'രാഷ്ട്രീയത്തിലേക്ക് പ്രലോഭനമുണ്ടായെങ്കിലും അമ്മയുടെ കഷ്ടപ്പാടിന് താങ്ങാവുകയായിരുന്നു ലക്ഷ്യം'


ഡോ. എം ലീലാവതി

ശാസ്ത്രപഠനം വലിച്ചെറിഞ്ഞ് മലയാളം പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍, കിട്ടാവുന്നിടത്തോളം അറിവ് നേടിയേതീരൂ എന്ന വാശി അന്ധമായി വളര്‍ന്നിരുന്നു. രണ്ടേരണ്ട് കൊല്ലമേയുള്ളൂ.

ഡോ. എം ലീലാവതി രണ്ട് കാലഘട്ടങ്ങളിൽ

മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഡോ.എം. ലീലാവതിയുടെ 'ധ്വനിപ്രകാരം' എന്ന ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ഡോ. മേനോന്റെ ചെറിയമ്മയുടെ മകനായ സി. പുരുഷോത്തമന്‍ (സി.പി. മേനോന്‍) മഹാരാജാസില്‍ ഫിസിക്‌സ് ബി.എസ്സി.ക്ക് പഠിച്ചിരുന്നു. അദ്ദേഹം ഹോസ്റ്റലര്‍ മാസികയുടെ എഡിറ്ററായിരുന്നു - പകര്‍ത്തിയെഴുതാനുള്ള മലയാളം ലേഖനങ്ങള്‍ അദ്ദേഹവും കെമിസ്ട്രി ബി.എസ്സി. വിദ്യാര്‍ഥി കുട്ടിശങ്കരവാരിയരുംകൂടി കൊണ്ടുവന്നുതരും. മാന്യമായ പെരുമാറ്റം. മാസികയോട് ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംഭാഷണവിഷയമാക്കും. ബി.എ.യ്ക്ക് പഠിക്കാനുണ്ടായിരുന്ന ഷേക്‌സ്പിയര്‍നാടകങ്ങള്‍ ആന്റണി ആന്‍ഡ് ക്ലിയോപാട്രയും മച് എഡോ എബൌട്ട് നതിങ്ങും ആയിരുന്നു. ഷേക്‌സ്പിയറുടെ മുഖ്യകൃതികളെല്ലാം പഠിച്ചതുപോലുള്ള വിപുലപരിചയമുണ്ടാക്കിത്തന്നത് സി.എന്‍. മേനോന്റെ ആ പുസ്തകമാണ്. യൂണിവേഴ്‌സിറ്റിപരീക്ഷയ്ക്ക് ഇംഗ്ലീഷില്‍ ക്ലാസ് കിട്ടുക അക്കാലത്ത് ഒരു ചെറിയ നേട്ടമല്ല. അത് നേടിത്തന്നതിനും ഈ പുസ്തകത്തിന്റെ വായനയോട് കടപ്പാടുണ്ട്.
1951-ല്‍ പ്രൈവറ്റായി പഠിച്ച് മലയാളം എം.എ. പരീക്ഷയെഴുതി വിജയിച്ചതിനുശേഷം (ഫസ്റ്റ് ക്ലാസും ഫസ്റ്റ് റാങ്കും) മദ്രാസ് ഗവണ്‍മെന്റ് കോളേജുകളില്‍ മലയാളം ട്യൂട്ടറുടെ ജോലിക്ക് അപേക്ഷിച്ചു. ഇംഗ്ലീഷ് ട്യൂട്ടറുടെ തസ്തികയിലേക്കാണ് ഇന്റര്‍വ്യൂകാര്‍ഡ് വന്നത്. അതൊരു ക്ലെറിക്കല്‍ എറര്‍ ആകുമെന്ന് കരുതി. അങ്ങനെയല്ലെന്നും അധികൃതര്‍ ഇംഗ്ലീഷില്‍ ക്ലാസുള്ളതിന്‍പേരില്‍ ഏകപക്ഷീയമായി വകുപ്പ് മാറ്റിയതാണെന്നും മദ്രാസില്‍ ഇന്റര്‍വ്യൂവിനെത്തിയപ്പോഴാണ് അറിഞ്ഞത്. നിയമനം തന്നത് ഇംഗ്ലീഷ് വകുപ്പില്‍. ഗവണ്‍മെന്റ് വിക്ടോറിയ കോളേജില്‍- ആ നിയമനം സ്വീകരിക്കുകയുണ്ടായില്ല.

ഡോ. മേനോന്റെ പുസ്തകത്തെയും അതുവഴി സി.പി. മേനോനെയും ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഹോസ്റ്റലറാണ്. മലയാളവിഭാഗത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുമ്പോള്‍ നമ്പ്യാര്‍മാസ്റ്റര്‍ ചൂണ്ടിക്കാട്ടിയ ഒരു വസ്തുതയുടെ വിശാല വ്യോമമെന്തെന്ന് പില്ക്കാലത്ത് അനുഭവം വെളിപ്പെടുത്തിത്തന്നു- ജി. ശങ്കരക്കുറുപ്പ് മാസ്റ്ററുടെ ക്ലാസിലിരുന്ന് സാഹിത്യം പഠിക്കാന്‍കിട്ടുന്ന സന്ദര്‍ഭം വലിയ ഭാഗ്യമാണെന്ന പ്രവചനം - ആ ഭാഗ്യത്തിന്റെ അനുഗ്രഹവര്‍ഷത്തില്‍നിന്ന് ഒരു തുള്ളിപോലും ചോര്‍ന്നുപോകരുതെന്ന നിശ്ചയമാണ് പില്ക്കാലത്തെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഉറവ. പഠനവിഷയങ്ങളിലൊന്നായ മലയാള സാഹിത്യ ചരിത്രം പഠിപ്പിച്ചത് മഹാകവിയാണ്. ഓരോ ക്ലാസും കഴിഞ്ഞാല്‍ അന്നന്നുതന്നെ അത് രാത്രിയില്‍ എഴുതിവെച്ചിരുന്നു. പിറ്റേന്ന് അദ്ദേഹത്തെ കാണിച്ച് വേണ്ടുന്ന തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്തിയത് സൂക്ഷിച്ചുവെച്ചിരുന്നു. ആ നോട്ടുകള്‍ പിന്‍ഗാമികളിലൊരുവള്‍ വായിക്കാന്‍ വാങ്ങി. അത് കൈമാറിപ്പോയി. തിരിച്ചുകിട്ടലുണ്ടായില്ല. മാസ്റ്ററുടെ തിരുത്തലോടുകൂടിയ ആ നോട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ പില്ക്കാലത്ത് കവിതാസാഹിത്യചരിത്രമെഴുതുമ്പോള്‍ എത്ര വലിയ സഹായമായേനേ! അന്ന് ആ ഗുരുനാഥനെ അങ്ങനെ ബുദ്ധിമുട്ടിക്കാന്‍ സ്വാതന്ത്ര്യമെടുത്തതും പതിവായി പരിശോധിച്ച് തിരുത്തിത്തരാനുള്ള ക്ഷമയും സന്നദ്ധതയും അദ്ദേഹത്തിനുണ്ടായതും പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഒരദ്ഭുതമായി തോന്നുന്നു. സൂര്യകാന്തി രചിച്ച കവി - അത്യുന്നതങ്ങളില്‍ വര്‍ത്തിക്കുന്ന ഒരു തേജോരാശി - മണ്ണില്‍ കുരുത്തുവളര്‍ന്ന് പൊങ്ങാന്‍ കൊതിക്കുന്ന ഒരു ചെറിയ ചെടിയിലെ പൂവിനോട് ചോദിച്ച ചോദ്യം ഓര്‍ത്തിരിക്കുമോ എന്തോ!
'ആരുനീയനുജത്തീ നിര്‍നിമേഷമായെന്തെന്‍
തേരുപോകവേ നേരേ നോക്കിനില്ക്കുന്നൂ ദൂരേ!'
സമാനമായ കാരുണ്യം അദ്ദേഹം എന്നോടും പൂണ്ടിരിക്കാം.

ഗുരുനാഥന്മാര്‍ നല്കിയിരുന്ന വാത്സല്യത്തില്‍നിന്ന് അത്രയേറെ 'മുതലെടുക്കാന്‍' തുനിഞ്ഞത് കടുപ്പപ്പെട്ട ദുഃസ്വാതന്ത്ര്യമായിരുന്നുവെന്ന് പില്ക്കാലത്ത് ഓര്‍ത്തിട്ടുണ്ട്. ഒരു കിഴുക്ക് കിട്ടിയത് കൃഷ്ണന്‍നായര്‍മാസ്റ്ററില്‍നിന്നാണ്. രണ്ടാംഭാഷയായി സംസ്‌കൃതം എടുക്കണമെന്ന് ബി.എ.ക്ക് ചേരുമ്പോള്‍ തോന്നിയില്ല. ആരും അങ്ങനൊരു ഉപദേശം തന്നുമില്ല. പിന്നീട് അതില്‍ സങ്കടപ്പെട്ടു. കൃഷ്ണന്‍നായര്‍മാസ്റ്റര്‍ കൃഷ്ണഗാഥയാണ് രണ്ടാംഭാഷാക്ലാസില്‍ പഠിപ്പിച്ചിരുന്നത് (ഐച്ഛികവിഷയത്തിന്റെ ക്ലാസുകളില്‍ വ്യാകരണവും അലങ്കാരശാസ്ത്രവും). രണ്ടാംഭാഷാക്ലാസിന്റെ സ്ഥാനത്ത് അപ്പുറത്തുള്ള മുറിയില്‍ രാഘവവാരിയര്‍മാസ്റ്റര്‍ രണ്ടാംഭാഷയായി സംസ്‌കൃതമെടുത്തവരെ പഠിപ്പിച്ചിരുന്നത് മേഘസന്ദേശമാണ്. ആ ക്ലാസില്‍ പോയി ഇരുന്നോട്ടേ എന്ന് ഒരുദിവസം കൃഷ്ണന്‍നായര്‍മാസ്റ്ററോട് ചോദിക്കാനുള്ള മൂഢതയുണ്ടായത് അഹന്തയില്‍നിന്നല്ല, സബ്‌സിഡിയറി ക്ലാസിന് പുറമേ ആ ക്ലാസിലും സംസ്‌കൃതം പഠിക്കാമല്ലോ എന്ന 'അതിമോഹ'ത്തില്‍നിന്നായിരുന്നു. മാസ്റ്റര്‍ രുഷ്ടനായി. അദ്ദേഹത്തെ അവഹേളിക്കലായി കരുതിയോ എന്തോ! കണ്ണീരൊഴുക്കി മാപ്പുപറഞ്ഞ് ഒരുവിധം അദ്ദേഹത്തെ പ്രീണിപ്പിച്ചു. മക്കളെപ്പോലെ ശിഷ്യരെ സ്നേഹിച്ചിരുന്ന ഒരു മഹാമനസ്‌കനായിരുന്നു അനപത്യനായ അദ്ദേഹം.

''അവശ്യമതിമേധാവീ/ചതുര്‍ണാമേകമശ്നുതേ
അല്പായുരനപത്യോവാ/ദരിദ്രഃപതിതോപിവാ.
'' എന്നുണ്ടല്ലോ.
ശങ്കരക്കുറുപ്പുമാസ്റ്റര്‍ സ്റ്റാഫ്‌റൂമിലിരുന്ന് അഗസ്റ്റിന്‍മാസ്റ്ററോടൊപ്പം (ഇംഗ്ലീഷ് പ്രൊഫസര്‍) ചെസ്സുകളിക്കാന്‍തുടങ്ങിയാല്‍ ക്ലാസുള്ള കഥ മറന്നുപോകുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കുറച്ചുനേരം കാത്തിരുന്നതിനുശേഷം ഞാന്‍ സ്റ്റാഫ്‌റൂമിന്റെ വാതില്ക്കല്‍ പോയി തല കാട്ടും. ഉടനെ കളി നിര്‍ത്തി എഴുന്നേറ്റുവരും. ഒരിക്കലും വെറുപ്പോ കോപമോ കാട്ടിയില്ല. 'ലീലാവതി ഒരു ശല്യംതന്നെ' എന്ന് ചിലപ്പോഴെങ്കിലും മഹാകവി നിനച്ചിട്ടുണ്ടാവില്ലേ?
ശാസ്ത്രപഠനം വലിച്ചെറിഞ്ഞ് മലയാളം പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍, കിട്ടാവുന്നിടത്തോളം അറിവ് നേടിയേതീരൂ എന്ന വാശി അന്ധമായി വളര്‍ന്നിരുന്നു. രണ്ടേരണ്ട് കൊല്ലമേയുള്ളൂ.

ഗുരുനാഥന്മാരില്‍നിന്ന് അതിനുള്ളില്‍ കിട്ടാവുന്നതെല്ലാം പിടിച്ചെടുക്കണമെന്ന വാശി. ഇത് സാധൂകരിക്കുന്നതായിരുന്നു ആന്റണിമാസ്റ്ററുടെ അധ്യാപനശൈലിയും ഉപദേശങ്ങളും. അലംഭാവം ഇല്ലേയില്ല. 60 മിനിറ്റും ഗൗരവത്തോടെ ക്ലാസെടുക്കും. മാത്രമല്ല, മുന്നിലുള്ള ദിവസങ്ങളും ദിവസങ്ങളില്‍ ഉപയുക്തമാക്കാനുതകുന്ന മണിക്കൂറുകളും എണ്ണിക്കണക്കാക്കിപ്പറഞ്ഞ് പഠനകാലത്തിന്റെ ഹ്രസ്വതയെപ്പറ്റി അവബോധമുണ്ടാക്കും. എല്ലാ കാലത്തും ഈ 'ഹ്രസ്വകാലാവബോധം' ഉണര്‍ത്തിക്കൊടുക്കുന്ന രീതി അദ്ദേഹം തുടര്‍ന്നിട്ടുണ്ടാവണമെന്ന് ഞാന്‍ കരുതുന്നു.

അദ്ദേഹം റിട്ടയര്‍ചെയ്യുന്നതിന് രണ്ടുകൊല്ലം മുന്‍പ് മാത്രമാണ് ഗവേഷണഗൈഡാവാനുള്ള അനുവാദം യൂണിവേഴ്‌സിറ്റി നല്കിയത്. ഉടനെ ഗവേഷണത്തിന് രജിസ്റ്റര്‍ചെയ്യാന്‍ അദ്ദേഹം എന്നെ ഉത്സാഹിപ്പിച്ചു. വിഷയം സാഹിത്യമാവണ്ട, ഭാഷാശാസ്ത്രം മതി എന്നുറപ്പിച്ചതദ്ദേഹമാണ്. അക്കാലത്ത് പ്രബന്ധം ഇംഗ്ലീഷിലെഴുതണം. മൂല്യനിര്‍ണയംചെയ്യുന്നവരില്‍ ഒരാള്‍ വിദേശിയായിരിക്കും. ഭാഷയുടെ തനിമ കണ്ടെത്താന്‍ വാമൊഴി കൂടുതല്‍ ഉതകും; ലിഖിതഗ്രന്ഥങ്ങളില്‍ കുറച്ചെങ്കിലും വാമൊഴിയുള്ളത് ആട്ടപ്രകാരത്തിലാണ്. അശോകവനികാങ്കം ആട്ടപ്രകാരത്തിലെ ഭാഷയുടെ അപഗ്രഥനമാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഡയക്രിറ്റിക് മാര്‍ക്കുകളോടുകൂടിയ പദങ്ങള്‍ ടൈപ്പ്‌ചെയ്യാനറിയുന്നവര്‍ തിരുവനന്തപുരത്ത് മാത്രമാണുള്ളത്. തീസിസ് എഴുതുന്നകാലത്ത് മാസ്റ്റര്‍ പെന്‍ഷന്‍പറ്റി തൃശ്ശൂര്‍ക്ക് പോയിരുന്നു. തൃശ്ശൂര്‍ക്കും തിരുവനന്തപുരത്തേക്കും നെയ്ത്തുകാരന്റെ ഓടംപോലെ ഓടേണ്ടിവന്നു. 1972-ല്‍ ഡിഗ്രി കിട്ടിയെങ്കിലും അതുകൊണ്ട് ഔദ്യോഗികരംഗത്ത് ഒരു 'ലാഭ'വുമുണ്ടായിട്ടില്ല. ഗവേഷണബിരുദമുള്ളവര്‍ക്ക് കൊടുത്തിരുന്ന സ്‌പെഷല്‍ അലവന്‍സ് എനിക്ക് ബിരുദം കിട്ടുന്നതിന്റെ മുന്‍കൊല്ലം നിര്‍ത്തലാക്കി. ഗവേഷണത്തിന്‍പേരില്‍ ഒരുദിവസത്തെ ലീവുപോലും എടുത്തിട്ടില്ല. പഠിക്കുന്നകാലത്ത് അധ്യാപകരെ ശല്യപ്പെടുത്തിയിരുന്നതിന്റെ ഓര്‍മ ഒരുകാലത്തും മനസ്സില്‍നിന്ന് മാഞ്ഞില്ല. പക്ഷേ, ഞങ്ങളുടെ തലമുറ സീനിയര്‍ അധ്യാപകരാകുന്ന കാലമെത്തുമ്പോഴേക്ക് ക്ലാസ് ഫ്രീയായിക്കിട്ടാന്‍ കൊതിക്കുന്ന അധ്യേതാക്കളുടെ ഗണം പിറന്നുകഴിഞ്ഞിരുന്നു.

വിദ്യാര്‍ഥിനിയായിരുന്ന കാലത്തേക്ക് തിരിച്ചുവരാം. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മുഴുകിയ വിദ്യാര്‍ഥിനികള്‍ മഹാരാജാസിലുണ്ടായിരുന്നു. ചിറ്റൂരിലെ അമ്പാട്ടുവീട്ടിലെ സുലോചന അക്കാലത്തേക്ക് ചൈതന്യവത്തായിക്കഴിഞ്ഞിരുന്ന വിദ്യാര്‍ഥിസംഘടനയായ സ്റ്റുഡന്‍സ് കോണ്‍ഗ്രസിലെ നേത്രിയായിരുന്നു. സുന്ദരി; സുകേശിനി. അത്രയേറെ നീണ്ടിടതൂര്‍ന്ന മുടിയുള്ള ഒരു പെണ്‍കുട്ടിയെ മുന്‍പും പിന്‍പും കണ്ടിട്ടില്ല. മധുരപ്പതിനേഴില്‍തന്നെ വിവാഹം കഴിഞ്ഞ് കോളേജ് വിട്ടു. ഇന്റര്‍മീഡിയറ്റിനുശേഷം പഠനം തുടര്‍ന്നില്ലെന്ന് തോന്നുന്നു. ചിറ്റൂര്‍ കോളേജില്‍ പഠനം തുടര്‍ന്നുവോ എന്നറിയില്ല. കേളിപ്പെട്ട മജീഷ്യന്‍ പ്രൊഫസര്‍ ഭാഗ്യനാഥിന്റെ ഭാര്യ. വിഖ്യാത സിനിമാനടി വിധുബാലയുടെ അമ്മ.

ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ധൈര്യപ്പെടുകയുണ്ടായില്ല. പ്രലോഭനങ്ങളുണ്ടാവുകയും അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് മനസ്സുകൊണ്ട് അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്നെങ്കിലും, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഞങ്ങളുടെ സ്‌കൂളിന്റെ ഏഴയലത്തുപോലും സമരാഹ്വാനം എത്തിയിരുന്നില്ല. കോളേജ്പഠനകാലത്ത് എടുത്തുചാടാതിരുന്നത് നമ്പ്യാര്‍മാസ്റ്ററുടെ പ്രവചനം ഫലിക്കണമെന്നും പഠനം കഴിഞ്ഞാലുടനെ ജോലിയില്‍ പ്രവേശിച്ച് അനുജന്മാരുടെ പഠനത്തിന്റെ ചുമതല ഏറ്റെടുക്കണമെന്നും അമ്മയുടെ കഷ്ടപ്പാടുകളില്‍ താങ്ങാവണമെന്നും ദൃഢനിശ്ചയം ചെയ്തിരുന്നതിനാലാണ്.

സ്വാതന്ത്ര്യദിനത്തിന്റെ അര്‍ധരാത്രിക്ക് രാജാവിന്റെ ഭരണം തുടരണമെന്ന നിലപാടുണ്ടായിരുന്നവരുടെ സംഘടനയും സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെയും രക്തച്ചൊരിച്ചിലിന്റെയും കഥ വിഖ്യാതമാണല്ലോ. അമ്പാടി വിശ്വവും എന്‍.എ. കരീമും മറ്റും കോണ്‍ഗ്രസ്പക്ഷത്തുണ്ടായിരുന്നു. ത്രിവര്‍ണപതാകയ്ക്കൊപ്പം മഹാരാജാവിന്റെ കൊടിയും ഉയരണമെന്നായിരുന്നു എതിര്‍കക്ഷിയുടെ നിശ്ചയം. അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് കക്ഷിയും. സംഘട്ടനത്തില്‍ പരിക്കേറ്റതും രക്തമൊഴുക്കേണ്ടിവന്നതും കോണ്‍ഗ്രസുകാര്‍ക്കാണ്. ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹാളിലേക്ക് ചോരയൊഴുകുന്ന പരിക്കുകളോടുകൂടിയ ഒരു വിദ്യാര്‍ഥിയെ താങ്ങിക്കൊണ്ടുവന്നു. ആഘോഷം അവസാനിപ്പിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ ഉടനെ സ്ഥലംവിടണമെന്നും ഹാളില്‍ പ്രഖ്യാപനമുണ്ടായി. പിറ്റേന്ന് ഹോസ്റ്റലടയ്ക്കുകയും ചെയ്തു. ഒരാഴ്ചത്തേക്ക് കോളേജുമടച്ചു. തമ്മനത്ത് അരവിന്ദാക്ഷനാണ് കഠിനമായി പരിക്കേറ്റിരുന്നതെന്ന് പിന്നീടറിഞ്ഞു. അമ്പാടി വിശ്വം, പില്ക്കാലത്ത് ഇടതുപക്ഷനേതാവായി മന്ത്രിപദവും എം.പി.പദവും മറ്റും വഹിച്ച വിശ്വനാഥമേനോന്‍ എഴുതിയ ആത്മകഥയില്‍ സംഭവത്തിന്റെ വിശദാംശങ്ങളുണ്ട്. തല്ലുകൊണ്ട് പരിക്കേറ്റവരാണ് തല്ല് കൊടുത്തവരല്ല പിന്നീട് ശിക്ഷിക്കപ്പെട്ടത്. പതിനേഴുപേരെ കോളേജില്‍നിന്ന് പുറത്താക്കി. അവരില്‍ വിശ്വനാഥമേനോനും എന്‍.എ. കരീമുമെല്ലാം ഉള്‍പ്പെട്ടിരുന്നു. അക്കാലംമുതലേ എക്കാലത്തും രാഷ്ട്രീയസംഘട്ടനങ്ങളുടെ മുന്‍പന്തിയില്‍ മഹാരാജാസ് കോളേജ് ഉണ്ടായിരുന്നു.

ബി.എ.യ്ക്ക് ഏഴുപേരാണ് ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നത്. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. എം.എന്‍. വിജയന്‍, ഒ.കെ. വാസുദേവപ്പണിക്കര്‍, വി.കെ. ശിങ്കാരന്‍ (മറ്റൊരാള്‍ കൃഷ്ണന്‍ രോഗംമൂലം വിട്ടുപോയി. നേരത്തേതന്നെ ലോകത്തെയും വിട്ടുപോയി), ടി. സരോജിനീദേവി, കനകാംഗി. അഞ്ചുപേര്‍ കോളേജ് അധ്യാപകരായി. കനകാംഗി മാത്രം സ്‌കൂള്‍ടീച്ചറും. വിജയനെന്ന പ്രതിഭാശാലിയുടെ വിപുലമായ വായനയെപ്പറ്റി അന്നേ കേട്ടിട്ടുണ്ട്. എല്ലാ ക്ലാസുകളിലും എത്തുന്ന പതിവില്ല. പാഠ്യവിഷയങ്ങളില്‍ അദ്ദേഹം ഏറെ മനസ്സിരുത്തിയിരിക്കാനിടയില്ല, തീര്‍ച്ച. ഉണ്ടെങ്കില്‍ നമ്പ്യാര്‍മാസ്റ്ററുടെ പ്രവചനം ഫലിക്കുമായിരുന്നില്ല. അറിവിന്റെ വൈപുല്യമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം; മാര്‍ക്കും റാങ്കും നേടലായിരുന്നില്ല. വൈലോപ്പിള്ളി, വിജയനുണ്ടായിരുന്ന അറിവിന്റെയും കഴിവിന്റെയും വൈപുല്യം തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഓണപ്പാട്ടുകാരുടെ പ്രശസ്തമായ അവതാരിക എഴുതുന്നതിന് യൗവനത്തിലേക്ക് പ്രവേശിക്കുന്ന ആ ബുദ്ധിമാനെ വൈലോപ്പിള്ളി കണ്ടെത്തിയല്ലോ. മുണ്ടശ്ശേരിയുടെയും മറ്റും വിശേഷ ശ്രദ്ധയില്‍പ്പെട്ട ഒരു പഠനമാണത്. ഓടക്കുഴലിന് (ജി) അവതാരികയെഴുതാന്‍ പ്രായംകുറഞ്ഞ ഗുപ്തന്‍നായരെ കണ്ടെത്തിയതാണ് അതുപോലുള്ള മറ്റൊരു സംഭവം.

ഇംഗ്ലീഷ് സാഹിത്യ വിമര്‍ശന ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ മാത്രമല്ല പഠനവിഷയങ്ങളില്‍ പ്രബന്ധങ്ങളെഴുതി ശീലിക്കയും ചെയ്തിരുന്നതാണ് സിലക്ഷന്‍പരീക്ഷയ്ക്ക് എനിക്ക് ഒന്നാംസ്ഥാനം നേടിത്തന്ന തീവ്രയത്നം. ഷോര്‍ട്ട് സ്റ്റോറികളുടെ ഒരു സമാഹാരം പഠിക്കാനുണ്ടായിരുന്നു. ഒരു പഠനമെഴുതി ഭാസ്‌കരമേനോന്‍മാസ്റ്ററെ കാട്ടി തിരുത്തിമേടിച്ചത് ഹോസ്റ്റലിലെ ചില സഹപാഠിനികളും വായിച്ചിരുന്നു. ഇംഗ്ലീഷിലുണ്ടായിരുന്ന ബാലരാമന്‍നമ്പ്യാര്‍മാസ്റ്റര്‍ ഉത്തരക്കടലാസുകളില്‍ ചില വാക്യങ്ങള്‍ ഒരേ മട്ടില്‍ കണ്ടപ്പോള്‍ വല്ല ഗൈഡുകളിലേതുമായിരിക്കാമെന്ന് നിശ്ചയിച്ചിരിക്കാം. മാര്‍ക്ക് നന്നെ കുറച്ചതിന്റെ കാരണമറിയാന്‍ ഞാന്‍ അദ്ദേഹത്തേ ചെന്ന് കണ്ടു. പ്രബന്ധം ഞാനെഴുതിയതാണെന്ന് തെളിയിച്ചിട്ടും അദ്ദേഹം മാര്‍ക്ക് തിരുത്തിത്തന്നില്ല. എന്നിട്ടും ഒന്നാംസ്ഥാനം കിട്ടിയത് ഷേക്‌സ്പിയര്‍ പേപ്പറിലെ ഉയര്‍ന്ന മാര്‍ക്കുകൊണ്ടുതന്നെ.

Content Highlights: Dr. M Leelavathy, Shwaniprakaram, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented