ബ്രിട്ടീഷ് പട്ടാളത്തെ തുരത്തി 'മലയാളരാജ്യം' എന്ന സ്വതന്ത്രരാജ്യം സ്ഥാപിച്ച ഏറനാട്ടിലെ പോരാളികള്‍


വി.കെ മധു

മലബാര്‍ കലാപം മാപ്പിളലഹളയെന്ന് ആദ്യം വിളിച്ചത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെയും ബ്രിട്ടീഷുകാര്‍ ആദ്യം വിളിച്ചത് ശിപായിലഹള എന്നാണ്. കച്ചവടത്തിനു വന്നവര്‍ രാജ്യാധികാരം പിടിച്ചടക്കുകയും തദ്ദേശീയരായ ജനങ്ങളെ അടിമകളാക്കി അടക്കിഭരിക്കുകയും ചെയ്തു.

മലബാർ കലാപകാലത്ത ചിത്രം

വി.കെ മധുവിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍. ജാഗ്രതയോടുമ ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയ ബോധ്യങ്ങളും ഉത്കണ്ഠകളുമാണ് ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ലോകത്തെ തുറന്ന കണ്ണുകളോടെ നിരീക്ഷിക്കുന്ന വി.കെ മധുവിന്റെ പു്‌സതകം മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിലെ മലബാര്‍ കലാപം: നൂറാം വര്‍ഷത്തിലെ ചരിത്രസംവാദങ്ങള്‍ എന്ന അധ്യായം വായിക്കാം.

ധിനിവേശശക്തികളുടെ അധികാരവാഴ്ചയ്ക്കെതിരേ കേരളം കണ്ട ആദ്യത്തെ രക്തരൂഷിതപോരാട്ടമായിരുന്നു 1921ലെ മലബാര്‍ കലാപം. മലബാര്‍ കലാപം സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലുണ്ടാക്കിയ ചലനങ്ങള്‍ കേരളത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്കെല്ലാം ഊര്‍ജ്ജം പകര്‍ന്നുവെന്ന ചരിത്രയാഥാര്‍ത്ഥ്യം വിസ്മരിക്കാനാകില്ല. മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയാടിത്തറയ്ക്കു പുറമേ അതുയര്‍ത്തിയ സാംസ്‌കാരികചലനങ്ങള്‍ ഈ നൂറാം വര്‍ഷത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ചരിത്രവസ്തുതകളെ വര്‍ത്തമാനകാലത്തിന്റെ ഓര്‍മ്മകളില്‍നിന്ന് മറച്ചുപിടിക്കുകയും ചരിത്രത്തിന് സ്വന്തം വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് തന്ത്രമാണ്. ചരിത്രത്തെ മുഖാമുഖം നിര്‍ത്തുന്നതും അതിന്റെ ഊര്‍ജ്ജം വര്‍ത്തമാനകാലത്തേക്ക് പ്രസരിപ്പിക്കുന്നതുമാണ് ശാസ്ത്രീയമായ നിലപാട്.

ഹിന്ദുത്വവാദികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തിയെഴുതാന്‍ കഴിയുന്ന ഒരു പുസ്തകമല്ല ചരിത്രം; പിറന്ന മണ്ണില്‍ രക്തസാക്ഷികളുടെയും ത്യാഗികളായ സമരഭടന്മാരുടെയും ചോരയും വിയര്‍പ്പും കൊണ്ടെഴുതപ്പെട്ടതാണത്. മലബാര്‍ കലാപവും ഉത്തരമലബാറിലെ കര്‍ഷകസമരങ്ങളും പുന്നപ്ര വയലാറും മറ്റനേകം കര്‍ഷക തൊഴിലാളി ചെറുത്തുനില്‍പ്പുകളുമെല്ലാം ചേരുന്നതാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. പിറന്ന നാടിന്റെ മോചനത്തിനായി പോരാടി മരിച്ച ധീരരുടെ പേരുകള്‍ രക്തസാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം തീര്‍ത്തും അപലപനീയമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ഏറനാട്ടിലെ ജന്മിവാഴ്ചയ്ക്കുമെതിരേ മലബാറില്‍ നടന്ന ഐതിഹാസികമായ ചെറുത്തുനില്‍പ്പില്‍ ആയിരങ്ങളാണ് പൊരുതി മരിച്ചത്.

ബ്രിട്ടീഷ് പട്ടാളം പിടികൂടി മരണത്തെ മുഖാമുഖം കാണവേ, പോരാട്ടമവസാനിപ്പിച്ച് സൈന്യമൊന്നാകെ കീഴടങ്ങിയാല്‍ മക്കയില്‍ പോയി ജീവിക്കാന്‍ അനുവദിക്കാമെന്ന ബ്രിട്ടന്റെ വ്യാജവാഗ്ദാനത്തോട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രതികരിച്ചതിങ്ങനെയാണ്: 'ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. പക്ഷേ, ഞാന്‍ പിറന്നത് മക്കയിലല്ല. വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍മണ്ണിലാണ്. ഇതാണെന്റെ നാട്. ഈ ദേശത്തെയാണ് ഞാന്‍ സ്നേഹിക്കുന്നത്. ഈ മണ്ണില്‍ മരിച്ച് ഈ മണ്ണില്‍ അടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ അടിമത്തത്തില്‍നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ, പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കാന്‍ നിങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. ഇപ്പോള്‍ സ്വതന്ത്രമാണ് ഈ മണ്ണ്.'

ബ്രിട്ടീഷ് കോടതി തനിക്കെതിരേ നടത്തിയ ഏകപക്ഷീയമായ വിധിപ്രസ്താവത്തിനോട്, തൂക്കുമരത്തിനു മുന്നില്‍ നിന്ന് ധീരവിപ്ലവകാരി ഭഗത്സിങ് ഇങ്ങനെ പ്രതികരിച്ചു:'കൊണ്ടുപോകൂ നിങ്ങളുടെ കറുത്ത തൊപ്പികള്‍. മരണത്തെ ഭയക്കുന്നവരല്ല ഞങ്ങള്‍. ഈ രാജ്യം, മനോഹരമായ ഈ രാജ്യം കണ്ടുകൊണ്ടാവണം ഞങ്ങള്‍ക്കു മരിക്കാന്‍.' മരണമുഖത്തില്‍നിന്ന് രണ്ടു ധീരരക്തസാക്ഷികള്‍ പ്രതികരിച്ചതിലെ സമാനതകളാണ് ഈ വാചകങ്ങളിലൂടെ തെളിയുന്നത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മലപ്പുറത്തു സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോള്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് വാരിയംകുന്നത്തിനെയും ധീരരക്തസാക്ഷി സഖാവ് ഭഗത്സിങ്ങിനെയും താരതമ്യം ചെയ്തതിനെച്ചൊല്ലി ചിലര്‍ പരിഹാസം ചൊരിയുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സായുധപോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കുകയും മാപ്പെഴുതാതെ തലയുയര്‍ത്തി വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത രണ്ടു സ്വാതന്ത്ര്യസമരപോരാളികള്‍ എന്ന അര്‍ത്ഥത്തിലായിരുന്നു കൃത്യമായ ഈ താരതമ്യം. സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലാത്ത, മാപ്പെഴുതിയും ബ്രിട്ടീഷ് ബൂട്ട് നക്കിയും മാത്രം ശീലിച്ച, ഒരു വാക്കുകൊണ്ടുപോലും ബ്രിട്ടനെ നോവിക്കാതെ രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ മാത്രം തോക്കെടുത്ത പാരമ്പര്യമുള്ളവര്‍ ഈ പരിഹാസം ചൊരിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ബ്രിട്ടീഷുകാരും ആശ്രിതരായ ജന്മിമാരും അവരുടെ ഒറ്റുകാരും മാത്രമാണ് തങ്ങളുടെ ശത്രുക്കള്‍ എന്ന കാര്യം വാരിയംകുന്നത്ത് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു. കലാപത്തിന്റെ മറവിലുള്ള വര്‍ഗ്ഗീയപ്രവണതകളെ അപലപിക്കുകയും ഹിന്ദുവായതിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അത്തരക്കാരെ ശിക്ഷിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. വ്യക്തമായ സംഘടനാരൂപമില്ലാതെ ആരംഭിച്ച കലാപത്തിനിടെ ഒറ്റപ്പെട്ട ദുഷ്പ്രവണതകള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും പ്രക്ഷോഭത്തെയാകെ വര്‍ഗ്ഗീയമെന്ന് ആക്ഷേപിക്കുന്നത് ചരിത്രത്തിനു നിരക്കുന്നതല്ല. സമരക്കാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന പോലീസുകാരന്‍ ആനക്കയം ചേക്കുട്ടി എന്നറിയപ്പെട്ട ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തിയശേഷം വാരിയംകുന്നത്ത് നടത്തിയ പ്രഖ്യാപനത്തില്‍ മലബാര്‍ കലാപത്തെ വര്‍ഗ്ഗീയലഹളയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെപ്പറ്റി ഇങ്ങനെ പറയുന്നു: 'ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറംരാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലുജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞു വിശ്വസിപ്പിച്ച്, ഭൂരിപക്ഷം മനുഷ്യരെയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങനെ പറഞ്ഞുപരത്തുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുകയോ ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര്‍ ആരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്മാരുടെ രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല.'

ബ്രിട്ടീഷുകാര്‍ക്കും വഞ്ചകന്മാരായ അവരുടെ പിന്തുണക്കാര്‍ക്കുമെതിരേ കലാപം കത്തിപ്പടര്‍ന്നപ്പോള്‍ അതിനെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് നേരിടുകയെന്നത് എല്ലായിടത്തും ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച തന്ത്രമായിരുന്നു. കലാപകാരികളുടെ കൂട്ടത്തില്‍ കടന്നുകൂടിയ ചിലരെങ്കിലും ഈ പ്രലോഭനത്തിനു വഴിപ്പെട്ടുപോയിട്ടുണ്ടാവാം. മലബാര്‍ കലാപത്തെക്കുറിച്ച് ഇ.എം.എസ്. ചൂണ്ടിക്കാണിക്കുന്നതുപോലെ, 'ദൗര്‍ബ്ബല്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മലബാര്‍ കലാപം അടിസ്ഥാനപരമായി സാമ്രാജ്യത്വവിരുദ്ധവും ജന്മിവിരുദ്ധവുമായിരുന്നു.'

മഹാത്മാഗാന്ധി മുന്നോട്ടുവെച്ച നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സ്വാധീനഫലമായി 1919 മുതല്‍ ഏറനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ കരുത്താര്‍ജ്ജിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 1921ല്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരേ മലബാറിലെ കര്‍ഷകരുടെ സമരത്തെ തുടക്കം മുതല്‍ ആ അര്‍ത്ഥത്തില്‍ വിലയിരുത്തിയതും അംഗീകരിച്ചതും ഇടതുപക്ഷമാണ്. കോണ്‍ഗ്രസ്സിലെ പ്രബലവിഭാഗവും മുസ്ലിം പ്രമാണിത്തവും അക്കാലത്ത് ആ സമരത്തെ തള്ളിപ്പറഞ്ഞു (മുസ്ലിം ജന്മിമാരും പ്രക്ഷോഭത്തിന്റെ ശത്രുപക്ഷത്തായിരുന്നല്ലോ). മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബും ഇ.എം.എസ്സും ഉള്‍പ്പെടെയുള്ള അക്കാലത്തെ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷവിഭാഗം സമരത്തെ അംഗീകരിക്കാനും മാപ്പിളമാരുടെ ലഹള എന്ന പേരില്‍ കലാപത്തിന് വര്‍ഗ്ഗീയനിറം പകരാനുള്ള ശ്രമം തിരിച്ചറിഞ്ഞ് 'മലബാര്‍ കലാപം' എന്നുവിളിക്കാനും തയ്യാറായി.

ബ്രിട്ടന്റെ പട്ടാളത്തെ തുരത്തി, 'മലയാളരാജ്യം' എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കാന്‍ ഏറനാട്ടിലെ പോരാളികള്‍ക്കായി. ഹ്രസ്വകാലം മാത്രം നീണ്ടുനിന്ന ഈ സ്വതന്ത്രരാജ്യത്തെ പാരീസ് കമ്മ്യൂണിനോടാണ് എ.കെ.ജി. ഉപമിച്ചത്. സമരത്തിന്റെ വര്‍ഗ്ഗസ്വഭാവം മനസ്സിലാക്കി അതിനെ സ്വാതന്ത്ര്യസമരമായും കര്‍ഷകപോരാട്ടമായും അംഗീകരിക്കാന്‍ ഇതില്‍പ്പരം എന്തു തെളിവാണ് വേണ്ടത്. മലബാര്‍ കലാപത്തിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് ഇ.എം.എസ്. പറഞ്ഞത് ഇങ്ങനെയാണ്: '1920-കളുടെ തുടക്കംതൊട്ട് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനകത്ത് രണ്ടു മുഖ്യധാരകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി അഹിംസയെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന ഗാന്ധിയന്‍ സത്യാഗ്രഹമാര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്നവരെ സംഘടിപ്പിച്ച് അഹിംസയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തു നടക്കുന്ന ഉശിരന്‍സമരങ്ങളിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കെട്ടുകെട്ടിക്കുമെന്ന വിപ്ലവമാര്‍ഗ്ഗവും.'

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ചരിത്രത്തിലെ നൂറു വര്‍ഷങ്ങള്‍ അതിവിദൂരമായ കാലമല്ല. നൂറു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായവരും അവരുടെ സഹചാരികളും തലമുറകളും ജീവിച്ചിരിക്കുന്ന കാലഘട്ടമാണ്. അവരുടെ ഓര്‍മ്മകളില്‍ തെളിഞ്ഞുവരുന്ന സത്യങ്ങളും വാമൊഴികളിലൂടെയും വരമൊഴികളിലൂടെയുമുള്ള അറിവുകളും അതിനുപോദ്ബലകമായ അടയാളങ്ങളുമാണ് ചരിത്രയാഥാര്‍ത്ഥ്യങ്ങളായി പരിഗണിക്കപ്പെടുക. ആ യാഥാര്‍ത്ഥ്യങ്ങളെ അപനിര്‍മ്മിക്കാന്‍ ഹിന്ദുത്വവാദികളും അവരുടെ ഭരണകൂടവും തുനിഞ്ഞിറങ്ങിയ ഇക്കാലത്ത് ചരിത്രം പഠിച്ചും ചര്‍ച്ചചെയ്തുമല്ലാതെ പ്രതിരോധം തീര്‍ക്കാനാവില്ല. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഈ അര്‍ത്ഥത്തില്‍ വേണം വിശകലനം ചെയ്യപ്പെടേണ്ടത്.

മലബാര്‍ കലാപത്തിന്റെ അകവും പുറവും ഒരുപോലെ സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ചരിത്രരേഖകള്‍ ചികഞ്ഞെടുത്ത് ഇഴകീറി പരിശോധിക്കാന്‍ ചരിത്രപണ്ഡിതന്മാര്‍ തമ്മില്‍ പരസ്പരം മത്സരിച്ചുവെന്നു കാണാം. ഇത്രയേറെ ആഴത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടും മലബാര്‍ കലാപം വര്‍ഗ്ഗീയകലാപമായിരുന്നു എന്ന കണ്ടെത്തല്‍ നടത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നതില്‍നിന്നുതന്നെ കലാപത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്നു വ്യക്തമാണ്.

'1921 മലബാറിലെ കാര്‍ഷികലഹള' എന്ന തലക്കെട്ടില്‍ സൗമ്യേന്ദ്രനാഥ ടാഗോര്‍ എഴുതിയ ലേഖനം സമാപിക്കുന്നത് ഇങ്ങനെയാണ്:
'ബ്രിട്ടീഷ് സാമ്രാജ്യത്വം പിന്തുണച്ച ദുഷ്പ്രഭുത്വത്തെ നശിപ്പിക്കുവാന്‍ ശ്രമിച്ചതിന് മലബാറിലെ കൃഷിക്കാര്‍ക്ക് കനത്ത വിലകൊടുക്കേണ്ടിവന്നു. അഞ്ചുമാസക്കാലം മലബാറിലെ നിരായുധരായ കര്‍ഷകബഹുജനങ്ങള്‍ ഭരണകൂടശക്തികള്‍ക്കെതിരായി പോരാടി.'

1921-ലെ കലാപങ്ങള്‍ വര്‍ഗ്ഗീയമെന്നു വ്യാഖ്യാനിക്കാവുന്ന ഒന്നല്ലെന്ന് ചരിത്രപണ്ഡിതനായ കെ.എന്‍. പണിക്കര്‍ നിരീക്ഷിക്കുന്നു. 1946-ലെ ഇം.എം.എസ്സിന്റെ സുപ്രസിദ്ധമായ 'ആഹ്വാനവും താക്കീതും' എന്ന ലേഖനത്തില്‍ 1921-ലെ മലബാര്‍ കലാപവും 1946ല്‍ മുംബൈയിലെ നാവികരുടെ കലാപവും തെലുങ്കാനാസമരവും പുന്നപ്രവയലാര്‍ സമരവും എങ്ങനെ താരതമ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

കൊളോണിയല്‍ ആധിപത്യവ്യവസ്ഥ ഉഗ്രപ്രതാപത്തോടെ തേരോട്ടം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍പ്പെട്ട് തകര്‍ന്നടിയുന്ന ഏറ്റവും ദരിദ്രരായ കൃഷിക്കാരുടെ ധീരമായ ചെറുത്തുനില്‍പ്പായിരുന്നു മലബാര്‍ കലാപം എന്നു കാണാം. ഇത് ഒരു ഒറ്റപ്പെട്ട സമരമായിരുന്നില്ല. അഞ്ചു മാസംകൊണ്ട് സമരത്തെ അടിച്ചൊതുക്കി കുഴിച്ചുമൂടിയെന്ന് അഹങ്കരിക്കുമ്പോള്‍ മലബാര്‍ കലാപത്തിനു മുമ്പും അതിനു ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകസമരങ്ങളുടെ പ്രവാഹംതന്നെയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തിയ കര്‍ഷകകലാപങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

മലബാര്‍ കലാപത്തെ ചരിത്രപരമായി സമീപിക്കുമ്പോള്‍ മറ്റൊരു പ്രധാനകാര്യം ശ്രദ്ധിക്കുക: മലബാര്‍ കലാപം മാപ്പിളലഹളയെന്ന് ആദ്യം വിളിച്ചത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെയും ബ്രിട്ടീഷുകാര്‍ ആദ്യം വിളിച്ചത് ശിപായിലഹള എന്നാണ്. കച്ചവടത്തിനു വന്നവര്‍ രാജ്യാധികാരം പിടിച്ചടക്കുകയും തദ്ദേശീയരായ ജനങ്ങളെ അടിമകളാക്കി അടക്കിഭരിക്കുകയും ചെയ്തു. ഈ രാജ്യത്തിലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് സ്വന്തം രാജ്യത്തേക്ക് കടത്തുകയെന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ആ താത്പര്യങ്ങള്‍ക്കെതിരുനിന്ന അനേകായിരം ദേശാഭിമാനികളെ കൊന്നുതള്ളുകയും ചെയ്തുവെന്നതാണ് ചരിത്രവസ്തുത. മനുഷ്യത്വഹീനമായ പാതകങ്ങള്‍ക്ക് ഒത്താശപാടാനും രാജ്യസ്നേഹത്തിന്റെ കപടവേഷം കെട്ടിയാടുന്ന മാരീചന്മാരുണ്ടായി. അതുകൊണ്ടാണ് ബ്രിട്ടീഷുകാരുടെ ഭാഷ്യം കടംവാങ്ങി മലബാര്‍ കലാപത്തെ മാപ്പിളലഹളയെന്നു വിളിക്കാന്‍ ഹിന്ദുത്വശക്തികളും ജനാധിപത്യകാലഘട്ടത്തില്‍ അവരുടെ പിന്‍ഗാമികളും രംഗത്തുവന്നിരിക്കുന്നത്. കൊളോണിയല്‍ശക്തികളുടെയും മേല്‍പ്പറഞ്ഞ ശക്തികളുടെയും ശബ്ദം ഒന്നായിത്തീരുന്നതെങ്ങനെ? ഇത് യാദൃച്ഛികമോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രാജ്യത്ത് വളര്‍ന്നുവന്ന ജനകീയസമരങ്ങളിലെല്ലാം ഈ രണ്ടു കൂട്ടരുടെയും സമീപനം ഒന്നായിത്തീരുന്നത് യാദൃച്ഛികമല്ലതന്നെ.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തുമെന്നപോലെ കേരളത്തിലും വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയപ്രതിഷേധങ്ങള്‍ തിരുവിതാംകൂറിലും മലബാറിലും സാമൂഹികരംഗത്ത് ശക്തമായ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നത് ചരിത്രവസ്തുതയാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതദുരിതങ്ങളില്‍നിന്നുയര്‍ന്നുവന്ന രോഷവും പ്രതിഷേധവും പുതിയ പ്രസ്ഥാനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വഴിതെളിച്ചു. ജനങ്ങളിലാകെ സ്വാതന്ത്ര്യബോധവും പുതിയ പ്രതീക്ഷകളും സൃഷ്ടിച്ചു. സാമൂഹിക രാഷ്ട്രീയമണ്ഡലങ്ങളിലുയര്‍ന്നുവന്ന ഈ പുത്തനുണര്‍വ് സാംസ്‌കാരികരംഗത്തും കലാസാഹിത്യരംഗത്തും ഊര്‍ജ്ജമായി മാറി. എത്രയോ പടപ്പാട്ടുകളും കലാരൂപങ്ങളും സാഹിത്യകൃതികളും രചിക്കപ്പെട്ടു. ഇവയിലൂടെ വളര്‍ന്നുവന്ന ഒരു ജനകീയ സാംസ്‌കാരികപാരമ്പര്യവും തനിമയും ചോര്‍ന്നുപോകാതെ സംരക്ഷിക്കുകയെന്നത് സാംസ്‌കാരികപ്രവര്‍ത്തകരുടെ കടമയാണ്. നമ്മുടെ ജനകീയസംസ്‌കാരത്തിന്മേല്‍ ഫാസിസ്റ്റുശക്തികള്‍ നടത്തുന്ന അധിനിവേശത്തെ ചെറുക്കാന്‍ ഇത് അനിവാര്യമാണ്.


Content Highlights: Madhu V.K, Malabar Riot, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented