റിലീസാവുംമുമ്പേ പാട്ട് ഹിറ്റ്! എഴുതി ഈണമിട്ടത് സലില്‍ ചൗധരി എന്ന ഇരുപത്തിയൊന്നുകാരന്‍


ഡോ.എം.ഡി മനോജ്

സലില്‍ദായും ഹേമന്ത്ദായും തമ്മിലുള്ള ബന്ധത്തിന് ചെറിയ രീതിയിലെങ്കിലും ഉലച്ചില്‍തട്ടുകയുണ്ടായി. അതിനുപിന്നില്‍ സ്ഥാപിതതാത്പര്യക്കാരുടെ ഒരു ശൃംഖലതന്നെയുണ്ടായിരുന്നു. സലില്‍ദാ എഴുതിയ ഹേമന്ത്ദാ അനുസ്മരണക്കുറിപ്പില്‍നിന്ന്: 'ആളുകള്‍ ഞങ്ങളെ തെറ്റിക്കാന്‍ ശ്രമിച്ചു

സലിൽ ചൗധരി

ഡോ.എം.ഡി മനോജ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജീവചരിത്രമാണ് 'സലില്‍ ചൗധരി ജീവിതവും സംഗീതവും'. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ബംഗാളി പാട്ടുസംസ്‌കാരത്തിന്റെ സമഗ്രതയായിരുന്നു ഹേമന്ത്ദാ എന്നറിയപ്പെട്ടിരുന്ന വിശ്രുതഗായകന്‍ ഹേമന്ത് മുഖര്‍ജി. സലില്‍ദാ-ഹേമന്ത്ദാ സമന്വയം ആധുനിക ബംഗാളിസംഗീതത്തില്‍ വിപ്ലവാത്മകമായ പരീക്ഷണങ്ങള്‍ നടത്തി എന്നുപറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. പരസ്പര സഹകരണവും ആശ്രിതത്വവുംതന്നെയാണ് ഇരുവരെയും വളര്‍ത്തിയത്. നാല്‍പ്പതുകള്‍ മുതലേ ഹേമന്ത്ദായ്ക്ക് സലില്‍ ചൗധരിയെ നേരിട്ടറിയാമായിരുന്നു. ദേബബ്രത ബിശ്വാസിന്റെ വീട്ടില്‍വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. 1946 കാലഘട്ടം തൊട്ടേ സലില്‍ദാ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി യോജിച്ചു പ്രവര്‍ത്തിച്ചിരുന്നു. മിക്കവാറും സമയം അദ്ദേഹം ഒളിത്താവളങ്ങളില്‍ താമസിച്ചു. ഗോല്‍പാര്‍ക്കിനടുത്തുള്ള യഷോദ ഭവന്‍ ആയിരുന്നു രാഷ്ട്രീയ യോഗങ്ങളുടെയും രഹസ്യധാരണകളുടെയും എല്ലാം അധോലോക കേന്ദ്രം. ഇങ്ങനെയുള്ള ഒരു യോഗത്തില്‍വെച്ചായിരുന്നു സലില്‍ദാ, ഹേമന്ത്കുമാറിനെ പരിചയപ്പെടുന്നത്. കൃഷ്‌ണോ ബന്ദോപാദ്ധ്യായയായിരുന്നു രണ്ടാളെയും പരസ്പരം തിരിച്ചറിയാന്‍ പ്രേരിപ്പിച്ചത്.
സി.പി.ഐയുടെ പരിപാടികളില്‍ സ്ഥിരം പാട്ടുകാരായിരുന്നു ഹേമന്ത്ദായും സുചിത് മിശ്രയും. ബിനോയ്‌റേയുടെ നേതൃത്വത്തിലും ജോര്‍ജ്ജ്ദായുടെ സ്വാധീനത്തിലും അവര്‍ ജനമുന്നേറ്റത്തില്‍ സജീവമായി. ഹേമന്ത്ദായുമൊത്തുള്ള ആദ്യസമാഗമത്തെ സലില്‍ ചൗധരി ഒരു കുറിപ്പില്‍ ഇങ്ങനെ വിവരിക്കുന്നു: '1949-ല്‍ ഒരുദിവസം കല്‍ക്കത്തയിലെ ഇന്ദ്രറോഡിലുള്ള ഹേമന്ത്ദായുടെ വീട് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴേക്കും എന്റെ ഇപ്റ്റ ഗാനങ്ങള്‍ ഏറെ ജനകീയമായിത്തീര്‍ന്നു. കണ്ടനേരം അദ്ദേഹം എന്നോടു പറഞ്ഞു: 'ഈ പാട്ടുകള്‍ ഒന്നും റെക്കോഡ് ചെയ്യേണ്ടവയല്ല. ഇനി വല്ല പാട്ടുകളുമുണ്ടെങ്കില്‍ ഞാന്‍ അവ പാടാം'- പക്ഷേ, എന്റെയടുത്ത് മറ്റു പാട്ടുകള്‍ ഇല്ലായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു. പിന്നീടു കാണാമെന്നു പറഞ്ഞു. പുതിയ പാട്ടുകളുടെ തീമുകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാന്‍. ഹേമന്ത്ദായുടെ വീടിന്റെ കോണിപ്പടികള്‍ പകുതിയോളം ഇറങ്ങിയപ്പോള്‍ പെട്ടെന്നൊരു പുതിയ പാട്ടിന്റെ പല്ലവി മനസ്സില്‍ ഓടിയെത്തി. അക്കാര്യം അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ എന്നെ തിരിച്ചുവിളിച്ചു. പാട്ടിന്റെ പകുതി കേട്ടപ്പോഴേ അദ്ദേഹം ആവേശഭരിതനായി. 'ഈ ഗാനം റെക്കോഡുചെയ്യാന്‍ പറ്റിയതാണ്. മുഴുവനാക്കിയാല്‍ ഇതു ഞാന്‍ റെക്കോഡ് ചെയ്യും.' അദ്ദേഹം പറഞ്ഞു. 'കോനോ ഏക് ഗായേര്‍ ബോധു' ഉണ്ടാകുന്നതിങ്ങനെയാണ്. ഞാന്‍ വീട്ടില്‍പോയി പാട്ടിന്റെ ബാക്കിഭാഗം ട്യൂണിട്ടു. രണ്ടുദിവസത്തിനുശേഷം വീണ്ടും ഹേമന്ത്ദായെ കാണാന്‍ പോയി. അന്നുരാത്രി 'യഷോദ ഭവന്‍' പോലീസ് റെയ്ഡ് നടത്തി. ഞാന്‍ സന്ദേഷ്‌കലി എന്ന സ്ഥലത്തേക്കു മാറിത്താമസിച്ചു. വീണ്ടും ഞാന്‍ ഒളിവില്‍ പോവുകയായിരുന്നു.'1949 ഓഗസ്റ്റില്‍ത്തന്നെ ഹേമന്ത്ദാ 'ഗായേര്‍ ബോധു...' പൂജാനമ്പര്‍ ആയി റെക്കോഡ് ചെയ്തു. പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷനും ഹേമന്ത്ദാ ആയിരുന്നു. റിലീസാവുന്നതിനു മുമ്പുതന്നെ പാട്ട് വലിയ ഹിറ്റായി മാറി. ഈ പാട്ടെഴുതി ഈണമിട്ടത് വെറും ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ള സലില്‍ദാ ആണെന്നത് ഏവരിലും അതിശയം പകര്‍ന്നു.

ഹേമന്ത്ദായും സുചിത് മിത്രയുമൊത്ത് ഗൗഹട്ടിയിലേക്കു നടത്തിയ ഒരു യാത്രയെക്കുറിച്ച് സലില്‍ ചൗധരി പറഞ്ഞിട്ടുണ്ട്. 'ഗൗഹട്ടിയിലെ ഒരു മീറ്റിങ്ങില്‍ കോട്ടണ്‍ കോളേജിലെ പ്രിന്‍സിപ്പല്‍, ഹേമന്ത്ദായുടെ ജീവിതത്തിലെ വഴിത്തിരിവായ 'ഗായേര്‍ ബോധു' സംഗീതം ചെയ്തത് സലില്‍ദാ ആണെന്നു വിശ്വസിക്കാന്‍ തയ്യാറായില്ല. അന്നത്തെ ആ സന്ദര്‍ഭത്തെ മറികടക്കാന്‍ സലിലിനെ സഹായിച്ചത് ഹേമന്ത്ദാ ആയിരുന്നു. പ്രിന്‍സിപ്പലിനെ ബോദ്ധ്യപ്പെടുത്തുവാന്‍ ഹേമന്ത്ദാ ഏറെ ശ്രമപ്പെട്ടു.' പിന്നീട് സലില്‍ദാ ചിട്ടപ്പെടുത്തിയ 'റണ്ണര്‍' എന്ന ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തത് ഹേമന്ത്ദാ ആയിരുന്നു. ഹേമന്ത്ദായുമൊത്തുള്ള മറ്റൊരു സമാഗമവേള സലില്‍ദായുടെ കുറിപ്പില്‍ കൂടുതല്‍ വ്യക്തമാകുന്നു: 'റണ്ണര്‍ പാടിക്കൊടുക്കുമ്പോഴേ ഓര്‍ക്കസ്‌ട്രേഷനെക്കുറിച്ച് ചില സൂചനകള്‍ ഞാന്‍ നല്‍കിയിരുന്നു. ബാക്കി അദ്ദേഹത്തിന്റെ സംഭാവനയാണ്. കാരണം ഞാന്‍ ആ സമയം ഒളിത്താവളങ്ങളിലായിരുന്നു. എന്റെ അസാന്നിദ്ധ്യത്തില്‍ റെക്കോഡുചെയ്യപ്പെട്ട ആ ഗാനം റിലീസായപ്പോഴേ സൂപ്പര്‍ഹിറ്റായി മാറി. 1950-ല്‍ ആ വര്‍ഷംതന്നെ എന്റെ രണ്ടു പാട്ടുകള്‍കൂടി ഹേമന്ത്ദാ പാടി. 'അബാക്ക് പ്രതിഭി,' 'ബിദ്രഹ ആജ്' എന്നിവയായിരുന്നു അവ. 1950-52 വര്‍ഷങ്ങളില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം കുറഞ്ഞു. അദ്ദേഹം ബോംബെയിലേക്കു പോയി. ഞാന്‍ ആ സമയത്ത് സത്യേന്ദ്രനാഥ്ദത്തയുടെ 'പല്‍കിര്‍ഗാന്‍' ചിട്ടപ്പെടുത്തുകയായിരുന്നു. മൂന്നുമാസത്തിലധികം സമയം വേണ്ടിവന്നു അതിന്. ഈ സമയത്തായിരുന്നു അച്ഛന്റെ വിയോഗം. വിവരം അറിഞ്ഞ ഉടനെത്തന്നെ എന്നെ വിളിച്ച് ഹേമന്ത്ദാ അനുശോചനം അറിയിക്കുകയുണ്ടായി. ബോംബെയില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനാകാന്‍ എന്നെ ക്ഷണിച്ചു. എന്നാല്‍ എനിക്ക് ബംഗാളി സിനിമയില്‍ നല്ല തിരക്കായതിനാല്‍ ഞാന്‍ ക്ഷണം നിരസിച്ചു.'

ബംഗാളില്‍ സലില്‍ദാ ആ സമയം കൂടുതല്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. ഇതിനിടയ്ക്ക് ഒരുദിവസം ഹേമന്ത്ദാ, സലില്‍ദായെ തേടിവന്നു. അപ്പോഴേക്കും 'പല്‍കിര്‍ഗാന്‍' വലിയ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഹേമന്ത്ദാ ആ ഗാനം കേട്ടു. പുതിയ ട്രെന്‍ഡുകള്‍ അംഗീകരിക്കാനുള്ള താത്പര്യം അദ്ദേഹത്തില്‍ കാണാമായിരുന്നു. ഇതു ബംഗാളി ആധുനികഗാനങ്ങളില്‍ പുതിയൊരു വഴിവെട്ടിത്തുറന്നു. ആ വര്‍ഷംതന്നെ സലില്‍ദാ, ദോ ബിഗാ സമീനുവേണ്ടി ബോംബെയിലേക്കു പോയി. അതിലെ ഗാനങ്ങള്‍ ലതയും റഫിയും മന്നാഡെയും ആയിരുന്നു പാടിയത്. ഈ ഗാനങ്ങള്‍ ഹേമന്ത്ദായുടെ ശബ്ദത്തിനു യോജിച്ചതല്ലായിരുന്നു എന്നാണ് സലില്‍ദാ അഭിപ്രായപ്പെട്ടത്. ഹേമന്ത്ദായ്ക്ക് അതു ബോദ്ധ്യപ്പെടുകയും ചെയ്തു. സലില്‍ദായുടെ രണ്ടാമത്തെ സിനിമയായ ബിമല്‍റോയുടെ ബിരജ് ബഹുവില്‍ നായകനുവേണ്ടിയുള്ള നാലുഗാനങ്ങളും പാടിയത് ഹേമന്ത്ദാ ആയിരുന്നു. പിന്നീട് സിനിമയില്‍ തിരക്കായതിനാല്‍ ഇരുവരും ബോംബെയിലേക്കു പോയി. എപ്പോള്‍ കണ്ടാലും ഹേമന്ത്ദാ, സലിലിനെ ഇങ്ങനെ ഓര്‍മ്മിപ്പിക്കും-'സലില്‍, പൂജയ്ക്കുള്ള ഒരു ഗാനം നിങ്ങള്‍ കംപോസ് ചെയ്യണം.' രണ്ടുവര്‍ഷത്തിനുശേഷം സലില്‍ദായുടെ സംഗീതത്തില്‍ ഹേമന്ത്ദാ വീണ്ടും ഗാനങ്ങള്‍ ആലപിച്ചു. 'പാതേ എബാര്‍ നാമോ സാഥി'യും 'ദിതാംഗ് ദിതാംഗ് ബോലേ'യും. പിന്നീട് കുറെക്കാലത്തേക്ക് ഇരുവരും ചേര്‍ന്നുള്ള പൂജാനമ്പറുകള്‍ വന്നുകൊണ്ടേയിരുന്നു.

സലില്‍ദായും ഹേമന്ത്ദായും തമ്മിലുള്ള ബന്ധത്തിന് ചെറിയ രീതിയിലെങ്കിലും ഉലച്ചില്‍തട്ടുകയുണ്ടായി. അതിനുപിന്നില്‍ സ്ഥാപിതതാത്പര്യക്കാരുടെ ഒരു ശൃംഖലതന്നെയുണ്ടായിരുന്നു. സലില്‍ദാ എഴുതിയ ഹേമന്ത്ദാ അനുസ്മരണക്കുറിപ്പില്‍നിന്ന്: 'ആളുകള്‍ ഞങ്ങളെ തെറ്റിക്കാന്‍ ശ്രമിച്ചു. അവരതില്‍ വിജയിക്കുകയും ചെയ്തു. 'എന്റെ പാട്ടുകള്‍ ഇല്ലെങ്കില്‍ ഹേമന്ത്ദാ പോപ്പുലര്‍ ആവുകയില്ലെന്ന്' ഞാന്‍ പറഞ്ഞെന്ന് പലരും അദ്ദേഹത്തോടു നുണപറയുകയായിരുന്നു.

ഹേമന്ത്ദാ എന്നെക്കുറിച്ചും ഇതുതന്നെ പറഞ്ഞുവെന്ന് എന്നോടും ഇവര്‍ നുണകള്‍ നിരത്തി. ഇതു പിന്നീട് തെറ്റിദ്ധാരണയായി വളരുകയായിരുന്നു. ഒരുദിവസം ഞാന്‍തന്നെ ഇക്കാര്യം ഹേമന്ത്ദായുടെ മുന്നില്‍വെച്ചു. ഞങ്ങള്‍ തമ്മിലുള്ള പിണക്കത്തിന്റെ മഞ്ഞുമല അലിഞ്ഞില്ലാതായി. പിന്നീട് രണ്ടു പാട്ടുകള്‍ക്ക് സ്വരം പകരാന്‍ അദ്ദേഹം എന്റെ കൂടെനിന്നു. 'അമായ് പ്രൊശ്‌നോകരേ', 'ഷോണോ കോനോ ഏക്ദിന്‍' എന്നീ രണ്ടു ഗാനങ്ങള്‍ വളരെ പ്രശസ്തമായി. റെക്കോഡിങ് സെഷനുശേഷം ഹേമന്ത്ദാ എന്നെ വിളിച്ചഭിനന്ദിച്ചു. 'സലില്‍, എന്റെ ഹൃദയത്തിന്റെ ഭാവങ്ങള്‍ക്ക് സ്വരം പകരുകയായിരുന്നു നിങ്ങള്‍.' ഹേമന്ത്ദായുടെ ഈ വാക്കുകള്‍ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.

ബോംബെയില്‍ തിരിച്ചെത്തിയപ്പോഴേക്കും സലില്‍ ചൗധരി വീണ്ടും തിരക്കിന്റെ ലോകങ്ങളില്‍ മുങ്ങി. ബംഗാളി സംഗീതത്തിനുവേണ്ടി കൂടുതല്‍ സമയം നീക്കിവെക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് എട്ടുവര്‍ഷത്തിനുശേഷം ഹേമന്ത്ദാ എനിക്കുവേണ്ടി പാടിയ പത്തോളം ഗാനങ്ങള്‍ റീറെക്കോഡിങ് ചെയ്യുകയുണ്ടായി. ബോംബെയില്‍ ഏറെ സിനിമാ തിരക്കായതിനാല്‍ ആ പാട്ടുകളുടെയെല്ലാം ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തത് സലില്‍ദായുടെ അസിസ്റ്റന്റായിരുന്ന സാമിര്‍സീല്‍ ആയിരുന്നു. 1980-ല്‍ വീണ്ടും ആറോളം ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'അനേക് ഗാനേ പഖി' എന്നൊരു ആല്‍ബം ഇരുവരുടെയും പേരില്‍ പുറത്തുവന്നു. ആ വര്‍ഷംതന്നെ ഹരാനേര്‍ നാഥ് ജമായ് എന്ന ബംഗാളി സിനിമയില്‍ സലിലിന്റെ സംഗീതത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഹേമന്ത്ദാ ഒരു ഗാനം ആലപിച്ചു. സഹോദരനിര്‍വ്വിശേഷമായ സ്‌നേഹം തനിക്ക് ഹേമന്ത്ദായുമായി ഉണ്ടായിരുന്നുവെന്ന് സലില്‍ദാ പറയുമായിരുന്നു.

സ്വന്തമായി സ്റ്റുഡിയോ നിര്‍മ്മിച്ചെടുത്തതില്‍ ഉണ്ടായ പാകപ്പിഴവുകളെക്കുറിച്ച് സലില്‍ദാ ഒട്ടും ബോധവാനായിരുന്നില്ല. ശരിക്കും സാമ്പത്തികനഷ്ടമുണ്ടാക്കിയ ഒരു സംരംഭംകൂടിയായിരുന്നു അത്. ഇതില്‍ വ്യാകുലപ്പെട്ട് ഹേമന്ത്ദാ, സലിലിന്റെ സുഹൃത്തുക്കളോട് എപ്പോഴും ചോദിക്കുമായിരുന്നു, 'ഇപ്പോള്‍ സലിലിന് എങ്ങനെയുണ്ട്? ബിസിനസ്സ് സലിലിനു പറ്റിയ ജോലിയല്ല. യഥാര്‍ത്ഥമായ ജോലിയില്‍ സദാ വ്യാപൃതനാവാന്‍ അദ്ദേഹത്തോടു പറയണം.' ഒരു ജ്യേഷ്ഠസഹോദരന്‍, തന്റെ കാര്യങ്ങളില്‍ ഉത്കണ്ഠാകുലനാകുന്നുവെന്നോര്‍ത്ത് സംഗീതത്തിന്റെ സ്‌നേഹവരമ്പുകളില്‍ തെന്നാതെ സഞ്ചരിക്കുവാന്‍ സലില്‍ദാ കൂടുതല്‍ ഔത്സുക്യം കാണിക്കുകയുണ്ടായി.

സലില്‍ ചൗധരി വെറുമൊരു സംഗീതജ്ഞന്‍ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യബോധമുള്‍ക്കൊള്ളുന്ന ഒരു സ്ഥാപനംകൂടിയായിരുന്നു. സംഗീതത്തിന്റെ സ്ഥലകാലയുഗ്മങ്ങളെ പുനഃസൃഷ്ടിക്കുകയും അതിന്റെ വേരുകള്‍ അന്വേഷിച്ചുപോവുകയും ചെയ്യുന്ന വിപ്ലവാത്മകമായ ബോധത്തിലൂന്നുന്ന സ്ഥാപനം എന്ന വിസ്തൃതമായ അര്‍ത്ഥമാണിതിനുള്ളത്. ചുരുക്കം ചില വിദേശയാത്രകളേ അദ്ദേഹം നടത്തിയിട്ടുള്ളൂ. സര്‍ഗ്ഗാത്മകമായ സാഹചര്യങ്ങള്‍ക്കു പിന്‍ബലമേകാനുതകുന്ന യാത്രകളായിരുന്നു ഇവയില്‍ ഭൂരിഭാഗവും. 1981-82 കാലഘട്ടത്തില്‍ നടത്തിയ അമേരിക്കന്‍ പര്യടനമായിരുന്നു ഇതില്‍ പ്രമുഖം. അമേരിക്കയില്‍വെച്ചു നടക്കേണ്ടുന്ന ഒരു റെക്കോഡിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഇത്. വൈവിദ്ധ്യമാര്‍ന്ന സംഘടനകളില്‍നിന്നു വന്ന ഗായകസംഘം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഉത്തരന്‍ എന്നുപേരുള്ള ആല്‍ബത്തിന് നിരവധി സവിശേഷതകള്‍ എടുത്തുകാണിക്കാനാവും. ഭാരതീയരായ ഗായകരുടെ സംഗീതാഭിരുചികളുമായി അമേരിക്കയിലെ സംഗീതോപകരണങ്ങളുമായി കൂട്ടിയിണക്കിയായിരുന്നു നവീനമാതൃകയില്‍ ഈ ആല്‍ബം ജനിക്കുന്നത്. വിദേശത്ത് റെക്കോഡ് ചെയ്യപ്പെടുന്ന സലില്‍ദായുടെ ആദ്യ ആല്‍ബംകൂടിയാണിത്. ക്വയര്‍ ശൈലിയിലുള്ള സംഗീതമായിരുന്നു മിക്ക പാട്ടുകളേയും വ്യത്യസ്തമാക്കിയത്. സലില്‍ദായുടെ ആലാപനത്തില്‍ ഒരു സോളോയും ആല്‍ബത്തിലെ സവിശേഷമായ അനുഭവമാണ്. ഈ ഗാനത്തിന്റെ കംപോസിങ് മുഴുവനും നടന്നത് അമേരിക്കയില്‍വെച്ചായിരുന്നു. ഇതിലെ പാട്ടുകള്‍ക്കൊപ്പം സലില്‍ദാ എഴുതി ആലാപനനേതൃത്വമേകിയ ഒരു ഗാനം പകര്‍ന്നുതരുന്ന സന്ദേശമിതായിരുന്നു. 'എൗൗേൃല ശ െവേല റശാലിശെീി വേമ േറലലേൃാശില ൊമിസശിറ.' അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഈ ആല്‍ബം ഒരു വലിയ വിജയമായിരുന്നു. വ്യക്തി, കവി, സംഗീതജ്ഞന്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന അടയാളങ്ങള്‍ സലില്‍ദായുടെ കൂടെയുണ്ട്. സാമൂഹ്യസംഗീതത്തിന്റെ ബോധം അങ്ങേയറ്റം ഉള്‍ക്കൊണ്ടയാളായിരുന്നു സലില്‍ദാ.

കുട്ടിക്കാലത്ത് സലില്‍ദാ നര്‍ത്തകന്‍ ഉദയശങ്കറിന്റെ ട്രൂപ്പിലെ അംഗമായിരുന്നു. യാത്രകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള സംഗീതം ശേഖരിക്കാനും കേള്‍ക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പലതരത്തിലുള്ള സംഗീതോപകരണങ്ങള്‍ മനസ്സിലാക്കി. സലില്‍ദായുടെ വാക്കുകളില്‍നിന്ന് അക്കാലത്തെ അദ്ദേഹത്തിന്റെ സംഗീതാഭിമുഖ്യം കൃത്യമായി അറിയാം: 'നമ്മുടെ പ്രാദേശിക സംഗീതത്തില്‍ത്തന്നെ അത്ഭുതപ്പെടുത്തുന്നതരത്തില്‍ ഹാര്‍മണിയും വലിയ വൈവിദ്ധ്യവും ഉണ്ട്. എത്രയോതരത്തിലുള്ള സംഗീതോപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ കാണാം. 'ടെറോടാലി' എന്നൊരു സംഗീതോപകരണം ഞാന്‍ കണ്ടിട്ടുണ്ട്. കുന്തത്തിന്റെ പോലെയുള്ള ഒരു വടിയെടുത്ത് അടിച്ചാല്‍ അതിലുണ്ടാകുന്ന പ്രത്യേകതരത്തിലുള്ള നാദം എന്നെ ഏറെ ആകര്‍ഷിച്ചു. ഇത്തരം കാഴ്ചകളും ശബ്ദങ്ങളും എന്നിലെ സംഗീതകാരനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. റൂമ (ഗുഹ തകുര്‍ത്ത) എന്റെ ആശയങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ച എന്റെ സഹപ്രവര്‍ത്തകയാണ്. യൂത്ത് ക്വയറിന് ലത, മുകേഷ്, ഹേമന്ത്, അനില്‍ ബിശ്വാസ്, ഗീതാദത്ത് എന്നിവരെയെല്ലാം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

'ഏക് സുത്രേ ബന്ധിയ'യില്‍ പാശ്ചാത്യസംഗീതത്തിന്റെ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ അത് അക്കാലത്ത് ആര്‍ക്കും അപരിചിതമായി തോന്നിയില്ല. സംഗീതത്തിന്റെ പ്രാദേശിക സ്വരൂപങ്ങളെക്കുറിച്ച് സലില്‍ ചൗധരിക്കുള്ള അവഗാഹം അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും അറിയാനാവും: 'ഫ്രാന്‍സിലെ ഡെബ്യൂസിയെക്കുറിച്ച് ഏതൊരു സംഗീതജ്ഞനും അറിയേണ്ടതുണ്ട്. അദ്ദേഹം പൗരസ്ത്യദേശത്തേക്ക് സംഗീതത്തിന്റെ അലങ്കാരങ്ങളും അറിവും അന്വേഷിച്ചുവന്നയാളാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ കടലിന്റെയും തിരമാലയുടെയും കടല്‍ക്കാറ്റിന്റെയുമെല്ലാം അദ്ഭുതകരമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.'

ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിലെ അതികായരായ സലില്‍ദായ്ക്കും ആര്‍.ഡി. ബര്‍മ്മനും രണ്ടു കാര്യങ്ങള്‍ പൊതുവായുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാട്ടില്‍ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ വൈവിദ്ധ്യവും സമൃദ്ധിയും ആണ് ഒരു സംഗതി. ഹിന്ദുസ്ഥാനി സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലുമുള്ള ആഴത്തിലുള്ള അറിവാണ് മറ്റൊന്ന്. വിഖ്യാത സംഗീതജ്ഞന്‍ നൗഷാദ് സലില്‍ദായെ വിലയിരുത്തുന്നതിങ്ങനെയാണ്: 'സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കംപോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്.' സംഗീതത്തിലെ ഏഴു സ്വരങ്ങളില്‍ ഒരെണ്ണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് സലില്‍ദായുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് നൗഷാദ് ഒരു കുറിപ്പെഴുതിയത് സംഗീതപ്രേമികളെ വിസ്മയിപ്പിച്ചു. സലില്‍ദാ എന്ന സംഗീതജ്ഞന്റെ മഹത്ത്വം ഒരു ചെറു കുറിപ്പിലൊന്നും രേഖപ്പെടുത്താനാവുന്നതുമല്ല.

നാട്ടീണങ്ങളുടെ വലിയ കടല്‍തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതമനസ്സ്. അതില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര മെലഡികളെല്ലാം പിറന്നുവീണത്. 'കംപോസര്‍മാരുടെ കംപോസര്‍' എന്ന് ലത അദ്ദേഹത്തെ വിശേഷിപ്പിച്ചത് വെറുതെയായിരുന്നില്ല. സ്വന്തം സംഗീതജീവിതത്തിന്റെ വിജയരഹസ്യം സലില്‍ദായുടെ വാക്കുകളില്‍ തെളിയുന്നത് ഇങ്ങനെയാണ്: 'സവിശേഷരീതിയിലുള്ള പാശ്ചാത്യ സംഗീതസങ്കേതം, ഹാര്‍മണിയുടെ ടെക്‌നിക് എന്റെ ആധുനിക കംപോസിഷനില്‍ എല്ലാം കാണാം.' സംഗീത സ്‌കോറുകളുടെ നിര്‍മ്മിതിക്കായി 40 piece orchestra ഉപയോഗപ്പെടുത്താറുണ്ടായിരുന്നു അദ്ദേഹം. മൂന്നിലൊന്ന് പ്രൊല്യൂഡ്, മൂന്നിലൊന്ന് ഇന്റര്‍ല്യൂഡ് ബാക്കി അടിസ്ഥാന ഈണം ഇങ്ങനെയായിരുന്നു ഒരു സലില്‍ദാ നമ്പര്‍. സലില്‍ദായുടെ പാട്ടുകളില്‍ ഒരു ഫോട്ടോഗ്രഫിക് മനസ്സിന്റെ സാന്നിദ്ധ്യമുണ്ടെന്നു കാണാം. പാട്ടിലൊരു തെളിമയുടെ പ്രകൃതിസ്വത്വത്തെ പ്രതിഷ്ഠിക്കുവാന്‍ അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചു. പശ്ചാത്തലസംഗീതത്തില്‍ അദ്ദേഹത്തിന്റെ വൈഭവം എടുത്തുപറയേണ്ടതുണ്ട്. അതിന്റെ സവിശേഷപ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണകളുണ്ടായിരുന്നു. 'പടിഞ്ഞാറന്‍നാടുകളില്‍ പാശ്ചാത്യസംഗീതവും ഗാനസംഗീതവും രണ്ടുതരത്തിലുള്ള ആളുകളാണ് ചെയ്യുന്നത്. പശ്ചാത്തലസംഗീതമെന്നത് ഒരു സ്‌പെഷ്യലൈസ്ഡ് ജോലിയാണ്. പിന്നെ അതില്‍ മാത്രം ഊന്നിക്കൊണ്ട് ഞാനെന്റെ കഴിവുതെളിയിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്?' സലില്‍ദായുടെ ഈ വാക്കുകളില്‍ ചെയ്യുന്ന കലയോടുള്ള ആത്മവിശ്വാസത്തിന്റെ അനുരണനങ്ങള്‍ കേള്‍ക്കാം. പശ്ചാത്തലസംഗീതത്തിന്റെ പ്രധാന്യത്തെ ഊന്നുന്ന പ്രസ്താവനകള്‍ പലപ്പോഴായി അദ്ദേഹത്തില്‍നിന്നുണ്ടായിട്ടുണ്ട്. 'കാണികളുടെ ശ്രദ്ധയെ ക്ഷണിക്കാനായി സവിശേഷമായ ഒരു രാഗത്തിന്റെ നിറങ്ങള്‍ പാട്ടില്‍ ചേര്‍ക്കാം. എന്നാല്‍ പശ്ചാത്തലസംഗീതത്തില്‍ ഇതിലല്ല കാര്യം. വീക്ഷണപരിപ്രേക്ഷ്യത്തെ ഉള്‍ക്കൊള്ളിക്കാനും അതേസമയം അല്ലാത്തവയെ പുറന്തള്ളുവാനും കഴിയുന്ന അബോധപരമായ ഒരു സ്വാധീനം പശ്ചാത്തലസംഗീതത്തിനു നിര്‍വ്വഹിക്കാനുണ്ട്.'

ഒരുകാര്യം ഉറപ്പാണ്. ഇത്രയധികം ഭാഷകള്‍ക്കുവേണ്ടി സംഗീതം നിര്‍വ്വഹിച്ച മറ്റൊരു സംഗീതകാരനുമുണ്ടാവില്ല. ഇന്ത്യയുടെ വലുതും വൈവിദ്ധ്യപൂര്‍ണ്ണവുമായ നാടോടി പാരമ്പര്യത്തെ ശ്രദ്ധാപൂര്‍വ്വം പാട്ടില്‍ സമന്വയിപ്പിക്കുകയായിരുന്നു സലില്‍ ചൗധരി. സംഗീതോപകരണങ്ങളുടെ സമൃദ്ധി, സിംഫണിക് ശൈലിയിലുള്ള ശബ്ദങ്ങളുടെ സാന്നിദ്ധ്യം എന്നിവയെല്ലാം സലില്‍സംഗീതത്തിന്റെ സവിശേഷതകളില്‍പ്പെടുന്നു. 1944-45 കാലഘട്ടത്തില്‍ത്തന്നെ സലില്‍ദാ ബംഗാളി ഗാനങ്ങള്‍ കംപോസുചെയ്യുകയും ആകര്‍ഷകമായ ത്രീപാര്‍ട്ട് ഹാര്‍മണി അവയില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. പാട്ടുകളെ അനുഗമിക്കുന്ന പ്രൊല്യൂഡ്, ഇന്റര്‍ല്യൂഡ്, പശ്ചാത്തലസംഗീതം എന്നിവയെ ഒരിക്കലും വേര്‍തിരിക്കാനാവില്ല. ഓരോ ഗാനവും ഓരോ പ്രത്യേക സംഗീതഭൂഖണ്ഡമായിത്തീരുന്നു. ചിന്തിക്കുന്ന മനുഷ്യന്റെ കംപോസര്‍ (Thinking man's Composer) എന്നു നിരൂപകര്‍ സലില്‍ദായെ വിശേഷിപ്പിക്കുന്നു.

Content Highlights: Salil Chowdhury, Biography, Dr. M.D Manoj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented