'വാസ്തവത്തില്‍ കേരളത്തില്‍ ക്രിസ്ത്യാനികള്‍ അക്രമം നടത്തുന്നുണ്ട്; തമ്മിൽത്തമ്മിലാണെന്നു മാത്രം!'


സക്കറിയ

കശ്മീരിലെ മുസ്ലിം തീവ്രവാദത്തെ ഇന്ത്യന്‍ മുഖ്യധാരാ മുസ്ലിം പങ്കുവെക്കുന്നില്ലാത്തതുപോലെ. കശ്മീരില്‍ എന്തു സംഭവിച്ചാലും കുഞ്ഞാലിക്കുട്ടിക്കും മറ്റും എന്ത്?

സക്കറിയ/ ഫോട്ടോ: മുരളീകൃഷ്ണൻ

സാഹിത്യം, രാഷ്ട്രീയം, കല, സംസ്‌കാരം, മതം തുടങ്ങിയ മേഖലകളില്‍ വിവിധ കാലങ്ങളിലുള്ള സാന്ദര്‍ഭിക പ്രതികരണങ്ങളും നിരീക്ഷണങ്ങളും ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സക്കറിയുടെ ലേഖനസമാഹാരമായ 'കാലത്തിന്റെ കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.

ബഹുമാന്യസുഹൃത്തുക്കളേ, ചെന്നൈയിലെ കേരള കാത്തലിക് അസോസിയേഷന്റെ ഈ ഓണാഘോഷത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിന് അസോസിയേഷന്റെ ഭാരവാഹികളോടും അംഗങ്ങളോടും പ്രത്യേകിച്ച് എന്റെ പ്രിയസുഹൃത്തും അസോസിയേഷന്‍ പ്രസിഡന്റുമായ ശ്രീ ജോസഫ് ഡോമിനിക്കിനോടുമുള്ള എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഡോമിനിക്കും അദ്ദേഹത്തിന്റെ സഹധര്‍മിണി ആന്‍സമ്മയും ഞാനും ചിരകാലസുഹൃത്തുക്കളാണ്, ഒരേ നാട്ടുകാരാണ്, ഞങ്ങളുടെ അപ്പന്മാര്‍ തമ്മിലും കൂട്ടുകെട്ടുണ്ടായിരുന്നു. കെണികള്‍ നിറഞ്ഞ ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതപദവിയില്‍നിന്ന്, മനസ്സാക്ഷിക്കും സല്‍പ്പേരിനും ഒരു പോറല്‍പോലുമേല്പിക്കാതെ വിരമിച്ച് ഡോമിനിക്ക് ചെന്നൈയില്‍ സന്തോഷമായി ജീവിക്കുന്നതു കാണാന്‍ എനിക്ക് സന്തോഷമുണ്ട്. കേരള കാത്തലിക് അസോസിയേഷന് എന്റെ ഓണാശംസകള്‍ ആദ്യംതന്നെ അര്‍പ്പിച്ചുകൊള്ളട്ടെ.

'ഇന്നത്തെ ഇന്ത്യയില്‍ ക്രിസ്ത്യാനി ആയിരിക്കുന്ന അവസ്ഥ' എന്ന വിഷയത്തെപ്പറ്റി രണ്ടുവാക്ക് പറയാന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യയില്‍ ക്രിസ്ത്യാനി ആയിരിക്കുന്ന അവസ്ഥയെപ്പറ്റി രണ്ടാമതൊന്ന് ചിന്തിക്കാന്‍ ഒരിക്കലുംതന്നെ ആവശ്യം വന്നിട്ടില്ലാത്തവരാണ് ഇവിടെയിരിക്കുന്നതില്‍ ഭൂരിഭാഗവും എന്നാണ് എന്റെ വിശ്വാസം. കാരണം, അത്രമാത്രം ആത്മവിശ്വാസത്തോടെയാണ് ക്രിസ്ത്യാനികള്‍ പൊതുവില്‍ ഇന്ത്യയില്‍ ജീവിക്കുന്നത്. കേരളത്തില്‍ പ്രത്യേകിച്ചും. തമിഴ്നാട്ടിലും അങ്ങനെതന്നെയാണ് എന്ന് ഞാന്‍ കരുതുന്നു. ഒറീസ്സയിലും കര്‍ണാടകയിലും സമീപകാലംവരെ അങ്ങനെയായിരുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍, അവര്‍ കത്തോലിക്കരാവട്ടെ, മറ്റേത് അവാന്തരവിഭാഗവുമാവട്ടെ, പരമ്പരാഗതമായി അവരവരുടെ സംസ്‌കാരങ്ങളിലേക്ക് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവരാണ്. ഉദാഹരണമായി കേരളത്തിലെ ക്രിസ്ത്യാനികള്‍ മലയാളസംസ്‌കാരത്തിന്റെ അവിഭക്ത ഭാഗമാണ്.

