എഴുതാന്‍ വശമില്ലാത്തതുകൊണ്ടും നിയോഗമല്ലാതിരുന്നതുകൊണ്ടും ആത്മകഥ എഴുതാതെപോയ കസ്തൂര്‍ ബാ...


എസ്. ഗോപാലകൃഷ്ണൻ

എസ്. ഗോപാലകൃഷ്ണൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഗാന്ധി ഒരു അർഥനഗ്നവായന എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം വായിക്കാം.

കസ്തൂർബാ ഗാന്ധി

ഗാന്ധി വെടിയേറ്റു വീണ സ്ഥലം ദില്ലിയിലെ തീസ് ജനുവരി മാർഗിലാണ്. അവിടെവെച്ചാണ് ഞാൻ മാലിനി പട്ടേലിനെ കാണാനിടയായത്. മധ്യവയസ്‌കയായ ആ സ്ത്രീ ഗുജറാത്തിലെ ഒരു പ്രൈമറി സ്‌കൂൾ അധ്യാപികയാണ്. അവരുടെ വെളുത്ത ഖദർസാരിയിൽ കസ്തൂർബാ ഗാന്ധിയുടെ പടമുള്ള ഒരു ബാഡ്ജു കണ്ടു. അപരിചിതത്വം മറന്ന് ഞാൻ ചോദിച്ചു: 'എന്തേ ഈ പടം?' മാലിനി പട്ടേൽ മറുപടി പറഞ്ഞു: 'ബാ എന്നു പറയാതെ നിങ്ങൾക്ക് ബാപ്പു എന്നു പറയാൻ കഴിയില്ല.'

ഭർത്താവിനോടൊത്ത് ആദ്യം വെക്കേണ്ട ഏഴു ചുവടുകൾ കസ്തൂർ കപാഡിയ തുടങ്ങി. വിവാഹനാളിലെ ആചാരപരമായ ഏഴു ചെറിയ കാൽവെപ്പുകളാണിത്. ഗുജറാത്തുകാർ ഇതിനെ സപ്തപദി എന്നു വിളിക്കും. ആദ്യചുവട് ആത്മബലത്തിനുള്ളതാണ്. 'നിങ്ങളുടെ എല്ലാ ആഗ്രഹപൂർത്തിക്കും ഞാൻ സഹായിയായിരിക്കും,' കസ്തൂർ പറഞ്ഞു. രണ്ടാമത്തെ ചുവട് ആർജവത്തിനും മൂന്നാമത്തേത് അഭിവൃദ്ധിക്കുമാണ്. 'നിങ്ങളുടെ സുഖവും ദുഃഖവും ഞാൻ പങ്കുവെക്കും.' കസ്തൂർ പറഞ്ഞു.

നാലാമത്തെ ചുവടുവെച്ചപ്പോൾ കസ്തൂറിൽ സന്തോഷം തുളുമ്പി. അവർ പറഞ്ഞു: 'നിങ്ങളോട് ഞാൻ സ്‌നേഹത്തിന്റെ ഭാഷയേ പറയൂ. നിങ്ങളുടെ സന്തോഷത്തിനുവേണ്ടി ഞാൻ പ്രാർത്ഥിക്കും.' അഞ്ചാമത്തെ ചുവടുവെച്ചപ്പോൾ കസ്തൂർ മന്ത്രിച്ചു: 'നാം ജനങ്ങളെ സ്‌നേഹിക്കും. ഞാൻ എപ്പോഴും നിങ്ങളുടെ തൊട്ടു പിന്നിൽ കാണും. ജനങ്ങളോടുള്ള നിങ്ങളുടെ പ്രതിജ്ഞകൾ പൂർത്തീകരിക്കാൻ ഞാൻ സഹായിക്കും.' ഇതു പറഞ്ഞപ്പോൾ വധുവിന്റെ കൈയിൽ വരന്റെ കൈ മുറുകി. മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടു. മോഹൻദാസിനു കൗതുകമുണ്ടായി. ആറാമത്തെ ചുവടുവെച്ചപ്പോൾ കസ്തൂർ പറഞ്ഞു: 'മതപരമായ ആചാരങ്ങൾ ഞാൻ പിന്തുടരും.' അവസാനത്തെതായ ഏഴാം ചുവടിൽ അവർ പറഞ്ഞു: 'താങ്കൾ എന്റെ ഏറ്റവും വലിയ സഖാവും ഏറ്റവും നല്ല ഗുരുവും ഒരേയൊരു ദൈവവുമാണ്.'

