
പ്രതീകാത്മക ചിത്രം, പുസ്തകത്തിന്റെ കവർ
സാങ്കേതിക വിദ്യയുടെ ശൈശവകാലത്ത് പരിമിതമായ സൗകര്യങ്ങളുടെയും മുന്‍ഗാമികള്‍ പകര്‍ന്നു നല്കിയ അറിവുകളുടെയും അടിസ്ഥാനത്തില്‍ സാഗരയാത്ര നടത്തിയ സാഹസികരായിരുന്നു കാല് നൂറ്റാണ്ടുമുമ്പുവരെയുള്ള കപ്പിത്താന്മാര്. നടുക്കടലില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും അപ്രതീക്ഷിതമായി കടന്നുവരുന്ന വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് പുതിയ ദേശങ്ങളിലേക്കുള്ള യാത്രകള്‍ നിയന്ത്രിച്ച മലയാളിയായ ഒരു കപ്പിത്താന്റെ ഉദ്വേഗഭരിതമായ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ് ക്യാപ്റ്റന്‍ വി.എസ്.എം നായര്‍ എഴുതി മാതൃഭൂമി ബുക്സിന്റെ ഇംപ്രിന്റായ ഗ്രാസ് റൂട്ട്
ഉടന്‍ പുറത്തിറക്കുന്ന 'ഒരു കപ്പിത്താന്റെ ഓര്‍മക്കുറിപ്പുകള്‍'. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
'M.V. Shompen' എന്ന ചരക്കുകപ്പലിലേക്ക് വലതുകാല്‍ വെച്ചാണ് കയറിയതെങ്കിലും പ്രതീക്ഷിച്ചതിലും വിപരീതാനുഭവങ്ങളായിരുന്നു അവിടെയുണ്ടായത്.
കമ്പനിയുടെ മരം കയറ്റുന്ന കപ്പലായിരുന്ന ഷോംപെന്‍, വന്‍കരയില്‍നിന്നും മറ്റു ചരക്കുകളും വാഹനങ്ങളുമൊക്കെ ആന്‍ഡമാനിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രധാനപങ്കു വഹിച്ചിരുന്നു. ഞങ്ങള്‍ കല്‍ക്കത്തയില്‍നിന്നും യാത്രതിരിച്ച് പോര്ട്ട്ബ്ലെയറില് എത്തുകയും അവിടെ ചരക്കുകള്‍ ഇറക്കിയശേഷം ലിറ്റില്‍ ആന്‍ഡമാനില്‍ പോയി തടി കയറ്റി മദ്രാസിലേക്ക് പോകുകയുമുണ്ടായി. മദ്രാസിലെത്തി പുറംകടലില്‍ നങ്കൂരമിട്ടു. കപ്പലിന്റെ സാധാരണ ജെട്ടിയില്‍ വേറേ കപ്പല്‍ ചരക്കിറക്കുന്നുണ്ട്. അതു കഴിഞ്ഞാലേ അകത്തേക്കു കയറുകയുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. കപ്പലിലേക്ക് സന്ദേശം വന്നതനുസരിച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങി ബോംബെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നും പറഞ്ഞു. രാവിലേതന്നെ കമ്പനിയുടെ ഏജന്റ് ബോട്ട് അയച്ചപ്പോള്‍ ഞാന്‍ അതില്‍ കയറി പോകാന്‍ നിര്‍ബ്ബന്ധിതനായി. ഞാന്‍ പോകുന്നതില്‍ മറ്റുള്ള സഹപ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായും സന്തോഷം തോന്നിയിട്ടുണ്ടാകാം. തന്നെ തിരിച്ചുവിളിക്കാനുള്ള കാരണമെന്താണെന്ന് കപ്പിത്താനും അറിഞ്ഞിരുന്നോ എന്നെനിക്കു സംശയമായി. അതെനിക്ക് മനോവിഷമത്തിനിടയാക്കി എന്നു മാത്രമല്ല, മുന്നറിയിപ്പില്ലാതെയുള്ള ആ ഉത്തരവില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഏജന്റിന്റെ വണ്ടിയില്‍ കയറി, കൈയില്‍ കിട്ടിയ വിമാനടിക്കറ്റുമായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴും എന്തിനാണ് ഞാന്‍ പോകുന്നത് എന്നുള്ള ചോദ്യം ഉത്തരം കാണാതെ കിടന്നു. ബോംബെയില്‍ വിമാനമിറങ്ങുമ്പോള്‍ കമ്പനിയുടെ ഓഫീസ് സമയം കഴിഞ്ഞിരുന്നു. സാഗര്‍ വിഹാറില്‍ പോയിനോക്കാം എന്നു കരുതി പുറത്തേക്കിറങ്ങിയപ്പോള്‍, വിമാനമിറങ്ങി വരുന്ന അതിഥികളെ സ്വീകരിക്കാന്‍ പ്ലക്കാര്‍ഡ് പിടിച്ചു നില്ക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ പേരും കണ്ടപ്പോള്‍ സമാധാനമായി. ഓഫീസിലെ രാമചന്ദ്രന്‍സാറിന്റെ സഹായി പെരുമാളായിരുന്നു എയര്‍പോര്‍ട്ടില്‍ വന്നത്. പില്ക്കാലത്ത് പെരുമാള്‍ കമ്പനിയുടെ ഡോക്കോഫീസിന്റെ മാനേജരായിട്ടാണ് വിരമിച്ചത്.
വിവരങ്ങള്‍ പെരുമാളില്‍നിന്നും അറിഞ്ഞപ്പോഴാണ് സമാധാനമായത്. ഓഫീസര്‍മാര്‍ കുറവായിരുന്ന കാലം, ഏതെങ്കിലും കപ്പല്‍ കൂടുതല്‍ നാള് തുറമുഖത്തു കിടന്നാല്‍ ആവശ്യാനുസരണം നാവികനെ മാറ്റുക കമ്പനിയുടെ പോളിസിയാണെന്നുംകൂടി പെരുമാള്‍ പറഞ്ഞു. എനിക്ക് ഒരു രാത്രി താമസിക്കാന്‍ ബലാര്‍ഡ് എസ്റ്റേറ്റിലെ സുപ്രസിദ്ധ 'ഗ്രാന്‍ഡ് ഹോട്ടല്‍' ആണ് ഏര്‍പ്പാട് ചെയ്തിരുന്നത്. പിറ്റേദിവസം ബോംബെ തുറമുഖത്തു കിടക്കുന്ന എം.ഒ.ടി. ടഗ്-5 ല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഡോക്ക്പാസും കത്തുകളും കൈമാറിയശേഷം അയാള്‍ മടങ്ങി.
1922- ല്‍ പണികഴിപ്പിച്ച ഹോട്ടലിന്റെ പ്രത്യേകത അതിന്റെ വിശാലമായ മുറികളാണ്. എല്ലാ മുറികളിലുമുള്ള ബാത്ത് ടബ്ബോടുകൂടിയ കുളിമുറികളും വിദേശനിര്‍മ്മിത അലങ്കാരവസ്തുക്കളും അതിന്റെ മനോഹാരിത കൂട്ടുന്നു. ഹോട്ടല്‍ സ്ഥിതിചെയ്യുന്ന പരിസരവും പ്രൗഢഗംഭീരമായ പുറംകാഴ്ചയുംകൂടിയാകുമ്പോള് എന്തുകൊണ്ടും അനുയോജ്യമായ പേരാണ് ഗ്രാന്‍ഡ് ഹോട്ടല്‍ എന്നത്. രാവിലത്തെ ചായ കൊണ്ടുവന്ന യൂണിഫോം ധരിച്ച സ്റ്റുവേര്‍ഡ്, ട്രേയില്നിന്നും ചൂടു പോകാതിരിക്കാന്‍ പുതപ്പിച്ചിരുന്ന കമ്പിളി എടുത്തുമാറ്റി ചായ കപ്പിലേക്കു പകര്‍ന്നു. ആവശ്യത്തിന് മധുരമിടാം എന്നു പറഞ്ഞ് അയാള്‍ പോയി. പോകുന്നതിനിടയില്‍ ഏഴുമണിയാകുമ്പോള്‍ പ്രഭാതഭക്ഷണം കഴിക്കാം എന്നുംകൂടി ഓര്‍മ്മിപ്പിച്ചു. ബ്രിട്ടീഷുകാരുടെ ആധിപത്യം ഡൈനിങ് ഹാളിലും കാണപ്പെട്ടു. പ്രഭാതഭക്ഷണം വിളമ്പുന്നതിലും കഴിക്കുന്ന രീതികളിലും മാറ്റം വന്നിരുന്നില്ല. A perfect English breakfast എന്നുതന്നെ വിശേഷിപ്പിക്കാം.
പ്രഭാതഭക്ഷണം കഴിഞ്ഞപ്പോള്‍ത്തന്നെ ഹോട്ടലില്‍നിന്നും ടാക്സിയില്‍ കയറി ഹോട്ടലിന്റെ എതിര്‍വശത്തുള്ള ഗ്രേ ഗേറ്റില്‍ക്കൂടി അകത്തു കയറി ടഗ്ഗ് കിടക്കുന്ന ബര്‍ത്തിലെത്തി. വലിയ കപ്പലുകളെയും മറ്റും കെട്ടിവലിക്കാന്‍ ഉപയോഗിക്കുന്ന ചെറുകപ്പലിനെയാണ് ടഗ്ഗ് എന്ന് വിശേഷിപ്പിക്കുന്നത്. പുറമേനിന്നു കണ്ടപ്പോള്‍ വളരേ ചെറുതായി തോന്നിയെങ്കിലും, അകത്തു കയറി കാബിനില്‍ വന്നപ്പോള്‍ സമാധാനമായി. പുതിയതും വിദേശനിര്മ്മിതവുമായ ടഗ്ഗായിരുന്നതുകൊണ്ട് കാബിന് ശീതീകരിച്ചിരുന്നു. ഡിവോട്ട എന്ന ആജാനുബാഹുവായ തമിഴനാണ് ക്യാപ്റ്റന്‍. എന്നെ താത്കാലിക ചീഫ് ഓഫീസറായിട്ടാണ് അതില്‍ സൈന്‍ ഓണ്‍ ചെയ്യുന്നത് എന്നു പറഞ്ഞു. ടഗ്ഗ് കിടന്നിരുന്ന ബര്‍ത്തിന്റെ മുന്‍വശത്തുള്ള കൂറ്റന്‍ M.O.T. Dredger-IV കെട്ടിവലിച്ചുകൊണ്ട് ബോംബെയില്നിന്നും വിശാഖപട്ടണത്തേക്കു കൊണ്ടുപോകണം. അതു കഴിഞ്ഞാല്‍ എന്നെ സാധാരണ കപ്പലിലേക്ക് മാറ്റും എന്നും പറഞ്ഞു. ഗതാഗതമന്ത്രാലയത്തിന്റെ കീഴിലായിരുന്നു ഡ്രഡ്ജറും ടഗ്ഗുകളുമൊക്കെ. അവയുടെ മേല്‍നോട്ടവും നിയന്ത്രണവും ഷിപ്പിങ് കോര്പ്പറേഷന് നടത്തിവന്നു. കപ്പല്ച്ചാനലുകളുടെ ആഴം കൂട്ടാനും പുതിയ തുറമുഖങ്ങള്‍ ഉണ്ടാക്കാനുമാണ് മണ്ണുമാന്തിക്കപ്പല്‍ കൂടുതലും ഉപയോഗിച്ചിരുന്നത്. പുതിയ തുറമുഖങ്ങളുണ്ടാക്കാന് ഉപയോഗിക്കുന്ന മണ്ണുമാന്തിക്കപ്പലുകള്ക്ക് സ്വയം സഞ്ചരിക്കാനുള്ള യന്ത്രങ്ങളുണ്ടായിരുന്നില്ല. പരിചയസമ്പന്നരായ കപ്പിത്താന്റെ നേതൃത്വത്തില്‍ ടഗ്ഗുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ച് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോവുകയാണു പതിവ്.
അന്നു വൈകിട്ട് കപ്പിത്താന്റെ അനുവാദത്തോടെ പുറത്തേക്കു പോകുമ്പോള്‍, പഴയ കൂട്ടുകാരിലൊരാളായ ലോറന്‍സിനെ കണ്ടുമുട്ടി. അയാള്‍ ഒരു പഞ്ചാബി ഷിപ്പിങ് കമ്പനിയില്‍ സെക്കന്‍ഡ് ഓഫീസറായി ജോലി ചെയ്യുന്നുവെന്നും തൊട്ടടുത്തുള്ള പ്രിന്‍സസ് ഡോക്കില്‍ അഹമ്മദിന്റെയും ചന്ദ്രശേഖറിന്റെയും കപ്പലുകള്‍ ചരക്കു കയറ്റുന്നുണ്ട് എന്നും പറഞ്ഞു. അവരുടെ കപ്പലുകള്‍ സ്ഥിരമായിട്ട് ബോംബെയില്‍നിന്ന് ഗള്‍ഫ്നാടുകളില്‍ പോയിവരുന്ന കപ്പലുകളാണ്. അഹമ്മദ് ചീഫ് ഓഫീസറായ കാര്യവും അവന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അഹമ്മദിന്റെ കപ്പലിലെത്തിയപ്പോള് അയാള്‍ക്ക് സന്തോഷമായി. അയാള്‍ തന്റെ കപ്പല്ജോലിക്കാരനെ പറഞ്ഞയച്ച് ചന്ദ്രശേഖറിനെയും വേറേ ഒന്നുരണ്ടു കൂട്ടുകാരെയും ക്ഷണിച്ചു വരുത്തി. കപ്പലുകളില്‍ വിദേശനിര്മ്മിതമദ്യവും ഉണങ്ങിയ പഴങ്ങളും സുലഭമായിരുന്ന കാലം. ഞങ്ങളുടെ കൂടെ ചുവന്ന വേഷം ധരിച്ച ജോണി വീര്യം പകര്‍ന്നുതന്നു. അപ്പോഴാണ് അഹമ്മദ് പറയുന്നത്, അയാള്‍ സ്ഥിരമായിട്ടു പോകാറുള്ള കൊളാബയിലെ ചൈനീസ് ബാറില്‍ പോകാമെന്ന്. എനിക്കു താത്പര്യമില്ല എന്നും എന്റെ കൈവശം അതിനുള്ള സാമ്പത്തികമില്ല എന്നും പറഞ്ഞെങ്കിലും എന്നെ വിട്ടില്ല. അങ്ങനെ ഞങ്ങള്‍ ഗേറ്റ്വേ ഇന്ത്യയ്ക്കടുത്തുള്ള ചൈനീസ് ബാര്‍ റെസ്റ്റോറന്റില്‍ കയറി. വിവിധതരം നിറങ്ങളില്‍ മിന്നുന്ന, മങ്ങിയ വെളിച്ചത്തില്‍ ബാറിന്റെ ഉള്‍വശം മോടിപിടിപ്പിച്ചിരിക്കുന്നു. പാശ്ചാത്യസംഗീതം കാതില്‍ക്കൂടി തുളച്ചുകയറുന്നു. അവിടെ ഭക്ഷണവും മദ്യവും വിളമ്പുന്ന സുന്ദരികളില്‍ അഹമ്മദിന്റെ കൂട്ടുകാരിയുമുണ്ടായിരുന്നു. ബാറിന്റെ ഒരറ്റത്തുള്ള ഡാന്‍സ് ഫ്ളോറില്‍ വിദേശികളും സ്വദേശികളുമായ സന്ദര്‍ശകര്‍ നൃത്തംവെക്കുന്നുണ്ട്. കപ്പല്‍ക്കാരുടെ പറുദീസ എന്നാണ് ആ റെസ്റ്റോറന്റിനെ വിശേഷിപ്പിച്ചിരുന്നത്. എന്റെ കപ്പല്‍ പിറ്റേ ദിവസം യാത്രപുറപ്പെടുകയാണെന്നും ഏതാനും സാധനങ്ങള്‍ വാങ്ങണമെന്നും പറഞ്ഞ് ഞാന്‍ അവരോടു യാത്രപറഞ്ഞിറങ്ങി. കപ്പലില്‍ വന്ന് കമ്പിളിയുടെ ചൂടില്ക്കിടന്ന് ഉറങ്ങിപ്പോയി. പിറ്റേ ദിവസം രാവിലെ ആരോ വന്നു വാതിലില്‍ തട്ടിയപ്പോഴാണ് പരിസരബോധം വന്നത്. നോക്കുമ്പോള്‍ കപ്പിത്താനാണ്. സര്‍വെയര്‍ വന്നിട്ടുണ്ട് എന്നും ടഗ്ഗിനെക്കുറിച്ചും കെട്ടിവലിക്കുന്ന രീതികളെപ്പറ്റിയും ചോദിച്ച് അതിന്റെ സുരക്ഷ ഉറപ്പുവരുത്താനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. നിമിഷങ്ങള്‍ക്കകം ഞാന്‍ തയ്യാറായി കപ്പിത്താന്റെ മുറിയുടെ വാതില്ക്കല് ചെന്നപ്പോള്‍ എന്നെ ചോദ്യപ്പരീക്ഷയില് തോല്‍പ്പിച്ച
ക്യാപ്റ്റന്‍ ഹന്ലേയാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായി. ഭാഗ്യവശാല്‍ ക്യാപ്റ്റന്‍ പുറത്തേക്കു വന്ന് അദ്ദേഹംതന്നെ വരച്ചുണ്ടാക്കിയ ടോവിങ് പ്ലാന്‍ എന്റെ കൈയില്‍ തന്ന് വിശദീകരിക്കുകയും ചെയ്തു.
സര്‍വ്വേയറുടെ ചോദ്യത്തിന് എന്റെ അറിവില്‍ തോന്നിയ വിശദീകരണങ്ങളില്‍ മതിപ്പു തോന്നിയതുകൊണ്ടാകാം, ടോവിങ്ങിനുള്ള ഉത്തരവു കൊടുത്ത് അദ്ദേഹം മടങ്ങി. കമ്പനിയുടെ ടെക്നിക്കല്‍ സൂപ്രണ്ടായിരുന്ന ക്യാപ്റ്റന്‍ കംബാത്തയുടെ മേല്‍നോട്ടത്തിലായിരുന്നു ടഗ്ഗും ഡ്രെഡ്ജറും. ഡ്രെഡ്ജറില്‍ താത്കാലികമായി ഒരു ജൂനിയര്‍ ക്യാപ്റ്റനും ഏതാനും എന്‍ജിനീയര്‍മാരും സാധാരണ ജോലിക്കാരും കൂടാതെ ആഹാരം പാകംചെയ്യാനും മറ്റുമുള്ള ആളുകള്‍ മാത്രമാണുണ്ടാകാറുള്ളത്. ഞങ്ങളുടെ ടഗ്ഗിലും അധികമാളുകള്‍ ഉണ്ടായിരുന്നില്ല. ഭക്ഷണം പാകം ചെയ്യാന്‍ മലയാളിയായ ആറന്മുളക്കാരന് നായരും ഭക്ഷണം വിളമ്പാനും മറ്റുമായി ഒരു സ്റ്റുവേര്ഡും കൂടാതെ കപ്പല്‍ ഓടിക്കുന്നതിനും അറ്റകുറ്റപ്പണികള്ക്കുമായിട്ട് മൂന്നുപേരുമുണ്ടായിരുന്നു. സാധാരണജോലിക്കാരെല്ലാം മിനിക്കോയി ദ്വീപ് നിവാസികളായിരുന്നു. കപ്പല്ജോലികളില് അവര്‍ക്കു നല്ല പ്രാവീണ്യമുണ്ടായിരുന്നതുകൂടാതെ മീന്‍ പിടിക്കുന്നതിലും നല്ല കഴിവുണ്ടായിരുന്നു. ടോവിങ്ങില് ഏര്‍പ്പെടുമ്പോള്‍ ടഗ്ഗിന്റെ വേഗത വളരേ കുറവാണ്. കടലാണെങ്കില് വളരേ ശാന്തമായിട്ടാണ് കിടക്കുന്നത്.
കപ്പലിലെ ജോലിക്കാര്‍ അവരുടെ കൈവശമുള്ള വിവിധതരം ചൂണ്ടകള്‍ നൂലില്‍ കെട്ടിയെറിഞ്ഞ് ചെറുമീനുകളെ കുടുക്കിയെടുക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. മിനിക്കോയിദ്വീപുകാരുടെ കുലത്തൊഴിലാണ് മീന്‍പിടിത്തം. ദിവസവും മൂന്നുനേരവും ഭക്ഷണത്തിന്റെ കൂടെ മീനിന്റെ പലതരം വിഭവങ്ങള്‍ നിറഞ്ഞു. ടഗ്ഗില്‍ കൂടുതല്‍ മത്സ്യമാംസങ്ങള്‍ ശീതീകരിച്ചു വെക്കാനുള്ള സംവിധാനമുണ്ടായിരുന്നില്ല. അതു കാര്യമാക്കാതെ അവര്‍ കൂടുതല്‍ മീന്‍പിടിക്കുകയും കയറുകളില്‍ കെട്ടിത്തൂക്കി ഉണക്കി സൂക്ഷിക്കുകയും ചെയ്തു. കപ്പിത്താനാണെങ്കില് തൂത്തുക്കുടിക്കാരനായതിനാല് മീനാണ് അദ്ദേഹത്തിന്റെ പ്രധാന ഭക്ഷണം. ഉണക്കമീനും വഴുതനങ്ങയുംകൂടി കറി വെച്ചുകൊടുത്താല് ചോദിക്കുന്നതെന്തും തരും.
അങ്ങനെ ദിവസങ്ങള്‍ പോയതറിഞ്ഞില്ല. ഞങ്ങള്‍ക്ക് സിലോണ്‍ ചുറ്റിയാണു പോകേണ്ടത്. മാന്നാര്‍ ഉള്‍ക്കടലിലെത്തിയപ്പോള്‍ കാലാവസ്ഥ മാറി. ക്ഷോഭിച്ച കടല്‍ കടന്ന് സിലോണിന്റെ കിഴക്കുഭാഗത്തെത്തിയപ്പോഴേക്കും കെട്ടിവലിക്കുന്ന കമ്പിവടം അറ്റുപോയി. കടല്‍ ശാന്തമായപ്പോള്‍, പുതിയ കമ്പിവടം എടുത്തു കെട്ടി ഞങ്ങളുടെ യാത്ര തുടര്‍ന്നു. പ്രതീക്ഷിച്ച ദിവസം തന്നെ ഞങ്ങള്‍ വിശാഖപട്ടണത്തെത്തുകയും ചെയ്തു. തുറമുഖത്തിന്റെ പുറത്ത് കരയോടു ചേര്‍ന്ന് നങ്കൂരമിട്ട ഞങ്ങളുടെ ടഗ്ഗിലേക്ക് അന്നത്തെ തുറമുഖത്തിന്റെ തലവന്‍, ക്യാപ്റ്റന്‍ സോമയാജുലു വരികയും തുറമുഖവികസനത്തെപ്പറ്റി സംസാരിക്കുകയുമുണ്ടായി. സംസ്കരണയെണ്ണ കൊണ്ടുവരുന്ന വലിയ കപ്പലുകള്‍ക്ക് തുറമുഖത്തിന്റെ അകത്തേക്കുള്ള ഇടുങ്ങിയ കപ്പല്ച്ചാലില്ക്കൂടി കടക്കാന്‍ സാധിക്കാത്തതിനാല്‍ കടലിലേക്കിറങ്ങിക്കിടക്കുന്ന പാറകള്‍ നിറഞ്ഞ കരയുടെ ഭാഗങ്ങള്‍ വെട്ടിയെടുത്ത് ആഴം കൂട്ടിയ ഒരു ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുകയാണ് ഞങ്ങള്‍ കൊണ്ടുവന്ന ഡ്രെഡ്ജറിന്റെ ദൗത്യം എന്ന് പറഞ്ഞു. ഡ്രെഡ്ജറിന്റെ മേല്‍നോട്ടം ഹാര്‍ബര്‍ ടഗ്ഗുകള്‍ ഏറ്റെടുക്കുകയും ആഴം കുറഞ്ഞ കരയുടെ അടുത്തേക്കു കൊണ്ടുപോയി ഉറപ്പിക്കുകയുമുണ്ടായി. ഞാന്‍ കമ്പനിയുടെ ആവശ്യപ്രകാരം താത്കാലികമായിട്ട് ഡ്രെഡ്ജറിലെ ആക്റ്റിങ് ചീഫ് ഓഫീസറായിട്ടു ചേര്‍ന്നു. ഡ്രെഡ്ജറില്‍ ഓരോ ഷിഫ്റ്റിലും ജോലി ചെയ്യുന്ന ഓപ്പറേഷനല്‍ സ്റ്റാഫിനു മാത്രമേ കാബിന് ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ ജോലി കഴിഞ്ഞാല്‍ വിശാഖപട്ടണത്തെ ഒരു നക്ഷത്രഹോട്ടലായ അപ്സരയിലായിരുന്നു താമസം. 1976 കാലഘട്ടങ്ങളില്‍ വിശാഖപട്ടണവും പരിസരപ്രദേശങ്ങളും കപ്പല്‍ക്കാരുടെ പറുദീസയായിരുന്നു. അവിടുത്തെ ജനവിഭാഗം ഭൂരിപക്ഷവും പാവപ്പെട്ട മുക്കുവരായിരുന്നു. വെറും കോണകം മാത്രം ഉടുത്തുകൊണ്ട് നടക്കുന്ന പ്രാകൃതര്‍. അന്നത്തെ പ്രധാന തുറമുഖത്തിനോടു ചേര്‍ന്നു കിടക്കുന്ന മറീനാ ബീച്ചും മറീനാ ഹോട്ടലും കപ്പലില്‍ ജോലിക്കാരുടെ വിനോദസ്ഥലങ്ങളായിരുന്നു. അന്നത്തെ മറീനാ ഹോട്ടല്‍ കാബറെനര്ത്തകിമാരുടെയും നക്ഷത്ര വേശ്യകളുടെയും കേന്ദ്രബിന്ദുവായിരുന്നു. വിദേശകപ്പലുകള്‍ വന്നാല്‍ അവര്‍ ആടിയും പാടിയും മദ്യലഹരിയില്‍ അവരുടെ കൂടെ സമയം ചെലവഴിക്കും. അങ്ങോട്ട് പോകുന്ന കപ്പല്ജോലിക്കാരില്നിന്നും ആവശ്യത്തിനുള്ള പ്രതിഫലവും അവര്‍ക്ക് കിട്ടിയിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന അപ്സര(ഗ്രീന്‍ പാര്‍ക്ക്) ഹോട്ടലിലും കാബറെ നൃത്തമുണ്ടായിരുന്നു. എങ്കിലും അവിടേക്ക് അനധികൃതമായി ആരും വന്നിരുന്നില്ല. ഞങ്ങള്‍ ദിവസവും രാവിലെ ബോട്ടില്‍ കയറി ഡ്രെഡ്ജറിലേക്ക് പോയിട്ട് ജോലി കഴിഞ്ഞാല്‍ ഹോട്ടലിലേക്കു മടങ്ങും.
വിശാഖപട്ടണം തുറമുഖത്തിന്റെ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്ന ക്യാപ്റ്റന്‍ സോമയാജുലുവിന്റെയും ക്യാപ്റ്റന്‍ കംബാട്ടയുടെയും
കുശാഗ്രബുദ്ധിയില്‍ ഉദിച്ചുവന്നതാണ് ഡ്രെഡ്ജിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. അതിന്റെ കരട് അന്നത്തെ ഷിപ്പിങ് മന്ത്രാലയത്തെ ധരിപ്പിക്കുകയും ഡ്രെഡ്ജറും ടഗ്ഗുമെല്ലാം ഗതാഗതമന്ത്രാലയത്തിന്റ കീഴില്‍നിന്നും മാറ്റുകയുമുണ്ടായി. അതിന്റെ ആദ്യത്തെ സാരഥിയായി ക്യാപ്റ്റന്‍ സോമയാജുലു നിയമിതനായി; കൂടാതെ രണ്ടാമനായിട്ട് ക്യാപ്റ്റന്‍ കംബാട്ടയും. അങ്ങനെ ഡ്രെഡ്ജിങ് കോര്‍പ്പറേഷന്റെ ആസ്ഥാനം വിശാഖപട്ടണമായി എന്നുമാത്രമല്ല, ആന്ധ്രക്കാരുടെ സ്വകാര്യസ്വത്തായി മാറി എന്നു ചുരുക്കം.
ഒരുമാസം കഴിഞ്ഞപ്പോഴേക്കും ഡ്രെഡ്ജറിന്റെ സ്ഥിരമായ ചീഫ് ഓഫീസര്‍ വരികയും എനിക്കു സെക്കന്‍ഡ് ഓഫീസറായി വേറെ കപ്പലില്‍ ചേരാനുള്ള ഉത്തരവു ലഭിക്കുകയുമുണ്ടായി. അതുപ്രകാരം വിശാഖപട്ടണത്തുനിന്നും ബോംബെ വഴി ഗുജറാത്തിലെ ഭവ്നഗറില്‍ എത്തി. അവിടെനിന്നും രണ്ടു മണിക്കൂറിലേറെ കാറില്‍ സഞ്ചരിച്ചാണ് ഭവ്നഗര്‍ തുറമുഖത്തെത്തിയത്. 1976 ഒക്ടോബര്‍ മാസം, വിജനമായ ഉപ്പളങ്ങളുടെ മദ്ധ്യത്തില്‍ക്കൂടിയുള്ള യാത്ര സാഹസികമാണ്. ഉപ്പളങ്ങളില്‍ ജോലി ചെയ്യുന്ന കറുത്തു നീണ്ടു മെലിഞ്ഞ തൊഴിലാളികളെ കണ്ടാല്‍, യന്ത്രങ്ങളാണോ എന്നു തോന്നിപ്പോകും. ഉപ്പളങ്ങളല്ലാതെ വേറേ ഒന്നുംതന്നെ കാണാന്‍ കഴിഞ്ഞില്ല. ചെറിയ ഒരു തുറമുഖമായിരുന്നു ഭവ്നഗര്‍. അവിടെ വരുന്ന കപ്പലുകള്‍ കൂടുതലും ഉപ്പു കയറ്റാനാണ് വന്നിരുന്നതും. എനിക്കു ചേരേണ്ടത് 'സാഗര്‍ ദ്വീപ്' എന്ന ലൈറ്റ്ഹൗസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലാണ്. ദൂരേനിന്നു കണ്ടാല്‍ ഒരു യാത്രക്കപ്പലാണ് എന്നു തോന്നുമാറ് നിറയേ മുറികളും പിന്‍ഭാഗത്തായിട്ട് ഒരു ഹെലിപ്പാഡുമൊക്കെയായിട്ടുള്ള ഒരു ആഢംബരക്കപ്പലായിരുന്നു അത്. ഏജന്റ് എന്നെയും കൂട്ടി നേരേ കപ്പലിന്റെ ഓഫീസിലേക്കാണു പോയത്. അവിടെ കപ്പലിന്റെ പര്‍സര്‍ ഓഫീസറെ പരിചയപ്പെടുത്തി. അയാളാണ് ക്യാപ്റ്റന്റെ അടുത്തു കൊണ്ടുപോയതും ചീഫ് ഓഫീസറെ പരിചയപ്പെടുത്തിയതും. ക്യാപ്റ്റനടക്കം മിക്കവാറും എല്ലാ ഓഫീസര്‍മാരും ഗോവക്കാരാണ്. ജൂനിയര്‍ ഓഫീസറും ട്രെയിനി ഓഫീസര്‍മാരും പഞ്ചാബികളും മറ്റുമായിരുന്നു. ജൂനിയര്‍ ഓഫീസറായ, നേവിയില്‍നിന്നും വന്ന കൊക്കര്‍ എന്നു പേരുള്ള ഒരു സര്‍ദാര്‍ എന്നെ കപ്പലിന്റെ നാവിഗേറ്റിങ് ബ്രിഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. നല്ല ഉയരമുള്ള കപ്പലിന്റെ മുകള്‍ത്തട്ടില്‍നിന്നും നോക്കിയാല്‍ കപ്പല്‍ കിടക്കുന്ന ചെറിയ തടാകമല്ലാതെ ഉള്‍ക്കടലോ കപ്പല്ച്ചാലുകളോ ഒന്നുംതന്നെ കാണാനില്ല. തുറമുഖത്തെ വെള്ളം പുറത്തേക്കു പോകാതെ ഒരു ലോക്ക്ഗേറ്റുണ്ട്. അതിനു പുറമേ ചെളിക്കൂമ്പാരങ്ങള്‍ കാണാം. ഇപ്പോള്‍ വേലിയിറക്കമാണ് എന്നും വേലിയേറ്റമാകുമ്പോള് മുപ്പതടി മുതല്‍ നാല്പ്പതടി വരെ വെള്ളം ഉയരുമെന്നും അപ്പോള്‍ മാത്രമേ കപ്പലുകള്‍ അകത്തേക്കും പുറത്തേക്കും കടക്കൂ എന്നും പറഞ്ഞു. കപ്പലിലെ ജോലിക്കാരെക്കൂടാതെ ലൈറ്റ്ഹൗസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരും ആ കപ്പലിലുണ്ടാകും. അവരാണ് ഇന്ത്യയുടെ അധീനതയിലുള്ള എല്ലാ ലൈറ്റ്ഹൗസിന്റെയും തുറമുഖങ്ങളുടെ പുറത്തിട്ടിരിക്കുന്ന ലൈറ്റ് ബോയകളുടെയും മേല്‍നോട്ടവും അറ്റകുറ്റപ്പണികളും ചെയ്യുന്നത്.
ഭവ്നഗറില്നിന്നും ഞങ്ങള്‍ ബോംബെയില്‍ വന്ന് അവിടെനിന്നും കൊച്ചിയിലേക്കാണു പോയത്. കപ്പല്‍ ബോംബെയില്‍ എത്തിയപ്പോള്‍ ജൂനിയര്‍ ഓഫീസര്‍ കൊക്കര്‍ സുഖമില്ലാതെ ഇറങ്ങി. ഗോവക്കാരുടെ ഇടയില്‍ അയാള്‍ മാത്രമായിരുന്നു ഒരു സഹായിയായിട്ടുണ്ടായിരുന്നത്. കപ്പലിന്റെ കൊച്ചി കേന്ദ്രീകരിച്ചുള്ള ദൗത്യം, ലക്ഷദ്വീപുകളിലെ ലൈറ്റ്ഹൗസുകളുടെ പ്രവര്‍ത്തനം ശരിപ്പെടുത്തുകയെന്നതായിരുന്നു. കൂടുതല്‍ ദിവസങ്ങള്‍ കൊച്ചിയിലെ മലബാര്‍ ഹോട്ടലിന്റെ അടുത്തുള്ള ജെട്ടിയിലാണ് കെട്ടിയിടുന്നത്. കപ്പല്‍ കൊച്ചിയില്‍ എത്തിയാല്‍ വീട്ടില്‍ പോയി അമ്മയെയും സഹോദരങ്ങളെയും കാണാം, കൂടാതെ പ്രായമായി, അസുഖം ബാധിച്ചിരിക്കുന്ന അമ്മയുടെയമ്മയെയും കാണാം എന്നൊക്കെ കരുതിയത് വെറുമൊരു സ്വപ്നമായിരുന്നു. മര്‍ക്കടമുഷ്ടിക്കാരനായ ചീഫ് ഓഫീസര്‍ അതിന് വിലങ്ങുതടിയായി. കപ്പല്‍ കരയില്ക്കിടക്കുമ്പോള് രാത്രി ഡ്യൂട്ടി സെക്കന്‍ഡ് ഓഫീസറുടേതാണെന്നും അതില്‍ വിട്ടുവീഴ്ചയില്ല എന്നും പറഞ്ഞു. കപ്പല്‍ കിടക്കുന്ന വെല്ലിങ്ടണ്‍ ഐലന്‍ഡിലുള്ള മഹാരാജ ഹോട്ടലില്‍ കാബറേ നൃത്തം അരങ്ങേറിയ കാലം. കപ്പലുകാര്‍ക്ക് അവരുടെ പ്രധാന വിനോദകേന്ദ്രങ്ങളിലൊന്നായിരുന്നു അത്. കപ്പലിലെ ക്യാപ്റ്റനും ചീഫ് ഓഫീസറും റേഡിയോ ഓഫീസറുംകൂടി ഗോവനീസായ ചീഫ് സ്റ്റുവേര്‍ഡിന്റെ നേതൃത്വത്തില്‍ മഹാരാജയില്‍ പോയി കാബറേ കാണുകയും രാത്രിയില്‍ നര്‍ത്തകികളെയും കൂട്ടി കപ്പലില്‍ വന്ന് അന്തിയുറങ്ങുകയും പതിവാക്കി. കപ്പല്‍ കൊച്ചിയില്‍ കിടന്നിരുന്ന രണ്ടാഴ്ചസമയത്തിനുള്ളില് എന്റെ വല്യമ്മച്ചി മരിച്ചു. അമ്മയുടെ കമ്പിസന്ദേശം ഞങ്ങളുടെ ബോംബെ ഓഫീസുവഴി കപ്പലില്‍ ക്യാപ്റ്റന്റെ കൈയില്‍ കിട്ടിയപ്പോഴേക്കും വളരേ വൈകിയിരുന്നു. ക്യാപ്റ്റന്‍ വിളിച്ച് കമ്പിസന്ദേശം തരുമ്പോള്‍, എന്റെ ദുഃഖം കണ്ടിട്ടാകാം വീട്ടില്‍ പോയി വരൂ എന്നു പറഞ്ഞു. ഞാന്‍ അടുത്തു തന്നെ ഉണ്ടായിട്ടും മരിക്കുന്നതിനു മുമ്പ് ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നുള്ള മനോവിഷമമടക്കി, ഇനി പോകുന്നില്ല എന്നും പറഞ്ഞ് അമ്മയ്ക്ക് കത്തെഴുതിയയച്ചു.
കപ്പലിന്റെ ലക്ഷദ്വീപിലെ ദൗത്യം പൂര്‍ത്തിയാക്കി ബോംബെയ്ക്ക് മടങ്ങുമ്പോള്‍ വെന്ഗുര്ലയ്ക്കടുത്ത് കടലില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ദ്വീപായ വെന്ഗുര്ല റോക്കിന്റെ ലൈറ്റ്ഹൗസിന്റെ അറ്റകുറ്റപ്പണി ചെയ്യാന്‍ അതിന്റെ അടുത്തായി കപ്പല്‍ നങ്കൂരമിട്ടു. കപ്പലിന്റെ വര്ക്ക്ബോട്ട് ഇറക്കിയാണ് ആളുകളെയും സാധനങ്ങളെയും കടത്തുന്നത്. ആ ദൗത്യം എന്നെ ഏല്‍പ്പിക്കുമ്പോള്‍ കൂടെ വന്നിരുന്ന കപ്പലിലെ സ്ഥിരം ജോലിക്കാരുടെ ഉപദേശങ്ങള്‍ ഉപകാരമായി. പാറക്കെട്ടുകളുടെ ഇടയിലുള്ള ചെറിയ മൂറിങ് ബോയയില്‍ കയറു കെട്ടി പാറക്കെട്ടിനോടു ചേര്‍ന്നു കിടക്കുന്ന ചെറിയ ചങ്ങാടത്തിലേക്ക് ബോട്ട് അടുത്തു. കാലവര്‍ഷം തുടങ്ങിയാല്‍ അവിടം അറിയപ്പെടുന്നത് 'Devil and the deep sea' എന്നാണ്. കുത്തനേയുള്ള കൂറ്റന്‍പാറയുടെ മുകളില്‍ കയറാന്‍ പടികള്‍ വെട്ടിയിട്ടുണ്ട് എങ്കിലും, വശങ്ങളില് പിടിപ്പിച്ചിരിക്കുന്ന കൈവരിയിലോ തൂക്കിയിട്ടിരിക്കുന്ന കയറിലോ പിടിച്ചു കയറുമ്പോള്‍ താഴേക്കു നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആളുകള്‍ കയറിയാല്‍ പാറയുടെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രെയിന്‍ പ്രവര്‍ത്തിപ്പിച്ച് സാധനങ്ങള്‍ തൂക്കിയെടുക്കും. അവിടമെല്ലാം കാണാനുള്ള മോഹംകൊണ്ട് ഞാനുംകൂടി അതിന്റെ മുകളില്‍ കയറി. ഏതോ വേറൊരു ലോകത്തു ചെന്നതുപോലെ അനുഭവപ്പെട്ടു. അവിടെയുള്ള ലൈറ്റ്ഹൗസും പരിസരവും മനോഹരമാക്കി വെച്ചിരിക്കുന്നു. അവിടത്തെ സ്ഥിരതാമസക്കാരായി ലൈറ്റ് കീപ്പറും അയാളുടെ ചെറിയ കുട്ടികളടങ്ങുന്ന കുടുംബവും മാത്രമാണുള്ളത്; കൂട്ടിന് കുറെ പട്ടികളും കോഴികളും മാത്രം. പാറക്കെട്ടുകളുടെ ഇടയില്‍ കാണുന്ന ചെറിയ തടാകംപോലെയുള്ള, നീണ്ടതും വീതിയുള്ളതുമായ കുഴികളില്‍ മഴക്കാലമാകുമ്പോള്‍ വെള്ളം കെട്ടി നില്ക്കും. അതാണ് കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത്. നല്ല കാലാവസ്ഥയില്‍ അടുത്തുള്ള വെന്ഗുര്ലയില്നിന്നും മീന്ബോട്ടുകള് സാധനങ്ങളും വെള്ളവും എത്തിക്കുമെന്നും പറഞ്ഞു. ജൂണ്മാസത്തില് മഴ തുടങ്ങിയാല്‍പ്പിന്നെ സെപ്റ്റംബര്‍ മാസംവരെ ആരുടേയും സമ്പര്ക്കമുണ്ടാകയില്ല എന്നും പറഞ്ഞു. പ്രതികൂലകാലാവസ്ഥയില്‍ അവിടം ചെകുത്താന്റെ കോട്ടയാകുമെന്നും അവിടെ താമസിക്കുന്നത് പേടിസ്വപ്നമാണെന്നും വികാരാധീനനായാണ് അയാള്‍ പറഞ്ഞത്. ആദ്യമായി കാണുന്ന ഒരു കാഴ്ചക്കാരനായ എനിക്ക് അവിടം കുറച്ചു നേരത്തേക്ക് സ്വര്‍ഗ്ഗമായിരുന്നു. ചുറ്റും ചെറിയ പാറക്കെട്ടുകള്‍ നിറഞ്ഞ് കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അതിമനോഹരമായ സ്ഥലം. അവിടെ ഇരിക്കുമ്പോള്‍ അസ്തമയസൂര്യന്റെ സ്വര്ണ്ണകിരണങ്ങള് അലകളില്‍ അലിയുമ്പോഴുള്ള ഏഴുവര്‍ണ്ണങ്ങള്‍ പാറക്കെട്ടുകളുടെ ഇടയില്‍ക്കൂടി പുറത്തേക്കു വരുന്ന കാഴ്ച നയനാനന്ദകരമായിരുന്നു. ലൈറ്റ്ഹൗസ് എന്‍ജിനീയര്‍മാര്‍ അവരുടെ പണികള്‍ കഴിഞ്ഞ് എന്റെ കൂടെ വന്നിരുന്നു. അവരുടെ സമ്മതപ്രകാരം ലൈറ്റ്ഹൗസിന്റെ മുകളില്‍ കയറി നില്ക്കുമ്പോള് സ്വര്‍ഗ്ഗത്തിലോ സ്വപ്നത്തിലോ എന്നു തോന്നിപ്പോകും. ജനുവരി ആദ്യവാരമായതിനാല്‍ നല്ല കുളിരുമുണ്ട്. അവിടെനിന്ന് അസ്തമയസൂര്യന്റെ കടലിലേക്കുള്ള പ്രയാണം കണ്ട് ഞങ്ങള്‍ ബോട്ടില്‍ കയറി മടങ്ങി.
കപ്പല്‍ ബോംബെയിലേക്കുള്ള യാത്ര തുടര്‍ന്നു. പിറ്റേന്ന് കപ്പല്‍ ഹാര്‍ബറിലേക്കു കയറുന്നതിനു മുമ്പായി എന്നെ മറ്റൊരു കപ്പലിലേക്ക് മാറ്റുകയാണെന്നും എത്രയും വേഗം തയ്യാറാകണമെന്നും പര്‍സര്‍ ഓഫീസര്‍ വന്നു പറഞ്ഞു. മാറ്റത്തിനു കാരണം പോലും ചോദിക്കാന്‍ നില്‍ക്കാതെ സാധനങ്ങള്‍ വാരി പെട്ടിയില്‍ നിറച്ചുവെച്ചു. അപ്പോഴേക്കും കപ്പല്‍ ഹാര്‍ബറില്‍ കടന്നിരുന്നു. കപ്പലിന്റെ അടുത്തേക്കു വന്ന സര്‍വ്വീസ് ബോട്ടില്‍ ഇറങ്ങി തൊട്ടടുത്തുകിടന്ന 'ഗവേഷണി' എന്ന സര്വേക്കപ്പലില് എന്നെ കയറ്റിവിട്ടു. ഗവേഷണിയില് സെക്കന്‍ഡ് ഓഫീസറില്ലെന്നും മാസങ്ങളോളം സര്‍വേയില്‍ ഏര്‍പ്പെടുന്ന കപ്പലില്‍ സെക്കന്‍ഡ് ഓഫീസറുടെ സേവനം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ് എന്നും പിന്നീടു മനസ്സിലായി. സ്റ്റുവേര്‍ഡ് വന്ന് എന്നെ കാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ചായയും കൊണ്ടുവന്നു തന്നു. രാവിലത്തെ പ്രഭാതഭക്ഷണം തയ്യാറാണ്, കഴിക്കാം എന്നും പറഞ്ഞ് അയാള്‍ പോയി. ദിനചര്യകള്‍ കഴിഞ്ഞ് പുറത്തു വന്നപ്പോഴേക്കും ക്യാപ്റ്റന്‍ കപ്പല്‍ പുറത്തേക്കെടുത്തുകൊടുത്തിട്ട് കാബിനില്‍ എത്തിയിരുന്നു. ബുപേന്ദ്ര ഘേര എന്ന പഞ്ചാബി ഹിന്ദുവാണ് അന്നത്തെ ക്യാപ്റ്റന്‍. കണ്ടാല്‍ സുമുഖനാണെങ്കിലും ഉയരം കുറഞ്ഞ ഒരു ദുശ്ശാഠ്യക്കാരനായിരുന്നു അയാള്‍. കാബിന്റെ ഒരുവശത്തായിട്ട് സജ്ജീകരിച്ചിരിക്കുന്ന ബിംബങ്ങളും പടങ്ങളും കണ്ടാലറിയാം ഒരു തികഞ്ഞ ദൈവവിശ്വാസിയാണെന്ന്. സെക്കന്‍ഡ് ഓഫീസറായിട്ടുള്ള എന്റെ ചുരുങ്ങിയ പരിചയം കടലില്‍ സര്‍വേ ചെയ്യുന്ന ആ കപ്പലിലേക്കു മതിയോ എന്ന് അയാള്‍ എന്നോടു ചോദിച്ചു. പിന്നെ ചെയ്യേണ്ട ജോലികളെപ്പറ്റിയുള്ള വിശദീകരണവും നല്കി. അടുത്തുള്ള കപ്പലിന്റെ ഓഫീസില്‍നിന്നും പര്‍സര്‍ ഓഫീസറെ വിളിച്ച് കപ്പലിന്റെ ആര്‍ട്ടിക്കിള്‍ ഓഫ് എഗ്രിമെന്റില്‍ ഒപ്പിടുവിക്കാനും പറഞ്ഞു. അതു കഴിഞ്ഞ് ഞാന്‍ ചീഫ് ഓഫീസറെ പരിചയപ്പെട്ടു. അദ്ദേഹമായിരുന്നു അവിടെ സെക്കന്‍ഡ് ഓഫീസര്‍. ചീഫ് ഓഫീസര്‍ അടിയന്തരമായി ഇറങ്ങിയപ്പോള്‍ അയാളെ താത്കാലികമായിട്ട് ചീഫ് ഓഫീസറാക്കിയതാണെന്നും ക്യാപ്റ്റന്റെ ദുര്വ്വാശികളെക്കുറിച്ചും ചുരുങ്ങിയ സമയംകൊണ്ട് അയാള്‍ എനിക്ക് പറഞ്ഞുതരികയുമുണ്ടായി. പ്രായത്തില്‍ എന്നെക്കാളും നാലഞ്ചു വയസ്സ് കൂടുതലുണ്ടാകുമെങ്കിലും ഒരു കൂട്ടുകാരനെപ്പോലെ കണ്ടാല്‍ മതിയെന്നും പറഞ്ഞ് അദ്ദേഹം എന്നെയും കൂട്ടി പ്രഭാതഭക്ഷണത്തിനു പോയി. വിശാലമായ ഭക്ഷണശാലയില്‍ കപ്പലിലെ ഓഫീസര്‍മാരെ കൂടാതെ ശാസ്ത്രജ്ഞരുമുണ്ടായിരുന്നു. ഗോവ ആസ്ഥാനമായിട്ടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയുടെ കീഴിലുള്ള കപ്പലാണ് അതെന്നും കൂടുതല്‍ നാള് ഗോവയിലാണു കിടക്കുന്നതെന്നും പറഞ്ഞു. കപ്പലില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയില്‍ ഭക്ഷണം എപ്പോഴും ലഭ്യമാണ് എന്നും പറഞ്ഞു. പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്കു വന്ന് കപ്പലിന്റെ സുരക്ഷാക്രമീകരണങ്ങളും സര്‍വ്വേ ഉപകരണങ്ങളും പരിചയപ്പെട്ടു. കപ്പല്‍ സര്‍വേ ചെയ്യുമ്പോള്‍ അവരുടെ ഉപകരണങ്ങള്‍ക്ക് കേടുവരാതെ കപ്പലിനെ നിയന്ത്രിക്കേണ്ടത് അതാത് ഡ്യൂട്ടി ഓഫീസര്‍മാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞുതന്നു. കപ്പലിന്റെ പിന്‍ഭാഗത്തുള്ള സര്‍വ്വേ ഡെക്കില്‍ ജൂനിയര്‍ ശാസ്ത്രജ്ഞന്മാര് ഉപകരണങ്ങളുടെ പരിചരണം നടത്തുന്നതു കാണാം. അതില്‍ ചിലരൊക്കെ മലയാളികളായിരുന്നു. ചീഫ് ഓഫീസറും സെക്കന്‍ഡ് ഓഫീസറും കൂടാതെ നേവിയുടെ സര്‍വേ കപ്പലില്‍ ജോലി നോക്കിയിരുന്ന പരിചയസമ്പന്നരായ രണ്ടു ജൂനിയര്‍ ഓഫീസര്‍മാരുമുണ്ട്. ഞങ്ങള്‍ അവരെ പരിചയപ്പെടാന്‍ അവരുടെ മുറിയില്‍ കയറി. രണ്ടുപേര്‍ക്കുംകൂടി ഒരു മുറിയാണ്. അതിലൊരാള്‍ തടിച്ച് കഷണ്ടി ബാധിച്ച ഗുസ്തിക്കാരന് സിങ്ങായിരുന്നു; മറ്റെയാള്‍ നീണ്ടുമെലിഞ്ഞ ബിസ്റ്റ് എന്നു പേരുള്ള കായികാഭ്യാസിയും. രണ്ടുപേരും ഉത്തര്‍പ്രദേശില്‍നിന്നാണ്. അതില്‍ സിങ്ങിനെ സൂക്ഷിക്കണം, അയാള്‍ ക്യാപ്റ്റന്റെ ഒറ്റുകാരനാണെന്നും മുന്നറിയിപ്പു തന്നു.
ഞങ്ങളുടെ കപ്പല്‍ ബോംബെ ഹൈയിലെ എണ്ണപര്യവേക്ഷണ കേന്ദ്രത്തിലേക്കായിരുന്നു പോയത്. അന്ന് ഇന്ത്യയുടെ ഏക എണ്ണഖനിയും അതായിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി എണ്ണഖനികള്‍ വ്യാപിച്ചുകിടക്കുന്നു. അന്ന് ഞാന്‍ ആദ്യമായി ബോംബെ ഹൈയില്‍ ചെന്നപ്പോള്‍ അവിടെ എണ്ണക്കിണറിന്റെ മേലെ കാണുന്ന ഒരു ചെറിയ പ്ലാറ്റ്ഫോമും അതില്‍നിന്നും അടുത്തുള്ള എസ്.ബി.എമ്മിലേക്ക് പൊങ്ങിക്കിടക്കുന്ന കട്ടിയുള്ള റബ്ബര്‍ പൈപ്പുകളും ബോയയില്‍ കെട്ടിക്കിടക്കുന്ന എണ്ണക്കപ്പലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നുള്ള എണ്ണക്കിണര്‍ കുഴിക്കുന്നതിന് കടലിന്റെ അടിത്തട്ട് അനുയോജ്യമാണോ എന്നുള്ള സൈഡ് സ്കാന്‍ സൊണാര്‍ സര്‍വേയാണ് ഞങ്ങള്‍ക്കു ചെയ്യേണ്ടിയിരുന്നത്. ഏകദേശം അറുപതു ചതുരശ്രമൈല്‍ പ്രദേശത്തെ സര്‍വേ രണ്ടാഴ്ചകൊണ്ടു തീര്‍ത്തശേഷം കപ്പല്‍ ഗോവയിലേക്കു മടങ്ങി. ഞങ്ങളുടെ കപ്പലിലെ റേഡിയോ ഓഫീസറും ചീഫ് സ്റ്റുവേര്ഡും ഗോവാനിവാസികളായിരുന്നു. ഗോവയെന്ന കേന്ദ്രഭരണ പ്രദേശത്തെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു അവിടെ പോകുന്നത്. മര്മ്മഗോവാ തുറമുഖത്തിന്റെ അകത്തേക്കു കയറിയപ്പോള്‍ത്തന്നെ വാസ്കോ ഡ ഗാമയുടെ പഴകിയ കുപ്പായത്തിന്റെ ഗന്ധമാണ് കാറ്റില്ക്കൂടി വന്നത്. ഗവേഷണിയെ ഒന്നാം നമ്പര്‍ ജെട്ടിയില്‍ കെട്ടിയാല്‍പ്പിന്നെ ദിവസങ്ങളോളം അവിടെ കിടക്കും.
ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ കച്ചവടം നടത്തിയിരുന്ന കാലത്ത് 1543-ല്‍ മര്‍മ്മഗോവ അവരുടെ താവളമാക്കുകയും 1961 വരെ അവരുടെ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. 1888-ല്‍ മര്മ്മഗോവാ തുറമുഖം അവര്‍ വാണിജ്യാടിസ്ഥാനത്തില്‍ പണിയുകയുണ്ടായി. അടുത്തുള്ള വാസ്കോ പട്ടണമായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആസ്ഥാനം. പിന്നീട് പഞ്ചിമും പനാജിയും മഡ്ഗാവുമെല്ലാം രൂപാന്തരപ്പെട്ടു. പഴയ തലമുറക്കാരില്‍ പലരും പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ലീഷിലും മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഗോവയിലെ ഭാഷ കൊങ്ങിണിയാണെങ്കിലും സംസാരിക്കുമ്പോള്‍ ഒരു പോര്‍ച്ചുഗീസ് ചുവ
യുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ഗോവയിലെ നല്ലൊരു വിഭാഗം ആളുകള്‍ മത്സ്യബന്ധനത്തിലും കപ്പലിലെ വിവിധതരം ജോലികളിലും ഏര്‍പ്പെട്ടിരുന്നു. പൊതുവേ എന്തു ജോലിയും ചെയ്യാന്‍ മടിയില്ലാത്ത സത്കാരപ്രിയരായിരുന്നു അവര്‍. ജീവിതം എപ്പോഴും ആഘോഷമാക്കുന്നവരായിരുന്നു ആ കൂട്ടര്. പില്ക്കാലങ്ങളില് ടൂറിസത്തിന്റെ മറവില്‍ മയക്കുമരുന്നും കള്ളക്കടത്തും അവരുടെ ഇടയിലേക്ക് കയറിവന്നു. ഒരുകാലത്ത് ഹിപ്പികളുടെ നഗരം എന്നു വിശേഷിപ്പിച്ചിരുന്ന ഗോവയിലെ ബീച്ചുകള്‍ കേന്ദ്രീകരിച്ച് ചെറിയ കുടിലുകള്‍ കെട്ടിയും അലങ്കരിച്ച കാരവാനിലും തമ്പടിച്ചിരുന്ന ഹിപ്പികളെ കാണാനായി അന്യ സംസ്ഥാനങ്ങളില്‍നിന്നും ചെറുപ്പക്കാരായ ആളുകള്‍ വന്നിരുന്നു. കുന്നും മലകളും നിറഞ്ഞ ഗോവയിലെ പ്രധാന വാഹനം മോട്ടോര്‍ ബൈക്കുകളായിരുന്നു. ഇന്നും അതു തുടരുന്നു. അവിടെ മോട്ടോര്‍ ബൈക്ക് ഓടിക്കുന്ന ആളിനെ പൈലറ്റ് എന്നാണ് വിളിച്ചിരുന്നത്. റോഡില്‍ക്കൂടി പറക്കുന്ന അവരുടെ മോട്ടോര്‍ ബൈക്കില്‍ ആദ്യമായിട്ടു കയറുന്ന ആളിന് ഭയം തോന്നുമെങ്കിലും അതുമായി പരിചയപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ഒരു ഹരമാണ്. കപ്പല്‍ വന്നാല്‍ അവര്‍ക്ക് ഉത്സവമാണ്. പലരും സ്ഥിരമായിട്ട് പൈലറ്റിനെ വെച്ചിട്ടുണ്ടാകും. ഗോവയിലെ കപ്പല്ജീവിതത്തില് ചീഫ് ഓഫീസറും ഞാനും പൈലറ്റിനെ കണ്ടുപിടിച്ച്, ഗോവയിലെ പല സ്ഥലങ്ങളും കാണാനിറങ്ങി. ഗോവയിലെ ബീച്ചുകളില്‍ പ്രധാനമായിട്ടുള്ളത് കലാംഗുത്ത് ബീച്ചും അഞ്ജുനാ ബീച്ചുമാണ്. 1977 കാലഘട്ടങ്ങളില്‍ വെറും ഒന്നോ രണ്ടോ ബീച്ച് റിസോര്‍ട്ട് മാത്രമുണ്ടായിരുന്ന കലാംഗുത്ത് ബീച്ച് ഇപ്പോള്‍ റിസോര്ട്ടുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞങ്ങള്‍ ആദ്യമായിട്ട് കലാംഗുത്ത് ബീച്ചിലേക്കു പോകുമ്പോള്‍ രണ്ടു കടത്തു കടന്നു വേണം പോകാനെന്നും വണ്ടികള്‍ ചങ്ങാടത്തില്‍ കയറ്റിയാണ് അക്കരെയിക്കരെ കടത്തുന്നതെന്നും ഞങ്ങളുടെ പൈലറ്റുമാര്‍ പറഞ്ഞു. ചങ്ങാടത്തിന്റെ സമയമനുസരിച്ച് അവിടെയെത്തണം എന്നും അവര്‍ സൂചിപ്പിച്ചിരുന്നു.
കേരളത്തിലെ വഴിയോരങ്ങളില്‍ കണ്ടിരുന്ന പഴയകാല നാരങ്ങ സര്‍ബ്ബത്ത് കടകള്‍ക്കു പകരം ഗോവയിലെ വഴിയോരങ്ങളില്‍ പലയിടത്തായിട്ട് ബിയര്‍ക്കുപ്പികള്‍ കൂടാതെ കള്ളില്‍നിന്നും പറങ്കി മാങ്ങയില്‍നിന്നും വാറ്റിയെടുത്ത ചാരായവും സുലഭമായിരുന്നു. ഇളം കരിക്കിന്‍വെള്ളത്തില്‍ വാറ്റുചാരായം ഒഴിച്ചുതരും. അതിന്റെ കൂടെ ചുട്ടെടുത്ത കശുവണ്ടിയോ കനലില്‍ ചുട്ടെടുത്ത മീനോ ഉണ്ടാകും. വഴിയോരക്കച്ചവടങ്ങള്‍ നടത്തിയിരുന്നത് കൂടുതലും സ്ത്രീകളാണ്. ഞങ്ങള്‍ കലാംഗുത്ത് ബീച്ചില്‍ എത്തിയപ്പോള്‍ സൂര്യന് ഏകദേശം നാല്പ്പത്തഞ്ചു ഡിഗ്രിക്കു മുകളിലെത്തിയിരിക്കുന്നു. ഒരറ്റത്തുനിന്നും നോക്കുമ്പോള്‍ സൂര്യശോഭയില് വിളങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണത്തില്‍ പൊതിഞ്ഞ് നീണ്ടുകിടക്കുന്ന ബീച്ചു കണ്ടാല്‍ ഏതോ മരുഭൂമിയില്‍ ചെന്നതുപോലെ തോന്നും. ഞങ്ങള്‍ കാലുറകള്‍ അഴിച്ചുമാറ്റി തഴുകിവരുന്ന തിരമാലകളുടെ നിഴലിലൂടെ നടന്നുനീങ്ങി. കരയുടെ തീരങ്ങളില്‍ ചെറിയ കുടിലുകള്‍ കാണാം. അവയിലെല്ലാം ഹിപ്പികള്‍ നിറഞ്ഞിരിക്കുന്നു. അവരില്‍ ചിലരൊക്കെ വെയിലിനെ വകവെക്കാതെ പൂര്ണ്ണനഗ്നരായിട്ട് തിരമാലകളാല്‍ ആലിംഗനം ചെയ്തുകിടക്കുകയാണ്.
സൂര്യകിരണങ്ങള്‍ക്ക് ചൂടു കൂടിയിരിക്കുന്നു, ഞങ്ങള്‍ മടങ്ങിവന്ന് അഞ്ജുനാ ബീച്ചിലേക്കു പോയി. അധികം ആള്‍പ്പാര്‍പ്പില്ലാത്ത നോര്‍ത്ത് ഗോവയിലെ കടല്‍ത്തീരപ്രദേശം പോര്‍ച്ചുഗീസുകാരുടെ ഒരു താവളമായിരുന്നു. ഞങ്ങളെ അവിടുത്തെ അതിപുരാതന സെന്റ് മൈക്കിള്‍ ആര്ച്ചെയ്ഞ്ചല് പള്ളിയിലേക്കാണ് കൊണ്ടുപോയത്. അഞ്ജുനാ ചര്‍ച്ച് എന്നും അറിയപ്പെടുന്ന പള്ളി സെയ്ന്റ് മൈക്കിളിന്റെ പേരില്‍ 1603-ല്‍ സ്ഥാപിക്കുകയും 1897-ല്‍ വലുതാക്കി പണിയുകയുമുണ്ടായി. അവിടെ എല്ലാ വര്‍ഷവും സെയ്ന്റ് മൈക്കിളിന്റെ പേരില്‍ സദ്യയും നോസ്സാ സെന്ഹോരാ അഡ്വഗാഡായുടെ പേരില്‍ പെരുന്നാളും നടത്തുന്നു. പള്ളിയോടു ചേര്‍ന്ന് പരസ്പരം സാമ്യതയുള്ള മൂന്നു ചാപ്പലുംകൂടിയുണ്ട്. അധികം ആള്‍പ്പാര്‍പ്പില്ലാത്ത അഞ്ജുനാ ബീച്ച് 1960-ല്‍ ഹിപ്പികള്‍ അവരുടെ സ്വകാര്യതയ്ക്കുവേണ്ടി കണ്ടുപിടിച്ചതാണ്. അവരുടെ വരവോടുകൂടിയാണ് അഞ്ജുനാ ബീച്ച് അറിയപ്പെട്ടുതുടങ്ങിയത്. അവിടെ ട്രാന്‍സ് പാര്‍ട്ടികള്‍ നടത്തിവരാറുണ്ട്. 1977-ല്‍ ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഹിപ്പികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബീച്ചിനോടു ചേര്‍ന്നുകിടക്കുന്ന തെങ്ങിന്തോപ്പില് അവര്‍ കൂടാരങ്ങള്‍ കെട്ടി താമസിച്ചിരുന്നു. ചിലരൊക്കെ അവരുടെ കാരവാന് കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവന്ന് അതിലായിരുന്നു താമസം. സൂര്യന് പടിഞ്ഞാറേ ചക്രവാളത്തിലേക്കിറങ്ങാന് തുടങ്ങി. ഹിപ്പികള്‍ അവരുടെ കൂടാരത്തില്‍നിന്നും പുറത്തേക്കിറങ്ങി ബീച്ചിലെ മണലാരണ്യത്തില്‍ തങ്ങളുടെ നഗ്നതയെ അസ്തമയസൂര്യന് അടിയറവെച്ചുകൊണ്ട് കിടക്കുന്നുണ്ട്. ഞങ്ങള്‍ കൈയില്‍ക്കരുതിയിരുന്ന ഗോവന്‍ ഫെനിയില്നിന്നും ഒരു കവിള് ഇറക്കുമ്പോള്‍ സൂര്യന് ഒരു സ്വര്‍ണ്ണകുംഭത്തില്‍ കയറി ഇരുന്നു. അതു കണ്ട ഹിപ്പികള്‍ നൃത്തമാടി. അവരില്നിന്നുയരുന്ന നിശയുടെ പുകപടലം ഒരു ഹോമകുണ്ഡംപോലെ കാണപ്പെട്ടു. ഇതു കണ്ടിട്ടായിരിക്കും, 'ശരറാന്തല്‍ തിരിതാഴും മുകിലിന്‍കുടിലില്‍, ഒരു മൂവന്തി പെണ്ണുറങ്ങാന്‍ കിടന്നു' എന്ന് കവി പാടിയത്. അതിലുമെത്രയോ മടങ്ങ് കാവ്യാത്മകമായ ആ അന്തരീക്ഷത്തില്‍ ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാണോ എന്നും തോന്നായ്കയില്ല. മനോഹരമായ സൂര്യാസ്തമയവും ഹിപ്പികളുടെ നഗ്നനൃത്തവും കണ്ട് ഞങ്ങള്‍ മടങ്ങുന്ന വഴിയില്‍ വാസ്കോയിലെ വഴിയോര മോട്ടലില്‍ അത്താഴം കഴിക്കാന്‍ കയറി. ആന്റിയുടെ തട്ടുകട എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഒരു കുപ്പി ബിയറിന് ഒന്നേകാല്‍ രൂപയും ഒരു പ്ലേറ്റ് പൊരിച്ച കൊഞ്ചിന് രണ്ടു രൂപ അമ്പതു പൈസയുമാണ്. വാസ്കോയിലെ നക്ഷത്രഹോട്ടലായ സുവാരിയില് ഒരു കുപ്പി ബിയറിന് മൂന്നു രൂപ. അത്താഴം കഴിഞ്ഞ് കുറെ നല്ല ഓര്‍മ്മകളുമായി ഞങ്ങള്‍ കപ്പലിലേക്കു നടന്നു.
1977 ഫെബ്രുവരിമാസം ഗോവയില്‍ കാര്‍ണ്ണിവല്‍ നടക്കുന്ന കാലം, എനിക്കും ആദ്യമായി അതില്‍ പങ്കുചേരാന്‍ സാധിച്ചു. 18-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ തുടങ്ങിയ കാര്‍ണ്ണിവല്‍ ഇന്നും അതേപോലെ തുടരുന്നു എന്നുള്ളത് ഗോവയിലെ ജനങ്ങളുടെ കൂട്ടായ്മയുടെ മകുടോദാഹരണമാണ്. അവര്‍ ആടിയും പാടിയും വീഞ്ഞു കുടിച്ചും കാര്ണ്ണിവലിനെ വരവേല്‍ക്കുന്നു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ പങ്കെടുക്കാറുണ്ട്. ഗോവയുടെ തലസ്ഥാനമായ പഞ്ജിമിലെ സാംബ സ്ക്വയറില്‍ നടക്കുന്ന വൈന്‍ ആന്‍ഡ് ഡാന്‍സ് ഫെസ്റ്റിവല്‍ കാര്‍ണിവലിന് മാറ്റുകൂട്ടുന്നു. പില്ക്കാലത്ത് അധോലോകസംഘത്തിന്റെ വരവോടുകൂടി ടൂറിസത്തിന്റെ വ്യാജേന അനധികൃത ചൂതാട്ടകേന്ദ്രങ്ങളും അറിഞ്ഞുകൊണ്ടുള്ള ചൂതാട്ടക്കപ്പലുകളും നോര്‍ത്ത് ഗോവയുടെ ഭാഗമായി.
കപ്പലിന്റെ അടുത്ത ജോലി മുരുദ് ജംജീര തൊട്ട് കേപ്കോമറിന് വരെയുള്ള കടലോരസര്വേയാണ്. അതിനുള്ള പൊസിഷന്‍സ് നാവിഗേഷന്‍ ചാര്‍ട്ടിലേക്കു പകര്‍ത്താനുള്ള ചുമതല ഒരു നാവിഗേറ്റിങ് ഓഫീസറായ എന്നെയാണ് ക്യാപ്റ്റന്‍ ഏല്‍പ്പിച്ചത്. കരയുടെ ഏറ്റവുമടുത്തുനിന്നും കടലിലേക്ക് ഓരോ അഞ്ചു നോട്ടിക്കല്‍ മൈലില്‍ തുടങ്ങി അഞ്ചു ലൊക്കേഷന്‍. അങ്ങനെ താഴേക്കും വീണ്ടും കരയിലേക്കും അങ്ങനെ കറങ്ങിക്കറങ്ങി കണക്കില്ലാത്ത ലൊക്കേഷന്‍. ചാര്‍ട്ടിലേക്കു പകര്‍ത്താന്‍ നന്നേ പാടുപെട്ടു. കപ്പലിന്റെ സെയിലിങ്ങില്‍ സാധാരണ സെക്കന്‍ഡ് ഓഫീസറുടെ നാവിഗേഷന്‍ ഡ്യൂട്ടി പകലും രാത്രിയും പന്ത്രണ്ടുമണി മുതല്‍ നാലുമണി വരെയാണ്. നാലുമണി മുതല്‍ എട്ടുമണി വരെ ചീഫ് ഓഫീസറും എട്ടുമണി മുതല്‍ പന്ത്രണ്ടു മണി വരെ തേര്‍ഡ് ഓഫീസറുമാണ് ചെയ്യുന്നത്. കപ്പല്‍ പോയാല്‍ ഒരുമാസം കഴിഞ്ഞേ ഗോവയില്‍ മടങ്ങിവരികയുള്ളൂ. അതിനു വേണ്ട ഭക്ഷണസാധനങ്ങളെല്ലാം കയറ്റി, കൂടാതെ വിദേശമദ്യങ്ങളും കരുതിയിരുന്നു. ശാസ്ത്രജ്ഞര്‍ തലേദിവസംതന്നെ അവരുടെ ഉപകരണങ്ങളുമായിട്ട് കപ്പലില്‍ കയറി. സര്‍വേ ലൊക്കേഷന്‍സ് അന്നത്തെ പ്രമുഖ ശാസ്ത്രജ്ഞന് ഡോക്ടര്‍ സിദ്ദിക്കിയെ കാണിച്ച് അനുവാദം വാങ്ങി. അതിരാവിലേതന്നെ ഞങ്ങള്‍ പുറപ്പെട്ടു. ശാസ്ത്രജ്ഞരുടെ കൂട്ടത്തില്‍ മലയാളികളെക്കൂടാതെ രണ്ടു സ്ത്രീകളുമുണ്ട്; മിസ് മോറീസും മിസ് പാന്തും. അവരില്‍ മിസ് പാന്തിന്റെ ഡ്യൂട്ടി എന്റെ ഡ്യൂട്ടിസമയംതന്നെയായിരുന്നു. കപ്പല്‍ സര്‍വേ ലൊക്കേഷനില്‍ എത്തിയാല്‍ രാത്രിയോ പകലോ എന്നില്ലാതെ അവര്‍ അനായാസമായി സര്‍വേ ഉപകരണങ്ങള്‍ കടലിലേക്കിറക്കുകയും സാമ്പിളുകള്‍ അവരുടെ സഹായികളുമായി ചേര്‍ന്നു ശേഖരിക്കുകയും ചെയ്യുന്നത് ഞാന്‍ കൗതുകത്തോടെ മുകളില്‍നിന്നും നോക്കിനില്ക്കും. അതു കഴിഞ്ഞ് ലൊക്കേഷന്‍ മാറുമ്പോള്‍ അവര്‍ ബ്രിഡ്ജില്‍ വരികയും എന്റെ സിഗററ്റുപാക്കറ്റില്നിന്നും വിദേശസിഗററ്റ് വലിച്ചിട്ട്, സുഖമില്ല എന്നു പറയുന്നതും പതിവായിരുന്നു. ചാര്‍മിനാര്‍ വലിക്കുന്ന അവര്‍ക്ക് എങ്ങനെ സുഖം കിട്ടും. എന്റെ കൂടെയുള്ള ട്രെയിനി ഓഫീസര്‍ പുതിയ ആളായതുകൊണ്ട് ഡ്യൂട്ടിയില്‍ നല്ല തിരക്കായിരുന്നു, ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ മണിക്കൂറിലും കുറിച്ചിടണം. കൂടാതെ, കടലിന്റെ അടിഭാഗത്തുള്ള ഏതെങ്കിലും ജീവികള്‍ അടിയിലുള്ള സൊണാര്ഡോമിന്റെ അടിയില്‍ക്കൂടി കടന്നുപോകുന്നത് റിക്കാര്‍ഡ് ചെയ്യണം, എന്നുവേണ്ട എല്ലാംകൂടി തലപുകയും. മറ്റു കപ്പലുകളില്‍ കിട്ടാത്ത പല പുതിയ ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും മനസ്സിലാക്കാനും ശാസ്ത്രജ്ഞരുമായുള്ള ഇടപെടലില്‍ പലതും പഠിക്കാനും അവസരം കിട്ടി. എന്റെ ഡ്യൂട്ടി കഴിഞ്ഞാല്‍ പകല്‍സമയങ്ങളില്‍ ഞാന്‍ അവരുടെ സര്‍വേ ഉപകരണങ്ങള്‍ പൊക്കുന്നതിനും താഴ്ത്തുന്നതിനുമെല്ലാം സഹായിച്ചിരുന്നു. അതുകൊണ്ട് പാര്‍ട്ടി ചീഫിന് എന്നോടു വലിയ സൗഹൃദമായിരുന്നു. അന്നത്തെ മറൈന്‍ ജിയോളജിസ്റ്റായ ഡോക്ടര്‍ ഹസ്സന് നൈസാം സിദ്ദിക്കി പില്ക്കാലത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയുടെ ഡയറക്ടറായി. 1981-82 കാലഘട്ടത്തില്‍ അദ്ദേഹം അന്റാര്‍ട്ടിക്കാ പര്യവേക്ഷണസംഘത്തിന്റെ ഉപനേതാവായിട്ട് പോയിരുന്നു. 1983-ല്‍ അദ്ദേഹത്തിന് പത്മശ്രീ കൊടുത്ത് ആദരിച്ചു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അനുമോദിക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നത് 1986-ല്‍ അദ്ദേഹം മരിച്ചപ്പോഴാണ്.

ദിവസങ്ങള്‍ പോയതറിഞ്ഞില്ല. കപ്പല്‍ കേരളാതീരവും കഴിഞ്ഞ് മുട്ടം പോയിന്റില്‍ എത്തിയപ്പോള്‍ പകല്സമയമായിരുന്നതുകൊണ്ട് വലകളുണ്ടായിരുന്നില്ലെങ്കിലും, ചെറുവള്ളങ്ങളും കട്ടവള്ളങ്ങളും കപ്പലിനെ വളഞ്ഞു; അവിടെ അത്രയടുത്ത് കപ്പലുകളെത്താറില്ല എന്നതുകൊണ്ടായിരിക്കാം. കട്ടവള്ളത്തില് കൂടുതലും ചെറുപ്രായക്കാരാണ്; കുട്ടികള്‍ എന്നുതന്നെ വിശേഷിപ്പിക്കാം. കൗതുകത്തിനുവേണ്ടി ആരൊക്കെയോ എറിഞ്ഞ നാണയത്തുട്ടുകള്‍ കടലില്‍ ഊളിയിട്ടു പോയി എടുത്തു വരും. അതു കണ്ടുനിന്ന കപ്പിത്താന് തന്റെ നാണയച്ചെപ്പിന്റെ ഒരു ഭാഗം അവര്‍ക്കു കൊടുത്തു. അതുകഴിഞ്ഞ് കപ്പല്‍ കേപ്കോമറിന് ചുറ്റി കന്യാകുമാരിക്കു സമീപമെത്തി. ഞങ്ങളുടെ ഏതാനും സര്‍വേ ലൊക്കേഷന്‍ കന്യാകുമാരി ബീച്ചിനോടടുത്തായിരുന്നു. അവിടെയും പായ കെട്ടിയ കട്ടവള്ളങ്ങള് അടുത്തു വന്നു. അപ്പോഴാണ് കപ്പിത്താന് ഒരു മോഹം, കന്യാകുമാരിക്ഷേത്രത്തില് ദേവിക്ക് കാണിക്കയര്‍പ്പിക്കണം. കട്ടവള്ളക്കാരോടു ചോദിച്ചപ്പോള്‍ ആരെങ്കിലും ചെന്നാല്‍ കരയില്‍ കൊണ്ടുപോയിട്ട് മടക്കിക്കൊണ്ടുവരാം, പൈസ കൊടുത്താല്‍ മതിയെന്നു പറഞ്ഞു. മലയാളികളായ എന്നെയും ജൂനിയര്‍ സയിന്റിസ്റ്റിനെയുംകൂടി കട്ടവള്ളത്തില് കയറ്റിവിട്ടു. ഇട്ടിരിക്കുന്ന കുട്ടിനിക്കറിലേക്ക് വെള്ളം അടിച്ചുകയറുന്നുണ്ട്. ഏകദേശം മൂന്നു മൈല്‍ സഞ്ചരിച്ച് കരയിലെത്തിയപ്പോള്‍ അവിടുത്തെ പോലീസും സെന്‍ട്രല്‍ എക്സൈസും ഇടപെട്ടു. എന്തിനാണ് അനുവാദമില്ലാതെ കരയ്ക്കിറങ്ങിയത് എന്നായി. ദേവിക്ക് കൊടുക്കാനുള്ള കാണിക്ക കാണിച്ചിട്ടും വകവെക്കാതെ ഞങ്ങളെ അതേ വള്ളത്തില്‍ മടക്കിയയച്ചു. അവരിലാരോ അടുത്തുള്ള കടയില്‍നിന്നും ക്യാപ്റ്റന്‍ ഒരു ശംഖ് വാങ്ങിത്തന്നു. പിന്നീട് ആലോചിച്ചപ്പോഴാണ് ഞങ്ങള്‍ ചെയ്ത തെറ്റിനെ ന്യായീകരിച്ചത് സാഹസികവും അപകടകരവും കുറ്റകരവുമാണെന്നു ബോദ്ധ്യമായത്. ഞങ്ങള്‍ കപ്പലിലെത്തി എന്നുള്ള വിവരത്തിന് പറഞ്ഞപ്രകാരം നീണ്ട സൈറന്‍ മുഴക്കി അവരെ അറിയിച്ചു. അങ്ങനെ ഒരു നീണ്ട പര്യടനം പൂര്‍ത്തിയാക്കി ഞങ്ങള്‍ ഗോവയിലേക്കു മടങ്ങി. മടക്കയാത്രയില്‍ മിക്ക ദിവസവും മദ്യസത്കാരങ്ങളും ആട്ടവും പാട്ടുമായിട്ട് കപ്പല്‍ ഗോവയിലെത്തി.
കപ്പലിലെ ജോലിക്കാരല്ലാത്ത എല്ലാവരും ഇറങ്ങി. കൂടാതെ, കപ്പിത്താന്റെ പകരക്കാരനും വന്നു- ക്യാപ്റ്റന്‍ ശേഷാദ്രി. പഴയ മദ്രാസ് തുറമുഖത്തിന്റെ തലവനായിട്ടു വിരമിച്ചശേഷമാണ് കപ്പലില്‍ വീണ്ടും ജോലിയില്‍ കയറിയത്. പ്രായം അറുപതാണെങ്കിലും കാഴ്ചയിലും പെരുമാറ്റത്തിലും കൂടുതല്‍ തോന്നും. കപ്പലിന്റെ പര്യവേക്ഷണം തത്കാലത്തേക്ക് നിര്‍ത്തിയിട്ട്, അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും ഡ്രൈഡോക്കില്‍ കയറ്റി സര്‍വേയും മറ്റും ചെയ്യുന്നതിനും കല്‍ക്കത്തയിലേക്ക് കൊണ്ടുപോകണമെന്നും കാണിച്ച് കമ്പിസന്ദേശം വന്നു. ഒന്നുരണ്ടാഴ്ചയ്ക്കുള്ളില് പുറപ്പെടണം, അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ അവിടുത്തെ ഏജന്റിനെ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നും അറിയാന്‍ കഴിഞ്ഞു.
ഞങ്ങളുടെ ഗോവന്പര്യവേക്ഷണം തുടര്‍ന്നുകൊണ്ടിരുന്നു. തുറമുഖ നഗരമായ വാസ്കോ ഡ ഗാമ എന്ന വാസ്കോയിലെ റെയില്‍വേ സ്റ്റേഷനില്‍ പോയാല്‍ നല്ല ബുക്സ്റ്റാളുകളുണ്ട്. വായിക്കാനുള്ള പ്രസിദ്ധീകരണങ്ങള്‍ അവിടെ കിട്ടും എന്ന് ഞങ്ങളുടെ പൈലറ്റ് പറഞ്ഞു. 1882-ല്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് പണികഴിപ്പിച്ച വാസ്കോ ഡ ഗാമ റെയില്‍വേ സ്റ്റേഷന് പഴമ നഷ്ടപ്പെടാതെ ചരിത്രത്തിന്റെ ഭാഗമായി നിലനില്ക്കുന്നു. ആദ്യകാലങ്ങളില്‍ വാസ്കോയിലെന്നല്ല ഗോവയിലെവിടേയും സിനിമാ തിയേറ്ററുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുകൂടിയായിരിക്കാം ഗോവയിലെ ആളുകള്‍ അദ്ധ്വാനശീലരും ജീവിതത്തെ ആഘോഷിക്കുന്നവരുമായി മാറിയതും. കൗമാരപ്രായത്തില്‍ത്തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ ഇണകളെ കണ്ടെത്തുകയും അവരുമായി ആടിയും പാടിയും സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കപ്പല്‍ക്കാരുടെ പറുദീസയായിരുന്ന വാസ്കോയിലും പരിസരപ്രദേശങ്ങളിലും മറ്റുള്ള തുറമുഖപട്ടണങ്ങള്പോലെ വേശ്യാത്തെരുവുകളുണ്ടായിരുന്നില്ല. മറിച്ച്, കപ്പല്ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവിടുത്തെ നിവാസികള്‍ അവരെ സത്കരിക്കുകയും ബന്ധങ്ങള്‍ സ്ഥാപിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു എന്ന് ഞങ്ങളുടെ കപ്പലിലെ ഗോവന്‍ റേഡിയോ ഓഫീസര്‍ പറഞ്ഞു.
പുറത്തേക്കു പോകാത്ത ദിവസങ്ങളില്‍ ഞാന്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ കയറി ഇരിക്കും. അവിടെനിന്നും നോക്കിയാല്‍ ഇരുമ്പയിരുകള്‍ നിറച്ച യന്ത്രവത്കൃത ബാര്‍ജ്ജുകള്‍ സുവാരി നദിയില്‍നിന്നും ഒന്നിനു പിറകേ ഒന്നായി പോകുന്നതു കാണാം. പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന കൂറ്റന്കപ്പലുകളില് നിറയ്ക്കാനാണ് രാത്രിയും പകലുമില്ലാതെ അത് ഓടിക്കൊണ്ടിരിക്കുന്നത്.
ഞങ്ങളുടെ കല്ക്കത്തായാത്രയ്ക്കുള്ള അനുമതി കിട്ടി. കപ്പലിലെ എന്ജിന് തകരാര്‍ കാരണം രണ്ട് എന്‍ജിനില്‍ ഒന്നേ ഉപയോഗത്തിലുള്ളൂ. കപ്പിത്താന് വിളിച്ച് പോകാനുള്ള വഴി നാവിഗേഷന്‍ ചാര്‍ട്ടില്‍ വരയ്ക്കാനും ഗോവയില്‍നിന്നും കല്‍ക്കത്തയുടെ കവാടത്തിലേക്ക് എത്ര ദൂരമുണ്ട് എന്ന് അളന്നു തിട്ടപ്പെടുത്തി പറയാനും നിര്‍ദ്ദേശിച്ചു. ഞങ്ങളുടെ അപ്പോഴത്തെ സാഹചര്യത്തില്‍ ഏകദേശം ഇരുപതു ദിവസമെങ്കിലും വേണ്ടിവരും എന്നു പറഞ്ഞപ്പോള്‍ ക്യാപ്റ്റന്റെ നിസ്സഹായത കാണാമായിരുന്നു. മുപ്പതുവര്‍ഷത്തെ കരയിലെ ജോലി കഴിഞ്ഞിട്ടുള്ള ആദ്യ കപ്പല്യാത്രയാണിതെന്നും ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്വങ്ങള്‍ നന്നായി അറിയാമെങ്കിലും കുറേ വര്‍ഷങ്ങളായുള്ള പരിചയക്കുറവ് തന്നെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഞങ്ങളോടു വെളിപ്പെടുത്തി.
ചീഫ് ഓഫീസറും ഞാനും എന്തു സഹായത്തിനും കൂടെയുണ്ടാകും എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം കൂടുതല്‍ ഉന്മേഷവാനായി. ഒരു കപ്പിത്താന്റെ നിസ്സഹായത തുറന്നു പറഞ്ഞ ആ മഹാമനുഷ്യനോട് ബഹുമാനം കൂടുകയാണുണ്ടായത്. ചീഫ് ഓഫീസറെ കമാന്‍ഡര്‍ എന്നും എന്നെ ലെഫ്റ്റനന്റ് എന്നും വിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഗോവയില്‍നിന്നും യാത്രതിരിക്കുമ്പോള്‍ പുറത്തു കാത്തുനിന്ന ഞങ്ങളുടെ പൈലറ്റുമാര്‍ കൈകാട്ടി ഞങ്ങളെ യാത്രയാക്കി. വീണ്ടും കാണാം എന്ന് അവരോടു പറഞ്ഞെങ്കിലും അതിനുശേഷം വളരേ വര്‍ഷങ്ങള്‍ക്കുശേഷം ഗോവയില്‍ പോയപ്പോള്‍ നോര്‍ത്ത് ഗോവ ആകെ മാറിയിരുന്നു. വാസ്കോയും പരിസരവും അതുപോലെയുണ്ട്. പൈലറ്റുമാര്‍ ഇപ്പോഴും അവിടെയുണ്ടെങ്കിലും പഴയതുപോലെ ഉന്മേഷം കണ്ടില്ല. കരയില്‍നിന്നും പന്ത്രണ്ടു മൈല്‍ അകത്തായിരുന്നു കപ്പലിന്റെ പാത തയ്യാറാക്കിയത്. ആദ്യകാലങ്ങളില്‍ റേഡിയോ മാത്രമായിരുന്നു ഒരാശ്രയം. ചില കപ്പലുകളില്‍ സിനിമ പ്രവര്‍ത്തിപ്പിക്കാന്‍ പ്രൊജക്ടര്സംവിധാനങ്ങള് ഉണ്ടായിരുന്നു. സമയം ചെലവാക്കാന്‍ ആളുകള്‍ കൂടുതലും മദ്യത്തിലും ചീട്ടുകളിയിലും മുഴുകിയിരുന്നു. പില്ക്കാലത്ത് കപ്പലുകളില്‍ ടെലിവിഷനും സാറ്റലൈറ്റ് സംവിധാനങ്ങളുമൊക്കെ വന്നെങ്കിലും അതൊക്കെ ആസ്വദിക്കാന്‍ ആളുകള്‍ക്ക് സമയമില്ലാതെയായി. ഞങ്ങളുടെ കപ്പലില്‍ നാവിഗേഷനുവേണ്ടി സാറ്റലൈറ്റ് സംവിധാനമോ ഒന്നും ഇല്ലായിരുന്നു.
റഡാര്‍ ഉപയോഗിച്ചും കരയിലെ വ്യക്തമായ വസ്തുക്കളുടെ സ്ഥാനം നോക്കിയും അതിനെല്ലാം പുറമേ കപ്പല്‍ പുറംകടലിലേക്കിറങ്ങിയാല് സെക്സ്റ്റന്റ് (sextant) ഉപയോഗിച്ച് ഖഗോളവസ്തുക്കളുടെ സ്ഥാനം അളന്ന് കണക്കുകള്‍ കൂട്ടിയുമാണ് കപ്പലിന്റെ സ്ഥാനം കണ്ടുപിടിച്ചിരുന്നത്. നാവികര്‍ ശരിക്കും ഒരു വാനനിരീക്ഷകനായിരിക്കണം എന്ന് പഴയ കപ്പിത്താന്മാര് പറയുമായിരുന്നു. വാര്‍ത്താവിനിമയം നടത്തിയിരുന്നത് വയര്‍ലെസ്സ് ടെലിഗ്രാഫി വഴിയാണ്. കപ്പലിലെ റേഡിയോസംവിധാനം മാര്‍ക്കോണി മരിന് എന്നാണ് അറിയപ്പെട്ടിരുന്നത്. അതു പ്രവര്‍ത്തിപ്പിച്ചിരുന്ന റേഡിയോ ഓഫീസര്‍മാര്‍ മാര്‍ക്കോണി എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. കപ്പലുകള്‍ തമ്മില്‍ നേരില്‍ കണ്ടാലോ, കരയിലെ സിഗ്നല്‍ സ്റ്റേഷനിലേക്കോ അല്ഡീസ് ലാമ്പ് എന്ന ഉപകരണത്തില്ക്കൂടി മോര്‍സ് രൂപത്തില്‍ ലൈറ്റ് സിഗ്നലുകള്‍ കൊടുക്കും. പകലാണെങ്കില് ഫ്ളാഗ് കൊണ്ടുള്ള സെമാഫോര്‍ സിഗ്നല്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ആശയവിനിമയം നടത്തിയിരുന്നത്. കാലങ്ങള്‍ മാറിയപ്പോള്‍ ഇലക്ട്രോണിക് യുഗം വരികയും പുതിയ ഡിജിറ്റല്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ നിലവില്‍ വരികയും ചെയ്തു. റേഡിയോ കമ്മ്യൂണിക്കേഷന്‍ ഫോണിന് വഴിമാറിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ നാവികര്‍ ഓപ്പറേറ്റര്‍ മാത്രമായി മാറുകയാണ് ചെയ്തത്. കപ്പലുകള്‍ക്കു പോകേണ്ട സ്ഥലവും വഴിയും കണക്കുകള്‍ കൂട്ടി കംപ്യൂട്ടറിലിട്ടാല്, പുതിയ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ കപ്പലുകള്‍ ഓടിച്ചുകൊള്ളും. കണക്കുകള്‍ തെറ്റിയാല്‍ പണിപാളും. അതായിരിക്കാം കപ്പലുകളുടെ അപകടങ്ങള്‍ കൂടുന്നതിന് ഒരു കാരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..