ഫോട്ടോ: മാതൃഭൂമി
കെ. ബാലകൃഷ്ണൻ എഴുതി മാതൃഭൂമി ബുക്‌സ് ഉടൻ പ്രസിദ്ധീകരിക്കുന്ന 'കമ്യൂണിസ്റ്റ് കേരളം' എന്ന പുസ്തകം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം തുറന്നുകാട്ടുന്നു. കേരളത്തിൽ പാർട്ടി രൂപം കൊണ്ട സാഹചര്യത്തെക്കുറിച്ചും ആദ്യകാല നേതാക്കളെക്കുറിച്ചും വായിക്കാം.
നാൽവർസംഘമായി പാർട്ടി കേരളത്തിൽ രൂപംകൊള്ളുമ്പോൾത്തന്നെ അതിനൊരു ഐക്യകേരളരൂപം ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാരനായ എൻ.സി. ശേഖർ, കോട്ടയംകാരനായ കൃഷ്ണപിള്ള, മലബാറുകാരായ ഇ.എം.എസ്സും കെ. ദാമോദരനും. പിന്നീട് 1939 ഡിസംബറിൽ പിണറായി പാറപ്പുറത്തു വെച്ച് നടന്ന സമ്മേളനത്തെ തുടർന്ന് സംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റിയിൽ കേരളസംസ്ഥാന സെക്രട്ടറിയായാണ് കൃഷ്ണപിള്ള പ്രവർത്തിച്ചത്. എന്നാൽ നാൽപ്പതുകളുടെ മധ്യത്തിൽ സംസ്ഥാന കമ്മിറ്റിയെ സെക്രട്ടറി പിരിച്ചുവിടുന്ന പ്രത്യേക സംഘടനാപ്രശ്‌നം ഉണ്ടായി. തുടർന്ന് മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും പ്രത്യേക കമ്മിറ്റി ദീർഘകാലം പ്രവർത്തിച്ചു. 48 കാലത്തെ നിരോധനത്തിനുശേഷം 1951 അവസാനത്തോടെ പരസ്യപ്രവർത്തനം ആരംഭിച്ച പാർട്ടിക്ക് അഖിലകേരള കമ്മിറ്റി അന്നുണ്ടായിരുന്നില്ല.
1940 അവസാനത്തോടെ പരസ്യപ്രവർത്തനം ആരംഭിക്കുമ്പോൾ പാർട്ടിക്ക് ഒരു ഏകീകൃതകേന്ദ്രമുണ്ടായിരുന്നില്ല. ചിറയ്ക്കൽ താലൂക്ക് അഥവാ ഇന്നത്തെ കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് കൃഷ്ണപിള്ള അടക്കമുള്ളവർ പ്രവർത്തിക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞതിനാൽ ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള സമീപനത്തിൽ ചെറിയ മാറ്റം വരുത്തിയത് 42 അവസാനമാണ്. നേതാക്കൾ ജയിൽമോചിതരായതോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പാർട്ടികേന്ദ്രവും മുഖപത്രമായി ദേശാഭിമാനിയും ആരംഭിച്ചു. കോഴിക്കോട് ഒരു വാടകവീടെടുത്ത് കമ്യൂണിസ്റ്റ് നേതാക്കൾ ഒരു കമ്യൂൺ ആരംഭിച്ചു.
പി. കൃഷ്ണപിള്ള, ഇ.എം.എസ്., ടി.സി. നാരായണൻ നമ്പ്യാർ, എ.വി. കുഞ്ഞമ്പു, ഐ.സി.പി. നമ്പൂതിരി, കെ.സി. ജോർജ്, സി. ഉണ്ണിരാജ, പി.ആർ. നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, പി. യശോദ ടീച്ചർ തുടങ്ങിയവർ കമ്യൂണിൽ താമസിച്ചു പാർട്ടിപ്രവർത്തനം മുന്നോട്ടു നയിച്ചു.
1943-ൽ ബോംബെയിലെ ഒന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സംസ്ഥാനസമ്മേളനം കോഴിക്കോട്ട് നടന്നു. മാർച്ച് 20, 21 തീയതികളിലായിരുന്നു സമ്മേളനം. അതിനു മുമ്പു നടന്ന മലബാർ സമ്മേളനത്തിൽ പി.കൃഷ്ണപിള്ള, കേരളീയൻ, ഇ.എം.എസ്., ഇ.പി. ഗോപാലൻ, കെ.പി.ആർ. ഗോപാലൻ, എം.കെ. കേളു, ടി.എസ്. തിരുമുമ്പ്, എൻ.ഇ. ബലറാം, കെ. മാധവൻ, എൻ.സി. ശേഖർ, കെ. ദാമോദരൻ എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ. ദാമോദരൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനസമ്മേളനം പി. കൃഷ്ണപിള്ളയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എൻ.സി. ശേഖർ, കെ.സി. ജോർജ്, എ.കെ. തമ്പി, ഉണ്ണിരാജ, രാമുണ്ണിനായർ എന്നിവരടങ്ങിയതായിരുന്നു സംസ്ഥാന കമ്മിറ്റി. കൊച്ചി സംസ്ഥാന സെക്രട്ടറി സി. അച്യുതമേനോനും തിരുവിതാംകൂർ സംസ്ഥാന സെക്രട്ടറി കെ.സി. ജോർജും ആയിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്റ്റ് പാർട്ടി എതിർത്തത് തത്കാലം പാർട്ടിക്ക് പരസ്യമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിന് കാരണമായെങ്കിലും കാഡർമാരിലും അനുഭാവികളിലും വലിയൊരു ഭാഗത്തെ നഷ്ടപ്പെടുന്നതിനിടയാക്കി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ നിൽക്കുകയും പിൽക്കാലത്ത് കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായി ഭവിക്കുകയും ചെയ്തു. 1939-ൽ യുദ്ധത്തിന്റെ തുടക്കം മുതൽ യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനവുമായി മുന്നോട്ടുനീങ്ങിയ കമ്യൂണിസ്റ്റുകാർ പൊടുന്നനേ ജനകീയയുദ്ധം എന്ന മുദ്രാവാക്യവുമായി വന്നത് അന്നേക്ക് കമ്യൂണിസ്റ്റുകാരായി കഴിഞ്ഞവർക്കിടയിൽത്തന്നെയും രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടാക്കി. രൂപപ്പെടാൻ തുടങ്ങിയ ഘട്ടത്തിൽത്തന്നെ വിഭാഗീയതയുടെ മുളപൊട്ടുകയായിരുന്നു സംഘടനയിൽ. കെ. ദാമോദരൻ, സി.എച്ച്. കണാരൻ, ടി.കെ. രാജു തുടങ്ങിയ പ്രമുഖനേതാക്കളും പിൽക്കാലത്ത് നേതൃത്വത്തിലെത്തിയ ഇ.കെ. നായനാർ ഉൾപ്പെടെയുള്ളവരും ജനകീയ യുദ്ധസിദ്ധാന്തത്തെ ശക്തിയായി എതിർക്കുകയുണ്ടായി.
എന്നാൽ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ള ക്വിറ്റ് ഇന്ത്യാ സമരത്തെ ശക്തമായി എതിർത്തു. ജനകീയ യുദ്ധമായി രണ്ടാം ലോകമഹായുദ്ധം പരിണമിച്ചതായി പ്രചാരണമഴിച്ചുവിടാൻ കൃഷ്ണപിള്ള നിർദേശം നൽകി. കേന്ദ്ര കമ്മിറ്റിയിൽ അംഗമായ ഇ.എം.എസ്സാകട്ടെ ജനകീയയുദ്ധത്തിന്റെ താത്ത്വികവശം വിശദീകരിച്ച് ലഘുലേഖ പ്രസിദ്ധപ്പെടുത്തി. 'ജനകീയയുദ്ധത്തിലൂടെ പൂർണസ്വാതന്ത്ര്യത്തിലേക്ക്' എന്ന പേരിൽ ലഘുലേഖ. ലോകസാമ്രാജ്യത്വത്തെ, ഫാസിസത്തെ തോൽപ്പിക്കാതെ സ്വാതന്ത്ര്യം സാധ്യമല്ല. മാനവരാശിയെയാകെ നശിപ്പിക്കുന്നതിനാണ് ഫാസിസം മുന്നോട്ടു പോകുന്നത്. അതിനെതിരായ യുദ്ധത്തിൽനിന്ന് ആരും മാറിനിന്നുകൂടാ. ജനകീയയുദ്ധം വിജയിപ്പിക്കുന്നതിന് കേരളജനതയ്ക്ക് ഫലപ്രദമായ പങ്കുവഹിക്കാനാകണമെങ്കിൽ ബ്രിട്ടീഷ് സർക്കാരിന്റെ മർദനനയങ്ങൾ അവസാനിപ്പിക്കണം. കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിധേയമാക്കുകയും നേതാക്കളെയും പ്രവർത്തകരെയും ജയിലിൽനിന്ന് മോചിപ്പിക്കുകയും വേണം. തൊഴിലാളി യൂണിയനുകൾക്കും കർഷകസംഘത്തിനും പ്രവർത്തനാനുമതി നൽകണം. ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്നതിന് തരിശുനിലങ്ങളിൽ കൃഷി ചെയ്യാൻ കർഷകർക്ക് അനുമതി നൽകണം. ഇതാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി ഇ.എം.എസ്. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയുടെ കാതൽ.
ജനകീയയുദ്ധത്തിനായി ജനങ്ങൾ സ്വയം സമർപ്പിക്കണമെന്ന ആഹ്വാനം പ്രവർത്തകർ പട്ടാളത്തിൽ ചേരണമെന്ന പരോക്ഷനിർദേശമായിരുന്നു. മുംബൈയിൽ ദേശീയപ്ലീനവും കോഴിക്കോട് സംസ്ഥാനപ്ലീനവും നടത്തിയാണ് ജനകീയയുദ്ധപ്രചാരണത്തിന് തീരുമാനമെടുത്തത്. പ്രവർത്തനങ്ങൾ ഐക്യത്തോടെ മുന്നോട്ടുപോയെങ്കിലും അഭിപ്രായവ്യത്യാസം നാൾക്കുനാൾ ശക്തിപ്പെട്ടുവന്നു. സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻ നായരെപ്പോലുള്ള ചില പ്രധാന പ്രവർത്തകർ കോൺഗ്രസ്സിലേക്ക് തിരിച്ചുപോകുന്ന സ്ഥിതിയുണ്ടായി. വിഭാഗീയത രൂക്ഷമായതോടെ ആരോടും ആലോചിക്കാതെ പി. കൃഷ്ണപിള്ള പാർട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. പ്രശ്‌നത്തിൽ കേന്ദ്ര കമ്മിറ്റി ഇടപെടുകയും പിരിച്ചുവിടൽ നടപടി റദ്ദാക്കുകയും ചെയ്തു. എന്നാൽ പ്രമുഖനേതാക്കളായ സി.എച്ച്. കണാരനെയും ടി.കെ. രാജുവിനെയും (ഇരുവരും കോട്ടയം കുറുമ്പ്രനാട് താലൂക്കിലെ നേതാക്കൾ) കമ്മിറ്റിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടി തത്കാലം റദ്ദാക്കിയില്ല. കെ. ദാമോദരനെ മലബാർ സെക്രട്ടറി സ്ഥാനത്തുനിന്നും കൃഷ്ണപിള്ള ഏകപക്ഷീയമായി മാറ്റിയ നടപടിയും പാർട്ടിക്കകത്തു നീറിപ്പുകഞ്ഞു. മഹാനായ സംഘാടകനായിരിക്കുമ്പോൾത്തന്നെ പാർട്ടിയിലെ അധികാരകേന്ദ്രീകരണത്തിന്റെയും തന്നിഷ്ടപ്രകാരം സംഘടനാതീരുമാനമെടുക്കലിന്റെയും ദൗർബല്യം ഈ ഘട്ടത്തിൽ കൃഷ്ണപിള്ളയിൽ നിറഞ്ഞുനിന്നതായി ഇ.എം.എസ്. എന്ന പാർട്ടി ചരിത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിസംസ്ഥാനത്ത് 1941-ഓടെയാണ് പാർട്ടി സംഘടിതപ്രവർത്തനം തുടങ്ങുന്നത്. കെ.കെ. വാര്യർ, പി.എസ്. നമ്പൂതിരി, ജോർജ് ചടയംമുറി, പി. ഗംഗാധരൻ എന്നിവർ തൃശ്ശൂരിൽ സംഘടിപ്പിച്ച സെല്ലാണ് ആദ്യഘടകം. പിന്നീട് എൻ. സുബ്രഹ്‌മണ്യഷേണായി സെക്രട്ടറിയായി കൊച്ചിൻ കമ്മിറ്റി നിലവിൽവന്നു. മൊറാഴ സംഭവത്തിനുശേഷം (1940 സെപ്റ്റംബർ 15) രാഘവൻ നായർ എന്ന പേരിൽ കൊച്ചിനാട്ടുരാജ്യത്ത് ഒളിവിൽ പ്രവർത്തിക്കുകയായിരുന്നു ഷേണായി. സംഘടനാപരമായി സമ്മേളനം നടത്തി തിരഞ്ഞെടുത്ത ആദ്യകമ്മിറ്റിയുടെ സെക്രട്ടറി കെ.കെ. വാര്യരായിരുന്നു. സോളമൻ ആശാൻ, എം. കണാരൻ, സി.കെ. പണിക്കർ, അമ്പാടി ശങ്കരൻകുട്ടി, സി. ജനാർദനൻ, എം.പി.കെ. മേനോൻ തുടങ്ങിയവർ അംഗങ്ങൾ. കെ.കെ. വാര്യരെ പത്രാധിപസമിതി അംഗമായി നിയോഗിച്ചതോടെ സി. അച്യുതമേനോനായി സെക്രട്ടറി.
ആലപ്പുഴയിലും തിരുവിതാംകൂറിലും സ്റ്റേറ്റ് കോൺഗ്രസ്സിനകത്ത് നിന്നുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം തുടങ്ങിയത്. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയനിൽ പ്രവർത്തിക്കാനായി പി. കൃഷ്ണപിള്ള ടി.വി. തോമസിനെ നിയോഗിച്ചു. 1940-ൽ ആ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ടി.വിക്ക് ലഭിച്ചതോടെ പാർട്ടിഘടകം രൂപവത്കരിക്കുന്നതിന് കളമൊരുങ്ങി. ടി.വി. തോമസ് സെക്രട്ടറിയും കെ.കെ. കുഞ്ഞൻ, പി.കെ. പത്മനാഭൻ, പി.എ. സോളമൻ, സി.ഒ. മാത്യു, സൈമണാശാൻ, ഒ.ജെ. ജോസഫ് എന്നിവർ അംഗങ്ങളും. തിരുവനന്തപുരം മേഖലയിൽ കെ.സി. ജോർജിന്റെ നേതൃത്വത്തിലാണ് പാർട്ടിഘടകം രൂപവത്കരിച്ചത്. വി. ശ്രീധർ (കാട്ടായിക്കോണം), ഉള്ളൂർ ഗോപി, പേട്ട കരുണാകരൻ, തൈക്കാട് ഭാസ്‌കർ, പുതുപ്പള്ളി രാഘവൻ എന്നിവർ അംഗങ്ങൾ.
1943 മേയ് 23 മുതൽ ജൂൺ ഒന്നുവരെ മുംബൈയിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ് നടന്നത്. കേരളത്തിൽനിന്ന് പി. കൃഷ്ണപിള്ള, ഇ.എം.എസ്., സി. ഉണ്ണിരാജ, കെ.സി. ജോർജ്, കെ.എ. കേരളീയൻ, എ.കെ. തമ്പി, പി.കെ. കുഞ്ഞനന്തൻ (ബെർലിൻ), യശോദ ടീച്ചർ, കെ.വി. പത്രോസ് എന്നിവരാണ് പ്രതിനിധികളായി പങ്കെടുത്തത്. പി.സി. ജോഷി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട 22 അംഗ കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽനിന്ന് പി. കൃഷ്ണപിള്ളയും ഇ.എം.എസ്സുമാണുണ്ടായിരുന്നത്.
നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഒളിവിൽ പ്രവർത്തിച്ച സംസ്ഥാനഘടകത്തിൽ കൃഷ്ണപിള്ളയും ഇ.എം.എസ്സും കെ.സി. ജോർജുമാണുണ്ടായിരുന്നത്. ഏതെങ്കിലും വീടുകളിലാണ് കമ്മിറ്റികൾ ചേർന്നിരുന്നത്. കൃഷ്ണപിള്ള 1948 ഓഗസ്റ്റ് 19ന് ആലപ്പുഴ മുഹമ്മയിലെ കണ്ണർകാട് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ചതിനെത്തുടർന്ന് ഇ.എം.എസ്., കെ.സി. ജോർജ്, എൻ.സി. ശേഖർ എന്നിവരടങ്ങിയതായി സംസ്ഥാനകേന്ദ്രം.
ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളമുള്ള പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് പാർട്ടികേന്ദ്രം ആ ഘട്ടത്തിൽ പ്രവർത്തിച്ചതെന്ന് പാർട്ടികേന്ദ്രത്തിൽ അക്കാലത്ത് പ്രവർത്തിച്ച ബെർലിൻ കുഞ്ഞനന്തൻ നായർ ഓർമിക്കുന്നു. നാലഞ്ച് ചെറിയ വീടുകൾ അടുത്തടുത്തായുണ്ട്. മരപ്പണിക്കാരനായ ഒരാളുടെ വീട് കേന്ദ്രീകരിച്ചായിരുന്നു സി.പി.ഐ. സംസ്ഥാന കേന്ദ്രം പ്രവർത്തിച്ചത്. സംസ്ഥാനനേതൃത്വം ഉണ്ടായിരുന്നെങ്കിലും മലബാർ, തിരു-കൊച്ചി എന്ന വേർതിരിവോടെത്തന്നെയായിരുന്നു പ്രവർത്തനം. കൃഷ്ണപിള്ളയ്ക്കുശേഷം കേരള കമ്മിറ്റിയുടെ നേതൃത്വം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.എം.എസ്സിനായിരുന്നെങ്കിലും ഔദ്യോഗികമായി സെക്രട്ടറി എന്ന് വിശേഷിപ്പിച്ചുപോന്നില്ല.
സംസ്ഥാനതലത്തിൽ പാർട്ടി ഏകോപനത്തിനായി 1952 ഏപ്രിൽ 4 മുതൽ 6 വരെ സംസ്ഥാന പ്ലീനം തൃശ്ശൂരിൽ ചേർന്ന് സംഘടനാപ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു. ബഹുജനവിപ്ലവപാർട്ടി എന്നതിലേക്കുള്ള പ്രവർത്തനം പ്ലീനത്തോടെയാണ് തുടങ്ങുന്നത്. ഡിവിഷൻ കമ്മിറ്റികളും താലൂക്ക് കമ്മിറ്റികളും നിലവിൽവന്നു. തുടർന്ന് 1954 ജനുവരിയിൽ മലബാർ സമ്മേളനം നടന്നു. കെ. ദാമോദരൻ സെക്രട്ടറിയായ കമ്മിറ്റിയിലേക്ക് കേരളീയൻ, സി.എച്ച്. കണാരൻ, വി.ടി. ഇന്ദുചൂഡൻ, ഇ.പി. ഗോപാലൻ, എം.കെ. കേളു, സി. കണ്ണൻ, കാന്തലോട്ട് കുഞ്ഞമ്പു, ഇ.കെ. നായനാർ, കെ. മാധവൻ, എൻ.ഇ. ബലറാം,
കല്ലാട്ട് കൃഷ്ണൻ, പി.കെ. മാധവൻ, കെ.പി. ഗോപാലൻ, കെ.പി.ആർ. ഗോപാലൻ, പി.ടി. ഭാസ്‌കരപ്പണിക്കർ, എ.വി. കുഞ്ഞമ്പു, പി. നാരായണൻ നായർ, പി. ശങ്കരൻ, ഇ.കെ. ഇമ്പിച്ചിബാവ, എം. കണാരൻ, പി.കെ. ഗോപാലകൃഷ്ണൻ, ടി.സി. നാരായണൻ നമ്പ്യാർ, പി.ആർ. നമ്പ്യാർ, പപ്പുമാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു.
1956 ജൂൺ 22 മുതൽ 24 വരെ തൃശ്ശൂരിൽ നടന്ന സംസ്ഥാനസമ്മേളനം സി. അച്യുതമേനോനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശരിയായ നിലയിൽ സമ്മേളനം നടത്തി പാർട്ടിക്ക് ഒരു ഐക്യകേരള കമ്മിറ്റി ഉണ്ടാക്കുന്നത് ഇതാദ്യമാണ്.
ആർ. സുഗതൻ, കേരളീയൻ, ഇ. ഗോപാലകൃഷ്ണമേനോൻ, സി.എച്ച്. കണാരൻ, സി. ഉണ്ണിരാജ, കെ.കെ. വാര്യർ, എ.വി. കുഞ്ഞമ്പു, പി. ഗംഗാധരൻ, സി.
ജി. സദാശിവൻ, സി.എസ്. ഗോപാലപ്പിള്ള, എസ്. കുമാരൻ, പി.കെ. വാസുദേവൻ നായർ, എം. പത്മനാഭൻ, പി.എ. സോളമൻ, കെ.പി. ഗോപാലൻ, ഇ.കെ. ഇമ്പിച്ചിബാവ, അഴീക്കോടൻ രാഘവൻ, കെ. ദാമോദരൻ, കെ.പി.ആർ. ഗോപാലൻ, ടി.വി. തോമസ്, ജെ. ചിത്തരഞ്ജൻ, എൻ. ഗോപിനാഥൻ നായർ, വി.ടി. ഇന്ദുചൂഡൻ, വി.എസ്. അച്യുതാനന്ദൻ, എൻ.ഇ. ബാലറാം, കെ. മാധവൻ, എ.കെ. പൊതുവാൾ എന്നിവരായിരുന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ. പാർട്ടിയുടെ അംഗസംഖ്യ ഇരുപത്തിരണ്ടായിരം ആയിരുന്നു അക്കാലത്ത്. 1957-ൽ അത് ഇരുപത്തയ്യായിരമായും 58-ൽ അൻപത്താറായിരമായും ഉയർന്നു.
പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ എന്ന പേരിൽ ദീർഘമായ ഒരു പ്രമേയം ചർച്ചചെയ്തു പാസാക്കി എന്നതാണ് തൃശ്ശൂർ സമ്മേളനത്തിന്റെ പൊതുപ്രാധാന്യം. സംസ്ഥാനസമ്മേളനത്തിന് രണ്ടുമാസം മുമ്പ് അതായത്, 1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട്ടു നടന്ന നാലാം കോൺഗ്രസ്സിലെ ചർച്ചകളുടെയും അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെയും അടിസ്ഥാനത്തിലാണ് തൃശ്ശൂർ സമ്മേളനത്തിൽ കേരളവികസന കാഴ്ചപ്പാട് ചർച്ചചെയ്തത്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്റ്റാലിന്റെ കാലശേഷമുണ്ടായ പുനർചിന്തനങ്ങളുടെ പശ്ചാത്തലം അതിനുണ്ടായിരുന്നു എന്നർഥം. 1948ലെ തീവ്രവാദസമീപനം സ്റ്റാലിന്റെ നിർദേശാനുസരണംതന്നെ മാറ്റിയിരുന്നെങ്കിലും പാർലമെന്ററി ജനാധിപത്യത്തിൽ പൂർണകേന്ദ്രീകരണത്തിൽ ഇന്ത്യൻ പാർട്ടി എത്തുന്നത് നാലാം കോൺഗ്രസ്സോടെയാണ്. അതിനനുസൃതമായി സംഘടനാതലത്തിലുള്ള അയവു വരുത്തുന്നത് അമൃത്‌സറിലെ അഞ്ചാം കോൺഗ്രസ്സിലാണെന്നുമാത്രം.
പാലക്കാട് കോൺഗ്രസ്സിൽ പി.സി. ജോഷിയുടെയും കെ. ദാമോദരൻ, സി. രാജേശ്വരറാവു എന്നിവരുടെയും നേതൃത്വത്തിൽ ബദൽ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചിരുന്നു. കോൺഗ്രസ്സുമായി ചങ്ങാത്തം വേണമെന്ന നിലപാടായിരുന്നു അതിന്റെ രത്‌നച്ചുരുക്കം. സാമ്രാജ്യത്വവും ജന്മിത്തവുമായി ഒത്തുപോകുന്ന പഴയ സമീപനം മാറ്റി ഇന്ത്യൻ ഭരണവർഗം അതിനെ എതിർക്കാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ കോൺഗ്രസ് വിരുദ്ധ ഐക്യമുന്നണി എന്ന നയത്തിന് പ്രസക്തിയില്ല എന്ന് ബദൽപ്രമേയം വാദിച്ചു. എന്നാൽ പാർട്ടി കോൺഗ്രസ് അത് വോട്ടിനിട്ട് നിരാകരിച്ചു. ബദൽപ്രമേയത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ് 1961ലെ വിജയവാഡ കോൺഗ്രസ്സിൽ മേധാവിത്വത്തിലെത്തിയത്. 1964ലെ പിളർപ്പിൽ സി.പി.ഐ. പക്ഷത്തിന്റെ നേതാക്കൾ ഇവരായിരുന്നു.
ഇത്തരത്തിൽ രാഷ്ട്രീയപ്രമേയത്തിൽ തിരഞ്ഞെടുപ്പ് അടവുപരമായി വലിയ തർക്കവും വോട്ടെടുപ്പുമുണ്ടായെങ്കിലും വികസനപ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചയിലൂടെ ഏകാഭിപ്രായം രൂപപ്പെടുത്താൻ കഴിഞ്ഞു.
കൃഷി, ജലസേചനം, വ്യവസായം തുടങ്ങിയ മേഖലകളിലെ വികസനപ്രവർത്തനത്തിലൂടെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള തൊഴിലാളിവർഗ കാഴ്ചപ്പാടാണ് അതു മുന്നോട്ടുവെച്ചത്. തൃശ്ശൂർ സംസ്ഥാന സമ്മേളനമാകട്ടെ രൂപവത്കരിക്കപ്പെടാൻ പോകുന്ന ഐക്യകേരളത്തിന്റെ വികസന കർമപരിപാടിതന്നെ തയ്യാറാക്കുകയായിരുന്നു. ആ വർഷം ഒക്ടോബർ ഒന്നിന് ഐക്യകേരളം രൂപപ്പെടുമെന്നാണ് സമ്മേളനത്തിൽ കരുതിയിരുന്നത്.
കേരളവികസനത്തിന് ഭൂമിയുടെ വികേന്ദ്രീകരണംപോലെത്തന്നെ പ്രധാനം വൈദ്യുതി-ജലസേചന പദ്ധതികളാണ്. ജലവൈദ്യുതപദ്ധതികൾ സംസ്ഥാനത്തിന്റെ മൂന്നു മേഖലയിലും അടിയന്തരപ്രാധാന്യത്തോടെ ആരംഭിക്കണമെന്നതിന് മിനിമം പരിപാടിയിൽ ഊന്നൽ നൽകി. കോച്ച് ഫാക്ടറി, മെഷീൻ ടൂൾ ഫാക്ടറി, കടലാസ് ഫാക്ടറി, ടയർ ഫാക്ടറി, സിമന്റ് ഫാക്ടറി, വടക്കേ മലബാറിൽ ഉപ്പളം (ഉപ്പുപടന്ന), തുറമുഖവികസനം തുടങ്ങി കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന മിനിമം പരിപാടിയാണ് ആദ്യത്തെ ഐക്യകേരള തിരഞ്ഞെടുപ്പിനായി പാർട്ടി മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസം, ഭാഷ, സംസ്‌കാരം തുടങ്ങി എല്ലാ രംഗങ്ങളെയും സ്പർശിച്ചുകൊണ്ട്, എല്ലാ പ്രാദേശികമേഖലകളെയും സ്പർശിച്ചുകൊണ്ടുള്ളതായിരുന്നു ആ വികസനകാഴ്ചപ്പാട് രേഖ.
1948-ലെ കൃഷ്ണപിള്ളയുടെ മരണത്തെത്തുടർന്ന് ഇ.എം.എസ്., എൻ.സി. ശേഖർ, കെ.സി. ജോർജ് എന്നിവരടങ്ങിയ കമ്മിറ്റിയും ഇ.എം.എസ്. സെക്രട്ടറി എന്ന നിലയിലുമാണ് പ്രവർത്തിച്ചതെങ്കിലും മലബാർ, കൊച്ചി, തിരുവിതാംകൂർ കമ്മിറ്റികളെന്ന നിലയിൽത്തന്നെയാണ് പ്രവർത്തനം തുടർന്നത്. 1956-ൽ സി. അച്യുതമേനോൻ സെക്രട്ടറിയായ സംസ്ഥാന കമ്മിറ്റി വന്നതോടെ ഏകീകൃതമായ സംഘടനാരൂപമുണ്ടായി. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഏതാനും മാസം മാത്രമേ അച്യുതമേനോൻ പ്രവർത്തിച്ചിട്ടുള്ളൂ. 1956 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടന്ന ഹംഗേറിയൻ സംഭവം കേരളത്തിലെ പാർട്ടിക്കകത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി.
ഹംഗറിയിൽ പ്രതിവിപ്ലവം തടയാനെന്ന പേരിൽ സോവിയറ്റ് പട്ടാളം ഇരച്ചുകയറിയതും സമരക്കാരെ നേരിട്ടതും ലോകത്തെങ്ങുമുള്ള നിരവധിപേരെ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അകറ്റുകയുണ്ടായി. സോവിയറ്റ് നിയന്ത്രണത്തിലുള്ള ഹംഗേറിയൻ സോഷ്യലിസ്റ്റ് ഭരണത്തിനെതിരേ വിദ്യാർഥികളാണ് കലാപം നടത്തിയത്. കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനും ജനകീയനുമായ ഇംറി നാഗിയുടെ നേതൃത്വത്തിലായിരുന്നു 'പ്രതിവിപ്ലവം.' സോവിയറ്റ് യൂണിയനിൽ താമസിച്ച് സോവിയറ്റ് യൂണിയനിലെ രഹസ്യപോലീസിൽ സേവനം നടത്തിയ നാഗി സ്റ്റാലിന്റെ അനുയായി ആയിരുന്നെങ്കിലും പിന്നീട് സ്റ്റാലിനിസത്തിന്റെ കടുത്ത എതിരാളിയായി. 1953-ൽ ഹംഗറിയിൽ നിലവിൽവന്ന സോഷ്യലിസ്റ്റ് ഭരണത്തിൽ പ്രധാനമന്ത്രിയായ നാഗിയെ രണ്ടു വർഷത്തിനുശേഷം പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള തീവ്രവാദിവിഭാഗം പുറത്താക്കുകയായിരുന്നു. സ്റ്റാലിനിസത്തിനും സോവിയറ്റ് മേധാവിത്വത്തിനും എതിരാണെന്നതായിരുന്നു കാരണം. 56-ലെ വിദ്യാർഥികലാപം രൂക്ഷമായ ഘട്ടത്തിൽ ഇംറി നാഗിയെ വിദ്യാർഥിപ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയാക്കി. ഹംഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽനിന്ന് പൂർണമായി നിഷ്‌കാസിതമായി. നാഗിയാകട്ടെ സോവിയറ്റ് ബന്ധമാകെ വിച്ഛേദിക്കുന്നതിന്റെ ഭാഗമായി വാഴ്‌സ ഉടമ്പടിയിൽനിന്ന് ഒഴിയുകയും ചെയ്തു. പത്തുദിവസത്തിനകം സോവിയറ്റ് സേന ബുഡാപെസ്റ്റ് വളഞ്ഞു. രക്തരൂഷിതമായ ഏറ്റുമുട്ടലിൽ 2500 ഹംഗേറിയൻ പോരാളികളും 700-ൽപ്പരം സോവിയറ്റ് സൈനികരും കൊല്ലപ്പെട്ടു. രണ്ടുലക്ഷത്തോളം ഹംഗേറിയൻ പോരാളികൾ നാടുവിട്ടു. ഭരണം വീണ്ടും സോവിയറ്റ് നിയന്ത്രണത്തിലുള്ള ഹംഗേറിയൻ ഔദ്യോഗിക പാർട്ടി നേതൃത്വത്തിന്റെ കൈയിലായി.
സി.പി.എസ്.യു. സമ്മേളനത്തിൽ സ്റ്റാലിന്റെ വ്യക്തിപ്രഭാവത്തെ തുറന്നുകാട്ടിയ ക്രുഷ്‌ചേവിന്റെ സമീപനം ഇവിടെ വിശദമായ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് ഹംഗറിയിലെ ഇടപെടൽ വിവരമെത്തുന്നത്. ഇത് കേരള പാർട്ടിയിലും വലിയ ചലനമുണ്ടാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി സി. അച്യുതമേനോൻ സെക്രട്ടറിസ്ഥാനം മാത്രമല്ല, പാർട്ടിയിൽനിന്നുതന്നെ രാജിവെക്കുന്നതായി കേന്ദ്രനേതൃത്വത്തിന് കത്തു നൽകി. എന്നാൽ നേതൃത്വം ഇടപെട്ട് കത്ത് പിൻവലിപ്പിക്കുകയായിരുന്നു.രണ്ടോ മൂന്നോ മാസത്തിനകം ഐക്യകേരള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ അച്യുതമേനോൻ സ്ഥാനാർത്ഥിയായി. തിരഞ്ഞെടുപ്പുപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിനായി കേന്ദ്ര കമ്മിറ്റി അംഗം എം.എൻ. ഗോവിന്ദൻ നായരെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.
Content Highlights: excerpts from the book communist keralam by k balakrishnan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..