ടിയില്‍ ഡ്രൈവര്‍ക്ക് സഹായിയായി ഉണ്ടായിരുന്നത് കറുത്ത് എല്ലിച്ച്, മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരു കുട്ടിയായിരുന്നു. രാമേശ്വരത്തെ കാറ്റുപിടിച്ച കടപ്പുറത്തോ ചെന്നൈയില്‍ മുന്‍വശം തിളങ്ങുന്ന ഹോട്ടലുകളുടെ അഴുകുന്ന പിന്‍വശങ്ങളിലോ കണ്ടുമറന്നതുപോലെയുള്ള മുഖം. ചോദിച്ചപ്പോള്‍ പറഞ്ഞു: തമിഴനാണ്, പേര് മുരുകന്‍. അവന്റെ മുഖത്തും ക്ഷീണിച്ചു വരണ്ട കണ്ണുകളിലും
ഒരു വംശത്തിന്റെ മുഴുവന്‍ വിഹ്വലതകളും വന്നടിഞ്ഞതുപോലെ തോന്നി. വഴിയോരത്തെ റെസ്റ്റോറന്റില്‍നിന്ന് ഞങ്ങള്‍ വാങ്ങിക്കൊടുത്ത കോഴിക്കറിയും കുത്തുപൊറാട്ടയും അവന്‍ വാരിവലിച്ചു കഴിക്കുന്നതു കണ്ടപ്പോള്‍ ഒരു പകല്‍ നീന്തിയ നിസ്സഹായത കണ്ടു.
ഇരുട്ട് വീണു; ഒപ്പം മഴയും. കാന്‍ഡിയില്‍ മഴയില്ലാത്ത ദിവസങ്ങള്‍ കുറയുമത്രേ. ഇടയ്ക്കിടെ വന്നു മറയുന്ന അങ്ങാടികളില്‍ ജീവിതത്തിന്റെ വെട്ടവും ചലനങ്ങളും. തുടര്‍ന്ന് വീണ്ടും ഇരുട്ടിലേക്ക്. അതിനിടയിലെപ്പോഴോ 'കഡുഗണ്ണാവ' എന്ന ചെറിയ അങ്ങാടി കഴിഞ്ഞുപോയി. തന്റെ സഹോദരിയെത്തേടി എം.ടി. വാസുദേവന്‍ നായര്‍ വന്ന ഇടം. മലയാളത്തില്‍ കഥയായി മാറിയ ദേശം. കഡുഗണ്ണാവ എന്നാല്‍ വഴിയമ്പലം എന്നര്‍ഥം. ഉയര്‍ച്ചത്താഴ്ചകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഇടംപോലുള്ള ആ അങ്ങാടിയില്‍ എത്ര ദിവസം എം.ടി. അന്വേഷിച്ചുനടന്നിരിക്കാം എന്നറിയില്ല. കഥയില്‍ കാലം ഒരു മാത്രയേയുള്ളൂ. ഇപ്പോള്‍ ഇരുട്ടും അവിടവിടെ ചിതറിക്കിടക്കുന്ന വെളിച്ചങ്ങളും ചേര്‍ന്ന ഈ അങ്ങാടിയെ പകല്‍വെളിച്ചത്തില്‍ എം.ടി. ഇങ്ങനെ കണ്ടു: 'ഏറിയാല്‍ മുപ്പതു പീടികകള്‍ മാത്രം വരുന്ന ഒരു ചെറിയ അങ്ങാടി. രണ്ടു കെട്ടിടങ്ങള്‍ മാത്രം കോണ്‍ക്രീറ്റിലാണ്. ബാക്കിയെല്ലാം ഓടുമേഞ്ഞ മേല്‍ക്കൂരകള്‍.' നാട്ടിലെ പഴയ പടിഞ്ഞാറങ്ങാടിയെക്കാള്‍ ചെറുത് എന്ന് അദ്ദേഹം അദ്ഭുതപ്പെടുകയും ചെയ്യുന്നു. കടകളുടെ എണ്ണവും വലുപ്പവും ഇന്ന് കൂടിയിരിക്കാം. എങ്കിലും അങ്ങാടി പടിഞ്ഞാറങ്ങാടിയെക്കാള്‍ വലുതൊന്നുമായിട്ടില്ല. കാഥികന് കണ്ടെത്താന്‍ സാധിക്കാത്ത പിതൃകാല്‍പ്പാടുകള്‍ പതിഞ്ഞ കഡുഗണ്ണാവയുടെ മണ്ണിലൂടെ ഞങ്ങള്‍ കടന്നുപോയി. രാത്രി കൊഴുത്തതോടെ ഇടവിട്ട് മഴ പെയ്തുകൊണ്ടിരുന്നു. നനഞ്ഞ തൊടികള്‍ വാഹനങ്ങളുടെ വെളിച്ചത്തില്‍ തിളങ്ങി. അരണ്ട പ്രകാശത്തില്‍ വീടുകളില്‍ മനുഷ്യരുടെ നിഴലുകള്‍. കമ്യൂണിസ്റ്റുപച്ചയടക്കമുള്ള ഏതൊക്കെയോ കാട്ടുചെടികളുടെ ഗന്ധം, നനഞ്ഞ കാറ്റില്‍. ഏതോ മലയുടെ അടിവയറിലൂടെയും നിറഞ്ഞ മാറിലൂടെയും ഇഴഞ്ഞുകയറുന്ന ആ രാത്രിയാത്ര പാബ്ലോ നെരൂദ വെല്ലവത്തയില്‍നിന്ന്, കുലീനമായ ജാക്കറ്റു ധരിച്ച്, ഏകാന്തവിഷാദമായ മനസ്സുമായി കൊളംബോയിലേക്ക് ഡിന്നറിനുപോയ രാത്രിയെ ഓര്‍മിപ്പിച്ചു. ഇതുപോലുള്ള ഏതോ വീട്ടില്‍നിന്ന് വഴിയിലേക്കും ശ്യാമവനത്തിലേക്കും പരന്ന പാട്ട്; റിക്ഷ നിര്‍ത്തി വീടിന്റെ പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ പാട്ടിനൊപ്പം കാട്ടുചെമ്പകത്തിന്റെയും പിച്ചകത്തിന്റെയും വിയര്‍പ്പിന്റെയും വെളിച്ചെണ്ണയുടെയും മണം. ഇരുട്ടില്‍ വിതുമ്പല്‍ കലര്‍ന്ന സ്വരത്തില്‍ ആരോ പാടുന്നു. പായയില്‍ ഇരുന്നപ്പോള്‍ ഉയര്‍ന്നുപൊന്തിയ പാട്ടു നിലച്ച് സ്വരങ്ങള്‍ ഉടഞ്ഞ് പിച്ചകപ്പൂക്കളില്‍ ചിതറിയതുപോലെ... പാട്ടവിളക്കിന്റെ ഇളംമഞ്ഞവെളിച്ചത്തില്‍ സ്വപ്‌നസദൃശമായ ദൃശ്യങ്ങള്‍, ഗന്ധങ്ങള്‍...
എന്നോ വായിച്ച് മനസ്സില്‍ പതിഞ്ഞ അവ അതേ മണ്ണില്‍വെച്ച് അനുഭവങ്ങളെ സുരഭിലമാക്കുന്നു. ഈ ഭൂമിയുടെ താളലയമായാണ് നെരൂദ ഇതിനെ കണ്ടത്. മഴയുടെ മുരള്‍ച്ചയ്ക്കപ്പുറം ആരെങ്കിലും പാടുന്നുണ്ടോ? പിച്ചകപ്പൂവിന്റെയും കാട്ടുചെമ്പകത്തിന്റെയും ഗന്ധം കാറ്റിലലഞ്ഞെത്തുന്നുണ്ടോ? ഇല്ല. പകരം, ചുറ്റും പത്തുചക്രങ്ങളില്‍ പുക തുപ്പുന്ന ചരക്കുലോറികളും ഏതൊക്കെയോ ലക്ഷ്യങ്ങളിലേക്കിരമ്പുന്ന നൂറുകണക്കിന് വാഹനങ്ങളും. ഒന്‍പതുമണി കഴിഞ്ഞിട്ടേയുള്ളുവെങ്കിലും കാന്‍ഡിയിലെ മിക്ക കടകളും അടഞ്ഞുകഴിഞ്ഞിരിക്കുന്നു. നിരന്തരം മഞ്ഞിലും മഴയിലും കുളിക്കുന്ന എല്ലാ മലയോരപട്ടണങ്ങളേയുംപോലെ എത്രയും നേരത്തേ വിളക്കുകള്‍ അണയ്ക്കാനും പുതപ്പിനുള്ളിലേക്ക് പോകാനുമുള്ള തിടുക്കം കാന്‍ഡിയിലും കാണാം. അവിടവിടെ തുറന്ന് ശേഷിച്ചിട്ടുള്ളത് ഹോട്ടലുകളും തെരുവുഭക്ഷണശാലകളും മാത്രം. ഗതാഗതം മിക്കതും നിലച്ച്, പെട്രോളിന്റെയും മനുഷ്യരുടെയും മണങ്ങള്‍ അടങ്ങിയ നനഞ്ഞ രാത്രിയിലേക്ക് ആവിപറക്കുന്ന മട്ടന്‍കറിയുടെയും വെന്ത പൊറോട്ടയുടെയും കോഴിമുട്ട കലര്‍ത്തിയ വെള്ളയപ്പത്തിന്റെയും മണം പരന്നു. കോഴിക്കോട്ടെയും മലപ്പുറത്തെയും രാത്രികള്‍ ഓര്‍ത്തുപോയി. താമസിക്കുന്ന സ്ഥലത്ത് ഹോട്ടലില്ലാത്തിനാല്‍ ഭക്ഷണം കരുതേണ്ടതുണ്ടായിരുന്നു. തട്ടുകടയില്‍ നിറയെ പരിചിതവിഭവങ്ങള്‍: നൂല്‍പ്പുട്ടു മുതല്‍ നാടന്‍ദോശ വരെ. അരച്ച പരിപ്പുകറിയും തേങ്ങാച്ചമ്മന്തിപ്പൊടിയും സമൃദ്ധമായി. തമിഴും സിംഹളവും സംസാരിക്കുന്ന ജോലിക്കാര്‍ കേരളമെന്നും മലബാര്‍ എന്നും കേട്ടപ്പോള്‍ മുറിഞ്ഞ തമിഴില്‍ പേച്ചു തുടങ്ങി. ജീവിതവും സംസ്‌കാരവും ഭാഷയും മതവുമെല്ലാം കൂടിക്കലര്‍ന്നുപോയ ഒരു ജനത; തമ്മില്‍ പിണഞ്ഞ് എങ്ങോട്ടൊക്കെയോ പാഞ്ഞുപോകുന്ന വേരുകള്‍; നൂറ്റാണ്ടുകളെ മുറിച്ചുകടന്നുവന്ന പലായനങ്ങളുടെയും കുടിയേറ്റങ്ങളുടെയും നിഴലുകളാടുന്ന കണ്ണുകള്‍; തിരിച്ചറിയാത്തവിധം കലര്‍ന്ന രക്തങ്ങളുടെ തുടിപ്പും തിളപ്പുമുള്ള ആണ്‍പെണ്‍ ഉടലുകള്‍... ഈ അവസ്ഥയ്ക്ക് ഒരു പേരുണ്ടെങ്കില്‍ അത് ശ്രീലങ്ക എന്നുതന്നെയാണ്. നനഞ്ഞും അണഞ്ഞും കിടന്ന കാന്‍ഡി നഗരത്തില്‍നിന്ന് ഉയരത്തിലേക്ക് വിട്ടുമാറി, ഒരു കുന്നിന്‍ തുഞ്ചത്തായിരുന്നു താമസസ്ഥലം. മഴ പെയ്തുകൊണ്ടേയിരുന്നു. ചെങ്കുത്തായ വഴികള്‍ക്കിരുപുറവും നിബിഡമായ വൃക്ഷങ്ങളും പച്ചപ്പും. അവയില്‍നിന്ന് എപ്പോഴൊക്കെയോ മഴ നനഞ്ഞ കാട്ടുതുളസിയുടെ മണം വഴിയിലേക്ക് വന്നതോര്‍ക്കുന്നു. അപ്പോഴെല്ലാം നാട്ടിലെ ഏതോ നാഗക്കാവില്‍ മനസ്സ് ചുറ്റിത്തിരിഞ്ഞു. ഊട്ടിയിലെയോ കൊടൈക്കനാലിലെയോ ഏതോ റിസോര്‍ട്ടിലേക്കുള്ള യാത്രപോലെ തോന്നി. വഴിയുടെ താഴെ പച്ചപ്പുകള്‍ക്കിടയിലുള്ള മധ്യവര്‍ഗഭവനങ്ങള്‍ മയക്കത്തിലേക്ക് വീണുകഴിഞ്ഞിരിക്കുന്നു. ഇടയില്‍ എവിടെയോ നിര്‍ത്തി മുരുകന്‍ ഇറങ്ങി താഴ്‌വാരത്തിലേക്ക് ഓടിമറഞ്ഞു. പഠിക്കേണ്ട പ്രായത്തില്‍ പശിയടക്കാന്‍ പണിക്കിറങ്ങുന്ന മകനെ മുഷിഞ്ഞ ചേലയുടുത്ത അമ്മയും അച്ഛനും കാത്തിരിപ്പുണ്ടാകാം. അവന്റെ ഓട്ടത്തിലും കിതപ്പിലും ആ അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു.
കുന്നിന്‍ തുഞ്ചത്ത് എത്തിയപ്പോള്‍ താഴെ ദീപങ്ങള്‍ നിറഞ്ഞ കാന്‍ഡി ദൂരങ്ങളോളം പരന്നുകിടന്നു. നോക്കിക്കൊണ്ടുനില്‌ക്കേ എവിടെയൊക്കെയോ വിളക്കുകള്‍ കെട്ടുകൊണ്ടേയിരിക്കുന്നു. നഗരത്തിനു മുകളിലായി വെളിച്ചത്തില്‍ക്കുളിച്ചു തിളങ്ങുന്ന ഒരു ബുദ്ധപ്രതിമ, അതിനു ചുറ്റും ഇരുട്ട്. ശൂന്യമായ റോഡില്‍ ഒറ്റപ്പെട്ട വാഹനങ്ങള്‍.
നാലോ അഞ്ചോ മുറികള്‍ മാത്രമുള്ള ആ ലോഡ്ജില്‍ റിസപ്ഷനില്‍ത്തന്നെ, കറുത്ത സോഫയില്‍ രണ്ടുപേര്‍ ഇരിപ്പുണ്ടായിരുന്നു. അവരുടെ മുന്നില്‍ പാതിയൊഴിഞ്ഞ നീളന്‍ മദ്യക്കുപ്പിയും പാതി നിറഞ്ഞ ഗ്ലാസുകളും, പ്ലേറ്റില്‍ എരിവേറിയ ഏതോ മാംസം. കൂട്ടത്തില്‍ തടിച്ചു കുറുതായ ആളാണ് ലോഡ്ജിന്റെ ഉടമ. പേര്: ചമര ദസനായകെ. രത്‌നവ്യാപാരമാണ് കക്ഷിയുടെ പ്രധാന മേഖല; ഒപ്പം ഒരു രസത്തിനിതും. അയാളുടെ വലതുകൈയിലെ നാലു വിരലുകളിലും വൈരം പതിച്ച മോതിരങ്ങള്‍. മദ്യഗ്ലാസ് എടുക്കുമ്പോള്‍ അവ പല നിറങ്ങളില്‍ തിളങ്ങി. പാതി ചാടിയ കുടവയറും, നീരുവന്നുതുടങ്ങിയ മുഖവുമായി മദ്യത്തിനു മുന്നിലിരിക്കുന്ന ദസനായകെ ബംഗാളിലെ സുഖലോലുപനായ ഒരു സെമീന്ദാരെ ഓര്‍മിപ്പിച്ചു. അയാളുടെ ചിരിയിലും സംസാരത്തിലുമെല്ലാം എങ്ങോട്ടു വേണമെങ്കിലും വഴുക്കാന്‍ മടിക്കാത്ത ഏതൊക്കെയോ അശ്ലീലങ്ങളുണ്ടായിരുന്നു. ഒപ്പമിരിക്കുന്ന യുവാവ് എല്ലാ ദേശത്തും പണക്കാരായ സുഖിമാന്മാര്‍ക്കൊപ്പം കാണുന്ന തരത്തിലുള്ള ഒരു പരാദം. മദ്യത്തിലും ഭക്ഷണത്തിലും മാത്രമായിരുന്നു അയാളുടെ ശ്രദ്ധ മുഴുവന്‍. പാതിരാത്രി കഴിഞ്ഞ് വളരെ വൈകുവോളവും റിസപ്ഷനില്‍നിന്ന് ചില്ലുഗ്ലാസുകള്‍ കൂട്ടിമുട്ടുന്നതിന്റെയും പൊട്ടിച്ചിരികളുടെയും ശബ്ദം തുടര്‍ന്നുകൊണ്ടേയിരുന്നു.
ഏതുപുതിയ ദേശത്തും പാതിരാവോടെ എത്തിച്ചേരുകയും പിറ്റേന്നു പുലര്‍ച്ചെ ആ ദേശം കാണുകയും ചെയ്യുന്നതില്‍ അപൂര്‍വമായ ഒരു സുഖമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അപരിചിതമായ കാഴ്ചകളിലേക്കും കാറ്റുകളിലേക്കും കണ്‍തുറക്കുന്ന നവജാതശിശു അനുഭവിക്കുന്ന സുഖം. ഇരുട്ടില്‍ പാതി മറഞ്ഞുകിടന്ന കാന്‍ഡി മഴ കഴുകിയെടുത്ത പ്രഭാതത്തിന്റെ തെളിഞ്ഞ വെയിലില്‍ പൂര്‍ണമായും വിടര്‍ന്നു. അഞ്ചു മലകള്‍ക്കിടയിലെ ഒരു ജനപദം. അതിനെ പകുത്തുകൊണ്ട് മഹാവില്ലഗംഗ എന്ന പുഴ. നാട്ടുകാര്‍ ഇതിനെ മഹാവലിനദി എന്നു വിളിക്കുന്നു. നഗരമധ്യത്തിലായി നീര്‍ക്കാക്കകളും ഫൈബര്‍ ബോട്ടുകളും ഒഴുകുന്ന ഒരു തെളിനീര്‍ത്തടാകം. അവിടവിടെ ഉയര്‍ന്നുനില്ക്കുന്ന ബുദ്ധസ്തൂപങ്ങള്‍. അവയ്ക്കിടയില്‍ ചിതറിക്കിടക്കുന്ന വീടുകളും കെട്ടിടങ്ങളും. ചുറ്റിലും നിതാന്തമായ പച്ചപ്പ്. കുന്നിന്‍പുറത്തുനിന്നുള്ള കാഴ്ചയില്‍ ഇതാണ് കാന്‍ഡി. കാവല്‍ നില്ക്കുന്ന കുന്നുകളെയും മരക്കൂട്ടങ്ങളെയും പരിഹസിച്ചുകൊണ്ട് ആര്‍ത്തിയോടെ ആകാശത്തേക്ക് പടര്‍ന്ന ഒറ്റക്കെട്ടിടവും ഇവിടെയില്ല. കോളനിഭരണത്തിലൂടെ കടന്നുവന്ന ഏതു ദേശവും അനേകം വൈജാത്യങ്ങള്‍ക്കിടയിലും അദ്ഭുതകരമായ ഒരു ഐകരൂപ്യം പ്രകടിപ്പിക്കാറുണ്ട്. മാഹിയിലും മട്ടാഞ്ചേരിയിലും ഗോവയിലും വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹോചിമിന്‍ സിറ്റിയിലും കംബോഡിയയുടെ തലസ്ഥാനമായ നോം പെങ്ങിലുമെല്ലാം ഈ സമാനത കാണാം. പ്രൗഢമായ കെട്ടിടങ്ങള്‍, പാകിയുറപ്പിച്ച വഴിത്താരകള്‍, മരവും പഴയ കാലവും മണക്കുന്ന ശില്പാലംകൃതമായ പള്ളികള്‍, ഉപേക്ഷിക്കപ്പെട്ട സെമിത്തേരികള്‍, വിശിഷ്ടരുചികള്‍ നിറഞ്ഞ തീന്‍ഗൃഹങ്ങള്‍, നാട്ടുശൈലിയുമായിച്ചേര്‍ത്ത് പണിഞ്ഞ വീടുകള്‍ എന്നിവയെല്ലാം ഇത്തരം നാടുകള്‍ പങ്കുവെക്കുന്നു. രാജകാലം കടന്ന് ഡച്ചുകാരും പോര്‍ച്ചുഗീസുകാരും പിന്നീട് ഇംഗ്ലീഷുകാരും വാണ കാന്‍ഡി കലര്‍പ്പുകളുടെ ദേശമാണ്. സിംഹളഭാഷയില്‍ 'മഹാനുവാര' എന്നാണ് കാന്‍ഡി അറിയപ്പെടുന്നത്. വിക്രമബാഹു മൂന്നാമന്‍ സ്ഥാപിച്ച ഈ പുരം പിന്നീട് അധികാരത്തിനു വേണ്ടിയുള്ള പല പല പോരുകള്‍ക്കും ചോരക്കുരുതികള്‍ക്കും സാക്ഷിയായി. ഇതിനിടയിലൂടെ ശാന്തിമന്ത്രങ്ങളുമായി ബുദ്ധമതമെത്തി. ശേഷം പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമെത്തി. അവര്‍ പോയപ്പോള്‍ രണ്ടാം കാന്‍ഡി യുദ്ധത്തിലൂടെ ബ്രിട്ടീഷുകാര്‍ നാടുവാഴികളായി. അവസാന രാജാവായ വിക്രമരാജസിംഹനെ പിടികൂടി രാജകീയ തടവുകാരനായി തമിഴ്‌നാട്ടിലെ വെല്ലൂരിലേക്കയച്ചു, രാജകുടുംബം അങ്ങോട്ട് പലായനം ചെയ്തു. തഞ്ചാവൂരിലെ പഴയ മാരിയമ്മന്‍കോവില്‍ റോഡില്‍ 'കാന്‍ഡിരാജ അരമനെ' എന്ന പേരില്‍ ഇവരുടെ വാസസ്ഥാനം ഇന്നുമുണ്ട് എന്ന് ചരിത്രം പറയുന്നു. കാന്‍ഡിയിലൂടെ വെറുതേ ഒന്നു നടന്നാല്‍ രാജകാലവും ബൗദ്ധകാലവും കൊളോണിയല്‍ കാലവും പുത്തന്‍കാലവും കാഴ്ചകളില്‍ മാറിമാറിവരും. ഓഫീസുകളായി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടങ്ങള്‍ക്കു ചുവടെ നില്ക്കുമ്പോള്‍ മാഹിയിലോ ഗോവയിലോ ആണ് എന്നു തോന്നും. കൈത്തണ്ടയില്‍ ഒരു സഞ്ചിയും തൂക്കി, മിഡിയും ബ്ലൗസുമിട്ടു പോകുന്ന മധ്യവയസ്സുകഴിഞ്ഞ് നരപടര്‍ന്ന സ്ത്രീകളിലും ഗോവന്‍ ഛായയുണ്ട്. വൃത്തിയുള്ള വഴിത്താരകളും മരച്ചാര്‍ത്തുകള്‍ തണലുവിരിച്ച തടാകത്തിനു ചുറ്റുമുള്ള തണുത്ത വഴികളും ചിട്ടയും ക്രമവുമുള്ള ഒരു കാലത്തിന്റെ ശേഷിപ്പുകളാണ്. ആ വഴികളിലൂടെ മഞ്ഞവസ്ത്രം ധരിച്ച്, മുണ്ഡനം ചെയ്ത ബൗദ്ധന്മാര്‍ നടന്നുപോകുന്നു. അവരുടെ വഴികള്‍ അവസാനിക്കുന്നത് ഗൗതമബുദ്ധന്റെ ഒരു പല്ല് സൂക്ഷിച്ചിരിക്കുന്ന ശ്രീ ദളദാ മലിഗാവാ ക്ഷേത്രത്തിലാണ്.

കടലിനു മുഖംതിരിഞ്ഞുനില്ക്കുന്ന 'ഗള്ളഫേസ്' എന്ന ഹോട്ടലിലായിരുന്നു കൊളംബോയിലെ താമസം. 1800-കളുടെ അവസാന ദശകങ്ങളിലൊന്നില്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഈ ഹോട്ടലിലെ എല്ലായിടങ്ങളിലും ഇപ്പോഴും പഴയ ബ്രിട്ടീഷ് പ്രൗഢി മണക്കും. മേല്‍ത്തരം മരം പാകി, മനുഷ്യര്‍ നടക്കുമ്പോള്‍ ശബ്ദിക്കുന്ന നിലങ്ങളും മിനുപ്പേറിയ വലിയ ഗോവണികളും തണുപ്പൂറുന്ന തട്ടുകളും ഉയരമുള്ള നിലക്കണ്ണാടികളും കടലിന്റെ നീലിമയിലേക്ക് തുറക്കുന്ന ഭോജനമദ്യശാലകളുമെല്ലാം ഒരു കാലഘട്ടത്തിലെ ഇവിടുത്തെ പ്രഭുജീവിതത്തിന്റെ രീതികളും ഭാവങ്ങളും വിളിച്ചറിയിക്കുന്നു. ഈ ഇടനാഴികളിലൂടെ, ശയനഗൃഹങ്ങളിലെ മരനിലങ്ങളിലൂടെ അകം തുടുത്ത പാദങ്ങളുമായി കുലീനകളായ പ്രഭ്വികള്‍ നടന്നിരിക്കാം, രാത്രികളില്‍ കടലിനൊപ്പം നൃത്തം ചെയ്തിരിക്കാം. പ്രസിഡന്റിന്റെ വസതി നില്ക്കുന്ന വഴിയില്‍ത്തന്നെയാണ് ഹോട്ടല്‍. അതുകൊണ്ട് മിക്കസമയവും പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ടാവും. പട്ടാളക്കാരെ കണ്ടാല്‍ പ്രസിഡന്റ് ഉടനേ ഈ വഴി കടന്നുപോകും എന്നുറപ്പിക്കാം. ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ തിരിച്ച്. ഇടവിടാതെയുള്ള ഈ പോക്കുവരവുകള്‍ കണ്ടപ്പോള്‍ പ്രസിഡന്റ് മൂത്രമൊഴിക്കാന്‍ പോലും വീട്ടില്‍ വരുന്നയാളാണ് എന്ന് തോന്നി. പ്രഭാകരനടക്കമുള്ള പുലികളെ ഇല്ലാതാക്കി രാജ്യത്തെ ശാന്തിയിലേക്ക് നയിച്ചു എന്ന് അവകാശപ്പെടുന്ന രാജപാക്‌സെയുടെ കട്ടൗട്ടുകളും ബോര്‍ഡുകളുമാണ് ശ്രീലങ്കയില്‍ എങ്ങും. തമിഴ് സിനിമാതാരങ്ങളായ വിജയകാന്തിന്റെയും വിജയിന്റെയും ചിത്രങ്ങള്‍ എടുത്തുമാറ്റി പകരം രാജപാക്‌സെയുടെ ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ഒരു ഒരു കാര്‍ ഡ്രൈവര്‍ അടക്കം പറഞ്ഞു. ഏതായാലും രാജപാക്‌സെയും അയാളുടെ കുടുംബവുമാണ് നാടുവാഴുന്നത്. എല്ലാ തന്ത്രപ്രധാന സ്ഥാനങ്ങളിലും ബന്ധുക്കള്‍ ചേര്‍ന്നിരിക്കുന്നു. കാന്‍ഡി ശ്രീലങ്കയുടെ നാട്ടുജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും നേര്‍മുറിയാണെങ്കില്‍ കൊളംബോ മറ്റു പലതുമാണ്.
എപ്പോഴും ഉപ്പുരുചിയുള്ള കടല്‍ക്കാറ്റു മേഞ്ഞുനടക്കുന്ന ഈ നഗരത്തില്‍ പഴയതും പുതിയതുമായ കെട്ടിടങ്ങള്‍ തമ്മില്‍ പിണഞ്ഞുനില്ക്കുന്നു.
പല വഴികള്‍ക്കും ഇപ്പോഴും പഴയ കൊളംബോയുടെ പകിട്ടുണ്ട്. നിറയെ ഓഫീസുകളും കച്ചവടസ്ഥാപനങ്ങളുമുള്ള ഇത്തരം കെട്ടിടങ്ങളില്‍നിന്നും നിരന്തരം പ്രാവുകള്‍ കുറുകുകയും പഴയ ഫയലുകളുടെ ഗന്ധം പ്രസരിക്കുകയും ചെയ്യുന്നു. വൃത്തിയുള്ള നഗരചത്വരങ്ങളും മുഷിഞ്ഞ് പൊടി പാറുന്ന തെരുവുകളും അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. ചോറും സാമ്പാറും മല്ലിയിലയിട്ട മോരും വിളമ്പുന്ന ഹോട്ടലുകളും കോണ്ടിനന്റല്‍ ഭക്ഷണം നിരക്കുന്ന ഹോട്ടലുകളും മുഖാമുഖം നില്ക്കുന്നു. കച്ചവടം തകൃതിയായി നടക്കുന്നു, കൊല്‍ക്കത്താനഗരത്തിന്റെ ഛായയില്‍ ജീവിതം ഒഴുകുന്നു. കൊളംബോ കടല്‍ത്തീരത്ത്, പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്നും അല്പം വിട്ടുമാറി വലുതായി മറച്ചുകെട്ടിയ ഷാന്‍ഗ്രിലാ ഹോട്ടല്‍സമുച്ചയത്തിന്റെ പണിസ്ഥലം ശ്രീലങ്കയുടെ മാറ്റത്തിന്റെ സൂചകമാണ്. ചൈന ഒരു വ്യാളിയെപ്പോലെ ഈ രാജ്യത്തെ വിഴുങ്ങാന്‍ പോകുന്നു എന്ന കാര്യം വ്യക്തം. 2015-ല്‍ ഈ ഹോട്ടലിന്റെ പണി പൂര്‍ത്തിയാകും. അത് നഗരത്തെ ഒരു ഉത്സവത്തിലേക്ക് എടുത്തെറിയും എന്ന കാര്യം തീര്‍ച്ച. കൊളംബോയില്‍ എവിടെയും ഇപ്പോള്‍ ചൈനക്കാരെ കാണാം: ഹോട്ടല്‍ ലോബികളില്‍, ഭക്ഷണശാലകളില്‍, പണിശാലകളില്‍, കടകളില്‍- എവിടെയും മുഖം ചമ്മിയ ചിരിയുമായി അവര്‍. ഹോട്ടലുകളും റോഡുകളും വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം നിര്‍മിച്ച് അവര്‍ ഈ രാജ്യത്തെ മാറ്റിപ്പണിയുന്നു. ചെറുകിടച്ചന്തകളില്‍വരെ ചൈന വ്യക്തമായ ആധിപത്യം ചെലുത്തിക്കഴിഞ്ഞു. ആഹ്ലാദം നുരയുന്ന നിശാനൃത്തശാലകള്‍ അവര്‍ പണിയുന്നു. മറ്റൊരു ജീവിതം സാധ്യമാണ് എന്നു കാണിച്ച് ഒരു ജനതയെ വശീകരിക്കുന്നു. ഇതുവഴി ഒരു കാര്യം കൂടി അവര്‍ സാധിക്കുന്നുണ്ട്, ഇന്ത്യയുടെ ഏറ്റവുമടുത്ത് കടലില്‍ ഒരു നങ്കൂരം, ഏന്തിപ്പിടിക്കാന്‍ പാകത്തില്‍. കാന്‍ഡിയിലെയും കൊളംബോയിലെയും സാധാരണ മനുഷ്യര്‍ ചൈനയുടെ ഈ പടര്‍ച്ചയില്‍ ആശങ്കാകുലരാണ്. 'അവര്‍ ഞങ്ങളുടെ സാമ്പത്തികനിലയെ തകിടംമറിച്ചുകഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉടച്ചുതുടങ്ങി. അടുത്ത നാലുവര്‍ഷം കഴിയുമ്പോഴേക്കും നിങ്ങള്‍ക്ക് ശ്രീലങ്കയുടെ സ്ഥാനത്ത് മറ്റൊരു ബാങ്കോക്ക് കാണാം,' ഹോട്ടല്‍മേശയ്ക്കപ്പുറമിരുന്ന് പരിചയിച്ച ഒരു ലങ്കന്‍ യുവാവ് പറഞ്ഞു. അയാള്‍ ടിബറ്റിന്റെ അവസ്ഥ ഉദാഹരിക്കുകയും ചെയ്തു. നാട്ടുകാരുടെ ആശങ്ക ഭരണകൂടത്തിന് തീരേയില്ല. ചൈനയുടെ ശ്രീലങ്കയിലെ അനാവശ്യ ഇടപെടലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഡെപ്യൂട്ടി സ്പീക്കര്‍ ചന്ദിമ വീരകോടി പറഞ്ഞ മറുപടിയില്‍ ഭരണകൂടത്തിന്റെ മുഴുവന്‍ അഭിപ്രായവും ഉണ്ട്. അദ്ദേഹം പറഞ്ഞു:
'എന്തിനാണ് പേടിക്കുന്നത്? ചൈന ശ്രീലങ്കയുടെ ദീര്‍ഘകാല സുഹൃത്താണ്. ഫാഹിയാനും ഇബന്‍ബത്തൂത്തയും കാലങ്ങള്‍ക്കു മുന്‍പേ ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്. ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ലങ്കയെ കീഴടക്കിയവരാണ്. എന്നാല്‍, ചൈന ഒരിക്കലും അത് ചെയ്തില്ല. എപ്പോഴും അവര്‍ നമ്മുടെ സുഹൃത്തായിരുന്നു. പുതിയ കാലഘട്ടത്തിലും അവര്‍ സ്വന്തം കരം നമ്മുടെ നേര്‍ക്ക് നീട്ടുന്നു. എല്ലാവരും മടിച്ചുനിന്നപ്പോള്‍ നമ്മെ കല്‍ക്കരിഖനി നിര്‍മിക്കാന്‍ സഹായിച്ചത് ചൈനയാണ്. തുറമുഖവും കപ്പല്‍ശാലയും നിര്‍മിക്കാന്‍ സഹായിച്ചതും അവര്‍ തന്നെ...' ഒരു ദരിദ്രഭവനത്തില്‍ പണത്തിളക്കംകൊണ്ടു മാത്രം പെണ്ണ് ചോദിച്ചുവരുന്ന ക്രിമിനല്‍ വാസനയുള്ള കൗശലക്കാരനുവേണ്ടി വാദിക്കുന്ന കാരണവരുടെ സ്വരം ഇതില്‍ കേള്‍ക്കാം.
നട്ടുച്ചയ്ക്കും ഹോട്ടലിനപ്പുറമുള്ള കടപ്പുറത്ത് ജനങ്ങളും നിഴലുകളും നീങ്ങി. കടലവില്പനക്കാരും ബലൂണ്‍ വില്പനക്കാരും നിറയെ, കുട്ടികളും കുടുംബങ്ങളും വന്നുപോയ്‌ക്കൊണ്ടിരുന്നു. ശുദ്ധമായ കാറ്റ് അവരെ നനച്ചുതുടച്ച് ഊര്‍ജ്വസ്വലരാക്കി. എന്നാല്‍ ഇതൊന്നും കാണാതെ കുറെപ്പേര്‍ കടപ്പുറത്ത് നിരന്നിരിപ്പുണ്ട്. തുറന്നുപിടിച്ച കുടകള്‍ക്കുള്ളില്‍ സ്വയമൊളിപ്പിച്ച്, പ്രണയത്തിന്റെ വീഞ്ഞു കുടിച്ച് പരസ്പരം പടര്‍ന്ന് അവര്‍ ഇരിക്കുന്നു. ചിലപ്പോള്‍ കുടകള്‍ക്കകത്തേക്ക് ഐസ്‌ക്രീമോ മറ്റു ഭക്ഷണസാധനങ്ങളോ കൊണ്ടുപോകുന്നതു കാണാം. കറുത്ത കുടയുടെ ഇരുട്ടില്‍ അവ പങ്കുവെക്കപ്പെടുന്നു. എപ്പോഴൊക്കെയോ ആഴത്തിലുള്ള ചുംബനങ്ങളാല്‍ കുടകള്‍ ഉലയുന്നതു കാണാം. മണിക്കൂറുകളോളം നീളും ആ ഇരിപ്പ്. ആരും അവരെ ശല്യം ചെയ്യില്ല, കുട പൊന്തിച്ച് നോക്കുകപോലുമില്ല. പുറത്ത് കടലില്‍ സുനാമിത്തിരയുണര്‍ന്നുവന്നാലും അവര്‍ അറിയുകയുമില്ല. കൊളംബോ എന്നാല്‍ പ്രണയക്കുടയാണ് എന്ന സത്യം ഈ കടപ്പുറം പറഞ്ഞുതന്നു.
ശ്രീലങ്കയോട് വിട പറയുമ്പോള്‍ മനസ്സില്‍ നിറയെ കാട്ടുതുളസിയുടെ മണത്തോടെ മഴ പെയ്യുന്ന കാന്‍ഡിയായിരുന്നു. എന്നാല്‍ കൊളംബോയുടെ തിളയ്ക്കല്‍ കാണുമ്പോള്‍ ഈ മഴയും മണവും പോറല്‍ വീഴാത്ത പച്ചപ്പുകളും ബൗദ്ധമന്ത്രങ്ങളും എത്രനാള്‍ എന്ന് സ്വയം ചോദിച്ചുപോവുകയും ചെയ്തു. അതേ, ചുകന്ന വ്യാളി അത്ര ഭീകരമായാണ് വാപിളര്‍ന്നു നില്ക്കുന്നത്.
Content Highlights: excerpts from the book zorbayodoppamulla sancharangal by sreekanth kottakkal srilankan voyage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..