മലയാളഭാഷയില്‍ ആദ്യമായി ഒരു പാഠപുസ്തകമുണ്ടായ കാലം!


സുരേന്ദ്രന്‍ ചീക്കിലോട്

'മലയാളഭാഷയില്‍ ഗദ്യപുസ്തകങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതിലേക്കായി 3000 രൂപ അദ്ദേഹം പലിശയ്ക്കിടുകയും ആ പലിശകൊണ്ട് മലയാളപുസ്തകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് തര്‍ജ്ജമ ചെയ്തുണ്ടാക്കുന്നതിലേക്കുള്ള ജോലിയും മേല്‍വിചാരവും മദ്രാസില്‍ 'വര്‍ണ്ണാക്കുലര്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്ന സംഘത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.'

പ്രതീകാത്മക ചിത്രം

സുരേന്ദ്രന്‍ ചീക്കിലോട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരുഭാഗം വായിക്കാം.

ത്തൊമ്പതാം നൂറ്റാണ്ടോടെയാണ് കേരളത്തിലെ ഔപചാരിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആദ്യസൂചനകള്‍ ലഭിക്കുന്നത്. ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയില്‍ ബ്രാഹ്‌മണനും ക്ഷത്രിയനും വൈശ്യനും മാത്രമായിരുന്നുവല്ലോ അക്ഷരവിദ്യ പഠിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. അക്ഷരം പഠിച്ച ശൂദ്രന്റെ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിക്കണമെന്നായിരുന്നു വിധി. കേരളത്തില്‍ നായര്‍ ഉള്‍പ്പെടെയുള്ള ഏതാനും ഉയര്‍ന്ന ജാതിക്കാരായ സവര്‍ണ്ണര്‍ മാത്രമായിരുന്നു ശൂദ്രവിഭാഗത്തില്‍ പെട്ടിരുന്നത്. ഇതില്‍ താഴേയുള്ള ജനവിഭാഗങ്ങളൊക്കെ മനുഷ്യനായി ജീവിക്കാനുള്ള അവകാശങ്ങളൊക്കെ നിഷേധിക്കപ്പെട്ട അവര്‍ണ്ണരും.

ബ്രാഹ്‌മണര്‍ക്ക് പരമ്പരാഗതമായിത്തന്നെ അവരുടേതായ വിദ്യാഭ്യാസരീതികള്‍ ഉണ്ടായിരുന്നു. ശൂദ്രവിഭാഗത്തില്‍പ്പെട്ട സവര്‍ണ്ണരുടെ കുട്ടികളെ അഞ്ചാം വയസ്സോടെ എഴുത്തിനിരുത്തുകയും തുടര്‍ന്ന് എഴുത്തും വായനയും പഠിക്കാനായി ആശാന്‍പള്ളിക്കൂടത്തില്‍ അയയ്ക്കുകയുമായിരുന്നു പതിവ്. മരത്തണലില്‍ വരിവരിയായി നിലത്തിരുന്ന് ചൂണ്ടാണിവിരല്‍കൊണ്ട് മണലില്‍ അക്ഷരമെഴുതിക്കുന്ന രീതിയായിരുന്നു ആശാന്‍പള്ളിക്കൂടത്തിലേത്. ഇതിനായി ഒരു തൊണ്ടില്‍ മണലുമായായിരുന്നു വിദ്യാര്‍ത്ഥികളുടെ ആശാന്‍പള്ളിക്കൂടത്തിലേക്കുള്ള യാത്ര. പഠിപ്പിക്കുന്നതിനുള്ള പ്രതിഫലമായി രണ്ടുമാസം വീതം കൂടുമ്പോള്‍ രണ്ടു പണം വീതമോ അതല്ലെങ്കില്‍ അതിന്റെ വിലയ്ക്കുള്ള നെല്ലോ ആയിരുന്നു എഴുത്താശാന് നല്‍കിയിരുന്നത്. ഓണം, വിഷു, കുട്ടികളുടെ പിറന്നാള്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ കുട്ടികള്‍ എഴുത്താശാന് പ്രത്യേകം ഗുരുദക്ഷിണ നല്‍കിയിരുന്നു. ചില സ്ഥലങ്ങളില്‍ ക്ഷേത്രാധികാരികളോ ജാതിയിലെ പ്രമാണിമാരോ ആയിരുന്നു ആശാന്മാര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നത്.

നിലത്തെഴുത്തു പഠിച്ചുകഴിഞ്ഞാല്‍ കുട്ടികളെ ഓലയില്‍ എഴുതാന്‍ പഠിപ്പിക്കലാണ് അടുത്തഘട്ടം. കരിമ്പനയുടെ ഓല പ്രത്യേകം തയ്യാറാക്കി സംസ്‌കരിച്ച് മുറിച്ചെടുത്താണ് എഴുത്തോല തയ്യാറാക്കുന്നത്. ഇരുമ്പുകൊണ്ടുണ്ടാക്കുന്ന നാരായം എന്ന പേരിലറിയപ്പെടുന്ന എഴുത്താണി ഉപയോഗിച്ചാണ് ഓലയില്‍ എഴുതുന്നത്. ഒരേ വലിപ്പത്തിലുള്ള എഴുത്തോലകള്‍ രണ്ടുവശവും തുളയിട്ട് ചരടില്‍ കോര്‍ത്താണ് ഓലഗ്രന്ഥം തയ്യാറാക്കുന്നത്. 'ഓലച്ചുരണ' എന്നാണ് ഈ ഗ്രന്ഥത്തിനു പറയുന്ന പേര്. ഓലകള്‍ക്കടിയിലും മുകളിലും മരപ്പാളികള്‍കൊണ്ടുള്ള ഓരോ ചട്ടകള്‍ വീതം വെച്ചിട്ടുണ്ടാവും. പഴയ ചില തറവാടുകളില്‍ നമുക്ക് ഇപ്പോഴും ഇത്തരം എഴുത്തോലഗ്രന്ഥങ്ങള്‍ കാണാവുന്നതാണ്.

പത്തൊമ്പതാം നൂറ്റാണ്ടോടെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് വളരെയേറെ പുരോഗതിയുണ്ടായി. തിരുവിതാംകൂറും കൊച്ചിയും ഭരിച്ചിരുന്ന അക്കാലത്തെ നാട്ടുരാജാക്കന്മാര്‍ വിദ്യാസമ്പന്നരും വിദ്യാഭ്യാസരംഗത്ത് വളരെയേറെ താത്പര്യം പ്രദര്‍ശിപ്പിക്കുന്നവരുമായിരുന്നു. കേരളത്തിലെത്തിയ വിദേശമിഷണറിമാരില്‍ വലിയൊരു വിഭാഗം പാശ്ചാത്യവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ആരോഗ്യകരമായ ഇടപെടല്‍ നടത്തിയതും കേരളത്തില്‍ സാക്ഷരതയും ഉന്നതവിദ്യാഭ്യാസവും പ്രചരിപ്പിക്കുന്നതിനു വഴിയൊരുക്കി.

തിരുവിതാംകൂറിന്റെ വിദ്യാഭ്യാസമുന്നേറ്റം

തിരുവിതാംകൂറില്‍ റാണി ഗൗരിപാര്‍വ്വതി ഭായിയുടെ ഭരണത്തോടെയാണ് വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിത്തുടങ്ങിയത്. 1817-ല്‍ റാണി ഗൗരിപാര്‍വ്വതി ഭായി നടത്തിയ ചരിത്രപ്രസിദ്ധമായ വിളംബരത്തോടെ തിരുവിതാംകൂറിലെ വിദ്യാഭ്യാസത്തിന്റെ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. 'നമ്മുടെ പ്രജകള്‍ക്ക് വിദ്യാഭ്യാസസംബന്ധമായി യാതൊരു കുറവും വരാതിരിക്കുന്നതിനും പ്രജകളെ കൂടുതല്‍ പൗരബോധമുള്ളവരും പൊതുജനസേവനത്തിനു യോഗ്യരും ആക്കുന്നതിനും, തദ്ദ്വാര രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുമായി നാട്ടില്‍ വിദ്യാഭ്യാസസംബന്ധമായി വേണ്ടിവരുന്ന മുഴുവന്‍ ചെലവുകളും ഗവണ്‍മെന്റില്‍ നിന്ന് വഹിക്കുന്നതായിരിക്കും' എന്നതായിരുന്നു വിളംബരത്തിന്റെ കാതലായ ഭാഗം.
ഈ വിളംബരത്തെ തുടര്‍ന്ന് അന്നത്തെ ദിവാനായിരുന്ന കേണല്‍ മണ്‍ട്രോയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു സൗജന്യവിദ്യാഭ്യാസപദ്ധതി ആരംഭിച്ചു. നാടിന്റെ പല ഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകര്‍ വീതമുള്ള വെര്‍ണാക്കുലര്‍ സ്‌കൂളുകളും (മലയാളം പ്രൈമറി സ്‌കൂളുകള്‍) ആരംഭിച്ചു. വാദ്ധ്യാന്മാര്‍ക്ക് (അദ്ധ്യാപകര്‍ക്ക്) സര്‍ക്കാര്‍ഖജനാവില്‍നിന്ന് മാസത്തില്‍ അമ്പതുരൂപ പ്രകാരം ശമ്പളം നിശ്ചയിക്കുകയും വിദ്യാലയങ്ങള്‍ സുഗമമായും കാര്യക്ഷമമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഓരോ പതിനഞ്ചു ദിവസം കഴിയുമ്പോഴും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. മലയാളഭാഷയില്‍ ആദ്യമായി ഒരു പാഠപുസ്തകമുണ്ടാവുന്നത് ഇക്കാലത്താണ്.

തുടര്‍ന്ന് തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരെല്ലാം പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കത്തക്കവിധം വിപ്ലവകരമായ പല നടപടികളും കൈക്കൊണ്ടു. ആയില്യം തിരുനാളിന്റെ കാലത്ത് 1866-67 കാലഘട്ടത്തില്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുകയും വിദ്യാഭ്യാസകാര്യങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ താത്പര്യമുള്ള സ്വകാര്യ ഏജന്‍സികള്‍ക്ക് സഹായധനം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. അതോടെ സ്വകാര്യ സ്‌കൂളുകള്‍ക്ക് 1869 മുതല്‍ ഗ്രാന്റ്-ഇന്‍-എയ്ഡ് വ്യവസ്ഥപ്രകാരം സഹായധനം ലഭിക്കാന്‍ തുടങ്ങി. തിരുവിതാംകൂര്‍ ദിവാനായിരുന്ന മാധവരായരുടെ നേതൃത്വത്തില്‍ ഒരു വിദ്യാഭ്യാസവകുപ്പ് രൂപീകരിക്കുകയും ശങ്കര സുബ്ബയ്യരെ വിദ്യാഭ്യാസ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ ആദ്യമായി ഒരു ടെക്സ്റ്റ് ബുക്ക് കമ്മിറ്റി ഉണ്ടാവുന്നതും ഇക്കാലത്താണ്.

വിശാഖം തിരുനാളിന്റെ കാലത്തും വിദ്യാഭ്യാസരംഗത്ത് വലിയ പുരോഗതിയുണ്ടായി. 'മലയാളഭാഷയില്‍ ഗദ്യപുസ്തകങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതിലേക്കായി 3000 രൂപ അദ്ദേഹം പലിശയ്ക്കിടുകയും ആ പലിശകൊണ്ട് മലയാളപുസ്തകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് തര്‍ജ്ജമ ചെയ്തുണ്ടാക്കുന്നതിലേക്കുള്ള ജോലിയും മേല്‍വിചാരവും മദ്രാസില്‍ 'വര്‍ണ്ണാക്കുലര്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്ന സംഘത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.'

1894-ല്‍ 'ട്രാവന്‍കൂര്‍ എജ്യുക്കേഷണല്‍ റൂള്‍സ്' എന്ന പേരില്‍ ഒരു വിദ്യാഭ്യാസനിയമം നിലവില്‍വന്നു. ഇതോടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെയും അദ്ധ്യാപകരുടെ യോഗ്യതയെയും ബാദ്ധ്യതകളെയും കുറിച്ച് വ്യക്തമായ വ്യവസ്ഥകള്‍ രൂപപ്പെട്ടു. ഈ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ വിദ്യാഭ്യാസ ഗ്രാന്റിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ. 1904-ലെ വിദ്യാഭ്യാസനിയമത്തോടെ സൗജന്യമായ പ്രാഥമികവിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ ബാദ്ധ്യതയായി അംഗീകരിക്കപ്പെട്ടു. 1909-10 വര്‍ഷത്തില്‍ വിദ്യാഭ്യാസരംഗത്തെ സമഗ്രമായ നവീകരണം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഒരു വിദ്യാഭ്യാസകോഡ് പ്രസിദ്ധീകരിച്ചു. 1917-ല്‍ ദിവാന്‍ പി. രാജഗോപാലാചാരിയുടെ കാലഘട്ടത്തില്‍ ഒരു നാട്ടുഭാഷാ വിദ്യാഭ്യാസ കമ്മിറ്റി രൂപീകരിച്ചു. പിന്നിട്ട അമ്പതു വര്‍ഷത്തിനിടയില്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ മലയാളഭാഷയ്ക്കുണ്ടായ അഭിവൃദ്ധിയെ അടിസ്ഥാനമാക്കി 1917-ല്‍ നാട്ടിലെങ്ങും മലയാളഭാഷ സുവര്‍ണ്ണജൂബിലി ആര്‍ഭാടമായി ആഘോഷിക്കപ്പെട്ടു.

1909-ല്‍ തിരുവിതാംകൂറില്‍ ഡി.പി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക വിദ്യാഭ്യാസവകുപ്പ് നിലവില്‍ വരുകയും 1920-ല്‍ എജ്യുക്കേഷന്‍ കോഡ് നടപ്പില്‍വരുകയും ചെയ്തു.

വിദ്യാഭ്യാസവിപ്ലവം കൊച്ചിയില്‍

തിരുവിതാംകൂറില്‍ റാണിയുടെ വിളംബരത്തിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കൊച്ചിയിലും 1818-ല്‍ കേണല്‍ മണ്‍ട്രോ തന്റെ ഉപദേശി വഴി പ്രസിദ്ധപ്പെടുത്തിയ വിളംബരം വഴി സര്‍ക്കാര്‍ വക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചു. 'സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ എഴുത്തും കണക്കും അറിയുന്നവര്‍ ഇല്ലാത്തതിനാലും പൊതുവേ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കേണ്ടത് രാജ്യധര്‍മ്മമാണെന്നു വിചാരിക്കുന്നതിനാലും ഓരോ പ്രദേശത്തും ഓരോന്നുവീതം കൊച്ചിരാജ്യത്ത് സര്‍ക്കാര്‍ വകയായി മുപ്പത്തിമൂന്നു നാട്ടുഭാഷാപഠനത്തിനുള്ള വിദ്യാലയങ്ങള്‍ എന്നായിരുന്നു വിളംബരത്തിന്റെ കാതല്‍. 1890-ല്‍ ഒരു വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിക്കുകയും നാട്ടുഭാഷാപഠനത്തിനുള്ള വിദ്യാലയങ്ങളെ ഏകീകരിക്കുകയും ചെയ്തു. നാടിന്റെ പല ഭാഗങ്ങളിലായി സര്‍ക്കാര്‍ വക പുതിയ വിദ്യാലയങ്ങള്‍ ആരംഭിക്കുകയും സ്വകാര്യമേഖലയിലുള്ള വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1892-ല്‍ രാജ്യത്തെ വിദ്യാലയങ്ങളെ ഒരു എജ്യുക്കേഷന്‍ സൂപ്രണ്ടിന്റെ കീഴിലാക്കി. 1898-ല്‍ സര്‍ക്കാര്‍മേഖലയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള ഹൈസ്‌കൂളുകളെ ദിവാന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലാക്കി. (1899-ല്‍ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാനുള്ള വ്യക്തമായ ചട്ടങ്ങള്‍ രൂപപ്പെടുത്തി.)
1908-ല്‍ വിദ്യാഭ്യാസകാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഒരു വിദ്യാഭ്യാസ ഓഫീസറെ നിയമിച്ചു. പിന്നീട് ഇത് എജ്യുക്കേഷന്‍ ഡയറക്ടര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തി. 1912-ല്‍ ഗ്രാന്റ് -ഇന്‍-എയ്ഡ് വ്യവസ്ഥകള്‍ പുതുക്കുകയും സ്വകാര്യമേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും ചെയ്തു.

1921-ല്‍ തിരുവിതാംകൂറിനു സമാനമായി കൊച്ചിയിലും എജ്യുക്കേഷന്‍ കോഡ് നടപ്പില്‍വന്നു. 1949ലെ തിരുവിതാംകൂര്‍-കൊച്ചി ലയനത്തോടെ രണ്ടു രാജ്യങ്ങളിലെയും വിദ്യാഭ്യാസനിയമങ്ങളും കോഴ്‌സുകളും ഏകീകരിക്കപ്പെട്ടു. 1950-ല്‍ സ്വകാര്യ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കീം നടപ്പിലായി.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

മലബാറിന്റെ മുന്നേറ്റം മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായതിനാല്‍ 1834-ലെ മദ്രാസ് ലോക്കല്‍ ബോര്‍ഡ് ആക്ട് അനുസരിച്ചാണ് മലബാറില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മലബാറില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ നേതൃത്വം മുഖ്യമായും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കായിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാര്‍ മുന്‍കൈയെടുത്ത് പ്രാദേശികതലത്തില്‍ വിദ്യാലയങ്ങള്‍ ആരംഭിക്കുകയും ധാരാളം പാഠപുസ്തകങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയും ചെയ്തു. ബാസല്‍ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ മിഷനാണ് മലബാറില്‍ പാശ്ചാത്യവിദ്യാഭ്യാസത്തിന് അടിത്തറപാകിയത്. 1848-ല്‍ കല്ലായിയിലും 1856-ല്‍ തലശ്ശേരിയിലും മിഷന്‍ വക സ്‌കൂള്‍ ആരംഭിച്ചു. 1920-ല്‍ നിലവില്‍വന്ന എലിമെന്ററി എജ്യുക്കേഷന്‍ ആക്ട് പ്രകാരം ഓരോ ലോക്കല്‍ ബോര്‍ഡിന്റെ കീഴിലും ഒട്ടേറെ വിദ്യാലയങ്ങള്‍ ആരംഭിക്കുകയും വിദ്യാഭ്യാസത്തിന് ഫണ്ട് രൂപീകരിക്കുകയും ചെയ്തു. ഇതേ വര്‍ഷം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് രൂപംകൊള്ളുകയും അതോടൊപ്പം ഡിസ്ട്രിക്ട് എജ്യുക്കേഷണല്‍ കൗണ്‍സില്‍ നിലവില്‍വരികയും ചെയ്തു. സ്വകാര്യമേഖലയിലുള്ള വിദ്യാലയങ്ങള്‍ക്ക് എജ്യുക്കേഷണല്‍ കൗണ്‍സില്‍ മുഖാന്തരം ഗ്രാന്റ്-ഇന്‍-എയ്ഡ് വ്യവസ്ഥയില്‍ ധനസഹായം നല്‍കാന്‍ തുടങ്ങി. 1939 എജ്യുക്കേഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ഗ്രാന്റ് വിതരണമടക്കമുള്ള വിദ്യാഭ്യാസകാര്യങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വഴി നടത്തുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും മലബാര്‍ മേഖലയിലെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം ഏറെക്കുറെ ഏകീകരിക്കപ്പെടുകയും മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട പാഠപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പഠനം ആരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് തത്തക്കണാരന്‍, മുളിയില്‍ കൃഷ്ണന്‍, ശേഷഗിരിപ്രഭു, മൂര്‍ക്കോത്ത് കുമാരന്‍, എം.കെ. ഗുരുക്കള്‍ തുടങ്ങിയ എഴുത്തുകാര്‍ ഗ്രന്ഥരചനകളില്‍ ഏര്‍പ്പെടുകയും അവരുടെ ഗദ്യപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങളായി ഉപയോഗപ്പെടുത്തിത്തുടങ്ങുകയും ചെയ്തു. ഇതോടെയാണ് മലബാറിലെ വിദ്യാലയങ്ങളില്‍ ശുദ്ധമായ മലയാള ഗദ്യം പഠിപ്പിക്കാനുള്ള അവസരമൊരുങ്ങിയത്.

1956 നവംബറില്‍ കേരള എജ്യുക്കേഷന്‍ ബില്‍ അവതരിക്കപ്പെട്ടു. 1957 ഒക്ടോബര്‍ മുതല്‍ വിദ്യാലയങ്ങള്‍ നേരിട്ട് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലായി. 1958-ല്‍ കേരള എജ്യുക്കേഷന്‍ ആക്ട് നിലവില്‍വന്നു.

Content Highlights: Surendran Cheekkilode, Keralam Iruladanja Innalekal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented