'ആൾക്കൂട്ട'ത്തിനു മുന്നിൽ അന്തിച്ചുനിന്ന പ്രസാധകൻ; ഇതാ എന്റെ എഴുത്തുകാരൻ എന്ന് വായനക്കാർ


കെ.സി നാരായണന്‍എത്ര ഗൗരവമേറിയതും വ്യാപ്തിയുള്ളതുമായ ഒരു പ്രോജക്ട് ആയിട്ടാണ് അന്ന് ഇരുപത്തിമൂന്നു വയസ്സുമാത്രം പ്രായമുള്ള ഒരു പുതുക്കക്കാരന്‍ തന്റെ ആദ്യനോവലിനെ സങ്കല്പിച്ചതെന്ന് ആ കത്തുകള്‍ വ്യക്തമാക്കുന്നു.

ആനന്ദ് രണ്ട് കാലഘട്ടങ്ങളിൽ

കെ.സി. നാരായണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകത്തിലെ എഴുത്തുകളും എഴുത്തുകാരനും എന്ന അധ്യായം വായിക്കാം

1970-ല്‍ തന്റെ മുപ്പത്തിനാലാമത്തെ വയസ്സില്‍, അതുവരെ അജ്ഞാതനായ ഒരാള്‍ നാഗരികമായ ഒരു മലയാളത്തോടും മുന്‍പു സങ്കല്പിക്കാത്ത ഇന്ത്യന്‍ അനുഭവവിസ്തൃതിയോടുംകൂടി ആള്‍ക്കൂട്ടം എന്ന വലിയ നോവലുമായി രംഗപ്രവേശം ചെയ്യുന്നു. അതിനു മുന്‍പ് അയാള്‍ ചില ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും പ്രസിദ്ധീകരിച്ചുവന്നിട്ടില്ല. അതുകൊണ്ട് സാഹിത്യരംഗത്ത് അയാളെപ്പറ്റി ആരും കേട്ടിട്ടുതന്നെയില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യം ചെറുകഥകള്‍ എഴുതി ക്രമേണ ഒരു നോവല്‍ തുടര്‍ച്ച ചെയ്ത്, പിന്നീടതു പുസ്തകമാക്കി, പടിപടിയായി വളര്‍ന്നുവരുന്ന 'സാഹിത്യകാരനെ' കണ്ടുശീലിച്ച അന്നത്തെ മലയാളികള്‍ക്ക്, സാഹിത്യത്തില്‍ ഭൂതകാലമേതുമില്ലാത്ത ഒരജ്ഞാതന്‍ ചെറുതല്ലാത്ത വലിപ്പത്തോടും അപൂര്‍വമായ ഗൗരവത്തോടും കൂടിയ ഒരു നോവലുമായി, ഇല്ലായ്മയില്‍നിന്ന് പൊങ്ങിവരുന്നത് അപ്രതീക്ഷിതമായ അനുഭവമായിരിക്കുമല്ലോ.

വായനക്കാരുടെ കൈകളില്‍ എത്തുന്നതിനു മുന്‍പ് കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ പ്രസാധകന്‍ ഈ കൃതി തുപ്പണോ വിഴുങ്ങണോ എന്നറിയാതെ അന്തിച്ചുനിന്നു. അവസാനം പി.കെ. ബാലകൃഷ്ണന്‍ മുതല്‍പേര്‍ ഇടപെട്ടാണ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ആ പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം പുറത്തുവന്നിട്ടും നിരൂപകരുടെ രജിസ്റ്ററില്‍ അതു വേണ്ടവിധം പതിഞ്ഞുവോ എന്നു സംശയമാണ്. ഉദാഹരണത്തിന് 1973-74 കാലത്ത് പുറത്തുവന്ന ഹരിശ്രീ എന്ന ആധുനിക കവിതാസമാഹാരത്തിന് സച്ചിദാനന്ദന്‍ എഴുതിയ 'അവതാളിക'യില്‍ കാക്കനാടന്‍, എം. മുകുന്ദന്‍ തുടങ്ങി മിക്ക ആധുനികരുടെയും പേരുണ്ടെങ്കിലും ആനന്ദ് എന്ന പേര് ആ പട്ടികയില്‍ ഉള്‍പ്പെട്ടതായി കാണുകയില്ല- വെറും നോട്ടപ്പിശക് ആയിരുന്നിരിക്കണം. 'ആള്‍ക്കൂട്ട'ത്തിന്റെ വിച്ഛേദകമായ പുതുമയെ നിശ്ചയമായും സ്പര്‍ശിച്ചുകൊണ്ട് കെ.പി. അപ്പന്‍ എഴുതിയ പുസ്തകനിരൂപണത്തിലാകട്ടെ 'ആള്‍ക്കൂട്ടം' പല പുസ്തകങ്ങളില്‍ ഒന്നു മാത്രമായി- വാരികയിലെ സ്ഥലപരിമിതി മാത്രമായിരിക്കണം.

അക്കാലത്ത് 'ആള്‍ക്കൂട്ട'ത്തെക്കുറിച്ചു വന്ന പൂര്‍ണലേഖനങ്ങളിലൊന്ന് എം.കെ. മേനോന്‍ എന്ന വിലാസിനിയുടേതായിരുന്നു. എന്നാല്‍, മികച്ച പഞ്ചവാദ്യം ആസ്വദിച്ചാലത്തെ അനുഭവം എന്നും മറ്റും പഴയ രുചിയുടെ വാക്കുകളേ ആ പുസ്തകത്തിന്റെ വിസ്മയാഘാതത്തെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. നോവലിന്റെ പുതുമയ്ക്കൊപ്പം നടക്കാന്‍ ക്ലേശിച്ച നിരൂപണത്തിന്റെ മുടന്ത് എങ്ങനെയായിരുന്നാലും വായനക്കാരുടെ ഭാവുകത്വത്തെ ആ കൃതി ഇളക്കിക്കഴിഞ്ഞിരുന്നു. ഓരോ ആശയവും ഓരോ ജീവന്മരണപ്രശ്നമാകുന്ന മട്ടില്‍ പുറംലോകസമസ്യയും അകംലോകദാഹവും ഉരുകി ഒന്നാവുന്ന അതിന്റെ രസ/ജ്ഞാന തീവ്രത വായനക്കാര്‍ തിരിച്ചറിഞ്ഞും കഴിഞ്ഞിരുന്നു. ഇതാ, എന്റെ എഴുത്തുകാരന്‍ എന്ന് കുറെപ്പേര്‍ ആ പുസ്തകകാരനെ മനസ്സിലാക്കി. എം.വി. ദേവന്‍ വരച്ച മുഖചിത്രവുമായി മുഖമില്ലാത്ത മനുഷ്യരുടേത്- ഇന്ത്യാ പ്രസ്സിലെ പന്ത്രണ്ടു പോയിന്റ് ലിപിയില്‍ ഇറങ്ങിയ ആ എസ്.പി.സി.എസ്. പതിപ്പ് പിന്നീടെത്രയോ പതിപ്പുകള്‍ ആ നോവലിന് ഉണ്ടായിട്ടും, ഏറെ പേര്‍ക്ക് പ്രിയം നിറഞ്ഞ ആദ്യ പുസ്തകസ്മരണയായും മാറി.

ആനന്ദ് എന്ന ഈ 'അജ്ഞാതനായ പ്രസിദ്ധനെ'ക്കുറിച്ചുള്ള ജിജ്ഞാസ തുടരവേയാണ് 1972-ല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ 'മരണസര്‍ട്ടിഫിക്കറ്റ്' പുറത്തുവന്നത്. സമീക്ഷയുടെ 1972 സെപ്റ്റംബര്‍ ലക്കത്തിലായിരുന്നു അത്. ആ ലക്കം സമീക്ഷയ്ക്ക് പുതുമകള്‍ പലതുണ്ടായിരുന്നു. പ്രതാധിപക്കുറിപ്പില്‍ എം. ഗോവിന്ദന്‍ വിശദമാക്കിയപോലെ സമീക്ഷയില്‍ ഒരു മലയാളചലച്ചിത്രത്തെപ്പറ്റി ആദ്യമായി ഒരു മുഖലേഖനം കൊടുക്കുന്നത് ആ ലക്കത്തിലായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തെപ്പറ്റി. അല്ലന്‍ റോബേഗിയേയുമായി നിര്‍മല്‍ വര്‍മ നടത്തിയ സംഭാഷണം, തമിഴിലെ ലിറ്റില്‍ മാഗസിനുകളെക്കുറിച്ചുള്ള നിരൂപണം, പിന്നീട് ഇരുപതുവര്‍ഷം കഴിഞ്ഞു മാത്രം തിരിച്ചറിയപ്പെട്ട കവി കെ.എ. ജയശീലന്റെ കവിതകള്‍, അക്കാല ചൈനീസ് കവിതകളുടെ പരിഭാഷ ഇവയാണ് ആ ലക്കത്തിന്റെ ആദ്യഭാഗത്തില്‍ ചിലത്. പിന്നീടു വരുന്നു ആനന്ദ് എം. ഗോവിന്ദന് എഴുതിയ കത്തുകളും മരണസര്‍ട്ടിഫിക്കറ്റ് എന്ന നോവലും. ഇവയില്‍ കത്തുകള്‍ സമീക്ഷയുടെ 24 പേജും നോവല്‍ 82 പേജും വരും. സമീക്ഷയുടെ ആകെയുള്ള 176 പേജില്‍ പകുതിയും ആനന്ദിനായി നീക്കിവെച്ചിരിക്കുന്നു എന്നര്‍ഥം. മുഖചിത്രവും മുഖലേഖനവും സ്വയംവരത്തെക്കുറിച്ചാണെങ്കിലും, ഫലത്തില്‍ സമീക്ഷയുടെ ആനന്ദ് പതിപ്പുപോലെ തോന്നും ആ ലക്കം. വേറൊരു സമകാലിക എഴുത്തുകാരനെപ്പറ്റിയും സമീക്ഷ ഇതുപോലൊരു പതിപ്പ് ഇറക്കിയിട്ടില്ല. രചനകളുടെ മാറ്റും ചരിത്രമൂല്യവും ഒരുപോലെ ചേര്‍ന്ന ഇത്തരം ലക്കങ്ങളും സമീക്ഷയ്ക്ക് അധികം ഉണ്ടായിട്ടില്ല.

ആ കത്തുകളോ? നാം പരിചയിക്കാത്ത ഒരെഴുത്തുകാരന്റെ ലോകബോധം, സ്വയംബോധം, രുചിബോധം എന്നിവയെ കാണിച്ചുതരുന്ന രേഖയാണത്. ആനന്ദിനെ കാണാന്‍ ലഭിച്ച ഒരു ജാലകം. തന്റെ കൃതിയെപ്പറ്റി പറയാന്‍ കുറച്ചു വാക്കുകളും തന്നെപ്പറ്റി പറയാന്‍ അതിലും കുറച്ചു വാക്കുകളും ലോകത്തെപ്പറ്റി പറയാന്‍ ഏറെ വാക്കുകളും ഉപയോഗിക്കുന്നു അവ. ആദ്യം ചെറുകുറിപ്പായി തുടങ്ങി പിന്നീട് ചര്‍ച്ചയോ ഉപന്യാസമോ ആയി വികസിക്കുന്നു അവ- എസ്.ടി.ഡിക്കും മുന്‍പുള്ള ഒരു കാലത്തിന്റെ ഭാഗ്യം. ആള്‍ക്കൂട്ടത്തിന്റെ രചനയുടെയും പ്രകാശനതടസ്സങ്ങളുടെയും ഒരു ചരിത്രം ആ കത്തുകളില്‍ തെളിയുന്നുണ്ട്. 1969 ഫെബ്രുവരിയിലാണ് ആയിരത്തിലധികം മുഴുപേജ് വരുന്ന ആള്‍ക്കൂട്ടത്തിന്റെ കൈയെഴുത്തുപ്രതിയുമായി മദിരാശിയിലെ ഹാരിസു റോഡിലുള്ള ഗോവിന്ദന്റെ വസതിയില്‍ ആനന്ദ് എത്തുന്നത്. 'ഒഴിവുസമയത്ത് ഇതു വായിച്ച് എനിക്ക് എഴുതിയാല്‍ നന്ന്' എന്ന അഭ്യര്‍ഥനയോടെ, 'മടുപ്പു തോന്നിയാല്‍ തിരിച്ചയയ്ക്കുക' എന്ന കൂട്ടിച്ചേര്‍ക്കലോടെ. ഗോവിന്ദന്‍ അവിടെ ഇല്ലായിരുന്നു. പുസ്തകത്തിന്റെ പൊതി വീട്ടില്‍ വെച്ച് ആനന്ദ് മടങ്ങിപ്പോന്നു. അതേക്കുറിച്ച് ഗോവിന്ദന്‍ പിന്നീടു പറയും, 'വീട്ടിലെത്തുമ്പോള്‍ മേശപ്പുറത്ത് ഒരു പൊതിയിരിക്കുന്നു, അതിന്മേല്‍ ചായ കുടിച്ചുവെച്ച ഒരു ഗ്ലാസിന്റെ പാടും' എന്ന്. അദ്ഭുതം തോന്നാം, ആനന്ദിനെപ്പോലെ എഴുത്തിലേക്കു വരുന്ന ഒരു പുതുപ്രവേശകന്‍ തന്റെ ആദ്യനോവല്‍ പൂര്‍ത്തിയാക്കുമ്പോള്‍ സമീപിക്കുന്നത് ഏതെങ്കിലും വന്‍കിട പത്രാധിപരെയോ പ്രസാധകനെയോ അല്ല, മറിച്ച് സ്ഥാപന ബലങ്ങള്‍ ഒന്നുമില്ലാത്ത ഗോവിന്ദന്‍ എന്ന 'ചെറുമനുഷ്യ'നെയാണ്. ('ലിറ്റില്‍ മാന്‍' എന്ന് ഗോവിന്ദന്‍ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ലിറ്റില്‍ മാഗസിനുകള്‍, ലിറ്റില്‍ യോഗങ്ങള്‍ എന്നിങ്ങനെ വന്‍കിടകളുടെ നടുവില്‍ ചെറുതിന്റെ ഒരു പ്രവര്‍ത്തകന്‍.)

കാരണം, ആനന്ദ് പറയും, 'എനിക്ക് നിങ്ങളെയല്ലാതെ മറ്റാരെപ്പറ്റിയും ആലോചിക്കാന്‍ കഴിഞ്ഞില്ല.' ഒരു പുതിയ മലയാളി എഴുത്തുകാരന് മറ്റാരെപ്പറ്റിയും ആലോചിക്കാന്‍ കഴിയാതിരുന്നവിധം ഗോവിന്ദനുണ്ടായിരുന്ന പുതുരുചിക്കൂറിനെയാണ് ഇതു കാണിച്ചുതരുന്നത്. അതുകൊണ്ട് 1969-ല്‍ ആള്‍ക്കൂട്ടം എന്നപോലെ മൂന്നുവര്‍ഷത്തിനുശേഷം 1972-ല്‍ മരണ സര്‍ട്ടിഫിക്കറ്റും, അതിനിടയ്ക്ക് 'പൂജ്യം' തൊട്ടുള്ള കഥകളും 'വിപ്ലവവും യുദ്ധവും' എന്ന നീണ്ട ലേഖനവും മുക്തിപഥം നാടകവും ആനന്ദ് ഗോവിന്ദനെ ഏല്പിക്കുകയാണ് ഉണ്ടായത്. കൊള്ളാം എന്നു തോന്നിയാല്‍, തോന്നിയാല്‍ മാത്രം, എവിടെയെങ്കിലും പ്രസിദ്ധീകരിക്കാം എന്ന കുറിപ്പോടെ.

1969 ഫെബ്രുവരിയില്‍ എഴുതിയതാണ് ഇതിലെ ആദ്യത്തെ കത്ത്. 1972-ല്‍ എഴുതിയതാണ് അവസാനത്തെ കത്ത്. ആള്‍ക്കൂട്ടം രൂപംകൊണ്ടുവന്നതിന്റെ ചരിത്രമാണ് ആദ്യത്തെ ഏതാനും കത്തുകളില്‍ സൂചിപ്പിക്കുന്നത്. എത്ര ഗൗരവമേറിയതും വ്യാപ്തിയുള്ളതുമായ ഒരു പ്രോജക്ട് ആയിട്ടാണ് അന്ന് ഇരുപത്തിമൂന്നു വയസ്സുമാത്രം പ്രായമുള്ള ഒരു പുതുക്കക്കാരന്‍ തന്റെ ആദ്യനോവലിനെ സങ്കല്പിച്ചതെന്ന് ആ കത്തുകള്‍ വ്യക്തമാക്കുന്നു. 'എന്റെതന്നെ അനുഭവങ്ങളും എനിക്കു പരിചയമുള്ള മറ്റുള്ളവരുടെ അനുഭവങ്ങളും മുന്‍നിര്‍ത്തി ഇടത്തരക്കാരുടെ പുരോഗമനം ഏതു വഴിക്കാണെന്നു പഠിക്കുകയായിരുന്നു ഉദ്ദേശ്യം,' അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു നോവലായിട്ടാണ് അതു സങ്കല്പിക്കപ്പെട്ടത്. സ്വാതന്ത്ര്യം എന്നാല്‍ വ്യക്തിയുടെ സ്വാതന്ത്ര്യവും രാജ്യത്തിന്റെ സ്വാതന്ത്ര്യവും. 'ഓരോ കഥാപാത്രത്തിന്റെയും താന്‍ വിശ്വസിക്കുന്ന രീതിയിലുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം രാജ്യത്തിന്റെയും സമൂഹത്തിന്റെയും കൂടെത്തന്നെ സ്തംഭനാവസ്ഥയില്‍ എത്തിനില്ക്കുന്നതാണ് പ്രമേയം.'

സമൂഹത്തിന്റെ ദുരന്തവും വ്യക്തിയുടെ ദുരന്തവും ഒന്നാകുന്ന വിധത്തില്‍ രണ്ടു ലോകങ്ങളെയും ഒരൊറ്റത്തുടര്‍ച്ചയായി സങ്കല്പിക്കുന്നു അത്. പുറത്തു സംഭവിക്കുന്ന ആഘാതം തന്നെയാണ് വ്യക്തിയുടെ അകത്തെ ആഘാതവും. പുറത്താകട്ടെ, ദുഃഖകരമായ സംഭവങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പെരുകിപ്പെരുകി വന്നു. 'ചുമതലകള്‍ എല്ലാം ഉപേക്ഷിച്ച് ആള്‍ക്കൂട്ടത്തില്‍ അഭയം തേടുന്ന ബുദ്ധിജീവികള്‍, വ്യക്തികള്‍ക്കു പകരം അച്ചുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥ, 1962-ലെ യുദ്ധം, അതേത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ക്ഷാത്രവീര്യദേശീയത-''സ്തംഭനാവസ്ഥ പൂര്‍ത്തിയായെന്നു തോന്നിയ' ആ ഘട്ടത്തിലാണ് നോവല്‍ എഴുതാനിരുന്നത്. 1963-ലായിരിക്കണം അത്. പിന്നീടുള്ള ആറേഴുവര്‍ഷംകൊണ്ടാണ് പേജുകള്‍ക്കുമേല്‍ പേജുകള്‍ മറിഞ്ഞ് നോവല്‍ വളര്‍ന്നുവന്നത്. സംഭവങ്ങള്‍ക്കുമേല്‍ സംഭവങ്ങള്‍ വീണ് കാലവും ആ കാലത്തോടു പ്രതികരിച്ച് കൃതിയും മുന്നോട്ടു പോയി. ഇങ്ങനെ ചലിക്കുന്ന വര്‍ത്തമാനത്തോടൊപ്പം വളര്‍ന്നും അതിനോടു പ്രതിപ്രവര്‍ത്തിച്ചും ഒരു നോവല്‍ രൂപംകൊള്ളുന്ന രീതി മലയാള നോവല്‍ചരിത്രത്തില്‍ അധികം കാണുകയില്ല. കാലംതന്നെയാണ് തന്നെക്കൊണ്ട് ഈ കൃതി എഴുതിച്ചതെന്ന് ആനന്ദ് പറയുന്നുണ്ട്, 'സംഭവഗതികള്‍ മറ്റൊരുതരത്തിലായിരുന്നെങ്കില്‍ സന്തോഷപൂര്‍വം ഉപേക്ഷിച്ചേനെ' എന്നും.

സംഭവഗതികള്‍ മറ്റൊരു തരത്തില്‍ ആകാത്തതുകൊണ്ട് നോവല്‍ എഴുതപ്പെടുകതന്നെ ചെയ്തു. ആ എഴുതുന്ന പ്രക്രിയ തനിക്ക് എങ്ങനെ സര്‍വപ്രധാനമായ ഒരസ്തിത്വപ്രശ്നമായിരുന്നു എന്ന് കത്തിന്റെ വേറൊരു ഭാഗത്ത് വിശദമാക്കുന്നുണ്ട്. 'കഴിഞ്ഞ കൊല്ലങ്ങളില്‍ എന്റെ പ്രധാന കൂട്ടുകാര്‍ ഈ മനുഷ്യര്‍ മാത്രമായിരുന്നു. ഒട്ടേറെ സഹിക്കേണ്ടിവന്ന ഒരു കാലമായിരുന്നു എനിക്കത്. ഇവരുടെ കൂട്ടുകൊണ്ടു മാത്രമാണ് ജീവിച്ചുപോന്നതെന്നു തോന്നും. അവരോടു സംസാരിച്ചും തര്‍ക്കിച്ചും വഴക്കുകൂടിയും കഴിഞ്ഞു കാലം. എന്നിട്ട് അവരെയെല്ലാം അങ്ങനെ ആള്‍ക്കൂട്ടത്തില്‍ ഉപേക്ഷിച്ചുകളയേണ്ടിവന്നപ്പോള്‍ വേദന തോന്നി. നേട്ടത്തെക്കാള്‍ കൂടുതലായി എനിക്ക് ഈ പുസ്തകം ഒരു നഷ്ടമായിരുന്നെന്നു പറയാം.' തന്റെ എല്ലാ ഉത്കണ്ഠകളെയും സൃഷ്ടിച്ചുകൊണ്ട് കാലവും തന്റെ ഒരേയൊരു ആശ്വാസത്തെ നിര്‍മിച്ചുകൊണ്ട് എഴുത്തും, അതു രണ്ടിനെയും ഏകീഭവിപ്പിച്ചുകൊണ്ട് പേജുകളിലൂടെ വളരുന്ന നോവലും- എഴുതുക എന്ന പ്രക്രിയയുടെ സര്‍വപ്രധാനിത്വത്തെപ്പറ്റി എഴുത്തുകാരനു മാത്രം പറയാവുന്ന സാക്ഷ്യമാണ് ഈ വരികള്‍. പിന്നീട് ഗോവിന്ദന്റെ അഭിപ്രായപ്രകാരം ആള്‍ക്കൂട്ടം റിവൈസ് ചെയ്യാന്‍ ഇരുന്നപ്പോള്‍ 'രാത്രിയിലെ ഈ മണിക്കൂറുകള്‍ മാത്രമായിരുന്നു ഏക ആശ്വാസം' എന്നും എഴുതുന്നുണ്ട്. ഇങ്ങനെ തന്റെ അസ്തിത്വത്തിന്റെ മുഴുവന്‍ അര്‍ഥവും സമാഹരിക്കുന്ന പ്രയത്നമായിട്ടും ആ പ്രയത്നഫലത്തെ മമതയും ഉടമസ്ഥതയും കലര്‍ന്ന അതിപ്രാധാന്യബോധത്തോടെയല്ല ആനന്ദ് പരാമര്‍ശിക്കുന്നത്, മറിച്ച് തീര്‍ത്തും മമതയില്ലാത്ത ഒരു മനോഭാവത്തോടുകൂടിയാണ്. 'കുറെ നാളുകളായി നിങ്ങളുടെ കത്തൊന്നും കിട്ടാറില്ല' അദ്ദേഹം എഴുതുന്നു; 'മാത്രമല്ല, എഴുതുമ്പോഴൊക്കെയും നിങ്ങള്‍ ഈ ഒരു പുസ്തകത്തെപ്പറ്റി മാത്രമേ എഴുതുന്നുള്ളൂ. എന്തൊക്കെയുണ്ട് പുതിയ പ്രവര്‍ത്തനങ്ങള്‍? സമീക്ഷ എങ്ങനെ? ഈ പ്രവര്‍ത്തനങ്ങള്‍ ആള്‍ക്കൂട്ടത്തെക്കാള്‍ പ്രധാനമാണ്. അതു പ്രസിദ്ധീകരിക്കാന്‍ ഇടവന്നാല്‍പ്പോലും.' അതേ, അതു പ്രസിദ്ധീകരിക്കാന്‍ ഇടവന്നാല്‍പ്പോലും! ആള്‍ക്കൂട്ടം യഥാര്‍ഥത്തില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ എന്ന സംശയംപോലും ഒരു കത്തില്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. 'ദിവസംതോറും എത്രയോ പുസ്തകങ്ങള്‍ വന്നുകൊണ്ടിരിക്കേ, ആ ലിസ്റ്റില്‍ ഒന്നുകൂടി പെട്ടില്ലെങ്കില്‍ എന്തുവരാനാണ്.' എഴുതുന്ന പ്രവൃത്തിയില്‍ മുഴുകുമ്പോഴും എഴുതിയ പുസ്തകത്തിന്റെ ഭാഗധേയത്തോട് കെട്ടപ്പെടാന്‍ താനില്ല എന്നതാണ് ഈ വരിയിലെ സൂചന.

മനുഷ്യന്‍ അങ്ങനെ സ്വന്തം സൃഷ്ടിയോട് കെട്ടപ്പെട്ടുകൂടാ എന്നാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം മറ്റൊരു കത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. 'ഒരു ഭാഗ്യംകെട്ട ജീവിയാണ് മനുഷ്യന്‍. തന്റെതന്നെ സൃഷ്ടിയോട് അയാള്‍ ബന്ധിക്കപ്പെടുന്നു- താന്‍ സൃഷ്ടിക്കുന്നതൊന്നും തനിക്കു വേണ്ടിയല്ലെന്ന് അറിയാതെ, എല്ലാം ലോകത്തോടു ബന്ധം സ്ഥാപിക്കാനുള്ള ഉപാധിയാണെന്ന് അറിയാതെ.' സൃഷ്ടികളോരോന്നും സ്രഷ്ടാവ് ലോകത്തിലേക്കു പണിയുന്ന പാലമായിട്ടും അതറിയാതെ, ആ സൃഷ്ടിയുടെ ഭാഗധേയവുമായി ബന്ധിക്കപ്പെട്ടുകിടക്കുന്നതാണ് അന്യവത്കരണത്തിന്റെ ഒരു രൂപമെന്നും ആ അന്യവത്കരണംതന്നെയാണ് മനുഷ്യന്റെ ഒരു ദുര്‍വിധിയെന്നും പിന്നീടുള്ള കത്തുകളില്‍ കാണാം. സ്വന്തം പുസ്തകത്തിന്റെ കൈയെഴുത്തുപ്രതിയടങ്ങിയ പൊതിയിന്മേല്‍ വെച്ചുപോയ ചായഗ്ലാസിന്റെ പാട് ആനന്ദിന്റെ കത്തുകളില്‍ പലയിടത്തും നിര്‍മമതയുടെ മുദ്രയായി തെളിഞ്ഞുവരുന്നുണ്ട്.

പുസ്തകത്തിന്റെ ഭൗതികഭാഗധേയത്തോടു മാത്രമല്ല ആനന്ദിന്റെ ഈ കെട്ടപ്പെടായ്മ, പുസ്തകമെഴുതിയ ആള്‍ എന്ന നിലയ്ക്കുള്ള തന്റെ കര്‍ത്തൃനാമത്തോടുകൂടിയാണ്. പുസ്തകത്തിന്റെ മുന്നില്‍ എന്തിനാണ് അതെഴുതിയ ആളുടെ പേര് എന്ന് മറ്റൊരു കത്തില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. 'പുസ്തകം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ത്തന്നെ ഒരു തൂലികാനാമം കൊടുക്കുന്നതിനു പകരം പേരൊന്നും ചേര്‍ക്കാതെയും പ്രസിദ്ധീകരിച്ചുകൂടെ?' (കത്ത് 7). പുസ്തകം, അതെഴുതിയ ആളിന് ലഭിക്കുന്ന കര്‍ത്തൃനാമം, ആ നാമത്തിനു വന്നുചേരുന്ന മേല്‍വിലാസബലം, അതിന്റെ അനുസാരികളായ ജീവചരിത്രം, ഫോട്ടോഗ്രാഫ്, പുരസ്‌കാരം, അവസാനം ഒരു ബിംബരൂപം- ഇങ്ങനെ പടര്‍ന്നുവളര്‍ന്നുപോകുന്ന ഒരു വ്യവഹാരത്തിന്റെ യുക്തിയെയാണ് ഈ ചോദ്യം സരളമായി സംശയിക്കുന്നത്. ഈ വ്യവഹാരത്തിന്റെ ഒരു നിര്‍മിതിയാണ് 'സാഹിത്യകാരന്‍.' പക്ഷേ, ആനന്ദ് പറയും, 'ഒരു സാഹിത്യകാരനായിത്തീരാന്‍ സംരംഭമില്ല.' സാഹിത്യകാരന്‍ എന്ന സ്ഥാപിതഗണത്തെ വര്‍ജിച്ചും എന്നാല്‍, എഴുതുക എന്ന ക്രിയയെ സര്‍വപ്രധാനമായ വൃത്തിയായി ഉറപ്പിച്ചും ഉള്ള വിയോജകന്റെ നില്പാണ് അത്. ആനന്ദിന്റെ കത്തുകളുടെ ഒരു പ്രാധാന്യംതന്നെയും, മലയാളത്തിന് ഏറെ പരിചിതമല്ലാത്തവിധം സാഹിത്യകാരനില്‍നിന്നു ഭിന്നനായ, വിയോജകനായ, ഒരെഴുത്തുകാരന്‍ എന്ന സാധ്യതയെ അതു കാണിച്ചുതരുന്നു എന്നതാണ്. 'സാഹിത്യകാരനല്ലാത്ത എഴുത്തുകാരന്‍' എന്ന് ആനന്ദിലെ രചയിതാവിനെ വിശേഷിപ്പിക്കാം.

'സാഹിത്യകാരന്‍' അല്ലാതെയും സാഹിത്യത്തിന്റെ ക്യൂവില്‍നിന്നല്ലാതെയും എഴുത്തിലേക്ക് കയറിവരുന്ന ഒരു അമേച്വറിന്റെ അമ്പരപ്പ്, പകച്ചനോട്ടം എന്നിവ ആനന്ദിന്റെ കത്തുകളില്‍ കാണാം. 'എഴുതുക എന്നു വരുമ്പോള്‍ എനിക്ക് ഒരു ഭാഷയിലും വേണ്ടത്ര പിടിപാടില്ല' എന്ന ആദ്യകത്തിലെ വരിതന്നെ ഉദാഹരണം. ക്യൂവില്‍നിന്നല്ലാതെ വശങ്ങളില്‍നിന്ന് കയറിവരുന്നവന്‍ തന്റെ ഭാഷയെ മറ്റുള്ളവര്‍ കാണാത്തവിധം കാണുന്നതിന്റെ കാഴ്ചപ്പുതുക്കം രണ്ടാമത്തെ കത്തിലുണ്ട്. 'മലയാളത്തിലെ സര്‍വനാമങ്ങളുടെ ഉപയോഗത്തില്‍ എനിക്കെപ്പോഴും അമ്പരപ്പു തോന്നിയിട്ടുണ്ട്' എന്ന വാക്യം ഉദാഹരണം. മനുഷ്യര്‍ക്ക് പരസ്പരം പരാമര്‍ശിക്കാനും സംബോധന ചെയ്യാനുമായി അവന്‍, അയാള്‍, അദ്ദേഹം, നീ, നിങ്ങള്‍ എന്നിങ്ങനെ പല സര്‍വനാമങ്ങള്‍ ഉള്ളതില്‍ ഏത് ഉപയോഗിക്കണം എന്നു നിശ്ചയിക്കാന്‍ ആവാത്തതിലെയാണ് ഈ അമ്പരപ്പ്. നമ്മുടെ ഭാഷയില്‍ ഫ്യൂഡല്‍കാലവും ജാതിയുടെ മേല്‍ക്കീഴുവ്യവസ്ഥയും അതിന്റെ ചാപ്പയടയാളങ്ങള്‍ ഇട്ടിട്ടുപോയ ഭൂഭാഗങ്ങളിലൊന്ന് ഞാന്‍, നോം, നീ, നിങ്ങള്‍, താന്‍, താങ്കള്‍, അങ്ങ്, അവിടുന്ന്, അവന്‍, അയാള്‍, അദ്ദേഹം, അങ്ങത്ത, ഭവാന്‍, ഭവതി എന്നിങ്ങനെ മനുഷ്യരുടെ പദവിയോടു ചേര്‍ന്ന് ഉറച്ചുപോയ സര്‍വനാമങ്ങളാണ്: നാഗരികതയുടെ ഭാഷാലോകത്തുനിന്നും തുല്യതയുടെ മൂല്യലോകത്തുനിന്നും നോക്കുമ്പോള്‍ അമ്പരപ്പിക്കുന്നതുതന്നെയാണ് പദവിനിഷ്ഠമായ ഈ സര്‍വനാമങ്ങളുടെ അസംബന്ധത. അതുകൊണ്ട് ആനന്ദ് പറയും, 'മനുഷ്യരെ അവരുടെ പദവി നോക്കാതെ തരംതിരിക്കുകയാണ് ആള്‍ക്കൂട്ടത്തില്‍ താന്‍ ചെയ്യുന്നത് എന്ന് (കത്ത് 2). ആള്‍ക്കൂട്ടത്തില്‍ സര്‍വനാമങ്ങള്‍ക്കു പദവിയില്ല, ഞാന്‍- ഞങ്ങള്‍, അയാള്‍-അവര്‍ എന്നിങ്ങനെ ഏകവചനവും ബഹുവചനവുമേയുള്ളൂ. അദ്ദേഹം എന്ന വാക്ക് ഉപയോഗിക്കാത്ത അപൂര്‍വം നോവലുകളിലൊന്നായിരിക്കും ആള്‍ക്കൂട്ടം. 'നിങ്ങള്‍' എന്ന ഒറ്റപ്പദമാണ് second person singular and plural ആയി താന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ആ കത്തില്‍ ആനന്ദ് തുടരുന്നുണ്ട്. ഭര്‍ത്താവ് ഭാര്യയെ, കാമുകന്‍ കാമുകിയെ, സുഹൃത്ത് സുഹൃത്തിനെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ എന്ന പദമാണ്: 'നിങ്ങള്‍ അതെല്ലാം ചെയ്യണം... തിരഞ്ഞെടുക്കണം, ആഗ്രഹിക്കണം, കണ്ടെത്തണം...' അയാള്‍ അവളുടെ ചുമലില്‍ അലസമായി തലോടി 'അതിനാണ് സ്വാതന്ത്യം' (ആള്‍ക്കൂട്ടം, പേജ് 428, ഗോപാല്‍ ലളിതയോട്).

ഗ്രാമീണമായ കേരളഭാഷയില്‍, ഭര്‍ത്താവ് ഭാര്യയെ നിങ്ങള്‍ എന്നു സംബോധന ചെയ്യുകയില്ല. കാരണം, ദേശ്യമൊഴിയില്‍ 'നിങ്ങള്‍' ഉപചാരത്തെയോ ഉയര്‍ച്ചയെയോ അകല്‍ച്ചയെയോ കുറിക്കുന്ന പദമാണ്. എന്നാല്‍ ഇവിടെ വ്യക്തികള്‍ തമ്മിലെ തുല്യതയെ കുറിക്കുന്ന നാഗരിക സംബോധനാവാക്കായി മാറുന്നു 'നിങ്ങള്‍,' മാത്രമല്ല, ഗോപാല്‍-ലളിത, ജോസഫ്- രാധ, മീന-പ്രേം, കവിത-സുന്ദര്‍ എന്നിവരൊക്കെ പരസ്പരം തങ്ങളുടെ ഏറ്റവും ഗാഢമായ തുറന്നുപറച്ചിലുകള്‍ നടത്തുന്നതും ഈ പദം ഉപയോഗിച്ചാണ്. 'ഞാന്‍ എന്താണ് എപ്പോഴും നിങ്ങളുടെ അടുത്തേക്ക് ഓടിയെത്തുന്നത്?' ജോസഫ് പകുതി ആത്മഗതം എന്ന വിധത്തില്‍ പറഞ്ഞു. 'വ്യസനം തോന്നുമ്പോഴും ഏകാന്തത തോന്നുമ്പോഴും ഞാന്‍ വേറെയെങ്ങും പോകുന്നില്ല. അകന്നിരിക്കുമ്പോഴും ഞാന്‍ നിങ്ങളെപ്പറ്റി ആലോചിച്ചുപോകുന്നു...രാധ എന്നെപ്പറ്റി ആലോചിക്കാറുണ്ടോ?'(ആള്‍ക്കൂട്ടം). ആള്‍ക്കൂട്ടത്തിലെ മനുഷ്യര്‍ തങ്ങളുടെ ഏകാന്തതയും വ്യസനവും വിക്ഷോഭവും ഉത്കണ്ഠയും പരസ്പരം പകരുന്ന ഏറ്റവും ഗാഢമായ അഭിമുഖീകരണങ്ങള്‍ നടത്തുന്നത് 'നിങ്ങള്‍' എന്ന സംബോധന ഉപയോഗിച്ചാണ്. വ്യക്തികളുടെ അടുപ്പവും വ്യക്തിത്വങ്ങളുടെ അകല്‍ച്ചയും ഒരുമിച്ചുകൊണ്ടുവരുന്നു ഈ വാക്ക്. എനിക്കു തോന്നാറുണ്ട്, ആ ഒരു വാക്കില്ലായിരുന്നെങ്കില്‍ ആള്‍ക്കൂട്ടത്തിന്റെ സംവേദനശക്തി എത്രയോ കുറഞ്ഞുപോകുമായിരുന്നു എന്ന്. ഒരു നോവലിന്റെ അനുഭവശക്തി ചില സര്‍വനാമങ്ങളിലുംകൂടി അധിഷ്ഠിതമായിരിക്കുക എന്നത് നോവല്‍വായനയുടെ ചരിത്രത്തില്‍ അത്ര പുതുതല്ലതാനും.

ആനന്ദിന്റെ ഭാഷാദര്‍ശനത്തിലേക്ക് വെളിച്ചം വീശുന്ന ഈ കത്തുകളുടെ വേറൊരു പ്രാധാന്യം ആള്‍ക്കൂട്ടത്തിനും മുന്‍പെഴുതിയ അദ്ദേഹത്തിന്റെ കഥകളെപ്പറ്റി അതു സൂചന നല്കുന്നു എന്നതാണ്. ഈ പ്രാധാന്യമാണ് 'സുന്ദരിയല്ലാത്ത പെണ്‍കുട്ടി', 'കടക്കാത്ത നദികള്‍,' 'വാടകയ്ക്കെടുത്ത വീട്, 'അയല്‍ക്കാരും വഴിപോക്കരും' എന്നിങ്ങനെയുള്ള നാലു കഥകളെപ്പറ്റി ഒരു കത്തില്‍ പറയുന്നുണ്ട്: ആള്‍ക്കൂട്ടത്തിനും മുന്‍പ് എഴുതിയ ഈ കഥകളെക്കുറിച്ചുള്ള തന്റെ തോന്നലുകളെപ്പറ്റിയും ആ കത്തില്‍ അദ്ദേഹം വിശദമാക്കുന്നു. ഇവയില്‍ 'വാടകയ്ക്കെടുത്ത വീട്' 1973-ല്‍ മാതൃഭൂമി വാര്‍ഷികപ്പതിപ്പിലും 'അയല്‍ക്കാരും വഴിപോക്കരും' വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് 2002-ല്‍ മലയാളമനോരമ വാര്‍ഷികപ്പതിപ്പിലും പ്രസിദ്ധീകരിച്ചുവരുകയുണ്ടായി. എന്നാല്‍ മറ്റു രണ്ടു കഥകളും എന്തുകൊണ്ടോ ഒരിടത്തും, ഒരു സമാഹാരത്തിലും ചേര്‍ക്കപ്പെട്ടിട്ടില്ല. ഈ രണ്ടു കഥകളില്‍ 'സുന്ദരിയല്ലാത്ത പെണ്‍കുട്ടി' എന്ന ആദ്യകഥയ്ക്ക് ഒരു പ്രത്യേകതകൂടിയുണ്ട്. ആനന്ദ് ആദ്യമായി എഴുതിയ കഥയാണത്. അദ്ദേഹം പറയും: 'ഈ കഥയുടെ കലാപരമായ മൂല്യത്തെക്കുറിച്ച് എനിക്ക് അറിഞ്ഞുകൂടാ. എന്നെ സംബന്ധിച്ചിടത്തോളം ഇതിന് വളരെയേറെ വിലയുണ്ട്. കാരണം, ഞാന്‍ ആദ്യമായി എഴുതിയ വസ്തുവാണിത്. തുടര്‍ന്ന് കഥയുടെ പ്രമേയത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നു: 'സ്വഭാവരഹിതമായ ആള്‍ക്കൂട്ടത്തില്‍ ലയിച്ച് അസുന്ദരനായിത്തീര്‍ന്ന ഒരു മനുഷ്യന്‍ സുഖവും ദുഃഖവും കലര്‍ന്ന ജീവിതത്തിന്റെ സൗന്ദര്യത്തിലേക്ക് മടങ്ങിവരുന്നതാണ് വിഷയം എന്നാണ് എന്റെ ഡംഭ്. ഏതായാലും ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് എനിക്ക് ആള്‍ക്കൂട്ടം എഴുതുക ആവശ്യമായി തോന്നിയത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ഇതെഴുതിയില്ലായിരുന്നെങ്കില്‍ ആള്‍ക്കൂട്ടവും എഴുതുകയില്ലായിരുന്നു എന്നു തോന്നുന്നു.' ആള്‍ക്കൂട്ടം എന്ന നോവലിന്റെ മുന്നോടിയോ ബീജരൂപമോ ആണ് 'സുന്ദരിയല്ലാത്ത പെണ്‍കുട്ടി' എന്നര്‍ഥം. തനിക്കു പ്രിയപ്പെട്ടതും വിലപ്പെട്ടതും ആയ ആദ്യകഥയായിട്ടും, ആള്‍ക്കൂട്ടംപോലെ തന്റെ ആദ്യനോവലിന്റെ വിത്തായിരുന്നിട്ടും എന്തുകൊണ്ടാണ് ഈ കഥ അദ്ദേഹത്തിന്റെ ഒരു സമാഹാരത്തിലും ചേര്‍ക്കപ്പെടാതെ പോയത്? ആനന്ദിന്റെ രചനകളില്‍ പിന്നീട് പ്രബലമായി വരുന്ന ഒരു പാറ്റേണിനെക്കൂടി 'സുന്ദരിയല്ലാത്ത പെണ്‍കുട്ടി കാണിച്ചുതരുന്നുണ്ട്-
ഒരു വലിയ നോവലിന്റെ മുന്നോടിയും ബീജരൂപവുമായി ഒരു ചെറുകഥ പിറവിയെടുക്കുക എന്നതാണ് ആ പാറ്റേണ്‍. അഭയാര്‍ഥികള്‍ക്കും ഉത്തരായണത്തിനും ഗോവര്‍ധന്റെ യാത്രകള്‍ക്കും വ്യാസനും വിഘ്നേശ്വരനും അപഹരിക്കപ്പെട്ട ദൈവങ്ങള്‍ക്കും ഒക്കെ ആദ്യ ദൂതരായി ഇങ്ങനെ ചെറുകഥാവിത്തുകള്‍ ഉണ്ടായിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ബീജരൂപമായ 'സുന്ദരിയല്ലാത്ത പെണ്‍കുട്ടി'യെക്കുറിച്ച് ആനന്ദിന്റെ കത്തുകളില്‍നിന്ന് ഊഹിക്കാനേ നമുക്കു കഴിയൂ.

വ്യക്തിപരമായ വിവരങ്ങള്‍ കുറവായ ഈ കത്തുകളില്‍ പക്ഷേ, തന്റെ തൊഴിലിലെ അന്യവത്കരണം എന്ന അനുഭവത്തെപ്പറ്റി ഒന്നിലധികം തവണ ആനന്ദ് പരാമര്‍ശിക്കുന്നുണ്ട്. പട്ടാളമാണ് ആ തൊഴില്‍. 'അന്യത്വം വന്ന മനുഷ്യന് പട്ടാളക്കാരനെക്കാള്‍ യോജിച്ച ഉദാഹരണം ഉണ്ടാവുകയില്ല' അദ്ദേഹം എഴുതുന്നു. 'അടുത്താഴ്ച മുതല്‍ കവാത്തും മറ്റും. ഒരു ഹ്യൂമനിസ്റ്റെന്ന നിലയില്‍ ഇതിലേറെ ഞാന്‍ വെറുക്കുന്ന മറ്റൊരു ജോലിയില്ല. നശീകരണകല അഭ്യസിക്കുന്നതിനെക്കാള്‍ ഭാഗ്യംകെട്ട ഒരു സ്ഥിതി ഒരു എന്‍ജിനീയര്‍ക്ക് ഉണ്ടാകാനില്ല.' മറ്റൊരു കത്തില്‍ 'സൃഷ്ടിക്കുവാനല്ല, നശിപ്പിക്കുവാനാണ് ഇവിടെ അഭ്യാസം' എന്ന് തുടരുന്നുണ്ട്. ഏതു ജോലിയെയും വിലപ്പെട്ടതാക്കുന്നത് അതു പൂര്‍ത്തിയാക്കുന്നതിലെ സംതൃപ്തിയും, ഏത് അറിവിനെയും സാരവത്താക്കുന്നത് അത് ജീവിതത്തില്‍ സാക്ഷാത്ക്കരിക്കുന്നതിലെ സഫലതയുമാണ്. എന്നാല്‍, പട്ടാളത്തില്‍ നടക്കുന്ന അറിവുനിര്‍മാണം ഒരിക്കലും സാക്ഷാത്ക്കരിക്കാന്‍ ഇടവരരുതേ എന്ന് പട്ടാളക്കാരന്‍ പ്രാര്‍ഥിക്കുന്നു. കാരണം, അവിടെ അറിവുപയോഗിക്കുക എന്നാല്‍ ആ പ്രയോഗിക്കപ്പെടുന്ന വസ്തുവിനെ നശിപ്പിക്കുക എന്നാണ് അര്‍ഥം. അതുകൊണ്ട് നടക്കുംതോറും പട്ടാളക്കാരന്‍ ലക്ഷ്യത്തിലെത്തരുതേ എന്നു പ്രാര്‍ഥിക്കുന്നു.' ഈ കാരണംകൊണ്ടാണ് 'എറിക് ഫ്രോം പറയുന്ന അന്യത്വം വന്ന മനുഷ്യന് പട്ടാളക്കാരനോളം യോജിച്ച ഉദാഹരണമില്ലെ'ന്ന് ആനന്ദ് ആ കത്തില്‍ വിശദീകരിക്കുന്നത്. പട്ടാളത്തിലെ അന്യവത്കരണം 1967 കാലത്തെഴുതിയ 'നാടകം' എന്ന കഥയുടെ പ്രമേയമാണ്. 'നാടക'ത്തെപ്പറ്റി ഈ കത്തില്‍ത്തന്നെ പ്രച്ഛന്നമായ സൂചനയും കാണാം. 'നാടക'ത്തില്‍ മാത്രമല്ല, ആനന്ദ് അക്കാലത്തെഴുതിയതും ഗോവിന്ദന്‍ പലയിടങ്ങളിലേക്ക് അയച്ചുകൊടുത്തതുമായ 'ഭ്രമണപഥം', 'വിഗ്രഹം' തുടങ്ങിയ കഥകളിലും പ്രധാനമായ പ്രമേയം അന്യത്വംതന്നെ. ഒന്നുകില്‍ ഒരു വ്യാവസായികസമൂഹത്തിലെ അന്യത്വം. അല്ലെങ്കില്‍ ഒരു റെജിമെന്റഡ് സമൂഹത്തിലെ അന്യത്വം. അറുപതുകളില്‍ ആനന്ദിന്റെ ഏറ്റവും ഗൗരവമേറിയ ഉത്കണ്ഠകളിലൊന്നായിരുന്നു അന്യവത്കരണം. അതിന്റെ വ്യക്തിപരമായ അനുഭവ ഉറവിടങ്ങളെപ്പറ്റി ഈ കത്തുകള്‍ വിശദമായ സൂചനകള്‍ നല്കുന്നുണ്ട്.

തുടക്കത്തില്‍ ചെറുതായ ആനന്ദിന്റെ കത്തുകള്‍ പിന്നപ്പിന്നെ നീണ്ടുവരുന്നു. ആദ്യകത്ത് മുക്കാല്‍ പേജെങ്കില്‍ 1972-ലെ അവസാനത്തെ കത്ത് അഞ്ചു പേജുവരും-ഒരു ചെറിയ ഉപന്യാസത്തിന്റെ വലുപ്പം. 1972-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയപാരമ്പര്യത്തിലെ ശൈവവും വൈഷ്ണവവുമായ ധാരകളെക്കുറിച്ച് ഗോവിന്ദന്‍ എഴുതിയ നീണ്ട ലേഖനത്തോടുള്ള പ്രതികരണമാണ് ഈ കത്ത്. ശൈവം എന്നാല്‍ ഗോവിന്ദന് വിപ്ലവപരതയും വൈഷ്ണവം എന്നാല്‍ സ്ഥിതവ്യവസ്ഥയുടെ പാലനവുമാണ്. ഈ അധ്യാരോപത്തോടുള്ള വിയോജിപ്പാണ് ആനന്ദിന്റെ വിശദമായ കത്ത്. വിപ്ലവത്തിന്റെ ഘടന, ശൈവപാരമ്പര്യം ഉള്ളതായി കരുതപ്പെടുന്ന ബംഗാളികളുടെ കലാപ്രപ്രവര്‍ത്തനത്തിന്റെ സ്വഭാവം, അവര്‍ക്ക് മലയാളികളില്‍നിന്നുള്ള വ്യത്യാസം, ഗാന്ധിസം, റോയിസം എന്നിങ്ങനെ ഏറെ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്നു ആ കത്ത്-ഒരു ആശയചര്‍ച്ചതന്നെയാണത്. പതിമൂന്നാമത്തെ കത്ത് ആരംഭിക്കുന്നതുതന്നെ 'പല്‍ട്ടാര്‍ക്കിന്റെ ലൈഫ് ഓഫ് സലോണ്‍ വായിച്ചുകൊണ്ടിരിക്കെ ഗ്രീസിലെ ഈ നിയമജ്ഞന്‍ ആവിഷ്‌കരിച്ച രസകരമായ ഒരു നിയമം കണ്ടെത്താനായി' എന്നിങ്ങനെയാണ്. വേറൊരു കത്തില്‍ ഗാന്ധിജിയുടെ സത്യാഗ്രഹം എന്ന ആശയത്തെ വീണ്ടും പഠിക്കേണ്ടതിന്റെ ആവശ്യം ഓര്‍മിപ്പിക്കുന്നുണ്ട്. ജനാധിപത്യം, അതില്‍ ബുദ്ധിജീവിയുടെ പങ്ക്, അന്നത്തെ ഇന്ത്യന്‍ അവസ്ഥ എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ചചെയ്യുന്ന ഈ കത്തുകളില്‍, അക്കാലത്തെ ബൗദ്ധികാന്തരീക്ഷത്തില്‍ അത്ര സാധാരണമല്ലാത്ത ഒരു വിഷയവും ആനന്ദ് ചര്‍ച്ചയ്ക്കെടുക്കുന്നുണ്ട്-സ്ത്രീസ്വാതന്ത്ര്യവും ലൈംഗികസ്വാതന്ത്ര്യവും പുരുഷമേധാവിത്വത്തിന്റെ കുടുംബഘടനയുമാണത്. പത്തൊന്‍പതാമത്തെ കത്തില്‍, സമീക്ഷയുടെ ഒരു ലക്കത്തിനോടുള്ള പ്രതികരണമായിട്ടാണ് അതു തുടങ്ങുന്നത്. 'ഞാന്‍ അടുത്തു മറിച്ചുനോക്കാനിടയായ ഒരു ചൈനീസ് നോവലില്‍ സ്ത്രീകഥാപാത്രംതന്നെയില്ല' എന്നിങ്ങനെ അത് ആരംഭിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ ലൈംഗികസ്വാതന്ത്യത്തിനെതിരേ നില്ക്കുന്നതിനെപ്പറ്റിയാണ് ആനന്ദ് പറയുന്നത്. 'അശ്ലീല'സാഹിത്യം വില്ക്കുന്ന ചില കടകള്‍ കല്‍ക്കത്തയില്‍ നക്സലൈറ്റുകള്‍ കത്തിച്ചതിനെപ്പറ്റിയും അദ്ദേഹം തുടര്‍ന്നുപറയുന്നു. ലൈംഗികസ്വാതന്ത്ര്യം ഒരു സമൂഹത്തിലെ മറ്റു സ്വാതന്ത്ര്യങ്ങളുടെ അളവിന്റെ മാനദണ്ഡമല്ലെങ്കിലും, എല്ലാ മേധാവിത്വവ്യവസ്ഥകളും സ്ത്രീയുടെ സ്വാതന്ത്ര്യത്തെ അടക്കിനിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം പിന്നിലുള്ള പുരുഷമേധാവിത്വത്തെപ്പറ്റിയും, പുരുഷന്‍ നായകനെങ്കിലും വീട്ടില്‍ നായികയേയില്ലാത്ത കുടുംബവ്യവസ്ഥയെപ്പറ്റിയും അദ്ദേഹം തുടര്‍ന്നു പറയുകയും ചെയ്യുന്നു. എണ്‍പതുകളില്‍ അതിപ്രധാനമായ ഒരു ചര്‍ച്ചാവിഷയമായി വന്നെങ്കിലും എഴുപത്തിരണ്ടിലെ ആധുനികതയുടെ ഉച്ചകാലത്ത് സ്ത്രീസ്വാതന്ത്ര്യം എന്ന പ്രമേയം ഒരിടത്തും ചര്‍ച്ചയ്ക്കു വന്നിട്ടില്ലായിരുന്നു. ആള്‍ക്കൂട്ടത്തില്‍ത്തന്നെയും എല്ലാവിധ സ്വാതന്ത്ര്യങ്ങളെയും കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും സ്ത്രീസ്വാതന്ത്ര്യം അങ്ങനെയൊരു സംവാദവിഷയമല്ല. എന്നാല്‍ ആള്‍ക്കൂട്ടത്തിലെ സ്ത്രീപുരുഷബന്ധങ്ങള്‍ ആധിപത്യത്തിന്റെയും ബലാബലത്തിന്റെയും ഭാരത്തില്‍നിന്ന് തീര്‍ത്തും നിര്‍മുക്തമാണ്. രാധയും ജോസഫും തമ്മിലുള്ള ബന്ധം സ്നേഹവും സ്വാതന്ത്ര്യവും എങ്ങനെ ഉടമസ്ഥതാരഹിതമായി ഒരുമിപ്പിക്കാം എന്നതിന്റെ അന്വേഷണമാണുതാനും.

ആശയചര്‍ച്ചകള്‍ക്കു സമാന്തരമായി ഈ കത്തുകളില്‍ കാണുന്നത് ആനന്ദിന്റെ രുചിബോധവും സാഹിത്യകൃതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ്. 'നാട്ടിലായിരിക്കുമ്പോള്‍ ഞാന്‍ ചില മലയാളനോവലുകള്‍ വായിച്ചു. കാലം, ഉഷ്ണമേഖല, ഡല്‍ഹി. ആദ്യത്തെ രണ്ടും നിരാശാജനകം' എന്ന ഭാഗം ഈ രുചിബോധത്തിന്റെ ഒരു ദൃഷ്ടാന്തമാണ്. 'ഡല്‍ഹി ഒരു എക്സിസ്റ്റന്‍ഷ്യല്‍ നോവലാണ്' എന്നു പറഞ്ഞശേഷം കത്തിന്റെ ബാക്കിഭാഗം മുഴുവന്‍ എക്സിസ്റ്റന്‍ഷ്യലിസത്തെക്കുറിച്ചും സാര്‍ത്രിന്റെ കൃതിയെക്കുറിച്ചുമുള്ള ചര്‍ച്ചയാണ്. കവിതകളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. എം. ഗോവിന്ദന്റെ 'വിട', 'മരണത്തില്‍ ജീവിതത്തില്‍' എന്നീ കവിതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 'മരണത്തില്‍ ജീവിതത്തില്‍' ആണ് ആനന്ദിനെ തൃപ്തിപ്പെടുത്തിയ രചന. 'മരണത്തില്‍ ജീവിതത്തില്‍ വായിച്ചു. ഇനിയും കാര്യമായി വായിക്കണം. കവിത ഇത്ര തീക്ഷ്ണമായി മുന്‍പനുഭവപ്പെട്ടിട്ടില്ല.' ആശയത്തിന്റെയും വികാരത്തിന്റെയും അടരുകളിലുടെ ഒരേസമയം വീശിപ്പോകുന്നതാണ് ആ കവിതയുടെ മൂര്‍ച്ച. 'ഭിക്ഷാടനത്തിന്നിറങ്ങി കുന്തി/തന്‍ ഗര്‍ഭപാത്രത്തിനെച്ചട്ടിയാക്കി' എന്നും 'കൈയിരുപ്പുള്ളോര്‍ക്കെല്ലാം നെയ്ത്തുമില്ലുകള്‍ നാട്ടില്‍ കല്ലറ കര്‍മചന്ദ്രഗാന്ധിക്കും കിട്ടീ ഘാട്ടില്‍' എന്നും 'കിഴവനു നിഴലേ കൂട്ടാളി' എന്നും ഉള്ള അതിലെ വരികള്‍ ഓര്‍ക്കുക.

മഹാഭാരതകഥയും സമകാലിക ഭാരതത്തിന്റെ കഥയും ഗാന്ധിചിത്രത്തിലൂടെ ഇടകലര്‍ത്തിയിണക്കിയതാണ് ഗാന്ധി ശതാബ്ദിക്കാലത്ത് ഗോവിന്ദന്‍ എഴുതിയ ഈ കവിത. 'ഇതിന് ഒരു ഇംഗ്ലീഷ് തര്‍ജമ വേണമായിരുന്നു' എന്ന് ആനന്ദ് പറയുന്നുണ്ട്. 'In death In life' എന്ന പേരില്‍ ഗോവിന്ദന്‍തന്നെ ആ പരിഭാഷ നിര്‍വഹിക്കുകയും ചെയ്തു. ബുദ്ധിയെയും വികാരത്തെയും ഒരുപോലെ സ്പര്‍ശിക്കുന്നു എന്നതാവാം ആനന്ദിന്റെ ഭാവുകത്വത്തിന് 'മരണത്തില്‍ ജീവിതത്തില്‍' ബോധ്യമാവാന്‍ കാരണം. തന്റെ കാവ്യാദര്‍ശവും അതാണെന്ന് മറ്റൊരു കത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'നാടകങ്ങള്‍ക്കു പലതിനും ബുദ്ധിപരമായ മേന്മയുണ്ട്. അതേസമയം വികാരത്തിന്റെ കുറവുണ്ടെന്നും തോന്നി. വാസ്തവത്തില്‍ ബുദ്ധിയും വികാരവും അന്യോന്യം അകന്നു നില്ക്കുന്നവയല്ല. ഗോദോത്തിനെ നോക്കൂ. അതിലെ അമൂര്‍ത്തഭാവമെല്ലാം ബുദ്ധിയിലൂടെ എന്നപോലെ വികാരത്തിലൂടെയും ആവിഷ്‌കൃതമാകുന്നുണ്ട്' (കത്ത് 20). ആനന്ദിന്റെ രചനകളുടെയും സ്വഭാവം ഇതുതന്നെയാണ്. മാത്രമല്ല, ആ കത്തുതന്നെയും ഗോവിന്ദന്റെ ആശയങ്ങളോടുള്ള വിസമ്മതങ്ങളില്‍നിന്നു തുടങ്ങി, ബംഗാളികളുടെ സാമൂഹികസ്വഭാവത്തെക്കുറിച്ചുള്ള നിരൂപണത്തിലൂടെ കടന്ന്, ഒടുക്കം സമകാലിക ബംഗാളിന്റെ ഭീതിജനകമായ അവസ്ഥയെക്കുറിച്ചുള്ള പരിതാപത്തില്‍ ചെന്നെത്തുന്നു. 'ബംഗാളിനു പുറത്തെ അവസ്ഥ എനിക്ക് അറിഞ്ഞുകൂടാ. ഇവിടെയാകട്ടെ, ജീവിക്കുക എന്നത് ലജ്ജാകരമായ ഒരവസ്ഥയായിക്കഴിഞ്ഞിട്ടുണ്ട്. മാര്‍ക്സിസ്റ്റുകള്‍ ഭരിച്ചിരുന്നപ്പോള്‍ ഭീകരതയുണ്ടായിരുന്നു. ഇന്നാകട്ടെ, ഒരാള്‍ക്ക് ഞാന്‍ ഗവണ്‍മെന്റിനോടു യോജിക്കുന്നില്ല എന്നു പറയണമെങ്കില്‍ക്കൂടി ആദ്യം ബോഡിഗാര്‍ഡിനെ ഏര്‍പ്പാടാക്കണം. പ്രകടിപ്പിക്കേണ്ട അമര്‍ഷം, അത് പ്രകടിപ്പിക്കാതിരിക്കുന്നതിലെ ജാള്യതയില്‍ പൊതിഞ്ഞ് വിങ്ങിയിരിക്കുക. പ്രാര്‍ഥന ഒന്നേ ആകാവൂ. ഇനി അധികം അവശേഷിച്ചിട്ടില്ല. അവശേഷിച്ചതിനെക്കൂടി വേഗം കത്തിച്ചു നശിപ്പിച്ചേക്കൂ. പിന്നീട് ഈ അമര്‍ഷത്തിന്റെ നാളവും കെടുത്തി ഞങ്ങള്‍ ഞങ്ങളുടെ സര്‍വസ്വമായ അന്ധകാരത്തിലേക്കു തിരിച്ചുപൊയ്ക്കൊള്ളാം...' ഒരു തത്ത്വത്തിന്റെ വിചാരത്തില്‍നിന്നാരംഭിച്ച് സമകാലിക യാഥാര്‍ഥ്യത്തോടുള്ള പ്രതികരണത്തിലൂടെ നീങ്ങി അതിന്റെ എല്ലാം ഗ്രസിക്കുന്ന വേദനയില്‍ എത്തിനില്ക്കുന്നു ഈ അവസാനത്തെ കത്ത്. ബുദ്ധിയും വികാരവും ഒരുമിച്ചുചേരുന്നതിന്റെ വേറൊരു ദൃഷ്ടാന്തം.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

അങ്ങനെയൊരു മനസ്സിനെയും എഴുത്തുകാരനെയുമാണ് ആനന്ദിന്റെ ഈ ഇരുപത്തൊന്നു കത്തുകളില്‍ നാം കാണുന്നത്. ബുദ്ധിയും വികാരവും തമ്മില്‍ വേറിടലില്ല. തന്റെ ഉള്ളിലെയും പുറത്തെയും ലോകങ്ങള്‍ക്കു തമ്മില്‍ അന്യതയില്ല. കംപാര്‍ട്ടുമെന്റലൈസേഷന്‍ ഒട്ടുമില്ല. ഇന്ന സാഹിത്യരൂപം എന്ന പരിധി നിശ്ചയിക്കലുമില്ല-താന്‍ ലേഖനവും കഥയും നോവലും നാടകവും ഒക്കെ എഴുതുന്നതിനെപ്പറ്റി ചില കത്തുകളില്‍ സൂചനയുണ്ടല്ലോ. കത്തുകളില്‍ സൂചിപ്പിക്കാത്തവിധം, പിന്നീട് അദ്ദേഹം കവിതകളും ശില്പങ്ങളും രചിക്കുന്നുണ്ട്. 1971-ലെ 'സബ്മിഷന്‍' അഥവാ 'നമസ്‌കാരം' തൊട്ടുതുടങ്ങുന്നു അദ്ദേഹത്തിന്റെ ശില്പനിര്‍മാണം. ഫറാക്കയില്‍ ഗംഗാതടത്തിലെ കളിമണ്ണുകൊണ്ടു രചിച്ച ശില്പങ്ങള്‍. ഫറാക്കയില്‍നിന്ന് ഡല്‍ഹിയിലേക്ക് 1986-ഓടെ മാറിപ്പോവുന്ന കാലം വരെയും ആ ശില്പനിര്‍മിതി അദ്ദേഹം തുടരുന്നുണ്ട്. എഴുപതുകളില്‍ ആനന്ദ് എഴുതുന്ന കഥകളുമായി ഈ ശില്പങ്ങള്‍ക്ക് ഗാഢമായ ബന്ധമുണ്ടെന്നും കാണാം. ഉദാഹരണത്തിന് 'ഒടിയുന്ന കുരിശ്' എന്ന ശില്പം 1975-ലെ 'കൊടുമുടി' എന്ന കഥയുടെ ഒരു കളിമണ്‍പരിഭാഷയാണ്. 1973-ല്‍ 'നാഴികക്കല്ലുകള്‍' എന്ന കവിതയാകട്ടെ, കവിതയായിരിക്കുമ്പോള്‍ത്തന്നെ ഒരു ശില്പംകൂടിയാണ്; കവിതകളുടെ രചന പക്ഷേ, ആനന്ദ് പിന്നെയും, തുടരുന്നുണ്ട്. തൊണ്ണൂറുകളിലെഴുതിയ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ എന്ന നോവലില്‍ അമന്‍ എഴുതുന്ന കവിതകള്‍ ആ നോവലിന്റെ പ്രധാനഭാഗമാണ്. കാണാതായ അമന്‍ തന്റെ അഭാവവും ഒപ്പം സാന്നിധ്യവും അറിയിക്കുന്നത് ആ കവിതകളിലൂടെയാണ്. മണ്ണെന്നോ വാക്കെന്നോ, വാക്കില്‍ത്തന്നെ കവിതയെന്നോ കഥയെന്നോ, നാടകമെന്നോ, നോവലെന്നോ, പരിധി നിശ്ചയിക്കാന്‍ കഴിയാത്തവിധം എല്ലാ രൂപങ്ങളിലൂടെയും ഒന്നിലധികം മാധ്യമങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ആനന്ദിന്റെ ആവിഷ്‌കാരശീലം. ഈ ആവിഷ്‌കാരങ്ങളുടെയൊക്കെ പുറത്ത് അല്ലെങ്കില്‍ അകത്ത് അല്ലെങ്കില്‍ അതിന്റെ മൂലമാതൃകയായി, എന്‍ജിനീയറുടേതായ സ്വന്തം ജോലിയെയും അദ്ദേഹം സങ്കല്പിക്കുന്നു. 'ഒരാള്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യുവാന്‍ സാധിക്കുന്നതുപോലെ ജീവിതത്തില്‍ സുഖകരമായി വേറൊന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഏതെങ്കിലും കാട്ടിലോ മലയിലോ കല്ലും കോണ്‍ക്രീറ്റും കൊണ്ട് പണിയെടുക്കലായിരുന്നു. പ്രകൃതിക്കും മനുഷ്യനും ഇടയ്ക്കുള്ള പാലങ്ങളായിട്ടാണ് ഞാന്‍ അത്തരം സൃഷ്ടികളെ കാണാറ്' (കത്ത് 5). പ്രകൃതിയില്‍നിന്നു വേറിട്ട മനുഷ്യന്‍ തിരികെ പ്രകൃതിയിലേക്കു പണിയുന്ന പാലങ്ങള്‍പോലെ സമൂഹത്തില്‍നിന്ന് വ്യക്തിയായി പിരിഞ്ഞവന്‍ തിരികെ സമൂഹത്തിലേക്ക് പാലങ്ങള്‍ പണിയുന്നു-അതാണ് തന്റെ രചനകള്‍. ആവിഷ്‌കാരം ഇന്ന രൂപത്തിലായി എന്നത് യാദൃച്ഛികം മാത്രം. കവി എന്ന ഗണത്തില്‍പ്പെട്ടതുകൊണ്ട് കവിത എഴുതുകയല്ല, ശില്പി എന്ന ഗണത്തില്‍പ്പെട്ടതുകൊണ്ട് ശില്പമുണ്ടാക്കുകയല്ല, നോവലിസ്റ്റ് എന്ന ഗണത്തില്‍പ്പെട്ടതുകൊണ്ട് നോവല്‍ എഴുതുകയല്ല ആനന്ദ് ചെയ്യുന്നത്. മറിച്ച്, ലോകത്തെക്കുറിച്ചുള്ള തന്റെ വ്യഥ, ഉത്കണ്ഠ, താത്പര്യം ഇവ ആവിഷ്‌കരിക്കുന്നതിനായി, ആ ലോകത്തിലേക്കു പണിയുന്ന പാലങ്ങളായി, കവിതയോ ശില്പമോ നോവലോ രചിക്കുകയാണ്. എല്ലാ രൂപങ്ങളിലും ഒരു അമേചര്‍, ഏതു മാധ്യമത്തിലും ഒരു പ്രവാസി, എപ്പോഴും മറുകരയിലേക്കുള്ള നടത്തക്കാരന്‍, സാഹിത്യകാരനല്ലാത്ത എഴുത്തുകാരന്‍, അതായിരിക്കാം ഈ കത്തുകളില്‍ തെളിയുന്ന ആനന്ദ്.

ഓര്‍ത്തുനോക്കിയാല്‍ ഈ കത്തുകളുടെ ഒരു പ്രാധാന്യവും അതാണ്: മലയാളത്തിന് അത്ര പരിചയമില്ലാത്തവിധം അങ്ങനെയൊരു പുതിയതരം എഴുത്തുകാരന്റെ മാതൃക അത് അവതരിപ്പിക്കുന്നു. കംപാര്‍ട്ടുമെന്റലൈസേഷന്‍ ഒട്ടുമില്ലാത്തതുകൊണ്ട്, ഈ കത്തുകളിലെ ചില ഭാഗങ്ങള്‍ ആനന്ദിന്റെ നോവലിലെയോ കഥകളിലെയോ ഭാഗമായും തോന്നും. ഉദാഹരണത്തിന് അവസാനത്തെ കത്തിലെ അവസാന ഖണ്ഡികയിലെ 'സമീക്ഷയില്‍ക്കൂടി, അല്ലെങ്കില്‍ പുറത്തും, നമുക്ക് കുറെക്കൂടി ക്രിയാത്മകമാക്കേണ്ടതുണ്ട്' എന്നു തുടങ്ങുന്ന ഭാഗം. ആള്‍ക്കൂട്ടത്തില്‍ രാധയും സുനിലും സുന്ദറും അടങ്ങുന്ന ഒരു സദസ്സില്‍ ജോസഫ് പറയുന്ന 'പ്രവര്‍ത്തിക്കാതിരിക്കുക, ലജ്ജാകരമായ ഈ ജീവിതംകൊണ്ടു തൃപ്തിപ്പെടലാണ്' എന്നു തുടങ്ങുന്ന വാക്കുകള്‍തന്നെയാണ്. കത്തിലെ വാക്കുകള്‍ സാഹിത്യത്തിലേക്കും തിരിച്ചും അന്യോന്യം പടര്‍ന്നുകിടക്കുന്നു. അഥവാ കത്തുകളും സാഹിത്യവും തമ്മില്‍ ഏറിയ വ്യത്യാസം യഥാര്‍ഥത്തില്‍ ഉണ്ടോ? ഒരു വ്യക്തിയുടെ മേല്‍വിലാസമെഴുതി ഒരു വാങ്മയം പോസ്റ്റു ചെയ്യുമ്പോള്‍ നാമതിനെ കത്ത് എന്നു വിളിക്കുന്നു. അതേ കത്തുതന്നെ ഒരു മേല്‍വിലാസവുമെഴുതാതെ എല്ലാവര്‍ക്കുമായി പോസ്റ്റു ചെയ്യുമ്പോള്‍ അത് സാഹിത്യം ആകുന്നു. രണ്ടിനെയും 'എഴുത്ത്' എന്നാണല്ലോ മലയാളത്തില്‍ നാം വിളിച്ചുപോരുന്നതും.

Content Highlights: Anand, K.C Narayanan, M. Govindan, Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented