'ആ സംഘത്തിന് എന്തോ സംശയം കുടുങ്ങിയിട്ടുണ്ട്, ക്ഷേത്രത്തിനകത്തോട്ടു കയറണ്ട': പുനത്തിലും മൂകാംബികയും


പുനത്തില്‍ കുഞ്ഞബ്ദുള്ള

അമ്പലമടുക്കുന്തോറും നെഞ്ചിടിപ്പു കൂടിക്കൂടിവന്നു. നടയിലെത്തുമ്പോഴേക്കും വിയര്‍ത്തുകുളിച്ചു പോയി. ഒരു നിമിഷം ഞാന്‍ ക്ഷേത്രനടയിലേക്കൊന്നു നോക്കി. അങ്ങു ദൂരേ ഇരുട്ടില്‍ ഒരു കണ്ണ് കനലുപോലെ കത്തുന്നു. ദേവിയുടെ പ്രഭാവം ഒരു മിന്നല്‍പോലെ എന്നില്‍പ്പതിച്ചു. ആദ്യമായി, അന്നു രാത്രി എനിക്കു പനിച്ചു.

പുനത്തിൽ, മൂകാംബികാക്ഷേത്രം

എന്‍. ശ്രീകുമാര്‍ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മൂകാംബികാസ്മൃതികള്‍' എന്ന പുസ്തകത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സിനിമാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ എഴുതിയ മൂകാംബികാ ക്ഷേത്രസന്ദര്‍ശനാനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. ഇളയരാജ, എം.ടി. വാസുദേവന്‍ നായര്‍, ജയറാം, മദനന്‍ തുടങ്ങിയവരുടെ മൂകാംബിക സന്ദര്‍ശനങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ 'അമ്മയുടെ മുന്നിലെ അബ്ദുള്ള' എന്ന ലേഖനം വായിക്കാം.

വീടിനടുത്തായിരുന്നു അറയ്ക്കല്‍ അമ്പലം. കാണാവുന്നതും കേള്‍ക്കാവുന്നതുമായ ദൂരത്തില്‍. വിശാലമായ മുറ്റമാണ് വീടിന്റെത്. വേനല്‍ക്കാലത്ത് ബാപ്പയുടെ മൂത്ത സഹോദരി കാംപ്‌കോട്ട് വിരിച്ച് മുറ്റത്ത് മലര്‍ന്നുകിടക്കും. അടുത്ത് എന്നെയും കിടത്തും. ആകാശത്ത് നിറഞ്ഞ നക്ഷത്രങ്ങളെ നോക്കി മലക്കുകള്‍ ഇറങ്ങിവരുന്നതിനെക്കുറിച്ചു പറയും. അതു കേട്ടും ഭാവനയില്‍ കണ്ടും അങ്ങനെ കിടക്കുമ്പോള്‍ അറയ്ക്കല്‍ അമ്പലത്തിലെ കൊട്ടു കേള്‍ക്കും. അതിന്റെ താളത്തിനനുസരിച്ച് അവര്‍ എന്റെ പുറത്തു തട്ടും. ആ സൗഖ്യത്തില്‍ ഞാനുറങ്ങും.

അറയ്ക്കല്‍ അമ്പലത്തിലെ തെറവരവ് വലിയ കാഴ്ചയാണ്. താളത്തില്‍ക്കൊട്ടി പണിക്കരും പിരിവുകാരുമെല്ലാം ചേര്‍ന്നുള്ള നിറപ്പകിട്ടുള്ള ഘോഷയാത്രയായിരുന്നു അത്. ഒരു തവണ ബാപ്പയുടെ മൂത്ത സഹോദരി എന്നോടു പറഞ്ഞു:'അമ്പലത്തിനു മുന്നിലൂടെ പോകുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കണം. അശുദ്ധിയാക്കരുത്. നമ്മള്‍ അന്യമതത്തില്‍പ്പെട്ടവരാണ്.' എനിക്കൊന്നും മനസ്സിലായില്ല.മടപ്പള്ളി സ്‌കൂളിലേക്കു മാറിയപ്പോള്‍ ക്ഷേത്രത്തിനു മുന്നിലൂടെ വേണമായിരുന്നു കടന്നുപോകാന്‍. ഞങ്ങളുടെ സംഘത്തില്‍ ഞാന്‍ മാത്രമേ മുസ്‌ലിം കുട്ടിയായിട്ടുണ്ടായിരുന്നുള്ളൂ. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് എനിക്ക് ഒറ്റയ്ക്ക് വീട്ടിലേക്കു തിരിച്ചുവരേണ്ടി വന്നു. അമ്പലമടുക്കുന്തോറും നെഞ്ചിടിപ്പു കൂടിക്കൂടി വന്നു. നടയിലെത്തുമ്പോഴേക്കും വിയര്‍ത്തു കുളിച്ചു പോയി. ഒരു നിമിഷം ഞാന്‍ ക്ഷേത്രനടയിലേക്കൊന്നു നോക്കി. അങ്ങു ദൂരേ ഇരുട്ടില്‍ ഒരു കണ്ണ് കനലു പോലെ കത്തുന്നു. ദേവിയുടെ പ്രഭാവം ഒരു മിന്നല്‍പോലെ എന്നില്‍പ്പതിച്ചു. ആദ്യമായി, അന്നു രാത്രി എനിക്കു പനിച്ചു. ബാപ്പയുടെ സഹോദരിക്ക് ആധിയായി. അവരോട് ഞാന്‍ ഉച്ചയ്ക്കു നടന്ന സംഭവം പറഞ്ഞു. അവരുടെ ആധി ഇരട്ടിച്ചു. അന്നു രാത്രിതന്നെ എന്നെ ചരടുകെട്ടി ഊതിച്ചു. ദേവിക്കു വഴിപാടുകള്‍ നേര്‍ന്നു.

പഠനത്തിനും തൊഴിലിനുമായി ഞാന്‍ പിന്നീട് നാടുവിട്ട് പല ദേശങ്ങളിലലഞ്ഞു. അപ്പോഴെല്ലാം അറയ്ക്കല്‍ അമ്പലവും ഉച്ചനേരത്തെ ആ ദേവീദര്‍ശനവും എന്റെ മനസ്സില്‍ കെടാതെ കിടന്നിരുന്നു. ഒടുവില്‍ 1971-ല്‍ ഞാന്‍ നാട്ടിലെത്തി. വടകരയില്‍ പ്രാക്ടീസ് തുടങ്ങി. ആ സമയത്താണ് മൂകാംബികാ ക്ഷേത്രത്തെക്കുറിച്ചും കലയുടെ വരദായിനിയെക്കുറിച്ചും കാനനഭംഗിയെക്കുറിച്ചുമെല്ലാം കേട്ടത്. അത് എന്റെയുള്ളില്‍ പടരാന്‍ തുടങ്ങി. പോവാതെ വയ്യ എന്ന അവസ്ഥയിലായി. ഭക്തിയല്ലായിരുന്നു, മറിച്ച് മധുരവും സൗന്ദര്യവും ശാന്തിയും നിറഞ്ഞ ഒരിടത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു എന്റെയുള്ളില്‍ വെമ്പിനിന്നിരുന്നത്. ഒരു ദിവസം വടകരയില്‍നിന്നു ക്ലിനിക് പൂട്ടി ഞാന്‍ ഒറ്റയ്ക്കിറങ്ങിത്തിരിച്ചു, കൊല്ലൂരിലേക്ക്.

ഉച്ചയോടെ മംഗലാപുരത്തെത്തി. ഊണു കഴിച്ച് അടുത്ത ബസ്സില്‍ കയറി. എപ്പോഴോ ഒന്നു മയങ്ങിയപ്പോള്‍ കുട്ടിക്കാലത്തു കണ്ട ദേവീസ്വരൂപം ഉള്ളില്‍ത്തെളിഞ്ഞു. അന്നു ഞാന്‍ ദേവിയെ പേടിച്ചു; എന്നാല്‍ ഇന്ന് തേടിപ്പോവുകയാണ്.
എന്തിനുവേണ്ടിയാണ് പോകുന്നത് എന്നറിയില്ല എന്നതായിരുന്നു ആ യാത്രയുടെ ആനന്ദം. ഏതോ ഒരു ശക്തി സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച് കൂട്ടിക്കൊണ്ടുപോകുംപോലെ. എത്തിച്ചേരുന്നിടത്ത് എന്തനുഭൂതിയാണ് നമ്മെ കാത്തിരിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു.
സന്ധ്യയോടെ ഞാന്‍ ക്ഷേത്രനടയിലെത്തി. മനസ്സിലാക്കിവെച്ചതിനനുസരിച്ച് അഡിഗയുടെ വീട്ടില്‍ ചെന്നു. കടുംനിറങ്ങളും കുങ്കുമത്തിന്റെ ഗന്ധവും നിറഞ്ഞ വീട്. ആരാണെന്നുപോലും ചോദിക്കാതെ അവര്‍ എന്നെ സ്വീകരിച്ചു.

'ഞാന്‍ ഒരു മുസ്‌ലിമാണ്', അദ്ദേഹത്തോട് കളവുപറയാന്‍ എനിക്കാവില്ലായിരുന്നു.
'അതിനെന്താ? അമ്മയ്ക്ക് എല്ലാവരും മക്കളാണ്, മതമൊന്നുമില്ല.'
അന്നു രാത്രി ചോറും മോരും പപ്പടവും കണ്ണിമാങ്ങയും ചേര്‍ന്ന ഊണ് നിലത്ത് ചമ്രംപടിഞ്ഞിരുന്ന് ഞാന്‍ ഉണ്ടു. സാത്ത്വികമായ രുചിയുടെ സമുദ്രം എന്റെ രസനയില്‍ നൃത്തംവെച്ചു. അന്നെനിക്കു വിളമ്പിക്കിട്ടിയ ഓരോ മണി ചോറിലും നിറയെ സ്‌നേഹമുണ്ടായിരുന്നു. വഴിയമ്പലത്തില്‍ രാത്രി കഴിച്ചുകൂട്ടാനെത്തിയ പഥികന് സ്വന്തം അന്നം പങ്കുവെച്ചു കൊടുക്കുന്നതിലുള്ള സ്‌നേഹമാണ് ആ ഭക്ഷണത്തില്‍ ഞാന്‍ രുചിച്ചത്. പുറത്തു പെയ്യുന്ന മഴയുടെ താളം കേട്ട് ആ വീടിന്റെ തണുത്ത തളത്തില്‍ കിടന്ന് അന്നു രാത്രി ഞാന്‍ ശാന്തമായുറങ്ങി.

പിറ്റേന്ന് പുലര്‍ച്ചെ ഓട്ടുരുളിയില്‍ തണുത്ത വെള്ളം തന്നു. ഒരു കാടിന്റെ വിശുദ്ധി മുഴുവന്‍ തുള്ളികളില്‍ ആവാഹിച്ച ആ ജലത്തിലെ സ്‌നാനം എന്റെ മനസ്സിനെയും ശരീരത്തിനെയും പുതിയ ഉദയങ്ങളിലേക്കുണര്‍ത്തി. കാവിമുണ്ടുടുത്ത്, തോര്‍ത്തു പുതച്ച്, നഗ്നപാദനായി ഞാന്‍ ഇറങ്ങി. തലേന്നു രാത്രി പെയ്ത മഴയില്‍ നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോള്‍ ശരീരത്തിന്റെ ഭാരം തീര്‍ത്തും ഇല്ലാതായതുപോലെ. ഞാന്‍ നനുത്ത ഒരു തൂവല്‍പോലെയായിരിക്കുന്നു. (മക്കയില്‍വെച്ചും എനിക്കിതേ അനുഭവമുണ്ടായിട്ടുണ്ട്). ക്ഷേത്രനടയിലേക്കല്ലായിരുന്നു, ഒരു കൊച്ചു പുസ്തകശാലയിലേക്കായിരുന്നു ഞാന്‍ ആദ്യം ചെന്നത്. ഷെല്‍ഫില്‍ സൗന്ദര്യലഹരിയുടെ ഒരു കോപ്പിയിരിക്കുന്നു. അതു വാങ്ങി ഞാന്‍ കടയുടെ തിണ്ണയിലിരുന്നു. പുറത്ത് മഴ പെയ്തുതുടങ്ങി. സൗപര്‍ണികയില്‍ ജലതരംഗനാദം, അംബാവനം നനഞ്ഞുകുതിര്‍ന്നു നില്ക്കുന്നു. ഞാന്‍ ആദ്യം ശ്ലോകം ഉറക്കെ ചൊല്ലി:
ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി!
അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി
പ്രണന്തും സ്‌തോതും വാ കഥമകൃതപുണ്യഃ പ്രഭവതി?

വല്ലാത്തൊരനുഭൂതിയായിരുന്നു അത്. ഇതൊന്നും ഞാന്‍ മുന്‍കൂട്ടി വിചാരിച്ചു ചെയ്തതല്ല. സംഭവിച്ചതാണ്. പൂര്‍വനിശ്ചിതമാണോ എന്നറിയില്ല.തുടര്‍ന്ന് ഞാന്‍ ക്ഷേത്രത്തിനകത്തു കടന്ന് തൊഴുതു, പ്രദക്ഷിണംവെച്ചു. ഒരിക്കലും ഞാന്‍ ഒരവിശ്വാസിയല്ല. സാമീപ്യം ഉണ്ടായിട്ടില്ലാത്തതുകൊണ്ട് ദൈവമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ദൈവത്തെ നിഷേധിക്കാറുമില്ല. പ്രപഞ്ചസംവിധാനത്തിന്റെ ഊടിനും പാവിനുമിടയില്‍ ഊര്‍ജമായി ഏതോ ഒരു ശക്തിയുണ്ട് എന്നു വിശ്വസിക്കുന്നുണ്ട്. മൂകാംബികാക്ഷേത്രത്തില്‍ ഒരു തൂവല്‍പോലെ ഘനരഹിതനായി പ്രദക്ഷിണം വെക്കുമ്പോഴാണ് എനിക്കതു പൂര്‍ണമായും ബോധ്യമായത്.

പുസ്തകം വാങ്ങാം

ഉച്ചയോടുകൂടി ഞാന്‍ അഡിഗയുടെ വീട്ടില്‍ തിരിച്ചെത്തി. ഊണു വിളമ്പുമ്പോള്‍ അദ്ദേഹം ചോദിച്ചു:
'അബ്ദുള്ളാവ് ഇന്നു പോകുന്നുണ്ടോ?'
'ഇല്ല,' ഞാന്‍ പറഞ്ഞു.
'നന്നായി. ദീപാരാധന ദര്‍ശിച്ചു പോകൂ.'
ഉച്ചയ്ക്കു ഞാന്‍ ക്ഷേത്രവഴികളിലലഞ്ഞു. സൗപര്‍ണികയുടെ തീരത്തു ചെന്നിരുന്നു. വൈകുന്നേരം ആ ഔഷധനദിയില്‍ ആവോളം കുളിച്ചു. തണുത്ത ശരീരത്തോടെ വന്ന്, ആരതികള്‍ തിളങ്ങുന്ന പൂജ കണ്ടു. വെട്ടിത്തിളങ്ങുന്ന ശ്രീകോവില്‍. ഞാന്‍ ഒരിക്കല്‍ക്കൂടി കുട്ടിക്കാലത്തെ ദേവീദര്‍ശനം ഓര്‍ത്തു. പക്ഷേ, ഇപ്പോള്‍ എനിക്കു ഭയമേ ഇല്ല. കത്തുന്ന ഗോളങ്ങളല്ല ആ കണ്ണുകള്‍. മറിച്ച്, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നദിയാണ്. മകന്‍ അമ്മയോടു ചേര്‍ന്നുനില്ക്കുന്നതുപോലെയാണ് ഞാന്‍ നിന്നത്. എന്റെ എല്ലാ ദുഃഖങ്ങളും ആശങ്കകളും അലിഞ്ഞില്ലാതായിരിക്കുന്നു. ഹൃദയം സൗപര്‍ണികപോലെ സ്വച്ഛമായൊഴുകുന്നു.

അന്നു രാത്രി അതുവരെ അനുഭവിച്ചിട്ടില്ലാത്ത മനസ്സമാധാനത്തോടെ ഞാന്‍ ഉറങ്ങി. അതിശാന്തവും ഗാഢവുമായ നിദ്ര.
പിന്നീട് ഞാന്‍ പല തവണ മൂകാംബികയില്‍ പോയി. പക്ഷേ, ആദ്യത്തെ ഏകാന്തയാത്രയുടെ ആനന്ദം ആ സഞ്ചാരങ്ങളിലൊരിക്കലും കിട്ടിയിട്ടില്ല.
എഴുത്തുകാരന്‍ ശത്രുഘ്‌നനോടൊത്താണ് പ്രധാനപ്പെട്ട ഒരു യാത്രയുണ്ടായത്. മൂകാംബികയിലും കുടജാദ്രിയിലും ഞങ്ങള്‍ അന്നു പോയി. എനിക്കെന്തുകൊണ്ടോ കുടജാദ്രിയുടെ കനപ്പെട്ട ഏകാന്തതയെക്കാള്‍ ഇഷ്ടപ്പെട്ടത് മൂകാംബികാ പരിസരത്തെ ആളനക്കങ്ങളും നാമജപങ്ങളും ചേര്‍ന്ന ചുറ്റുപാടായിരുന്നു.

അന്ന്, പനിനീര്‍പോലെ പരിശുദ്ധമായ സൗപര്‍ണികയില്‍ കുളിച്ച് തൊട്ടടുത്ത ചായക്കടയില്‍ ദോശ കഴിച്ചിരുന്ന ഞങ്ങളെ കടന്ന് ഒരു സംഘം യുവാക്കള്‍ പോയി. അതില്‍ ഒരാള്‍ എന്നോടു ചോദിച്ചു:
'പുനത്തില്‍ കുഞ്ഞബ്ദുള്ളയാണോ?'
'അതെ,' ഞാന്‍ പറഞ്ഞു.
കൂടുതലൊന്നും ചോദിക്കാതെ അവര്‍ നടന്നകന്നു. എനിക്കെന്തോ ഉള്ളില്‍ ഒരു ഭയം തുടങ്ങി. എന്തിനാണവര്‍ അങ്ങനെയൊരു ചോദ്യം മാത്രം ചോദിച്ചു പോയത്? വല്ല ഹിന്ദുവര്‍ഗീയവാദികളോ മറ്റോ ആണോ? എന്നെ ക്ഷേത്രത്തില്‍ കയറാന്‍ അവര്‍ അനുവദിക്കില്ലേ? അങ്ങനെ നിരവധി ചോദ്യങ്ങള്‍. ശത്രുവിനോട് ഞാന്‍ ഇതൊന്ന് ഗൗരവമായെടുത്ത് അന്വേഷിക്കാന്‍ പറഞ്ഞു.

'എനിക്കു പറ്റില്ല,' പെട്ടെന്നായിരുന്നു മറുപടി. ശത്രു എന്താണങ്ങനെ പറഞ്ഞുകളഞ്ഞത് എന്ന് എനിക്കിപ്പോഴും അറിയില്ല.
ആകുലനായി നടയിലേക്കു നടക്കുമ്പോള്‍ മറ്റൊരു ചെറുപ്പക്കാരനെ കണ്ടു. വന്നു പരിചയപ്പെട്ടു. പയ്യന്നൂര്‍ക്കാരനാണ്. ആദ്യമായിട്ടാണോ മൂകാംബികയില്‍ എന്നു ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്ക് അദ്ഭുതം. അയാള്‍ ആദ്യതവണയാണ്.
'പയ്യന്നൂരായിട്ടും എന്തേ ഇത്ര വൈകിയത് ഇവിടെയെത്താന്‍?' ഞാന്‍ ചോദിച്ചു.
'പൈസയില്ലായിരുന്നു സാര്‍. ദാരിദ്ര്യം,' അയാള്‍ പറഞ്ഞു. എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നി.

'എന്റെ കൂടെ ഒരു ചായ കുടിക്കുമോ?' ഞാന്‍ ചോദിച്ചു. ഞങ്ങള്‍ ഒന്നിച്ച് ഒരു ചായ കുടിച്ചു. കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു:
'നേരത്തേ പോയ ആ സംഘത്തിന് സാറിനെക്കുറിച്ച് എന്തോ സംശയം കുടുങ്ങിയിട്ടുണ്ട്. കഴിയുന്നതും ക്ഷേത്രത്തിനകത്തോട്ടു കയറണ്ട.'
എനിക്കു ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. മൂഡു പോയി. പിരിയാന്‍ പോവുമ്പോഴാണ് അയാളുടെ കൈയില്‍ മടക്കിപ്പിടിച്ച ഒരു പുസ്തകം
ഞാന്‍ കണ്ടത്. എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥം. ആ കഥ വായിച്ച് അതില്‍പ്പറയുന്ന സ്ഥലങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഒരു
'മൂകാംബികാ മാപ്പ്' തയ്യാറാക്കി അതിനനുസരിച്ചാണ് അയാളുടെ യാത്ര. ലോണ്‍ലി പ്ലാനറ്റ് തുറന്നുപിടിച്ച് വിദേശികള്‍ യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ യുവാവിന്റെ ലോണ്‍ലി പ്ലാനറ്റ് വാനപ്രസ്ഥമാണ്. എന്റെ മനസ്സില്‍ എം.ടിയോടുള്ള ആദരവ് പതിന്മടങ്ങായി. മലയാളത്തിലെ ഏറ്റവും സുകൃതം ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം, തീര്‍ച്ച.

യുവാവിന്റെ നിര്‍ദേശത്തിനനുസരിച്ച് ഞാന്‍ ക്ഷേത്രത്തിനകത്തേക്കു കടന്നില്ല. ശത്രുവിനോടു പോയിവരാന്‍ പറഞ്ഞ് പുറത്തിരുന്നു. മനസ്സു നിറയെ സങ്കടമായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ നേരത്തേ കണ്ട സംഘം അവിടേക്കു വന്നു. അവര്‍ ക്ഷേത്രത്തിനകത്തുനിന്നാണ് വന്നത്.
'സാറെന്താ ഇവിടെ ഇരിക്കുന്നത്?' ഒരാള്‍ ചോദിച്ചു.
'ഒന്നുമില്ല,' ഞാന്‍ പറഞ്ഞു.
'ദീപാരാധന കാണേണ്ടേ?'
'വേണ്ട,' ഞാന്‍ സങ്കടത്തോടെ പറഞ്ഞു.

'നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല,' പെട്ടെന്നായിരുന്നു അവരുടെ മറുപടി.
അവര്‍ എന്നോടൊപ്പം അവിടെ ഇരുന്നു. അതില്‍ ഒരു സത്യസന്ധതയുണ്ട് എന്നു തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് അവരോടൊപ്പം ക്ഷേത്രത്തിനകത്തേക്കു നടന്നു. അപ്പോഴും എന്റെ മനസ്സില്‍ സംശയങ്ങള്‍ നീങ്ങിയിട്ടില്ലായിരുന്നു. ഇതൊരു സമര്‍ഥമായ ചതിയാണോ എന്ന് മനസ്സു പിടച്ചുകൊണ്ട് ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷേ, ആ യുവാക്കള്‍ നല്ലവരും ആത്മാര്‍ഥതയുള്ളവരുമായിരുന്നു. എന്റെ മനസ്സിലാണ് കളങ്കങ്ങളും കാപട്യങ്ങളുമുള്ളത് എന്നെനിക്കു തോന്നി. അത് ഈ സംഭവത്തിലൂടെ അമ്മ കാണിച്ചു തന്നതാണോ? ആണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മൂകാംബികയിലെ പ്രശാന്തതപോലൊന്ന് മറ്റൊരിടത്ത് ഞാന്‍ അനുഭവിച്ചിട്ടില്ല. ഇടിവെട്ടിനു മുന്‍പുള്ള നിശ്ശബ്ദതയായിട്ടാണ് എനിക്കതു തോന്നിയിട്ടുള്ളത്. ആ നിശ്ശബ്ദതയില്‍ ഓരോ തവണയും മുങ്ങിനിവരുമ്പോള്‍ എന്റെ മനസ്സ് പ്രകാശവര്‍ഷങ്ങള്‍ മുന്നോട്ടു കുതിക്കുന്നു. അതിലെ നരകളും ദുഃഖത്തിന്റെ പാടുകളും മാഞ്ഞ് സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മഴവില്ലുദിക്കുന്നു. പൊന്‍നാണ്യംപോലെ വാക്കുകള്‍ പിറക്കുന്നു.

Content Highlights: excerpts from the book mookambika smrithikal edited by n sreekumar mathrubhumi books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented