ഖസാഖിന്റെ ഇതിഹാസം, മൈമൂനയും രവിയും ആർടിസ്റ്റ് നമ്പൂതിരിയുടെ വരയിൽ
പി.എസ് വിജയകുമാര്‍ എഴുതി മാതൃഭൂമി ഇംപ്രിന്റായ ഗ്രാസ്‌റൂട്‌സ് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമായ 'കത്തുന്ന ചുംബനങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് എഴുതിയ ലേഖനം വായിക്കാം.
ഖസാക്കിന്റെ അടരുകള്‍ പലതാണ്. അതായത് ഓരോ തവണ അഴിച്ചെടുക്കുമ്പോഴും, വ്യത്യസ്തങ്ങളായ സ്ഥലരാശികളിലേക്ക് അടര്‍ന്നുമാറുന്ന വഴിയമ്പലങ്ങളാണ് ഒ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ കരുതിവെച്ചിട്ടുള്ളത്. പലതിലൂടെ ഖസാക്കിലേക്കെത്താനുള്ള നിയോഗമുണ്ടെന്നര്‍ത്ഥം. രവിയിലൂടെ ഖാലിയാരും അള്ളാപ്പിച്ചാ മൊല്ലാക്കയും മൈമൂനയും അപ്പുക്കിളിയും കുപ്പുവച്ചനും മാധവന്‍ നായരും ശിവരാമന്‍ നായരും കുഞ്ഞാമിനയുംവരെ നിറഞ്ഞ സാന്നിദ്ധ്യമായി കടന്നുപോകുമ്പോള്‍ വിജയന്‍ അധികമൊന്നും പറയാതെ പറഞ്ഞ്, എന്നാല്‍ മനസ്സിന്റെ ഉള്ളകത്തെവിടെയോ നേര്‍ത്ത അനക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുവരുന്ന ചിലരിലൂടെ ഒന്നു തിരിച്ചുപോകേണ്ടതുണ്ടെന്നു തോന്നുന്നു. അത്തരം ചിലരെക്കുറിച്ച് വിജയന്‍ മൗനിയായതെന്താവാം? ഒരുപക്ഷേ, ഒരു ദരിദ്രനാരായണന്റെ മാത്രമല്ല, ജീവിതത്തിലും മാനസികതലത്തിലും ദരിദ്രനാരായണന്മാരുടെ കഥയാണിതെന്ന് അദ്ദേഹം ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ പറയാതെ പറഞ്ഞുവെക്കുന്നതിന്റെ സാംഗത്യമതാവും? ഇങ്ങനെ നിരന്തരമായ ആത്മാന്വേഷണങ്ങളുടെ ഒടുങ്ങാത്ത ഊടുവഴികളിലൂടെയുള്ള പ്രയാണമാവുന്നു ഖസാക്കിന്റെ ഇതിഹാസം.
ചെക്കന്‍ വളര്‍ന്നുവലുതാവാന്‍ ഒരമ്മയും മകളും കാത്തിരുന്ന കഥാപരിസരം ഖസാക്കിന്റെ നടപ്പുവഴിയുടെ ഓരത്തായി കിടപ്പുണ്ട്. ദേശാടനക്കാരനായ തങ്ങളുപക്കീരിയുടെ മകള്‍ ചാന്തുമ്മ മക്കളായ കുഞ്ഞുനൂറുവിലൂടെയും ചാന്തുമുത്തുവിലൂടെയും വികസിപ്പിച്ചെടുത്ത വഴിയോരമാണത്. ചാന്തുമ്മയുടെ ജീവിതം ഖസാക്കിലെ ഒരു മിത്തുമായി കൂടിക്കുഴഞ്ഞതാണ്. ഈസ്റ്റിന്ത്യാക്കമ്പനിക്കാലത്തെ വെള്ളപ്പട പുളിമരച്ചുവട്ടില്‍വെച്ച് ബലാത്സംഗം ചെയ്തു കൊന്ന പെണ്‍കൊടിയുടെ പ്രേതം ഖസാക്കിലെ ചാരിത്രവതികള്‍ക്ക് പരദേവതയായ പുളിങ്കൊമ്പത്തെ പോതിയായി മാറിയ കഥയാണത്. നിറഞ്ഞുകായ്ക്കുന്ന പുളിമരം നിറയേ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകളാണ്. എന്നാല്‍, പെണ്ണുങ്ങള്‍ ചാരിത്രവതികളാണെങ്കില്‍ ഭര്‍ത്താക്കന്മാര്‍ പുളി പറിക്കാന്‍ കയറിയാല്‍ പാമ്പെറുമ്പുകള്‍ വഴിമാറിക്കൊടുക്കും എന്നാണ് ഖസാക്കുകാരുടെ വിശ്വാസം. എന്നിട്ടും ആരും പുളി പറിക്കാന്‍ കയറാറില്ല. ആ മരത്തിലേക്കാണ് ചാന്തുമ്മയുടെ റാവുത്തര്‍ കയറിയത്. പിറ്റേന്ന് പാമ്പെറുമ്പുകളുടെ കടിയേറ്റ് മരിച്ചുകിടക്കുന്ന അവളുടെ ഭര്‍ത്താവിനെയാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പോതിയുടെ പുളിയില്‍നിന്നു വീണു മരിച്ചവന്റെ ഭാര്യ എന്ന ഒറ്റപ്പെടുത്തലോടെയാണ് ഖസാക്കില്‍ അവള്‍ ജീവിച്ചുപോന്നത്. അവളുടെയും മകള്‍ ചാന്തുമുത്തുവിന്റെയും പ്രതീക്ഷ മകന്‍ കുഞ്ഞുനൂറിന്റെ വളര്‍ച്ച മാത്രമാവുന്നു. രവിയുടെ ആശ്രിതരായി അവര്‍ കഴിയുമ്പോഴും കുഞ്ഞുനൂറു എന്ന പ്രതീക്ഷപ്പുറത്താണ് ആ കുടുംബം മുന്നോട്ടുപോകുന്നതും. ആ പ്രതീക്ഷയ്ക്കപ്പുറം ജീവിതത്തിന്റെ മറ്റെല്ലാം വ്യര്‍ത്ഥം എന്ന നിലപാടാണ് ചാന്തുമ്മയെ നയിക്കുന്നത് എന്നുവരുന്നു. രവി അവളുടെ ദേഹത്ത് തൊടുമ്പോള്‍പ്പോലും, അവളുടെ നിസ്സംഗത വ്യക്തമാണ്. എന്നാല്‍ വസൂരിവിതച്ച ഖസാക്കിലെ നാളുകള്‍ കുഞ്ഞുനൂറു എന്ന പ്രതീക്ഷയെ മാത്രമല്ല, അതു മോഹിച്ചു നടന്ന ചാന്തുമുത്തുവിനെത്തന്നെയും പുഴക്കിയെറിയുന്നുണ്ട്. ഖസാക്കു മാത്രമല്ല, ജീവിതംതന്നെ ഒറ്റപ്പെടുത്തിയ ചാന്തുമ്മ നനഞ്ഞു നില്‍ക്കുമ്പോള്‍ ഒ.വി. വിജയന്‍ ബാക്കിവെക്കുന്നത് ചില സമസ്യകളാണ്. അതിലേക്കൊരടയാളംപോലെ ഖസാക്കിന്റെ ഇതിഹാസം തുറന്നിടുന്ന ഒരു ജാലകമുണ്ട്. 'വേദനയില്ല. കരച്ചില്‍ വരുന്നില്ല. നിമിഷങ്ങളിടവിട്ട് ഒരു തരിപ്പു മാത്രം മുറ്റുകയാണ്. കഠിനമായൊരു ശാഠ്യം, കഠിനമായ കണ്ണുകളോടെ ചാന്തുമ്മ ആ കുടിയില്‍ കാത്തിരുന്നു.' (ഖസാക്കിന്റെ ഇതിഹാസം)
തലമൂത്ത മീനേ
എന്റെ ചെറമ്മീനേ
എന്റെ കുട്ടിമക്‌ള്‌ക്കൊര്
മണികൊണ്ട്വായോ.
അമ്മയില്ലാതെ നിലവിളിച്ച മകളെ ഉറക്കാനായി പണ്ടു പാടിയ പാട്ടിന്റെ ആള്‍മറയിലിരുന്ന, പിന്നെ വിഷാദത്തിന്റെ ഉള്‍ക്കിണറിലേക്ക് ആണ്ടുപോവുകയും ചെയ്ത ജീവിതങ്ങളുടെ ഒറ്റപ്പെട്ട തുരുത്തുകൂടി ഖസാക്ക് ബാക്കിവെക്കുന്നു. അമ്മ മരിച്ച രണ്ടരവയസ്സു മുതല്‍ കരഞ്ഞുകരഞ്ഞ് വളര്‍ന്ന ആബിദ, മൈമൂനയെ രണ്ടാംകെട്ടു കെട്ടി വന്ന മുങ്ങാങ്കോഴിയുടെ ആദ്യഭാര്യയിലെ മകളായാണ് ഖസാക്കിലെത്തുന്നത്. അസുഖവും വിഷാദവും തളര്‍ത്തിയ ആബിദയും ഒറ്റപ്പെടലിന്റെ തീക്ഷ്ണതയെ അതിജീവിക്കാനാവാതെ നില്‍ക്കുന്നതു കാണാം. ഭാര്യയുണ്ടായിട്ടും ഏകനായി ഒടുങ്ങുന്ന അവളുടെ പിതാവ് മുങ്ങാങ്കോഴിയും ഇതിഹാസകാരന്‍ പറയുന്നതുപോലെ ഖേദകഥാപാത്രമായി നിഴല്‍വീഴ്ത്തുന്നുണ്ട്.
ഒടുവില്‍ ജീവിതത്തിന്റെ അബോധസന്ധിയില്‍, ഷെയ്ഖ് തങ്ങളുപോലും തുണയില്ലെന്നറിഞ്ഞ സന്ദിഗ്ദ്ധതകളില്‍, കാളികാവെന്ന അമ്മവീടും തേടി അവള്‍ ഖസാക്കൊഴിയുന്നു. അവളുടെ പിതാവ് മുങ്ങാങ്കോഴിയാവട്ടെ കിണറിലേക്ക് ഉള്‍വലിയുകയും. ഇവിടെ ഇതിഹാസകാരന്‍ സന്ദേഹിയാവുന്നുണ്ട്.
'പ്രായശ്ചിത്തത്തിന്റെ ഉള്‍ക്കിണറ്റില്‍ തന്റെ
ആത്മാഹുതിയിലൂടെ അയാള്‍ തേടിയതെന്തായിരുന്നു?
ശൈശവത്തോടും അനാഥത്വത്തോടുമുള്ള സ്‌നേഹം?'
എന്നാല്‍, വിജയന്‍ നോവലിന്റെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമെഴുതിയ അതിന്റെ ആശയവ്യാപാരങ്ങളെ അന്വേഷിച്ചുകൊണ്ടുള്ള ഇതിഹാസത്തിന്റെ ഇതിഹാസത്തിലൊരിടത്തും ചാന്തുമ്മയെയും കുഞ്ഞുനൂറുവിനെയും ചാന്തുമുത്തുവിനെയും ആബിദയെയും രേഖപ്പെടുത്താതെപോയതെന്താവാം? ഖസാക്കിന്റെ ഇതിഹാസത്തിലെ ദേശത്തിനും, മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും, മൂലരൂപങ്ങള്‍ തേടുകയാണ് ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍. എന്നാല്‍, സ്രഷ്ടാവിന്റെ കൈത്തെറ്റും ഖേദകഥാപാത്രവുമായ മുങ്ങാങ്കോഴിയെപ്പോലെ ഈ കൈത്തെറ്റുകളും ആണ്ടുപോയ ആ ഉള്‍ക്കിണറ്റില്‍നിന്നുതന്നെയാവാം വിജയന്‍ കണ്ടെടുത്തത്. അതുകൊണ്ടുതന്നെയാണ് പറഞ്ഞുവെച്ച ഈ കഥാപാത്രങ്ങളുടെ ആഴവും പരപ്പും നമ്മെ ചൂഴുന്നതും.
ചാന്തുമ്മയും ആബിദയും മുങ്ങാങ്കോഴിയും ഖസാക്കിന്റെ അകവേരുകളിലൂടെ പടര്‍ന്നുപോയവരല്ല. ഖസാക്കിന്റെ ബന്ധപാശങ്ങളില്‍ കുരുങ്ങിക്കിടന്നവരുമല്ല അവരാരും. തീര്‍ത്തും ഒറ്റപ്പെട്ട് അകമേ വിലപിക്കുന്നവരാണ്. ഖസാക്കിന്റെ ഗതിവിഗതികളില്‍ അവരാരും ഒരു സംഭാവനപോലും ചെയ്യുന്നുമില്ല. എന്നാല്‍ ചുഴിഞ്ഞുചെല്ലുമ്പോള്‍ ഒന്നു ബോദ്ധ്യമാവും, ഖസാക്കിന്റെ നിലപാടുകളെ നിര്‍ണ്ണയിക്കുന്നത് ഇവരാണ്.
ഖസാക്കിലെ കാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രമുണ്ട് നോവലില്‍- തിത്തിബിയുമ്മ. അള്ളാപ്പിച്ചാ മൊല്ലാക്കയറിഞ്ഞ കൗമാരക്കാരനായ നൈസാമലി, ഖാലിയാരിലേക്ക് പരിവര്‍ത്തിക്കപ്പെടുന്ന നൈസാമലി, മൈമൂന എന്ന യാഗാശ്വത്തിന്റെ കൗമാരയൗവ്വനങ്ങളെ വേട്ടയാടിയ നൈസാമലി- ഇത് ഖസാക്കിലെ കാലങ്ങളാണ്. ഈ കാലങ്ങളുടെ സാക്ഷിയായ തിത്തിബിയുമ്മയാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ നിര്‍ണ്ണായകതകളായ ആബിദയെയും ചാന്തുമ്മയെയും തത്കാലത്തേക്കെങ്കിലും ഏറ്റുവാങ്ങുന്നത് എന്നത് ഇതിഹാസകാരന്‍ മനഃപൂര്‍വ്വംതന്നെ കരുതിവെച്ചതാവാം.
അതെ, ഖസാക്കിന്റെ വെളിമ്പുറങ്ങളിലേക്ക് പകരാതെപോയ നിശ്ശബ്ദസമരങ്ങളാണ് ആബിദയും മുങ്ങാങ്കോഴിയും ചാന്തുമ്മയും ജീവിതംകൊണ്ട് രചിക്കുന്നത്. ചെക്കന്‍ വലുതായാല്‍ ഉമ്മയ്ക്ക് വെള്ളം കോരേണ്ടിവരില്ലല്ലോ എന്ന ചാന്തുമുത്തുവിന്റെ കരുതിവെക്കലിലും സമരത്തിന്റെ തുടിപ്പുണ്ട്. കുഞ്ഞുനൂറുവിന്റെ 'ശിന്നപുള്ളേ' എന്ന വിളിയില്‍പ്പോലും ഉയര്‍ത്തിപ്പിടിച്ച ഒരു കൊടിയടയാളം കാണാം. അങ്ങനെ പരാജയപ്പെടുമോയെന്നറിയാതെ സമരം നയിച്ച, ഇരുട്ടില്‍പ്പൊതിഞ്ഞ ആ മിന്നാമിനുങ്ങുകള്‍ ഖസാക്ക് എന്ന ദേശത്തില്‍ പ്രാന്തവത്കരിക്കപ്പെട്ട ഒരു കാലം പണിയുന്നതു കാണാം. ഈ കാലംകൂടി കവച്ചുകടന്നാലേ ഖസാക്കിന്റെ ഇതിഹാസം പൂര്‍ത്തിയാവുന്നുള്ളൂ. പഥികന്മാരായ ഈ നാട്ടുവിളക്കുകളാണ് സന്ദേഹത്തിന്റെ പരപ്പില്‍ ഉഴലുന്ന രവിയെ യാഥാര്‍ത്ഥ്യത്തിലേക്ക് യാത്രയാക്കുന്നതും.
അങ്ങനെവരുമ്പോള്‍ ഈ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സമരം ഒരു പരാജയമായിരുന്നോ- പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഒ.വി. വിജയന്‍ കീറാതെപോയ ഇഴകള്‍ പിരിച്ചുനോക്കുമ്പോഴാണ് ഈ സമരങ്ങളുടെ വ്യാപ്തി മനസ്സിലാവുക. ചാന്തുമ്മ എന്താണ്? തങ്ങളുപക്കീരിയുടെ മകള്‍, റാവുത്തരുടെ ഭാര്യയായി, ഖസാക്കുകാരിയായി കഴിഞ്ഞവള്‍. ഖസാക്കുകാരുടെ പറഞ്ഞുപതിഞ്ഞ പഴങ്കഥയാണ് അവളുടെ ജീവിതം മാറ്റുന്നത്. ഖസാക്കുകാര്‍ പാതിവ്രത്യത്തിന്റെ ദേവതയായി കാണുന്ന പുളിങ്കൊമ്പത്തെ ഭഗവതിയുടെ പ്രതികാരത്തിനു പാത്രമായതോടെ ഒറ്റപ്പെടുന്നതാണല്ലോ ചാന്തുമ്മയുടെ പിന്നീടുള്ള ജീവിതം. എന്നാല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ ഖസാക്കിനെ ഒറ്റപ്പെടുത്തുന്ന, പുളിങ്കൊമ്പത്തെ പോതിക്കു മറുദേവതയായി വികാസം പ്രാപിക്കുന്ന ചാന്തുമ്മ ഖസാക്കിന്റെ ഇതിഹാസത്തിന്റെ വരികള്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുന്നു. അവള്‍ക്കു താങ്ങായി നില്‍ക്കുന്ന മക്കള്‍ വിട്ടുപോകുന്നതറിഞ്ഞിട്ടും, കഠിനമായ കണ്ണുകളോടെ കാത്തിരിക്കുന്ന ചാന്തുമ്മയുടെ ചിത്രം വിജയന്‍ നോവലില്‍ ശേഷിപ്പിക്കുന്നുണ്ട്. ചാന്തുമ്മ കാത്തിരിക്കുന്നത് ഖസാക്കിന്റെ തടവറയില്‍നിന്നുള്ള സ്വാതന്ത്ര്യമായിരുന്നില്ലേ! മരണത്തിലേക്ക് പോകുമ്പോഴും കുട്ടിത്തങ്ങള്‍ക്കപ്പുറം സഹനത്തിന്റെയും കരുത്തിന്റെയും തെളിച്ചങ്ങള്‍ കുഞ്ഞുനൂറുവിലും ചാന്തുമുത്തുവിലും വിതുര്‍ത്തിടാനും വിജയന്‍ ശ്രമിക്കുന്നതു കാണാം.
യഥാര്‍ത്ഥത്തില്‍ മരണങ്ങള്‍ ഖസാക്കില്‍നിന്നുള്ള മോചനമാവുന്നു. ആബിദ ഖസാക്കിന്റെ ദേശവഴക്കങ്ങളില്‍ ഒടുങ്ങുന്നില്ല. അരശിന്‍പൂക്കള്‍ നിറഞ്ഞ ഒരു ഭൂമിക അവള്‍ സൃഷ്ടിക്കുന്നുണ്ട്. അവിടെവെച്ചാണ് ഷെയ്ഖ് തമ്പുരാനുമായി അവള്‍ സംവദിക്കുന്നത്. ഷെയ്ഖ് തമ്പുരാന്റെ പാണ്ടന്‍കുതിരപ്പുറത്തേറി അവള്‍ ഉന്മാദിയായി അലയുന്നു. അവിടെനിന്നാണ് അവള്‍ കാളികാവെന്ന അമ്മവീട് തന്റെ സങ്കേതമാണെന്നു തിരിച്ചറിയുന്നത്. ഒടുവില്‍ ഖസാക്കിലെ നെറികേടുകളോട് സമരസപ്പെടാനാവാതെ അവള്‍ ദേശത്തെ വലിച്ചെറിഞ്ഞ് ആ സങ്കേതമെന്ന ലക്ഷ്യം പ്രാപിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, തോല്‍ക്കാതെ പടപൊരുതി ഖസാക്കിനെ കവച്ചു കടന്നുപോയവളാണ് ആബിദ. ആ ധീരമായ പലായനത്തിനു മുന്നേ ഏതാണ്ട് സമാനമായിട്ടുള്ളത് ഖസാക്ക് അത്രയൊന്നും പതിച്ചുവെച്ചിട്ടില്ലെങ്കിലും, ഖസാക്കിനെ തിരസ്‌കരിച്ച് യാക്കരയിലേക്ക് തിരിച്ചുപോയ കുപ്പുവച്ചന്റെ ഭാര്യ കല്യാണിയുടെതാണ്. മറ്റൊരര്‍ത്ഥത്തില്‍ അത് ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമാവുമോ എന്ന തോന്നലില്‍, ആ കഥാതന്തുവിനെ മാറ്റിനിര്‍ത്തുന്നു. കിണറുകളില്‍ മുങ്ങിത്താഴുന്ന മുങ്ങാങ്കോഴിക്കാവട്ടെ, വളരാനുള്ള പടര്‍ച്ചകള്‍ അതിനകത്തുതന്നെയാണ് ഒ.വി. വിജയന്‍ കരുതിവെച്ചിട്ടുള്ളതെന്ന് ആഴങ്ങളിലേക്കു പോകുന്തോറും വെളിപ്പെട്ടുവരുന്നതു കാണാം. സ്ത്രീത്വത്തിന്റെ മുമ്പില്‍ പരാജയപ്പെട്ട മുങ്ങാങ്കോഴി, അതിന്റെ ലാവണ്യങ്ങളെയെല്ലാം മറികടന്ന് മുന്നേറുന്ന തെളിമയാര്‍ന്ന രേഖപ്പെടുത്തലുണ്ട് ഖസാക്കില്‍.
'കിണറു കടന്ന് ഉള്‍ക്കിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാള്‍ നീങ്ങി. ചില്ലുവാതിലുകള്‍ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി.' ഇത്രയും എഴുതിയ ഇതിഹാസകാരന്‍. 'പിന്നില്‍ ചില്ലുവാതിലുകള്‍ ഒന്നൊന്നായടഞ്ഞു' എന്നുതന്നെയാവുമോ എഴുതിയിട്ടുണ്ടാവുക. പിന്നില്‍ ചില്ലുവാതിലുകള്‍ ഓരോന്നും അയാള്‍തന്നെ ചേര്‍ത്തടച്ചുകൊണ്ട് പോയതാവാനേ തരമുള്ളൂ. അതായത്, ഒരാത്മാഹുതികൊണ്ട് തിരിച്ചറിയാനല്ല മുങ്ങാങ്കോഴി ഇഷ്ടപ്പെട്ടിരിക്കുക, ഖസാക്കിനെ നിരാകരിച്ചുകൊണ്ടുള്ള പുതിയ ലോകക്രമത്തിലേക്കുള്ള ആഴം തേടിപ്പോയ വിപ്ലവകാരി എന്ന നിലയിലാവും.
ഇത്തരം കൂട്ടിച്ചേര്‍ക്കലുകളോടെ കടന്നുപോകുമ്പോഴാണ് ഖസാക്ക് വഴങ്ങി ജീവിച്ചവരുടെ മാത്രം കഥയല്ല, പൊരുതി ജീവിച്ചവരുടെകൂടി കഥയാണ് എന്നു വ്യക്തമാവുക. ഖസാക്കിന്റെ ഇതിഹാസത്തിലെ മുഖ്യധാരയില്‍ നില്‍ക്കുന്നവരാണ് പലപ്പോഴും നോവലിലുടനീളം പരാജയബോദ്ധ്യം വിതയ്ക്കുന്നത്. ജീവിതത്തിന്റെ എല്ലാ തുറസ്സുകളില്‍നിന്നും ഓടിപ്പോന്ന്, ക്ഷീണിതനായി, ക്ഷണികതകളില്‍ അഭയം പ്രാപിച്ച്, സന്ദേഹങ്ങളില്‍ ഉഴലുന്ന രവിയാണ് ഖസാക്കിനെ നയിക്കുന്നത്. നൈസാമലിയുടെ ഖാലിയാരിലേക്കുള്ള മാറ്റം തീര്‍ത്തും പരാജയബോധത്തില്‍ നിന്നുടലെടുത്തതാണ്. അതായത് വിപ്ലവബോധമല്ല, പ്രണയ പരാജയമാണ് അയാളെ രൂപീകരിക്കുന്ന ഉറവിടം. കുപ്പുവച്ചനും അപ്പുക്കിളിയുംപോലും വിധേയത്വത്തിന്റെ ചിഹ്നങ്ങളാണ്. തന്റെ അമ്മയെ വ്യഭിചാരിയാക്കിയ ഖസാക്കിനോട് പകയല്ല, വിനീതത്വംതന്നെയാണ് മാധവന്‍ നായര്‍ പുലര്‍ത്തുന്നതും. ഖസാക്കിന്റെ കാമനകളില്‍ നിന്നു മുക്തയാവാന്‍ കഴിയാതെ മൈമൂന ആത്യന്തികമായി നേടുന്നതെന്താണ്? ഖസാക്കിന്റെ ഗുരുനാഥന്‍ അള്ളാപ്പിച്ചാമൊല്ലാക്ക ദേശത്തിന്റെ മാറ്റങ്ങളുടെ ഒപ്പമെത്താതെ അടിപതറി വീണ് സ്വാസ്ഥ്യങ്ങളില്ലാതെ അലഞ്ഞുതീര്‍ന്നതും ഒന്നും തേടിപ്പിടിക്കാതെയല്ലേ? ഇരുട്ടിന്റെ വേഴ്ചകളിലേക്കാണോ സഞ്ചാരം എന്നു വായിച്ചുതീരുമ്പോള്‍ കഥാകാരന്‍ അവശേഷിപ്പിക്കുന്ന വരികള്‍ക്കിടയിലൂടെ ഒന്നു തിരിച്ചുനടന്നേ മതിയാവൂ. ഖസാക്കിലെ അരികുജീവിതങ്ങള്‍ തീര്‍ക്കുന്ന സമാന്തരപാതയാണത്. അതു കാണാതെപോകാനാവില്ല, തീര്‍ച്ച. അതിലേക്കുള്ള ചൂണ്ടുപലക ഒ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ പലയിടങ്ങളിലായി തൂക്കിയിടുന്നതു കാണാം. നൈസാമലി ഖാലിയാരായി പരിവര്‍ത്തിക്കപ്പെടുന്ന ഘട്ടത്തില്‍, സത്യം എന്താണെന്ന് ചോദിക്കുന്ന ഖസാക്കുകാരോട് ഒ.വി. വിജയന്‍ ഖാലിയാരിലൂടെ പറയുന്ന ഉത്തരമുണ്ട്, 'സത്തിയം പലത്.' അതെ, പലതിലേക്കെത്താനുള്ള അനേകപാതകള്‍ വഹിക്കുന്നുണ്ട് ഖസാക്കിന്റെ ഇതിഹാസം എന്ന അനാദിയായ മഴസ്പര്‍ശം.
ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ വിജയന്‍ വ്യക്തമാക്കുന്നുണ്ട് -ഒരുതലത്തില്‍ മാത്രം, ആ തലത്തില്‍ ഇതിഹാസകഥ ക്ഷണികബന്ധങ്ങളുടെയും അസ്ഫുട പ്രണയങ്ങളുടെയും അഗമ്യഗമനത്തിന്റെയും കഥയാണെന്ന്. ഒപ്പം ഗാഢമായ സ്‌നേഹവും. നിസ്വാര്‍ത്ഥങ്ങളായ കെട്ടുപാടുകള്‍ കഥാഗതിയെ കരുണാമയമാക്കുന്നതായും കഥാകാരന്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഓരം ചേര്‍ന്നു പോയ ഈ കഥാപരിണാമത്തെ ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ പരാമര്‍ശിക്കാതെ വിടുന്നു; പിറകേ വരുന്ന സന്ദേഹികളായ വായനക്കാരെ കൂമന്‍കാവിലെ മറ്റൊരു വഴിയിടത്തില്‍ ഇറക്കിവിട്ടുകൊണ്ട്. ഓരോവട്ടവും പൂര്‍ത്തിയായെന്നു തോന്നുമ്പോഴും, പിന്നെയും കൂമന്‍കാവില്‍നിന്നുതന്നെ തുടങ്ങേണ്ടിവരുന്ന പ്രഹേളികയായി ഈ കഥാസരിത്സാഗരം വന്നുപൊതിയുന്നു. അതുകൊണ്ടാവാം, നോവല്‍ തുടങ്ങുമ്പോഴേ ഇതിഹാസകാരന്‍ പരിചിതസ്ഥലിയായി കൂമന്‍കാവിനെ സ്ഥാപിക്കുന്നത്.
'കൂമന്‍കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല... വരുംവരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ട് ഹൃദിസ്ഥമായിത്തീര്‍ന്നതാണ്.'
അങ്ങനെ, ഇതൊരു സന്ദേഹങ്ങളുടെ ഇതിഹാസംകൂടിയായിത്തീരുന്നു. അതായത്, എണ്ണിയാലൊടുങ്ങാത്ത സന്ദേഹങ്ങളുടെ വഴിക്കണ്ണ് നീട്ടിക്കൊണ്ടുതന്നെയാണ് ഇതിഹാസത്തിന്റെ ഇതിഹാസം പിന്‍വാങ്ങുന്നതെന്നു സാരം.
'ഖസാക്കിന്റെ ഇതിഹാസം മരണഗന്ധിയാണെങ്കിലും മരണപര്യവസായിയല്ല. മറ്റൊരു പ്രയാണത്തിന്റെ തുടക്കത്തിലാണ് കഥ സമാപിക്കുന്നത്. സര്‍പ്പ വിഷമെന്ന അഗ്‌നിയെ അനാദിയായ മഴ ശമിപ്പിക്കുന്നു. മഴ മരണമാണ്, അതേസമയം ഔഷധിയും പുനര്‍ജനിയും. ഈ ഭാവത്രയത്തെ ഒരായുഷ്‌കാലത്തിനകത്തുതന്നെ നമുക്കനുഭവിക്കാന്‍ കഴിയണം, നമ്മുടെ അന്തര്‍ജീവിതത്തില്‍. ദുഃഖത്തില്‍ കഥ അവസാനിക്കുന്നു, എങ്കിലും ആദിമമായ വിനയത്തില്‍, ജൈവ ശൈശവത്തില്‍, അത് മുക്തിയിലേക്ക് എത്തിനോക്കുന്നു. പ്രത്യാശയോടെ.'
ഖസാക്കിന്റെ കാമനകളില്‍ നിന്നു മുക്തയാവാന്‍ കഴിയാതെ മൈമൂന ആത്യന്തികമായി നേടുന്നതെന്താണ്?

'ഖസാക്കിന്റെ ഇതിഹാസം മരണഗന്ധിയാണെങ്കിലും മരണപര്യവസായിയല്ല. മറ്റൊരു പ്രയാണത്തിന്റെ തുടക്കത്തിലാണ് കഥ സമാപിക്കുന്നത്. സര്‍പ്പ വിഷമെന്ന അഗ്‌നിയെ അനാദിയായ മഴ ശമിപ്പിക്കുന്നു. മഴ മരണമാണ്, അതേസമയം ഔഷധിയും പുനര്‍ജനിയും. ഈ ഭാവത്രയത്തെ ഒരായുഷ്‌കാലത്തിനകത്തുതന്നെ നമുക്കനുഭവിക്കാന്‍ കഴിയണം, നമ്മുടെ അന്തര്‍ജീവിതത്തില്‍. ദുഃഖത്തില്‍ കഥ അവസാനിക്കുന്നു, എങ്കിലും ആദിമമായ വിനയത്തില്‍, ജൈവ ശൈശവത്തില്‍, അത് മുക്തിയിലേക്ക് എത്തിനോക്കുന്നു. പ്രത്യാശയോടെ.' (ഇതിഹാസത്തിന്റെ ഇതിഹാസം)
Content Highlights: Khasakkinte Ithihasam, O.V Vijayan, P.S Vijayakumar, Kathunna Chumbanangal

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..