ജോൺ പോൾ/ ഫോട്ടോ: ശിവപ്രസാദ് ജി
ജോണ്‍പോള്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച'എന്റെ ഭരതന് തിരക്കഥകള്‍' എന്ന പുസ്തകത്തില്‍ സംവിധായകന് ജയരാജ് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയുടെ പിറവിയെക്കുറിച്ചും സിനിമയുടെ തിരക്കഥാകൃത്തായിരുന്ന ജോണ്‍പോളിന്റെ ക്രാഫ്റ്റിനെക്കുറിച്ചും എഴുതിയത് വായിക്കാം.
ഒരു നുറുങ്ങുവെട്ടമായിത്തന്നെയാണ് കൃഷ്ണപക്ഷത്തിന്റെ കൂരിരുട്ടിലേക്ക് ആ തീരുമാനം കടന്നുവന്നത്. മദിരാശിയില്‍നിന്നും മഹാബലിപുരത്തേക്ക് പോകുന്ന കടലോരപാതയില് ഏതാണ്ട് വിജനമായ ചൂളക്കാടുകള്ക്കുള്ളില് ശ്രീലങ്കയിലെ ഏതോ കലാപകാലത്തിന്റെ ദുരന്തംപേറി പലായനം ചെയ്ത തമിഴ് വംശജന്റെ വിശ്രമസങ്കേതം, ഐഡിയല്‍ ബീച്ച് റിസോര്‍ട്ട്. അവിടെ കടലിനും നീന്തല്‍ക്കുളത്തിലെ നീലിമയ്ക്കുമിടയില് ശ്രീലങ്കന്‍ ആതിഥ്യമര്യാദകളുടെ കുളിര്‍മയില്‍, ആലസ്യത്തില്‍ ഒരു തിരക്കഥ പിറക്കുന്നു..... 'കൃഷ്ണപക്ഷം'. ഭരതേട്ടനും ജോണങ്കിളും ചേര്‍ന്നുള്ള കഥാചര്‍ച്ചയില്‍ ഉപ്പുകാറ്റുപോലെ ഞാനും കാതോര്‍ത്ത് അലഞ്ഞു. മണിക്കൂറുകളോളം ചര്‍ച്ചചെയ്ത് ഒടുവില്‍ നീന്തല്‍ക്കുളത്തിന്റെ കുളിരില്‍ കഥ ഇതള്‍വിരിയുമ്പോള്‍ അതൊരു കറുത്ത താമരയായിരിക്കുമെന്ന് കരുതിയതേയില്ല. തിരക്കഥ പൂര്‍ത്തിയായി. പാര്‍വതിയും സുരേഷ് ഗോപിയും അശോകനും കൊടിയേറ്റം ഗോപിയുമൊക്കെ പ്രധാന വേഷക്കാര്‍. മണ്ണാന്‍ കറുപ്പന്റെ മന്ത്രച്ചരടും, പ്രണയിച്ചു വഞ്ചിച്ച കാമുകനെ കൊന്ന് ജയിലിലായ സഹോദരനെ തൂക്കിക്കൊല്ലുന്ന നാള് കറുത്ത ഇടനാഴിയില്‍ നിശ്ചലയായ സഹോദരിയും കൃഷ്ണപക്ഷത്തിന്റെ മാറ്റുകൂട്ടിയിരുന്നു.
സുജാതാ റിക്കാര്‍ഡിങ് സ്റ്റുഡിയോവില്‍ 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്നു ചരണമുള്ള ഒ.ന്.വി. സാറിന്റെ വരികള്‍ക്ക് ജോണ്സണ് ഈണം പകര്‍ന്നു. 'പൂവേണം പൂപ്പട വേണം....' എന്നുതുടങ്ങുന്ന ഗാനവും റിക്കാര്ഡുചെയ്തുകഴിഞ്ഞാണ് നിര്‍മാതാവ് ബാബു തിരുവല്ലയും പന്തളം ഗോപിനാഥുമൊത്ത് ഷൊര്‍ണൂര്‍ ഭാഗത്ത് ലൊക്കേഷന്‍ നോക്കാന്‍ പോകുന്നത്. അതിനിടയിലെപ്പോഴോ മദിരാശിയില്‍ വുഡ്ലാന്‍സ് ഹോട്ടലിലെ ബാല്‍ക്കണിയുള്ള സിംഗിള്‍ റൂമില്‍ താമസിക്കുമ്പോഴാണ് ജോണങ്കിള് സത്യന് അന്തിക്കാടിനോട് കൃഷ്ണപക്ഷത്തിന്റെ കഥ പറയുന്നത്. സത്യേട്ടന്റെ അടുത്തുനിന്നാണ് കൊച്ചിന് ഹനീഫ സംവിധാനം ചെയ്യുന്ന 'ആണ്‍കിളിയുടെ താരാട്ടു'മായി ഈ കഥയ്ക്ക് സാമ്യമുണ്ടെന്നറിയുന്നത്. കഥയ്ക്കല്ല, കഥയുടെ ആഖ്യാനവട്ടത്തിന് എന്നുപറയുകയാവും ശരി. ഷൊര്‍ണൂരിലേക്ക് പുറപ്പെടാനിരുന്ന യൂണിറ്റ് പുറപ്പെടാതിരിക്കുവാന്‍ ഏര്‍പ്പാട് ചെയ്തു. ഷൂട്ടിങ് മാറ്റിവച്ചു. ഇനിയെന്തു ചെയ്യും എന്ന ചര്‍ച്ചയ്ക്കിടയില്‍ പല കഥകളും കയറിയിറങ്ങി. പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ച ഒരു സന്ധ്യയിലാണ് ഭരതേട്ടനോട് ജോണങ്കിള് എന്നോട് പണ്ട് പന്തളം ടൂറിസ്റ്റ്ഹോമില്വച്ച് പറഞ്ഞ മാഷിന്റെയും ടീച്ചറിന്റെയും കഥ ഞാന്‍ സ്വമേധയാ.... പറയുന്നത്. ആ കഥ കേട്ടപ്പോള്‍ ഭരതേട്ടന്റെ മുഖത്ത് ഉദിച്ചുകണ്ട പ്രകാശം ഞാനിന്നുമോര്‍ക്കുന്നു. സേതുമാധവന് സാറിനുവേണ്ടി ചെയ്യാന്‍ വച്ചിരുന്നതായിരുന്നു ആ കഥ. അദ്ദേഹത്തിന്റെ അനുവാദം വാങ്ങാന്‍വേണ്ടി ഞാനും ജോണങ്കിളുംകൂടി പോയി. ഞാന്‍ വണ്ടിയില്‍ പുറത്ത് കാത്തുനിന്നു. ജോണങ്കിള് മടങ്ങിവന്നത് സേതുവേട്ടന്റെ സമ്മതവുമായിട്ടായിരുന്നു.
ആലുവാ പുഴയുടെ തീരത്ത് ചരിത്രം ഉറങ്ങുന്ന ആലുവ ഗസ്റ്റ് ഹൗസിന്റെ കിഴക്കേ ബ്ലോക്കില്‍ (പഴയ ബ്ലോക്ക്) ഭരതേട്ടനും ഞാനും ജോണങ്കിളും താമസം തുടങ്ങി. മുന്നില്‍ വെളിച്ചവുമായി പുഴ. അറംപറ്റിയ കൃഷ്ണപക്ഷത്തില്നിന്നും ഞങ്ങള്‍ രാവുണ്ണിമാഷിന്റെയും സരസ്വതി ടീച്ചറിന്റെയും ജീവിതത്തിന്റെ നനുത്ത വെളിച്ചത്തിലേക്ക് ചിന്തിച്ചുകയറി. ആലുവ ഗസ്റ്റ്ഹൗസിലെ കഞ്ഞിയും കരിമീനും പയറുതോരനും സുഖമുള്ള അനുഭവമായി. നിര്‍മാതാക്കളായ തിരുവല്ല ബാബുവിനെയും പന്തളം ഗോപിയെയും പുതിയ കഥ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ജോണങ്കിളും ഞാനും ആലുവ പുഴയോരത്തെ തണലുകളും നിലാവുള്ള രാത്രികളും എത്ര ഉപയോഗിച്ചിട്ടും മതിയായില്ല. അങ്ങനെ ഭരതേട്ടന്റെ ശകാരഭാവത്തിലുള്ള ആജ്ഞാസ്വരത്തില്‍ ഒതുങ്ങിയ നിര്‍മാതാക്കളുടെ നിശ്ശബ്ദതയുടെ തണലില്‍ ഞങ്ങള്‍ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോയി. ബാബുവിന്റെയും ഗോപിയുടെയും അന്നത്തെ നിഷ്കളങ്കമായ അജ്ഞതയ്ക്കും അനുസരണയ്ക്കും ആയിരം നന്ദി.
പാട്ടുകള്‍ പഴയതുതന്നെ ഉപയോഗിക്കാന്‍ സാധിച്ചു. 'കണ്മണിയേ ആരിരാരോ' എന്നു തുടങ്ങുന്ന ഒരു ഗാനം മാത്രം പുതുതായി ചേര്‍ത്തു. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ.....' ആ വരികളുടെ നിര്‍വൃതിയില്‍ ഭരതേട്ടന് പറഞ്ഞു: 'അങ്കിളേ നമുക്കിതുതന്നെ പടത്തിന്റെ ടൈറ്റിലാക്കിയാലോ?' ജോണങ്കിള് കൂടെ ചേര്‍ന്നു. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം'. ഞങ്ങള്‍ മൂന്നാളുടെയും ശക്തമായ തീരുമാനത്തിന്റെ മുമ്പില്‍ നിര്‍മാതാക്കള്‍ സമ്മതംമൂളി.
നെടുമുടി വേണുച്ചേട്ടനും ശാരദാമ്മയും മുഖ്യകഥാപാത്രങ്ങള്ക്കെന്ന് തീരുമാനമായി. ഞാനിപ്പോഴുമോര്‍ക്കുന്നു. ആലുവ പാലസ്സിലെ പഴയ ബ്ലോക്കില്‍, 'നദി' ഷൂട്ടുചെയ്യുമ്പോള്‍ താന്‍ താമസിച്ചിരുന്ന പഴയ ബ്ലോക്കിലെ അതേ മുറി തന്നെ തനിക്കുവേണം എന്ന ഒരു ഡിമാന്‍ഡ് മാത്രമേ ശാരദ പ്രത്യേകമെടുത്തു പറഞ്ഞിരുന്നുള്ളൂ.
സന്തോഷത്തോടെ ഭരതേട്ടന് മദിരാശിക്ക് പുറപ്പെട്ടു. ഞാനും ജോണങ്കിളും എറണാകുളം നോര്‍ത്തിലെ എലൈറ്റ് ഹോട്ടലില്‍ താമസിച്ചുകൊണ്ട് സംഭാഷണം എഴുതുവാനാരംഭിച്ചു. പകല്‍ എലൈറ്റിലെ മുറിയില്‍ എന്റെ ഏകാന്തത. ജോണങ്കിള് പറഞ്ഞറിഞ്ഞ ടി. പത്മനാഭന്റെ കഥകള്‍ കൂട്ടിന്. ഇടയ്ക്ക് മാനേജര്‍ സെബാസ്റ്റ്യന്‍ ക്ഷേമാന്വേഷണവുമായി വരും. താഴെ എലൈറ്റിന്റെ ബാറില്‍ കയറിയിറങ്ങി സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്ന സിനിമാപ്രവര്‍ത്തകരെ കാണാം.
സന്ധ്യയായാല്‍ ജോണങ്കിള് അന്ന് എഴുതിയിടത്തോളം സീനുകള്‍ വായിച്ച് കേള്‍പ്പിക്കും. ചിലപ്പോള്‍ ഊണ് ജോണങ്കിളിന്റെ വീട്ടില്‍. ഏഴുദിവസത്തിനകം തിരക്കഥ പൂര്‍ത്തിയായി. വായിച്ചുകേട്ട് ഭരതേട്ടന്റെ കണ്ണുനിറഞ്ഞു.
ഷൂട്ടിങ്ങിനുള്ള വീട് കണ്ടെത്താന്‍ ഞങ്ങളിറങ്ങി പുറപ്പെട്ടു. പുഴയുടെ ഓരത്ത് മണല്‍വാരുന്നവര്‍ കാട്ടിത്തന്ന കാടുപിടിച്ചു കിടക്കുന്ന പഴയ 'അകവൂര്‍ മന' അത് ഭരതേട്ടനെ കാണിച്ചപ്പോള്‍, കാടുവെട്ടി മുന്‍വശത്തെ തിട്ടയില്‍ പുഴമണല്‍ വിരിക്കാന്‍ ഏര്‍പ്പാടു ചെയ്തു. പുഴയോരത്ത് രാവുണ്ണിമാഷിന്റെയും സരസ്വതി ടീച്ചറിന്റെയും ആദ്യസീന്‍ തുടങ്ങി. പത്രം വായിച്ചുകൊണ്ടിരിക്കുന്ന മാഷിനരികില്‍ ധൃതിവെച്ച് ടീച്ചര്‍ 'മാഷേ ചോറും കറികളും മേശപ്പുറത്ത് അടച്ചുവച്ചിട്ടുണ്ട്...' എന്ന് പറഞ്ഞുതുടങ്ങുമ്പോള്‍, 'ടീച്ചര്‍ ഇന്നുമുതല്‍ സ്കൂളില്‍ പോകണ്ട... ടീച്ചര്‍ക്കും പെന്‍ഷനായി; വിരമിക്കുന്ന ദിവസമാണെന്ന് ഓര്‍മിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ രംഗം. ക്യാമറാമാന് വസന്ത്കുമാര്‍. കൂടെ സഹായികളായി ചുറുചുറുക്കുള്ള രണ്ടു ചെറുപ്പക്കാര്‍- പി. സുകുമാറും ടോണിയും. (ടോണി ഇന്നില്ല.)
ആലുവ പാലസ്സില്നിന്നും ലൊക്കേഷനിലേക്കുള്ള യാത്രയില്‍, 'ദേവദുന്ദുഭി സാന്ദ്രലയം....' എന്ന ഗാനം കാറിലെ പ്ലെയറില്‍നിന്നും ഇടയ്ക്ക് ഭരതേട്ടന് മൂളിയും കേള്‍ക്കുമായിരുന്നു. വരികള്‍ നന്നേ ശ്രദ്ധിച്ചു. കൈതപ്രത്തെക്കുറിച്ച് ഞാനാദ്യമായി അന്നാണറിയുന്നത്.
ഇടയില്‍ വന്ന മഴ ഞങ്ങള്‍ക്ക് അനുഗ്രഹമായി. പുഴ നിറഞ്ഞൊഴുകി, ശിവരാത്രി വിഗ്രഹംകൂടി മൂടിക്കൊണ്ട്! വള്ളത്തില്‍ പൂജാരി പുഴയില്‍ ആ ഭാഗത്തെത്തി വിഗ്രഹം സങ്കല്പിച്ച് പൂക്കളര്‍പ്പിച്ച് മടങ്ങും. ഇതൊക്കെ ക്യാമറയില്‍ പകര്‍ത്തി. മാഷിന്റെയും ടീച്ചറിന്റെയും ജീവിതത്തിലെ ആദ്യദുരന്തത്തിന് കൂടുതല്‍ തീവ്രതയും ഭാവവും ചാലിച്ചത് ആ മഴവര്ഷമായിരുന്നു. മഴയില്‍ നനഞ്ഞു വളര്‍ന്ന പച്ചപ്പ് മതില്‍ക്കെട്ടുകളെ, പടവുകളെ സുന്ദരമാക്കിയിരുന്നു. അകവൂര്‍ മനയില്‍ പെയ്ത മഴയാവട്ടെ മാഷിന്റെയും ടീച്ചറിന്റെയും കണ്ണുനീരായി ചിത്രത്തില്‍ അലിഞ്ഞുചേര്‍ന്നു.
ഓണപ്പാട്ടും നാവേറും മെല്ലെമെല്ലെ മുഖപടം ഉയര്‍ത്തിയ സ്വപ്നങ്ങളും പുഴയോരത്ത് ചിതറിപ്പരന്നപ്പോള്....ഏകാന്തതയുടെ നിറമില്ലാത്ത നിശ്ശബ്ദതയില്‍.... സിനിമയുടെ ഇന്നത്തെ കൃഷ്ണപക്ഷത്തില്‍ ഒരു നുറുങ്ങുവെട്ടം മാത്രം മിന്നിനില്ക്കുന്നു.
Content Highlights: excerpts from the book ente bharathan thirakkadhakal by john paul mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..