കസ്തൂർ ഇതു പറയുമ്പോൾ അവർക്കു പതിനഞ്ചു വയസ്സുപോലുമായിരുന്നില്ല. എങ്കിലും ആ ഇന്ത്യൻ വധു മരണംവരെ, സപ്തപദിയിലെ പ്രതിജ്ഞകൾ പാലിക്കുവാൻ ശ്രമിച്ചു. ഭർത്താവ് മോഹൻദാസ് കരംചന്ദ് ഗാന്ധി അങ്ങനെയൊന്നുമായിരുന്നില്ലെങ്കിലും. ഗാന്ധിയുടെ പുകൾപെറ്റ ആത്മകഥയിൽ കസ്തൂർബായുടെ മഹാബലിയെക്കുറിച്ച് അധികമൊന്നും പറഞ്ഞിട്ടില്ല. കസ്തൂറിനാകട്ടെ, എഴുതാൻ വശമില്ലാത്തതുകൊണ്ടും അത് അവരുടെ നിയോഗമല്ലാതിരുന്നതുകൊണ്ടും ആത്മകഥ എഴുതാൻ കഴിഞ്ഞതുമില്ല. വിവാഹത്തിന്റെ അറുപത്തൊന്നാം വാർഷികത്തിൽ ഭാര്യയും ഭർത്താവും ആഗാഖാൻ കൊട്ടാരത്തിൽ ജയിലിലായിരുന്നു.

കസ്തൂർബാ, ഗാന്ധിജിയോടു പറഞ്ഞു: 'ഞാൻ സ്ലേറ്റിലെഴുതി മടുത്തു. എനിക്കൊരു നോട്ടുബുക്ക് തന്നുകൂടേ?' അച്ചടിച്ചു വന്നപ്പോൾ അറുപത്തയ്യായിരം പേജുകളോളം ജീവിതത്തിൽ എഴുതിയ ഗാന്ധി, ഭാര്യയോടു പറഞ്ഞു: 'ആദ്യം എഴുത്ത് ശരിക്കും പഠിക്കൂ... അപ്പോൾ ഞാൻ ബുക്കു തരാം.' ജീവിതത്തിൽനിന്നും താൻ പഠിച്ചതുതന്നെ ധാരാളമാണെന്ന് തർക്കുത്തരം പറഞ്ഞ് കസ്തൂർ സ്ലേറ്റ് ഗാന്ധിയുടെ മേശപ്പുറത്തു വെച്ച് മുറി വിട്ടു പോയി. ഗാന്ധിജി ചിരിച്ചു. എപ്പോഴും മോഹൻദാസ് അങ്ങനെയായിരുന്നു. അവരുടെ കൊച്ചുമകൻ അരുൺ ഗാന്ധി പില്ക്കാലത്ത് അമ്മൂമ്മയെക്കുറിച്ച് എഴുതി: 'മുത്തച്ഛൻ സത്യവുമായി പരീക്ഷണം നടത്തുമ്പോൾ മുത്തശ്ശി സത്യമെന്തെന്ന് അനുഭവിക്കുകയായിരുന്നു.'

വിവാഹശേഷം മഹാത്മാവാകുന്നതിനുമുൻപ് ഈ ഭർത്താവ്, ഏതൊരു ഇന്ത്യൻ പുരുഷനെയുംപോലെ തന്നിഷ്ടക്കാരനും സംശയാലുവുമായിരുന്നു. മോഹൻദാസിന് കസ്തൂർ ഒരു ഉന്മാദമായിരുന്നു. നല്ല ഭർത്താവ് എങ്ങനെ പെരുമാറണമെന്നു പറയുന്ന ലഘുലേഖകൾ വായിച്ച് ഭാര്യയോടു വിശ്വസ്തനാകാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അതേസമയം, കിടപ്പറയിൽ കസ്തൂർ അത്ര സജീവമല്ല എന്നു തോന്നിയ മോഹൻദാസ് 'നിന്റെ മനസ്സിൽ വേറെ പുരുഷന്മാരുണ്ടോ?' എന്നു ചോദിച്ചു കലഹിച്ചു. തീക്ഷ്ണമായ ശയ്യ കൊതിച്ച് വേശ്യാലയത്തിൽ പോയി. മോഹിനിയായ വേശ്യയുടെ അരികിൽ ഇരുന്നപ്പോൾ വായിച്ച ലഘുലേഖകളിലെ പാഠങ്ങൾ ഓർമവന്നു. തല കുമ്പിട്ടിരുന്ന മോഹൻദാസിനെ വാസവദത്ത ആക്ഷേപിച്ച് ഇറക്കിവിട്ടു. അപമാനിതനായ പുരുഷൻ വിശ്വസ്തനായ ഭർത്താവായി തുടരാൻ തീരുമാനിച്ചു. ഗാന്ധിജി വ്യക്തിജീവിതത്തിൽ കടന്നുപോയ അഗ്നിപരീക്ഷകൾ അദ്ദേഹത്തെ ഊതിക്കാച്ചിയ പൊന്നാക്കുകയും ഇന്ത്യൻ സാമൂഹികജീവിതത്തിലെ മനോഹരമായ സാന്നിധ്യമാക്കുകയും ചെയ്തു. വൈവാഹികജീവിതവും കുട്ടികളും മുജ്ജന്മത്തിൽ സംഭവിച്ച എന്തോപോലെ അദ്ദേഹം പിൽക്കാലത്തു കരുതിയിരിക്കണം. മഹാത്മാ മുഴുവൻ അർത്ഥത്തിലും ഭൂതകാലത്തിൽനിന്നുള്ള വിടുതലായിരുന്നു.

ഈ കുറിപ്പിൽ കസ്തൂർബയിലെ ഇന്ത്യൻ വധു നേരിടേണ്ടിവന്ന സമസ്യകൾ മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ആ സമസ്യകൾക്കപ്പുറത്തെവിടെയോ ആണ് മഹാത്മാഗാന്ധിയുടെ സുവർണസമസ്യകൾ നിലകൊള്ളുന്നത്.

തെക്കേ ആഫ്രിക്കയിൽവെച്ച് ഒരു ദിവസം ഭർത്താവ് ഭാര്യയോടു കലഹിച്ചു. പിടിച്ചുവലിച്ച് ഗേറ്റിനു പുറത്തു കൊണ്ടുപോയി വിട്ട് കതകടച്ചു.കസ്തൂർ തിരിച്ചുചോദിച്ചു: 'നിങ്ങളെന്തൊരു ഭർത്താവാണ്? ഈ അന്യരാജ്യത്ത്, അപരിചിതരുടെ ഇടയിലേക്ക് എന്നെ ഒറ്റയ്ക്ക് ഇറക്കിവിടുകയോ? ഞാൻ എവിടേക്കു പോകും?' ഗാന്ധിജി ആത്മകഥയിൽ എഴുതി: 'ഒരുപക്ഷേ, ഒരു ഹിന്ദു വധു മാത്രമേ ഇത്തരം കഷ്ടതകൾ സഹിക്കുകയുള്ളൂ. അതുകൊണ്ടാണ് സ്ത്രീയെ ഞാൻ സഹനത്തിന്റെ മൂർത്തിയായി കാണുന്നത്. തെറ്റായി സംശയിക്കപ്പെട്ട ഒരു വാല്യക്കാരൻ ജോലി ഉപേക്ഷിച്ചുപോകാം. അങ്ങനെ സംഭവിച്ച മകൻ അച്ഛന്റെ മേൽക്കൂര വേണ്ടെന്നുവെക്കും. എന്നാൽ ഒരു ഭാര്യയോ? അവൾ എവിടെപ്പോകാനാണ്? എന്റെ ഭാര്യയ്ക്കു ഞാൻ നല്കിയ വേദനകൾ എനിക്കു മറക്കാനാവില്ല. എനിക്കു സ്വയം മാപ്പു നല്കുവാനും കഴിയില്ല.'

കസ്തൂർ ഭർത്താവിനെക്കാൾ വളർന്നിരിക്കുന്നു. തന്റെ ജീവിതപങ്കാളിയുടെ തിരഞ്ഞെടുപ്പ് പൂർണ സാമൂഹികജീവിതമാണെന്നറിഞ്ഞ അവർ മനസ്സിനെ അങ്ങനെ രൂപപ്പെടുത്തി. എന്നാൽ, തന്റെ പൂർവജന്മത്തിലുണ്ടായ ആൺകുട്ടികളെ പ്രതിബദ്ധതയുള്ള പൗരന്മാരായി വളർത്താൻ പുതിയ ഗാന്ധി ശ്രമിക്കുമ്പോൾ അച്ഛനും മക്കൾക്കുമിടയിൽ പാലമായി നിന്നത് കസ്തൂർബയാണ്. സായ്‌വിന്റെ ശരീരശുശ്രൂഷയിലും ശ്രദ്ധയിലും ആകൃഷ്ടനായ മോഹൻദാസ് ദക്ഷിണാഫ്രിക്കയിൽ മക്കളുമായി പ്രഭാതസവാരിക്കു പോകുമായിരുന്നു. അഞ്ചു കിലോമീറ്റർ നടന്നുകഴിഞ്ഞാണ് പന്ത്രണ്ടുവയസ്സുകാരനായ മകൻ മണി
ലാൽ മനസ്സിലാക്കിയത് താൻ കണ്ണട എടുക്കുവാൻ മറന്നുവെന്ന്. കർക്കശക്കാരനായ അച്ഛൻ മകനോട് തിരിച്ചുപോയി കണ്ണട എടുത്തുകൊണ്ടുവരാൻ പറഞ്ഞു. പതിനഞ്ചു കിലോമീറ്റർ മണിലാലിന് കൂടുതൽ നടക്കേണ്ടിവന്നു. കണ്ണടയ്ക്കായി തിരിച്ചുവന്ന മകനെ അമ്മ ആശ്വസിപ്പിച്ചു. ഭക്ഷണം കൊടുത്തു. കാൽ തിരുമ്മിക്കൊടുത്തു. എന്നിട്ടു പറഞ്ഞു: 'നിനക്ക് അച്ഛനെ അറിയാമല്ലോ. ഭാവിയിൽ ഇനി ഒന്നും മറക്കാതിരിക്കാനാണ് അച്ഛൻ ഇങ്ങനെ ചെയ്തത്. ഇനി തിരിച്ചുനടന്നോളൂ.'

ഭർത്താവിന്റെ നേരേ ആക്രമണങ്ങളുണ്ടായപ്പോൾ കസ്തൂർ കരുതലോടെയിരിക്കുവാൻ ഗാന്ധിയോടു പറഞ്ഞിരുന്നു. ദേഹസുരക്ഷയ്ക്കായി ആളുകളെ ഏർപ്പാടാക്കാമെന്ന് ചങ്ങാതിമാർ പറഞ്ഞപ്പോൾ സ്വാഭാവികമായും ഗാന്ധി എതിർത്തു. ഭാര്യ അദ്ദേഹത്തോടു പറഞ്ഞു: 'ഞാൻ താങ്കളെ മനസ്സിലാക്കുന്നു. ഏറ്റവും കഠിനമായ വാർത്തയും താങ്ങാൻ ഞാൻ തയ്യാറാണ്. നിങ്ങൾ പൊതുജീവിതത്തിൽ പ്രവേശിച്ചതുമുതൽ നിങ്ങളെപ്രതി ഏറ്റവും ദുരന്തപൂർണമായതും കേൾക്കുവാൻ ഞാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. എന്നെയോ കുടുംബത്തെയോ ഓർത്ത് നിങ്ങൾ ദുഃഖിക്കരുത്.'

ആത്മാവു നശിക്കാത്തതിനാൽ ആരും മരിക്കുന്നില്ലെന്നു വിശ്വസിച്ച ഗാന്ധി വീണ്ടും ചിരിച്ചു. അദ്ദേഹം ജോഹന്നാസ്ബർഗിൽ മൂന്നു മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നപ്പോൾ കസ്തൂർബായ്ക്ക് രക്തസ്രാവസംബന്ധമായ രോഗം കലശലായി. രോഗിണിയായ ഭാര്യയ്ക്കു സംയമിയായ നേതാവ് കത്തെഴുതി: 'ഞാൻ നിന്നെക്കുറിച്ച് ആശങ്കാകുലനാണെങ്കിലും അവിടെ വരാൻ കഴിയില്ല. ഒരു സമരത്തിനുവേണ്ടി ഞാൻ ജീവിതം ഉഴിഞ്ഞുവെച്ചു. നിന്നെ കാണുവാനായി മാപ്പുപറഞ്ഞ് ഞാൻ ജയിലിൽനിന്നിറങ്ങിയാൽ വഞ്ചനയാകും. ധൈര്യവതിയായി ഇരിക്കുക. ആരോഗ്യം തിരിച്ചുകിട്ടും. എന്നിട്ടും നീ മരി
ച്ചാൽ, എനിക്കുമുൻപേ നീ മരിക്കാൻ വിധിക്കപ്പെട്ടതാണെന്നു ഞാൻ കരുതും. നിന്നെ ഞാൻ വളരെ സ്‌നേഹിക്കുന്നു. അതു നിന്റെ മരണശേഷവും നിലനില്ക്കും. നിന്റെ ആത്മാവിനു മരണമില്ല. ഒരു കാര്യം ഞാൻ തറപ്പിച്ചുപറയാം. നിന്റെ മരണശേഷം ഞാൻ വേറെ വിവാഹം ചെയ്യില്ല. ദൈവത്തിൽ വിശ്വസിച്ച് ആത്മാവിനെ സ്വതന്ത്രയാക്കുക. നിന്റെ മരണം സത്യഗ്രഹത്തിനുവേണ്ടിയുള്ള ബലിയായിരിക്കട്ടെ.'

ചുരുക്കത്തിൽ കസ്തൂർബായ്ക്കു ഭർത്താവിനെ മനസ്സിലായി. പക്ഷേ, മൂത്ത മകൻ ഹരിലാലിനെ അതിനു തയ്യാറാക്കുന്നതിൽ ആ അമ്മ പരാജയപ്പെട്ടു. 'അദ്ദേഹത്തിന് നമ്മെയാരെയും വേണ്ട' എന്നു പറഞ്ഞ് ആ മകൻ വീടുവിട്ടിറങ്ങിപ്പോയി. 1944 ഫെബ്രുവരിയിൽ തടവിൽ കിടക്കുമ്പോൾ രോഗം മൂർച്ഛിച്ച അമ്മയ്ക്കു മൂത്ത മകനെ കാണണമെന്നു തോന്നി. മുഴുക്കുടിയനും ക്ഷയരോഗിയും പ്രക്ഷീണനുമായി അയാൾ ജയിൽവാതിലിൽ വന്നുനിന്ന് മടങ്ങിപ്പോയി. വീണ്ടും ഗാന്ധി, ജയിൽ സൂപ്രണ്ടുവഴി ആളയച്ചു. മദ്യപിച്ച് ബോധരഹിതനായി മകൻ രോഗശയ്യയ്ക്കരികിൽ വന്നുനിന്നു. അമ്മ, ക്ഷീണിതമായ കൈകൾ സ്വന്തം തലയ്ക്കടിച്ചു കരഞ്ഞു. ഹരിലാൽ തിരിച്ചുപോയി.

ഫെബ്രുവരി 22-ാം തീയതി ബാ മരിച്ചു. ശവസംസ്‌കാരം ജയിലിലായിരുന്നു. മൃതശരീരം കാണുവാൻ പൊതുജനങ്ങൾക്കു പ്രവേശനമില്ലാതിരുന്നതിനാൽ ഗാന്ധി, മക്കളായ ദേവദാസിനോടും രാമദാസിനോടും പറഞ്ഞു: 'ഇന്ത്യയിലെ ജനങ്ങൾക്ക് ബായുടെ ശരീരത്തിനു മേലില്ലാത്ത അധികാരം മക്കളായ നിങ്ങൾക്കും ഉണ്ടാകാൻ പാടില്ല. നിങ്ങൾ ഇല്ലാതെ അവസാനചടങ്ങുകൾ നടന്നാൽ മതി.' ജയിൽ സൂപ്രണ്ട് ഗാന്ധിയോടു പറഞ്ഞു: 'ചിതയ്ക്കായി കുറെ ചന്ദനത്തടിയുണ്ട്.' ഗാന്ധി ചോദിച്ചു: 'ജയിലിൽ അതെവിടെനിന്ന്?' സൂപ്രണ്ട് പറഞ്ഞു: 'നിങ്ങൾ 21 ദിവസം നിരാഹാരം കിടന്നപ്പോൾ വരുത്തിച്ചതാണ്.'കൂടെയുണ്ടായിരുന്ന സുശീല നയ്യാർ പറഞ്ഞത് ചിത കത്തിത്തീരുമ്പോൾ മഹാത്മാഗാന്ധിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു എന്നാണ്.

ജീവനുള്ള ഗാന്ധിയും മരിച്ച ഗാന്ധിയും: ഒടുങ്ങാത്ത യുദ്ധങ്ങൾ

അമേരിക്കയിലെ മിഷിഗൻ-ഫ്‌ളിന്റ് സർവകലാശാലയുടെ വളപ്പിൽ ഗാന്ധിയുടെ ഒരു പ്രതിമ അനാവരണം ചെയ്യാൻ പോകുന്നു. ഗാന്ധിയുടെ പ്രതിമ ലോകർക്ക് ഒരു പുതുമയല്ല. അദ്ദേഹം ഒരു വിഗ്രഹമായിത്തീർന്നിട്ട് എത്രയോ വർഷങ്ങളായി. ജീവിച്ചിരിക്കുമ്പോൾത്തന്നെ വിഗ്രഹങ്ങളായിത്തീർന്നാലുള്ള ബുദ്ധിമുട്ടുകൾ വളരെ അനുഭവിച്ച ആളായിരുന്നല്ലോ അദ്ദേഹം. എനിക്ക് അമാനുഷികമായ കഴിവുകൾ ഒന്നുമില്ലെന്നും എന്നെ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം ഇന്ത്യൻ ഗ്രാമങ്ങളിലൂടെ പറഞ്ഞുനടന്നു. അമേരിക്കയിൽ എബ്രഹാം ലിങ്കൺ, റഷ്യയിൽ ഒരുകാലത്ത് ലെനിൻ, വിമത റോമാസാമ്രാജ്യത്തിൽ അശ്വാരൂഢരായ ചക്രവർത്തിമാർ, ലോകമാകമാനം ക്രിസ്തുവും ബുദ്ധനും, ബംഗാളിൽ ടാഗോർ, കേരളത്തിൽ ശ്രീനാരായണഗുരു എന്നിവരുടെ പ്രതിമകൾ നഗരചത്വരങ്ങളിലാകെ ഉയർന്നതുപോലെ, ഇന്ത്യയിലാകമാനം ഗാന്ധിയുടെ പ്രതിമകൾ ഉണ്ടായി.

ജനഹൃദയങ്ങളിലും ചരിത്രത്തിലും വിഗ്രഹങ്ങൾ ഉയർന്നുകൊണ്ടിരിക്കും. ചിലവ തകരുകയും ചെയ്യും. എന്നാൽ, രസകരമായ ഒരു കാര്യം നാം മറന്നുപോകുന്നു. മണ്ണടിഞ്ഞുപോയ വിഗ്രഹങ്ങളുടെ എണ്ണമായിരിക്കും മനുഷ്യന്റെ ആശയചരിത്രത്തിലെ ഭൂചലനങ്ങളെയും പ്രളയങ്ങളെയും അതിജീവിച്ച വിഗ്രഹങ്ങളെക്കാൾ കൂടുതൽ. ഉത്തര ഡൽഹിയിൽ കോറോണേഷൻ പാർക്കിൽ ആളറിയാതെ കിടക്കുന്ന മുൻ വൈസ്രോയിമാരുടെ പ്രതിമകൾതന്നെ മതി ഇതു തെളിയിക്കാൻ. പ്രതിമകളെയും വിഗ്രഹങ്ങളെയും വളരെ ഗൗരവതരമായി കാണുന്നവർ വൻപ്രളയങ്ങൾ സങ്കല്പിക്കാൻ ഇഷ്ടപ്പെടാത്തവരാണ്. പക്ഷേ, അങ്ങ
നെ ചിന്തിക്കാൻ കഴിയുമെങ്കിൽ ഏതു കൊടികുത്തിയവന്റെ പ്രതിമയെയും ചരിത്രാതീതമായ ഒരു ചിരിയോടുകൂടി നമുക്കു കാണുവാൻ കഴിഞ്ഞേനേ.

അമേരിക്കയിലെ ഒരു അറിവാലയത്തിന്റെ മുന്നിൽ ഗാന്ധിയുടെ പ്രതിമ ഉയരുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഇന്ത്യക്കാർ എല്ലാ ലോകാധികാരപീഠങ്ങൾക്കും നേതാക്കൾക്കും വിദ്യാലയങ്ങൾക്കും ഒരു കത്തു കൊടുത്തിരിക്കുന്നു. ഗാന്ധി എന്ന സവർണനേതാവ് ജാതീയമായി കറുത്തവരായിപ്പോയ ലോകമാകമാനമുള്ള ജനകോടികൾക്കു വിശ്വാസംകൊണ്ടും പ്രവൃത്തികൾകൊണ്ടും എന്നും എതിരായിരുന്നുവെന്നും അതിനാൽ ഗാന്ധിയുടെ ഒരു പ്രതിമ വെക്കുകവഴി കാര്യങ്ങൾ ശരിയായി മനസ്സിലാക്കിവരുന്ന പുതിയ ലോകത്തിനു മുൻപിൽ സർവകലാശാല ഭാവിയിൽ ചോദ്യംചെയ്യപ്പെടുമെന്നുമാണ് ദീർഘമായ
ഈ കത്തിന്റെ രത്‌നച്ചുരുക്കം. കത്തിൽ പുതിയ വാദമുഖങ്ങളൊന്നുമില്ല. എങ്കിലും ഈ പ്രതിഷേധക്കുറിപ്പു വായിച്ചാൽ ആധുനിക മാനവരീതിയിലുള്ള ചിന്താസരണികൾ ശീലിച്ച ഏതൊരു പാശ്ചാത്യസർവകലാശാലയും ഒന്നു പകയ്ക്കും.

കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കമ്പോടുകമ്പ് ശരിയാണ്. ബാക്കിയാവട്ടെ, വലിയ പകയോടെ എഴുതിയിട്ടുള്ളതാണ്. സ്വതന്ത്രഭാരതം കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഉണ്ടാക്കിക്കൊണ്ടുവരുന്ന ഗാന്ധിയുടെ പ്രതിച്ഛായ പരേതന്റെ 'സത്യാന്വേഷണ'ജീവിതവുമായി ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകാത്തതാണ് എന്നതാണ് വാദത്തിന്റെ പ്രധാന സൂചിമുന.

പുസ്തകം വാങ്ങാം

ഗാന്ധി ഒരു വിഗ്രഹമല്ല

ഇംഗ്ലണ്ടിൽ പഠിക്കുന്ന കാലത്തും പിന്നീട് ദക്ഷിണാഫ്രിക്കയിൽ വക്കീൽപ്പണിയും സമരജീവിതവുമായി വളർന്നുവന്നപ്പോഴും അതിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ലോകനേതാവായി ചരിത്രത്തിലേക്കു നടന്നുപോയപ്പോഴും ഗാന്ധി ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ജീവപര്യന്തത്തടവുകാരനായിരുന്നുവെന്ന് ഗാന്ധിയുടെ അനിഷേധ്യമായ ഉദ്ധരണികളുയർത്തി വാദിച്ചിരിക്കുന്നു. വാദം നല്ലതുതന്നെ. ഒരെതിർവാദവുമില്ലാതെ അംഗീകരിക്കപ്പെടാൻ അദ്ദേഹം ഏതെങ്കിലും ഏകശിലാമതത്തിന്റെ പ്രവാചകനോ ദൈവമോ അല്ലല്ലോ. എതിർവാദമില്ലാതെ അംഗീകരിക്കപ്പെടേണ്ട ദൈവങ്ങൾക്കു വിഗ്രഹങ്ങളില്ലെന്ന് നമുക്കറിയാം. അവരുടെ വിഗ്രഹങ്ങൾ മനുഷ്യചിന്തയിലാണ്. കുമാരനാശാൻ എഴുതിയതുപോലെ, 'ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങും ഈശനെയാണ്' ജൂത, ഇസ്‌ലാം, ക്രിസ്തുമത വിശ്വാസികൾ വാഴ്ത്തുന്നത്.

വിഗ്രഹം എന്ന വാക്കിന്റെ ഉത്പത്തി അന്വേഷിച്ചു പോകുമ്പോൾ നാം എത്തിച്ചേരുന്നതും അവിടെത്തന്നെയാണ്. വിഗ്രഹം എന്ന വാക്കിന്റെ രണ്ടു പ്രബലമായ അർത്ഥങ്ങൾ പറയാം. ഒന്ന്, വിശേഷേണ ഗ്രഹിക്കുന്നത്, രണ്ട്, വിവിധങ്ങളായ സുഖദുഃഖങ്ങളെ ഗ്രഹിക്കുന്നത്. ഈ രണ്ടു സവിശേഷതകളും മനുഷ്യമനസ്സിനു മാത്രമേ സാധ്യമാകൂ എന്നാണ് എനിക്കു തോന്നുന്നത്. വിശേഷേണ നാം ഗ്രഹിക്കുന്നതാണ് ദൈവം മുതലായ ചോദ്യംചെയ്യപ്പെടാനാവാത്ത സങ്കല്പങ്ങൾ. അപ്പോൾ ഗാന്ധി എന്തായാലും ഇതുവരെ ഒരു ദൈവമായിട്ടില്ല. ആകില്ല എന്നുറപ്പിച്ചു പറയാൻ ദൈവപരിവേഷത്തിന്റെ സ്വാഭാവിക ഉയിർപ്പുകൾ, അതിനെടുക്കുന്ന നൂറ്റാണ്ടുകൾ എന്നിവയെക്കുറിച്ചറിയാവുന്നവർ ഒരുപക്ഷേ, മടിച്ചേക്കും. എന്നാലും ഇനിയുള്ള കാലത്ത് പുതിയ ദൈവങ്ങളുടെ ഉദയം ഏറെ പ്രയാസകരമായിരിക്കും. അവതാരപുരുഷന്റെയോ സ്ത്രീയുടെയോ വ്യക്തിജീവിതത്തെക്കുറിച്ചുള്ള മനോഹരമായ ചില അജ്ഞതകൾ, ഒരേയൊരു വിവരസ്രോതസ്സ് എന്നിവയൊക്കെ ഇനിയുള്ള കാലത്ത് പ്രയാസകരമായിരിക്കും. ഏതായാലും ഇതുവരെ ഗാന്ധി ഒരു ജനസഞ്ചയത്തിന്റെയും പ്രാർത്ഥനാമൂർത്തിയായിട്ടില്ല. വിവിധങ്ങളായ സുഖ ദുഃഖങ്ങളെ ഗ്രഹിക്കുന്നത് എന്ന അർത്ഥത്തിലും ഗാന്ധിക്ക് ഒരു വിഗ്രഹമാകുവാൻ കുറച്ചു പ്രയാസമായിരിക്കും.

അപ്പോൾ ഗാന്ധി ഒരു വിഗ്രഹമല്ലതന്നെ. എതിർവാദങ്ങൾക്കു മുറി അനുവദിക്കുന്ന ഒരു സാധാരണ ജനനേതാവിന്റെ പ്രതിമയാണ് (വിഗ്രഹമല്ല) മിഷിഗൻ സർവകലാശാലയുടെ വളപ്പിൽ വെക്കാൻ ആലോചിക്കുന്നത്. ആ പ്രതിമാ അനാച്ഛാദനത്തെക്കുറിച്ച് ഒരു സംവാദം സാധ്യമാകുന്നു എന്നതുതന്നെ അദ്ദേഹത്തിന്റെ സർവലഘുത്വം തെളിയിക്കുന്നതാണ്. അതുകൊണ്ട് ഈ സംവാദത്തിൽ ഞാൻ പങ്കുചേരട്ടെ. ഏതു ഗാന്ധിയുടെ പ്രതിമയാണ് കഴിഞ്ഞ അറുപതു കൊല്ലങ്ങളായിട്ട് ലോകമാകമാനം ഉണ്ടായത്. ഗാന്ധി എന്നയാൾ ഉണ്ടാക്കിയ പോസിറ്റീവ് ഇമേജാണ് അദ്ദേഹത്തിന്റെ പ്രതിമകൾ എല്ലാംതന്നെ. ജീവിച്ചിരുന്ന ഗാന്ധിയും മരിച്ചതിനു ശേഷമുള്ള ഗാന്ധിയും രണ്ടാണ്. അവയെ ബന്ധപ്പെടുത്തുന്നത് ഒരു സാമാന്യനാമം മാത്രമാണ്. മരിച്ചതിനുശേഷമുള്ള ഗാന്ധിയുടെ ഇമേജ് മനുഷ്യരാശിയെ പ്രത്യാശിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. മരിച്ചതിനുശേഷമുള്ള ഗാന്ധിയുടെ ഇമേജ് ജീവിച്ചിരുന്ന ഗാന്ധിയെ പലപ്പോഴും പ്രതിക്കൂട്ടിൽ നിർത്തുന്ന ഒന്നായി വളർന്നു. അതുകൊണ്ടുതന്നെയാണ് മൃതാവശേഷമായ ഒരു പ്രതിച്ഛായയെ തകർക്കാൻ ഗാന്ധിയുടെ ജീവിതത്തിൽനിന്നുള്ള ഏടുകൾ ഉദ്ധരിച്ച് ചിലർ ആത്മാർത്ഥമായി ശ്രമിക്കുന്നത്. ഗാന്ധിയുടെ ജീവിതത്തിൽനിന്ന് കത്തിൽ പറഞ്ഞിരിക്കുന്ന എതിർവാദങ്ങള ഗാന്ധിയുടെ മരണാനന്തര ഇമേജ് നേരിടുന്നത് എങ്ങനെയെന്നു നോക്കാം:

1. തെക്കേ ആഫ്രിക്കയിൽ സാമൂഹികപ്രവർത്തനം നടത്തുമ്പോൾ ഇന്ത്യക്കാർ ആഫ്രിക്കയിലെ കറുത്തവരെക്കാൾ ഉയർന്ന ജാതിയാണെന്ന് ഗാന്ധി പലവട്ടം പറഞ്ഞു.
2. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങളിൽ 'ഒരൊറ്റ ജനത' എന്ന വികാരം ഉണ്ടാക്കുന്നതിനു പകരം ഉച്ച നീച ജാതികൾ എന്ന വേർതിരിവ് വ്യക്തമായി നിലനിർത്തി ഗാന്ധി ജനമുന്നേറ്റമുണ്ടാക്കി.
3. 'നാക്കിൽ ദൈവനാമവും അരയിൽ വാളുമായി നടക്കുന്ന ഒരാളിനു 'മഹാത്മാ' എന്ന പേരു ചേരുമെങ്കിൽ ഗാന്ധിയെ അങ്ങനെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല': ഡോ. അംബേദ്കർ.
4. തന്റെ വിശ്വാസങ്ങൾ പലതും പിൽക്കാലത്ത് ഗാന്ധി തിരുത്തിയെങ്കിലും സമൂഹത്തിൽ ഉണ്ടാക്കാവുന്ന കോട്ടം അദ്ദേഹം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.
5. പലപ്പോഴും രാത്രിയിൽ കിടക്കുന്ന സമയത്ത് വൃദ്ധനായ ഗാന്ധിയുടെ മെത്തയിൽ രണ്ടു പെൺകുട്ടികൾ കിടന്നിരുന്നു.

ഗാന്ധിയുടെ മരണാനന്തര ഇമേജ്

1. പുതിയ തെക്കേ ആഫ്രിക്കയുടെ പിതാവ് നെൽസൺ മണ്ടേല തന്നെ ലോകം 'ആഫ്രിക്കൻ ഗാന്ധി' എന്ന് വിളിച്ചുപോരുന്നതിൽ പരാതിപ്പെടുന്നില്ല.
2. ലോകത്തിലെ ഏതൊരു വലിയ രാഷ്ട്രീയനേതാവിനെയുംപോലെ, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുനടക്കാൻ കഴിഞ്ഞു. താൻ പിന്നാക്കജനവിഭാഗങ്ങളിൽപ്പെട്ട ആളാണെന്ന് അവരുടെ കോളനികളിൽ ജീവിച്ചു തെളിയിച്ചു.
3. മനുഷ്യരാശി കണ്ട എക്കാലത്തെയും വലിയ അഹിംസാവാദികളിൽ ഒരാൾ. ഹിറ്റ്‌ലർ യുദ്ധവിരുദ്ധനായിരുന്നുവെന്ന് പിന്നെയും പറഞ്ഞു വിശ്വസിപ്പിക്കാം. ഗാന്ധി മനസ്സിൽ വാൾ കൊണ്ടുനടന്നു എന്നു പറഞ്ഞാൽ ആളുകൾ വിശ്വസിച്ചില്ലെന്നു വരും.
4. ലോകം മുഴുവൻ കേട്ട ഗാന്ധിയുടെ പ്രശസ്ത പ്രഖ്യാപനം 'ഏതെങ്കിലും വിഷയത്തിൽ ഞാൻ പരസ്പരവിരുദ്ധമായി അഭിപ്രായം പറഞ്ഞിട്ടുണ്ട് എങ്കിൽ ഞാൻ അവസാനം പറഞ്ഞത് എന്റെ സത്യം.'
5. ഏതെങ്കിലും അന്വേഷണ ഏജൻസി രഹസ്യക്യാമറകൾ ഉപയോഗിച്ചു കണ്ടെത്തിയ വിവരമല്ലിത്. ഒട്ടും കുറ്റബോധമില്ലാതെ ഗാന്ധിതന്നെയാണ് തന്റെ മനസ്സിന്റെ ഈ പരീക്ഷകളെക്കുറിച്ച് എഴുതിയതും ലോകമറിഞ്ഞതും.

ഞാൻ ഇവിടെ പറഞ്ഞുവരാൻ ശ്രമിക്കുന്നത് ഒരാളുടെ ബാക്കി നില്ക്കുന്ന ഇമേജ് ഒരു പക്ഷേ, ലോകനന്മയ്ക്കുതകുമെങ്കിൽ അതു നിലനില്ക്കുന്നതല്ലേ നല്ലത്? പകരംവെക്കാൻ അത്ര വലിയ ഇമേജുകൾ പ്രത്യേകിച്ച് പുതിയ വകതിരിവുകൾക്ക് ഇല്ലാത്തപ്പോൾ സർവകാല വിവാദനായകനായ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ബനിയ ഹിന്ദു മരിച്ചിട്ട് അറുപത്തിരണ്ടു കൊല്ലം കഴിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തിന്റെ ഇമേജ് അവിടെ നില്ക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. എന്നിട്ട് അദ്ദേഹത്തിന്റെ ജീവിതംകൊണ്ട് നമുക്ക് അതിനോടു തുടർന്നും പോരാടാം.


Content Highlights: excerpts from the book gandhi oru arthanagna vaayana by s gopalakrishnan mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented