ഐ.എ.എസ് സ്വപ്‌നം മുഴുവനായും ഒരു കോച്ചിങ് സെന്ററിനെ ഏല്‍പിച്ചാല്‍ എന്താണ് പ്രശ്‌നം?


ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ദിവസേന ആറു മണിക്കൂര്‍ വായിക്കുന്നതാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള ആദ്യപടി എന്ന മട്ടിലുള്ള 'പുത്തനച്ചി പുരപ്പുറം തൂക്കും മോഡല്‍' തയ്യാറെടുപ്പ് ആദ്യമേ ഉപേക്ഷിക്കുക.

ലിപിൻ രാജ് എം.പി

ലയാളത്തിലെ ആദ്യത്തെ കരിയര്‍- ഫിക്ഷന്‍ എന്ന ഗണത്തിലേക്ക് നടന്നുകയറിയ പുസ്തകമാണ് ലിപിന്‍ രാജ് എം.പി ഐ.എ.എസ് എഴുതിയ എലിമിനേഷന്‍ റൗണ്ട്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും ഏതാനും വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷന്‍ റൗണ്ടാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ എന്ന അവസാനഘട്ടം. വിജയത്തിനും പരാജയത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രകടനങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ കഥ പറയുന്ന എലിമിനേഷന്‍ റൗണ്ട് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ വ്യക്തമായ ചിത്രം തുറന്നുകാണിക്കുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് യാഥാര്‍ഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷന്‍ റൗണ്ടിലൂടെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സര്‍വീസ് ജേതാവായ ലിപിന്‍ രാജ് തന്റെ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

എയര്‍പോര്‍ട്ട് ലോഞ്ചിലിരിക്കുമ്പോള്‍ അപൂര്‍വ്വമായ ഒരു അവസരത്തിലേക്കാണ് ഞാന്‍ നടന്നടുക്കുന്നതെന്നു സീനിയര്‍ ഓഫീസര്‍ പാണ്ഡേ സാര്‍ പറഞ്ഞത് വീണ്ടും ഞാനോര്‍ത്തു. ഈ ടാസ്‌ക് കഴിയുംവരെ ഇരുചെവിയറിയാതെ സൂക്ഷിക്കേണ്ട അതീവരഹസ്യങ്ങളില്‍ ഒന്ന് പാണ്ഡേ സാര്‍ പുറപ്പെടുംമുമ്പേ ചേംബറിലേക്കു വിളിച്ചുവരുത്തി പറഞ്ഞത് ഇന്നലെയെന്നവണ്ണം ഉള്ളിലുണ്ട്.
'നിങ്ങള്‍ ഇത്തവണ സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ട്.'
ഞാന്‍ വിശ്വാസം വരാതെ പാണ്ഡേ സാറിനെ നോക്കി.
'യേസ് മാന്‍. ഈ കോവിഡിനിടെ ഡല്‍ഹിയില്‍ പോകണം. ഒന്നുരണ്ട് ദിവസം നേരത്തെ പോകണം. ബ്രീഫിങ് കാണും. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ആരോഗ്യം നന്നായി ശ്രദ്ധിക്കണം.'
ചേംബറിനു പുറത്തിറങ്ങുമ്പോള്‍ ഒന്നുറപ്പിച്ചു. ഈ രഹസ്യം വീട്ടുകാരടക്കം ആരോടും പറയാന്‍ പാടില്ല. സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂ മെമ്പറായി പോകുന്നുവെന്ന വിവരം പുറത്തറിഞ്ഞപ്പോള്‍ പലരും ശുപാര്‍ശയുമായി വന്ന് ഒടുവില്‍ പേരുദോഷം കേട്ട സീനിയേഴ്‌സ് പറഞ്ഞ കഥകള്‍തന്നെ ധാരാളം.
വര്‍ണ്ണച്ചിറകുകള്‍ തുന്നി നിരന്നുകിടക്കുന്ന ലോഹപ്പക്ഷികളുടെ ഇരമ്പല്‍ തൊട്ടുപുറകില്‍ കേള്‍ക്കാം. പുറപ്പെടുംമുമ്പേ എയര്‍പോര്‍ട്ടിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഫോണില്‍ വിളിച്ച പാണ്ഡേ സാര്‍ 'ബെസ്റ്റ് വിഷസ്' നേരുന്നതിനിടയില്‍ വീണ്ടും പറഞ്ഞു: 'നിങ്ങള്‍ക്കു കിട്ടിയത് ഈ പ്രായത്തില്‍ എനിക്കുപോലും കിട്ടാത്ത നേട്ടമാണ്. ഇത്ര ചെറുപ്പത്തിലേ നിങ്ങളെ ട്രെയിനിങ്ങിന് ജപ്പാനില്‍ അയയ്ക്കാമെങ്കില്‍ ഗവണ്‍മെന്റ് നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു ചുരുക്കം. സോ ശ്രദ്ധയോടെ, നന്നായി ഗൃഹപാഠം ചെയ്ത് പോകണം. ബോര്‍ഡിലുള്ളവരില്‍ പലരും നിങ്ങളെക്കാള്‍ സീനിയര്‍ ആയിരിക്കും.'അതിനു തൊട്ടുമുമ്പുള്ള എന്റെ ജപ്പാന്‍ ട്രെയിനിങ് യാത്ര അത്തരത്തില്‍ മുന്‍വര്‍ഷത്തെ മികച്ച പ്രകടനങ്ങളുടെ പേരില്‍ അവസാന റൗണ്ടില്‍ നറുക്കുവീണ ഒന്നാണ്. ഡെപ്യൂട്ടി സെക്രട്ടറി ഗ്രേഡിലുള്ള സമര്‍ത്ഥ ഘോഷിനാണ് ഓരോ ഇന്റര്‍വ്യൂ മെമ്പര്‍മാരോടും ബോര്‍ഡില്‍ ഇരിക്കുമ്പോള്‍ ഇന്റര്‍വ്യൂവില്‍ സ്വീകരിക്കേണ്ട അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ബ്രീഫ് ചെയ്യാനുള്ള ചുമതല. പിറ്റേദിവസം ഇന്റര്‍വ്യൂ രീതികളെക്കുറിച്ചുള്ള ബ്രീഫിങ് നടന്നത് വര്‍ക്ക് ഫ്രം ഹോം കാരണം ആളൊഴിഞ്ഞ ശ്രമഭവനില്‍വെച്ചായിരുന്നെങ്കിലും ബ്രീഫിങ് കഴിഞ്ഞപ്പോള്‍ എന്തു ചോദിക്കണം, ചോദിക്കേണ്ട എന്ന ആശയക്കുഴപ്പത്തിലായി ഞാന്‍. ഒട്ടേറെ നിയന്ത്രണങ്ങള്‍ ചോദ്യങ്ങളില്‍ പാലിക്കണം. ചില കാര്യങ്ങള്‍ ചോദിക്കാനേ പാടില്ല. ഉദാഹരണത്തിന്, വികലാംഗ ഉദ്യോഗാര്‍ത്ഥികളോട് അതുമായി ബന്ധപ്പെട്ട ഒരു ചോദ്യവും പാടില്ല. വേഷത്തിന്റെയും ദേശത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വ്യത്യാസങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ചോദ്യവും പാടില്ല. സ്ത്രീ-പുരുഷ വ്യത്യാസം പാടില്ല. ആത്മാഭിമാനത്തെ ഹനിക്കുന്ന എല്ലാ ചോദ്യങ്ങളും വിലക്കുകയും അഥവാ ബോര്‍ഡിലെ ആരെങ്കിലും ചോദിച്ചാല്‍ അവരെ നിരുത്സാഹപ്പെടുത്തുകയും വേണം.

അടുത്ത ദിവസമാണ് ഇന്റര്‍വ്യൂ ബോര്‍ഡ് കൂടാന്‍ നിശ്ചയിച്ചിരിക്കുന്ന തീയതി. ന്യൂഡല്‍ഹിയിലിറങ്ങി കൊണാട്ട് പ്ലേസിലെ പുരുഷാരത്തിനിടയിലൂടെയുള്ള ഏകാന്തനടത്തമെന്ന സ്ഥിരം ആഗ്രഹം ന്യൂഡല്‍ഹിയിലെ ലോക്ഡൗണില്‍ നടക്കില്ല. സകലരും തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ഡല്‍ഹി പൊടുന്നനെ കോവിഡില്‍ സഡന്‍ ബ്രേക്കിട്ടു. എന്നിനി പഴയതുപോലെയാകുമെന്ന് അറിയാത്തതിന്റെ അങ്കലാപ്പ് ഓരോ ഡല്‍ഹിക്കാരന്റെയും മുഖത്തുണ്ട്. തലങ്ങും വിലങ്ങും ഓടുന്ന ആംബുലന്‍സുകള്‍ക്കും തുറന്നുവെച്ചിരിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ക്കുമിടയിലൂടെ നടന്ന് ഓഫീസേഴ്‌സ് ഗസ്റ്റ് ഹൗസിലെത്തി ഞാന്‍ നേരെ ഇന്റര്‍വ്യൂവില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിലേക്ക് മുങ്ങാംകുഴിയിട്ടു. ബോര്‍ഡിന് അനുവദിച്ചിരിക്കുന്ന മൊത്തം പേരെയും നാളെത്തന്നെ ഇന്റര്‍വ്യൂ ചെയ്യണം. ഒരാളോട് മിനിമം മൂന്നു ചോദ്യങ്ങള്‍ ഒരു ഇന്റര്‍വ്യൂ മെമ്പര്‍ക്കു ചോദിക്കാം.

നാളെ കണ്ടുമുട്ടേണ്ടിവരുന്ന പല സംസ്ഥാനക്കാരായ അപരിചിതരോടു ചോദിക്കേണ്ട ഏകദേശം അറുപതു ചോദ്യങ്ങളുടെ ലിസ്റ്റുണ്ടാക്കുകയായി എന്റെ അടുത്ത ജോലി. അടുത്ത കാലത്തെ കറന്റ് അഫയേഴ്‌സ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഗവണ്‍മെന്റ് പോളിസികളും പഠിക്കണം. അവരുടെ ഉത്തരങ്ങളിലെ കൃത്യതയും തീരുമാനങ്ങളിലെ ആര്‍ജ്ജവവും പൊതുമേഖലയില്‍ ജോലിചെയ്യാനുള്ള അഭിരുചിയും അളക്കുന്ന ചോദ്യങ്ങള്‍ ചോദിക്കണം. മെയിന്‍സ് പരീക്ഷയില്‍ ചോദിച്ചതൊന്നും വീണ്ടും ചോദിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശംകൂടിയുള്ളതിനാല്‍ ആ വര്‍ഷത്തെ ചോദ്യപേപ്പറുകള്‍കൂടി അതിരാവിലെ നോക്കണം. ഓരോ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും നേര്‍പതിപ്പാണ് ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയും. അതിനാല്‍ അതാത് സംസ്ഥാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടാവണം.

ചോദ്യങ്ങള്‍ക്കായി തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍, ജീവിതത്തില്‍ ഞാനും പണ്ടൊരിക്കല്‍ ഇതേ സാഹചര്യത്തെ നേരിട്ടിട്ടുണ്ടെന്ന ഓര്‍മ്മ ഉള്ളിലേക്ക് ഇരച്ചുകയറിയപ്പോള്‍, ഉറങ്ങാന്‍ പോകുന്ന നഗരത്തെ വെറുതെ നോക്കിയിരിക്കാനുള്ള ആഗ്രഹവും പാതിവഴിയിലുപേക്ഷിച്ചു.
പിറ്റേദിവസം രാവിലെ എട്ടരയ്ക്ക് ഗവണ്‍മെന്റ് ബോര്‍ഡ് വെച്ച വണ്ടിയില്‍ യാത്രതിരിക്കുമ്പോള്‍ കിട്ടിയ അവസരത്തെ പരമാവധി ഭംഗിയായി ചെയ്തുതീര്‍ക്കണമെന്ന വാശിയിലായി ഞാന്‍. ഒരുപക്ഷേ, വീണ്ടും സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂവിനു തയ്യാറെടുക്കുന്ന മറ്റൊരു ഉദ്യോഗാര്‍ത്ഥിയുടെ അതേ ആവേശത്തിലും ടെന്‍ഷനിലുമാണ് ഞാന്‍. രാവിലെ പൊതുവേ തിരക്കുള്ള ശ്രീ അരബിന്ദോ മാര്‍ഗ്ഗിലും പൃഥ്വിരാജ് റോഡിലും ആളൊഴിഞ്ഞിരിക്കുന്നതിന് ഒരേയൊരു കാരണം കോവിഡാണ്. ആരിലേക്കു പടര്‍ന്നുകയറണമെന്ന് ഊഹമില്ലാതെ ആള്‍ക്കൂട്ടത്തിനിടയില്‍ അന്ധത ബാധിച്ച വൈറസ് മരണനൃത്തം ചവിട്ടുന്നതിനിടയിലാണ് ഇന്റര്‍വ്യൂ നടത്തേണ്ടത്. പണ്ടേ അന്തരീക്ഷത്തില്‍ നല്ല ഓക്‌സിജന്‍ കിട്ടാത്ത ഡല്‍ഹിയില്‍ കോവിഡിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ തേടി പരക്കം പായുന്ന ജനതയും ആശുപത്രികളിലെ നീണ്ട ക്യൂവും വേവലാതിയില്‍ ഉരുകുമ്പോള്‍ മറുവശത്ത് ലോക്ഡൗണ്‍ സ്തംഭിപ്പിച്ച ടാക്‌സികളില്‍ പണിയില്ലാതെ കിടന്നുറങ്ങുന്ന ഡ്രൈവര്‍മാരും, തിരക്കു കുറഞ്ഞ് തെളിഞ്ഞ ആകാശം തിരികെ കൊണ്ടുവന്ന കിന്നരി നീര്‍ക്കാക്കകളും കാലിമുണ്ടികളും വഴിയരികില്‍ വിശ്രമത്തിലാണ്.

ഡല്‍ഹിയിലെ ഡ്രൈവര്‍മാര്‍ പഴയ നോവലുകളിലെയും സിനിമകളിലെയുംപോലെ യാത്രക്കാരന്‍ കയറിയയുടന്‍ സംസാരിക്കുന്ന പതിവൊന്നും ഇപ്പോഴില്ല. സ്വന്തം കഥകള്‍ പറഞ്ഞും നേരംപോക്കിന് അഭിപ്രായങ്ങള്‍ പറഞ്ഞും അവരും മടുത്തുപോയിട്ടുണ്ടാവും. അല്ലെങ്കില്‍ എത്ര പറഞ്ഞിട്ടും മാറാതെ തണുത്തുറഞ്ഞുപോയ അഭിപ്രായങ്ങളോടുള്ള പ്രതിഷേധമാവാം അവരുടെ നിശ്ശബ്ദത. അതുമല്ലെങ്കില്‍ കോവിഡ് ജീവിതത്തില്‍ സൃഷ്ടിച്ച അനിശ്ചിതത്വം.
കാറിലിരിക്കുമ്പോള്‍ ഞാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയെക്കുറിച്ചാണ് ആലോചിച്ചത്. അഭ്യസ്തവിദ്യരായ ഇന്ത്യന്‍ യുവത്വം പോരടിക്കുന്ന ഊര്‍ജ്ജത്തില്‍ ഏറിയ പങ്കും ചെലവാകുന്നത് സിവില്‍ സര്‍വ്വീസ് പരീക്ഷയിലാണ്. ആ ഭാഗ്യാന്വേഷണഭൂമികയിലേക്കാണ് അവരുടെ ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ വിളവിന്റെ അളവെടുക്കാനുള്ള എന്റെ യാത്ര.

കൗമാരത്തില്‍ മുഴുവന്‍ തീവ്രമായി പ്രണയിച്ച്, യൗവനത്തില്‍ വിവാഹിതരായി, യൗവനയുക്തമായ മുപ്പതു വര്‍ഷങ്ങള്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറുള്ള ബിരുദം കഴിഞ്ഞ യുവതീ-യുവാക്കളെ, ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണവ്യത്യാസമില്ലാതെ വിവാഹം കഴിക്കാന്‍ സര്‍ക്കാരിന് ആവശ്യമുണ്ട്. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് കല്യാണബ്രോക്കര്‍. വിവാഹ ക്ലാസ്സിഫൈഡ് കോളത്തിലോ കേരള മാട്രിമോണിയിലോ അല്ല ആലോചന തിരയേണ്ടത്, www.upsconline.nic.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കല്യാണത്തിനു മുമ്പായി പ്രിലിമിനറി, മെയിന്‍സ് എന്നിങ്ങനെ രണ്ടു പരീക്ഷകളുണ്ട്. അതാണ് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഐ.എ.എസ്., ഐ.പി.എസ്. ഉള്‍പ്പെടെയുള്ള 24 സര്‍വ്വീസുകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ. ഒബ്ജക്റ്റീവ് രീതിയുള്ള പ്രിലിമിനറി കടന്ന് ഒമ്പതു പേപ്പറുകളുള്ള മെയിന്‍സ് എന്ന എഴുത്തുപരീക്ഷ ജയിച്ചാലും മുഖാമുഖ പരീക്ഷയുണ്ട്. ഏറ്റവുമൊടുവില്‍ 84 ഇഞ്ച് നെഞ്ചളവും 165 സെന്റീമീറ്റര്‍ പൊക്കവും രക്തം മുതല്‍ ഇ.സി.ജി. വരെ എടുക്കുന്ന ഒരു മെഡിക്കല്‍ പരീക്ഷയമുണ്ട്. അതു കഴിഞ്ഞിട്ടാണ് താലികെട്ടുകല്യാണം. മധുവിധു മിക്കവാറും അതാത് ട്രെയിനിങ് അക്കാദമികളിലായിരിക്കും. ഇന്ത്യ മുഴുവന്‍ ചുറ്റുന്ന ഒന്നരവര്‍ഷത്തെ മധുവിധുയാത്രയ്ക്കിടെ സൗജന്യവിദേശയാത്രയും ഉണ്ടാവും.

വെറും നൂറുരൂപ കൊടുത്താല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം, പെണ്‍കുട്ടികള്‍ക്ക് ഫീസേ ഇല്ല. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതം, വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മാനിരക്കു കൂടുന്ന കാലത്ത് ഒരു ബിരുദധാരിക്ക് കിട്ടാവുന്ന താരതമ്യേന നല്ല ശമ്പളം, മികച്ച പദവി എന്നിങ്ങനെ സ്വപ്നം കാണുന്നവര്‍ക്കുള്ളതാണ് കല്യാണബ്രോക്കറുടെ www.upsconline.nic.in എന്ന വെബ്‌സൈറ്റ്.

കുടുംബപാരമ്പര്യമോ, സാമ്പത്തികപശ്ചാത്തലമോ ഒന്നും ഗൗനിക്കാത്ത ഈ പരീക്ഷ പക്ഷേ കടുകട്ടിയാണ്. കാരണം, 2020-ല്‍ പത്തുലക്ഷം പേര്‍ അപേക്ഷിച്ചതില്‍ അഞ്ചുലക്ഷം പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ജാതകപ്പൊരുത്തം വന്നത് വെറും പതിനയ്യായിരം പേരുടെ മാത്രം. അതില്‍ അവസാനം സര്‍ക്കാരിനെ മിന്നുചാര്‍ത്തിയത് വെറും ആയിരം പേര്‍. അതായത് വിജയശതമാനം 0.09% മാത്രം. ഇരുപത്തിയൊന്നു വയസു തൊട്ട് മുപ്പത്തിരണ്ടു വയസുവരെയുള്ള ബിരുദധാരികള്‍ക്ക് ആറുതവണ അപേക്ഷിക്കാം. എട്ടു വരിയിലുള്ള പ്രിലിമിനറിയുടെ സിലബസ്സും നാലരപേജ് തികച്ചില്ലാത്ത മെയിന്‍സ് സിലബസും കണ്ടിട്ട് കേരളത്തിലെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയുടെ ചോദ്യവും പ്രതീക്ഷിച്ച് പ്രിലിമിനറി പരീക്ഷയ്ക്കു പോയാല്‍ എട്ടിന്റെ പണികിട്ടും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് (IFoS)മെയിന്‍ പരീക്ഷയ്ക്കുള്ള പ്രവേശനവും പ്രിലിമിനറിയില്‍നിന്നായതിനാല്‍ പ്രകൃതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ആദ്യഘട്ടത്തില്‍ പ്രതീക്ഷിക്കാം.

സിലബസില്‍ തന്നിരിക്കുന്ന ചെറുകാര്യങ്ങളുടെ അടിവേരു മാന്തുന്ന ചോദ്യങ്ങളാണ് അടുത്തകാലത്തായി സിവില്‍ സര്‍വ്വീസിലെ പേപ്പറുകളില്‍ പ്രിയം. എന്നു കരുതി സൂര്യനു കീഴിലുള്ളതെല്ലാം ചോദിച്ചുകളയുമെന്ന പേടിയും വേണ്ട. ബി.ടെക്. പരീക്ഷയോ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയോ പോലെ ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങള്‍ കാണുകയേയില്ല. അഥവാ അങ്ങനെ തോന്നിയാലും ഒടുവില്‍ സിലബസ് വായിക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ കാണും ആ ചോദ്യവുമായി ബന്ധപ്പെട്ട വിഷയം. നന്നായി എഴുതി പ്രതിഫലിപ്പിക്കുന്നവര്‍ക്ക് അപാരസാദ്ധ്യതകളുള്ള പരീക്ഷയാണെങ്കിലും പ്രിലിമിനറിയില്‍ പലപ്പോഴും നടക്കുക ലക്ഷക്കണക്കിന് അധികയോഗ്യതകള്‍ ഉള്ളവരുടെ ജീവന്മരണപോരാട്ടമാണ്. 2025 മാര്‍ക്കില്‍ 275 മാര്‍ക്കുള്ള ഇന്റര്‍വ്യൂ ഇപ്പോള്‍ ജയപരാജയം നിര്‍ണ്ണയിക്കുന്ന ഘടകമാണ്.

പ്രിലിമിനറിക്കുമുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിവയെന്നു പറഞ്ഞത് പരീക്ഷ തോറ്റവരായതുകൊണ്ടാവാം, അവ മറ്റുപലരും പിന്നീട് പരീക്ഷിച്ച് വിജയിച്ചു. അവ ഇവയാണ്:-
1. ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ദിവസേന ആറു മണിക്കൂര്‍ വായിക്കുന്നതാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കാനുള്ള ആദ്യപടി എന്ന മട്ടിലുള്ള 'പുത്തനച്ചി പുരപ്പുറം തൂക്കും മോഡല്‍' തയ്യാറെടുപ്പ് ആദ്യമേ ഉപേക്ഷിക്കുക. അത്തരം പത്രങ്ങള്‍ അഥവാ അബദ്ധത്തിലെങ്ങാനും വായിക്കുന്നുണ്ടെങ്കില്‍ ഇന്നുതന്നെ നിര്‍ത്തുക, പണം ലാഭിക്കുക.
2. മെയിന്‍സ് പരീക്ഷയെ ഫോക്കസ് ചെയ്താണ് പഠനം പുരോഗമിക്കേണ്ടതെങ്കിലും മിക്കവരും ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ കാണാതെ പഠിച്ചാണ് പ്രിലിമിനറിക്കുള്ള ഹരിശ്രീ കുറിക്കുക. അതിനാല്‍ ആദ്യം മുതല്‍ക്കേ ആഴത്തില്‍ വായിച്ചു തയ്യാറെടുക്കുക.
3. മലയാളത്തില്‍ മെയിന്‍സ് എഴുതാനും ഇന്റര്‍വ്യൂ ചെയ്യാനും കഴിയുന്ന പരീക്ഷ ആണെങ്കിലും ഇംഗ്ലീഷിനെയും കഴിയുമെങ്കില്‍ ഹിന്ദിയേയും മുനകൂര്‍പ്പിച്ച് കൈയില്‍ വെക്കുക. ഇന്റര്‍വ്യൂ സമയത്തെടുത്തു വീശാന്‍പറ്റുന്ന ആയുധങ്ങളിലൊന്നാണ് ഹിന്ദി. വെറുതെ സ്വഭാഷാസ്‌നേഹം പ്രസംഗിച്ച് ഉത്തരേന്ത്യ-ദക്ഷിണേന്ത്യ വ്യത്യാസമെന്ന കാര്‍ഡിറക്കാതെ അറിയാമെങ്കില്‍ ഹിന്ദി ഉപയോഗിച്ച് ആ വഴിക്കും ബോര്‍ഡിനെ കീശയിലാക്കുക.
4. കാണുന്ന തടിയന്‍ പുസ്തകങ്ങള്‍ എല്ലാം വാങ്ങി തലയണയാക്കുകയോ, ബുക്ക് ഷെല്‍ഫില്‍ വെക്കുകയോ ചെയ്യുന്ന പ്രവണത നല്ലതല്ല. ഒരുവിധം പുസ്തകങ്ങള്‍ എല്ലാം ഓണ്‍ലൈനില്‍ കിട്ടും.
5. ഒ.ബി.സി., മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. മുന്നാക്ക സാമ്പത്തിക പരിധി, ക്രീമിലയര്‍ പരിധിയില്‍ വരുന്നുണ്ടോ എന്നിവയൊക്കെ കൃത്യമായി കാണിക്കുക. സര്‍വ്വീസില്‍ വന്നതിനുശേഷം നിങ്ങളുടെ വളര്‍ച്ച സഹിക്കാത്തവര്‍ അത്തരം പൊല്ലാപ്പുകള്‍ ഉറപ്പായും ഉയര്‍ത്തിക്കൊണ്ടുവരും.

ഇതുകൂടാതെ, കല്യാണം ഏതെങ്കിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാരെ ഏല്‍പ്പിക്കുന്നതുപോലെ കോച്ചിങ് മുഴുവന്‍ ഏതെങ്കിലും കോച്ചിങ് സെന്ററിനെ ഏല്‍പ്പിക്കുന്നത് ഒട്ടും ഗുണകരമാവില്ല. പരീക്ഷ എങ്ങനെ എഴുതി നന്നായി തോല്‍ക്കാമെന്നു പഠിച്ചവരാണ് കൂണ്‍പോലെ മുളച്ചുപൊന്തുന്ന മിക്ക അക്കാദമികളുടെയും തലപ്പത്ത്. ചില നല്ല അക്കാദമികള്‍ കേരളത്തിലും ഡല്‍ഹിയിലുമുണ്ട്. ഗുണനിലവാരം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇവയെ റാങ്ക് കിട്ടിയ ജേതാക്കളുടെ ഫോട്ടോകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഏറ്റവും പുതിയ പഠനസൗകര്യം, മികച്ച അദ്ധ്യാപകര്‍ എന്നിവ നോക്കിയാണ് വിലയിരുത്തേണ്ടത്. സിവില്‍ സര്‍വ്വീസ് അക്കാദമിയുടെയും ചില സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളുടെയും പരസ്യങ്ങളില്‍ എന്റെയും ഫോട്ടോ കാണാം. മറ്റു പലരെയുംപോലെ ഞാനും അവിടെയൊന്നും പഠിച്ചിട്ടില്ല.

അതിനാല്‍ തന്നെ 6,7,8 തുടങ്ങി പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള ചെറിയ ക്ലാസ്സുകളിലെ എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ ആദ്യം വായിക്കണം, ഇംഗ്ലീഷ് നോവലുകള്‍ വായിച്ചാവണം ആദ്യ തയ്യാറെടുപ്പ് എന്നൊക്കെ തട്ടിവിടുന്ന പഴയ തലമുറയിലെ ചിലരുടെ കെണിയില്‍പ്പെട്ട് സമയം ആദ്യമേ പാഴാക്കാതിരിക്കുക.

പരീക്ഷയുടെ എന്‍ഗേജ്‌മെന്റ് പരിപാടിയായ പ്രിലിമിനറി നടത്താന്‍ കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളുണ്ട്. കല്യാണ റിസപ്ഷനായ മെയിന്‍സിന് സെന്റര്‍ തിരുവനന്തപുരം മാത്രം. ജാതകം പൊരുത്തപ്പെട്ടാല്‍ നേരെ ഡല്‍ഹിയിലുള്ള ധോല്‍പൂര്‍ ഹൗസ് റോഡില്‍വെച്ച് മുഹൂര്‍ത്തംകുറിക്കല്‍ എന്ന ഇന്റര്‍വ്യൂ. എന്നെ ഇന്റര്‍വ്യൂ റൂമിലേക്കു കടത്തിവിടുംമുമ്പേ പ്യൂണ്‍ ബീഡിവലിക്കാന്‍ പോയതുകൊണ്ട് നഷ്ടപ്പെട്ട 10 മിനിറ്റ് ഒഴിച്ചാല്‍ വെറും 20 മിനിറ്റായിരുന്നു എന്റെ ഇന്റര്‍വ്യൂ സമയം. കിട്ടിയ മാര്‍ക്ക് ദേശീയതലത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന മാര്‍ക്ക്. സര്‍ക്കാരിനു നിങ്ങളെ മനസ്സിലാക്കാനും മാര്‍ക്കിടാനും 20 മിനിറ്റുതന്നെ ധാരാളം. ഇന്റര്‍വ്യൂവിനായി തയ്യാറെടുത്തുതുടങ്ങിയാല്‍ ഒരു മാസമുരുകി മറ്റൊന്നിലേക്കു ചേരുന്നതുപോലും അറിയില്ല.

പരീക്ഷാരീതികള്‍ ആകെ മാറിയെങ്കിലും ഞാന്‍ കാറില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ട ധോല്‍പൂര്‍ ഹൗസ് റോഡിലെ കെട്ടിടം പഴയതുപോലെത്തന്നെ. ഇതിന്റെ ഉള്ളിലേക്ക് പണ്ട് ഇന്റര്‍വ്യൂവിനായി വന്ന എന്നെ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തിയ സെക്യൂരിറ്റി ഇന്ന് അവര്‍ അയച്ച കാറിനെ സല്യൂട്ടുചെയ്ത് ഉള്ളിലേക്ക് അയയ്ക്കുന്നു. കാര്‍പോര്‍ച്ചില്‍ ഇറങ്ങി സ്റ്റെപ്പു കയറുമ്പോള്‍ ചില ഓര്‍മ്മകള്‍ തികട്ടിവരാതിരിക്കാന്‍ വേറെയൊരു കാരണമില്ല.
പണ്ട് ഇന്റര്‍വ്യൂവിനായി വന്നപ്പോള്‍ ആദ്യമിരുന്ന വട്ടമേശകളുള്ള നീണ്ട ഹാള്‍ കടന്ന് വലത്തേക്കു തിരിഞ്ഞ്, ഇടയില്‍ വൃത്താകൃതിയിലുള്ള പൂന്തോട്ടം കടന്ന് അതിനരികിലുള്ള മൂന്നാമത്തെ വരിയിലെ ഡെപ്യൂട്ടി സെക്രട്ടറി ഗ്രേഡിലുള്ള സമര്‍ത്ഥ ഘോഷിന്റെ ചേംബറിലേക്കു ഞാന്‍ നടന്നു.

Content Highlights: Lipin Raj M.P IAS, Elimination Round, MathrubhumiBooks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented