'നല്ലോണം ഓര്‍ത്തോളി, എല്ലാം കാണാനും കേക്കാനും മേലെ അള്ളാണ്ട്': ഒരു മുന്നറിയിപ്പിന്റെ കഥ


എം.എന്‍ കാരശ്ശേരി

അല്ലെങ്കില്‍ ഉമ്മയോട് കുറച്ചുദിവസം ഞങ്ങളുടെ കൂടെവന്ന് താമസിക്കാന്‍ പറയും. നാടുവിട്ടുള്ള ആ താമസം ഉമ്മയ്ക്ക് ശരിക്കും ഭാരമായിരുന്നു. നാട്ടിലെ കല്യാണം, രോഗം, മരണം - എല്ലാറ്റിലും അവര്‍ക്ക് പങ്കെടുക്കണം.

എം.എൻ കാരശ്ശേരി, പുസ്തകത്തിന്റെ കവർ

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം.എന്‍. കാരശ്ശേരിയുടെ 'ഉമ്മ' എന്ന പുസ്തകത്തിലെ ഒരധ്യായം വായിക്കാം.

ത്യസന്ധതയും നീതിബോധവും രക്തത്തിലൂടെ സംസ്‌കാരത്തിലേക്ക് പ്രവഹിക്കുന്നതാണ് എന്ന്് തെളിയിക്കുന്ന ഒരു സ്വാനുഭവക്കുറിപ്പാണിത്. ഇതില്‍ മാതാവും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആര്‍ദ്രതയുണ്ട്; ജീവിക്കേണ്ട ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമുണ്ട്്

ഞാനും കുടുംബവും അന്ന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ താമസമാണ്. മക്കള്‍ പത്താംതരംവരെ മലയാളമാധ്യമത്തില്‍ പഠിക്കണം എന്ന എന്റെ വാശിയാണ് 1992-1999 കാലത്ത് ഏഴുകൊല്ലം ഞങ്ങളെ ക്വാര്‍ട്ടേഴ്സ് വാസികളാക്കിയത്. അന്നും ഇന്നും മലപ്പുറം ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നാണ് തേഞ്ഞിപ്പലത്തെ കാമ്പസ് ഹൈസ്‌കൂള്‍. ഞങ്ങളുടെ മൂത്തകുട്ടി പെണ്‍കുട്ടിയാണ്- നിശ. അവള്‍ ഏഴാംതരം പാസായപ്പോള്‍ അവിടേക്ക് കുടിയേറി. ഏറ്റവും ഇളയത് ആണ്‍കുട്ടിയാണ്- മുഹമ്മദ് ഹാരിസ്. അവന്‍ പത്താംതരം പാസായപ്പോള്‍ കാരശ്ശേരിയിലേക്ക് തിരിച്ചുപോന്നു.

ഞങ്ങളുടെ ഈ താമസമാറ്റം ഏറ്റവും വിഷമിപ്പിച്ചത് ഉമ്മയെയാണ്. മകനെയോ മരുമകളെയോ പേരക്കുട്ടികളെയോ തോന്നുമ്പോള്‍ ഓടിച്ചെന്ന് കാണാന്‍ പറ്റില്ല എന്നതുതന്നെ കാര്യം. ഞങ്ങള്‍ വടക്കേ കാരശ്ശേരിയില്‍ 'പുഴക്കര' വീട്ടില്‍ താമസിക്കുമ്പോള്‍ ഉമ്മയ്ക്ക് ഒരു ഓട്ടോറിക്ഷ വിളിച്ചുവന്നാല്‍ പത്തുമിനിറ്റുകൊണ്ട് പേരമക്കളെ കാണാം. ഉമ്മ താമസിക്കുന്ന തറവാടായ നടുക്കണ്ടിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് 'പുഴക്കര'. അതുകൊണ്ട് യൂണിവേഴ്സിറ്റി കാമ്പസില്‍നിന്ന് ആഴ്ചതോറും ഞാനോ ഭാര്യയോ ചെന്ന് ഉമ്മയെ കാണും. അല്ലെങ്കില്‍ ഉമ്മയോട് കുറച്ചുദിവസം ഞങ്ങളുടെ കൂടെവന്ന് താമസിക്കാന്‍ പറയും. നാടുവിട്ടുള്ള ആ താമസം ഉമ്മയ്ക്ക് ശരിക്കും ഭാരമായിരുന്നു. നാട്ടിലെ കല്യാണം, രോഗം, മരണം - എല്ലാറ്റിലും അവര്‍ക്ക് പങ്കെടുക്കണം. വല്ലതുമൊന്ന് അറിയാന്‍ വൈകിയാലോ പങ്കെടുക്കാന്‍ പറ്റാഞ്ഞാലോ വലിയ ബേജാറാണ്. എന്നാലും വല്ലപ്പോഴും ഉമ്മ വന്ന് ഞങ്ങളുടെ കൂടെ നില്‍ക്കും. ഒന്നോ രണ്ടോ ആഴ്ചത്തേക്കാണ് അത്. പ്രധാനമായും 'ഇമ്മു' എന്ന് വിളിക്കുന്ന എന്റെ മകള്‍ നിശയെ കാണാന്‍ പൂതി പെരുക്കുമ്പോഴാണ്. അതിനിടയിലൊക്കെ ഉമ്മ ഫോണ്‍ ചെയ്യും:

''ഇമ്മൂന് കൊടുത്താ. അയ്ന്റെ കൂറ്റ് കേട്ടിട്ട് കുറച്ചീസായി. ഞാന്‍ ഇന്നലിംകൂടി ഓളെ ഒറക്കത്തില് കണ്ട്.''

അന്ന് ഒരുദിവസം നാട്ടില്‍ച്ചെന്ന് ഉമ്മയെക്കണ്ട് മടങ്ങിയെത്തിയ ഭാര്യ വന്നപാടേ വിശേഷം പറഞ്ഞു:

''നിങ്ങളെ അനുജന്‍ എലക്ഷന് നിക്ക്ണ്ണ്ട്. സൗത്ത് കാരശ്ശേരീല്. ഓന്‍ എന്നോട് ആയിരം ഉറുപ്പിക വായ്പ ചോദിച്ചീനി.''

''എന്നിട്ട് നീയെന്ത് പറഞ്ഞ്?''

''നെന്റെ ഇക്കാക്കയോട് പറ്യാന്ന് പറഞ്ഞ്.''

''അതേയ് വായ്പയല്ല. നെനക്ക് തിര്യാഞ്ഞിട്ടാ. അവന്‍ സംഭാവന ചോദിച്ചതാ- ഇലക്ഷന്‍ ഫണ്ട്. ഞാന്‍ പോവുമ്പോ കൊടുക്കാം.''

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

എനിക്ക് ഒരനുജനേയുള്ളൂ- നടുക്കണ്ടി അബൂബക്കര്‍. മുസ്ലിംലീഗുകാരനാണ്; പത്രപ്രവര്‍ത്തകന്‍. ചന്ദ്രികയില്‍ അന്ന് ചീഫ് സബ് എഡിറ്ററാണ്. ഞങ്ങളുടെ പഞ്ചായത്തില്‍ അന്ന് കാരശ്ശേരി രണ്ടു വാര്‍ഡാണ്- സൗത്തും നോര്‍ത്തും. സൗത്തില്‍ അധികവും മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരുമാണ്. നേരത്തേ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍.എം. ഹുസൈന്‍ അവിടെനിന്നാണ് ആദ്യം ജയിച്ചത്. ഹുസൈന്‍ എന്റെ മൂത്താപ്പ എന്‍.സി. കോയക്കുട്ടി ഹാജിയുടെ മകനാണ്. പ്രശസ്ത സിനിമാ നിര്‍മാതാവ് സലാം കാരശ്ശേരിയുടെ നേരെ അനുജന്‍. സലാം കമ്യൂണിസ്റ്റുകാരനായിരുന്നു. കുടുംബത്തിലധികവും അക്കാലത്ത് കോണ്‍ഗ്രസുകാരാണ്. ഹുസൈന്‍ ആണ് ആദ്യത്തെ ലീഗുകാരന്‍. പിന്നെ മൂപ്പരുടെ വഴിക്ക് പലരും ലീഗ് ആയി. അങ്ങനെ കോണ്‍ഗ്രസില്‍നിന്ന് മുസ്ലിം ലീഗിലെത്തിയ കക്ഷിയാണ് അനുജന്‍ അബൂബക്കര്‍. ഇളയകുട്ടിയായതുകൊണ്ട് തറവാട്ടില്‍ ഉമ്മയോടൊപ്പം അവനാണ് താമസം.

1995-ലാണ്. അടുത്താഴ്ച ഞാന്‍ തറവാട്ടില്‍ ചെന്നപ്പോള്‍ ആദ്യം ചെയ്തത് അവന് ആയിരം ഉറുപ്പിക കൊടുക്കുകയാണ്. 25 കൊല്ലം മുമ്പത്തെ കിസ്സയാണ് എന്നോര്‍ത്തുകൊള്ളണം. ആയിരമൊക്കെ അന്ന് വന്‍തുകയാണ്.

പൈസ കൊടുത്തുകഴിഞ്ഞിട്ട് ഞാന്‍ പറഞ്ഞു:

''ഇതാ നീ ഇത്താത്തയോട് ചോദിച്ച പൈസ. ഇത് വായ്പയല്ല. നിന്റെ ഇലക്ഷന്‍ ഫണ്ടിലേക്കുള്ള സംഭാവനയാണ്. തിരിച്ചുതരണ്ടാന്നര്‍ഥം.''

പിന്നെ ഞാന്‍ കൂട്ടിച്ചേര്‍ത്തു:

''നിന്നോട് വേറെ ഒരു കാര്യം പറയാനുണ്ട്. സാധാരണ നിലയ്ക്ക് നീ ജയിക്കും. അതിന് വലിയ പണച്ചെലവൊന്നും വേണ്ടിവരില്ല. ഇനി പാര്‍ട്ടിക്കാര് പറഞ്ഞു, മുന്നണിക്കാര് പറഞ്ഞു എന്നുംപറഞ്ഞ് വാരിക്കോരി ചെലവാക്കേണ്ട. അങ്ങനെ ചെലവാക്കിയവര്‍ ജയിച്ചുകഴിഞ്ഞാല്‍ പൈസ വീണ്ടെടുക്കാന്‍ കൈക്കൂലി വാങ്ങുന്നതായിട്ടാ അധികവും കണ്ടിട്ടുള്ളത.്''

ഞാന്‍ സ്വരം കടുപ്പിച്ച് പറഞ്ഞു: ''അങ്ങനെ നീ വല്ലതും ചെയ്തൂന്ന് കേട്ടാല്‍ നിനക്കെതിരായി ആദ്യം നോട്ടീസ് എഴുതി പ്രചരിപ്പിക്കുന്നതും നിനക്കെതിരായി ആദ്യം മൈക്ക് കെട്ടി പ്രസംഗിക്കുന്നതും ഞാനായിരിക്കും.''

ഈ അവസാനത്തെ ഭാഗം കേട്ടുകൊണ്ടാണ് ഉമ്മ കോലായിലേക്കുവന്നത്:

''എന്താ യ്യി വന്നപ്പളേ ഓനോട് തൊള്ളയിട്ന്നത്?''

''ഒന്നൂല്ല ഉമ്മാ. അവന്‍ മത്സരിക്കാന്‍ പോവ്വല്ലേ? ഒര്പാട് പൈസ ചെലവാക്കണ്ടാന്ന് പറയുകയായിരുന്നു. അങ്ങനെ ചെലവാക്കി ജയിക്കുന്നോര് പിന്നെ കൈക്കൂലി വാങ്ങും.''

''എന്തായ്യി പറിണ്ത്? ഇവന്‍ കൈക്കൂലി വാങ്ങ്വേ?''

''അതിന് അവന്‍ ജയിച്ചില്ലല്ലോ. ജയിച്ച് മെമ്പറായാല്‍ കൈക്കൂലി വാങ്ങര്ത് എന്നാ ഞാന്‍ പറഞ്ഞത.്''

''എന്താ യ്യി പറിണ്ത്? ഉളുപ്പുള്ള ആരെങ്കിലും കൈക്കൂലി വാങ്ങ്വോ?'

''അത് ഉമ്മയ്ക്കറിയാഞ്ഞിട്ടാ. ഇപ്പം ഉളുപ്പും ഉശിരും ഒന്നും ആരും നോക്കാറില്ല. അധികം ആളും കൈക്കൂലി വാങ്ങും.''

''ഞമ്മളെ ചെറിയോന്‍ കൈക്കൂലി വാങ്ങ്വേ?''

''അവന്‍ വാങ്ങിയിട്ടില്ല. വാങ്ങരുത് എന്ന് പറയുകയായിരുന്നു ഞാന്‍.''

''അയ്ന് യ്യി എന്തിനാ ഒച്ചയിട്ണത്?''

''അവന്‍ വാങ്ങിയാല്‍ അവന്നെതിരേ ആദ്യം നോട്ടീസ് അടിച്ച് വിതരണം ചെയ്യുന്നതും ആദ്യം മൈക്ക് കെട്ടി പ്രസംഗിക്കുന്നതും ഞാനായിരിക്കും എന്നു പറഞ്ഞതാ.''

ഉമ്മ എന്നെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു:

''അത് നേരാ. ഇവന്‍ കൈക്കൂലി വാങ്ങിയാ ആദ്യം നോട്ടീസ് അടിക്കണ്ടതും ആദ്യം മൈക്ക് കെട്ടി പ്രസങ്ങിക്കണ്ടതും യ്യി തന്നെയാ. കള്ളത്തരം ആര് കാണിച്ചാലും ബിടരുത്. നല്ലോണം ഓര്‍ത്തോളി. എല്ലാം കാണാനും കേക്കാനും മേലെ അള്ളാണ്ട്. എല്ലാത്തിനും ഓനോട് ബയ്യി പറ്യണ്ടി വരും.''

Content Highlights: M.N Karassery, Book Umma, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented