എന്തായിരിക്കും അന്നവിടെ സംഭവിച്ചത്; കൈക്കുഞ്ഞിനെയുംകൊണ്ടുള്ള ഒരു ലോകസഞ്ചാരക്കുറിപ്പ്!


എല്ലാവരും അവരവരുടെ ലോകത്ത് മുഴുകി ഇരിക്കുന്നതു കണ്ടു. അതെന്തിനെന്ന് അറിയാനാവാത്തതിലുള്ള ജിജ്ഞാസ ഇപ്പോഴും ഉള്ളിലൊതുക്കിയാണ് ഇത് എഴുതുന്നത്. അതിന് എന്നെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അടിസ്ഥാനപരമായി ഞാനൊരു മലയാളിയാണല്ലോ?

പുസ്തകത്തിന്റെ കവർ

കൈക്കുഞ്ഞിനെയും ഒപ്പം കൂട്ടി ലോകസഞ്ചാരത്തിനിറങ്ങിയ സൗമ്യ സാജിദ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നൈല്‍ മുതല്‍ നയാഗ്ര വരെ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ഭൂമിയിലെ പറുദീസയെന്നറിയപ്പെടുന്ന രാജ്യത്തേക്കു സഞ്ചരിക്കുമ്പോള്‍ യാത്രാനിരക്ക് താരതമ്യം ചെയ്യുന്നതും വഴിച്ചെലവ് കൂട്ടിനോക്കുന്നതും ഉചിതമാണോ എന്നറിയില്ല!

മിലനില്‍നിന്ന് വിമാനമാര്‍ഗ്ഗം സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്താനുള്ള നിരക്ക് അന്വേഷിച്ചപ്പോള്‍ ഇന്ത്യന്‍രൂപ 14,000. തീവണ്ടിയിലെ യാത്രയ്ക്ക് രൂപ 6000. അങ്ങനെയെങ്കില്‍ ബസ്ചാര്‍ജ് നോക്കിക്കളയാം എന്നു കരുതി ഗൂഗിളില്‍ പരതിയപ്പോള്‍ ഫ്‌ളെക്‌സി ബസ് എന്ന ഗതാഗതശൃംഖല ഈടാക്കുന്നത് ആള്‍ക്ക് 500 രൂപ മാത്രം. യാത്രാസമയം തീവണ്ടിയാത്രയെക്കാള്‍ ഒരുമണിക്കൂര്‍ കുറവ്. മറ്റൊന്നുമാലോചിക്കാതെ ഓണ്‍ലൈനായി ബസ് ടിക്കറ്റ് എടുത്തു. രാവിലെ എട്ടുമണിക്ക് മിലന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തി. ബസ്സും കാത്ത് ക്യൂവില്‍ ഒന്നാമത് നിലയുറപ്പിച്ചു. ബസ്സെത്തിയപ്പോള്‍ ആദ്യത്തെ സീറ്റിനു മുന്നില്‍ ഒരു കുഞ്ഞുമേശ പിടിപ്പിച്ചിരിക്കുന്നു. മുന്‍ഭാഗത്തായതിനാല്‍ കാലു നീട്ടിവെക്കാന്‍ കൂടുതല്‍ സ്ഥലം ലഭിക്കുമെന്നതിനാല്‍ പെട്ടെന്ന് ആ സീറ്റുപിടിച്ച് അവിടെ ഇരിപ്പുറപ്പിച്ചു. സുന്ദരമായ കൃഷിയിടങ്ങളും ചെറുപട്ടണങ്ങളും താണ്ടി ബസ് നീങ്ങി സ്വിസ് ബോര്‍ഡറില്‍ പ്രവേശിച്ചു. അതിര്‍ത്തിയിലെ ചെക്‌പോസ്റ്റില്‍ വിസപരിശോധനയ്ക്കായി കറുത്ത യൂണിഫോമിട്ട ചുണക്കുട്ടികളായ രണ്ടു സുന്ദരി പോലീസുകാരികള്‍ ബസ്സിനുള്ളിലെത്തി. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചു. അവരുടെ ബെല്‍റ്റില്‍ തോക്കിനൊപ്പം വയര്‍ലെസ് ഫോണും പേരുകേട്ട സ്വിസ് കഠാരയും ലാത്തിയും തിരുകിവെച്ചിരിക്കുന്നു. അവരുടെ സൗന്ദര്യവും ചടുലതയും കണ്ട് വാപൊളിച്ചിരിക്കവേ പെട്ടെന്നു മിന്നല്‍വേഗത്തില്‍ പത്തോളം പോലീസുകാര്‍ ബസ്സിനുള്ളിലേക്ക് ഇരച്ചുകയറി, ആരും അനങ്ങരുത് എന്ന് ആക്രോശിച്ചു. വിഷയമെന്തെന്നറിയാതെ അന്ധാളിച്ചു നിന്ന ഞങ്ങളുടെ പുറകുവശത്തെ സീറ്റില്‍നിന്നും രണ്ടു യുവാക്കളെ അവര്‍ വിലങ്ങുവെച്ച് കൊണ്ടുപോയി. അവരുടെ കൈവശം വിസയില്ലായിരുന്നോ? മയക്കുമരുന്നു കടത്തുകാരായിരുന്നോ അവര്‍? അതോ ശരീരത്തില്‍ ഒളിപ്പിച്ച ബോംബുമായി എല്ലാം നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ തീവ്രവാദികളോ! നമ്മള്‍ മലയാളികള്‍ക്ക് മറ്റുള്ളവരുടെ കാര്യത്തിലുള്ള അമിതമായ ഉത്കണ്ഠ മറ്റാര്‍ക്കും കാണാനാകാത്തതിനാല്‍ എന്തിനാണെന്ന് കൂടെയുള്ളവരാരും തിരക്കിയതേയില്ല. യാത്രക്കാര്‍ പരസ്പരം ഒന്നും ചര്‍ച്ച ചെയ്യുന്നില്ല. എല്ലാവരും അവരവരുടെ ലോകത്ത് മുഴുകി ഇരിക്കുന്നതു കണ്ടു. അതെന്തിനെന്ന് അറിയാനാവാത്തതിലുള്ള ജിജ്ഞാസ ഇപ്പോഴും ഉള്ളിലൊതുക്കിയാണ് ഇത് എഴുതുന്നത്. അതിന് എന്നെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അടിസ്ഥാനപരമായി ഞാനൊരു മലയാളിയാണല്ലോ?

ബസ് സുഖമായി യാത്ര തുടര്‍ന്ന് സൂറിച്ച് ബസ് സ്റ്റാന്‍ഡിലെത്തിച്ചേര്‍ന്നു. സമ്പന്നതയില്‍ ഒന്നാമതു നില്‍ക്കുന്ന നാട്ടിലെ ചെലവേറിയ യാത്രയ്‌ക്കൊരുങ്ങുന്നതിന് മുന്നോടിയായി അവിടം സന്ദര്‍ശിച്ച സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തി വിവരങ്ങള്‍ സ്വരൂപിച്ചിരുന്നതിനാല്‍ ഗതാഗതമാര്‍ഗ്ഗങ്ങളും താമസസ്ഥലവും ശ്രദ്ധിച്ച് തിരഞ്ഞെടുത്തില്ലെങ്കില്‍ എളുപ്പത്തില്‍ കീശ കാലിയാകും എന്ന് അറിഞ്ഞിരുന്നു.

എന്റെ ഹൈസ്‌കൂള്‍ സുഹൃത്തായ സിമിയാണ് ലുസേണ്‍ എന്ന സ്ഥലത്ത് താമസിക്കാന്‍ നിര്‍ദ്ദേശിച്ചത്. മറ്റൊരു സുഹൃത്തായ ആശയുടെ അഭിപ്രായമനുസരിച്ച് മൂന്നുദിവസത്തെ സ്വിസ് കുടുംബയാത്രാപാസ് വാങ്ങി. അതുപയോഗിച്ച് തീവണ്ടിയിലോ ബസ്സിലോ ബോട്ടിലോ ഇഷ്ടാനുസരണം സഞ്ചരിക്കാം എന്നു മനസ്സിലാക്കിയിരുന്നു. ചെറിയൊരു യാത്രയ്ക്കുതന്നെ 50 യൂറോ ഈടാക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് 200 യൂറോയ്ക്കും അതിലും കുറഞ്ഞ വിലയില്‍ കുട്ടികള്‍ക്കും ലഭിക്കുന്ന സ്വിസ്പാസ് സ്വീകാര്യമായി തോന്നി. പുറത്തെ സ്റ്റോറുകളിലെ ആഹാരം കത്തിവിലയാണെന്നിരിക്കെ തീവണ്ടിയോഫീസില്‍നിന്നു മിതമായ വിലയ്ക്ക് സാന്‍ഡ്‌വിച്ച് വാങ്ങിക്കഴിച്ചു വിശപ്പടക്കി. തീവണ്ടി ലുസേണ്‍ എന്ന പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങി. മഞ്ഞുമൂടിക്കിടക്കുന്ന ആല്‍പ്‌സ് പര്‍വ്വതനിരകള്‍ക്കരികേ പച്ചകലര്‍ന്ന നീലനിറത്തില്‍ ഒഴുകുന്ന അരുവി പോസ്റ്റ് കാര്‍ഡ് ചിത്രത്തിലെന്നപോലെ ചേതോഹരമായിരുന്നു. പ്രകൃതി നല്‍കിയ സ്വീകരണവിരുന്ന് ഏറ്റുവാങ്ങി ലുസേണിലെത്തി. സൂറിച്ചിലെപ്പോലെ ജനനിബിഡമല്ലാത്ത ശാന്തവും മനോഹരവുമായ ഈ പട്ടണത്തില്‍നിന്നുമാണ് ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും തീവണ്ടി കയറേണ്ടത് എന്നതിനാല്‍ സുഹൃത്തിന്റെ ഉപദേശമനുസരിച്ചത് വലിയ ഉപകാരമായി.

സന്ധ്യാനേരത്ത് ലുസേണ്‍ ചുറ്റിക്കാണാനിറങ്ങി. മദ്ധ്യത്തിലൂടെ ഒഴുകുന്ന റൂസ്സ് നദിക്കിരുവശവും സ്ഥിതിചെയ്യുന്ന പട്ടണത്തെ ബന്ധിപ്പിക്കുന്ന ചാപ്പല്‍ ബ്രിഡ്ജ് എന്ന വലിയ തടിപ്പാലവും അതിനോടു ചേര്‍ന്ന് ജലത്തില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന നിരീക്ഷണഗോപുരവും കാവല്‍ക്കാരനെപ്പോലെ അഗ്രഭാഗത്തു കാണപ്പെടുന്ന പിലാറ്റസ് കൊടുമുടിയും മനസ്സിനെ മയക്കുന്ന രംഗപടങ്ങളായിരുന്നു. തടിപ്പാലത്തിന്റെ ഇരുവശത്തും ചുവന്ന നിറമുള്ള കുഞ്ഞിപ്പൂക്കള്‍ വരിവരിയായി നട്ടുപിടിപ്പിച്ചിരിക്കുന്നു. ഭംഗിയുള്ള, പൊക്കം കുറഞ്ഞ കടകള്‍ക്കിടയിലൂടെയുള്ള വഴിയുടെ അറ്റത്തായി മഞ്ഞില്‍ക്കുളിച്ചു നില്‍ക്കുന്ന മല. സുഖശീതളമായ അന്തരീക്ഷം ആവാഹിച്ച് നേരമ്പോക്കുകള്‍ പറഞ്ഞു ചിരിച്ച് ഉത്സാഹത്തോടെ ചെലവഴിച്ചു. ഒരു ദേശത്തുനിന്ന് മറ്റൊന്നിലേക്ക് കാണാക്കാഴ്ചകള്‍ തേടി അലയുന്നതിനിടയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ചെലവാക്കിയ ഒരു സുന്ദരസായാഹ്നത്തിന്റെ സ്മരണ വിലമതിക്കാനാവാത്തതായാണ് ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍വ്വതക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും പട്ടികയിലുള്ളതെന്നിരിക്കെ യൂറോപ്പിന്റെ അഗ്രഭാഗം എന്നു വിശേഷിപ്പിക്കാവുന്ന ജൂങ്‌ഫ്രോസെച്ച് എന്ന പൊക്കം കൂടിയ മല കയറണോ എന്നാലോചിച്ചപ്പോള്‍ കുടുംബസുഹൃത്തായ ആര്‍ക്കിടെക്റ്റ് ജയശങ്കര്‍ തന്റെ സ്വിസ് യാത്രാവേളയില്‍ ഇതേ പര്‍വ്വതത്തിനു മുകളില്‍ എത്തിയതും കോടമഞ്ഞുമൂലം ഒന്നും കാണാനാകാതെ തിരിച്ചുവന്നതുമായ അനുഭവം ഓര്‍മ്മിച്ച് ടിറ്റ്‌ലിസ്സ് എന്ന കൊടുമുടി തിരഞ്ഞെടുത്തു.

റൂട്ട്മാപ്പ് നോക്കി ട്രെയിനില്‍ കയറി ഏഞ്ജല്‍ബര്‍ഗ് എന്ന നഗരത്തിലിറങ്ങി. സ്റ്റേഷനില്‍നിന്ന് ബസ്സുണ്ടെന്നിരിക്കിലും അടുത്തായതിനാലും, ലഗ്ഗേജ് ഇല്ലാത്തതിനാലും കാഴ്ചകള്‍ കണ്ടു നടക്കാമെന്നു കരുതി നടത്തമാരംഭിച്ചു. വെയിലോ ഉഷ്ണമോ വിയര്‍പ്പോ ഇല്ലാത്ത കാലാവസ്ഥയായതിനാല്‍ നടപ്പ് സുഖമുള്ളതായിരുന്നു. വര്‍ണ്ണചിത്രത്തില്‍ കണ്ടിട്ടുള്ളതുപോലുള്ള ഭംഗിയുള്ള വീടുകളുടെ ഉമ്മറത്ത് ചെറുപുഷ്പങ്ങള്‍ വിടര്‍ന്നിരിക്കുന്നു. വഴിയുടെ അന്ത്യത്തിലായി ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് ടിറ്റ്‌ലിസ് തലയുയര്‍ത്തി നില്‍ക്കുന്നു. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പ്രകൃതിയുടെ നിറച്ചാര്‍ത്തു മാത്രം' എന്നു പറഞ്ഞപോലെ ചുറ്റിലും പ്രകൃതി തന്റെ ഉണ്ണികളാകുന്ന പര്‍വ്വതങ്ങളെയും താഴ്‌വാരങ്ങളെയും അരുവികളെയും ഒരേ സ്ഥലത്ത് സമ്മേളിപ്പിച്ചു തന്റെ തറവാട്ടുമഹിമ വിളിച്ചോതുന്നതുപോലെ തോന്നിപ്പോയി.

കോടയില്‍ മുങ്ങിയ പര്‍വ്വതഭംഗി കൂടുതല്‍ ദൃശ്യമായതോടെ, മകന്‍ സിദാന് ഒരു പൂതി. ടിറ്റ്‌ലിസിന്റെ പശ്ചാത്തലത്തില്‍ മൂന്നുപേരും ഒരുമിച്ചു ചാടി വായുവില്‍ നില്‍ക്കുന്ന ചിത്രം പകര്‍ത്തണം. ക്യാമറയെടുത്ത് വണ്‍, റ്റു, ത്രി പറഞ്ഞ് ഞങ്ങളെല്ലാം ഒറ്റച്ചാട്ടം. ഫോട്ടോ ഉഗ്രനായിരുന്നു.

എക്‌സ്പ്രസ്സ് കേബിള്‍ കാറിലായിരുന്നു മലയുടെ പകുതി ഭാഗം യാത്ര ചെയ്തത്. പകുതി ദൂരം പിന്നിട്ട് കേബിള്‍ കാര്‍‌സ്റ്റേഷനില്‍ ഇറങ്ങി. അവിടെനിന്ന് മറ്റൊരു കേബിള്‍ കാറില്‍ കയറാന്‍ വിവരം ലഭിച്ചു. 360 ഡിഗ്രി കറങ്ങുന്ന, ലോകത്തിലെ ആദ്യത്തെ കേബിള്‍ കാറില്‍ കയറി മലകള്‍ക്കിടയിലൂടെ ഒഴുകിനീങ്ങി. താഴ്‌വരയിലെ ഹിമപാതത്തിന്റെ മാസ്മരികശോഭ നുകര്‍ന്ന് 3020 ാ പൊക്കമുള്ള ടിറ്റ്‌ലിസ് എന്ന പര്‍വ്വതശിഖരത്തില്‍ എത്തിപ്പെട്ടു.

മഞ്ഞില്‍പ്പുതഞ്ഞിരിക്കുന്ന ടിറ്റ്‌ലിസ് കൊടുമുടിയുടെ അഗ്രഭാഗം ദൃശ്യമാവുകയും, ഒപ്പം ശീതക്കാറ്റിന്റെ തണുപ്പ് ശരീരത്തിലടിക്കാനും തുടങ്ങി. ഇറങ്ങിയ കേബിള്‍ സ്റ്റേഷനില്‍ ഭക്ഷണക്കടകളും പര്‍വ്വത നിരീക്ഷണസ്ഥലങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പുറത്തിറങ്ങി മഞ്ഞില്‍ക്കുളിച്ചു നില്‍ക്കുന്ന പര്‍വ്വതത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയും പകര്‍ത്തി മലയിറങ്ങുകയാണ് ഒട്ടുമിക്ക സഞ്ചാരികളും ചെയ്യുന്നത്. സാഹസികരായ സഞ്ചാരികള്‍ക്കു മാത്രമുള്ളതാണ് അടുത്ത ഘട്ടം എന്നും, ധൈര്യമുള്ളവര്‍ മാത്രം അടുത്ത ഘട്ടത്തിലേക്കു കടന്നാല്‍ മതിയെന്നും വിവരണം ആലേഖനം ചെയ്തതു വായിച്ചു. ഞങ്ങള്‍ റിസ്‌കെടുക്കാനുറച്ചു.

ചെങ്കുത്തായ മലയ്ക്കു മുകളിലൂടെ 150 പടികളുള്ള ഇരുമ്പുഗോവണി കയറി യൂറോപ്പിലെ ഏറ്റവും പൊക്കമുള്ള തൂക്കുപാലത്തിനരികേയെത്തി. ഒരുമീറ്റര്‍ മാത്രം വീതിയുള്ള, ഇരുമ്പുകമ്പികള്‍ കെട്ടി നിര്‍മ്മിച്ച ഇളകുന്ന പാലത്തില്‍ കയറാന്‍ ഉരുക്കുമനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ എന്നാണ് ചൊല്ലത്രേ... ധൈര്യശാലികളായ കുടുംബനാഥനും പുത്രനും പിറകേയായി മോളുടെ കൈകള്‍ ബലമായി പിടിച്ചു ഞാന്‍ മെല്ലെ നടന്നു. ഊഞ്ഞാലില്‍ കയറി ആടുംപോലെ പാലം ആടിക്കൊണ്ടിരിക്കുന്നു. ചുറ്റിലും തൂവെള്ളനിറത്തില്‍ ഹിമപാളികള്‍ പരന്നുകിടക്കുന്നു.

'താഴേക്കു നോക്കല്ലേ...' എന്ന ഇക്കയുടെ വാക്കുകള്‍ കേട്ട ഉടനെ നല്ല അനുസരണയുള്ള കുട്ടിയെപ്പോലെയായി ഞാന്‍ കീഴോട്ട് കണ്ണെറിഞ്ഞു. 3200 മീറ്റര്‍ പൊക്കത്തില്‍ കമ്പി കെട്ടിയ പാലത്തില്‍ അന്തരീക്ഷത്തില്‍ തൊട്ടിലാടിക്കൊണ്ട് പാലത്തിലെ അടിഭാഗത്തുള്ള കമ്പികളുടെ ഇടയിലെ വലിയ വിടവിലൂടെ അനന്തമായ ഗര്‍ത്തം ഞെട്ടലോടെ വീക്ഷിച്ചു. ഈ നടത്തത്തിന്റെ പേരാണ് ടിറ്റ്‌ലിസ് ക്ലിഫ്‌വാക്. പകുതി ദൂരം പിന്നിട്ടപ്പോള്‍ ഭയമെല്ലാം പമ്പകടന്നു. കൈയെത്തും അകലേയെന്ന ഭാവത്തില്‍ ആകാശത്തിലൂടെ വെണ്‍മേഘങ്ങള്‍ നീന്തിക്കളിക്കുന്നെങ്കില്‍ താഴെ കണ്ണെത്താത്ത ദൂരത്തു വെള്ളപ്പുതപ്പു വിരിച്ച മലനിരകള്‍. പാലത്തിന്റെ മറുഭാഗത്തു സാഹസികരായ സഞ്ചാരികള്‍ക്കുള്ള സമ്മാനമായി ഐസില്‍ കൊത്തിയ ശില്‍പ്പങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 5000 വര്‍ഷം പഴക്കമുള്ള നീലവെളിച്ചം പതിച്ച ഐസ്ഗുഹയിലൂടെ തണുത്തുവിറച്ച് നടന്നുനീങ്ങി. ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ് ഒരു മലയില്‍നിന്നും മറ്റൊന്നിലേക്കുള്ള സ്‌കൈ ഫ്‌ളയര്‍ എന്ന ഒറ്റക്കമ്പിയില്‍ കെട്ടിയ തുറന്ന ബെഞ്ചിലെ ആകാശസഫാരി. ഭയംകൊണ്ടോ അതോ തണുപ്പുകൊണ്ടോ എന്നറിയില്ല, കിടുകിടാ വിറച്ചു. എല്ലാം മറന്നുള്ള ആ പോക്കും, മഞ്ഞില്‍ സ്വന്തം പേരുകളെഴുതി ആധിപത്യം സ്ഥാപിച്ചതും വേറിട്ട അനുഭവങ്ങളാണ്. പൊക്കമുള്ള പ്രദേശത്തുനിന്ന് മഞ്ഞിലൂടെ തെന്നി താഴോട്ടു വരുന്ന കുട്ടികളെ അനുകരിച്ച് സിദാന്‍ ഐസുപോലെ തണുത്ത ഹിമകണങ്ങളില്‍ കിടന്നു മറിഞ്ഞതും, അവനെ വിലക്കിയ ഈ 'മുതിര്‍ന്ന കുട്ടികള്‍' കൈ നിറയെ മഞ്ഞു വാരിയെറിഞ്ഞതും വെണ്മപോലെ നിര്‍മ്മലമായ നിമിഷങ്ങള്‍.

തൊട്ടടുത്ത്, ടയറില്‍ ഇരുന്നു മഞ്ഞിലൂടെ ഇറക്കമിറങ്ങുന്ന റൈഡു കണ്ട് അങ്ങോട്ടു നടന്നു. കാലു തെന്നി താഴേക്കു വീഴും എന്നു തോന്നുന്ന തരത്തില്‍ അരികെ കയറുപോലും കിട്ടിയിട്ടില്ലാത്ത ഇടത്ത് കൊച്ചുകുട്ടികള്‍ കളിച്ചു രസിക്കുന്നതു കണ്ട് ഞാന്‍ ആവലാതിപ്പെട്ടു. അതും നമ്മള്‍ മലയാളികളുടെ മാത്രം സ്വഭാവസവിശേഷതയാണല്ലോ? എന്തിലുമേതിലും ടെന്‍ഷന്‍. എല്ലാം മറന്ന് ആഘോഷിക്കേണ്ട വേളകളില്‍ അനാവശ്യ വേവലാതികളാല്‍ കലുഷിതമാകുന്ന മനസ്സ്. ഇവിടെ സുരക്ഷിതമാണോ എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയുള്ള വ്യാധികളില്‍നിന്നുള്ള മോചനം അപ്രാപ്യം. സിദാന്‍ ടയറിനകത്തു കയറി മഞ്ഞുപാളികള്‍ക്കിടയിലൂടെ ഊളിയിട്ടകലുന്നത് വേവലാതിയോടെ വീക്ഷിക്കവേ, 'ഹലോ' എന്നൊരു സംബോധന കേട്ടു. ഇന്ത്യക്കാരനായ ഒരു മദ്ധ്യവയസ്‌കന്‍ തന്റെ കുടുംബത്തെ കളിക്കാനയച്ച് വെളുത്ത തറയില്‍ ചമ്രംപടിഞ്ഞിരിക്കുന്നു. കൈയിലുള്ള വലിയ മദ്യക്കുപ്പി ഉയര്‍ത്തിക്കാണിച്ച് ഇക്കയെ അയാള്‍ക്കൊപ്പം മദ്യപിക്കാന്‍ ക്ഷണിക്കുന്നു. അടുത്ത് പ്ലാസ്റ്റിക് ഗ്ലാസുകള്‍ നിരത്തിവെച്ചിട്ടുണ്ട്. മൊബൈല്‍ മദ്യഷാപ്പിലേക്ക് ആര്‍ക്കു വേണമെങ്കിലും കടന്നുവരാം. ലഹരി ഫ്രീ... ആശാന് ആരെങ്കിലും കമ്പനി കൊടുത്താല്‍ മാത്രം മതി. അദ്ദേഹത്തിന്റെ ഇരിപ്പും ഇക്ക കൂടെ കൂടുന്നില്ല എന്നു കണ്ട നൈരാശ്യമുഖവും ചിരിക്കാനുള്ള വക നല്‍കിയെങ്കിലും ഈ പഹയന്‍ ഇത്രയും സാധനങ്ങളുമായി എങ്ങനെ അവിടെവരെ എത്തിയെന്നത് കൗതുകകരമായിരുന്നു.

ഒറ്റനടത്തത്തിലൂടെ പകര്‍ന്നുകിട്ടിയ പുതിയ ഊര്‍ജ്ജത്താല്‍ അനായാസമായി തൂക്കുപാലത്തിലൂടെ തിരിച്ചു നടന്നു. വന്നതുപോലെ മലയിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ എത്തി.

സ്വിസ് തീവണ്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ചുറ്റുപാടുമുള്ള മനോഹര ദൃശ്യചാരുത മനംകുളിര്‍ക്കേ കാണാനായി വലിപ്പമേറിയ ജനല്‍പ്പാളികളാണ്. മാത്രമല്ല, നല്ല ചന്തമുള്ള എന്‍ജിനും ബോഗികളും പ്രത്യേകതയാണ്. ഗോഥാര്‍ഡ് എന്ന ലോകത്തിലെ നീളം കൂടിയ റെയില്‍ത്തുരങ്കം ഇവിടെയാണുള്ളത്. നമ്മുടെ നീലഗിരിമലനിരകളിലൂടെ വളഞ്ഞുപുളഞ്ഞോടുന്ന ആവിയെന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 'ഊട്ടി തീവണ്ടി' സ്വിസ് നിര്‍മ്മിതിയാണ്.
രാത്രിയോടെ ലുസേണ്‍നഗരത്തില്‍ വന്നണഞ്ഞു. ലുസേണിലെ പ്രഭാത തെരുവോരച്ചന്ത തദ്ദേശീയ കച്ചവടക്കാരാല്‍ നിറഞ്ഞിരിക്കുന്നു. പലതരത്തിലുള്ള ചീസുകള്‍, കറുത്ത നിറത്തിലുള്ള ബ്രെഡ്, അച്ചാറുകള്‍, സോസുകള്‍, ജാമുകള്‍ തുടങ്ങിയ, വീടുകളില്‍ ഉത്പാദിപ്പിച്ച വിഭവങ്ങള്‍ വീട്ടുകാര്‍തന്നെ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

'Hot cross bun...hot cross bun .... one a penny two a penny... ' എന്ന എല്‍.കെ.ജി. പദ്യത്തിലെ ചിത്രംപോലെ ഏപ്രണ്‍ ധരിച്ച നരച്ച മുടിയുള്ള അമ്മൂമ്മ നീളന്‍ റൊട്ടിക്കഷണങ്ങള്‍ കൈയേന്തി പുഷ്പക്കടയ്ക്കു മുന്നിലൂടെ നടക്കുന്ന രംഗത്തിനു സമാനമായ നയനമനോഹരമായ കാഴ്ചാനുഭവം.
വിവിധ തരത്തിലുള്ള ചീസ് ഉരുക്കിയൊഴിച്ച ഫോണ്ടു എന്ന സ്വിസ് വിഭവത്തില്‍ ബ്രെഡ് മുക്കി സ്വാദു നോക്കി. പശുക്കള്‍ സമൃദ്ധമായുള്ളതിനാല്‍ ഇവിടെ പാലിനും ഐസ്‌ക്രീമിനും വിലക്കുറവുണ്ട്. ഹേസല്‍ നട്ട് ഐസ്‌ക്രീം വാങ്ങി നുണഞ്ഞു, അപാരരുചി.

പുസ്തകം വാങ്ങാം

ലുസേണിലെ ലിന്‍ഡ് ചോക്ലേറ്റ് ഫാക്ടറി കൂട്ടുകാരി ആശ സന്ദര്‍ശിച്ച വിശേഷങ്ങള്‍ വാട്‌സാപ്പില്‍ പങ്കുവെച്ചതോര്‍ത്ത് ഉച്ചയോടെ അങ്ങോട്ടു തിരിച്ചു. ഡിസ്‌നിലാന്‍ഡിലെ റൈഡ് പോലുള്ള ഒരു വണ്ടിയില്‍ ഞങ്ങളെ ഇരുത്തി ഇരുട്ടിലൂടെ വണ്ടി സഞ്ചരിക്കവേ മുന്നിലായി തെളിഞ്ഞ സ്‌ക്രീനില്‍ കാടും മരവും തെളിഞ്ഞു. അങ്ങനെ കാടിനുള്ളിലൂടെ കടന്നു കൊക്കോ കായ പറിച്ചെടുക്കുന്ന പ്രതീതിയുണ്ടായി. കൊക്കോയും പാലും പഞ്ചസാരയും മിക്‌സ് ചെയ്യുന്ന ഫാക്ടറിയിലേക്ക് ഡിജിറ്റല്‍ ടെക്‌നോളജിയുടെ സഹായത്തോടെ ഞങ്ങളും കയറിക്കൂടിയ മാത്രയില്‍ നാസികയിലൂടെ ചോക്ലേറ്റ് ഗന്ധം ഇരച്ചുകയറി. നൂതനവിദ്യയുടെ സഹായത്താല്‍ സ്വാഭാവികത നിലനിര്‍ത്തി സന്ദര്‍ശകമനസ്സുകളെ കൊതിപിടിപ്പിച്ചു നാവില്‍ കപ്പലോടിക്കുന്ന അവസ്ഥയിലായപ്പോള്‍ വണ്ടി നിന്നു. ഒരു സ്വിച്ച് അമര്‍ത്താന്‍ അശരീരിയുണ്ടായി. സ്വിച്ച് അമര്‍ത്തിയതും ഉള്ളില്‍നിന്നും ഇഷ്ടംപോലെ ലിന്‍ഡ് മിഠായികള്‍ പ്രവഹിച്ചു. ഇരുകൈകളാലും വാരിയെടുത്ത് ഏവരും മതിവരുവോളം അകത്താക്കി. വണ്ടിയില്‍നിന്നു പുറത്തു കടന്നതും കവാടത്തില്‍ ഒരു സുന്ദരിപ്പെണ്ണ് വലിയ തളിക നിറയേ വിശേഷപ്പെട്ട ചോക്ലേറ്റുംകൊണ്ട് വിടപറയാന്‍ നില്‍ക്കുന്നു. ലിന്‍ഡിന്റെ സ്വാദ് തലയ്ക്കുപിടിച്ച് ഞങ്ങള്‍ തൊട്ടടുത്തുള്ള അവരുടെ കടയില്‍നിന്നും ഒരായുസ്സില്‍ തിന്നാനുള്ളത്രയും ചോക്ലേറ്റുകള്‍ വാങ്ങി. പുറമേയുള്ള കടകളിലെക്കാള്‍ കുറഞ്ഞ വിലയിലാണ് ഇവിടെ വില്‍പ്പനയ്ക്കുള്ളതെന്നതിനാല്‍ നാട്ടിലെത്തി എല്ലാവര്‍ക്കുമുള്ള സ്‌നേഹസമ്മാനം എന്ന നിലയില്‍ ലിന്‍ഡ് നല്‍കാമെന്നുറപ്പിച്ചു.

സ്വിസ് ഫാമിലി പാസ് ഉപയോഗിച്ച് ലുസേണില്‍നിന്നും പുറപ്പെടുന്ന ഏതോ ഒരു ക്രൂയിസ് ഷിപ്പില്‍ കയറി മലകളുടെ മനോഹാരിത കാണാനിറങ്ങി. പേരറിയാത്ത ഒരു പട്ടണത്തിലെത്തി അവിടെനിന്ന് മില്‍ക്ക് ഷെയ്ക്കും വാങ്ങി കുടിച്ച് ലുസേണിലേക്കുള്ള ബോട്ടില്‍ കയറി താഴ്‌വരയിലെ തടാകത്തിലൂടെ സഞ്ചരിച്ചു. അതുപോലെ തീവണ്ടിയില്‍ കയറി ലേക്ക് ജനീവ കടന്ന് ഇന്റലേക്കണ്‍ എന്ന മനോഹരമായ കൊച്ചുപട്ടണത്തില്‍ ഇറങ്ങി. ശൈത്യത്തെ അതിജീവിക്കാനായി ചെരിഞ്ഞ കൂരകളോടെ, ഒരേ മാതൃകയില്‍ നിര്‍മ്മിച്ച സുന്ദരമായ ഭവനങ്ങളില്‍ വസിക്കുന്ന സമാധാനപ്രിയരായ ആളുകള്‍, കൃഷി ചെയ്തും മൃഗങ്ങളെ പരിപാലിച്ചും കഴിഞ്ഞുകൂടുന്ന ജീവിതക്കാഴ്ച ആസ്വദിച്ചു. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ എത്ര കണ്ടാലും മതിവരില്ല. ചിലപ്പോള്‍ കളകളനാദത്തില്‍ ശൃംഗരിക്കുന്നു. ചില നേരത്ത് ആനന്ദനടനമാടുന്നു. ചില വേളകളില്‍ കോടമഞ്ഞ് ചിറകിലേറ്റി കരുണഭാവത്തില്‍ കേഴുന്നു. ചില നേരങ്ങളില്‍ ക്രുദ്ധയായി പ്രളയതാണ്ഡവമാടുന്നു. ഭൂമീദേവിയുടെ സമസ്തഭാവങ്ങള്‍ക്കും അര്‍ത്ഥമാരായാന്‍ ഈയുള്ളവള്‍ ആളല്ല. മനുഷ്യകുലത്തിന്റെ അപരാധങ്ങളെല്ലാം നെഞ്ചിലേറ്റി, സര്‍വ്വംസഹയായ ഭൂമീദേവി തന്റെ കേളി തുടരട്ടെ!

അവരുടെ മടിത്തട്ടില്‍ വിരിയുന്ന നവരസങ്ങള്‍ കാണാന്‍വേണ്ടി യാത്ര ചെയ്യാമെന്നല്ലാതെ നമുക്കെന്തു ചെയ്യാന്‍ കഴിയും?
അതേ!
യാത്ര തുടരുകയാണ്...

Content Highlights: excerpts from the book nile muthal nayagra vare by soumya sajid

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented