ലോക ക്ലാസിക് കഥകൾ
ലോകകഥകളുടെ എക്കാലത്തെയും മികച്ച കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുകയാണ് ജസ്റ്റിന് ജോണ്‍. പതിനഞ്ച് ലോകക്ലാസിക് കഥകളുടെ വിവര്‍ത്തനം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്.ലോകത്തിലെ മികച്ച കഥയായ റാഷാമോണിന്റെ വിവര്‍ത്തനം വായിക്കാം.
സായംസന്ധ്യ. താണതരത്തിലുള്ള ഒരു ഭൃത്യന് മഴ അവസാനിക്കാനായി കാത്തിരുന്നു.
വളരെ വീതിയുള്ള ആ ഗേറ്റിനു താഴെ വേറെയാരുമില്ലായിരുന്നു. ഒരു ചീവീടുമാത്രം വളരെ വലിപ്പമുള്ള ചുവന്ന തൂണില്‍ പിടിച്ചുതൂങ്ങിയിരുന്നു. തൂണിന്റെ പെയിന്റ് അവിടവിടെ ഇളകിയിരുന്നു. സുസാകു അവന്യു പോലെ പ്രധാന സ്ഥലത്ത് സ്ഥിതിചെയ്യുകയാല്‍ റാഷാമോണ്‍ കുറച്ചുപേര്ക്കുകൂടെയെങ്കില് മഴയില്‍നിന്നു സംരക്ഷണം നല്‍കുമായിരുന്നു- ഒരുപക്ഷേ, പെയിന്റടിച്ച മുളംതൊപ്പി ധരിച്ച ഒരു സ്ത്രീയെയോ, മാര്‍ദവമുള്ള കറുത്ത തൊപ്പി ധരിച്ച ഏതെങ്കിലും രാജസദസ്സുകാരനെയോ. എന്നിട്ടും ആ മനുഷ്യനൊഴികെ മറ്റാരുമവിടെയില്ലായിരുന്നു.
കഴിഞ്ഞ കുറേ കൊല്ലങ്ങളായി കിയോട്ടോ ഒന്നല്ലെങ്കില്‍ മറ്റൊരു ദുരന്തംകൊണ്ട് തകര്‍ച്ചയിലാണ്- ഭൂമികുലുക്കങ്ങള്‍, ചുഴലിക്കാറ്റുകള്‍, അഗ്നി, ദാരിദ്ര്യം എന്നിവയെല്ലാം ആ തലസ്ഥാനത്തിന്റെ അതിഭയങ്കരമായ തകര്‍ച്ചയ്ക്കു വഴിവെച്ചു. പഴയ ചരിത്രം പറയുന്നത്, ആളുകള്‍ ബുദ്ധന്റെ പ്രതിമകള്‍, സ്വര്‍ണവും വെള്ളിയുമായ പെയിന്റുകള്‍ സഹിതം തച്ചുടച്ച് വഴിവക്കില്‍ വിറകായി വിറ്റിരുന്നുവെന്നാണ്. ആ നഗരമാകെ ഇത്രയും കുഴപ്പത്തിലായിരുന്നതുകൊണ്ട് റാഷാമോന്റെ അറ്റകുറ്റപ്പണിക്ക് ആരും മുതിര്‍ന്നിരുന്നില്ല. ചെന്നായ്ക്കളും കുറുനരികളും ആ ഇടിഞ്ഞുപൊളിഞ്ഞ നിര്മിതിക്കകത്തു കഴിഞ്ഞുകൂടി.
കള്ളന്മാരും അവരോടൊപ്പം കൂടി. അവസാനം ആര്‍ക്കും വേണ്ടാത്ത മൃതദേഹങ്ങളെ ആ ഗേറ്റിന്റെ മുകളിലത്തെ നിലയില്‍ ഉപേക്ഷിക്കുന്ന പതിവ് ജനങ്ങള്‍ തുടങ്ങി. അത് ഒരു പ്രേതബാധിതസ്ഥലംപോലെ, അന്തിമയങ്ങിക്കഴിഞ്ഞാല് ആളുകള്‍ കരുതിയിരുന്നു.
എന്നാല്‍ കാക്കകള്‍ വളരെയധികം അവിടെ കൂട്ടംകൂടി. പകലാണെങ്കില് അവ ആ മതിലിന്റെ ഉയര്‍ന്നഭാഗങ്ങളില്‍ വട്ടംകറങ്ങി 'കാ കാ' ശബ്ദം പുറപ്പെടുവിച്ചിരുന്നു. സൂര്യാസ്തമയത്തിനുശേഷം ആകാശം ചുവന്നുകഴിയുമ്പോള് കാക്കകള്‍ ആ മതിലിനു നേരെ എള്ളിന്റെ ധാന്യംപോലെ ചിതറിയ രീതിയില്‍ പറന്നുനടന്നിരുന്നു. അവ മതിലിന്റെ മുകളിലത്തെ നിലയില്വന്ന് മൃതദേഹങ്ങളുടെ മാംസം കൊത്തിപ്പറിച്ചിരുന്നു. ഇന്നാണെങ്കില്‍, സമയം താമസിച്ചതുകൊണ്ടാവണം, ഒരു കാക്കയേയും കാണാനുണ്ടായിരുന്നില്ല. അവയെപ്പറ്റിയുള്ള ഒരു ലക്ഷണം ആ മതിലിന്റെ തകര്ന്നപടികളില് കണ്ടിരുന്ന വെളുത്ത നിറമുള്ള കാഷ്ഠങ്ങള് മാത്രമായിരുന്നു.
നാം നേരത്തെ ശ്രദ്ധിച്ചത് ആ ഭൃത്യന് മഴയവസാനിക്കുന്നതും കാത്ത് അവിടെയിരിക്കുകയായിരുന്നെന്നല്ലേ? പക്ഷേ, യഥാര്‍ഥത്തില്‍, മഴ അവസാനിച്ചാല്‍ എന്തുചെയ്യണമെന്ന് അയാള്‍ക്കുതന്നെ അറിയില്ലായിരുന്നു. സാധാരണഗതിയില്‍ അയാള്‍ തന്റെ യജമാനന്റെ വീട്ടിലേക്കു മടങ്ങുമായിരുന്നു. പക്ഷേ, കുറച്ചുദിവസം മുന്‍പ് അയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരിക്കയാണ്. അതുപോലെ, നേരത്തെ പറഞ്ഞതുപോലെ കിയോട്ടോ വല്ലാത്ത തകര്‍ച്ചയിലായിരുന്നു. താന്‍ വളരെനാള്‍ സേവിച്ചിരുന്ന യജമാനന് അയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടത് കിയോട്ടോയുടെ തകര്‍ച്ചയുടെ
ഒരു ഭാഗം മാത്രമായിരുന്നു, അതിന്റെ ഫലമായിരുന്നു. അതുകൊണ്ട് ഭൃത്യന് മഴ തീരാന്‍വേണ്ടി കാത്തിരുന്നു എന്നു പറയുന്നതിനു പകരം അതിനെക്കാള്‍ ഉചിതം അയാള്‍ മഴമൂലം അവിടെയിരുന്നത് അയാള്‍ക്ക് പോകാനൊരിടം ഇല്ലാത്തതുകൊണ്ടും എങ്ങോട്ടു പോകണമെന്ന് യാതൊരു ലക്ഷ്യവുമില്ലാത്തതുകൊണ്ടുമാണ് എന്നു പറയുന്നതായിരിക്കും. കാലാവസ്ഥയും ആ ഹെയ്ന് കാലത്തെ സാധു പണിക്കാരന്റെ മനോവിഷമത്തിന് ഒരു കാരണമായിരുന്നു. കഴിഞ്ഞ മധ്യാഹ്നത്തിനുശേഷം തുടങ്ങിയ മഴ തീരുന്ന യാതൊരു ലക്ഷണവും കാണിച്ചതുമില്ല. സുസാക്ക് അവന്യുവില്‍ വീണുകൊണ്ടിരുന്ന മഴയ്ക്ക് പകുതി ശ്രദ്ധ അയാള്‍ നല്കി. ഒരു ദിവസം കൂടി ജീവനോടെയിരിക്കാനുള്ള മാര്‍ഗം കണ്ടെത്തണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. അതായത്, ഒന്നും ചെയ്യാനില്ലാത്ത സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള മാര്‍ഗം.
മഴ റാഷാമോണിനെ മൂടിക്കൊണ്ടിരുന്നപ്പോള് അകലെനിന്നും കുറെ ശബ്ദങ്ങള്‍ കടന്നുവന്നു. ഗേറ്റ്, കറുത്ത, ഭാരിച്ച മേഘങ്ങളെ അതിന്റെ തള്ളിനില്ക്കുന്ന മേല്‍ക്കൂരയിലെ ഓടുകള്‍കൊണ്ടു താങ്ങുന്നതുവരെ, സന്ധ്യയുടെ ഇരുട്ട് ആകാശത്തെ താഴേക്ക് കൊണ്ടുവന്നു.
ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ അയാള്‍ എന്തും ചെയ്യാന്‍ സന്നദ്ധനായിരുന്നു. അതിന് മടിച്ചുനിന്നാല്‍ തെരുവിലെ അഴുക്കില്‍, മണല്‍ കൊണ്ടുള്ള മതിലിനെതിരെ അയാള്‍ വിശന്നുചാകും. അപ്പോള്‍ അയാള്‍ ഗേറ്റിലേക്ക് മാറ്റപ്പെടുകയും മുകളിലത്തെ നിലയില്‍ ഒരു നായയെപ്പോലെ ഉപേക്ഷിക്കപ്പെടുകയും ചെയ്യും. എന്നാല്‍ അയാള്‍ എന്തും ചെയ്യാന്‍ തയ്യാറായാല്‍-
അയാളുടെ ചിന്തകള്‍ ഒരേ വഴിയിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു. എന്നിട്ട് ഒരേ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു. എത്രസമയം അങ്ങനെ കടന്നുപോയെങ്കിലും 'എങ്കില്‍' എന്നത് എങ്കില്‍ ആയിത്തന്നെ നിലനിന്നു. അയാള്‍ താന്‍ ഏതു ജോലിയും ചെയ്യാന്‍ തയ്യാറാണെന്ന് സ്വയം പറഞ്ഞിരുന്നുവെങ്കിലും ആ 'എങ്കിലി'ന്റെ പരിസമാപ്തിയിലെത്താനുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു. ആകെ എനിക്ക് ചെയ്യാവുന്നത് ഒരു കള്ളനാവുകയെന്നതാണ്.
അയാള്‍ നന്നായൊന്നു തുമ്മിയിട്ട് എഴുന്നേറ്റുനിന്നു. കിയോട്ടോ സായാഹ്നത്തിന്റെ തണുപ്പ് അത്ര അധികമായതിനാല്‍ അയാള്‍ നല്ല ചൂടുള്ള കല്‍ക്കരിയുള്ള ഒരു പാത്രത്തിനുവേണ്ടി ആഗ്രഹിച്ചു. നല്ല ഇരുട്ടായി. ഗേറ്റിന്റെ തൂണുകളിലൂടെ കാറ്റ് അകത്തേക്ക് അടിച്ചുകയറി. ഇപ്പോള്‍ ചീവീടുപോലും പെയിന്റടര്‍ന്ന തൂണില്‍നിന്നു പോയിരിക്കുന്നു.
തന്റെ നീലക്കുപ്പായത്തിനും മഞ്ഞ അകത്തെ ഷര്‍ട്ടിനും കീഴില്‍ ആ മനുഷ്യന് തന്റെ മുതുകു വളച്ചു. എന്നിട്ട് ഗേറ്റിന്റെ ചുറ്റുപാടും വളരെ സൂക്ഷിച്ചുനോക്കാനായി തല കുനിച്ചു. ഈ കാറ്റിന്റെയും മഴയുടെയും ശല്യമില്ലാത്ത ഒരു സ്ഥലമുണ്ടായിരുന്നെങ്കില്‍, തുറിച്ചുനോക്കുന്ന കണ്ണുകളുടെ ഭയമില്ലായിരുന്നുവെങ്കില്‍, ഞാനവിടെ പ്രഭാതംവരെ കഴിയുമായിരുന്നു. അയാള്‍ ചിന്തിച്ചു. അപ്പോഴയാള് വീതിയുള്ള ഒരു കോവണി കണ്ടു. അതിലും ചുവന്ന പെയിന്റടിച്ചിരുന്നു. അത് ഗേറ്റിന്റെ മുകള്‍ നിലയിലേക്കു നയിച്ചു. അവിടെയുള്ളവരെല്ലാം മരിച്ചവരായിരുന്നു. തന്റെ വാള് അതിന്റെ മരത്തിലുള്ള കൈപ്പിടിയുമായി അതിന്റെ ഉറയില്‍നിന്നു വഴുതിവീഴാതെ നോക്കിക്കൊണ്ട് അയാള്‍ അവസാനത്തെ പടി ചവിട്ടി.
കുറച്ചു മിനുട്ടുകള്‍ക്കുശേഷം വീതിയുള്ള കോവണിയുടെ പകുതിയെത്തിയപ്പോള്‍ അയാള്‍ കുനിഞ്ഞ് പൂച്ചയെപ്പോലെ ശ്വാസമടക്കി, ഗേറ്റിന്റെ മുകള്‍നിലയെ സൂക്ഷ്മമായി നിരീക്ഷിച്ചു. മുകളില്‍നിന്നുള്ള തീയില്‍ നിന്നുയര്‍ന്ന വെളിച്ചം അയാളുടെ വലതുകവിള്‍ താടിരോമങ്ങള്ക്കിടയ്ക്കുള്ള പഴുപ്പു നിറഞ്ഞ മുഖക്കുരുവില്നിന്നുള്ള വേദനയില്‍ വിവശമായിരുന്നു. ആ ഭൃത്യന്, അവിടെ മരിച്ചവരല്ലാതെ മറ്റാരുമിവിടെയുണ്ടാകുമെന്ന് ചിന്തിച്ചില്ല. എന്നാല്‍ രണ്ടോ മൂന്നോ പടികയറി കുറച്ചു ചെന്നപ്പോള്‍ അയാള്‍ മനസ്സിലാക്കി അവിടെ ഒരാള്‍ ഉണ്ടെന്നു മാത്രമല്ല, അയാള്‍ ഒരു വിളക്കു കത്തിച്ച് ഓരോയിടത്തേക്ക് കൊണ്ടുനടക്കുന്നുമുണ്ട്. അധികം പ്രകാശമില്ലാത്ത മഞ്ഞവെളിച്ചം മുകള്ത്തട്ടിനെ പ്രകാശിപ്പിച്ചിരുന്നു. അവിടെയാണെങ്കില്‍ എട്ടുകാലിവല ഓരോ മൂലയിലും ഉണ്ടായിരുന്നു. വെറും സാധാരണക്കാരനായിരുന്നെങ്കില്‍ റാഷാമോണില്‍ ഒരു വിളക്കു പ്രകാശിക്കുകയില്ല. അതും മഴയുള്ള ഈ രാത്രിയില്‍.
ഒരു പല്ലിയെപ്പോലെ പതുങ്ങിപ്പതുങ്ങി ആ ഭൃത്യന് ആ കിഴുക്കാംതൂക്കായ കോവണിയുടെ അറ്റത്തെത്തി. എന്നിട്ട് കുനിഞ്ഞിട്ട് തന്റെ കഴുത്ത് നീട്ടി അയാള്‍ ഭയത്തോടെ മുകള്നിലയിലേക്കു നോക്കി.
അവിടെ അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട പല മൃതദേഹങ്ങളും കണ്ടു. എന്നാല്‍ കിംവദന്തിയനുസരിച്ച് എത്രയുണ്ടെന്നയാള്ക്കറിയാന് കഴിഞ്ഞില്ല. എന്തെന്നാല്‍ പ്രകാശമുള്ള സ്ഥലം വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അയാളാണെങ്കില്‍ അതില്‍ക്കൂടുതല്‍ കാണുമെന്നു കരുതി. ആകെ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത് ചില മൃതദേഹങ്ങള്‍ നഗ്നമായിരുന്നു എന്നതാണ്. എന്നാല്‍ മറ്റു ചിലവ വസ്ത്രമണിഞ്ഞിരുന്നു. ആണിനെയും പെണ്ണിനെയും കൂട്ടിക്കെട്ടിയിരുന്നു. അവരൊക്കെ ഒരിക്കല്‍ മനുഷ്യരായിരുന്നെന്ന് ഊഹിക്കാന്തന്നെ പ്രയാസമായിരുന്നു. അവ കളിമണ്ണുകൊണ്ടുണ്ടാക്കിയ പാവകളെപ്പോലെയായിരുന്നു. കൈകള്‍ പുറത്തേക്കുയര്ത്തി. വായ് തുറന്ന്, എന്നന്നേക്കും നിശ്ശബ്ദരായി അവര്‍ കിടന്നിരുന്നു. ചുമലുകളും നെഞ്ചും അതുപോലെയുള്ള ഉയര്‍ന്ന ഭാഗങ്ങളും മങ്ങിയ വെളിച്ചത്തില്‍ കണ്ടു. അതേസമയം മറ്റു ഭാഗങ്ങളില്‍ നിഴലു വീണിരുന്നു.
ആ അഴുകിയ മൃതദേഹങ്ങളില്‍നിന്നുള്ള ദുര്‍ഗന്ധം അയാളിലെത്തി. അയാള്‍ കൈകൊണ്ടു മൂക്കുപൊത്തി. പക്ഷേ, ഒരു നിമിഷം കഴിഞ്ഞപ്പോള്‍ ഒരു വലിയ വികാരംകൊണ്ട് അയാളുടെ ബോധം നഷ്ടമായി.
ഇപ്പോള്‍ ഭൃത്യന്റെ കാഴ്ച മരിച്ചവരുടെയിടയില്‍ കുന്തിച്ചിരിക്കുന്ന ഒരു ജീവനുള്ള മനുഷ്യനിലേക്ക് തിരിഞ്ഞു. ഒരു പൊടിപിടിച്ച കറുത്ത കുപ്പായമണിഞ്ഞ അവര്‍ മെലിഞ്ഞ ഒരു വൃദ്ധയായിരുന്നു. നരച്ച മുടിയുമായി കുരങ്ങിനെപ്പോലെ അവര്‍ വലതുകൈയില്‍ ഒരു പൈന്മരക്കമ്പു പിടിച്ച് ഒരു മൃതദേഹത്തിന്റെ മുഖത്തേക്ക് തുറിച്ചുനോക്കുകയായിരുന്നു. ആ മൃതദേഹത്തിന്റെ നീണ്ടമുടി കണ്ടാല്‍ അത് ഒരു സ്ത്രീയുടെതെന്നു തോന്നും.
ആറുഭാഗം ഭയവും നാലുഭാഗം ജിജ്ഞാസയുമായി ഭൃത്യന് ഒരു സമയം ശ്വാസംവിടാന്തന്നെ മറന്നുപോയി. പഴയൊരു എഴുത്തുകാരന്റെ വാക്കുകള്‍ കടമെടുത്താല്‍: 'അയാളുടെ തലയിലെ രോമങ്ങള്‍ കട്ടിപിടിച്ചുപോയി.' രണ്ടു തറയോടുകള്ക്കിടയ്ക്ക് തന്റെ പൈന്‍ തീപ്പന്തം വെച്ചിട്ട്, അവര്‍ രണ്ടു കൈയും താന്‍ നിരീക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ തലയില്‍ വെച്ചു. അവര്‍ ആ മൃതദേഹത്തിന്റെ നീണ്ടമുടി പറിച്ചുതുടങ്ങി, ഓരോ മുടിയായിട്ട്. അവരുടെ കൈയുടെ ഓരോ ചലനത്തിലും ഓരോ മുടി തലയോട്ടിയില്‍നിന്ന് പറിഞ്ഞുവന്നുകൊണ്ടിരുന്നു.
ഓരോ മുടി പറിഞ്ഞുവരുമ്പോഴേക്കും ആ മനുഷ്യന്റെ ഭയം കുറഞ്ഞുവന്നു. അതിനു പകരം ആ സ്ത്രീയോട് കൂടുതല്‍ വെറുപ്പ് അയാളില്‍ നുരയിട്ടു. ഇല്ല, ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. അല്ല, ആ സ്ത്രീയോടു വെറുപ്പല്ല. എല്ലാ തിന്മയോടുമുള്ള വെറുപ്പല്ല. എന്നാല്‍ ഓരോ മിനിട്ടു കഴിയുന്തോറും അയാളില്‍ വര്‍ധിച്ചുവന്ന ഒരു വികാരം. അവന് ചിന്തിച്ചുകൊണ്ടിരുന്നു. തിരഞ്ഞെടുപ്പിന് ആരെങ്കിലും നിര്‍ബന്ധിച്ചിരുന്നെങ്കില്‍- പട്ടിണി കിടന്നു മരിക്കണോ അതോ മോഷ്ടിക്കാന്‍ പോകണോ? എന്നതിനെപ്പറ്റിയുള്ള തിരഞ്ഞെടുപ്പില്‍- അയാള്‍ യാതൊരു മനഃക്ലേശവുമില്ലാതെ പട്ടിണി കിടന്നു ചാകലിനെ തിരഞ്ഞെടുക്കുമായിരുന്നു. എന്തെന്നാല്‍ തിന്മയ്ക്കെതിരെ അയാളില്‍ അത്ര ശക്തമായി വെറുപ്പ് നുരയിട്ടുവന്നു. ആ വൃദ്ധ തറയോടുകള്‍ക്കിടയില്‍ കുത്തിനിര്‍ത്തിയ പൈന്മരത്തില് ജ്വലിപ്പിച്ച പന്തംപോലെ!
ആ വേലക്കാരന് ആ വൃദ്ധസ്ത്രീ മരിച്ച വ്യക്തിയുടെ മുടിനാരു പിഴുതെടുക്കുന്നതെന്തിനെന്നു മനസ്സിലായില്ല. അതുകൊണ്ട് മരിച്ചയാള്‍ നല്ലവനെന്നോ, ചീത്തയെന്നോ യുക്തിസഹമായി കണക്കാക്കാന്‍ കഴിയുകയില്ല. പക്ഷേ, അയാളെ സംബന്ധിച്ചിടത്തോളം മരിച്ചയാളുടെ തലമുടി റാഷാമോണില്‍ ഈ രാത്രിയില്‍ പിഴുതെടുക്കുന്നത് ഒട്ടും ക്ഷമിക്കാനാകാത്ത തിന്മതന്നെയാണ്. സ്വാഭാവികമായും അയാള്‍ താന്‍ നിമിഷങ്ങള്‍ക്കു മുന്‍പ് ഒരു തിന്മ പ്രവൃത്തിക്കു പദ്ധതിയിട്ട കാര്യം ഓര്‍ത്തില്ല.
അതുകൊണ്ട് ആ വേലക്കാരന് കോവണിയില്നിന്ന് ചാടിയിറങ്ങി, തന്റെ ഉറയില്നിന്നുള്ള വാളും പിടിച്ച് ആ വൃദ്ധസ്ത്രീ കുനിഞ്ഞിരിക്കുന്നിടത്തേക്ക് പാഞ്ഞുചെന്നു. അയാളെ കണ്ട് ഭയന്ന് ആ സ്ത്രീ ചാടിയെണീറ്റു, ഒരു തെറ്റാടിയില്നിന്ന് എയ്തുവിട്ടപോലെ.
'നീയെവിടെപ്പോകാനാ വിചാരിക്കുന്നത്?' അവളുടെ വഴി തടഞ്ഞുകൊണ്ട് അയാള്‍ അട്ടഹസിച്ചു. ഭയന്നുവിറച്ച് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അവര്‍ ആ മൃതദേഹത്തിന് മേലേക്കു വീണു. അവര്‍ അയാളില്‍നിന്ന് രക്ഷപ്പെടാന്‍ നോക്കി. കുറച്ചു സമയം രണ്ടുപേരും മല്‍പ്പിടിത്തം നടത്തി, മൃതദേഹങ്ങള്‍ക്കിടയില്‍. പക്ഷേ, അതിന്റെ ഫലം സംശയാതീതമായിരുന്നു. വേലക്കാരന് വൃദ്ധയുടെ കൈയില്‍ പിടിച്ചു- ആ കൈ ഒരു കോഴിയുടേതുപോലെ വെറും എല്ലും തൊലിയും മാത്രമായിരുന്നു. എന്നിട്ടവരെ തറയിലേക്കു തള്ളിയിട്ടു.
'എന്താ നീയവിടെ ചെയ്തിരുന്നത്?' അയാള്‍ ചോദിച്ചു, 'തുറന്നുപറയൂ.
അല്ലെങ്കില്‍ ഞാനിതിലൊരു കഷണം നിനക്കു തരും.'
അവരെ തള്ളിമാറ്റിയിട്ട് അയാള്‍ തന്റെ വാള് ഉറയില്നിന്നെടുത്ത് അവരുടെ മുന്‍പിലേക്ക് അതിന്റെ വായ്ത്തല ഉയര്‍ത്തിക്കാട്ടി. ആ വൃദ്ധ ഒന്നും മിണ്ടിയില്ല. കൈകള്‍ വിറച്ചിരുന്നു. തോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചു. കണ്ണുകള്‍ അതിന്റെ കുഴിയില്‍നിന്ന് തള്ളിനിന്നു. അവര്‍ തന്റെ ഉറച്ച നിശ്ശബ്ദതയില്‍ പിടിച്ചുനിന്നു. എന്നിട്ടു ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടി. അതു കണ്ട് ആ ഭൃത്യന് കരുതി ആ വൃദ്ധസ്ത്രീയുടെ ജീവിതമോ മരണമോ തന്റെ നിശ്ചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന്. ഈയൊരു തിരിച്ചറിവ് തന്നില്‍ നീറിക്കൊണ്ടിരിക്കുന്ന വെറുപ്പിനെ ലഘൂകരിച്ചു. അയാള്‍ക്ക് ആകെയുണ്ടായിരുന്നത് താന്‍ നല്ലൊരു പ്രവൃത്തി ചെയ്തെന്നുള്ള ബോധത്തിന്റെ അഹന്തയായിരുന്നു. അയാള്‍ അവരെ നോക്കി, അല്പംകൂടി മര്യാദയോടെ പറഞ്ഞു:
'ഒട്ടും ഭയക്കണ്ട. ഞാന്‍ ന്യായാധിപന്റെ ഓഫീസിലുള്ള ആളല്ല. ഞാനൊരു യാത്രക്കാരനാണ്. ഈ ഗേറ്റിന് താഴെക്കൂടി നടക്കുകയായിരുന്നു. ഞാന്‍ നിന്നെ കെട്ടിയിടുകയോ, എങ്ങും കൊണ്ടുപോകയോ ചെയ്യുകയില്ല. എനിക്കറിയേണ്ടത് ഈ സമയത്ത് നീയിവിടെ എന്തു ചെയ്യുകയായിരുന്നെന്നാണ്.'
ആ വൃദ്ധ കണ്ണുകള്‍ തുറന്ന് അയാളെ തുറിച്ചുനോക്കി. അവളുടെ ചുവന്ന കണ്ണുകള്‍ ഒരു ശവംതീനിപ്പക്ഷിയുടേതുപോലെയായിരുന്നു. എന്നിട്ട് എന്തോ തിന്നുന്നതുപോലെ അവര്‍ ചവച്ചുകൊണ്ടിരുന്നു. അവര്‍ തന്നെ ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ ചുണ്ട് മൂക്കുമായി ചേര്‍ന്നതുപോലെ അത്രയേറെ ചുളിവുള്ളതായിരുന്നു. അവരുടെ കഴുത്തിലെ മുഴ അയാള്‍ക്കു കാണാമായിരുന്നു. അത് വളരെ മെലിഞ്ഞ കഴുത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നുണ്ടായിരുന്നു. ശ്വാസമെടുക്കലിനിടയില് അവരുടെ ശബ്ദം കാക്ക കരയുമ്പോലെ അയാളുടെ കാതില്‍ പതിച്ചു.
'ഞാന്‍ ഞാനാ മുടി പിഴുതെടുക്കുകയായിരുന്നു, ഒരു തിരുപ്പനുണ്ടാക്കാന്‍.'
വേലക്കാരന് അന്ധാളിച്ചുപോയി. ആ സ്ത്രീയുടെ ഉത്തരം വളരെ സാധാരണമായിപ്പോയതില് അയാള്‍ നിരാശനായി. പക്ഷേ, ആ നിരാശയോടൊപ്പം പഴയ വെറുപ്പും തണുത്ത പുച്ഛവും അയാളില്‍ നിറഞ്ഞു. അയാളുടെ വികാരങ്ങള്‍ ആ സ്ത്രീക്കു മനസ്സിലായതായി തോന്നുന്നു. കൈയില്‍ ആ നീളമുള്ള മുടിനാരു പിടിച്ചുകൊണ്ട് അവര്‍ പിറുപിറുത്തുകൊണ്ടു കരഞ്ഞുപറഞ്ഞു; ഒരു വിശദീകരണം പോലെ. അത് ഒരു തവളയുടെ കരച്ചില്‍പോലെയായിരുന്നു:
'എനിക്കറിയാം എനിക്കറിയാം മരിച്ചവരുടെ തലമുടി പറിച്ചെടുക്കുന്നത് തെറ്റാണെന്ന്. പക്ഷേ, ഈ കിടക്കുന്ന ആളുകള്‍ അവ കിട്ടുന്നതിന് അര്‍ഹരാണ്. ഈ സ്ത്രീയെത്തന്നെയെടുക്കൂ. ഞാനീ മുടി പറിച്ചെടുക്കുന്ന സ്ത്രീ. അവര്‍ പാമ്പുകളെ നാലു കഷണമായി മുറിച്ച് കൊട്ടാരത്തിലെ പാറാവുകാര്‍ക്ക് ഉണക്കമീനായി വിറ്റിരുന്നു. അവള് പകര്ച്ചരോഗത്തില് മരിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോഴുമവള്‍ അവിടെനിന്ന് വില്പന നടത്തിയേനെ. ആ പാറാവുകാര്‍ അവളുടെ 'മീന്‍' ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടവര്‍ എല്ലാ ഭക്ഷണത്തിനും അതു വാങ്ങിയിരുന്നു. പക്ഷേ, അവള് ചെയ്തതു തെറ്റാണെന്ന് എനിക്കഭിപ്രായമില്ല. പട്ടിണി കിടന്നു ചാകാതിരിക്കാനാണവളതു ചെയ്തത്. അവള്‍ക്ക് മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല. ഞാനും ഇപ്പോള്‍ ചെയ്യുന്നതു തെറ്റാണെന്നനിക്കു തോന്നുന്നില്ല. രണ്ടുമൊരുപോലെതന്നെ. അതു ചെയ്യാതെ നിവൃത്തിയില്ല. ഞാനിതുചെയ്തില്ലെങ്കില് ഞാന്‍ പട്ടിണി കിടന്നു ചാകും. ഈ സ്ത്രീക്ക് അറിയാമായിരുന്നു, താന്‍ എന്തു ചെയ്യണമെന്ന്. അവരോടു ഞാനിപ്പോള്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ക്കറിയാമെന്ന് തോന്നുന്നു.'
ഭൃത്യന് തന്റെ വാള് ഉറയിലേക്ക് തിരികെ വെച്ചു. അയാളുടെ ഇടം കൈകൊണ്ട് വാളിന്റെ കൈയില്‍ പിടിച്ചുകൊണ്ട് അവരുടെ നിര്‍വികാരമായ കഥ കേട്ടുകൊണ്ടിരിക്കുന്നു. അതേസമയം അയാളുടെ വലതുകൈ തന്റെ മുഖക്കുരുവില്‍ തെരുപ്പിടിപ്പിച്ചുകൊണ്ടിരുന്നു. അതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു പുതിയ ധൈര്യം- അയാളില്‍ അങ്കുരിച്ചു. നേരത്തെ കവാടത്തിന് കീഴില്‍ നില്ക്കുമ്പോഴില്ലാതിരുന്ന ധൈര്യം- താന്‍ ആ സ്ത്രീയെ കടന്നുപിടിച്ചപ്പോഴുണ്ടായിരുന്ന ധൈര്യത്തിന്റെ നേരെ വിപരീതമായ ഒന്ന.് പട്ടിണികിടക്കണോ ചാകണോ എന്ന ചിന്തയില്‍ അയാള്‍ വിഷമിച്ചില്ല. പട്ടിണികിടന്നു ചാകാമെന്ന ബോധം അയാളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതായിരുന്നില്ല.
'അവര്‍ ക്ഷമിക്കുമെന്ന് നിനക്ക് നിശ്ചയമാണോ?' അയാള്‍ കളിയാക്കുന്ന മട്ടില്‍ അവരെ ബലമായി പിടിച്ചുകൊണ്ട് ചോദിച്ചു. എന്നിട്ട് അവരുടെ നേര്‍ക്കു ചെന്ന് മുഖക്കുരുവില്നിന്ന് കൈ വിടര്‍ത്തി അവരുടെ
കഴുത്തിന് പിടിച്ചു. അങ്ങനെ പിടിച്ചപ്പോള്‍ അയാളുടെ വാക്കുകള്‍ അവരുടെ മാംസത്തില്‍ കടിച്ചതുപോലെയായിരുന്നു: 'നിന്റെ വസ്ത്രങ്ങള്‍ ഞാനുരിഞ്ഞെടുക്കുന്നതില് നീയെന്നെ കുറ്റപ്പെടുത്തുകയില്ലല്ലോ. പട്ടിണി കിടന്നു ചാകാതിരിക്കാന്‍ വേണ്ടി ഞാനിനി ചെയ്യാന്‍ പോകുന്നതതാണ്.'
ആ വൃദ്ധയുടെ പുറംകുപ്പായം അയാളഴിച്ചെടുത്തു. അയാളുടെ കാലില്‍ അവര്‍ പിടിച്ചപ്പോള്‍ അയാള്‍ ഒരു തട്ടുകൊടുത്തു. അവര്‍ ആ മൃതദേഹങ്ങളുടെ മേല്‍ ചെന്നുവീണു. അഞ്ചു ചുവടുവെച്ചപ്പോള്‍ മുകള്‍നിലയിലെ പ്രവേശനകവാടത്തിലെത്തി. അവളുടെ കുപ്പായം കൈയില്‍ പിടിച്ച് അയാള്‍ കിഴുക്കാംതൂക്കായ കോവണിപ്പടികള്‍ താഴോട്ടിറങ്ങി, എന്നിട്ട് ഇരുട്ടിലേക്ക് ഊളിയിട്ടു.
ആ വൃദ്ധയ്ക്ക് തന്റെ നഗ്നശരീരം മൃതദേഹങ്ങളില്‍നിന്ന് ഉയര്‍ത്താന്‍ അധികസമയം വേണ്ടിവന്നില്ല. പിറുപിറുത്തുകൊണ്ടും കരഞ്ഞുകൊണ്ടും അവര്‍ കോവണിയുടെ വാതില്‍ക്കലേക്ക് ഇഴഞ്ഞെത്തി, അപ്പോഴും ജ്വലിക്കുന്ന പന്തത്തിന്റെ പ്രകാശത്തില്‍. ആ ഗേറ്റിന്റെ താഴേക്കു നോക്കിയപ്പോള്‍ അവരുടെ നീളം കുറഞ്ഞ വെളുത്ത മുടികള്‍ തലയില്‍നിന്ന് മുന്‍പോട്ടു പാറിക്കിടന്നിരുന്നു. രാത്രിയുടെ നിഗൂഢമായ ഇരുട്ടു മാത്രം അവര്‍ കണ്ടു. ആ താണതരം ഭൃത്യന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.
Content Highlights : excerpts from the book world classic stories mathrubhumi books justin john
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..