സ്‌കൂട്ടറില്‍ യാത്രചെയ്ത് വ്യവസായം പടുത്തുയര്‍ത്തിയതിനേക്കാള്‍ പ്രയത്‌നം വേണ്ടിവന്ന വൃക്കദാനം! 


വൃക്കദാനം എന്ന തീരുമാനം സമൂഹത്തെ അറിയിക്കുന്ന നിമിഷം വരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായും കുറ്റമറ്റരീതിയിലും മുന്നോട്ടു പോവണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അതത്ര നിസ്സാരമായിരുന്നില്ല.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ ജീവിതത്തിലെ സുപ്രധാന തീരുമാനമായ അവയവദാനം എന്ന ചിന്ത രൂപപ്പെട്ട സാഹചര്യവും അത് നേടിയെടുക്കാന്‍ താന്‍ താണ്ടിയ ദൂരങ്ങളും രേഖപ്പെടുത്തിയ പുസ്തകമാണ് 'പാരിതോഷികം'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.

മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കൊച്ചിയില്‍ വരുമ്പോള്‍ എനിക്ക് സ്വന്തമായുണ്ടായിരുന്നത് ഒരു ലാംബ്രട്ട സ്‌കൂട്ടര്‍ മാത്രമായിരുന്നു. എന്റെ എല്ലാ ബിസിനസുകളും കെട്ടിപ്പൊക്കിയത് ആ സ്‌കൂട്ടറില്‍ നിന്നായിരുന്നു. അധികം വൈകാതെ ഞാന്‍ റോട്ടറി ക്ലബ്ബില്‍ അംഗമായി. അവിടെ എന്റെ സമാനമായ രീതിയില്‍ എളിയ തുടക്കത്തില്‍നിന്ന് വളര്‍ന്നുവന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു. അവരുടെയെല്ലാം ഭാര്യമാര്‍ എന്തിനും ഒപ്പം നില്ക്കുന്നവരായിരുന്നു. വലിയ ലക്ഷ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍. മക്കളെല്ലാം കൊച്ചുകുട്ടികളായിരുന്നു.

ആരുടെയും കൈയില്‍ അധികം പണമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്തും ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും അനുദിനം അതിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസ്സുമുണ്ടായിരുന്നു. സമയമെടുത്ത് വളരെ സ്വാഭാവികമായാണ് ഞങ്ങള്‍ ഓരോരുത്തരും അവരവരുടെ മേഖലയില്‍ വിജയം കൈവരിച്ചത്. അതിലൊരാള്‍ അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. മറ്റൊരാള്‍ ആര്‍ക്കിടെക്റ്റായിരുന്നു. മുന്നാമത്തെയാള്‍ അഭിഭാഷകനായിരുന്നു. ഒരു കാര്യം മനസ്സില്‍ വിഭാവനം ചെയ്താല്‍ ഏതളവുവരെയും അതിനായി പ്രയത്‌നിക്കുന്നതാണ് എന്റെ ശീലമെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഒന്നിലും അവര്‍ എന്നെ ചോദ്യം ചെയ്യാറില്ല.

എങ്കിലും എന്റെ ആദ്യ കാല്‍വെയ്പുകളില്‍ ചില പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്റെ പല ആശയങ്ങളും പ്രായോഗികമല്ലെന്ന അര്‍ഥത്തില്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമായിട്ടുണ്ട്. കൊച്ചിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ കാര്യം തന്നെയെടുക്കാം. കേരളത്തില്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങാം എന്നു തീരുമാനിച്ചപ്പോള്‍ സാമ്പത്തിക ഉപദേഷ്ടാക്കളും ആഡിറ്റര്‍മാരായ സുഹൃത്തുക്കളും അതിനെ പിന്‍തുണച്ചില്ല. കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അവര്‍ സ്വന്തം വാദമുഖങ്ങള്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചു.

ഇതിനു മുന്‍പ് മുംബൈയിലും ഹൈദരാബാദിലും തുടങ്ങിയ പാര്‍ക്കുകള്‍ പരാജയമായിരുന്നു. ഇന്ത്യയില്‍ ഇതിന് സാധ്യതയില്ലെന്നായിരുന്നു അവരുടെ നിരീക്ഷണം. എങ്കിലും തീരുമാനത്തില്‍നിന്ന് ഞാന്‍ വ്യതിചലിച്ചില്ല. എന്റെ ബുദ്ധിയും ഹൃദയവും ആ ആശയത്തിലേക്ക് മാത്രമായി സമര്‍പ്പിച്ചു. ഞാനൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്റല്ല, ബിസിനസ് മാനേജ്‌മെന്റ് പഠിച്ചയാളല്ല. എന്നാല്‍ സാധാരണക്കാരുടെ ഹൃദയവികാരങ്ങളറിയുന്ന ഒരു സാധാരണ മനുഷ്യനാണ്. അവര്‍ ഈ ആശയം ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പായിരുന്നു.

അങ്ങനെ രണ്ടായിരത്തില്‍ കൊച്ചിയില്‍ വീഗാലാന്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വണ്ടര്‍ലായെന്ന് പേര് മാറ്റി. വരുമാനത്തിലും ജനപ്രീതിയിലും പ്രശസ്തിയിലും തീം പാര്‍ക്ക് വന്‍വിജയമായി തുടരുന്നു. പരാജയങ്ങളിലൂടെയല്ലാതെ വിജയത്തിലെത്താന്‍ കഴിയില്ലെന്ന് നമ്മള്‍ പുസ്തകത്തില്‍ വായിച്ചിട്ടില്ലേ?

നേട്ടങ്ങള്‍ കൈവരിച്ചവരൊക്കെ നിരന്തരശ്രമങ്ങള്‍ നടത്തി വിജയത്തിന്റെ സ്രോതസ്സ് കണ്ടെത്തിയവരാണ്. കണക്കു കൂട്ടിയുള്ള റിസ്‌ക് എടുത്തവരാണ് അവര്‍. സാധ്യതകളെ അളക്കാന്‍ എനിക്ക് എന്റേതായ വഴികളുണ്ട്. ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവാത്ത കാര്യങ്ങളില്‍നിന്ന് വഴിമാറി നടക്കുന്നതാണ് എന്റെ ശീലം.

എന്റെ തീരുമാനങ്ങള്‍ തെറ്റായിപ്പോയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അവയവദാനം ബിസിനസില്‍ നിക്ഷേപിക്കുന്നതുപോലുള്ള പ്രക്രിയയല്ല. അവിടെ ഞാന്‍ എന്നില്‍ത്തന്നെ നിക്ഷേപിക്കുകയാണ്. അതേസമയം എന്റെ സത്കീര്‍ത്തിക്ക് മങ്ങലേല്ക്കാനുള്ള സാധ്യതയുമുണ്ട്. ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും അത് രണ്ടു തരത്തില്‍ വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

എന്റെ തീരുമാനം ഒരു കാരണവശാലും ഞാന്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ ബാധിക്കരുതെന്നുണ്ടായിരുന്നു. വൃക്കദാനം എന്ന തീരുമാനം സമൂഹത്തെ അറിയിക്കുന്ന നിമിഷം വരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായും കുറ്റമറ്റരീതിയിലും മുന്നോട്ടു പോവണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അതത്ര നിസ്സാരമായിരുന്നില്ല.

കൂടുതല്‍ ചിന്തിച്ചപ്പോള്‍ അപ്രായോഗികമായ തീരുമാനം എടുത്ത സംരംഭകന്‍ എന്ന നിലയില്‍ എന്റെ വ്യക്തിപരമായ ഖ്യാതിക്ക് മങ്ങലേറ്റാലും പ്രസ്ഥാനത്തെ അത് ബാധിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു.
എന്റെ ജീവനക്കാരും പടുത്തുയര്‍ത്തിയ വ്യവസായശൃംഖലയും ഞാന്‍ എടുത്ത തീരുമാനത്തിന്റെ പ്രത്യാഘാതംകൊണ്ട് ഇളകുന്നതല്ല. ഇത് ഒരു വൃക്കദാനത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് ഇതുവരെയുള്ള ജീവിതംകൊണ്ട് ഞാന്‍ സ്വരൂപിച്ച സല്‍പ്പേര് മുഴുവനും ഒരു തുലാസില്‍ വെക്കുകയാണ്. വ്യക്തിജീവിതത്തിലോ ബിസിനസിലോ ഒരു തീരുമാനം എടുക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ ആ വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കും. വി-ഗാര്‍ഡ് സ്റ്റെബിലൈസര്‍ വിപണിയില്‍ എത്തിയ സമയത്ത് മാര്‍ക്കറ്റിങ്ങിന് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എല്ലാ ദിവസവും മൂന്ന് സ്റ്റെബിലൈസര്‍ അടങ്ങുന്ന രണ്ടു പെട്ടികള്‍ ഇരുകൈയിലുമേന്തി ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടെയുള്ള ഇലക്‌ട്രോണിക് ഷോപ്പുകളില്‍ സ്റ്റെബിലൈസറുകള്‍ വില്ക്കും. സമാനമായ ഒരു രംഗം വില്‍സ്മിത്ത് എന്ന നടന്‍ പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് എന്ന സിനിമയില്‍ അഭിനയിക്കുന്നതു കണ്ട് ഞാന്‍ ചിരിച്ചുപോയി.

അന്നും ഇന്നും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം. വൃക്കദാനം എന്ന തീരുമാനം ഉറപ്പിക്കുംവരെ അതിനെക്കുറിച്ചുള്ള സൂക്ഷ്മവിശദാംശങ്ങള്‍ സഹിതം അറിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇന്റര്‍നെറ്റില്‍ സെര്‍ച്ചു ചെയ്ത് എല്ലാ വിവരങ്ങളും ശേഖരിച്ചു. ഈ പ്രിന്റൗട്ടുകള്‍ വീട്ടില്‍ കൊണ്ടുപോയി അത്താഴത്തിനു ശേഷം സൂക്ഷ്മമായി വായിച്ചു പഠിക്കും. സെക്രട്ടറി എനിക്ക് അയച്ചുതന്ന ഇ-മെയില്‍ സന്ദേശങ്ങളില്‍ ഫയല്‍ നെയിമായി ചേര്‍ത്തിരുന്നത് കിഡ്‌നി എന്ന വാക്കായിരുന്നു. വൃക്ക മാറ്റിവെക്കല്‍, വൃക്ക ദാനം ചെയ്യുന്നത്, വൃക്ക സ്വീകരിക്കുന്നത്... ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ മെയിലുകള്‍കൊണ്ട് എന്റെ ഇന്‍ബോക്‌സിന് ശ്വാസംമുട്ടി.

ഒരു അവയവം നമ്മുടെ ശരീരത്തില്‍നിന്ന് എടുക്കുന്നു. അത് അപരിചിതനായ മറ്റൊരാളുടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്നു. അപൂര്‍വമായ അത്തരം അറിവുകള്‍ രസകരമായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നതായി എനിക്ക് തോന്നി. അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ച് ആദ്യം തിരിച്ചറിഞ്ഞത് രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്താണ്. വൃക്കയില്‍ വെടിയുണ്ടകളുമായെത്തിയ പട്ടാളക്കാര്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ പരിക്കേറ്റ കിഡ്‌നി മാറ്റിക്കൊടുക്കും. എന്നിട്ടും അവര്‍ ദശകങ്ങളോളം ആരോഗ്യത്തോടെ ജീവിച്ചു. ഈ അനുഭവമാണ് വൃക്കദാനത്തിന്റെ സാധ്യത വൈദ്യശാസ്ത്രത്തെ ബോധ്യപ്പെടുത്തിയത്.

പിന്നീട് രണ്ട് വൃക്കയുള്ളവരില്‍നിന്നും ഒരെണ്ണമെടുത്ത് ആവശ്യക്കാരിലേക്ക് മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ധൈര്യം കിട്ടി. ഈ പരീക്ഷണം ആദ്യമായി നടത്തിയത് രണ്ട് ഇരട്ടകളിലായിരുന്നു. അത് വിജയകരമായിരുന്നു. ഇന്ത്യയില്‍ സര്‍ജിക്കല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ചരകന്‍ ആണെന്ന് പലരും പറയുന്നു. നമ്മുടെ ഈ ആശയം വിദേശികള്‍ പിന്നീട് ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഇന്റര്‍നെറ്റില്‍നിന്ന് ലഭിക്കുന്ന എല്ലാ വിവരങ്ങളും വിശ്വസനീയമായി എനിക്ക് തോന്നിയില്ല. ആര്‍ക്കും അവിടെ വന്ന് വിവരങ്ങള്‍ നിക്ഷേപിക്കാമല്ലോ? അതിന്റെ നിജസ്ഥിതി നമുക്ക് ഉറപ്പിക്കാന്‍ പറ്റില്ല.
അതുകൊണ്ട് പലതരം അന്വേഷണങ്ങളുടെ ഒരു ഭാഗം എന്നതില്‍ക്കവിഞ്ഞ് നെറ്റിനെ മാത്രമായി ആശ്രയിക്കാനാവില്ല. എന്നാല്‍ ഏതുതരത്തിലുള്ള അന്വേഷണങ്ങളില്‍നിന്ന് ലഭ്യമാകുന്ന വിവരങ്ങളും നമ്മുടെ ലക്ഷ്യത്തിന് കരുത്തു പകരും.

നമുക്ക് ഒരു കാര്യം ഭംഗിയായി ചെയ്യണമെന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആഴത്തില്‍ അറിഞ്ഞിരിക്കണം. ഓരോ ചുവടും വെക്കുംമുന്‍പ് പല ഡോക്ടര്‍മാരുടെ ഉപദേശം തേടി അതീവശ്രദ്ധയോടെയാണ് മുന്നോട്ടു പോയത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരറിവും എന്നില്‍ വിരസത ജനിപ്പിച്ചില്ല. ചില ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം അവരുടെ സമയം എനിക്കായി ചെലവഴിച്ചു. വളരെ വിശദമായി ഇതിനെക്കുറിച്ചു സംസാരിച്ചു.

ആധുനികവൈദ്യശാസ്ത്രം ചരിത്രത്തിലാദ്യമായി പരീക്ഷണാര്‍ഥം വൃക്കയും കരളും മാറ്റിവെച്ചത് നായ്ക്കളിലാണ്. എന്റെ സെക്രട്ടറി എടുത്തുതന്ന പ്രിന്റൗട്ടുകള്‍ പ്രകാരം 1950-ല്‍ മുംബൈയിലെ കിങ് എഡ്വേഡ് സെവന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. പി.കെ. സെന്നും സംഘവുമാണ് ഈ പരീക്ഷണം നടത്തിയത്. അന്ന് ഞാന്‍ ജനിച്ചിട്ടേയുള്ളൂ.

ബോംബെയിലെ ഇതേ ഹോസ്പിറ്റലിലാണ് ഇന്ത്യയിലെ ആദ്യത്തെ മനുഷ്യവൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടന്നത്. അത് 1965ലാണ്. അന്ന് എനിക്ക് 15 വയസ്സ്. തൊട്ടടുത്ത വര്‍ഷം വാരാണസിയില്‍ ഒരു സര്‍ജറികൂടി നടന്നു. ഈ സര്‍ജറിയുടെ ഫലം അറിയാനുള്ള അത്യാകാംക്ഷകൊണ്ട് എന്റെ ഹൃദയം വീര്‍പ്പുമുട്ടി.

ആദ്യത്തെ മനുഷ്യന്‍ ശസ്ത്രക്രിയ കഴിഞ്ഞ് 11-ാം ദിവസം മരിച്ചു. രണ്ടാമത്തെയാള്‍ മൂന്നാംപക്കം മരിച്ചു. സ്വീകര്‍ത്താക്കളെല്ലാം മൃതദേഹങ്ങളില്‍നിന്നാണ് അവയവം സ്വീകരിച്ചത്. എന്നാല്‍ ആറു വര്‍ഷത്തിനു ശേഷം വെല്ലുര്‍ സി.എം.സി. ഹോസ്പിറ്റലില്‍ നടന്ന വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നു. അതിന്റെ ചുവടുപിടിച്ച് ആയിരത്തോളം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്നു. വിജയിച്ചതിന്റെയും പരാജയപ്പെട്ടതിന്റെയും കൃത്യമായ കണക്കുകള്‍ക്കായി എന്റെ അടുത്ത ശ്രമം.

എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ നടന്ന ട്രാന്‍സ്പ്ലാന്റേഷന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ഒരു കാര്യം വ്യക്തമായി. ആദ്യത്തെ അവസ്ഥയില്‍നിന്ന് വിഭിന്നമായി ക്രമാനുസൃതമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ഒട്ടും പിന്നോട്ടു പോയിട്ടില്ല.

പില്‍ക്കാലത്ത് സര്‍ജറി കഴിഞ്ഞ് പിറ്റേന്ന് വീട്ടില്‍ വരാനും രണ്ടാഴ്ച കൊണ്ട് സാധാരണജീവിതത്തിലേക്ക് മടങ്ങാനും കഴിയുന്ന അവസ്ഥയിലെത്തി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി പ്രസിദ്ധീകരിക്കുന്ന കിഡ്‌നി ഇന്റര്‍നാഷണല്‍ എന്ന ജേണലില്‍ നിന്നു ലഭിച്ച വിവരപ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം 3200 വൃക്ക മാറ്റിവെക്കലേ നടക്കുന്നുള്ളൂ. കണക്ക് എത്രത്തോളം കൃത്യമാണെന്ന് നമുക്കറിയില്ല. മറ്റൊരു കണക്ക് പരിശോധിച്ചപ്പോള്‍ ഇന്ത്യയില്‍ ഒരു വര്‍ഷം കുറഞ്ഞത് ഒന്നരലക്ഷം കിഡ്‌നികള്‍ ആവശ്യമുള്ളതായി കണ്ടു.

സാധാരണഗതിയില്‍ ദാതാവും സ്വീകര്‍ത്താവും തമ്മില്‍ വൈകാരികമായ ഒരു അടുപ്പമുള്ളപ്പോള്‍ മാത്രമേ വൃക്ക മാറ്റിവെക്കല്‍ നടക്കുന്നുള്ളൂ. ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കും കൊടുക്കും. രക്ഷാകര്‍ത്താക്കള്‍ മക്കള്‍ക്ക് കൊടുക്കും. എന്റെ നാട്ടിലുള്ള ഒരാള്‍ തന്റെ വൃക്ക കുടുംബസുഹൃത്തിന്റെ മകള്‍ക്ക് കൊടുത്തു. ആ കുട്ടിയുടെ രക്ഷിതാക്കളുടെ കിഡ്‌നി യോജിക്കാതെവന്ന ഘട്ടത്തിലാണ് ഇതു വേണ്ടിവന്നത്.

അവിടെ സംഭവിച്ചത് ആ കുട്ടിയോടുള്ള സഹതാപവും മാനസികമായ അടുപ്പവും കൊണ്ടാണ്. എന്നാല്‍ എന്നെ ഏതു വികാരമാണ് ഇതിലേക്ക് അടുപ്പിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ചിലപ്പോള്‍ സേവനതത്പരതയും സാഹസികതയും അടക്കം പല വികാരങ്ങളുടെ സമ്മിശ്രമാവാം. നമ്മള്‍ ചെയ്യുന്ന നന്മകള്‍ക്ക് പ്രതിഫലമായി കിട്ടുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. നിലവില്‍ ഒട്ടേറെ പേരെ സഹായിക്കുന്നുമുണ്ട്. സാധാരണ രീതിയില്‍ ചിന്തിച്ചാല്‍ ഒരു അവയവം നല്കിക്കൊണ്ട് നന്മ ചെയ്യേണ്ട കാര്യമില്ല.

വത്സയെ കൂടാതെ വൃക്കരോഗംമൂലം വേദന അനുഭവിക്കുന്ന ഒരാളെ പരിചയവലയത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷേ, ഒരുപാട് സമ്മിശ്രപ്രചോദനങ്ങളാവാം അപരിചിതനായ ഒരാള്‍ക്ക് വൃക്ക ദാനം ചെയ്യുക എന്ന ദൗത്യത്തിലേക്ക് എന്നെ നയിച്ചത്. ചില ഘട്ടങ്ങളില്‍ ചില തീരുമാനങ്ങള്‍ എന്തുകൊണ്ട് സ്വീകരിച്ചു എന്ന് ചിന്തിക്കുന്നത് ഞാന്‍ ഒഴിവാക്കി.

ജീവിതത്തില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. എന്തുകൊണ്ടാണ് നാം ഈ രൂപത്തിലും നിറത്തിലും ഗണത്തിലും ആകൃതിയിലും ജനിക്കുന്നത്? എന്തുകൊണ്ട് ഈ മാതാപിതാക്കളുടെ മക്കളായി ജനിച്ചു? നാം എന്തുകൊണ്ട് ഈ ജീവിതമാര്‍ഗം തിരഞ്ഞെടുത്തു? എന്തുകൊണ്ട് ഈ ആളെ വിവാഹം കഴിച്ചു? നമുക്ക് അറിയില്ല.

പുസ്തകം വാങ്ങാം

ഇതെല്ലാം ചോദ്യങ്ങളായിത്തന്നെ അവശേഷിക്കട്ടെ. ശസ്ത്രക്രിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ നിരവധി പാളികളിലൂടെയുള്ള കീറിമുറിക്കലാണ്. ചര്‍മം കടന്ന് മാംസം, അതും പിന്നിട്ട് ശരീരത്തിന്റെ ആന്തരികഭാഗത്തേക്കുള്ള കടന്നുകയറ്റമാണ്. സര്‍ജറിയുടെ വീഡിയോ എന്റെ ഭാര്യയും മക്കളും ഇതുവരെ കണ്ടിട്ടില്ല. അത് ഞാന്‍ സുരക്ഷിതമായി ഒരിടത്ത് സൂക്ഷിച്ചിട്ടുണ്ട്. ചോര കണ്ടാല്‍ തലചുറ്റുന്ന ആളായിരുന്നു ഞാന്‍. ഒരു സംഭവം ഓര്‍മവരുന്നു.

എന്നെക്കാള്‍ ആറു വയസ്സിന് ഇളപ്പമുള്ള അനിയന്‍ സ്‌പോര്‍ട്‌സില്‍ വളരെ ആക്റ്റീവായ ആളായിരുന്നു. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന്‍ ഒന്നാം ക്ലാസ്സിലായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍ വീണ് തല പൊട്ടി. നല്ല ആഴത്തിലുള്ള മുറിവാണ്. അപ്പന്‍ സ്ഥലത്തില്ലായിരുന്നു. എന്റെയൊരു അങ്കിള്‍ അപ്പോള്‍ത്തന്നെ അവനെ ആശുപത്രിയിലെത്തിച്ചു. ആ സമയത്ത് ഞാനും കൂടെയുണ്ട്. ഡ്യൂട്ടി ഡോക്ടര്‍ ഡ്രസ് ചെയ്യുന്നതിനു മുന്‍പ് ഞങ്ങള്‍ അവന്റെ തലയോട്ടി കണ്ടു. എനിക്ക് തല ചുറ്റുന്നതായി തോന്നി. ഞാന്‍ ഒരു ബെഞ്ചില്‍ പിടിച്ചു വീഴാതെ നിന്നു. എന്റെ ഭയം തിരിച്ചറിഞ്ഞ ഡോക്ടര്‍ പുറത്ത് കാത്തുനില്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വെളിയിലേക്കിറങ്ങിയതും അദ്ദേഹം കതകടച്ചു. ആ സമയത്ത് അനിയന്‍ ഡോക്ടറുമായി കുശലം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്തരം അനുഭവങ്ങളിലൂടെ പുതിയ ഒരു ഞാന്‍ രൂപപ്പെടുകയായിരുന്നു. നമ്മള്‍ വീഞ്ഞുപോലെയാണ് പാകപ്പെടുന്നത്. ചില ഘട്ടങ്ങളില്‍ മരണഭയം പോലും ഇല്ലാതാകും.

ഒരു മാസം കഴിഞ്ഞ് എന്റെ ചിന്ത വളരുകയും കരുത്താര്‍ജിക്കുകയും ചെയ്തതോടെ സുഹൃത്തിന്റെ സുഹൃത്തായ നെഫ്രോളജിസ്റ്റിനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തു. അപ്പോഴേക്കും വൃക്ക ദാനം ചെയ്യുമെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു. ഡോക്ടര്‍ എന്നെ വഴക്കു പറഞ്ഞു. ഇങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ കിഡ്‌നി വാങ്ങിക്കൊടുക്കുകയോ ആശുപത്രിയിലേക്ക് ഒരു ഡയാലിസിസ് മെഷീന്‍ വാങ്ങിക്കൊടുക്കുകയോ ചെയ്താല്‍ പോരെ? എല്ലാംകൂടി ഒരു അഞ്ചുലക്ഷം രൂപയില്‍ നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് എനിക്കു തോന്നി. ഞാന്‍ ആഗ്രഹിക്കുന്ന കാര്യത്തെ പിന്‍തുണയ്ക്കുന്ന ഒരാളെയാണ് എനിക്കാവശ്യം. എന്റെ ക്ഷമ നശിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഏറ്റവുമൊടുവില്‍ ഞാന്‍ ആഗ്രഹിച്ചതരത്തില്‍ വൈകാരികമായും സാങ്കേതികമായും എന്നെ പിന്‍തുണയ്ക്കുന്ന ഒരാളെ ഞാന്‍ കണ്ടെത്തി.
നമ്മള്‍ ഒരു കാര്യംതന്നെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ അതുമായി ബന്ധപ്പെട്ട ഒരാള്‍ അവിചാരിതമായി നമ്മുടെ മുന്നില്‍ എത്തിപ്പെടും. അത് ചിലപ്പോള്‍ ഒരു വാര്‍ത്തയായിട്ടോ ചാനല്‍ ഷോ ആയിട്ടോ ഒക്കെയാവും. എന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു.

ആയിടയ്ക്ക് ഞാനൊരു പത്രവാര്‍ത്ത വായിക്കാനിടയായി. ഫാദര്‍ ഡേവിസ് ചിറമ്മേല്‍ അദ്ദേഹത്തിന്റെ വൃക്ക ദാനം ചെയ്ത വിവരം അങ്ങനെയാണ് അറിയുന്നത്. തൃശ്ശൂരിലുള്ള എന്റെ അനുജന്‍ ജോണ്‍ അദ്ദേഹത്തെ ഒരിക്കല്‍ കണ്ട് വിവരം പറഞ്ഞു. അവനാണ് എനിക്ക് അച്ചന്റെ നമ്പര്‍ തന്നത്. വൃക്ക വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത ഒരു പാവപ്പെട്ട ഇലക്ട്രീഷ്യന് കഴിഞ്ഞവര്‍ഷം ഫാദര്‍ തന്റെ വൃക്ക ദാനം ചെയ്തു.

ആ പുരോഹിതന് സ്വീകര്‍ത്താവിനോടു തോന്നിയ വികാരം നമ്മുടെ സങ്കല്പങ്ങള്‍ക്ക് അതീതമായിരുന്നു. ദുര്‍ബലനും ദരിദ്രനുമായ ഒരാളുടെ നിസ്സഹായതയില്‍ ഒപ്പംനിന്ന് ശക്തിപകരാനുള്ള വലിയ മനസ്സാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. ഫാദറിന് അദ്ദേഹത്തെ മുന്‍പരിചയമില്ല. വൃക്ക വാങ്ങാനുള്ള പണം പലരില്‍നിന്നായി പിരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ആ മനുഷ്യന്‍. അതൊന്നും തികയാതെവന്നപ്പോള്‍ ഫാദര്‍ പറഞ്ഞു: എന്റെ കിഡ്‌നി എടുത്തോ...

തനിക്കൊപ്പം ബാഡ്മിന്റണ്‍ കളിച്ചിരുന്ന പയ്യന് ഇതുപോലെ മറ്റൊരച്ചന്‍ കിഡ്‌നി കൊടുത്ത കഥയും അറിയാനിടയായി. ഇത്തരം പ്രവൃത്തികളൊന്നും വലിയ വാര്‍ത്തകളാവാത്തതെന്തെന്ന് ഞാന്‍ അതിശയിച്ചു. വേറെതരം വാര്‍ത്തകളോടുള്ള ദാഹമാണ് നമുക്ക്. ഇവിടെയാണ് ജീവിതത്തിന്റെ ഏറ്റവും വലിയ വൈരുധ്യം പ്രകടമാകുന്നത്. സത്യത്തില്‍ മാതൃകാപരമായ വാര്‍ത്തകള്‍ക്കാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്.

ചിറമ്മേല്‍ അച്ചന്റെ ഗ്രാമത്തില്‍ ജീവിച്ചിരുന്ന ആളാണ് സാധുവായ ആ ഇലക്ട്രീഷ്യന്‍. വളരെ ശാന്തനും കുടുംബസ്‌നേഹിയുമായ മനുഷ്യന്‍. വൃക്കയ്ക്ക് കുഴപ്പം ബാധിച്ചതറിഞ്ഞപ്പോള്‍ ആ ഗ്രാമം ഒന്നടങ്കം സങ്കടത്തിലായി. നാട്ടിലെ യുവാക്കള്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പണം ശേഖരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. അതിന്റെ നേതൃസ്ഥാനത്ത് ചിറമ്മേല്‍ അച്ചനായിരുന്നു. അവര്‍ മൂന്നു ലക്ഷം രൂപവരെ സംഘടിപ്പിച്ചു. ഈ തുക ശസ്ത്രക്രിയയ്ക്ക് പര്യാപ്തമായിരുന്നില്ല. അഞ്ചുലക്ഷം കൂടി ഉണ്ടെങ്കിലേ ദൗത്യം പുര്‍ണമാവൂ. അതുപോലൊരു ഗ്രാമത്തില്‍ നിന്നും അത്രയും തുക പിരിച്ചുണ്ടാക്കുക പ്രായോഗികമായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ നടന്ന ഒരു കമ്മിറ്റി മീറ്റിങ്ങില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് അച്ചന്‍ പറഞ്ഞു:

'ഇതാണ് സാഹചര്യമെങ്കില്‍ വൃക്ക നല്കാന്‍ ഞാന്‍ തയ്യാറാണ്.'

അങ്ങനെ 48-ാം വയസ്സില്‍ അച്ചന്‍ മരണാസന്നനായ ഒരാളെ ജിവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ചില ചെറിയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത എങ്ങനെയോ എന്റെ കൈകളിലെത്തി.
ഞാന്‍ അച്ചനെ ഫോണില്‍ വിളിച്ച് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം എന്നെക്കുറിച്ച് കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ എന്റെ ആഗ്രഹം സൂചിപ്പിച്ചുകൊണ്ടു പറഞ്ഞു:

'അഭിനന്ദനങ്ങള്‍. സത്യത്തില്‍ എനിക്ക് അച്ചനോട് അസൂയ തോന്നുന്നു.'

അച്ചന്‍ ഒന്നമ്പരന്നു. അവ്യക്തമായ ചില മറുപടികള്‍ തന്നു. അദ്ദേഹത്തിന് എന്ത് മറുപടി പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് അച്ചന്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഇക്കാര്യത്തില്‍ ഞാന്‍ സീരിയസാണോ എന്നറിയുകയായിരുന്നു ലക്ഷ്യം. ആ സമയത്ത് ഷീല, മോനെയും കുടുംബത്തെയും കാണാന്‍ ബാംഗ്ലൂരില്‍ പോയിരിക്കുകയായിരുന്നു. അച്ചന് അദ്ദേഹത്തിന്റേതായ ചില സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അറിവില്‍ ഇത്രയും വിജയിയായ ഒരു സംരംഭകനും ഇങ്ങനെയൊരു കാര്യം ചെയ്തിട്ടില്ല. വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമായി ഒരുപക്ഷേ അദ്ദേഹം കരുതിയിരിക്കാം. വാര്‍ത്ത സൃഷ്ടിക്കാനായി ആളുകള്‍ ഏതറ്റംവരെയും പോകുന്ന കാലമാണല്ലോ.

തുറന്നു സംസാരിച്ചപ്പോള്‍ അച്ചന്റെ സന്ദേഹങ്ങള്‍ മാഞ്ഞു. നല്ലൊരു ഡോക്ടറെ നിര്‍ദേശിക്കാന്‍ ഞാന്‍ അച്ചനോട് അഭ്യര്‍ഥിച്ചു. അവസാനം അച്ചന് എന്റെ ഉദ്ദേശ്യശുദ്ധി ബോധ്യമായി. ഷീല ഈ തീരുമാനത്തിനൊപ്പം നില്ക്കുമോ എന്നു മാത്രമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. വൃക്കദാനത്തിന് സന്നദ്ധരായിട്ടുള്ള 90% പേരും പിന്‍തിരിയാന്‍ കാരണം അവരുടെ ജീവിതപങ്കാളികളാണെന്ന് അച്ചന് അറിയാമായിരുന്നു.
എന്നെപ്പോലെ പലരും ഇക്കാര്യം പറഞ്ഞ് അച്ചനെ വിളിച്ചിട്ടുണ്ട്. അച്ചന്‍ നേരില്‍ ചെല്ലുമ്പോഴേക്കും അവര്‍ തീരുമാനം മാറ്റിയിട്ടുണ്ടാവും. എന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്.

ഞാന്‍ എത്രത്തോളം ഗൗരവത്തിലാണെന്ന് ബോധ്യപ്പെടുത്താന്‍ അച്ചനെ വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചു. രണ്ടാമത്തെ കൂടിക്കാഴ്ചയിലാണ് അച്ചന്‍ ഷീലയെ കാണുന്നത്. ഞങ്ങള്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആശങ്കയോടെ ഷീലയെ നോക്കി. അദ്ദേഹം അവരോട് സംസാരിച്ചു. ഷീല അത്രകണ്ട് എതിര്‍ക്കുന്നില്ലെന്നു കണ്ടതും അച്ചന്‍ കൂടുതല്‍ വിശദീകരിക്കാന്‍ തുടങ്ങി. വൃക്ക ദാനം ചെയ്തിട്ടും താന്‍ ഇപ്പോഴും ഊര്‍ജസ്വലനായി, ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ജീവിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു.

'സത്യം പറഞ്ഞാല്‍ വൃക്ക ദാനം ചെയ്തശേഷമാണ് ഞാന്‍ കൂടുതല്‍ ആക്റ്റീവായത്,' അച്ചന്‍ കൂട്ടിച്ചേര്‍ത്തു. നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതും ജറുസലേമില്‍ പോയതും കിഡ്‌നി ഫെഡറേഷന്‍ രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതും അദ്ദേഹം സൂചിപ്പിച്ചു. അങ്ങനെ ഭയപ്പെടാനൊന്നുമില്ലെന്ന് അച്ചന്‍ ഷീലയെ ബോധ്യപ്പെടുത്തി.

ഇത്രയൊക്കെ കേട്ടിട്ടും ഷീലയുടെ മുഖം തെളിഞ്ഞില്ല. ഒട്ടും സന്തോഷമില്ലാത്ത അവസ്ഥയിലായിരുന്നു അവള്‍. ഏതൊരു ഭാര്യയെയുംപോലെ ഭര്‍ത്താവിന്റെ കാര്യത്തിലുള്ള ഉത്കണ്ഠ ഷീലയ്ക്കുമുള്ളതായി ഞാന്‍ മനസ്സിലാക്കി. ഫാദര്‍ ചിറമ്മേല്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ. എബി ഏബ്രഹാമിന്റെ പേര് നിര്‍ദേശിച്ചു. ഡോക്ടര്‍ ചെറുപ്പക്കാരനായതു കൊണ്ട് എന്നെപ്പോലെ ഒരു അറുപതുകാരനെ ദാതാവായി പരിഗണിക്കാനുള്ള ധൈര്യം കാട്ടുമെന്ന് ഞാന്‍ വിശ്വസിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോളജിസ്റ്റായിരുന്നു അദ്ദേഹം. 1100 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ജോര്‍ജിന്റെ ശിഷ്യനായിരുന്നു എബി ഏബ്രഹാം. ആ ടീമിനോടുതന്നെ എനിക്ക് ആരാധന തോന്നി.

എവിടെയാണോ വൃക്ക ഇരിക്കുന്നത്, ആ സ്ഥലം തുറന്നാണ് സാധാരണഗതിയില്‍ ശസ്ത്രക്രിയ ചെയ്യുക. ഡോ. എബി ലാപറോസ്‌കോപ്പിക് സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്ത ആളായതിനാല്‍ അപകടസാധ്യത കുറഞ്ഞതും വേദനാരഹിതവുമാണെന്നത് എനിക്ക് ധൈര്യം പകര്‍ന്നു. അച്ചന്റെ വൃക്ക മാറ്റിവെച്ചതും ഡോ. എബിയായിരുന്നു. എനിക്കു വേണ്ടി ഡോ. എബിയോട് സംസാരിക്കാന്‍ ഞാന്‍ അച്ചനോട് അഭ്യര്‍ഥിച്ചു. നിരവധി ടെസ്റ്റുകള്‍ ആവശ്യമുണ്ടെന്ന് മനസ്സിലായി. വൃക്ക നല്കിയ ശേഷവും നമ്മുടെ ശാരീരികനില ഭദ്രമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

അച്ചന്‍ ഡോ. എബിയുമായി സംസാരിക്കാമെന്ന് ഉറപ്പു നല്കി. ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയാണെന്ന തോന്നല്‍ എന്നില്‍ ആഹ്ലാദം നിറച്ചു. അച്ചന്‍ പീന്നീട് എല്ലാ ദിവസവും വിളിച്ച് ഇതേക്കുറിച്ച് സംസാരിക്കും.
ഷീല അപ്പോഴും പുര്‍ണമായി ഇതുമായി പൊരുത്തപ്പെട്ടിരുന്നില്ല. സ്വന്തം ആകുലതകള്‍ അവര്‍ പങ്കുവെച്ചുകൊണ്ടേയിരുന്നു. പരിശോധനകള്‍ ആദ്യം നടക്കട്ടെയെന്നു പറഞ്ഞ് ഞാന്‍ അവളുടെ ചോദ്യങ്ങളെ അവഗണിച്ചു. ചോദ്യങ്ങള്‍ കൂടിവന്നപ്പോള്‍ പരിശോധന ചെയ്യുന്നതിന് എന്താണ് കുഴപ്പം എന്ന വാദമുഖംകൊണ്ട് നേരിട്ടു. അവളുടെ ഉള്ളിലെ തീയണയ്ക്കാനാണ് ഞാന്‍ ശ്രമിച്ചത്.


Content Highlights: Kochouseph Chittilappilly, Mathrubhumi Books, Parithoshikam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented