ജയൻ
ബെല്‍ബോട്ടം പാന്‍സിട്ട്, ജാവാബൈക്കില്‍ കയറി യാതൊരു തിടുക്കവുമില്ലാതെ വട്ടം ചുറ്റിക്കൊണ്ടിരുന്ന എഴുപതുകളുടെ അന്ത്യത്തില്‍ മലയാളസിനിമാലോകത്തുണ്ടായ ജയന്‍തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരുള്‍നാടന്‍ ഗ്രാമജീവിതത്തിന്റെ ചിത്രീകരണമാണ് എസ്.ആര്‍ ലാല്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജയന്റെ അജ്ഞാതജീവിതം എന്ന നോവല്‍. ജയനോടുമാത്രം പറയാന്‍ വെച്ച ഒരുഗ്രന്‍ രഹസ്യവുമായലയുന്ന ജയന്റെ കടുകടുത്ത ഒരാരാധകനും പൂര്‍വമാതൃകകളില്ലാത്ത മറ്റനേകം കഥാപാത്രങ്ങളും പലപല വഴികളിലൂടെ കഥയിലേക്കെത്തിച്ചേര്‍ന്ന് ഗൃഹാതുരത നിറഞ്ഞൊരു വിസ്മയലോകം സൃഷ്ടിക്കുന്നു. ഒപ്പം, അടിയന്തരാവസ്ഥയെ പൊരുതിത്തോല്പിക്കാന്‍ ആയുധങ്ങള്‍ക്കു പകരം വാള്‍പോസ്റ്ററുകളും മൈദപ്പശയുമായി ഒളിയിടങ്ങളില്‍ പതിയിരിക്കുന്ന വിപ്ലവകാരികളുടെ നിഗൂഢനീക്കങ്ങള്‍ കഥയ്ക്ക് പുതിയൊരു രാഷ്ടീയമാനം നല്കുന്നു.ഫാക്റ്റും ഫിക്ഷനും ഫാന്റസിയും ചേര്‍ന്ന് ഒരപൂര്‍വ രചനയില്‍ നിന്നും ഒരു ഭാഗം വായിക്കാം.
ഗൗതമാ, നമ്മടെ ജയേട്ടന്‍ മടങ്ങിവരാണ്. ഈ ജൂലായ് 17 ന്. ദേ പത്രത്തിലെ വാര്‍ത്ത കണ്ടാ.
ജയേട്ടന്‍ മടങ്ങിവരുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചു നാളായി പരക്കുന്നുണ്ട്. രണ്ടുമാസം മുന്‍പ് ഇവിടെവെച്ചുതന്നെയാണ് അതും കേട്ടത്. ജയനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉയിരിടുന്ന സ്ഥലമായിരുന്നു പീപ്പിള്‍സ് പ്രസ്.
കൊല്ലം ബാബുവും സംഘവും അമേരിക്കയില്‍ കഥാപ്രസംഗം അവതരിപ്പിക്കാന്‍ പോയിരുന്നു. കഥ പറഞ്ഞുതുടങ്ങി കുറച്ചുനേരം കഴിഞ്ഞു. പിന്‍നിരയിലേക്ക് ഒരാള്‍ കടന്നുവന്നു. ഒഴിഞ്ഞ കോണിലായി ഇരുന്നു. നല്ല ആകാരസൗഷ്ഠവമുള്ള മനുഷ്യന്‍. എവിടെയോ കണ്ടു പരിചയം. സശ്രദ്ധം കഥാപ്രസംഗം വീക്ഷിക്കുന്നു. പാട്ടിന് കൈകൊണ്ട് താളമിടുന്നു. കഥാപ്രസംഗം കഴിയാറായി. സംഘത്തിലെ ഒരാള്‍ അതിനിടയില്‍ സ്റ്റേജിന്റെ പുറകിലെത്തി. അയാള്‍ക്ക് സംശയം തോന്നി പോയതാണ്. കാറില്‍ പോകാനൊരുങ്ങുകയായിരുന്നു ആഗതന്‍. സംഘാംഗം അയാളുടെ സമീപമെത്തി. സ്തംഭിച്ചുപോയി.
ജയേട്ടനല്ലേ?
എങ്ങനെ മനസ്സിലായി? അയാള്‍ തിരിഞ്ഞുനിന്നു.
ജയേട്ടന്‍ ഏതു വേഷത്തില്‍ വന്നാലും, എന്തു രൂപമാറ്റം വരുത്തിയാലും പിടികിട്ടും. ജയേട്ടന്റെ ഓരോ ചലനവും ഞങ്ങളുടെ മനസ്സിലുണ്ട്.
ജയന്‍ വേഷപ്രച്ഛന്നനായിരുന്നു.
എന്നാ ഇനി നാട്ടിലേക്ക്?
കുറച്ചു നാള്‍കൂടി കഴിയട്ടെ. എന്നു തിരിച്ചുവരുമെന്ന് ഇപ്പൊ പറയാനാകുന്നില്ല. എന്നെ കണ്ട കാര്യം ആരോടും പറയരുത്.
ജയേട്ടനെ മനപ്പൂര്‍വം കൊല്ലാന്‍ ശ്രമിച്ചതാണോ?
ജയന്‍ അതിനു കൃത്യമായ മറുപടി പറഞ്ഞില്ല. കഥാപ്രസംഗം കഴിഞ്ഞിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. ജയന്‍ വേഗത്തില്‍ കാറോടിച്ചു പോയി.
നേരില്‍ കണ്ടപോലെയാണ് മോഹനയണ്ണന്‍ ആ സംഭവത്തെ വിവരിച്ചത്.
മനോജിനോട് ഞാനാ വാര്‍ത്ത ചൂടോടെ പറഞ്ഞു.
എടാ, ജയേട്ടന്റെ മുഖം ഇങ്ങനല്ല. എന്തോരം മാറിപ്പോയി. അതുപോലെ തോന്നുമെന്നേയുള്ളൂ. അതല്ലെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ തോന്നും. ജയന്റെ മൃതദേഹം അവന്‍ അടുത്തുനിന്നു കണ്ടതാണ്.
മരിച്ചുകിടക്കുന്നയാള്‍ക്ക് ജീവിച്ചിരിക്കുന്ന ആളുമായി ബന്ധവുമുണ്ടാവില്ല. മൃതദേഹത്തില്‍ ജീവിച്ചിരിക്കുന്നവര്‍ രൂപസാദൃശ്യം കണ്ടെത്തുകയാണ്. മൃതദേഹങ്ങള്‍ കാണാന്‍ ഗൗതമന്‍ പോയിട്ടുള്ളതാണ്. അജ്ഞാതമൃതദേഹങ്ങളാണ്. ചിലത് പഴക്കമുള്ളവ. അംഗഭംഗം സംഭവിച്ചവ. ഗൗതമന്‍ ഒന്നേ നോക്കൂ. ഗൗതമന്‍ ഏറ്റവും വെറുക്കുന്ന പ്രവൃത്തിയാണത്. അച്ഛനാണോ എന്നാണ് അറിയേണ്ടത്. അച്ഛന്റെ രൂപം മനസ്സില്‍ തെളിയാത്തവണ്ണം അന്നേരം മറഞ്ഞുപോവും. ഗൗതമന്‍ പേപ്പറുകളില്‍ ഒപ്പിട്ടുനല്കും. എന്തുകൊണ്ടാണ് അച്ഛന്റെ രൂപത്തില്‍ കോട വന്നു മൂടുന്നത്. പുറത്തിറങ്ങുമ്പോള്‍ അച്ഛന്റെ രൂപം കണ്‍മുന്നില്‍ തെളിയുകയും ചെയ്യും. ഗൗതമന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല.
ജയേട്ടന്റെ വീട്ടില്‍ ഇങ്ങനെ ചില ഫോണ്‍കോളുകള്‍ വരുന്നുണ്ട്. കൂടുതലും വിദേശത്തുനിന്നാണ്. ജയേട്ടനെ അവിടെക്കണ്ടു ഇവിടെക്കണ്ടു എന്നൊക്കെ പറഞ്ഞ്. ജയേട്ടന്റെ അമ്മ ഇപ്പൊ ഫോണെടുക്കാറില്ല, മനോജ് കൂട്ടിച്ചേര്‍ത്തു.
നീ വിശ്വസിക്കുന്നുണ്ടോ ജയേട്ടന്‍ മരിച്ചെന്ന്?
എനിക്കറിയില്ലെടാ ഗൗതമാ. എന്നോട് എന്തോരു സ്നേഹാരുന്നു. എന്തോരു തലയെടുപ്പാരുന്നു. ജയേട്ടന്റെ ശരീരത്തില്‍ കത്തിവെക്കാന്‍ തോന്നീല്ലാന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞൂന്ന്. അത്ര പെര്‍ഫക്ട് ബോഡി. ജയേട്ടന്‍ മരിക്കണ്ടായിരുന്നു. ചിന്തിച്ചാല്‍ ആകപ്പാടെയൊരു ഇരുട്ടാണ് ഗൗതമാ.
ഗൗതമന്റെ മുന്നിലും ഇരുട്ടായിരുന്നു. ജയന്‍ അമേരിക്കയില്‍, ജയന്‍ മരിച്ചിട്ടില്ല, നടന്റെ മരണരഹസ്യം എന്നിങ്ങനെ മൂന്നു പ്രസിദ്ധീകരണങ്ങള്‍ അവന്‍ വായിച്ചിരുന്നു. പഞ്ചാംഗത്തിന്റെ വലുപ്പത്തിലുള്ളവയായിരുന്നു അവ. പ്രോഗ്രസീവ് ബുക്സ്റ്റാളില്‍ ചൂടപ്പംപോലെയാണത് വിറ്റുപോയത്. ജയന്‍ മരിച്ച സമയത്തെ സിനിമാപ്രസിദ്ധീകരണങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇതു മൂന്നും ആദ്യമേ വാങ്ങി. ജയന്‍ മരിച്ചിട്ടില്ല (വേണാട് ബുക്സ്), നടന്റെ മരണരഹസ്യം (ഫിലിം പബ്ലിക്കേഷന്‍സ്) എന്നിവ എഴുതിയത് ജോണ്‍ ജെ. പുതിച്ചിറയായിരുന്നു. ജയന്‍ അമേരിക്കയില്‍ എഴുതിയത് ആരാണെന്ന് അതിലുണ്ടായിരുന്നില്ല. സഖി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഒരുരൂപയായിരുന്നു അവയുടെ വില.
അംബിക ടാക്കീസിനു മുന്നിലൂടെയാണ് ഗൗതമന്‍ ദിവസവും വീട്ടിലേക്ക് പോകുന്നത്. അവിടെ ഇരുട്ടുപിടിച്ചുകിടപ്പാണ്. പ്രസാദ് ലോട്ടറിക്കച്ചവടത്തിലേക്കു മാറിയിരുന്നു. അവന്‍ ചിലനേരം അംബിക ടാക്കീസിനു മുന്നില്‍ ചുറ്റിത്തിരിയുന്നതു കാണാം. ജൂണ്‍, ജൂലായ് മാസത്തെ മഴ ആകാശത്ത് തൂങ്ങിനില്പുണ്ട്. ഓല മേഞ്ഞില്ലെങ്കില്‍ ടാക്കീസ് ആകെ ചോര്‍ന്നൊലിക്കുമെന്ന് പ്രസാദ് ആശങ്കപ്പെട്ടു. ടാക്കീസ് പുതുക്കിപ്പണിയുമെന്ന ശ്രുതി കേള്‍ക്കുന്നുണ്ട്. കുട്ടന്‍ചേട്ടന്‍വഴി കിട്ടിയതാണ്. ആദികേശവനാണ് അതിന് മുന്നിട്ടിറങ്ങുന്നത്. അയാള്‍ക്കാണ് ഇവിടം കിട്ടിയിരിക്കുന്നത്. ടാക്കീസിന്റെ പേരൊന്നും മാറ്റുന്നില്ല. കാപ്പിത്തോട്ടം ടാക്കീസുപോലെ മെച്ചപ്പെട്ട ഒന്ന് ഗൗതമന്‍ സങ്കല്പിച്ചു.
മോഹനയണ്ണന്‍ പത്രത്തിന്റെ പേജ് മുന്നിലേക്ക് നീട്ടിവെച്ചു. ജയന്‍ മരിച്ചിട്ടില്ല, അമേരിക്കയില്‍ ജീവിച്ചിരിക്കുന്നു, എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായ ജയനെ കൊല്ലാനായി ഡോക്ടര്‍ക്ക് മൂന്നുലക്ഷം രൂപ നല്കി. പ്രമുഖനടനാണ് തുക നല്കിയത്. ഡോക്ടര്‍ ജയന്റെ ആരാധകനായിരുന്നു. തന്റെ സ്വാധീനം ഉപയോഗിച്ച് ഡോക്ടര്‍ ജയനെ അമേരിക്കയിലേക്ക് കടത്തി. പകരം മോര്‍ച്ചറിയിലെ ഒരു മൃതദേഹം വിട്ടുകൊടുത്തു. അതിനുമുന്‍പ് മൃതദേഹത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തി ജയന്റെ രൂപസാദൃശ്യത്തിലെത്തിച്ചിരുന്നു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ജയന്‍ 1981 ജൂലായ് 17 ന് കേരളത്തില്‍ തിരിച്ചെത്തും.
നിങ്ങളൊക്കെ പോകുന്നുണ്ടോ ജയേട്ടനെ സ്വീകരിക്കാന്‍?
പിന്നേ, അച്ചടിച്ച പോസ്റ്ററുകളിലൊന്ന് സുദര്‍ശനയണ്ണന്‍ ഉയര്‍ത്തിക്കാട്ടി. നഗരത്തില്‍ ഒട്ടിക്കാന്‍ തയ്യാറാക്കിയതായിരുന്നു അത്. 'ജയേട്ടന് സ്വാഗതം' എന്നായിരുന്നു അതില്‍ അച്ചടിച്ചിരുന്നത്. ചുവന്ന അക്ഷരങ്ങളില്‍ അച്ചടിച്ച ഒന്ന്.
ഞാനും വരട്ടേ? ഗൗതമന്‍ ആരാഞ്ഞു.
വണ്ടീല് നെറയെ ആളായിപ്പോയി ഗൗതമാ.
ഗൗതമന്‍ നിശ്ശബ്ദനായി. ജയേട്ടന്റെ മടങ്ങിവരവ് കാണാന്‍ അവന്‍ ആഗ്രഹിക്കുന്നു. എന്തായാലും ഇതുവരെ വായിച്ചതുപോലുള്ള ഊഹാപോഹമല്ല. ആധികാരികമായ പത്രവാര്‍ത്തയാണ്. അംബികാമ്മ ആത്മഹത്യ ചെയ്തത് എന്തു കഷ്ടമായിപ്പോയി. ജയേട്ടന്‍ മരിച്ച ദുഃഖത്തിലല്ലേ അവര്‍ ജീവിതം അവസാനിപ്പിച്ചത്. അവരെ സംസ്‌കരിച്ച സ്ഥലത്ത് ജയേട്ടന്‍ വന്നു നില്ക്കുന്നത് ഭാവനയില്‍ കണ്ടു. അദ്ദേഹം അവിടെ പൂക്കള്‍ സമര്‍പ്പിക്കും, ഒരുപിടി ചുവന്ന റോസാപ്പൂവുകള്‍.
ഇനി പടക്കം വാങ്ങണം, ബാനറെഴുതിക്കണം. ജയേട്ടന് അകമ്പടിയായി ഞങ്ങള് പുറകേ പോകും, മോഹനന്‍ പ്രിന്റര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. പ്രസ്സിന്റെ ചുമരില്‍ ജയേട്ടന്‍ പുലിക്കുട്ടികളെയുമെടുത്ത് നില്ക്കുന്ന ചിത്രം ഒട്ടിച്ചിട്ടുണ്ട്. അവിടെയൊരു അലമാര ഇരിപ്പുണ്ട്. പ്രിന്റര്‍മാരുടെ അലമാരയാണ്. അതിന്റെ താക്കോലും അവരുടെ കൈയിലാണ്. അമൂല്യവസ്തുക്കളിലൊന്ന് അലമാരയിലുണ്ട്. ജയേട്ടന്റെ അസ്ഥിക്കഷണങ്ങളും ചിതാഭസ്മവുമാണത്. സുദര്‍ശനന്‍ പ്രിന്റര്‍ അത് ഗൗതമന് കാട്ടിക്കൊടുത്തിട്ടുണ്ട്. അതിന് ഇനി എന്തു പ്രസക്തി?.
അതു കളയണ്ട, ഞാന്‍ വെച്ചോളാം, ഗൗതമന്‍ പറഞ്ഞു.
നിനക്ക് പ്രാന്തുണ്ടോ ഗൗതമാ, ഇത് മറ്റാരുടേതോ അല്ലേ? ഏതോ തമിഴന്റേത്.
ഇരുന്നോട്ടേ, ഓടയിലേക്കെറിയാന്‍ പോയ കുപ്പി ഗൗതമന്‍ കൈനീട്ടിവാങ്ങി. ഒന്നുമല്ലെങ്കിലും ചരിത്രപരമായ ഓര്‍മയാണല്ലോ. ജയന്റേതെന്നു കരുതി സൂക്ഷിച്ച അസ്ഥിയും ചിതാഭസ്മവും. പുലര്‍ച്ചെവരെ കാത്തുനിന്ന് കൈക്കലാക്കിയതാണ്. മോഹനയണ്ണന് പോലീസിന്റെ തല്ലും കൊണ്ടു.
ദ്വീപിലും ആ വാര്‍ത്തയെത്തിയിരുന്നു. പനയ്ക്കച്ചോടില്‍ ക്ഷേത്രത്തില്‍ ജയന്റെ ആരാധകര്‍ പ്രത്യേക പൂജ നടത്തി. സെന്റ് ജോസഫ് പള്ളിയില്‍ ജയനായി ആയിരം മെഴുകുതിരികള്‍ കത്തിച്ചു. ദ്വീപില്‍നിന്നും കുട്ടന്‍ചേട്ടനും പ്രസാദുമടങ്ങുന്ന സംഘമാണ് എയര്‍പോര്‍ട്ടിലേക്കു പോയത്. ജീവിച്ചിരുന്നെങ്കില്‍ അംബികാമ്മയും പോകുമായിരുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. ആരാധകര്‍ അക്ഷമരായി കാത്തുനിന്നു. ആകാംക്ഷ അടക്കാനാകാതെ ബീഡിയോ സിഗററ്റോ വലിച്ചു. പൂനന്‍ ടെയിലര്‍ക്ക് നിരന്തരം മൂത്രമൊഴിക്കാന്‍ മുട്ടി. പുകവലിശീലം അയാള്‍ നിര്‍ത്തിയിരുന്നു.
ആ വരുന്നത് ജയേട്ടനല്ലേടാ? മോഹനന്‍ സുദര്‍ശനനോട് ചോദിച്ചു.
ആ ചോദ്യം കേട്ട് കുറെപ്പേര്‍ എത്തിവലിഞ്ഞു നോക്കി.
എവിടേ, ഞാന്‍ കണ്ടില്ല. സുദര്‍ശനന്‍ നെറ്റിചുളിച്ചു. കണ്ണടയെടുക്കാന്‍ അയാള്‍ വിട്ടുപോയിരുന്നു.
ജയന്റെ ചിത്രം പൂനന്‍ ടെയിലര്‍ പ്ലക്കാര്‍ഡായി പിടിച്ചിരുന്നു. രോഷാകുലനായി നില്ക്കുന്ന രൂപം. അങ്ങാടി സിനിമയിലേതായിരുന്നു അത്. കാപ്പിത്തോട്ടത്തിലെ മൂന്നുനാലു ചെറുപ്പക്കാര്‍ പൂനന്‍ ടെയിലര്‍ക്കൊപ്പം കൂടിയിരുന്നു. കൊല്ലത്ത് മുളങ്കാടകത്തും അവര്‍ ടെയിലറെ അനുഗമിച്ചിരുന്നു. അവരെല്ലാം ജയന്റേതുപോലെ വസ്ത്രം ധരിച്ചിരുന്നു. ടെയിലര്‍ തുന്നിയെടുത്തവയായിരുന്നു അവയെല്ലാം. ജയന്റേതുപോലെ മുടി ചീകിയിരുന്നു. നടപ്പും ഭാവവുംപോലും അതുപോലായിരുന്നു. വിമാനത്താവളത്തിലെ ആള്‍ക്കൂട്ടം അവരെ നോക്കിനിന്നു. ചിലര്‍ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. മറ്റുചിലര്‍ ഷേക്ഹാന്‍ഡ് നല്കി.
എടേ പയ്യന്‍, നീയെന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല,
ഇവിടെ ആരും ആര്‍ക്കും സ്വന്തമല്ല, ആരോടും യാതൊരു ഹൃദയബന്ധവും ആര്‍ക്കുമില്ല,
ലോകമേ എനിക്ക് വീടാണ്...
ഞാന്‍ ആരുടെ മുന്നിലും തോറ്റിട്ടില്ല. എന്നെ തോല്പിച്ചു എന്ന് അഹങ്കരിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല- ജയന്റെ ഡയലോഗുകള്‍ അവര്‍ അനുകരിച്ചു. പൂനന്‍ ടെയിലറുടെ ആശയമായിരുന്നു അങ്ങനൊന്ന്. ആളുകള്‍ അതേറ്റെടുത്തതു കണ്ട് ടെയിലര്‍ നിര്‍വൃതിപൂണ്ടു.
വൈകീട്ടോടെ എയര്‍പോര്‍ട്ടിനു പുറത്തെ ആഘോഷങ്ങള്‍ തണുത്തു. ജയന്‍ വരുമെന്നു പറഞ്ഞ ഫ്ളൈറ്റിന്റെ സമയം അപ്പോഴേക്കും കഴിഞ്ഞിരുന്നു. അടുത്ത വിമാനത്തിനു കാത്തുനിന്നിട്ടും ഫലമുണ്ടായില്ല. ആള്‍ക്കൂട്ടം കുറേശ്ശെ പിരിയാന്‍ തുടങ്ങി. എല്ലാവരുടെയും മുഖത്ത് നിരാശയും സങ്കടവുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍, തിരുവനന്തപുരത്തുള്ളവരും കൊല്ലംകാരും പത്തനംതിട്ടക്കാരും ആലപ്പുഴക്കാരുമുണ്ടായിരുന്നു. കോഴിക്കോട്ടുനിന്നും ട്രെയിന്‍പിടിച്ച് ചിലരെത്തിയിരുന്നു. അന്നേരം ആരും പരസ്പരം സംസാരിച്ചില്ല. എല്ലാവരും എന്തെങ്കിലുമൊക്കെ പറയാന്‍ ആഗ്രഹിച്ചു. മോഹനനും സുദര്‍ശനനും കാറില്‍ കയറി. പിന്നിലെ സീറ്റില്‍ തല കുമ്പിട്ടു കിടന്നു. ഭക്ഷണം കഴിക്കാന്‍ കൂട്ടുകാര്‍ ക്ഷണിച്ചെങ്കിലും രണ്ടുപേരും കൂടെച്ചേര്‍ന്നില്ല. പ്രസ്സിലെ ജോലിക്കിടയിലെന്നോണം രണ്ടുപേരും വിയര്‍ത്തൊലിച്ചിരുന്നു. കൈയില്‍ കരുതിയിരുന്ന പൂമാലകള്‍ അവര്‍ വഴിയില്‍ ഉപേക്ഷിച്ചു. പടക്കങ്ങള്‍ ശംഖുമുഖം കടലിലെ തിരകള്‍ കൊണ്ടുപോയി. വഴിനീളേ ജൂലായ്മഴ തൂവിക്കൊണ്ടിരുന്നു.
ജയന്റെ സാധ്യമാകാത്ത മടങ്ങിവരവിനെ കുറിച്ച് ഓര്‍ത്താണോ എന്നറിയില്ല, അപ്പന്‍സാര്‍ അടുത്ത ക്ലാസില്‍ ജെയിംസ് ഡീന്‍ എന്ന അഭിനേതാവിനെക്കുറിച്ച് പറയുകയുണ്ടായി. നടന്‍ കാറപകടത്തിലാണ് മരിച്ചത്. അതിനുശേഷം, പത്തുവര്‍ഷത്തോളം ആരാധകര്‍ അദ്ദേഹത്തിന്റെ വിലാസത്തില്‍ കത്തയച്ചുകൊണ്ടിരുന്നു. ആരാധകരുടെ മനഃശാസ്ത്രത്തെ മുന്‍നിര്‍ത്തിയായിരുന്നു അപ്പന്‍സാര്‍ അന്നു സംസാരിച്ചത്. കര്‍ക്കടകമഴ ജനാലയിലൂടെ അന്നേരം ക്ലാസിനകത്തേക്കു വന്നു.
Content Highlights: S.R Lal,Actor Jayan, Jayante Ajnathajeevitham


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..