എകര്‍മല വിളിക്കുന്നു...അഖില്‍.കെയുടെ സിംഹത്തിന്റെ കഥയില്‍ നിന്ന്


അഖില്‍.കെ

എന്താ സംശയം, മനുഷ്യന്റെ മനസ്സില്‍നിന്ന് ഒരിക്കലും ഭയം അകന്നുപോകില്ല. ഭയം മനസ്സിന്റെ ആദിമരൂപമാണ്. വെളിച്ചത്തോടും ആള്‍ക്കൂട്ടത്തോടും ആഭിമുഖ്യം പ്രകടിപ്പിച്ചാണ് മനുഷ്യന്റെ തലച്ചോറ് ഇന്നു കാണുന്ന വിധത്തില്‍ വികസിച്ചുവന്നത്. ഇത് രണ്ടും ഒരുമിച്ച് കിട്ടാതായാല്‍ മനുഷ്യന്‍ അസ്വസ്ഥനാകും.

അഖിൽ .കെ

അഖില്‍.കെ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സിംഹത്തിന്റെ കഥ' എന്ന നോവലില്‍ നിന്നും ഒരുഭാഗം വായിക്കാം.

വില്‍പ്പനയ്ക്കു വെച്ചതുപോലെ ആകാശം മുകളില്‍ നക്ഷത്രങ്ങളെ നിരത്തിവെച്ച ഒരു രാത്രിയായിരുന്നു അത്. അന്നാണ് ജീവിതത്തില്‍ ആദ്യമായി ശരവണനും ആദിയും പണിയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ചത്. എകര്‍മലയുടെ താഴ്‌വാരങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഇടവഴികളില്‍ കാത്തുനിന്ന്, ഒറ്റപ്പെട്ട ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് കുറുകേ പ്രേതത്തിന്റെ വേഷം കെട്ടി ഓടുന്നതായിരുന്നു ജോലി. ആദ്യം ആദിയുടെ പദ്ധതി കേട്ടപ്പോള്‍ ശരവണന് ചിരിയും സഹതാപവുമാണ് തോന്നിയത്. ഈ മാറിയ കാലത്ത് പ്രേതത്തിന്റെ വേഷം കെട്ടിയാല്‍ ആളുകള്‍ പേടിക്കുമെന്ന് കരുതാന്‍ ഒരു മണ്ടനോ മാനസികരോഗിക്കോ മാത്രമേ സാധിക്കൂ. പക്ഷേ, ആദി ആത്മവിശ്വാസത്തിലായിരുന്നു. അവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഞൊടിച്ചു വിളിച്ചാല്‍ എഴുന്നേറ്റുവരാന്‍ പാകത്തിന് ഭയം ആളുകളുടെ മനസ്സില്‍ ഒരു വളര്‍ത്തുനായയെപ്പോലെ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. വെറും ഒന്നരമാസംകൊണ്ട് എകര്‍മലയുടെ താഴ്‌വാരങ്ങളിലെ എണ്ണംപറഞ്ഞ ജനപദങ്ങളില്‍ ഭയം ഒരു സാംക്രമികരോഗംപോലെ പടര്‍ന്നുപിടിച്ചു. ആദ്യം വാറ്റുകാരുടെ കൂട്ടത്തിലെ ഒരു മെലിഞ്ഞ മനുഷ്യനാണ് ശരവണനെ വന്നു കണ്ടത്. അവന്റെ പേര് രാജന്‍ എന്നാണെന്ന് ആ കൂടിക്കാഴ്ചയുടെ സമയത്ത് ശരവണന് അറിയില്ലായിരുന്നു. പല തവണ പലയിടത്തുവെച്ചും കണ്ടിട്ടുണ്ടെങ്കിലും ഭാവിയില്‍ ഇയാളോട് സഹകരിച്ചു ജീവിക്കേണ്ടിവരുമെന്ന് ശരവണന്‍ അന്നൊന്നും കണക്കുകൂട്ടിയിരുന്നില്ല.

അതുകൊണ്ടുതന്നെ പട്ടിണി കുടില്‍കെട്ടി പാര്‍ക്കുന്നതുപോലുള്ള ശരീരമുള്ള ആ മനുഷ്യനെ അതിനു മുമ്പ് കണ്ടപ്പോഴൊന്നും ശരവണന്‍ അയാളോട് ചിരിക്കാനോ പേരുചോദിക്കാനോ കുശലം പറയാനോ മെനക്കെട്ടിരുന്നില്ല. പക്ഷേ, ഒരു ദിവസം നക്ഷത്രവെളിച്ചം ഉതിര്‍ന്നുകിടക്കുന്ന ഒരു രാത്രിയില്‍ അയാള്‍ ശരവണനെയും ആദിയെയും അന്വേഷിച്ച് വന്നു. അയാള്‍ വന്ന കാര്യത്തിന് ആദി സമ്മതംമൂളുംവരെ ഭാവിയില്‍ ഒരു തൊഴില്‍ ചെയ്തു ജീവിക്കേണ്ടിവരുമെന്ന് ശരവണന്‍ പകല്‍ക്കിനാവുകളില്‍പ്പോലും കരുതിയതല്ല. ശരവണന്‍ രാജന്റെ കൂടെ ആദിയെ കാണാന്‍ ചെല്ലുമ്പോള്‍ ആദി കൈപ്പാട്ടില്‍ കാലികുതിരിനു മുകളില്‍ ആകാശം നോക്കി മലര്‍ന്നു കിടക്കുകയായിരുന്നു. കൈപ്പാട്ടിലെ ചതുപ്പുനിലത്തില്‍ തെങ്ങ് നടുമ്പോള്‍ ഉയരത്തില്‍ മണ്ണുകൂട്ടിയുണ്ടാക്കുന്ന കൂനയാണ് കുതിര്. തെങ്ങു നശിച്ചുപോയാല്‍ കുതിര് കാലിയാകും. അതിനു മുകളില്‍ പീഠത്തില്‍ എന്നപോലെ കയറിയിരിക്കാന്‍ ആദിക്ക് വലിയ താത്പര്യമാണ്. ഒരുകണക്കിന് എന്നോ നശിച്ചുപോയ തെങ്ങിന്റെ ഒരു സ്മാരകമാണ് കുതിര്. അതിനു മുകളില്‍ ആദിയെ കാണുമ്പോഴെല്ലാം ശരവണന്റെ ചിന്തകള്‍ ഓര്‍മ്മകളിലേക്ക് പരക്കംപായും.

'ആദിക്ക് അറിയാലോ നമ്മുടെ കാര്യമൊക്കെ. വാറ്റിന്റെ കൂട്ടത്തില്‍ പെണ്ണുങ്ങളെ കൊണ്ടുവരുന്നതൊക്കെ ഇപ്പോ ഇവിടെ വല്യ രഹസ്യമൊന്നുമല്ല. എന്നാലും ഇനി ഒരു മറവൊക്കെ വേണമെന്നാ പിള്ളേര് പറയുന്നത്. മലേടെ മുകളിലേക്ക് ആവശ്യമില്ലാതെ ഒരുത്തനും കയറിവരരുത്. എന്താ ചെയ്യേണ്ടതെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ എകര്‍മലയുടെ മുകളിലേക്കു നോക്കാന്‍തന്നെ ആളുകള്‍ ഭയക്കണം. ക്യാഷും ആള്‍ബലവും ഒരു വിഷയമാക്കണ്ടാ... എന്താ വേണ്ടേന്നു പറഞ്ഞാല്‍ മതി...'
ആദിയുടെ മറുപടി അറിയാന്‍ വേണ്ടി ഒരു സാമന്തരാജാവിനെപ്പോലെ രാജന്‍ കുതിരിനു താഴെ നിന്നു. ചെവി തുരക്കുന്ന തരത്തിലുള്ള ഒരു ചിരിയായിരുന്നു ആദിയുടെ മറുപടി. കുതിരില്‍നിന്നിറങ്ങി കൈവിരലിന്റെ ഞൊട്ടകള്‍ മടക്കിപ്പൊട്ടിച്ചുകൊണ്ട് ആദി രാജന്റെ മുന്നിലേക്ക് കയറിനിന്നു.

'ഇത്തരം കാര്യങ്ങള്‍ക്ക് ചിണ്ടച്ഛന്റെ മോനെ വന്നു കണ്ടാല്‍ മതിയെന്ന് തന്നോടാരു പറഞ്ഞു..?' ആദിയുടെ ശബ്ദം രാത്രിയെക്കാള്‍ ഭീകരമായിരുന്നു. 'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. നിങ്ങളും ശരവണനും രാത്രിയില്‍ ഉറക്കമില്ലാതെ ഇതിലൂടെ അലയുന്നതു കാണാറുണ്ട്... മറ്റൊരാളെ ഈ ദൗത്യം ഏല്‍പ്പിച്ചാല്‍ ആദ്യം നിങ്ങളെ വേണം ഒഴിവാക്കാന്‍. അതിലും നല്ലത് ആദ്യം നിങ്ങാളോടുതന്നെ ചോദിക്കുന്നതാണെന്ന് കരുതി...'ആദിയുടെ മനസ്സിലെ ദേഷ്യം അളന്നെടുത്തതുപോലെ വളരെ പതിഞ്ഞ ശബ്ദത്തിലാണ് രാജന്‍ മറുപടി പറഞ്ഞത്. അതിന് മറുത്തൊന്നുംപറയാതെ തല പോയ തെങ്ങുപോലെ ആദി രാജന്റെ മുന്നില്‍ നിന്നു.

എകര്‍മലയുടെ ഒരു അതിരില്‍ മാത്രമാണ് ജനവാസമുള്ളത്. അതൊഴികെയുള്ള ബാക്കി എല്ലാ വശങ്ങളും പ്രകൃതി അതിന് തോന്നിയതുപോലെ പതിച്ചെടുത്തിരിക്കുന്നു. എട്ടു ഗ്രാമങ്ങള്‍ ചേര്‍ന്ന ജനപദത്തിന് എതിര്‍വശം വണ്ണാത്തിപ്പുഴയില്‍ തെങ്ങിന്‍തടി കുത്തിയിറക്കി പൂഴി നിറച്ച് മെടഞ്ഞു കെട്ടിയുണ്ടാക്കിയ കെട്ടുപാലം മുതല്‍ എകര്‍മല വരെയും ചതുപ്പാണ്. ഏക്കര്‍കണക്കിന് ചെളിയും വെള്ളം താഴാത്ത പാടങ്ങളും കാലിക്കുതിരുകളും ചേര്‍ന്ന വിജനഭൂമി. മറ്റുള്ള വശങ്ങളില്‍ ഒന്നില്‍ പീലിമുടിയെന്ന കാറ്റുപോലും നൂഴ്ന്നു കയറാത്ത കൊടുംകാടും മറ്റൊരു വശത്തെ ചുറ്റി വണ്ണാത്തിപ്പുഴയും നിറഞ്ഞൊഴുകുന്നു. എല്ലാത്തിനും നടുവില്‍ കെണിയില്‍ പെട്ടിട്ടും തല താഴ്ത്താത്ത മൃഗത്തെപ്പോലെ തലയുയര്‍ത്തി നില്‍ക്കുകയാണ് എകര്‍മല!
'ഈ പ്രേതത്തിന്റെ വേഷം കെട്ടിക്കാണിച്ചാലൊക്കെ ആളുകള്‍ പേടിക്കുമെന്ന് നീ ശരിക്കും വിശ്വസിക്കുന്നുണ്ടോ..?' ആദിയുടെ മുഖത്ത് ചുവപ്പും കറുപ്പും കലര്‍ന്ന നിറങ്ങള്‍ തേച്ചുപിടിപ്പിച്ച ശേഷം അതിനു മുകളില്‍ വെളുത്ത കട്ടിയുള്ള വരകള്‍ വരയ്ക്കുമ്പോള്‍ ശരവണന്‍ സംശയം ചോദിച്ചു.

'എന്താ സംശയം, മനുഷ്യന്റെ മനസ്സില്‍നിന്ന് ഒരിക്കലും ഭയം അകന്നുപോകില്ല. ഭയം മനസ്സിന്റെ ആദിമരൂപമാണ്. വെളിച്ചത്തോടും ആള്‍ക്കൂട്ടത്തോടും ആഭിമുഖ്യം പ്രകടിപ്പിച്ചാണ് മനുഷ്യന്റെ തലച്ചോറ് ഇന്നു കാണുന്ന വിധത്തില്‍ വികസിച്ചുവന്നത്. ഇത് രണ്ടും ഒരുമിച്ച് കിട്ടാതായാല്‍ മനുഷ്യന്‍ അസ്വസ്ഥനാകും. ഈ സമയത്ത് ഭയത്തിന്റെ ഏതെങ്കിലും ഒരു സ്രോതസ്സുമായി എതിരെ നില്‍ക്കാന്‍ മനുഷ്യനാകില്ല...'ആദിയുടെ ശബ്ദത്തില്‍ ആത്മവിശ്വാസം കനത്തു.

ശരവണന്‍ നല്‍കിയ കണ്ണാടിയില്‍ മുഖത്തിന്റെ മുകുരദര്‍ശനം നടത്തി ആദിക്ക് സ്വയം ബോദ്ധ്യപ്പെട്ടു. ആദിയുടെ മുഖത്തേക്ക് ചങ്കിടിപ്പിന്റെ അകമ്പടിയോടെ നോക്കിനില്‍ക്കുമ്പോള്‍ മനുഷ്യമനസ്സിനെ വിമലീകരിച്ച് ഭയത്തിന്റെ കൊടുമുടികയറ്റാന്‍ മുഖത്തു വരയ്ക്കുന്ന വെളുത്ത വരകള്‍ക്ക് സാധിക്കുമെന്നുള്ള ചിണ്ടച്ഛന്‍ പറഞ്ഞുതന്ന പാഠം ശരവണന് സ്വന്തം കണ്ണുകളാല്‍ ത്തന്നെ ബോദ്ധ്യപ്പെട്ടു. ആദ്യത്തെ നറുക്ക് നന്തനാര്‍ക്കാണ് വീണത്. അവസാനത്തെ ഷോയും കഴിഞ്ഞ് തിയേറ്ററിന്റെ അകമെല്ലാം വൃത്തിയാക്കി അന്നത്തെ ജോലി അവസാനിപ്പിച്ച് വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു നന്തനാര്‍. ഏളുപ്പം വീടുപിടിക്കാനായി കെട്ടുപാലം വഴി ചതുപ്പിനു കുറുകേ കൈപ്പാട്ടിലൂടെ നടന്നതാണ്. സ്ഥിരം പോകുന്ന വഴിയായതിനാല്‍ വരട്ടി വറ്റിച്ചെടുത്തതുപോലുള്ള കടുപ്പം കൂടിയ ഇരുട്ടോ ഇലകള്‍ ഉലയുന്ന സീല്‍ക്കാരശബ്ദമോ, എന്തിന് അറ്റമില്ലാതെ നീണ്ടുകിടക്കുന്ന വിജനതപോലും നന്തനാരുടെ മനസ്സില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ടാക്കീസിലെ മാനേജരെക്കുറിച്ച് ഓരോന്ന് ഓര്‍ത്തും തെറി പറഞ്ഞും ആക്കത്തിലങ്ങ് നടക്കുകയായിരുന്നു. ഭൂപടം നിവര്‍ത്തിയിട്ടതുപോലെ ചതുപ്പും വെള്ളവും കുറ്റിക്കാടുകള്‍ വളര്‍ന്നുമുറ്റിയ കണ്ടങ്ങളുമായി കൈപ്പാട് നന്തനാരുടെ കാലടികള്‍ക്കടിയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയായിരുന്നു. നന്തനാരുടെ മനസ്സില്‍ ഭയത്തിന്റെ നേര്‍ത്ത കണികപോലുമില്ലായിരുന്നു. അടച്ചിട്ട തന്റെ വീടിനുള്ളില്‍ അനുഭവിക്കുന്ന അതേ സുരക്ഷിതത്വം തെന്നുന്ന ചതുപ്പുനിലത്തിനു മുകളില്‍ കല്ലു കെട്ടി, ചരല്‍ നിറച്ചുണ്ടാക്കിയ കൈപ്പാട്ടിലെ നടപ്പാതയിലൂടെ നടക്കുമ്പോള്‍ നന്തനാര്‍ അനുഭവിച്ചു. പക്ഷേ, ആറാംവളവിനടുത്തെ വിടവന്‍പ്ലാവില്‍ശരവണന്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ വരവും കാത്തിരിക്കുകയായിരുന്നു.

ദൂരേനിന്നുതന്നെ ഒരു കറുത്ത നിഴല്‍രൂപംപോലെ നന്തനാര്‍ നടന്നുവരുന്നത് ശരവണന്‍ കണ്ടു. ആളെ മനസ്സിലായില്ലെങ്കിലും മനുഷ്യന്‍ തന്നെയാണെന്ന് ഉറപ്പായപ്പോള്‍ ഇരട്ടച്ചൂളം കുത്തി ആദിക്ക് സിഗ്‌നല്‍ കൊടുത്തു. പൂവരശിനു പിന്നിലെ മറവില്‍നിന്നിറങ്ങി ആദിയും നന്തനാര്‍ക്ക് എതിര്‍ദിശയില്‍ അതേ നടവഴിയിലൂടെ നടക്കാനാരംഭിച്ചു. ദൂരേനിന്നുതന്നെ ഒരു മനുഷ്യരൂപം തനിക്കെതിരേ നടവഴിയിലൂടെ നടന്നുവരുന്നത് നന്തനാര്‍ കണ്ടു. പരിചയക്കാര്‍ ആരെങ്കിലും കൂത്തൂടുമായി മീന്‍ പിടിക്കാന്‍ ഇറങ്ങിയതാണെന്ന് കരുതി മനസ്സിന് ഒരു ഉന്മേഷമൊക്കെ തോന്നി. നടപ്പ് വേഗത്തിലാക്കി. അടുത്തെത്തിയപ്പോള്‍ കമ്പിളി മൂടിപ്പുതച്ചുള്ള ആ നടപ്പില്‍ നന്തനാര്‍ക്ക് ഒരു വശപ്പെശകു തോന്നി. ടോര്‍ച്ച് പാളിച്ച് മുഖത്തേക്ക് ഒരു തവണയേ അടിച്ചുള്ളൂ. മാവില്‍ എറിഞ്ഞ കല്ല് കടന്നല്‍ക്കൂടില്‍ ഇടിച്ചുകയറിയതുപോലെ അരനിമിഷം നന്തനാര്‍ പകച്ചുനിന്നു. ഏറിയാല്‍ അഞ്ചോ പത്തോ അടി പിറകിലേക്ക് വെച്ചു. സര്‍വ്വശക്തിയും എടുത്ത് അലറിവിളിച്ചുകൊണ്ട് പിന്തിരിഞ്ഞോടി. ആദിയും നന്തനാര്‍ക്കു പിറകേതന്നെ കുതിച്ചു. ശരീരം പൊതിഞ്ഞ കമ്പിളിയുടെ തുമ്പുകള്‍ ചിറകുകള്‍ പോലെ ആദിയുടെ പിറകില്‍ പറന്നുകളിച്ചു. അവര്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ ശരവണന്‍ കരടിയെപ്പോലെ കീഴ്ക്കാന്തൂക്കായി മരത്തില്‍നിന്നുമിറങ്ങി. കണക്കുകൂട്ടലുകള്‍ പിഴച്ചാല്‍ ആദിക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചും ആളുകള്‍ക്കിടയില്‍ തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന മാനക്കേടും ഓര്‍ത്തപ്പോള്‍ ശരവണനു മനസ്സ് നീറിപ്പുകയുംപോലെ തോന്നി. മനസ്സിലെ വേവലാതി കാലുകള്‍ക്ക് വേഗത പകര്‍ന്നു. നടക്കുകയാണെങ്കിലും കാലുകള്‍ തന്നെയും വലിച്ച് പറക്കുകയാണെന്ന് ശരവണനു തോന്നി. വളരെ ദൂരം ഓടിയതിനു ശേഷമാണ് നന്തനാര്‍ക്ക് തിരിഞ്ഞുനോക്കാന്‍ ധൈര്യമുണ്ടായത്. പക്ഷേ, പിറകില്‍ കണ്ട കാഴ്ച രക്തം ആവിയാക്കുന്നതായിരുന്നു. ഒന്ന് കൈ നീട്ടിയാല്‍ എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ ആ രൂപം തനിക്കു പിന്നില്‍തന്നെയുണ്ട്. നന്തനാര്‍ ബാക്കിയുള്ള മുഴുവന്‍ ശക്തിയും കാലുകളില്‍ സംഭരിച്ചു.

പക്ഷേ, ആ മരണപ്പാച്ചിലില്‍ അധികനേരമൊന്നും പിടിച്ചുനില്‍ക്കാന്‍ നന്തനാര്‍ക്കായില്ല. ബാലന്‍സ് തെറ്റി ബോളമരത്തിന്റെ താഴ്ന്ന ചില്ലയില്‍ തലയടിച്ച്, കറക്കം നില്‍ക്കാന്‍ പോകുന്ന പമ്പരം പോലെ ഒന്ന് ചുഴിഞ്ഞു കറങ്ങി നന്തനാര്‍ നിലത്തേക്ക് വീണു. നടപ്പാതയില്‍നിന്ന് താഴേക്കു വീണെങ്കിലും ചതുപ്പ് ഒരു മെത്തപോലെ പരിക്കുകളില്ലാതെ നന്തനാരെ താങ്ങിയെടുത്തു. ആദ്യമൊന്ന്പതറിപ്പോയെങ്കിലും നന്തനാര്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്ന് പരിശോധിച്ചപ്പോള്‍ ആദിക്കു മനസ്സിലായി. ബോധം പെട്ടെന്ന് തെളിയാതിരിക്കാന്‍ ബോളമരത്തിന്റെ തളിരില നന്തനാരുടെ ചുണ്ടിനടിയില്‍ തിരുകിവെച്ചു. അപ്പോഴേക്കും ശരവണന്‍ ഓടിപ്പിടിച്ച് അവിടെ എത്തിയിരുന്നു. നടപ്പാതയില്‍നിന്നും താഴേക്കു ചാടിയിറങ്ങി ശരീരമാസകലം ചെളി തെറിപ്പിച്ചുകൊണ്ട് ശരവണന്‍ ആദിയുടെ അരികിലേക്ക് ഓടിവന്നു. വെട്ടിയിട്ടതുപോലെ വീണുകിടക്കുന്ന നന്തനാര്‍ക്കു മുന്നില്‍ ശ്വാസം പിടിച്ചുവെച്ച് കിതയ്ക്കുന്ന നെഞ്ചുമായി ശരവണന്‍ നിന്നു.

'എന്തു പറ്റിയെടാ...' ശരവണന്റെശബ്ദം ഒരു വിറയല്‍പോലെ ആദിയുടെ ചെവിയിലൂടെ കടന്നുപോയി.'ആപത്തൊന്നും സംഭവിച്ചിട്ടില്ല. മരത്തിലിടിച്ചുവീണതാ... നീ ഒന്ന് സഹായിക്ക്, ഇയാളെ താങ്ങിയെടുക്കണം... ഒരു ചെറിയ പണി കൂടിയുണ്ട്.'ആദി ദേഹത്തുനിന്നും കമ്പിളിയഴിച്ച് വലിച്ചെടുത്ത് നന്തനാരെ പുതപ്പിച്ചു. നന്തനാരെയും താങ്ങിപ്പിടിച്ച് ആദിക്കു പിന്നാലെ നടക്കുമ്പോള്‍ ശരവണന് മനസ്സില്‍ ചില സംശയങ്ങള്‍ തോന്നാതിരുന്നില്ല. എങ്കിലും ആദിയോടുള്ള വിശ്വാസത്തിന്റെ പുറത്ത് അത്തരംചിന്തകളെല്ലാം മനസ്സില്‍ത്തന്നെ അമര്‍ത്തിവെച്ചു. 'എന്തൊരു ഭാരമാണെടാ ഇയാള്‍ക്ക്... പണിയെടുക്കുന്ന കാശു മൊത്തം ഇയാള് തിന്നിട്ടാണെന്ന് തോന്നുന്നു തീര്‍ക്കുന്നത്...' ഇടിയുന്ന വരമ്പിലൂടെ വഴുക്കാതിരിക്കാന്‍ കാല്‍പ്പാദം വിലങ്ങനെ ചവിട്ടി നടക്കുമ്പോള്‍ ശരവണന് നന്തനാരുടെ ഭാരം താങ്ങാനാകാതെ കാല്‍മുട്ടുകള്‍ക്കിടയില്‍ എല്ലുരഞ്ഞു തേഞ്ഞുതീരുന്നതുപോലെ തോന്നി.

'പ്രാകാതെടാ... എല്ലാരും നമ്മളെപ്പോലെ അരപ്പട്ടിണികിടന്ന് ബാക്കി വയറില്‍ സ്വപ്‌നവും കണ്ട് നടക്കുവല്ല. ഭാരമൊക്കെയുണ്ടാകും...' ആദിയുടെ ശബ്ദത്തിലും നടത്തത്തിന്റെ കിതപ്പും ക്ഷീണവുമുണ്ടായിരുന്നു. അതു ശരിയാണെന്ന് ശരവണനും തോന്നി. പിന്നീട് ശരവണന്‍ ഒന്നും സംസാരിച്ചില്ല. പെയ്ത്തുവെള്ളംനിറഞ്ഞുകിടക്കുന്ന വയലുകളിലൂടെ അവരുടെ കാലുകള്‍ ചലിക്കുമ്പോഴുണ്ടാകുന്ന, വെള്ളത്തില്‍ മീന്‍ പുളയുന്നതുപോലുള്ള ശബ്ദം മാത്രം കേട്ടുകൊണ്ടിരുന്നു. ഭാരവും താങ്ങിനടക്കുകയാണെങ്കിലും ആദിയുടെ മനസ്സില്‍ ആ സമയത്ത് ചില സംശയങ്ങള്‍ തിങ്ങിനിറയുകയായിരുന്നു. ശരവണന്‍ വിചാരിച്ചതുപോലെ വാറ്റുകാര്‍ തരുന്ന നക്കാപ്പിച്ചയ്ക്കു വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. തന്റെ മനസ്സില്‍ വിപുലമായ പദ്ധതിയാണുള്ളത്. ഒന്നും അറിഞ്ഞില്ലെങ്കിലും ശരവണന്‍ കൂടെത്തന്നെ നില്‍ക്കും. എല്ലാം ശരവണനെ ഇപ്പോള്‍ത്തന്നെ അറിയിക്കണമോ അതോ വഴിയേ ഓരോന്നായി അവന്‍ അറിഞ്ഞാല്‍ മതിയോ എന്ന കാര്യത്തില്‍ ആദിക്ക് സംശയമായി. മനസ്സില്‍ ഇതിനെക്കുറിച്ച് ഒരു പിടിവലിതന്നെ നടന്നു. യോജിച്ച ഒരു അന്തരീക്ഷത്തില്‍ പതുക്കെ ശരവണനു മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാം എന്ന് അവസാനം ഒരു തീരുമാനത്തിലെത്തി. രണ്ടു ഉറുമ്പുകള്‍ പാടുപെട്ട് അതിന്റെ ഇരയെ വലിച്ചുകൊണ്ടു പോകുന്നതുപോലുള്ള ആ യാത്ര ചളിയും പെയ്ത്തുകണ്ടങ്ങളും കഴിഞ്ഞ് അങ്ങ് പീലിമുടിവരെ നീണ്ടു. പീലിമുടിയില്‍ ഇടതൂര്‍ന്ന കാടുകള്‍ തുടങ്ങും മുന്‍പുള്ള കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് നന്തനാരെ ഇറക്കിക്കിടത്തിയ ശേഷം ആദിയും ശരവണനും അടുത്തുള്ള ചാഞ്ഞ മരത്തിന്റെ ചില്ലയില്‍ നാടന്‍തോക്കുമായി കാവലിരുന്നു. നന്തനാരെ ഏതെങ്കിലും കാട്ടുമൃഗങ്ങള്‍ ഉപദ്രവിക്കരുതെന്ന് ആദിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഉന്നംതെറ്റാതെ ഇരയുടെ മര്‍മ്മങ്ങളില്‍ വെടിച്ചില്ലുപോലെ തിരകയറ്റുന്ന ആദിയുടെ തഴക്കമുള്ള കണ്ണുകള്‍ ഒരു കവചംപോലെ നന്തനാരെ സംരക്ഷിച്ച് നിലകൊണ്ടു. വേട്ടക്കാര്‍ അതു മനുഷ്യരായാലും മൃഗങ്ങളായാലും തന്റെ ഇരയെ മറ്റൊരാള്‍ കൈക്കലാക്കുന്നത് ഇഷ്ടപ്പെടാറില്ലെന്ന് ആദിയുടെ ചലനങ്ങള്‍ നിരീക്ഷിച്ച് ഇരിക്കുമ്പോള്‍ ശരവണനു മനസ്സിലായി... അതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ദീര്‍ഘമായ നാലുമണിക്കൂറുകള്‍ കടന്നുപോയ ശേഷമാണ് നന്തനാര്‍ക്ക് ബോധം വീണത്.

Book cover
സിംഹത്തിന്റെ കഥ വാങ്ങാം
">
സിംഹത്തിന്റെ കഥ വാങ്ങാം

തലയ്ക്ക് അടിവീണതുപോലെ നന്ദനാര്‍ക്ക് ഒരു മന്ദിപ്പായിരുന്നു. കണ്ട കാഴ്ചയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മകളില്‍ ചികഞ്ഞെടുത്തപ്പോള്‍ കാലില്‍ പാമ്പ് ചുറഞ്ഞുപിടിച്ചതുപോലെ അയാളുടെ മനസ്സ് വിരണ്ടു. കണ്ടത് ഒരു ദുസ്സ്വപ്‌നംപോലെ നന്തനാര്‍ക്ക് വേണമെങ്കില്‍ മറക്കാമായിരുന്നു. പക്ഷേ, കൈപ്പാട്ടില്‍ നിലതെറ്റി വീണ താന്‍ എങ്ങനെ പീലിമുടിയില്‍ എത്തിയെന്ന് അയാള്‍ക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒരു ഭ്രാന്തനെപ്പോലെ നന്തനാരുടെ ചിന്തകള്‍ അടുക്കുംചിട്ടയും ഇല്ലാതെ പല വഴിക്കും സഞ്ചരിച്ചു. തന്നെ ഒഴിച്ച് മറ്റൊന്നിനെയും പേടിയില്ലാതിരുന്ന നന്തനാരെ പീലിമുടിയിലെ കാറ്റില്‍, ഇലകള്‍ ഉലയുന്ന ശബ്ദംപോലും ഭയപ്പെടുത്തി. അതൊരു തുടക്കം മാത്രമായിരുന്നു. അവിടുന്നങ്ങോട്ട് നാലുദിവസങ്ങള്‍ നന്തനാര്‍ പനിച്ചു വിറച്ച് കിടന്നു. ശാന്തി തിയേറ്ററിലെ ഒരു ജോലിക്കാരന്‍ മാത്രമായിരുന്നില്ല നന്തനാര്‍. നാട്ടിലെ ക്ഷേത്രത്തിലെ ആചാരപ്പെട്ട കുടക്കാരന്‍ കൂടിയായിരുന്നു. എന്നിട്ടും നീണ്ട നാലു നാളുകള്‍ കഴിഞ്ഞാണ് സ്ഥാനത്തുനിന്നും അച്ഛന്മാരും കൂട്ടായിക്കാരും നന്തനാരെ കാണാന്‍ വന്നത്. വൈകിപ്പോയതിലുള്ള കുറ്റബോധം കൊണ്ട് ഏറ്റവും പിറകിലായാണ് അറയിലെ അന്തിത്തിരിയനായ കാട്ടി, നന്തനാര്‍ കിടക്കുന്ന കുടുസ്സുമുറിയിലേക്കു കയറിയത്. കയറിവരുന്ന ആരോടും തല കുനിക്കാന്‍ ആവശ്യപ്പെടുന്ന ഉയരം കുറഞ്ഞ വാതിലും കട്ടിലയുംആയിരുന്നു നന്തനാരുടെ റൂമിന്. ഞെട്ടില്‍നിന്ന് പൊട്ടിവീഴുന്നതുപോലെ ഓരോരുത്തരായി കഴുത്തില്‍നിന്ന് തല താഴ്ത്തിയിട്ട് അകത്തേക്കു കയറിയപ്പോള്‍ എല്ലാ സന്തോഷങ്ങളും വാര്‍ന്നുപോയിരുന്ന നന്തനാരുടെ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി തെളിഞ്ഞു.

'എന്താ നന്താ... ഈ കേള്‍ക്കുന്നതിലൊക്കെ വല്ല സത്യവുമുണ്ടോ..?'എല്ലാ കാര്യങ്ങളും വിശദമായി അറിഞ്ഞുവെച്ചിട്ടുണ്ടെങ്കിലും നേരിട്ട് കേള്‍ക്കുമ്പോഴുള്ള ആ സുഖം ശരിക്കും ആസ്വദിക്കാന്‍ വേണ്ടി കൊടക്കാരന്‍ രാഘവന്‍ നന്ദനാരുടെ അരികില്‍ത്തന്നെ വന്ന് ഇരുന്നു. അയാളുടെ ചോദ്യത്തിന് നന്തനാര്‍ മറ്റൊരു പുഞ്ചിരി മറുപടിയായി നല്‍കി. കാട്ടിയും അരികില്‍ വന്നുനിന്ന്, മുഴുവന്‍ പേരും അകത്തു കയറിയെന്ന് ഉറപ്പിച്ച ശേഷമാണ് നന്തനാര്‍ അന്ന് രാത്രിയിലെ കഥ ഒരു സിനിമാക്കഥപോലെ വിവരിച്ചു പറഞ്ഞത്. തന്റെ ധൈര്യത്തിനും ചങ്കൂറ്റത്തിനും വലിയ കോട്ടംതട്ടാതിരിക്കാന്‍ ചില കാര്യങ്ങള്‍ കൈയില്‍നിന്നും ചേര്‍ത്ത് പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ നന്ദനാര്‍ക്ക് സ്വയം ഒരു മതിപ്പു തോന്നി. 'ചേളാരിയിലൊക്കെ ബ്ലാക്ക്മാന്‍ എന്ന് പറഞ്ഞൊരു സാധനം ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. എന്നാലുംഇവിടെ ആരാണപ്പാ എട്ടുനാട്ടില്‍ വന്ന് ഇതുപോലുള്ള കളികള്‍ കളിക്കാനും മാത്രം ചങ്കുറപ്പുള്ള ഒരുത്തന്‍... അതും തണ്ടയും കൈയും കനത്ത നന്തനാരുടെ മുന്നില്‍...' തങ്ങള്‍ കാണാന്‍ വരാന്‍ വൈകിയതില്‍ നന്തനാര്‍ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ അത് മാറിക്കോട്ടെ എന്ന് കരുതി അവസാനം കാട്ടി ഒരു മുഖസ്തുതികൂടെ പറഞ്ഞു.

'തണ്ടയും കൈയും കനത്തിട്ടെന്ത് കാര്യം. മനുഷ്യനായാല്‍ മനസ്സിനും ഒരു ഉറപ്പൊക്കെ വേണ്ടേ...' നന്ദനാരെ ഒന്ന് പ്രകോപിപ്പിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ വേണ്ടി രാഘവന്‍ ഒരു ഏറ് എറിഞ്ഞുനോക്കി. പക്ഷേ, ആ ഇരയില്‍ കൊത്തുന്ന മീനായിരുന്നില്ല നന്തനാര്‍. കൂടുതലൊന്നും പറയാതെ അയാള്‍ വീടിന്റെ മച്ചിലെ ചെതുമ്പല്‍ അടര്‍ന്നുതുടങ്ങിയ മരത്തിലേക്ക് നോക്കി കിടന്നു. ഷര്‍ട്ടിടാതെ നിന്നിട്ടും ആ ഇടുങ്ങിയ മുറിയില്‍ അഞ്ചു മിനിറ്റ് ഇരുന്നപ്പോള്‍ ചൂടില്‍ തങ്ങളെ പുഴുങ്ങിയെടുക്കുന്നതുപോലെ കൂട്ടായിക്കാര്‍ക്കു തോന്നി. തിരികെ മടങ്ങുവാന്‍ അവര്‍ കാട്ടിക്ക് കണ്ണുകള്‍കൊണ്ട് സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നു. ഒരു ചായപോലും ഇട്ടുതരാന്‍ നന്തനാരുടെ വീട്ടില്‍ ആരുമില്ലെന്ന് ഓര്‍ത്തപ്പോള്‍ അവിടെ അധികസമയം ഇരിക്കുന്നതില്‍ കാര്യമൊന്നുമില്ലെന്ന് കാട്ടിക്കും തോന്നി. പക്ഷേ, രാഘവന്‍ ഓരോന്ന് ചോദിച്ചും പറഞ്ഞും അട്ടയെപ്പോലെ നന്തനാരെ ഊറ്റിയെടുക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും നന്തനാര്‍ ഒന്നും വിട്ടുപറയുന്നില്ലെന്നു മനസ്സിലായപ്പോള്‍ രാഘവനും ക്ഷമ നശിച്ചു. വന്നതുപോലെ അതേ ക്രമത്തില്‍ അവരാ ചെറിയ മുറിയില്‍നിന്നും പുറത്തേക്കിറങ്ങി. പോകുന്ന വഴി മുഴുവന്‍ രാഘവന്‍ തന്നെ കളിയാക്കി ഓരോന്ന് പറയുമെന്നോര്‍ത്തപ്പോള്‍ നന്തനാരുടെ മനസ്സിന് ഒരു കല്ല് ഏറ്റിവെച്ചതുപോലെ ഭാരം തോന്നി. നന്തനാരോടുള്ള മതിപ്പ് കുറഞ്ഞു എന്നല്ലാതെ ഈ സംഭവം ആളുകളുടെ മനസ്സില്‍ മറ്റൊരു ചലനവുമുണ്ടാക്കിയില്ല.

'ഇത് നോക്കണ്ടാ...ഇത് ആദ്യത്തെ അടിയല്ലേ...അടിച്ചതിന് മുകളില്‍ അടിച്ചാല്‍ അമ്മിവരെ തകര്‍ന്നുപോകും...'പുതിയ ചില പദ്ധതികള്‍ മനസ്സില്‍ മെനഞ്ഞുകൊണ്ട് ആദി ശരവണനെ ആശ്വസിപ്പിച്ചു. പിന്നീടുള്ള രണ്ടു ദിവസങ്ങള്‍ മഴ എകര്‍മലയ്ക്ക് ചുറ്റും ഇടിച്ചുകുത്തി പെയ്യുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍തന്നെ മടിച്ചു. കൈപ്പാട്ടിലും എട്ടുനാട്ടിലും മലയിലും കാട്ടിലും മഴ കാട്ടുമൃഗത്തെപ്പോലെ മദിച്ച് നടന്നു. തൊണ്ണൂറ്റിയേഴിലെ വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകുമെന്ന് മഴയുടെ പിടിമുറുക്കല്‍ കണ്ടപ്പോള്‍ എട്ടുനാട്ടിലെ തലമുതിര്‍ന്ന മനുഷ്യര്‍ക്ക് മനസ്സിലൊരു ഭയപ്പാടുണ്ടായി. അന്നും മഴ ഒരു പുതപ്പുപോലെ മൂടിക്കെട്ടിയ അന്തരീക്ഷത്തെ പൊതിഞ്ഞുപിടിച്ചു. തെങ്ങില്‍ക്കയറും മുന്‍പ് കൈകള്‍ കൊണ്ട് തടിയില്‍ ഉരസി വഴുക്കല്‍ പരിശോധിച്ച് വളരെ ശ്രദ്ധിച്ചാണ് ഗിരീശന്‍ അന്ന് ചെത്താന്‍ കയറിയത്. മഴ പതിഞ്ഞ താളത്തില്‍ ചാറിപ്പെയ്യുകയായിരുന്നു. തെങ്ങുകളില്‍ ചില തകിടും ചുവന്ന ചരടുകൊണ്ടുള്ള വെച്ചുകെട്ടലുകളും കണ്ടപ്പോള്‍ ഗിരീശന് ആദ്യം കൗതുകമാണു തോന്നിയത്.വിരലുകളില്‍ ഓരോന്നും ഉയര്‍ത്തി നോക്കി ഗിരീശന്‍ അവയെല്ലാം വിശദമായി പരിശോധിച്ചു. ദുര്‍മന്ത്രവാദം കഴിഞ്ഞതുപോലെ ചില അടയാളങ്ങള്‍. ഇക്കാലത്തും ഇങ്ങനെയൊക്കെ ചെയ്തുവെക്കുന്ന ആള്‍ക്കാരുണ്ടെന്ന് ഓര്‍ത്തപ്പോള്‍ ഗിരീശന് സത്യത്തില്‍ ചിരിയാണു തോന്നിയത്. പക്ഷേ, കള്ളെടുക്കാന്‍ മാട്ടുപാനി മലര്‍ത്തിയപ്പോള്‍ ഗിരീശന്റെ ചിരിച്ച മനസ്സിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നുപോയി. കള്ളിന് പകരം മാട്ടുപാനിയില്‍ ഊറിനിറഞ്ഞിരിക്കുന്നത് ചോരയാണ്! വിശ്വാസം വരാതെ കൈ താഴ്ത്തി ഗിരീശന്‍ മാട്ടുപാനിക്കകം പരിശോധിച്ചു. ഗിരീശന് കൈയില്‍നിന്നും കാലിലേക്ക് ഒരു നേര്‍ത്ത വിറ പടരുന്നതുപോലെ തോന്നി. ശരീരമാകെ വലിഞ്ഞു മുറുകുന്നതുപോലെ തോന്നി. മനസ്സിനെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചു.

പക്ഷേ, പിടിവിട്ടുപോയി. മഴയുടെ ശബ്ദത്തില്‍ മുങ്ങിപ്പോയ ഒരു അലര്‍ച്ചയോടെ തേങ്ങ വീഴുംപോലെ ഗിരീശന്‍ താഴേക്ക് പതിച്ചു. താഴെ വീണ് കല്ലിലടിച്ച തെങ്ങിന്റെ പൂക്കുലപോലെ ചിതറിത്തെറിക്കേണ്ടതായിരുന്നു. പക്ഷേ, ഭാഗ്യം, ആരോ പശുവിനുവേണ്ടി അരിഞ്ഞുവെച്ച മൂന്നു കെട്ട് പുല്ലിന്റെ രൂപത്തില്‍ ഗിരീശന് തുണ നിന്നു. അതിനു മുകളിലേക്കാണ് വന്നുവീണത്. ഗുരുതരമായ പരിക്കുകളില്ലെങ്കിലും കാലിന്റെ തുടയിലും കൈയിലും എല്ലുകള്‍ പൊട്ടി. ഈ സംഭവം ആളുകളില്‍ ചെറിയ ചലനങ്ങളുണ്ടാക്കി. എട്ടുനാട്ടിലെ വേളാര്‍കോട് എന്ന ചെറിയ ഗ്രാമത്തിലാണ് ജീവിക്കുന്നതെങ്കിലും എകര്‍മലയുടെ താഴ്‌വാരങ്ങളിലെ ഒരുമാതിരിപ്പെട്ട മനുഷ്യര്‍ക്കെല്ലാം അയാളെ അറിയാമായിരുന്നു. പക്ഷേ, നന്തനാരും ഗിരീശനും രണ്ടുപേരും വേളാര്‍കോട്ട് നിന്നുള്ളവരാണെന്നതാണ് ഈ സംഭവം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകാനുള്ള കാരണം. താരതമ്യേന ആള്‍ബലം കുറഞ്ഞ വേളാര്‍കോട്ടില്‍ ബ്ലാക്ക്മാന്‍ പോലെ എന്തോ നിഗൂഢതയുള്ള ഒന്നോ ഒരു കൂട്ടമോ ആളുകള്‍ ചേര്‍ന്ന് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു എട്ടുനാട്ടില്‍ പൊതുവേയുള്ള സംസാരം. തുടര്‍ന്നുള്ള എല്ലാ രാത്രികളിലും ഒരുവിധത്തില്‍പ്പെട്ട എല്ലാ നാടുകളില്‍നിന്നും ആളുകള്‍ കൂട്ടമായെത്തി സംഘം തിരിഞ്ഞ് രാത്രികാലങ്ങളില്‍ വേളാര്‍കോട്ട് അരിച്ചുപെറുക്കി. പന്തവും കുറുവടിയും മടക്കുകത്തികളുമായി അവര്‍ വയലില്‍ കലപ്പ ചലിക്കുംപോലെ വേളാര്‍കോട്ടിനെ കീറിമുറിച്ച് നടന്നു. സേര്‍ച്ച് ലൈറ്റുകളും എമര്‍ജെന്‍സിയും ടോര്‍ച്ചുംകൊണ്ട് വെളിച്ചംഇരുട്ടിന്റെ ഓരോ മുക്കും മൂലയും കാര്‍ന്നുതിന്നുകൊണ്ട് കടന്നുപോയി. രാത്രികാലങ്ങളില്‍ ആയുധങ്ങളുമായി അവര്‍ വേളാര്‍കോട്ടിന് കാവല്‍നിന്നു. ഏറ്റിവെച്ച കല്ലുകളില്‍ നിര്‍മ്മിച്ച പുത്തനടുപ്പുകളില്‍ തിരച്ചിലുകാര്‍ക്കുവേണ്ടി ഉണങ്ങച്ചോറും എരിവന്‍ ഇറച്ചിക്കറിയും വെന്തുമലര്‍ന്നു.
'കേട്ടോടാ രാഹുലേ... പണ്ടൊന്നും ഇതുപോലെ ഇറച്ചിക്കോഴി അല്ലാരുന്നു. ചണ്ടിക്കോഴി കൊണ്ടാരുന്നു ഞങ്ങളെല്ലാം കുണ്ടക്കലം വെച്ച് കഴിച്ചത്...' വെന്തുപടിഞ്ഞ ചോറില്‍ ഇറച്ചിച്ചാറു ചാലിച്ച് കഴിക്കവേ മരുമകന്‍ കേള്‍ക്കാന്‍ വേണ്ടി രാഘവന്‍ പഴയ കഥകളുടെ കെട്ടഴിച്ചു.

'ചണ്ടിക്കോഴി അന്ന് കറിവെച്ചും കഴിക്കാറുണ്ടോ...' കോത്തെറിയുമ്പോള്‍ത്തന്നെ ചൂണ്ടയില്‍ കൊത്തുന്ന മീനിനെപ്പോലെ രാഹുല്‍ രാഘവനു നേരേ തിരിഞ്ഞിരുന്നു. 'നിന്നെപ്പോലെയൊന്നും മദിച്ചു നടക്കാനുള്ള പൈസയൊന്നും അന്ന് ഇല്ലെടാ... ആരുടേം കൈയില്‍ ഒന്നുമില്ല. മുട്ടക്കോഴി മുട്ടയിടല്‍ നിര്‍ത്തിക്കഴിഞ്ഞ് ചണ്ടിയായാല്‍ അതിനെ തട്ടി കറി വെക്കും. വീട്ടില്‍ വെച്ചാല്‍ ലേശം ചടഞ്ഞ ടേസ്റ്റാണ്. എന്നാലും ഇതുപോലെ കുണ്ടക്കലം വെക്കാനൊക്കെ ബെസ്റ്റാണ്...'
കഴിഞ്ഞകാലത്തിന്റെ രുചി നാവില്‍ വെള്ളമായി ഊറി നിറയുന്നത് അറിഞ്ഞപ്പോള്‍ രാഘവന്‍ സംസാരം അവസാനിപ്പിച്ച് ചുണ്ടുകള്‍ അടച്ചുപിടിച്ചു. ആ പറഞ്ഞതില്‍ രാഹുലിന് ഒരു താത്പര്യവും തോന്നിയില്ല. ആദ്യത്തെ 'നിന്നെപ്പോലെയൊക്കെ മദിച്ചുനടക്കല്‍' എന്ന പ്രയോഗംതന്നെ അവനിഷ്ടമായില്ല. കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവന്‍ കൂടുതല്‍ ഒതുങ്ങിയിരുന്നു. അപ്പോഴേക്കും തിരച്ചില്‍ അവസാനിപ്പിച്ച് ആറാമത്തെ സംഘവും മടങ്ങിയെത്തിയിരുന്നു. എവിടെയും അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല.

'ആളിളകിയതറിഞ്ഞ് അവന്മാര് മുങ്ങിക്കാണും. ഏതവന്മാരായാലും ജീവനില്‍ കൊതികാണാതിരിക്കുമോ...' അളവു തെറ്റിക്കാതെ കുന്നുകൂട്ടിയ ഉണങ്ങച്ചോറിനു മുകളില്‍ ധൃതിയില്‍ കറി വിളമ്പുന്നതിനിടയില്‍ സാലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വേളാര്‍കോട്ടിന്റെ മുക്കും മൂലയും ആളുകളുടെ ബഹളംകൊണ്ട് നിറഞ്ഞുനിന്നെങ്കിലും അന്നത്തെ രാത്രി പൊതുവില്‍ ശാന്തമായിരുന്നു. ഭയപ്പെട്ടതുപോലെ ഒന്നുംതന്നെ സംഭവിച്ചില്ല. പ്രതീക്ഷിച്ചതുപോലെ ഒന്നുംതന്നെ സംഭവിച്ചില്ല.

Content Highlights :excerpts from the book simhathinte kadha by akhil k mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented