പരല്‍മീന്‍ നീന്തുന്ന പാടവും കടന്ന് ആയുസ്സിന്റെ പുസ്തകത്തില്‍ എഴുപതാണ്ട് തികയ്ക്കുന്ന സി.വി...


അലക്കിയ പുടവയും കസവുവേഷ്ടിയുമായിരുന്നു അച്ഛമ്മയുടെ വേഷം. കാതുകളില്‍ ഓലയും കഴുത്തില്‍ പത്താക്കും. അപൂര്‍വമായി എങ്ങോട്ടെങ്കിലും ഇറങ്ങുക, ഉള്ളില്‍ ചുവന്ന തുണി പിടിപ്പിച്ച് മനോഹരമാക്കിയ ഓലക്കുട ചൂടിയാണ്.

സി.വി ബാലകൃഷ്ണൻ/ ഫോട്ടോ: മധുരാജ്‌

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സി.വി ബാലകൃഷ്ണന്റെ എഴുപതാം പിറന്നാളാണ്. മലയാളം നെഞ്ചേറ്റിയ കാലം തൊട്ടിന്നേവരെ ഒട്ടും ശോഭമങ്ങാതെ തന്നെ സി.വി തന്റെ രചനകളിലൂടെ വായനക്കാരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. സി.വി ബാലകൃഷ്ണന്‍ എന്ന പേര് സിനിമയിലും സാഹിത്യത്തിലും വേറിട്ടുനില്‍ക്കുന്നതിന്റെ കാരണവും അതാവാം. 'പരല്‍മീന്‍ നീന്തുന്ന പാടം' എന്ന ആത്മകഥയില്‍ കൊച്ചുകുട്ടിയായി സി.വിക്കൊപ്പം നടക്കുന്നു ഓരോ വായനക്കാരനും. സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ പരല്‍മീന്‍ നീന്തുന്ന പാടം എന്ന പുസ്തകത്തിലെ ആദ്യഭാഗങ്ങള്‍ വായിക്കാം.

മുന്‍പെന്നോ ദേശം വെടിഞ്ഞ് വടക്കോട്ടുപോയി ദക്ഷിണ കര്‍ണാടകയിലെത്തി ആദ്യം ഒഗ്ഗത്തും പിന്നെ ബെളുത്തങ്ങാടിയിലുമായി ജീവിതം
തുടര്‍ന്ന് ആയിരത്തി തൊള്ളായിരത്തി അറുപത്തിയേഴില്‍ ചരമഗതി പ്രാപിച്ച വല്യമ്മാവന്‍ അന്യനാട്ടിലെ ഏറെക്കുറെ സമ്പന്നവും അസൂയാര്‍ഹവുമായ (മുപ്പത് ഏക്കറോളം നിലം, ആയുര്‍വേദ മരുന്നുഷാപ്പ്, കാളവണ്ടികള്‍, കന്നുകാലികള്‍, മൂന്നു ഭാര്യമാര്‍, പതിനൊന്നു മക്കള്‍) ജീവിതത്തിലേക്കു പോകും മുന്‍പ് പണികഴിപ്പിച്ചതായിരുന്നു ജന്മവീട്. വളച്ചുവാതിലുകളും കൊട്ടിലകവും പടിഞ്ഞാറ്റയും അകത്തിറയവും കോമ്പുരയും വടക്കിനിയും രണ്ട്ചായ്പും പുറത്തുനിന്നും അകത്തിറയത്തുനിന്നുമായി മച്ചിലേക്ക് രണ്ട് ഗോവണിയും മിഞ്ചാമ്പുറവും മച്ചുപലകയിട്ട ഒരു മുറിയും മേല്‍ത്തട്ടില്ലാത്ത ദീര്‍ഘചതുരാകൃതിയിലുള്ള മറ്റൊരു മുറിയും അതിന്റെ മുന്നില്‍ അകത്തിറയത്തുനിന്നുള്ള ഗോവണി അവസാനിക്കുന്നിടത്തായി ഇത്തിരിപ്പോന്ന ഒരു വരാന്തയുമുള്ള (എപ്പോഴോ എന്റേതായിത്തീര്‍ന്ന ചായംതേക്കാത്ത പഴയ ഒരു ഇരുമ്പുപെട്ടി ഞാന്‍ സൂക്ഷിച്ചതും ബാല്യത്തിന്റെ കാലത്ത് ഒരുപാട് സമയം ചെലവഴിച്ചതും മുകള്‍നിലയിലെ ഈ വരാന്തയുടെ കോണിലായിരുന്നു) സാമാന്യം വലുപ്പം തോന്നിക്കുന്ന ഈ വീട്ടിലേക്ക് വല്യമ്മാവന്‍ തിരിച്ചുവരികയുണ്ടായില്ല.കണ്ണന്‍, കോമന്‍, കുഞ്ഞിരാമന്‍ എന്നിങ്ങനെ മൂന്ന് അമ്മാവന്മാരായിരുന്നു അമ്മയ്ക്ക്. മൂത്തയാള്‍ക്കു പിന്നാലെ കോമമ്മാവനും വടക്കോട്ടു പോവുകയുണ്ടായി.
വടക്ക് എന്നത് ഞങ്ങളുടെ വാമൊഴി ശബ്ദകോശത്തില്‍ ദിക്കിനു പുറമെ ദക്ഷിണ കര്‍ണാടകത്തെക്കൂടി കുറിക്കുന്ന വാക്കാണ്. വടക്കു പോവുകയെന്നാല്‍ ദക്ഷിണ കര്‍ണാടകത്തിലേക്കു പോവുകയെന്നര്‍ഥം. അവിടത്തെ ആള്‍ക്കാരാണ് വടക്കര്.
കണ്ണമ്മാവന്റെ ജീവിതകഥ, അങ്ങുനിന്നും ഇങ്ങുനിന്നും കേട്ടറിഞ്ഞതുപോലെ, സങ്കീര്‍ണവും ദുരൂഹവുമായിരുന്നു. ആദ്യഭാര്യ പോത്രമ്മ. അതില്‍ രണ്ടു മക്കള്‍. ഒഗ്ഗത്തു താമസിക്കവേ സങ്കമ്മയെ വിവാഹം കഴിച്ചു. അതില്‍ മക്കളുണ്ടായി. പിന്നെ സങ്കമ്മയുടെ അനുജത്തി മുത്തുവിനെ ഭാര്യയാക്കി. അതിലും മക്കള്‍ പിറന്നു. ഒഗ്ഗത്തുനിന്ന് ബെളുത്തങ്ങാടിയിലേക്ക് മാറിയതെന്തിനെന്നറിയില്ല. മരണം ബെളുത്തങ്ങാടിയിലായിരുന്നു. അന്ത്യനാളുകളില്‍ പരിചരിച്ചത് അനുജനാണ്.

കോമമ്മാവന്റെ രൂപം മനസ്സിലെപ്പോഴും തെളിഞ്ഞുകിട്ടും. കറുത്തു മെലിഞ്ഞ് ഒരല്പം വളഞ്ഞുകൂനിയ ശരീരമാണ്. ധാന്വന്തരം ഗുളികയുടെ മണം. ബെളുത്തങ്ങാടിയില്‍നിന്ന് കാളവണ്ടിയില്‍ ബണ്ട്വാളിലേക്കും അവിടെനിന്നും ബസ്സുകയറി മംഗലാപുരത്തേക്കും വന്ന് കരിവണ്ടിയില്‍ യാത്രതുടര്‍ന്ന് ഒടുവിലേതോ നേരത്ത് പയ്യന്നൂരിലെ തീവണ്ടിയാപ്പീസിലിറങ്ങി പത്തിലേറെ നാഴിക നടന്ന് വല്ലപ്പോഴും വീട്ടിലെത്തുന്നു. കൈയില്‍ ചെറിയൊരു ഇരുമ്പുപെട്ടിയുണ്ടാകും. അതില്‍ വിശേഷിച്ചൊന്നും ഉണ്ടാകില്ല. ഒരു മുണ്ടോ പണിക്കുപ്പായമോ ഒരു ഡപ്പി വായുഗുളികയോ വയറിളക്കാന്‍ കഴിക്കാറുള്ള ആവണക്കെണ്ണയോ അണയും മുക്കാലുമായി ഒരല്പം ചില്ലറയോ കണ്ടേക്കാം. അത്രതന്നെ.

ബെളുത്തങ്ങാടിയില്‍ പല പല ഔഷധസസ്യങ്ങള്‍ തേടിയും മരുന്നുകളുണ്ടാക്കിയും ജ്യേഷ്ഠനെ സഹായിച്ചിരുന്ന കോമമ്മാവന് കൃഷിയില്‍ അതിതാത്പര്യമായിരുന്നു. മീനമൊടുവിലോ മേടത്തുടക്കത്തിലോ വിരിപ്പുകൃഷിക്കായാണ് ഒരു വരവ്. തവളക്കണ്ണനോ കോഴിവാലനോ ചെന്നല്ലോ തൊണ്ണൂറാനോ കയമയോ വിതച്ച് ബെളുത്തങ്ങാടിയിലേക്ക് മടങ്ങുന്നു. പിന്നെ വരിക കൊയ്ത്തിനും പുഞ്ചക്കൃഷിക്കുമായാണ്. വിരിപ്പായാലും പുഞ്ചയായാലും കൊയ്തു കിട്ടിയതില്‍നിന്ന് ഒരുമണി നെല്ല് കോമമ്മാവന് എങ്ങും കൊണ്ടുപോകാനില്ല. സ്വന്തം കുടുംബമുണ്ടെങ്കിലും മരുമക്കത്തായമനുസരിച്ച് പെങ്ങള്‍ക്കൊപ്പം കഴിയുന്നു. കൃഷി തീരുമ്പോള്‍ പെങ്ങളുടെ, അതായത് എന്റെ അമ്മമ്മയുടെ, വിധം ചിലപ്പോള്‍ മാറിയെന്നു വരാം. അതിന്റെ ഈര്‍ഷ്യയില്‍ തന്റെ ഇരുമ്പുപെട്ടിയുമേറ്റി, തന്നാലെ അതുമിതും പുലമ്പിക്കൊണ്ട്, കോമമ്മാവന്‍ വിദൂരമായ ബെളുത്തങ്ങാടിയിലേക്ക് തിരിക്കും. എനിക്ക് അമ്മാവനെ ഇഷ്ടമായിരുന്നതുകൊണ്ട് പിണങ്ങിപ്പോകുന്ന ഘട്ടങ്ങളില്‍ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനായി ഞാന്‍ പിറകെ ഓടിയിട്ടുണ്ട് പലപ്പോഴും. എല്ലായ്പോഴും എന്റെ ശ്രമം ഫലം കാണാറില്ല. ഞാന്‍ ഖേദിച്ച് ചെമ്മണ്‍പാതയില്‍ നില്ക്കെ അമ്മാവന്‍ പഴയ ഇരുമ്പുപെട്ടിയും തൂക്കി വാശിയോടെ നടന്നുമറയും.

ഫോട്ടോ: മധുരാജ്‌

മേടം ഒന്നിന് പാടത്ത് പോതുകൊള്ളുകയെന്ന ചടങ്ങ് നടക്കുമായിരുന്നു. കോമമ്മാവന്‍ നിലവിളക്കും വിത്തുമായി നന്നെ പുലര്‍ച്ചയ്ക്ക് പാടത്തേക്ക് നീങ്ങുമ്പോള്‍ ഞാനും പോകും കൂടെ. അമ്മാവന്‍ കന്നിമൂലയില്‍ (തെക്കുപടിഞ്ഞാറേ കോണ്) കിളച്ച് കാഞ്ഞിരത്തിന്റെ ഇലയില്‍ വിത്തെടുത്ത് ഗണപതിക്കു വെക്കും.

മഴക്കാലത്ത് പറമ്പിലങ്ങിങ്ങായി മാങ്ങയണ്ടികള്‍ കുഴിച്ചിടുക, കൈയാലകളോടു ചേര്‍ന്ന് ഉരുപ്പിന്‍തൈകള്‍ നടുക എന്നീ ചടങ്ങുകളാണ്. അമ്മാവന്‍ ഇടം നിര്‍ണയിച്ച് കൈക്കോട്ടുമായി മുന്നില്‍. മാങ്ങയണ്ടികളും ഉരുപ്പിന്‍തൈകളുമായി ഞാന്‍ പിറകെ.

ഞങ്ങള്‍ അങ്ങനെ പറമ്പുചുറ്റും. ഞങ്ങള്‍ക്കു പിന്നാലെ പ്ലാവുകളും മാവുകളും ഉരുപ്പുകളുമൊക്കെ മണ്ണില്‍നിന്ന് മെല്ലെമെല്ലെ തലനീട്ടും.
മൂന്നു നാഴികയിലധികം ദൂരെയായുള്ള കൊക്കാനിശ്ശേരിയില്‍ (പയ്യന്നൂര്‍ ടൗണിന്റെ പഴയ പേര്) ജോലിനോക്കുന്ന രണ്ടാണ്‍മക്കളുടെ അടുത്തേക്ക് കോമമ്മാവന്റെ ദൂതുമായി എനിക്ക് നിരവധി തവണ പോകേണ്ടിവന്നിട്ടുണ്ട്. ഒരു കെട്ട് ബീഡിയും ഒരു തീപ്പെട്ടിയുമാണ് അമ്മാവനു വേണ്ടത്. അതല്ലാതെ ആവശ്യപ്പെടുക വായുഗുളികയോ ആവണക്കെണ്ണയോ. വേറൊന്നും മക്കളോട് ചോദിക്കില്ല. ഉരുളന്‍കല്ലുകളും ചരല്‍മണ്ണും വിരിച്ച പാതയിലൂടെ ഞാന്‍ നടന്നെത്തുന്നതും കാത്ത് അമ്മാവന്‍ അക്ഷമനായി നില്ക്കുകയാവും. വെറുംകൈയോടെയാണ് ഞാന്‍ ചെല്ലുന്നതെങ്കില്‍ അമ്മാവന്‍ തകര്‍ന്നുപോകും.
ബെളുത്തങ്ങാടിയിലെ വല്യമ്മാവന്റെ പ്രകൃതമെന്തായിരുന്നുവെന്ന് നിശ്ചയമില്ല. കോമമ്മാവന്‍ ചിലതവണ വടക്കുനിന്ന് വന്നിരുന്നത് ജ്യേഷ്ഠനോട് പിണങ്ങിയാണ്. ദേശത്തുനിന്ന് തിരികെപ്പോകാന്‍ അമാന്തിക്കുമ്പോഴാണ് വീട്ടുകാര്‍ അക്കാര്യം അറിയുക. അമ്മമ്മ പിന്നെ സൈ്വരം കൊടുക്കില്ല. സഹികെടുമ്പോള്‍ കോമമ്മാവന്‍ തന്റെ ആകെയുള്ള ജംഗമസ്വത്തായ ഇരുമ്പുപെട്ടിയുമെടുത്ത് പിന്നെയും പുറപ്പെട്ടുപോകും. ജീവിതമെന്നാല്‍ പാവം അമ്മാവന് ഇങ്ങനെ ഉഭയതോയാത്രയായിരുന്നു.

വല്യമ്മാവന്‍ മരിച്ചുവെന്ന്, അക്കാലത്തെ രീതിയനുസരിച്ച്, ഒരു ദിവസം കമ്പി വന്നു. വീടുകെട്ടിയ ജ്യേഷ്ഠനെയോര്‍ത്ത് അമ്മമ്മ അലമുറയിട്ടു. വീടാകെ മ്ലാനമായി.
മരണവൃത്താന്തമറിഞ്ഞ് ബെളുത്തങ്ങാടിയിലേക്കു പോയ എന്റെ നേരെഅമ്മാവന്‍, അമ്മയുടെ അനുജന്‍, ചുവപ്പുശീലകൊണ്ട് വായമൂടിക്കെട്ടിയ ചെറിയൊരു കലശവും സ്വര്‍ണത്തിളക്കമാര്‍ന്ന ഒരു നെയിംബോര്‍ഡും മങ്ങലേറ്റ ഒരു ഛായാപടവുമായി ദിവസങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയപ്പോഴും വീട്ടില്‍ കരച്ചിലുയര്‍ന്നു. അമ്മാവന്റെ കൂടെ കോമമ്മാവനുമുണ്ടായിരുന്നു. പിന്നീട് ബെളുത്തങ്ങാടിയിലേക്ക് മടങ്ങിയില്ല. അവിടെ വേരുകള്‍ അവശേഷിച്ചിരുന്നില്ല. നൊന്ത മനസ്സോടെ പാടത്തും തൊടിയിലും ഉഴറി, പാഴ്പുല്ലുകള്‍ പറിച്ചുകളഞ്ഞും കരിയിലകള്‍ അടിച്ചുകൂട്ടിക്കത്തിച്ച് തീകാഞ്ഞും പരിഭവിച്ചും ഖേദിച്ചും പിറുപിറുത്തും ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ ജന്മവുമൊടുങ്ങി.

മൂന്നുപേരില്‍ അവശേഷിച്ച കുഞ്ഞമ്മാവന്റെ ജീവിതം ഇല്ലായ്മകള്‍ക്കിടയിലായിരുന്നില്ലെങ്കിലും സ്വയം വരിച്ച ഒരു നിസ്വത അമ്മാവന്‍ നിഴലെന്നോണം കൂടെ കൊണ്ടുനടന്നിരുന്നു. വയലില്‍ പച്ചിലവളം വിതറിക്കൊണ്ട് നെല്‍ച്ചെടികള്‍ക്കിടയിലൂടെ നടക്കുന്നതോ, കളപറിക്കുന്നതോ, നെല്ലിന്നിടയില്‍നിന്ന് വരിനെല്ല് ചികഞ്ഞുമാറ്റുന്നതോ, തൊഴുത്തിലെ പശുക്കള്‍ക്ക് പാടവരമ്പത്തിരുന്ന് പുല്ലരിയുന്നതോ, തൊഴുത്ത് വെടിപ്പാക്കുന്നതോ ഒക്കെയാണ് അമ്മാവനെ സംബന്ധിച്ച എന്റെ ഓര്‍മകള്‍. ചെറുപ്പത്തില്‍ വല്ലപ്പോഴും കൊക്കാനിശ്ശേരിയിലുള്ള ആ വലിയ വീട്ടിലേക്കു പോകാറുണ്ടായിരുന്നു. കഴുത്തില്‍ പല പവന്‍ചേര്‍ന്ന കനത്ത സ്വര്‍ണമാലയും കാതുകളില്‍ വലിയ തോടകളുമായി, പുടവചുറ്റി മേല്‍മുണ്ടുകൊണ്ട് മാറുമറച്ച് വരാന്തയിലെ ആട്ടുകട്ടിലില്‍ അമ്മായി. വേറൊരു കൗതുകക്കാഴ്ച, അന്ന് വളരെ അപൂര്‍വമായ റേഡിയോ ആയിരുന്നു. അതിന്റെ പ്രൗഢിക്കുമുന്നില്‍ ഞാന്‍ മിഴിച്ചുനിന്നിട്ടുണ്ട്. തൊടാന്‍ കൊതിക്കും. പക്ഷേ, ധൈര്യപ്പെടില്ല. അത് സ്ഥാപിച്ചിരുന്നത് തെല്ല് ഉയരത്തിലായിരുന്നു. എപ്പോഴോ, ആവുന്നത്ര ധൈര്യം സംഭരിച്ച്, മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം അതിന്റെ ഒരു നോബില്‍ കൈയെത്തിച്ച് തൊട്ടതേയുള്ളൂ, അടുത്ത നിമിഷത്തില്‍ പ്രക്ഷേപണം ഇല്ലെന്നായി. എനിക്കാകട്ടെ ഒരു കുറ്റവാളിയെപ്പോലെ നില്ക്കേണ്ടിയും വന്നു.

കുഞ്ഞമ്മാവന്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കു ചിലപ്പോഴൊക്കെ മുന്നറിയിപ്പൊന്നുംകൂടാതെ വരുമായിരുന്നു. രണ്ടണയോ നാലണയോ തന്നെന്നിരിക്കും. പക്ഷേ, അതെക്കാള്‍ ഞാന്‍ വിലമതിച്ചിരുന്നത് കുഞ്ഞമ്മാവന്‍ കാണിച്ചിരുന്ന വാത്സല്യത്തെയാണ്.
ഒടുവിലായപ്പോള്‍ അമ്മാവന്റെ ദേഹത്ത്, ഇടതുകൈയില്‍ തോളിനുതൊട്ടുതാഴെയായി, ഒരു മുഴ പതുക്കെപ്പതുക്കെ വളര്‍ന്നുവന്നു. അത് അമ്മാവനെ വേദനിപ്പിച്ചിരുന്നില്ല. ഞാന്‍ തൊട്ടുനോക്കിയിട്ടുണ്ട്. നല്ല മിനുസവും തിളക്കവും. അത് വളര്‍ന്ന് ഭീതിദമാംവണ്ണം വലുതായപ്പോള്‍ ശസ്ത്രക്രിയ ചെയ്തു നീക്കി. അതിന്റെ സ്ഥാനത്ത് പിന്നെ കരിഞ്ഞ ഒരു പാടായി.

കൊക്കാനിശ്ശേരിയിലെ കരിഞ്ചാമുണ്ഡി അറയില്‍ മകരം പതിനാറിന് കളിയാട്ടമാണ്. കരിഞ്ചാമുണ്ടി ഒരു ഉഗ്രമൂര്‍ത്തിയാണ്. കരിയും കടുംചുവപ്പും വെള്ളയും ഇടകലര്‍ന്നുള്ള മെയ് ചമയം. പാളകൊണ്ടുണ്ടാക്കിയ ഭയജനകമായ ഒരു മുഖംമൂടി. കുരുത്തോലയുടെ ഉടയാട. ചെറിയ കിരീടം. പുരാവൃത്തമനുസരിച്ച് ഒരു മുസ്ലിം ഉലക്കകൊണ്ട് അടിക്കുകയും അതിന്റെ ഫലമായി നടു ഒടിഞ്ഞുപോവുകയും ചെയ്തതിനാല്‍ മുസ്ലിങ്ങളെ ഈ തെയ്യത്തിന് പഥ്യമല്ല. സ്ത്രീകളെയും കണ്ടുകൂടാ. കോഴികളെയും ആടുകളെയും അറുത്ത് ചോരകുടിക്കും. ഞാന്‍ കാണാന്‍ ചെന്നിട്ടുള്ളത് പേടിച്ചുപേടിച്ചാണ്. പാതിരാ നേരത്താണ് പുറപ്പെടുക.
കുഞ്ഞമ്മാവന്‍ വീടിന്റെ താഴത്തെ ചായ്പ് പോലുള്ള മുറിയില്‍ ശ്വാസംവെടിഞ്ഞത് കരിഞ്ചാമുണ്ഡി രൗദ്രനടനമാടുമ്പോഴാണ്. വിറങ്ങലിച്ചു കിടക്കുന്ന ആ ശരീരം കാണാന്‍ പിറ്റേന്ന് പുലര്‍ച്ചയ്ക്ക് ഞാനും പോയി.

ഫോട്ടോ: മധുരാജ്‌

അത്രമേല്‍ ദൂരെയായ ഒരു ഉച്ചനേരത്ത് മച്ചിലെ വടക്കേ അകത്തുനിന്ന് കാണാവുന്ന പുളിമരത്തിനു നേര്‍ക്ക് നോക്കിക്കൊണ്ട് ഞാന്‍ നില്ക്കുമ്പോള്‍ പിറകില്‍ പതിഞ്ഞ ശബ്ദത്തോടെ എന്തോ വന്നുവീണു. ഉടല്‍ മുറിഞ്ഞ ഒരണ്ണാന്‍കുഞ്ഞ്. കൈയിലെടുത്തപ്പോള്‍ നോവിന്റെ പിടച്ചില്‍. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാന്‍ കുറേനെരം അന്തിച്ചുനിന്നു. പിന്നെ അണ്ണാന്‍കുഞ്ഞിനെയുംകൊണ്ട് അകത്തെ ഗോവണിയിറങ്ങി. ചാണകം മെഴുകിയ ഉമ്മറത്ത് അമ്മമ്മയുടെ പതിവ് ഉച്ചമയക്കം. ഒളമാവിനപ്പുറത്തെ തൈത്തെങ്ങില്‍നിന്ന് ചുണങ്ങ് നഖംകൊണ്ട് ചുരണ്ടിയെടുത്ത് ഞാന്‍ അണ്ണാന്‍കുഞ്ഞിന്റെ മുറിവില്‍വെച്ചു. അതെന്റെ കൈവെള്ളയില്‍ തളര്‍ന്നുകിടന്നു. ഞാനതിനെ വളര്‍ത്താന്‍ തീരുമാനിച്ചതും ഒരു പൂച്ച സന്തോഷത്തോടെ ഒച്ചയിട്ടതും ഒരുമിച്ചായിരുന്നു.

നിരവധി പൂച്ചകളുണ്ടായിരുന്നു പരിസരത്ത്. യഥേഷ്ടം ഇണചേര്‍ന്നും മക്കളെ സാമോദം പെറ്റുവളര്‍ത്തിയും മീന്‍ചട്ടികളില്‍ കൈയിട്ടുവാരിയും കഞ്ഞിക്കലത്തില്‍നിന്ന് ദാഹം ശമിപ്പിച്ചും പാത്രങ്ങള്‍ തട്ടിമറിച്ചും ചായ്പുകളില്‍ പതുങ്ങിയും ഒന്നുമറിയാത്ത മട്ടില്‍ തിരികെ വന്നും വാല്‍ വിറപ്പിച്ചും കരഞ്ഞും മുന്‍കാലുയര്‍ത്തി മുഖംതുടച്ച് വിരുന്നുകാരുടെ വരവറിയിച്ചുമൊക്കെ അവ വിഹരിക്കുകയാണ്. പൊന്നുരുക്കുന്നിടങ്ങളിലേക്ക് കടന്നുചെല്ലാത്ത വിവേകമതികള്‍. അവയ്ക്കുപക്ഷേ, അണ്ണാന്‍കുഞ്ഞിന്റെ അടുത്തേക്കു ചെല്ലാം. അതിന് ഒരു പഴഞ്ചൊല്ലിന്റെ പോലും പ്രതിരോധമില്ല.

ഏറെ ചിന്തിച്ച് നേരംകളയാതെ ഞാന്‍ ഒരു കൂട് ചമയ്ക്കാനുള്ള ശ്രമമായി. പഴയൊരു പീഞ്ഞപ്പെട്ടി ചായ്പില്‍ കണ്ടെത്തി. അക്കാലത്ത് അനാദിക്കടകളില്‍ ചായപ്പൊടി വിതരണം ചെയ്യപ്പെട്ടിരുന്നത് പീഞ്ഞപ്പെട്ടിയില്‍ ചുമന്നുകൊണ്ടുപോയാണ്. കൊക്കാനിശ്ശേരിയില്‍ ബ്രൂക്ക്ബോണ്ട് ഏജന്‍സിയുണ്ടായിരുന്നു. കാലുറകള്‍ ധരിച്ച സ്റ്റോക്കിസ്റ്റ് കൈയിലൊരു തുകല്‍സഞ്ചിയുമായി കുടപിടിച്ച് മുന്നിലും കാക്കിയുടുപ്പിട്ട ചുമട്ടുകാരന്‍ പിറകിലുമായി യാത്രതുടങ്ങുന്നു. ഓരോ അനാദിക്കട പിന്നിടുമ്പോഴും പീഞ്ഞപ്പെട്ടിയുടെ ഭാരം കുറഞ്ഞുവരും. ഒഴിഞ്ഞ പെട്ടി തുച്ഛവിലയ്ക്ക് ആളുകള്‍ വാങ്ങുമായിരുന്നു.
നേര്‍ത്ത് കനമില്ലാത്ത പലകകള്‍ മുള്ളാണികളില്‍നിന്ന് വേര്‍പെടുത്തി അവ നേടുകെ ഛേദിച്ച് ഒരണ്ണാന്‍കുഞ്ഞിന്റെ പാര്‍പ്പിടമെന്നു പറയാന്‍തക്ക വലിപ്പത്തില്‍ മുളംചീന്തുകളും വാഴനാരുകളും മുള്ളാണികളുമൊക്കെചേര്‍ത്ത് കൂടിന്റെ പണി തീര്‍ക്കാന്‍ ഒരുപാട് നേരമെടുത്തു. അതുവരെ നവാതിഥി ഒരു വള്ളിക്കുടയുടെ കീഴില്‍ അതിന്റെ സുരക്ഷിതത്ത്വത്തിലായിരുന്നു. അങ്ങനെയൊരു സാന്നിധ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടതേ ഇല്ലെന്ന നിഷ്‌കളങ്ക ഭാവത്തോടെ ഇടയ്ക്കിടെ കണ്ണടച്ചും പതുക്കെ മിഴിച്ചും ഏറെ അകലെയല്ലാതെ ഒരു പൂച്ച.

പൂച്ചകളെ വെറും പാവങ്ങളായ മിണ്ടാപ്രാണികളെന്നു കരുതി നിര്‍വിശങ്കം വിശ്വസിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ചില തിക്താനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ അണ്ണാന്‍കുഞ്ഞിന്റെ പാര്‍പ്പിട നിര്‍മിതിയില്‍ ഞാന്‍ ആവോളം ശ്രദ്ധചെലുത്തി. മനുഷ്യര്‍ക്കിടയിലേക്ക് വന്നുപെട്ടതില്‍ അത് ദുഃഖിക്കാനിടയാകരുതെന്നുള്ള വിചാരത്തോടെയായിരുന്നു എന്റെ പരിചരണം. അടുക്കള ഇടുങ്ങിയതും കരിപിടിച്ചതുമായിരുന്നെങ്കിലും എന്റെ ഹൃദയം വിശാലവും തെളിച്ചമുള്ളതുമായിരുന്നു. അടുക്കളയില്‍നിന്ന് കിട്ടാവുന്നതെല്ലാം അപഹരിച്ച് ഞാന്‍ അണ്ണാന്‍കുഞ്ഞിനെ ഉപചരിച്ചു. ഭൂമി അതിന്റെ കറക്കം
തുടര്‍ന്നു.

അതിനിടയിലെപ്പോഴോ ഒരു പൂച്ച അണ്ണാന്‍കുഞ്ഞിന്റെ ദുര്‍ബലമായ കൂട് തകര്‍ക്കുന്നതില്‍ വിജയിക്കുകയും അത് ശൂന്യമാവുകയും ചെയ്തു. പൂച്ചയുടെ വിജയം എന്നെ എന്തുമാത്രം ദുഃഖിപ്പിച്ചുവെന്ന് പറഞ്ഞറിയിക്കാനാവില്ല. ഞാന്‍ ആ തകര്‍ന്ന കൂട് വലിച്ചെറിഞ്ഞു. പക്ഷേ, അണ്ണാന്‍കുഞ്ഞിന്റെ ആത്മാവ് എന്റെ ചടച്ചുമെലിഞ്ഞ ശരീരത്തിലേക്ക് അതിനോടകം പ്രവേശിച്ചുകഴിഞ്ഞിരുന്നു. അതെന്നെ മരങ്ങളുടെ നേര്‍ക്ക് കൊണ്ടുപോയി. വലിയ ആകാരങ്ങളില്‍ നിഴല്‍വീഴ്ത്തിനിന്ന മാവുകളിലേക്കും കശുമാവുകളിലേക്കും പുളിമരത്തിലേക്കും തെങ്ങുകളിലേക്കും ഞാന്‍ വലിഞ്ഞുകയറി. മണ്ണിനോടെന്നതിലേറെ എനിക്ക് അടുപ്പം മരത്തൊലിയോടും കറയോടും ശിഖരങ്ങളോടും പൊത്തുകളോടും ഇത്തിള്‍ക്കൂട്ടങ്ങളോടുമായി. ചോണനുറുമ്പുകള്‍ എന്റെ ചങ്ങാതികളായി. കണ്ണിമാങ്ങകളും പച്ചമാങ്ങകളും കശുമാങ്ങകളും വാളന്‍പുളിയും വിശപ്പാറ്റാനുള്ള വിഭവങ്ങളായി. ഒരു രൂപാന്തരം എന്നുതന്നെ പറയാം.
അങ്ങനെയിരിക്കേ ഒരു നിര്‍ഭാഗ്യമുണ്ടായി. ഒരു കൊമ്പിന്റെയറ്റത്തുള്ള മാങ്ങ കൈനീട്ടി പറിക്കാന്‍ ശ്രമിക്കുമ്പോള്‍ കാലുകളുറപ്പിച്ച കൊമ്പും പിടിച്ച കൊമ്പും ഒപ്പം പൊട്ടി. ഇലകള്‍ക്കിടയിലൂടെ ഭയവിവശനായി ഞാന്‍ താഴേക്കു വീണു. വീഴ്ചകള്‍ക്കിടയില്‍ ഏതോ ഇലകള്‍ എന്റെ ബോധം ഒപ്പിയെടുത്തു.
ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ സ്വയം വിശ്വസിപ്പിക്കാന്‍ തുനിഞ്ഞത് എന്റെ വീഴ്ച ഒരു ദുഃസ്വപ്നം മാത്രമാണെന്നാണ്. പക്ഷേ, നോവ് വളരെ പെട്ടന്നുതന്നെ എന്നെ തിരുത്തി. വലതുകൈ ഒടിഞ്ഞുപോയിരുന്നു. രണ്ട് കൊമ്പുകള്‍ നഷ്ടപ്പെട്ട മാവ് ഉച്ചവെയിലില്‍ ഖേദംപൂണ്ട് നിന്നു.

എന്നെ ചികിത്സിച്ചത് കൊക്കാനിശ്ശേരിയിലെ പഴയ പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തിന്റെ (സ്ഥാപിതം 1910-ല്‍) എതിര്‍വശത്തായി ആശാ ക്ലിനിക് നടത്തിയിരുന്ന കരുണാകരന്‍ ഡോക്ടറായിരുന്നു. ഒടിഞ്ഞ കൈയുമായി അച്ഛനൊപ്പം ഞാന്‍ ഡോക്ടര്‍ക്കു മുമ്പാകെ നിന്നു. ശരീരത്തിനേറ്റ ഒടിവും ചതവും ഒരു മൂര്‍ത്ത യാഥാര്‍ഥ്യംതന്നെയാണെന്ന് ഇതിനോടകം എനിക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു.

പുസ്തകം വാങ്ങാം

എന്റെ ഒടിഞ്ഞ കൈ ശരിപ്പെടാന്‍ കുറഞ്ഞത് ഒരുമാസമെങ്കിലും വേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ പഠനത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ അധീരനായി. പക്ഷേ, ഗത്യന്തരമില്ലായിരുന്നു. ബാന്‍ഡേജോടെ ഒരു ചരടില്‍ വലതുകൈ ഞാത്തിയിട്ട് ഞാന്‍ അച്ഛന്റെ പിന്നാലെ ബസാറിലൂടെ നടന്നു.
ജാപ്പാണം പുകയിലയുടെയും ആണ്ടവര്‍ ബീഡിയുടെയും ചുരുട്ടിന്റെയും പച്ചമരുന്നുകളുടെയും എള്ളെണ്ണയുടെയും എള്ളിന്‍പിണ്ണാക്കിന്റെയും ഗന്ധങ്ങള്‍. തെരുവുസര്‍ക്കസ്സുകാരുടെയും പാമ്പാട്ടികളുടെയും മയിലെണ്ണവില്പനക്കാരുടെയും ആരവങ്ങള്‍. ചാഞ്ഞുവീഴുന്ന വെയില്‍. വെളുത്ത ചെട്ട്യാരുടെ ചക്കാലയില്‍നിന്ന് ചക്ക് തിരിയുമ്പോഴുള്ള ശബ്ദം ഒരു നിലവിളിപോലെ മുഴങ്ങി. അതോടൊപ്പം ഒരു ചെണ്ടകൊട്ട് കേള്‍ക്കായി. രാജാറാം ടാക്കീസിലെ സിനിമയുടെ പരസ്യമാണ്. ചെണ്ടക്കാരന്റെ പിന്നാലെ പോസ്റ്റര്‍ പതിച്ച ബോഡും നോട്ടീസുമായി ഒരാള്‍. നിരത്ത് മുറിച്ചുകടന്ന് ഒരു നോട്ടീസ് വാങ്ങണമെന്നുണ്ടായിരുന്നുവെങ്കിലും ഒടിഞ്ഞ കൈ എന്നെ അതില്‍നിന്നു വിലക്കി.

രാജാറാം ടാക്കീസിനപ്പുറത്താണ് എന്‍.കെ.ബി.ടി. ബസ്സ്റ്റാന്‍ഡ്. ഒരു ബസ്സ് പുറപ്പെടാനോങ്ങിനില്പുണ്ടായിരുന്നു. ലോറിയുടെതുപോലെ മുന്‍വശം നീണ്ട ബസ്സ് വളഞ്ഞ ഒരു ഇരുമ്പുദണ്ഡുകൊണ്ട് കറക്കിയാണ് സ്റ്റാര്‍ട്ട്ചെയ്യുക. അത് ക്ലീനറുടെ ജോലിയാണ്. മൂക്കില്ലാ ബസ്സുകള്‍ അക്കാലത്ത് നിരത്തിലിറങ്ങിയിട്ടില്ല. ആദ്യമായി ബെന്‍സ് ബസ്സ് വന്നപ്പോള്‍ എന്തായിരുന്നു അച്ചുഡ്രൈവറുടെ ഒരു പവറ്!
കാര്യങ്കോട് പുഴയ്ക്ക് പാലമില്ലാത്തതിനാല്‍ പുഴയുടെ ഇങ്ങേക്കരവരെയാണ് ബസ്സര്‍വീസ്. അതിനിടയിലുള്ള പാലത്തരപ്പുഴയ്ക്ക് പാലമുണ്ട്. ചെറിയ പുഴയാണ്. അതുകൊണ്ടുതന്നെ പാലവും ചെറുത്. അച്ഛന്റെ വീട്ടിലേക്കു പോകാന്‍ ബസ്സിറങ്ങേണ്ടത് പാലം കടന്നപാടെയാണ്. ബസ്സിറങ്ങി പുഴയുടെ തീരത്തുനിന്ന് പടിഞ്ഞാറോട്ട് ഏതാനും വാര നടന്നാല്‍ പിതൃഭവനമായി.

അത് നന്നെ ചെറുതായിരുന്നു. ചുവരുകള്‍ക്ക് കുമ്മായം പൂശിയിരുന്നില്ല. ചേടിക്കല്ലിന്റെ തൂണുകളുള്ള വ്രാന്ത. പടിഞ്ഞാറ്റയും വടക്കിനിയും പുറമേ ഒരു മുറിയുമായിരുന്നു ആകപ്പാടെ ഉണ്ടായിരുന്നത്. വ്രാന്തയില്‍ ഒരു പത്തായം. അച്ഛന്റെ കിടപ്പ് പത്തായത്തിനുമേലെയായിരുന്നു. ഒരു ശ്ലക്ഷ്ണശരീരനുകൂടി അവിടെ ഇടമുണ്ട്.

അച്ഛന് അസന ഏലാദി എണ്ണയുടെ മണമായിരുന്നു. കുളിക്കുമ്പോള്‍ തലയില്‍ തേച്ചിരുന്നത് അസന ഏലാദി എണ്ണയാണ്.
കരിവെള്ളൂരിലെ പള്ളിക്കൊവ്വലില്‍ ആയുര്‍വേദ മരുന്നുകടയുണ്ടായിരുന്നപ്പോള്‍ വില്പനയ്ക്കായുള്ള അരിഷ്ടങ്ങളും ലേഹ്യങ്ങളും രസായനങ്ങളും കുഴമ്പും എണ്ണയും ചൂര്‍ണങ്ങളുമൊക്കെ ഉണ്ടാക്കിയിരുന്നത് വീട്ടില്‍നിന്നാണ്. വീടിന് അന്ന് പലവിധ മരുന്നുചേരുവകളുടെ സമ്മിശ്ര ഗന്ധമായിരുന്നു. അതിന് കൊതിപിടിച്ച് നാലുദിക്കില്‍നിന്നും കാറ്റുകള്‍ വരുമായിരുന്നു വീട്ടിലേക്ക്. തൊടിയിലെ വെങ്കണകളിലും ഉരുപ്പുകളിലും ഒണ്ടോന്‍മരങ്ങളിലും നെല്ലിയിലും പൂമരച്ചില്ലകളിലുമൊക്കെ തൊട്ടുരുമ്മി മരുന്നുകളുടെ ഗന്ധം ആവോളം നുകര്‍ന്ന് ഒരു തീര്‍ഥാടനവിശുദ്ധിയോടെ അവ മടങ്ങിപ്പോകും.
വീടിനു കിഴക്ക് കാരപ്പൊന്തകളും ചേറ് മരങ്ങളും ചിതല്‍പ്പുറ്റുകളും പാമ്പിന്‍മാളങ്ങളും കബറുകളുമുള്ള വെളിമ്പറമ്പാണ്. വടക്കുഭാഗത്തായാണ് കബര്‍സ്താന്‍. അങ്ങോട്ട് പോകരുതെന്നല്ല, നോക്കുകപോലും പാടില്ലെന്നു പറയുമായിരുന്നു അച്ഛമ്മ. പരേതഭൂമിയില്‍ ഗതികിട്ടാതെ ഉഴറുന്ന ആത്മാക്കളുണ്ടാകും. രാപകലെന്യേ അവ ഉച്ചത്തില്‍ നിലവിളിക്കുകയാവും. നമ്മള്‍ കേള്‍ക്കില്ല. ഏതോ രാത്രിയില്‍ ചൂട്ടുകറ്റയും വീശിവരുന്ന അച്ഛനെ ഒരു പ്രേതം വഴിതെറ്റിച്ച് നെടുദൂരം നടത്തുകയുണ്ടായി. ചൂട്ടുകറ്റ എപ്പോഴോ അണഞ്ഞുതീര്‍ന്നു. അച്ഛന്‍ വിയര്‍ത്തും കിതച്ചും കൂരിരുളിലൂടെ നടത്തം തുടര്‍ന്നു. ആരോ തന്നെ കൈപിടിച്ചു നടത്തിയെന്നാണ് അത്യന്തം പരവശനായി വീട്ടിലെത്തിയ അച്ഛന്‍ പറഞ്ഞത്. അതിനു മുന്‍പേ പനി തുടങ്ങിയിരുന്നു. അത് പിന്നെ മൂര്‍ച്ഛിച്ചു.

സന്ധ്യകളില്‍ ഇറയത്ത് ഒരു നിലവിളക്ക് കത്തിച്ചുവെച്ച് ദീര്‍ഘനേരം നാമംചൊല്ലുമായിരുന്ന അച്ഛമ്മ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വെടിപ്പുള്ള, ശീലഗുണമുള്ള അഭിജാതയായ സ്ത്രീയാണ്. പാചകത്തില്‍ സവിശേഷതയാര്‍ന്ന ഒരു തനതുരീതിയുണ്ടായിരുന്നു അച്ഛമ്മയ്ക്ക്. പുഴമത്സ്യങ്ങളെക്കൊണ്ട് ഒന്നാന്തരം കറിവെക്കും. രാത്രി കഴിഞ്ഞ് പിറ്റേന്ന് രണ്ട് പച്ചമുളകും ഒരു കഷണം ഇഞ്ചി ചതച്ചുചേര്‍ത്തും ചൂടാക്കിയാല്‍ അതിന്റെ സ്വാദ് ഇരട്ടിച്ചതായി തോന്നും. അലക്കിയ പുടവയും കസവുവേഷ്ടിയുമായിരുന്നു അച്ഛമ്മയുടെ വേഷം. കാതുകളില്‍ ഓലയും കഴുത്തില്‍ പത്താക്കും. അപൂര്‍വമായി എങ്ങോട്ടെങ്കിലും ഇറങ്ങുക, ഉള്ളില്‍ ചുവന്ന തുണി പിടിപ്പിച്ച് മനോഹരമാക്കിയ ഓലക്കുട ചൂടിയാണ്.
നന്നെ ചെറിയ പ്രായത്തില്‍ ഞാന്‍ കാണുമ്പോള്‍തന്നെ അച്ഛമ്മ വൃദ്ധയായിരുന്നു. മുടി പറ്റെ നരച്ചിരുന്നു. പല്ലുകള്‍ ഏതാണ്ട് കൊഴിഞ്ഞുതീര്‍ന്നിരുന്നു. മുകളിലത്തെ നൊണ്ണില്‍ മുന്‍ഭാഗത്തായി ഒരു പല്ല് എഴുന്നുനിന്നു. മെലിഞ്ഞ ദേഹം. കൂനിപ്പിടിച്ചാണ് നടത്തം. സാമൂഹികമായ ആചാരമര്യാദകളില്‍ ആസ്ഥയുണ്ടായിരുന്നു ഏറെ.

ഡോണാ ഫ്ളോറി*നെപ്പോലെ അച്ഛമ്മയ്ക്കും രണ്ട് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ആദ്യത്തെ ഭര്‍ത്താവാണ് എന്റെ മുത്തച്ഛന്‍. കരിപ്പത്ത് കമ്മാരനെഴുത്തച്ഛന്‍ എന്നു പേരായ അദ്ദേഹം സംസ്‌കൃതപണ്ഡിതനും ജ്യോതിഷിയും കഥകളിസംഗീതം, ചികിത്സ, പാചകം, വ്യാകരണം തുടങ്ങിയ പല മേഖലകളില്‍ വിദഗ്ധനുമായിരുന്നു. 1871-ല്‍ പിറന്ന് 1955-ല്‍ ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തെക്കുറിച്ച് മഹാകവി ഉള്ളൂര്‍ തന്റെ സാഹിത്യചരിത്രത്തില്‍ ഒരു ശ്ലോകം ഉദ്ധരിച്ചുചേര്‍ത്ത് പരാമര്‍ശിക്കുന്നുണ്ട്.

മുത്തച്ഛന്‍ പുനര്‍വിവാഹംചെയ്തശേഷമാവാം അച്ഛമ്മയുംഅതേ വഴിക്കു നീങ്ങി. ഏറെ അകലെയല്ലാത്ത ഒരു ഇല്ലത്തിലെ നമ്പൂതിരിയായിരുന്നു രണ്ടാംഭര്‍ത്താവ്. അതില്‍ ഒരു മകന്‍ പിറന്നു. രണ്ടാമത്തെ വിവാഹവും അധികകാലം നീണ്ടുനിന്നില്ല. നമ്പൂതിരി തീപ്പെട്ടു. പിന്നെ അച്ഛമ്മയ്ക്കു വിധിക്കപ്പെട്ടത് ഒരു വിധവയുടെ നിറംകെട്ട ജീവിതമായിരുന്നു.

അച്ഛമ്മ യൗവനത്തില്‍ അതീവ സുന്ദരിയായിരുന്നിരിക്കണം. വാര്‍ധക്യത്തിലും അവരുടെ രൂപം ആകര്‍ഷകമായിരുന്നു. മുത്തച്ഛന്‍ എന്തിന് വിവാഹബന്ധം ഒഴിഞ്ഞുപോയെന്ന ചോദ്യം എന്നെ ചെറുപ്പത്തില്‍ തെല്ലൊന്നുമല്ല അലട്ടിയത്. അച്ഛമ്മ അതേപ്പറ്റി ഒന്നും പറയാറില്ല. ചോദിച്ചാല്‍ ഒഴിഞ്ഞുമാറും. വലിയ ഒരു പണ്ഡിതനുമായുള്ള വിചിത്രമായ സംഗമത്തിന്റെ ദുരൂഹതയും പിന്നീട് ആലോചിച്ചപ്പോഴൊക്കെയും മനസ്സിനെ മഥിക്കാന്‍പോന്നതായി. അക്കാലത്തെ വിദ്വാന്മാര്‍ പലരും മുത്തച്ഛന്റെ പത്തായപ്പുരയില്‍ വരുമായിരുന്നുവെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മഹാഭാരതത്തിന്റെ ഭാഷാവിവര്‍ത്തനംചെയ്യുന്ന കാലത്ത് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മുത്തച്ഛനുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഒരു ശ്ലോകത്തിലെ അജപഃ ബ്രാഹ്‌മണഃ എന്ന പ്രയോഗത്തിന് ആടിനെ മേയ്ക്കുന്ന ബ്രാഹ്‌മണന്‍ എന്ന തമ്പുരാന്റെ വിവര്‍ത്തനം ജപമില്ലാത്ത ബ്രാഹ്‌മണനെന്ന് മുത്തച്ഛന്‍ തിരുത്തിയതായി ചരിത്രം പറയുന്നു.
വിസ്തൃതമായ തൊടിയുടെ ഏതാണ്ട് നടുവിലായുള്ള ചെറിയ വീട്ടില്‍ വൈധവ്യത്തിന്റെ ദുഃഖമോ കടുത്ത ഏകാന്തതയോ അച്ഛമ്മയെ അലട്ടുന്നതായി ഇടയ്ക്ക് ഒരു വിരുന്നുകാരനെപ്പോലെ കടന്നുചെല്ലുന്ന എനിക്ക് തോന്നിയിട്ടില്ല. ചുളിവുകള്‍ വീണ മുഖം സദാ പ്രസന്നമായിരുന്നു. മരണത്തെക്കുറിച്ചുള്ള ഭയം അവരെ തീണ്ടിയിരുന്നില്ല.

വെളിമ്പറമ്പിലെ കബര്‍സ്ഥാനിനപ്പുറത്തായി ഒരു കാവുണ്ട്. കാവിനു വടക്ക് ഒരു വല്യച്ഛനും. വെളുത്ത മുറിക്കയ്യന്‍ കുപ്പായമിട്ട്, കാല്‍മുട്ടുകള്‍ കവിഞ്ഞ ഈരിഴത്തോര്‍ത്തുടുത്ത്, ചെത്തിമിനുക്കിയ ഒരു സഞ്ചാരവടി കുത്തിപ്പിടിച്ച് എന്നും രാവിലെ പതിനൊന്നുമണിയോടടുപ്പിച്ച് വീട്ടിലേക്ക് വരും. മുറ്റത്തുനിന്ന് വിളിക്കും: ''പെണ്ണേ.''
വകയില്‍ അച്ഛമ്മയുടെ ജ്യേഷ്ഠസഹോദരനാണ്. അതിവൃദ്ധയായിക്കഴിഞ്ഞ പെങ്ങളെ അലിവോടെ വിളിക്കുകയാണ്.
അകത്തെങ്ങാനുമാണെങ്കില്‍ അച്ഛമ്മ തിടുക്കപ്പെട്ട് ഉമ്മറത്തെത്തും: ''ഏട്ടന്‍ വാ.''
ഏട്ടന്‍ നിത്യേന വരുന്നത് പഴഞ്ചോറുണ്ണാനാണ്. തലേന്നത്തെ മീന്‍കറിയോ ഉപ്പിലിട്ട മാങ്ങയോ കടുമാങ്ങയോ കുമ്പളങ്ങയും ചക്കക്കുരുവും പയറും ചേര്‍ത്ത ഓലനോ പച്ചമാങ്ങയുടെ പുളിങ്കറിയോ മുരിങ്ങാപ്പൂവിന്റെ തോരനോ മുരിങ്ങക്കായയുടെ മൊളകൂഷ്യമോ ചീര ഉപ്പേരിയോ കൊണ്ടാട്ടമോ ഒക്കെ പഴഞ്ചോറിനൊപ്പം കാണും. കാവിനു വടക്കെ വല്യച്ഛന്‍ ഇറയത്ത് ഒരു പലകയിട്ടിരുന്ന് രുചിയോടെ കഴിക്കും. കൈകഴുകി വന്ന് ഒരു ബീഡി കത്തിക്കും. അത് തീര്‍ന്നുകഴിഞ്ഞാല്‍ വല്യച്ഛന്‍ എഴുന്നേല്ക്കുകയായി: ''പെണ്ണേ, ഞാനെറങ്ങ്വാ.''
ഈ പതിവ് ഇല്ലാതായ ദിവസം അച്ഛമ്മ ഒരുപാടു നേരം കരഞ്ഞതായി ഞാന്‍ ഓര്‍മിക്കുന്നു.

Content Highlights: C.V Balakrishnan, Paralmeen Neethunna Padam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented