മതത്തെ സേവനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയ മദര്‍ തെരേസയുടെ സിദ്ധാന്തവും എതിര്‍പ്പുകളും!


മഞ്ജുളമാല എം.വി

ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ച തെരേസ എന്ന കന്യാസ്ത്രീയുടെ നാമധേയമാണ് മദര്‍ സ്വീകരിച്ചതെന്ന് ചിലര്‍ വിശ്വസിച്ചുവരുന്നുണ്ട്. പത്താംവയസ്സില്‍ കന്യാസ്ത്രീയായ അവര്‍ സ്പെയിനിലെ കാര്‍മല്‍ കോണ്‍വെന്റുമായി ബന്ധപ്പെട്ടിരുന്നു. 30 വര്‍ഷത്തോളം അവര്‍ പൂര്‍ണമനസ്സോടെ ഒരു കന്യാസ്ത്രീയായി ജീവിച്ചു

മദർ തെരേസ

ജീവകാരുണ്യത്തിന്റെ ആള്‍രൂപമായിരുന്ന മദര്‍ തെരേസയുടെ നൂറ്റിപ്പന്ത്രണ്ടാം ജന്മവാര്‍ഷികദിനമാണ് ഓഗസ്റ്റ് ഇരുപത്തിയാറ്. മഞ്ജുളമാല എം.വി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മദര്‍ തെരേസ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ജീവിച്ചിരിക്കേതന്നെ 'പുണ്യവാളത്തി' എന്ന ഖ്യാതി നേടിയ മദര്‍ തെരേസയുടെ കര്‍മമണ്ഡലം ലോകമൊട്ടാകെയായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, മറ്റ് എഴുപത്തിയേഴു രാജ്യങ്ങളില്‍ 1987 കാലത്ത് അഭയകേന്ദ്രങ്ങള്‍ സാധുക്കള്‍ക്കായി മദര്‍ സ്ഥാപിച്ചുകഴിഞ്ഞു. ലോകമെമ്പാടും പരന്നുകിടക്കുന്ന നൂറുകണക്കിന് അഭയകേന്ദ്രങ്ങള്‍ മദറിന്റെ വ്യക്തമായ അംഗീകാരത്തോടെ മാത്രം നടത്തപ്പെട്ടു. ഭക്ഷണവും ഔഷധങ്ങളുമായിരുന്നു മറ്റെന്തിലും മേലേയായി ശ്രദ്ധയില്‍. സ്വജീവിതം മുഴുവന്‍ മാനവസേവയ്ക്കായി ഉഴിഞ്ഞുവെച്ച് ചുറ്റുമുള്ള എല്ലാവരിലും സ്നേഹവും കാരുണ്യവും വര്‍ഷിക്കുന്നു. മരണംവരെ ജീവിതചര്യയില്‍ യാതൊരു മാറ്റവും വരുത്താതെ അഗതികള്‍ക്കും അശരണര്‍ക്കും ജീവിതം നിഷേധിക്കപ്പെട്ടവര്‍ക്കും ആസന്നമരണര്‍ക്കും നല്കിവന്ന സ്നേഹവും പരിചരണവും ആശ്വാസവും തന്നെയായിരുന്നു അവരുടെ ശക്തിയും പ്രചോദനവും. അഗതികളുടെ അനുഗ്രഹാശിസ്സുകളായിരുന്നു മദറിന്റെ എക്കാലത്തെയും കൈമുതല്‍. എവിടെയെല്ലാം ദുരിതവും പട്ടിണിയും രോഗവുമുണ്ടോ, അവിടെയെല്ലാം രക്ഷാദൂതുമായി എത്തുകയെന്നത് മദറിന്റെ ജീവിതതത്ത്വദീക്ഷയായിരുന്നു.

എയ്ഡ്സ് രോഗത്തിന്റെ രംഗപ്രവേശം- മനുഷ്യര്‍ ഈ രോഗത്തെ ഭയത്തോടെയും വിറയലോടെയും നോക്കിക്കണ്ട കാലം. ആശുപത്രികളില്‍ ഇത്തരം രോഗികള്‍ സ്വീകരിപ്പെട്ടില്ല. ജയിലുകളില്‍ ഈ രോഗികള്‍ക്കു ശുശ്രൂഷ ചെയ്യാന്‍ പല തടസ്സങ്ങളുമുണ്ടായിരുന്നു. എയ്ഡ്സ് ബാധിതരെ സ്പര്‍ശിക്കുകയോ അവരുപയോഗിച്ച സാധനങ്ങള്‍ കൈകാര്യം ചെയ്യുകയോ ചെയ്താല്‍ രോഗബാധയുണ്ടാകുമെന്നു ഭയപ്പെട്ടിരുന്ന കാലത്താണ് മദര്‍ ഒരു ഫ്ളോറന്‍സ് നൈറ്റിംഗേലായി, പീറ്റര്‍ ഡാമിയനായി സ്നേഹസേവനദൗത്യവുമായി അവരുടെയിടയില്‍ പറന്നെത്തിയത്. അത് തിരമാലകള്‍ കണ്ടു ഭയപ്പെടാതെ അക്കരേക്കുള്ള ഒരു യാത്രയായിരുന്നു; സിയോണ്‍ സഞ്ചാരിയുടെ യാത്ര!

ഏറ്റവുമധികം എയ്ഡ്സ് രോഗബാധിതരുള്ള ന്യൂയോര്‍ക്കിലെ ഗവര്‍ണറെയും മേയറെയും കണ്ട് മദര്‍ സംസാരിച്ചു. എയ്ഡ്സ് രോഗികള്‍ക്കായി ഒരു അഭയഭവന്‍ മാത്രമായിരുന്നു അമ്മയുടെ ആവശ്യം. മറ്റുള്ള എതിര്‍പ്പുകള്‍ വകവെക്കാതെ മേയര്‍ പറഞ്ഞു: 'ജീവിക്കുന്ന ഒരു വിശുദ്ധ ചോദിച്ചാല്‍ എങ്ങനെ നിരസിക്കും. ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്നവരിലെ ഏകവിശുദ്ധ.'

-അങ്ങനെ 1985 അന്ത്യത്തില്‍ ആദ്യഭവനം ന്യൂയോര്‍ക്കില്‍ ആരംഭിക്കാനിടയായി. എയ്ഡ്സ് ദൈവശിക്ഷയാണെന്നു ജനം കരുതിപ്പോരുന്നെങ്കിലും രക്ഷാകരമായ ഫലമുളവാക്കുന്ന ഒരവസരമാക്കി അതിനെ മാറ്റി മദര്‍.
സമൂഹത്തിലെ വ്യക്തിപരമായ പദവികള്‍ക്ക് മദര്‍ ഒരിക്കലും വിലകൊടുത്തില്ല. സ്പഷ്ടമായ സാര്‍വത്രികസ്നേഹത്തിന്റെയും സംശുദ്ധിയുടെയും മനുഷ്യസേവനത്വരയുടെയും പിന്‍ബലത്തിലാവണം, ലോകം മുഴുവനുമുള്ള ജനങ്ങള്‍ ദശലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന സംഭാവന പൂര്‍ണവിശ്വാസത്തോടെ മദറിന് എത്തിച്ചുകൊടുത്തത്.

അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ് തന്റെ ജീവിതത്തെ ഗണ്യമായി സ്വാധീനിച്ചിരുന്നുവെന്ന് മദര്‍ ഏറ്റുപറയാറുണ്ട്. ഇറ്റലിയിലെ അസീസ്സിപ്രവിശ്യയില്‍ 1181-ല്‍ ജിയോവന്നി ബര്‍ണഡോണ്‍ ഫ്രാന്‍സിസ്‌കോ എന്ന കുടുംബത്തില്‍ ജനിച്ച ധനികപുത്രനെ പിതാവ് വിളിച്ചിരുന്നത് 'സിസോ' എന്നായിരുന്നു. പെട്രോ ബര്‍ണഡോണ്‍ എന്ന പിതാവ് പഠിത്തത്തില്‍ വിമുഖനായ പുത്രനെ വ്യാപാര വ്യവസായ വിഷയങ്ങളിലേക്കു ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതിലൊന്നും ശ്രദ്ധ കൊടുക്കാത്ത സിസോയുടെ മനസ്സ് എന്നും സത്യത്തിന്റെ കൂടെയായിരുന്നു. ആഭ്യന്തരകലാപങ്ങളില്‍ പങ്കെടുത്ത് ജയിലിലടയ്ക്കപ്പെട്ട സിസോ ആരോഗ്യം തകര്‍ന്ന നിലയില്‍ തിരിച്ചെത്തി. ഒരു ദിവസം കുതിരപ്പുറത്ത് സഞ്ചരിക്കവേ കുഷ്ഠരോഗിയായ ഒരു യാചകനെ കണ്ടുമുട്ടാനിടയായി. തന്റെ കൈവശമുള്ള സ്വത്തെല്ലാം ആ യാചകനു നല്കി സിസോ. എന്നിട്ടും അയാള്‍ തിരിച്ച് നന്ദിയോ സ്നേഹമോ കാണിച്ചില്ല. ഒരുതരം നിര്‍വികാരതയോടെയായിരുന്നു പെരുമാറിയിരുന്നത്. സിസോയുടെ മനസ്സിനെ അയാളുടെ നിസ്സംഗഭാവം അഗാധമായി സ്പര്‍ശിച്ചു.

കുഷ്ഠരോഗിയായതിനാല്‍ കുടുംബം പെരുവഴിയിലേക്കു വലിച്ചെറിയപ്പെട്ട ഹതഭാഗ്യനാണ് അയാള്‍ എന്ന സത്യം സിസോ മനസ്സിലാക്കി. ആ യാചകനു വേണ്ടിയിരുന്നത് സ്നേഹവും ശ്രദ്ധയും പരിചരണവുമായിരുന്നു. നിര്‍ഭാഗ്യവാന്മാരായ ഇത്തരം കുഷ്ഠരോഗികള്‍ യാതൊരുവിധ സഹായവും ലഭിക്കാതെ തെരുവുകളില്‍ അലഞ്ഞുതിരിയുന്നതിനെതിരേ 'ഉള്‍വിളി'യനുസരിച്ച് താന്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം തീരുമാനിച്ചു.
വേദനയിലും യാതനയിലുമുഴലുന്നവരുടെ കൂടെ തെരുവുകളില്‍ കഴിയാനാണ് സിസോ പിന്നീട് തയ്യാറായത്. തന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണമുപയോഗിച്ചു തകര്‍ന്നുകിടക്കുന്ന സെന്റ് ഡാമിയാനോ പള്ളി പുനരുദ്ധരിക്കാനൊരുങ്ങവേ തടസ്സം നിന്ന പിതാവിന് തന്റെ പണവും താനണിഞ്ഞിരുന്ന വിലകൂടിയ വസ്ത്രങ്ങളും ഊരിയെടുത്ത് ഏല്പിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ഒരു കുഷ്ഠരോഗിയുടെ കീറിപ്പറിഞ്ഞ തുണിക്കഷണം വാങ്ങി നഗ്‌നത മറച്ചു. തന്റെ പിതാവിന്റെ ആര്‍ഭാടം നിറഞ്ഞ വീട്ടിലേക്ക് പിന്നീടൊരിക്കലും സിസോ തിരിച്ചുപോയില്ല. പള്ളിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി കല്ലുകള്‍ക്കുവേണ്ടി യാചിച്ചും അത് ചുമന്നു പള്ളിയിലെത്തിച്ചും ക്ഷീണിച്ചവശനായി വിശ്രമിക്കാന്‍പോലും സമയമെടുക്കാതെ കുഷ്ഠരോഗികളുടെ വ്രണങ്ങള്‍ മരുന്നുവെച്ചുകെട്ടാനും അവരെ നല്ലവാക്കുകള്‍ പറഞ്ഞാശ്വസിപ്പിക്കാനും അദ്ദേഹം തത്രപ്പെടുകയായിരുന്നു. അല്പകാലത്തിനുള്ളില്‍ കുഷ്ഠരോഗികളുടെ ആരാധനാപാത്രമായി മാറി സിസോ.

അദ്ദേഹം 'അസീസ്സിയിലെ സാധുസഹോദരന്മാര്‍' എന്ന പേരില്‍ രൂപീകരിച്ച സംഘടന സേവനപ്രവര്‍ത്തനത്തിലും നിര്‍മാണവേലകളിലും മാത്രം മുഴുകി. പ്രകൃതിയുമായി കൂടുതല്‍ക്കൂടുതല്‍ അടുത്ത സിസോയ്ക്ക് കിഴക്കുദിക്കുന്ന സൂര്യനും മന്ദസ്മിതം തൂകുന്ന ചന്ദ്രബിംബവും പൂവിരിയുന്ന ലതാനികുഞ്ജങ്ങളും ഭംഗിയേറുന്ന മൃഗജാതികളും കിളികളുടെ കളകൂജനവും ആസ്വാദ്യമായി. ക്രമേണ സസ്യഭോജിയായിത്തീര്‍ന്ന അദ്ദേഹം നിരന്തരമായ അധ്വാനത്താല്‍ പരവശനായി. അസുഖകാലത്ത് ദൈവമഹത്ത്വം പ്രഘോഷിക്കുന്ന മനോഹരമായ പ്രാര്‍ഥനകള്‍ അദ്ദേഹം എഴുതിയുണ്ടാക്കി. 45-ാം വയസ്സില്‍ കുഷ്ഠരോഗികളുടെ കുടിലില്‍ കിടന്ന് അന്ത്യശ്വാസംവലിച്ചു. അനുകമ്പാജീവിതത്തോടു സാമ്യമുള്ളതും വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ഥനകള്‍ ഉരുവിടുന്നതുമായിരുന്നു മദറിന്റെയും ജീവിതം. വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെതന്നെ സഭയുടെ ചട്ടക്കൂടിനു പുറത്തായിരുന്നു പ്രവര്‍ത്തനമണ്ഡലം.
മദര്‍ തെരേസയുടെ ജന്മവുമായി ബന്ധപ്പെട്ട് അസാധാരണവും രസകരവുമായ നിരവധി സംഭവങ്ങളുണ്ട്. 1910-ല്‍ മദര്‍ ജനിച്ച അതേ വര്‍ഷംതന്നെയായിരുന്നു ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ചരമം. ക്രീമിലെയര്‍ യുദ്ധകാലത്ത് മുറിവേറ്റുപിടയുന്ന സൈനികരുടെ ശുശ്രൂഷയ്ക്കായി രാവും പകലും കഷ്ടപ്പെട്ട ഫ്ളോറന്‍സ് 'വിളക്കേന്തിയ വനിത' എന്നറിയപ്പെട്ടു.

വേദനയില്‍ പുളഞ്ഞുകരഞ്ഞിരുന്ന സൈനികരെ ശുശ്രൂഷിച്ചിരുന്ന ഡോക്ടര്‍മാരും നേഴ്സുമാരും വിശ്രമിക്കുന്ന വേളകളില്‍പ്പോലും മുറിവുകള്‍ വെച്ചുകെട്ടുന്നതു മാത്രം തന്റെ ആശ്വാസമായി കണ്ട മഹിളാരത്നമായിരുന്നു നൈറ്റിംഗേല്‍. രാത്രി സദാസമയവും ഒരു വിളക്കുമായി നടന്നുനീങ്ങുന്നതായിരുന്നു അവരുടെ സ്വഭാവത്തിന്റെ സവിശേഷത. തന്റെ സേവനവും സഹായവും ആവശ്യമുള്ള മുറിവേറ്റ സൈനികരെ തേടിനടക്കുകയായിരുന്നു അവര്‍. നേരം വെളുക്കുന്നതോ സൂര്യനസ്തമിക്കുന്നതോ അവരറിയാറില്ല. അതേപോലെതന്നെ സമാനമായ സ്വഭാവവൈശിഷ്ട്യമായിരുന്നു മദര്‍ തെരേസയും പുലര്‍ത്തിവന്നത്. തെരുവുകളിലും കുടിലുകളിലും ആരോരുമറിയാതെ കിടക്കുന്ന ആസന്നമരണരെയും രോഗബാധിതരെയും തിരഞ്ഞുകണ്ടുപിടിച്ച് ശുശ്രൂഷിക്കുന്നതില്‍ മുഴുകിയ ജീവിതമായിരുന്നു മദറിനും. പുനര്‍ജന്മസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ചരമമടഞ്ഞ അതേ വര്‍ഷം ജനിച്ചുവീണ മദര്‍ തെരേസ അവരുടെ പുനര്‍ജന്മമാണെന്നുതന്നെയാണ്. മനുഷ്യസേവനമായിരുന്നു രണ്ടുപേരുടെയും ജീവിതതത്ത്വം. സ്വാര്‍ഥമോഹങ്ങളില്ലാതെ മാനവരാശിക്കുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച ഇരുവരും ആദരണീയസ്ഥാനമലങ്കരിക്കുന്നു.

ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ച തെരേസ എന്ന കന്യാസ്ത്രീയുടെ നാമധേയമാണ് മദര്‍ സ്വീകരിച്ചതെന്ന് ചിലര്‍ വിശ്വസിച്ചുവരുന്നുണ്ട്. പത്താംവയസ്സില്‍ കന്യാസ്ത്രീയായ അവര്‍ സ്പെയിനിലെ കാര്‍മല്‍ കോണ്‍വെന്റുമായി ബന്ധപ്പെട്ടിരുന്നു. 30 വര്‍ഷത്തോളം അവര്‍ പൂര്‍ണമനസ്സോടെ ഒരു കന്യാസ്ത്രീയായി ജീവിച്ചു. മതത്തെ സേവനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന സിദ്ധാന്തം കൊണ്ടുവന്ന അന്നത്തെ തെരേസയ്ക്ക് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ മാര്‍പാപ്പയുടെ അനുവാദത്തോടെ അവര്‍ കന്യാസ്ത്രീമഠം വിട്ടു പോയി. ഇതേപോലെതന്നെയായിരുന്നു മദര്‍ തെരേസയും സേവനവ്യഗ്രതയില്‍ പ്രചോദിതയായി മാര്‍പാപ്പയുടെ അനുമതിയോടെ ലൊറേറ്റോ വിട്ട് പുറത്തുവന്നത്. തെരേസ കന്യാസ്ത്രീമഠം വിട്ട ശേഷം സ്വന്തം സ്ഥലമായ സ്പെയിനിലെ ആവിലാനഗരത്തിലേക്കു മടങ്ങി. തെരേസാകന്യാസ്ത്രീയുടെ പ്രവൃത്തികളില്‍ ഉത്തേജിതയായാവണം, ചെറുപ്പത്തിലേ തന്റെ പേര് 'ആഗ്നസ്' എന്നത് 'തെരേസ' എന്നാക്കി മാറ്റിയത്. ആഗ്നസ് പുതിയ പേരു സ്വീകരിച്ചതോടെ 'സിസ്റ്റര്‍ തെരേസ' എന്നറിയപ്പെടാന്‍ തുടങ്ങി.

ഫ്രാന്‍സിലെ ഒരു കോണ്‍വെന്റില്‍ കന്യാസ്ത്രീയായിരുന്ന മറ്റൊരു തെരേസയില്‍നിന്നാണ് മദര്‍ തന്റെ പേരു സ്വീകരിച്ചതെന്നും ഒരഭിപ്രായമുണ്ട്. വളരെ ചെറുപ്പത്തിലേതന്നെ അവര്‍ മരണമടഞ്ഞു. 'ഇളംപൂവ്' എന്നായിരുന്നു പൊതുവേ അവരറിയപ്പെട്ടിരുന്നത്. മദര്‍ തെരേസയുടെ ചെറുപ്പത്തിലെ പേര് 'ഗോണ്‍സ്ഷാ' എന്നതിന്റെ അര്‍ഥവും 'പൂമൊട്ട്' എന്നായിരുന്നു. 1927-ല്‍ ഫ്രാന്‍സിലെ സിസ്റ്റര്‍ തെരേസ 'വിശുദ്ധ'-യായി വാഴ്ത്തപ്പെട്ടു.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

മദര്‍ തെരേസയുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തി സിസ്റ്റര്‍ നിവേദിതയായിരുന്നു. വിദേശരാജ്യങ്ങളില്‍ ജനിച്ച ഇവരും സ്വാഭീഷ്ടത്താല്‍ ഇന്ത്യയെ സ്വന്തം ഭവനമായി പ്രഖ്യാപിച്ചു. അധ്യാപകവൃത്തിയിലേര്‍പ്പെട്ട ഇവര്‍ മാനവസേവനം മാത്രം ലക്ഷ്യംവെച്ചുള്ള മനസ്സോടെയായിരുന്നു സ്വന്തം ജോലി വലിച്ചെറിഞ്ഞത്. ഇരുവര്‍ക്കും പ്രിയപ്പെട്ട നഗരമായിരുന്നു കല്‍ക്കത്ത. ഇരുവരുടെയും ജീവിതത്തില്‍ ഹിമാലയത്തിനും പ്രത്യേക സ്ഥാനമുണ്ട്. ഹിമാലയപര്‍വതത്തിനു സമീപമുള്ള ഡാര്‍ജിലിങ്ങിലൂടെ 1946 സപ്തംബര്‍ 10-ാം തീയതി തീവണ്ടിയില്‍ സഞ്ചരിക്കവേയാണ് മദറിന് 'മനഃസാക്ഷിയുടെ വിളി'യുണ്ടായത്. 'ദുരിതത്തില്‍പ്പെട്ടുഴലുന്നവരുടെ സേവനത്തിനായി സ്വജീവിതം സമര്‍പ്പിക്കുക.' മദറിന്റെ ഈ ആത്മാന്വേഷണത്തിനു മഞ്ഞുമൂടിയ ഹിമാലയ ഗിരിശൃംഗങ്ങളില്‍ പതിച്ചിരുന്ന സൂര്യരശ്മികളും സുഖശീതളമായ കാറ്റും പശ്ചാത്തലമൊരുക്കി. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കുവേണ്ടി തന്റെ ജീവിതം സ്വമനസ്സാലേ സമര്‍പ്പിക്കുന്നുവെന്ന് ആ വെട്ടിത്തിളങ്ങുന്ന ഗിരിശൃംഗത്തെ സാക്ഷിയാക്കി അവര്‍ ദൃഢപ്രതിജ്ഞയെടുത്തു.

ഈ പ്രതിജ്ഞ അവരുടെ മാര്‍ഗനിര്‍ദേശകതത്ത്വവും ജീവിതമാര്‍ഗവുമായി മാറി. മനോഹാരിതയാര്‍ന്ന ഹിമാലയശൃംഗങ്ങളെ പിന്നിലാക്കി തീവണ്ടി മുന്നോട്ടു പോകവേ സുഖവും ക്ഷേമവും നിറഞ്ഞ തന്റെ താത്കാലികജീവിതം മദര്‍ തെരേസ പിന്നോട്ടു തള്ളി. ഇതേപോലെതന്നെ സിസ്റ്റര്‍ നിവേദിതയും തന്റെ ജീവിതത്തിലെ സത്യത്തിന്റെ വഴി പവിത്രമായ ഹിമാലയപര്‍വതപ്രദേശങ്ങളില്‍നിന്നുതന്നെ കണ്ടെത്തി. ഇരുവരുടെയും സത്യമാര്‍ഗം ഒന്നുതന്നെയായിരുന്നു. വേദങ്ങളും ദിവ്യപ്രബോധനങ്ങളും പഠിച്ച സിസ്റ്റര്‍ നിവേദിത സേവനം മാത്രമാണ് പരമപ്രധാനമെന്നു കണ്ടെത്തി. അവരുടെ അന്ത്യവും ഹിമാലയത്തിന്റെ മടിത്തട്ടില്‍ത്തന്നെയായിരുന്നു. മദറിന്റെ ജീവിതത്തില്‍ വന്നുഭവിച്ച ഈ സമാനതകളെല്ലാം വിളിച്ചോതുന്നത് ഒന്നു മാത്രമായിരുന്നു-'സാധുജനസേവനം.'

Content Highlights: Mother Theresa, Manjulamala M.V, Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented