സീതി ഹാജി: അപ്പോള്‍ റേഷന്‍ കാര്‍ഡിന് എന്തു പറയും?; നായനാര്‍: അരിച്ചീട്ട്‌...!


കോണ്‍ഗ്രസ്സിനെയും കരുണാകരനെയും തിരുത്താനായി ഇറങ്ങിപ്പുറപ്പെട്ടവര്‍. ഇവരൊക്കെ ആണും പെണ്ണും കെട്ടവരാണ് എന്നായിരുന്നു കരുണാകരന്റെ മകന്‍ കൂടിയായ കെ. മുരളീധരന്‍ ഇവരെ വിശേഷിപ്പിച്ചത്.  ഇതിന് നായനാരുടെ കമന്റ്: 'അടുത്ത് ഇടപഴകിയവര്‍ക്കേ അതേക്കുറിച്ചൊക്കെ പറയാന്‍ കഴിയൂ.'

സീതി ഹാജി, ഇ.കെ നായനാർ

കേരളത്തിലെ മുഖ്യമന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും പല കാലങ്ങളില്‍ പല സന്ദര്‍ങ്ങളില്‍ പറഞ്ഞ നര്‍മങ്ങള്‍ ശേഖരിച്ചിരിക്കുന്ന പുസ്തകമാണ് 'ഐ ഗ്രൂപ്പുകാരുടെ പാല് വേണ്ട.' മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് പുളിക്കന്‍ എഴുതിയ പുസ്തകത്തില്‍ കെ.വി.എം ഉണ്ണിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്ന്‌ ഒരു ഭാഗം വായിക്കാം.

നഹയും നഹിയും

സി.എച്ച്. മുഹമ്മദ്‌ കോയയ്‌ക്കൊപ്പം കെ. അവുക്കാദര്‍കുട്ടി നഹയും മന്ത്രിയായിരുന്ന കാലം. അക്കാലത്ത് മന്ത്രിമന്ദിരങ്ങളില്‍ മന്ത്രിയുടെ പേരെഴുതി ഇന്‍/ ഔട്ട് എന്ന് ബോര്‍ഡ് വെക്കാറുണ്ട്. നഹയുടെ വീടിന്റെ മുന്നില്‍ കണ്ട ബോര്‍ഡ് വായിച്ച ശേഷം നഹയോട് സി.എച്ച്. പറഞ്ഞു: 'നിങ്ങള്‍ക്ക് ഇന്‍-ഔട്ട് ബോര്‍ഡിന്റെ ആവശ്യമെന്ത്? നഹ എന്നും നഹി എന്നും എഴുതിയാല്‍ പോരേ?'

രക്തസമ്മര്‍ദ്ദവും വായുസമ്മര്‍ദ്ദവും

1982-ലെ കെ. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ഹില്‍ ഹൈവേയ്ക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തണമെന്ന് നിയമസഭയില്‍ സാം ഉമ്മന്‍ ആവശ്യപ്പെട്ടു. പൊതുമരാമത്തു മന്ത്രിയായിരുന്ന സി.എച്ചിന്റെ മറുപടി: 'എനിക്ക് രണ്ടു സമ്മര്‍ദ്ദത്തെക്കുറിച്ചേ അറിയാവൂ. രക്തസമ്മര്‍ദ്ദവും വായുസമ്മര്‍ദ്ദവും, ഇതു രണ്ടും കേന്ദ്രത്തോട് വയ്യ. പിന്നെ ഇതു സംബന്ധിച്ച് നിവേദനം നല്‍കുന്നുണ്ട്.'

എരപ്പനങ്ങാടി

ഒരിക്കല്‍ തിരുവനന്തപുരത്തു വന്ന പരപ്പനങ്ങാടിയില്‍ നിന്നുള്ള ഒരാള്‍ തിരിച്ചുപോകാനുള്ള വണ്ടിക്കൂലി ചോദിച്ച് സി.എച്ച്. മുഹമ്മദ്‌ കോയയുടെ അടുത്തുവന്നു. സി.എച്ച്. അയാള്‍ക്ക് ആവശ്യത്തിനുള്ള പൈസ കൊടുത്തു. അതിനുശേഷം പരപ്പനങ്ങാടി എം.എല്‍.എയെ കണ്ടപ്പോള്‍ സി.എച്ച്. പറഞ്ഞു: 'തന്റെ പരപ്പനങ്ങാടിയില്‍നിന്ന് ഒരു എരപ്പനങ്ങാടി വന്നിരുന്നു.'

ചത്ത കുതിരയും ഉറങ്ങുന്ന സിംഹവും

കോണ്‍ഗ്രസ്സും പി.എസ്.പിയും മുസ്‌ലിം ലീഗും ചേര്‍ന്ന മുക്കൂട്ടുമുന്നണി 1960-ല്‍ അധികാരത്തിലേറിയതിനു പിന്നാലെ മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസ്സിനു വേണ്ടാതായി. മന്ത്രിസഭയില്‍ കയറ്റാതെ സ്പീക്കര്‍ സ്ഥാനത്തിലൊതുക്കി. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ആയിടയ്ക്കാണ് മുസ്‌ലിം ലീഗ് ചത്ത കുതിരയാണെന്നും കാഴ്ച ബംഗ്ലാവില്‍ സൂക്ഷിക്കണമെന്നും കളിയാക്കിയത്. സി.എച്ച്. മുഹമ്മദ്‌കോയ അതേ നാണയത്തില്‍ത്തന്നെ മറുപടി കൊടുത്തു: 'ലീഗ് ചത്ത കുതിരയല്ല, ഉറങ്ങുന്ന സിംഹമാണ്.'

സിലബസ് കടിക്കാനുള്ളതല്ല

സി.എച്ച്. മുഹമ്മദ്‌കോയ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലം. ഒരിക്കല്‍ വിദ്യാര്‍ത്ഥി നേതാക്കളുമായുള്ള ചര്‍ച്ച നടക്കുകയാണ്. അതിനിടയില്‍ സിലബസും ചര്‍ച്ചാവിഷയമായി. കടിച്ചാല്‍ പൊട്ടാത്ത സിലബസാണ് എന്നായിരുന്നു പല നേതാക്കളുടെയും പരാതി. അപ്പോള്‍ സി.എച്ച്. പറഞ്ഞു: 'ഇത് കടിക്കാനുള്ളതല്ല കുട്ടികളേ, പഠിക്കാനുള്ളതാണ്.'

കണ്ണിലെ പൊടിയും നിരത്തിലെ കല്ലും

സി.എച്ച്. മുഹമ്മദ്‌കോയ പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷാംഗം നിയമസഭയില്‍ പറഞ്ഞു: 'കണ്ണില്‍ പൊടിയിടുകയാണ് പൊതുമരാമത്തു മന്ത്രി ചെയ്യുന്നത്.' സി.എച്ചിന്റെ മറുപടി: 'കണ്ണില്‍ പൊടിയിടുകയല്ല, നിരത്തില്‍ കല്ലിടുകയാണ് ഞങ്ങളുടെ ജോലി.'

മുണ്ടുടുക്കാതെ ഒരാള്‍

നിയമസഭയില്‍ എന്നും മുണ്ടുടുത്തു വരുന്ന സീതിഹാജി ആദ്യമായി പാന്റ് ഇട്ടുകൊണ്ടു വന്നപ്പോള്‍ അംഗങ്ങള്‍ക്കെല്ലാം കൗതുകമായി. സ്പീക്കറെത്തിയപ്പോള്‍ സി.എച്ച്. പറഞ്ഞു: 'സാര്‍, ഇന്നൊരാള്‍ മുണ്ടുടുക്കാതെ വന്നിട്ടുണ്ട്.'

ശ്രീ മന്തപുത്രന്‍

ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ഒരിക്കല്‍ സി.എച്ച്. മുഹമ്മദ്‌ കോയയെ സമീപിച്ച് പരിചയപ്പെടുത്തി: 'ഞാന്‍ ഇന്ന നേതാവിന്റെ സീമന്തപുത്രനാണ്.'
ഉടനെ വന്നു സി.എച്ചിന്റെ മറുപടി: 'ആ സീ അങ്ങ് വെട്ടിക്കള.'

ഭാര്യയുടെ തറവാട് ഏതാണ്

മുസ്‌ലിം ലീഗിലെ പിളര്‍പ്പിനു ശേഷം ഇപ്പോഴത്തെ ലീഗ് ഏതു ലീഗാണെന്ന് ഇം.എം.എസ്സിനു സംശയം. അതു തീര്‍ത്തത് സി.എച്ച്. മുഹമ്മദ്‌ കോയ ആയിരുന്നു: 'വിവാഹം കഴിഞ്ഞ് സന്താനവും സന്താനത്തിനു സന്താനവും ആയപ്പോള്‍ ഭാര്യയുടെ തറവാട് അന്വേഷിക്കുന്നതില്‍ കാര്യമില്ല.'

കല്ലുകള്‍ കരഞ്ഞപ്പോള്‍

കായംകുളം താപവൈദ്യുതി നിലയം വൈകുന്നതു സംബന്ധിച്ച് പരാതികളുയര്‍ന്നിരുന്ന കാലം. പ്രതിപക്ഷനേതാവായിരുന്ന ഇ.കെ. നായനാര്‍ ശ്രോതാക്കളെ ഹരംകൊള്ളിക്കാനായി ഒരു കഥ ചമച്ചു: ഒരു ദിവസം കായംകുളംവഴി കാറില്‍ പോകുമ്പോള്‍ റോഡില്‍നിന്നൊരു കരച്ചില്‍: 'നായനാരേ രക്ഷിക്കണേ...' ഞാന്‍ കാര്‍ നിര്‍ത്തി നോക്കിയപ്പോള്‍ കരയുന്നത് മൂന്നു കല്ലുകളാണ്. കായംകുളം താപനിലയത്തിനുവേണ്ടി ഇട്ട കല്ലുകളായിരുന്നു. കേന്ദ്രമന്ത്രി എന്‍.കെ.പി. സാല്‍വെ, മുഖ്യമന്ത്രി കെ. കരുണാകരന്‍, കേന്ദ്രമന്ത്രി പി.ജെ. കുര്യന്‍ എന്നിവര്‍ മത്സരിച്ചിട്ട കല്ലുകള്‍.

ചായകുടിയും ബലാത്സംഗവും

കേരളത്തില്‍ ബലാത്സംഗക്കേസുകള്‍ പെരുകുന്നതിനെക്കുറിച്ച് പരാതിയുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ചോദിച്ചു: 'ഇവിടെ എന്തു ബലാത്സംഗമാടോ, അമേരിക്കയില്‍ ചായ കുടിക്കുംപോലെയല്ലേ ബലാത്സംഗം നടക്കുന്നത്.'

അരിച്ചീട്ട്

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. നിയമസഭയില്‍ ചോദ്യോത്തരവേള നടക്കുകയാണ്. ഭരണഭാഷ മലയാളമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് നായനാര്‍. നായനാരോട് സീതി ഹാജി ചോദിച്ചു: 'അപ്പോള്‍ റേഷന്‍ കാര്‍ഡിന് എന്തു പറയും?'
ഉടനെത്തി നായനാരുടെ മറുപടി: 'അരിച്ചീട്ട്.'

രവി പറഞ്ഞ സത്യം

1980-കളുടെ തുടക്കകാലത്ത് ആന്റണിയും വയലാര്‍ രവിയുമൊക്കെ ഇടതു മുന്നണിയോടൊപ്പമായിരുന്നപ്പോള്‍ വയലാര്‍ രവിയെ ഇ.കെ. നായനാര്‍ പറ്റിച്ച കഥയാണിത്. പ്രസംഗത്തിനിടയില്‍ നായനാര്‍തന്നെയാണ് രഹസ്യം പുറത്തുവിടുന്നത്: രവിയോട് ഞാന്‍ പറഞ്ഞു, ഞങ്ങളുടെ പാര്‍ട്ടിയില്‍ അല്പം സ്വയംവിമര്‍ശനമൊക്കെ പതിവാ. അതുകൊണ്ട് വിമോചനസമരകാലത്ത് അമേരിക്കയില്‍നിന്ന് പത്തു കോടി രൂപ കിട്ടിയെന്ന് ഒന്നു തട്ടിയേക്കണം. പറഞ്ഞതുപോലെ രവി കേട്ടു. 1957-ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പത്തു കോടി കിട്ടിയെന്ന് രവി പ്രസംഗിച്ചു നടന്നു.
രവിയുടെ പ്രസംഗം പത്രത്തില്‍ അച്ചടിച്ചുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇതെടുത്ത് ഫയലില്‍ വെച്ചോ, ഇവര് അപ്പുറത്തേക്കു പോകുമ്പോള്‍ ഉപയോഗിക്കാം.'

മുന്നണി ഗായകന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങാണ് വേദി. നായനാരാണ് മുഖ്യാതിഥി. അവാര്‍ഡ് ജേതാവായ യേശുദാസ് ഇരിക്കുന്നത് പിന്‍നിരയിലാണ്. ഇതു കണ്ട് നായനാര്‍ യേശുദാസിനോട് കാര്യം തിരക്കി. 'ഞാനൊരു പിന്നണിഗായകനല്ലേ' എന്നായിരുന്നു യേശുദാസിന്റെ മറുപടി. 'നിങ്ങള്‍ കേരളത്തിലെ മുന്നണിഗായകനാണ്' എന്നു പറഞ്ഞ് ഇ.കെ. നായനാര്‍ യേശുദാസിനെ മുന്നിലെ സീറ്റില്‍ പിടിച്ചിരുത്തി.

സുശീലനയ്യാരും തങ്കമ്മയും

ഇംഗ്ലീഷ് അറിയാമായിരുന്നിട്ടും ഇംഗ്ലീഷിലെ പദപ്രയോഗങ്ങളിലൂടെ ഇ.കെ. നായനാര്‍ ചിരിയുടെ അരങ്ങുണര്‍ത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
ഒരിക്കല്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് കേരളത്തിലേക്കുള്ള ഒരു യാത്ര വൈറല്‍ ഫീവര്‍ മൂലം മാറ്റിവെക്കേണ്ടി വന്നു. മുഖ്യമന്ത്രി പറഞ്ഞുവന്നപ്പോള്‍ രാഷ്ട്രപതിയുടെ അസുഖം വയര്‍ലെസ് ഫീവറായി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ കാണാന്‍ ചെന്നപ്പോള്‍ സുശീല നയ്യാര്‍ എന്നാണ് നായനാര്‍ സംബോധന ചെയ്തത്. പല തവണ ഓര്‍മിപ്പിച്ചിട്ടും നായനാര്‍ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നതായി നയ്യാര്‍ തന്നെ സാക്ഷ്യപ്പെടുത്തി. ലോക്‌സഭാ സ്പീക്കറായിരുന്ന പി.എ. സാങ്മ കേരളത്തില്‍ വന്നപ്പോള്‍ നായനാര്‍ അഭിസംബോധന ചെയ്തത് തങ്കമ്മ എന്നായിരുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെക്കുറിച്ച അധികമൊന്നുമറിയാത്തവര്‍പോലും അതേക്കുറിച്ച് വാചാലരാകുന്നതിനിടയില്‍ നായനാര്‍ ഒരു യോഗത്തില്‍ വെച്ച് അതിനെ ഇന്റര്‍നാഷണല്‍ ടെക്‌നോളജി എന്നാണ് പ്രയോഗിച്ചത്. സെല്‍ഫോണിനെ അദ്ദേഹം സെല്ലുലോയിഡ് എന്നു വിളിച്ചു.

നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയില്‍ കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇതിന്റെ വാര്‍ത്ത പത്രങ്ങളില്‍ കണ്ട നായനാരുടെ പ്രതികരണം ഇങ്ങനെ: 'മലയാളപത്രങ്ങള്‍ ഇത്ര ഡൗണ്‍ട്രോഡന്‍ ആവരുത്.' തരംതാഴരുത് എന്നേ നായനാര്‍ ഉദ്ദേശിച്ചുള്ളൂ.

നായനാര്‍ വിറ്റ കാര്‍

ഒരിക്കല്‍ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ. നായനാരോടു പറഞ്ഞു: 'ഒരു ദിവസം എന്റെ വാര്‍ഡ് കാറില്‍ ചുറ്റിക്കാണാന്‍ ആറു മണിക്കൂര്‍ എടുത്തു.' 'അത്തരമൊരു കാര്‍ എനിക്കുമുണ്ടായിരുന്നു. ഞാനതു കിട്ടിയ വിലയ്ക്കു കൊടുത്തു' എന്നായിരുന്നു നായനാരുടെ മറുപടി.

ഡല്‍ഹി ബസ്സും എയര്‍ബസ്സും

ചാരക്കേസിനെത്തുടര്‍ന്ന് 1995-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ഒഴിവില്‍ എ.കെ. ആന്റണിയാണ് മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയാകാനായി ആന്റണി പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയതും അതിന്റെ ചെലവു സംബന്ധിച്ചുമൊക്കെ വിവാദമുണ്ടായി. തൊട്ടടുത്ത തിരഞ്ഞെടുപ്പു പ്രസംഗത്തിനിടയില്‍ ആന്റണിയുടെ വരവിനെക്കുറിച്ചൊക്കെ പരാമര്‍ശിക്കുമ്പോള്‍ നായനാര്‍ നായനാര്‍ ചോദിച്ചു: 'ഓന് ബസ്സില്‍ വന്നാല്‍ പോരായിരുന്നോടോ?'
വേദിയിലിരുന്നവര്‍ പരസ്പരം നോക്കി. അവരിലൊരാള്‍ പതുക്കെ സഖാവിനെ ഓര്‍മിപ്പിച്ചു: 'ഡല്‍ഹിയില്‍നിന്നാണ് ആന്റണി വന്നത്. അവിടെനിന്ന് കേരളത്തിലേക്ക് ബസ്സില്ല.' 'വിവരം വേണ്ടേടോ...ഞാന്‍ ഉദ്ദേശിച്ചത് എയര്‍ബസ്സാണ്,' നായനാരും വിട്ടുകൊടുത്തില്ല.

തിരുത്തലിനൊരു തിരുത്ത്

1995-ല്‍ ചാരക്കേസും കാറപകടവും മുഖ്യമന്ത്രി കെ. കരുണാകരനെ തളര്‍ത്തിയപ്പോഴാണ് കോണ്‍ഗ്രസ്സില്‍ തിരുത്തല്‍വാദി ഗ്രൂപ്പിന്റെ ഉദയം. ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിവരായിരുന്നു കോണ്‍ഗ്രസ്സിനെയും കരുണാകരനെയും തിരുത്താനായി ഇറങ്ങിപ്പുറപ്പെട്ടവര്‍. ഇവരൊക്കെ ആണും പെണ്ണും കെട്ടവരാണ് എന്നായിരുന്നു കരുണാകരന്റെ മകന്‍ കൂടിയായ കെ. മുരളീധരന്‍ ഇവരെ വിശേഷിപ്പിച്ചത്.
ഇതിന് നായനാരുടെ കമന്റ്: 'അടുത്ത് ഇടപഴകിയവര്‍ക്കേ അതേക്കുറിച്ചൊക്കെ പറയാന്‍ കഴിയൂ.'

മുഖ്യമന്ത്രിമാരുടെ ഫുട്‌ബോള്‍

അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തില്‍ അഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിതന്നെ നൂറ്റിപ്പതിനൊന്ന് സീറ്റുകളോടെ അധികാരത്തില്‍ വന്നെങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു മന്ത്രിസഭകള്‍ ഉണ്ടായ നിയമസഭയായിരുന്നു അത്. കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍നായര്‍, സി.എച്ച്. മുഹമ്മദ്‌കോയ എന്നിവായിരുന്നു മുഖ്യമന്ത്രിമാര്‍.

ഇ.കെ. നായനാര്‍ ഇതിനെ ഫുട്‌ബോള്‍ കളിയുമായാണ് ഉപമിച്ചത്: 1977 മാര്‍ച്ച് 25-ന് കരുണാകരന്‍ മന്ത്രിസഭ രൂപീകരിച്ചു. മുപ്പതു ദിവസം കഴിഞ്ഞ് ഭരണത്തിന്റെ പന്ത് ആന്റണിയുടെ കോര്‍ട്ടിലാക്കി. മനസ്സില്ലാമനസ്സോടെ ആന്റണി കളി തുടര്‍ന്നു. പതിനാറു മാസം. പന്തു പി.കെ.വിക്ക് കിട്ടി. കളി തുടരാന്‍ നിര്‍ബന്ധിതനായി. പതിനൊന്നു മാസം. പന്ത് സി.എച്ച്. മുഹമ്മദ്‌കോയയ്ക്ക് എറിഞ്ഞുകൊടുത്തു. പിന്‍വാങ്ങി. പൊളിഞ്ഞുപാളീസായ പന്ത് അമ്പതു ദിവസം ഉരുട്ടിനോക്കി. രക്ഷയില്ല, ഇനി ഒരിഞ്ച് നീങ്ങില്ല. കളി നിര്‍ത്തിപ്പിരിഞ്ഞു.

വള്ളിക്കുട്ടന്‍ അപ്പുക്കുന്ന്

അറിയപ്പെടാത്ത ഇ.എം.എസ്. എന്ന പുസ്തകത്തിലൂടെ ഇ.എം.എസ്സിന്റെ ജീവചരിത്രകാരന്‍ എന്നറിയപ്പെട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ വള്ളിക്കുട്ടന്‍ അപ്പുക്കുന്ന് എന്നാണ് പലപ്പോഴും ഇ.കെ. നായനാര്‍ പരാമര്‍ശിച്ചിരുന്നത്.

മൂത്രമഴ

1980-ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലം. സി.പി.എം.-ആര്‍.എസ്.എസ്. സംഘട്ടനങ്ങള്‍ വ്യാപകമായി. സി.പി.എം. നേതാവ് എം.വി. രാഘവന്‍ ഇതിനിടയില്‍ ആര്‍.എസ്.എസ്സുകാരെ കളിയാക്കി: 'കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ ഒന്നിച്ചുനിന്ന് മൂത്രമൊഴിച്ചാല്‍ ഒലിച്ചുപോകുന്ന ശക്തിയേ ഇവിടെ ആര്‍.എസ്.എസ്സിനുള്ളൂ.' ബി.ജെ.പി. നേതാവ് കെ.ജി. മാരാരാണ് രാഘവന് മറുപടി നല്‍കിയത്: 'എങ്കില്‍ രാഘവന്റെ പാര്‍ട്ടിക്കാര്‍ ഇടുക്കി ഡാമില്‍ മൂത്രമൊഴിക്കട്ടെ. കേരളത്തിലെ വൈദ്യുതിക്ഷാമം തീരുമല്ലോ.' ഡാമില്‍ വെള്ളമില്ലാത്തതുമൂലം വൈദ്യുതി ഉത്പാദനം കുറയുകയും സംസ്ഥാനത്ത് പവര്‍ കട്ട് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്ന കാലം കൂടിയായിരുന്നു അത്.

സി.പി. ശ്രീധരന്റെ മകന്‍

മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പത്രസമ്മേളനം നടത്തുകയാണ്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ലേഖകന്‍ വിവിധ ചോദ്യങ്ങളുമായി നായനാരെ വിടാതെ പിടികൂടിയിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ നായനാര്‍ക്ക് ദേഷ്യം വന്നു. അദ്ദേഹം ആ ലേഖകനോടു ചോദിച്ചു: 'നീ ആരെന്ന് എനിക്കറിയാം, സി.പി. ശ്രീധരന്റെ മോനല്ലേ' (പ്രശസ്ത സാഹിത്യകാരനായിരുന്ന സി.പി. ശ്രീധരനായിരുന്നു അന്ന് വീക്ഷണത്തിന്റെ പത്രാധിപര്‍). എല്ലാവരും ആര്‍ത്തുചിരിക്കുന്നതിനിടയില്‍ നായനാര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയും ഷര്‍ട്ടും

ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അനുയായികള്‍ക്കു വരുത്തി വെക്കുന്ന വിന പന്തളം സുധാകരന്റെ ഭാവനയില്‍: ഉമ്മന്‍ചാണ്ടി പുതിയ ഷര്‍ട്ടിടുന്നതിനു മുമ്പ് ഒന്നു ചുരുട്ടിക്കൂട്ടി തോളിലോ കൈയിലോ ഒന്നു വരഞ്ഞു കീറും. ഞങ്ങളെപ്പോലുള്ളവരുടെ ഷര്‍ട്ടുകള്‍ യഥാര്‍ത്ഥത്തില്‍ പഴകിക്കീറിയാല്‍ ആളുകള്‍ പറയും: 'ദാ, ഉമ്മന്‍ചാണ്ടിയെ അനുകരിക്കുന്നെന്ന്.'

സ്ഥാനാര്‍ത്ഥിയുടെ പേര് കുട്ടിക്കും

1971-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു. മണ്ഡലപര്യടനത്തിനിടയില്‍ ചെറുവത്തൂരില്‍ സ്ഥാനാര്‍ത്ഥിയെത്തിയത് മണിക്കൂറുകള്‍ വൈകിയാണ്. സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് ഇതിനിടയില്‍ പ്രസവവേദന ആരംഭിച്ചു. അയലത്തുള്ള ഒരു വീട്ടില്‍വെച്ച് അവര്‍ പ്രസവിച്ചു. കുട്ടിക്ക് അവര്‍ സ്ഥാനാര്‍ത്ഥിയുടെ പേരുതന്നെ നല്‍കി: രാമചന്ദ്രന്‍.

എന്നാല്‍, പ്രചാരണത്തിന് ചീമേനിയില്‍ ചെന്നപ്പോള്‍ ഇത്തരം ആരാധകരല്ല ഉണ്ടായിരുന്നത്. അവിടെ കിട്ടിയത് ചെരുപ്പുമാലയായിരുന്നു. അവിടെയൊരു ചെറിയ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് എതിരാളികള്‍ ഒരു കയറുകെട്ടി പഴയ ചെരുപ്പും കല്ലുമൊക്കെ തൂക്കിയിട്ടിരുന്നു. കടന്നപ്പള്ളിയുടെ സ്വഭാവം അന്നും ഇന്നും ഒന്നുതന്നെ. അദ്ദേഹം ജീപ്പില്‍നിന്നിറങ്ങി, ചെരുപ്പിനും കല്ലിനുമൊന്നും വേദനിക്കാതെ അതഴിച്ചുമാറ്റി. ജീപ്പ് അപ്പുറം കടന്നപ്പോള്‍ അദ്ദേഹംതന്നെ അതു പഴയതുപോലെ കെട്ടിവെച്ചു.

Content Highlights: E.K Nayanar, Seethi Haji, George Pulikkan, Political comedies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented