'ശത്രു വാതില്‍തുറന്നാല്‍ ഇടിച്ചുകയറുക,അവനു പ്രിയപ്പെട്ടതു പിടിച്ചെടുക്കുക' - സുന്‍ സു തന്ത്രങ്ങള്‍


പരിഭാഷ: സുരേഷ് നാരായണന്‍

സൈനികന്റെ സ്വഭാവമനുസരിച്ച് കീഴടങ്ങിയാലും പ്രതിരോധിക്കും. എല്ലാം നഷ്ടപ്പെടുമ്പോഴും പൊരുതും. അപകടത്തില്‍പ്പെടുമ്പോള്‍ കല്പനകളനുസരിക്കും. പദ്ധതികളുടെ ജ്ഞാനമില്ലാതെ ശത്രുക്കള്‍ക്ക് സഖ്യമുണ്ടാക്കാനാകില്ല. മേഖലകളിലെ ചതികളറിയാതെ കാട്ടിലും മലഞ്ചെരുവുകളിലും കീഴ്ക്കാം തൂക്കായ പാറക്കൂട്ടത്തിലും ചതുപ്പുകളിലും കിടങ്ങുകളിലും നിങ്ങള്‍ക്ക് സേനാമുന്നേറ്റം സാധ്യമല്ല.

ചിത്രീകരണം: കെ. ഷെരീഫ്

2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനീസ് സൈന്യാധിപനായിരുന്ന സുന്‍ സു രചിച്ച പ്രമാണിക ഗ്രന്ഥമാണ് ദ ആര്‍ട് ഓഫ് വാര്‍- യുദ്ധകല. സംഘര്‍ഷങ്ങളെയും യുദ്ധനിര്‍ബന്ധിതാവസ്ഥകളെയും വിശകലനം ചെയ്ത്, വിവിധ മേഖലകളിലെ സമാനസ്വഭാവമുള്ള സന്ദര്‍ഭങ്ങളെ എങ്ങനെ നേരിട്ട് വിജയം വരിക്കാം എന്നു വിശദമാക്കുന്ന ഗ്രന്ഥത്തിന്റെ ആദ്യമലയാള പരിഭാഷയാണ് സുരേഷ് നാരായണന്‍ നിര്‍വഹിച്ച സുന്‍ സു യുദ്ധകല. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.

യുദ്ധത്തില്‍ ഒന്‍പതിനം പടക്കളങ്ങളുണ്ട്: ചിന്നിച്ചിതറിയവ, പ്രാന്തസ്ഥമായവ, തര്‍ക്കത്തിലുള്ളവ, തുറന്നവ, പരസ്പരം മേളിക്കുന്നവ, നിര്‍ണായകമായവ, വിഷമകരമായവ, വലയംചെയ്യപ്പെട്ടവ, അപകടകരമായവ.
ശത്രുക്കള്‍ സ്വന്തം അതിര്‍ത്തിയിലാണ് ആക്രമിക്കുന്നതെങ്കില്‍ അവ ചിന്നിച്ചിതറിയ കളങ്ങളാണ്. ശത്രുരാജ്യത്ത് കടന്നെങ്കിലും അധികം മുന്നോ
ട്ടുപോകാതെ അതിര്‍ത്തിക്കടുത്താണ് യുദ്ധമെങ്കില്‍ അത് പ്രാന്തിയ (പ്രാന്തസ്ഥ) കളങ്ങളാണ്.

യുദ്ധം രണ്ടുപേര്‍ക്കും അനുകൂലമാകുന്നതാണെങ്കില്‍ അവയാണ് തര്‍ക്കത്തിലുള്ളവ. തന്ത്രപരമായ പടക്കളങ്ങള്‍. രണ്ടു ഭാഗത്തുനിന്നും എളുപ്പത്തില്‍ വന്നു തിരിച്ചുപോകാവുന്ന അവസ്ഥയാണെങ്കില്‍ അത് തുറന്നവയാണ്.
അതിര്‍ത്തിയില്‍ കൂടുതല്‍ രാജ്യങ്ങളുണ്ടെങ്കില്‍ അതില്‍ ആദ്യത്തേതിനോട് അടുക്കണമെന്നും മറ്റുള്ളവയുടെകൂടെ സഹായം ലഭിക്കുന്നത് അനിവാര്യമാകുന്നവയാണ് പരസ്പരം മേളിക്കുന്നവയെന്നു പറയുന്നത്. സൈന്യം ശത്രുരാജ്യത്തു വളരെയധികം മുന്നോട്ടുപോയി, പല വലിയ പട്ടണങ്ങളും പിടിച്ചടക്കിയെങ്കില്‍ അതിനെ നിര്‍ണായക പടക്കളമെന്നു പറയുന്നു.

സൈന്യം മലകളിലൂടെയും കാടുകളിലൂടെയും മലഞ്ചെരിവുകളിലൂടെയും കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെയും ചതുപ്പുനിലങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്നതെങ്കില്‍ അതിനെ വിഷമകരമായ പടക്കളമെന്നു വിളിക്കാം.
ചെറിയ ഊടുവഴികളിലൂടെ വഴി മാറിമാറി കളത്തിലെത്തി ശത്രുവിന്റെ ചെറുസൈന്യത്തെ വലിയ സൈന്യം നേരിടുന്നുവെങ്കില്‍ അതിനെ വലയം ചെയ്യപ്പെട്ടതെന്നു വിശേഷിപ്പിക്കാം.

ഏതു പടക്കളത്തിലാണോ സ്വന്തം നിലനില്പ് പ്രശ്നമായിരിക്കുന്നത്, വഴിവിട്ട് യുദ്ധം ചെയ്തില്ലെങ്കില്‍ സൈന്യംതന്നെ ഇല്ലാതാകുന്നത്, അതിനെ അപായക്കളമെന്നു പറയുന്നു. ചിന്നിച്ചിതറിയ കളങ്ങളില്‍ യുദ്ധമരുത്, പ്രാന്തിയ കളങ്ങളില്‍ തമ്പടിക്കരുത്, തന്ത്രപരമായ കളങ്ങളില്‍ ആക്രമിക്കരുത്, തുറന്ന കളങ്ങളില്‍ തടസ്സം സൃഷ്ടിക്കരുത്. പരസ്പരാശ്രിതമായ കളങ്ങളില്‍ സഖ്യമുണ്ടാക്കുക, നിര്‍ണായകകളങ്ങളില്‍ തകര്‍ത്താക്രമിക്കുക, വിഷമകരമായ കളങ്ങളില്‍ മുന്നോട്ടു നീങ്ങുക, വലയം ചെയ്യപ്പെട്ട കളങ്ങളില്‍ തന്ത്രപൂര്‍വം നീങ്ങുക, മരണക്കളങ്ങളില്‍ അഥവാ അപായക്കളങ്ങളില്‍ പൊരുതുക.

സൈനികന്‍ കഴിവുറ്റവനെങ്കില്‍ ശത്രുസൈന്യത്തിന്റെ മുന്നണി പിന്നണി ബന്ധങ്ങള്‍ വിച്ഛേദിക്കും. വലുതും ചെറുതുമായ സൈന്യസംഘങ്ങളുടെ ഏകോദ്ദേശ്യപ്രവര്‍ത്തനം തടയും. സൈന്യത്തില്‍ വിള്ളല്‍വീഴ്ത്തും. പടയാളികളും തലവന്മാരും തമ്മില്‍ അകല്‍ച്ചയുണ്ടാക്കും. ശത്രുസൈന്യം ഒരിക്കല്‍ വേര്‍പിരിയപ്പെട്ടാല്‍ പിന്നീടൊരിക്കലും കൂടിച്ചേരാനനുവദിക്കില്ല. ഒന്നിച്ചാല്‍ത്തന്നെ ഒരുമിച്ചു പ്രവര്‍ത്തിക്കില്ല. ഗുണമുണ്ടെങ്കില്‍ മാത്രമേ സൈന്യം ചലിക്കൂ അല്ലെങ്കില്‍ വിശ്രമിക്കും.

എങ്ങനെയാണ് പലതരത്തിലുള്ള, ശരിയായി ഒരുങ്ങിയിട്ടുള്ള ശത്രുസൈന്യത്തെ നേരിടുക. നിങ്ങള്‍ നിങ്ങളുടെ യോദ്ധാക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളോടു ചേര്‍ത്തുവെക്കുക. എങ്കിലവര്‍ നിങ്ങള്‍ക്കുവേണ്ടി പൊരുതും. വേഗതയാണ് യുദ്ധത്തിന്റെ സത്ത്. ശത്രുവിന്റെ തയ്യാറെടുപ്പിലെ കുറവ് മുതലെടുക്കുക. അപ്രതീക്ഷിതമായി ആക്രമിക്കുക. അതും അവന്‍ പ്രതീക്ഷിക്കാത്ത മാര്‍ഗത്തിലൂടെ. അഗാധമായി തുളച്ചുകയറുക, അത് അടുപ്പമുണ്ടാക്കും. അങ്ങനെ നിങ്ങള്‍ ആക്രമിച്ചാല്‍ ശത്രുവിന് പിടിച്ചുനില്ക്കാനാകില്ല.

സമൃദ്ധമായ രാജ്യത്തെ ശക്തമായി ആക്രമിക്കുക. അതു നിങ്ങളുടെ സൈന്യത്തിന് വളമേകും. അവരുടെ മനോവീര്യം കൂട്ടും. ഒരിക്കലുമവരുടെ വീര്യം കെടുത്താതിരിക്കുക. നിങ്ങളുടെ ഊര്‍ജത്തെ പോഷിപ്പിക്കുക. അതില്‍ ശ്രദ്ധയൂന്നുക. നിങ്ങളുടെ പടനീക്കത്തിനു മുന്‍പ് തന്ത്രങ്ങള്‍ കൃത്യമായി മെനയുക. ശത്രുവിന് അദൃശ്യമായ രീതിയില്‍ രക്ഷപ്പെടാന്‍ പറ്റാത്തിടത്തേക്ക് നിങ്ങളുടെ സൈന്യത്തെ എടുത്തെറിയുക, എങ്കിലവര്‍ തിരിഞ്ഞോടുന്നതിനു പകരം മരണത്തിനു തയ്യാറാകും. മരിച്ചവര്‍ക്കൊന്നും നേടാനില്ല. സേനാനായകന്മാരായാലും യോദ്ധാക്കളായാലും അവസാനത്തെ ശ്വാസംവരെ കഴിയുന്നത്ര ശക്തിയിലവര്‍ പൊരുതും. അവര്‍ ജാഗരൂകരാണ്. അവര്‍ക്ക് അച്ചടക്കം പഠിപ്പിക്കേണ്ടതില്ല. ആജ്ഞകള്‍ക്ക് കാത്തുനില്ക്കേണ്ടതില്ല. തികച്ചും സമര്‍പ്പിതരായവര്‍, കല്പനകള്‍ കൂടാതെ തന്നെ.

പിശാചുക്കളുടെ നിര്‍ദേശം കേള്‍ക്കാനനുവദിക്കരുത്. സംശയങ്ങള്‍ ഉണ്ടാക്കരുത്. അവര്‍ മരണംവരെ പൊരുതും. സൈനികര്‍ അധികസമ്പത്തുള്ളവരല്ല; അവര്‍ക്ക് സമ്പത്തിനാഗ്രഹമില്ലാത്തവരുമല്ല. അവര്‍ ജീവിക്കുമെന്ന് വലിയ പ്രതീക്ഷയില്ല. എന്നാല്‍, അവര്‍ ദീര്‍ഘജീവിതം കാംക്ഷിക്കാത്തവരല്ല.
എന്നാണോ അവര്‍ യുദ്ധക്കളത്തിലേക്കു പോകുന്നത് അന്നവര്‍ കുത്തിയിരുന്നു കരയും, കണ്ണീരാല്‍ അവരുടെ വസ്ത്രങ്ങള്‍ നനയും, കിടന്നു കരയുന്ന അവരുടെ കണ്ണു കലങ്ങും, മുഖം നനയും. എന്നാല്‍, അവരെ രക്ഷപ്പെടാത്തിടത്തേക്ക് അയയ്ക്കൂ, അവര്‍ ധീരമായി പൊരുതും; പഴയ യുദ്ധവീരന്മാരെപ്പോലെ.

പ്രഗല്ഭരായ സേനാനായകര്‍ അവരുടെ സൈന്യവ്യൂഹത്തെ വിട്ടാല്‍ സര്‍പ്പരാജനെപ്പോലെ പൊരുതും. തലയ്ക്കടിയേറ്റാല്‍ വാലുകൊണ്ടു തിരിച്ചടിക്കും. വാലിലടിയേറ്റാല്‍ തലകൊണ്ടു തിരിച്ചടിക്കും; നടുവിനടി കൊണ്ടാല്‍ വാലുകൊണ്ടും തലകൊണ്ടും.നിങ്ങളുടെ രാജ്യത്തെ സൈന്യത്തോടുള്ള ചോദ്യമിതാണ്, നിങ്ങള്‍ക്കു സര്‍പ്പരാജനെപ്പോലെ പൊരുതാനാകുമോ? ഞാന്‍ പറയുന്നു, തീര്‍ച്ചയായും.

നിങ്ങള്‍ വിരുദ്ധരായ രണ്ടുപേരെയെടുത്താലും അവരെ ഒരേ വഞ്ചിയില്‍ നദി കടത്തുകയും, കൊടുങ്കാറ്റിനെ നേരിടുകയും ചെയ്താല്‍ അവര്‍ പരസ്പരം സഹായിക്കും; ഇടതുവലതു കരങ്ങളെപ്പോലെ.
കുതിരകളെ അംഗഭംഗം വരുത്തിയാല്‍ പോരാ, രഥചക്രങ്ങള്‍ വെട്ടി താഴ്ത്തിയാല്‍ പോരാ, ഏകതാനമായ ലക്ഷ്യവും കര്‍മവും വേണം. ധീരമായി യുദ്ധം ചെയ്യാന്‍ ശക്തനുമശക്തനുമാകും.

പടനിലങ്ങളനുയോജ്യമെങ്കില്‍ സമര്‍ഥനായ സേനാനായകന്‍ സൈന്യത്തെ ഒരു വ്യക്തിയെന്നോണം നയിക്കുന്നു. ഒഴികഴിവുകളൊന്നുമില്ലാതെ അനുസരിക്കാന്‍ വഴിയൊരുക്കി സേനാപതിയെപ്പോഴും ശാന്തനായി, ആര്‍ക്കും മനസ്സുകൊടുക്കാത്തവനായി, സത്യസന്ധനായി, പക്ഷപാതമില്ലാത്തവനായി നില്ക്കണം. തന്നെയുമല്ല, തങ്ങളുടെ വ്യൂഹത്തിന്റെ തന്ത്രങ്ങളെക്കുറിച്ച് കാണാനും കേള്‍ക്കാനും മറ്റുള്ളവര്‍ക്ക് ഇടനല്കരുത്.
പദ്ധതികളില്‍ മാറ്റം വരുത്തും, തമ്പുകള്‍ നിരന്തരം മാറ്റും.അയാള്‍ തന്റെ വഴികള്‍ മാറ്റും. മാറിമറിഞ്ഞ വഴികള്‍ തിരഞ്ഞെടുക്കും. ശത്രുക്കളെ ഇരുട്ടിലാക്കിക്കൊണ്ട്, അജ്ഞരാക്കിക്കൊണ്ട് അയാള്‍ തന്റെ സൈന്യത്തെ നയിക്കും.

ഒരാള്‍ ആല്‍മരത്തില്‍ കയറിയാല്‍ ഏണിയെടുക്കുന്നതുപോലെ സൈന്യത്തെ ശത്രുരാജ്യത്തിന്റെ ഉള്ളിലേക്ക് നയിക്കുകയും ആക്രമണം തുടങ്ങുകയും ചെയ്യും. എന്നിട്ട് വഞ്ചി കത്തിക്കയും കുടങ്ങള്‍ ഉടയ്ക്കുകയും ചെയ്യും.അയാള്‍ ഒരു ആട്ടിടയനെപ്പോലെ ആട്ടിന്‍പറ്റങ്ങള്‍ തങ്ങള്‍ എങ്ങോട്ടു പോകുന്നു എന്നറിയാത്തവിധം കൂട്ടം പിരിച്ചയയ്ക്കും; വ്യൂഹങ്ങളെ വിളിച്ചുകൂട്ടി അപകടമേഖലയിലേക്കും. ഇതൊരു സൈന്യാധിപന്റെ രീതിയാണ്. ഇതെല്ലാം നന്നായി പഠിക്കേണ്ടിയിരിക്കുന്നു. പടനിലത്തിന് അനുയോജ്യമായ മാറ്റംവരുത്തണം. മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഗുണകരമായി മാറ്റിയുപയോഗിക്കാന്‍ കഴിയണം. കീഴ്പ്പെടുത്തലിന്റെ രീതിയിതാണ്.

ആഴത്തിലുള്ള കടന്നുകയറ്റം കൂടുതല്‍ സംസക്തി തരുന്നു. ആഴത്തിലല്ലെങ്കില്‍ തകര്‍ച്ച നേരിടേണ്ടിവരും. നിങ്ങള്‍ നിങ്ങളുടെ അതിര്‍ത്തി വിടുമ്പോള്‍ അതിര്‍ത്തി കടത്തി അപകടമേഖലയില്‍ നിങ്ങളവരെ നയിക്കുക. പരസ്പരാശ്രിതമേഖല കടക്കുമ്പോള്‍ നാലുപുറത്തുനിന്നും നിങ്ങള്‍ക്കു വിവരങ്ങള്‍ എത്തിക്കൊണ്ടിരിക്കണം. നിങ്ങള്‍ നന്നായി കടന്നുകയറുമ്പോള്‍ നിര്‍ണായക മേഖലയിലായിരിക്കും. നിങ്ങള്‍ ചെറുതായി മാത്രം കടന്നുകയറിയാല്‍ എളുപ്പമുള്ള മേഖലയിലായിരുന്നു. നിങ്ങള്‍ക്കു പിന്നില്‍ ശക്തമായ സേനയുണ്ടാ വുകയും ചെറിയ വഴി മാത്രം മുന്നിലെങ്കില്‍ നിങ്ങള്‍ ചുറ്റപ്പെട്ട മേഖലയിലാണ്.

നിങ്ങള്‍ക്ക് പുറത്തു കടക്കാന്‍ വഴിയില്ലെങ്കില്‍ നിങ്ങള്‍ ആപത്തി (മരണ)ന്റെ മേഖലയിലാണ്. ചിന്നിച്ചിതറിയ മേഖലയില്‍ സൈന്യത്തെ ഏകോപിപ്പിക്കുക, പ്രാന്തീയമേഖലയില്‍ അവരെ ബന്ധിപ്പിക്കുക, തന്ത്രപരമായമേഖലയില്‍ നമ്മുടെ പിന്‍ബലം വര്‍ധിപ്പിക്കുക, തുറന്നമേഖലയില്‍ നമ്മുടെ പ്രതിരോധം ശ്രദ്ധിക്കുക, പരസ്പരാശ്രിതമേഖലയില്‍ സഖ്യം ശക്തിപ്പെടുത്തുക, നിര്‍ണായകമേഖലകളില്‍ നമുക്ക് ആവശ്യമായ വസ്തുവിതരണം ഉറപ്പാക്കുക, വിഷമകരമായമേഖലയില്‍ വഴികളടയ്ക്കുക, മരണമേഖലയില്‍ സന്ദര്‍ഭത്തിന്റെ നൈരാശ്യം പ്രകടിപ്പിക്കുക.

സൈനികന്റെ സ്വഭാവമനുസരിച്ച് കീഴടങ്ങിയാലും പ്രതിരോധിക്കും. എല്ലാം നഷ്ടപ്പെടുമ്പോഴും പൊരുതും. അപകടത്തില്‍പ്പെടുമ്പോള്‍ കല്പനകളനുസരിക്കും. പദ്ധതികളുടെ ജ്ഞാനമില്ലാതെ ശത്രുക്കള്‍ക്ക് സഖ്യമുണ്ടാക്കാനാകില്ല.
മേഖലകളിലെ ചതികളറിയാതെ കാട്ടിലും മലഞ്ചെരുവുകളിലും കീഴ്ക്കാം തൂക്കായ പാറക്കൂട്ടത്തിലും ചതുപ്പുകളിലും കിടങ്ങുകളിലും നിങ്ങള്‍ക്ക് സേനാമുന്നേറ്റം സാധ്യമല്ല.

പ്രാദേശികമാര്‍ഗദര്‍ശികളില്ലാതെ നിങ്ങള്‍ക്ക് ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ അറിയാനും ഉപയോഗിക്കാനുമാവില്ല. ഇത്തരത്തിലൊരജ്ഞത ഒരു സൈന്യത്തിനും ചേര്‍ന്നതല്ല. ശക്തനായ ഭരണാധികാരിയുടെ സൈന്യം ശക്തമായ രാഷ്ട്രത്തെ ആക്രമിക്കും. അതിനു ശത്രുവിന്റെ ശക്തിസംഭരണം തടയാം. ശത്രുവിനെ കീഴടക്കുന്നതോടൊപ്പം സഖ്യശക്തികളെ പറ്റിക്കുകയും ചെയ്യും.

അവരെല്ലാവരുമായും സഖ്യത്തിനു പോകില്ല. അവരുടെ ശക്തിയില്‍ വിശ്വസിക്കില്ല. അവര്‍ തങ്ങളുടെ പ്രത്യേക രീതികളിലൂടെ ശത്രുവിനെ മറികടക്കുന്നു. ഇതുവഴി ശത്രുപട്ടണങ്ങള്‍ പിടിച്ചെടുക്കാം. രാഷ്ട്രം നശിപ്പിക്കാനും കഴിയും. പിടിച്ചെടുക്കുന്ന മുതലുകള്‍ നിയമം നോക്കാതെ വിതരണം ചെയ്യുക. കല്പ
നകള്‍ മുന്‍രീതികള്‍ വിട്ട് പ്രസിദ്ധീകരിക്കുക. നിങ്ങള്‍ സൈന്യത്തോട് ഒരു വ്യക്തിയെന്നപോലെ പെരുമാറുക. അവരുടെ ഉത്തരവാദിത്വങ്ങള്‍ നല്കുക.
വാക്കുകളും വിശദീകരണങ്ങളും കൂടാതെ പ്രയോജനങ്ങള്‍ അണിനിരത്തുക. അപകടങ്ങളെക്കുറിച്ചു നിശ്ശബ്ദമാവുക. നിങ്ങളവരെ ആപത്തിലേക്ക് വലിച്ചെറിയും. അവര്‍ അതിജീവിക്കും. മരണക്കയത്തിലേക്കെറിയുക, അവര്‍ ജീവിച്ചു തിരിച്ചുവരും.

പുസ്തകം വാങ്ങാം

സൈന്യം അപകടത്തില്‍പ്പെട്ടാല്‍ പരാജയത്തില്‍നിന്ന് വിജയം നേടും. യുദ്ധത്തിലെ വിജയമെന്നത് ശത്രുവിനെ നിരീക്ഷിച്ചു പഠിച്ച് തന്ത്രങ്ങള്‍ മെനയുന്നതിലും അതനുസരിച്ചു നീങ്ങുന്നതിലുമാണ്. ശത്രുവില്‍ കേന്ദ്രീകരിക്കുക. ദീര്‍ഘദൂരം വിന്യസിക്കുക. നിങ്ങള്‍ക്ക് അവരുടെ നായകനെ വധിക്കാം. ഇതാണ് എളുപ്പത്തില്‍ വിജയം നേടല്‍.
ഒരു ദിവസം നിങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിക്കുന്നു. വഴികളടയ്ക്കുന്നു, തടസ്സങ്ങള്‍ നീക്കുന്നു. പരസ്പരം ബന്ധങ്ങള്‍ തകര്‍ക്കുന്ന ദൂതരൊഴിവാക്കുക, സ്വക്ഷേത്രത്തില്‍ ഉറച്ചുനില്ക്കുക. നിങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുക.

ശത്രു വാതില്‍ തുറന്നാല്‍ ഇടിച്ചുകയറുക. അവനു പ്രിയപ്പെട്ടതു പിടിച്ചെടുക്കുക. സൂത്രത്തില്‍ ആക്രമണം നടത്തുക. നിയമങ്ങളപ്പോള്‍ അവഗണിക്കുക. ശത്രുവിനെ പിന്തുടരുക, നിര്‍ണായകയുദ്ധത്തിനായി തുടക്കത്തില്‍ ശാന്തരായി നില്ക്കുക. ശത്രുവിന്റെ വാതില്‍ തുറക്കുമ്പോള്‍ ഇടിമിന്നല്‍പോല്‍ അകത്തു കയറുക. ശത്രുവിനു നിങ്ങളെ തടുക്കാനാകില്ല.

പതിനൊന്നാമധ്യായം വളരെ വിശദമായി യുദ്ധക്കളങ്ങളെ അവലോകനം ചെയ്ത് ഒന്‍പതായി തരംതിരിച്ച് എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുന്നു. ഈ കൃതിയിലെ ഏറ്റവും വലുതും വിശദവുമായ അധ്യായമാണിതെന്നതും പ്രത്യേകതയാണ്. ഇതില്‍ ഒന്‍പതുതരം പടക്കളങ്ങളും അവയുടെ വിശകലനവും പ്രത്യേകതകളും വിവരിക്കുന്നു. ഇതില്‍ വിശേഷപ്പെട്ട ചിലത് അതിര്‍ത്തിയില്‍ ശത്രുവിനെക്കൂടാതെ മറ്റുരാജ്യങ്ങളുമുണ്ടെങ്കില്‍ ആ പടക്കളത്തെ പരസ്പരം മേളിക്കുന്നവയെന്ന് പറയുന്നു. ഇവിടെ അപകടം കൂടാതെ എത്താനും പൊരുതാനും അവിടെ അതിര്‍ത്തിയുള്ള മറ്റു രാജ്യങ്ങളുമായി സഖ്യമുണ്ടാക്കാനും സുന്‍ സു പറയുന്നു. ഇത് പലപ്പോഴും മാര്‍ക്കറ്റിങ് അല്ലെങ്കില്‍ ഉത്പാദനരംഗത്ത് സാധാരണമാണ്. ഒരു കമ്പോളത്തില്‍ ശക്തനായ ഒരു ഉത്പന്നത്തെ നേരിടാന്‍ അതിനു സമാനമായ ഒരു ഉത്പന്നമുണ്ടാക്കുന്നു. എന്നാല്‍, ചെറുതായ തദ്ദേശീയമോ അല്ലാത്തതോ ആയ സ്ഥാപനങ്ങളുമായിച്ചേര്‍ന്ന് വിതരണം, ഉത്പാദനം എന്നിവയില്‍ പങ്കാളിയാകാറുണ്ട്. ഇത് രണ്ടുകൂട്ടരുടെയും കഴിവുകള്‍ ഒന്നുചേര്‍ന്ന് പ്രധാന ശത്രുവിനെ പ്രതിരോധിക്കാന്‍ കഴിയും. തന്നെയുമല്ല, ഉത്പദാനസംവിധാനങ്ങളും വിതരണശൃംഖലയും സംയോജിപ്പിക്കുന്നതോടെ വലിയ തോതില്‍ ചെലവു കുറയ്ക്കാനും സാധിക്കും.

ശത്രു ശക്തനും തയ്യാറെടുത്തവനുമാണെങ്കില്‍പ്പോലും ചിലപ്പോള്‍ യുദ്ധം ഒഴിവാക്കാനാകില്ല. അപകടസാധ്യത കൂടുതലാണുതാനും. ഇത്തരുണത്തില്‍ സ്വന്തം ജനങ്ങള്‍ക്കും സൈന്യത്തിനും ഏറ്റവും പ്രിയപ്പെട്ടതൊന്ന് അതുമായി ചേര്‍ത്തുവെക്കുക. ഇത് സകല ജനതയെയും സൈന്യത്തെയും നിങ്ങളോടൊപ്പം നില്ക്കാനും മരണംവരെ പൊരുതാനും സഹായിക്കും. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ സാധാരണയായി രാഷ്ട്രീയനേതൃത്വമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍, ബിസിനസ് മേഖലയിലും ഇത് ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ 'പതഞ്ജലി' ഗ്രൂപ്പ് തങ്ങളുടെ ഉത്പന്നങ്ങളെ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മറ്റു പ്രധാന കമ്പനികള്‍ക്കുമെതിരേ മത്സരിക്കാന്‍ 'ഭാരതീയത', 'ശുദ്ധത' തുടങ്ങിയ വികാരങ്ങളാണ് ഉപയോഗിക്കുന്നത്. രക്ഷപ്പെടാന്‍ പറ്റാത്തിടത്തേക്ക് അതറിയിക്കാതെ സൈന്യത്തെ അയയ്ക്കണം. അവരെ പിന്നില്‍നിന്ന് സഹായിക്കണം. അവിടെ അവര്‍ക്ക് എതിര്‍ത്തുനിന്നേ പറ്റൂ, പൊരുതിയേ പറ്റൂ. അവര്‍ കല്പനകള്‍ക്കു കാത്തുനില്ക്കാതെ പൊരുതും. കാരണം, അവര്‍ക്കേറ്റവും പ്രിയപ്പെട്ടതിനു വേണ്ടിയാണവര്‍ പൊരുതുന്നത്. ഇവിടെ സുന്‍ സു മനുഷ്യത്വഹീനനായല്ല ഇതു പറയുന്നത്. സമ്പത്തിലും, നീണ്ട കുടുംബജീവിതത്തിനുമൊക്കെ എല്ലാ സൈനികര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, അതിനെക്കാളുപരി പ്രിയപ്പെട്ടതിനുവേണ്ടി ഇതെല്ലാം അവര്‍ ബലി ചെയ്യാന്‍ തയ്യാറാവുക.

സേനാനായകന്‍ സൈന്യത്തെ ഏകമനസ്സാക്കി, ഏകലക്ഷ്യോന്മുഖമാക്കി ഒരു വ്യക്തിയെന്നോണം പെരുമാറണം. ഒരിക്കലും ആര്‍ക്കും മനസ്സു കൊടുക്കാത്തവനായി, ശാന്തനായി, പക്ഷപാതരഹിതമായി നില്ക്കാന്‍ കഴിയണം. അയാള്‍ക്ക് പല അടവുകളും ആരോരുമറിയാതെ ഉപയോഗിക്കാനും കഴിയണം. ഇത് വിജയത്തിന് അനിവാര്യമാണ്. മറ്റൊന്നുകൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാവരുമായി സഖ്യം ചെയ്യരുത്, സഖ്യകക്ഷിയുടെ ശക്തി മാത്രം കരുതി ആക്രമിക്കരുത്. ശത്രുവിനെ മറികടക്കുന്നതിനോടൊപ്പം സഖ്യകക്ഷികളുടെ മേലും നമുക്ക് സ്വാധീനമുണ്ടാകണം. സുന്‍ സു എപ്പോഴും മുന്നൊരുക്കത്തോടെയുള്ള കാത്തിരിപ്പിനെ ആവര്‍ത്തിക്കുന്നു. കഴിയുമെങ്കില്‍ അങ്ങോട്ടു കയറി ആക്രമിക്കാതിരിക്കുക. ശത്രു സ്വയം വരുമ്പോള്‍ ഇടിമിന്നല്‍ പോലെ ആക്രമിക്കുക. പ്രഹരമേല്പിക്കുക. ഇത് അപ്രതീക്ഷിതസമയത്ത് പ്രതീക്ഷിക്കാത്ത സ്ഥലത്തുമാണെങ്കില്‍ കൂടുതല്‍ നല്ലത്. കഴിയുന്നത്ര വേഗം വിജയം വരിക്കുക. നാശം കഴിയുന്നത്ര കുറയ്ക്കുക. ഇതാണ് എപ്പോഴും നല്കുന്ന നിര്‍ദേശം.

യുദ്ധം വെറുമൊരു മൃഗീയമായ ശക്തിപ്രകടനം മാത്രമല്ല, മറിച്ച്, വിതണ്ഡമായ ചില കണ്ടെത്തലുകളുടെയും യുക്തിയുടെയും നൈപുണ്യത്തിന്റെയും സംയുക്തമാണ്. ഭാരതീയപുരാണമായ മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിലും നമുക്കിതു കാണാം. ആയുധമെടുക്കാതെ വെറും ദൂതനും തേരാളിയുമൊക്കെയായി വന്ന ശ്രീകൃഷ്ണനാണ് അനേകം അക്ഷൗഹിണിപ്പടയുള്ള ഈ മഹായുദ്ധത്തെ നിയന്ത്രിക്കുന്നതെന്നു കാണാം. ഗീതയുടെ അവസാനശ്ലോകം തന്നെയതാണ്. യോഗേശ്വരനായ (തന്ത്രജ്ഞനായ) കൃഷ്ണനും ധനുര്‍ധരനായ (കര്‍മനിപുണനായ) പാര്‍ഥനും എവിടെയാണോ സമ്മേളിക്കുന്നത് അവിടെ വിജയം സുനിശ്ചിതമാണെന്നാണ്.

Content Highlights: Suresh Narayanan, Sun Tzu, The Art of War

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented