മഷിതീർന്നതറിയാതെ നേരം വെളുക്കുവോളം കെ.പി കേശവമേനോൻ എഴുതിക്കൊണ്ടേയിരുന്നു!


എൻ. ശ്രീനിവാസൻ

ഇതു കേട്ട് കേശവമേനോന്‍ പൊട്ടിച്ചിരിച്ചു. ഇതു കണ്ട് നമ്പൂതിരിപ്പാടും ചിരിച്ചു. കേശവമേനോന്‍, തിരുമേനിയോടു പറഞ്ഞു: 'പുറത്താരും അറിയണ്ട. ഇപ്പോള്‍ കഴിച്ച വടയില്‍ പ്രോണ്‍സുണ്ടായിരുന്നു. അഥവാ സാക്ഷാല്‍ ചെമ്മീന്‍.'

പുസ്തകത്തിൻെറ കവർ, കെ.പി കേശവ മേനോൻ

പതിനേഴാം വയസ്സുമുതല്‍ കെ.പി കേശവമേനോന്റെ ഒപ്പം കഴിയാന്‍ തുടങ്ങിയതാണ് എന്‍. ശ്രീനിവാസന്‍. മാതൃഭൂമി ലെയ്‌സണ്‍ ഓഫീസറാവുന്നതിനുമുമ്പ് കെ.പി കേശവമേനോന്റെ നിഴലായി വളരെനാളുകള്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു. ആ കാലമത്രയും അദ്ദേഹം രേഖപ്പെടുത്തിയ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഒപ്പം കഴിഞ്ഞ കാലം. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

കേശവമേനോന് 1954 മുതല്‍ കാഴ്ചക്കുറവുണ്ടായിരുന്നു. ഡോ. പി.ബി. മേനോനായിരുന്നു ചികിത്സ നടത്തിയത്. ഇടതുകണ്ണിന്റെ തിമിരശസ്ത്രക്രിയ കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നടത്തിയിരുന്നുവെങ്കിലും ഒരു ചെറിയ മാറ്റമേ ഉണ്ടായിരുന്നുള്ളൂ. ശരിക്കു കാണാത്തതുകൊണ്ട് നടക്കാനും മറ്റും പ്രയാസമായിത്തുടങ്ങി. എന്നിട്ടും പുലര്‍ച്ചെ എഴുന്നേറ്റ് എഴുതുന്ന ശീലം അദ്ദേഹം നിര്‍ത്തിയില്ല. പതുക്കെ എഴുതും. നേരം വെളുത്താല്‍ പേരക്കുട്ടികളെക്കൊണ്ട് വായിപ്പിക്കും. ആവശ്യമുള്ള തിരുത്തല്‍ വരുത്തും. ഒരു ദിവസം എഴുതിയത് വായിക്കാന്‍ പൗത്രി നളിനിയെ ഏല്പിച്ചു. 'വലിയച്ഛാ, ഈ കടലാസില്‍ എഴുത്തൊന്നും കാണുന്നില്ലല്ലോ' എന്നു പറഞ്ഞപ്പോഴാണ് മനസ്സിലായത്, എഴുതിയ ഫൗണ്ടന്‍പേനയില്‍ മഷി തീര്‍ന്ന കാര്യം! മഷിയില്ലാത്ത പേനകൊണ്ട് എഴുതിയതോര്‍ത്ത് കേശവമേനോന്‍ ആലോചിച്ചാലോചിച്ച് ചിരിച്ചുവത്രേ. പിന്നെ വീട്ടിലിരുന്ന് പുലര്‍ച്ചെ എഴുതുന്നത് നിര്‍ത്തേണ്ടിവന്നു. എന്നാല്‍, ഓഫീസില്‍ പോകും. പ്രസംഗിക്കാന്‍ പോകും. വായിക്കാനാവാത്തതുകൊണ്ട് ആരെക്കൊണ്ടെങ്കിലും വായിപ്പിക്കും. എഴുതാനുള്ളത് പറഞ്ഞെഴുതിപ്പിക്കും. ഇങ്ങനെയൊക്കെയായി ആ സ്ഥിരോത്സാഹിയുടെ രീതികള്‍.

'ഇടതുകണ്ണിന്റെ ഓപ്പറേഷന്‍ ഇന്ത്യയില്‍ നടത്തിയത് ഫലപ്രദമായില്ലല്ലോ. അപ്പോള്‍ വലതുകണ്ണിന്റെത് ലണ്ടനിലാക്കിക്കൂടേ' എന്ന് സുഹൃത്തുക്കള്‍ ചോദിച്ചത്രേ. 1956-ല്‍ എറണാകുളത്തെ സാഹിത്യപരിഷത്തിന്റെ ജൂബിലിയില്‍ അധ്യക്ഷത വഹിച്ചപ്പോള്‍ അധ്യക്ഷപ്രസംഗം വായിക്കാനാവാതെ അദ്ദേഹം വല്ലാത്ത വിഷമത്തിലായി. പകരം ഒരു സുഹൃത്തിനെക്കൊണ്ട് വായിപ്പിക്കേണ്ടിവന്നു. വായിക്കാന്‍ കഴിയാത്ത അവസ്ഥയായപ്പോള്‍ ലണ്ടനില്‍ച്ചെന്ന് ശസ്ത്രക്രിയ ചെയ്താല്‍ ഗുണം കിട്ടും എന്ന വിശ്വാസം അദ്ദേഹത്തില്‍ പ്രബലമാകാന്‍ തുടങ്ങി. പണം സമ്പാദിക്കുന്ന ശീലം കേശവമേനോനില്ല. കാര്യങ്ങള്‍ നടക്കണം എന്നു മാത്രം. ലണ്ടനില്‍ നാലു മാസത്തോളം താമസിക്കേണ്ടിവരും; ആശുപത്രിച്ചെലവു വേറെയും. വലിയ തുക വേണം. മാതൃഭൂമിയില്‍നിന്ന് നാലു മാസത്തെ മുന്‍കൂര്‍ ശമ്പളം പറ്റാന്‍ തീരുമാനിച്ചു.

മകന്‍ ഉണ്ണി സിംഗപ്പൂരില്‍നിന്നയച്ചതും മാതൃഭൂമിയുടെ സഹായവും എല്ലാമായിട്ടും അയ്യായിരത്തിന്റെ കുറവു വന്നു. അപ്പോഴാണ് ദില്ലിയില്‍നിന്ന് അറിയിപ്പു വന്നത്, 'കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും നല്ല പുസ്തകത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കഴിഞ്ഞ കാലത്തിനാണെന്ന്! അവാര്‍ഡുതുക അയ്യായിരം ഉറുപ്പിക! ഉന്നതപുരസ്‌കാരലബ്ധി അദ്ദേഹത്തെ സന്തോഷിപ്പിച്ചു; ഒപ്പംതന്നെ അവാര്‍ഡുതുകയും.

ദില്ലിയില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു തിരിച്ചെത്തിയ ഉടനെയായിരുന്നു ലണ്ടന്‍യാത്ര. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ പൂര്‍ണമായ കാഴ്ചവലതുകണ്ണിനു ലഭിക്കുമെന്ന് 'മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റലി'ലെ ഡോക്ടര്‍ സ്റ്റാലേഡ് പറഞ്ഞതു കേട്ട് കേശവമേനോന്‍ അത്യധികം ആഹ്ലാദിച്ചത്രേ! എന്നാല്‍, പത്താംദിവസം കണ്ണിന്റെ കെട്ടഴിച്ച ഡോക്ടര്‍ നിരാശനായി. തിമിരം നീക്കുംമുന്‍പ് കണ്ണിന്റെ അവസ്ഥ അവര്‍ക്ക് ശരിക്കു മനസ്സിലായിരുന്നില്ല. കാഴ്ച കിട്ടാന്‍ ഒരു മാസത്തിനകം മറ്റൊരു വലിയ ഓപ്പറേഷന്‍ നടത്തണം. നടത്തിയാലും മുഴുവന്‍ വിജയിക്കുമോ എന്നും ഉറപ്പില്ല. കുറെ ദിവസം കഠിനമായ മനഃക്ലേശമനുഭവിച്ച അദ്ദേഹം, ഇനി ഓപ്പറേഷന്‍ വേണ്ടെന്നുവെച്ച് തിരികെ നാട്ടിലേക്കു മടങ്ങി.

കേശവമേനോന്റെ വീടിന്റെ എതിര്‍വശത്തായിരുന്നു ഞങ്ങളുടെ വീട്. കേശവമേനോനും കുടുംബവും താമസിച്ചത് പൂതേരിക്കാരുടെ വക വാടകവീട്ടിലായിരുന്നു. കേശവമേനോന്റെ അന്ത്യംവരെ ആ വീട്ടിലാണ് അവര്‍ കഴിഞ്ഞത്. അദ്ദേഹം മരിച്ചപ്പോള്‍ പൗത്രി നളിനി ആ വീടു വിലയ്ക്കുവാങ്ങി. അവര്‍ പിന്നീട് ഡോ. കരീമിന് ആ വീടുവിറ്റു.

കോഴിക്കോട് ആറാംഗേറ്റിനു സമീപത്തുള്ള നാനാടത്ത് തറവാട്ടിലാണ് എന്റെ അച്ഛന്‍ ജനിച്ചത്. പഠിക്കുന്ന കാലംതൊട്ടേ ഒരു കലാകാരനായിരുന്നു. സ്‌കൂളിലെ കലാപരിപാടികള്‍ക്കെല്ലാം സമ്മാനം. പിന്നെ ദേശപോഷിണി വായനശാലയുമായി ബന്ധപ്പെടാന്‍ തുടങ്ങി. സ്‌കൂള്‍ക്കാലംമുതല്‍ മേക്കപ്പ് ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു. കുതിരവട്ടം പപ്പു, എം. കുഞ്ഞാണ്ടി, എ. ചന്ദ്രന്‍, ദാമോദരന്‍ ഇവരുമായി ചങ്ങാത്തത്തിലായിരുന്നു. കോഴിക്കോട്ടെ സാംസ്‌കാരികനായകന്മാരില്‍ പലര്‍ക്കും അച്ഛനുമായി സുഹൃദ്ബന്ധമുണ്ടായിരുന്നു. തിക്കോടിയന്‍, കെ.എ. കൊടുങ്ങല്ലൂര്‍, പി.സി. കുട്ടിക്കൃഷ്ണന്‍, വി. പനോളി തുടങ്ങിയവര്‍. അങ്ങനെ രാരിച്ചന്‍ എന്ന പൗരന്‍ സിനിമയിലെ മേക്കപ്പ്മാന്മാരിലൊരാള്‍ അച്ഛനായി. അച്ഛന്റെ പേര് എന്‍. മൂത്തോറന്‍കുട്ടി എന്നായിരുന്നു. എന്‍.എം. കുട്ടി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. അക്കാലത്ത് കലാമണ്ഡലത്തില്‍നിന്ന് ഭരതനാട്യം പഠിച്ച് കോഴിക്കോട്ടെത്തിയ കലാമണ്ഡലം ചന്ദ്രികയ്ക്കു സ്വന്തമായി ഒരു നാട്യകലാലയം നടത്താനുള്ള ഏര്‍പ്പാട് അച്ഛനാണ് ചെയ്തുകൊടുത്തത്. ടീച്ചറുടെയും നാട്യകലാലയത്തിലെ കുട്ടികളുടെയും മേക്കപ്പ്മാന്‍ അച്ഛനായി.

N Sreenivasan
എൻ. ശ്രീനിവാസൻ

അമ്മയുടെ പേര് കാര്‍ത്ത്യായനി. ഏഴു മക്കളില്‍ മൂത്ത മകനാണ് ഞാന്‍. ഞങ്ങള്‍ അഞ്ച് ആണും രണ്ടു പെണ്ണും. ഞാന്‍ കേശവമേനോന്റെ വീട്ടില്‍ കളിക്കാന്‍ പോകുമായിരുന്നു. കേശവമേനോന്‍ കണ്ണുചികിത്സയ്ക്ക് ഇംഗ്ലണ്ടിലേക്കു പോയപ്പോള്‍ വി.എം. നായരും കുടുംബവുമാണ് അവിടെ താമസിച്ചത്. ബാലാമണിയമ്മയും കുട്ടികളുമൊക്കെയായി ഞാന്‍ അടുത്തു. മോഹന്‍ദാസ്, മാധവിക്കുട്ടി, സുലോചന, ശ്യാംസുന്ദര്‍ ഇവരൊക്കെയാണ് സ്‌കൂള്‍ വിട്ടുവന്നാല്‍ കളിക്കൂട്ടുകാര്‍. അങ്ങനെ ആ വീടുമായി അഭേദ്യബന്ധമായി.

ഒരു ദിവസം ഞാന്‍ പറമ്പില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന കേശവമേനോന്റെ ബന്ധു പ്രകാശേട്ടന്‍ പറഞ്ഞു: 'എടാ, കേശവമേനോന്‍ നാളെ ഇംഗ്ലണ്ടില്‍നിന്ന് തിരിച്ചുവരുന്നുണ്ട്. വി.എം. നായരും കുടുംബവും ഇവിടന്ന് പോയല്ലോ. വീടൊന്നു വൃത്തിയാക്കാന്‍ ആരെയെങ്കിലും വിളിച്ചിട്ടു വരാം ഞാന്‍. വീടൊക്കെ തുറന്നിട്ടിരിക്കയാണ്. നീ ഇവിടെ നിക്ക്. ഇപ്പോ വരാം.'
ഇതു പറഞ്ഞ് അദ്ദേഹം പുറത്തുപോയി. വീടും വളപ്പുമൊക്കെ വൃത്തിയാക്കാനാളെത്തി. അങ്ങനെ ബിലാത്തിയില്‍നിന്ന് കേശവമേനോനെത്തി. കാറില്‍നിന്നിറങ്ങി എന്നെ കണ്ടപ്പോള്‍, എന്നോടു സ്‌നേഹവാത്സല്യങ്ങളോടെ ആ വലിയ മനുഷ്യന്‍ കുശലം പറഞ്ഞു: 'എടാ, നീ വലിയ കുട്ടിയായല്ലോ. മിടുക്കന്‍...'

അന്നദ്ദേഹത്തിനു പൂര്‍ണമായി കാഴ്ച നശിച്ചിരുന്നില്ല. കാറില്‍നിന്ന് പെട്ടിയും സാധനങ്ങളുമെടുക്കാന്‍ പ്രകാശേട്ടനൊപ്പം ഞാനും കൂടി.അടുത്ത ദിവസം കേശവമേനോന്‍ പാലക്കാട്ടേക്കു പോയി. പിറ്റേന്നുതന്നെ മാതൃഭൂമിയുടെ പത്രാധിപത്യം ഏറ്റെടുത്തു. വി.എം. നായര്‍ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായി. ഇംഗ്ലണ്ടില്‍ പോകുംമുന്‍പ് കാഴ്ചക്കുറവുള്ള കേശവമേനോനെ പരിചരിക്കാനായി രണ്ടു പേരുണ്ടായിരുന്നു, നാരായണനും ഗോപാലനും. കേശവമേനോന്‍ ഇംഗ്ലണ്ടിലേക്കു പോകുംമുന്‍പുതന്നെ നാരായണന് മുനിസിപ്പാലിറ്റി ഓഫീസിലും ഗോപാലന് കോടതിയിലും ജോലിയാക്കിക്കൊടുത്തിട്ടാണ് അദ്ദേഹം പോയത്.

കോഴിക്കോട്ടു തിരിച്ചെത്തിയ ദിവസവും ഞാനവിടെ ഉണ്ടായിരുന്നു. പ്രകാശേട്ടന്‍ എന്നെ വിളിച്ചുപറഞ്ഞു: 'എടാ, നിന്നെ വല്യച്ഛന് വലിയ ഇഷ്ടമായി. നീയിടെ നിന്നോ, വല്യച്ഛനൊപ്പം. നിന്റെ അച്ഛനെയും അമ്മയെയും ഞാന്‍ സമ്മതിപ്പിച്ചോളാം.'

അങ്ങനെ ആ വീട്ടിലെ ഒരംഗമായി. വീട്ടിലുള്ളവരെല്ലാം സ്വന്തക്കാരായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കേശവമേനോന്‍ ഓഫീസില്‍ പോകുമ്പോള്‍ എന്നെയും കൂട്ടാന്‍ തുടങ്ങി. മാതൃഭൂമിയിലും എല്ലാവരും പരിചയക്കാരായി. KLD 877 നമ്പര്‍ മോറിസ് മൈനറിലാണ് അന്ന് കേശവമേനോന്റെ യാത്ര. പത്രാധിപര്‍ക്കു മാത്രമേ അന്നു കാറുള്ളൂ. മാതൃഭൂമിക്കു മറ്റൊരു ജീപ്പുമുണ്ട്. ഇംഗ്ലണ്ടില്‍ പോയി ചികിത്സ കഴിഞ്ഞശേഷം നേരിയ കാഴ്ചയുണ്ടായിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍നിന്ന് പ്രകാശം കുറേശ്ശയായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. കേശവമേനോന്റെ കണ്ണുകളില്‍നിന്നും പ്രകാശം എന്നന്നേക്കുമായി നഷ്ടപ്പെട്ടു. എല്ലാവരെയും വേദനിപ്പിച്ച കാര്യമായിരുന്നു അതെങ്കിലും കേശവമേനോന്‍ തന്റെ വികാരങ്ങള്‍ നിയന്ത്രിച്ചു. അദ്ദേഹം പ്രത്യേക ദാര്‍ശനികസിദ്ധിയോടെയാണ് തന്റെ അത്യന്തം വിഷമകരമായ അവസ്ഥയെ നേരിട്ടത്. ഏതായാലും അക്കാലംമുതല്‍ ഞാന്‍ എന്തിനും ഏതിനും അദ്ദേഹത്തിനു തുണയായി. ഉണ്ണാനും ഉടുക്കാനും എന്നുവേണ്ട, അകത്തും പുറത്തും കൂടെത്തന്നെ വേണമെന്നായി.

1959-ലായിരുന്നു അത്. അയല്‍വാസിയായ ഒരു കൗമാരക്കാരനെ കേശവമേനോന്റെ സ്ഥിരം സഹചാരിയാക്കാന്‍ തീരുമാനിച്ചു. അവിശ്വസനീയമായിരുന്നു ആ തീരുമാനം. ജീവിതമെന്തെന്നറിയാത്ത പ്രായത്തില്‍ ഒരു വലിയ മനുഷ്യന്റെ കണ്ണിന്റെ കാഴ്ചയാവുക! രാവും പകലും ആ മനുഷ്യന്റെ നിഴലായി കൂടെയുണ്ടാവുക. അതിന്റെ ഗൗരവവും ഉത്തരവാദിത്വവും പതിനേഴുകാരനായ ഞാനോ എന്റെ വീട്ടുകാരോ തെല്ലും ഓര്‍ത്തില്ല.

അങ്ങനെ കേശവമേനോന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി. ഊണും ഉറക്കവുമെല്ലാം അദ്ദേഹത്തിന്റെ വീട്ടിലായി. മഹാഭാരതത്തില്‍ ധൃതരാഷ്ട്രരുടെ സഹകാരിയായിരുന്ന സഞ്ജയന്റെ ദൗത്യംപോലെ! വീടു തൊട്ടടുത്താണെങ്കിലും കേശവമേനോന്റെ ഗൃഹം എനിക്കു സ്വഗൃഹമായി.

അച്ഛന്റെ മകള്‍

ലണ്ടനിലെ ജീവിതം നമ്മുടെതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. മനുഷ്യര്‍ മാത്രമല്ല, വാഹനങ്ങളും നിയമം തെറ്റിക്കാത്തവരാണ്. വാഹനങ്ങള്‍ അനാവശ്യമായി ഹോണ്‍ മുഴക്കില്ല എന്നതാണ് ഞാനാദ്യം ശ്രദ്ധിച്ചത്. ആംബുലന്‍സിനും പോലീസ് വാഹനങ്ങള്‍ക്കുമാണത്രേ അവിടത്തെ റോഡുകളില്‍ പ്രാമുഖ്യം. ഇന്ത്യക്കാര്‍ക്ക് അവിടെ ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ എളുപ്പമല്ല. നമ്മുടെ നാട്ടിലെ പല ട്രാഫിക് നിയമങ്ങളും മറന്നിട്ടു വേണം അവിടെ വണ്ടിയോടിക്കാന്‍. പിറകിലത്തെ സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റിടാന്‍ മറന്നാല്‍പ്പോലും കാര്യം കാര്‍ ഓര്‍മപ്പെടുത്തും. ഇവിടത്തെ പബ്ലിക് വാഹനങ്ങള്‍ ലോകത്തിലേക്കും മെച്ചപ്പെട്ടതാണെന്ന് ഹെവിന്‍ പറഞ്ഞു.

ലണ്ടനില്‍ ജീവിതനിലവാരം ഉയര്‍ന്നതാണ്. എന്തിനും പൊള്ളുന്ന വില. ലോകത്തിലെ ഉയര്‍ന്ന മെട്രോപ്പോലിസ് അല്ലേ? എന്നാല്‍, എല്ലാവരും അവിടെ അന്തസ്സായി ജീവിക്കുന്നു. പാവങ്ങളുടെ ഭക്ഷണം, പണക്കാരുടെ ഭക്ഷണം എന്നില്ല. വിലയിലും വ്യത്യാസമില്ല. വലിയ റെസ്റ്റോറന്റുകളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ വിലതന്നെയാണ് റെയില്‍വേ സ്റ്റേഷനിലെ റെസ്റ്റോറന്റിലും. ലണ്ടനില്‍ ജീവിക്കുന്ന ഇന്ത്യക്കാരന് മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നതുകൊണ്ട് അന്തസ്സായിത്തന്നെ ജീവിക്കാനുമാവും.

നമ്മുടെ സമൂഹത്തില്‍ ഉപരിവര്‍ഗം, മധ്യവര്‍ഗം, അധോവര്‍ഗം എന്നിങ്ങനെ സമ്പത്തിന്റെ പേരില്‍ വിഭജനമുണ്ട്. സാമൂഹികസമത്വം നമുക്ക് ഒരു മരീചിക മാത്രം. തൊഴിലെടുക്കുന്നതില്‍ പാവങ്ങള്‍, പണക്കാര്‍ എന്ന വിവേചനമില്ല. സെക്യൂരിറ്റിക്കാരും ഗ്യാസ് കൊണ്ടുവരുന്നവരും കുടിവെള്ളം കൊണ്ടുവരുന്നവരും കാറു നന്നാക്കുന്നവരും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുമൊക്കെ വലിയ സമ്പന്നരായേക്കാം. ഇംഗ്ലണ്ടില്‍ എല്ലാ തൊഴിലിനും മാന്യതയുണ്ട്. എല്ലാവരും സമന്മാരാണ്. പ്ലംബറും പിസ്സ കൊണ്ടുവരുന്നവനും ഇലക്ട്രീഷ്യനും കക്കൂസ് കഴുകുന്നവനുമെല്ലാം അവിടെ മാന്യന്മാര്‍തന്നെ. അവരുടെയൊക്കെ സേവനം കിട്ടാന്‍ നാം അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടിയും വരും. മണിക്കൂറുവെച്ച് കൂലിയും കൊടുക്കണം. അധികം പേരും DIY (Do It Yourself) പദ്ധതി നടപ്പാക്കും. പിശുക്കന്മാരായിട്ടല്ല, അതാണവരുടെ ശീലം. എല്ലാ തൊഴിലും പഠിച്ചിരിക്കും. അല്ലെങ്കില്‍ ഗൂഗിളില്‍ നോക്കി ചെയ്യും. തീരേ സമയം കിട്ടാത്തവര്‍ മാത്രമേ ഇത്തരം ജോലിക്ക് അന്യരെ ആശ്രയിക്കൂ. ഈ സ്വാശ്രയശീലം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ വിചാരിച്ചുപോയി.

എന്നാല്‍, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമുക്കു ലണ്ടനിലെ നിയമങ്ങള്‍ പരിചിതമാണ്. കാരണം, നാമിപ്പോഴും അവരുടെ പല നിയമങ്ങളും പാലിച്ചാണല്ലോ ജീവിക്കുന്നത്. തെരുവുകളിലൂടെ നടക്കുമ്പോള്‍ മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി, മറാത്തി, പഞ്ചാബി, ഗുജറാത്തി, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരെ കാണാം. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ബ്രിട്ടനിലുണ്ട്. ഇങ്ങനെ പല ഭാഷകള്‍. ഫ്രഞ്ച്, ജര്‍മന്‍, പോര്‍ച്ചുഗീസ്, ലെബനീസ്, ചൈനീസ്, അറബിക് തുടങ്ങിയ ഭാഷകളും അവിടെ പ്രചാരത്തിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലണ്ടന്‍ യു.കെയുടെ തലസ്ഥാനമല്ല, ലോകത്തിന്റെതന്നെ തലസ്ഥാനമാണെന്നു തോന്നിപ്പോകും.
കേരളത്തില്‍നിന്ന് പോകുന്ന എന്നെപ്പോലുള്ളവരെ ബ്രിട്ടനിലെ കാലാവസ്ഥകള്‍ അസ്വസ്ഥരാക്കിയേക്കും. എന്നാല്‍, വടക്കേ ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്കു വലിയ പ്രശ്‌നമില്ലെന്നാണ് ഹെവിന്റെ അഭിപ്രായം.
ബ്രിട്ടീഷ് കമ്യൂണിറ്റിയാണത്രേ അവിടത്തെ ആഘോഷങ്ങളും സാമൂഹികപരിപാടികളുമെല്ലാം സംഘടിപ്പിക്കുക. ഉദാഹരണത്തിന്, നമ്മുടെ നാട്ടിലെ ഹോളി, ദീപാവലി, ഈദ്, ദുര്‍ഗാപൂജ തുടങ്ങിയ ജനകീയവും ഭക്തിനിര്‍ഭരവുമായ ഉത്സവങ്ങള്‍ അവിടെ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നു. ക്രമസമാധാനപ്രശ്‌നങ്ങളില്ല, ബഹളങ്ങളും സംഘര്‍ഷങ്ങളുമില്ല. എല്ലാം ശാന്തം, സുന്ദരം.ലണ്ടനിലെ നിശാജീവിതം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഏതു പാതിരാത്രിയിലും സ്ത്രീകളും കുട്ടികളും കുടുംബവും അവിടെ സുരക്ഷിതരാണുതാനും.
ജൂലായ് പത്തിനു ഞങ്ങള്‍ ബാങ്കറിലെ സ്ഥലങ്ങള്‍ കാണാനിറങ്ങി. ശുഭ പഠിച്ച സ്‌കൂള്‍, റെയില്‍വേ സ്റ്റേഷന്‍, യൂണിവേഴ്‌സിറ്റി, കുന്നും മലയും തടാകങ്ങളും ഹൃദയഹാരിയാക്കിയ പ്രദേശം. വൃത്തിയും വിസ്തൃതവുമായ റോഡുകള്‍. ഒരിടത്തും ചപ്പുചവറുകള്‍ കണ്ടതേയില്ല.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തൂക്കുപാലത്തിലൂടെ ഞങ്ങള്‍ കടന്നുപോയി. പാലത്തിന്റെ വിശേഷം ശുഭ പറഞ്ഞു. ഇരുവശത്തുമുള്ള മലകളില്‍നിന്ന് പാറകള്‍ മൈനുകള്‍വെച്ച് തകര്‍ത്തിട്ടാണത്രേ പാലമുണ്ടാക്കിയത്. പാറക്കഷ്ണങ്ങള്‍ കപ്പലിലേക്കു കൊണ്ടുപോകാന്‍ പ്രത്യേകം റെയിലുകളുണ്ടാക്കി. ഇപ്പോഴവിടെ പാറ പൊട്ടിക്കാനൊന്നും പാടില്ല.
ലോകത്തിന്റെ പല ഭാഗത്തുനിന്നും ശേഖരിച്ച വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയ കാട് അതിമനോഹരമായ കാഴ്ചയാണ്. മരങ്ങള്‍ ശാഖോപശാഖകളായി വളര്‍ന്നുപന്തലിച്ചു നില്ക്കുന്നു. അവ പല തരത്തിലും നിറത്തിലുമുള്ള പക്ഷികളുടെ ആവാസകേന്ദ്രമാണ്. ഈ കാട്ടില്‍ അപകടകാരികളല്ലാത്ത മൃഗങ്ങളുമുണ്ട്.

അടുത്ത ദിവസം കാലത്ത് കാലാവസ്ഥ വീണ്ടും മാറി. മൂടിക്കെട്ടിയ അന്തരീക്ഷം; മഴയില്ലതാനും. മകളും ഭര്‍ത്താവും ജോലിക്കു പോയി. പാറു പഠിക്കുന്ന തിരക്കില്‍ത്തന്നെ. ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍, സ്ഥലങ്ങള്‍ കാണാന്‍ പുറത്തേക്കു പോകാന്‍ റെഡിയല്ലേ എന്ന് ഹെവിന്‍. സന്ധ്യ കഴിയുമ്പോഴാണ് അവിടെ കുടുംബജീവിതം തുടങ്ങുക.

Book cover
പുസ്തകം വാങ്ങാം

അപ്പോഴാണ് കെ.പി. കേശവമേനോന്റെ ഇളയ മകള്‍ ലീലാ തലാപ്പ് ഈ ലോകം വിട്ടുപോയതായി കോഴിക്കോട്ടുനിന്ന് മാതൃഭൂമിയിലെ വിനു അറിയിച്ചത്. അവര്‍ക്കു 95 വയസ്സായിരുന്നു. അവസാനകാലത്ത് അച്ഛനെപ്പോലെ കണ്ണിനു കാഴ്ചയില്ല എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നും ഇല്ലായിരുന്നു. യു.കെയിലേക്കു പുറപ്പെടുംമുന്‍പ് ഞാനവരെ ചെന്നുകണ്ടിരുന്നു. ഞാന്‍ ഉടന്‍ നാട്ടിലേക്ക് ലീലേടത്തിയുടെ മകള്‍ പത്മിനിയെ വിളിച്ചു: 'ഇന്നലെ രാത്രി പലപ്പോഴും അമ്മ ശ്രീനിവാസനെ അന്വേഷിച്ചു. ശ്രീനിവാസന്‍ മകളെ കാണാനായി യു.കെയില്‍ പോയിരിക്കയല്ലേ അമ്മേ എന്ന് ഞാനോര്‍മിപ്പിക്കും. അമ്മ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു, ശ്രീനിവാസനെന്താ വരാത്തത് എന്ന്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ അവശത കൂടി. അമ്മ മരിക്കുകയും ചെയ്തു.'

എന്തെന്നില്ലാത്ത വ്യസനം തോന്നി. അവരുടെ വാത്സല്യം നിറഞ്ഞ ചിരിയും സംസാരവും ഓര്‍മവന്നു. ലീലേടത്തി എത്ര സ്‌നേഹമായാണ് എന്നോടു പെരുമാറിയത്! എത്ര സ്വാദിഷ്ഠമായി ഭക്ഷണം ഉണ്ടാക്കിയിരുന്നു. അച്ഛനിഷ്ടമുള്ളതെല്ലാം അവര്‍ പാചകം ചെയ്യും. കൂടെ എത്ര പേരുണ്ടായാലും എല്ലാവര്‍ക്കും അതെല്ലാം വിളമ്പും. സ്‌നേഹം നിറഞ്ഞ പ്രകൃതം, ആഭിജാത്യമുള്ള പെരുമാറ്റം. ആരോടും വലിപ്പച്ചെറുപ്പം കാണിക്കില്ല. അച്ഛന്റെ മകള്‍തന്നെ. അവരെക്കുറിച്ചുള്ള ഓര്‍മകള്‍ തെളിയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ കെട്ടിടംപണി നടക്കുന്ന കാലം. പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. പിഷാരോടിയാണ് മേല്‍നോട്ടം വഹിച്ചിരുന്നത്. അവിടെ ഒരു താത്കാലിക ഷെഡ്ഡിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ശനിയാഴ്ചകളില്‍ കോഴിക്കോട്ടേക്കു വരും. ഞായറാഴ്ച രാത്രി തിരികെ പോകും. കോഴിക്കോട്ടു വന്നാല്‍ ബീച്ച് ഹോട്ടലിലാണ് താമസം. അന്നുമിന്നും കോഴിക്കോട്ടെ സാമാന്യം ഭേദപ്പെട്ട ഹോട്ടലാണ് ബീച്ച് ഹോട്ടല്‍.

ഡോ. പിഷാരോടിക്ക് ലീലേടത്തി ഉണ്ടാക്കുന്ന ദോശയും സാമ്പാറും ഏറെ ഇഷ്ടമാണ്. വെള്ളിയാഴ്ചകളില്‍ ഡോ. പിഷാരോടിയുടെ ഫോണ്‍ വരും. പലപ്പോഴും ഞാനാവും ഫോണെടുക്കുക.
'ഹലോ ശ്രീനിവാസാ, കേശവമേനോന്‍ അവിടെയില്ലേ? ഞാന്‍ നാളെ കോഴിക്കോട്ടു വരുന്നുണ്ട്. ലീലയോട് ദോശയുണ്ടാക്കാന്‍ പറയണേ. ശനിയാഴ്ച വൈകുന്നേരം കാണാം.' ഞാന്‍ വിവരം ലീലേടത്തിയെ ധരിപ്പിക്കും. ഏടത്തി ദോശയ്ക്കുള്ള മാവു ശരിയാക്കും. അവര്‍ അച്ഛനോടും പിഷാരോടി വരുന്ന വിവരം പറയും. ഇതു മിക്ക ആഴ്ചകളിലും പതിവായി. പിഷാരോടിക്കു ഞായറാഴ്ച കാലത്ത് ദോശയും സാമ്പാറും മാത്രമല്ല, ചട്ണിയും ചട്ണിപ്പൊടിയും ഉണ്ടാവും. ചില ദിവസങ്ങളില്‍ ഇഷ്ടുവും.

അതിഥികള്‍ക്കായി ഭക്ഷണമൊരുക്കുന്നത് ലീലേടത്തിക്കു വലിയ ഇഷ്ടമായിരുന്നു. പല പ്രമുഖര്‍ക്കും ഭക്ഷണം ഹോട്ടലിലല്ല, കേശവമേനോന്റെ വീട്ടിലായിരിക്കും. പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ കഴിഞ്ഞാല്‍ അവരെല്ലാം വീട്ടിലെത്തും. ഞാന്‍ കേശവമേനോന്റെ കൂടെ ജീവിക്കാന്‍ തുടങ്ങിയ കാലത്ത് നളിനി ഏടത്തിയും ദിവേട്ടനും മകള്‍ പത്മിനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നളിനി ഏടത്തിയും ദിവേട്ടനും ലീലേടത്തിയെ ചെറിയമ്മ എന്നു വിളിക്കുന്നതു കേട്ട് ഞാനും ചിലപ്പോള്‍ ലീലേടത്തിയെ അങ്ങനെ വിളിക്കാന്‍ തുടങ്ങി. ചെറിയമ്മ ഏകമകള്‍ പപ്പി എന്നു വിളിക്കുന്ന പത്മിനിയെ മാത്രമല്ല, നളിനി, ദിവാകരന്‍ ഇവരെയെല്ലാം ഒരുപോലെയാണ് വളര്‍ത്തിയത്. നളിനിയും ദിവാകരനും ലീലേടത്തിയുടെ സഹോദരി തങ്കത്തിന്റെ മക്കളാണ്. കേശവമേനോന്റെ മകള്‍. അവര്‍ സിംഗപ്പൂരിലായിരുന്നപ്പോള്‍ മരിച്ചു. അന്ന് ദിവയും നളിനിയും കുട്ടികളായിരുന്നു. ചെറിയമ്മയാണവരെ വളര്‍ത്തിയത്.

പൊന്നാനി സ്വദേശി തലാപ്പില്‍ ചാത്തുണ്ണി മേനോനായിരുന്നു ലീലേടത്തിയുടെ ഭര്‍ത്താവ്. സിംഗപ്പൂരില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. കേശവമേനോന്‍ ലണ്ടനില്‍നിന്ന് ബാരിസ്റ്ററായി തിരിച്ചുവന്നശേഷം കോഴിക്കോട്ടും മദിരാശിയിലും പ്രാക്ടീസ് ചെയ്‌തെങ്കിലും സാമ്പത്തികമായ ഉയര്‍ച്ചയുണ്ടായില്ല. ഒടുവില്‍ സുഹൃത്തുക്കളുടെ ഉപദേശപ്രകാരം കേശവമേനോന്‍ സിംഗപ്പൂരില്‍ പോയി 19 വര്‍ഷം കുടുംബസമേതം അവിടെയായിരുന്നു. ഇതൊക്കെ ഞാന്‍ അവിടെയെത്തുന്നതിനു മുന്‍പായിരുന്നു. അപ്പോഴേക്കും നളിനി ഏടത്തിയുടെയും പത്മിനി ഏടത്തിയുടെയും വിവാഹം കഴിഞ്ഞിരുന്നു. വക്കീലായ കെ.പി. ദാമോദരമേനോനാണ് നളിനി ഏടത്തിയെ വിവാഹം കഴിച്ചത്. അധ്യാപകനായ കെ.പി. ശ്രീധരമേനോന്‍ പത്മിനി ഏടത്തിയെയും. രണ്ടാളും മുറച്ചെറുക്കന്മാരായിരുന്നു. നളിനി ഏടത്തിക്കു രണ്ടു മക്കളാണ്, ശോഭയും ഉണ്ണിയും. പത്മിനി ഏടത്തിയുടെ ഏകമകന്‍ വേണു.

ഒരു ദിവസം വൈകുന്നേരം കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് കേശവമേനോനെ കാണാനായി മാതൃഭൂമിയിലെത്തി. കേശവമേനോന്റെ മുറിയില്‍ വീട്ടില്‍നിന്ന് മകള്‍ കൊടുത്തയച്ച ചൂടുള്ള വടയുണ്ട്. കേശവമേനോന്‍ മുറിയിലുള്ള അസിസ്റ്റന്റ് എഡിറ്റര്‍ തങ്കത്തിനും നമ്പൂതിരിപ്പാടിനും വട കൊടുത്തു. എല്ലാവരും സ്വാദോടെ കഴിച്ചു. കേശവമേനോന്‍ വട കഴിക്കുമ്പോള്‍ നമ്പൂതിരിപ്പാട് ഒന്നുംകൂടി എടുത്തു കഴിച്ചു. അതും കഴിഞ്ഞപ്പോള്‍, 'വട നന്നായിരിക്കുന്നു, ഒന്നുംകൂടി കഴിക്കാന്‍ തോന്നുന്നു' എന്നു പറഞ്ഞു. കേശവമേനോന്‍ വീട്ടിലേക്കു വിളിച്ച് ലീലേടത്തിയോടു പറഞ്ഞു:
'ലീലേ, കുറൂര്‍ നമ്പൂതിരിപ്പാടിന് ലീലേടെ വട ഇഷ്ടായീത്രേ! ഇനിയും അവിടെ ബാക്കിയുണ്ടെങ്കില്‍ ഇപ്പോത്തന്നെ മാതൃഭൂമിയിലേക്കു കൊടുത്തയയ്ക്കൂ.'
ലീലേടത്തി പരിഭ്രമിച്ചു ചോദിച്ചു:
'അയ്യോ അച്ഛാ, തിരുമേനി വട കഴിച്ചുവോ?'
'ഉവ്വല്ലോ.''അത് ചെമ്മീന്‍വടയായിരുന്നു.'

K.P Kesava Menon, Daughter Leela Thalap, N. Sreenivasan
കെ.പി കേശവമേനോൻ, മകൾ ലീല, എൻ.ശ്രീനിവാസൻ

ഇതു കേട്ട് കേശവമേനോന്‍ പൊട്ടിച്ചിരിച്ചു. ഇതു കണ്ട് നമ്പൂതിരിപ്പാടും ചിരിച്ചു. കേശവമേനോന്‍, തിരുമേനിയോടു പറഞ്ഞു: 'പുറത്താരും അറിയണ്ട. ഇപ്പോള്‍ കഴിച്ച വടയില്‍ പ്രോണ്‍സുണ്ടായിരുന്നു. അഥവാ സാക്ഷാല്‍ ചെമ്മീന്‍.'
നമ്പൂതിരിപ്പാട് ചമ്മി. എന്നാല്‍, സസ്യഭുക്കായ തങ്കേടത്തി വാഷ് ബേസിനരികിലേക്കോടി ഛര്‍ദിക്കാന്‍ തുടങ്ങി.
പക്ഷേ, കുറൂര്‍ നമ്പൂതിരിപ്പാട് അക്ഷോഭ്യനായിരുന്നു. വരാനുള്ളതു വന്നു. ഇനിയെന്തു ചെയ്യാന്‍ എന്ന ഭാവം. കഥയാരോടും പറയേണ്ട എന്നു പറഞ്ഞെങ്കിലും തിരുമേനി ഇക്കഥ പലരോടും പറഞ്ഞു രസിക്കുകയും രസിപ്പിക്കുകയും ചെയ്തതായി പിന്നീടറിഞ്ഞു.

ഇങ്ങനെ ലീലേടത്തി പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ എന്നുമുണ്ടായിരുന്നു.
കോഴിക്കോട്ട് ഏതു പ്രധാന കാര്യത്തിലും അതിന്റെ പ്രവര്‍ത്തനത്തില്‍ കേശവമേനോന്‍ മുന്‍പിലുണ്ടാവും. ചില മീറ്റിങ്ങുകള്‍ അദ്ദേഹത്തിന്റെ വീട്ടിലാവും. അപ്പോള്‍ വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ചായ, പലഹാരം, ഭക്ഷണം ഇതെല്ലാം ഒരുക്കാന്‍ ലീലേടത്തിക്കു വലിയ ഉത്സാഹമായിരുന്നു. കോഴിക്കോട്ട് ഏതു പ്രമുഖ വ്യക്തി വന്നാലും കേശവമേനോന്‍ അവരെ വീട്ടിലേക്ക് ഭക്ഷണത്തിനു ക്ഷണിക്കുക പതിവായിരുന്നു.

1975 ഏപ്രില്‍ രണ്ടിനായിരുന്നു ശുഭയുടെ ജനനം. ദിവസവും ഓഫീസിലേക്കു പോകുന്ന വഴിക്ക് കാര്‍ നിര്‍ത്തി കുട്ടിയെ തങ്കത്തിനോടു കൊണ്ടുവരാന്‍ പറയും. കുറച്ചു നേരം മടിയിലിരുത്തിയശേഷം മാതൃഭൂമിയിലേക്കു പോകും. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞതറിഞ്ഞില്ല. 1976 ഏപ്രില്‍ രണ്ടിന് ഇതേപോലെ മാതൃഭൂമിയിലേക്കു പോകുന്ന വഴിക്കു കാര്‍ നിര്‍ത്തി; കുട്ടിയെ കൊണ്ടുവരാന്‍ പറഞ്ഞു. അവളെ കുളിപ്പിച്ച് നല്ല കുപ്പായം ധരിപ്പിച്ചിരുന്നു. 'എടാ, ഇന്ന് മകളുടെ ഒന്നാമത്തെ പിറന്നാളല്ലേ? എന്തൊക്കെയാണ് ഒരുക്കങ്ങള്‍' എന്നദ്ദേഹം അന്വേഷിച്ചു. 'പ്രത്യേകിച്ചൊന്നുമില്ല, അമ്പലത്തില്‍ പൂജ കഴിപ്പിച്ചിട്ടുണ്ടെ'ന്ന് തങ്കം പറഞ്ഞു. 'ഉച്ചയ്ക്കു സദ്യയില്ലേ?' എന്നദ്ദേഹം ആരാഞ്ഞു. ഒന്നും ഇല്ലെന്നറിഞ്ഞ് അദ്ദേഹത്തിനു വല്ലാത്ത ദേഷ്യം വന്നു. ഓഫീസിലെത്തി ഫോണെടുത്ത് അളകാപുരിയിലെ വേണുവിനെ വിളിച്ചു. ഉച്ചയ്ക്ക് 15 പേര്‍ക്കുള്ള സദ്യയുടെ കറികളും രണ്ടുതരം പായസവും വീട്ടിലേക്ക് അയയ്ക്കാന്‍ പറഞ്ഞു. പിന്നീട് മകള്‍ ലീലയെ വിളിച്ച് പറഞ്ഞു: 'ശ്രീനിവാസന്റെ മകളുടെ പിറന്നാളാണിന്ന്. ഉച്ചയ്ക്കു കുറച്ചു പേര്‍ ഭക്ഷണത്തിനുണ്ടാവും. കറികളും പായസവും അളകാപുരിയില്‍നിന്ന് കൊണ്ടുവരും. ചോറും പപ്പടവും വീട്ടിലുണ്ടാക്കണം. ശ്രീനിവാസന്റെ ഭാര്യയെയും വീട്ടിലുള്ളവരെയും ഊണിനായി നമ്മുടെ വീട്ടിലേക്കു വരാന്‍ പറയാം.'

അങ്ങനെ ഉച്ചയ്ക്കു വലിയ സദ്യതന്നെ വിളമ്പി. മാതൃഭൂമിയില്‍നിന്ന് അസിസ്റ്റന്റ് എഡിറ്റര്‍ തങ്കമ്മയും മറ്റു ചിലരും ഉണ്ടായിരുന്നു.കേശവമേനോനായിരുന്നു ശുഭയെ എഴുത്തിനിരുത്തിയത്. അവള്‍ ആദ്യക്ഷരങ്ങള്‍ ഉരുവിട്ടുകൊണ്ട് വലിയച്ഛന് ഉമ്മകൊടുക്കുന്നത് ഇന്നുമെന്റെ ഓര്‍മയില്‍ തെളിയുന്നു.കേശവമേനോന്റെ പിറന്നാള്‍ സെപ്റ്റംബര്‍ ഒന്നിനാണ്. കുറെപ്പേര്‍ ഉച്ചയ്ക്കും കുറെപ്പേര്‍ വൈകീട്ടും ഭക്ഷണത്തിനു വീട്ടിലെത്തും. പിറന്നാളിന് എത്രയോ മുന്‍പ് ലീലേടത്തി ഒരുക്കങ്ങള്‍ തുടങ്ങും. ഫിഷ് കബാബ് ലീലേടത്തിയുടെ ഒരു സ്‌പെഷ്യല്‍ ഐറ്റമാണ്. കൂടെ മട്ടണ്‍ കബാബ്, വെജിറ്റബിള്‍ കബാബ്. ഇതെല്ലാം ഒരുക്കി ആവശ്യമുള്ളത് ആവശ്യക്കാര്‍ക്കു വിളമ്പി സത്കരിക്കുന്നതും വരുന്നവരോടു പ്രീതിപൂര്‍വം സംസാരിക്കുന്നതുമൊന്നും മറക്കാനാവുന്നില്ല. അവരുടെ സ്‌നേഹം, ആതിഥ്യം, തറവാടിത്തം ഇതൊന്നും പരിചയപ്പെട്ടവരാരും മറക്കില്ല.ആ ലീലേടത്തിയാണ് എന്നന്നേക്കുമായി ഈ ഭൂമിയില്‍നിന്ന് മറഞ്ഞുപോയത് എന്നോര്‍ത്തപ്പോള്‍ അസഹ്യമായ ഹൃദയവേദന.

Content Highlights: excerpts from the book Oppam Kazhinja Kaalam by N Sreenivasan mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented