സല്‍പ്പേര് പോകുമെന്ന് ഭയന്ന് രാമന്‍ സീതയെ ത്യജിച്ചു; രാമന്റെ ജീവിതം സീതയുടെ ദാനവും!


ഡോ. കെ.എസ് രാധാകൃഷ്ണന്‍

സീതയെ അതിര്‍ത്തി കടത്തി ആശ്രമത്തിന്റെ പരിസരത്തു തള്ളുക എന്നത് ലക്ഷ്മണന്റെ കഠിനപരീക്ഷയായിരുന്നു. നല്ല വേഗമുള്ള കുതിരകളെ പൂട്ടിയ രഥമൊരുക്കാനും സീതയ്ക്ക് ഇരിക്കാനായി നല്ല വിരിപ്പു വിരിക്കാനും ലക്ഷ്മണന്‍ പറഞ്ഞു. അത് രാജകല്പനയാണെന്നുകൂടി ചേര്‍ക്കുകയും ചെയ്തു.

വര: മദനൻ

ഡോ. കെ.എസ് രാധാകൃഷ്ണന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രാമായണം മുനഷ്യകഥാനുഗാനം എന്ന പുസ്തകത്തില്‍നിന്നും ഒരു അധ്യായം.

സീതയുടെ അഗ്‌നിപരീക്ഷയില്‍ ഏറ്റവും വലിയ വെല്ലുവിളി ഏറ്റെടുത്തത് രാമനായിരുന്നു. ലക്ഷ്മണന്‍ സീതയുടെ അഭീഷ്ടമനുസരിച്ച് രാമന്റെ അനുജ്ഞയോടെ ഒരുക്കിയ അഗ്‌നികുണ്ഡത്തില്‍ രാമന്‍ ഹോമിച്ചത് രാമന്റെ ജീവിതംതന്നെയായിരുന്നു. അഗ്‌നി ചിതയെ വകഞ്ഞുമാറ്റി ജനകാത്മജയെ എടുത്തുകൊണ്ട് എഴുന്നേറ്റു. വൈദേഹിയെ രാമനു നല്‍കി. മനസ്സ്, വാക്ക്,ബുദ്ധി, കര്‍മ്മം ഇവകൊണ്ടൊന്നും സീത കളങ്കിതയല്ല. അപാപയായ സീതയെ അഗ്‌നി രാമനു നല്‍കി. രാമനില്‍ മനസ്സൂന്നിയവളായി സീത ഉറച്ചുനിന്നു. മൂന്നു ലോകങ്ങളിലും അപാപയാണ് സീതയെന്നു തനിക്കറിയാമായിരുന്നു. പക്ഷേ, പരിശുദ്ധി തെളിയിക്കാതെ ജാനകിയെ സ്വീകരിച്ചാല്‍ താന്‍ ബാലിശനും കാമാത്മാവുമാണെന്നു ലോകം വിധിയെഴുതും. ലോകത്രയത്തിന്റെ വിശ്വാസം ഉറപ്പിക്കാനായിട്ടാണ് അഗ്‌നിപ്രവേശത്തിന് ഒരുങ്ങിയ സീതയെ തടയാതിരുന്നത്. അഗ്‌നിക്കുപോലും മൈഥിലിയെ സ്പര്‍ശിക്കാന്‍ കഴിയില്ല എന്നു തനിക്ക് അറിയാമായിരുന്നു. അഗ്‌നിയില്‍ പ്രഭയെന്നപോലെ സീത തന്നില്‍നിന്നു വേര്‍തിരിയാതെ നില്‍ക്കുന്നു. സീത തന്റെ പ്രാണരക്ഷകയാണ് എന്നും രാമന്‍ പറഞ്ഞു.

സീതയുടെ അഗ്‌നിപരീക്ഷ ലോകത്തെ വിസ്മയിപ്പിച്ചു. സീതയുടെ ചാരിത്ര്യവ്രതം ഭൂമിയിലെ സ്ത്രീകളുടെ യശസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് ആകാശദേശത്തുനിന്നും ആ സംഭവത്തിന് സാക്ഷ്യംവഹിച്ചുവെന്നു കവി സങ്കല്പിച്ച ദശരഥന്‍ പറഞ്ഞത്. സ്ത്രീശക്തിയുടെ ഗരിമ ലോകം തിരിച്ചറിഞ്ഞതും സീതയിലൂടെയാണ്. മഹത്ത്വത്തിലേക്ക് കടന്നുകയറാന്‍ വീരസാഹസികകൃത്യങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. മറിച്ച് അവനവനു ലഭിക്കുന്ന കര്‍മ്മമണ്ഡലത്തില്‍ സത്യസന്ധമായി കര്‍മ്മം ചെയ്താല്‍ മാത്രം മതി എന്ന് സീത തെളിയിച്ചു. ക്ഷത്രിയനായ രാമന്‍ നടത്തിയ ഉദ്യമങ്ങള്‍ എത്രയ്ക്ക് വീരോചിതമായിരുന്നു. മാനുഷനായ രാമന്‍ മനുഷ്യനു കടന്നുചെല്ലാന്‍ കഴിയുന്നതും അമാനുഷികമെന്ന് വിശേഷിപ്പിക്കാവുന്നതുമായ കര്‍മ്മമേഖലകള്‍ വിസ്മയകരാംവിധം ആത്മശക്തികൊണ്ട് വികസിപ്പിച്ചു. രാമന്‍ ചെയ്ത കര്‍മ്മങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവിശ്വസനീയം എന്നുവരെ തോന്നാവുന്നവിധം അമാനുഷമായിരുന്നു. ഒരു പദവിയും സീത വഹിച്ചിട്ടില്ല. രാമപത്നി എന്ന പദവി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജനകന്റെ പുത്രിയും ഭൂമിയുടെ മകളുമായ സീത അയോനിജയായി ജനിച്ച ഒരു അനാഥയായിരുന്നു. പക്ഷേ, അവളെ പ്രാണനെക്കാള്‍ പ്രിയം നല്‍കി ജനകനും ഭാര്യയും വളര്‍ത്തി. പരമയോഗ്യന് മകളെ നല്‍കണമെന്നു കരുതിയാണ് വീരശുല്ക്കം ഏര്‍പ്പെടുത്തിയത്. സീത സ്വയംവരത്തില്‍ രാമനെ വരിച്ചു. ജനകന്റെ പുത്രി, ഭൂമിയുടെ മകള്‍, രാമന്റെ പത്നി. ഇത്രയുമായിരുന്നു സീതയുടെ പദവികള്‍.

രാമന്‍ വീരസാഹിസകകൃത്യങ്ങള്‍ തന്നെയാണ് അസ്ത്രമെടുത്തു യാഗരക്ഷയ്ക്കായി വിശ്വാമിത്രനൊപ്പം ഇറങ്ങിത്തിരിച്ചതിനു ശേഷം ചെയ്തത്. താടകാവധം മുതല്‍ അതു തുടങ്ങി. രാവണവധത്തില്‍ അവസാനിച്ചു. ഇതിനിടയില്‍ ശൈവചാപം ഒടിച്ചു ലോകത്തെ വിസ്മയിച്ചുകൊണ്ടാണ് സീതയെ നേടിയത്. ചുണ്ടിനും കപ്പിനുമിടയില്‍ രാജ്യാഭിഷേകം മുടങ്ങിയപ്പോള്‍ രാജ്യം ത്യജിച്ചുകൊണ്ട് അച്ഛന്റെ സത്യപരിപാലനത്തിനായി കാനനവാസം സ്വയം തിരഞ്ഞെടുത്തതിലൂടെ ലോകത്തെ വിസ്മയിപ്പിച്ചു. ധൂളിരൂപത്തില്‍ അദൃശ്യയായി കിടന്നിരുന്ന അഹല്യയെ കണ്ടെത്തി
മോക്ഷം നല്‍കിക്കൊണ്ട് ആത്മീയചൈതന്യം പ്രകടിപ്പിച്ചു. ഭാര്‍ഗ്ഗവരാമന്റെ ദര്‍പ്പമടക്കിക്കൊണ്ട് അദ്ദേഹത്തെ പുണ്യപാപവിമുക്തനാക്കി. ഖരദൂഷണന്മാരെയും 14,000 സൈന്യത്തെയും മൂന്നേമുക്കാല്‍ നാഴികകൊണ്ട് ഒറ്റയ്ക്കു യുദ്ധം ചെയ്തു കൊന്നു. ആ വാര്‍ത്ത രാവണനെപ്പോലും വിസ്മയിപ്പിച്ചു. രാവണനും രാമനെ ഭയന്നിരുന്നു. അതുകൊണ്ടാണല്ലോ രാമനെ നേരിടാതെ സീതയെ മായാവിദ്യകൊണ്ടും ആള്‍മാറാട്ടംകൊണ്ടും ചതിപ്രയോഗത്തിലൂടെ അപഹരിച്ചത്. രാവണനെപ്പോലും വിറപ്പിച്ച ബാലിയെ വധിച്ചു. സമുദ്രലംഘനത്തിനായി സേതുബന്ധനം നടത്തി. വാനരസൈന്യത്തെക്കൊണ്ട് യുദ്ധം ചെയ്തു രാക്ഷസസൈന്യത്തെ മുച്ചൂടും മുടിച്ചു. ഒടുവില്‍ ദേവാസുര ഗന്ധര്‍വ്വയക്ഷ കിന്നരന്മാരാല്‍ അവധ്യനായ രാവണനെ വധിച്ചു.

രാമന്റെ ഈ വീരസാഹസകൃത്യങ്ങളെക്കാള്‍ സീതയുടെ അഗ്‌നിപ്രവേശം തിളക്കമാര്‍ന്നതായി. രാമപത്നി എന്ന പദവിയിലിരുന്നുകൊണ്ട് അനന്യഹൃദയയായി പാതിവ്രത്യം കാത്തുസൂക്ഷിച്ചുകൊണ്ട് മനസ്സും വാക്കും കര്‍മ്മവും ഭര്‍ത്താവില്‍ ഉറപ്പിച്ചുനിര്‍ത്തിയ സീത ആ മഹാവ്രതംകൊണ്ടുതന്നെ രാമനെക്കാള്‍ മികവുറ്റവളായി. തന്റെ ആത്മരക്ഷകയാണ് സീത എന്നു രാമന്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായത് അഗ്‌നിപരീക്ഷയിലൂടെ രാമപരിരക്ഷ നടത്തിയപ്പോഴാണ്. പദവിയുടെ വലിപ്പച്ചെറുപ്പങ്ങളല്ല ആ പദവിയില്‍ ഇരുന്നുകൊണ്ട് ഒരാള്‍ എന്തുചെയ്തു
എന്നതാണ് മഹത്ത്വത്തിനാധാരം. അതായത് പദവിയുടെ മഹത്ത്വമല്ല പദവി ഏതായാലും ആ പദവിയില്‍ ഇരുന്ന് ഒരാള്‍ അനുഷ്ഠിക്കുന്ന കര്‍മ്മമഹത്ത്വമാണ് ഏതൊരുവന്റെയും മഹത്ത്വത്തിന്റെ ആധാരം. പദവി വലുതായതുകൊണ്ടുമാത്രം അതു വഹിക്കുന്നവന്‍ വലിയവനാകില്ല. പദവി ഏതായാലും മഹത്തായ പണി ചെയ്താല്‍ ആ പദവി മാത്രമല്ല അതു ചെയ്യുന്നവനും മഹത്തായിത്തീരും താന്‍ ചെയ്തുകൂട്ടിയ വീരസാഹസിക കൃത്യങ്ങളെക്കാള്‍ സീത സ്വപ്രയത്നത്താല്‍ നേടിയ ആത്മശുദ്ധിയാണ് രാമനെയും രക്ഷിച്ചത്. ഈ അഗ്‌നിപരീക്ഷയാണ് സീതാമഹത്ത്വത്തെ ലോകത്തിനു മുമ്പില്‍ എത്തിച്ചത്. ആ മഹത്ത്വത്തിന്റെ പേരില്‍ സീത രാമനു മുന്നിലെത്തുകയും ചെയ്തു. ഈ അര്‍ത്ഥത്തില്‍ക്കൂടിയാണ് രാമായണം സീതാചരിതംകൂടിയാണെന്നു വാല്മീകി പറയുന്നത്.

രാവണവധത്തിനുശേഷം രാമന്‍ മടക്കയാത്രയില്‍ ഭരദ്വാജാശ്രമത്തിലെത്തി. വനവാസം ആരംഭിച്ചിട്ട് അന്ന് പഞ്ചമിതിഥിയില്‍ പതിനാലു വര്‍ഷം തികഞ്ഞിരുന്നു. ജടാധാരിയായി നന്ദിഗ്രാമില്‍ രാജ്യം ഭരിക്കുന്ന താപസനായ ഭരതന്‍ രാമനെ പ്രതീക്ഷിച്ചിരിക്കുന്നു. രാമദര്‍ശനം ഭരദ്വാജനില്‍ സങ്കടമുണര്‍ത്തി. രാജ്യത്തുനിന്നും പുറത്താക്കപ്പെട്ടവന്‍, രാജ്യം ത്യജിച്ചവന്‍, ഭോഗം വെടിഞ്ഞവന്‍ എന്നു കണ്ട രാമനോട് എന്തു വരമാണ് വേണ്ടതെന്ന് ഭരദ്വാജന്‍ ചോദിച്ചു. അകാലത്തും തന്റെ വഴിത്താരയിലെ വൃക്ഷങ്ങള്‍ ഫലസമൃദ്ധമായിത്തീരണം എന്നാണ് രാമന്‍ ആവശ്യപ്പെട്ടത്. അയോദ്ധ്യയിലെത്തി ക്ഷേമാന്വേഷണം നടത്തി തന്റെ ആഗമനം അറിയിക്കാന്‍ ഹനുമാനോട് രാമന്‍ പറഞ്ഞു. താന്‍ ലക്ഷ്യം നിറവേറ്റി സീതാലക്ഷ്മണസമേതം തിരിച്ചെത്തി എന്ന് അറിയിക്കാനും പറഞ്ഞു. ശീലംകൊണ്ട് മനുഷ്യര്‍ക്ക് ഭോഗവാസന വളരാവുന്നതാണ്. പതിനാലുവര്‍ഷം രാജ്യഭാരം വഹിച്ചതുകൊണ്ട് ഭൂമിയില്‍ അവനു താത്പര്യമുണ്ടെങ്കില്‍ രാജ്യം അവന്‍തന്നെ ഭരിക്കട്ടെ. ഭരതന്റെ ഇംഗിതം അറിഞ്ഞുവരണമെന്നാണ് ഇംഗിതജ്ഞനായ മാരുതിയോട് രാമന്‍ പറഞ്ഞത്.

കൊട്ടാരത്തിലെ സിംഹാസനത്തില്‍ ആര്‍ഭാടപൂര്‍വ്വം കഴിയുന്ന രാജാവിനെയല്ല മാരുതി നന്ദിഗ്രാമില്‍ കണ്ടത്. ജടാവല്‍ക്കലധാരിയും ജിതേന്ദ്രിയനും ബ്രഹ്‌മര്‍ഷിതുല്യ തേജസ്സുറ്റവനുമായ ഭരതനെയാണ് മാരുതി കണ്ടത്. രാമവിയോഗദുഃഖത്താല്‍ പീഡിതനായ ഭരതനെയാണ് രാജ്യം ഭരിക്കുന്ന രാജാവിനെയല്ല മാരുതി കണ്ടത്. രാമസമാഗമമായി എന്ന സന്തോഷവാര്‍ത്ത പറഞ്ഞുകൊണ്ട് കഠിനദുഃഖത്തെ കൈവിടാനും മാരുതി ഭരതനോടു പറഞ്ഞു. രാമനെ എതിരേല്‍ക്കാന്‍ അയോദ്ധ്യ അണിഞ്ഞൊരുങ്ങി. പതിനാലു വര്‍ഷമായി അയോദ്ധ്യ ആനന്ദം അറിഞ്ഞിരുന്നില്ല. അയോദ്ധ്യ രാമാഗമനത്താല്‍ ആനന്ദത്തിലേക്കും ആഹ്ലാദത്തിലേക്കും തിരിച്ചെത്തി. ഭരതന്‍ സ്വയം രാമപാദുകങ്ങള്‍ എടുത്തു രാമപാദങ്ങളില്‍ ചേര്‍ത്തു. രാമന്‍ സൂക്ഷിക്കാനേല്പിച്ച രാജ്യം ആദരപൂര്‍വ്വം തിരിച്ചുനല്‍കി. ഭരതന്റെ ഭരണം അയോദ്ധ്യ സമ്പല്‍സമൃദ്ധമാക്കിയിരുന്നു. ഭണ്ഡാരം, ധാന്യപ്പുര, സൈന്യം, ഗൃഹം എന്നിവയെല്ലാം ഭരതഭരണകാലത്ത് പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ചു. അങ്ങ് വഹിക്കേണ്ട ഭാരം ഏറ്റെടുക്കാന്‍ താന്‍ അശക്തനാണ്. രാമന്‍ രാജ്യാഭിഷിക്തനാകണമെന്നും ഭരതന്‍ അപേക്ഷിച്ചു. ഗുഹന്‍ നല്‍കിയ വടക്ഷീരംകൊണ്ട് പതിനാലുവര്‍ഷം മുമ്പ് ഉണ്ടാക്കിയ ജടയെ ക്ഷുരകന്മാര്‍ വെട്ടിമാറ്റി മുടി ചീകിയൊതുക്കി. രാമന്റെ രാജവാഴ്ചയുടെ തുടക്കമായി. രാമന്‍ രഥത്തിലേറി. രഥത്തിന്റെ കടിഞ്ഞാണ്‍ ഭരതന്‍ പിടിച്ചു. ശത്രുഘ്നന്‍ വെണ്‍കൊറ്റക്കുട പിടിച്ചു. ലക്ഷ്മണനും വിഭീഷണനും വെണ്‍ചാമരം വീശി ഇരുപുറവും നിന്നു. സുഗ്രീവന്‍ ആനപ്പുറത്തേറിയെത്തി. രാമന്‍ അയോദ്ധ്യയില്‍ പ്രവേശിച്ചു. ജാംബവാന്‍, മാരുതി, വേദദര്‍ശി, ഋഷഭന്‍ എന്നീ നാലു വാനരന്മാര്‍ നാലു സാഗരങ്ങളില്‍നിന്നും ശേഖരിച്ച ജലംകൊണ്ട് രാമന്റെ അഭിഷേകം നടത്തി രാജാവാക്കി വാഴിച്ചു. ലക്ഷ്മണനായിരുന്നു യുവരാജാവ്. എന്നാല്‍ ഭരതനാണ് അതിനു യോഗ്യന്‍ എന്ന ലക്ഷ്മണന്റെ അഭിപ്രായം സ്വീകരിച്ച് ഭരതനെ യുവരാജാവാക്കി രാമന്‍ വാഴിച്ചു.

രാജ്യഭാരം ഏറ്റ രാമന്‍ തന്നെ സഹായിച്ചവരും തന്റെ കൂടെ എത്തിയവരുമായ എല്ലാവര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി അവരെ ആദരിച്ചു. രാമന്‍ സീതയുടെ കഴുത്തില്‍ അണിയിച്ച മുക്താഹാരം സീത രാമസമ്മതത്തോടെ ഹനുമാന്റെ കഴുത്തിലണിയിച്ചു. രാജാഭിഷേക ആഘോഷം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. പൗണ്ഡരീകം, അശ്വമേധം, വാജപേയം മുതലായ യജ്ഞങ്ങളും രാജാവായ രാമന്‍ യഥാവിധി അനുഷ്ഠിച്ചു. രാമരാജ്യം ഐശ്വര്യപൂര്‍ണ്ണമായിരുന്നു. രാമഭരണകാലത്ത് പ്രജകള്‍ ധര്‍മ്മം പാലിച്ചു ജീവിച്ചു. ഒരു രാജാവിനു ലഭിക്കാവുന്ന മഹാപ്രശംസയാണ് അയാളുടെ ഭരണകാലത്ത് പ്രജകള്‍ ധര്‍മ്മം ആചരിച്ചു ജീവിച്ചു എന്നത്. പ്രജാപരിപാലനം ധര്‍മ്മാനുഷ്ഠാനമായി മാറിയാല്‍ പ്രജകളും ധര്‍മ്മപരിപാലനത്തിലെത്തും. രാജാവ് എപ്രകാരമാണോ അപ്രകാരംതന്നെയായിരിക്കും പ്രജകളും. രാജാവ് ധര്‍മ്മനിഷ്ഠനായാല്‍ പ്രജകളും ധര്‍മ്മനിഷ്ഠരാകാതെ നിവൃത്തിയില്ലാതെവരും. രാജാവ് അധര്‍മ്മയാണെങ്കില്‍ പ്രജകളും ആഹ്ലാദപൂര്‍വ്വം അധര്‍മ്മം ചെയ്യും. പ്രജകള്‍ അവര്‍ക്ക് അര്‍ഹതയുള്ള രാജാവിനെയല്ല നേടുന്നത് രാജാവിനര്‍ഹമായ പ്രജകളെയാണ് ലഭിക്കുന്നത്. അതുകൊണ്ട് രാജാവ് ധര്‍മ്മനിരതനായിരിക്കണം എന്ന തത്ത്വം ഭാരതത്തിലെ ഭരണസംവിധാനത്തിന്റെ കാതലായി മാറിയതും ഓര്‍ക്കേണ്ടതാണ്.

രാമന്റെ രാജധാനിയില്‍ രാമനു ചുറ്റും ഉപഹാസകര്‍ത്താക്കള്‍ ഉണ്ടായിരുന്നു. രാജാവിനെ കഥ പറഞ്ഞു രസിപ്പിക്കലായിരുന്നു അവരുടെ പണി. കേട്ട കഥകളും കേള്‍ക്കാത്ത കഥകളും കേള്‍ക്കേണ്ട കഥകളും അവര്‍ രാജാവിനെ പറഞ്ഞുകേള്‍പ്പിച്ചു. അവരില്‍ ഒരുവനായിരുന്നു ഭദ്രന്‍. തന്നെക്കുറിച്ചും തന്റെ സഹോദരങ്ങളെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും പ്രജകള്‍ കണ്ടെത്തിപ്പറയുന്ന ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്ന് ഭദ്രനോടു രാമന്‍ ചോദിച്ചു. ജനങ്ങള്‍ പറയുന്നത് വസ്തുതാപരമായ കൃത്യതയോടെ തന്നെ അറിയിക്കണമെന്നു രാമന്‍ ശഠിച്ചു. സേതു നിര്‍മ്മിച്ചതും ലങ്കയിലെത്തി രാവണനെ വധിച്ചതും സീതയെ വീണ്ടെടുത്തതും നന്നായി. എന്നാല്‍ രാവണന്‍ ബലപ്രയോഗത്തിലൂടെ അപഹരിക്കപ്പെട്ടവളും രാവണനാല്‍ ഒക്കത്തു എടുത്തുവെച്ചുകൊണ്ട് പോകപ്പെട്ടവളും രാവണന്റെ അധീനതയില്‍ പാര്‍പ്പിക്കപ്പെട്ട ഒരുവളുമായി മഹാരാജാവ് സംഭോഗസുഖം അനുഭവിക്കുന്നതിന്റെ സാംഗത്യത്തില്‍ അവര്‍ സംശയാലുക്കളാണ്. രാജാവ് ചെയ്യുന്നതെന്തും നാട്ടുരീതിയും നാട്ടുനീതിയുമാകും. രാജാവിനെ പ്രജകള്‍ അനുസരിക്കുകയും ചെയ്യും. രാമന്‍ ചെയ്ത കാര്യം നാളെ നാട്ടുകാരാകെ അനുകരിച്ചാല്‍ രാജ്യത്ത് മര്യാദ മുടിയും. അതോടെ ധര്‍മ്മവാഴ്ചയില്ലാതാകും. അത് രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമാകും. ഈ ഒരു കാര്യം ഒഴികെ ബാക്കിയെല്ലാം നല്ല രീതിയിലാണെന്നാണ് ജനാഭിപ്രായമെന്നും ഭദ്രന്‍ പറഞ്ഞു.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

രാമന്‍ ശോകാകുലനായി. രാമന്‍ തന്റെ സഹോദരങ്ങളെ മൂന്നുപേരെയും വിളിച്ചുവരുത്തി. അയോദ്ധ്യയിലെ പൗരജനങ്ങളുടേതായ രാജ്യത്തെ താന്‍ പരിപാലിച്ചുപോരുന്നു. രാജ്യഭരണം ധര്‍മ്മനീതിയില്‍ അധിഷ്ഠിതമായിരിക്കണം എന്ന കാര്യത്തില്‍ തനിക്ക് നിര്‍ബ്ബന്ധമുണ്ട്. എന്നാല്‍ തന്റെ സീതയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു. അഗ്‌നിശുദ്ധി വരുത്തിയ സീത അപാപയും സദ്വൃത്തയും യശസ്വനിയുമാണെന്ന് തന്റെ അന്തരാത്മാവിനറിയാം. എന്നാല്‍ രാജാവായ തന്നെ സീതയെക്കുറിച്ചുള്ള അപവാദം ശോകാകുലനാക്കുന്നു. അപവാദം അകീര്‍ത്തികരമാണ്. രാജാവിനെ സംബന്ധിച്ചിടത്തോളം കീര്‍ത്തി വളരെ പ്രധാനപ്പെട്ട ഒന്നാണ്. കീര്‍ത്തിക്കായി താന്‍ പ്രാണന്‍ ത്യജിക്കാന്‍വരെ തയ്യാറാണ്. അപവാദം എന്നില്‍ ഭയം ജനിപ്പിക്കുന്നു. അപവാദഭയത്തില്‍നിന്നും രക്ഷനേടാന്‍ താന്‍ സഹോദരങ്ങളെയും സീതയെത്തന്നെയും ത്യജിക്കും. അതുകൊണ്ട് അടുത്ത പ്രഭാതത്തില്‍ സുമന്ത്രര്‍ തെളിക്കുന്ന തേരില്‍ കയറ്റി സീതയെ രാജ്യാതിര്‍ത്തി കടത്തി പരിത്യജിക്കുക. സീതയുടെ കാര്യത്തില്‍ യാതൊരാളും എന്നോട് എതിരുപറയരുത്. തന്റെ ആജ്ഞയ്ക്ക് എതിരു പറയുന്നവരെ രാജാവിന്റെ ശത്രുക്കളായി പരിഗണിക്കും. ഗംഗാനദിക്ക് അക്കരെ വാല്മീകിയുടെ ആശ്രമപരിസരത്ത് സീതയെ പരിത്യജിക്കുക. ഗംഗാതടത്തിലെ ആശ്രമങ്ങള്‍ കാണണമെന്ന് അവള്‍ തന്നോടു പറഞ്ഞിരുന്നു. അതും നടക്കട്ടെ. നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ രാമന്‍ രാജസദസ്സില്‍നിന്ന് എഴുന്നേറ്റ് അകത്തേക്കു പോയി.

രാജാവിന്റെ ഉത്തരവ് നടപ്പിലാക്കേണ്ട ബാദ്ധ്യത ലക്ഷ്മണനായിരുന്നു. അഗ്‌നിപരീക്ഷയ്ക്ക് തീക്കുണ്ഡം ഒരുക്കിയതും ലക്ഷ്മണനാണ്. മാരീചന്‍ വന്നപ്പോള്‍ സീതയുടെ പരിരക്ഷയേറ്റതും ലക്ഷ്മണനായിരുന്നു. സീതയുടെ കുത്തുവാക്കുകള്‍കൊണ്ട് ഹൃദയത്തില്‍ മുറിവേറ്റതും ലക്ഷ്മണനായിരുന്നു. സീതാവിരഹതാപത്താല്‍ വ്രണിതഹൃദയനായ രാമനെ സമാശ്വസിപ്പിച്ചതും ലക്ഷ്മണനായിരുന്നു. വിശ്വാമിത്രന്‍ വന്ന് യാഗരക്ഷയ്ക്കായി കൂട്ടിക്കൊണ്ടുപോയപ്പോള്‍ രാമനോടൊപ്പം ആയുധമേന്തി ഇറങ്ങിയതാണ്. അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ലക്ഷ്മണനാണ്. കൈകേയീസദനത്തിലേക്ക് താതനിയോഗപ്രകാരം എത്തിച്ചേരുമ്പോള്‍ കൂടെയുണ്ടായിരുന്നതും ലക്ഷ്മണനാണ്. അഭിഷേകം മുടങ്ങുകയും രാമന്‍ കാട്ടിലേക്കു പോകാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെക്കാനുള്ള ആജ്ഞ നല്‍കാനായി രാമനിയോഗത്താല്‍ നിയുക്തനായതും ലക്ഷ്മണനാണ്. രാമന്‍ പറയുന്നതെന്തും അനുസരിക്കുക എന്നതാണ് ലക്ഷ്മണശീലം. താന്‍ കെട്ടിക്കൊണ്ടുവരികയും തന്നെ വിശ്വസിക്കുകയും ചെയ്ത ഊര്‍മ്മിളയോട് ഒരു വാക്കുപോലും പറയാതെയാണ് ലക്ഷ്മണന്‍ വനവാസത്തിന് രാമനോടൊപ്പം ഇറങ്ങിപ്പോയതും.

സീതയെ അതിര്‍ത്തി കടത്തി ആശ്രമത്തിന്റെ പരിസരത്തു തള്ളുക എന്നത് ലക്ഷ്മണന്റെ കഠിനപരീക്ഷയായിരുന്നു. നല്ല വേഗമുള്ള കുതിരകളെ പൂട്ടിയ രഥമൊരുക്കാനും സീതയ്ക്ക് ഇരിക്കാനായി നല്ല വിരിപ്പു വിരിക്കാനും ലക്ഷ്മണന്‍ പറഞ്ഞു. അത് രാജകല്പനയാണെന്നുകൂടി ചേര്‍ക്കുകയും ചെയ്തു. വാല്മീകിയുടെ ആശ്രമം കാണണമെന്ന് ഭവതി പറഞ്ഞിരുന്നല്ലോ അതിനു രാജാവു തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന് ലക്ഷ്മണന്‍ സീതയെ അറിയിച്ചു. മുനിപത്നിമാര്‍ക്കു കൊടുക്കാനുള്ള സമ്മാനങ്ങളുമായി രാജപത്നി രഥത്തില്‍ കയറി. ആ യാത്രതുടങ്ങിയപ്പോള്‍ കണ്ട അശുഭനിമിത്തങ്ങള്‍ കണ്ട് സീതയ്ക്കു ഹൃദയഭയം തോന്നി. എല്ലാവര്‍ക്കും സുഖം വരുവാനായി അവള്‍ പ്രാര്‍ത്ഥിച്ചു. ഗംഗാനദി കണ്ടപ്പോള്‍ ലക്ഷ്മണന്‍ പൊട്ടിക്കരഞ്ഞു. യാത്രയില്‍ ഒന്നാംദിവസം രാത്രി ഗോമതീതീരത്തെ ആശ്രമത്തില്‍ കഴിഞ്ഞു. തന്നെ ഗംഗ കടത്തിയതിനുശേഷം മഹര്‍ഷിമാരെ കാണിച്ചുതരിക. ഒരു ദിവസം കഴിഞ്ഞാല്‍ തിരിച്ചുപോകാന്‍ കഴിയുമല്ലോ എന്നും സീത പറഞ്ഞു.

ഹൃദയഭാരം താങ്ങാന്‍ കഴിയാതെ ലക്ഷ്മണന്‍ നിന്നുലഞ്ഞു. തന്റെ ഹൃദയത്തില്‍ രാമന്‍ എയ്ത അസ്ത്രം തറച്ചിരിക്കുന്നു. മരണത്തെക്കാള്‍ മാരകമായ കൃത്യം നിര്‍വ്വഹിക്കാന്‍ രാജാവ് തന്നെ നിയോഗിച്ചിരിക്കുന്നു. രാജസദസ്സില്‍വെച്ച് രാജാവ് സീതയെക്കുറിച്ച് അപവാദം കേട്ടു. അതിനാല്‍ സീതയെ രാജാവ് വെടിഞ്ഞിരിക്കുന്നു. തന്റെ അച്ഛന്റെ ആത്മമിത്രമാണ് വാല്മീകിമഹര്‍ഷി. അവിടെ കഴിഞ്ഞുകൂടുന്നതില്‍ ആശ്വസിക്കാവുന്നതുമാണ്. അസഹ്യദുഃഖം മൂലം ബോധരഹിതയായി സീത നിലത്തുവീണു. തന്റെ ശരീരം ദുഃഖത്തിന്റെ ഉടല്‍രൂപമാണ്. ദുഃഖത്തിനു വസിക്കാനായി ഉണ്ടാക്കിയതാണ് തന്റെ ശരീരം. മുജ്ജന്മദുഷ്‌കൃതത്തെ സീത പഴിച്ചു. തന്റെ ശരീരത്തെ ഗംഗയില്‍ ഒഴുക്കാമായിരുന്നു. പക്ഷേ, ഗര്‍ഭിണിയായതുകൊണ്ട് അതിനും കഴിയില്ല. തന്നെ പരിത്യജിക്കാന്‍ സീത ലക്ഷ്മണനോടു പറഞ്ഞു. സീത പരിശുദ്ധയാണെന്ന് രാമന് അറിയാവുന്നതാണ്. യശോഗ്ലാനി ഭയന്നാണ് രാമന്‍ തന്നെ ഉപേക്ഷിക്കുന്നത്. ഭര്‍ത്താവിന്റെ യശസ്സ് സംരക്ഷിക്കുക ഭാര്യയുടെ ബാദ്ധ്യതയാണ്. തന്റെ ശരീരത്തെ ഓര്‍ത്ത് രാജാവ് ദുഃഖിക്കരുതെന്ന് തന്റെ സന്ദേശമായി സീത രാമനു നല്‍കി. പൗരാപവാദം ദുഃഖകരംതന്നെ. താന്‍ പ്രാണങ്ങളെക്കൊണ്ടും ഭര്‍ത്തൃഹിതാനുവര്‍ത്തിയാണ്. താന്‍ ഗര്‍ഭവതിയാണെന്ന വസ്തുത തന്റെ ശരീരത്തെ കണ്ടറിഞ്ഞ് പോകാന്‍ സീത ലക്ഷ്മണന് അനുജ്ഞ നല്‍കി. ലക്ഷ്മണന്‍ തകര്‍ന്നു കരഞ്ഞുകൊണ്ടു പറഞ്ഞു: മുമ്പും താന്‍ ശരീരം കണ്ടിട്ടില്ല. ദേവിയുടെ പാദങ്ങളെ കണ്ടിട്ടുള്ളൂ. ലക്ഷ്മണന്‍ സീതയെ ഓര്‍ത്തു കരഞ്ഞുകൊണ്ട് മടങ്ങി.

കരഞ്ഞുകൊണ്ടിരുന്ന സീതയെ മുനികുമാരന്മാര്‍ കണ്ടു. അവര്‍ വിവരം വാല്മീകിയെ അറിയിച്ചു. സീതാസമീപമെത്തിയ വാല്മീകി രാമ
പത്നിയെ ഒരു അനാഥയെപ്പോലെ കണ്ടെത്തി. ദശരഥന്റെ പുത്രഭാര്യ, രാമപത്നി, ജനകപുത്രി, പതിവ്രതയായ ഭവതിക്ക് ആശ്രമത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞ് മുനി സീതയെ ആശ്രമത്തിലേക്കു കൊണ്ടുപോയി. സീത നിര്‍ദ്ദോഷിയാണെന്ന് തപശ്ശക്തിയാല്‍ താന്‍ കണ്ടെത്തിയിരിക്കുന്നു. സീത അപ്പോള്‍ വാല്മീകിസന്നിധിയിലാണെന്നും അല്ലല്‍ കളഞ്ഞ് സ്വസ്ഥയാകാനും സ്വഗൃഹത്തിലെത്തിയതായി കരുതാനും വാല്മീകി പറഞ്ഞു. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട പതിവ്രതയെ പരിപാലിക്കാന്‍ ആശ്രമത്തിലെ തപസ്വിനികള്‍ക്ക് വാല്മീകി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സംശുദ്ധ എന്ന് തനിക്ക് ഉറപ്പുള്ള ഭാര്യയെ ലോകാപവാദഭയത്താല്‍ വെടിയേണ്ടിവന്നതില്‍ക്കവിഞ്ഞ് എന്തു ദുഃഖമാണ് രാമന് ഇനി വരാനുള്ളത് എന്നു സുമന്ത്രരോടു ലക്ഷ്മണന്‍ പറഞ്ഞു. അതു വിധിനിഴലാട്ടം തന്നെയാണ്. രാവണനെ കീഴടക്കിയ രാമന്‍ വിധിക്ക്കീഴടങ്ങിയിരിക്കുന്നതായും ലക്ഷ്മണന്‍ നിരീക്ഷിച്ചു. സീതയ്ക്ക് വനവാസം വിധിച്ചത് കഠോരംതന്നെ. ധര്‍മ്മത്തില്‍ ഉറച്ചുനില്‍ക്കുന്ന ആര്‍ക്കാണ് യശോഹാനികരമായ ആ അധര്‍മ്മം ചെയ്യാന്‍ കഴിയുക എന്നും രാമനെ കുറ്റപ്പെടുത്തിക്കൊണ്ടുതന്നെ ലക്ഷ്മണന്‍ പറഞ്ഞു. പൗരജനം പറയുന്നത് അര്‍ത്ഥമില്ലാത്ത അപവാദമാണ്. അത് അവഗണിക്കേണ്ടതായിരുന്നു എന്നും ലക്ഷ്മണന്‍ അഭിപ്രായപ്പെട്ടു.

മധുവിന്റെ ശുഭനഗരം ലവണന്‍ ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അസുരരാജാവാണ് ലവണന്‍. ആയുധത്തോടെ നില്‍ക്കുന്ന ലവണന്‍ അവദ്ധ്യനാണ്. ആയുധം വീട്ടില്‍ സൂക്ഷിച്ചതിനുശേഷം ആഹാരം തേടി പുറത്തിറങ്ങും. ആരെങ്കിലും എതിര്‍ക്കാന്‍ ചെന്നാല്‍ ആയുധമെടുത്ത് അവരെ വധിക്കും. മധുനഗരത്തിന്റെ രാജാവായി രാമന്‍ ശത്രുഘ്നനെ വാഴിച്ചു. രാജ്യം ഏറ്റെടുത്ത് പരിഷ്‌കൃതമായ നഗരം സ്ഥാപിക്കണമെന്നും രാമന്‍ കല്പിച്ചിരുന്നു. മധുനഗരത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് ശത്രുഘ്നന്‍ വാല്മീകി ആശ്രമത്തില്‍ തങ്ങിയത്. ആ രാത്രിയിലാണ് സീത ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. വാല്മീകി കുട്ടികള്‍ക്ക് രക്ഷാകര്‍മ്മം നിര്‍വ്വഹിച്ചു. യുവനാശ്വപുത്രനായ മാന്ധതാവിനെ ലവണന്‍ കൊന്നിരുന്നു. ലവണനെ ശത്രുഘ്നന്‍ കൊന്നു മധുപുരിയെ കീഴടക്കി. പന്ത്രണ്ടു വര്‍ഷം അവിടെ താമസിച്ചാണ് മധുനഗരത്തെ പുതുക്കിപ്പണിതത്. നഗരനിര്‍മ്മിതി പൂര്‍ത്തിയാക്കിയതിനുശേഷം ശത്രുഘ്നന്‍ അയോദ്ധ്യ സന്ദര്‍ശിക്കാനായുള്ള യാത്രയില്‍ വാല്മീകിയുടെ ആശ്രമത്തില്‍ തങ്ങി. അവിടെ വെച്ച് വാല്മീകി രചിച്ച തന്ത്രീലയസമായുക്തവും സമതാള സമന്വിതവും സ്ഥാനത്രയകരണത്തോടുകൂടിയതും സംസ്‌കൃതവുമായ രാമായണകഥ പാടിക്കേട്ടു. അതു പാടിക്കേട്ട ശത്രുഘ്നന്റെ കണ്ണില്‍നിന്നും കണ്ണീരൊഴുകി. വാല്മീകി ശത്രുഘ്നനെ സമാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: പ്രജാപരിപാലനമാണ് പരമമായ രാജധര്‍മ്മം. അതിനിടയില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നു മധുപുരിയിലെ രാജാവായ ശത്രുഘ്നനെ വാല്മീകി ഓര്‍മ്മപ്പെടുത്തി.

രാമന്‍ രാജസൂയം നടത്താന്‍ തീരുമാനിച്ചു. രാജസൂയത്തില്‍ ഹിംസ അന്തര്‍ലീനമാണ്. കീഴടങ്ങാന്‍ മടിക്കുന്ന രാജാക്കന്മാരെ യുദ്ധത്തില്‍ കീഴടക്കുകയോ കൊല്ലുകയോ ചെയ്യണം. ഭൂമി അപ്പോള്‍ത്തന്നെ രാമന്റെ കീഴിലാണ്. അതുകൊണ്ട് നാശം ഭവിപ്പിക്കുന്ന രാജസൂയം ഒഴിവാക്കുന്നതാണ് ശരി എന്നു ഭരതന്‍ പറഞ്ഞു. ഭരതനിര്‍ദ്ദേശം രാമന്‍ സ്വീകരിച്ചു. ലക്ഷ്മണനാണ് അശ്വമേധം മതി എന്നു നിര്‍ദ്ദേശിച്ചത്. സര്‍വ്വപാപവിനാശകരമായ യാഗമാണ് അശ്വമേധം. ദണ്ഡനീതി നടപ്പാക്കുന്ന രാജാക്കന്മാര്‍ക്ക് എത്ര ശ്രദ്ധിച്ചാലും അബദ്ധം പറ്റാവുന്നതാണ്. അതില്‍നിന്നെല്ലാം ജനിക്കുന്ന പാപം കഴുകിക്കളയാനാണ് രാജാക്കന്മാര്‍ അശ്വമേധയാഗം നടത്തുന്നത്. ലക്ഷ്മണന്റെ ഉപദേശം രാമന്‍ സ്വീകരിച്ചു. സുഗ്രീവനും വിഭീഷണനുമടക്കം രാമപക്ഷത്തുള്ള മുഴുവന്‍ രാജാക്കന്മാരെയും പ്രത്യേകം ക്ഷണിച്ചു. ഗോമതീതീരത്തെ നൈമിഷാരണ്യത്തില്‍ യജ്ഞവേദിയൊരുക്കി. ഭരതന്‍ ലക്ഷണയുക്തമായ കൃഷ്ണയാഗഹയത്തെ അഴിച്ചുവിട്ടു. ലക്ഷ്മണനായിരുന്നു യാഗരക്ഷയുടെ ചുമതല. സമൃദ്ധമായ ദാനംകൊണ്ട് യജ്ഞം പ്രസിദ്ധി നേടി. ക്ഷണിക്കപ്പെട്ട ഋഷിവര്യന്മാരുടെ കൂട്ടത്തില്‍ വാല്മീകിയും ഉണ്ടായിരുന്നു. അദ്ദേഹം അവിടെ ശിഷ്യരോടൊപ്പം എത്തിച്ചേര്‍ന്നു.

യജ്ഞത്തില്‍ പങ്കെടുക്കുന്ന പുരുഷാരത്തെ രാമായണകാവ്യം പാടി ആനന്ദിപ്പിക്കാന്‍ വാല്മീകി ശിഷ്യരോടു പറഞ്ഞു. ശ്രീരാമന്‍ കേള്‍ക്കാനാഗ്രഹിക്കുന്നുവെങ്കില്‍ മുനിമാര്‍ സന്നിഹിതരായതിനുശേഷം ആവുംവിധം നന്നായി പാടാന്‍ വാല്മീകി ശിഷ്യര്‍ക്ക് ഉപദേശം നല്‍കി. ഒരു ദിവസം ഇരുപതു സര്‍ഗ്ഗം വെച്ചു പാടാവുന്നതാണ്. ആശ്രമത്തില്‍ കായ്കിഴങ്ങുകള്‍ കഴിച്ചുകഴിയുന്നവര്‍ക്ക് ധനം ആവശ്യമില്ല. അതുകൊണ്ട് ധനം സ്വീകരിക്കരുതെന്നും വാല്മീകി നിര്‍ദേശം നല്‍കി. ആരുടെ മക്കളാണ് പാടുന്നത് എന്നു ചോദിച്ചാല്‍ വാല്മീകിശിഷ്യരാണെന്നു മറുപടി പറയാനും പറഞ്ഞതിനുശേഷം മുനി മൗനംപൂണ്ടു. രാമന്‍ കൗതുകത്തോടെ രാമായണം കേട്ടു. ഇരുപതു സര്‍ഗ്ഗം പാടിക്കേട്ടപ്പോള്‍ത്തന്നെ അവര്‍ക്ക് സ്വര്‍ണ്ണവും പിന്നെ ചോദിക്കുന്നതെന്തും കൊടുക്കാന്‍ രാജാവ് ആജ്ഞാപിച്ചു. വനവാസികളായ തങ്ങള്‍ക്ക് സ്വര്‍ണ്ണംകൊണ്ടും ധനംകൊണ്ടും പ്രയോജനമില്ലെന്ന് ഗായകരായ ലവകുശന്മാര്‍ പറഞ്ഞു. കാവ്യത്തിന്റെ വിശേഷതകള്‍ രാമനു താത്പര്യമുണ്ടെങ്കില്‍ സഹോദരങ്ങള്‍ക്ക് ഒപ്പം യജ്ഞത്തിന്റെ ഇടവേളകളില്‍ കേള്‍ക്കാവുന്നതാണെന്നും വാല്മീകി പറഞ്ഞു. രാമായണം രാമന്റെ കഥയാണെന്നും രാജാവിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും കാവ്യത്തില്‍ കാണാനാകുമെന്നും വാല്മീകി പറഞ്ഞു.

കാവ്യം പാടുന്ന കുട്ടികള്‍ സീതയുടെ പുത്രന്മാരാണെന്നു കേട്ടപ്പോള്‍ രാമന്റെ മനസ്സു തുടിച്ചു. സീത സംശുദ്ധയാണെന്നു വാല്മീകി പറഞ്ഞു. ശുദ്ധസമാചാരയും ദോഷമില്ലാത്തവളുമാണ് സീതയെങ്കില്‍, മഹാമുനിയുടെ അനുവാദത്തോടെ അവള്‍ പ്രത്യക്ഷപ്പെടുമാറാകട്ടെ എന്നു രാജാവ് കല്പിച്ചു. മഹാമുനിയുടെ അഭിപ്രായവും സീതയുടെ മനോഗതവും അറിഞ്ഞ് ആ സദസ്സില്‍ വിവരം അറിയിക്കാനും രാമന്‍ പറഞ്ഞു. അടുത്ത പ്രഭാതത്തില്‍ ജനകാത്മജയായ മൈഥിലി ശപഥം ചെയ്യുമാറാകട്ടെ എന്നു രാജാവ് കല്പിച്ചു. രാമന്‍ പറയുന്നത് സീത അനുസരിക്കുമെന്നു മുനി ഉറപ്പുകൊടുത്തു. സീതാശപഥം കാണാനായി എല്ലാവരെയും രാമന്‍ മുന്‍കൂട്ടി ത്തന്നെ ക്ഷണിച്ചു. വസിഷ്ഠനും അഗസ്ത്യനുമടക്കം മുനിമണ്ഡലം മുഴുവനും സദസ്സില്‍ ഉണ്ടായിരുന്നു. വാല്മീകിയുടെ പിന്നില്‍ നമ്രശിരസ്‌കയായി സീത പ്രവേശിച്ചു. സീതാദര്‍ശനത്തില്‍ ആ മഹാസദസ്സ് ഇളകിമറിഞ്ഞു. രാമമനസ്സില്‍ സന്തോഷവും സന്താപവും ഉത്കണ്ഠയുമെല്ലാം ഒന്നിച്ചലയടിച്ചു. വാല്മീകി സദസ്സിലെ എല്ലാവരും കേള്‍ക്കെ പറഞ്ഞു: 'ഇതാ ദാശരഥേ സീത. സുവ്രത. ധര്‍മ്മചാരിണി. അപവാദം ഉയര്‍ന്നപ്പോള്‍ എന്റെ ആശ്രമപരിസരത്ത് അങ്ങ് പരിത്യജിച്ചവള്‍.' വ്രതശുദ്ധികൊണ്ട് ദീപ്തമായ മുനിവാക്യങ്ങള്‍ കേട്ട് സദസ്സ് സ്തംഭിച്ചിരുന്നു.

മഹാവ്രതനും ലോകാപവാദഭീതിദനുമായ രാമനു സീത പ്രത്യയം നല്‍കും. അതിനായി അനുവാദം നല്‍കണമെന്നും മുനി ആവശ്യപ്പെട്ടു. രാമായണകാവ്യം ആലപിച്ചവര്‍, ജാനകിയുടെ മക്കള്‍, രാമപുത്രന്മാരാണെന്നും മുനി പറഞ്ഞു. താന്‍ ഈ പറയുന്നത് സത്യമാണ്. താന്‍ പ്രചേതസ്സിന്റെ പത്താം പുത്രന്‍. അസത്യം താന്‍ ഓര്‍ക്കുകപോലുമില്ല. ഇവര്‍ രാമാ, അങ്ങയുടെ പുത്രന്മാര്‍. അനേകായിരം വര്‍ഷം തപശ്ചര്യ അനുഷ്ഠിച്ചവനാണ് താന്‍. മനസാ വാചാ കര്‍മ്മണാ ജനകാത്മജ പാപം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് തന്റെ തപസ്സിന്റെ ഫലം ലഭിക്കേണ്ടതില്ല. മനസാ വാചാ കര്‍മ്മണാ മൈഥിലി അപാപയാണെങ്കില്‍ മാത്രം തനിക്ക് തന്റെ തപോഫലങ്ങള്‍ കിട്ടിയാല്‍ മതി. സീത അപാപയാണെന്നു കണ്ടറിഞ്ഞിട്ടാണ് രാജാവേ താന്‍ സീതയെ ആശ്രമത്തിലേക്കു കൊണ്ടുപോയത്. ലോകാപവാദം ഭയന്നിട്ടാണല്ലോ സീത അപാപയാണെന്നറിഞ്ഞിട്ടും രാമാ, അങ്ങ് സീതയെ പരിത്യജിച്ചത്.
അങ്ങു പറയുംപോലെയാകട്ടെ എന്ന് രാമന്‍ വാല്മീകിയോടു പറഞ്ഞു. പണ്ടു ദേവസന്നിധിയില്‍ വൈദേഹി തന്നെ വീണ്ടെടുത്തിട്ടുള്ള പ്രത്യയമാണിത്. അന്ന് അവള്‍ ചെയ്ത ശപഥത്തെ മുന്‍നിര്‍ത്തിയാണ് അവളെ രാജ്യത്തേക്കും രാജധാനിയിലേക്കും താന്‍ കൊണ്ടുപോയത്.

ലോകാപവാദം ബലവത്തായ ഒന്നാണ്. അതിനെ ഭയന്നതുകൊണ്ടാണ് സീത അപാപയാണെന്നറിഞ്ഞിട്ടും താന്‍ പരിത്യജിച്ചത്. വാല്മീകി തന്നോടു പൊറുക്കണമെന്നും രാമന്‍ അപേക്ഷിച്ചു. മൈഥിലിക്ക് തന്നോടു പ്രീതിയുണ്ടാകട്ടെ എന്നും രാമന്‍ ആഗ്രഹിച്ചു. ആ മഹാപ്രതിജ്ഞയ്ക്കു സാക്ഷിയാകാന്‍ സര്‍വ്വസുരമണ്ഡലം ഒന്നിച്ച് എത്തിച്ചേര്‍ന്നു. മുനിയുടെ വാക്കുകള്‍ തനിക്ക് പ്രത്യയമാണ്. ജനമദ്ധ്യത്തില്‍ ശുദ്ധയാകുന്ന സീതയ്ക്ക് തന്നില്‍ പ്രീതിയുണ്ടാകട്ടെ എന്നും രാമന്‍ ആഗ്രഹിച്ചു. താന്‍ രാഘവനൊഴികെ ആരെയും മനസാ നിനയ്ക്കാറില്ലെങ്കില്‍, മനസാ വാചാ കര്‍മ്മണാ രാമനെ ആരാധിച്ചുപോന്നു എങ്കില്‍, രാമനൊഴികെ ആരെയും അറിഞ്ഞിട്ടില്ല എന്നത് സത്യമാണെങ്കില്‍ മാധവീദേവി തനിക്ക് ഇടം തരട്ടെ. ഭൂമിദേവി രണ്ടു കൈകൊണ്ട് മൈഥിലിയെ സ്വീകരിച്ചു സിംഹാസനത്തിലിരുത്തി. സിംഹാസത്തിലിരുന്നുകൊണ്ട് സീത രസാതലത്തിലേക്കു പ്രവേശിച്ചു. ദേവഗണം നന്ന് എന്നു പ്രശംസിച്ചു. ഭൂമണ്ഡലം ഒരു നിമിഷം സ്തബ്ധമായി.

രാമന്റെ സീതാപരിത്യാഗത്തിന്റെ പര്യവസാനമായിരുന്നു അത്. രാമന്‍ സമ്പൂര്‍ണ്ണമായി ലോകഭോഗവിമുക്തനായിരുന്നില്ല. അധികാരം, പണം, പദവി, യശസ്സ് എന്നിവയാണ് ലോകഭോഗങ്ങള്‍. അധികാരവും പദവിയും ധനവും ത്യജിക്കാന്‍ രാമനു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ല. അവയുടെ കാര്യത്തില്‍ രാമന്‍ നിര്‍ഭയനുമായിരുന്നു. അഭിഷേകം മുടങ്ങിയപ്പോള്‍ രാജ്യവും രാജപദവിയും ത്യജിക്കാനും കഠിനമായ കാനവാസം തിരഞ്ഞെടുക്കാനും അരനിമിഷത്തെ ആലോചനപോലും രാമനു വേണ്ടിവന്നില്ല. താന്‍ അര്‍ത്ഥപരനല്ല എന്നും കേവലധര്‍മ്മത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്നവനാണെന്നും രാജ്യത്തെ താന്‍ ത്യജിച്ചുകഴിഞ്ഞു എന്നു പറയാന്‍ അല്പംപോലും മടിയുണ്ടായിരുന്നില്ല. മാത്രമല്ല ധര്‍മ്മത്തിന്റെ ആധാരം സത്യമാണെന്നും സത്യത്തിനുവേണ്ടി രാജ്യം മാത്രമല്ല സീതയെയും ലക്ഷ്മണനെയും മാത്രമല്ല തന്നെ ത്യജിക്കാനും താന്‍ മടിക്കില്ല എന്നും രാമന്‍ പറയുന്നുണ്ട്. രാമന്‍ പറഞ്ഞ അര്‍ത്ഥപരതയില്‍ യശഃകാമന ഉള്‍പ്പെടും എന്ന കാര്യം രാമന്‍ ഓര്‍ത്തില്ല. യശസ്സ് എന്നാല്‍ സല്‍പ്പേര് എന്നാണര്‍ത്ഥം. എല്ലാ നല്ല പേരിന്റെ കൂടെയും ചീത്തപ്പേരും ഉണ്ടാകും. പ്രശസ്തിക്കും ഇതേ പ്രശ്നമുണ്ട്. നല്ല പേരും ചീത്തപ്പേരും ഒരുമിച്ചുനില്‍ക്കുന്നതാണ് പ്രശസ്തി. മനുഷ്യകര്‍മ്മത്തെപോലെത്തന്നെയാണിതും. നന്മതിന്മയോടും ഒരുമിച്ചു നില്‍ക്കുന്നതാണ് കര്‍മ്മം. നന്മയോടും തിന്മയോടും തുല്യയകലം പാലിക്കുന്നവനു മാത്രമേ സത്യം ഗ്രഹിച്ച് ധര്‍മ്മം അനുഷ്ഠിക്കാന്‍ കഴിയൂ. നല്ല യശസ്സും ചീത്ത യശസ്സും ഒരുമിച്ചുതന്നെയാണ് നില്‍ക്കുന്നത്. ഒരാള്‍ക്കും നല്ല യശസ്സ് മാത്രമായിട്ട് കിട്ടിയിട്ടില്ല. കിട്ടുകയുമില്ല. അതുകൊണ്ട് സല്‍പ്പേരിനോടും ദുഷ്പേരിനോടും തുല്യയകലം പ്രാപിച്ചാല്‍ മാത്രമേ സത്യാഗ്രഹിയായി ധര്‍മ്മം അനുഷ്ഠിക്കാന്‍ കഴിയൂ.

തനിക്ക് ദുഷ്പേരില്‍ ഭയമുണ്ടെന്നു രാമന്‍തന്നെ പറയുന്നുണ്ട്. ഭയഗ്രസിതമായ മനസ്സുള്ള ഒരാള്‍ക്കും സത്യം ഗ്രഹിക്കാനില്ല. രാവണന്റെ ലങ്കയില്‍ കഴിഞ്ഞ സീതയുടെ ചാരിത്രത്തില്‍ സംശയമുണ്ടാകാമെന്നു കരുതിയാണ് അഗ്‌നിപരീക്ഷ നടത്തിയത്. അഗ്‌നിശുദ്ധി നേടിയ സീതയെക്കുറിച്ചാണ് പിന്നീട് അപവാദം ഉയരുന്നത്. അപവാദത്തെ ഭയന്നതുകൊണ്ടാണ് തനിക്ക് തന്റെ ഭാര്യയായ സീതയുടെ ചാരിത്രത്തില്‍ സംശയമുണ്ട് എന്നു പറഞ്ഞുകൊണ്ട് സീതയെ ഉപേക്ഷിച്ചത്. തനിക്ക് ഉറപ്പുള്ള കാര്യത്തെക്കുറിച്ച് താനൊഴികെയുള്ള എല്ലാവരും വിരുദ്ധമായി പറഞ്ഞാലും തനിക്ക് ബോദ്ധ്യമായ സത്യത്തിന്റെ കൂടെ നില്‍ക്കുന്നതാണ് സത്യവ്രതനായ ഒരാള്‍ ചെയ്യേണ്ടത്. ഭൂരിപക്ഷം ഒരു കാര്യം തെറ്റാണെന്നു പറഞ്ഞാലും തനിക്കു ബോദ്ധ്യമില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം ശരിയാണെന്നു സമ്മതിക്കരുത്. അങ്ങനെ ചെയ്താല്‍ ചെയ്യുന്നവന്‍ സ്വയം വഞ്ചിക്കുന്നു എന്നു മാത്രമല്ല മറ്റുള്ളവരെ വഞ്ചിക്കുകയും ചെയ്യുന്നു. സ്വയം വഞ്ചനയുടെ ഫലമായി തനിക്ക് ബോദ്ധ്യമില്ലാത്ത കാര്യം ചെയ്യുന്നു എന്നതാണ് വസ്തുത. മറ്റുള്ളവരെ വഞ്ചിക്കുന്നു എന്നു പറഞ്ഞാല്‍ അവര്‍ക്കുവേണ്ടി സത്യത്തെ വിസ്മരിച്ചുകൊണ്ട് അസത്യം ചെയ്യുന്നു എന്നതാണ്.

യശഃകാമനമൂലം ഭയഗ്രസിതനാകുന്നവനു സത്യത്തെ ഗ്രഹിക്കാനാകില്ല, രാമനും ഇക്കാര്യത്തില്‍ തെറ്റുചെയ്തു എന്നുതന്നെ കരുതണം. സീത പരിശുദ്ധയാണെന്ന് അറിഞ്ഞുകൊണ്ട് പ്രജകളില്‍ ചിലര്‍ പറഞ്ഞ അപവാദത്തെ വിശ്വസിച്ചതായി ഭാവിച്ചുകൊണ്ട് തന്റെ ബോദ്ധ്യത്തിനു വിരുദ്ധമായിട്ടാണ് രാമന്‍ പ്രവര്‍ത്തിച്ചത്. പ്രജകള്‍ കരുതിയിരുന്നതുപോലെ രാമനും കരുതിയിരുന്നുവെങ്കില്‍ സീതയെ പരിത്യജിക്കുന്നതുതന്നെയാണ് ഉചിതം. എന്നാല്‍ സീതയെ പരിശുദ്ധയാണെന്ന തന്റെ ബോദ്ധ്യത്തെ മൂടിവെച്ചതുകൊണ്ട് സീത കളങ്കിതയാണെന്ന പൊതുജനവിശ്വാസത്തിന് അനുസരിച്ചാണ് രാമന്‍ സീതയെ പരിത്യജിച്ചത്. ഇതിനു പറയാവുന്ന ഏകന്യായം രാജാവായ രാമന്റെ വ്യക്തിപരമായ ബോദ്ധ്യത്തെക്കാള്‍ പരിഗണന എപ്പോഴും പ്രജാഹിതത്തിനു നല്‍കുന്നതാണ് രാജധര്‍മ്മം എന്നതു മാത്രമാണ്. അക്കാര്യത്തില്‍ രാമന്റെ നിലപാട് ശരിയല്ല. സീതയ്ക്ക് ഒന്നുകില്‍ പരിശുദ്ധ അല്ലെങ്കില്‍ കളങ്കിതയാകാം. രണ്ടും ഒരേസമയം ആയിരിക്കാന്‍ കഴിയില്ല. സീത പരിശുദ്ധയാണെങ്കില്‍ കളങ്കിതയല്ല. അഗ്‌നിപരീക്ഷയിലൂടെ അക്കാര്യം തെളിയിക്കപ്പെട്ടതുമാണ്. പരിശുദ്ധയായ ഒരാളെ കളങ്കിത എന്ന പേരില്‍ ശിക്ഷിച്ചു എന്നതാണ് രാമന്റെ തീരുമാനത്തിലെ തെറ്റ്. യശോഗ്ലാനി ഭയന്ന് പരിശുദ്ധയായ ഒരു സ്ത്രീയെ ശിക്ഷിച്ചതിന് യാതൊരു ന്യായീകരണവും കണ്ടെത്താനും കഴിയില്ല.

യശോഗ്ലാനി സംഭവിക്കും എന്ന ഭയമാണ് രാമനെക്കൊണ്ട് ആ തെറ്റായ തീരുമാനം എടുപ്പിച്ചത്. സീത പരിശുദ്ധയാണ് എന്ന ഉത്തമബോദ്ധ്യമാണ് സത്യം. കാരണം, അത് അഗ്‌നിപരീക്ഷയില്‍ തെളിഞ്ഞതുമാണ്. അങ്ങനെയെങ്കില്‍ അതേ വ്യക്തിക്ക് കളങ്കിതയാകാന്‍ കഴിയില്ല. വാല്മീകിയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാംപരീക്ഷയിലും സീത ജയിക്കുകയും സീത രാമന്റെ കൂടെ പോകുകയും ചെയ്തു എന്ന് സങ്കല്പിക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ മറ്റൊരു സംഘം ഇതേ ആരോപണം വീണ്ടും ഉന്നയിച്ചാല്‍ രാമനില്‍ യശോഗ്ലാനിഭയം നില്‍ക്കുവോളം രാമന്‍ വീണ്ടും സീതയെ ഉപേക്ഷിക്കുകതന്നെ ചെയ്യും. അതില്‍നിന്നും കരകയറുന്നതിനുവേണ്ടി വീണ്ടും മൂന്നാമതും പരീക്ഷ നടത്തേണ്ടിവരുമെന്നു കരുതുന്നതാണ് ശരി. എന്തായാലും ഭൂമീദേവി മകളെ രണ്ടു കൈയും നീട്ടി എടുത്തുകൊണ്ടു പോയതുകൊണ്ട് അത്തരം ഒരു അവസ്ഥ പിന്നീടുണ്ടായില്ല. യശോഗ്ലാനിമൂലമുള്ള ഭയമാണ് കാരണമെന്ന് വസ്തുതാപരമായി ശരിയാണെങ്കിലും ആ വാദം യുക്തിസഹമല്ല.

അധികാരവും പണവും പദവിയും ത്യജിക്കാന്‍ വൈമനസ്യമില്ലാത്തവനെയും യശോഗ്ലാനിഭയം പിടികൂടും. അത് ഒഴിഞ്ഞുപോകാന്‍ വളരെ പ്രയാസമാണ്. യശോഗ്ലാനി ഭയന്നാണ് രാമന്‍ സീതയെ പരിത്യജിച്ചത്. എന്തിനെ ഭയന്നുകൊണ്ടാണോ ഒരുവന്‍ ഒരു കാര്യം ചെയ്തത് ആ കൃത്യംതന്നെ വീണ്ടും ഭയകാരണമായി മാറും. സീതയെ പരിത്യജിച്ചത് യശോഗ്ലാനി ഭയന്നാണെങ്കില്‍ സീതാപരിത്യാഗംതന്നെ രാമന്റെ യശസ്സിനു കളങ്കമേല്‍പ്പിക്കുകയും ചെയ്തു. അകാരണമായി, ഒരാളെയും യശോഗ്ലാനി ഭയന്നുകൊണ്ട്, പൊതുജനമദ്ധ്യത്തില്‍ അപമാനിതയാക്കുന്നത് കൊടുംക്രൂരതതന്നെയാണ്. കാരണം, കുറ്റം ചെയ്യാത്ത ഒരാളെ ശിക്ഷിക്കുന്നത് കൊടിയ അധര്‍മ്മംതന്നെയാണ്. കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുമ്പോള്‍ ഭൂമിയില്‍ വീഴുന്ന ശിക്ഷിക്കപ്പെടുന്നവന്റെ കണ്ണീര്‍ സാമ്രാജ്യങ്ങളെത്തന്നെ മുടിക്കും. എന്നാല്‍ സീത അവിടെയും രാജാവായ രാമനെ കുറ്റം പറഞ്ഞില്ല. ഭര്‍ത്താവിന്റെ യശസ്സ് സംരക്ഷിക്കേണ്ടത് ഭാര്യയുടെ ബാദ്ധ്യതയാണെന്നാണ് സീത പറഞ്ഞത്. അവിടെയും സീതയുടെ കനിവും കരുതലുമാണ് രാമന് രക്ഷാകവചമൊരുക്കിയത്.
സീത രണ്ടുവട്ടം തന്റെ ദുര്‍വ്വിധിയെ പഴിക്കുകയും ആത്മഹത്യയെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.

അശോകവനിയില്‍ ശിംശിപാവൃക്ഷച്ചുവട്ടില്‍ ഒറ്റപ്പെട്ട് വധഭീഷണിക്കും ബലാത്സംഗഭീഷണിക്കും മുന്നില്‍ നിസ്സഹായയായി ഇരുന്നപ്പോള്‍ മരിക്കുന്നതാണു നല്ലതെന്നു സീതയ്ക്കു തോന്നി. പക്ഷേ, അവള്‍ അസ്വതന്ത്രയായതുകൊണ്ട് അതിനു കഴിഞ്ഞില്ല. ആദ്യത്തെ ആത്മഹത്യയെക്കുറിച്ച് ആലോചിക്കാന്‍ സീതയെ പ്രേരിപ്പിച്ചത് രാവണന്റെ ചെയ്തികളായിരുന്നു. എന്നാല്‍ രണ്ടാംവട്ടം വാല്മീകിയുടെ ആശ്രമപരിസരത്ത് അനാഥയെപ്പോലെ സീത ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഗംഗയില്‍ ചാടി മരിച്ചാലോ എന്ന് സീത ആലോചിച്ചു. അപ്പോള്‍ സീത ഗര്‍ഭിണിയായിരുന്നു. സ്വയം മരിക്കാനുള്ള അവകാശത്തില്‍ ഗര്‍ഭസ്ഥശിശുക്കളെ കൊല്ലാനുള്ള അവകാശം അന്തര്‍ലീനമല്ലാത്തതുകൊണ്ട് സീത അതിനു ശ്രമിച്ചില്ല. എന്നാല്‍ താന്‍ ദുഃഖിക്കാന്‍ വേണ്ടി ജനിച്ചവളാണെന്നും തന്റെ ശരീരം ദുഃഖത്തിന്റെ ആവാസഗേഹമാണെന്നും അശോകവനിയില്‍ എന്നപോലെ ആശ്രമപരിസരത്തുവെച്ചും സീതയ്ക്കു പറയേണ്ടിവന്നു. അവിടെയും രാമവംശപരമ്പരയുടെ സംരക്ഷണത്തിനുവേണ്ടി അനാഥത്വം നിറഞ്ഞ ജീവിതം സീത സ്വയം ഏറ്റെടുത്തു. ഈ അര്‍ത്ഥത്തിലും സീത തന്റെ ആത്മരക്ഷകയാണെന്നു രാമന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ശരിയാണ്. സീത ദാനം ചെയ്ത ജീവിതമായിരുന്നു രാമന്റേത്. സല്‍പ്പേരു പോകും എന്നു ഭയന്നാണ് രാമന്‍ സീതയെ പരിത്യജിച്ചത്. എന്നാല്‍ സീതാപരിത്യാഗംതന്നെ ദുഷ്പേരായി രാമനില്‍ പതിക്കുകയും ചെയ്തു. ഇതാണ് ലോകഭോഗത്തില്‍ അഭിരമിക്കുന്നതിന്റെ കുഴപ്പം. എന്തിനെ ഭയന്നാണോ സത്യം മറച്ചുവെക്കുന്നത് മറച്ചുവെക്കപ്പെടുന്ന സത്യംതന്നെ ഭയഹേതുവായി മാറും. സീതാപരിത്യാഗത്തോടെയാണ് രാമന്‍ യശഃകാമനയില്‍നിന്നും വിമുക്തനാകുന്നത്. അതോടെ സല്‍പ്പേരിലുള്ള മോഹം രാമനു മാറിക്കിട്ടി.

Content Highlights: Dr. K.S Radhakrishnan, Ramayanam, Seetha and Rama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented