അന്ന് ആസാദ് പറഞ്ഞു: ഇന്ത്യയിലെ മുസ്‌ലിങ്ങളെ ഇസ്‌ലാമിന്റെ പേരിൽ ഒരുമിപ്പിക്കാനാവില്ല


ആരിഫ് മുഹമ്മദ് ഖാന്‍

ആരിഫ് മുഹമ്മദ് ഖാൻ, പുസ്തകത്തിന്റെ കവർ

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതി പി. ഐ. ഷെരീഫ് മുഹമ്മദ് വിവര്‍ത്തനം ചെയ്ത പുസ്തകമാണ് ഇസ്‌ലാം: സമൂഹം, രാഷ്ട്രീയം, സ്ത്രീ സ്വാതന്ത്ര്യം. മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മൗലാനാ അബുള്‍കലാം ആസാദ് 1946 ഏപ്രിലില്‍ ചട്ടാന്‍ എന്ന ഉറുദു മാസികയ്ക്കുവേണ്ടി പത്രപ്രവര്‍ത്തകനായ ഷോറിഷ് കാഷ്മീരിക്ക് താഴെ കൊടുക്കുന്ന അഭിമുഖം നല്‍കുകയുണ്ടായി. ക്യാബിനറ്റ് മിഷന്‍ ഡല്‍ഹിയിലും സിംലയിലും അതിന്റെ നടപടിക്രമങ്ങള്‍ നടത്തിവരുന്ന സമയമായിരുന്നു അത്. അഭിമുഖത്തില്‍, മൗലാനാ ആസാദ് ഞെട്ടിക്കുന്ന പ്രവചനങ്ങള്‍- അതായത്, പാകിസ്താന്‍ മതസംഘര്‍ഷങ്ങള്‍മൂലം കീറിമുറിയുമെന്നും അതിന്റെ കിഴക്കന്‍പാതി സ്വന്തം ഭാഗധേയം സൃഷ്ടിച്ചെടുക്കുമെന്നും- നടത്തുകയുണ്ടായി. കഴിവുകെട്ട പാകിസ്താന്‍ ഭണാധികാരികള്‍ പട്ടാളഭരണത്തിന് വഴിവെക്കുമെന്നുംവരെ അദ്ദേഹം പറഞ്ഞു.

(ആസാദ് അഭിമുഖത്തിനായി അതിരാവിലെയുള്ള സമയമാണ് അനുവദിച്ചതെന്നും അഭിമുഖം രണ്ടാഴ്ച നീണ്ടുനിന്നുവെന്നും ഷോറിഷ് കാഷ്മീരി പറയുന്നു. ഈ അഭിമുഖം, ആസാദ് ശതാബ്ദി ഗ്രന്ഥാവലിയിലോ മറ്റേതെങ്കിലും ഗ്രന്ഥത്തിലോ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല; ഒന്നില്‍ ഒഴികെ. ഇന്ന് നിലവിലില്ലാത്ത മത്ബൂവാത് ചട്ടാന്‍ ലാഹോര്‍ എന്ന പ്രസിദ്ധീകരണസ്ഥാപനം ഒരിക്കല്‍ മാത്രം അച്ചടിച്ച കാഷ്മീരിയുടെതന്നെ അബുള്‍ കലാം ആസാദ് എന്ന പുസ്തകത്തിലാണ് ഇതുള്ളത്. വളരെ വര്‍ഷങ്ങളിലെ തിരച്ചിലിനുശേഷം ആരിഫ് മുഹമ്മദ് ഖാന്‍ ഈ ഗ്രന്ഥം കണ്ടുപിടിക്കുകയും Covertനുവേണ്ടി അത് തര്‍ജ്ജമ ചെയ്യുകയും ചെയ്തു.)

ഷോറിഷ് കാഷ്മീരി: ഒത്തുതീര്‍പ്പിനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുന്നവിധം ഹിന്ദു- മുസ്ലിം സംഘര്‍ഷം രൂക്ഷമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ പാകിസ്താന്റെ പിറവി അനിവാര്യമായിരിക്കുന്നുവെന്ന് താങ്കള്‍ കരുതുന്നില്ലേ?

മൗലാനാ ആസാദ്: ഹിന്ദു-മുസ്ലിം പ്രശ്നത്തിന്റെ പരിഹാരം പാകിസ്താനായിരുന്നെങ്കില്‍ ഞാനതിനെ പിന്തുണയ്ക്കുമായിരുന്നു. ഹിന്ദുക്കളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം അതിനനുകൂലമായി ഇപ്പോള്‍ തിരിയുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യ (N.W.F.P.), സിന്ധ്- ബലൂചിസ്താന്‍ പഞ്ചാബിന്റെ പാതി എന്നിവ ഒരു വശത്തും ബംഗാളിന്റെ പാതി മറുവശത്തും കൊടുത്താല്‍ അവശേഷിക്കുന്ന ഇന്ത്യ- വര്‍ഗ്ഗീയ അവകാശവാദങ്ങളില്‍നിന്നു മുക്തമായ വലിയൊരു രാജ്യം കിട്ടുമെന്ന് അവര്‍ ധരിക്കുന്നു. മുസ്ലിം ലീഗിന്റെ പദാവലി ഉപയോഗിച്ചാല്‍, ഈ പുതിയ രാജ്യം പ്രായോഗികമായും വൈകാരികമായും ഒരു ഹിന്ദുരാഷ്ട്രമായിരിക്കും. ബോധപൂര്‍വ്വമായ ഒരു തീരുമാനത്തിന്റെ ഭാഗമായിട്ടല്ല ഇതു സംഭവിക്കുക. മറിച്ച്, അതിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ യുക്തിപരമായ പരിണതഫലമായിരിക്കും അത്. ചരിത്രപൂര്‍വ്വകാലം തൊട്ട് സ്വന്തം മൂല്യങ്ങളും വികാരങ്ങളും അനുസരിച്ച് ജീവിച്ചുപോന്ന ഹിന്ദുക്കള്‍ 90 ശതമാനം വരുന്ന ഒരു സമൂഹം മറ്റൊരു വിധത്തില്‍ വളര്‍ന്നുവരുന്നതെങ്ങനെയാണ്?
ഇന്ത്യന്‍ സമൂഹത്തില്‍ ഇസ്ലാമിന് അടിത്തറപാകിയ, അതിനു വമ്പിച്ച ജനപിന്തുണ നല്‍കിയ ഘടകങ്ങള്‍ വിഭജനരാഷ്ട്രീയത്തിന്റെ ഇരകളായിത്തീര്‍ന്നു.
അതു സൃഷ്ടിച്ച വര്‍ഗ്ഗീയവിദ്വേഷം ഇസ്ലാമിന്റെ പ്രവചനത്തിനും വളര്‍ച്ചയ്ക്കുമുള്ള സാദ്ധ്യതകളെല്ലാം പൂര്‍ണ്ണമായി നശിപ്പിച്ചിരിക്കുന്നു. വര്‍ഗ്ഗീയരാഷ്ട്രീയം മതത്തെ അളവില്ലാതെ വ്രണപ്പെടുത്തിയിരിക്കുന്നു.

മുസ്ലിങ്ങള്‍ ഖുര്‍ആനില്‍നിന്ന് മുഖംതിരിച്ചിരിക്കുന്നു. അവര്‍ ഖുര്‍ആനില്‍നിന്നും പരിശുദ്ധ പ്രവാചകന്റെ ജീവിതത്തില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും മതത്തിന്റെ പേരില്‍ വര്‍ഗ്ഗീയരാഷ്ട്രീയം നടത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇസ്ലാമിന്റെ വികാസം തടസ്സപ്പെടില്ലായിരുന്നു. മുഗള്‍ ഭരണം ക്ഷയിക്കുന്ന കാലത്ത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ 2.25 കോടി, അതായത്, ഇന്നത്തെ സംഖ്യയുടെ 65 ശതമാനമായിരുന്നു. അന്നുമുതല്‍ സംഖ്യ വര്‍ദ്ധിച്ചു വന്നുകൊണ്ടിരുന്നു. സാമുദായികബന്ധങ്ങളെ കലുഷമാക്കുന്ന വിധ്വംസകമായ ഭാഷ മുസ്ലിം രാഷ്ട്രീയക്കാര്‍ ഉപയോഗിക്കാതെയിരുന്നുവെങ്കില്‍, മറ്റൊരു വിഭാഗം ബ്രിട്ടീഷ് ഏജന്റുമാരായി നിന്ന് ഹിന്ദു-മുസ്ലിം ഭിന്നിപ്പു വളര്‍ത്താന്‍ ശ്രമിക്കാതെയിരുന്നുവെങ്കില്‍, ഇന്ത്യയിലെ മുസ്ലിങ്ങളുടെ എണ്ണം ഇനിയും കൂടുതല്‍ വളരുമായിരുന്നു.

മതത്തിന്റെ പേരില്‍ നാം സൃഷ്ടിച്ച രാഷ്ട്രീയവിവാദങ്ങള്‍ ഇസ്ലാമിനെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമായി, അതിന്റെ യഥാര്‍ത്ഥ സത്തയായ മനുഷ്യാത്മാവിന്റെ പരിവര്‍ത്തനത്തിനുള്ള മൂല്യവ്യവസ്ഥയായല്ലാതെ കാണാനിടയാക്കി. ബ്രിട്ടീഷ് സ്വാധീനത്തിന്‍ കീഴില്‍ നാം ഇസ്ലാമിനെ ഒരു അടച്ചുമൂടിയ വ്യവസ്ഥയാക്കി. ജൂതര്‍, പാഴ്സികള്‍, ഹിന്ദുക്കള്‍ തുടങ്ങിയവരുടെ പാത പിന്തുടര്‍ന്ന് നാം നമ്മെ ഒരു പരമ്പരാഗതസമൂഹമാക്കി. ഇസ്ലാമിനെയും അതിന്റെ സന്ദേശത്തെയും ഇന്ത്യന്‍ മുസ്ലിങ്ങള്‍ മരവിപ്പിച്ചുകളഞ്ഞു. ഒപ്പം പല വിഭാഗങ്ങളായി പിരിച്ചു. ചില വിഭാഗങ്ങള്‍ കൊളോണിയല്‍ ഭരണശക്തിയുടെ നിര്‍ദ്ദേശത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതിന്റെ ഫലമായി, ഈ വിഭാഗങ്ങള്‍ക്ക് സര്‍വ്വചലനാത്മകതയും നഷ്ടമായി. ഇസ്ലാമികമൂല്യങ്ങളിലെ വിശ്വാസവും കൈവിട്ടു. പരിശ്രമശീലമാണ് ഇസ്ലാമിന്റെ മുഖമുദ്ര. ഇന്ന് ആ പദംതന്നെ അവര്‍ക്ക് അന്യമായിരിക്കുന്നു. തീര്‍ച്ചയായും അവര്‍ മുസ്ലിങ്ങള്‍തന്നെ. പക്ഷേ, അവര്‍ അവരുടെ മാത്രം വികാരകല്‍പ്പനകളും ആഗ്രഹങ്ങളും കൊണ്ടുനടക്കുകയാണ്. അവര്‍ ഖുര്‍ആന്റെ മതമല്ല, രാഷ്ട്രീയത്തിന്റെ മതമാണ് ഇഷ്ടപ്പെടുന്നത്.

പാകിസ്താന്‍ ഒരു രാഷ്ട്രീയനിലപാടാണ്. അത് ഇന്ത്യന്‍ മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണെങ്കിലും ഇല്ലെങ്കിലും അത് ഇസ്ലാമിന്റെ പേരിലാണ് ആവശ്യപ്പെടുന്നത്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വ്യത്യസ്ത പ്രദേശങ്ങളിലാക്കാന്‍ ഇസ്ലാം എപ്പോള്‍, എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നതാണ് പ്രശ്നം. ഇതിന് ഖുര്‍ആനിലോ വിശുദ്ധപ്രവാചകന്റെ ചര്യകളിലോ എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളത്? ഏത് ഇസ്ലാമികപണ്ഡിതനാണ് അല്ലാഹുവിന്റെ സാമ്രാജ്യത്തെ ഇത്തരത്തില്‍ വിഭജിച്ചത്? നാം ഈ വിഭജനം അംഗീകരിക്കുന്നതായാല്‍ ഒരു സാര്‍വ്വലൗകിക വ്യവസ്ഥയായ ഇസ്ലാമുമായി അതിനെ എങ്ങനെ പൊരുത്തപ്പെടുത്തും? ഇന്ത്യ ഉള്‍പ്പെടെയുള്ള അനിസ്ലാമിക പ്രദേശങ്ങളില്‍ അങ്ങനെയെങ്കില്‍ ഇസ്ലാമിന്റെ വര്‍ദ്ധിച്ചു വരുന്ന സാന്നിദ്ധ്യം എങ്ങനെ നാം വിശദീകരിക്കും? ഇസ്ലാം ഈ തത്ത്വം അംഗീകരിച്ചിരുന്നെങ്കില്‍, അതിന്റെ അനുയായികളെ അനിസ്ലാമിക രാജ്യങ്ങളില്‍ പോകാന്‍ അനുവദിക്കുമായിരുന്നില്ല എന്നു നാം തിരിച്ചറിയണം. അങ്ങനെയെങ്കില്‍ പാകിസ്താനെ പിന്തുണയ്ക്കുന്നവരുടെ പിതാമഹന്മാര്‍ പലരും ഇസ്ലാമില്‍ എത്തുകയില്ലായിരുന്നു.

മതാടിസ്ഥാനത്തില്‍ ഭൂവിഭാഗങ്ങള്‍ വേര്‍തിരിക്കുക എന്നത് മുസ്ലിം ലീഗിന്റെ ഒരു കുരുട്ടു സാങ്കേതികവിദ്യയാണ്. അവര്‍ക്കത് അവരുടെ രാഷ്ട്രീയ അജന്‍ഡയായി പിന്തുടരാം. എന്നാല്‍, അതിന് ഇസ്ലാമിലോ ഖുര്‍ആനിലോ അനുമതിയൊന്നുമില്ല. ഭക്തനായ ഒരു മുസ്ലിമിന്റെ വലിയ സ്വപ്നമെന്താണ്? ഇസ്ലാമിന്റെ വെളിച്ചം പ്രസരിപ്പിക്കുകയോ രാഷ്ട്രീയമോഹങ്ങള്‍ നേടിയെടുക്കാനായി മതാടിസ്ഥാനത്തില്‍ ഭൂവിഭാഗങ്ങളെ പിരിക്കുകയോ? പാകിസ്താന്‍ വേണമെന്ന വാദം ഒരുവിധത്തിലും മുസ്ലിങ്ങളെ സഹായിച്ചിട്ടില്ല. പാകിസ്താന്‍ വന്നതുകൊണ്ട് ഇസ്ലാമിനെന്തു ഗുണം എന്ന ചോദ്യം, അതിനു കിട്ടുന്ന നേതൃത്വത്തെ ആശ്രയിച്ചിരിക്കും. പാശ്ചാത്യചിന്തയും തത്ത്വശാസ്ത്രവും ചെലുത്തിയ സ്വാധീനം ഈ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നടപടികള്‍ ഇസ്ലാമിനെ പാകിസ്താനിലും മുസ്ലിങ്ങളെ ഇന്ത്യയിലും ഒരു കിട്ടാക്കനിയാക്കും. ഇതൊരു അനുമാനം മാത്രമാണ്. ഭാവിയുടെ ഗര്‍ഭപാത്രത്തില്‍ എന്താണുള്ളതെന്ന് അല്ലാഹുവിനറിയാം. പാകിസ്താന്‍ നിലവില്‍ വരുമ്പോള്‍ മതപരമായ സംഘര്‍ഷങ്ങളെ അതിനു നേരിടേണ്ടിവരും. എനിക്കു തോന്നുന്നത് അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവര്‍ ഇസ്ലാമിന് കടുത്ത നാശമുണ്ടാക്കും. അവരുടെ പെരുമാറ്റം പാകിസ്താനി യുവത്വത്തെ അന്യഥാവത്കരിക്കുകയും അവര്‍ മതത്തിന്റേതല്ലാത്ത പ്രസ്ഥാനങ്ങളുടെ ഭാഗമാവുകയും ചെയ്യും. ഇന്ന് മുസ്ലിം ന്യൂനപക്ഷ സംസ്ഥാനങ്ങളില്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളെക്കാള്‍ മുസ്ലിം യുവാക്കള്‍ മതത്തോട് ആകര്‍ഷണമുള്ളവരാണ്. ഉലമയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തത്തിനു നടുവിലും പാകിസ്താനില്‍ മതത്തിനുള്ള തിളക്കം കുറഞ്ഞുവരും എന്നു നിങ്ങള്‍ക്കു കാണാം.

ഷോറിഷ് കാഷ്മീരി: പക്ഷേ, ഉലമയില്‍ പലരും ഖൈദി ആസാമിന് (മുഹമ്മദലി ജിന്ന) ഒപ്പമാണല്ലോ.

മൗലാനാ ആസാദ്: ഉലമയില്‍ പലരും അക്ബറെ അസമിനൊപ്പവും ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന് പുതിയൊരു മതം ഉണ്ടാക്കിക്കൊടുത്തു. വ്യക്തികളെപ്പറ്റി പറയാതിരിക്കൂ. ഇസ്ലാമിന് അപമാനവും നാണക്കേടും ഉണ്ടാക്കിയ ഉലമമാരുടെ ചെയ്തികളാല്‍ നിറഞ്ഞതാണ് നമ്മുടെ ചരിത്രം. സത്യം ഉയര്‍ത്തിപ്പിടിച്ചവര്‍ അപവാദങ്ങളാണ്. കഴിഞ്ഞ 1300 വര്‍ഷക്കാലത്തെ മുസ്ലിം ചരിത്രത്തില്‍ അന്തസ്സോടെ എടുത്തുപറയാവുന്ന എത്ര ഉലമമാരുണ്ട്? ഒരു ഇമാം ഹന്‍ബല്‍, ഒരു ഇബ്നു തൈമിയ. ഇന്ത്യയില്‍ ഷാ വലീയുള്ളയും കുടുംബവും. അല്ലാതെ നാം ആരെ ഓര്‍ക്കുന്നു? അല്‍ യഫ്സാനിയുടെ ധൈര്യം അവിതര്‍ക്കിതമാണ്. എന്നാല്‍, അദ്ദേഹത്തിനെതിരേ രാജധാനിയില്‍ പരാതി കൊടുത്ത് അദ്ദേഹത്തെ തടങ്കലിലാക്കാന്‍ ഇടയാക്കിയതും ഉലമമാര്‍തന്നെ. അവര്‍ ഇന്നെവിടെയാണ്? അവരെ ആരെങ്കിലും ബഹുമാനിക്കുന്നുണ്ടോ?

ഷോറിഷ് കാഷ്മീരി: മൗലാനാ, പാകിസ്താന്‍ ഒരു യാഥാര്‍ത്ഥ്യമായാല്‍ എന്താണ് തരക്കേട്? എന്തായാലും സമുദായത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ 'ഇസ്ലാം' ആണല്ലോ ഉപയോഗിക്കപ്പെടുന്നത്.

മൗലാനാ ആസാദ്: ഇസ്ലാമിക മാനകങ്ങളനുസരിച്ച് ശരിയല്ലാത്തൊരു ലക്ഷ്യത്തിനു വേണ്ടിയാണ് നിങ്ങള്‍ ഇസ്ലാമിന്റെ പേര് ഉപയോഗിക്കുന്നത്. അത്തരം പല അത്യാചാരങ്ങളും മുസ്ലിം ചരിത്രത്തില്‍ കാണാം. (ഇമാം അലിയും പരിശുദ്ധ പ്രവാചകന്റെ വിധവ ഐഷയും തമ്മില്‍ നടന്ന) ജമാല്‍ യുദ്ധത്തില്‍ കുന്തങ്ങളില്‍ ഖുര്‍ആന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അത് ശരിയായിരുന്നോ? കര്‍ബല യുദ്ധത്തില്‍ പ്രവാചകന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ പ്രവാചക കുടുംബത്തിലെ അംഗങ്ങളെ രക്തസാക്ഷികളാക്കി. അത് ശരിയായിരുന്നോ? ഹജ്ജാജ് ഒരു മുസ്ലിം ജനറലായിരുന്നു. അയാള്‍ മക്കയിലെ വിശുദ്ധദേവാലയം ആക്രമിച്ചു. അതു ശരിയായിരുന്നോ? കുത്സിതമായ ഒരു ലക്ഷ്യത്തെ സാധൂകരിക്കാന്‍ ഒരു വിശുദ്ധവചനത്തിനും കഴിയില്ല.

പാകിസ്താന്‍ മുസ്ലിങ്ങള്‍ക്ക് നല്ലതായിരുന്നെങ്കില്‍ ഞാനതിനെ പിന്തുണയ്ക്കുമായിരുന്നു. എന്നാല്‍ ആ ആവശ്യത്തിനു പിന്നിലെ അപകടങ്ങള്‍ ഞാന്‍ വ്യക്തമായി കാണുന്നു. ജനങ്ങള്‍ എന്റെ പിന്നാലെ വരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, എനിക്കെന്റെ മനസ്സാക്ഷിയുടെ ശബ്ദത്തിനു വിരുദ്ധമായി നീങ്ങാനാവില്ല. ജനങ്ങള്‍ സാധാരണയായി ഒന്നുകില്‍ സമ്മര്‍ദ്ദത്തിനു വഴങ്ങും. അല്ലെങ്കില്‍ അനുഭവത്തില്‍നിന്നു ലഭിച്ച പാഠങ്ങള്‍ക്കനുസരിച്ചു നീങ്ങും. അനുഭവം കിട്ടുന്നതുവരെ പാകിസ്താന് എതിരേ പറയുന്നതൊന്നും ജനം കേള്‍ക്കില്ല. ഇന്ന് അവര്‍ക്ക് വെള്ളയെ കറുപ്പെന്നു വിളിക്കാം. പക്ഷേ, പാകിസ്താന്‍ കൈവിടില്ല. ഇനിയതു തടുക്കണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യത്തിനു വഴങ്ങാതിരിക്കണം. അല്ലെങ്കില്‍ മിസ്റ്റര്‍ ജിന്ന പുതിയ നിര്‍ദ്ദേശമെന്തെങ്കിലും അംഗീകരിക്കണം.

പ്രവര്‍ത്തക സമിതിയിലെ എന്റെ സഹപ്രവര്‍ത്തകരുടെ നിലപാടില്‍നിന്നു മനസ്സിലാവുന്നത്, വിഭജനം അനിവാര്യമാണെന്നാണ്. എന്നാല്‍, വിഭജനത്തിന്റെ ദുഷ്ഫലങ്ങള്‍ ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ബാധിക്കും എന്ന് മുന്നറിയിപ്പു തരാതിരിക്കാനാവുന്നില്ല. ജനതയുടെ മതത്തിന്റെ അടിസ്ഥാനത്തില്‍, പര്‍വ്വതമോ മരുഭൂമിയോ നദിയോ പോലെയുള്ള പ്രകൃതിജന്യമായ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയല്ല വിഭജനം നടക്കുക. ഒരു വര വരയ്ക്കും. പക്ഷേ, അതിന്നെത്ര സ്ഥായിയുണ്ടാകും എന്നു പറയാന്‍ കഴിയില്ല.

വെറുപ്പില്‍ രൂപീകരിച്ച ഒരു അസ്തിത്വം വെറുപ്പു നിലനില്‍ക്കുന്നിടത്തോളമേ നീണ്ടുനില്‍ക്കൂ. ഈ വെറുപ്പ് ഇന്ത്യ- പാകിസ്താന്‍ ബന്ധങ്ങളെ ആഴ്ത്തിക്കളയും. എന്തെങ്കിലും മഹാവിപത്ത് ഏര്‍പ്പെട്ടില്ലെങ്കില്‍, ഈ നിലയില്‍ ഇന്ത്യയ്ക്കും പാകിസ്താനും സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ല. വിഭജനത്തിന്റെ രാഷ്ട്രീയംതന്നെ രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു പ്രതിബന്ധമായി നില്‍ക്കും. പാകിസ്താന് ഇന്ത്യയിലെ മുസ്ലിങ്ങളെയെല്ലാം ഉള്‍ക്കൊള്ളാന്‍തക്ക വലിപ്പമില്ല. മറുവശത്ത്, ഹിന്ദുക്കള്‍ക്ക്, വിശേഷിച്ചും പടിഞ്ഞാറന്‍ പാകിസ്താനില്‍ തുടരാനാവുകയുമില്ല. അവരെ ഒന്നുകില്‍ പുറത്താക്കും. അല്ലെങ്കില്‍ അവര്‍ തനിയെ വരും. ഇതിന് ഇന്ത്യയില്‍ പരിണതഫലങ്ങളുണ്ടാകും. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് മൂന്നു വഴികളുണ്ടാകും.
1. അവര്‍ കൊള്ളയ്ക്കും ക്രൂരതയ്ക്കും ഇരകളായി പാകിസ്താനിലേക്ക് കുടിയേറും. എന്നാല്‍ എത്ര മുസ്ലിങ്ങള്‍ക്ക് അവിടെ ഒരു കൂര കണ്ടെത്താനാവും?
2. അവര്‍ കൊലയ്ക്കും മറ്റതിക്രമങ്ങള്‍ക്കും പാത്രങ്ങളാകും. ഒരു വലിയ വിഭാഗം മുസ്ലിങ്ങള്‍ ഈ കടുത്ത പരീക്ഷണത്തിലൂടെ കടന്നുപോകേണ്ടിവരും. വിഭജനത്തിന്റെ കയ്പനുഭവങ്ങള്‍ മറക്കുകയും ആ തലമുറ അവരുടെ കാലം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതുവരെ അതു തുടരും.
3. ദാരിദ്ര്യവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രാദേശികശോഷണവും നിമിത്തം നല്ലൊരു സംഖ്യ മുസ്ലിങ്ങള്‍ ഇസ്ലാം ഉപേക്ഷിക്കും.
മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന പ്രമുഖ മുസ്ലിങ്ങള്‍ പാകിസ്താനിലേക്കു പോകും. ധനികരായ മുസ്ലിങ്ങള്‍ പാകിസ്താനിലെ വ്യവസായവും ബിസിനസ്സും ഏറ്റെടുത്ത് അവിടത്തെ സമ്പദ് വ്യവസ്ഥയെ കുത്തകയാക്കും. എന്നാല്‍ മൂന്നു കോടിയിലേറെ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അവശേഷിക്കും. പാകിസ്താന്‍ അവര്‍ക്കെന്താണ് വെച്ചുനീട്ടുന്നത്? ഹിന്ദുക്കളെയും സിഖുകാരെയും പാകിസ്താനില്‍നിന്നും പുറത്താക്കിയ ശേഷമുള്ള അവരുടെ സ്ഥിതി കൂടുതല്‍ അപകടകരമായിരിക്കും. പാകിസ്താനുതന്നെ പല ഗുരുതരമായ പ്രശ്നങ്ങളുമുണ്ടാകും. ഏറ്റം വലിയ അപകടം, ഈ പുതിയ രാജ്യത്തെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ശക്തികളില്‍നിന്നാവും. കാലം പോകേ, ഈ നിയന്ത്രണം കൂടുതല്‍ പിടിമുറുക്കും. പാകിസ്താനില്‍നിന്ന് അപകടവും വിദ്വേഷവും മണക്കുന്ന ഇന്ത്യയ്ക്ക് ഈ ഭീഷണിയുണ്ടാവില്ല.

മിസ്റ്റര്‍ ജിന്നയുടെ ശ്രദ്ധ പതിയാതെപോയ മറ്റൊരു ഘടകം ബംഗാളാണ്. ബംഗാള്‍ വൈദേശീയ നേതൃത്വത്തെ അംഗീകരിക്കില്ല എന്നും, ഇന്നല്ലെങ്കില്‍ നാളെ അതിനെ തിരസ്‌കരിക്കും എന്നും അദ്ദേഹത്തിനറിയില്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത് മിസ്റ്റര്‍ ഫസലുള്‍ ഹഖ് ജിന്നയ്ക്കെതിരേ ശബ്ദമുയര്‍ത്തുകയും ലീഗിനു പുറത്താവുകയും ചെയ്തു. മിസ്റ്റര്‍ എച്ച്.എസ്. ഷഹര്‍വാദി ജിന്നയോട് വലിയ ബഹുമാനം പുലര്‍ത്തുന്നില്ല. എന്തിന് ലീഗിനെ മാത്രം പറയണം? കോണ്‍ഗ്രസ്സിന്റെ കഥ നോക്കൂ. സുഭാഷ്ചന്ദ്ര ബോസിന്റെ എതിര്‍പ്പ് സര്‍വ്വര്‍ക്കും അറിയുന്നതാണ്. ബോസ് അദ്ധ്യക്ഷനായിരിക്കുന്നത് ഗാന്ധിജിക്ക് രസമല്ലായിരുന്നു. രാജ്കോട്ടില്‍ മരണംവരെ ഉപവാസമിരുന്ന് അദ്ദേഹം ബോസിനെതിരേ സാഹചര്യങ്ങള്‍ തിരിച്ചു. ബംഗാളിന്റെ അന്തരീക്ഷം പുറത്തുനിന്നുള്ള നേതൃത്വത്തെ അംഗീകരിക്കുന്നില്ല. അവരുടെ അവകാശങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അപകടം മണക്കുമ്പോള്‍ അവര്‍ പ്രതിഷേധശക്തിയായി ഉയരും.

ജിന്നയും ലിയാഖത് അലിഖാനും ജീവനോടെ ഇരിക്കുന്നിടത്തോളം പൂര്‍വ്വ പാകിസ്താന്റെ വിശ്വാസം നഷ്ടമാവുകയില്ല. എന്നാല്‍ അവരുടെ കാലശേഷം ഏതു ചെറിയ സംഭവവും, പ്രതിഷേധവും സ്നേഹനാശവുമുളവാക്കും. പൂര്‍വ്വ പാകിസ്താന് ദീര്‍ഘകാലം പശ്ചിമ പാകിസ്താനൊപ്പം തുടരാനാവില്ല എന്നാണെനിക്കു തോന്നുന്നത്. ഇരുകൂട്ടരും സ്വയം മുസ്ലിങ്ങള്‍ എന്നു വിളിക്കുന്നുവെന്നതില്‍ക്കവിഞ്ഞ് അവര്‍ക്കു സമാനമായി യാതൊന്നുമില്ല. എന്നാല്‍, മുസ്ലിമായിരിക്കുന്നു എന്നതുകൊണ്ടുമാത്രം ലോകത്തൊരിടത്തും സ്ഥായിയായ രാഷ്ട്രീയൈക്യം ഉണ്ടായിട്ടില്ല. അറബ് ലോകം നമ്മുടെ മുമ്പിലുണ്ട്. അവര്‍ ഒരു മതം പിന്തുടരുന്നു, ഒരേ സംസ്‌കാരമാണ്, ഭാഷ ഒന്നാണ്. എന്തിന്, ഭൂമിശാസ്ത്രപരമായും അവര്‍ ഒന്നാണെന്ന് അറിയുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ രാഷ്ട്രീയ ഏകതയില്ല. അവര്‍ പലപ്പോഴും പരസ്പര മാത്സര്യത്തിലും ശത്രുതയിലും കഴിയുന്നു. മറുവശത്ത്, പൂര്‍വ്വ പാകിസ്താന്റെ ഭാഷയും ആചാരമര്യാദകളും ജീവിതക്രമവും പശ്ചിമ പാകിസ്താന്റേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പാകിസ്താന്റെ സൃഷ്ടിയുടെ ഊഷ്മളത തണുത്തുവരുമ്പോള്‍ വൈരുദ്ധ്യങ്ങള്‍ ഉയര്‍ന്നുവരികയും, അവ തീക്ഷ്ണമായി പ്രകടിപ്പിക്കപ്പെടുകയും ചെയ്യും. അന്താരാഷ്ട്ര അധികാരശക്തികളുടെ താത്പര്യസംഘര്‍ഷങ്ങള്‍ ചൂടു പിടിപ്പിക്കാന്‍കൂടി ഉണ്ടാകുമ്പോള്‍ രണ്ടു പക്ഷങ്ങളും വേര്‍പിരിയും.

ഒരിക്കല്‍ പൂര്‍വ്വ പാകിസ്താന്‍ വേര്‍പിരിഞ്ഞാല്‍, അതെപ്പോഴായാലും, പശ്ചിമ പാകിസ്താന്‍ പ്രാദേശിക വൈരുദ്ധ്യങ്ങളുടെയും തര്‍ക്കങ്ങളുടെയും പോര്‍നിലമായിത്തീരും. പഞ്ചാബി, സിന്ധി, അതിര്‍ത്തിപ്രവിശ്യ, ബലൂചിസ്ഥാന്‍ എന്നിവയുടെ ഉപദേശീയസ്വത്വങ്ങള്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിതുറക്കും. പാകിസ്താനി രാഷ്ട്രീയ നേതൃത്വത്തിലെ വിരുദ്ധധാരകളെ ഉപയോഗിച്ച് അന്തര്‍ദ്ദേശീയ അധികാരശക്തികള്‍ ബല്‍ക്കാന്‍, അറബ് ദേശങ്ങളെപ്പോലെ പാകിസ്താനെയും ഛിന്നഭിന്നമാക്കാന്‍ പിന്നെ താമസമുണ്ടാവില്ല. ഒരുപക്ഷേ, ആ സന്ധിയില്‍ നാം സ്വയം ചോദിച്ചേക്കാം: നാം എന്തു നേടി? എന്തു നഷ്ടപ്പെടുത്തി?

യഥാര്‍ത്ഥ പ്രശ്നം സാമ്പത്തിക വികാസത്തിന്റെയും പുരോഗതിയുടേതുമാണ്. മതത്തിന്റേതല്ലതന്നെ. മുസ്ലിം ബിസിനസ് നേതാക്കള്‍ക്ക് സ്വന്തം കഴിവിനെയും മത്സരബുദ്ധിയെയും കുറിച്ച് സംശയങ്ങളുണ്ട്. ഔദ്യോഗിക രക്ഷാകര്‍ത്തൃത്വവും ഇളവുകളും ശീലിച്ചുപോയ അവര്‍ പുതിയ സ്വാതന്ത്ര്യത്തെ ഭയക്കുന്നു. ആ ഭയം മറയ്ക്കാനാണ് അവര്‍ ദ്വിരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നത്. അവിടെ, മത്സരിക്കുന്ന എതിരാളികളെക്കൂടാതെ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കാനുള്ള കുത്തക കൈക്കലാക്കാമല്ലോ. ഈ കാപട്യം എത്ര നാളേക്ക് മറച്ചുവക്കാനാകും എന്നു നിരീക്ഷിക്കുന്നത് കൗതുകകരമാണ്.

സ്ഥാപനകാലം മുതല്‍ പാകിസ്താന്‍ ചില ഗൗരവതരമായ പ്രശ്നങ്ങളെ നേരിടും എന്നെനിക്കു തോന്നുന്നു:
1. കെല്‍പ്പില്ലാത്ത രാഷ്ട്രീയനേതൃത്വം സൈനിക സ്വേച്ഛാധിപത്യത്തിനു വഴിവെക്കും- മറ്റു പല മുസ്ലിം രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളതുപോലെ.
2. വിദേശകടത്തിന്റെ കനത്ത ബാദ്ധ്യത.
3. അയല്‍രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന്റെ അഭാവവും സായുധസംഘട്ടനത്തിനുള്ള സാദ്ധ്യതയും.
4. ആഭ്യന്തര അസ്വസ്ഥതകളും പ്രാദേശികസംഘര്‍ഷങ്ങളും.
5. നവധനികരും വ്യവസായികളും ചേര്‍ന്നു നടത്തുന്ന ദേശീയസമ്പത്തിന്റെ കൊള്ള.
6. നവസമ്പന്നര്‍ നടത്തുന്ന ചൂഷണത്തിന്റെ ഫലമായുണ്ടാകാവുന്ന വര്‍ഗ്ഗസംഘര്‍ഷത്തിന്റെ ഭയം.
7. യുവാക്കള്‍ക്ക് മതത്തില്‍നിന്നുണ്ടാകുന്ന അന്യഥാത്വവും (alienation) അതൃപ്തിയും മൂലം പാകിസ്താന്‍ എന്ന സങ്കല്‍പ്പത്തിന്റെ തകര്‍ച്ച.
8. പാകിസ്താനെ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഗൂഢാലോചനകള്‍.
ഈ സാഹചര്യത്തില്‍ പാകിസ്താന്റെ സ്ഥിരത വലിയ വെല്ലുവിളി നേരിടും. കാതലായ എന്തെങ്കിലും സഹായം ചെയ്യാന്‍ മുസ്ലിം രാജ്യങ്ങള്‍ക്ക് കഴിയുകയുമില്ല. മറ്റ് സ്രോതസ്സുകളില്‍നിന്നുള്ള സഹായം നിരുപാധികമാവില്ല. അത് പ്രത്യയശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കാന്‍ നിര്‍ബ്ബന്ധിക്കും.

ഷോറിഷ് കാഷ്മീരി: എന്നാല്‍ മുസ്ലിങ്ങള്‍ക്ക് തങ്ങളുടെ സാമുദായസ്വത്വം എങ്ങനെ നിലനിര്‍ത്താന്‍ കഴിയുമെന്നുള്ളതും, ഒരു ഇസ്ലാമികരാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലയ്ക്ക് എങ്ങനെ സ്വഭാവസവിശേഷതകള്‍ വളര്‍ത്തിക്കൊണ്ടുവരാം എന്നതുമാണ് പ്രശ്നം.

മൗലാനാ ആസാദ്: പൊള്ളയായ വാക്കുകള്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ വ്യാജമാക്കിത്തീര്‍ക്കുകയില്ല. പക്ഷപാതത്തോടെയുള്ള ചോദ്യങ്ങള്‍ ഉത്തരങ്ങളെ അപര്യാപ്തമാക്കുകയുമില്ല. അത് ആശയവ്യവഹാരത്തെ വികലപ്പെടുത്തലാണ്. ബ്രിട്ടീഷ് അടിമത്തത്തിനു കീഴില്‍ ഈ സാമുദായികസ്വത്വം സുരക്ഷിതമായിരുന്നുവെങ്കില്‍ മുസ്ലിങ്ങള്‍ക്ക് തുല്യപ്രാതിനിദ്ധ്യമുള്ള സ്വതന്ത്ര ഇന്ത്യയില്‍ അതിനെങ്ങനെ ഭീഷണിയുണ്ടാകും? അല്ലെങ്കില്‍ എന്താണീ സാമുദായിക സ്വത്വമെന്നു പറഞ്ഞാല്‍? മുസ്ലിം രാഷ്ട്രത്തിന്റെ എന്തു പ്രത്യേകതകളാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നത്? വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ പ്രശ്നം. ആര്‍ക്കാണതിന് വിലങ്ങിടാന്‍ കഴിയുക? മതസ്വാതന്ത്ര്യം ഞെരുക്കപ്പെടുന്നത്ര നിസ്സഹായമായൊരവസ്ഥയിലേക്ക് സ്വാതന്ത്ര്യം ഒന്‍പതു കോടി മുസ്ലിങ്ങളെ ചുരുക്കിക്കളയുമോ? ലോകജേതാക്കളായ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍, ഹിന്ദുക്കള്‍ക്ക് ഈ സ്വാതന്ത്ര്യം നിഷേധിക്കാനാവുമോ? (നിങ്ങള്‍ ഉന്നയിച്ച) ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് പാശ്ചാത്യ സ്വാധീനത്തില്‍ സ്വന്തം പാരമ്പര്യം ത്യജിച്ച, ഇന്ന് രാഷ്ട്രീയക്കളികള്‍കൊണ്ട് പൊടിപടലമുയര്‍ത്തുന്ന ചിലരാണ്.

മുസ്ലിം ചരിത്രം ഇന്ത്യന്‍ ചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. മുസ്ലിം ഭരണാധികാരികള്‍ ഇസ്ലാമിന്റെ ഭാഗം സംരക്ഷിക്കുകയായിരുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അവര്‍ക്ക് ഇസ്ലാമിനോടുണ്ടായിരുന്നത് നാമമാത്രമായൊരു ബന്ധമാണ്. അവര്‍ ഇസ്ലാമിക മതപ്രബോധകരായിരുന്നില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ കടപ്പെട്ടിരിക്കുന്നത് സൂഫികളോടാണ്. ആ ദിവ്യപുരുഷന്മാരോടാകട്ടെ, വളരെ ക്രൂരമായാണ് രാജാക്കന്മാര്‍ പെരുമാറിയത്. മിക്ക രാജാക്കന്മാരും ഇസ്ലാമിക വികാരങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിന് തടസ്സമായിരുന്ന വലിയൊരു സംഘം പുരോഹിതന്മാരെ സൃഷ്ടിച്ചു. അതിന്റെ പരിശുദ്ധ രൂപത്തില്‍ ഇസ്ലാമിന് വമ്പിച്ച ആകര്‍ഷണീയതയുണ്ടായിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ ഹെജാഡിലും പരിസരപ്രദേശങ്ങളിലും താമസിച്ചിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ മനസ്സും ഹൃദയവും അത് കവര്‍ന്നു. എന്നാല്‍, ഇന്ത്യയിലേക്കെത്തിയ ഇസ്ലാം വ്യത്യസ്തമായിരുന്നു. അത് കൊണ്ടുവന്ന ആളുകള്‍ അറബികളല്ലായിരുന്നു. മതത്തിന് അതിന്റെ യഥാര്‍ത്ഥ സത്ത നഷ്ടമായിരുന്നുതാനും. എന്നിരുന്നാലും ഇന്ത്യയുടെ സംസ്‌കാരം, കല, സംഗീതം, വാസ്തുവിദ്യ, ഭാഷകള്‍ എന്നിവയില്‍ മുസ്ലിം കാലഘട്ടത്തിന്റെ മുദ്രകള്‍ ആഴത്തില്‍ പതിഞ്ഞവയാണ്. ഡല്‍ഹിയും ലഖ്നൗവും പോലെയുള്ള ഇന്ത്യയിലെ സാംസ്‌കാരികകേന്ദ്രങ്ങള്‍ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? അവയുടെ അടിയിലെ മുസ്ലിം സത്ത വളരെ വ്യക്തമാണ്.


എന്നിട്ടും സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അടിമകളായിരിക്കുമെന്ന് ഒരു ഭീഷണി അവര്‍ക്കു തോന്നുന്നുണ്ടെങ്കില്‍, അവരുടെ വിശ്വാസത്തെയും ഹൃദയങ്ങളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാനേ എനിക്കു കഴിയൂ. ഒരാള്‍ക്ക് ജീവിതത്തോട് കടുത്ത അരുചി തോന്നുകയാണെങ്കില്‍ അയാളെ ഒരു വീണ്ടെടുപ്പിനു സഹായിക്കാനാവും. എന്നാല്‍, ഒരാള്‍ ധൈര്യമില്ലാതെ ഭീരുവായിരിക്കുകയാണെങ്കില്‍ അയാളെ ധീരനും ചങ്കുറപ്പുള്ളവനുമാക്കാന്‍ കഴിയില്ല. ഒരു സമുദായമെന്ന നിലയില്‍ മുസ്ലിങ്ങള്‍ ഭീരുക്കളായിരുന്നു. അവര്‍ക്കു ദൈവഭയമില്ല. മറിച്ച് മനുഷ്യരെയാണ് ഭയം. അവരുടെ അസ്തിത്വം അപകടത്തിലാണെന്ന, കപോലകല്‍പ്പിതമായ ഭയത്തിന് ഇതാണ് വിശദീകരണം.

ബ്രിട്ടീഷുകാര്‍ ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്കെതിരേ സാദ്ധ്യമായ സര്‍വ്വ അത്യാചാരവും ചെയ്തു. അവര്‍ പക്ഷേ, ഇല്ലാതായില്ല. അവര്‍ ശരാശരിയിലും ഉയര്‍ന്ന വളര്‍ച്ച നേടുകയാണ് ചെയ്തത്. മുസ്ലിം സാംസ്‌കാരികഭാവങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും തനതായ ആകര്‍ഷകത്വമുണ്ട്. മൂന്നു വശത്തും ഇന്ത്യയ്ക്ക് വലിയ മുസ്ലിം രാഷ്ട്രങ്ങള്‍ അയല്‍ക്കാരായുണ്ട്. ഈ രാജ്യത്തെ ഭൂരിപക്ഷസമുദായം മുസ്ലിങ്ങളെ എന്തിനു തുടച്ചുനീക്കണം? അവരുടെ സ്വന്തം താത്പര്യങ്ങള്‍ അവരെങ്ങനെ സംരക്ഷിക്കും? ഒന്‍പതു കോടി മനുഷ്യരെ ഇല്ലാതാക്കാന്‍ കഴിയുമോ? വാസ്തവത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റം ജനപിന്തുണയുള്ള മതമാകാനും മാത്രം ആകര്‍ഷണീയത മുസ്ലിം സംസ്‌കാരത്തിനുണ്ട്.

ലോകത്തിനു രണ്ടും വേണം: നിലനില്‍ക്കുന്ന സമാധാനവും ഒരു ജീവിതതത്ത്വശാസ്ത്രവും. ഹിന്ദുക്കള്‍ക്ക് മാര്‍ക്സിനു പിന്നാലെ പോകാനും പാശ്ചാത്യ തത്ത്വശാസ്ത്രവും വിവേകവും പണ്ഡിതോചിതമായി പഠിക്കാനും കഴിയുമെങ്കില്‍, അവര്‍ ഇസ്ലാമിനെ അവമതിക്കുകയില്ല. മറിച്ച്, അതിന്റെ തത്ത്വങ്ങളില്‍നിന്നും പാഠങ്ങള്‍ പഠിക്കുകയേയുള്ളൂ. വാസ്തവത്തില്‍ ഇസ്ലാം ഒരു പരമ്പരാഗത സമുദായത്തിന്റെ സങ്കുചിതത്വമോ, സ്വേച്ഛാധിപത്യഭരണക്രമമോ അല്ലെന്ന് അവര്‍ അംഗീകരിക്കും. അവര്‍ക്ക് അത്രയ്ക്കു പരിചിതമാണ് ഇസ്ലാം. മനുഷ്യസമത്വത്തിന്റെ അടിസ്ഥാനത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള സാര്‍വ്വലൗകിക ആഹ്വാനമാണ് ഇസ്ലാം. ദൈവത്തെയാണ്, തന്നെയല്ല ആരാധിക്കേണ്ടത് എന്നുള്ള പ്രവാചകന്റെ പ്രഖ്യാപനമാണ് ഇസ്ലാം എന്നവര്‍ക്കറിയാം. ഇസ്ലാം എന്നാല്‍ എല്ലാ സാമൂഹിക സാമ്പത്തിക വിവേചനങ്ങളില്‍നിന്നുമുള്ള വിമോചനവും ദൈവാവബോധം, ധാര്‍മ്മികപ്രവൃത്തി, ജ്ഞാനം എന്നീ മൂന്ന് അടിസ്ഥാനതത്ത്വങ്ങളിലൂന്നിയുള്ള സമുദായത്തിന്റെ പുനഃക്രമീകരണവുമാണ്.

വാസ്തവത്തില്‍ നാം മുസ്ലിങ്ങളും നമ്മുടെ തീവ്രവാദനടപടികളുമാണ് അമുസ്ലിങ്ങള്‍ക്ക് ഇസ്ലാമിനോട് ഈര്‍ഷ്യയുണ്ടാക്കിയത്. നമ്മുടെ സ്വാര്‍ത്ഥമോഹങ്ങള്‍കൊണ്ട് ഇസ്ലാമിന്റെ പവിത്രതയെ കളങ്കപ്പെടുത്തിയില്ലായിരുന്നെങ്കില്‍, അനവധി സത്യാന്വേഷികള്‍ ഇസ്ലാമിന്റെ വിരിമാറില്‍ സാന്ത്വനം കണ്ടെത്തിയേനെ. പാകിസ്താനും ഇസ്ലാമും തമ്മില്‍ സംബന്ധമൊന്നുമില്ല. ഇന്ത്യന്‍ മുസ്ലിങ്ങളുടെ ദേശീയാവശ്യമായി മുസ്ലിം ലീഗ് ഉയര്‍ത്തിക്കാട്ടിയ രാഷ്ട്രീയാവശ്യം മാത്രമാണത്. അത് മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊരു സമാധാനമേയല്ലെന്നു ഞാന്‍ കരുതുന്നു. വാസ്തവത്തില്‍ അതു കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയേയുള്ളൂ.

പരിശുദ്ധ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്: 'അല്ലാഹു ഈ ലോകമാകെ എനിക്കൊരു പള്ളിയാക്കിത്തന്നിരിക്കുന്നു.' ഇനി, ഒരു പള്ളി വിഭജിക്കുകയെന്ന ആശയത്തെ പിന്തുണയ്ക്കാന്‍ എന്നോടു പറയരുത്. ഒന്‍പതു കോടി മുസ്ലിങ്ങള്‍ ഇന്ത്യയിലെമ്പാടുമായി ചിതറിത്താമസിക്കുകയായിരുന്നെങ്കില്‍, അവര്‍ക്കു ഭൂരിപക്ഷം വരുന്നമാതിരി ഒന്നോ രണ്ടോ സംസ്ഥാനങ്ങള്‍ പുനഃക്രമീകരിച്ചു നല്‍കാനായിരുന്നു ആവശ്യമെങ്കില്‍, അതു മനസ്സിലാക്കാവുന്നതായിരുന്നു. അത് ഇസ്ലാമിക വീക്ഷണകോണില്‍ നിന്നുകൊണ്ട് സാധൂകരിക്കാനാവാത്തതായിരുന്നെങ്കിലും ഭരണപരമായി ശരിയായിരുന്നു. എന്നാല്‍, ഇന്ന് നിലനില്‍ക്കുന്ന സ്ഥിതി വളരെ വ്യത്യസ്തമാണ്. നമ്മുടെ എല്ലാ അതിര്‍ത്തി സംസ്ഥാനങ്ങളും മുസ്ലിം ഭൂരിപക്ഷമാണ്. അവ മുസ്ലിം രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്നു. ആര്‍ക്കാണ് ആ ജനതതിയെ ഉന്മൂലനാശം ചെയ്യാനാവുന്നതെന്നു പറയൂ. പാകിസ്താന്‍ ആവശ്യപ്പെടുകവഴി നാം കഴിഞ്ഞ ആയിരം വര്‍ഷത്തെ ചരിത്രം വിസ്മരിക്കുകയാണ്. ഒപ്പം, മുസ്ലിം ലീഗിന്റെ ഭാഷയുപയോഗിച്ചാല്‍ ഒരു 'ഹിന്ദുരാജി'ന് 30 ദശലക്ഷം മുസ്ലിങ്ങളെ വിട്ടുകൊടുക്കുകയും! കോണ്‍ഗ്രസ്സിനും ലീഗിനുമിടയില്‍ രാഷ്ട്രീയസംഘര്‍ഷമുണ്ടാക്കിയ 'ഹിന്ദു-മുസ്ലിം പ്രശ്നം' രണ്ടു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിനു കാരണമാവുകയും, അന്താരാഷ്ട്രശക്തികളുടെ സഹായത്തോടെ ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധമായി പൊട്ടിപ്പുറപ്പെടുകയും ചെയ്യാം.

ഉന്നയിക്കപ്പെടുന്ന മറ്റൊരു ചോദ്യം, പാകിസ്താന്‍ എന്ന ആശയം മുസ്ലിങ്ങള്‍ക്ക് അത്രയ്ക്ക് അപകടം നിറഞ്ഞതാണെങ്കില്‍ അതിനെ ഹിന്ദുക്കള്‍ എതിര്‍ക്കുന്നതെന്തിനാണ് എന്നതാണ്. എതിര്‍പ്പ് രണ്ടു ഭാഗത്തുനിന്നാണ് വരുന്നത്. സാമ്രാജ്യത്വതന്ത്രങ്ങളെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ഉത്കണ്ഠയുള്ളവരും, സ്വതന്ത്രവും അഖണ്ഡവുമായ ഇന്ത്യയാവും സ്വയം സംരക്ഷിക്കാന്‍ കരുത്തുള്ളതാവുക എന്നു കരുതുന്നവരുമാണ് ഒരു കൂട്ടര്‍. മറുവശത്ത്, മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനും അങ്ങനെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകവഴി അവര്‍ ഒഴിഞ്ഞുപൊയ്ക്കൊള്ളും എന്നു വിശ്വസിക്കാനും ഇഷ്ടപ്പെടുന്നവര്‍. ഭരണഘടനാപരമായ സുരക്ഷാസംവിധാനങ്ങള്‍ ആവശ്യപ്പെടാന്‍ മുസ്ലിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, വിഭജനം അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയില്ല. ആ ആവശ്യം, ഒരു സാമുദായികപ്രശ്നത്തിനുള്ള, രാഷ്ട്രീയമായി ശരിയല്ലാത്ത പരിഹാരമാണ്.

ഭാവിഭാരതത്തിനു നേരിടേണ്ടിവരിക വര്‍ണ്ണപ്രശ്നങ്ങളാവും, വര്‍ഗ്ഗീയതര്‍ക്കങ്ങളാവില്ല. മൂലധനവും തൊഴിലാളികളും തമ്മിലാവും സംഘര്‍ഷം. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളരുകയാണ്. അവരെ അവഗണിക്കാനാവില്ല. ഈ പ്രസ്ഥാനങ്ങള്‍ അധഃസ്ഥിതരുടെ താത്പര്യസംരക്ഷണത്തിനായി കൂടുതല്‍ക്കൂടുതല്‍ പോരടിക്കും. മുസ്ലിം മൂലധന ഉടമകളും ഭൂപ്രഭുവര്‍ഗ്ഗവും ഈ ആസന്നഭീഷണിയെക്കുറിച്ച് ഉത്കണ്ഠാകുലരാണ്. ഇപ്പോഴവര്‍ ഇതിനെല്ലാം ഒരു വര്‍ഗ്ഗീയനിറം കൊടുക്കുകയും ഒരു സാമ്പത്തികപ്രശ്നത്തെ മതതര്‍ക്കമായി മാറ്റിയെടുക്കുകയും ചെയ്തു. എന്നാല്‍, ഇതിന് മുസ്ലിങ്ങള്‍ മാത്രമല്ല ഉത്തരവാദികള്‍. ഈ തന്ത്രം ആദ്യം സ്വീകരിച്ചത് ബ്രിട്ടീഷ് സര്‍ക്കാരാണ്. അതു പിന്നീട് അലിഗറിലെ രാഷ്ട്രീയമനസ്സുകള്‍ അംഗീകരിച്ചു. പിന്നീട് ഹിന്ദുക്കളുടെ ദീര്‍ഘദര്‍ശിത്വമില്ലായ്മ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും, സ്വാതന്ത്ര്യം ഇപ്പോള്‍ ഇന്ത്യാ വിഭജനത്തില്‍ ഊന്നിനില്‍ക്കുകയും ചെയ്യുന്നു.

ജിന്നതന്നെ ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ ഒരു സ്ഥാനപതിയായിരുന്നു. ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ സരോജിനി നായിഡു അദ്ദേഹത്തെ ഈ ബഹുമതി നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ദാദാഭായ് നവ്റോജിയുടെ ശിഷ്യനായിരുന്നു. ഇന്ത്യയില്‍ വര്‍ഗ്ഗീയരാഷ്ട്രീയത്തിനു തുടക്കംകുറിച്ച 1906-ലെ മുസ്ലിം നിവേദകസംഘത്തില്‍ ചേരാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. 1919-ല്‍ അദ്ദേഹം ഉറച്ച ദേശീയവാദിയായി, സംയുക്ത സെലക്ട് കമ്മിറ്റിയുടെ മുമ്പാകെയുള്ള മുസ്ലിം ഡിമാന്റുകളെ എതിര്‍ത്തിരുന്നു.

1925 ഒക്ടോബര്‍ മൂന്നാം തീയതി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തില്‍, കോണ്‍ഗ്രസ് ഒരു ഹിന്ദു സംഘടനയാണെന്ന വാദത്തെ അദ്ദേഹം പുച്ഛിച്ചുതള്ളിയിരുന്നു. 1925-ലെയും 28-ലെയും സര്‍വ്വകക്ഷിയോഗങ്ങളില്‍ അദ്ദേഹം സംയുക്ത വോട്ടര്‍പ്പട്ടികയെ ശക്തമായി അനുകൂലിച്ചു. 1925-ല്‍ ദേശീയ നിയമനിര്‍മ്മാണസഭയില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: 'ആദ്യമായും അവസാനമായും ഞാനൊരു ദേശീയവാദിയാണ്.' ഹിന്ദുക്കളും മുസ്ലിങ്ങളുമായ സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു: ' (നിങ്ങള്‍) സഭയില്‍ വര്‍ഗ്ഗീയവിഷയങ്ങള്‍ കൊണ്ടുവരാതിരിക്കൂ. അങ്ങനെ ഈ നിയമനിര്‍മ്മാണസഭ ഏറ്റം ശരിയായ അര്‍ത്ഥത്തില്‍ ഒരു ദേശീയസ്ഥാപനമാകട്ടെ.'

1928-ല്‍ ജിന്ന സൈമണ്‍ കമ്മിഷനെ ബോയ്ക്കോട്ടു ചെയ്യാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ പിന്തുണച്ചു. 1937-വരെ വിഭജനത്തെ അദ്ദേഹം അനുകൂലിച്ചില്ല. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ള സന്ദേശത്തില്‍ അദ്ദേഹം ഹിന്ദു- മുസ്ലിം ഐക്യത്തിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. എന്നാല്‍, ഏഴു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയും മുസ്ലീം ലീഗിനെ അവഗണിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് വിഷമമുണ്ടായി. 1940-ല്‍, മുസ്ലിങ്ങളുടെ രാഷ്ട്രീയാപചയം തടുക്കാനായി വിഭജനം എന്ന ആവശ്യം ഉയര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. ചുരുക്കത്തില്‍, സ്വന്തം രാഷ്ട്രീയാനുഭവങ്ങളോടുള്ള പ്രതികരണമാണ് പാകിസ്താന്‍ വേണമെന്ന അദ്ദേഹത്തിന്റെ വാദം. മിസ്റ്റര്‍ ജിന്നയ്ക്ക് എന്നെപ്പറ്റി എന്തഭിപ്രായവും രൂപീകരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ എനിക്കദ്ദേഹത്തിന്റെ ബുദ്ധിശക്തിയെക്കുറിച്ച് ഒരു സംശയവുമില്ല. മുസ്ലിം വര്‍ഗ്ഗീയതയും പാകിസ്താന്‍ എന്ന ആവശ്യവും ശക്തിപ്പെടുത്താന്‍ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം അധികപ്പണിയാണെടുത്തത്. ഇപ്പോള്‍ അത് അദ്ദേഹത്തിന് ഒരഭിമാനപ്രശ്നമായിരിക്കുന്നു. എന്തു വില കൊടുക്കേണ്ടിവന്നാലും അതില്‍നിന്ന് അദ്ദേഹം പിന്മാറുകയില്ല.

ഷോറിഷ് കാഷ്മീരി: പാകിസ്താന്‍ എന്ന ആവശ്യത്തില്‍നിന്ന് മുസ്ലിങ്ങള്‍ പിന്‍മാറുകയില്ലെന്നു വ്യക്തമാണ്. അവരെന്താണ് എല്ലാ യുക്തിക്കും തര്‍ക്കത്തിലെ ന്യായങ്ങള്‍ക്കും നേരേ അടഞ്ഞ മനസ്സോടെ നില്‍ക്കുന്നത്?

മൗലാനാ ആസാദ്: ഒരു ആള്‍ക്കൂട്ടത്തിന്റെ വഴിതെറ്റിയ ഉത്സാഹത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയെന്നത് ബുദ്ധിമുട്ടാണ്, അല്ലെങ്കില്‍ അസാദ്ധ്യംതന്നെയാണ്. എന്നാല്‍ സ്വന്തം മനസ്സാക്ഷിയെ അടിച്ചമര്‍ത്തുന്നത് മരണത്തെക്കാള്‍ മോശമാണ്. ഇന്ന് മുസ്ലിങ്ങള്‍ നടക്കുകയല്ല, ഒഴുകുകയാണ്. പ്രശ്നമെന്താണെന്നുവെച്ചാല്‍ മുസ്ലിങ്ങള്‍ നേരേ നടക്കാന്‍ പഠിച്ചിട്ടില്ല. അവര്‍ ഒന്നുകില്‍ ഓടും, അല്ലെങ്കില്‍ ഒഴുക്കിനൊത്ത് ഒഴുകിപ്പോകും. ഒരു വിഭാഗം ആളുകള്‍ക്ക് ആത്മവിശ്വാസവും ആത്മബഹുമാനവും നഷ്ടമാകുമ്പോള്‍ അവരെ കല്‍പ്പിതഭയങ്ങളും സംശയങ്ങളും ചൂഴും. ശരിയും തെറ്റും തമ്മില്‍ തിരിച്ചറിയാതാവുകയും ചെയ്യും. ജീവിതത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ അംഗബലത്തിലൂടെയല്ല വെളിപ്പെടുക. മറിച്ച്, വിശ്വാസത്തിലും ധാര്‍മ്മികപ്രവൃത്തികളിലുംകൂടിയാണ്. മുസ്ലിങ്ങളുടെ മനോമണ്ഡലത്തില്‍ ബ്രിട്ടീഷ് രാഷ്ട്രീയതന്ത്രം ഭയത്തിന്റെയും അവിശ്വാസത്തിന്റെയും ബീജങ്ങള്‍ വിതച്ചിരിക്കുന്നു. ഭയപ്പാടിന്റെ ഒരന്തരീക്ഷത്തില്‍ അവര്‍ ബ്രിട്ടീഷുകാരുടെ വേര്‍പാടില്‍ തേങ്ങുകയും വൈദേശികപ്രഭുക്കന്മാര്‍ വിട്ടുപോകും മുമ്പ് വിഭജനം വേണമെന്നു ശഠിക്കുകയും ചെയ്യുന്നു. തങ്ങളുടെ ജീവനും ശരീരത്തിനുമുള്ള അപകടങ്ങളെല്ലാം, വിഭജനം ഒഴിവാക്കിത്തരുമെന്നാണോ അവര്‍ വിശ്വസിക്കുന്നത്? ഈ ഭീതികള്‍ സത്യമാണെങ്കില്‍ അവ അവരുടെ അതിര്‍ത്തികളെ വീണ്ടും വേട്ടയാടുകയും, ഏതൊരു സായുധസംഘര്‍ഷവും ജീവനും സ്വത്തിനും അതിയായ നഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്യും.

ഷോറിഷ് കാഷ്മീരി: പക്ഷേ, ഹിന്ദുക്കളും മുസ്ലിങ്ങളും വ്യത്യസ്തവും വിപരീതവുമായ താത്പര്യങ്ങളുള്ള രണ്ടു രാഷ്ട്രങ്ങളല്ലേ? രണ്ടുകൂട്ടര്‍ക്കും ഇടയില്‍ ഐക്യം എങ്ങനെ സാധിക്കാനാണ്?

മൗലാനാ ആസാദ്: ഇതൊരു കാലഹരണപ്പെട്ട ചര്‍ച്ചയാണ്. അല്ലാമാ ഇഖ്ബാലിനും മൗലാനാ ഹുസൈന്‍ അഹമ്മദ് മദനിക്കും ഇടയില്‍ നടന്നിട്ടുള്ള ആശയവിനിമയം ഞാന്‍ കണ്ടിട്ടുണ്ട്. ഖുര്‍ആനില്‍ 'ഖൗം' എന്ന പദം വിശ്വാസിസമൂഹത്തെ കുറിക്കാന്‍മാത്രമല്ല, ഏതൊരു വ്യതിരിക്ത മനുഷ്യസംഘത്തെയും കുറിക്കാന്‍ പൊതുവേ ഉപയോഗിക്കുന്നതാണ്. മില്ലത്ത് (സമുദായം), ഖൗം (രാജ്യം), ഉമ്മത്ത് (സംഘം) എന്നീ പദങ്ങളുടെ നിരുക്തപരിധി (Etymological scope) ചര്‍ച്ച ചെയ്ത് എന്തുനേടാനാണ്? മതാടിസ്ഥാനത്തില്‍ ഇന്ത്യ വിവിധ സമുദായങ്ങളുടെ-ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍, സിഖുകാര്‍ എന്നിവരുടെ പാര്‍പ്പിടമാണ്. ഇസ്ലാമിനും ഹിന്ദുമതത്തിനും ഇടയിലുള്ള വ്യത്യാസങ്ങള്‍ വളരെ വ്യാപ്തിയുള്ളതാണ്. എന്നാല്‍ ഈ വ്യത്യാസങ്ങള്‍ ഇന്ത്യ സ്വതന്ത്രമാകുന്നതിന് തടസ്സമായിക്കൂടാ. ഈ രണ്ടു വ്യത്യസ്ത, വ്യതിരിക്ത വിശ്വാസങ്ങള്‍ ഇന്ത്യയുടെ ഏകത്വത്തിന് വിരുദ്ധമാവുകയുമില്ല. പ്രശ്നം നമ്മുടെ ദേശീയസ്വാതന്ത്ര്യത്തിന്റെയും അതെങ്ങനെ കൈവരിക്കാമെന്നതിന്റെയുമാണ്. സ്വാതന്ത്ര്യം ഒരനുഗ്രഹവും ഓരോ മനുഷ്യന്റെയും അവകാശവുമാണ്. അത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടുകൂടാ.

തങ്ങള്‍ ഒരു സാര്‍വ്വലൗകികസന്ദേശത്തിന്റെ വാഹകരാണെന്ന കാര്യം മുസ്ലിങ്ങള്‍ വിസ്മരിച്ചുകൂടാ. മറ്റുള്ളവര്‍ക്കു പ്രവേശനമില്ലാത്ത ഒരു ഭൂവിഭാഗത്തില്‍ കഴിയുന്ന വംശീയമോ പ്രാദേശികമോ ആയ ഒരു സംഘമല്ല അവര്‍. കര്‍ശനമായി പറഞ്ഞാല്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒരു സമുദായമല്ല, അവര്‍ ആഴത്തില്‍ പിരിഞ്ഞിരിക്കുന്ന പല വിഭാഗങ്ങളാണ്. അവരെ ഹിന്ദുവിരുദ്ധത പറഞ്ഞ് ഒരുമിപ്പിക്കാം. ഇസ്ലാമിന്റെ പേരില്‍ സാദ്ധ്യമല്ല. അവര്‍ക്ക് ഇസ്ലാം എന്നാല്‍, അവരുടെ തനതുവിഭാഗത്തോടുള്ള കലര്‍പ്പില്ലാത്ത വിധേയത്വമാണ്. വഹാബികള്‍, സുന്നികള്‍, ഷിയാകള്‍ എന്നിവര്‍ക്കു പുറമേ അനേകം പുണ്യപുരുഷന്മാരുടെയും ദിവ്യന്മാരുടെയും എണ്ണമറ്റ അനുയായികളുണ്ട്. പ്രാര്‍ത്ഥനാവേളയില്‍ കൈയുയര്‍ത്തുന്നതിന്റെയും ഉച്ചത്തില്‍ ആമേന്‍ പറയുന്നതിന്റെയും പേരിലുള്ള ചില്ലറപ്രശ്നങ്ങള്‍ പ്രതിവിധിയില്ലാത്ത തര്‍ക്കങ്ങളായിട്ടുണ്ട്. തക്ഫീര്‍ (ഒരാളെ അവിശ്വാസിയായി പ്രഖ്യാപിക്കുന്ന ഫത്വ) എന്ന ഉപകരണം ഉലമമാര്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. മുമ്പ് അത് അവിശ്വാസികള്‍ക്കിടയില്‍ ഇസ്ലാമിനെ കൊണ്ടുചെല്ലാന്‍ ഉപയോഗിച്ചെങ്കില്‍ ഇന്ന് അത് വിശ്വാസികള്‍ക്കിടയില്‍നിന്ന് ഇസ്ലാമിനെ നീക്കിക്കളയുന്നു. ഭക്തരും വിശ്വാസികളുമായ നല്ല മുസ്ലിങ്ങളെ കാഫിര്‍ എന്നു മുദ്രകുത്തിയ സംഭവങ്ങള്‍ നിറഞ്ഞതാണ് ഇസ്ലാമികചരിത്രം. മനോവിഭ്രാമകമായ ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രവാചകന്മാര്‍ക്കേ ശേഷിയുള്ളൂ. അവര്‍ക്കുപോലും ഇത്തരം പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. യുക്തിയും ബുദ്ധിയും വലിച്ചെറിഞ്ഞുകഴിഞ്ഞാല്‍, നിലപാടുകള്‍ ശിഥിലമായാല്‍ പരിഷ്‌കര്‍ത്താവിന് പണി ദുഷ്‌കരമാവും എന്നതാണു സത്യം.

എന്നാല്‍ ഇന്നു സ്ഥിതിഗതികള്‍ എന്നത്തെക്കാളും മോശമായിരിക്കുന്നു. മുസ്ലിങ്ങള്‍ വര്‍ഗ്ഗീയതയില്‍ നിലപാടുറപ്പിച്ചുകഴിഞ്ഞു. അവര്‍ക്ക് മതത്തെക്കാള്‍ രാഷ്ട്രീയം പ്രിയങ്കരമായിരിക്കുന്നു. സ്വന്തം ലൗകികാഭിലാഷങ്ങളെ മതശാസനകളാണെന്നു ധരിക്കുകയും ചെയ്യുന്നു. എല്ലാ കാലത്തും നാം നന്മ പിന്തുടര്‍ന്നവരെ പരിഹസിക്കുകയും ത്യാഗത്തിന്റെ ഉജ്ജ്വലമാതൃകകളെ അണച്ചുകളയുകയും നിസ്വാര്‍ത്ഥസേവനത്തിന്റെ പതാകകളെ കീറിക്കളയുകയും ചെയ്തിരുന്നു എന്നതിന് ചരിത്രംതന്നെ സാക്ഷി. നാമാര്? സാധാരണമര്‍ത്ത്യര്‍. മഹോന്നതരായ പ്രവാചകന്മാരെപ്പോലും പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും സൂക്ഷിപ്പുകാര്‍ വെറുതേ വിട്ടില്ല.

ഷോറിഷ് കാഷ്മീരി: അല്‍ ഹിലാല്‍ എന്ന, അങ്ങയുടെ മാസിക അങ്ങ് വളരെ മുമ്പേ നിര്‍ത്തിവെച്ചു. അത്, ധൈഷണികശൂന്യതയില്‍ കിടന്നു പുളയ്ക്കുന്ന മുസ്ലിങ്ങളിലുള്ള നിരാശകൊണ്ടാണോ, അതോ ഒരു വിജനമരുഭൂമിയില്‍ ആസാന്‍ (പ്രാര്‍ത്ഥനയ്ക്കുള്ള ക്ഷണം) പറയുന്നതുപോലെ തോന്നിയതുകൊണ്ടോ?

മൗലാനാ ആസാദ്: അല്‍ ഹിലാല്‍ ഉപേക്ഷിച്ചത് സത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല. ആ പത്രിക വലിയൊരു വിഭാഗം മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ തിരിച്ചറിവുണ്ടാക്കി. ഇസ്ലാമിലും മനുഷ്യസ്വാതന്ത്ര്യത്തിലും ധാര്‍മ്മികലക്ഷ്യങ്ങളെ നിരന്തരമായി പിന്തുടരുന്നതിലും അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. വാസ്തവത്തില്‍, എന്റെ ജീവിതംതന്നെ ഇതിനാല്‍ വലിയ തോതില്‍ ധന്യമാക്കപ്പെട്ടു. ദൈവദൂതന്റെ സാന്നിദ്ധ്യത്തില്‍ പഠിക്കാന്‍ കഴിയുന്നവരെപ്പോലെ എനിക്കു തോന്നി. എന്റെതന്നെ ശബ്ദം എന്നെ മുഗ്ദ്ധനാക്കി. അതിന്റെ പ്രാഭവത്തില്‍ ഞാനൊരു ഫീനിക്സ് പക്ഷിയായി കത്തിയെരിഞ്ഞു. അല്‍ ഹിലാല്‍ അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു. പുതിയൊരു യുഗം ഉദയംകൊള്ളുകയായിരുന്നു. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ സാഹചര്യങ്ങളുടെ പുനരവലോകനം നടത്തി. എന്നിട്ട് എന്റെ മുഴുവന്‍ സമയവും ഊര്‍ജ്ജവും നമ്മുടെ ദേശീയസ്വാതന്ത്ര്യത്തിനായി ചെലവാക്കാന്‍ തീരുമാനിച്ചു. ഏഷ്യയുടെയും ആഫ്രിക്കയുടെയും സ്വാതന്ത്ര്യം ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ ആശ്രയിച്ചിരിക്കുമെന്നും ഹിന്ദു- മുസ്ലിം ഐക്യം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് തന്ത്രപ്രധാനമാണെന്നുമുള്ള ഉറച്ചവിശ്വാസത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.

ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുതന്നെ സ്വാതന്ത്ര്യം ഇന്ത്യയുടെ ഭാഗധേയമാണെന്നും ഒരു ശക്തിക്കും അതു തടയാനാവില്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. മുസ്ലിങ്ങളുടെ പങ്കിനെക്കുറിച്ചും ഞാന്‍ വ്യക്തമായി ധരിച്ചിരുന്നു. മുസ്ലിങ്ങള്‍ തങ്ങളുടെ രാജ്യത്തെ മറ്റു പൗരന്മാര്‍ക്കൊപ്പം നടക്കണമെന്നും ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കുമ്പോള്‍ മുസ്ലിങ്ങള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നു പറയാന്‍ ചരിത്രത്തിന് ഇടംകൊടുക്കരുതെന്നും ഞാന്‍ തീവ്രമായി ഇച്ഛിച്ചു. തിരകളോടു മല്ലിടുന്നതിനു പകരം, കരയ്ക്കുനിന്ന് സ്വാതന്ത്ര്യ സമരസേനാനികളുടെ ബോട്ടുകള്‍ മുങ്ങുന്നതു കണ്ട് സന്തോഷിക്കുകയായിരുന്നു മുസ്ലിങ്ങള്‍ എന്നു പറയാനിട വരാതിരിക്കട്ടെ.

Content Highlights: Arif Muhammed Khan, P.I Shereef Muhammed, Islam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented