കെ. മാധവന്‍ നായര്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപം എന്ന പുസ്തകം ചര്‍ച്ച ചെയ്യുന്നത് മാപ്പിളലഹളക്കാലത്തെ മലബാറിനെക്കുറിച്ചാണ്. ലഹളക്കാലത്തെ ദേശചരിത്രങ്ങളെ നൂലിഴകീറി വിശകലനം ചെയ്യുന്ന മലബാര്‍കലാപത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

റനാട്, കോഴിക്കോട്, വള്ളുവനാട് ഈ താലൂക്കുകളിലെ ജനങ്ങളുടെ കൈവശത്തിലുള്ള ആയുധങ്ങള്‍ എല്ലാം കരസ്ഥമാക്കുവാന്‍ ഗവര്‍മ്മെണ്ട് തീര്‍ച്ചപ്പെടുത്തി. പുറത്തുനിന്ന് പട്ടാളത്തെ വരുത്തി പല ദിക്കുകളിലുമായി നിര്‍ത്തി. അല്പദിവസത്തിനുള്ളില്‍ 20000 ആയുധങ്ങള്‍ ജനങ്ങളില്‍ നിന്ന് ശേഖരിച്ചു. ഇവയില്‍ 9000വും തോക്കുകളായിരുന്നു. സാധാരണയായി തകരാറുകള്‍ ഉണ്ടാവാത്ത പൊന്നാനി താലൂക്കിലും ഇതിന്നടുത്ത കാലത്ത് ഒരു ലഹളയുണ്ടായി. അതിന്റെ ഫലമായി അവിടത്തുകാരുടെയും ആയുധങ്ങള്‍ ഗവര്‍മ്മെണ്ട് അടക്കി.

ഇക്കഴിഞ്ഞ വമ്പിച്ച കലാപത്തിനു മുമ്പായി കഴിഞ്ഞ 30 കൊല്ലത്തിനുള്ളില്‍ 3 വലിയ ലഹളകളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ 1894-ല്‍ ഉണ്ടായ ലഹളയില്‍ 32 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. അവര്‍ പല അക്രമങ്ങളും ചെയ്തു. വളരെ വീടുകള്‍ ചുട്ടുഭസ്മമാക്കി. വഴിയില്‍ കണ്ട ഹിന്ദുക്കളെ പലരേയും കൊന്നു. അവസാനം ക്ഷേത്രത്തില്‍ സങ്കേതം പ്രാപിക്കുകയും അവിടെ വെച്ച് പട്ടാളക്കാരുമായി ഏറ്റുമുട്ടി വെടികൊണ്ട് മരണപ്പെടുകയും ചെയ്തു.

ഈ ഒടുവില്‍ പറഞ്ഞ ലഹളയാണ് എന്റെ ഓര്‍മയിലുള്ള ഒന്നാമത്തെ ലഹള. അയല്‍വക്കത്ത് ലഹളക്കാര്‍ വന്ന് പല ലഹളകളും ചെയ്തുവെന്നു കേട്ട് വീട്ടിലുള്ളവര്‍ നടുങ്ങിയതും രാത്രികളില്‍ ഉറക്കമില്ലാതെ കഴിച്ചുകൂട്ടിയതും, വാസ്തവവും അവാസ്തവവുമായ ഊഹവര്‍ത്തമാനങ്ങളാല്‍ വ്യാകുലരായി ജനങ്ങള്‍ ഭയപ്പെട്ട് അമ്പരന്ന് നാള്‍ കഴിച്ചിരുന്നതും എനിക്ക് സ്വപ്നത്തില്‍ കണ്ട സംഭവംപോലെ ഇപ്പോഴും ഓര്‍മ തോന്നുന്നുണ്ട്.

1921-ന്് മുമ്പുണ്ടായ മാപ്പിളലഹളകളില്‍ വെച്ച് ലഹളക്കാരുടെ എണ്ണംകൊണ്ടും, ഭയങ്കരമായ പര്യവസാനം കൊണ്ടും ഏറ്റവും ഗൗരവമായ 1896-ലെ ലഹളക്കാലത്ത് ഞാന്‍ മഞ്ചേരി ബോര്‍ഡ് സെക്കണ്ടറി സ്‌കൂളില്‍ രണ്ടാം ഫോറത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു. മാപ്പിളമാരുടെ നോമ്പുകാലത്ത് പട്ടാളക്കാരും റിസര്‍വ് പോലീസും ചെറിയ ചെറിയ സംഘങ്ങളായി ലഹളപ്രദേശത്ത് അവിടവിടങ്ങളില്‍ സ്ഥാനം ഉറപ്പിക്കുകയും അങ്ങുമിങ്ങും സഞ്ചരിക്കുകയും ചെയ്യാറുള്ള കൂട്ടത്തില്‍ അക്കൊല്ലവും ഏതാനും പട്ടാളക്കാര്‍ മഞ്ചേരി കോടതി വളപ്പിലും ഞങ്ങളുടെ സ്‌കൂളിനു ചേര്‍ന്ന ജിംനാസ്റ്റിക് ഷെഡ്ഡിലും കൂടാരം അടിച്ച് താമസം ഉറപ്പിച്ചിരുന്നു. ഖജാന പാറാവിന് വേണ്ടി മഞ്ചേരിയില്‍ തമ്പടിച്ചു താമസിക്കുന്ന ഇവര്‍ അല്പം പേരെ ഉള്ളൂ. എങ്കിലും പട്ടാളക്കാര്‍ അടുക്കല്‍ ഉണ്ടെന്ന സമാധാനം അവരെയും ധീരന്മാരാക്കിത്തീര്‍ത്തിട്ടുണ്ട്. പല ശ്രമങ്ങള്‍ ചെയ്തിട്ടും ലഹളക്കാരെ പോലീസിനോ പട്ടാളത്തിനോ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ലഹളക്കാരുടെ ഗതിയെപ്പറ്റി യാഥാര്‍ഥ്യത്തിനു നേരെ വിപരീതമായ ഊഹങ്ങളല്ലാതെ പോലീസുകാര്‍ക്കാകട്ടെ, നാട്ടുകാര്‍ക്കാകട്ടെ സാധാരണ കിട്ടാറില്ല. ആ പതിവനുസരിച്ച് വ്യാജങ്ങളായ ഊഹങ്ങള്‍ ലഹളക്കാരെ പിന്തുടരുന്ന സൈന്യത്തിന് നാട്ടില്‍ എല്ലാം അലയുവാന്‍ അക്കൊല്ലവും ഇടയാക്കിയിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ഞായറാഴ്ച പുലര്‍ച്ചെ ലഹളക്കാര്‍, ആരും അറിയാതെ-കച്ചേരിയില്‍നിന്ന് രണ്ടു ഫര്‍ലോങ് മാത്രം ദൂരമുള്ള കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ വന്നുകയറി. മുമ്പൊരിക്കല്‍ പട്ടാളക്കാരെ തോല്പിച്ച് ഓടിച്ച സ്ഥലമായതിനാല്‍ ഈ സ്ഥലത്തോട് ലഹളക്കാര്‍ക്ക് ഒരു പ്രത്യേക വാത്സല്യവും ഭക്തിയും ഉണ്ട്. ക്ഷേത്രത്തിനു തൊട്ട കുന്നിനടിയിലുള്ള മഞ്ചേരി കോവിലകത്തുനിന്ന് ഭക്ഷണസാധനങ്ങളെല്ലാം വരുത്തി. 'ബാങ്കു' കൊടുത്ത് സുഖമായി ഭക്ഷണം കഴിക്കാന്‍ വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്തുതുടങ്ങി. ക്ഷേത്രത്തില്‍ ലഹളക്കാര്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ ഖജാന പാറാവുകരായ പട്ടാളക്കാര്‍ കച്ചേരിയില്‍നിന്ന് കുന്നത്തമ്പലത്തിലേയ്ക്ക് മാപ്പിളമാരുടെ നേരെ വെടി തുടങ്ങി. ഉണ്ടയും തിരയും ഇവരുടെ വശം അധികമുണ്ടായിരുന്നില്ല. അല്‍പനേരം കൊണ്ട് അതെല്ലാം ഒടുങ്ങി. വെടിയും അവസാനിച്ചു. പക്ഷേ, ലഹളക്കാര്‍ക്ക് ഈ സംഗതി മനസ്സിലായില്ല. സാധാരണ ഒരു ലഹളയിലും ഇത്രയധികം ലഹളക്കാര്‍ ഉണ്ടാകാറും പതിവില്ല. ഈ ലഹളയില്‍ നൂറില്‍ കുറയാതെ മാപ്പിളമാര്‍ ചേര്‍ന്നിരുന്നു. മുന്‍ സമ്പ്രദായപ്രകാരം ഇവര്‍ ക്ഷേത്രത്തില്‍ നിന്ന് കീഴ്‌പോട്ടിറങ്ങി പട്ടാളക്കാരെ എതിര്‍ത്തിരുന്നുവെങ്കില്‍ ഒരു പട്ടാളക്കാരനെങ്കിലും ശേഷിക്കുമായിരുന്നെന്നു തോന്നുന്നില്ല. പക്ഷേ, ശാപ്പാടിനുള്ള ഒരുക്കത്തിന്റെ തിരക്കുകൊണ്ടോ എന്തോ അവര്‍ ക്ഷേത്രം വിടാതെ അവിടെത്തന്നെ നില്‍ക്കുകയാണ് ചെയ്തത്. 9 മണി ആയപ്പോഴേക്ക് കലക്ടരും പട്ടാളവും ബദ്ധപ്പെട്ട് മഞ്ചേരിയില്‍ എത്തി.

Book
പുസ്തകം വാങ്ങാം

ക്ഷേത്രത്തിന്റെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു കുന്നിന്മേല്‍ സ്ഥാനം ഉറപ്പിച്ചു. മഞ്ചേരിയില്‍ കുന്നത്തു ക്ഷേത്രം മനോഹരമായ ഒരു കുന്നിന്റെ മുകള്‍പ്പരപ്പിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ചുമരിനു പുറത്തുള്ള സ്ഥലം യാതൊരു മരവുമില്ലാതെ തീരെ ഒഴിഞ്ഞുകിടന്ന പരന്ന ഒരു സ്ഥലമാണ്. മാപ്പിളമാരുടെ കൈവശമുള്ള തോക്കില്‍ നിന്നുള്ള വെടി കുന്നിന്റെ പരിധികൂടി അതിക്രമിച്ചുപോകുന്നതല്ല. പട്ടാളക്കാരുടെ കൈവശമുള്ള തോക്കുകള്‍ ഒരു നാഴിക അകലെയുള്ള കുറിക്ക് കൊള്ളിക്കുവാന്‍ യാതൊരു വിഷമവുമില്ലാത്തവയായിരുന്നുതാനും. ഒഴിഞ്ഞ സ്ഥലം, പ്രതിക്രിയയ്ക്കുള്ള അശക്തി, മരിക്കുവാനുള്ള സന്നദ്ധത, എതിരാളികളുടെ ബലം, അവരുടെ ആയുധങ്ങളുടെ യോഗ്യത-ഇതെല്ലാം ഒത്തുചേര്‍ന്നാല്‍ സംഭവിക്കുന്ന ഫലം ഊഹിക്കാന്‍ വളരെ വിഷമമില്ലല്ലോ. മുഖത്തോടുമുഖം നിന്നു എതിരാളിയോടു പൊരുതുന്നതിന് നിവൃത്തിയില്ലെന്നു കണ്ടപ്പോള്‍ അകലത്തുനിന്നു വരുന്ന ഉണ്ടയെ പൃഷ്ടഭാഗം കൊണ്ട് ഇവര്‍ എതിരേറ്റു. ക്ഷണനേരം കൊണ്ട് 92 ലഹളക്കാര്‍ സിദ്ധികൂടി. നിഷ്ഫലമെങ്കില്‍ക്കൂടി ലഹളക്കാരും പട്ടാളക്കാരുടെ നേരെ ഇടക്കിടെ വെടിവെച്ചുകൊണ്ടിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ആ വെടിയും തീരെ അവസാനിച്ചു. ലഹളക്കാര്‍ മിക്കതും മരണപ്പെട്ടുവെന്ന് തീര്‍ച്ചപ്പെട്ടപ്പോള്‍ കലക്ടരും പട്ടാളക്കാരും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അമ്പലത്തില്‍ എത്തിയപ്പോള്‍ അവര്‍ കണ്ട കാഴ്ച അത്യന്തം ഭയങ്കരമായിരുന്നു. എത്രയോ ചുരുങ്ങിയ സ്ഥലത്ത് ആപാദചൂഢം കടുംചോരയണിഞ്ഞ 92 ദേഹങ്ങള്‍ തലങ്ങും വിലങ്ങും കിടന്നിരുന്നു. അധികംപേരും മരിച്ചിരുന്നുവെങ്കിലും അല്പം ചിലരുടെ ശ്വാസം തീരെ നിന്നിട്ടില്ല. 20-ല്‍പരം ലഹളക്കാരുടെ കഴുത്ത് വാളുകൊണ്ട് അറുത്തുവെച്ചതായിരുന്നു. വെടികൊണ്ട് ജീവന്‍ പോകാത്തവര്‍ ശത്രുവിന്റെ കൈയില്‍ അകപ്പെട്ടുപോകരുതെന്ന ഉദ്ദേശ്യത്തോടുകൂടി ലഹളക്കാര്‍തന്നെ ചെയ്തതായിരുന്നു ഈ പ്രവൃത്തി. ലഹളകള്‍ മിക്കതും ചില ചില്ലറ കാരണങ്ങളാല്‍ പൊട്ടിപ്പുറപ്പെട്ട് മതഭ്രാന്തിന്റെയും അന്ധവിശ്വാസത്തിന്റെയും സഹായത്തോടുകൂടി വര്‍ധിച്ചുവരികയാണല്ലോ സാധാരണ പതിവ്. ഈ ലഹളയ്ക്ക് അങ്ങനെ ഒരു കാരണവും കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. നോമ്പുകാലത്ത് ഒരു ലഹളയ്ക്ക് ചിലര്‍ ഏര്‍പ്പാട് ചെയ്യുകയും അവരില്‍ പ്രധാനികളായ നാലുപേരെ ഗവര്‍മ്മെണ്ട് അറസ്റ്റ് ചെയ്കയും ചെയ്തു. അന്നുതന്നെ ചെമ്പ്രശ്ശേരിക്കാരായ 20 മാപ്പിളമാര്‍ ആയുധപാണികളായി ലഹളയ്‌ക്കൊരുമ്പെട്ട അയല്‍ പ്രദേശങ്ങളിലേക്ക് യാത്രചെയ്തു. വഴിക്ക് അവരുടെ സംഘം വര്‍ധിച്ചു. പല അക്രമങ്ങളും ഈ ലഹളക്കാര്‍ ചെയ്തു. അനേകം ഹിന്ദുക്കളെ കൊല്ലുകയും നിര്‍ബന്ധിച്ച് മതം മാറ്റുകയും ചെയ്തു. വീടുകള്‍ കൊള്ളചെയ്തു ചുട്ടു, ബിംബങ്ങള്‍ ഉടച്ചു, ക്ഷേത്രങ്ങള്‍ നശിപ്പിച്ചു എന്നുവേണ്ട പലവിധ അഴിമതികള്‍ ചെയ്തു. അവസാനം നോമ്പുകാലം അവസാനിക്കാറായപ്പോഴാണ് മരിക്കുവാന്‍ കാലം അതിക്രമിച്ചുവെന്ന നിലയില്‍ കുന്നത്തമ്പലത്തില്‍ ഇവര്‍ വന്നുകയറി സ്ഥാനം ഉറപ്പിച്ചത്. ശേഷം ഉണ്ടായ സംഭവം മുമ്പു വിവരിച്ചുവല്ലോ.

1896-ലെ ലഹളയ്ക്കുശേഷം 1898-ല്‍ ഒരു ചില്ലറ ലഹളയുണ്ടായി. ലഹളക്കാര്‍ ഒരു ജന്മിയെ കൊന്ന് പയ്യനാട്ടെ ഒരു ക്ഷേത്രത്തില്‍ കയറി. അവരെ പിന്‍തുടര്‍ന്ന് സ്‌പെഷ്യല്‍ സേന അവിടെയെത്തി. പക്ഷേ, ആയുധപ്രയോഗം ഒന്നും വേണ്ടിവന്നില്ല. പയ്യനാടംശം മുന്‍കാലങ്ങളില്‍ ലഹളയുടെ ഒരു മൂലസ്ഥാനമായിരുന്നു. കഴിഞ്ഞ കലാപത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദാജിയുടെ വീടുതന്നെ ഈ അംശത്തിന്നടുത്താണ്. പക്ഷേ, 1898-ല്‍ അപ്രദേശത്തുള്ള മാപ്പിളമാര്‍ ലഹളക്കാര്‍ക്ക് യാതൊരു സഹായവും ചെയ്തില്ല എന്ന് മാത്രമല്ല അവരുടെ നേരേ വിരോധമായി തീരുകയാണ് ചെയ്തത്. അതിന്നുശേഷം മലപ്പുറത്തു പൂക്കോയത്തങ്ങളുടെ ഉപദേശപ്രകാരവും മറ്റും ലഹളക്കാര്‍ ആയുധം വെച്ചുകീഴടങ്ങി.

ഇതിനുശേഷം 17 കൊല്ലത്തോളം യാതൊരു ലഹളയും ഏറനാട് താലൂക്കിനെ ശല്യപ്പെടുത്തിയില്ല. ലഹളയുടെ കേന്ദ്രസ്ഥാനമെന്ന് മുമ്പുപറഞ്ഞിട്ടുള്ള പന്തലൂര്‍, മൂടിക്കോട് തുവ്വൂര്‍, ചെമ്പ്രശ്ശേരി മുതലായ സ്ഥലങ്ങളിലൊഴികെയുള്ള മാപ്പിളമാര്‍ക്ക് അന്ധവിശ്വാസം ക്രമേണ നീങ്ങിപ്പോയിരുന്നു. അവര്‍ ലഹളയ്ക്ക് ഒരുങ്ങുകയോ ലഹളക്കാര്‍ക്ക് വല്ല സഹായവും ചെയ്യുകയോ ചെയ്തിരുന്നില്ല. അങ്ങനെയുള്ള കാര്യങ്ങളില്‍ ജനസാമാന്യത്തിന്റെ അഭിപ്രായത്തിന് വളരെ ഫലവും ശക്തിയും ഉണ്ട്. മാപ്പിളസമുദായം പരക്കെ തങ്ങളുടെ പ്രവൃത്തികളെ അഭിനന്ദിക്കയോ, ഇഷ്ടപ്പെടുകയോ ചെയ്യുകയില്ലെന്ന് അറിഞ്ഞപ്പോള്‍ ലഹളയ്ക്ക് ഒരുങ്ങുന്നവരുടെ ബുദ്ധി മന്ദിച്ചു. ഉത്സാഹം കുറഞ്ഞു. ലഹളയ്ക്കു ചാടിപ്പുറപ്പെടുന്നതു കുറവായി.

1915-ല്‍ മാര്‍ഗം പൊളിച്ചു എന്ന കേസ്സിനെ സംബന്ധിച്ച് അന്നു മലബാര്‍ കലക്ടറായിരുന്ന മിസ്റ്റര്‍ ഇന്നിസ്സിനോട് മാപ്പിളമാരില്‍ ചിലര്‍ക്ക് അലോഗ്യമുണ്ടായി. അദ്ദേഹം സാധാരണ ഒരു സൈക്കിളില്‍ കാളികാവു വഴിക്കു പോകുന്ന അവസരത്തില്‍ വഴിക്കുവെച്ച് ചിലര്‍ അദ്ദേഹത്തെ വെടിവെച്ചു. ദൈവഗത്യാ അദ്ദേഹത്തിനു വെടി പറ്റിയില്ല. മുന്‍കാലങ്ങളിലാണെങ്കില്‍ അതു വമ്പിച്ച ഒരു ലഹളയായി പരിണമിക്കുമായിരുന്നു. കാലത്തിന്റെയും അഭിപ്രായങ്ങളുടെയും മാറ്റത്തോടുകൂടി ഈ സംഭവം മുളയില്‍തന്നെ ക്ഷയിച്ചുപോവുകയാണ് ചെയ്തത്.

1919 ഫിബ്രവരിയിലാണ് കലാപത്തിനു മുമ്പുള്ള ഒടുവിലത്തെ ലഹളയുണ്ടായത്. മുമ്പും ലഹളയുടെ ഉത്ഭവസ്ഥാനമായിരുന്ന മങ്കട പള്ളിപ്പുറം പ്രദേശത്താണ് ഇതാരംഭിച്ചത്. പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നു പിരിക്കപ്പെട്ട ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ചേക്കാജി എന്ന ആളായിരുന്നു ഈ ലഹളയ്ക്കു കാരണഭൂതന്‍. മങ്കട പള്ളിപ്പുറം ഏതാനും നമ്പൂതിരിമാരുടെ ഇല്ലങ്ങളുള്ള ഒരു സ്ഥലമാണെന്നു മുമ്പൊരിക്കല്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചേക്കാജി അവിടെ ഒരു ഇല്ലത്തെ കുടിയാനായിരുന്നു. ഇല്ലത്തിനു തൊട്ടാണ് ചേക്കാജി താമസിച്ചിരുന്ന പറമ്പ്. ചേക്കാജി ചെറുപ്പം മുതല്‍ക്കുതന്നെ ഒരു വികൃതിയായിരുന്നു. പ്രായം 60 കഴിഞ്ഞിട്ടും തന്റെ സ്വഭാവത്തിനു വളരെ വ്യത്യാസം വന്നിരുന്നില്ല. പല ഉപദ്രവങ്ങളും ചേക്കാജിയില്‍നിന്ന് ജന്മിയായ ഇല്ലക്കാര്‍ അനുഭവിച്ചിട്ടുണ്ട്. പാട്ടവും, മിച്ചവാരവും കൊടുക്കുക എന്ന സമ്പ്രദായം ചേക്കാജിക്കുണ്ടായിരുന്നില്ല. അവസാനം ജന്മി ചേക്കാജിയുടെ കൈയിലുള്ള വസ്തുക്കള്‍ ഒഴിപ്പിക്കാന്‍ അന്യായം കൊടുത്തു വിധിയാക്കി. നമ്പൂതിരിയെ കൊല്ലുവാന്‍ ചേക്കാജി തന്റെ മനസ്സിലും വിധി കല്പിച്ചു.

ഈ കാര്യത്തില്‍ ജന്മിയില്‍നിന്നു കുടിയാനുണ്ടായതിനേക്കാള്‍ ഉപദ്രവം കുടിയാനില്‍നിന്ന് ജന്മിക്കായിരുന്നു സംഭവിച്ചിരുന്നത്. എങ്കിലും അവസാനം ജന്മി ചെയ്ത ഒരു പ്രവൃത്തി, വാസ്തവമാണെങ്കില്‍ അതിരുകടന്നതായിരുന്നു എന്നതിനും സംശയമില്ല. ചേക്കാജിയുടെ മകന് ഒരു പെണ്ണുകെട്ടു നിശ്ചയിച്ചിട്ടുണ്ടായിരുന്നു. കെട്ടുവാന്‍ നിശ്ചയിച്ച പെണ്ണിന്റെ 'ബാപ്പ'യെ സ്വാധീനിച്ചോ, ഭയപ്പെടുത്തിയോ നമ്പൂതിരി മുടക്കം ചെയ്തുവെന്നും അതിലുണ്ടായ ഈര്‍ഷ്യയുടെ ഫലമായിട്ടാണ് ചേക്കാജി നമ്പൂതിരിയെ കൊല്ലുവാന്‍ തീര്‍ച്ചപ്പെടുത്തിയത് എന്നും അക്കാലത്ത് അപ്രദേശത്തു ബലമായ പ്രസ്താവം ഉണ്ടായിരുന്നു. ഏതു കാരണത്താലും ചേക്കാജി നമ്പൂതിരിയെ കൊല്ലുവാനും താന്‍ മരിക്കുവാനും ഉറച്ചു. അഞ്ചാറ് ആളുകളെയും സ്വാധീനിച്ച് ചില ആയുധങ്ങളും കരസ്ഥമാക്കി നമ്പൂതിരിയെ കൊലപ്പെടുത്തുവാന്‍ ഒരുങ്ങിപ്പുറപ്പെട്ടു. അന്ന് അവിടെയുള്ള മറ്റൊരു ഇല്ലത്ത് ഒരു വേളിയായിരുന്നു. ജന്മി നമ്പൂതിരിയെ അദ്ദേഹത്തിന്റെ ഇല്ലത്തു കാണായ്കയാല്‍ വേളി നടക്കുന്ന പയ്യപ്പുള്ളി ഇല്ലത്തെ പടിക്കല്‍ ശത്രുവായ നമ്പൂതിരി വരുന്നതും കാത്ത് അവര്‍ നില്‍പ്പായി. ഏഴരനാഴിക പുലരാനുള്ളപ്പോള്‍ കുളിച്ചു നിത്യകര്‍മ്മം കഴിപ്പാനായി മുടപുലാപ്പള്ളി നമ്പൂതിരിപ്പാടും മണ്ണാര്‍ക്കാട്ടുകാരായ കാട്ടുമാടത്തു നമ്പൂതിരിയും കൂടി വേളിസ്ഥലത്തുനിന്നു പുഴയിലേക്കിറങ്ങിപ്പുറപ്പെട്ടു. പടിക്കല്‍ കാത്തിരുന്ന ലഹളക്കാരുടെ തോക്കിന്നും, വാളിന്നും ഏറ്റവും നിരപരാധികളും അതിവിശിഷ്ടന്മാരുമായ ഇവരാണ് ഇരയാകുവാന്‍ ഇടയായത്. വെട്ടുകൊണ്ടു മറ്റൊരാള്‍ മുറിയോടുകൂടി വേളിസ്ഥലത്തേക്കു പാഞ്ഞുചെന്നപ്പോഴാണ് വിവരം അവിടെ മനസ്സിലായത്. പിന്നീടുണ്ടായ പരിഭ്രമവും പരക്കംപാച്ചിലും വിവരിക്കാന്‍ പ്രയാസം. ലഹളക്കാര്‍ ഈ കഠിനക്രിയക്കുശേഷം ഇല്ലത്തിന്റെ പടിക്കല്‍നിന്നു പുഴവഴിക്കു പന്തല്ലൂര്‍ക്കു യാത്ര തിരിച്ചു. പുഴയില്‍ കുളിച്ചിരുന്ന ഒരു നമ്പൂതിരിയെയും ഒരു എമ്പ്രാന്തിരിയേയും അവര്‍ വെടിവെച്ചു കൊന്നു. പന്തലൂരില്‍ അവര്‍ നേരം പുലര്‍ന്നപ്പോഴേക്ക് എത്തി. റോഡിന്റെ വക്കത്തു നിന്നിരുന്ന നിരപരാധികളായിരുന്ന രണ്ടു നായന്മാരെ അവര്‍ വെട്ടിക്കൊന്നു. നേരേ നെന്മിനിക്കു പോയി. കയിലോട്ടു വാരിയത്തു ചെന്നുകയറി. അപ്പോഴേക്കും പോലീസും പട്ടാളവും വിവരം അറിയുകയും അവര്‍ ലഹളക്കാരെ പിന്തുടര്‍ന്നു നെന്മിനിയില്‍ എത്തി ലഹളക്കാരെ വളഞ്ഞ് അവിടെവെച്ചു വെടിവെച്ചു നശിപ്പിക്കുകയും ചെയ്തു.
ഈ ഒടുവിലത്തെ ലഹളയിലും ലഹളക്കാര്‍ക്ക് പുറംദിക്കുകാരില്‍ നിന്ന് വലിയ സഹായമൊന്നും ലഭിച്ചില്ല. നെന്മിനിയില്‍ എത്തിയപ്പോള്‍ അവരുടെ സംഘത്തില്‍ 9 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്തലൂര്‍, മുടിക്കോട് എന്നീ പ്രദേശങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ അവരുടെ സംഘത്തില്‍ ചേരുകയുണ്ടായുള്ളൂ.

Content Highlights: Excerpts from the book Malabar Kalapam by K Madhavan Nair Mathrubhumi Books