'പെട്ടി തുറന്നപ്പോള്‍ മുറിയില്‍ പ്രകാശം പരന്നു':ഒരു ഉള്‍ഗ്രാമത്തില്‍ നാഗമാണിക്യം തേടിപ്പോയ കഥ


സലിം തൊടുകയില്‍

മലവേടന്മാരെന്നു പറഞ്ഞ ടീം ഒരു പെട്ടി എടുത്തു. ഇതിന്റെ കാഴ്ച നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുമോ എന്നു ചോദിക്കുന്നുണ്ടായിരുന്നു. അതൊന്നും പ്രശ്നമല്ലെന്നു ഞാന്‍ പറഞ്ഞു

പ്രതീകാത്മക ചിത്രം/ കടപ്പാട് എ.പി

അമൂല്യങ്ങളായ രത്നങ്ങളെയും കല്ലുകളെയും മുത്തുകളെയും കുറിച്ചുള്ള പഠനശാഖയാണ് ജെമ്മോളജി. കേരളത്തില്‍ ഈ രംഗത്തെ അപൂര്‍വം വിദഗ്ധരിലൊരാളാണ് സലിം തൊടുകയില്‍. കല്ലുകളുടെ മൂല്യനിര്‍ണയത്തിനായി നിരവധി ഭൂഖണ്ഡങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സലിമിന് യാത്രകള്‍ക്കുള്ള ഒരു മാര്‍ഗം കൂടിയാണ് ഈ പ്രൊഫഷന്‍. ആഭ്യന്തരയുദ്ധങ്ങള്‍ തുടര്‍ക്കഥയായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയക്കും നിഗൂഢതകളുറങ്ങുന്ന ആഫ്രിക്കന്‍ വന്‍കരയിലേക്കും ആമസോണ്‍ കാട്ടിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്കുള്ളിലെ ഗ്രാമപ്രദേശങ്ങളിലേക്കുമൊക്കെ സലിം നടത്തിയ കൗതുകകരവും സാഹസികവുമായ യാത്രകളുടെ ഓര്‍മകളാണ് രത്നാടനം എന്ന പുസ്തകത്തിന്റെ പ്രമേയം. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ 'നാഗമാണിക്യം' തേടി പോയ രസകരമായ അനുഭവം വായിക്കാം.

കുതിരപ്പാണ്ടിയുടെ നാഗമാണിക്യം

ഇന്നലെ ഞാന്‍ വീണ്ടും കുതിരപ്പാണ്ടിയെ സ്വപ്നം കണ്ടു. അപ്പോഴാണ് ആ കാര്യം ഞാന്‍ താങ്കളോട് പറഞ്ഞില്ലല്ലോ എന്നോര്‍ത്തത്. അത് രസകരമായൊരു അനുഭവമായിരുന്നു. ഒരുപാടുപേര്‍ നിരന്തരം തട്ടിപ്പിനിരയാവുന്ന ഒരു കാര്യംകൂടി ഇതിനു പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇത് എല്ലാവരും അറിഞ്ഞിരിക്കുന്നതും നല്ലതാണെന്നു തോന്നുന്നു.

ഞാന്‍ രത്നങ്ങളെക്കുറിച്ചൊക്കെ പഠിച്ച് മൂല്യനിര്‍ണയം തുടങ്ങിയ കാലം, ഒരു കൂട്ടുകാരന്‍ വഴിയൊരു ഓഫര്‍. തമിഴ്നാട്ടില്‍ മധുരയില്‍നിന്ന് മാറി ഒരിടത്ത് നാഗമാണിക്യം ഉണ്ട്. അതൊന്നു കാണണം. മൂല്യം നിശ്ചയിക്കണം. ങേ! നാഗമാണിക്യമോ? അങ്ങനെയൊരു രത്നത്തെപ്പറ്റി ഞാന്‍ പഠിച്ചിട്ടില്ല, കണ്ടിട്ടുമില്ല. എന്നാല്‍ അതെന്താണെന്ന് ഒന്ന് അറിയാമല്ലോ. ഞാന്‍ ഓ.കെ. പറഞ്ഞു. സജന്‍ എന്ന സുഹൃത്താണ് എന്നെ ബന്ധപ്പെട്ടത്. ഞാനും അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തും കൂടി കാറുമായി മധുരയ്ക്കു വിട്ടു. മൂന്നാര്‍ വഴി തമിഴ്നാട്ടില്‍ കടന്നു. മധുരയില്‍ രാത്രി പത്തുമണിയോടെയാണ് എത്തിയത്. ചെറിയൊരുറക്കം പാസാക്കി പുലര്‍ച്ചെ നാലുമണിക്കുതന്നെ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. കാറില്‍ പാതിമയക്കത്തില്‍ ഇരിക്കുമ്പോള്‍ ചുറ്റും തീപ്പന്തങ്ങളും കോലങ്ങളും ഉത്സവലഹരിയില്‍ ആറാടുന്ന ജനങ്ങളേയും കണ്ടതോര്‍മയുണ്ട്. അത്തരമൊരു അന്തരീക്ഷത്തിലൂടെയാണ് ആ വിദൂര ഗ്രാമത്തിലെത്തിയത്. കുതിരപ്പാണ്ടിയുടെ ഫാംഹൗസില്‍ വണ്ടി നിന്നു. കപ്പടാമീശ, നല്ല എണ്ണക്കറുപ്പു നിറം. മുണ്ട് ഉടുത്ത് അരയില്‍ വീതിയുള്ള ഒരു പച്ചബെല്‍റ്റ്. എളിയില്‍ തിരുകിയ കഠാരയുടെ അറ്റം പുറത്തേക്കു കാണാം. കുതിരപ്പാണ്ടി പുറത്തേക്ക് ഇറങ്ങിവന്നപ്പോള്‍ ത്തന്നെ ചങ്കൊന്നു പാളി. തമിഴ് സിനിമയിലെ പക്കാവില്ലന്‍ ലുക്ക്.

ഞങ്ങളെ വീട്ടിനുള്ളില്‍ കയറ്റിയിരുത്തി. കുതിരപ്പാണ്ടി പറഞ്ഞു, 'അല്‍പ്പം കാത്തിരിക്കണം. മലവേടന്മാര്‍ നാഗമാണിക്യവുമായി മലയിറങ്ങി വരണം. ഇന്നലെ ഉത്സവമായതുകൊണ്ട് എല്ലാവരും അതിന്റെ ക്ഷീണത്തിലാണ്. എന്തായാലും വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ വരട്ടെ.'
'ശരി, അപ്പോഴേക്കും ഞങ്ങളൊന്നു കറങ്ങിവരാം.'

ഞങ്ങള്‍ ആ ഗ്രാമത്തിലൂടെ ഒന്നു കറങ്ങി, വഴിയില്‍ ഒരു ചായ കുടിച്ചു. തിരിച്ചെത്തിയതും കുതിരപ്പാണ്ടി പറഞ്ഞു: 'സംഗതി കൊണ്ടുവന്നിട്ടുണ്ട്. ഞാന്‍ അവരെ വിളിക്കാം.'
രണ്ടു മൂന്ന് ആജാനുബാഹുക്കള്‍. കൂടെ ഒരു പെണ്ണും. അവള്‍ കാണാന്‍ മോഡേണ്‍ ആണെങ്കിലും എവിടെയോ ഒരു പഴയ ലുക്കും ഉണ്ട്. മൂക്കുത്തിയൊക്കെയിട്ടിട്ടുണ്ട്. നല്ല തമിഴില്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി. മൊത്തത്തില്‍ ഒരു നാടകീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം തോന്നി. എന്തായാലും സംഗതി കാണട്ടേന്ന് ഞാന്‍ പറഞ്ഞു. ശരി, ഒരാളെ കാണിക്കാം എന്നവര്‍. പോരാ, രണ്ടു പേരെയെങ്കിലും കാണിക്കണം എന്നു ഞാനും.

അങ്ങനെ ആ കുടിലിനകത്തേക്ക് കൊണ്ടുപോയി. അകത്ത് ഇരുട്ടാണ്. ഞങ്ങളെ ഒരു കട്ടിലില്‍ ഇരുത്തി. മലവേടന്മാരെന്നു പറഞ്ഞ ടീം ഒരു പെട്ടി എടുത്തു. ഇതിന്റെ കാഴ്ച നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുമോ എന്നു ചോദിക്കുന്നുണ്ടായിരുന്നു. അതൊന്നും പ്രശ്നമല്ലെന്നു ഞാന്‍ പറഞ്ഞു. വളരെ ഭവ്യതയോടെ അവര്‍ പെട്ടി എടുത്തു. ഒരു പുണ്യകര്‍മം ചെയ്യുമ്പോലെ പ്രാര്‍ഥനയും ചടങ്ങുകളും. ആകെ ഒരു അഭിനയം എനിക്ക് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ പെട്ടി തുറന്നു, അതില്‍ നിന്നൊരു പ്രകാശം മുറിയില്‍ പരന്നു. പെട്ടി അടച്ചപ്പോള്‍ അണഞ്ഞു.

'ഇങ്ങനെ കണ്ടാല്‍ ശരിയാവില്ല. രത്നങ്ങള്‍ എപ്പോഴും സൂര്യനുമായും ചന്ദ്രനുമായും ബന്ധപ്പെട്ടിരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ സൂര്യപ്രകാശത്തില്‍ എന്റെ കൈവെള്ളയില്‍ വെച്ച് എനിക്ക് കാണണം, പരിശോധിക്കണം,' ഞാന്‍ പറഞ്ഞു. അത് പറ്റില്ലെന്ന് അവരും.
'അപ്പോള്‍ ശരി, ഞങ്ങള്‍ വിട്ടേക്കാം' എന്നു പറഞ്ഞതും ആ പെണ്ണ് ഇടപെട്ടു.

'കൊടുക്കൂ, അദ്ദേഹം നോക്കട്ടെ.' അങ്ങനെ വീണ്ടും കുറേ ഭവ്യനാടകത്തോടെ അവരാ വിശിഷ്ടമാണിക്യം എന്റെ കൈവെള്ളയില്‍ വെച്ചുതന്നു. അതേ ഭവ്യതയോടെ ഞാന്‍ അത് സ്വീകരിച്ചു. എന്റെ കൈയിലെ ഈജിപ്ഷ്യന്‍ ലെന്‍സ് എടുത്തു. അതിലൂടെ നോക്കി. ഹ... ഹ... എനിക്ക് ഉള്ളില്‍ ചിരി വന്നു. സംഗതി മീന്‍ഗുളികയാണ്. അതിന്റെ ഉള്ളിലെ ബബിള്‍സും, മേലെ പതിഞ്ഞ വിരലടയാളങ്ങളുമെല്ലാം കാണാം. പക്ഷേ, സംഗതി വിളിച്ചുപറഞ്ഞാല്‍ ചിലപ്പോ ജീവന്‍ അപകടത്തിലാവും. ചുറ്റും നില്‍ക്കുന്ന ഭീമശരീരങ്ങളെ ഒന്നു നോക്കി. ഞാന്‍ പറഞ്ഞു,
'കൊള്ളാം, പക്ഷേ, അഡ്വാന്‍സ് കൊടുക്കാനായി കൊണ്ടുവന്ന പണം ലോഡ്ജിലാണുള്ളത്. അവിടെ പോയി എടുത്ത് വരാം.'

'ഓ, അത് കുഴപ്പമില്ല, ഇതാ പതിനായിരം, ഞാന്‍ തരാം. തല്‍ക്കാലം അത് കൊടുക്ക്,' ആ പെണ്ണ് അവളുടെ മടിക്കുത്തില്‍നിന്ന് പണമെടുത്തു നീട്ടി പറഞ്ഞു.
ഞാന്‍ പറഞ്ഞു, 'അത് ശരിയാവില്ല. പണം ഞങ്ങള്‍ തന്നെ കൊണ്ടുവന്നിട്ടുണ്ട്. ലോഡ്ജ് വരെ ഒന്നു പോയാല്‍ മതി.'
എന്നാല്‍ ശരി, ഞങ്ങളും വരാം എന്നവര്‍.

'ആയ്ക്കോട്ടെ.' ലോഡ്ജിന്റെ പേര് തെറ്റായി പറഞ്ഞുകൊടുത്ത് ഞങ്ങള്‍ വണ്ടിയില്‍ കയറി അടിച്ചുവിട്ടു. കാറില്‍വെച്ച് ഞാന്‍ സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. വണ്ടി 100-110 ല്‍ കത്തിച്ചുവിട്ടു. നേരേ ലോഡ്ജില്‍ എത്തി. ഒരാള്‍ ബില്‍ സെറ്റില്‍ ചെയ്തു. ബാക്കിയുള്ളവര്‍ മുറിയില്‍നിന്ന് സാധനങ്ങള്‍ വാരിക്കെട്ടി കാറിലെത്തിച്ചു. പിന്നെ ഒറ്റവിടലാ. മൂന്നാര്‍ എത്തിയിട്ടേ തിരിഞ്ഞുനോക്കിയുള്ളൂ എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.

ഇതേതരത്തിലുള്ള തട്ടിപ്പില്‍ വിവരവും വിദ്യാഭ്യാസവും ഉള്ള ഒട്ടേറെ പേര്‍ കുടുങ്ങിപ്പോവുന്നുണ്ടെന്നതാണ് വളരെ ഖേദകരം. ഇറിഡിയം എന്ന പേരിലാണ് മറ്റൊരു തട്ടിപ്പ്. ക്ഷേത്രഗോപുരത്തിനു മുകളിലുള്ള ചെമ്പിലും പിത്തളയിലും ഉണ്ടാക്കിയ സര്‍പ്പരൂപങ്ങളില്‍ കാലാകാലമായി ഇടിയും മിന്നലും ഏറ്റ് പ്രത്യേക ലോഹമായി മാറുമെന്നും ഇതിന് കോടികള്‍ ലഭിക്കുമെന്നും പറയും. അത് വില്‍ക്കാനുള്ള പ്രാരംഭച്ചെലവുകള്‍ക്കായി ലക്ഷങ്ങള്‍ വേണം എന്നു പറഞ്ഞാണ് പലരില്‍നിന്നായി പണം പിടുങ്ങുന്നത്. ഇത്തരം പണം കിട്ടുന്ന ഏര്‍പ്പാടാണെങ്കില്‍ അത് നേരിട്ടങ്ങ് ചെയ്ത് പണക്കാരനായി മാറിയാല്‍ പോരേ എന്നൊന്നും ആരും ചിന്തിക്കില്ല. ബ്രെയിന്‍വാഷില്‍ പലരും വീണുപോവുന്നു. ഈ ലോഹം അരി ചാടിപ്പിടിക്കുമെന്നും അവര്‍ പറയും. അരിയില്‍ ഇരുമ്പു പൊടി പുരട്ടി അതില്‍ കാന്തം വെച്ച സര്‍പ്പരൂപങ്ങള്‍ കാണിച്ച് പാവങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യും. ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നതു കാണുമ്പോഴാണ് പാവം മാനവഹൃദയം എന്ന് പറഞ്ഞുപോവുന്നത്.

Content Highlights: Ratnadanam, Salim Thodukayil, Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented