പുളിങ്കറിയും ഉഴിഞ്ഞപ്പായസവും പ്രിയം; സാധാരണക്കാരനായ ചട്ടമ്പിസ്വാമികള്‍


ഡോ. ഗോപി പുതുക്കാട്

ശ്രീനാരായണഗുരുവിനെ 'എന്റെ നാണന്‍' എന്നാണു വിളിക്കുക. കുമാരനാശാനെ 'എന്റെ തങ്കക്കുടം കുമാരന്‍' എന്നും. കുട്ടികളോടുള്ള വാത്സല്യം വാക്കുകള്‍ക്കതീതമാണ്. കുട്ടികള്‍ക്ക് സ്വാമികളെയും ഇഷ്ടമായിരുന്നു. കണ്ടാലുടനെ ഓടിയടുക്കും. സ്വാമികള്‍ അവരെ വാരിയെടുക്കുകയും ചെയ്യും.

പുസ്തകത്തിന്റെ കവർ

ഡോ. ഗോപി പുതുക്കാട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചട്ടമ്പിസ്വാമികളുടെ ജീവചരിത്രത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ട്ടമ്പിസ്വാമികളുടെ രൂപത്തെ അനുയായികളിലൊരാള്‍ വരച്ചുകാണിക്കുന്നതിങ്ങനെ: ഭസ്മം തേച്ച വിശാലമായ നെറ്റിത്തടം, ശൗര്യം വഴിഞ്ഞൊഴുകുന്ന പുരികക്കൊടികള്‍, കാരുണ്യഭാവം നിറഞ്ഞ കണ്ണുകള്‍, സൗമ്യമായ മുഖം, ഇരുവശത്തേക്കും പിന്നോട്ടും നീണ്ടുകിടക്കുന്ന വെണ്‍ചാമരംപോലുള്ള തലമുടി, നെഞ്ച് മുട്ടുംവിധം നീണ്ടുകിടക്കുന്ന നരച്ച താടി, വിശാലമായ നെഞ്ച്, ഒത്ത ശരീരം, കൈവിരലില്‍ ഇരുമ്പുകൊണ്ടുള്ള ഒരു മോതിരം, ഒരു പഴയ കാലന്‍കുട, വെള്ള വസ്ത്രം- ഇതാണ് സ്വാമികളുടെ ഭൗതികരൂപം.

അത്യന്തം ലളിതമായ ജീവിതരീതിയാണ് സ്വാമികള്‍ സ്വീകരിച്ചത്. ലോകമേ തറവാട് എന്നായിരുന്നു സമീപനം. പറവകളോടും ഇഴജന്തുക്കളോടും വന്യജീവികളോടുമെല്ലാം സഹോദരതുല്യമായ സ്‌നേഹം പ്രകടിപ്പിച്ചു. പണക്കാരുടെയും പാവപ്പെട്ടവരുടെയും വീടുകളില്‍ താമസിക്കുമായിരുന്നെങ്കിലും തന്റെ സാന്നിധ്യം ആര്‍ക്കും ബുദ്ധിമുട്ടാകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. എവിടെ ചെന്നാലും അതു തന്റെ സ്വന്തം സങ്കേതമാണെന്നു കരുതി. മത്സ്യമാംസാദികള്‍ കഴിക്കില്ല. മദ്യപാനത്തോടും വെറുപ്പാണ്. മദ്യപന്മാരെ സ്വാമികള്‍ കളിയാക്കിയിരുന്നത് ഇങ്ങനെ:
'തേങ്കിലേ വെള്ളം ചങ്കിലേ പോനാല്‍ ചങ്കരനായാലും ചിങ്കിലി പാടുവന്‍.'
ആര്‍ഭാടങ്ങളില്‍ തരിമ്പും വിശ്വസിച്ചില്ല. ദിവാന്‍ രാജഗോപാലാചാരി, ഭരണാധിപന്‍ ശങ്കരന്‍ തമ്പി എന്നിവരുടെ വിരുന്നുകള്‍ക്കുള്ള ക്ഷണം നിരസിക്കുകയാണുണ്ടായത്. എത്ര ദിവസവും നിരാഹാരമനുഷ്ഠിക്കുവാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. താളും തകരയും ചേര്‍ത്ത വെറും പുളിങ്കറി മതി വയറു നിറയെ ഉണ്ണാന്‍.

പാചകവിദഗ്ധനുമായിരുന്നു സ്വാമികള്‍. സ്വന്തം രീതിയില്‍ പാചകരീതികള്‍ പരീക്ഷിച്ചുനോക്കുമായിരുന്നു. അങ്ങനെ വികസിപ്പിച്ചെടുത്ത പാചകവിധികള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കും. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ അധ്യാപകനായിരുന്ന ആറന്മുള നാരായണ പിള്ളയുടെ വസതിയായ ചാഞ്ഞാംവീട്ടില്‍ താമസിക്കുമ്പോള്‍ (അദ്ദേഹം സ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി സദ്ഗുരുചരണാഭരണം എന്ന സംസ്‌കൃതകാവ്യം രചിച്ചിട്ടുണ്ട്.) ഒരുദിവസം പറഞ്ഞു: 'എനിക്ക് കൊട്ടാരക്കര പുളിങ്കറി വെച്ചുതരണം.'

BOOK
പുസ്തകം വാങ്ങാം

വീട്ടുകാര്‍ക്ക് അങ്ങനെയൊരു വിഭവത്തെക്കുറിച്ച് അറിയില്ല. അപ്പോള്‍ സ്വാമികള്‍ വിവരിച്ചുകൊടുത്തു: 'തോട്ടിലും പറമ്പുകളിലും കാണുന്ന വെളിന്താളു പറിച്ച് ചെറുതായി മുറിച്ചു കഴുകിയെടുക്കണം. വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചശേഷം പഴംപുളി പിഴിഞ്ഞുചേര്‍ത്ത് കറിവേപ്പിലയുമിട്ട് വീണ്ടും തിളപ്പിക്കണം. പാകമായാല്‍ കടുകു വറുത്തെടുക്കുക. കൊട്ടാരക്കര പുളിങ്കറിയായി.'
അക്കാലത്തുതന്നെയാണ് ഉഴിഞ്ഞപ്പായസത്തിന്റെ പാചകവിധിയും പറഞ്ഞുകൊടുക്കുന്നത്: 'ഒരു മൂട് നല്ല ഉഴിഞ്ഞ പറിച്ചെടുക്കുക. രണ്ടുതുടം വെള്ളം തളിച്ച് ഇടിച്ച് പിഴിഞ്ഞെടുക്കുക. നന്നായി അരിച്ചെടുക്കണം. ഒരു പിടി അരി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവാകുമ്പോള്‍ പിഴിഞ്ഞരിച്ചുവെച്ച ഉഴിഞ്ഞച്ചാറില്‍ ഒരുണ്ട ശര്‍ക്കര കലക്കിച്ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ചെറുചൂടോടെ കുടിക്കാന്‍ ഉഴിഞ്ഞപ്പായസം നല്ലതാണ്. ഔഷധഗുണമുള്ള ഈ പായസം വായുസംബന്ധമായ അസുഖമുള്ളവള്‍ക്കു നല്ലതാണ്.'

എവിടെയായിരുന്നാലും ഉറുമ്പ്, പട്ടി, പൂച്ച തുടങ്ങിയ ജീവികള്‍ക്ക് കൊടുക്കാതെ ആഹാരം കഴിക്കില്ല. അവ അദ്ദേഹത്തിന്റെ പരിസരങ്ങളില്‍ ചുറ്റിപ്പറ്റി നടക്കുന്നുണ്ടാവും. ലളിതജീവിതമായിരുന്നതിനാല്‍ ആതിഥേയര്‍ക്ക് അദ്ദേഹത്തെ പരിചരിക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടിവന്നില്ല.
രണ്ടു കാര്യങ്ങള്‍ നിര്‍ബന്ധം: ശുദ്ധവായു ശ്വസിക്കുക, തുറന്ന സ്ഥലത്തു കിടക്കുക. പുസ്തകവായനയിലും പ്രത്യേകതയുണ്ട്. മലര്‍ന്നു കിടന്നാണ് വായന. കൈമുട്ടുകള്‍ വളയാതെ രണ്ടു കൈകൊണ്ടും പുസ്തകം നിവര്‍ത്തിപ്പിടിച്ച് ഇടവും വലവും ആട്ടുകയും പുസ്തകത്തിന്റെ ചലനത്തിനൊപ്പം തല ഉരുട്ടുകയും ചെയ്തുകൊണ്ടാണ് വായന. ഇതേ മട്ടില്‍ മലര്‍ന്നു കിടന്ന് പെന്‍സില്‍കൊണ്ടാണ് പലപ്പോഴും എഴുതുന്നതും.

കാഷായം ധരിക്കാറില്ല. സന്ന്യാസിമാരുടെ മറ്റു ചിഹ്നങ്ങളും കാണില്ല. അതിനാല്‍ അപരിചിതര്‍ക്ക് സ്വാമികളെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. സംസാരരീതിയും സാധാരണക്കാരന്റെതാണ്. തമാശകള്‍ പറഞ്ഞ് ചുറ്റുമുള്ളവരെ ചിരിപ്പിച്ചുകൊണ്ടാണ് മുന്നേറുക.

അറിവു സമ്പാദിക്കാന്‍ ആരെയും സമീപിക്കും. അതിനു ജാതിമതപരിഗണനകളില്ല. വിശിഷ്ടകൃതികള്‍ എവിടെയുണ്ടെന്നറിഞ്ഞാലും പോകും. വായിച്ച് ആവശ്യമായ കുറിപ്പുകളെടുക്കും. ശിഷ്യരോടും അനുയായികളോടും അടങ്ങാത്ത വാത്സല്യമായിരുന്നു. അവരെയെല്ലാം സ്വന്തം രീതിയില്‍ പേരിട്ടു വിളിക്കും. ശ്രീനാരായണഗുരുവിനെ 'എന്റെ നാണന്‍' എന്നാണു വിളിക്കുക. കുമാരനാശാനെ 'എന്റെ തങ്കക്കുടം കുമാരന്‍' എന്നും. കുട്ടികളോടുള്ള വാത്സല്യം വാക്കുകള്‍ക്കതീതമാണ്. കുട്ടികള്‍ക്ക് സ്വാമികളെയും ഇഷ്ടമായിരുന്നു. കണ്ടാലുടനെ ഓടിയടുക്കും. സ്വാമികള്‍ അവരെ വാരിയെടുക്കുകയും ചെയ്യും. കുട്ടികള്‍ക്കു ചേര്‍ന്ന കളികള്‍ കണ്ടെത്തുന്നതിലും വിദഗ്ധനായിരുന്നു സ്വാമികള്‍. സ്ത്രീകളെയും വാത്സല്യത്തോടെ മാത്രം കണ്ടുപോന്നു.

തന്റെ കൂടെയുള്ളവര്‍ക്കും തനിക്കു ലഭിക്കുന്ന പരിഗണന ലഭിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ല. സ്വാമികള്‍ പണം കൈകൊണ്ടു തൊടാറില്ല. യാത്രകളില്‍ ശിഷ്യന്മാരാണ് പണം കൈകാര്യം ചെയ്യുക. സ്വന്തം പേരില്‍ പണമോ സമ്പത്തോ ആവശ്യമില്ല. പെരുമ്പാവൂരിനടുത്ത് കോടനാട്ട് ശിഷ്യനായ ഒരുദ്യോഗസ്ഥന്‍ സ്വാമിക്ക് ആശ്രമം സ്ഥാപിക്കാനായി തൊണ്ണൂറ് ഏക്കര്‍ സ്ഥലം പതിച്ചുകൊടുത്തു. തന്റെ സേവകനായ പത്മനാഭപ്പണിക്കര്‍ക്ക് ആ വസ്തു ദാനമായി നല്കുകയാണ് സ്വാമികള്‍ ചെയ്തത്.

Content Highlights :Excerpts from the book ChattambiSwamikal by Dr Gopi Puthukkad Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented