മതാതീതമായ നിലപാടിലേക്കുയര്‍ന്ന ടാഗോര്‍; അതിരുകള്‍ ഭേദിച്ച ഗീതാഞ്ജലി


പി.എസ്. വിജയകുമാര്‍

ബഹുമുഖപ്രതിഭ എന്ന വിശേഷണം എല്ലാ അര്‍ത്ഥത്തിലും ടാഗോറില്‍ വന്നു നിറഞ്ഞുനില്‍ക്കുകയായിരുന്നു. അക്കാലത്ത് ടാഗോറിന്റെ ദേശീയമായ ചില നിലപാടുകള്‍ തെറ്റിദ്ധാരണ വളര്‍ത്തിയെങ്കിലും, ഇന്നതു നോക്കിക്കാണുമ്പോള്‍ എത്ര ലക്ഷ്യബോധത്തോടെയാണ് ആ ദീര്‍ഘദര്‍ശി അന്നു കണ്ടത് എന്ന് അടയാളപ്പെടുത്താതിരിക്കാനുമാവില്ല.

രബീന്ദ്രനാഥ ടാഗോർ

'ഗീതാഞ്ജലിയുടെ കൈയെഴുത്തുപ്രതിയുമായി അനേകദിവസങ്ങള്‍ തീവണ്ടിമുറികളിലും ഉല്ലാസയാത്രാവാഹനങ്ങളിലും റെസ്റ്റോറന്റുകളിലും വായനയില്‍ മുഴുകി ഞാന്‍ അലഞ്ഞിട്ടുണ്ട്. ഇവ എന്റെ ഹൃദയത്തെ എത്രമാത്രം മഥിക്കുന്നുവെന്ന് മറ്റാരും അറിയരുതെന്നു കരുതി പലപ്പോഴും പുസ്തകം മടക്കിവെച്ചിരുന്നു'- ഡബ്ല്യു.ബി. യേറ്റ്‌സ്

ബ്ധപ്രതിഷ്ഠനായ ഒരു കവിയെ രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ആദ്യവായന ഇത്രത്തോളം മഥിച്ചുവെന്നു പറയുമ്പോള്‍ അത് ഒരു ഇന്ത്യന്‍കാവ്യം എത്രത്തോളം ലോകം കീഴടക്കിയെന്നതിന്റെ നേര്‍സാക്ഷ്യംകൂടിയാവുകയായിരുന്നു. ടാഗോര്‍ രണ്ടവസ്ഥകളില്‍ രണ്ടു ഗീതാഞ്ജലികളാണ് എഴുതുന്നത്. 157 ഗീതങ്ങളോടെ ബംഗാളി ഗീതാഞ്ജലി വരുന്നത് 1910-ലാണ്. 1902 മുതലുള്ള നീണ്ട വര്‍ഷങ്ങള്‍ കുടുംബത്തിലെ വിയോഗങ്ങളും വ്യഥകളും തളര്‍ത്തി മഹാകവി അന്തര്‍മുഖനായി കഴിഞ്ഞുവരികയും മനസ്സുമായി മാത്രം ദാര്‍ശനികതലത്തിലൂടെ വ്യാപരിച്ച് മുഴുകിക്കൂടുകയും ചെയ്തതിന്റെ പരിണതഫലമാണ് ബംഗാളി ഗീതാഞ്ജലി. രണ്ടാമത്തേത് ഇതില്‍നിന്നും തിരഞ്ഞെടുത്ത 103 ഗീതങ്ങള്‍ (യഥാര്‍ത്ഥത്തില്‍ 53 എണ്ണം ബംഗാളി ഗീതാഞ്ജലിയില്‍ നിന്നും 50 എണ്ണം ഗീതിമാല്യം, നൈവേദ്യം, ഖേയാ, ശിശു എന്നിവയില്‍നിന്നും. അപ്രകാരമാണ് ആകെ 103 ഗീതങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്) ഇംഗ്ലീഷിലേക്ക് ടാഗോര്‍തന്നെ പരിഭാഷപ്പെടുത്തി 1912-ല്‍ പുറത്തുവന്ന ഇംഗ്ലീഷ് ഗീതാഞ്ജലിയാണ്. ലണ്ടന്‍യാത്രയുടെ ഭാഗമായി കാവ്യലോകത്തിലെ തന്റെ ഇംഗ്ലീഷ് സുഹൃദ്വലയത്തിന്, തന്റേതായ ചിലത് പരിചയപ്പെടുത്താന്‍വേണ്ടിയാണ് ടാഗോര്‍ ഈ പരിഭാഷ തയ്യാറാക്കുന്നത്. ലണ്ടനിലെ താമസത്തിനിടയില്‍ പരിചയപ്പെട്ട പ്രശസ്ത ചിത്രകാരന്‍ റോഥെന്‍സ്റ്റൈന്‍, സൗഹൃദത്തിനിടയില്‍ ആ കൈയെഴുത്തുപ്രതി വായിക്കാനിടവരികയും അതിന്റെ അനുഭൂതിയില്‍ ആകൃഷ്ടനാവുകയും ചെയ്തു. അദ്ദേഹം ആ പതിപ്പിന്റെ മൂന്നു കോപ്പികള്‍ തയ്യാറാക്കി കവിയായ യേറ്റ്‌സിനും സാഹിത്യവിമര്‍ശകരായ ബ്രാഡ്‌ലി, സ്റ്റാപ്ഫര്‍ഡ് ബ്രൂക്ക് എന്നിവര്‍ക്കും നല്‍കുകയുണ്ടായി. ആ കൃതി അവരിലും വലിയ മാനസികചലനമുണ്ടാക്കി. അതോടെയാണ് പാശ്ചാത്യസാഹിത്യലോകത്ത് ഗീതാഞ്ജലി ചര്‍ച്ച ചെയ്യപ്പെടാനും ടാഗോര്‍ പ്രശസ്തനാവാനും ഇടവരുന്നത്. 1912-ല്‍ ലണ്ടനിലെ ഇന്ത്യാ സൊസൈറ്റി ഇംഗ്ലീഷ് ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തുകയും ലോകമെങ്ങുമുള്ള ആസ്വാദകവൃന്ദം അത്യപൂര്‍വ്വമായ ആ കൃതി ഏറ്റുവാങ്ങുകയും ചെയ്തു. ഈ ലോകസമ്മതിതന്നെയാവണം രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയെ 1913ലെ സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനത്തിലേക്കു നയിച്ച സംഗതിയും.

ഗീതാഞ്ജലി എന്ന കാവ്യം മനസ്സിന്റെ ഉപരിതലത്തെയല്ല, ആന്തരികതലത്തെ ഉന്മത്തമാക്കുന്ന വൈകാരികസ്പര്‍ശമാണ്. ഉള്ളിന്റെയുള്ളില്‍ ഒരു കാലം നിവരുന്നതു കാണാം. ആ മനോനിലയിലൂടെയുള്ള കാണാതരംഗങ്ങളുടെ സംവേദനമാണ് ഗീതാഞ്ജലി ചെയ്യുന്നത്. ദൈവികമായ ആശിസ്സുകളും, അറ്റമില്ലാത്ത സ്‌നേഹവും, ദൈവികമായ അന്വേഷണവും, ദൈവികമായ പ്രണയത്തിന്റെ ലയനവും, അതിലേക്കെത്തുന്നതിലുള്ള തടസ്സങ്ങളും, അടിയുറച്ച ആത്മനിരീക്ഷണങ്ങളും, നിഷ്‌കളങ്കമായ അനന്ദത്തിന്റെ അനുഭൂതിയും, അതിന്റെ ദൈവികമായ തലവും, ദുഃഖവും അനാഥത്വവും പേറുന്ന വഴികളും, മരണമെന്ന പൂര്‍ണ്ണതയും ഇഴുകിച്ചേര്‍ന്ന് ജീവിതത്തിന്റെ സൈദ്ധാന്തികമായ സങ്കീര്‍ത്തനമാകുന്നു ഗീതാഞ്ജലി.

ഗീതാഞ്ജലിയില്‍ ടാഗോര്‍ സംവദിക്കുന്ന ദൈവസങ്കല്‍പ്പം വിഭിന്നമാണ്. തന്റെതന്നെ അകവഴികളെ ത്രസിപ്പിക്കുന്ന വിദ്യുത്സ്പന്ദനമാണത്. പ്രപഞ്ചമാകെ നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന പ്രകാശസാമീപ്യവുമാണ് ടാഗോറിന്റെ ദൈവം. അതായത്, ടാഗോറിന് ദൈവം ഗാനവും സ്‌നേഹവും സ്‌നേഹിതനും ഒപ്പം മരണംപോലുമാണ് എന്നുവരുന്നു. അതിലേക്ക് ഉള്‍ച്ചേരാനുള്ള അടങ്ങാത്ത ത്വര സമര്‍പ്പണംപോലുമാവുന്നു മഹാകവിക്ക്. എന്നാല്‍ ഇതെല്ലാം ടാഗോറിനെ മതാതീതമായ നിലപാടിലേക്കാണെത്തിക്കുന്നത് എന്നു കാണാന്‍ കഴിയും. സൗഹൃദത്തോടെയും മറ്റുചിലപ്പോള്‍ വിധേയത്വത്തോടെയുമുള്ള ഭൗതികതയ്ക്കപ്പുറത്തെ ദൈവസങ്കല്‍പ്പത്തിലൂന്നിയുള്ള സംവാദങ്ങളാണ് ഗീതാഞ്ജലി എന്ന കാവ്യഗീതം.

ടാഗോര്‍ ഗീതാഞ്ജലിയെ വ്യക്തിപരമായ നിലകളില്‍നിന്നാണ് പടുത്തുയര്‍ത്തുന്നത്. എന്നാല്‍ വ്യക്തിപരത സാമൂഹികപരതയിലേക്കും, അതിനുമപ്പുറം സാര്‍വ്വകാലികതയിലേക്കും പടരുമ്പോഴാണ് കാവ്യം ലോകോത്തരമാവുന്നത് എന്നു കാണാന്‍കഴിയും. അനുഭൂതിയുടെ പാരമ്യം, മിസ്റ്റിസിസത്തിന്റെ കാവ്യാത്മകതയിലേക്ക് ഗീതാഞ്ജലിയെ ഉണര്‍ത്തുന്നു. അപാരമായ പ്രപഞ്ചസങ്കല്‍പ്പവും അശാന്തതയും മായികമായ പ്രണയവും ജീവിതസമര്‍പ്പണവും മൃത്യാരാധനയും മിസ്റ്റിക് കവിതകളുടെ മുഖമുദ്രയാണല്ലോ. ഗീതാഞ്ജലിയും ഈ അഭിനിവേശങ്ങളിലൂടെയാണ് കടന്നുപോവുന്നത്.

മലയാളത്തില്‍ ഗീതാഞ്ജലിക്ക് ഒരുപാട് പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. ബംഗാളി ഗീതാഞ്ജലിയും ഇംഗ്ലീഷ് ഗീതാഞ്ജലിയും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തിലെ ബഹുഭാഷാപണ്ഡിതന്മാരായ കെ.സി. പിള്ളയും ഡോ.വി.എസ്. ശര്‍മ്മയും ചേര്‍ന്ന് പരിഭാഷപ്പെടുത്തി 1978-ല്‍ പുറത്തുവന്ന ഗീതാഞ്ജലി എക്കാലവും ചേര്‍ത്തുപിടിക്കുന്ന ഒരു ഇഷ്ടമായി ഒപ്പമുണ്ട്. ഇംഗ്ലീഷ് ഗീതാഞ്ജലിക്ക് ആധാരമായ 103 ബംഗാളിഗീതങ്ങള്‍ നേരിട്ടു ബംഗാളിയില്‍നിന്നും 'ടാഗോര്‍ഭാവം' ഒട്ടും ചോരാതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അതായത് ബംഗാളിപദങ്ങളും ശൈലികളും പരമാവധി ഉപയോഗിച്ചുകൊണ്ടാണ് ഈ മലയാളവിവര്‍ത്തനമെന്നത് ടാഗോറിന്റെ രചനാഭംഗിയെ അടുത്തുനിന്നറിയാന്‍ സഹായിക്കുന്നു എന്നു വ്യക്തം. ടാഗോര്‍ ബംഗാളിയിലെഴുതിയത് മലയാളലിപിയില്‍ ഒപ്പം കൃതിയില്‍ ചേര്‍ത്തുവെച്ചതുകൂടി വായിക്കുമ്പോള്‍ ഈ താദാത്മ്യം ബോദ്ധ്യമാവും. ഉദാഹരണമായി,
ഏകാധാരേ തുമി ആകാശ്, തുമി നീഡ്,
ഹേ, സുന്ദര്‍! നീഡെ തവപ്രേമ് സുനിബിഡ,
പ്രതിക്ഷണെ നാനാവര്‍ണ്ണെ, നാനാ ഗഡെ ഗീതെ,
മുഗ്ദ്ധപ്രാണ്‍ വേഷ്ഠന്‍ കരേഛെ ചാരി ഭിതെ.
എന്ന് ടാഗോര്‍ എഴുതിയതിനോട്,

ഹേ സൗന്ദര്യരൂപാ, അങ്ങയുടെ അഗാധമായ സ്‌നേഹമാണ് നീഡത്തിനുള്ളില്‍ പ്രതിക്ഷണം, വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങളും ഗാനങ്ങളും ഗന്ധങ്ങളുംകൊണ്ടു മുഗ്ദ്ധമായ എന്റെ ആത്മാവിനെ നാലുഭാഗത്തും വലയംചെയ്യുന്നത് എന്ന ഭാഷാന്തരം അത്രയും അടുത്തുനില്‍ക്കുന്നതു നോക്കൂ. ഇതിലൂടെ ഗീതാഞ്ജലിയെയും ടാഗോറിനെയും തൊട്ടുവായിക്കാനും അനുഭവിക്കാനും മൂലകൃതിയിലുള്ള ഗീതങ്ങളിലെ മിസ്റ്റിക്‌സ്വഭാവത്തില്‍ ഉള്‍ച്ചേരാനും കഴിയുന്നു എന്നുള്ളതുകൊണ്ട്, കെ.സി. പിള്ളയും ഡോ. വി.എസ്. ശര്‍മ്മയും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത ടാഗോറിന്റെ ഗീതാഞ്ജലി അമൂല്യമായ മലയാളകൃതിയായി അറിയേണ്ടതുണ്ട് എന്നു പറയാതെവയ്യ.

ഗീതാഞ്ജലിയിലൂടെ പോകപ്പോകെ ആത്മഭാഷണമെന്നു തോന്നിക്കുകയും കൂടുതല്‍ ഇറങ്ങിച്ചെല്ലുന്തോറും അത് പ്രാപഞ്ചികമായ നിവേദനങ്ങളാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ കാവ്യാനുഭൂതി തരുന്ന മായികത. നഷ്ടപ്പെട്ടെന്നു കരുതി ലോകം ഒരു നക്ഷത്രത്തെ തേടിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഒരിടത്തു മഹാകവി പറയുന്നു. ആ നക്ഷത്രത്തെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം. അതു പോയതോടെ എല്ലാവരും അന്ധകാരത്തില്‍പ്പെട്ടുവെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ നിശയുടെ നിശ്ശബ്ദയില്‍ താരാഗണങ്ങള്‍ പുഞ്ചിരിതൂകിക്കൊണ്ട് പതുക്കെ മന്ത്രിച്ചു: ഈ അന്വേഷണമെല്ലാം നിഷ്ഫലം. എല്ലാ നക്ഷത്രങ്ങളും ഇവിടെത്തന്നെയുണ്ട്. ഓരോ അന്വേഷണത്തിന്റെയും ഉത്തരം അതിന്റെ ഉദ്ഭവത്തില്‍ത്തന്നെയാണുള്ളത് എന്നു പറഞ്ഞുവെക്കുമ്പോള്‍ ലോകത്തിന് എന്തൊരു പ്രകാശം! മറ്റൊരിടത്ത് മൃത്യുദൂതനെ വീട്ടുപടിക്കലേക്കയച്ച നിയോഗത്തെ വണങ്ങുന്നുണ്ട് മഹാകവി. അതിന്റെ തുടര്‍ച്ചപോലെ- മരണമേ, എന്റെ മരണമേ, നീ ജീവിതസഖാവ്, നിനക്കുള്ളതാണെന്റെ ഹൃദയാന്തര്‍ഭാഗത്ത് കോര്‍ത്തുവെച്ച വരണമാല എന്ന് ആര്‍ദ്രമായി പറയാനും കഴിയുന്നു മഹാകവിക്ക്. ഇങ്ങനെ പ്രപഞ്ചത്തോളംപോന്ന വികാരഭാരങ്ങളെ ഇറക്കിവെക്കുകയും, കാലബോധങ്ങളെ ഉദാത്തമായ ആകാശത്തേക്കു മാറ്റിപ്പണിയുകയും ചെയ്യുന്ന കൃതിയാവുന്നു ടാഗോറിന്റെ ഗീതാഞ്ജലി.

ഒരേസമയം പലതായി വിന്യസിക്കപ്പെട്ടിരുന്നു എന്നുള്ളതാണ് രബീന്ദ്രനാഥ ടാഗോര്‍ എന്ന മഹാപ്രതിഭയുടെ ഔന്നത്യം. കവിയായിരിക്കുമ്പോള്‍ത്തന്നെ ഒരുപാടു കഥകളും നോവലുകളുമെഴുതി. നാടകകൃത്ത് എന്ന നിലയിലും പ്രശസ്തനായി. ഒപ്പം അറിയപ്പെടുന്ന ചിത്രകാരനുമായി. പ്രഗല്ഭനായ പ്രഭാഷകന്‍, തത്ത്വചിന്തകന്‍, വിദ്യാഭ്യാസചിന്തകന്‍, സാമൂഹികപരിഷ്‌കര്‍ത്താവ് എന്നീ നിലകളിലും ലോകം മുഴുവന്‍ അറിയപ്പെട്ടു. കൂടാതെ മികച്ച സംഗീതജ്ഞന്‍ എന്ന പ്രകാരവും അദ്ദേഹത്തെ പുറംലോകമറിഞ്ഞു. ഇങ്ങനെ ബഹുമുഖപ്രതിഭ എന്ന വിശേഷണം എല്ലാ അര്‍ത്ഥത്തിലും ടാഗോറില്‍ വന്നു നിറഞ്ഞുനില്‍ക്കുകയായിരുന്നു. അക്കാലത്ത് ടാഗോറിന്റെ ദേശീയമായ ചില നിലപാടുകള്‍ തെറ്റിദ്ധാരണ വളര്‍ത്തിയെങ്കിലും, ഇന്നതു നോക്കിക്കാണുമ്പോള്‍ എത്ര ലക്ഷ്യബോധത്തോടെയാണ് ആ ദീര്‍ഘദര്‍ശി അന്നു കണ്ടത് എന്ന് അടയാളപ്പെടുത്താതിരിക്കാനുമാവില്ല.

വര്‍ഷങ്ങളെത്ര കഴിഞ്ഞുവെങ്കിലും, ഇനിയും വര്‍ഷങ്ങളെത്ര കടന്നുപോയാലും ഗീതാഞ്ജലിയുടെ ഈ പരിഭാഷ ഒരു വേദപുസ്തകംപോലെ കൂടെക്കൊണ്ടുനടക്കുന്നു എന്നുള്ളതാണ് സത്യം. മനസ്സ് ഇടയ്‌ക്കൊക്കെ ചഞ്ചലമാവുമ്പോള്‍, ദുഃഖഭരിതമാവുമ്പോള്‍, താളുകള്‍ മറിച്ചുവെച്ച് അതിലെ ഏതെങ്കിലുമൊരു ഗീതത്തെ ഏകാന്തമായനുഭവിക്കുന്നതിലൂടെ സംഭവിക്കുന്ന അവസ്ഥാവിശേഷണത്തിന്, അതിന്റെ പരിപൂര്‍ണ്ണതയോടെ എന്തു പേരിട്ടാണ് വിളിക്കാനാവുക!

മൗനമേ! അങ്ങ് ശബ്ദിക്കുന്നില്ലെങ്കില്‍, ഒന്നും സംസാരിക്കുന്നില്ലെങ്കില്‍, അങ്ങയുടെ നിശ്ശബ്ദതകൊണ്ട് എന്റെ ഹൃദയം ഞാന്‍ നിറച്ചുവെക്കാം. നിര്‍ന്നിമേഷങ്ങളായ നക്ഷത്രങ്ങളെ ജ്വലിപ്പിച്ചുകൊണ്ട് രജനി ക്ഷമാപൂര്‍വ്വം അവനതയായിരിക്കുന്നതുപോലെ ഞാനും നിശ്ചലയായി കാത്തിരിക്കാം.
(ഗീതാഞ്ജലി-ഗീതം:19-ല്‍നിന്ന്)

(മാതൃഭൂമി ഗ്രാസ്റൂട്ട് ഉടന്‍ പുറത്തിറക്കുന്ന 'കത്തുന്ന ചുംബനങ്ങള്‍' എന്ന പുസ്തകത്തിലെ ഒരുഭാഗം)

Content Highlights: Rabindranath Tagore, P. S Vijayakumar, Grassroots


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented