'ഭാഷ അനുഭവിക്കുന്ന വായനക്കാര്‍ വരുമ്പോള്‍ ബലം കുറഞ്ഞ പുസ്തകങ്ങള്‍ എഴുന്നേറ്റു മാറിനിന്നേക്കാം'


അജയ് പി. മങ്ങാട്ട്

ബഷീറിന്റെ മറ്റൊരു കൃതിയും വായിക്കാതെ ഒരാള്‍ ഓര്‍മയുടെ അറകള്‍ ആദ്യം വായിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ചെറുതായിരിക്കില്ല. മാധവിക്കുട്ടിയുടെ കാര്യത്തിലും ഇതു സത്യമാണ്. അവര്‍ അവസാന പത്തു വര്‍ഷത്തിനിടെ എഴുതിയവ ഒരാള്‍ ആദ്യം വായിച്ചാല്‍ എഴുത്തുകാരിയെ ശരിക്കും ഗ്രഹിക്കാനാവില്ല.

അജയ് മങ്ങാട്ട്/ ഫോട്ടോ:ബി. മുരളീകൃഷ്ണൻ

അജയ് പി. മങ്ങാട്ട് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ലോകം അവസാനിക്കുന്നില്ല.' എഴുത്തിനേക്കാളേറെ വായനയെക്കുറിച്ചുള്ള എഴുത്തുകാരന്റെ വീക്ഷണങ്ങളും അനുഭവങ്ങളുമാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലോകം അവസാനിക്കുന്നില്ല എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

സാധാരണനിലയില്‍ സാഹിത്യവായന ഒരു ശീലമായി ചെറുപ്പം മുതല്‌ക്കേ കൂട്ടുവരാറുണ്ട്. ചിലര്‍ വളരെ ചെറുപ്പത്തിലേ, സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‌ക്കേ കഥകളും കവിതകളും ശീലമാക്കുന്നു. കണ്ടാലറിയാം, അവരുടെ ശരീരഭാഷപോലും വേറെയാണ്. ഇങ്ങനെയുള്ള ഒരു സംഘം കുട്ടികള്‍ക്കിടയില്‍ ഇരുന്ന ഒരു സന്ദര്‍ഭത്തില്‍, ആദ്യത്തെ ഇഷ്ടപുസ്തകത്തെപ്പറ്റി പറയാന്‍ അവര്‍ ആവശ്യപ്പെടുകയുണ്ടായി. ആദ്യ ഇഷ്ടപുസ്തകം, ആദ്യാനുരാഗംപോലെ എത്ര കഴിഞ്ഞാലും അതേ രൂപത്തില്‍, അതേ ഉത്സാഹത്തോടെ നിലനില്‌ക്കേണ്ടതാണ്. എന്നാല്‍ ചിലപ്പോള്‍ പ്രധാനപ്പെട്ട മറ്റു പലതും മറക്കുംപോലെ നാം ആദ്യാനുരാഗം മാത്രമല്ല, അതിനുശേഷമുള്ള അനുരാഗങ്ങളും മറക്കും. അതുകൊണ്ട് ആ പുസ്തകം ഓര്‍ത്തെടുക്കുക പ്രയാസമാണ്. ആദ്യ ഇഷ്ടം ആകാന്‍ കൊള്ളാവുന്ന ഒരു പുസ്തകത്തെപ്പറ്റി, പഞ്ചതന്ത്രത്തെപ്പറ്റിയാണു ഞാന്‍ അന്ന് അവരോടു സംസാരിച്ചത്. കുട്ടിയായിരിക്കെ ആദ്യവും മുതിര്‍ന്നാല്‍ പലവട്ടവും വായിക്കേണ്ട ഒരു കൃതിയാണ്. ജീവിതത്തിലൊരിക്കല്‍ നിങ്ങളെ അടുത്ത ചങ്ങാതി വഞ്ചിച്ചേക്കാം. നിങ്ങളെ ആരെങ്കിലും ഒറ്റിയേക്കാം. നിഷ്‌കളങ്കതയാല്‍ നിങ്ങള്‍ പരാജിതനായേക്കാം. നല്ല ജീവിതം വരാന്‍ നല്ലവനോ സത്യസന്ധനോ ആയിരുന്നിട്ടു മാത്രം കാര്യമില്ല. വിവേകവും ബുദ്ധിയും വേണ്ട അളവില്‍ പ്രയോഗിക്കേണ്ടതുണ്ട്. ഇതെല്ലാം പഞ്ചതന്ത്രത്തിലുള്ളതാണ്. നന്മകൊണ്ടു മാത്രം വിജയം കൈവരിക്കാനാവില്ലെന്ന പഞ്ചതന്ത്രപാഠം രാഷ്ട്രതന്ത്രംകൂടിയാണ്. പഞ്ചതന്ത്രത്തിന്റെ പശ്ചാത്തലവും അതാണല്ലോ. ബുദ്ധികെട്ട ചെറുപ്പക്കാര്‍ക്കു ബുദ്ധിയും വിവേകവും ഉണ്ടാക്കി അവരെ ഭരണത്തിനും അധികാരത്തിനും പ്രാപ്തരാക്കുക. ഒരു ഭരണപാഠമാണത്. ഇതു വളരെ സങ്കീര്‍ണമായ ഒരു രീതിയാണ്. മനുഷ്യര്‍ കുറഞ്ഞും മൃഗങ്ങള്‍ ഏറിയും കഥാപാത്രങ്ങളായ ലോകം. മൃഗങ്ങളുടെ ലോകമാണു മനുഷ്യരുടെ പാഠശാല. ജോര്‍ജ് ഓര്‍വെലിന്റെ ആനിമല്‍ ഫാം പിന്നീടു വായിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ പഞ്ചതന്ത്രത്തെ മറ്റൊരു രീതിയില്‍ ഓര്‍ക്കാതിരിക്കില്ല.

അഭിരുചിയുള്ള കുട്ടികള്‍ക്കു വായിക്കാന്‍ എന്തെല്ലാം കൊടുക്കാം എന്ന സംശയം പലപ്പോഴും വരാറുണ്ട്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാന്‍ സഹായിക്കണമെന്ന് ഒരു സ്‌കൂളധ്യാപകന്‍ ഒരിക്കല്‍ അഭ്യര്‍ഥിക്കുകയുണ്ടായി. വാസ്തവത്തില്‍ ഇതൊരു വിഷമപ്രശ്‌നമാണ്. പുസ്തകത്തിനു കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ല. ചെറുതായിരിക്കുമ്പോള്‍ നാം വായിക്കുന്ന കൃതികള്‍ വലുതാകുമ്പോള്‍ വായിച്ചാല്‍ അതു മറ്റൊന്നായിത്തീര്‍ന്നിട്ടുണ്ടെന്നു കാണാം. ചില പുസ്തകങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും മനസ്സിലാകില്ല. മുന്‍പു വായിച്ചവ പിന്നീടു വായിക്കാന്‍ കൊള്ളാവുന്നവ ആകണമെന്നില്ല. (മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' എത്ര ഗംഭീരമായിരുന്നു അന്നൊക്കെ. ഇപ്പോള്‍ ആ പുസ്തകം ഞാന്‍ ഒരാള്‍ക്കും നിര്‍ദേശിക്കില്ല.) അതിനാല്‍, വലിയ സങ്കോചമില്ലാതെ ചെയ്യാവുന്നത് ഓരോ ഭാഷയിലെയും ചില മൗലികരചനകളെ തിരഞ്ഞെടുക്കുകയാണ്. ക്ലാസിക്കുകളെ ആസ്വദിക്കുന്ന രീതിക്കു മാറ്റം വന്നാലും അവയ്ക്കു താഴേക്കു പോകാനാവില്ല.

നാം പറയുന്ന പുസ്തകം വായിച്ചിട്ട് ഒരാള്‍ വായന മടുത്ത് ഉപേക്ഷിക്കുന്ന ഒരു സാഹചര്യമുണ്ടാകാനും പാടില്ലല്ലോ. തെറ്റായ സന്ദര്‍ഭത്തില്‍ വായിക്കപ്പെടുന്ന പുസ്തകം വലിയ അനിഷ്ടമോ ഈര്‍ഷ്യയോ ഉണ്ടാക്കും. ചില പുസ്തകങ്ങള്‍ വായനയുടെ തുടക്കത്തിന് ഒട്ടും യോജിച്ചതല്ല. ഉദാഹരണത്തിന്, ബഷീറിന്റെ മറ്റൊരു കൃതിയും വായിക്കാതെ ഒരാള്‍ ഓര്‍മയുടെ അറകള്‍ ആദ്യം വായിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ചെറുതായിരിക്കില്ല. മാധവിക്കുട്ടിയുടെ കാര്യത്തിലും ഇതു സത്യമാണ്. അവര്‍ അവസാന പത്തു വര്‍ഷത്തിനിടെ എഴുതിയവ ഒരാള്‍ ആദ്യം വായിച്ചാല്‍ എഴുത്തുകാരിയെ ശരിക്കും ഗ്രഹിക്കാനാവില്ല. ഇത്തരത്തില്‍, ഗൗരവ വായനയ്ക്ക് ഒരു ക്രമം നല്ലതാണെന്നാണു ഞാന്‍ വിചാരിക്കുന്നത്. ഒ.വി. വിജയനെ വായിക്കുമ്പോഴും ഇതേ പ്രശ്‌നം വരാം. 'മധുരം ഗായതി'പോലെ ഒരു പുസ്തകം വായനയില്‍ തുടക്കക്കാരനായ ഒരാളെ ആശയക്കുഴപ്പത്തിലാക്കുകയാണു ചെയ്യുക.

പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ എഴുത്തുകാന്റെ സാമൂഹികസാഹചര്യത്തെയുംകൂടി പരിഗണിക്കേണ്ടതുണ്ട്. അപ്പോഴാണു വായന നന്നാകുക. ഇതൊരു സിദ്ധാന്തമായിട്ട് ഞാന്‍ പറയുകയല്ല. എന്റെ അനുഭവത്തില്‍ എനിക്കു തോന്നിയത്, എന്റെതന്നെ വലിയൊരു പോരായ്മ വായനയില്‍ ഒരു അച്ചടക്കമോ ക്രമമോ പാലിക്കാന്‍ ചെറുപ്പത്തിലും പിന്നീടും സാധിക്കാതെപോയെന്നതാണ്. കൃത്യതയോടെ ഒന്നും വായിച്ചിട്ടില്ല. ഇതാ ഇതു വായിക്കൂ എന്നു പറഞ്ഞ് പുസ്തകം തരാന്‍ ഒരാളുണ്ടായിരുന്നില്ല. നല്ല വായനക്കാരുമായി ചങ്ങാത്തം കൂടാനൊന്നും അവസരം കിട്ടിയില്ല. ഞങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളില്‍ ഗ്രന്ഥശാല ഉണ്ടായിരുന്നില്ല. നാട്ടിലാണെങ്കില്‍ കെ.എസ്.ഇ.ബി. ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബ്ബിനോടു ചേര്‍ന്നു ഭേദപ്പെട്ട ഒരു ഗ്രന്ഥശാല ഉണ്ടായിരുന്നുവെങ്കിലും അവിടെ പ്രവേശനം കിട്ടിയതു ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ്.

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജനപ്രിയ വാരികകളും പുരാണ ചിത്രകഥകളും കുറെ ഡിറ്റക്റ്റീവ് നോവലുകളും മാത്രമാണു വായിച്ചത്. സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഞാന്‍ പട്ടിക തയ്യാറാക്കിയപ്പോള്‍, അവയിലേറെയും ഞാന്‍ മുതിര്‍ന്ന ശേഷമാണു വായിച്ചതെന്ന കാര്യം എന്നെ കുറെനേരം പലതരം വിചാരത്തിലാഴ്ത്തി. നല്ല സ്‌കൂള്‍. നല്ല അധ്യാപകര്‍. നല്ല കൂട്ടുകാര്‍ എന്നെല്ലാം പറയുംപോലെ, നല്ല പുസ്തകങ്ങളുമായുള്ള ചെറുപ്പത്തിലെ സമ്പര്‍ക്കവും ആഹ്ലാദകരമാണ്. നല്ല വായനയുടെ ചെറുപ്പനാളുകള്‍ മഹാഭാഗ്യംതന്നെയാണ്.
ഞാന്‍ പഠിച്ച സര്‍ക്കാര്‍ വിദ്യാലയത്തില്‍ യഥാര്‍ഥത്തില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നുവെന്നും എന്നാലത് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നതും സ്‌കൂള്‍ വിട്ടിട്ടാണു ഞാന്‍ അറിഞ്ഞത്. സ്‌കൂളിലെ ഒരു അധ്യാപകന്‍, ഞാന്‍ ബിരുദത്തിനു പഠിക്കുന്ന കാലത്ത് ഈ അടഞ്ഞ ഗ്രന്ഥശാല എനിക്കു തുറന്നുതരികയുണ്ടായി.

'തിരഞ്ഞുനോക്കൂ, കൊള്ളാവുന്ന വല്ലതുമുണ്ടെങ്കില്‍ എടുക്കാമല്ലോ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ മുറിയുടെ ഇരുട്ടിലേക്ക് ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചത് ഞാന്‍ നന്നായി ഓര്‍ക്കുന്നു. ആ മുറിയില്‍ വൈദ്യുതവിളക്കോ അവിടെ ഇരിക്കാന്‍ കസേരയോ ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടു വലിയ അലമാരകളിലായി നിറയെ പുസ്തകങ്ങള്‍ പൂട്ടിവെച്ചിരുന്നു. തറയിലും അങ്ങിങ്ങായി പുസ്തകങ്ങള്‍ കൂടിക്കിടന്നു. പൊടിമണത്താല്‍ എനിക്കു മനംമറിഞ്ഞു. ഞാന്‍ അവിടെ പഠിച്ച വര്‍ഷങ്ങളിലൊക്കെയും ആ മുറിയുടെ ഇരുട്ടില്‍ പുസ്തകങ്ങള്‍ മറഞ്ഞിരിക്കുകയായിരുന്നു.

പള്ളിക്കൂടത്തില്‍ നിങ്ങള്‍ കുട്ടികള്‍ക്ക് എന്തെല്ലാം കൊടുക്കുമെന്നതു പ്രധാന കാര്യംതന്നെയാണ്. ഒരാളെ നല്ല വായനക്കാരനാക്കാന്‍ പറ്റിയ ഒരു സ്ഥലം അതാണ്. അച്ചടിയും പുസ്തകലഭ്യതയും താരതമ്യേന പരിമിതമായ നാളുകളില്‍പ്പോലും നല്ല ഗ്രന്ഥശാലകള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ച്ചിലതെല്ലാം പിന്നീടു ജീര്‍ണിച്ചുപോയെങ്കിലും പുസ്തകങ്ങളോടു സൗമ്യത കാത്തുസൂക്ഷിക്കുന്ന മനുഷ്യര്‍ എപ്പോഴും എല്ലാ നാട്ടിലുമുണ്ടാകും. എന്റെ നാട്ടിലെ കെ.എസ്.ഇ.ബി. വക ഗ്രന്ഥശാലയില്‍ നൂറുകണക്കിനു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള നല്ല പുസ്തകങ്ങളും ശേഖരിച്ച ആ ഗ്രന്ഥശാലയും പിന്നീട് വായനക്കാരോ നടത്തിപ്പുകാരോ ഇല്ലാതെ അടച്ചിടുകയായിരുന്നു. അവിടെനിന്നാണ് ഞാന്‍ പുഷ്‌കിന്റെ ദ് ക്യാപ്റ്റന്‍സ് ഡോട്ടര്‍ എടുത്തത്. കുട്ടികള്‍ക്കുള്ള കഥകള്‍ എന്ന പേരില്‍ നന്നായി ഇലസ്‌ട്രേറ്റ് ചെയ്ത ടോള്‍സ്റ്റോയിയുടെ ഒരു റാദുഗ പുസ്തകവും. അവിടെയാണു ഞാന്‍ വാള്‍ട്ട് വിറ്റ്മാന്റെ ലീവ്‌സ് ഓഫ് ഗ്രാസ് ആദ്യം കണ്ടത്.

എനിക്കാദ്യം സ്വന്തമായി കിട്ടിയ നോവല്‍ പി. പത്മരാജന്റെ 'പെരുവഴിയമ്പലം' ആണ്. നാട്ടിലെ ഒരു മുതിര്‍ന്ന സുഹൃത്ത് എനിക്കു സമ്മാനമായി തന്നതാണ്. എന്റെ പിതാവിന്റെ സഹോദരനാണ് എനിക്ക് 'ഖസാക്കിന്റെ ഇതിഹാസം' തന്നത്. എന്‍.ബി.എസ്. പുറത്തിറക്കിയ ആ പതിപ്പാണ് ഇപ്പോഴും എന്റെ കൈയിലുള്ളത്. ആദ്യം വായിച്ചപ്പോള്‍ എനിക്കാകട്ടെ, ശരിക്കു ദഹിച്ചതുമില്ല.

book cover
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

ഇത്തരം ദഹനക്കേട് ചില ശീലക്കേടുകളുടെതുകൂടിയാണ്. അത് ഏതു പ്രായത്തിലും സംഭവിക്കാം. ചിലപ്പോള്‍ ചിലര്‍ക്കു ബോര്‍ഹെസിനെ വായിച്ചാല്‍ ദഹിക്കണമെന്നില്ല. എനിക്കാണെങ്കില്‍ വി.കെ.എന്‍. ഒരിക്കലും ഇഷ്ടമായിട്ടില്ല. ഇഷ്ടമുണ്ടാക്കാന്‍ ഞാന്‍ കനപ്പെട്ടു ശ്രമിച്ചിട്ടുണ്ട്. പരാജയം തന്നെ എന്നും. സാഹിത്യത്തിലേക്കു പ്രവേശിക്കുമ്പോള്‍, സാഹിത്യത്തിലൂടെ സഞ്ചരിച്ചുതുടങ്ങുമ്പോള്‍ ചിലപ്പോള്‍ ചില ശീലക്കേടുകളില്‍, വഴിമുട്ടലുകളില്‍ നാം പെട്ടുപോകും. ഇതു ചെറുപ്പത്തിലേ നമ്മുടെ കൂടെ വരുന്നതാകാം. നമ്മുടെ അഭിരുചികളെ രൂപപ്പെടുത്തുന്നതില്‍ നാം ചെറുപ്പത്തില്‍ വായിക്കുന്ന പുസ്തകങ്ങള്‍ നിര്‍ണായകംതന്നെയാണ്. പിന്നീടു നാമെത്ര മാറിയാലും വായനയുടെ അടിത്തറ ഇളക്കിക്കളയാനാവില്ല. ആദ്യമാദ്യം കൊണ്ടുനടന്നു വായിച്ച എല്ലാ പുസ്തകങ്ങളും നമ്മുടെ ഭാവുകത്വരൂപീകരണത്തില്‍ മൗലികസ്വാധീനങ്ങളായിത്തീരും. അങ്ങനെയാണു ചില പുസ്തകങ്ങള്‍ ജീവനുള്ള ഒന്നായി നമ്മുടെ സാമീപ്യങ്ങളോടും സ്പര്‍ശനങ്ങളോടും നെടുവീര്‍പ്പുകളോടും പ്രതികരിച്ചുതുടങ്ങുന്നത്. 'ഇയ്യോബിന്റെ പുസ്തകം' എനിക്ക് ഇത്തരത്തില്‍ ജീവനുള്ള ഒരു പുസ്തകമായിരുന്നു. പുസ്തകത്തെ നാം വായിക്കുന്നതുപോലെ, പുസ്തകം തിരിച്ചു നമ്മെയും വായിച്ചുതുടങ്ങുമെന്ന ബോധം എനിക്കു കിട്ടിയത് ഇയ്യോബിന്റെ പുസ്തകവുമായുള്ള സ്ഥിരബന്ധത്തിലൂടെയാണ്.

ഗദ്യത്തിലായാലും പദ്യത്തിലായാലും നല്ല സൗന്ദര്യശിക്ഷണം ലഭിക്കുന്നില്ലെങ്കില്‍ അഭിരുചി സ്ഥൂലമായിത്തീര്‍ന്നേക്കാം. ഇത്തരം സ്ഥൂലത സാഹിത്യാഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുമ്പോഴാണ് അത്രയൊന്നും പോരാത്ത രചനയും ഗംഭീരമെന്ന വിശേഷണത്തോടെ പ്രചരിപ്പിക്കപ്പെടുന്നത്. നല്ല വായനക്കാരനെ ഇത്തരം കെട്ടുകാഴ്ചകള്‍ സ്വാധീനിക്കാറില്ല. ഭാഷ നന്നായി അനുഭവിക്കുന്ന, നല്ല പുസ്തകത്തെ ദൂരെനിന്നേ തിരിച്ചറിയാന്‍ ശീലിച്ച വായനക്കാര്‍ കയറിവരുമ്പോള്‍ ബലം കുറഞ്ഞ പുസ്തകം താനേ വഴിമാറും. ചിലപ്പോള്‍ ഇരുന്നിടത്തുനിന്നുതന്നെ എഴുന്നേറ്റു മാറിനിന്നേക്കും.

Content Highlightd :Excerpts from the book Lokam Avasanikkunnila Ajay Mangad Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented