ഗാന്ധിജിയുടെ ചിതാഭസ്മം പങ്കുവെച്ചപ്പോള്‍ അവഗണിക്കപ്പെട്ട മലബാറും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവും


ബി.കെ തിരുവോത്ത്

മലബാറിന് പ്രത്യേകമായി വിഹിതം വേണമെന്നും ഭാരതപ്പുഴയില്‍ തിരുനാവായ സ്‌നാനസ്ഥാനത്ത് അത് ഒഴുക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടു.

എരഞ്ഞിപ്പാലം ബാലികാസദനിൽ സൂക്ഷിച്ചിരിക്കുന്ന ഗാന്ധിജിയുടെ ചിതാഭസ്മം

മലബാറിന്റെ സ്വാതന്ത്ര്യസമരഭൂമികയില്‍ ഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ പാഞ്ഞുപോയ വി.പി കുഞ്ഞിരാമക്കുറുപ്പെന്ന ഗാന്ധിയന്‍ സോഷ്യലിസ്റ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി.പി സ്വാതന്ത്ര്യസമരത്തിലെ ഒരേട്. ബി.കെ തിരുവോത്ത് എഴുതിയ പുസ്തകത്തില്‍നിന്നും ഒരുഭാഗം വായിക്കാം.

ധികാരം ദുഷിപ്പിക്കും, പൂര്‍ണ്ണാധികാരം പൂര്‍ണ്ണമായും ദുഷിപ്പിക്കും എന്നു പറയാറുണ്ടല്ലോ. ഗാന്ധിശിഷ്യന്മാരെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സുകാരും ഇതിന് അപവാദമല്ലെന്ന് സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ വെളിപ്പെട്ടു. അധികാരത്തിന്റെ നെയ്പായസമണം നുകര്‍ന്നപ്പോള്‍ ഗ്രൂപ്പിസവും കുതികാല്‍വെട്ടുമൊക്കെ കോണ്‍ഗ്രസ്സിലും പതിവായി.കോണ്‍ഗ്രസ്സിലെ ഇത്തരം ദുഷ്പ്രവണതകളെ മുളയിലേ നുള്ളണമെന്ന് കേളപ്പജി ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ദീര്‍ഘനാളത്തെ പ്രവാസജീവിതം മതിയാക്കി പഴയ നേതാവ് കെ.പി. കേശവമേനോന്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയായിരുന്നു. സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയും എന്നതായിരുന്നു കേളപ്പജിയുടെ പ്രതീക്ഷ. ആ വഴിക്ക് അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പക്ഷേ, ഫലംകണ്ടില്ല. തിരിച്ചെത്തിയ കേശവമേനോന്‍ എ.വി. കുട്ടിമാളു അമ്മയുടെ മാതുലനായ എ.വി. കുട്ടിക്കൃഷ്ണമേനോനൊപ്പമായിരുന്നു മദിരാശിയില്‍ തത്കാലം താമസമാക്കിയിരുന്നത്.

അദ്ദേഹത്തിലൂടെ കേരളരാഷ്ട്രീയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ കേശവമേനോന്‍ രാഷ്ട്രീയപുനഃപ്രവേശത്തിന് താത്പര്യം കാട്ടിയില്ല. കേളപ്പവിരുദ്ധരുടെ കരുനീക്കങ്ങളും അതിനു കാരണമായിട്ടുണ്ടാകണം. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം എത്രമാത്രം ശക്തമായിരുന്നു എന്നതിന് ഗാന്ധിജിയുടെ ചിതാഭസ്മവുമായി ബന്ധപ്പെട്ട ചില അനിഷ്ടസംഭവങ്ങള്‍ സാക്ഷ്യംവഹിച്ചു. ചിതാഭസ്മം എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പങ്കുവെച്ചപ്പോള്‍ അന്ന് മദിരാശിയില്‍ മന്ത്രിയായിരുന്ന മാധവമേനോന്റെ താത്പര്യക്കുറവു കാരണമാണത്രേ, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ അവഗണിക്കപ്പെട്ടു. കേരളത്തിന്റെ വിഹിതം തിരുകൊച്ചിക്ക് നല്‍കാനും അത് കന്യാകുമാരിയില്‍ നിമജ്ജനം ചെയ്യാനുമായിരുന്നു നിശ്ചയം. കെ.പി.സി.സി. പ്രസിഡന്റായിരുന്ന കേളപ്പജിയോട് മാധവമേനോനുണ്ടായിരുന്ന അപ്രീതിയാണ് ഇതിനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. മാധവമേനോന്‍ തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുമായി ട്രങ്ക് ടെലിഫോണില്‍ ഇക്കാര്യം സംസാരിച്ച് രഹസ്യധാരണയുണ്ടാക്കിയതായി ആരോപിക്കപ്പെട്ടു. പൊന്നറ ഇ. ശ്രീധരന്‍ കെ.പി.സി.സിയുടെ യോഗത്തില്‍ത്തന്നെ ഇത് പിന്നീട് ഉന്നയിക്കുകയുണ്ടായി.

മലബാറിന് പ്രത്യേകമായി വിഹിതം വേണമെന്നും ഭാരതപ്പുഴയില്‍ തിരുനാവായ സ്‌നാനസ്ഥാനത്ത് അത് ഒഴുക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടു. കേളപ്പജി പണ്ഡിറ്റ്ജിയുമായി നേരില്‍ത്തന്നെ ബന്ധപ്പെട്ടു. കേരളഗാന്ധിയുടെ ഇത്തരമൊരാവശ്യം നിരാകരിക്കാനുള്ള നിര്‍ഗുണത്വം ഉദാരമതിയായ നെഹ്രുവിനുണ്ടായിരുന്നില്ല. അങ്ങനെ തിരുനാവായയ്ക്കും കിട്ടി മഹാത്മാവിന്റെ ചിതാഭസ്മവിഹിതം. അതു കൊണ്ടുവരുമ്പോഴും ഭാരതപ്പുഴയിലൊഴുക്കുമ്പോഴും തിങ്ങിനിറഞ്ഞ പുരുഷാരവും അവരുടെ ഹൃദയവികാരങ്ങളും കേളപ്പജിയുടെ ദൗത്യത്തിന് സാധുത സര്‍വ്വഥാ സാക്ഷ്യപ്പെടുത്തി.

സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് കന്യാകുമാരി തമിഴകത്തോടു ചേര്‍ക്കപ്പെട്ടു എന്നോര്‍ക്കുമ്പോള്‍ കേളപ്പജി കാണിച്ച പ്രത്യുത്പന്നമതിത്വവും ദീര്‍ഘദര്‍ശിത്വവും എത്ര ശ്ലാഘിച്ചാലും അധികമാവില്ലെന്ന് ആര്‍ക്കും ബോദ്ധ്യപ്പെടും. തിരുനാവായയില്‍ പൊള്ളുന്ന മണലിലൂടെ നഗ്നപാദനായി നടന്ന കേളപ്പജി ഭസ്മകലശം ഭാരതപ്പുഴയിലെ പുണ്യതീര്‍ത്ഥത്തില്‍ നിമജ്ജനം ചെയ്യുമ്പോള്‍ ഒരു നിഴല്‍പോലെ വി.പിയുണ്ടായിരുന്നു കൂടെ. അത്രമാത്രം അവഗാഢമായിരുന്നു ആ ഗുരുശിഷ്യബന്ധം.

അധികാരപ്രാപ്തിക്ക് മുമ്പുതന്നെ കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ തമ്മില്‍ പേരിനും പെരുമയ്ക്കുംവേണ്ടിയുള്ള കിടമത്സരങ്ങളുണ്ടായിട്ടുണ്ട്. സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ പക്ഷേ, എല്ലാവരും ബദ്ധശ്രദ്ധരായിരുന്നു. എന്നാല്‍ വി.പിയെപ്പോലുള്ളവര്‍ക്ക് മനംമടുപ്പുളവാക്കുന്നതായിരുന്നു പൊതുരാഷ്ട്രീയത്തിന്റെ മട്ടുംമാതിരിയും.

സ്വാതന്ത്ര്യസമരകാലത്ത് മലബാര്‍രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്നെങ്കിലും അധികാരരാഷ്ട്രീയത്തിന്റെ പരിസരം ഗാന്ധിശിഷ്യനായ കേളപ്പജിയെയെന്നപോലെ വി.പിയെയും ഒട്ടും പ്രലോഭിപ്പിച്ചില്ല. 1930 മുതലുള്ള എല്ലാ സമരങ്ങളിലും അദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. ദീര്‍ഘകാലം മലബാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലും വിവിധ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കുള്ള രാഷ്ട്രീയോപാധിയായിരുന്നില്ല അദ്ദേഹത്തിന് അവയൊന്നും. ജനസേവനത്തിനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗം എന്ന നിലയ്ക്കാണ് അദ്ദേഹം അതിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. നേതൃവൈഭവംവെച്ചു നോക്കുമ്പോള്‍ എത്രയോ ഉന്നതപദവികളില്‍ അദ്ദേഹം അവരോധിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ രാജാവാകുന്നതിലല്ല, സൃഷ്ടിക്കുന്നതിലായിരുന്നു എന്നും വി.പിക്ക് കൗതുകം.

വി.പി. രാഷ്ട്രീയജീവിതം ആരംഭിച്ച കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ഇന്നത്തെമാതിരിയായിരുന്നില്ല. അക്കാലത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അനുഭവം എ.കെ.ജി. തന്റെ ജീവിതകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: 'അക്കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. കോണ്‍ഗ്രസ് കമ്മിറ്റികള്‍ നിലവിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളോടും പരിചയക്കാരോടുമുള്ള വ്യക്തിപരമായ സമീപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാര്യങ്ങള്‍ നടത്തേണ്ടിയിരുന്നത്. ബസ്സുകൂലി കൊടുക്കാനുള്ള പണമില്ലാതെ നീണ്ട ദൂരം കാല്‍നടയായി പോകേണ്ടിവന്നു. ഇരുപത്തഞ്ചുമുപ്പതു മൈല്‍ ദിവസേന നടക്കുക പതിവായിരുന്നു. ഈ ജീവിതത്തിന്റെ ഒരു മാതൃക ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഒരുദിവസം രാവിലെ തലശ്ശേരി വളണ്ടിയര്‍ ക്യാമ്പില്‍നിന്ന് കൂത്തുപറമ്പില്‍ കൊടിയുയര്‍ത്താനായി പുറപ്പെട്ടു. അവിടെ അന്ന് ക്യാമ്പ് മാനേജര്‍ ആനന്ദതീര്‍ത്ഥനായിരുന്നു. എന്റെ കൈയില്‍ ഒരണയേ ഉണ്ടായിരുന്നുള്ളൂ. തലശ്ശേരിയില്‍നിന്നും കൂത്തുപറമ്പിലേക്കുള്ള ദൂരം എട്ടു മൈലാണ്. കൂത്തുപറമ്പിനും കതിരൂരിനും മദ്ധ്യത്തില്‍ ഒരു വൃദ്ധയുടെ കാപ്പിക്കടയില്‍ കയറി രണ്ട് കാശിനു കാപ്പിയും നാലു കാശിനും പുട്ടും വാങ്ങി കഴിച്ചു' (പേജ് 26).

വി.പിയുടെ ജീവിതാനുഭവങ്ങള്‍ക്കും ഇതൊരു മുഖവുരതന്നെ. കൈയില്‍ കാശില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, കാലില്‍ ചെരിപ്പില്ലാതെ, കൈയില്‍ കുടയില്ലാതെ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ രാപകലുകള്‍ അദ്ദേഹം ഓടിനടന്നു. പട്ടിണിയും പോലീസ് മര്‍ദ്ദനവും ജയിലുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല; പ്രതീക്ഷിച്ചതുമില്ല. ആ നിസ്വാര്‍ത്ഥതയും ത്യാഗസന്നദ്ധതയുമാണ് അദ്ദേഹത്തെ കേളപ്പജിയുടെ അരുമശിഷ്യനാക്കിയതും മലബാറിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അമരത്ത് എത്തിച്ചതും.

സ്വാതന്ത്ര്യപ്രാപ്തിയോടെ കോണ്‍ഗ്രസ്സിന്റെ രൂപവും ഭാവവും ആകെ മാറി. കോണ്‍ഗ്രസ്സിനെയും ഗാന്ധിജിയെയും ഖദറിനെയും അന്നോളം പഴിപറയുകയും പരിഹസിക്കുകയും ചെയ്തവര്‍പോലും ഖാദിയുടുത്തു കോണ്‍ഗ്രസ്സുകാരായി. ത്യാഗത്തിന്റെ ചെക്കുമാറാനുള്ള തത്രപ്പാടായിരുന്നു സര്‍വ്വത്ര. കേളപ്പജിയുടെ അനുയായികളായ ഗാന്ധിയന്‍മാരെ മാത്രം ആ പരിസരങ്ങളിലൊന്നും പക്ഷേ ആരും കണ്ടില്ല. സംഘടന ഭരണനേതൃത്വത്തിന്റെ നിഴലായി.

ഈ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരില്‍ പ്രമുഖന്‍ കേളപ്പജിതന്നെ. വി.പി., എം.പി. ഗോവിന്ദമേനോന്‍, എം. നാരായണക്കുറുപ്പ്, കെ.എ. ദാമോദരമേനോന്‍ തുടങ്ങി അദ്ദേഹത്തിന്റെ രാഷ്ട്രീയകുടുംബമാകെ അങ്ങേയറ്റം അസ്വസ്ഥമായിരുന്നു. അടിയന്തരമായി ഒരു ശുദ്ധീകരണപ്രക്രിയ വേണമെന്ന പക്ഷക്കാരായിരുന്നു അവരൊക്കെ. അങ്ങനെയാണ് കോണ്‍ഗ്രസ്സില്‍ ജനാധിപത്യവേദി എന്ന കൂട്ടായ്മ രൂപപ്പെട്ടത്.
കേളപ്പജിയെ കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാനുള്ള കരുനീക്കങ്ങള്‍ ഉപശാലകളില്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. സമ്പന്നവര്‍ഗ്ഗവും മുതലാളിമാരും കോണ്‍ട്രാക്ടര്‍മാരും പുത്തന്‍ കോണ്‍ഗ്രസ്സുകാരും മന്ത്രിയുടെ പാര്‍ശ്വവര്‍ത്തികളും അടങ്ങുന്ന ഒരു ഉപജാപകസംഘമായിരുന്നു അതിനു ചുക്കാന്‍പിടിച്ചിരുന്നത്. കേളപ്പന്‍ തലപ്പത്തിരിക്കുന്നത് തങ്ങളുടെ സ്ഥാപിതതാത്പര്യങ്ങള്‍ക്കു തടസ്സമാകുമെന്ന് അവര്‍ക്കൊക്കെ അറിയാമായിരുന്നു.

Content Highlights: Gandhiji Assassination, V.P Kunhiramakkurupp, B.K Thiruvoth, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented