prarthana
മഹാത്മാഗാന്ധിയുടെ വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും പ്രാര്‍ഥനയ്ക്ക് അവിഭാജ്യവും സുപ്രധാനവുമായ സ്ഥാനമുണ്ടായിരുന്നു. ഈശ്വരസമ്പര്ക്കത്തിനും ആത്മശുദ്ധീകരണത്തിനും സ്വയം ശിക്ഷണത്തിനുമുള്ള ഒരുപാധിയായി വ്യക്തിജീവിതത്തില്‍ അദ്ദേഹം പ്രാര്‍ഥനയെ സ്വീകരിച്ചു. ജനതകളെ പരസ്പരം ബന്ധിപ്പിക്കാനും സാമൂഹികബോധവും മൈത്രിയും വളര്‍ത്താനുമുള്ള മാര്ഗമായുപയോഗിച്ചുകൊണ്ട് പൊതുജീവിതത്തില്‍ മതത്തിന്റെയും ആത്മീയതയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് പ്രാര്‍ഥനയുടെ സാരത്തെ വ്യാപിപ്പിച്ചു. ഗാന്ധി എഴുതിയ കത്തുകളും ലഘു ലേഖനങ്ങളും ഗ്രന്ഥഭാഗങ്ങളും ഉള്‍പ്പെടുത്തിയ സമാഹാരത്തിന്റെ പരിഭാഷയായ 'പ്രാര്‍ഥന'യില്‍ നിന്നും ഒരു ഭാഗം വായിക്കാം.
ഒരു ദേശീയസ്ഥാപനത്തിലെ പ്രിന്‍സിപ്പാളിന് ആ സ്ഥാപനത്തിലെ പ്രാര്ഥനാമീറ്റിങ്ങുകളില് സംബന്ധിക്കുന്നതില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്യാര്‍ഥി എഴുതിയ കത്താണ് ചുവടെ:
'ഞാന്‍ പ്രാര്ഥിക്കേണ്ടുന്ന ഈശ്വരന് എന്നറിയപ്പെടുന്ന യാതൊന്നിലും ഞാന്‍ വിശ്വസിക്കുന്നില്ല എന്നതിനാല്‍ എനിക്ക് പ്രാര്‍ഥനയിലും വിശ്വാസമില്ലെന്ന് ഞാന്‍ പ്രസ്താവിക്കുന്നു. എനിക്കുതന്നെ ഒരു ഈശ്വരന്റെ ആവശ്യം ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. എന്റെ കര്‍മപരിപാടികള്‍ ശാന്തമായും സത്യസന്ധമായും ഞാന്‍ ചെയ്യുകയാണെങ്കില്‍, പിന്നെ ഈശ്വരനില്‍ ഞാന്‍ തത്പരനല്ലെങ്കില് എനിക്കെന്താണ് നഷ്ടപ്പെടുക?
'സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനയുടെ കാര്യമെടുത്താല്‍ അതുകൊണ്ടൊരു പ്രയോജനവുമില്ല. അത്രയും വലിയൊരു മനുഷ്യക്കൂട്ടത്തിന് എത്ര നിസ്സാരമായതാണെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാനസിക ഏകാഗ്രതയില്‍ പ്രവേശിക്കാനാകുമോ? നമ്മുടെ മഹത്തായ വേദങ്ങളുടെ അതിസൂക്ഷ്മങ്ങളായ ആശയങ്ങള്‍, ഈശ്വരന്, ആത്മാവ്, എല്ലാ മനുഷ്യരുടെയും സ്ഥിതിസമത്വം എന്നിവയുടെയും മറ്റനേകം മഹനീയ വ്യക്തികളുടെയും മേല്‍ അജ്ഞരായ കൊച്ചുകുട്ടികള്‍ അവരുടെ ചഞ്ചലമായ ശ്രദ്ധയുറപ്പിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നുവോ? ഈ മഹത്തായ പ്രവൃത്തി ഒരു പ്രത്യേക സമയത്ത് ഒരു വിശേഷപ്പെട്ട വ്യക്തിയുടെ കീഴില്‍ ചെയ്യേണ്ടതാണ്. യാന്ത്രികമായ ഏതെങ്കിലുമൊരു പ്രവൃത്തികൊണ്ട് ഈ ബാലന്മാരുടെ ഹൃദയത്തില്‍ ഈശ്വരന് എന്ന് വിളിക്കപ്പെടുന്നതിനോട് സ്നേഹം വേരൂന്നുമോ? വ്യത്യസ്ത മാനസികഘടനയുള്ള ആളുകളില്‍നിന്നും ഒരേതരത്തിലുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നത് യുക്തിക്ക് വിരു
ദ്ധമാണ്. അതുകൊണ്ട് പ്രാര്‍ഥന ബാധ്യതയായിരിക്കരുത്. അതിനോട് അഭിരുചിയുള്ളവര്‍ പ്രാര്‍ഥിക്കട്ടെ, ഇഷ്ടമില്ലാത്തവര്‍ ഒഴിവാകട്ടെ. ഉറച്ച വിശ്വാസമില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അധാര്‍മികവും തരംതാണതും ആയിരിക്കും.'
അവസാനം പറഞ്ഞ ആശയത്തിലേക്ക് ആദ്യം വരാം. ഏതെങ്കിലുമൊരു കാര്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ദൃഢവിശ്വാസം ഉണ്ടാക്കുന്നതിന് മുന്‍പ് അച്ചടക്കവിധേയമാകുന്നത് അധാര്‍മികവും തരംതാണതുമായ ഒരു പ്രവൃത്തിയാണോ? ഉപയുക്തതയെക്കുറിച്ച് വിശ്വാസമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം സ്കൂള്‍ സിലബസ്സനുസരിച്ചുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നത് അധാര്മികതവും തരംതാണതുമാണോ? പ്രാദേശികഭാഷ പഠിക്കുന്നത് ഉപയോഗശൂന്യമാണെന്ന് ഒരു ബാലന് വിശ്വസിച്ചാല്‍ അത് പഠിക്കുന്നതില്‍നിന്നും അവനെ ഒഴിവാക്കാമോ? ഒരു വിദ്യാര്‍ഥിക്ക് അവന് പഠിക്കേണ്ടതായ സംഗതികളെക്കുറിച്ചും അവന് കടന്നുപോകേണ്ടതായ ശിക്ഷണത്തെക്കുറിച്ചും യാതൊരു വിശ്വാസവും ഇല്ലെന്നു പറയുന്നതായിരിക്കില്ലേ കൂടുതല്‍ ശരി? തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായാല്‍ത്തന്നെ ഒരു സ്ഥാപനത്തില്‍ ചേരാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അവന്റെ ചോയ്സ് അവസാനിക്കുകയാണ്. അവന് ഒന്നില്‍ ചേരുന്നുവെന്നുവെച്ചാല് അതിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും സ്വമേധയാ കീഴ്പ്പെടുകയെന്നാണര്ഥം. അവന് വേണമെങ്കില്‍ വിട്ടുപോകാം. പക്ഷേ, എന്ത്, എങ്ങനെ പഠിക്കണമെന്നത് അവനു തിരഞ്ഞെടുക്കാനാവില്ല.
തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വെറുപ്പും താത്പര്യക്കുറവും ഉള്ളതായി തോന്നുന്ന കാര്യങ്ങള്‍ ആകര്‍ഷകവും സുഗ്രാഹ്യവും ആക്കിത്തീര്‍ക്കേണ്ടത് അധ്യാപകരാണ്. 'എനിക്ക് ഈശ്വരനില്‍ വിശ്വാസമില്ല' എന്നു പറയാന്‍ എളുപ്പമാണ്.
ഈശ്വരന് അവനെക്കുറിച്ചുതന്നെ എന്തും പറയുന്നതിന് യാതൊരു ചേതവും കൂടാതെ നമ്മെ അനുവദിക്കുന്നു. അവന് നമ്മുടെ പ്രവൃത്തികള്‍ കാണുന്നു. അവന്റെ നിയമത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള ലംഘനത്തില്ത്തന്നെ പവിത്രമാക്കപ്പെടുന്ന ബാധ്യസ്ഥമാകുന്ന ശിക്ഷ, അല്ലാതെ പ്രതികാരപൂര്വമുള്ളതല്ല, ഉള്‍ക്കൊണ്ടിരിക്കും. ഈശ്വരന്റെ അസ്തിത്വം തെളിയിക്കപ്പെടേണ്ടതില്ല. ഈശ്വരന് ആകുന്നു. അവനെ അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നമ്മുടെ നിര്‍ഭാഗ്യം. സംവേദനക്ഷമതയുടെ അഭാവം ഒരു രോഗമാണ്. എന്നെങ്കിലുമൊരിക്കല്‍ അനിവാര്യമായും നമ്മുടെ സമ്മതത്തോടുകൂടിയോ അല്ലാതെതന്നെയോ നാംതന്നെ അതിനെ പുറംതള്ളും.
പക്ഷേ, ഒരു ബാലന് തര്ക്കിച്ചെന്നുവരില്ല. അവന് അംഗമായിട്ടുള്ള സ്ഥാപനം അത്തരത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ടെങ്കില്‍ അച്ചടക്കത്തിന്റെ പേരില്‍ അവന് പ്രാര്ഥനാമീറ്റിങ്ങുകളില് പങ്കെടുക്കണം. അവന്റെ സംശയങ്ങള്‍ ബഹുമാനത്തോടെ അധ്യാപകരുടെ മുന്നില്‍ വെക്കണം. അവന് ആകര്‍ഷകമായി തോന്നാത്ത കാര്യം അവന് വിശ്വസിക്കണമെന്നില്ല. പക്ഷേ, അവന്റെ അധ്യാപകരോട് അവന് ബഹുമാനമുണ്ടെങ്കില്‍, വിശ്വാസമില്ലെങ്കില്ത്തന്നെ അവനോടാവശ്യപ്പെടുന്നത് അവന് ചെയ്യും. ഭയംകൊണ്ടല്ല, മുട്ടാളത്തരംകൊണ്ടുമല്ല. പക്ഷേ, അങ്ങനെ ചെയ്യുന്നതാണ് ശരി എന്ന അറിവുള്ളതിനാല്‍. മാത്രമല്ല, ഇന്ന് മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെങ്കിലുമൊരുദിവസം വ്യക്തമാകും എന്ന പ്രതീക്ഷയോടെ.
പ്രാര്‍ഥന ഒരു ആവശ്യപ്പെടല്‍ അല്ല. ആത്മാവിന്റെ തീവ്രമായ അഭിലാഷമാണത്. ഒരുവന്റെ ബലഹീനത ദിവസേന സമ്മതിച്ചുകൊടുക്കലാണ്. രോഗം, പ്രായമാകല്‍, അപകടങ്ങള്‍ തുടങ്ങിയവയുടെ മുന്നില്‍ ഒരുവന് ഒന്നുമല്ല എന്നതിനെക്കുറിച്ചുള്ള നിരന്തരമായ ഓര്‍മപ്പെടുത്തല്‍ നമ്മുടെ കൂട്ടത്തിലെ ഏറ്റവും ഉന്നതനായവന്റെ മുന്നിലുമുണ്ട്. മരണത്തിന്റെ നടുക്കാണ് നാം ജീവിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന നേരംകൊണ്ട്, നമ്മുടെ സ്വന്തം പരിപാടികള്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുമ്പോള്‍ത്തന്നെ അവ ഒന്നുമല്ലാതായിത്തീരുകയോ നാം അവയില്‍നിന്നും എടുത്തുമാറ്റപ്പെടുകയോ ചെയ്യുമ്പോള്‍ അതിന്റെ പ്രയോജനമെന്താണ്? പക്ഷേ, 'ഞങ്ങള്‍ ഈശ്വരനും അവന്റെ പദ്ധതികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു' എന്ന് സത്യസന്ധമായി പറയാനാകുമെങ്കില്‍ നമുക്ക് പാറപോലെ ഉറപ്പുള്ളതായി തോന്നും. അപ്പോള്‍ എല്ലാംതന്നെ പകല്‍വെളിച്ചംപോലെ വ്യക്തമാകും. അപ്പോള്‍ ഒന്നും നശിക്കുന്നില്ല. എല്ലാ നാശവും തോന്നല്‍ മാത്രമാകും. മരണവും നാശവും അപ്പോള്‍മാത്രം യഥാര്ഥമല്ലാതായിത്തീരും. കാരണം, മരണവും നാശവും അപ്പോള്‍ ഒരു മാറ്റം മാത്രമാണ്. ഒരു കലാകാരന് മെച്ചപ്പെട്ടതൊന്ന് സൃഷ്ടിക്കാനായി അയാളുടെ ചിത്രം നശിപ്പിക്കുന്നു. ഒരു വാച്ചുനിര്‍മാതാവ് ചീത്തയായൊരു സ്പ്രിങ് വലിച്ചെറിയുന്നു; പുതിയതും ഉപയോഗമുള്ളതുമായ മറ്റൊരെണ്ണം ഇടുന്നതിനുവേണ്ടി.
സംഘം ചേര്‍ന്നുള്ള പ്രാര്‍ഥന ശക്തിമത്തായ ഒരു സംഗതിയാണ്. നാം പലപ്പോഴും ഒറ്റയ്ക്കു ചെയ്യാത്തത് ഒരുമിച്ചുചേര്‍ന്ന് ചെയ്യുന്നു. കുട്ടികള്‍ക്ക് ബോധ്യമാകലിന്റെ ആവശ്യമില്ല. ആന്തരികമായ എതിര്‍പ്പ് കൂടാതെ അവര്‍ പ്രാര്‍ഥനയ്ക്കുള്ള വിളി അനുസരിച്ചുകൊണ്ട് ഹാജരാകുമ്പോള്‍ അവര്‍ ആത്മഹര്‍ഷം അനുഭവിക്കുന്നു. ഒരുപക്ഷേ പലരും അതനുഭവിക്കുന്നില്ലായിരിക്കും. അവര്‍ കുസൃതി കാട്ടുന്നവരാകാം. എന്നിരുന്നാലും അബോധപൂര്‍വമായ പ്രഭാവം തടയാനാവില്ല. തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ പരിഹാസകരായിരിക്കുകയും എന്നാല്‍ പിന്നീട് സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനയുടെ ഫലമായി ദൃഢമായി വിശ്വസിച്ചുതുടങ്ങുകയും ചെയ്ത ബാലന്മാര് ഇല്ലേ? ദൃഢവിശ്വാസം ഇല്ലാത്തവരും സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനയില്‍ ആശ്വാസം തേടാറുണ്ടെന്നുള്ളത് ഒരു സാധാരണ അനുഭവമാണ്. അമ്പലങ്ങളിലും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളിലും കൂടുന്നവര്‍ എല്ലാം തന്നെ നിന്ദകരോ തട്ടിപ്പുകാരോ അല്ല. അവര്‍ സത്യസന്ധരായ ആളുകളാണ്. അവരെ സംബന്ധിച്ചിടത്തോളം സംഘം ചേര്‍ന്നുള്ള പ്രാര്‍ഥന ദിവസേനയുള്ള കുളിപോലെയാണ്. അവരുടെ നിലനില്പിനായുള്ള ഒരു പ്രവൃത്തി, കിട്ടുന്ന ആദ്യാവസരങ്ങളില്ത്തന്നെ തൂത്തുമാറ്റിക്കളയാനുള്ള, വെറുതേ സമയം കളയുന്ന, ഒരു അന്ധവിശ്വാസമല്ല ഇത്തരം ആരാധനാലയങ്ങള്‍. അവ ഇക്കാലംവരെ എല്ലാവിധ എതിര്‍പ്പുകളെയും അതിജീവിച്ച്, കാലത്തിന്റെ അന്ത്യംവരെ നിലനില്‍ക്കാനാണ് സാധ്യതയും.
'പ്രാര്‍ഥനയില്‍ വിശ്വാസമില്ല' എന്ന എന്റെ ലേഖനത്തെക്കുറിച്ച് ഒരു കറസ്പോണ്ടന്റ് ഇങ്ങനെ എഴുതുന്നു;
മുകളില്‍ പറഞ്ഞ തലക്കെട്ടോടുകൂടിയ താങ്കളുടെ ലേഖനത്തില്‍ താങ്കള്‍ 'ബാല'നോടോ അല്ലെങ്കില്‍ മഹാനായ ഒരു ചിന്തകന്‍ എന്ന താങ്കളുടെ പദവിയോടോ നീതിപുലര്‍ത്തുന്നില്ല. കത്തുകാരന്‍ അയാളുടെ കത്തില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാംതന്നെ അത്ര സുഖകരമല്ലെന്നത് സത്യംതന്നെ. പക്ഷേ, അയാളുടെ ചിന്തയില്‍ വ്യക്തതയുണ്ടെന്നുള്ളതില് സംശയമില്ല. മാത്രമല്ല, വാക്കുകൊണ്ട് വിവക്ഷിച്ചതുപോലെ അതൊരു ബാലന് അല്ലെന്നതും വളരെ സ്പഷ്ടമാണ്. അയാളുടെ പ്രായം ഇരുപതില്‍ താഴേയാണെങ്കില്‍ എനിക്കതു വിശ്വസിക്കാന്‍ പ്രയാസമുള്ളതാണ്. അയാള്‍ ചെറുപ്പമാണെങ്കില്ത്തന്നെ 'ഒരു ബാലന് തര്ക്കിക്കാതിരിക്കണം' എന്ന രീതിയില്‍ അയാളോട് ഇടപെടുന്നത് അത്ര ശരിയല്ലെന്നു തോന്നുന്ന വിധത്തിലുള്ള ബുദ്ധിപരമായ വികാസം അയാള്‍ കാണിക്കുന്നുണ്ട്.
കത്തെഴുതിയ ആള് ഒരു റാഷണലിസ്റ്റാണ്. അതേസമയം താങ്കളൊരു വിശ്വാസിയും. വളരെ പഴക്കമുള്ള രണ്ടു ടൈപ്പുകള്‍ തമ്മിലുള്ള, പഴക്കമേറിയ സംഘര്‍ഷം 'എന്നെ ബോധ്യപ്പെടുത്തൂ, ഞാന്‍ വിശ്വസിക്കാം' എന്ന് ഒരാളുടെ മനോഭാവം, 'വിശ്വസിക്കൂ, ഉറപ്പ് താനേയുണ്ടാകും' എന്ന് മറ്റെ വ്യക്തിയും. ആദ്യത്തേത് യുക്തി ആവശ്യപ്പെടുന്നു, രണ്ടാമത്തേത് അധികാരത്തെയും. എല്ലാ ചെറുപ്പക്കാരുടെയും ഇടയില്‍ അജ്ഞേയതാവാദം ഒരു താത്കാലികഘട്ടമാണെന്നും അവരില്‍ വിശ്വാസം ക്രമേണ വന്നുചേരുമെന്നും താങ്കള്‍ കരുതുന്നതായി തോന്നുന്നു. താങ്കളുടെ ഈ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നതായി സ്വാമി വിവേകാനന്ദന്റെ പ്രശസ്തമായ ദൃഷ്ടാന്തമുണ്ട്. അതിനാല്‍ താങ്കള്‍ 'ബാലന്' അവന്റെ നന്മയ്ക്കായി ഒരു ഡോസ് പ്രാര്‍ഥന നിര്‍ദേശിക്കുന്നു. താങ്കളുടെ യുക്തി രണ്ടുതരത്തിലാണ്. ആദ്യത്തേത് ഒരുവന് തന്റെ സ്വന്തം നിസ്സാരത്വവും ശക്തിയും നന്മയും ഉണ്ടെന്നു കരുതുന്ന ഒരു ഉയര്‍ന്ന സത്തയെയും അംഗീകരിക്കുന്നുവെന്ന നിലയിലുള്ള പ്രാര്‍ഥന, പ്രാര്ഥനയ്ക്കുവേണ്ടി മാത്രം. രണ്ടാമത്, അതിന്റെ ഉപയുക്തത, സാന്ത്വനം വേണമെന്നുള്ളവര്‍ക്ക് അതു നല്കുന്ന ആശ്വാസം. രണ്ടാമതു പറഞ്ഞത് ഞാനാദ്യമെടുക്കുന്നു. ഇവിടെ ബലഹീനര്‍ക്കുള്ള ഊന്നുവടിയായിട്ടാണ് അത് നിര്‍ദേശിക്കപ്പെടുന്നത്. വളരെയധികം ആളുകള്‍ക്ക് ചില കാലത്തേങ്കിലും പ്രാര്‍ഥനയും വിശ്വാസവും വേണ്ടിവരുന്നതരത്തില്‍ മനുഷ്യരുടെ ബുദ്ധിയെ പതറിക്കുന്നവിധം ശക്തിയേറിയതാണ് ജീവിതത്തിലെ പരീക്ഷണങ്ങള്‍. അത്തരക്കാര്‍ക്ക് അത്യാവശ്യമാണ്, അവര്‍ക്കതാവാം. പക്ഷേ, രണ്ടിന്റെയും ആവശ്യകത ഒരിക്കലും അനുഭവപ്പെടാത്ത കുറെ യുക്തിവാദികള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്- കുറവുതന്നെ, സംശയമില്ല. കൂടാതെ സംശയാലുക്കളുടേതായ അല്ലെങ്കില്‍ മതത്തോടു നിഷ്പക്ഷത കാട്ടുന്ന ഒരു വര്‍ഗം അല്ലെങ്കില്‍ ആളുകളുടെ കൂട്ടം ഉണ്ട്.
എല്ലാവര്ക്കും ആത്യന്തികമായ പ്രാര്‍ഥനയുടെ ആവശ്യം വരുന്നില്ല എന്നതിനാലും, അതിന്റെ ആവശ്യകതയുള്ളവര്ക്ക് സ്വതന്ത്രമായി അങ്ങനെ ചെയ്യാം എന്നതിനാലും, അവരത് ആവശ്യനേരത്ത് ചെയ്യുന്നുണ്ട് എന്നതിനാലും, ഉപയുക്തത എന്ന നിലപാടില്‍ നിന്നുകൊണ്ട് നിര്ബന്ധിതപ്രാര്ഥന എന്നതിനെ ഉയര്‍ത്തിപ്പിടിക്കാനാവില്ല. നിര്ബന്ധിതവ്യായാമവും വിദ്യാഭ്യാസവും ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായിരിക്കും. എന്നാല്‍, സദാചാരബോധത്തിന് ഈശ്വരവിശ്വാസവും പ്രാര്‍ഥനയും അങ്ങനെയല്ല. ലോകത്തെ മഹാന്മാരായ അജ്ഞേയവാദികളില് പലരും വലിയ സദാചാരനിരതരായിരുന്നു. ഇവര്‍ക്കായി എളിമയുടെ പ്രകടനമായി, പ്രാര്‍ഥന പ്രാര്ഥനയ്ക്കുവേണ്ടി മാത്രമായി താങ്കള്‍ നിര്ദേശിക്കുമായിരിക്കും. ഈ എളിമയെക്കുറിച്ച് വളരെയൊക്കെ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിന്റെ വ്യാപ്തി വളരെയധികമാണ്. ഏറ്റവും വലിയ ശാസ്ത്രകാരന്മാര്‍പോലും ചിലപ്പോഴൊക്കെ വിനയാന്വിതരായിട്ടുണ്ട്. പക്ഷേ, അവരുടെ പൊതുവായ സവിശേഷത മഹത്തരമായ അന്വേഷണമാണ്. സ്വന്തം കഴിവിലുള്ള അവരുടെ വിശ്വാസം അവര്‍ കീഴടക്കിയ പ്രകൃതിയുടെ അത്രതന്നെ മഹത്തരമാണ്. അതങ്ങനെ അല്ലായിരുന്നുവെങ്കില്‍ നാമിപ്പോഴും കിഴങ്ങുകള്ക്കുവേണ്ടി വെറും വിരലുകള്‍കൊണ്ട് ഭൂമിയെ മാന്തിക്കൊണ്ടിരിക്കുമായിരുന്നു. അല്ല, ഈ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ടാവും.
'ഹിമയുഗത്തില്‍, തണുപ്പില്‍ മനുഷ്യര്‍ മരിച്ചുകൊണ്ടിരുന്നപ്പോള്‍, ആദ്യമായി തീ കണ്ടുപിടിച്ചു. ആ യുഗത്തിലെ താങ്കളുടെ പ്രോട്ടോടൈപ്പ് തീ കണ്ടെത്തിയവനെ ഇങ്ങനെ ആക്ഷേപിച്ചിരിക്കും. 'നിന്റെ പദ്ധതികള്‍കൊണ്ട് എന്തു പ്രയോജനം, ഈശ്വരന്റെ ശക്തിക്കും കോപത്തിനും എതിരെ അവയ്ക്ക് എന്തുചെയ്യാനാകും?' എളിമയുള്ളവന് മരണാനന്തരം സ്വര്‍ഗരാജ്യമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അവര്‍ക്കത് കിട്ടുമോ എന്ന് നമുക്കറിയില്ല. പക്ഷേ, ഈ ഭൂമിയില്‍ അവരുടെ ഭാഗധേയം അടിമത്തമാണ്. മുഖ്യ ആശയത്തിലേക്കിനി തിരിച്ചുപോകാം. 'വിശ്വാസപ്രമാണത്തെ സ്വീകരിക്കൂ, വിശ്വാസം ഉണ്ടായിവരും' എന്നതിനെക്കുറിച്ചുള്ള താങ്കളുടെ അവകാശവാദം വളരെ ശരിതന്നെ. ഭയാനകമായ ശരി. ഇത്തരത്തിലുള്ള പരിശീലനങ്ങളാണ് ഈ ലോകത്തെ മതമൗലികവാദത്തിന് ഏറക്കുറെ കാരണമെന്നു കണ്ടെത്താന്‍ കഴിയും. ചെറുപ്പത്തിലേ അവരെ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ മനുഷ്യരില്‍ ഒരു നല്ല ഭൂരിപക്ഷത്തെയും എന്തിലും വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയും. അങ്ങനെയാണ് നിങ്ങളുടെ യാഥാസ്ഥിതികരായ ഹിന്ദുക്കളും മുഹമ്മദീയരും നിര്‍മിക്കപ്പെടുന്നത്. തീര്‍ച്ചയായും അവരുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട ഇത്തരം വിശ്വാസപ്രമാണങ്ങളെ കവച്ച് വളരുന്നവര്‍ രണ്ടു സമുദായത്തിലും കുറച്ചെങ്കിലുമുണ്ട്. പക്വതയെത്തുന്നതുവരെ ഹിന്ദുക്കളും മുഹമ്മദീയരും അവരുടെ വേദഗ്രന്ഥങ്ങള്‍ പഠിക്കുന്നതു നിര്‍ത്തിവെച്ചിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ വരട്ടുസിദ്ധാന്തത്തിന്റെ അന്ധമായ വിശ്വാസികള്‍ ആകുമായിരുന്നില്ല. അവയ്ക്കുവേണ്ടി ലഹളകള്‍ ഉണ്ടാക്കുന്നതും അവസാനിപ്പിക്കുമായിരുന്നെന്ന് താങ്കള്‍ക്കറിയാമോ? മതനിരപേക്ഷ വിദ്യാഭ്യാസമാണ് ഹിന്ദു- മുസ്ലിം ലഹളകള്‍ക്കുള്ള പരിഹാരം. പക്ഷേ, താങ്കള്‍ ആ രീതിയിലുള്ള വ്യക്തിയല്ല.
'ജനങ്ങള്‍ എപ്പോഴും ഭീതിയോടെ ജീവിച്ചിരുന്ന ഈ രാജ്യത്ത് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ധൈര്യത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും സഹനത്തിന്റെയും ഉദാഹരണം കാട്ടിത്തന്ന അങ്ങയോടുള്ള ഞങ്ങളുടെ കടപ്പാട് വളരെ വലുതാണെങ്കിലും അങ്ങയുടെ പ്രവര്ത്തനത്തിന്മേലുള്ള അന്തിമനിര്ണയത്തില് ഈ രാജ്യത്തെ ബുദ്ധിപരമായ പുരോഗതിക്ക് അങ്ങയുടെ സ്വാധീനം വളരെ വലിയ പ്രതിബന്ധമായിരുന്നുവെന്നായിരിക്കും പറയുക.'
സാധാരണരീതിയില്‍ മനസ്സിലാക്കുന്നപോലെ 'ബാലന്' എന്ന വാക്കിന്റെ അര്‍ഥം എനിക്കറിയില്ല. തീര്‍ച്ചയായും സ്കൂളില്‍ പോകുന്ന എല്ലാ വ്യക്തിയെയും അവരുടെ പ്രായമെന്തുതന്നെയായാലും ഞാന്‍ ബാലന്മാരെന്നും ബാലികമാരെന്നുമായിരിക്കും വിളിക്കുക. പക്ഷേ, സംശയാലുവായ വിദ്യാര്‍ഥിയെ ബാലന് എന്നോ ആള് എന്നോ വിളിക്കുക എന്ന കാര്യത്തില്‍ എന്റെ വാദം നിലനില്‍ക്കുന്നതാണ്. ഒരു വിദ്യാര്‍ഥി ഒരു സൈനികനെപ്പോലെയാണ് (ഒരു സൈനികന് നാല്പതു വയസ്സുകാരനായിരിക്കാം) അച്ചടക്കത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. സ്വയമതിന് കീഴ്പ്പെടുകയും അതിനു കീഴിലായിരിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയാണെങ്കില്‍ അയാളുടെ റെജിമെന്റില്‍ ഒരംഗമായിരുന്നുകൊണ്ട് അയാളോട് ആവശ്യപ്പെടുന്ന കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ തിരഞ്ഞെടുക്കാനുള്ള അവകാശം അയാള്ക്കുണ്ടായിരുന്നതല്ല. അതുപോലെ, ഒരു വിദ്യാര്‍ഥി എത്ര ബുദ്ധിമാനോ ഏതു പ്രായക്കാരനോ ആകട്ടെ, ഒരു വിദ്യാലയത്തിലോ കോളേജിലോ ചേരുമ്പോള്‍ അതിന്റെ അച്ചടക്കക്രമം തള്ളിക്കളയാനുള്ള അവകാശം അടിയറവുവെക്കുകയാണ്. ഇവിടെ, ആ വിദ്യാര്‍ഥിയുടെ ബുദ്ധിശക്തിയെ വിലകുറച്ചുകാണുകയോ നിന്ദിക്കുകയോ ചെയ്യുന്നില്ല. സ്വമേധയാ അച്ചടക്കവിധേയമാകുന്നത് അവന്റെ ബുദ്ധിശക്തിക്ക് ഒരു സഹായമാണ്. പക്ഷേ, എനിക്ക് എഴുത്തുകുത്ത് നടത്തിയ ആള് അറിഞ്ഞുകൊണ്ടുതന്നെ വാക്കുകളുടെ ഉഗ്രവേഴ്ചയുടെ ഭാരമേറിയ നുകം ചുമക്കുകയാണ്. പ്രവൃത്തി ചെയ്യുന്ന ആള്‍ക്ക് അപ്രീതിയുണ്ടാകുന്ന ഓരോ കാര്യത്തിലും 'നിര്‍ബന്ധം' മണത്തറിയുകയാണ്. പക്ഷേ, നിര്‍ബന്ധമുണ്ട് നിര്‍ബന്ധവുമുണ്ട്. സ്വയം ചുമത്തുന്ന നിര്‍ബന്ധത്തെ നാം സ്വയം നിയന്ത്രണം എന്നു വിളിക്കുന്നു. നാമതിനെ ആശ്ലേഷിക്കുന്നു, അതിനു കീഴില്‍ വളരുന്നു. പക്ഷേ, നമ്മെ നാണംകെടുത്തുക എന്ന ഉദ്ദേശ്യത്തോടും പുരുഷന്മാരും ആണ്‍കുട്ടികളും എന്ന നിലയ്ക്കുള്ള നമ്മുടെ അഭിമാനത്തെ കവരുകയും ചെയ്യുന്ന, നമ്മുടെ ഇച്ഛയ്ക്കെതിരെ നമ്മുടെ മേല്‍ കെട്ടിവെക്കുന്ന നിര്‍ബന്ധത്തെയാണ് വേണമെങ്കില്‍ ജീവന് കൊടുത്തും നാം അകറ്റിനിര്‍ത്തേണ്ടത്. പൊതുവേ സാമൂഹികനിയന്ത്രണങ്ങള്‍ ആരോഗ്യകരമാണ്. നാമവയെ തള്ളിക്കളയുന്നത് നമുക്കുതന്നെ ദോഷകരമാണ്. കാല് നക്കിപ്പിക്കുന്ന കല്പനകള്ക്ക് കീഴ്വഴങ്ങുന്നത് ആണത്തമല്ല, ഭീരുത്വമാണ്. ജീവിതത്തിലെ ഓരോ നിമിഷവും നമ്മെ അടിമകളാക്കാന്‍ നമുക്കു ചുറ്റും തിരക്കുകൂട്ടുന്ന അനേകം വികാരങ്ങള്‍ക്ക് അടിയറവുപറയുന്നത് അതിലും മോശമാണ്.
മറ്റൊരു വാക്കുകൂടി ഈ എഴുത്തുകുത്ത് നടത്തിയ ആളെ ചങ്ങലക്കിടുന്നുണ്ട്. 'യുക്തിവാദം' എന്ന ശക്തിയേറിയ വാക്കാണത്. ശരി, അതിന്റെയൊരു മുഴുവന്‍ ഡോസുതന്നെ എനിക്കു കിട്ടി. അനുഭവം എന്നെ യുക്തിയുടെ പ്രത്യേക പരിമിതികള്‍ മനസ്സിലാക്കുന്നതിന് വേണ്ടവിധം എളിമപ്പെടുത്തിയിട്ടുണ്ട്. സ്ഥാനം തെറ്റിവെക്കപ്പെട്ട പദാര്‍ഥം പേര് ആകുന്നതുപോലെ തെറ്റായി പ്രയോഗിക്കുന്ന യുക്തി ഭ്രാന്താണ്. ഒരുപക്ഷേ, നാം സീസറിനുള്ളത് സീസറിന് നല്കുകയാണെങ്കില് എല്ലാം ശരിയാകുമായിരിക്കും.
പ്രാര്‍ഥനയുടെ ഉപയോഗത്തെക്കുറിച്ച് ആരാണ് യുക്തിയുക്തം വാദിച്ചത്? പ്രയോഗത്തിനു ശേഷമാണ് അതിന്റെ ഉപയുക്തത അനുഭവപ്പെടുക. അതാണ് ലോകത്തിന്റെ സാക്ഷ്യം. കര്‍ദിനാള്‍ ന്യൂമാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ യുക്തിയെ അടിയറവുവെച്ചില്ല. പക്ഷേ, 'ഒരു ചുവടുമതിയെനിക്ക്' എന്നദ്ദേഹം എളിമയോടെ പാടിയപ്പോള്‍ പ്രാര്‍ഥനയ്ക്ക് അദ്ദേഹം മെച്ചപ്പെട്ട സ്ഥാനം കൊടുക്കുകയായിരുന്നു. യുക്തിവാദികളുടെയിടയില് രാജകുമാരനായിരുന്നു ശങ്കരന്. ശങ്കരന്റെ യുക്തിവാദത്തെ മറികടക്കുന്ന യാതൊന്നുംതന്നെ ലോകസാഹിത്യത്തില്‍ ഇല്ല. പക്ഷേ, അദ്ദേഹം ആദ്യസ്ഥാനം പ്രാര്‍ഥനയ്ക്കും വിശ്വാസത്തിനും നല്കി.
കത്തെഴുതിയ വ്യക്തി നമ്മുടെ മുന്നില്‍ നടക്കുന്ന അസ്ഥിരവും അസ്വസ്ഥജനകവുമായ സംഭവങ്ങളില്‍നിന്നും തിടുക്കത്തിലുള്ളൊരു സാമാന്യവത്കരണമാണ് നടത്തിയത്. ഭൂമിയിലെ എല്ലാ വസ്തുക്കളും ദുരുപയോഗത്തിന് ഇടം നല്കുന്നവയാണ്. മനുഷ്യനെ സംബന്ധിക്കുന്ന എല്ലാറ്റിനെയും സ്പര്‍ശിക്കുന്ന ഒരു നിയമംതന്നെയാണിതെന്നു കാണപ്പെടുന്നു. ചരിത്രത്തിലെ ഭീകരങ്ങളായ ചില കുറ്റങ്ങള്‍ക്ക് മതം മറുപടി പറയേണ്ടതുണ്ട്, സംശയമില്ല. പക്ഷേ, അത് മതത്തിന്റെ തെറ്റല്ല, മനുഷ്യനിലെ നിയന്ത്രിക്കാനാകാത്ത മൃഗത്തിന്റെതാണ്. മനുഷ്യന് അവന്റെ മൃഗീയപൈതൃകത്തിന്റെ സ്വാധീനം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.
ലളിതമായ വിശ്വാസത്താല്‍ ഒരിക്കലും ഒന്നും ചെയ്യാത്തതോ പ്രവൃത്തികളെല്ലാംതന്നെ യുക്തിയുടെ അടിസ്ഥാനത്തില്‍ ചെയ്യുന്നതോ ആയ ഒരൊറ്റ യുക്തിവാദിയെയും എനിക്കറിയില്ല. പക്ഷേ, നമ്മുടെയെല്ലാം സ്രഷ്ടാവില്‍ ശിശുസഹജമായി വിശ്വസിച്ചുകൊണ്ട് ഏറക്കുറെ ക്രമബദ്ധമായി ജീവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരെ നമുക്കറിയാം. ആ വിശ്വാസംതന്നെ പ്രാര്‍ഥനയാണ്. ഞാനെന്റെ ലേഖനം അടിസ്ഥാനമാക്കിയ ആ 'ബാലന്' മനുഷ്യരുടെ ആ വലിയ സമൂഹത്തിലാണ് ഉള്‍പ്പെടുന്നത്. അവനെയും അവന്റെ സഹ അന്വേഷികളെയും സ്ഥിരപ്പെടുത്താനാണ് ആ ലേഖനം എഴുതിയിട്ടുള്ളത്. അല്ലാതെ എഴുത്തുകുത്ത് നടത്തിയ ആളെപ്പോലുള്ള യുക്തിവാദികളുടെ ശാന്തതയ്ക്ക് ഭംഗം വരുത്താനല്ല.
പക്ഷേ, ഈ ലോകത്തെ യുവാക്കള്‍ക്ക് അവരുടെ വയസ്സ് മൂത്തവരും അധ്യാപകരും നല്കുന്ന ചായ്വിനോടുപോലും അയാള്‍ കലഹിക്കുന്നു. പക്ഷേ, അത് എളുപ്പം സ്വാധീനിക്കാവുന്ന പ്രായത്തിന്റെ അടര്‍ത്തിമാറ്റാനാവാത്ത ഒരു വൈകല്യം (അങ്ങനെയൊന്നാണെങ്കില്) ആണെന്നു തോന്നുന്നു. ഒരുതരത്തില്‍ യുവമനസ്സിനെ രൂപപ്പെടുത്താനുള്ള ഒരു ശ്രമമാണ് മതനിരപേക്ഷമായ വിദ്യാഭ്യാസവും. ശരീരത്തെയും മനസ്സിനെയും പരിശീലിപ്പിക്കാനും വഴികാട്ടുവാനും സാധ്യമാണെന്ന് കറസ്പോണ്ടന്റ് സമ്മതിച്ചുതരുന്നുണ്ട്. ശരീരത്തെയും മനസ്സിനെയും സാധ്യമാക്കുന്ന ആത്മാവ്, അതിനെക്കുറിച്ചയാള്ക്ക് യാതൊരു ചിന്തയുമില്ല. അല്ലെങ്കില്‍ ഒരുപക്ഷേ അതിന്റെ അസ്തിത്വത്തെക്കുറിച്ച് അയാള്‍ സംശയാലുവായിരിക്കും. പക്ഷേ, ഈ വിശ്വാസം അയാള്‍ക്ക് പ്രയോജനപ്പെടില്ല. അയാളുടെ യുക്തിചിന്തയുടെ പരിണതഫലത്തില്നിന്നും അയാള്‍ക്ക് രക്ഷപ്പെടാനാവില്ല. കറസ്പോണ്ടന്റിന്റെതന്നെ നിലപാടില്‍ നിന്നുകൊണ്ട് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശരീരത്തെയും ബുദ്ധിയെയും മറ്റുള്ളവര്‍ സ്വാധീനിക്കുന്നതുപോലെ തനിക്കും കുട്ടികളുടെ ആത്മാവിനെ സ്വാധീനിക്കാമല്ലോ എന്ന് എന്തുകൊണ്ട് ഒരു വിശ്വാസിക്ക് വാദിച്ചുകൂടാ? യഥാര്‍ഥത്തിലുള്ള ഈശ്വരവിശ്വാസചൈതന്യം പരിണമിച്ചുണ്ടാകുന്നതോടുകൂടി 'മതപരമായ ബോധനത്തിന്റെ തിന്മകള്' അപ്രത്യക്ഷമാകും. മതപരമായ ബോധനങ്ങള്‍ ഉപേക്ഷിക്കുന്നത് ഉഴവുകാരന് കൃഷിനിലത്തിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ കൃഷിസ്ഥലം വെറുതേയിടുകയും അവിടെ കളകള്‍ വളരുകയും ചെയ്യുന്നതുപോലെയാണ്.
പുരാതനകാലത്തെ മഹത്തായ കണ്ടുപിടുത്തങ്ങളിലൂടെയുള്ള കറസ്പോണ്ടന്റിന്റെ യാത്ര ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ആ കണ്ടുപിടിത്തങ്ങളുടെ ഉപയുക്തതയെയോ കേമത്തത്തെയോ ആരും ചോദ്യം ചെയ്യുന്നില്ല, ഞാന്‍ ചെയ്യുന്നില്ല. പൊതുവേ യുക്തിയുടെ ഉപയോഗത്തിന്റെയും പ്രയോഗത്തിന്റെയും ശരിയായ രംഗമാണവ. പക്ഷേ, അവര്‍ പൗരാണികര്‍, അവരുടെ ജീവിതത്തില്‍നിന്നും വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും സുപ്രധാനമായ കര്‍ത്തവ്യം എടുത്തുകളഞ്ഞില്ല. വിശ്വാസവും പ്രാര്‍ഥനയും ഇല്ലാത്ത പ്രവൃത്തികള്‍ സുഗന്ധമില്ലാത്ത കൃത്രിമ പൂവുപോലെയാണ്. യുക്തിയെ അടിച്ചമര്ത്തണമെന്നല്ല എന്റെ വാദം, നമ്മിലുള്ള യുക്തിയെത്തന്നെ പവിത്രമാക്കാന്‍ പോന്ന ഒന്നിന് അതിനര്‍ഹമായ അംഗീകാരം നല്‍കണമെന്നാണ്.
എന്തുകൊണ്ട് പ്രാര്‍ഥനയില്‍ വിശ്വാസമില്ല?
എന്തുകൊണ്ട് പ്രാര്‍ഥനയില്‍ വിശ്വാസമില്ലാതാകുന്നു? വിശ്വാസം ഉള്ളില്‍നിന്നും ഉദ്ഭവിക്കുന്നതോ വെളിപ്പെടുന്നതോ ആണ്. ആരെയും ഒഴിവാക്കാതെ, എല്ലാ കാലദേശങ്ങളിലെയും അവസ്ഥകളിലെയും ആചാര്യന്മാരുടെയും ഗുരുനാഥന്മാരുടെയും സാക്ഷ്യപത്രങ്ങളില്നിന്നും നിങ്ങളതിനെ ഗ്രഹിക്കണം. വെറുതേ നാവുകൊണ്ടുള്ള പ്രകടനമല്ല പ്രാര്‍ഥന. അതൊരിക്കലും കള്ളം പറയേണ്ടതില്ല. നിസ്വാര്‍ഥസേവനമാണ് പ്രാര്‍ഥന.
'എനിക്ക് പ്രാര്‍ഥനയില്‍ വിശ്വാസമില്ലെ'ന്ന് നിങ്ങള്‍ പറയരുത്.
വിശ്വസിക്കൂ
സന്ദര്ശകന്: നിങ്ങള്‍ ഈശ്വരനോട് പ്രാര്‍ഥിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി അവനിടപെട്ട് നിയമം മാറ്റിവെക്കുമോ?
ഗാന്ധിജി: ഈശ്വരന്റെ നിയമം മാറ്റമില്ലാതെ തുടരുന്നു. പക്ഷേ, ഓരോ പ്രവൃത്തിക്കും ഫലമുണ്ടെന്ന് ആ നിയമംതന്നെ പറയുമ്പോള്‍, ഒരു വ്യക്തി പ്രാര്‍ഥിക്കുമ്പോള്‍ അയാളുടെ പ്രാര്‍ഥന ഈശ്വരനിയമത്തിന് അനുസൃതമായൊരു കാണപ്പെടാത്ത ഫലം ഉണ്ടാക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടും...
'പക്ഷേ, നിങ്ങള്‍ പ്രാര്‍ഥിക്കുന്ന ഈശ്വരനെ നിങ്ങള്‍ക്കറിയാമോ?'
'ഇല്ല, എനിക്കറിയില്ല.'
'അപ്പോള്‍പ്പിന്നെ ആരോടാണ് ഞങ്ങള്‍ പ്രാര്‍ഥിക്കേണ്ടത്?'
'നമുക്കറിയാത്ത ഈശ്വരനോട്- നാം പ്രാര്‍ഥിക്കുന്ന വ്യക്തിയെ നാമെപ്പോഴും അറിഞ്ഞോളണമെന്നില്ല.'
'ശരിയായിരിക്കാം. പക്ഷേ, നമ്മള് പ്രാര്ഥിക്കുന്നതാരോടാണോ അദ്ദേഹത്തെ അറിയാന്‍ കഴിയും.'
Content Highlights: excerpts from the book prarthana by m k gandhi translated by sisily
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..