മലയാളി എന്നു പറഞ്ഞാല്‍ ക്രിസ്ത്യാനി എന്നാണര്‍ഥം എന്ന് ചിന്തിക്കുന്നവരെപ്പോലും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു യഥാര്‍ഥ സംഭവം പറയാം. നാലഞ്ചു വര്‍ഷം മുന്‍പാണ്. ഞാന്‍ തിരുവനന്തപുരത്ത് ഒരു പ്രകൃതിചികിത്സാകേന്ദ്രത്തില്‍ താമസിക്കുകയാണ്. അവിടെ ചികിത്സയ്ക്കു വന്നിരിക്കുന്നവരില്‍ ഒരാള്‍ പാരിസില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ജീവിക്കുന്ന ഒരു മലയാളി കത്തോലിക്കാ വനിതയാണ്. ഞങ്ങള്‍ ഭക്ഷണമേശയില്‍ തമ്മില്‍ കാണും. പ്രകൃതിചികിത്സയിലെ ഭക്ഷണം വളരെ സങ്കടജനകമാണ്. അത് ദുഃഖപൂര്‍വം പങ്കുവെച്ചുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ വര്‍ത്തമാനം പറയും. മാന്യയായ ഒരു സ്ത്രീ. പാരിസിലുള്ള എന്റെ മലയാളിസുഹൃത്തുക്കളെ അവര്‍ക്കറിയാം. ഒരു ദിവസം ഞാന്‍ അവരോട് വെറുതേ ചോദിച്ചു: 'പാരിസില്‍ എത്ര മലയാളികള്‍ ഉണ്ടാവും?' അനവധി മലയാളികളുള്ള സ്ഥലമല്ല പാരിസ്. അവര്‍ അല്പമൊന്നാലോചിച്ചിട്ട് പറഞ്ഞു: 'ഹിന്ദൂസിനെക്കൂടി കൂട്ടിയാല്‍ ഏകദേശം നൂറുപേര് കാണും.' ഞാന്‍ പൊട്ടിച്ചിരിച്ചില്ല എന്നേയുള്ളൂ. അവര്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞ ഉത്തരമാണ്. 'ഹിന്ദൂസി'നെ മലയാളികളായി കാണാത്തതില്‍ കുറച്ച് സങ്കുചിതബുദ്ധി ഉണ്ടെങ്കിലും ഫ്രാന്‍സില്‍ മുപ്പതു വര്‍ഷം ജീവിച്ചിട്ടും അവരുടെ മലയാളിക്രിസ്ത്യാനിത്വത്തിന് വീര്യം കൂടിയതല്ലാതെ യാതൊരു ഇടിവും വന്നിട്ടില്ല!

കേരളത്തിലെ ക്രിസ്ത്യാനികള്‍ ചരിത്രപ്പഴക്കമുള്ളവരാണ്. വിദേശീയരെ ചെറുത്തവരാണ്. 1778 നവംബറില്‍, അതായത് ഇന്നേക്ക് 230 വര്‍ഷം മുന്‍പ്, വൈദേശികാധിപത്യത്തിനെതിരേ മാര്‍പാപ്പയോട് പരാതി പറയാന്‍ രണ്ടു മലയാളി കത്തോലിക്കാവൈദികര്‍- കരിയാറ്റി യൗസേപ്പ് മല്‍പ്പാനും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും- റോമിലേക്ക് കപ്പല്‍ കയറിയത് മദ്രാസില്‍നിന്നാണ്. അങ്ങനെയാണ് ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം- വര്‍ത്തമാനപുസ്തകം- പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ എഴുതിയത്.

കേരളരാഷ്ട്രീയത്തിലെ ക്രിസ്ത്യാനികളുടെ പങ്ക് സജീവമാണ്. ഇന്ത്യയില്‍ പൊതുവില്‍ ക്രിസ്ത്യാനികള്‍ ഒരു സൂക്ഷ്മ ന്യൂനപക്ഷമാണെങ്കിലും- മൂന്നു ശതമാനത്തില്‍ താഴെ- കേരളത്തില്‍ അവര്‍ 23 ശതമാനമാണ്.

വിദേശമിഷണറിമാരുടെ പ്രവര്‍ത്തനത്തിലൂടെയാണ് പണ്ട് ക്രിസ്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചതെങ്കിലും, പിന്നീട് കേരളസഭതന്നെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മാധ്യമരംഗത്ത് ക്രിസ്ത്യാനികളുടെ ഉടമസ്ഥത ശക്തമാണ്. കൃഷിയിലും വ്യവസായത്തിലും സര്‍ക്കാരുദ്യോഗങ്ങളിലും കലാരംഗങ്ങളിലും അവരുടെ സാന്നിധ്യത്തിന് യാതൊരു കുറവുമില്ല. ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ക്ക് കേരളത്തില്‍ ലഭിക്കുന്നതുപോലെയുള്ള പൊതു ആദരവ് ഇന്ത്യയില്‍ മറ്റൊരിടത്തും ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഇന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രിതന്നെ ഒരു ക്രിസ്ത്യാനിയാണ്. മറുവശത്ത്, ക്രിസ്ത്യന്‍സമുദായത്തിന് മറ്റേത് സമുദായത്തെയുംപോലെ പാകപ്പിഴകളുണ്ട്. ഉദാഹരണമായി, വിദ്യാഭ്യാസത്തില്‍നിന്ന് വിജ്ഞാനദൗത്യം മാറിപ്പോകുകയും വ്യവസായദൗത്യം പകരം വരികയും ചെയ്തു. രാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ പങ്കാളിത്തത്തിന് പലപ്പോഴും അവസരവാദത്തിന്റെയും ആദര്‍ശരാഹിത്യത്തിന്റെയും ചുവയുണ്ട്. പക്ഷേ, അവ ക്രിസ്ത്യാനികളെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന പാകപ്പിഴകളാണ് എന്ന് ഞാന്‍ പറയും. മറ്റ് സമുദായങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ ഭീഷണിയാകാറില്ല. വിദ്യാഭ്യാസം കച്ചവടമാകുമ്പോള്‍ അതിന്റെ വിലകൊടുക്കുന്നത് പ്രധാനമായും ക്രിസ്ത്യാനികളാണ്. ക്രിസ്ത്യാനികളുടെ പേരിലുള്ള രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍ ശരാശരി ക്രിസ്ത്യാനികളല്ല, ചില 'കോക്കസ്സു'കള്‍- സ്വകാര്യ സ്ഥാപിതതാത്പര്യവലയങ്ങള്‍ മാത്രമാണ്.

കേരള ക്രിസ്ത്യാനികളെയോ ഇന്ത്യന്‍ ക്രിസ്ത്യാനികളെയോ നിരീക്ഷിച്ചാല്‍ നമുക്ക് അടിസ്ഥാനപരമായി പറയാവുന്ന ഒരു കാര്യമുണ്ട്: അവര്‍ രാജ്യസ്നേഹികളാണ്. അക്രമകാരികളല്ല. അവര്‍ ഭീകരവാദികളല്ല. മുഖ്യധാരാരാഷ്ട്രീയംതന്നെയാണ് അവരുടെ രാഷ്ട്രീയം. കേരളാ കോണ്‍ഗ്രസ്സുകളെപ്പോലെയുള്ള പാര്‍ട്ടികളെപ്പോലും കേരളത്തിന്റെ പശ്ചാത്തലത്തില്‍, നമുക്ക് മുഖ്യധാരയെന്ന് വിളിക്കാം. കേരളത്തിലൊഴികെ ഇന്ത്യയില്‍ മറ്റൊരിടത്തുംതന്നെ സഭാനേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെടാറില്ല. കേരളത്തിലെ ഇടപെടലുകളും ഇടയലേഖനങ്ങളിലും, വല്ലപ്പോഴുമൊരു പ്രകടനം നയിക്കുന്നതിലും ഒതുങ്ങുന്നു. വാസ്തവത്തില്‍ കേരളത്തില്‍ ക്രിസ്ത്യാനികള്‍ അക്രമം നടത്തുന്നുണ്ട്. അത് തമ്മില്‍ത്തമ്മിലാണെന്നുമാത്രം.
ബാവാകക്ഷി
മെത്രാന്‍കക്ഷി
പൊരിഞ്ഞ അടി.
ശവത്തെയും ശവപ്പെട്ടിയെയുംകൂടി എടുത്തെറിയുന്നു എന്നിങ്ങനെ. മറ്റ് സമുദായങ്ങള്‍ക്ക് അത് ഒരു entertainment മാത്രമേ ആകുന്നുള്ളൂ. ക്രിസ്ത്യന്‍ സാന്നിധ്യം ശക്തമായ ഗോവയിലെ ക്രിസ്ത്യാനികള്‍ അക്രമകാരികളല്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഗിരിമേഖലകളിലെ ഭീകരവാദത്തില്‍ മാത്രമാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അത് ക്രിസ്ത്യാനികള്‍ എന്ന നിലയില്‍- അതായത്, ക്രിസ്തുമതത്തിന്റെ പേരില്‍- അല്ല. അവര്‍ മതതീവ്രവാദികളല്ല, അവര്‍ ഗോത്രതീവ്രവാദികളാണ്. അവരുടെ തീവ്രവാദത്തെ ഇന്ത്യയൊട്ടാകെയുള്ള ക്രിസ്ത്യാനികള്‍ പങ്കുവെക്കുന്നില്ല; കശ്മീരിലെ മുസ്ലിം തീവ്രവാദത്തെ ഇന്ത്യന്‍ മുഖ്യധാരാ മുസ്ലിം പങ്കുവെക്കുന്നില്ലാത്തതുപോലെ. കശ്മീരില്‍ എന്തു സംഭവിച്ചാലും കുഞ്ഞാലിക്കുട്ടിക്കും മറ്റും എന്ത്? ചെന്നൈയില്‍ അല്ലെങ്കില്‍ തമിഴ്നാട്ടില്‍ താമസിക്കുന്ന മലയാളി ക്രിസ്ത്യാനികളോ, തമിഴ് ക്രിസ്ത്യാനികളോ ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയത പ്രകടിപ്പിക്കുന്നവരാണ് എന്നെനിക്ക് തോന്നുന്നില്ല. തമിഴ് ക്രിസ്ത്യാനികളെ പലപ്പോഴും പേരുകൊണ്ടുപോലും തിരിച്ചറിയാന്‍ പ്രയാസമാണ്. അത്രയ്ക്കും ഇവിടെ ഇഴുകിച്ചേര്‍ന്നു ജീവിക്കുന്നവരാണ് അവര്‍. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുപോലെയുള്ള ഒരു സ്ഥാപനം ക്രിസ്ത്യന്‍ സേവനമാര്‍ഗത്തിന്റെ പ്രശസ്തമായ പ്രതീകമാണ്.

ക്രിസ്ത്യാനികള്‍ സ്വന്തം കാര്യം കൂടുതല്‍ നോക്കുന്നവരാണെന്ന പരാതി കേള്‍ക്കാറുണ്ട്. പക്ഷേ, അതില്‍ കഴമ്പില്ല. എല്ലാ സുമദായങ്ങളും അവരുടെ സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളില്‍ സ്വാര്‍ഥരാണ്. മധ്യവര്‍ഗങ്ങളും ഉന്നതവര്‍ഗങ്ങളും പ്രത്യേകിച്ചും. വെട്ടിപ്പിടിത്തക്കാരാണ് എന്ന പരാതിയിലും കഴമ്പില്ല. എല്ലാവരും വെട്ടിപ്പിടിത്തക്കാരാണ്. അംബാനിയും ടാറ്റയും ലക്ഷ്മി മിത്തലും ക്രിസ്ത്യാനികളല്ല. സാമ്പത്തികരംഗത്തെ മത്സരത്തിന് ജാതിമതഭേദമില്ല. കേരളത്തിലെ പ്രത്യേക പശ്ചാത്തലത്തിലെ ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി മറ്റ് സവര്‍ണരെക്കാള്‍ അധ്വാനശീലരായിരുന്നു. അതവര്‍ക്ക് താരതമ്യേന കൂടുതല്‍ ഭൗതികൈശ്വര്യം നല്കി. ഇന്ന് ആ നില മാറി. എല്ലാ മത-ജാതി വിഭാഗങ്ങളും അധ്വാനശീലരാണ്. അതിന്റെ ഫലം ആസ്വദിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളിലെ മതഭ്രാന്തന്മാരുടെ രാഷ്ട്രീയം മാത്രമാണ് ഇന്നും ക്രിസ്ത്യാനികളുടെ സമ്പത്തിനെ ചൂണ്ടിക്കാണിച്ച് പരാതി പറയുന്നത്. ക്രിസ്ത്യാനിക്ക് കേരളത്തില്‍ രാഷ്ട്രീയസ്വാധീനമുള്ളതിന്റെ കാരണം, അവര്‍ കേരളത്തിലെ ജനസംഖ്യയുടെ 23 ശതമാനത്തോളമുണ്ട് എന്നതിനാലാണ്. അതൊരു ബലപ്രയോഗത്തിലൂടെ ഉണ്ടായതല്ല. ഇന്ന് മെത്രാന്മാര്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ വര്‍ധിപ്പിക്കണം എന്ന് ആഹ്വാനം ചെയ്തതിന്റെ പിന്നില്‍ രാഷ്ട്രീയമായ സംഖ്യാബലത്തെപ്പറ്റിയുള്ള ചിന്ത ഒരു പരിധിവരെയുണ്ട് എന്ന് തോന്നുന്നു. അവര്‍ കൂടുതല്‍ ആശങ്കപ്പെടുന്നത് സഭയുടെ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കേഡറുകളിലേക്ക് ആളെ വേണ്ടത്ര ലഭിക്കുന്നില്ല എന്നതിനെപ്പറ്റിയാണ്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമുള്ള ഒരു കുടുംബത്തില്‍നിന്ന് അച്ഛനാകാനും കന്യാസ്ത്രീയാകാനും ആളെ കിട്ടാന്‍ പ്രയാസമാണ്. പക്ഷേ, മെത്രാന്മാര്‍ അതൊരു പരസ്യ ആഹ്വാനമാക്കിയത് തെറ്റിദ്ധാരണയ്ക്കിടയാക്കിയിട്ടുണ്ട്. പള്ളിയുടെ നാലു ഭിത്തികള്‍ക്കുള്ളില്‍ രഹസ്യമായി ഉദ്ഘോഷിക്കേണ്ട കാര്യങ്ങള്‍ അവര്‍ പരസ്യ ഉദ്ഘോഷണമാക്കി മാറ്റി!

ഇങ്ങനെയുള്ള അബദ്ധങ്ങള്‍ വെച്ചുകൊണ്ടുതന്നെ ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഇന്നത്തെ ഇന്ത്യയില്‍ ക്രിസ്ത്യാനി ആയിരിക്കുന്ന അവസ്ഥ നിസ്സംശയം ഒരു നല്ല ഇന്ത്യന്‍ പൗരനായിരിക്കുന്ന അവസ്ഥയാണ്. ക്രിസ്ത്യാനികളുടെ ശത്രുക്കള്‍പോലും അതിനെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, എന്നിട്ടും ഈയിടെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടു. മുസ്‌ലിങ്ങള്‍ ഗുജറാത്തിലും മറ്റും ആക്രമിക്കപ്പെട്ടതുപോലെ. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ പരമ്പരാഗതമായ അസ്വാരസ്യങ്ങള്‍ ഉള്ളതിനെ ചിലര്‍ കുത്തിപ്പൊക്കി രാഷ്ട്രീയചൂഷണം നടത്തുമ്പോഴാണ് ഹിന്ദു-മുസ്ലിം സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യന്‍ ക്രിസ്ത്യാനികളും ഇന്ത്യന്‍ ഹിന്ദുക്കളും തമ്മില്‍ എന്ത് പരമ്പരാഗതവൈര്യം? ഇന്ത്യന്‍ ക്രിസ്ത്യാനി ഒരിക്കലും ഇന്ത്യയെ ഭരിച്ചിട്ടില്ല. എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും എം.എ. ബേബിയുമെല്ലാം അധികാരത്തില്‍ വരുന്നത് ഇന്ത്യന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായാണ്. പി.സി. തോമസ് ഒരിക്കല്‍ ഡല്‍ഹിയില്‍ മന്ത്രിയായത് ഹിന്ദുത്വപാര്‍ട്ടിയുടെ സഹകരണത്തോടെയാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിന്റെ പേരില്‍ ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ ആക്രമിച്ച സംഭവങ്ങള്‍ വിരളമാണ്. ഒരുപക്ഷേ, ഇല്ലതന്നെ. ഇങ്ങനെയെല്ലാമിരുന്നിട്ടും ഒറീസ്സയിലും കര്‍ണാടകയിലും വന്‍തോതിലും കേരളത്തില്‍ ചെറുതോതിലും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. എന്താണ് അതിന്റെ യുക്തി?

ക്രിസ്ത്യാനികളെ ആക്രമിക്കുന്നതാരാണ്? ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളല്ല. അവരെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശവാദം പുറപ്പെടുവിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു ന്യൂനപക്ഷമാണ് അതു ചെയ്യുന്നത്. ഫാസിസത്തിന്റെ ഏറ്റവും പ്രധാന ഉപകരണം അക്രമവും ഭീഷണിയും നുണയുമാണ്. പക്ഷേ, എന്തുകൊണ്ട് അവര്‍ ഇത്തവണ ക്രിസ്ത്യാനികളെ തിരഞ്ഞെടുത്തു? സാധാരണ അവര്‍ മുസ്ലിങ്ങളെ മാത്രമാണ് ഉന്നംവെക്കുക. ക്രിസ്ത്യാനികള്‍ കാഴ്ചക്കാര്‍ മാത്രമാണ്.
Bystander
ദൃക്സാക്ഷി
മൂകസാക്ഷി.

മുസ്ലിംവിരുദ്ധ മനോഭാവം ക്രിസ്ത്യാനികള്‍ കുറെയൊക്കെ ഹിന്ദു വര്‍ഗീയവാദികളോട് പങ്കുവെക്കുന്നുപോലുമുണ്ട്. പക്ഷേ, ഇത്തവണ അവര്‍ മുട്ടിയത് ക്രിസ്ത്യാനിയുടെ വാതിലിലാണ്. എന്തുകൊണ്ട്? ഫാഷിസം, ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയില്‍ പിടിമുറുക്കാനായി, ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷവിരോധികളായി ചിത്രീകരിച്ചുകൊണ്ട് അവരെ ആക്രമിച്ച് ശ്രദ്ധ തങ്ങളില്‍ കേന്ദ്രീകരിക്കും. വോട്ട് ധ്രുവീകരിക്കും. ഹിറ്റ്ലര്‍ ജര്‍മനിയില്‍ യൂദന്മാരെ വേട്ടയാടിയതിന്റെ പിന്നിലെ കുപ്രസിദ്ധമായ തത്ത്വശാസ്ത്രമതായിരുന്നു. അതിനവര്‍ ഭൂരിപക്ഷത്തിനെ ഹാലിളക്കുന്ന നുണകള്‍ പ്രചരിപ്പിക്കും. യൂദന്മാര്‍ ജര്‍മന്‍കാരുടെ സമ്പത്ത് മുഴുവന്‍ തട്ടിയെടുത്തു എന്നായിരുന്നു ഹിറ്റ്ലര്‍ പ്രചരിപ്പിച്ചത്. ഇന്ത്യയില്‍ ഹിന്ദുഫാഷിസം മുസ്ലിങ്ങള്‍ക്കെതിരേ പ്രചരിപ്പിക്കുന്ന കളവ് അവര്‍ ഒന്നടങ്കം രാജ്യദ്രോഹികളാണ് എന്നാണ്. എല്ലാ സ്ഫോടനങ്ങളും മുസ്ലിങ്ങളുടെ പേരിലാണ് വന്നുചേരുന്നത്. പക്ഷേ, സ്ഫോടനങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണ് എന്ന് കുറച്ചൊന്നു ചിന്തിച്ചാല്‍, മുസ്ലിം ഭീകരവാദികള്‍ വാസ്തവത്തില്‍ ആനമഠയന്മാരാണെന്ന് തോന്നിപ്പോകും. ഇത്രയ്ക്കും ഭൂലോകവിഡ്ഢികള്‍! കാരണം, ഓരോ സ്ഫോടനവും അതില്‍ മരിച്ചവരുടെ എണ്ണത്തിന്റെ പതിനായിരം മടങ്ങെങ്കിലുമാണ് ഹിന്ദുത്വവോട്ടിനെ ധ്രുവീകരിക്കുന്നത്!

ക്രിസ്ത്യാനികളുടെ പേരില്‍ സ്ഫോടനങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ടില്ല. അത് എന്നാരംഭിക്കുമെന്നതിനെയാണ് ഭയപ്പെടേണ്ടത്. ഇന്ന് ഇന്ത്യയില്‍ കണ്ടുവരുന്ന രീതിവെച്ചിട്ട്, സ്ഫോടനങ്ങളുടെ സവിശേഷത അവയുടെ കുറ്റവാളികളെ പിടിക്കല്‍ വളരെ എളുപ്പമാണ് എന്നതാണ്. കുറ്റവാളികള്‍തന്നെ ഉടന്‍ ഇ മെയില്‍ അയയ്ക്കുന്നു. പോലീസ് അവരുടെ പേരുകള്‍ പ്രഖ്യാപിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അവരെ പിടികൂടി ക്യാമറകള്‍ക്കു മുന്‍പില്‍ എത്തിക്കുന്നു. പിന്നെ അടുത്ത സ്ഫോടനം. അടുത്ത ഇ മെയില്‍. അടുത്ത കുറ്റവാളിയെ പിടികൂടല്‍. എന്തെളുപ്പം! കുറ്റവാളികളാരെന്ന് സ്ഫോടനസ്ഥലത്തുനിന്നുതന്നെ പ്രഖ്യാപിക്കുമെങ്കിലും, അത്രയ്ക്കും ബുദ്ധിശക്തിയുള്ള പോലീസിന് ഒരു സ്ഫോടനവും തടയാന്‍ പറ്റുന്നില്ല. അത് വേറൊരു അദ്ഭുതം! മറ്റൊന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. എല്ലാ കുറ്റവാളികളുടെയും മുഖങ്ങള്‍ മൂടിയിരിക്കുകയാണ്. ആ മൂടിയ മുഖങ്ങളുടെ ഉടമകള്‍ക്ക് ഫോട്ടോയെടുപ്പ് കഴിഞ്ഞാല്‍ എന്തു സംഭവിക്കുന്നു എന്നത് അവരെ ക്യാമറകള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചവര്‍ക്കൊഴികെ ആര്‍ക്കുമറിയില്ല. ഏതായാലും, ഇന്നത്തെ ഇന്ത്യയില്‍ ഒരു ക്രിസ്ത്യാനിയായിരിക്കുന്ന അവസ്ഥ, ഒരു നല്ല പൗരന്റെ ലേബലില്‍നിന്ന് ഒരു ഭീകരവാദിയുടെ ലേബലിലേക്ക് തെന്നിപ്പോകാന്‍ ഒരു സ്ഫോടനവും അതിന്റെ ഉത്തരവാദിത്വമേറ്റെടുത്തുള്ള ഒരു ക്രിസ്ത്യന്‍ ഇ മെയിലും മതി. അപ്പോളാണ് ഇതുവരെ Bstyanderഉം മൂകസാക്ഷിയുമായിരുന്ന ക്രിസ്ത്യാനി, ഇരയായിത്തീരുന്നവന്റെ ദയനീയാവസ്ഥ മനസ്സിലാക്കുക. ഇന്ത്യക്കാരനായ ക്രിസ്ത്യാനിയുടെ ജീവിതം അവരുടെ സ്വന്തം പുരോഹിത വര്‍ഗ്ഗത്തിന്റെ സഹകരണത്തോടെ ഒരു വമ്പിച്ച പ്രതിസന്ധിയിലേക്ക് തള്ളിനീക്കപ്പെടുകയാണോ എന്ന് സംശയിക്കണം.

ഒറീസ്സയിലെ കൊല ആരംഭിച്ചത് ഒരു തീവ്രവാദിസന്ന്യാസിയുടെ വധത്തോടെയാണ്. ആരാണ് സന്ന്യാസിയെ വധിച്ചതെന്നതിന് യാതൊരു തെളിവുമില്ല. പക്ഷേ, ആ സന്ന്യാസിവധമാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍വേട്ട തുടങ്ങാന്‍ ഉപകരിച്ചത്. പതുക്കെ ഫാസിസത്തിന്റെ ഔദ്യോഗികവൃത്തങ്ങള്‍ ആക്രമണത്തിന്റെ കാരണം മതപരിവര്‍ത്തനമാക്കി മാറ്റി. ഒറീസ്സയിലെ ഒന്നാംഘട്ടം തുടരവേതന്നെ, കര്‍ണാടകത്തിലെ ഒന്നാംഘട്ടം ആരംഭിച്ചു. മംഗലാപുരത്തെ മിലാഗ്രേ കത്തീഡ്രല്‍പോലെയൊരു ക്രിസ്ത്യന്‍ കേന്ദ്രം അടിച്ചുപൊളിച്ചു. കാരണമായി പറഞ്ഞത് മതപരിവര്‍ത്തനമാണ്. ഞാന്‍ മതവിശ്വാസിയല്ല. മതപരിവര്‍ത്തനത്തില്‍ തീര്‍ത്തും വിശ്വസിക്കുന്നില്ല. പക്ഷേ, ആര്‍ക്കും ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ജനസംഖ്യാകണക്കുകള്‍ ഫാസിസ്റ്റ്തീവ്രവാദത്തിന്റെ മതപരിവര്‍ത്തനപിടിവാദത്തെ പിന്തുണയ്ക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ നിരന്തരം മൂന്നു ശതമാനത്തിനും രണ്ടര ശതമാനത്തിനുമിടയില്‍ തങ്ങിനില്ക്കുകയാണ്. ആരോപിക്കപ്പെടുന്ന തോതിലുള്ള മതപരിവര്‍ത്തനം ഇവിടെ നടക്കുന്നുണ്ടെങ്കില്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ എട്ടോ പത്തോ ശതമാനമാകേണ്ടതാണ്. കര്‍ണാടകത്തിലെ ആക്രമണങ്ങള്‍ രൂക്ഷമായപ്പോള്‍, കേന്ദ്ര ഗവണ്‍മെന്റ് കര്‍ണാടക ഗവണ്‍മെന്റിനോട് ഒരാവശ്യം ഉന്നയിച്ചു, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അയച്ചുതരിക. അതിനുത്തരം മൗനമായിരുന്നു. പക്ഷേ, ഒരു സത്യം ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കണം. പ്രകടനപരതകൊണ്ടും ശബ്ദകോലാഹലംകൊണ്ടും സാമ്പത്തിക ആര്‍ത്തികൊണ്ടും മതപരിവര്‍ത്തനത്തിന്റെ ആരോപണം വിളിച്ചുവരുത്തുന്ന അനവധി ക്രൈസ്തവപ്രസ്ഥാനങ്ങളും വ്യക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ആധ്യാത്മികഭീകരവാദമാണ് ചിലപ്പോള്‍ ആയുധധാരികളുടെ ഭീകരവാദത്തെക്കാള്‍ ഭീകരം. അവരുടെ ശബ്ദകോലാഹലമാണ് നൂറു രാഷ്ട്രീയപ്രകടനങ്ങളെക്കാള്‍ ഭയങ്കരം. മറ്റ് മതങ്ങളുടെ ഈശ്വരന്മാരെ പരസ്യമായി അപലപിക്കാന്‍പോലും അവര്‍ മുതിരുന്നു. അവരുടെ പക്കല്‍ കുമിഞ്ഞുകൂടുന്ന സമ്പത്തിനു കണക്കില്ല.

പുറത്തുനിന്ന് നിരീക്ഷിക്കുന്ന പലര്‍ക്കും മനസ്സിലാവാത്ത ഒരു പ്രധാന വസ്തുത, അവര്‍ മാനസാന്തരപ്പെടുത്തുന്നത് പ്രധാനമായും മുഖ്യധാരാ ക്രൈസ്തവസഭകളിലെ വിശ്വാസികളെത്തന്നെയാണ് എന്നതാണ്! അങ്ങുമിങ്ങും ഓരോ അക്രൈസ്തവനെ പിടിച്ചെടുത്താലായി. വിശ്വാസികള്‍ ഈവിധത്തില്‍ ഒരു കുത്തൊഴുക്കുപോലെ പ്രാര്‍ഥനാകൂടാരങ്ങളിലേക്ക് പൊഴിഞ്ഞുപോകുന്ന അവസ്ഥയിലേക്ക് മുഖ്യധാരാസഭകള്‍ എങ്ങനെ വന്നെത്തി എന്നത് അവയുടെ മേലധ്യക്ഷന്മാര്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. അത് ഈ ചര്‍ച്ചയുടെ ഭാഗമല്ല. മുഖ്യധാരാസഭകള്‍ ഇതിനെ പ്രതിരോധിക്കുന്നത് അവരുടെ സ്വന്തം ബൈബിള്‍വീശലുകള്‍കൊണ്ടും ശബ്ദകോലാഹലങ്ങള്‍കൊണ്ടുമാണ്. ഏതായാലും അന്തിമഫലം, യേശുവിനെയും ബൈബിളിനെയും ഉയര്‍ത്തിപ്പിടിച്ച് നടത്തപ്പെടുന്ന വിശ്വാസത്തിന്റെ അതിപ്രചരണങ്ങള്‍, അതേ യേശുവിലേക്കും ബൈബിളിലേക്കും ഫാസിസ്റ്റ് വിരലുകള്‍ ചൂണ്ടാന്‍ ഇടയാക്കുന്നു എന്നതാണ്.

പുസ്തകം വാങ്ങാം

ഒറീസ്സയിലും മറ്റും ആദിവാസിഗോത്രങ്ങള്‍ക്കിടയില്‍ നടത്തപ്പെടുന്ന യഥാര്‍ഥ ക്രൈസ്തവപ്രവര്‍ത്തനങ്ങള്‍- കരുണയുടെയും സാഹോദര്യത്തിന്റെയും വിജ്ഞാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍- ഈ ഹാലിളക്കങ്ങളുടെ പ്രളയത്തില്‍ ഒലിച്ചുപോകുന്നു. മുഖ്യധാരാസഭകളുടെ മേലധ്യക്ഷന്മാരാവട്ടെ, നിര്‍ഭാഗ്യവശാല്‍, കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കുന്നില്ല. അവര്‍ ഭരണഘടനയിലെ ഒരൊറ്റ വാക്കിനെ മുടിനാരേഴായ് കീറീട്ട് എന്നപോലെ കീറുകയും മുറിക്കുകയുമാണ്. ആ വാക്കാണ് 'Minortiy' ന്യൂനപക്ഷം. ആ വാക്കില്‍നിന്ന് എന്തെല്ലാം പിടിച്ചുപറ്റാം എന്നതിലാണ് അവരുടെ ഏകാഗ്രശ്രദ്ധ. അവരുടെ ദൈവശാസ്ത്രം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുടുങ്ങിക്കിടക്കുകയാണ്. പക്ഷേ, ഫാസിസത്തിന് ഹൈക്കോടതിയും സുപ്രീംകോടതിയും ഭരണഘടനയുമില്ല. ക്രിസ്ത്യാനികളുടെ വാതില്ക്കല്‍ ഇനിയും മുട്ടപ്പെടും. ഒരുപക്ഷേ, അതിശക്തമായി മുട്ടപ്പെടും. മുസ്ലിങ്ങളെ പൈശാചികവത്കരിച്ചതുകൊണ്ടുമാത്രം അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് ഫാസിസ്റ്റുകള്‍ കരുതുന്നില്ല എന്നര്‍ഥം. അവര്‍ക്ക് ഇനിയും ഇരകള്‍ വേണം. പെട്രോള്‍ബോംബും കരവാളുമേന്തിയുള്ള ആ വരവ് ഒരിക്കലും സഭാമേലധ്യക്ഷന്മാരുടെ അരമനകളിലേക്കല്ല. സാധാരണവിശ്വാസിയുടെ ഭവനത്തിലേക്കും സ്ഥാപനത്തിലേക്കുമാണ്. ഒറീസ്സയില്‍ ഒരു മേലധ്യക്ഷനുപോലും പരുക്കു പറ്റിയില്ല. കൊല്ലപ്പെട്ടതും മാനഭംഗപ്പെടുത്തപ്പെട്ടതും വെറും വിശ്വാസിയും സമൂഹമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതനും കന്യാസ്ത്രീയുമാണ്.

ഇന്ത്യന്‍ രാഷ്ട്രീയം വളരെ അപകടകരമായിക്കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികളുടെ ഊഴം വന്നെത്തിക്കൊണ്ടിരിക്കുകയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. അങ്ങനെയാകാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. മതം ഒരു വിശ്വാസിയെയും ഫാസിസ്റ്റ് ആക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ പോവുന്നില്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. എന്തെങ്കിലുമൊരു വഴിയുണ്ടെങ്കില്‍ അത് രാഷ്ട്രീയമാര്‍ഗംതന്നെയാണ്. ഒരു കച്ചിത്തുരുമ്പ്. വര്‍ഗീയ ഫാസിസത്തോട് ഒരു അഞ്ചു വര്‍ഷ ടേമിലേക്കെങ്കിലും- അതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കേണ്ട- എതിര്‍പ്പ് പ്രഖ്യാപിക്കുന്ന പാര്‍ട്ടികളെ വിജയിപ്പിക്കുക. അതു മാത്രമാണ് ഇംഗ്ലീഷില്‍ ഒരു Slender Chance എന്നു പറയുന്നത്- ഒരു നേരിയ സാധ്യത. പക്ഷേ, ക്രിസ്ത്യന്‍ രാഷ്ട്രീയചിന്തയ്ക്ക് ആദ്യം പറഞ്ഞതുപോലെ പലപ്പോഴും ഒരു അവസരവാദച്ചുവയുണ്ട്. വര്‍ഗീയ ഫാസിസമാണ് ഇനി ജയിക്കാന്‍ പോകുന്നത്, നമുക്ക് അതിന്റെ കൂടെ കൂടാം എന്ന് പറയും. എങ്കില്‍ ഈശ്വരോ രക്ഷതു! കാരണം, ഫാസിസത്തിന് കൂട്ടാളികളില്ല, ഇരകളേയുള്ളൂ. ആവശ്യം കഴിഞ്ഞാല്‍ തുടച്ചുനീക്കപ്പെടേണ്ട ഇരകള്‍.

(ചെന്നൈയിലെ കേരള കാത്തലിക് സൊസൈറ്റിയില്‍ നടത്തിയ പ്രഭാഷണം- 5 ഒക്ടോബര്‍ 2008)

Content Highlights: Paul Zacharia, Mathrubhu Books, Kaalathinte Kurippukal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented