'അവള്‍ ഒരിക്കലും അവനെ പിടിവിടില്ല'; ജെയിംസ് ജോയ്‌സിന്റെ കാമുകിയുടെ പേര് കേട്ട പിതാവിന്റെ പ്രതികരണം!


സക്കറിയ

താന്‍ കൂട്ടുകാരിയുമായാണ് പോകുന്നത് എന്ന് യാത്രയയയ്ക്കാന്‍ വന്ന അപ്പന്‍ അറിയാതിരിക്കാന്‍ ജോയ്‌സും നോറയും വെവ്വേറെയാണ് കപ്പലിലെത്തിയത്. പക്ഷേ, അപ്പന്റെ കൂട്ടുകാരന്‍ അവരെ ഒന്നിച്ചു കാണുകയും അപ്പനെ വിവരമറിയിക്കുകയും ചെയ്തു. (ലോകം എവിടെയും എക്കാലത്തും ഒരുപോലെ!)

ജെയിംസ് ജോയ്‌സ്, നോറ ബാർണക്ൾ

എഴുത്തുകാരന്‍ സക്കറിയ നടത്തിയ കുറേയാത്രകളുടെ അനുഭവങ്ങളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സഞ്ചാരപുസ്തകം'. അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ഇസ്രയേല്‍, ഇംഗ്ലണ്ട്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ നാടുകളില്‍ നിന്നുള്ള സഞ്ചാരക്കുറിപ്പുകള്‍ എഴുത്തുകാരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കുറിച്ചിടുന്നു. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.

സാക്ഷാല്‍ ജെയിംസ് ജോയ്‌സ് ഒരു രാത്രി പേടിച്ചിറങ്ങിയോടിയ പീരങ്കിപ്പുര ഡബ്ലിനില്‍നിന്ന് 13 കിലോമീറ്റര്‍ അകലേയൊരു കടല്‍ത്തീരത്താണ്. അദ്ദേഹം ഇറങ്ങിയോടിയെന്നതു മാത്രമല്ല അതിന്റെ പ്രശസ്തി, ജോയ്‌സിന്റെ ഏറ്റവും മഹത്തായ കൃതിയും, നോവല്‍- കഥാസങ്കല്പങ്ങളെ എന്നന്നേക്കുമായി പൊളിച്ചടുക്കിയ ആധുനികതയുടെ പടവാളുമായ യൂളിസസി (Ulysses)ന്റെ തുടക്കത്തിലെ സംഭവങ്ങള്‍ നടക്കുന്നത് ഈ 40 അടി ഉയരമുള്ള വൃത്തഗോപുരത്തിന്റെ വട്ടമുറികളിലും നടക്കല്ലുകളിലും പീരങ്കിത്തട്ടിലുമാണ്. മാലക്കി ബക്ക് മ്യൂളിഗനും (Malachi 'Buck' Mulligan), സ്റ്റീവന്‍ ഡേഡലസും (Stephen Dedalus) കുശുമ്പും കുത്തുവാക്കും നാട്ടുവര്‍ത്തമാനവും പറഞ്ഞുകൊണ്ട് പ്രഭാതകൃത്യങ്ങളിലേര്‍പ്പെടുകയും സന്ദര്‍ശകനായ ഹേയ്ന്‍സി(Haines)നോടൊപ്പം നീന്താന്‍ പോകുകയും ചെയ്യുന്നത് ഇവിടെയാണ്. ജോയ്‌സ് യൂളിസസില്‍ അനശ്വരമാക്കിയ ആ ഒരു ദിവസത്തിന്റെ-1904 ജൂണ്‍ 16- ആരംഭം ഇവിടെയാണ്. അദ്ദേഹം പലായനം ചെയ്യാനിടയാക്കിയ സംഭവത്തെപ്പറ്റിയുള്ള പരാമര്‍ശം മ്യൂളിഗന്റെയും സ്റ്റീവന്റെയും സംഭാഷണത്തില്‍ വന്നുചേരുന്നുണ്ട്. രാത്രിക്കുണ്ടായ ഒരു കരിമ്പുലിപ്രശ്‌നം. ജോയ്‌സ് പക്ഷേ, അങ്ങനെയൊരു പ്രഭാതം അവിടെ ചെലവഴിച്ചില്ല എന്നതാണു വാസ്തവം. കരിമ്പുലി വന്ന് രാത്രി വെളുക്കുമ്പോഴേക്കും അദ്ദേഹം ഡബ്ലിനില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഡബ്ലിനിലെ സുഹൃത്തുക്കള്‍ സന്തോഷ് ജോസഫും (ഇപ്പോള്‍ സിഡ്‌നിയില്‍) ജീവന്‍ വര്‍ഗീസുമൊത്ത് ഞാന്‍ ആ പീരങ്കിക്കോട്ടയിരിക്കുന്ന കടപ്പുറത്തെത്തുന്നത് കാറ്റും വെയിലും നീലാകാശവും വെണ്മേഘങ്ങളും കടല്‍ക്കാക്കകളുടെ കരച്ചിലും നീന്താനും സൂര്യസ്‌നാനം ചെയ്യാനും വന്നവരുടെ വിദൂരരൂപങ്ങളും ഒന്നുചേര്‍ന്നിണക്കിയ പ്രശാന്തമായ ഒരു മധ്യാഹ്നത്തിലാണ്. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ ജലാശയങ്ങളും ചിതറിക്കിടക്കുന്ന വെള്ള മണല്‍പ്പുറങ്ങളും ചക്രവാളത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ നീലിമയും കടലിലെ വിനോദ നൗകകളും തീരത്തെ ഭവനങ്ങളുടെ ധവളരൂപങ്ങളും ചേര്‍ന്നു രൂപം കൊടുക്കുന്ന സ്‌കോട്‌സ്മാന്‍സ് ബേ (Scotsman's Bay) എന്ന ഉള്‍ക്കടലിന്റെ വിശാല ചന്ദ്രക്കലയിലാണ് സാന്‍ഡിക്കോവ് (Sandy Cove) എന്നു പേരുള്ള മണല്‍ത്തീരവും ബോട്ടുജെട്ടിയും പറ്റിപ്പിടിച്ചിരിക്കുന്നത്. തീരത്തുനിന്ന് തിട്ടയായി പൊങ്ങുന്ന ഒരുയര്‍ന്ന ഇടത്തിലാണ് ജെയിംസ് ജോയ്‌സ് അവിടെയെത്തുന്ന 1904-ല്‍ നൂറുവര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന പട്ടാളഗോപുരം സ്ഥിതിചെയ്യുന്നത്.
19-ാം നൂറ്റാണ്ടില്‍ നെപ്പോളിയന്റെ പടയോട്ടക്കാലത്ത്, അന്നു ബ്രിട്ടന്റെ അധീനതയിലായിരുന്ന അയര്‍ലന്‍ഡിന്റെ തീരസംരക്ഷണത്തിന് ബ്രിട്ടന്‍ നിര്‍മിച്ച കുറെയേറെ ചെറു സായുധക്കോട്ടകളിലൊന്നാണിത്. ഇന്നിത് ജെയിംസ് ജോയ്‌സ് ടവര്‍ ആന്‍ഡ് മ്യൂസിയമാണ്. ഇതാണ് ജോയ്‌സിന് അയര്‍ലന്‍ഡിലുള്ള പ്രധാന സ്മാരകം. അതിന്റെ താഴത്തേ നിലയില്‍ ജോയ്‌സിന്റെ ജീവിതവൃത്താന്തങ്ങളടങ്ങിയ മ്യൂസിയവും മുകളില്‍ അദ്ദേഹം അവിടെ താമസിച്ചപ്പോഴുള്ള സംവിധാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്ന രണ്ടു മുറികളുമാണ്.

ഡബ്ലിന്‍ നഗരമധ്യത്തില്‍, ഫ്‌ളീറ്റ് സ്ട്രീറ്റിന്റെ നടപ്പാതയില്‍ ആള്‍വലിപ്പത്തില്‍ തറയില്‍ നില്ക്കുന്ന രസകരമായ ഒരു പ്രതിമയും ജോയ്‌സിന്റെ സ്മരണയ്ക്കായുണ്ട്. പിണച്ച കാലുകളും പിന്നിലേക്ക് ഊന്നിപ്പിടിച്ച വോക്കിങ് സ്റ്റിക്കുമായി ജോയ്‌സ് ഒരു ചെറുപുഞ്ചിരിയോടെ തലയുയര്‍ത്തിപ്പിടിച്ച് വിദൂരതയിലേക്കു നോക്കിനില്ക്കുന്നു. 1990-ല്‍ 'ബ്ലൂംസ് ഡേ'യിലാണ് ഇതു സ്ഥാപിച്ചത്. (യൂളിസസിന്റെ മുഖ്യകഥാപാത്രം ഡബ്ലിന്‍കാരനായ ലിയോപോള്‍ഡ് ബ്ലൂം (Leopold Bloom) ആണ്. ആദ്യം സൂചിപ്പിച്ചതുപോലെ അയാളുടെ 1904 ജൂണ്‍ 16 എന്ന ഒരുദിവസമാണ് യൂളിസസിന്റെ ഇതിവൃത്തം. ജോയ്‌സ് ആരാധകര്‍ ജൂണ്‍ 16 ബ്ലൂംസ് ഡേ- ബ്ലൂമിന്റെ ദിനം -ആയി ആഘോഷിക്കുന്നു.) അങ്ങനെ കഥപറയലിനെ സര്‍വനിബന്ധനാമോചിതമാക്കിയ എഴുത്തുകാരന്‍ താന്‍ എന്നന്നേക്കുമായി ഉപേക്ഷിച്ചു പോയ, എന്നാല്‍ തനിക്കു പ്രിയങ്കരമായിരുന്ന, ഡബ്ലിന്‍നഗരത്തിന്റെ നടുവില്‍, ആള്‍ക്കൂട്ടത്തിലൊരുവനായി, തിരിച്ചറിയപ്പെട്ടും അല്ലാതെയും, ശ്രദ്ധിക്കപ്പെട്ടും അല്ലാതെയും പ്രപഞ്ചത്തിലേക്കു മന്ദഹാസത്തോടെ ദൃഷ്ടിപായിച്ചുകൊണ്ടു നിലകൊള്ളുന്നു.

ജോയ്‌സ് വാസ്തവത്തില്‍ വളരെ കുറച്ചു കാലമേ അയര്‍ലന്‍ഡില്‍ ജീവിച്ചുള്ളൂ. 1904-ല്‍ 22-ാം വയസ്സില്‍ കാമുകി നോറ ബാര്‍ണക്ലു (Nora Barnacle)മായി അയര്‍ലന്‍ഡ് വിട്ടു പോയ അദ്ദേഹം 1941-ല്‍, 59-ാം വയസ്സില്‍, സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍വെച്ച് മരിക്കുംവരെ സ്വയം നാടുകടത്തിയവനായി ജീവിച്ചു. ഹ്രസ്വമായ മൂന്നു ഡബ്ലിന്‍സന്ദര്‍ശനങ്ങള്‍ മാത്രമേ ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയുള്ളൂ. അവസാനത്തേത് 1912-ലായിരുന്നു. തന്റെ കഥാപാത്രമായ സ്റ്റീവന്‍ ഡേഡലസിലൂടെ അദ്ദേഹം നടത്തുന്ന പ്രസിദ്ധമായ പ്രസ്താവന ഈ അവസ്ഥയുടെ ഒരു പ്രവചനമാണ്: 'എനിക്കു വിശ്വാസമില്ലാതായിത്തീര്‍ന്നതിനെ ഇനി ഞാന്‍ സേവിക്കില്ല- അതിന്റെ പേര് വീട് എന്നോ, പിതൃദേശം എന്നോ, സഭ എന്നോ ആവട്ടെ. എന്റെ പ്രതിരോധത്തിനു ഞാന്‍ അനുവദിച്ചിരിക്കുന്നത് മൂന്ന് ആയുധങ്ങളാണ്: മൗനം, നാടുവിടല്‍, സൂത്രശാലിത്വം (Silence, Exile and Cunning). പ്രായോഗികബുദ്ധിയോ അതിജീവനപരതയോ വെട്ടിപ്പിടിക്കല്‍ശേഷിയോ ഇല്ലാത്ത തന്നെപ്പോലെയുള്ള ഒരു കലാകാരന്റെ അവസാനത്തെ കച്ചിത്തുരുമ്പുകളെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്നു കരുതണം.

യൂളിസസിന്റെ ഒന്നാംവാചകത്തില്‍ ജോയ്‌സ് അവതരിപ്പിക്കുന്ന ബക്ക് മ്യൂളിഗന്റെ യഥാര്‍ഥ നാമം സാഹിത്യവിദ്യാര്‍ഥികള്‍ക്കറിയുന്നതുപോലെ ഒലിവര്‍ സെന്റ് ജോണ്‍ ഗോഗര്‍ട്ടി (Oliver St. John Gogarty) എന്നാണ്. വൈദ്യവിദ്യാര്‍ഥിയായ ഗോഗര്‍ട്ടി ഒരു രസികനായിരുന്നു. ജോയ്‌സിന്റെ വിശ്വസ്ത സുഹൃത്തും സഹായിയുമായിരുന്നു. എഴുത്തുകാരനും രാഷ്ട്രീയക്കാരനും ഉഴപ്പനും പരിഹാസവിദഗ്ധനും പണക്കാരനുമായിരുന്നു. ജോയ്‌സിനെ കടം കൊടുത്തും മറ്റുവിധത്തിലും സഹായിച്ചിരുന്നു. എന്നാല്‍ തന്റെ കുത്തുവാക്കുകളും പരിഹാസവും കൊണ്ടു പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഗോഗര്‍ട്ടിയായിരുന്നു സാന്‍ഡി കോവിലെ സേന കൈയൊഴിഞ്ഞ ഗോപുരം ബ്രിട്ടീഷ് പട്ടാളവകുപ്പില്‍നിന്ന് വാടകയ്‌ക്കെടുത്തത്. ഗോഗര്‍ട്ടി പില്ക്കാലത്ത് അയര്‍ലന്‍ഡിലെ സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രശസ്തനായിത്തീര്‍ന്നു. 1957- ല്‍ മരിച്ച അദ്ദേഹം ജീവിതത്തിന്റെ അവസാന പതിനെട്ടുവര്‍ഷം അമേരിക്കയിലാണ് ചെലവഴിച്ചത്. ഡബ്ലിനിലെ അദ്ദേഹത്തിന്റെ നാമത്തിലുള്ള 'പബ്'-മദ്യശാല- പ്രശസ്തവും തിരക്കേറിയതുമാണ്.

ഇരുപത്തിരണ്ടു വയസ്സുകാരനായ ജോയ്‌സ് അക്കാലത്ത് എഴുത്തിലേക്കു പ്രവേശിക്കുന്നതേയുള്ളൂ. ഗോഗര്‍ട്ടിയും നവാഗത എഴുത്തുകാരനാണ്. ജോയ്‌സ് മദ്യപാനത്തിലും എത്തുംപിടിയുമില്ലാത്ത ജീവിതത്തിലും വ്യാപൃതനാണ്, ഒപ്പം പൂര്‍ണദരിദ്രനും. കടംവാങ്ങല്‍ ഒരു യജ്ഞമാക്കിയിരിക്കുന്നു. സുഹൃത്തുക്കള്‍ പലരും കടംകൊടുക്കാതായിരിക്കുന്നു. ഒരു ദിവസം മദ്യപിച്ചു വഴക്കുണ്ടാക്കി അടി കൊണ്ടു വീണു. സ്വന്തം വീട്ടില്‍നിന്നു താമസം മാറ്റിക്കഴിഞ്ഞിരുന്ന ജോയ്‌സ് വാടകപ്രശ്‌നംകൊണ്ടും മറ്റും ഒരു അഭയാര്‍ഥിയായി മാറി. ഇതിനിടയില്‍ അദ്ദേഹം പിയാനോ പഠിച്ചുതുടങ്ങി. (ജോയ്‌സ് നല്ല പാട്ടുകാരനായിരുന്നു. Tenor അഥവാ മേല്‍സ്ഥായിയിലുള്ള അദ്ദേഹത്തിന്റെ പാട്ട് ശ്രോതാക്കള്‍ ഇഷ്ടപ്പെട്ടിരുന്നു.) എല്ലാം കടംവാങ്ങലിന്റെ ബലത്തിലാണു നടന്നത്. പിയാനോ പഠനത്തിനായി മക്‌കെര്‍ണന്‍ എന്ന കുടുംബത്തിന്റെ ഒരു മുറി വാടകയ്‌ക്കെടുത്തു. പക്ഷേ, വാടക മുടങ്ങി അവിടം വിടേണ്ടിവന്നു.

അങ്ങനെ 1904 ജൂണ്‍ 15ന് അദ്ദേഹം സുഹൃത്തുക്കളായ ജെയിംസ്-ഗ്രേറ്റാ ദമ്പതികളുടെ വീട്ടില്‍ സ്ഥലംപിടിച്ചു. ജൂണ്‍ 16 എന്ന പിറ്റേ ദിവസം ജോയ്‌സിന്റെ ജീവിതത്തില്‍ ഒരു വന്‍ പരിണാമത്തിന്റെ ദിവസമായിരുന്നു. ജൂണ്‍ 10ന് നഗരത്തിന്റെ നടപ്പാതയില്‍വെച്ചു കണ്ട ഒരു പെണ്‍കുട്ടിയില്‍ ജോയ്‌സ് ആകൃഷ്ടനായി. നോറ ബാര്‍ണക്ള്‍ എന്നായിരുന്നു അവളുടെ പേര്. നോറ ഒരു ഹോട്ടലിലെ ശുചീകരണജോലിക്കാരിയായിരുന്നു. ജോയ്‌സ് അവളോട് സ്വയം പരിചയപ്പെടുത്തുകയും ജൂണ്‍ 14ന് വീണ്ടും കാണാമെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു. പക്ഷേ, 14ന് അവള്‍ വന്നില്ല. 15ന് ജോയ്‌സ് സങ്കടപൂര്‍വം അവള്‍ക്കൊരു കത്തു കൊടുത്തയച്ചു. അങ്ങനെ ജൂണ്‍ 16ന് അവര്‍ വീണ്ടും കണ്ടുമുട്ടി, പ്രണയബദ്ധരായി. പിന്നീടുണ്ടായ നിരവധി സംഭവവികാസങ്ങള്‍ക്കുശേഷം ആ ഒക്ടോബറില്‍ ജോയ്‌സ് നോറയുമായി അയര്‍ലന്‍ഡിനെ വിട്ടുപിരിഞ്ഞു പോയി. യൂറോപ്പിലൂടെ അഭയാര്‍ഥിയെപ്പോലെ അലഞ്ഞു. ജോയ്‌സിന്റെ പ്രതിഭ തിരിച്ചറിഞ്ഞ സുഹൃത്തുക്കളുടെ സഹായംകൊണ്ടു മാത്രം സാഹിത്യരചന നിലനിര്‍ത്തി. രണ്ടു കുട്ടികളുണ്ടായി. ഇളയപെണ്‍കുട്ടി മാനസികാസ്വാസ്ഥ്യമുള്ളവളായിത്തീര്‍ന്നു. ഇരുപത്തേഴു വര്‍ഷത്തിനുശേഷം, ജോയ്‌സിന് നാല്പത്തിയൊന്‍പതും നോറയ്ക്ക് നാല്പത്തിയേഴും വയസ്സുള്ളപ്പോഴാണ് അവര്‍ വിവാഹം കഴിച്ചത്. ജോയ്‌സിന്റെ കൂടെയുള്ള നോറയുടെ ജീവിതം കഠിനമായിരുന്നു. പക്ഷേ, ഒരു ഗ്രാമീണസ്ത്രീയുടെ ഉള്ളുറപ്പോടെ നോറ പിടിച്ചുനിന്നു. എല്ലാ നൈരാശ്യങ്ങളിലൂടെയും ജോയ്‌സിനെ അവര്‍ എന്നും പിന്തുണച്ചു. നോറയെ ജോയ്‌സ് രണ്ടാമതു കണ്ടുമുട്ടിയ തീയതി-1904 ജൂണ്‍ 16- ആണ് യൂളിസസില്‍ അനശ്വരമാക്കപ്പെട്ട ആ തീയതി.

ജോയ്‌സ് വാടക എങ്ങനെയോ സ്വരുക്കൂട്ടി മക് കെര്‍ണന്റെ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഓഗസ്റ്റ് അവസാനം ആ കുടുംബം വീടടച്ച് യാത്ര പോയതുകൊണ്ട് അവിടം വിടേണ്ടിവന്നു. തുടര്‍ന്ന് സുഹൃത്ത് ജെയിംസ് കസിന്‍സിന്റെയും അമ്മാവി ജോസഫൈന്‍ മറെ (Murray)യുടെയും വീടുകളില്‍ കുറച്ചു നാള്‍ താമസിച്ചു. അമ്മാവിയുടെ വീട്ടിലെ താമസം പ്രശ്‌നത്തിലാണ് കലാശിച്ചത്. ജോയ്‌സിന്റെ അസമയങ്ങളിലെ വരവും പോക്കും അമ്മാവന് ഇഷ്ടപ്പെട്ടില്ല. ഒരുരാത്രി അദ്ദേഹം ജോയ്‌സിനു വാതില്‍ തുറന്നുകൊടുത്തില്ല. അങ്ങനെ ഒരു വൈദ്യവിദ്യാര്‍ഥിയുടെ മുറിയില്‍ ഒരു രാത്രി അന്തിയുറങ്ങിയതിനു ശേഷമാണ് ജോയ്‌സ് സെപ്റ്റംബര്‍ 9ന് സാന്‍ഡി കോവിലെ ഗോഗര്‍ട്ടിയുടെ ഗോപുരമുറിയില്‍ അഭയം തേടുന്നത്.

ഗോഗര്‍ട്ടിക്ക് ജോയ്‌സിനോട് അല്പം നീരസമുണ്ടായിരുന്ന കാലമായിരുന്നു ഇത്. ജോയ്‌സ് ആയിടെ അയര്‍ലന്‍ഡിലെ സാഹിത്യകാരന്മാരെ പരിഹസിച്ചുകൊണ്ടെഴുതിയ കവിതയില്‍ ഗോഗര്‍ട്ടിയും പരോക്ഷമായി പരാമര്‍ശിക്കപ്പെട്ടിരുന്നു. പക്ഷേ, ഗോഗര്‍ട്ടി അത് വലിയ പ്രശ്‌നമാക്കിയില്ല എന്നുവേണം കരുതാന്‍. എന്നാല്‍, ജോയ്‌സിന്റെ സഹോദരന്‍ സ്റ്റനിസ്‌ലോസ് ഡയറിയിലെഴുതുന്നത് ഗോഗര്‍ട്ടിക്ക് ജോയ്‌സിന്റെ വരവും താമസവും ഒഴിവാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നാണ്. ഇത് ജോയ്‌സിന് അറിയാമായിരുന്നുവത്രേ. അതേസമയം, സ്റ്റനിസ്‌ലോസ് പറയുന്നതനുസരിച്ച് ഗോഗര്‍ട്ടിക്ക് ഒരാശങ്കയുമുണ്ടായിരുന്നു. ജോയ്‌സ് എന്നെങ്കിലും പ്രശസ്തനായാല്‍, അദ്ദേഹത്തെ പുറത്താക്കിയയാള്‍ എന്ന ദുഷ്‌പേരുണ്ടായാലോ? ഏതായാലും ഗോഗര്‍ട്ടി ഒരു വില്ലന്‍ അല്ലതന്നെ. ജോയ്‌സ് ഒരു പുണ്യവാളനുമായിരുന്നില്ല. തന്നെയല്ല അവര്‍ ചില കാര്യങ്ങളില്‍ ഒറ്റക്കെട്ടുമായിരുന്നു. ഒരുദിവസം, ഡബ്ലിനിലൂടെ, കവി ഡബ്ല്യൂ.ബി. യേറ്റ്‌സി (W.B. Yeats)ന്റെ അച്ഛന്‍ നടന്നുപോകുമ്പോള്‍ ജോയ്‌സ് ഗോഗര്‍ട്ടിയെ പ്രേരിപ്പിച്ചതനുസരിച്ച് ഇരുവരും അദ്ദേഹത്തെ സമീപിച്ചു. ഗോഗര്‍ട്ടി അദ്ദേഹത്തോടു ചോദിച്ചു, 'സര്‍, ഞങ്ങള്‍ക്ക് രണ്ടു ഷില്ലിങ് തരാമോ?' വൃദ്ധന്‍ ഇരുവരെയും നന്നായി ഒന്നു നോക്കിയിട്ടു പറഞ്ഞു, 'ഒരു കാരണവശാലും സാധ്യമല്ല. ഒന്നാമത്, എന്റെ കൈയില്‍ പണമില്ല. രണ്ടാമത്, ഉണ്ടായിരുന്നെങ്കിലും തരില്ല. കാരണം, നിങ്ങളതു കൊണ്ടുപോയി ഉടനെ കള്ളു കുടിക്കും.' ഉടനെ ജോയ്‌സ് ഗോഗര്‍ട്ടിയോടു പറഞ്ഞത്രേ: 'നമ്മള്‍ കള്ളു കുടിക്കും എന്നു പറഞ്ഞത് ശരിയല്ല. ഇനിയും നടന്നിട്ടില്ലാത്ത കാര്യമല്ലേ അത്?'

പീരങ്കിക്കോട്ടയിലെ തന്റെ താമസത്തെപ്പറ്റി ഗോഗര്‍ട്ടി തമാശയായി പറഞ്ഞിരുന്നത്, അയര്‍ലന്‍ഡിനെ അതിന്റെ സാംസ്‌കാരികാധഃപതനത്തില്‍നിന്നു രക്ഷിക്കാന്‍ അവിടെയിരുന്ന് ഒരു അക്രൈസ്തവ (pagan) നവീകരണപ്രസ്ഥാനം താന്‍ നിര്‍മിക്കുകയാണ് എന്നായിരുന്നു. ഗോഗര്‍ട്ടിക്ക് ഈ സമയത്തു വന്നെത്തിയ മറ്റൊരതിഥി ഐറിഷ് നവോത്ഥാനത്തിന്റെ ആവേശം പൂണ്ട ബ്രിട്ടീഷ് - ഐറിഷ് വംശജനായ ഒരു പ്രചാരകനായിരുന്നു: സാമുവേല്‍ ഷെനെവിക്‌സ് ട്രെഞ്ച് (Samuel Chenevix Trench). ഓക്‌സ്ഫഡില്‍ നിന്നുള്ള ഗോഗര്‍ട്ടിയുടെ സുഹൃത്തായിരുന്നു ട്രെഞ്ച്. ഐറിഷ് നവോത്ഥാനകുതുകികളെപ്പോലും മുഷിപ്പിക്കുന്ന അമിതാവേശമായിരുന്നുവത്രേ ട്രെഞ്ചിന്റെത്. ട്രെഞ്ചാണ് യൂളിസസിന്റെ തുടക്ക അധ്യായത്തിലെ മൂന്നാം കഥാപാത്രമായ ഹെയ്ന്‍സ്. ജോയ്‌സിന് ട്രെഞ്ചിന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല. അയാളെ ക്ഷണിച്ചുവരുത്തിയതിന് ഗോഗര്‍ട്ടിയോട് നീരസവുമുണ്ടായിരുന്നു. ഗോഗര്‍ട്ടിയാവട്ടെ ഫലിതം പറഞ്ഞും പരിഹസിച്ചും വെട്ടിനിരത്തിയും ഉല്ലസിച്ചു. ജോയ്‌സിനോട് ചെറുക്രൂരകൃത്യങ്ങള്‍ ചെയ്തു രസിച്ചു: ജോയ്‌സിന്റെ അമ്മ മരിച്ചത് ജോയ്‌സിന്റെ അവിശ്വാസത്തിലുള്ള ദുഃഖംമൂലമാണെന്നു പറയുക. ജോയ്‌സിന്റെ പക്കല്‍ പണം തുച്ഛമാണെന്നറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെക്കൊണ്ട് ചെലവുകള്‍ നടത്തിക്കുക എന്നിങ്ങനെ.

ഏതായാലും, സെപ്റ്റംബര്‍ 14ന് രാതിയില്‍ മൂവരും പീരങ്കി ഗോപുരത്തിലെ ഒരേ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് ട്രെഞ്ച് അലറാന്‍ തുടങ്ങി. ഒരു കരിമ്പുലി അയാളുടെ മേല്‍ ചാടിവീഴാനൊരുങ്ങുന്നു എന്ന് ട്രെഞ്ചിനു തോന്നിയത്രേ. അയാള്‍ ചാടിയെണീറ്റു തോക്കെടുത്തു. എന്നിട്ട് മുറി ചൂടാക്കുന്ന അടുപ്പിനു നേരേ വെടിവെച്ചു. ജോയ്‌സ് അടുപ്പിനു തൊട്ടടുത്താണ് കിടന്നിരുന്നത്. സ്വാഭാവികമായും അദ്ദേഹം നടുങ്ങി. പുലിയെ 'കൊന്ന'ശേഷം ട്രെഞ്ച് വീണ്ടും ഉറക്കം പ്രാപിച്ചു. ജോയ്‌സ് വിറച്ചുകൊണ്ടു കിടക്കുകയാണ്. ഗോഗര്‍ട്ടി തോക്കെടുത്ത് തന്റെ അടുത്തു സൂക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ട്രെഞ്ച് പുലിയെക്കുറിച്ച് അലറിക്കൊണ്ട് വീണ്ടും ചാടിയെണീറ്റ് തോക്ക് തപ്പി. അപ്പോള്‍ ഗോഗര്‍ട്ടി 'എനിക്ക് വിട്ടുതന്നേക്ക്' എന്നു വിളിച്ചുപറഞ്ഞുകൊണ്ട് തോക്കെടുത്ത് വെടിവെച്ചു. വെടികൊണ്ടത് ജോയ്‌സ് കിടക്കുന്നതിന്റെ മുകളില്‍ അടുപ്പിന്റെ മീതേ തൂക്കിയിട്ടിരുന്ന അടുക്കളപ്പാത്രങ്ങളിലാണ്. വെടിയേറ്റ് പാത്രങ്ങള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് താഴെ കിടക്കുന്ന ജോയ്‌സിന്റെ മേല്‍ വീണു. ജോയ്‌സ് കിടിലംകൊണ്ടുകൊണ്ട് ഉരുണ്ടുപിടഞ്ഞെണീറ്റ് കൈയില്‍ കിട്ടിയ വസ്ത്രങ്ങളണിഞ്ഞ് ഗോപുരത്തിനു പുറത്തു ചാടി. അദ്ദേഹം പേടിച്ചുപോയി എന്നു മാത്രമല്ല, തന്നെ തുരത്താനുള്ള ഒരു നാടകമായിരുന്നു കരിമ്പുലിവെടി എന്നും സംശയിച്ചുവത്രേ. ഡബ്ലിനിലേക്കുള്ള പതിമൂന്നു കിലോമീറ്റര്‍ നടന്ന് നേരം വെളുത്തപ്പോഴേക്കും നഗരത്തിലെത്തി. രാവിലെ നാഷണല്‍ ലൈബ്രറിയുടെ ലൈബ്രേറിയന്‍ വില്യം മഗീ (William Magee) ലൈബ്രറി തുറക്കാനെത്തുമ്പോള്‍ ജോയ്‌സ് വാതില്‍ക്കലിരിപ്പുണ്ട്. അദ്ദേഹത്തോടു തനിക്കു സംഭവിച്ചതെല്ലാം ജോയ്‌സ് വിവരിച്ചു. എന്നിട്ട്, സ്വാഗതമില്ലെങ്കിലും, വില്യംസ് അമ്മാവന്റെ വീട്ടില്‍ത്തന്നെ അഭയം പ്രാപിച്ചു.

ജോയ്‌സിന്റെ പെട്ടിയും സാധനങ്ങളും ഗോപുരമുറിയില്‍ കിടക്കുകയായിരുന്നു. അവ തിരിച്ചുകൊണ്ടുവരാന്‍ ജോയ്‌സ് സുഹൃത്തും ഡബ്ലിന്‍ മാഗസിന്റെ പത്രാധിപരുമായ ജെയിംസ് സ്റ്റാര്‍ക്കി (James Starkey)ക്ക് ഒരെഴുത്തെഴുതി അഭ്യര്‍ഥിച്ചു. എഴുത്തില്‍ സ്റ്റാര്‍ക്കി പെട്ടിയില്‍ വെക്കേണ്ട ഓരോ സാധനവും എണ്ണിപ്പറയുന്നുണ്ട്-രണ്ടു ജോടി ബൂട്ടുകള്‍, മൂന്നു തൊപ്പികള്‍, ഒരു മഴക്കോട്ട്, കവിതകളെഴുതിയ കൈയെഴുത്തുപ്രതിയുടെ ചുരുള്‍ തുടങ്ങിയവ. ഒരു കാര്യം പ്രത്യേകം പറയുന്നു: ജോയ്‌സിന്റെ ആദ്യനോവലായ സ്റ്റീവന്‍ ഹീറോയുടെ (മരണശേഷമാണ് ഇതു പ്രസിദ്ധീകരിച്ചത്) കൈയെഴുത്തുപ്രതിയില്‍നിന്നു പന്ത്രണ്ടാം അധ്യായം ഗോഗര്‍ട്ടി എടുത്തുമാറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. അവസാനത്തെ നിര്‍ദേശം പെട്ടിയെപ്പറ്റിയാണ്. അതിനു പൂട്ടില്ല. അതുകൊണ്ട് ഒരു കയറുകൊണ്ട് നന്നായി കെട്ടണം. കലാകാരന്മാര്‍ അമാനുഷരാകുന്നത് അവരുടെ സൃഷ്ടികളിലൂടെയാണ്. അല്ലാത്തപ്പോള്‍ അവര്‍ സാധാരണമനുഷ്യര്‍ മാത്രമാണ് എന്നത് എത്ര സത്യം!

സെപ്റ്റംബര്‍ 16ന് നോറയ്‌ക്കെഴുതിയ എഴുത്തില്‍ ജോയ്‌സ് അയര്‍ലന്‍ഡുമായുള്ള തന്റെ മാനസികമായ അകല്‍ച്ച വിവരിക്കുന്നുണ്ട്. അയര്‍ലന്‍ഡിലെ മത-സാമൂഹിക ശക്തികള്‍ക്കെതിരേയുള്ള യുദ്ധത്തില്‍ താന്‍ ഒറ്റയ്ക്കാണെന്ന് ജോയ്‌സ് പറയുന്നു. സത്യസന്ധതയോ സ്വാഭാവികതയോ യഥാര്‍ഥ ജീവിതമോ ഇല്ലാത്ത ഒരു സമൂഹമാണ് അയര്‍ലന്‍ഡ് എന്ന് ജോയ്‌സ് നോറയ്‌ക്കെഴുതുന്നു. അയര്‍ലന്‍ഡ് ഉപേക്ഷിച്ചു പോകാന്‍ ജോയ്‌സ് തീരുമാനിച്ചുകഴിഞ്ഞു.

ഒക്ടോബര്‍മാസത്തില്‍ ജോയ്‌സ് അയര്‍ലന്‍ഡിനോട് എക്കാലത്തേക്കും വിടപറഞ്ഞു. തന്റെ സുഹൃദ്‌വലയത്തിലെ ഏതാണ്ട് എല്ലാവരോടും കടം വാങ്ങി ഒരു തുക സംഭരിച്ചുകൊണ്ട് (നിത്യോപയോഗസാധനങ്ങളും അദ്ദേഹം ദാനം വാങ്ങി) ജോയ്‌സ് നോറയുമായി ലണ്ടനിലേക്കു കപ്പല്‍ കയറി. താന്‍ കൂട്ടുകാരിയുമായാണ് പോകുന്നത് എന്ന് യാത്രയയയ്ക്കാന്‍ വന്ന അപ്പന്‍ അറിയാതിരിക്കാന്‍ ജോയ്‌സും നോറയും വെവ്വേറെയാണ് കപ്പലിലെത്തിയത്. പക്ഷേ, അപ്പന്റെ കൂട്ടുകാരന്‍ അവരെ ഒന്നിച്ചു കാണുകയും അപ്പനെ വിവരമറിയിക്കുകയും ചെയ്തു. (ലോകം എവിടെയും എക്കാലത്തും ഒരുപോലെ!) അപ്പന്‍ നോറയുടെ മുഴുവന്‍ പേര്- നോറ ബാര്‍ണക്ള്‍-കേട്ടപ്പോള്‍ പറഞ്ഞുവത്രേ: 'അവള്‍ ഒരിക്കലും അവനെ പിടിവിടില്ല!' 'ബാര്‍ണക്ള്‍' കടലിലെ കല്ലുകളിലും കപ്പലുകളുടെ അടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന, ഇളക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരുതരം കക്കയാണ്. അപ്പന്റെ പ്രവചനം കൃത്യമായിരുന്നു.

Book cover
പുസ്തകം വാങ്ങാം
">
പുസ്തകം വാങ്ങാം

ലണ്ടനിലെത്തിയ ജോയ്‌സ് നോറയെ ഒരു പാര്‍ക്കില്‍ ഇരുത്തിയിട്ട് സുഹൃത്തായ ഇംഗ്ലീഷ് കവി ആര്‍തര്‍ സൈമണ്‍സിനെ (Arthur Symons) കാണാന്‍ പോയി. രണ്ടുമണിക്കൂര്‍ നേരം നോറ അവിടെ കാത്തിരുന്നു. ജോയ്‌സ് മടങ്ങിവരില്ല എന്നുതന്നെ നോറ കരുതി. പക്ഷേ, അപ്പോളിതാ ജോയ്‌സ് വന്നെത്തുന്നു. ജോയ്‌സിന്റെ പ്രശസ്തനായ ജീവചരിത്രകാരന്‍ റിച്ചാര്‍ഡ് എല്‍മന്‍ (Richard Ellmann) എഴുതുന്നത്, ജോയ്‌സ് തന്റെ ആ വിശ്വസ്തതാപ്രകടനംകൊണ്ട്, സുഹൃത്തുക്കളെ മാത്രമല്ല തന്നത്തന്നെയും അതിശയിപ്പിച്ചിട്ടുണ്ടാവണം എന്നാണ്. കാരണം, ചാഞ്ചാട്ടക്കാരനെന്ന പ്രസിദ്ധി അദ്ദേഹം കേള്‍പ്പിച്ചിരുന്നു. നോറ ജോയ്‌സ് 1951-ല്‍ അറുപത്തിയേഴാമത്തെ വയസ്സില്‍, ജോയ്‌സിന്റെ മരണശേഷം പത്തുവര്‍ഷം കഴിഞ്ഞ്, സൂറിക്കില്‍ മരിച്ചു. അവിടെത്തന്നെയാണ് നോറയെ സംസ്‌കരിച്ചിരിക്കുന്നത്, ജോയ്‌സിന്റെയൊപ്പം. മഹാനും ദുര്‍ബലനും ജീവിതപ്പോരില്‍ അസമര്‍ഥനുമായ ഒരു കലാകാരന്റെ കൂടെ ഒരു സ്ത്രീയുടെ പിടിച്ചുനില്പിന്റെയും അതിജീവനത്തിന്റെയും കഥയാണ് 1988-ല്‍ ബ്രെന്‍ഡ മാഡക്‌സ് രചിച്ച നോറയുടെ ജീവചരിത്രം: Nora: The Real Life of Molly Bloom. ഇതിനെ ആധാരമാക്കി 2000ത്തില്‍ നോറ എന്ന ചലച്ചിത്രവും പുറത്തിറങ്ങി. നോറയും അങ്ങനെ ഓര്‍മിക്കപ്പെട്ടു.

ഗോഗര്‍ട്ടിയുടെ മുറിയില്‍നിന്നുള്ള ആ ഓടിപ്പോകലായിരുന്നിരിക്കുമോ, അയര്‍ലന്‍ഡ് വിട്ടുപേക്ഷിച്ച് പോകാനുള്ള ജോയ്‌സിന്റെ പെട്ടെന്നുള്ള തീരുമാനത്തിന്റെ കാരണങ്ങളിലൊന്ന്? നോറ ഒപ്പം പോയില്ലായിരുന്നുവെങ്കില്‍ ജോയ്‌സ് അയര്‍ലന്‍ഡ് വിട്ടു പോകുമായിരുന്നോ? അയര്‍ലന്‍ഡില്‍ അദ്ദേഹം ജീവിതം തുടര്‍ന്നിരുന്നെങ്കില്‍ നാം ഇന്നറിയുന്ന ജോയ്‌സ് ജനിക്കുമായിരുന്നോ? ആര്‍ക്കറിയാം?

എഴുത്തിന് ഒരു പുതിയ പിറവി നല്കിയ ആ മനുഷ്യന്റെ കാല്‍പ്പാടുകള്‍ വീണ മുറികളിലും മട്ടുപ്പാവിലും ഞങ്ങള്‍ കുറെ സമയം തങ്ങി. ജോയ്‌സ് കേട്ട കാറ്റിന്റെയും കടലിന്റെയും ഇരമ്പവും കടല്‍ക്കാക്കകളുടെ വിളികളും ഞങ്ങളുടെ കാതുകളിലും നിറഞ്ഞു. ആ പലായനത്തിന്റെ രാത്രിക്ക് അദ്ദേഹം, എന്തെല്ലാമോ ചിന്തിച്ചുകൊണ്ട് ഒറ്റയ്ക്കു നടന്നുപോയ പാതയിലൂടെയായിരുന്നിരിക്കാം ഞങ്ങളും നഗരത്തിലേക്കു മടങ്ങിയത്.

Content Highlights :excerpts from the book sancharapusthakam by paul zacharia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented