എം.ടി/ ഫോട്ടോ: പ്രവീൺ കെ.കെ
പത്രാധിപര്‍ എന്ന നിലയില്‍ എം.ടി വാസുദേവന്‍നായര്‍ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ടകാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് എം.ടി: മാതൃഭൂമിക്കാലം. എം. ജയരാജ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം എം.ടിയുടെ ജന്മദിനസമ്മാനമായി മാതൃഭൂമി സമര്‍പ്പിക്കുകയാണ്. എം.ടിയുടെ തിരക്കഥയായ 'രംഗം' പുസ്തകരൂപത്തില്‍ സമര്‍പ്പിക്കുന്നതും അദ്ദേഹത്തിനുള്ള പിറന്നാള്‍ സമ്മാനമായിട്ടാണ്. എം.ടി: മാതൃഭൂമിക്കാലം എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
1968 സെപ്റ്റംബര്‍ 22 മുതല്‍ ആഴ്ചപ്പതിപ്പിന്റെ അവസാനപേജില്‍ ഏറ്റവും അടിയിലായി എഡിറ്റര്‍, എം.ടി. വാസുദേവന്‍ നായര്‍ എന്ന് അച്ചടിക്കാന്‍ തുടങ്ങി. എഡിറ്ററായിരുന്ന എന്‍.വി. കൃഷ്ണവാരിയര്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി തിരുവനന്തപുരത്തേക്കു പോയപ്പോഴാണ് എം.ടി.യെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി നിയമിച്ചത്. ചീഫ് എഡിറ്റര്‍ കെ.പി. കേശവമേനോന്, മാനേജിങ് എഡിറ്റര്‍ വി.എം. നായര്‍ എന്നിവര്‍ അവരുടെ ചുമതലയില്‍ തുടര്‍ന്നു. കെ.പി. കേശവമേനോനും വി.എം. നായരും പത്രത്തിന്റെ നടത്തിപ്പിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആഴ്ചപ്പതിപ്പിന്റെ പൂര്‍ണ്ണ ചുമതല എം.ടിക്കായിരുന്നു. പത്രാധിപര്‍ എന്ന നിലയില്‍ എം.ടി.യുടെ മുന്‍ഗണന പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലായിരുന്നു. 1960-ല്‍ തുടങ്ങിവെച്ച നോവല്‍ മത്സരം പിന്നീടു തുടരുകയുണ്ടായില്ല. എം.ടി. ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായി ചുമതലയേറ്റശേഷമാണ് സാഹിത്യരംഗത്തു പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമം ശക്തിപ്പെടുത്തുന്നത്. പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഹൈസ്കൂള്‍- കോളേജ് തലത്തില്‍ കഥ, കവിത മത്സരങ്ങള്‍ തുടങ്ങി. എല്ലാ വര്‍ഷവും വിഷുവിനു പുറത്തിറങ്ങുന്ന ആഴ്ചപ്പതിപ്പിലാണ് മത്സരവിജയികളുടെ കഥകളും കവിതകളും പ്രസിദ്ധീകരിക്കുക. സമ്മാനാര്‍ഹങ്ങളായ രചനകളെക്കുറിച്ചുള്ള ജഡ്ജിങ് കമ്മിറ്റിയുടെ വിലയിരുത്തലുകളും പ്രസ്തുത ലക്കത്തിലുണ്ടാകും. കൃതികള്‍ പരിശോധിച്ച് വിജയികളെ നിശ്ചയിക്കുന്നതില്‍ എം.ടിയെക്കൂടാതെ കേരളത്തിലെ പ്രശസ്ത കഥാകൃത്തുക്കളും നോവലിസ്റ്റുകളും നിരൂപകന്മാരും വിധികര്ത്താക്കളായിട്ടുണ്ടാകും.
ഉറൂബ്, ബാലാമണിയമ്മ, അക്കിത്തം, എന്‍.എന്‍. കക്കാട്, കുഞ്ഞുണ്ണി, എന്‍.പി. മുഹമ്മദ്, സി.വി. ശ്രീരാമന്, സി. രാധാകൃഷ്ണന്, സക്കറിയ, എം. അച്യുതന്, എന്‍. മോഹനന്, പി. വത്സല, എം.എന്‍. വിജയന്, ഇ. വാസു, പുനത്തില്‍ കുഞ്ഞബ്ദുള്ള, വൈശാഖന്, വി.ആര്. ഗോവിന്ദനുണ്ണി, ജി.എന്‍.പിള്ള (ഒടുവിലത്തെ രണ്ടുപേരും ആഴ്ചപ്പതിപ്പിലെ എഡിറ്റോറിയല്‍ വിഭാഗം ഉദ്യോഗസ്ഥര്‍) തുടങ്ങിയവര്‍ പലപ്പോഴായി ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നു. 1969-ല്‍ ആണ് മാതൃഭൂമി പുതിയ പ്രതിഭകളെ കണ്ടെത്താനായി സാഹിത്യമത്സരം ആരംഭിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന സൃഷ്ടിക്ക് 50 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന കൃതിയ്ക്ക് 25 രൂപയുമാണ് സമ്മാനം. കോളേജ് വിഭാഗത്തില്‍ അതു യഥാക്രമം 100 രൂപയും 50 രൂപയുമാണ്. 1969-ലെ സാഹിത്യമത്സരത്തിലെ വിജയികള്‍: ഹൈസ്കൂള്‍ വിഭാഗം കവിത: വി.എക്സ് ജേക്കബ്, സെന്റ് ലൂയിസ് ഹൈസ്കൂള്‍, മുണ്ടംവേലി. രണ്ടാം സമ്മാനം: കെ.കെ. ഹിരണ്യന്, സെന്റ് ആന്റണീസ് ഹൈസ്കൂള്‍, അമ്മാടം. ഹൈസ്കൂള്‍വിഭാഗം ചെറുകഥ: എന്‍. ഉഷ, ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ചാത്തന്നൂര്‍. രണ്ടാം സമ്മാനം. വി.ബി. ജ്യോതിരാജ്, ഗവ. ഹൈസ്കൂള്‍, ചാവക്കാട്. കോളേജ് വിഭാഗം കവിത: ഒന്നാം സമ്മാനം: കെ. രവീന്ദ്രനാഥന്‍, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, രണ്ടാം സമ്മാനം: കെ. വിലാസിനി, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം. കോളേജ് വിഭാഗം ചെറുകഥ: കെ.എ. മോഹന്‍ദാസ്, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍. രണ്ടാം സമ്മാനം: ബി. ഉണ്ണികൃഷ്ണന്, വിക്ടോറിയ കോളേജ്, പാലക്കാട്.
ബാലാമണിയമ്മ, അക്കിത്തം, കക്കാട്, കുട്ടേട്ടന് എന്നിവരടങ്ങിയ പരിശോധകസമിതിയാണ് കവിതകളുടെ മൂല്യനിര്‍ണ്ണയം നടത്തിയത്. ഉറൂബ്, മാതൃഭൂമി പത്രാധിപസമിതിയംഗങ്ങള്‍, കുട്ടേട്ടന് എന്നിവരാണ് കഥകള്‍ വിലയിരുത്തിയത്. അതാതു മേഖലകളിലെ ഏറ്റവും യോഗ്യരായവരെത്തന്നെ സൃഷ്ടികളുടെ മൂല്യനിര്‍ണ്ണയത്തിനു ചുമതലപ്പെടുത്തണമെന്ന നിര്‍ബബ്ബന്ധം എം.ടിക്കുണ്ടായിരുന്നു. 'നാളത്തെ കഥാകാരന്മാരെപ്പറ്റി' എന്ന ശീര്‍ഷകത്തില്‍ പുതിയ കഥാകാരന്മാരുടെ രചനകളെ വിശകലനം ചെയ്തുകൊണ്ട് ഉറൂബ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. 'കോളേജ് വിദ്യാര്‍ത്ഥികളുടെ കഥകള്‍ (305) വായിച്ചുപോകുമ്പോള്‍, നമ്മുടെ കഥാസാഹിത്യത്തിന്റെ ഭാവിയെപ്പറ്റി വളരെയൊക്കെ ആശയ്ക്കു വകയുള്ളതായി തോന്നി. ഒന്നാംതരം പ്രതിഭയുടെ മുളകള്‍ ഇവയില്‍ കാണാം. മുദ്രാവാക്യങ്ങളോ മുഗ്ദ്ധചിന്തകളോ മുഴക്കാനായി കഥകളെഴുതിയവര്‍ വളരെ കുറവാണ്. അനുഭൂതിയില്നിന്നുവേണം കഥകള്‍ ഉറവെടുക്കാന്‍ എന്ന ബോധം പരക്കെയുള്ളതായി കാണപ്പെടുന്നു. ചില്ലറ പന്തികേടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഉപയോഗപ്പെട്ടേക്കാം. അരൂപങ്ങളായ ആശയങ്ങള്‍ സമൂര്ത്തമാക്കാതെ ഒരു കലാരൂപം ഉടലെടുക്കുകയില്ല. മനുഷ്യനെപ്പോലെത്തന്നെയാണല്ലോ അവന്റെ സൃഷ്ടിയും. ദരിദ്രനായ ഒരു ചെറുപ്പക്കാരന്റെ-ഒരു വിദ്യാര്‍ത്ഥിയുടെ-അനുഭൂതി ചിത്രപ്പെടുത്തുന്നുവെങ്കില് അയാളുടെ മനസ്സിന്റെ വ്യക്തിത്വം വായനക്കാരന്റെ ഹൃദയത്തില്‍ പതിഞ്ഞാലല്ലാതെ അയാളോടു സഹാനുഭൂതിയുണ്ടാകുമോ? കാലത്തിന്റെ ഒഴുക്കില്‍പ്പെട്ടു തകര്‍ന്നുപോകുന്ന 'തോണി'കളെ ചിത്രീകരിക്കുമ്പോള്‍ ഏകാഗ്രത പാലിക്കാത്തപക്ഷം ആ തോണി, യഥാര്‍ത്ഥത്തിലുള്ള ദുരന്തത്തിനു മുമ്പേതന്നെ വായനക്കാരന്റെ മനസ്സില്‍വെച്ചു തകര്‍ന്നുപോവില്ലേ.'
മാതൃഭൂമി വിഷു കഥാമത്സരത്തിലൂടെ ശ്രദ്ധേയരായവരില്‍ പലരും ആ മേഖലയില്‍ത്തന്നെ തുടരാന്‍ ശ്രമിച്ചതായി കാണുന്നില്ലെങ്കിലും ചിലര്‍ മലയാളസാഹിത്യരംഗത്ത് ഉജ്ജ്വല പ്രഭചൊരിഞ്ഞ് ഉയരങ്ങളിലെത്തിയതായും കാണാന്‍ കഴിയും. മാതൃഭൂമി സാഹിത്യമത്സരങ്ങളില് പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 69-ലെ മത്സരത്തില്‍ പങ്കെടുത്തവരുടെ ഇരട്ടിയിലധികം പേര് 70-ലെ മത്സരത്തില്‍ പങ്കെടുത്തു. കോളേജ് വിഭാഗം കഥ: 724, കവിത 209, ഹൈസ്കൂള്‍ വിഭാഗം: കഥ 723, കവിത 211 എന്നിങ്ങനെയായിരുന്നു മത്സരാര്‍ത്ഥികളുടെ എണ്ണം. സമ്മാനാര്‍ഹങ്ങളായ സൃഷ്ടികള്‍ക്കു നല്കുന്ന സമ്മാനത്തുക വര്‍ദ്ധിപ്പിക്കാനും എം.ടി. തീരുമാനിച്ചു. അതനുസരിച്ച് കോളേജ് വിഭാഗത്തില്‍ ഒന്നും രണ്ടും സമ്മാനം നേടിയവര്‍ക്കു നല്‍കിയിരുന്ന 100 ക. 150 ക.യായും 50 ക. 100 രൂപയായും യഥാക്രമം വര്‍ദ്ധിപ്പിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം 50 ക.യില്‍ നിന്നും 100 ക.യായും രണ്ടാം സമ്മാനം 25 ക.യില്നിന്ന് 50 ക.യായും വര്‍ദ്ധിപ്പിച്ചു. ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്കുകൂടി സമ്മാനം നല്‍കാനും അവ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
1970-ലെ മാതൃഭൂമി സാഹിത്യമത്സരത്തിലൂടെയാണ് ഇന്നത്തെ പ്രശസ്ത എഴുത്തുകാരന് എന്‍.എസ്. മാധവന് സാഹിത്യരംഗത്തു പ്രത്യക്ഷപ്പെടുന്നത്. അതുപോലെ പ്രശസ്ത കവി ഡി. വിനയചന്ദ്രനും 1970-ലെ മാതൃഭൂമി സാഹിത്യമത്സരത്തിലൂടെയാണ് അരങ്ങത്തെത്തുന്നത്. 1970ലെ മാതൃഭൂമി സാഹിത്യ മത്സരവിജയികള്‍: കോളേജ് വിഭാഗം കഥ: 'ശിശു', എന്‍.എസ്. മാധവന് (ഒന്നാം സമ്മാനം) 'മുനമ്പ്'-മറിയമ്മ ജേക്കബ്, (രണ്ടാം സമ്മാനം) 'പതനം'-സുമിത്രാവര്‍മ്മ (മൂന്നാം സമ്മാനം). കവിത: 'എന്റെ മരണം'-എന്‍. മാധവന് കുട്ടി (ഒന്നാം സമ്മാനം), 'ജനനം മുതല്‍'-ഡി. വിനയചന്ദ്രന്പിള്ള (രണ്ടാം സമ്മാനം), 'ചോദ്യചിഹ്നം'-കെ. രവീന്ദ്രനാഥന്‍ (മൂന്നാം സമ്മാനം), ഹൈസ്കൂള്‍ വിഭാഗം-കഥ: 'ഭയത്തിന്റെ ലോകം'-എന്‍. ഉഷ (ഒന്നാം സമ്മാനം), 'വേഴാമ്പല്‍'-പി. ശ്രീരേഖ (രണ്ടാം സമ്മാനം), മൂന്നാം സമ്മാനത്തിന് അര്‍ഹമായ രചനകള്‍ ഇല്ലാത്തതിനാല്‍ സമ്മാനം നല്‍കിയിരുന്നില്ല. ഹൈസ്കൂള്‍ വിഭാഗം കവിത: ഈ വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിനും മൂന്നാം സമ്മാനത്തിനും അര്‍ഹതപ്പെട്ട രചനകള്‍ ലഭിക്കാത്തതിനാല്‍ സമ്മാനാര്‍ഹമായ രചനകള്‍ ലഭിച്ചിട്ടില്ലെന്നു ജഡ്ജിങ് കമ്മിറ്റി. 'മൗസലപര്‍വ്വം' (കെ. വിനോദ് ചന്ദ്രന്) എന്ന കവിതയ്ക്കാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത്. ഈ മത്സരത്തില്‍ നിബന്ധനകള്‍ പാലിക്കാത്ത 38 കഥകളും 16 കവിതകളും ഉണ്ടായിരുന്നു. അവ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നില്ല. കവിതകള്‍ പരിശോധിച്ചു സമ്മാനം നിശ്ചയിക്കുന്നതില്‍ ആഴ്ചപ്പതിപ്പ് പത്രാധിപസമിതിയംഗങ്ങളോടൊപ്പം അക്കിത്തം, എന്‍.എന്‍. കക്കാട്, ആര്. രാമചന്ദ്രന് നായരും കഥകള്‍ പരിശോധിച്ച് സമ്മാനാര്‍ഹങ്ങളായ സൃഷ്ടികള്‍ തിരഞ്ഞെടുത്തത് തിക്കോടിയന്, എന്‍.പി. മുഹമ്മദ്, വി.കെ.എന്‍. എന്നിവരുമായിരുന്നു.
മത്സരത്തിനയച്ചുകിട്ടിയ രചനകളെ വിലയിരുത്തിക്കൊണ്ട് 'നാളത്തെ കാഥികരുടെ കൂടെ' എന്ന ശീര്‍ഷകത്തില്‍ എം.ടിയുടെ ഒരു ലേഖനം ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു (1970 ഏപ്രില്‍ 12). കഥാരംഗത്തേക്കു പ്രവേശിക്കുന്നവര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്കും ഏറ്റവും മികച്ച വഴികാട്ടിയാണ് ഈ ഉജ്ജ്വല ലേഖനം:
'അവസാനം നേതാവ് വിഷയത്തിലേക്കു കടന്നു. നിങ്ങള്‍ കറുത്തമ്മയെ അറിയുമോ? അറിയും. പരീക്കുട്ടിയേയോ?
അറിയും.
നേതാവ്: അവര്‍ മരിച്ചത് എങ്ങനെയാണെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്ക്കതറിയാമോ?
അറിയാമോ? വിദ്യാര്‍ത്ഥികള്‍ അന്യോന്യം ചോദിച്ചു. അവസാനം അറിയില്ലെന്നു പറഞ്ഞു. ആത്മഹത്യയായിരുന്നോ?
കടല്‍ വിഴുങ്ങിയതായിരുന്നോ?
കേള്‍ക്കണം: അത് ഒരു കൊലപാതകമായിരുന്നു. ആ ഇണകളെ, ഇണപ്രാവുകളെ കൊന്നതാണ്. കൊന്നു കടലില്‍ എറിഞ്ഞതാണ്. അതു നമുക്കറിയണം. അതിനുവേണ്ടി ഇന്നു ഭരിക്കുന്ന സര്‍ക്കാര്‍ പരസ്യാന്വേഷണം നടത്തണം. അതുവരെ സമരം. വിദ്യാര്‍ത്ഥികള്‍ ഐക്യം വിളിച്ചു. വിജയംവരെ സമരം ചെയ്യും.'
ഇതൊരു നല്ല കഥയാണ്. തനിക്കുവേണ്ടി ചിന്തിക്കാന്‍ മറ്റുള്ളവര്‍ക്കു ചുമതല വിട്ടുകൊടുത്ത, അര്‍ത്ഥങ്ങളെപ്പറ്റി ശ്രദ്ധിക്കാതെ ശബ്ദങ്ങളുടെ കോലാഹലത്തില്‍ കൂടിനില്ക്കാന് ആഗ്രഹിക്കുന്ന ശരാശരി വിദ്യാര്‍ത്ഥിയെയാണ് കാഥികന് ഈ കൊച്ചു കഥയില്‍ നര്‍മ്മബോധത്തോടെ അവതരിപ്പിക്കുന്നത്. എഴുതിയത് ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. മത്സരത്തില്‍ പങ്കെടുത്ത എഴുനൂറില്‍പ്പരം കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍. അദ്ദേഹത്തിന്റെ വരികള്‍ ഒരു വ്യത്യാസവും വരുത്താതെയാണു മുകളില്‍ കൊടുത്തിരിക്കുന്നത്. പക്ഷേ ഈ കഥ വിജയിച്ചില്ല. കാരണം ഈ കഥ തുടങ്ങിയത് മുകളില്‍ ഉദ്ധരിച്ചേടത്തു വെച്ചല്ല; അവസാനിച്ചതും ഇവിടെയല്ല. എത്രയോ മുമ്പുതുടങ്ങി, ആവശ്യത്തില്‍ കൂടുതല്‍ മുഖവുരയായി എഴുതി, വളരെയേറെ നീട്ടിക്കൊണ്ടുപോയി അവസാനിപ്പിക്കുകയും ചെയ്തു. ഒതുക്കം, മിതത്വം-രചനയില്‍ വേണ്ട ഈ രണ്ടു ഗുണങ്ങളെപ്പറ്റി വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നതാണ് ഇവിടെ കണ്ട ന്യൂനത.
ഹൈസ്കൂള്‍-കോളേജ് വിഭാഗത്തില്‍നിന്നായി വന്ന ആയിരത്തഞ്ഞൂറു കഥകളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട സ്ഥായിയായ ദൗര്‍ബല്യം ഇതുതന്നെയായിരുന്നു. മിതത്വം, ഒതുക്കം-ഇതു രണ്ടും അനുഷ്ഠിക്കപ്പെടുന്നില്ല... ആയിരത്തഞ്ഞൂറോളം കഥകള്‍ വായിക്കുക എന്നതു വിഷമംപിടിച്ച ഒരദ്ധ്വാനമാണ്. പക്ഷേ നമ്മുടെ കാലത്തെ പതിനാലിനും ഇരുപതിനും ഇടയ്ക്കുള്ള തലമുറ എങ്ങനെ ചിന്തിക്കുന്നു, അവര്‍ യാഥാര്‍ത്ഥ്യങ്ങളുമായി എങ്ങനെ പിണങ്ങിപ്പിരിഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ സമരസപ്പെടുന്നു എന്നറിയാനുള്ള ഒരവസരമായി കണക്കിലെടുത്തപ്പോള്‍ വിഷമം നിസ്സാരമായി തോന്നി. ചില്ലറ ആഹ്ലാദങ്ങളും നനുത്ത ദുഃഖങ്ങളുംകൊണ്ട് സൃഷ്ടിച്ച ഒരു പ്രപഞ്ചത്തിലൂടെ, അതിലെ വെളിച്ചം കുറഞ്ഞ വഴികളിലൂടെ ദിവസങ്ങളോളം സഞ്ചരിക്കുകയായിരുന്നു ഞാന്‍...
ചെറുകഥാസാഹിത്യരൂപത്തെപ്പറ്റി തികഞ്ഞ ബോധമുള്ളവരാണ് കോളേജ് വിഭാഗത്തിലെ നാലിലൊന്നു പേരെങ്കിലും. (ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇത് എട്ടിലൊന്നോ പത്തിലൊന്നോ മാത്രമാണ്. അവര്‍ക്കു വായിക്കാനും മനസ്സിലാക്കാനും കിട്ടിയ അവസരങ്ങള്‍ താരതമ്യേന കുറവായതുകൊണ്ടുതന്നെ.) മലയാള കഥാസാഹിത്യത്തെപ്പറ്റി സാമാന്യബോധമുള്ള ഇവരുടെ കൃതികളില്‍ മൂപ്പെത്തിയ ശൈലിയുണ്ട്; സൗന്ദര്യബോധമുണ്ട്. മത്സരിക്കാനുള്ള ആവേശവും രസവുംകൊണ്ട് എഴുതിപ്പോയവരാണ്, ബാക്കിവരുന്ന മുക്കാല്‍ ഭാഗം. കഥയെഴുത്തിലെ ഏടാകൂടങ്ങളെപ്പറ്റിയൊന്നും അവരത്ര കാര്യമാക്കിയിട്ടില്ല. ജയിക്കുന്നതിലല്ല, മത്സരിക്കുന്നതിലാണു കാര്യമെന്ന സ്പോര്‍ട്ടിങ് സിദ്ധാന്തം അവരെ നയിക്കുന്നു. ഒന്നിലും താത്പര്യമില്ലാതിരിക്കുക, ഉള്ളറിഞ്ഞ് ഒന്നുമായും ബന്ധപ്പെടാതിരിക്കുക-ഇന്നത്തെ യുവത്വത്തിന്റെ സവിശേഷത ഇതാണെന്നു ചിന്തകന്മാര് പറയുന്നു... അവരെ ഉദ്ദേശിച്ചു ചിലതു പറയട്ടെ. എഴുതാന്‍ താത്പര്യമുണ്ടെങ്കില്‍ എഴുതുക. 'എഴുതുന്ന വാക്കു'കൊണ്ടാണ് കവിയും കാഥികനും സൃഷ്ടി നടത്തുന്നതെന്ന ബോധമുണ്ടായിരിക്കണം. വാക്കുകള്‍ അര്‍ത്ഥമുണ്ടാക്കുന്നു. അര്‍ത്ഥങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഭാവങ്ങളുണ്ടാകുന്നു, സാഹിത്യമുണ്ടാവുന്നു. വാക്കുകള്‍ ശ്രദ്ധിച്ചുപയോഗിക്കേണ്ട വിഭവങ്ങളാണ്.'
ആയിരത്തിലേറെ വരുന്ന സൃഷ്ടികള്‍ സൂക്ഷ്മമായി പരിശോധിച്ച് അതിലെ ശക്തിദൗര്ബല്യങ്ങളെക്കുറിച്ചു വിശദീകരിക്കുക. പുതുതലമുറയിലെ പ്രതിഭാധനരെ കണ്ടെത്താന്‍ എന്തു കഷ്ടപ്പാടിനും തയ്യാറായ ഒരു പത്രാധിപരെയാണ് ഈ പ്രവൃത്തിയിലൂടെ കാണാനാവുക. കഥകളിലെ ഓരോ വരിയും എം.ടി. ഇഴപിരിച്ചു പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍: '...കോളേജ് വിഭാഗത്തിലെ പകുതി കഥകളെങ്കിലും തുടങ്ങുന്നത് അസ്തമയത്തില്നിന്നാണ്. അസ്തമയം ദുഃഖാകുലമാണ്. ഇരുട്ടിന്റെ മുമ്പുള്ള, മൂടിക്കെട്ടിനില്ക്കുന്ന ഒരു മാനസികാവസ്ഥ. കഥകളുടെ അന്തരീക്ഷത്തിനു യോജിച്ചതുകൊണ്ടായിരിക്കാം അസ്തമയത്തെ അവര്‍ സാക്ഷിനിര്ത്തിയത്. അസ്തമയത്തില്നിന്നു തുടങ്ങരുതെന്നുണ്ടോ? ഇല്ല. പക്ഷേ, അസ്തമയത്തില്‍, അതിന്റെ ചായക്കൂട്ടുകളില്‍, അന്തിവെളിച്ചത്തില്‍, മൂടിക്കെട്ടിയ ചക്രവാളത്തില്‍ കണ്ണോടിച്ച് സൂക്ഷ്മമായ, സവിശേഷമായ ഒരു ചിത്രം, ഒരു പ്രതിരൂപം കണ്ടെത്താന്‍ കഴിയണം. അസ്തമയം ശരിക്കും ആവശ്യമാണോ? എഴുതിത്തുടങ്ങുമ്പോള്‍ ആലോചിക്കുക. 'പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന് അന്നു പൊട്ടിവിടര്‍ന്നു മിന്നിത്തിളങ്ങിയിരുന്ന ദിനത്തിന്റെ അന്ത്യം കുറിക്കുന്നു.' (കോളേജ് വിഭാഗം). ഇതു കഥയ്ക്ക് ഒരു ഭാവവും സംഭാവനചെയ്യുന്നില്ല.

ആവശ്യമില്ലാത്ത വാക്കുകളുടെ മാലകള്‍ കഥയുടെ ശരീരം ചതയ്ക്കുന്ന ഭാരമായിത്തീരുന്നു. വാക്കുകള്‍, വാചകങ്ങള്‍ ഇവയുടെ പ്രാധാന്യം മനസ്സിലാകാത്ത രചനയ്ക്ക് മറ്റൊരു മാതൃക കോളേജ് വിഭാഗത്തില്‍നിന്നും ഉദ്ധരിക്കുന്നു: 'പടിക്കല്‍നിന്നു ചെമ്മണ്ണുപുരണ്ട വസ്ത്രവും ധരിച്ച് കലപ്പയും മുതുകിലേറി താന്‍ ലാളിക്കുന്ന മൂരിക്കൊമ്പന്മാരെയും കൊണ്ടു നടന്നുവരുന്ന അച്ഛനെ കണ്ടപ്പോള്‍ അവള് പടിക്കലേക്ക് ഓടിച്ചെന്നു കലപ്പവാങ്ങി യഥാസ്ഥാനത്തു വെക്കുകയും കാളകളെ തൊഴുത്തില്‍ കെട്ടി അവയ്ക്കു പുല്ലും വെള്ളവും കൊടുത്ത് ഉമ്മറത്തുവന്നപ്പോള് അച്ഛന് കൈകാല്‍ കഴുകി വസ്ത്രം മാറ്റി ഉമ്മറത്തിരുന്ന് ഒരു ബീഡി പുകയ്ക്കുകയായിരുന്നു.' എങ്ങനെ കഥയെഴുതരുത്, എങ്ങനെ മലയാള ഭാഷ എഴുതരുത് എന്നു മനസ്സിലാക്കാനാണീ വാചകം പകര്‍ത്തിയത്. 'രജനീദേവി ചാര്‍ത്തിയ ഇരുളിന്റെ തിരശ്ശീലയെ പ്രഭാകരന്റെ കിരണങ്ങള്‍ മന്ദം മന്ദം നീക്കിത്തുടങ്ങി. സഹസ്രകിരണത്തിന്റെ രംഗപ്രവേശനത്തിനു സ്വാഗതമെന്നവണ്ണം കാക്കത്തമ്പുരാട്ടികള്‍ പാടിത്തുടങ്ങി.' വിദ്വാന് പരീക്ഷക്കു പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ കഥ തുടങ്ങുന്നതിങ്ങനെയാണ്. കഥ ഒരു പാവപ്പെട്ട കൃഷിക്കാരന്റെ വീട്ടിലെ പ്രാരാബ്ധങ്ങളാണ്. അതു പറയുന്നത് ഇതേ ശൈലിയില്‍ത്തന്നെ.
പറയാനെന്തെങ്കിലുമുണ്ടായിരിക്കണം. വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയില്‍ പറയുകയും വേണം. എല്ലാ രചനയുടെയും പ്രാഥമിക തത്ത്വമാണിത്. എഴുത്തുകാരന് ഉള്ളില്‍ ഒരു വാശി തോന്നണം. ആളുകളെ പിടിച്ചെടുക്കുമെന്ന വാശി. ആളുകള്‍ അഞ്ചുപേരാവാം, അമ്പതുപേരാവാം, അമ്പതിനായിരം പേരാവാം-അതു പ്രശ്നമല്ല. കോണ്‍റാഡ് പറഞ്ഞു: 'ഐ വില്‍ മെയ്ക്ക് ദെം റീഡ്.' നിശ്ശബ്ദമായ ആ വെല്ലുവിളി മനസ്സിലുണ്ടാവണം. ഇത്തരമൊരു തുടക്കം വായനക്കാരെ (ജഡ്ജിമാരെ വിടുക, അവര്‍ വായിക്കാന്‍ നിര്‍ബ്ബന്ധിതരാണ്) ഓടിച്ചുപിടിക്കാന്കൂടി ഉപകരിക്കുകയില്ലെന്നു മനസ്സിലാക്കുക.
കോളേജുവിഭാഗത്തിലെ കഥകളുടെ പ്രമേയത്തില്‍ ഒരു ഏകതാനത പ്രകടമായിരുന്നു. നായകന്മാരും, നായികമാരും, കലാലയത്തിലും വീട്ടിലും ഏകാന്തത അനുഭവിക്കുന്നവരാണ്. അമ്മ, അച്ഛന് ഇവരെല്ലാം സ്നേഹിക്കുന്നവരാണെങ്കിലും അവരുമായി പൊരുത്തപ്പെടാന്‍ കഴിയാതെവരുന്നവര്‍. ഇവര്‍ എന്തിനോ വേണ്ടി അന്വേഷണം നടത്തുന്നു. വ്യക്തമായി എന്താണവര്‍ക്കു വേണ്ടതെന്ന് അവര്‍ അറിയുന്നുമില്ല. എഴുപത്തൊന്നു കഥകളുടെ ശീര്‍ഷകം 'പരാജയ'ത്തെപ്പറ്റിയായിരുന്നു. പരാജയം, പരാജിതന്, പരാജിത, കാരണമില്ലാത്ത ദുഃഖങ്ങളുടെയും ഏകാന്തതകളുടെയും ലോകങ്ങള്‍.'
ഇങ്ങനെ നിരവധി വിഷയങ്ങള്‍ ആസ്പദമാക്കി എഴുതുന്ന വിരസമായ കഥകള്‍ വായിച്ച് ശരീരവും മനസ്സും തളര്‍ന്നിരിക്കുമ്പോള്‍ സൃഷ്ടികളുടെ കൂടെ ചിലര്‍ അയക്കുന്ന കത്തുകള്‍ വളരെ രസിപ്പിക്കാറുണ്ടെന്നും എം.ടി. 'നാളത്തെ കാഥികരുടെ കൂടെ' എന്ന ലേഖനത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. പ്രിന്സിപ്പാളുടെയോ ഹെഡ്മാസ്റ്ററുടെയോ കൈയില്‍നിന്നു കഥ താന്‍തന്നെയാണ് എഴുതിയതെന്നു സാക്ഷ്യപ്പെടുത്തുന്ന ഒപ്പുവാങ്ങാന്‍ ശ്രമിച്ചതിനു പിന്നിലെ പ്രയാസങ്ങളും കടമ്പകളുമാണ് നെടുനീളന്‍ കത്തുകളിലൂടെ പത്രാധിപരെ അറിയിക്കുന്നത്. ഒരു കഥയെഴുതാന്‍ പെട്ട കഷ്ടപ്പാടു വിവരിച്ച് ഒരു പെണ്‍കുട്ടിയെഴുതിയ കത്ത് എം.ടിയെ വളരെ രസിപ്പിച്ചു. ആ കത്തിലെ ഒരു ഭാഗം എം.ടി. 'നാളത്തെ കാഥികരുടെ കൂടെ' എന്ന ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്.
'...എഴുതാന്പെട്ട പാട് ഓര്‍ക്കുമ്പോള്‍ ഇനി ഒരിക്കലും കഥ എഴുതില്ല എന്നുവരെ തോന്നിപ്പോകുന്നു. കഥ എഴുതാനും കവിത എഴുതാനും മറ്റും ഏകാന്തത വേണ്ടേ? എനിക്കാണെങ്കില്‍ അതു കുറെ അധികം വേണം താനും. കഥ എഴുതിക്കൊണ്ടിരിക്കുമ്പോള് മനുഷ്യന്മാരുടെ ശബ്ദംകേട്ടാല്‍ എനിക്കു ഭ്രാന്തുപിടിക്കും. (അധികമൊന്നും അതുകാരണം എഴുതിയിട്ടില്ല) ഏകാന്തതതേടി ഞാന്‍ സ്റ്റോര്‍ റൂമില്‍ പോയി ഇരുന്നു. അരിപ്പെട്ടിയുടെ പുറത്തിരുന്ന് ചപ്പാത്തിപ്പലക മേശയാക്കിവെച്ചാണു പകുതിയും എഴുതിയത്. പക്ഷേ അവിടെ ശല്യക്കാര്‍ എലികളാണ്. പിന്നെ വേറൊരു തകരാറുമുണ്ട്. ഞാന്‍ ഒറ്റയ്ക്കുപോയി ഇരുന്ന് ആലോചിച്ച് എഴുതുമ്പോള്‍ വീട്ടുകാരുടെ-വീട്ടുകാര്‍ എന്നു പറയണ്ട, എനിക്കൊരു അനിയന് ചെറുക്കനുണ്ട്, അവന്റെ-വിചാരമെന്താണെന്നോ, ഞാന്‍ പ്രേമലേഘനം വല്ലതും എഴുതുകയായിരിക്കുമെന്നാണ്. പക്ഷേ ആ സാധനം ഇന്നുവരെ കണ്ടിട്ടില്ല, കേട്ടിട്ടുണ്ട്. (കുട്ടേട്ടന് ഈ കത്തിനൊരു കമന്റ് എഴുതിയിട്ടുണ്ട്-അനിയത്തീ, പ്രേമലേഘനമല്ല, പ്രേമലേഖനം.' കുട്ടേട്ടന് മലയാളം പഠിപ്പിക്കുന്ന ആളാണ്. പ്രേമലേഖനമെഴുതിയാല് മാപ്പുകൊടുക്കും. പക്ഷേ, പ്രേമലേഘനത്തെ വെറുതെ വിടില്ല.)'
കോളേജ് കഥകളെ അപേക്ഷിച്ച് ഹൈസ്കൂള്‍ കഥകള്‍ വായിക്കുക ദുഷ്കരമായിരുന്നു എന്ന് എം.ടി. പറയുന്നുണ്ട്. അക്ഷരത്തെറ്റില്ലാത്ത, വാചകത്തെറ്റില്ലാത്ത, കൈയെഴുത്തുപ്രതികള്‍ അപൂര്വ്വമായിരുന്നുവത്രെ. ഖണ്ഡികതിരിച്ചു കാര്യങ്ങള്‍ വിശദമാക്കുന്ന ഏര്‍പ്പാടും പലര്‍ക്കും അജ്ഞാതമായിരുന്നു. ഹൈസ്കൂള്‍വിഭാഗം കഥകളെക്കുറിച്ച് എം.ടിയുടെ വിശകലനം ഇങ്ങനെ: 'കോളേജുകഥകള് അസ്തമയത്തില്നിന്നാരംഭിക്കുമ്പോള് ഹൈസ്കൂള്കഥകള് ഉദയത്തില്നിന്നാണു തുടങ്ങുന്നത്. വലിയ വാക്കുകള്‍ക്കുവേണ്ടിയുള്ള ഭ്രമം ഭൂരിപക്ഷം കഥകളിലും പ്രകടമായിരുന്നു. 'കതിരവനും' 'ഇന്ദുരാജനും' 'പനിമതി'യും എല്ലാം സുലഭമായി കണ്ട പദങ്ങളായിരുന്നു. ഈ കഥാപ്രപഞ്ചത്തില്നിന്നു പുറത്തകടന്നപ്പോള് ഞാനോര്‍ത്തുപോയി-എഴുതിത്തുടങ്ങുന്നവരും എഴുതാനാഗ്രഹിക്കുന്നവരുമായ ഇവരെ ഏറ്റവും സ്വാധീനിക്കുന്ന ശക്തിയേത്? പലരുടെയും കഥകള്‍ ഇവരെ സ്വാധീനിച്ചിരിക്കും.
പക്ഷേ സാഹിത്യത്തേക്കാള്‍ സ്വാധീനം സിനിമയ്ക്കാണെന്നു തോന്നി. പ്രത്യേകിച്ചും സിനിമാ ഗാനങ്ങള്‍. നനുത്ത ദുഃഖം കാവ്യാത്മകമായി അവതരിപ്പിക്കുന്ന സിനിമാഗാനങ്ങള്‍ നമുക്കു ധാരാളമുണ്ടല്ലോ. അവയിലെ പ്രസിദ്ധങ്ങളായ വരികള്‍ ഉദ്ധരിച്ചുകൊണ്ടുള്ള, അവ പശ്ചാത്തലത്തില്‍നിന്നു കേള്‍ക്കുകയെങ്കിലും ചെയ്യുന്ന കഥകളായിരുന്നു ഇവയില്‍ പകുതിയും. വിദ്യാര്‍ത്ഥിനികളുടെ കഥകളില്‍ തൊണ്ണൂറുശതമാനത്തിലും ഈ ഉദ്ധരണങ്ങളുണ്ട്. ഇതിലൊന്നിലും പെടാതെ പുതിയ വിഷയങ്ങള്‍ തേടുകയും പുതിയ സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന കുറച്ചുപേരുണ്ട്. അവരുടെ കൃതികള്‍ ഈ വിഷുപ്പതിപ്പില്‍ നിങ്ങള്‍ കാണുന്നു. സ്വന്തം മീഡിയത്തെ കീഴടക്കുന്നതില്‍ അവര്‍ ഇന്നു പൂര്‍ണ്ണമായും വിജയിച്ചിരിക്കില്ല. പക്ഷേ അവര്‍ക്കതു കഴിയുന്ന കാലം അകലെയാവില്ല...'
1971-ലെ മാതൃഭൂമി സാഹിത്യമത്സരങ്ങളില് കഥ, കവിത, എന്നീ ഇനങ്ങള്‍ക്കു പുറമെ നാടകരചയും ഉള്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ പ്രശസ്ത എഴുത്തുകാരായ എന്‍. പ്രഭാകരന്, സി.ആര്, പരമേശ്വരന്, കെ.കെ. കൊച്ച്, എന്‍. ചന്ദ്രിക, സുകുമാര്‍ അണ്ടല്ലൂര്‍, പി.കെ. രാജേന്ദ്രന് തുടങ്ങിയവര്‍ 1971 വിഷുപ്പതിപ്പ് മത്സരങ്ങളിലൂടെ രംഗത്തെത്തിയവരാണ്.
ആഗ്രയിലെ രാജാ ബല്‍വന്ത് കോളേജില്‍ ഒന്നാം വര്‍ഷ എം.എ. വിദ്യാര്‍ത്ഥിയായിരുന്ന സി.ആര്. പരമേശ്വരന് കോളേജ്വിഭാഗം കവിതാരചനയിലും നാടകരചനയിലും ഒന്നാം സമ്മാനം നേടി ചരിത്രം സൃഷ്ടിച്ചു.
1972-ലെ സാഹിത്യമത്സരത്തിലെ പ്രധാന കണ്ടെത്തലുകളായിരുന്നു അയ്മനം ജോണ്‍, ടി.വി. കൊച്ചുബാവ, ദേശമംഗലം രാമകൃഷ്ണന്, പി. ബാലചന്ദ്രന് തുടങ്ങിയവര്‍. 72ലെ സാഹിത്യമത്സരവിജയികള് ഇപ്രകാരമായിരുന്നു. കോളേജ് വിഭാഗം: കഥ-അയ്മനം ജോണ്‍ (ഒന്നാം സമ്മാനം), സുമിത്രാവര്‍മ്മ (രണ്ടാം സമ്മാനം), പി. ലതിക (മൂന്നാം സമ്മാനം). കോളേജ് വിഭാഗം: കവിത-വി. രാധാകൃഷ്ണന് (ഒന്നാം സമ്മാനം), സി.പി. വത്സന് (രണ്ടാം സമ്മാനം), ദേശമംഗലം രാമകൃഷ്ണന് (മൂന്നാം സമ്മാനം). കോളേജ് വിഭാഗം: ഏകാങ്കം-പി. ബാലചന്ദ്രന് (ഒന്നാം സമ്മാനം), ജോര്‍ജ്ജ് സക്കറിയ (രണ്ടാം സമ്മാനം), മൂന്നാം സമ്മാനത്തിന് അര്‍ഹമായ രചനകള്‍ കണ്ടെത്താനായില്ല. ഹൈസ്കൂള്‍ വിഭാഗം: കഥ-കെ.പി. അശോകന് (ഒന്നാം സമ്മാനം), എസ്. അജ്മല്‍ (രണ്ടാം സമ്മാനം), എം. രാമചന്ദ്രന് (മൂന്നാം സമ്മാനം). കവിത: എ. ഹരീന്ദ്രനാഥ് (ഒന്നാം സമ്മാനം), രണ്ടും മൂന്നും സമ്മാനാര്‍ഹമായ കവിതകള്‍ ലഭിച്ചിട്ടില്ലെന്നു പരിശോധകസമിതി. ഏകാങ്കം-കെ. മോഹനചന്ദ്രന് (ഒന്നാം സമ്മാനം), ടി.വി. കൊച്ചുബാവ. (രണ്ടാം സമ്മാനം), വി.കെ. പ്രഭാകരന് (മൂന്നാം സമ്മാനം).
1973-ലെ മാതൃഭൂമി സാഹിത്യമത്സരത്തില്‍ സമ്മാനാര്ഹരായവരില് കുമാരി ചന്ദ്രികയും പി.എന്‍. വിജയനുമാണ് പിന്നീട് ഈ രംഗത്ത് ഉറച്ചുനിന്നത്. തിരുവനന്തപുരം ആള്‍സെയ്ന്റ്സ് കോളേജില്‍ ബി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന കുമാരി ചന്ദ്രികയ്ക്ക് കോളേജ് കഥാവിഭാഗത്തില്‍ മൂന്നാം സമ്മാനമായിരുന്നു ലഭിച്ചത്. (കഥ: സ്വയം: സ്വന്തം) ഒന്നാം സമ്മാനം എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കെ. കൃഷ്ണ ഗോപിനാഥനായിരുന്നു. (കഥ: ഇന്ത്യന്‍ സ്വപ്നങ്ങള്‍). ഈ വിഭാഗത്തില്‍ രണ്ടാം സമ്മാനം ഒറ്റപ്പാലം എന്‍.എസ്.എസ്. മൂന്നാംവര്‍ഷം ബി.കോം വിദ്യാര്‍ത്ഥിയായിരുന്ന സി. പ്രകാശനായിരുന്നു. (കഥ: അരി വിളയുന്ന മരം). ഒന്നും രണ്ടും സമ്മാനം നേടിയവര്‍ ഔദ്യോഗികജീവിതത്തിന്റെ തിരക്കില്പ്പെട്ടതുകൊണ്ടാകാം പിന്നീട് ഈ രംഗത്തുനിന്നും അപ്രത്യക്ഷമായി. കഥയെഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എഴുത്തുകാരികള്‍ തുടക്കത്തില്‍ പല പ്രതിബന്ധങ്ങളേയും നേരിടാറുണ്ട്. കഥയും കഥാപാത്രങ്ങളും എഴുത്തുകാരിയുടെ ജീവിതംതന്നെയായിക്കാണാനാണ് ഒരുവിഭാഗം വായനക്കാര്‍ക്ക് എന്നും താത്പര്യം. എഴുത്തുകാരികളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വായനക്കാരുടെ ഈ മനോഭാവം പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്.
ഈയവസ്ഥയെ മറികടക്കാന്‍ ചിലര്‍ യഥാര്‍ത്ഥ പേര് മൂടിവെക്കാറുണ്ട്. മാതൃഭൂമി സാഹിത്യമത്സരത്തിലൂടെ രംഗത്തുവന്ന കുമാരി ചന്ദ്രികതന്നെയാണ് ഇന്നത്തെ പ്രശസ്ത എഴുത്തുകാരി ചന്ദ്രമതി എന്ന് അറിയുന്നവര്‍ പക്ഷേ, ചുരുക്കമായിരിക്കും. കോളേജ് വിഭാഗം കവിതാമത്സരത്തില്‍ ഒന്നുംരണ്ടും സമ്മാനം നേടിയവര്‍ സാഹിത്യമേഖലയില്നിന്നു പിന്നീടു പിന്‍വലിഞ്ഞപ്പോള്‍ മൂന്നാംസമ്മാനം നേടിയ മൈസൂരിലെ റിജിയണല്‍ കോളേജ് ഓഫ് എഡ്യുക്കേഷനില്‍ ബി.എഡ്. വിദ്യാര്‍ത്ഥിയായിരുന്ന പി.എന്‍. വിജയന് (കവിത-ഋതുഭേദം) ഈ രംഗത്ത് ഉറച്ചുനിന്നു. കോളേജ്വിഭാഗം ഏകാങ്ക നാടകമത്സരത്തില്‍ പി.എന്‍. വിജയനായിരുന്നു ഒന്നാംസമ്മാനം. കോളേജ്വിഭാഗം കവിതാമത്സരത്തില്‍ സെന്റ്തോമസ് കോളേജിലെ രണ്ടാംവര്‍ഷ ബി.എസ്സി. വിദ്യാര്‍ത്ഥിയായിരുന്ന ടി. സോമന് ഒന്നാംസമ്മാനവും (കവിത: നാഗലാസ്യം) എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്ന കെ. തങ്കപ്പന് രണ്ടാംസമ്മാനവും ലഭിച്ചു. (കവിത-ഉണര്‍വ്വിന്റെ ഇതിഹാസം) 1973-ലെ ഹൈസ്കൂള്‍വിഭാഗം രചനകള്‍ നിരാശാജനകമായിരുന്നു എന്നാണ് പരിശോധകസമിതിയുടെ വിലയിരുത്തല്‍.
1974-ലെ സാഹിത്യമത്സരത്തില്‍ സമ്മാനാര്‍ഹങ്ങളായ സൃഷ്ടികളൊന്നും കണ്ടെത്താനായില്ലെന്നാണ് ജഡ്ജിങ് കമ്മിറ്റി അറിയിച്ചത്. എങ്കിലും പ്രോത്സാഹനമെന്നനിലയില്‍ കോളേജ് വിഭാഗത്തില്‍ അഞ്ചു കഥകള്‍ തിരഞ്ഞെടുത്ത് അവ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ ശുപാര്‍ശചെയ്തു. അങ്ങനെ 74-ലെ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളുടെ പേരുവിവരങ്ങള്‍: കൊല്ലം സെന്റ് ജോണ്‍സ് കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ഗീതാ പോറ്റിയുടെ 'ദീര്ഘാപാംഗന്', പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനി മാധവിക്കുട്ടി പൊതുവാളിന്റെ 'അതിവര്‍ത്തനം', തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ഒന്നാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ത്ഥി കെ.എന്‍. രാമന്റെ 'നിഴലുകളുടെ തണലില്‍', തിരുവനന്തപുരം പെയ്ന്റിങ്ഡ്രോയിങ് സ്കൂള്‍ ഓഫ് ആര്‍ട്സിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി കൃഷ്ണമൂര്‍ത്തിയുടെ 'ഋഗ്വേദം', തൃശ്ശൂര്‍ വിമലാകോളേജിലെ മൂന്നാംവര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനി ഗീതാലക്ഷ്മി സി.എസ്സിന്റെ 'വര്‍ഷമേഘത്തിന്റെ ദുഃഖം' എന്നിവയാണ് പ്രോത്സാഹനത്തിന്റെ പിന്തുണയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രചനകള്‍.
ഇവരില്‍ ഗീതാ പോറ്റി മലയാളത്തിലെ മികച്ച കഥാകാരികളില്‍ ഒരാളായി പിന്നീടു വളര്‍ന്നു എന്നതും ശ്രദ്ധേയമാണ്. കൃഷ്ണമൂര്‍ത്തിക്കും സാഹിത്യരംഗത്തു സ്വന്തമായൊരിടം സ്ഥാപിച്ചെടുക്കാനായി.
സമ്മാനങ്ങളൊന്നും നല്കിയില്ലെങ്കിലും കോളേജ് വിഭാഗത്തില്‍ നാലു കവിതകളും പരിശോധകസമിതി പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തു. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ഹിരണ്യന് രചിച്ച 'കഥാശേഷം കാത്ത്', കോട്ടയം ബസേലിയസ് കോളേജില്‍ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥി വി.കെ. ജയകുമാറിന്റെ 'അവിഷ്യതൃഷ്ണ,' എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നാം വര്‍ഷ എം.എ. വിദ്യാര്‍ത്ഥി എസ്. രമേശന്റെ 'വന്ദേമാതരം,' പാലക്കാട് വിക്ടോറിയാ കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്സി. വിദ്യാര്‍ത്ഥിനി പി. സുജയുടെ 'ഇനിയീ യാഗം' എന്നിങ്ങനെയായിരുന്നു കോളേജ് വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച കവിതകള്‍. ഇവരില്‍ ഹിരണ്യന് നേരത്തേ മാതൃഭൂമി സാഹിത്യമത്സരത്തില്‍ കവിതാവിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയിരുന്നു. 1974-ല്‍ സാഹിത്യമത്സരത്തില്‍ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുത്ത സൃഷ്ടികളുടെ രചയിതാക്കളില്‍ ഗീതാ പോറ്റി, കൃഷ്ണമൂര്‍ത്തി, സി.ജെ. ജോണ്‍, എന്‍.പി. ചെക്കുട്ടി, കെ. ഇന്ദുചൂഡന്, എസ്. രമേശന്, വി.കെ. ജയകുമാര്‍ പിന്നീട് സാഹിത്യ-സാംസ്കാരിക രംഗത്തും ശ്രദ്ധേയരായി. മാതൃഭൂമി സാഹിത്യമത്സരത്തില്‍ കവിതയില്‍ കഴിവു തെളിയിച്ച ഹിരണ്യനും കഥാരചനയില്‍ വിസ്മയമായി മാറിയ ഗീതാ പോറ്റിയും പിന്നീട് വിവാഹിതരായി. മലയാള കഥാരംഗത്ത് ഏറെ ശ്രദ്ധേയമായ കുറെ കഥകള്‍ സഹൃദയര്‍ക്കു സമ്മാനിച്ച ഗീതാ ഹിരണ്യന് 2002 ജനുവരി 2ന് ഓര്‍മ്മയായി. അവരോടുള്ള ആദരസൂചകമായി അടുത്ത ലക്കം ആഴ്ചപ്പതിപ്പ് ഗീതാ ഹിരണ്യന് സ്പെഷ്യലായാണ് പ്രസിദ്ധീകരിച്ചത്. മത്സരത്തിലേക്കു ലഭിക്കുന്ന സൃഷ്ടികളുടെ നിലവാരം കുറഞ്ഞുവരുന്നതിനാല്‍ മൂന്നു വര്‍ഷത്തേക്ക് മാതൃഭൂമി സാഹിത്യമത്സരങ്ങള്‍ നിര്‍ത്തിവെക്കുവാന്‍ പത്രാധിപസമിതി തീരുമാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..