ഇന്ത്യയുടെ കാപ്പിക്കോപ്പയായ കൊടകിലെ ദുരന്തത്തിനുള്ള മുഖ്യകാരണങ്ങള്‍ എന്ത്?


വിജു ബികൊടഗില്‍ 30 ശതമാനം സ്ഥലത്തും കാപ്പിച്ചെടികളാണ്. ഹെക്ടറില്‍ ശരാശരി 100 കാപ്പിച്ചെടികളുണ്ട്. പ്രാദേശികവൃക്ഷങ്ങളായ പ്ലാവ്, വീട്ടി, നന്ദി, താരി, ബൊണ്ണെ ഐച്ചി, അമ്പാട്ടി, നെരാലെ എന്നിവയാണ് ഇവിടത്തെ ജൈവവൈവിദ്ധ്യം നിലനിര്‍ത്തുന്നതും മണ്ണിന്റെ ജലസംഭരണം സാദ്ധ്യമാക്കുന്നതും.

ഫോട്ടോ: റിഥിൻ ദാമു

വിജു ബി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രളയവും കോപവും എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.

'ന്ത്യയുടെ കാപ്പിക്കോപ്പ'യെന്നാണ് കൂര്‍ഗ് അഥവാ കൊടഗ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ മനോഹരവും ഹരിതാഭവുമായ കാപ്പിത്തോട്ടങ്ങളാണ് ഇവിടത്തെ പ്രത്യേകത. ചിലര്‍ വന്‍കിട തോട്ടങ്ങള്‍ നടത്തുന്നു. ചിലരാകട്ടെ, ഉത്തപ്പയെപ്പോലെ സ്വന്തം സ്ഥലത്തുതന്നെ കാപ്പിച്ചെടികള്‍ നട്ടുവളര്‍ത്തുന്നു. തെക്കുപടിഞ്ഞാറന്‍ കര്‍ണ്ണാടകയില്‍ പശ്ചിമഘട്ടത്തിലെ 4102 കിലോമീറ്ററില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ജില്ലയാണ് കൂര്‍ഗ്. ഇവിടത്തെ ഭൂമി സമുദ്രനിരപ്പില്‍നിന്ന് 390 മീറ്റര്‍ മുതല്‍ 1750 മീറ്റര്‍ വരെ ഉയരത്തില്‍ കിടക്കുന്നു. ഇവിടത്തെ താപനില 11 മുതല്‍ 28 വരെ ഡിഗ്രി സെല്‍ഷ്യസാണ്. കാപ്പിച്ചെടികള്‍ക്ക് വളരാന്‍ ഉചിതമായ കാലാവസ്ഥയാണിവിടെ. ഇവിടത്തെ കാപ്പി ലോകത്തിലെ മികച്ച ഇനങ്ങളിലൊന്നാണ്. യൂറോപ്പ്, ഓസ്ട്രേലിയ, യു.എ.ഇ. എന്നിവിടങ്ങളിലേക്ക് ഇത് കയറ്റിയയയ്ക്കുന്നു.

കാപ്പിയുത്പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കര്‍ണ്ണാടക. രാജ്യത്തെ കാപ്പിയുടെ 71 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്. ഇവിടത്തെ കാപ്പിത്തോട്ടങ്ങളിലെ ഏറിയപങ്കും കൊടഗ്-ചിക്കമംഗളൂരു-ഹാസന്‍ മേഖലയിലാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 53 ശതമാനവും കൊടഗ് ജില്ലയിലാണ്.

ഓഗസ്റ്റിലെ പ്രളയത്തിലുണ്ടായ നാശനഷ്ടത്തിന്റെ അളവ് കൂര്‍ഗ്ഗിലെ ഉള്‍പ്രദേശങ്ങളിലേക്കു പോയപ്പോള്‍ എനിക്കു ബോദ്ധ്യപ്പെട്ടു. ഈ ജില്ലയുടെ യഥാര്‍ത്ഥ വിപത്ത് പുറംലോകമറിഞ്ഞിട്ടില്ല. കാരണം, മാദ്ധ്യമങ്ങള്‍ പ്രധാനമായും കേരളത്തിലെ നാശം റിപ്പോര്‍ട്ട് ചെയ്യുന്ന തിരക്കിലായിരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ കര്‍ണ്ണാടകയിലെ ചെറിയ ജില്ലയായതുകൊണ്ടു കൂടിയാവാം കൂര്‍ഗ്ഗിന് കൂടുതല്‍ മാദ്ധ്യമശ്രദ്ധ കിട്ടാതെപോയത്. ഒരു കിലോമീറ്റര്‍ സ്ഥലത്ത് ശരാശരി 135 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബെംഗളൂരുവിലാകട്ടെ, 2011 സെന്‍സസ് പ്രകാരം, കിലോമീറ്ററില്‍ 4381 പേര്‍ താമസിക്കുന്നു.

കൂര്‍ഗ്ഗിലെ ഉരുള്‍പൊട്ടലുകളില്‍ ഒട്ടേറെ കാപ്പിത്തോട്ടങ്ങള്‍ നശിച്ചു. മഴ കനത്തപ്പോള്‍ അയല്‍വാസിയുടെ വീട്ടിലേക്കു പോയതിനാല്‍ രജിനി പി.കെ. കുശ എന്ന പ്രദേശവാസി അദ്ഭുതകരമായി രക്ഷപ്പെട്ടു. 'കനത്ത പാറക്കഷണങ്ങള്‍ വന്നുവീണ് എന്റെ വീട് അഞ്ചുമിനിറ്റിനുള്ളില്‍ നിലംപൊത്തി,' അവര്‍ പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കൊടഗില്‍ അനിയന്ത്രിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വനനശീകരണവും നടക്കുന്നുണ്ടായിരുന്നു. ഹോംസ്റ്റേകള്‍ നിര്‍മ്മിക്കാന്‍ പലയിടത്തും കുന്നിന്റെ താഴ്വരകള്‍ ഇടിച്ചതും റോഡ് വികസനവും ഇവിടത്തെ മണ്ണിന്റെ ദൃഢത നശിപ്പിച്ചു. ഓഗസ്റ്റിലെ കനത്ത മഴയില്‍ എല്ലാം കീഴ്മേല്‍മറിഞ്ഞു. പക്ഷേ, പ്രളയത്തിന് ഒരുവര്‍ഷത്തിനുശേഷം കര്‍ണ്ണാടക സര്‍ക്കാര്‍ കൊടഗിലെ ഉരുള്‍പൊട്ടലിന്റെ കാരണമറിയാന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ.)യോട് അന്വേഷണം നടത്താനാവശ്യപ്പെട്ടു. കേരള സര്‍ക്കാരാവട്ടെ ഉരുള്‍പൊട്ടലിന്റെ കാരണമറിയാന്‍ മണ്ണിനെക്കുറിച്ചു പഠനം നടത്താന്‍പോലും തയ്യാറായില്ല.

ജി.എസ്.ഐയുടെ കണ്ടെത്തല്‍ വര്‍ഷങ്ങളായി പരിസ്ഥിതിവാദികള്‍ പറയുന്നതിനോടു ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. 'ഭൂരിഭാഗം ഉരുള്‍പൊട്ടലുകള്‍ക്കും കാരണം ഭൂപ്രകൃതിയില്‍ മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലാണ്,' അതില്‍ പറയുന്നു.

105 ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സംഭവങ്ങളെക്കുറിച്ചുള്ള ജി.എസ്.ഐ. പഠനത്തിലെ കണ്ടെത്തല്‍ ഇങ്ങനെയാണ്: 'മാറ്റംവരുത്തിയ കുന്നിന്‍ചെരുവ് മഴ പെയ്യാത്തിടത്തോളം സുരക്ഷിതമാണ്. എന്നാല്‍, ഇതേ സ്ഥലത്ത് കനത്തമഴ പെയ്യുമ്പോള്‍ അപകടസാദ്ധ്യത കൂടുതലാണ്.' കൂടുതല്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സംഭവങ്ങളുണ്ടായത് 2018 ഓഗസ്റ്റ് 15നും 23നുമിടയ്ക്കാണ്. ഈ എട്ടുദിവസത്തില്‍ മടിക്കേരി താലൂക്കില്‍ കനത്ത മഴ പെയ്തു. 800-850 മില്ലീമീറ്ററിനടുത്തായിരുന്നു അത്. കഴിഞ്ഞ 20 വര്‍ഷത്തെ മഴയുടെ വാര്‍ഷിക ശരാശരിയുടെ 25 ശതമാനം വരുമിത്. വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്ന കുന്നിന്‍ചെരുവുകളില്‍ ഈ മഴ ഉരുള്‍പൊട്ടലുകളുടെ ഉത്തേജകശക്തിയായി. മണ്ണില്‍ നിറഞ്ഞ വെള്ളത്തിന്റെ മര്‍ദ്ദം കൂടുകയും മണ്ണിന്റെ ആന്തരികഘര്‍ഷണം കുറയുകയും ചെയ്തു.

കനത്ത മഴ ഒഴിച്ചുനിര്‍ത്തിയാല്‍ ദുരന്തത്തിനു കാരണമായി ജി.എസ്.ഐ. കണ്ടെത്തിയത് സ്വാഭാവിക കുന്നിന്‍ചെരുവുകളുടെ രൂപമാറ്റമാണ്. റോഡുനിര്‍മ്മാണത്തിനായി കുന്നുകള്‍ കുത്തനെയിടിക്കല്‍, വീടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും നിര്‍മ്മിക്കാനായി കുന്നിന്‍ചെരുവുകള്‍ നിരത്തല്‍, കാപ്പിത്തോട്ടങ്ങള്‍ക്കും മറ്റുമായി കുന്നിന്‍ചെരുവുകളില്‍ വന്‍തോതില്‍ മാറ്റംവരുത്തല്‍ എന്നിവ ഇവിടെ സാധാരണമായിരുന്നു.

'ഈ പ്രവര്‍ത്തനങ്ങള്‍ കുന്നിന്‍ചെരുവുകളിലെ മണ്ണിന്റെ ദൃഢത കുറച്ചു. പിന്നീട് കനത്ത മഴ പെയ്യുമ്പോള്‍ ചെരുവ് ഉറപ്പില്ലാതാവുകയും കൂര്‍ഗ്ഗില്‍ കണ്ടതുപോലുള്ള ദുരന്തങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു. മടിക്കേരി ടൗണില്‍ ഒട്ടേറെ വീടുകള്‍ ഇത്തരം സ്ഥലങ്ങളില്‍ പണിതിട്ടുണ്ട്,' റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഭൂമിയുടെ ഈ രൂപമാറ്റം പലയിടത്തും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി. മഴക്കാലത്തെ ഉറവകള്‍ കാരണം താഴ്ന്നപ്രദേശങ്ങളിലേക്ക് വന്‍ നീരൊഴുക്കുണ്ടാകാറുണ്ട്. പക്ഷേ, തോട്ടങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കാരണം ഇത് പലയിടത്തും തടസ്സപ്പെടുകയാണ്. 'ഇങ്ങനെ തടയപ്പെടുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതോടെ അതില്‍നിന്നുള്ള മര്‍ദ്ദവും കൂടുന്നു. അതോടെ, ഇതു താങ്ങാനാവാതെ മണ്ണിടിച്ചിലുണ്ടാവുകയും വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. അതിലുപരി, ചെരുവുകള്‍ക്കുള്ളിലൂടെയുള്ള തുടര്‍ച്ചയായ നീരൊഴുക്ക് അവയുടെ ഉറപ്പിനെ ബാധിക്കുന്നു. ഇത് കൂടുതല്‍ മണ്ണിടിച്ചിലിനു കാരണമാകുന്നു,' പഠനം പറയുന്നു.

ഇവിടത്തെ കാപ്പിത്തോട്ടങ്ങളിലെ ജലസംഭരണികളും കുളങ്ങളും സ്വാഭാവിക കുന്നിന്‍ചെരുവുകള്‍ക്കു മാറ്റംവരുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പഠനം പറയുന്നു. കാരണങ്ങള്‍ പലതുണ്ടാവാമെങ്കിലും കൊടഗിലെ ദുരന്തത്തിനുള്ള മുഖ്യകാരണങ്ങള്‍ കനത്ത മഴയും കുന്നിന്‍ചെരുവുകള്‍ക്ക് മനുഷ്യന്‍ വരുത്തിയ രൂപമാറ്റങ്ങളുമാണെന്ന് ജി.എസ്.ഐ. പറയുന്നു.

ഇവിടത്തെ ഭൂമി ഉപയോഗിക്കുന്നതിന് ഒരു മാനദണ്ഡവുമില്ലെന്ന് ജി.എസ്.ഐ. പറയുന്നു. സംസ്ഥാനസര്‍ക്കാരും കര്‍ണ്ണാടക ദുരന്തനിവാരണ അതോറിറ്റിയും പശ്ചിമഘട്ടമേഖലയിലെ, പ്രത്യേകിച്ചും കൊടഗ് ജില്ലയിലെ ഭൂമി ഉപയോഗിക്കുന്നതിനുള്ള ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടാക്കണമെന്ന് ജി.എസ്.ഐ. പറയുന്നു. 'മണ്ണിടിച്ചില്‍ സാദ്ധ്യതാപ്രദേശങ്ങളും ബഫര്‍സോണുകളും വെവ്വേറെ തിരിച്ചറിയേണ്ടതുണ്ട്. സുസ്ഥിരവികസനത്തിനായി ഓരോ പ്രദേശങ്ങളിലെയും ഭൂമിയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാം എന്നതിനെക്കുറിച്ചൊക്കെ കര്‍ശനനിയമങ്ങളും നയങ്ങളുമുണ്ടാക്കണം,' ജി.എസ്.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാവിയില്‍ കുന്നിന്‍ചെരുവുകളില്‍ ഇത്തരത്തില്‍ മണ്ണ് വെട്ടിമാറ്റുമ്പോള്‍ ഒരു ജിയോളജിസ്റ്റിന്റെയോ സ്ട്രക്ചറല്‍ എന്‍ജിനീയറുടെയോ അഭിപ്രായം തേടണമെന്ന് ജി.എസ്.ഐ. പറയുന്നു. 'ചെരുവുകളില്‍നിന്ന് മണ്ണ് കുത്തനെ വെട്ടിയിറക്കുന്നത് ഭാവിയില്‍ നിര്‍ബ്ബന്ധമായും ഒഴിവാക്കണം. ഇവിടത്തെ മഴയുടെ വാര്‍ഷിക ശരാശരി കണക്കിലെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടെന്നില്ല. അവ നേരിടാന്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ വേണം. നീരുവാര്‍ച്ച ഉയര്‍ന്ന പരിഗണനയോടെ കൈകാര്യം ചെയ്യണം. നിര്‍മ്മാണമേഖലകളില്‍ നീരൊഴുക്കിന് ഉചിതമായ പാതയൊരുക്കണം. രാമച്ചംപോലുള്ള സസ്യങ്ങള്‍ നടാം. അത് ചെരുവുകളിലെ മണ്ണിന്റെ ഉറപ്പിന് സഹായകമാവും. റോഡുകളില്‍ നാമഫലകങ്ങള്‍ സ്ഥാപിക്കുക, അടിയന്തരസാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കുക, കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ഉരുള്‍പൊട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറല്‍ എന്നിവ ചെയ്യാം. മേഖലയിലെ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഉരുള്‍പൊട്ടലുകളെക്കുറിച്ചുള്ള ബോധവത്കരണം നടത്തണം,' റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊടഗില്‍ 30 ശതമാനം സ്ഥലത്തും കാപ്പിച്ചെടികളാണ്. ഹെക്ടറില്‍ ശരാശരി 100 കാപ്പിച്ചെടികളുണ്ട്. പ്രാദേശികവൃക്ഷങ്ങളായ പ്ലാവ്, വീട്ടി, നന്ദി, താരി, ബൊണ്ണെ ഐച്ചി, അമ്പാട്ടി, നെരാലെ എന്നിവയാണ് ഇവിടത്തെ ജൈവവൈവിദ്ധ്യം നിലനിര്‍ത്തുന്നതും മണ്ണിന്റെ ജലസംഭരണം സാദ്ധ്യമാക്കുന്നതും. പക്ഷേ, 2005നും 2015നുമിടയ്ക്ക് 2800 ഏക്കറോളം കാപ്പിത്തോട്ടവും തണ്ണീര്‍ത്തടങ്ങളും വാണിജ്യാവശ്യങ്ങള്‍ക്കായി തരംമാറ്റി.


മടിക്കേരിയുടെ സമഗ്ര വികസനപദ്ധതിയില്‍ പറയുന്നത്, 2030-ഓടെ പട്ടണം മൂന്നു മടങ്ങ് വികസിക്കണമെന്നാണ്. പല ഗ്രാമങ്ങളിലും കനത്ത മണ്ണിടിച്ചിലുണ്ടായപ്പോള്‍ കനത്ത മഴയില്‍ ചില ചെറിയ മണ്ണിടിച്ചിലുകളുണ്ടായതൊഴിച്ചാല്‍ പുഷ്പഗിരി വനമേഖലയിലെ കുത്തനെയുള്ള കുന്നുകള്‍ക്ക് കാര്യമായൊന്നും സംഭവിച്ചില്ലെന്ന് കൂര്‍ഗ് വാസിയായ ചുമീ പൂവായ പറഞ്ഞു.

'കൂര്‍ഗ്ഗിന്റെ 10 മുതല്‍ 12 വരെ ശതമാനം പ്രദേശം നെല്‍വയലിന്റെ രൂപത്തിലുള്ള തണ്ണീര്‍ത്തടങ്ങളാണ്. ഇവ നെല്‍ക്കൃഷി നടക്കുന്ന, വര്‍ഷത്തില്‍ ആറുമാസവും 50 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമുള്‍ക്കൊള്ളും,' കൂര്‍ഗ് വന്യജീവി സൊസൈറ്റി അംഗവും റിട്ട. കേണലുമായ സി.പി. മുത്തണ്ണ പറഞ്ഞു.
'കൊടഗിലൂടെ രണ്ടു തീവണ്ടിപ്പാതകള്‍ക്കും ഒന്നിലേറെ വരികളുള്ള നാലു ദേശീയപാതകള്‍ക്കും പദ്ധതിയിട്ടിരുന്നു. ഇത് ഇവിടത്തെ മൂന്നുലക്ഷമോ അതിലധികമോ വൃക്ഷങ്ങളെ നശിപ്പിക്കും. ഇവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വലിയ യന്ത്രങ്ങളുടെ വരവ് ഇവിടത്തെ കുന്നിന്‍ചെരുവുകള്‍ക്ക് കൂടുതല്‍ പരുക്കേല്‍പ്പിക്കും. കൊടഗിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഈ പദ്ധതികള്‍ റദ്ദാക്കണം,' അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയിലൂടെയും തമിഴ്നാട്ടിലൂടെയുമായി 800 കിലോമീറ്ററില്‍ ഒഴുകുന്ന കാവേരി നദി ഉദ്ഭവിക്കുന്നത് കൂര്‍ഗ്ഗിലെ ബ്രഹ്‌മഗിരിക്കുന്നുകളിലെ തലക്കാവേരിയിലാണ്. ഈ നദിയെ ജനങ്ങള്‍ കാവേരിയമ്മ എന്ന ദൈവമായിക്കണ്ട് ആരാധിക്കുന്നു. നദി ഉദ്ഭവിക്കുന്ന സ്ഥലത്ത് കൂര്‍ഗ്ഗിലെ പ്രാദേശിക ഗോത്രവിഭാഗമായ കൊടവര്‍ കാവേരിയമ്മയ്ക്ക് ഒരു ക്ഷേത്രവും ഒരു കുളവും പണിതിട്ടുണ്ട്. ആ കുളം നിറയ്ക്കാനെന്ന മട്ടിലാണ് നദിയുടെ ആരംഭം. പിന്നീടത് ഭൂമിക്കടിയിലേക്കു പോകുകയും കിലോമീറ്ററുകള്‍ക്കപ്പുറത്ത് കാവേരിനദിയായി പുനര്‍ജനിക്കുകയും ചെയ്യുന്നു. ആ കുളത്തില്‍ മുങ്ങിനിവരുന്നത് വിശുദ്ധമായി കരുതപ്പെടുന്നു.

ഒക്ടോബര്‍ 17ന്, തുലാസംക്രമണ ദിനത്തില്‍ ഈ നദിയുടെ ഉദ്ഭവസ്ഥാനത്ത് വെള്ളമൊഴുകുന്നതു കാണാന്‍ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും എത്താറുണ്ട്. അന്നുതന്നെ കാവേരിയുടെ തീരങ്ങളിലങ്ങോളമിങ്ങോളം 'കാവേരി സംക്രാന്തി' എന്ന പരമ്പരാഗത 'വിശുദ്ധകുളി' നടക്കാറുണ്ട്. തമിഴ്നാടിനും കര്‍ണ്ണാടകത്തിനും കുടിവെള്ളവും നെല്‍വയലുകളും ഫാമുകളുമൊക്കെ ജലസേചനം നടത്താനുള്ള വെള്ളവും നല്‍കുന്നത് കാവേരിയാണ്. നദീജലം പങ്കിടുന്നതില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കങ്ങളുണ്ടെങ്കിലും ഇരുകൂട്ടരും ഒരുപോലെ കാലങ്ങളായി കാവേരിയെ ദൈവമായിക്കണ്ട് ആരാധിച്ചുപോരുന്നു. തെക്കേയിന്ത്യയിലെ എട്ടുകോടി ജനതയെയാണ് കാവേരി താങ്ങിനിര്‍ത്തുന്നത്. നൂറുകണക്കിനു വ്യവസായങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതും കാവേരിയില്‍നിന്നുതന്നെ.

നീര്‍നായയെ രക്ഷിക്കുക; കാവേരിയെയും

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

വിനോദസഞ്ചാരികള്‍ കാവേരിയിലെ അചഞ്ചലമായ വെള്ളത്തില്‍ മഞ്ഞവെയില്‍ വന്നുവീഴുന്നത് ആസ്വദിക്കവേ 'നിത്യത' എന്ന സംഘ
ടനയിലെ സന്നദ്ധപ്രവര്‍ത്തകര്‍ നദിയിലെ തനതു മത്സ്യങ്ങള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ പറ്റിയിട്ടുണ്ടോ എന്ന തിരച്ചിലിലായിരിക്കും. മീന്‍പിടിക്കാന്‍ പലരും വെള്ളത്തില്‍ തോട്ട പൊട്ടിക്കാറുണ്ട്. ആ സ്ഫോടനം മീനിനെ മാത്രമല്ല, അവയുടെ ചെറുകുഞ്ഞുങ്ങളെയും നശിപ്പിക്കുന്നു. മാത്രവുമല്ല, ഇത്തരം തോട്ടകള്‍, നദിയിലെ ചെറു പാദങ്ങളുള്ള നീര്‍നായകള്‍ക്കും ഭീഷണിയാണ്. ലോകത്തിലെതന്നെ അപൂര്‍വ ഇനങ്ങളാണിവ. കഴിഞ്ഞ അഞ്ചുവര്‍ഷമായി 'നിത്യത'യുടെ പ്രവര്‍ത്തകര്‍ നദിയില്‍നിന്ന് ഇത്തരം നീര്‍നായകളുടെ ശവശരീരങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. നദിയില്‍ പാറിക്കളിക്കുന്ന ഇത്തരം നീര്‍നായക്കുട്ടികള്‍ തോട്ടയുടെ വളരെ അടുത്ത് പെട്ടുപോകാറുണ്ട്. 'നീര്‍നായകള്‍ സ്വാഭാവികമായും മീന്‍കൂട്ടങ്ങള്‍ക്കടുത്തേക്ക് ആകര്‍ഷിക്കപ്പെടാറുണ്ട്. ആ മീന്‍കൂട്ടങ്ങളാകട്ടെ തോട്ടപൊട്ടിക്കുന്നതിനു മുമ്പ് മീന്‍പിടിത്തക്കാര്‍ ഇട്ടുകൊടുക്കുന്ന തീറ്റയില്‍ ആകൃഷ്ടരായി അവിടെ നിലയുറപ്പിച്ചതാകാം,' നിത്യതയുടെ സ്ഥാപകന്‍ ഗോപകുമാര്‍ മേനോന്‍ പറഞ്ഞു. 'നീര്‍നായകള്‍ കൂടുതലുള്ള, നദിയുടെ 35 കിലോമീറ്റര്‍ പ്രദേശം സംരക്ഷിക്കാന്‍ ഞങ്ങള്‍ കൂര്‍ഗ് ആദിവാസി ക്ഷേമസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ആഗോള പരിസ്ഥിതി സംഘടനയായ ഐ.യു.സി.എന്‍. ചുവപ്പ് പട്ടികയില്‍ പെടുത്തിയിട്ടുള്ള ഇനമാണ് നീര്‍നായകള്‍. ആരോഗ്യമുള്ള നദിയുടെ ലക്ഷണമാണ് ഈ സസ്തനികള്‍. 'കാടിന് കടുവയെന്ന പോലെയാണ് നദിക്ക് നീര്‍നായകള്‍. നദിയില്‍ നീര്‍നായകളുണ്ടെന്നതിനര്‍ത്ഥം ആ നദി
കാര്യമായി മലിനീകരിക്കപ്പെട്ടിട്ടില്ലെന്നാണ്. അതുകൊണ്ടുതന്നെ ആ നദിയില്‍ ധാരാളം ഞണ്ടുകളും മീനുകളുമുണ്ടാവും,' ഗോപകുമാര്‍ പറഞ്ഞു.
വയനാട് ജില്ലയുടെ നദീതീരങ്ങളില്‍ രണ്ടുദശകം മുമ്പുവരെ ഒട്ടേറെ നീര്‍നായകളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ഇന്ന് അവയുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. 'ഇഞ്ചി, നെല്‍ക്കൃഷികളിലുപയോഗിക്കുന്ന വന്‍തോതിലുള്ള കീടനാശിനികള്‍ ഞണ്ടുകളെ കൊന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ മെച്ചപ്പെട്ട സ്ഥലങ്ങളിലേക്ക് നീര്‍നായകള്‍ പലായനം ചെയ്തു,' അദ്ദേഹം പറഞ്ഞു.

തോട്ടകളുടെ നിരന്തര ഉപയോഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മത്സ്യസമ്പത്ത് വന്‍തോതില്‍ കുറയ്ക്കുമെന്നും അതിനാല്‍ അവ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും സംഘടന മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നുണ്ട്. തങ്ങളുടെ വലകള്‍ നശിപ്പിക്കുന്ന ശത്രുക്കളായാണ് അവര്‍ നീര്‍നായകളെ കാണുന്നത്. നദീതീരങ്ങളിലുള്ള നീര്‍നായക്കൂടുകള്‍പോലും അവര്‍ തീവെച്ചു നശിപ്പിക്കാറുണ്ട്. പക്ഷേ, കുറച്ചു വര്‍ഷങ്ങളായി സ്ഥിതി ഏറെ മാറിയിട്ടുണ്ട്. നിരന്തര ബോധവത്കരണത്തിന്റെയും നിരീക്ഷണത്തിന്റെയുമൊക്കെ ഭാഗമായി നീര്‍നായകളെ കൊല്ലുന്നത് ഏറെ കുറയ്ക്കാനായിട്ടുണ്ട്. നദിയുടെ ആരോഗ്യം നിലനില്‍ക്കുന്നത് ഈ സസ്തനികളുടെ അതിജീവനത്തിലൂടെയാണ്.

Content Highlights: Viju B, Flood And Fury, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented