മുതലകള്‍ക്ക് ഇരയായ 49 പുലയര്‍; മലയാളി അടിമകളുടെ പ്രാദേശിക ഒളിച്ചോട്ടങ്ങള്‍!


വിനില്‍ പോള്‍ജാതിപീഡനത്തെ എതിര്‍ത്തുകൊണ്ടുള്ള ഒളിച്ചോട്ടം, കാടുവെട്ടിത്തെളിക്കല്‍, ഹിംസ്രജന്തുക്കളുടെ ആക്രമണം തുടങ്ങിയവയാണ് ഈ പ്രദേശങ്ങളിലെ ദളിതരുടെ ബോധമണ്ഡലത്തില്‍ ചരിത്രം എന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ഡിസൈൻ: ബാലു

വിനില്‍ പോള്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ദളിത് ചരിത്രദംശനം എന്ന പുസ്തകം ബ്രിട്ടീഷ് അധിനിവേശാനന്തര കേരളത്തിലെ സാമൂഹിക മാറ്റങ്ങളെ അടുത്തറിയാനുള്ള അന്വേഷണങ്ങളാണ്. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ഒളിച്ചോട്ടം എന്ന പ്രതിരോധം: കൊച്ചിയില്‍നിന്നുള്ള പുതിയ തെളിവുകള്‍

ആഗോളതലത്തില്‍ അടിമകള്‍ക്കിടയിലെ ഒളിച്ചോട്ടത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് സാമൂഹ്യശാസ്ത്രത്തിലും സാഹിത്യത്തിലും വ്യത്യസ്തങ്ങളായ രചനകളും നിരീക്ഷണങ്ങളുമുണ്ട്. ദുര്‍ബ്ബലരായവര്‍ അധികാരത്തിനെതിരെ പ്രയോഗിച്ച പരോക്ഷ ആയുധമായും അതോടൊപ്പം അടിമത്തത്തില്‍നിന്നുള്ള വിമോചനമായുമാണ് ഒളിച്ചോട്ടത്തെ ജെയിംസ് സ്‌കോട്ടിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നത്. ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും ചരിത്രത്തില്‍ അടിമക്കൂട്ടങ്ങള്‍ തോട്ടങ്ങളില്‍നിന്നും തൊഴിലിടങ്ങളില്‍നിന്നും രക്ഷപ്പെട്ട് വിദൂരപര്‍വതങ്ങളുടെയും കാടുകളുടെയും മറവിലേക്കും അല്ലെങ്കില്‍ ചതുപ്പുനിലങ്ങളിലേക്കും ഓടി സ്വാതന്ത്ര്യം നേടിയിട്ടുണ്ട്. അടിമക്കൂട്ടങ്ങളുടെ സ്വതന്ത്ര ആവാസയിടത്തിനെ മറൂണ്‍ കമ്മ്യൂണിറ്റികള്‍ എന്നാണു വിളിച്ചിരുന്നത്. അതേപോലെ സൗത്ത് ആഫ്രിക്കയുടെ ചരിത്രത്തില്‍ ഒളിച്ചോടിയ അടിമക്കൂട്ടങ്ങളില്‍ കൊച്ചിയില്‍നിന്നുള്ള അടിമകളുടെ സാന്നിദ്ധ്യവും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഒളിച്ചോടുന്ന അടിമകളെ കണ്ടുപിടിക്കുന്നതിനായി പരിശീലനം ലഭിച്ച ഒരു വിഭാഗം 'വേട്ടക്കാരും' അക്കാലത്ത് അവിടെ സജീവമായിരുന്നു. ഒളിച്ചോട്ടം എന്ന പ്രതിഷേധരൂപം കേരളത്തിലെ അടിമജാതികളുടെ ചരിത്രത്തിലും നിരവധി ഇടങ്ങളില്‍ കാണാന്‍ സാധിക്കും. അടിമകളുടെ ഒളിച്ചോട്ടം സംബന്ധിച്ചുള്ള ആധികാരികമായ തെളിവുകള്‍ പതിനെട്ടാംനൂറ്റാണ്ടു മുതലേ പുരാശേഖരങ്ങളില്‍ കൃത്യതയോടെ ലഭ്യമാണ്. പ്രത്യേകിച്ച് കൊച്ചി ഭാഗത്ത് ആധിപത്യം ഉണ്ടായിരുന്ന ഡച്ചുകാരുടെ രേഖകളിലാണ് ഇത് വ്യാപകമായി കാണുന്നത്.

കൊച്ചിയിലെ ഡച്ചുകാരുടെ കോടതി വ്യവഹാരങ്ങള്‍, തുറമുഖ രജിസ്റ്ററുകള്‍ തുടങ്ങിയ പുരാശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ മത്ഥിയാസ് വന്‍ റോസമിന്റെ മേല്‍നോട്ടത്തിലുണ്ടായിരുന്ന Local Debts and Global Markets: Explaining Slavery in South and Southeast Asia, 1600-1800 എന്ന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പഠനങ്ങള്‍ (On the Run: Runaway Slaves and Their Social Networks in Eighteenth Century Cochin, Testimonies of Enslavemnt) കേരളത്തിന്റെയും തെക്കേ ഏഷ്യയുടെയും അടിമത്തസങ്കല്‍പ്പത്തെത്തന്നെ തകിടംമറിക്കുകയുണ്ടായി. കൊച്ചിയിലെ കോടതിവ്യവഹാരങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇവരുടെ അന്വേഷണം സങ്കീര്‍ണ്ണമായ നിരവധി സംഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. പതിനെട്ടാംനൂറ്റാണ്ടിലെ രേഖകള്‍ പ്രകാരം കൊച്ചിയിലെ അടിമകള്‍ ഒളിച്ചോടാനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കിയതിന് ഉപയോഗിച്ച സാമൂഹ്യശൃംഖലകള്‍ അവര്‍ക്ക് പരിചിതമായ വ്യക്തികളായിരുന്നെന്നും ആഫ്രിക്കന്‍ സാഹചര്യത്തില്‍ അടിമകള്‍ ഒളിച്ചോടി മറൂണ്‍ സമൂഹങ്ങളില്‍ അഭയം തേടിയപോലെ അല്ലായിരുന്നെന്നും വ്യക്തമാക്കുന്നു. കൊച്ചിയിലെ അടിമകളുടെ രക്ഷപ്പെടലിന്റെ വിജയത്തിനു സാമൂഹികബന്ധങ്ങള്‍ തീര്‍ത്തും നിര്‍ണ്ണായകമായിരുന്നു. കൊച്ചിയിലെ ഡച്ചുകോടതിയുടെ ഇതുവരെ ഗവേഷണം ചെയ്യപ്പെടാത്ത രേഖകള്‍ ഉപയോഗിച്ചുള്ള ഈ പഠനങ്ങള്‍ പുതിയ കാഴ്ചപ്പാട് നല്‍കുന്ന ഒന്നാണ്. കോടതിവ്യവഹാരങ്ങള്‍ക്ക്, നൂറ്റാണ്ടുകള്‍ക്കു മുമ്പുനടന്ന സംഭവത്തെപ്പറ്റി സമ്പൂര്‍ണമായ വീക്ഷണം നല്‍കുന്നതില്‍ പരിമിതികളുണ്ടെങ്കിലും അടിമത്തത്തില്‍നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും അടിമത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള സമ്പന്നമായ വിവരങ്ങളും ഇവ നല്‍കുന്നുണ്ട്. കൊച്ചിയിലെ അടിമ അനുഭവങ്ങളെ-ഇതില്‍ അടിമജാതികളും സവര്‍ണ്ണ ജാതി അടിമകളും ഉള്‍പ്പെട്ടിട്ടുണ്ട്-ആഗോള അടിമ അനുഭവങ്ങളുടെ സാഹചര്യത്തില്‍ത്തന്നെ പുനര്‍വായിക്കുകയാണ്. മാത്രമല്ല, കൊച്ചിയില്‍ കച്ചവടക്കാര്‍ വാങ്ങിയ അടിമകള്‍ ഒളിച്ചോടുന്നതിനെ സംബന്ധിച്ചുള്ള പരാതികള്‍ കൊച്ചി രാജാവിനു മുന്‍പാകെ സമര്‍പ്പിക്കപ്പെടുന്നതിനെക്കുറിച്ചുള്ള തെളിവുകളും കൊച്ചിയിലെ പുരാശേഖരവകുപ്പു ഫയലുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. പിന്നീട് ബ്രിട്ടീഷ് രേഖകളിലും ഈ സാമൂഹ്യാനുഭവത്തെക്കുറിച്ചുള്ള നിരവധി തെളിവുകള്‍ നമുക്കു കാണാന്‍ സാധിക്കും.

ബ്രിട്ടീഷ് കാലത്ത് സ്ഥാപിതമായ അഞ്ചരക്കണ്ടിതോട്ടംപോലുള്ള തൊഴിലിടങ്ങളില്‍നിന്നും ഒളിച്ചോടുന്ന അടിമകളുടെ വിവരങ്ങളും രേഖകളില്‍ ലഭ്യമാണ്. അഞ്ചരക്കണ്ടി തോട്ടത്തിന്റെ ഉടമസ്ഥന്‍ മര്‍ഡോക് ബ്രൗണ്‍ ചാവക്കാട്ടുനിന്നും വാങ്ങിയ നാല്‍പ്പത്തിയഞ്ച് പുലയരില്‍ രണ്ട് ആണും രണ്ടു പെണ്ണും തോട്ടത്തില്‍നിന്നും ഒളിച്ചോടിയതായി ബ്രൗണ്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ബ്രിട്ടീഷ് കാലത്ത് വ്യാപകമായി അടിമജാതികള്‍ ഒളിച്ചോടുന്നതിനെക്കുറിച്ചുള്ള വാമൊഴി വരമൊഴി വിവരങ്ങള്‍ കൂടുതലും ലഭിക്കുന്നത് തിരുവിതാംകൂറില്‍നിന്നുമാണ്. മിഷനറിമാരുടെ രേഖകളില്‍ ഒറ്റയ്ക്ക് ഒളിച്ചോട്ടം നടത്തുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയുമെല്ലാം കാണാന്‍ കഴിയുന്നുണ്ട്. സ്ത്രീകള്‍ കച്ചവടസമയത്താണ് ഓടിരക്ഷപ്പെട്ടിരുന്നതെന്ന് കൊച്ചിയിലെ കാളിയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട് (പോള്‍ 2021). മുണ്ടക്കയം ഭാഗത്ത് നിരവധി അടിമകള്‍ ഒളിച്ചോടി എത്തിയിരുന്നതായും കാടിന്റെ ഉള്‍ഭാഗങ്ങളില്‍ അവര്‍ ആവാസയിടങ്ങള്‍ നിര്‍മ്മിച്ചതായും മിഷനറി പുരാശേഖരങ്ങള്‍ പറയുന്നു. കിഴക്കന്‍ മേഖലയില്‍ ഒളിച്ചോടിയെത്തിയ അടിമകളുടെ ജീവിതത്തെ ഹെന്റി ബേക്കര്‍ ജൂനിയര്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ദീര്‍ഘദൂരം ഒളിച്ചോടേണ്ടിവന്ന അടിമക്കൂട്ടങ്ങളെക്കുറിച്ച് ബേക്കര്‍ ജൂനിയര്‍ എഴുതുന്നു: '1854-ല്‍ മല്ലപ്പള്ളിയിലെ (പത്തനംതിട്ട) അടിമപ്പള്ളിക്കൂടത്തിനുനേരെ സവര്‍ണ്ണരുടെ വലിയ ആക്രമണം ഉണ്ടായപ്പോള്‍ അവിടെ നിന്നും ഇരുപതോളം ആളുകള്‍ മുണ്ടക്കയത്തേക്ക് ഒളിച്ചോടി എത്തുകയുണ്ടായി. എന്നാല്‍ തങ്ങളെ പിടിച്ചുകൊണ്ടുപോകുവാനായി മല്ലപ്പള്ളിയില്‍നിന്നും ആളുകള്‍ പിന്തുടര്‍ന്നുവരുന്നുണ്ടെന്ന വാര്‍ത്തയറിഞ്ഞു പരിഭ്രാന്തരായി അടിമകള്‍ മുണ്ടക്കയത്തുനിന്നും കൊച്ചിയിലേക്ക് മാറി. കൊച്ചിയില്‍ എത്തിയ അടിമകളില്‍ കുറച്ചാളുകള്‍ റോമന്‍ കത്തോലിക്കരുടെയും സി.എം.എസ്. മിഷനറിമാരുടെയും അടുക്കല്‍ അഭയം കണ്ടെത്തി. എന്നാല്‍ അവിടെവെച്ച് അവര്‍ക്ക് കോളറ ബാധിക്കുകയും അവരില്‍ മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും മരണപ്പെടുകയുമുണ്ടായി. മൂന്നുപേര്‍ വീണ്ടും മുണ്ടക്കയത്തേക്ക് എത്തിച്ചേര്‍ന്നു' (ബേക്കര്‍ 1862:39). ഒളിച്ചോടിയ അടിമകളെ കണ്ടുപിടിക്കുന്നതില്‍ കഴിവ് തെളിയിച്ച ചില വ്യക്തികളെയും മിഷനറി പുരാശേഖരങ്ങളില്‍ കാണുന്നുണ്ട്. മലയരയ ആദിവാസി വിഭാഗത്തിനെ ഹെന്റി ബേക്കര്‍ ജൂനിയറുമായി ബന്ധിപ്പിച്ച കപ്യാര്‍ കുര്യന്‍ എന്നയാളുടെ മകനാണു മുണ്ടക്കയം ഭാഗത്തേക്ക് ഓടിയെത്തുന്ന അടിമകളെ കണ്ടുപിടിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്. 'മുണ്ടക്കയത്തു വന്നു വഴക്കുകള്‍ ഉണ്ടാക്കുകയും ഒളിച്ചോടിയെത്തിയ അടിമകളെ ഉപദ്രവിക്കുകയും ചെയ്ത കപ്യാര്‍ കുര്യന്റെ മകന്‍ മുണ്ടക്കയത്തുവെച്ച് ഇടിമിന്നലേറ്റു മരിച്ചത് ഇത്തരം അക്രമിക്കൂട്ടങ്ങളെ ഭയപ്പെടുത്തുകയുണ്ടായി' (പാമര്‍ (1897) 2009:26). ഇതിനു സമാനമായി ഒളിച്ചോട്ട ഭൂതകാലത്തെ ബന്ധിപ്പിച്ചുകൊണ്ടു പല വാമൊഴികളും കേരളത്തിന്റെ വിവിധയിടങ്ങളില്‍നിന്നും കേള്‍ക്കാന്‍ സാധിക്കും. പല പ്രാദേശികചരിത്രങ്ങളും ഒളിച്ചോട്ട ഭൂതകാലത്തെ വെളിപ്പെടുത്തുന്നുണ്ട്. കോട്ടയം ജില്ലയിലെ മഞ്ചാടിക്കരി എന്ന സ്ഥലത്തിന്റെ ചരിത്രം പറയുന്നത്, ഒളിച്ചോടിയെത്തിയ അടിമകള്‍ നിര്‍മ്മിച്ച ആവാസഭൂമിയെന്നതാണ്.

മുതലകളുടെ ആവാസയിടത്തില്‍ എത്തിച്ചേര്‍ന്ന പുലയ അടിമകള്‍

അപ്പര്‍ കുട്ടനാടന്‍ പ്രദേശമായ മഞ്ചാടിക്കരി കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണു സ്ഥിതി ചെയ്യുന്നത്. മീനച്ചിലാറിന്റെ കൈവഴികളിലൊന്നായ കൈപ്പുഴയാറിന്റെ ഇരുചിറകളിലായാണു മഞ്ചാടിക്കരിയുടെ സ്ഥാനം. മഞ്ചാടിക്കരിയുടെ ജനവാസചരിത്രത്തെ സംബന്ധിച്ചു പ്രധാനമായും രണ്ടു തര്‍ക്കങ്ങള്‍ അവിടെ നിലനില്‍ക്കുന്നു. അടിമത്ത-ജാതിപീഡനങ്ങളെ എതിര്‍ത്തുകൊണ്ടു മനുഷ്യവാസയോഗ്യമല്ലാത്തതും മുതല അടക്കമുള്ള ജന്തുക്കള്‍ ഭീഷണി സൃഷ്ടിച്ചിരുന്നതുമായ ചതുപ്പുനിലത്തിലേക്ക് ഒളിച്ചോടിയെത്തിയ അടിമകള്‍ രൂപപ്പെടുത്തിയ ആവാസയിടമാണു മഞ്ചാടിക്കരി എന്നതാണ് ഒന്നാമത്തെ വാദം. കാര്‍ഷിക അടിമത്തത്തിന്റെ ഭാഗമായി ജന്മിമാരാല്‍ നിര്‍ബന്ധിത കുടിയിരുത്തലിനു വിധേയമാകേണ്ടിവന്ന ഒരുകൂട്ടം കാര്‍ഷിക അടിമകളുടെ അതിജീവനത്തിന്റെ പ്രദേശമാണു മഞ്ചാടിക്കരി എന്നതാണു മറ്റൊരു വാദം. ഈ രണ്ട് വാദങ്ങളെയും പിന്തുണയ്ക്കുന്ന ധാരാളം വാമൊഴികള്‍ മഞ്ചാടിക്കരി നിവാസികള്‍ക്കിടയില്‍ ഇപ്പോഴും നിലവിലുണ്ട്. എന്തായാലും ഇവിടത്തെ ആദിമജനത തിരുവിതാംകൂറിലെ അടിമച്ചന്തയില്‍നിന്നും ഒളിച്ചോടിയവരാണെന്നും, യജമാനന്മാരുടെ പീഡനത്തില്‍നിന്നും ഒളിച്ചോടിയവരാണെന്നുമൊക്കെയുള്ള വാമൊഴികളില്‍നിന്നുമാണു മഞ്ചാടിക്കരിയുടെ ചരിത്രം ആരംഭിക്കുന്നത്. ഇതാകട്ടെ അക്കാലത്ത് നിലനിന്നിരുന്ന കാര്‍ഷിക അടിമത്തത്തിന്റെയും, പ്രാദേശിക അടിമച്ചന്തകളുടെയും നേര്‍സാക്ഷ്യങ്ങളാണുതാനും.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് മഞ്ചാടിക്കരി പ്രദേശം വെള്ളക്കെട്ടുകളും ചതുപ്പും നിറഞ്ഞ ഒരു തുരുത്തായിരുന്നെന്നും ആ പ്രദേശത്ത് മുതലയും മറ്റു ജലജീവികളുമാണു വസിച്ചിരുന്നതെന്നുമാണു വാമൊഴി. മുതലയുടെ ആക്രമണത്തെ ഭയന്ന് മഞ്ചാടിക്കരിയിലൂടെ ഒഴുകുന്ന കൈപ്പുഴയാറില്‍ക്കൂടി വള്ളത്തില്‍പ്പോലും ആളുകള്‍ക്ക് സഞ്ചരിക്കാന്‍ ഭയമായിരുന്നെന്നും പറയപ്പെടുന്നു. മനുഷ്യസഞ്ചാരം സാധ്യമല്ലാത്ത ചതുപ്പുനിലത്തേക്ക് ആര്‍പ്പൂക്കര, കൈപ്പുഴ, അയ്മനം തുടങ്ങിയ സമീപസ്ഥലങ്ങളില്‍നിന്നാണ് പുലയ അടിമകള്‍ ഒളിച്ചോടിവന്നതെന്നാണ് വാമൊഴിപ്രചാരം. കാര്‍ഷികമേഖലയിലെ ജോലികളുടെ ഭാഗമായി അടിമകള്‍ക്ക് ഈ ഒറ്റപ്പെട്ട ചതുപ്പുനിലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നുവേണം കരുതാന്‍. മുതലഭീഷണിയും യാത്രാബുദ്ധിമുട്ടുമടക്കം മനുഷ്യര്‍ക്ക് കടന്നുവരാന്‍ അസാദ്ധ്യമായ പ്രദേശമായിരുന്നതിനാല്‍ത്തന്നെ മുതലാളിമാര്‍ അവിടേക്ക് അന്വേഷിച്ചുവരുന്നതിനുള്ള സാദ്ധ്യതയും കുറവായിരുന്നു. അങ്ങനെ ഒളിച്ചോടി എത്തിയ അഞ്ച് പുലയകുടുംബങ്ങളുടെ നാടാണു മഞ്ചാടിക്കരി എന്നതാണു പ്രധാന ആഖ്യാനം. രണ്ടാമത്തെ ഒളിച്ചോട്ട ആഖ്യാനമാകട്ടെ പ്രാദേശിക അടിമച്ചന്തയില്‍നിന്നുമാണു തുടങ്ങുന്നത്.
ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ തിരുനക്കര, പാലാ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങള്‍, അടിമച്ചന്തകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഇടങ്ങളായിരുന്നു. ദൂരെസ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ അടിമകളെ വാങ്ങാനായി കോട്ടയത്തെ അടിമച്ചന്തകളില്‍ എത്തിയിരുന്നു. ആലപ്പുഴയിലെ പുളിങ്കുന്ന് പ്രദേശത്തെ നായര്‍ ഭൂവുടമകള്‍ പാലാ, രാമപുരം എന്നീ സ്ഥലങ്ങളിലെ അടിമച്ചന്തകളില്‍നിന്നും അടിമകളെ വാങ്ങിയിരുന്നു. മീനച്ചിലാറിലൂടെയും, മീനച്ചിലാറിന്റെ ചില കൈവഴികളിലൂടെയും സഞ്ചരിച്ചു വേമ്പനാട്ടുകായലില്‍ എത്തിയിട്ടാണു പുളിങ്കുന്നിനു പോയിരുന്നത്. ഒരിക്കല്‍ ഒരു ആലപ്പുഴക്കാരന്‍ ഭൂവുടമയ്ക്കുവേണ്ടി പാലായില്‍നിന്നും ഒരുകൂട്ടം അടിമകളെ വിലയ്ക്കുവാങ്ങി കടവില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. അടിമകളെയെല്ലാം വള്ളങ്ങളില്‍ കയറ്റിയശേഷം ശരീരം ബന്ധിച്ചു വള്ളക്കാരും നോട്ടക്കാരും എവിടേക്കോ പോയ സമയം നോക്കി രണ്ട് അടിമകള്‍ അതിസാഹസികമായി വള്ളത്തില്‍നിന്നും രക്ഷപ്പെട്ട് അടുത്തുള്ള തെങ്ങിന്റെ മുകളില്‍ കയറി ഒളിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ വള്ളക്കാരും നോട്ടക്കാരും മടങ്ങിവരികയും, വള്ളത്തിനു സമീപം വിശ്രമിക്കാന്‍ കിടക്കുകയും ചെയ്തു. തെങ്ങില്‍ കയറിയ അടിമകള്‍ അര്‍ദ്ധരാത്രിയായപ്പോള്‍ ഇറങ്ങിവരികയും, വള്ളത്തിന്റെ കെട്ടഴിച്ചു വേഗത്തില്‍ തുഴഞ്ഞ് അവിടെനിന്നും രക്ഷപ്പെടുകയും ചെയ്തു. എങ്ങോട്ടാണെന്ന് അറിയാതെ ഇരുട്ടിലൂടെ നടത്തിയ സാഹസികയാത്ര വന്നണഞ്ഞത് അയ്മനത്തിനു സമീപമുള്ള പുലിക്കുട്ടിശ്ശേരി എന്ന സ്ഥലത്തായിരുന്നു. അവിടെ വെച്ച് ഒറ്റപ്പെട്ട ചതുപ്പുതുരുത്തിനെക്കുറിച്ച് അറിവ് ലഭിക്കുകയും, ഒളിച്ചു താമസിക്കാന്‍ സാധിക്കുന്ന സ്ഥലമാണെന്നു തിരിച്ചറിഞ്ഞ ഈ അടിമക്കൂട്ടം അങ്ങോട്ടു പോവുകയും കഠിനാദ്ധ്വാനത്തിലൂടെ നിര്‍മ്മിച്ചെടുക്കുകയും ചെയ്ത ആവാസയിടമാണു മഞ്ചാടിക്കരി എന്നുള്ളതാണ് രണ്ടാമത്തെ ആഖ്യാനം (ശശിധരന്‍ 2004: 39-40). എന്തായാലും 1869 മുതല്‍ സി.എം.എസ്. മിഷനറിമാരുടെ സാന്നിദ്ധ്യം മഞ്ചാടിക്കരിയിലുണ്ട്. മാത്രമല്ല, ബേക്കര്‍ കുടുംബത്തിന്റെ പേരില്‍ അന്‍പത്തിയൊന്ന് ഏക്കര്‍ ഭൂമിയും അവിടെ ഉണ്ടായിരുന്നു.

'ആ ചതുപ്പുനിലത്തിനെ ആവാസയിടമാക്കുന്നതിനിടയില്‍ 49 പുലയരാണ് മഞ്ചാടിക്കരിയിലെ മുതലകള്‍ക്ക് ഇരയായത്. ഒരു ഞായറാഴ്ച ദിവസം രാവിലെ വേദപുസ്തകവുമായി മഞ്ചാടിക്കരി പള്ളിയിലേക്കു വന്ന ദാവീദ് ആശാനാണ് നാല്‍പ്പത്തിയൊമ്പതാമതായി മുതലയ്ക്ക് ഇരയായത്. മൂന്നു സ്ഥലത്തുചെന്ന് ശവം പൊക്കിക്കാണിച്ചു എന്നാണ് സംസാരം. പള്ളിയില്‍ കൂടിയിരുന്നവര്‍ മാറത്തടിച്ചു കൂട്ടമായി നിലവിളിച്ചതല്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല' (രാജ് 1966: 41-42). കവിയൂര്‍ കെ.സി. രാജ് എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ 1947-ല്‍ മഞ്ചാടിക്കരിയില്‍ നിന്നും ശേഖരിച്ച വിവരമാണിത്. ഭീതിയുടെ നടുവില്‍ ജീവിച്ചുകൊണ്ടാണ് മഞ്ചാടിക്കരി നിവാസികള്‍ അവിടെ ആവാസയിടം നിര്‍മ്മിച്ചെടുത്തത്.

മഞ്ചാടിക്കരിയുടെ ഭൂതകാലത്തില്‍ നാം കണ്ടുമുട്ടുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടി സാഹസികത കാണിച്ച മനുഷ്യരെയാണ്. മഞ്ചാടിക്കരിയില്‍നിന്നും കേള്‍ക്കുന്ന അനുഭവകഥകളില്‍ സത്യവും അസത്യവും ഇടകലര്‍ന്നിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കെത്തന്നെ മനുഷ്യക്കച്ചവടത്തെയും പ്രാദേശിക അടിമച്ചന്തകളെയും കുറിച്ചുമുള്ള ഓര്‍മ്മകള്‍ ദളിതരുടെ ഇടയില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നവെന്നതിനു തെളിവാണ് ഈ ആഖ്യാനങ്ങള്‍. അതോടൊപ്പം തങ്ങളുടെ സമൂഹം നേരിട്ട പീഡനങ്ങളുടെ ഓര്‍മകളും അവയില്‍നിന്നും രക്ഷപ്പെടണമെന്നുള്ള ആഗ്രഹവും, ഒപ്പം വിമോചനസങ്കല്‍പ്പങ്ങളുമുള്ള ദളിതരെയാണ് മഞ്ചാടിക്കരിയുടെ ഭൂതകാലവെളിപ്പെടുത്തലില്‍ കാണാന്‍ സാധിക്കുന്നത്.
സാമ്പ്രദായിക ചരിത്രകാരന്മാര്‍ പറയാന്‍ മടിക്കുന്ന ഒന്നായിരുന്നു ജാതിയുടെ പേരില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന കേരളത്തിലെ അടിമജീവിതങ്ങളുടെ ചരിത്രം. സാമ്പത്തികാധിഷ്ഠിതമായി രൂപംകൊണ്ട ഒരു അടിമത്തസമ്പ്രദായമല്ലായിരുന്നെന്നും, വിവിധ അദ്ധ്വാനരൂപങ്ങള്‍ മാത്രമാണ് ഇവിടെ നിലനിന്നിരുന്നതെന്നും ജാതികളുടെയും ഉപജാതികളുടെയും മേല്‍കീഴ് ബന്ധത്തില്‍ സ്വയം കീഴടങ്ങലിന്റെ ഒരംശംകൂടി ഉണ്ടായിരുന്നെന്നും അവര്‍ വാദിച്ചു. അടിമത്തം, പീഡനം തുടങ്ങിയ അവസ്ഥകളില്‍നിന്നും മോചിതരാകണം എന്ന മാനസികാവസ്ഥ ഇല്ലാത്ത ഒരു വിഭാഗമായിരുന്നു കേരളത്തിലെ മുന്‍കാല അടിമകള്‍ എന്നതായിരുന്നു അവര്‍ ഒന്നടങ്കം പറഞ്ഞത്. അതായത് നിലവിലെ ചരിത്രരചനകളില്‍ മനുഷ്യന്‍ എന്ന തിരിച്ചറിവും, ചിന്താശേഷിയും ഇല്ലാത്ത വിഭാഗമായാണ് കേരളത്തിലെ ദളിതര്‍ ചിത്രീകരിക്കപ്പെട്ടത്. മാത്രമല്ല, ഒളിച്ചോട്ടശ്രമങ്ങള്‍, സ്വാതന്ത്ര്യത്തിനുള്ള ശ്രമങ്ങള്‍, ഒരു അടിമനേതാവ്, ചങ്ങലയില്‍ ബന്ധിതരായ അടിമകള്‍ തുടങ്ങിയവയൊന്നുംതന്നെ കേരളചരിത്രത്തില്‍ ഇല്ല എന്നതാണ് ഇവരുടെ പ്രബല വാദം. ഈ വാദത്തിനെ സ്ഥാപിച്ചെടുക്കുവാനായി ചില ആചാരങ്ങളെയും തെയ്യംപോലുള്ള കലാരൂപങ്ങളെയും മുന്‍നിര്‍ത്തിയായിരുന്നു ഇവര്‍ ചരിത്രവിശകലനം നടത്തിയിരുന്നത്. ഇത്തരം ചരിത്രങ്ങള്‍ക്കു നേര്‍ക്കാണ് മഞ്ചാടിക്കരിപോലുള്ള സ്ഥലങ്ങളിലെ ഒളിച്ചോട്ട ആഖ്യാനങ്ങള്‍ വിമര്‍ശനം തൊടുക്കുന്നത്. അതായത് സ്വയംകീഴടങ്ങലിനു വിരുദ്ധമായി ജാതിവിലക്കുകള്‍ പൊട്ടിച്ചെറിയണമെന്നും, വിമോചനം സാദ്ധ്യമാണെന്നുമുള്ള തിരിച്ചറിവുകളുടെ വെളിച്ചത്തിലാണ് മുന്‍കാല അടിമജാതികള്‍ ഒളിച്ചോട്ടം നടത്തിയിരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലായിരുന്നു. കോട്ടയത്തെ മറ്റു ചില ഗ്രാമങ്ങള്‍ക്കും ഇതിനു സമാനമായ ചരിത്രാനുഭവമാണ് പറയാനുള്ളത്.

പുസ്തകം വാങ്ങാം

ഇടയപ്പാറയും വാക്കാടും

കോട്ടയം ജില്ലയിലെ കങ്ങഴ ഒളിച്ചോട്ടസംബന്ധമായ ഓര്‍മ്മകള്‍ വളരെ സജീവമായി നില്‍ക്കുന്ന ഒരു ഇടമാണ്. 1850-കളില്‍ പൊന്‍കുന്നത്തിനു സമീപമുള്ള തമ്പലക്കാട് എന്ന സ്ഥലത്തുനിന്നും കണ്ണന്‍, പാലന്‍, പൈങ്കിളി എന്നീ യുവാക്കളെ കങ്ങഴ പത്തനാടിന് സമീപമുള്ള ഒരു ജന്മി കുടുംബം വാങ്ങിക്കൊണ്ടുവരികയുണ്ടായി. കങ്ങഴയിലെ നായര്‍തറവാട്ടില്‍ എത്തിച്ചേര്‍ന്ന യുവാക്കളെ കൃഷിയിടത്തിലെ പണികള്‍ക്കാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇവര്‍ ഓടിപ്പോകുമെന്ന ഭയത്താല്‍ പകലത്തെ അദ്ധ്വാനത്തിനുശേഷം തിരികയെത്തുന്ന യുവാക്കളെ ഒരു വൃക്ഷത്തിന്റെ വേരില്‍ ചങ്ങലയില്‍ ബന്ധിച്ചിടുകയാണ് പതിവ്. മാത്രമല്ല, വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാനും തണുപ്പ് അകറ്റാനുമായി ഇവര്‍ക്ക് ചുറ്റും അഗ്നികുണ്ഡങ്ങള്‍ തീര്‍ത്തുകൊടുത്തിരുന്നു. അങ്ങനെ ക്രൂരതയുടെയും കഷ്ടപ്പാടിന്റെയും മദ്ധ്യത്തില്‍നിന്നും ഒളിച്ചോടാനുള്ള തീരുമാനം മൂവരും കൈക്കൊണ്ടു. ഒളിച്ചോടാന്‍ പദ്ധതിയിട്ട യുവാക്കള്‍ രാത്രികളില്‍ തീക്കൊള്ളികള്‍ ഉപയോഗിച്ച് വേരുകള്‍ കത്തിക്കുകയും അതിനുശേഷം അവ മൂടിയിടുകയും ചെയ്തുവന്നു. ഒരിക്കല്‍ രാത്രിയില്‍ പൂര്‍ണ്ണമായി വേരുകളും ചങ്ങലയും മുറിച്ചുമാറ്റിയ യുവാക്കള്‍ അവിടെനിന്നും കിഴക്കന്‍ മേഖലയിലെ കാടുകളിലേക്ക് ഒളിച്ചോടുകയുണ്ടായി. ഈ സമയം കിഴക്കന്‍ മേഖലയായ മുണ്ടക്കയത്ത് ഹെന്റി ബേക്കര്‍ ജൂനിയര്‍ കാടിന് നടുവില്‍ ഒരു ഗ്രാമം നിര്‍മ്മിക്കുകയും, ഒളിച്ചോടി എത്തിയ നിരവധി അടിമകളെ അവിടെ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ ഗ്രാമത്തിലേക്കാണ് യുവാക്കളായ മൂന്നുപേരും ഓടിയെത്തിയത്. പിന്നീട് മിഷനറി സഹായത്താല്‍ അവര്‍ ക്രിസ്തുമതം സ്വീകരിക്കുകയും മുണ്ടക്കയം ഭാഗത്തു പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ചപ്പോള്‍ മൂവരും ഹെന്റി ബേക്കര്‍ ജൂനിയറുടെ സഹായത്താല്‍ കങ്ങഴയിലെ ഇടയപ്പാറയില്‍ തിരികെയെത്തി സ്ഥിരതാമസം തുടങ്ങുകയും ചെയ്തു (ജോണ്‍ 2013: 12-13). ഇവരില്‍ കണ്ണന്‍ പിന്നീട് പത്രോസ് മൂപ്പന്‍ എന്ന പേരില്‍ കങ്ങഴയിലെ ശ്രദ്ധേയനായ വ്യക്തിത്വമായി മാറി.

'1864-ല്‍ കങ്ങഴയിലെ ഇടയപ്പാറയില്‍ താമസം തുടങ്ങിയ മൂവര്‍സംഘം കുറെയധികം സര്‍ക്കാര്‍ഭൂമി വെട്ടിത്തെളിക്കുകയുണ്ടായി. ഈ വാര്‍ത്തയറിഞ്ഞു സമീപസ്ഥലങ്ങളില്‍നിന്നും നിരവധി ദളിത് കുടുംബങ്ങളും അവിടേക്കു വന്നുചേര്‍ന്നു. എന്നാല്‍ സമീപത്തുള്ള ഒരു ബ്രാഹ്‌മണന്‍ പുറമ്പോക്ക് ഭൂമിയുടെമേല്‍ അവകാശം ഉന്നയിക്കുകയും അവിടെ താമസം ആരംഭിച്ച ദളിതരെ തുടര്‍ച്ചയായി ഉപദ്രവിക്കുകയും ചെയ്തു. മാത്രമല്ല, ദളിതര്‍ ഇടയപ്പാറയില്‍ സ്ഥാപിച്ച പള്ളിക്ക് അയാള്‍ തീയിട്ടു. പോലീസിന്റെ സഹായത്തോടുകൂടി തീവെപ്പുകേസ് അതിസമര്‍ത്ഥമായി പത്രോസ് മൂപ്പന്റെ പേരിലാക്കുകയും മൂപ്പനെ പോലീസ് അറസ്റ്റുചെയ്ത് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ മൂപ്പന്റെ കഴുത്തില്‍ ഉണ്ടായ മുറിവ് മൂപ്പന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ ഉണ്ടായതാണെന്ന് പോലീസുകാര്‍ വരുത്തിത്തീര്‍ത്തു. അങ്ങനെ രണ്ടു കേസുകള്‍കൂടി പത്രോസ് മൂപ്പന്റെ പേരില്‍ ചാര്‍ത്തി. ഇതറിഞ്ഞ എ.എഫ്. പെയിന്റര്‍ എന്ന മിഷനറി മൂപ്പന് നിയമപരമായ സഹായങ്ങള്‍ നല്‍കി. പത്രോസ് മൂപ്പന്റെ പേരിലുള്ള തീവെപ്പുകേസ് കോടതി തള്ളിക്കളഞ്ഞെങ്കിലും ആത്മഹത്യാശ്രമമെന്ന കള്ളക്കേസില്‍ പത്രോസ് മൂപ്പനെ ഒരു മാസം ആലപ്പുഴയിലെ ജയിലിലേക്ക് അയച്ചു. ജയില്‍മോചിതനായ പത്രോസ് മൂപ്പന്‍ തിരികെയെത്തിയപ്പോഴേക്കും സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബ്രാഹ്‌മണന്‍ ഭൂമി കയ്യേറിയതാണെന്ന് കണ്ടെത്തിയിരുന്നു. അങ്ങനെ ഭൂമിയുടെ ഉടമസ്ഥാവകാശം മിഷന് തിരികെ ലഭിച്ചു (പെയിന്റര്‍ 1898: 12). 1897 മേയ് പത്താം തീയതിയാണ് പത്രോസ് മൂപ്പന്‍ മരണപ്പെട്ടത്. കങ്ങഴയിലെ പത്രോസ് മൂപ്പന്റെ മരണത്തെ സംബന്ധിച്ചുള്ള കുറിപ്പ് ചര്‍ച്ച് മിഷനറിപ്രസ്ഥാനത്തിന്റെ തദ്ദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള നാലോളം പ്രസിദ്ധീകരണങ്ങളില്‍ മിഷനറിമാര്‍ അച്ചടിക്കുകയുണ്ടായി.

പത്രോസ് മൂപ്പന്റെ പേരിലുണ്ടായതിനു സമാനമായ മറ്റൊരു കേസ് കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനു സമീപമുള്ള വാക്കാടിലെ ദളിതര്‍ക്കും നേരിടേണ്ടിവന്നിരുന്നു. കടുത്തുരുത്തിയില്‍നിന്നും അതിനു സമീപമുള്ള സ്ഥലങ്ങളില്‍നിന്നും ഒളിച്ചോടിയെത്തിയ ദളിതര്‍ വെട്ടിത്തെളിച്ച സ്ഥലമായിരുന്നു വാക്കാട്. ഏതാണ്ട് രണ്ട് ഏക്കറോളം ഭൂമിയാണ് 16 കുടുംബങ്ങള്‍ ചേര്‍ന്നു വെട്ടിത്തെളിച്ച് എടുത്തത്. ഇതിനിടയില്‍ 1886-ല്‍ ജോണ്‍ കെയിലി എന്ന മിഷനറിയുടെ സഹായം അവര്‍ക്കു ലഭിക്കുകയും അവിടെ ഒരു പള്ളിയും പള്ളിക്കൂടവും സ്ഥാപിക്കുകയും ചെയ്തു (ജോണ്‍ കെയിലി 1905:16). ദളിതര്‍ കാടുവെട്ടി ഭൂമി സ്വന്തമാക്കിയ വാര്‍ത്തയറിഞ്ഞ് ഉഴവൂര്‍ പ്രദേശത്തുനിന്നും കുറച്ചു ദളിത് കുടുംബങ്ങള്‍ രാത്രിയില്‍ വാക്കാടേക്ക് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സമീപത്തുള്ള അഞ്ചു മലകളും താഴ്വരകളുംകൂടി അവര്‍ ഒരുമിച്ചു വെട്ടിത്തെളിക്കാന്‍ തുടങ്ങി. ഇത് തങ്ങളുടെ അധികാരത്തില്‍ കിടക്കുന്ന ഭൂമിയാണെന്ന് കാണിച്ചു കുര്യനാട്ടുള്ള റോമന്‍ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികള്‍ പതിമൂന്ന് പേര്‍ക്കെതിരെ ഏറ്റുമാനൂര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജോണ്‍ കെയിലി, പി.ഐ. ചെറിയാന്‍ ആശാന്‍ പള്ളം, നീറന്താനത്ത് ചോതി, ചേന്നന്‍കുന്ന് ഐനവതി, വരടക്കാലില്‍ ചോഴന്‍, മന്ത്രിക്കന്‍ കണ്ണന്‍, ചിറയില്‍ മാണിക്കമുത്തന്‍, കരുവേലി വെള്ളാനി, പള്ളിപ്പാലത്തുങ്കല്‍ വിത്തകന്‍, ഞാറക്കുളത്ത് അഴകന്‍, ഞാറക്കുളത്ത് കാളിയന്‍, ഞറളനാട്ട്പുലത്ത് കുറുമ്പ മകള്‍ പൈങ്കോടി, ഞറളനാട്ട്പുലത്ത് കുറുമ്പ മകള്‍ ചെറുങ്കൊടി എന്നിവര്‍ക്കെതിരേയാണ് ഏറ്റുമാനൂര്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കെയിലി സായിപ്പിനെ ഏറ്റുമാനൂര്‍ കോടതിയില്‍ വിസ്തരിക്കാന്‍ ജഡ്ജിക്ക് അധികാരമില്ലെന്നും ചെറിയാന്‍ ആശാന്‍ നസ്രാണിയായതിനാല്‍ പുലയരുടെ കൂടെ വിസ്തരിക്കാന്‍ സാദ്ധ്യമല്ലെന്നുമുള്ള കാരണത്താല്‍ ഒന്നും രണ്ടും പ്രതികളെ വെറുതേ വിട്ടു. പുലയരെ വിസ്തരിക്കുകയും കോടതി അന്വേഷിക്കുകയും ചെയ്തതിന്റെ ഫലമായി 99 ഏക്കര്‍ 66 സെന്റ് ഭൂമി പുലയര്‍ക്ക് സ്വന്തമാണെന്ന് വിധിക്കുകയുണ്ടായി (രാജ് (1966) 2010:5758). എന്നാല്‍ പിന്നീട് കേസുകള്‍ വരുമെന്ന ഭയത്താല്‍ ഭൂമി മിഷന്റെ പേരിലാണ് പതിച്ചത്. സി.എം.എസ്. മിഷന്റെ കീഴില്‍ വന്ന എണ്ണൂറാംവയല്‍, വലിയകാവ്, ഇരവിപേരൂര്‍, കോത്തല, പാമ്പാടി, ആയാംകുടി തുടങ്ങി നിരവധി സ്ഥലങ്ങള്‍ ദളിതര്‍ വെട്ടിത്തെളിച്ച ഭൂമികളായിരുന്നു. എന്നാല്‍ ഇങ്ങനെ ദളിതര്‍ നിര്‍മ്മിച്ച പലയിടങ്ങളിലെയും ഭൂമി സുറിയാനി ക്രിസ്ത്യാനികള്‍ 1947നോടടുപ്പിച്ചു വില്‍പ്പന നടത്തുകയുണ്ടായി. സാമൂഹിക അന്തസ്സിനായി ദളിതര്‍ ചെയ്ത ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചരിത്രരചനകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

അടിമത്തംപോലെ ഒരു ചരിത്രയാഥാര്‍ഥ്യമായിരുന്നു അടിമകള്‍ക്കിടയിലെ ഒളിച്ചോട്ടവും. ഒളിച്ചോടിയ അവര്‍ പുതിയ ആവാസയിടങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് ഇത്തരം പ്രാദേശികചരിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. മിഷനറി പുരാശേഖരങ്ങളിലും വാമൊഴികളിലും നില്‍ക്കുന്ന ഒളിച്ചോട്ടത്തെ അടിമജാതികളുടെ വിമോചനപ്രക്രിയയുടെ സൂചകമെന്നനിലയില്‍ കണക്കാക്കാവുന്നതാണ്. സാമ്പ്രദായികചരിത്രകാരന്മാര്‍ മുറുകെപ്പിടിക്കുന്ന സ്വയം കീഴടങ്ങല്‍ സങ്കല്‍പ്പത്തിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഒളിച്ചോട്ടചരിത്രം ഭൂവുടമസ്ഥതയുടെ ചരിത്രത്തിലേക്കാണ് പ്രവേശിക്കുന്നത്.
മദ്ധ്യകേരളത്തിനു വിപരീതമായ സാമൂഹ്യ അനുഭവങ്ങളുടെ കാഴ്ചയാണ് നാം മലബാറില്‍ കാണുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതല്‍ മലബാര്‍ മേഖലയില്‍ ബാസല്‍ മിഷനറിമാര്‍ സര്‍ക്കാരില്‍നിന്നും അല്ലാതെയും ഭൂമി വാങ്ങുന്നതും അവരുടെ അനുയായികളെ ആ പ്രദേശങ്ങളിലേക്ക് അയയ്ക്കുന്നതും കാണാന്‍ കഴിയുന്നുണ്ട്. 1850-കളുടെ തുടക്കത്തില്‍ മലബാര്‍ കലക്ടര്‍ കനോലിയുടെ സഹായത്താല്‍ ബാസല്‍ മിഷനറിമാര്‍ കൊയിലാണ്ടിക്കു സമീപം കാടുപിടിച്ചുകിടന്നിരുന്ന ഭൂമി വാങ്ങുകയുണ്ടായി. ആ കാട് വെട്ടിത്തെളിക്കുകയും വലിയ തെങ്ങിന്‍തോപ്പ് അവിടെ നിര്‍മ്മിക്കുകയും ചെയ്തു. കാട് വെട്ടിത്തെളിച്ചെങ്കിലും ഈ സ്ഥലത്തിനു പാതിരിക്കാട് എന്നാണ് പേരുവിളിച്ചുവരുന്നത് (E.W.T. 1934:94). അതേപോലെ 1855കളുടെ അവസാനം അഞ്ചരക്കണ്ടി തോട്ടത്തിലെ ഒരു വിഭാഗം തൊഴിലാളികള്‍ മിഷനറിസഹായത്താല്‍ താമസം തുടങ്ങിയ സ്ഥലമാണ് ചൊവ്വാ. സര്‍ക്കാര്‍ ലേലത്തിനുവെച്ച ചൊവ്വാ കുന്നിലെ ഭൂമി ബാസല്‍ മിഷനറിമാര്‍ വാങ്ങുകയും അഞ്ചരക്കണ്ടി തോട്ടത്തിലെ 177 ആളുകളെയും ചാവക്കാട്ടുനിന്നുള്ള കുറച്ചു കത്തോലിക്കാ വിശ്വാസികളെയും ആ ഭൂമിയില്‍ പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ വളരെ വേഗത്തില്‍ത്തന്നെ ചൊവ്വാകേസ് എന്ന ഭൂവുടമസ്ഥത തര്‍ക്കം അവിടെയുണ്ടായി. ചിറയ്ക്കല്‍ തമ്പുരാന്റെ ഭൂമിയാണ് ചൊവ്വയില്‍ ഉള്ളതെന്നും ബാസല്‍ മിഷന്‍ അനധികൃതമായി താമസിക്കുകയാണെന്നും വാദമുണ്ടായി. ബാസല്‍ മിഷന്‍ കേസിനു പോയെങ്കിലും കൂടുതല്‍ ഭൂമിയും, പ്രത്യേകിച്ച് പള്ളിയിരിക്കുന്ന ഭൂമി ഉള്‍പ്പെടെ ചിറയ്ക്കല്‍ തമ്പുരാന് അനുകൂലമായി വിധിക്കുകയും അവിടെ സ്ഥാപിച്ച ചില വീടുകള്‍ പൊളിച്ചുമാറ്റുകയും പള്ളിയില്‍ ആരാധന നടത്തുന്നതിന് ചിറയ്ക്കല്‍ വീട്ടുകാര്‍ക്ക് വാടക കൊടുക്കേണ്ടിയും വന്നു (E.W.T. 1934:8384).

എന്നാല്‍ മദ്ധ്യകേരളത്തിലാകട്ടെ ദളിതര്‍ ഭൂമി സ്വന്തമായി നിര്‍മ്മിക്കുകയും പിന്നീട് ആ ഭൂമി മിഷനറിപ്രസ്ഥാനങ്ങളിലേക്ക് ചെന്നു ചേരുന്നതുമായ കാഴ്ചയാണ് നാം കാണുന്നത്. പ്രത്യേകിച്ച് 1860കള്‍ക്കുശേഷം മദ്ധ്യകേരളത്തില്‍ ദളിതര്‍ വ്യാപകമായി ഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചതുപ്പുനിലങ്ങള്‍ നികത്തിയെടുത്തും കാടുകള്‍ വെട്ടിത്തെളിച്ചും ദളിതര്‍ പുതിയ ആവാസയിടങ്ങള്‍ നേടിയിരുന്നു. എന്നാല്‍ ദളിതര്‍ നിര്‍മ്മിക്കുന്ന ഭൂമികളുടെ മേല്‍ സവര്‍ണ്ണര്‍ വ്യാപകമായി അവകാശവാദം ഉന്നയിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നതു പതിവായിരുന്നു. 1875-ലെ കാനേഷുമാരി അനുസരിച്ചു തിരുവിതാംകൂറിലെ 94,790 പുലയരില്‍ 2520 പേര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നു എന്നു കണക്കാക്കുന്നു (ഭാസ്‌ക്കരനുണ്ണി (1989) 2019: 931). തങ്ങള്‍ നിര്‍മ്മിച്ച ഭൂമിയുടെ മേല്‍ അവകാശം നേടിയെടുക്കാനും അത് നിലനിര്‍ത്താനുമുള്ള ശ്രമമായിരുന്നു തിരുവിതാംകൂറിലെ ദളിതര്‍ നടത്തിയിരുന്നത്. പിന്നീട് പ്രജാസഭയില്‍ അയ്യങ്കാളിയും പിന്നാലെ എത്തിയ എല്ലാ ദളിതരും ഒരേപോലെ ആവശ്യപ്പെട്ടതു ഭൂമിയും, തങ്ങളുടെ ഭൂവുടമസ്ഥതയുടെ സ്ഥാപനവുമായിരുന്നു.

കാര്‍ഷികമേഖലയിലെ അരക്ഷിതാവസ്ഥ, കര-ഭൂമി നിര്‍മ്മാണം, സംഘം ചേര്‍ന്നുള്ള ജീവിതവും പരസ്പരസഹകരണവും തുടങ്ങി ദൃശ്യവും അദൃശ്യവുമായ നിരവധി അനുഭവങ്ങളാണ് ഇത്തരം പ്രാദേശിക ചരിത്രങ്ങളില്‍നിന്നും ലഭിക്കുന്നത്. അടിമജാതികള്‍ നിര്‍മ്മിച്ച ആവാസയിടം എന്ന സാമൂഹികാനുഭവം കേരളത്തിന്റെ വിവിധയിടങ്ങളില്‍നിന്നും കേള്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നതിനു തെളിവാണ് ആര്‍.കെ.ജി. മാഷ് എഴുതിയ പ്യന്താള്‍ (2017) എന്ന നോവല്‍. മലപ്പുറം ജില്ലയിലെ തിരുരങ്ങാടി താലൂക്കില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന തിരുത്തിയെന്ന പ്രദേശത്തിന്റെ സാഹിത്യാവിഷ്‌കാരമാണ് പ്യന്താള്‍.

കടലുണ്ടിപ്പുഴയില്‍നിന്നും ചെളി കുത്തിയെടുത്ത് നിര്‍മ്മിക്കപ്പെട്ട ഭൂമിയാണ് തിരുത്തിയിലേത്. കേരളത്തിലെ നിരവധി പ്രദേശങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഭൂതകാലാനുഭവങ്ങള്‍ പങ്കുവെക്കാനുണ്ട്.
വന്നുപെട്ട സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കിത്തീര്‍ക്കുക എന്നതായിരുന്നു ആവാസയിടങ്ങള്‍ സൃഷ്ടിക്കുന്ന ദളിതരുടെ ലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു. ജാതിപീഡനത്തെ എതിര്‍ത്തുകൊണ്ടുള്ള ഒളിച്ചോട്ടം, കാടുവെട്ടിത്തെളിക്കല്‍, ഹിംസ്രജന്തുക്കളുടെ ആക്രമണം തുടങ്ങിയവയാണ് ഈ പ്രദേശങ്ങളിലെ ദളിതരുടെ ബോധമണ്ഡലത്തില്‍ ചരിത്രം എന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ വ്രണിതഭൂതകാലമാണ് അവര്‍ ലോകത്തോടു വിളിച്ചുപറയുന്നത്. തങ്ങളുടെ മാതാപിതാക്കന്മാര്‍ നേരിട്ട അനുഭവങ്ങളാണ് അവര്‍ വെളിപ്പെടുത്തുന്നതും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സാമൂഹികാനുഭവങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ വാമൊഴികള്‍ എല്ലാംതന്നെ വളരെ വേഗത്തില്‍ ചരിത്രവല്‍ക്കരണത്തിനു വഴങ്ങുന്നതും, പുരാശേഖരങ്ങളുമായി കണ്ണിചേര്‍ത്തു നിര്‍ത്താന്‍ സാധിക്കുന്നതുമാണ്. അതോടൊപ്പം ഈ വാമൊഴികളിലൂടെ തെളിഞ്ഞുവരുന്ന ഭൂതകാലത്തില്‍ മനുഷ്യാന്തസ്സ് വീണ്ടെടുക്കുന്നതിനുള്ള ശ്രമം നടത്തുന്ന ഒരുകൂട്ടം ദളിതരെയാണു നാം കാണുന്നത്. കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന പ്രഖ്യാപനമാണ് ഈ ഭൂതകാലം മുന്‍പോട്ടു വെക്കുന്നത്.

Content Highlights: Vinil Paul, Dalit History, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented